Wednesday, June 27, 2007

നിശാജ്വാലയും ഈയാന്‍പാറ്റയും

ജയചന്ദ്രന്‍ സുമുഖനായിരുന്നു, സുന്ദരനും.

ടൈയും കോട്ടും റാഡോ വാച്ചും സ്വര്‍ണക്കണ്ണടയുമണിഞ്ഞ് പ്രത്യക്ഷപ്പെട്ടിരുന്ന അവന്റെ ഓക്സ്ഫോര്‍ഡ് ഇം‌ഗ്ലീഷിലുള്ള സംഭാഷണ ചാതുരി ആരേയും വശീകരിക്കുന്നതായിരുന്നു. പുതിയ സൂപ്പര്‍മാര്‍ക്കറ്റിന്റെ പണിപ്പുരയിലായിരുന്ന എനിക്ക് വിദഗ്ധോപദേശത്തിന്റെ തൂക്കുവിളക്കുമായി ജയനെത്തിയത് ആശ്വാസത്തിന്റേയും ആത്മവിശ്വാസത്തിന്റേയും വെള്ളിവെളിച്ചം പകര്‍ന്നു കൊണ്ടായിരുന്നു.

‘വ്യത്യസ്ഥമായ ഒരു ഷോപ്പിംഗ് എക്സ്പീരിയന്‍സ്‘ : എന്ന പേര്‍ നല്‍കി പുതിയ സൂപ്പര്‍ മാര്‍ക്കറ്റ് പ്രൊജക്റ്റ് അഭിമാനപൂര്‍വം അറബിക്ക് സമര്‍പ്പിക്കുമ്പോള്‍, ‍ അത് സഫലീകരിക്കാനുള്ള ഭാരം അദ്ദേഹം‍ എന്റെ തലയില്‍ തന്നെ കെട്ടിവയ്ക്കുമെന്നാരറിഞ്ഞൂ?

സോഫ്റ്റ് ഓപ്പനിംഗ് ജനുവരി ഒന്നിന് എന്നു നിശ്ചയിച്ച് 90 ദിവസത്തെ ‘കൌണ്ട് ഡൌണ്‍‘ ആരംഭിച്ചപ്പോഴാണ് ഏറ്റെടുത്ത ഉത്തരവാദിത്തത്തിന്റെ ഭയാനക മാനങ്ങള്‍ പേടിസ്വപ്നങ്ങളായി രൂപം മാറിയത്.

ജയന്‍ പറഞ്ഞൂ: “ നോട്ട് ടു വറി,സര്‍... ദിസീസ് അ പീസ് അഫ് കെയ്ക്”

ഒറ്റപ്പാലത്തെ പ്രശസ്ത തറവാ‍ട്ടിലെ ഇളയ സന്തതി. കലാകാരന്‍, ഗായകന്‍, സഹൃദയന്‍. മാത്രമോ: തികഞ്ഞ ഒരു റൊമാന്റിക്.
-അല്ലെങ്കില്‍ എല്ലാ എതിര്‍പ്പുകളും അവ‍‍ഗണിച്ച് ശ്രീലങ്കക്കാരിയായ സുഭാംഗിയെ പ്രേമിക്കുമോ, കെട്ടുമോ, കൂടെ പാര്‍പ്പിക്കുമോ?

സായിപ്പിന്റെ വീട്ടില്‍ ആയയായി ജോലിക്ക് വന്ന‍ മുതല്‍ സുഭാംഗിക്കറിയാം ജയനെ. കാരണം തൊട്ടടുത്താണല്ലോ വെള്ളത്തൊലിക്കാര്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന സ്പിന്നീസ് സൂപ്പര്‍ മാര്‍ക്കറ്റ്. കോട്ടും ടൈയുമണിഞ്ഞ് ചുറുചുറുക്കോടെ, ചുണ്ടിലൊരു പുഞ്ചിരിയുമായി ഓടി നടക്കുന്ന ആ സുഭഗന്‍ അവിടത്തെ സൂപ്പര്‍വൈസറായിരുന്നല്ലോ?

സുന്ദരിയായിരുന്നു, സുഭാംഗിയും.


കറുത്ത നിറമെങ്കിലും ഐശ്വര്യമുള്ള മുഖം. ഉയരം കുറഞ്ഞ് ഒതുങ്ങിയ ശരീരം, നീണ്ട മുടി, വലിയ കണ്ണുകള്‍, ആര്‍ജ്ജവത്വവും വിനയവും നിറഞ്ഞ പെരുമാറ്റം.


ജയനുമായി പരിചയപ്പെട്ടതില്‍ പിന്നെ വീട്ടില്‍ നടക്കുന്ന എല്ലാ സല്‍ക്കാരങ്ങളിലും, ക്ഷണിച്ചില്ലെങ്കിലും സ്വയം വന്ന് ചുമതലയേറ്റ്, നടത്തിത്തരുമായിരുന്നു അവള്‍. നീരജ എന്നും നിയതിയെന്നും പേരുള്ള രണ്ടു പെണ്മക്കള്‍ ഡേ കെയര്‍ സൌകര്യമുള്ള ദുബായ് മോഡേണ്‍ ഹൈ സ്കൂളില്‍.


ജയചന്ദ്രന്റെ സന്തത സഹചാരികളായിരുന്നു വര്‍ക്കല‍ കബീറും മുളൂണ്ട് ഐസക്കും. രണ്ടുപേരും സെയിത്സ് ഫീല്‍ഡിലെ താപ്പാനകള്‍. പണികളെല്ലാം നേരത്തെ അവസാനിപ്പിച്ച് മൂവര്‍ സംഘം എത്തും, എന്റെ സഹായത്തിന്.‍


-ചര്‍ച്ചകള്‍, മീറ്റിംഗുകള്‍, ഇന്റര്‍വ്യൂകള്‍, സുപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശനങ്ങള്‍.


ലഞ്ച് പലപ്പോഴും ഒരു സാന്‍ഡ്വിച്ചിലും കോളയിലും ഒതുങ്ങും; പക്ഷേ രാത്രിയില്‍ ഡിന്നറിനോപ്പം രണ്ട് പെഗ്ഗ് സ്കോച്ച് നിര്‍ബന്ധം. അങ്ങനെയാണ് ഒരു രാത്രിയില്‍ ഞങ്ങള്‍ ‍ ബര്‍ദുബായ് ഹോട്ടലിലെ ഡാന്‍സ് ബാറിലെത്തുന്നത്.


അരണ്ട വെളിച്ചത്തിലൂടെ നടന്ന് സ്റ്റേജിന്റെ ഇടത് വശത്തെ ടേബിളില്‍ സ്ഥാനം പിടിച്ചു, ഞങ്ങള്‍. മൂന്നു പേരും ഓരോ ഡബിള്‍ സ്കോച്ചിനും ഞാന്‍ ഒരു DD ക്കും(ബീര്‍) ഓര്‍ഡര്‍ കൊടുത്തു. സ്റ്റേജില്‍ അല്പവസ്ത്രധാരിണികളായ നാലഞ്ച് പെണ്‍കിടാങ്ങള്‍ “രംഭാ ഹോ ഹോ’ എന്ന പാട്ടിനനുസരിച്ച് ശരീരമനക്കിക്കൊണ്ടിരുന്നു.


‘11 മണിയായാലേ തിരക്കാകൂ“


ഐസക്ക് ഈ ഫീല്‍ഡിലും തനിക്കുള്ള ആധികാരികത വെളിപ്പെടുത്തി. “ടെക്സ്റ്റൈല്‍ മാര്‍ക്കറ്റടച്ച് കൈ നിറയെ കാശുമായി സിന്ധികളെത്തുമ്പോള്‍ രംഗം കൊഴുക്കും.‍”


ജയന്‍ എന്നെ തോണ്ടി, ചെവിയോട് ചുണ്ട് ചേര്‍ത്ത് മന്ത്രിച്ചു: “ദേ, ആ വലത്തെ സൈഡിലെ നീല ഷാളും ചെമല ഡ്രസ്സുമണിഞ്ഞ കൊച്ചിനെ ഒന്ന് നോക്കിയേ..”


ചെമ്പിച്ച് ചുരുണ്ട നിബിഢമായ മുടിക്കെട്ട്, മഷിയെഴുതിയ വലിയ കണ്ണുകള്‍, ഏറെയുയര്‍ന്ന് ആവരണത്തിന്നകത്തൊതുങ്ങാതെ മുകളിലേക്ക് കുതിക്കുന്ന അസാധാരണ വലിപ്പമുള്ള കുചകുംഭങ്ങള്‍‍...


ജയനെ മാത്രം നോക്കി വശ്യമായി ചിരിക്കയാണവള്‍. കീഴ്ചുണ്ട് കടിച്ചമര്‍ത്തി ഷാളൊരു വശത്തേക്കൊതുക്കി, കൈകൊണ്ടെന്തൊക്കേയോ കുറിയില്ലാകുറിമാനങ്ങളും.....‍.


-എവിടേയൊ കണ്ട രൂപം!


ഒരു പോലീസുകാരനെ മറ്റൊരു പോലീസുകാരനില്‍ നിന്നും തിരിച്ചറിയാനാവാത്ത നിനക്കങ്ങനെയൊക്കെ തോന്നും എന്ന് മനസ്സ് മന്ത്രിച്ചപ്പോള്‍‍ ശ്രദ്ധ ഞാന്‍ ബീര്‍ മഗ്ഗില്‍ കേന്ദ്രീകരിച്ചു.


ജയന്‍ ഒരു മാല വാങ്ങി അവള്‍ക്ക് എറിഞ്ഞ് കൊടുത്തു.


ഡാന്‍സ് ബാറുകളില്‍ ഹരം പകരുന്ന ‘ഒരൈറ്റം’ ‍ ആണ് മാല സമ്മാനിക്കല്‍. ആര്‍ക്കും തനിക്കിഷ്ടപ്പെട്ട ഡാന്‍സര്‍ക്ക് സമ്മാനം നല്‍കാം... പണമായല്ല, പൂവോ പൂമാലയോ ആയി. (ഇങ്ങിനെ കിട്ടുന്നതിന്റെ 20-30% വരെയാണ് ഡാന്‍സുകാരികളുടെ കമ്മീഷന്‍) പൂച്ചെണ്ടുക്കളും പൂമാലകളും കൈയിലേന്തി, അത്ര തന്നെ സുന്ദരികളല്ലാത്ത പെണ്‍കിടാങ്ങള്‍ മുഖത്തൊട്ടിച്ച മറ്റൊരു പ്ലാസ്റ്റിക് ചിരിയുമായി, മേശകള്‍ക്കിടയിലൂടെ നടന്ന് നീങ്ങുന്നുണ്ടാവും.


-പൂച്ചെണ്ടിന് 10 ദിര്‍ഹം. മാലയ്ക്ക് 25.വശീകരണശക്തിയുള്ള പെണ്‍കൊടികള്‍‍‍ ആരാധകരെ മാറി മാറി പ്രോത്സാഹിപ്പിച്ച് ‍മാലകളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കും. നിശാകാമുകരുടെ ഇത്തരം മത്സരങ്ങള്‍ അടികലശലില്‍ വരെ എത്തിയേ അവസാനിക്കൂ.


മാല കഴുത്തിലെത്തിയപ്പോള്‍‍ അവളുടെ ഊര്‍ജ്ജസ്വലതയും ചലനശക്തിയും കൂടി.

“ആപ് ജൈസാ കോയി മേരേ സിന്ദഗീ മേ ആയേ, തോ ബാത് ബന്‍ ജായേ...”: എന്ന ഗാനത്തിനൊപ്പവള്‍ നൃത്തമാടിയത് ജയനെ കണ്ണുകള്‍ കൊണ്ടമ്മാനമാടിക്കൊണ്ടാണ്.

തിരക്കുകൂടിയപ്പോല്‍ നിര്‍ബന്ധിച്ച് വലിച്ചിഴച്ച്, ജയനേയും കൊണ്ട്, പുറത്ത് കടന്നു ഞങ്ങള്‍. അതിന്നകം തന്നെ ജയന്റെ പേരിലുള്ള അനേകം മാലകള്‍ അവളുടെ കഴുത്തിനലങ്കാരമായി കഴിഞ്ഞിരുന്നൂ.

‘ഹോ, എന്ത് ഭംഗിയാ.., നല്ല കണ്ണുകള്‍, ഉഗ്രന്‍ ബോഡിഷേപ്പ്”: അവളെ വര്‍ണിക്കുവാന്‍ ജയന് വാക്കുകള്‍ക്ക് കിട്ടുന്നില്ല. “ടെലഫോണ്‍ നമ്പര്‍ ടിഷ്യൂ പേപ്പറിലെഴുതി കൊടുത്തിട്ടുണ്ടവള്‍ക്ക്. നാളെ വിളിക്കും, വിളിക്കാതിരിക്കില്ല”.

മറ്റൊരു ബിസിനസ്സ് ട്രിക്ക്!
എന്നും വരുന്ന, അല്പം ഇളക്കമുള്ള കസ്റ്റമേര്‍സിന്റെ ടെലഫോണ്‍ നമ്പറുകള്‍ രഹസ്യമായി വാങ്ങും. പിന്നീടവരെ ഫോണില്‍ വിളിക്കാനും ശൃംഗരിക്കാനും ദല്ലാളുകള്‍‍‍ തന്നെയാണ് നിര്‍ബന്ധിക്കുന്നത്.
“ഇന്നും വരണേ; ഞാന്‍ നോക്കിയിരിക്കും” : എന്നവള്‍ കൊഞ്ചുമ്പോള്‍‍ ഏത് കഠിനഹൃദയന്റെ മനസ്സാണ് ഇളകാത്തത്?


ഡാന്‍സ് ബാറിലേക്കുള്ള ജയന്റെ യാത്ര ഒരു പതിവായി മാറി. ഐസക്കോ കബീറോ കാണും,കൂടെ.


“മുംബായിലെ ഫോറസ് റോഡിലെ പെണ്ണുങ്ങള്‍ ഇവരേക്കാള്‍ ഭേദമാ” :എന്ന് കമെന്റിയതിനാലാകാം എന്നെ പിന്നെ വിളിച്ചില്ല.


ഒരു ദിവസം കബീറാണ് പറഞ്ഞത്: ‘സാറിന്നറിയോ, ജയന്‍ ആ ഡാന്‍സുകാരിപ്പെണ്ണുമായി പ്രേമത്തിലാണ്”.


എനിക്ക് ചിരിയാണു വന്നത്.:‘പ്രേമമോ, അതും ആ തണ്ണിമത്തനുമായോ?”


“സത്യമാ, അല്ലെങ്കി ചോദിച്ച് നോക്ക്”


“ജയാ, ഭ്രാന്തുണ്ടോ നിനക്ക്?”: അന്ന് ജയന്‍ വന്നപ്പോള്‍ പ്രശ്നമവതരിപ്പിച്ചൂ, ഞാന്‍.


ഡാന്‍സുകാരികളുടെ പരിമിതികളുടേയും പാരാധീനതകളുടെയും പരാതിപ്പെട്ടി തുറന്നുകൊണ്ടാണവന്‍ അതിനുത്തരം പറഞ്ഞത്: ‘സാറിന്നറിയോ, എന്ത് കഷ്ടാ അവരുടെയൊക്കെ ജീവിതമെന്ന്? നേരം പുലരും വരെ ജോലി ചെയ്യണം. ആറ് പേരാത്രേ ഒരു കുടുസ്സുമുറിയില്‍. ‘ചാവലും ദാലുമാ’ ഉച്ചഭക്ഷണം. വൈകീട്ട് രണ്ടുണക്ക റൊട്ടിയും പൊട്ടാ‍റ്റൊ കറിയും. വെള്ളിയാഴ്ച മാത്രം ഉച്ചക്ക് ‍ ബിരിയാണി കിട്ടും”


“അതല്ലല്ലോ ജയാ ചോദിച്ചത്?”: എനിക്ക് ദ്വേഷ്യം വന്നു. “നിനക്കാ പെണ്ണുമായി എന്താ ബന്ധം?”


“സുലേഖ നല്ല ‍കുട്ടിയാ, സാറെ....” അവന്‍ തുടരുകയാണ് : ‘അമ്മയുടെ ക്യാന്‍സര്‍ ചികിത്സക്കുള്ള പൈസക്ക് വേണ്ടിയാ കഥക് ഡാന്‍സറായ അവള്‍ പുര്‍ണിയായില്‍ നിന്ന് മുംബായില്‍ വന്നത്. പക്ഷേ ഡാന്‍സ് ട്രൂപ്പിന്റെ സേട്ടു തെറ്റിധരിപ്പിച്ച്, അവളെക്കൊണ്ട് ബോണ്ടില്‍ ഒപ്പിടുവിക്കയായിരുന്നു. ഒളിച്ചോടിയപ്പോഴൊക്കെ‍ അവര്‍ തിരിച്ചു പിടിച്ചു. അറിയോ, ആ‍ത്മഹത്യ ‍ ചെയ്യാന്‍ വരെ ശ്രമിച്ചിട്ടുണ്ടവള്‍.‍‍”


അന്ന് വീട്ടിലെത്തിയപ്പോഴാണ് സംഗതി ഗൌരവകരമാണ് എന്നെനിക്ക് ബോധ്യമായത്. കരഞ്ഞ് വീര്‍ത്ത മുഖവുമായി കാത്തിരിക്കുന്നു സുഭാംഗി; കൂടെ മക്കളും. ജയന്റെ വീട്ടിലേക്കുള്ള‍ വരവ് വല്ലപ്പോഴുമാണത്രേ. മക്കളെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ജയനിപ്പോള്‍ അവരെ ശ്രദ്ധിക്കുന്നതേയില്ല. രണ്ടുമാസമായി‍ വീട്ടുചിലവിന് അഞ്ചു പൈസപോലും കൊടുത്തിട്ടില്ല.


പിറ്റേന്ന് ജയനോടിക്കാര്യം സൂചിപ്പിച്ചപ്പോള്‍ അവനത് ചിരിച്ച് തള്ളി.


“അതൊക്കെ അവളുടെ ഒരു പഴയ നമ്പറല്ലേ‍? കാശൊക്കെ ഞാന്‍ കൊടുക്കുന്നുണ്ട്, സര്‍; അല്ലെങ്കിലെങ്ങനേയാ അവര്‍ ജീവിക്കുന്നത്?”


ഉടനെ അവന്‍ വിഷയം മാറ്റി.


“സാറിനെപ്പറ്റി ഞാന്‍ സുലേഖയോടെപ്പോഴും പറയാറുണ്ട്. അപ്പോള്‍ അവള്‍ പറയുകയാ, ഒന്ന് പരിചയപ്പെടണമെന്ന്. ഇന്ന് ഞാനവള്‍ക്ക് മലബാ‍റി ബിരിയാണി വാങ്ങിക്കൊടുക്കാമെന്ന് ഏറ്റിരിക്കുന്ന ദിവസമാ. വരുന്നോ കൂടെ?”


ശരി, എന്നാല്‍ പൊയ്ക്കളയാമെന്ന് ചിന്തിച്ചു, ഞാന്‍. ‍ സംസാരിച്ച് ബോധ്യപ്പെടുത്തി അവളെ ഈ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിഞ്ഞാലോ? ജയന് ഭാര്യയും രണ്ട് മക്കളുമുള്ള വിവരം അവള്‍ക്കറിയില്ലെങ്കിലോ?


അല്‍മക്തൂം ഹോസ്പിറ്റലിന്റെ പിന്നിലുള്ള ഒരു ബില്‍ഡിംഗിലായിരുന്നു അവള്‍‍ താമസിച്ചിരുന്നത്. ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നതിനാല്‍, അനുവാദം വാങ്ങി, അവള്‍ പുറത്ത് കാത്ത് നിന്നിരുന്നൂ. അല്ലെങ്കില്‍ ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങാന്‍‍ പോലും അനുവദിക്കില്ലത്രേ.


കൃത്രിമ പ്രകാശതരംഗങ്ങളുടെ ജാജ്വലതയിലല്ലാതെ സൂര്യപ്രകാശത്തിന്റെ ധവളിമയില്‍ കൈകള്‍ കൂപ്പി വശ്യമായ ചിരിയോടെ എന്നെ എതിരേറ്റു, സുലേഖ.


-മസ്ക്കരയിട്ട നീണ്ടിടം പെട്ട കണ്ണുകളില്‍ നിന്ന് മൂര്‍ച്ചയുള്ള കാന്തസൂചികള്‍ ഹൃദയത്തിലേക്കാഞ്ഞ് കേറുന്ന പോലെ തോന്നി.


-അനുസരണയില്ലാതെ പരന്നു കിടക്കുന്ന ചെമ്പിച്ച ചികുരഭാരം സ്വയം കുലുങ്ങി കൊഞ്ഞനം കുത്തി.


-കമ്മീസിനെ മാനിക്കാതെ പുറത്ത് ചാടി നില്ക്കുന്ന സ്തനദ്വയങ്ങള്‍‍ തലയുയര്‍ത്തി ദ്വന്ദ്വയുദ്ധത്തിനായ് ക്ഷണിച്ചു.


ബര്‍ദുബായിലെ ഹോട്ടലില്‍ വച്ച് കണ്ടപ്പോള്‍ മിന്നല്‍ പോലെ തലക്ക് മുകളിലൂടെ പാഞ്ഞ് പോയ ആ ചിന്തകള്‍ വീണ്ടും മനസ്സിലൂളയിട്ടുണര്‍ന്നു. : “ദൈവമേ, ഇവളെ ഞാനറിയുമല്ലോ, മുന്‍പ് കണ്ടിട്ടുണ്ടല്ലോ?


തോട്ടടുത്ത ടയര്‍ ഷാപ്പില്‍ നിന്ന് ട്യൂബ് വെടിതീര്‍ന്ന ശബ്ദം.


ഞെട്ടിത്തിരിഞ്ഞു നോക്കി‍:


-ടയര്‍ ഷോപ്പ്, ഇറാനിയുടെ സൈക്കിള്‍ കട, മലബാറി ഗ്രോസറി, മുന്‍പില്‍ “റ” ഷേപ്പിലുള്ള പാര്‍ക്കിംഗ് ഏരിയ. അതേ, ഈ റോഡില്‍, ഈ ബില്‍ഡിംഗില്‍ ‍ മുന്‍പ് ‍വന്നിട്ടുണ്ട്, ഞാന്‍.


-കഴിഞ്ഞ കൊല്ലം:

സൂപ്പര്‍ സ്റ്റാറിന്റെ ഗള്‍‍ഫ് പ്രോഗ്രാം.


അല്‍ നാസര്‍ ലിഷര്‍ലാന്റില്‍ രണ്ട് ദിവസങ്ങളിലായി മൂന്ന് ഷോകള്‍. പരിപാടി നടത്തുന്ന ‍ ഞങ്ങള്‍, അഞ്ചംഗ സംഘം, മാ‍സങ്ങളായി ഊണുമുറക്കവുമുപേക്ഷിച്ച് സ്പോണ്‍സേഴ്സിനെ തേടലും ബാനര്‍ പിടിത്തവും പരസ്യം തെണ്ടലുമൊക്കെയായി ദുബായ് പ്രദക്ഷിണം വച്ച് കൊണ്ടിരിക്കുന്നു.


വാള്‍പോസ്റ്ററിന്റേയും ടിക്കറ്റിന്റേയും ‘പ്രൂഫ്‘ അപ്രൂവ് ചെയ്ത് പ്രിന്റിംഗ് പ്രസ്സില്‍ നിന്നിറങ്ങുമ്പോഴാണ് രവിയുടെ ഫോണ്‍ ശബ്ദിച്ചത്. “ അതെ, ഞങ്ങള്‍ ദേരയില്‍ തന്നെയുണ്ട്. അഞ്ചുപേരും. അതിനെന്താ? എവിടെയാ സ്ഥലം?”


ഫോണ്‍ കട്ട് ചെയ്ത് ഒരു കള്ളച്ചിരിയോടെ അവന്‍ പറഞ്ഞൂ: “വാ, കാറീക്കേറ്. നമുക്കൊരു പ്രോഗ്രാമുണ്ട്“.


‘ഏതു ബാറിലാ?”: ഞാന്‍ കളിയാക്കി.


“ബാറിലല്ല, ഒരു ഡാന്‍സ് പ്രോഗ്രാമാ”


“ നമ്മളറിയാതെ ദുബായിലൊരു പ്രോഗ്രാമോ?”: എന്നായി ഞങ്ങള്‍.


രവിയുടെ പരിചയക്കാരനാണ് അനീസ് അഹമ്മദ് എന്ന പാക്കിസ്താനി. നല്ല ഒരു ഗുസ്തിക്കാരനായിരുന്നു. ഇപ്പോഴും ഹയാത്ത് റീജന്‍സിക്കു മുന്‍പില്‍ വെള്ളിയാഴ്ച തോറും നടത്തുന്ന ഗുസ്തി മത്സരങ്ങളില്‍‍ പങ്കെടുക്കും. പക്ഷേ ഹോട്ടല്‍ ഡാന്‍സേഴ്സിന്റെ ‘ബോഡി ഗാര്‍ഡ്’ ആയാണ് ജോലി.


അന്ന് പുതിയ ഒരു ഗ്രൂപ്പ് വന്നിറങ്ങിയ ദിവസമായിരുന്നു. ഞങ്ങള്‍ക്കായി അയാള്‍ ഒരു ‘എക്സ്ക്ലൂസിവ് ഷോ‘ അറേഞ്ച് ചെയ്തിരിക്കയാണ്. ‍ ആ‍ദ്യമായി എത്തുന്ന ഡാന്‍സേഴ്സിനെ അളക്കാനും വേണമെങ്കില്‍ ഒന്ന് മെരുക്കാനുമുള്ള തന്ത്രം കൂടിയത്രെ അത്.


“രാപകലില്ലാതെ ഓടിനടക്കുന്ന നമുക്കും വേണ്ടേ ഒരല്പം എന്റര്‍ടയിന്‍‌മെന്റ്?": കുറ്റബോധമകറ്റാനെന്നോണം വിനു ഉറക്കെ ചിന്തിച്ചു.


“എത്രയാ ചാര്‍ജ്ജ് ?’: എന്റെ ചിന്ത അങ്ങോട്ടാണ് സഞ്ചരിച്ചത്.


“കാശൊന്നും വേണ്ടാ... എന്തെങ്കിലും ‘ടിപ്” കൊടുത്താല്‍ മതി. ഒരു കാര്യം: ആവേശം മൂക്കുമ്പോ ആരും പേഴ്സ് പുറത്തെടുക്കരുത്. ഓരോരുത്തരും മാക്സിമം 100 രൂപ: അതും 5 ന്റെയും 10 ന്റേയും നോട്ടുകളായി......”


ഫ്ലാറ്റ് നമ്പര്‍ 404 ന്റെ മുന്‍പില്‍ അനിസ് കാത്തു നിന്നിരുന്നു. താഴെ രജായിയില്‍ ഭവ്യതയോടെ ഞങ്ങളെ ഇരുത്തി, ആതിഥ്യസത്ക്കാരത്തിന്റെ ഭാഗമായി റാണി ജൂസിന്റെ ഓരോ ടിന്നും കൈയില്‍ പിടിപ്പിച്ച് അയാള്‍ അപ്രത്യക്ഷനായി.


5 മിനിറ്റ് കഴിഞ്ഞുകാണും, ഒരു ഹിന്ദി ഗാനത്തിന്റെ വീചികള്‍ അലയടിച്ചു. ശബ്ദം കൂടിവന്നപ്പോള്‍‍ ആകാംക്ഷയോടെ തലയുയര്‍ത്തി, ഞങ്ങള്‍. വാതില്‍ കര്‍ട്ടണ്‍ വകഞ്ഞുമാറ്റി,‍ കൈയിലൊരു ടേപ് റിക്കാര്‍ഡറുമായി, സല്‍‌വാര്‍ കമ്മീസണിഞ്ഞ ഒരു തരുണി, ചുവടു വച്ച് മുന്നില്‍.


ഡാന്‍സ് തീര്‍ന്നപ്പോള്‍, തണുപ്പന്‍ സ്വീകരണം കണ്ടാവണം, അവള്‍ ചോദിച്ചു:“ എന്താ, ഇഷ്ടായില്ലെ?”


“ തുണിയില്‍ പൊതിഞ്ഞുള്ള ഈ ഉഡാന്‍സ് ആര്‍ക്ക് വേണം?“


“പര്‍ദേ മേം രഹ്‌നേ ദോ, പര്‍ദാ ന ഉഠാവോ” : എന്ന പാട്ടായിരുന്നു അതിനവളുടെ മറുപടി. കൂടെ പറന്നകന്നൂ പര്‍ദകള്‍...ഒന്നൊന്നായി!


പാട്ട് തീര്‍ന്നപ്പോള്‍ ഊരിഞ്ഞെറിഞ്ഞ വസ്ത്രങ്ങളോടൊപ്പം ചിതറിക്കിടന്ന നോട്ടുകളും പെറുക്കി അവളോടി.


പൊക്കം കൂറഞ്ഞ്, വെളുത്ത് തടിച്ച ഒരു നേപ്പാളിപ്പെണ്‍കുട്ടിയായിരുന്നു, പിന്നെ വന്നത്.


അഞ്ചിന്റേയും പത്തിന്റേയും നോട്ടുകള്‍ അവളുടെ നഗ്ന ശരീരഭാഗങ്ങളില്‍ തിരുകിക്കൊടുത്തുകൊണ്ട് ഞങ്ങള്‍ ആസ്വാദന വീര്യം വെളിപ്പെടുത്തി.


‘രവീ, മതി; ഇനി നമുക്ക് പോകാം” : ബോറടിച്ചുതുടങ്ങിയിരുന്നു, എനിക്ക്.


അപ്പോഴാണ് അനീസിന്റെ മുഖം വീണ്ടും വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടത്. “ബായിജാന്‍, നിങ്ങള്‍ക്ക് എന്റെ വക ഒരു സ്പെഷല്‍ ഉണ്ട്. ഇതാ ആദ്യമായി ദുബായില്‍......തികച്ചും താജാ....... ആ രഹീ ഹെ.....ആപ് ലോഗോം കെ സാംനെ.... സുലേഖാഖാനം ഫ്രം കല്‍ക്കത്ത”


“ആദാബ്, ആദാബ്”


പാവാടയും ബ്ലൌസും മാത്രം ധരിച്ച് ...അവള്‍ മുന്നില്‍:


-ചെമ്പിച്ച് ജഢ പോലെ ചുരുണ്ട മുടി‍ കാറ്റില്‍ പറത്തി, ആഴമേറിയ കറുത്ത മിഴികളിലൂടെ ‍ മിന്നല്‍പ്പിണരുകള്‍ പായിച്ച്, അസാധാരണ മാറിടങ്ങളിളക്കിയാട്ടി, തുളുമ്പുന്ന ജഘനോദരങ്ങള്‍ താളത്തില്‍ ചലിപ്പിച്ച്...


“ചോളി കെ പീഛേ ക്യാ ഹേ, ചുന്‍‌രീ കെ നീചേ ക്യാ ഹേ..” : എന്ന ഗാനമുയര്‍ന്നപ്പോള്‍ ചോളീ കേ പീഛേ എന്താണെന്ന് ചോദിച്ചൂ ഞങ്ങള്‍.


നിരാശപ്പെടുത്താതെ അവള്‍ തുറന്ന് കാണിച്ച് എല്ലാം. അനീസ്ഭായ് കൂടി കൈയടിച്ച് ആസ്വദിക്കുന്നത്ര വശ്യമനോഹര ശരീരഭംഗിയില്‍, കറങ്ങുന്ന ഫാനിന്റെ വേഗതയില്‍, കഥക് ഡാന്‍സിന്റെ ദ്രുതചലനങ്ങള്‍ അരങ്ങേറി....


അന്തരീക്ഷത്തില്‍ പാറി നടന്നൂ, അമ്പതിന്റേയും നൂറിന്റേയും നോട്ടുകള്‍.... കൂടെ പറന്നൂ അവളുടെ അടിവസ്ത്രങ്ങള്‍!


ഓര്‍മ്മകളില്‍ മുങ്ങി, വിയര്‍ത്ത് കുളിച്ച് ‍ തിരിഞ്ഞ് നോക്കിയപ്പോള്‍ കൈകളില്‍ കൈകോര്‍ത്ത്, കണ്ണുകളില്‍ കണ്ണുകള്‍ നട്ട്, രസകമായ എന്തോ അനുഭവം പങ്ക് വയ്ക്കുകയായിരുന്നൂ, സുലേഖയും ജയനും.


ഇക്കിളിയിട്ടാലെന്ന പോലെയുള്ള ചിരി, കുഞ്ഞുങ്ങളെപ്പോലുള്ള കൊഞ്ചല്‍....


‍ തികട്ടിയെത്തിയ വാക്കുകള്‍ ഒന്നോടെ വിഴുങ്ങി, ഓടി കാറില്‍ കയറി, ഞാന്‍. പിന്നെ യാത്ര പറയാതെ, ജയനുവേണ്ടി കാക്കാതെ കാര്‍ മുന്നോട്ടെടുത്തു.


“ഇല്ലാ.., സാറിനു തെറ്റിയതാ. ആദ്യമായാണവള്‍ ദുബായില്‍ വരുന്നത്.“: ജയന്‍ ഒന്നും കേള്‍ക്കാനുള്ള മൂഡിലായിരുന്നില്ല.


പ്രേമം തലക്കകത്ത് കയറിയാല്‍‍‍ വിവേകവും വിചാരവും കാശിക്ക് പോകുമെന്ന് കാരണവന്മാര്‍ പറയുന്നത് വെറുതെയല്ലല്ലോ? മൌനം വിദ്വാനു ഭൂഷണം എന്നെനിക്കും തോന്നി.


അതിനുശേഷം ജയന്‍ എന്നെക്കാണാന്‍ വന്നിട്ടില്ല.


ആഴ്ചകള്‍ക്ക് ശേഷം കബീറാണ് പറഞ്ഞത്, മൂന്ന് മാസത്തെ കോണ്ട്രാക്റ്റ് പിരീഡ് കഴിഞ്ഞപ്പോള്‍ മുംബായ്ക്ക് തിരിച്ച് പോയ സുലേഖയോടൊപ്പം ജയനും ദുബായ് വിട്ടെന്ന്. മുംബായില്‍ ഒരു എക്സ്പോര്‍ട്ടിംഗ് കമ്പനി തുടങ്ങാനാണത്രെ പ്ലാന്‍.

മോഡേണ്‍ സ്കൂളിലെ കനത്ത ഫീസ് നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ സുഭാംഗി ഇളയ മകളെ കൊളോംബൊയിലുള്ള അമ്മയുടെയരികിലേക്ക് വിട്ടു. മൂത്ത മകളെ ജോലിക്കായി ഒപ്പം കൂട്ടി.


വര്‍ഷങ്ങള്‍ക്ക് ശേഷം ജനുവരിയിലെ തണുത്ത ഒരു പ്രഭാതത്തില്‍ എനിക്കൊരു ഫോണ്‍ കോള്‍. “ഹാപ്പി ന്യൂ ഇയര്‍, സര്‍”


പരിചിതമായ സ്വരം: “ജയന്‍, എന്നു വന്നു?”


“സര്‍ ഈവിനിംഗില്‍ ഫ്രീയാണോ? വീട്ടില്‍ വന്ന് സംസാരിക്കാം”


“ഓക്കെ, സീയു”


രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യ പറഞ്ഞു:“ജയന്‍ വിളിച്ചിരുന്നു”


“എപ്പോ വരുമെന്നാ പറഞ്ഞേ?” : ഞാന്‍ ചോദിച്ചു.


“അവന്റെ ശബ്ദം കേട്ടപ്പോള്‍‍ എനിക്ക് അടിമുടി വിറച്ചു. എന്തൊക്കേയോ വിളിച്ച് പറയുകയും ചെയ്തു. ഇനി അവനിവിടെ വരുമെന്ന് തോന്നുന്നില്ല”: ഭാര്യക്ക് രോഷം അടക്കാനാവുന്നില്ല.


-പിന്നെ ജയന്‍ വിളിച്ചില്ല.


കൈയിലെ പണം തീര്‍ന്നപ്പോള്‍‍, നാട്ടിലെ തറവാട് ഭാഗം വച്ച് ഓഹരി വാങ്ങിയത്രേ, ജയന്‍‍. അത് കൂടി കൈയിലൊതുങ്ങിയപ്പോള്‍ സുലേഖയും ഭര്‍ത്താവും കൂടി ‍അടിച്ച് പുറത്താക്കിയെന്നും മറ്റൊരു ഗതിയുമില്ലാതെ, ഹതാശനായാണവന്‍ ‍ദുബായില്‍ വന്നിരിക്കുന്നതെന്നും കേട്ടു.


-പക്ഷേ അവന് മാപ്പു കൊടുത്ത് വീട്ടില്‍ കേറ്റാന്‍ മാത്രം ഹൃദയവിശാലതയുണ്ടായിരുന്നില്ല സുഭാംഗിക്കും മകള്‍ക്കും!


വാല്‍ക്കഷണം:


സുഭാംഗി ഇന്നും ദുബായിലുണ്ട്, ഒരിംഗ്ലീഷുകാരന്റെ വീട്ടില്‍ ആയയായി. മൂത്ത മകള്‍ രാസ് അല്‍ ഖൈമയില്‍ ഇറാനി ബോയ് ഫ്രന്റുമൊത്ത് താമസിക്കുന്നു. ഇളയ മകള്‍ കോളംബോയില്‍ അമ്മൂമ്മയുടെ കൂടെ തന്നെ!


....ജയനോ?


അറിയില്ല, അറിയാന്‍ ശ്രമിച്ചിട്ടുമില്ല!