Sunday, April 19, 2009

ഓര്‍മ്മയില്‍ ഒരു വിഷു (ഇന്നലെയുടെ ജാലകങ്ങള്‍ - 10)ഓര്‍മ്മയില്‍ ഒരു വിഷു


ഓര്‍മ്മയില്‍ ഒരു വിഷുഉത്തരായനം കഴിഞ്ഞ്‌ തളര്‍ന്ന കണ്ണുകളും ശോഷിച്ച ശരീരവും ഒഴിഞ്ഞ കൈകളുമായി അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തിയ ഒരു വെളുപ്പാന്‍ കാലത്താണ്, മേടസംക്രാന്തിയെത്തിയെന്ന വിളംബരവുമായി വിഷുപ്പക്ഷി പുരക്ക്‌ മുകളിലൂടെ പറന്നത്‌.

"ശങ്കരാന്തിയെന്നാ? നാളേയോ മറ്റന്നാളോ?"
അമ്മ മുറ്റമടിക്കൊരു ഇടവേള നല്‍കി, നടു നിവര്‍ത്തി, കുറ്റിച്ചൂലില്‍ പറ്റിപ്പിടിച്ച മുടിനാരുകളും പുല്ലുകളും പറിച്ചെടുത്ത്‌ കൊണ്ട്‌ കൂട്ടിച്ചേര്‍ത്തു:
"കാപ്പി കുടിച്ചിട്ട്, നീയാ ഉമ്മറോം പടീം ചെത്തി വെടിപ്പാക്ക്"
ചേച്ചിമാര്‍ക്കും കിട്ടി ജോലി: "ചപ്പും ചവറുമൊക്കെ അടിച്ച്‌ കൂട്ടണം. ശങ്കരാന്തിക്ക് തീയിടണ്ടേ?"

ചേട്ടയെ പുറത്താക്കി, ഭഗോതിയെ കുടിയിരുത്തുന്ന പരിപാടിയാണല്ലോ സംക്രാന്തി.

കുഞ്ഞിക്കൈക്കോട്ടുമായി പടിക്കലെത്തിയപ്പോള്‍ കാനംകുടം ജോസ്‌ വലിയ ഒരു പൊതിക്കെട്ടും താങ്ങി വരുന്നു."ചെമ്പന്റെ കടേന്ന് വാങ്ങീതാ....പടക്കോം കമ്പിത്തിരീം മത്താപ്പൂം ഒക്കേണ്ട്‌. റേഷന്‍ കടേടെ മുന്‍പി വച്ച്‌ വിക്കാനാനപ്പന്‍ സമ്മതിച്ചു."

വൈകീട്ട്‌ അച്ഛന്‍ വന്നപ്പോള്‍ എല്‍ ജീ കായത്തിന്റെ ചാക്കുസഞ്ചിയില്‍ പരതി : ഏറുപടക്കം, ലാത്തിരി, പൂത്തിരി, തലചക്രം എന്തെങ്കിലും....
"സാരല്യാ, ഇനീം ണ്ടല്ലൊ ഒരു ദിവസം.‘

മൂവന്തിക്ക്‌ ചവറും കടലാസുകഷണങ്ങളും കൂട്ടിയിട്ട്‌ തീ കൊളുത്തി. അയല്‍ വീടുകളില്‍ നിന്ന് ഒറ്റക്കും തെറ്റക്കും പടക്കങ്ങള്‍ പൊട്ടാന്‍ തുടങ്ങി. ആകാശത്തേക്കുയര്‍ന്ന് വിരിയുന്ന ഗുണ്ടുകള്‍ ‍, കമ്പിത്തിരി കത്തിച്ച്‌ ചുറ്റിക്കുമ്പോഴുണ്ടാകുന്ന സ്ഫുരണങ്ങല്‍ ‍, ശീല്‍ക്കാരങ്ങള്‍,ആര്‍പ്പുവിളീകള്‍ ...

ഞാന്‍ വല്യേച്ചിയെ ദയനീയമായി നോക്കി.
"അവരേക്കാള്‍ നല്ല പടക്കം നമുക്ക്‌ പൊട്ടിക്കാടാ, വാ‌..."
ഇലഞ്ഞിമരത്തിന്റെ രണ്ട്‌ കമ്പുകളൊടിച്ച്‌ കൊണ്ട്‌ വന്ന് ചേച്ചി ആളിക്കത്തുന്ന തീയിലേക്കിട്ടു.
'പട്‌..പട്‌.പടടാ.ടടടാ.."

ശബ്ദം കുറവായിരുന്നെങ്കിലും നൂറുനൂറുപടക്കങ്ങള്‍ ഒന്നിച്ച്‌ പൊട്ടി.
'ഇനിയും...ഇനിയും..." : ആവേശത്തോടെ ഞാന്‍ കൈയടിച്ചു .
ചേച്ചി മറ്റൊരു ഇലഞ്ഞിക്കൊമ്പിന്മേല്‍ പിടുത്തമിട്ടു.

"മോനേ, ഞാന്‍ പോയി വരട്ടെ."
നോക്കിയപ്പോള്‍ അലക്കി വെളുപ്പിച്ച ജഗന്നാഥന്‍ മുണ്ടുടുത്ത്, നീല കരയുള്ള ഈരെഴ തോര്‍ത്ത് തോളിലിട്ട്, അച്ഛന്‍ ‍.

'എവിടേക്കാ അച്ഛാ?"
ഞാന്‍ അച്ഛന്നരികിലേക്കോടി‍.
"തറവാട്ടില്‍ 'വീത്‌ വയ്പ്’ ഇന്നല്ലേ?'
ഞാനത്‌ മറന്ന് പോയിരുന്നു.

അപ്പൂപ്പനുള്ളപ്പോള്‍ സംക്രാന്തിയും വിഷുവും തറവാട്ടിലായിരിക്കും. സംക്രാന്തി രാത്രിയാണു വീതു വയ്പും കലശവും. കുടുംബക്ഷേത്രത്തിലെ, നീണ്ട ജടയും ഉപ്പന്‍ കണ്ണുകളുമുള്ള ഗോവിന്ദന്‍ വെളിച്ചപ്പാട്‌ തേരത്തേ തറവാട്ടിലെത്തിയിരിക്കും.കോടിമുണ്ട്‌ വിരിച്ച പീഠത്തിനു മുന്‍പില്‍ ‍, ഏഴ്‌ തിരിയിട്ട്‌ കത്തിച്ച നിലവിളക്കും ജലം നിറച്ച കിണ്ടിയും തുളസിച്ചെത്തിപ്പൂക്കളും
പൂജാസാമഗ്രികളും നിരക്കും. നിവേദ്യമായി കദളിപ്പഴം, ഓട്ടട, വറുത്തരച്ച കോഴിക്കറി ...
പിന്നെ മരിച്ച്‌ പോയ കാരണവന്മാരുടെ ഇഷ്ട പാനീയം: കള്ളോ ചാരായമോ...
പട്ടാളക്കാരന്‍ വാസു നാട്ടിലുണ്ടെങ്കില്‍ വിശിഷ്ടാതിഥി ഒരു കുപ്പി ഹെര്‍ക്യുലീസ്‌ റം ആയിരിക്കും.

വെളുപ്പിനേയെണീട്ട് വിഷുക്കണി.
പിന്നെ വിഷുക്കൈനീട്ടം.

അമ്പലക്കുളത്തിലെ വിസ്തരിച്ചുള്ള കുളി കഴിഞ്ഞെത്തിയാല്‍ വിഷുക്കട്ട* മുറിക്കും.
പപ്പടം, പായസം, പഴം, ഉപ്പേരികള്‍ ‍‍....
എണ്ണിയാല്‍ തീരാത്ത വിഭവങ്ങളോടെ വിഷുസ്സദ്യ!

"പോയിട്ട്‌ വരാം മോനേ..": അച്ഛന്റെ ശബ്ദം, ഭൂതകാലത്തില്‍ മുങ്ങിത്തുടിച്ചിരുന്ന മനസ്സിനെ കരയിലേക്കെത്തിച്ചു.

തറവാട് ബഹളമയം.
ഉമ്മറം നിറയെ അതിഥികള്‍ .
അടുക്കളയില്‍ നിന്നും ഒഴുകിയെത്തുന്ന കറികളുടെ മോഹിപ്പിക്കുന്ന ഗന്ധം.

ഇതൊക്കെ ഇത്‌ വരെ എന്തേ ശ്രദ്ധയില്‍ പെടാഞ്ഞൂ എന്ന് ഞാനത്ഭുതപ്പെട്ടൂ.
"ഞാനും വരട്ടെ, അച്ഛാ?"
ഞാനച്ഛന്റെ കൈയില്‍ തൂങ്ങി‍.
നിന്നെ ക്ഷണിച്ചിട്ടുണ്ടോ? എന്നായി ചേച്ചി.
'അച്ഛനെ ക്ഷണിച്ചിട്ടില്ലേ?"
"അച്ഛനെ മാത്രം. വിളിക്കാത്ത സദ്യക്ക്‌ പോകാന്‍ നാണമില്ലേടാ": ചേച്ചി പുച്ഛിച്ചു.
"കൊതിച്ചി, ക്ഷണിക്കാത്ത ദ്വേഷ്യാ അവള്‍ക്ക്‌...വാ അച്ഛാ,"
അച്ഛന്റെ കൈയില്‍ പിടിച്ച്‌ ഞാന്‍ നടന്നു.

തെക്കിനിയിലായിരുന്നു വീത്‌ വയ്പ്പിനുള്ള സാമഗ്രികള്‍ ഒതുക്കിയിരുന്നത്‌. കൃഷ്ണന്‍ കണിയാനും അന്തോണി മാപ്ലയും വെല്ലിശനും അപ്പോള്‍ തന്നെ നല്ല 'ഫോമി'ലായിരുന്നു.

ഗോവിന്ദന്‍ വെളിച്ചപ്പാട്‌ കിടപ്പിലായതിനു ശേഷം 'വീത്‌ വയ്പ്‌' അച്ഛന്റെ ചുമതലയായി മാറിയിരുന്നു. കോഴിക്കറിയും അന്തിക്കള്ളും ചാരായക്കുപ്പിയുമായി അച്ഛന്‍ തെക്കിനിയിലേക്ക്‌ കയറി.
വാതിലടഞ്ഞു.

ജനലിലൂടെ എത്തി നോക്കാന്‍ ശ്രമിച്ച എന്നെ ക്രോസ്‌ പാക്കരന്‍ പിടിച്ച്‌ മാറ്റി.
'നോക്കിയാല്‍ ആത്മാക്കള്‍ വീത്‌ കൈപ്പറ്റാതെ തിരിച്ച്‌ പോകും': പാക്കരന്‍ തന്റെ വിജ്ഞാനം പങ്ക്‌ വച്ചു.

മിനിറ്റുകള്‍ക്ക്‌ ശേഷം വാതില്‍ തുറന്ന് അച്ഛന്‍ പ്രസാദവിതരണം നടത്തി.
ചാരായക്കുപ്പി വെല്ലിശന്‍ കരസ്ഥമാക്കി.
കള്ള്‌ കുപ്പി റാഞ്ചിയെടുത്ത്‌ കൊച്ചമ്മായി അടുക്കളയിലേക്കോടി.

ആദ്യ പന്തിക്ക്‌ ഇലയിട്ടപ്പോള്‍ ഞാനച്ഛന്റെയരികെ തന്നെയിരുന്നു‍.
കോഴിക്കറിയും പത്തിരിയും വിളമ്പിത്തുടങ്ങി.

പെട്ടെന്ന് പിന്നില്‍ നിന്നാരോ എന്നെ പൊക്കിയെടുത്തു.
'കൊച്ചളിയന്‍ ഇപ്പഴാ വന്നേ....നീ അടുത്ത പന്തിക്കിരുന്നാ മതി"
പാപ്പന്റെ സ്വരം:
'എനിക്കച്ഛന്റെ കൂടെയിരിക്കണം': ഞാന്‍ കുതറി മാറാന്‍ ശ്രമിച്ചു‍.
“ആരാടാ നിന്നെ ക്ഷണിച്ചേ? ആദ്യ പന്തിക്ക്‌ തന്നെയിരിക്കണം പോലും.": ശബ്ദമമര്‍ത്തി പാപ്പനെന്റെ ചെവിയിലമറി. ബലിഷ്ടബാഹുക്കളുടെ സമ്മര്‍ദ്ദത്തില്‍ തോളെല്ലുകള്‍ ഞെരുങ്ങി.

ശപ്തനിമിഷത്തിന്റെ ചോരപൊടിച്ചിലില്‍ വിങ്ങി, കണ്ണീരണിഞ്ഞ്, കയ്യാലയിലഭയം തേടി എന്റെ ശരീരം. അച്ഛന്റെ നോവൂറുന്ന കണ്ണുകള്‍ തഴുകുന്നതായിക്കൂടി അറിഞ്ഞപ്പോല്‍ വേദന പാരമ്യത്തിലെത്തി.

നടപ്പുരയില്‍ വിളമ്പുകാരുടെ ബഹളങ്ങളും വെല്ലിശന്റെ ഇഴഞ്ഞ സ്വരത്തിലൂള്ള നിര്‍ദ്ദേശങ്ങളും കറികളുടെ ഉന്മാദഗന്ധങ്ങളും മനസ്സില്‍ നിന്നും വിട്ടകന്നപ്പോള്‍ ചേച്ചിയുടെ പരിഹാസം തുളുമ്പുന്ന സ്വരം കാതുകളില്‍ അലയടിച്ചൂ: "വിളിക്കാത്ത സദ്യക്ക്‌ ......"

പൊട്ടിക്കരഞ്ഞുകൊണ്ട് ഞാന്‍ വീട്ടിലേക്കോടി.

കാരണം തിരക്കാന്‍ വന്ന ചേച്ചിമാരെ ഒരുകൈ കൊണ്ട്‌ വിലക്കി, മറുകൈകൊണ്ടെന്നെ അമ്മ കെട്ടിപ്പിടിച്ചൂ,
‘വാ മോനെ..ഞങ്ങ കഞ്ഞി വിളമ്പാന്‍ പൂവ്വായിരുന്നൂ..."

കഞ്ഞികുടി കഴിഞ്ഞഴേക്കും തിരിച്ചെത്തിയ അച്ഛന്‍ ആര്‍ക്കും മുഖം കൊടുക്കാതെ എന്റെ കൈ പിടിച്ച്‌ മുറ്റത്തെ ഇരുളിലേക്കിറങ്ങി.

പടിക്കല്‍ ‍‍, കാനക്ക്‌ മുകളില്‍ വാര്‍ത്തിട്ട സ്ലാബിന്മേലിരുന്ന് അച്ചനെന്നെ മടിയിലിരുത്തി‍.
"നാളെ വിഷു. മറ്റന്നാള്‍ ഞായറാഴ്ച. നമുക്കാ പൂവന്‍ കോഴിയെ കൊന്ന് കറി വച്ചാലോ‍?'
അച്ഛന്റെ വാക്കുകളില്‍ ‍‍അനുതാപത്തിന്റെ നനവും കുറ്റബോധത്തിന്റെ നീറ്റലും കലര്‍ന്നിരുന്നു.
'വേണ്ടച്ഛാ, പാവമല്ലേ നമ്മടെ പൂവന്‍ ‍?”
ഞാന്‍ അച്ഛന്റെ കഴുത്തിലൂടെ കൈകള്‍ ചുറ്റി കെട്ടിപ്പിടിച്ചൂ.

അപമാനത്തിന്റേയും അവഹേളനത്തിന്റേയും ചെന്ന്യായ ദ്രവം വായില്‍ തികട്ടിത്തികട്ടി വന്നുകൊണ്ടിരുന്നതിനാല്‍ ‍,രാവേറെ ചെന്നിട്ടും ഉറക്കം അമാന്തിച്ച് നിന്നു,

അയല്‍പക്കങ്ങളില്‍ നിന്ന് വിഷുവാഘോഷത്തിന്റെ ആരവങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരുന്നൂ. മാലപ്പടക്കങ്ങള്‍ക്കിടയില്‍ പൊട്ടുന്ന ഗുണ്ടിന്റെ മുഴക്കങ്ങള്‍ നെഞ്ചിനുള്ളില്‍ ഞെട്ടലുകളായി പിടഞ്ഞൂ. കമ്പിത്തിരിയുടെയും മത്താപ്പിന്റേയും ശീല്‍ക്കാരങ്ങള്‍ നിലയ്ക്കാത്ത അലയടികള്‍ പോലെ കാതുകളില്‍ മുഴങ്ങി.

എപ്പോഴോ കേട്ടു അമ്മയുടെ മന്ത്രിക്കും പോലുള്ള സ്വരം :" നിങ്ങളൂണ് കഴിച്ചില്ല, അല്ലേ?"
അച്ഛന്റെ കടിച്ച്‌ പിടിച്ചുള്ള മറുപടി: "തൊണ്ടേന്നിറങ്ങണ്ടേടീ? ഇല മടക്കി എണീറ്റ് പോന്നു.”
"കഞ്ഞിയുണ്ട്‌, എടുക്കട്ടേ?": വീണ്ടും അമ്മ.
"വേണ്ട..മക്കളറിയും. മൊന്തയില്‍ കഞ്ഞിവെള്ളം കാണുമല്ലോ?."

------------------------------------------------
*വിഷുക്കട്ട:

പിഴിഞ്ഞെടുത്ത നാളികേരത്തിന്റെ രണ്ടാം പാലില്‍ കുത്തരിയും ഉപ്പും ചേര്‍ത്ത്‌ വേവിക്കുന്നു. ‌ വറ്റുമ്പോള്‍ ‍, ജീരകവും ചുക്കുപൊടിയും ചേര്‍ത്ത ഒന്നാം പാല്‍ ചേര്‍ക്കുക. കുഴമ്പ്‌ പരുവത്തില്‍ വാഴയിലയില്‍ പരത്തി തണുക്കുമ്പോള്‍ കഷണങ്ങളായി മുറിച്ചെടുക്കുന്നു. (ചിരകിയ തേങ്ങയും
ചേര്‍ക്കാം.)

ശര്‍ക്കരനീര്‍ , മാങ്ങാക്കറി, പുളിയിഞ്ചി എന്നിവ കൂട്ടി തിന്നാം.