Wednesday, December 31, 2014

എന്റെ വീടനുഭവങ്ങള്‍


എന്റെ വീടനുഭവങ്ങൾ


വീട് ചെറുതായിരുന്നു. മണ്‍ചുവരു വച്ച കുമ്മായമടിക്കാത്ത ഓല മേഞ്ഞ ഗ്രാമീണമുഖമുദ്രയുള്ള കൊച്ച് വീട്. (അക്കാലത്ത് നാട്ടിലെ ഏക കോൺക്രീറ്റ്  സൗധം ചിറ്റിലപ്പിള്ളി  സെബാസ്റ്റ്യന്റേതാണെന്ന്  തോന്നുന്നു)  മകൻ  ഗൾഫുകാരനായപ്പോൾ  ചുമരുകളിൽ ചായമടിച്ച്, മേല്ക്കൂര ഓടാക്കി  വീടൊന്ന് മിനുക്കി, അച്ഛൻ. പെണ്മക്കളുടെ  കല്യാണം പുതുക്കിയ വീട്ടിൽ വച്ച് നടത്തിയപ്പോൽ അദ്ദേഹം ഏറെ സന്തുഷ്ടനായിരുന്നു.പക്ഷേ മകന്റെ  വധുവിന് വന്ന് കേറാൻ‍  മാത്രമുള്ള മാഹാത്മ്യം   വീടിനില്ലെന്നാണ്  പിന്നീടച്ഛൻ പറഞ്ഞത്.   

വട്ടത്തിച്ചിറ പാടത്തേക്ക്  ‘തോല് വെട്ടാൻ‍ കൊല്ലത്തിലൊരിക്കൽ‍ മാത്രം പോയിരുന്ന, മുള്ള്, മുരട്, മൂര്ക്കൻ പാമ്പുകൾ  നിറഞ്ഞ സ്രാമ്പി’ (മാളിക)വളപ്പിലെ   4 ഏക്കർ ഭൂമി കൈയിലാക്കിയപ്പോൾ ഇനി മകന്റെ സ്റ്റാറ്റസിനൊത്ത ഒരു  ഒരു വീട് പണിയാൻ ആ പിതൃമനസ്സ് വെമ്പി

മാസങ്ങൾ നീണ്ട ബ്രെയിൻ സ്റ്റോമിംഗിനു ശേഷം, രാസ് അൽ ഖൈമയിലുള്ള   മാവിലായിക്കാരൻ  എഞ്ചിനീയർ ഉത്തമൻ  തയ്യാറാക്കിയ  പ്ലാനുകളിൽ ഒന്ന് സെലെക്റ്റ് ചെയ്തു. വിശാലമായ ഹാൾ‍, ഡൈനിംഗ് റൂം‍, വായു സഞ്ചാരമുള്ള ബെഡ് റൂമുകൾ‍....പ്ലാൻ അച്ഛനും നന്നേ ബോധിച്ചു. ഒരു കാര്യം  നിര്ബന്ധമെന്ന്  ഞാൻ പ്രത്യേകം അറിയിച്ചു: ദുബായിലെപ്പോലെ സിമന്റ് കൊണ്ട് ഫൌണ്ടേഷൻ കെട്ടി, പില്ലറുകൾ വാര്ത്ത് വേണം വീട് പണി‍യാൻ.

ഒരു മനുഷ്യന് ജീവിതത്തിലനുഭവിക്കേണ്ടി വരുന്ന സന്നിഗ്ധഘട്ടങ്ങൾ  രണ്ടെന്ന് കാരണവന്മാർ പറയുന്നു. ഒന്ന് വിവാഹം‍. മറ്റൊന്ന് വീട് വയ്ക്കൽ‍. (ഒന്നുകിൽ അതോടെ  മുടിയും, അല്ലെങ്കിൽ നന്നാവും എന്ന് സാരം)  രണ്ട്  ഹർഡിത്സും ഒന്നിച്ച് ചാടിക്കടന്ന ഒരപൂര്‍വ ഭാഗ്യവാനാണു ഞാൻ

തറകെട്ടി പില്ലറുകൾ വാര്‍ത്തപ്പോഴേക്കും  ഗള്‍ഫന്റെ ഇന്ധന ടാങ്ക്  വറ്റി വരണ്ടു. അഞ്ഞൂറ് ചാക്ക് സിമന്റും  (സിമന്റിന് പെര്മിറ്റുള്ള കാലമാണേയ്)  രണ്ടര ടൺ കമ്പിയും  മണ്ണിൽ ചേര്‍ന്നത് മിച്ചം.   സ്രാമ്പി വളപ്പിൽ  ഉയരുന്ന  മാളികക്കുറിച്ചുള്ള ബ്രേക്കിംഗ് ന്യൂസ് കേട്ടോടിയെത്തിയ ഗ്രാമീണ ഗൊസ്സിപ്പുകാർക്ക്  ദര്‍ശനമേകിയത്  മഴ നനഞ്ഞ്, പായൽ പടർന്ന്  തല താഴ്ത്തി നില്ക്കുന്ന  ഏതാനും  ‘പില്ല‘റുകളാണ്!.  

ക്ലാവർ
 ബാലൻ ‘കനാൽ പരുങ്ങി രാജനെ തോണ്ടി കുതൂഹലപ്പെട്ടു: ‘അല്ലഷ്ടാ, ന്തൂട്ടാ ദിവനിവിടെ പണിയണേ? ചാർമിനാറാ?‘

ചാടിത്തുള്ളി വീട്ടിലെത്തിയ വല്യാപ്പനും വിഷയം അല്പം സംഭവബഹുലമാക്കാൻ സഹായിച്ചു‍.   അദ്ദേഹം ഉരുവിട്ട   അനേക  പാരഗ്രാഫുകളുടെ  ഏകദേശ  സംഗ്രഹം ഇങ്ങനെ:  അഥവാ  ചേട്ടന്റേയും മകന്റേയും കൈയിൽ  പണം കുറച്ചധികമെങ്കിൽ അത്  ദാനധര്‍മാദികള്‍ക്കായി  വിനിയോഗിക്കരുതോ?  മണ്ണിൽ കുഴിച്ചിട്ടുകൊള്ളാമെന്ന്  നേർച്ച നേര്‍ന്നിട്ടൊന്നുമില്ല, ഉവ്വോ?.

പുതിയ വീട്ടിൽ വച്ച് വേണം മകന്റെ വിവാഹമെന്ന ആഗ്രഹം
തത്കാലം പോസ്റ്റ്പോൺ ‍‘ ചെയ്ത്, വീടിന്റെ  പ്ലാനും ഗൾഫ് ആഢ്യത്വവും ഉയര്‍ത്തിക്കാട്ടി,  ഒരു ബാംഗളൂർ എജുക്കേറ്റഡ് വധുവിനെ അച്ഛൻ മകനു വേണ്ടി സംഘടിപ്പിച്ചു.  വർഷം 1981.  

താമസിയാതെ വാർക്കൽ കർമ്മവും പൂർത്തിയാക്കിയെങ്കിലും, വീട് പിന്നേയും  രണ്ട് കൊല്ലക്കാലം നീണ്ടുനിന്ന  ‘ഹൈബെർനേഷനിലേക്ക് മടങ്ങിബാങ്ക് ലോണും (ബാങ്ക് മെല്ലി ഇറാനിലെ സോമൻ പിള്ളച്ചേട്ടനോട് കടപ്പാട് ) ‘മാസക്കുറി’യും സാലറി അഡ്വാന്‍സുമൊക്കെയായി വീട് യാഥാര്‍ത്ഥ്യമായത്  1984-ൽ .

ഗൃഹപ്രവേശം അഥവാ “പാല്‍ കാച്ചൽ ‘ ആഘോഷമാക്കാൻ ഓണത്തിന് മുന്‍പ്   കുടുംബസമേതം ഞാൻ  നാട്ടിലെത്തി. പുറത്ത് നിന്ന് നോക്കിയപ്പോൾ ആകെക്കൂടെ ഒരാനച്ചന്തം. കാർപോർച്ച്, ഷോ വാൾ എല്ലാം മനോഹരം! വിശാലമായ ഹാളും ഡൈനിംഗ് റൂമും അടുക്കളയും  പ്രതീക്ഷിച്ച്  അകത്ത് കയറിയപ്പോൾ തകർന്ന മനസ്സുമായി അന്തിച്ച് നിന്ന് പോയി:  ദീര്‍ഘചതുരാകൃതിയിലുള്ള ഒരു ‘കുഞ്ഞൻ ‍’ ഹാൾ , ഡൈനിംഗ് ഏരിയ വെട്ടി മുറിച്ച അടുക്കള, ഒതുങ്ങിയ ഇടനാഴിയിലേക്ക് നയിക്കുന്ന ബെഡ് റൂം. മാസ്റ്റർ ബെഡ് റൂമും ഷോ വാളും മാത്രമുണ്ട് പ്ലാനിൽ വരച്ച്പോലെ.

- അച്ഛന്റെ വിശ്വസ്ഥ ഉപദേഷ്ടാവ് ഇടക്കുളം കൊച്ച് കുട്ടനാശാരി ‘വാസ്തു ശാസ്ത്ര’മനുസരിച്ച് പ്ലാനിൽ വരുത്തിയ ഭേദഗതികളുടെ പരിണാമം ‍!നാല് വെക്കേഷനുകൾ പിന്നേയും കടന്ന് പോയി. വീടിന്റെ പടിഞ്ഞാറ് വശത്തുള്ള സ്ഥലം വില്‍ക്കാൻ പോകുകയാണെന്നും, വാങ്ങിയാൽ  മെയിൻ റോഡിൽ നിന്ന് വീട്ടിലേക്ക് നേരിട്ട്  പ്രവേശിക്കാനുള്ള വഴിയാകുമെന്നുമുള്ള  അച്ഛന്റെ സമ്മര്‍ദ്ദം മൂലം,  സ്ഥലമുടമ അമ്പി സ്വാമിയെ, ദല്ലാൽ  കുഞ്ഞിരാമനോടൊപ്പം,  ഇരിഞ്ഞാലക്കുടയിലുള്ള വസതിയിൽ ചെന്ന് കണ്ടു.  മൊത്തം ആറേക്കറും ഒന്നിച്ചേ കൊടുക്കൂ, ‘മണി‘ മുഴുവനും ‘വൈറ്റ്’ ആയി വേണം, ആറ് മാസത്തിനകം തീറ് നടത്തണം എന്നിവയായിരുന്നു സ്വാമിയുടെ പ്രധാന നിബന്ധനകൾ.
‘രണ്ടര കുടിയാൽ മൂന്ന് ഏക്കർ. അത്രയുമല്ലേ അച്ഛാ, നമുക്ക് താങ്ങാനാവൂ’: ഞാൻ പരുങ്ങി.
‘ആറ് മാസത്തെ സാവകാശമില്ലേടാ? ബാക്കി ഭൂമി നമുക്ക് വില്‍ക്കാം. ചൂടപ്പമല്ലേ.‘: എന്നായി അച്ഛൻ ‍.

വില പേശലുകള്‍ക്കൊടുവിൽ  സെന്റിന്  2700 എന്ന് തീരുമാനമായി. കരാറെഴുത്ത് തിങ്കളാഴ്ച. അഡ്വാന്‍സ് ഒരു ലക്ഷം, ബാങ്ക് ഡ്രാഫ്റ്റ് ആയി.

 ഉച്ച വരെ ഡ്രാഫ്റ്റുമായി രജിസ്ട്രാപ്പീസിൽ കാത്ത് നിന്നിട്ടും സ്വാമിയെക്കണ്ടില്ല. ടാക്സ്സിയെടുത്ത് വീട്ടിലെത്തിയപ്പോൾ പൂമുഖത്ത്ൻ കാവലിരിപ്പുണ്ട് സ്വാമിയുടെ മഞ്ഞച്ചേല ചുറ്റിയ ധര്‍മപത്നി. ഞങ്ങളിലാരെങ്കിലും  വാ തുറക്കും മുൻപേ  അമ്മ്യാരുടെ  ഊഷര സ്വരമുയർന്നു: ‘സ്വാമി വീട്ടിലില്യാ ട്ടോ.  ഒരത്യാവശ്യത്തിന് ത്രിശ്ശൂര് വരെ പോയിരിക്യാ. പിന്നെ, ഇന്നലെ നാഗ്പൂരീന്ന് മോൻ ഫോൺ ചെയ്തിരുന്നു. അവൻ പറയുന്നൂ  സെന്റിന് 3000 മെങ്കിലും കിട്ടാതെ വസ്തു വില്‍ക്കണ്ടാന്ന്. സാരല്യാ, നിങ്ങള്‍  ആലോചിച്ചിട്ട് അറീച്ചാ മതി.’

നിയന്ത്രിക്കാനാവാത്ത  കോപം  തികട്ടി വായിലെത്തി പിടഞ്ഞു നിന്നു. ‘വാക്കിന് വിലയില്ലാത്ത  ഭീരു പട്ടര്‍. വീടിനുള്ളിൽ ഒളിച്ചിരുന്ന് ഭാര്യയെക്കൊണ്ട് നുണ പറയിക്കുന്നു...... ‘ പക്ഷെ വീണ്ടും, ഞങ്ങളിരാരെങ്കിലും എന്തെങ്കിലും സംസാരിക്കും മുന്‍പ്,   അമ്മ്യാര്‍ അകത്ത് കയറി വാതിലടച്ചു.

പട്ടരുമായി ഇനിയൊരു ‘ബാര്‍ഗെയിനിംഗ്‘ വേണ്ടാ എന്ന് ഞാൻ തീരുമാനിച്ചു.  വിടിനൊരു രണ്ടാം  നില‘ എന്ന മനസ്സിലെ ആശ അറിയാതെ അതിനിടെ പുറത്ത് ചാടി. വീട് അപ്ഗ്രേഡ് ചെയ്യുന്നതിനോട് അച്ഛനും എതിർപ്പില്ലായിരുന്നു.  ‘വലിയ വീടില്ല, കൈയിൽ പണമില്ല, നല്ല വസ്ത്രമില്ല‘ എന്നിങ്ങനെയുള്ള  കാരണങ്ങളാൽ  സ്വസഹോദരങ്ങളാൽ പോലും അപമാനിതനാകേണ്ടി വന്ന സന്ദര്‍ഭങ്ങൾ അച്ഛന്റെ മനസ്സിനേയും കാർന്ന് തിന്നുണ്ടായിരിക്കാം.

നടുവിൽ ‘കോളംസ്‘ ഇല്ലാത്ത വിശാലമായ ഒരു ഹാൾ എന്ന  സ്വപ്നം പ്രായോഗികമല്ല എന്നാ‍യിരുന്നു  തൃശ്ശൂർ മുതൽ എറണാകുളം വരെയുള്ള പല പ്രശസ്ത കണ്‍സ്ട്രക്‍ഷൻ കമ്പനികളിലേയും  എഞ്ചിനീയര്‍മാരുടെ വിധിയെഴുത്ത്. വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല ഞാൻ.

ലീവ് തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് കാരുമാത്രയിലുള്ള   കൊച്ചമ്മായിയുടെ മകൻ  സതീശൻ വീട്ടിലെത്തുന്നത്.  എഞ്ചിനീറിംഗിൽ  ഡിപ്ലോമയെടുത്ത ശേഷം, കൂട്ടുകാരനുമൊത്ത് അല്ലറ ചില്ലറ കോണ്ട്രാക്റ്റ് വര്‍ക്കുകളുമായി അലയുകയായിരുന്നു, അവനപ്പോൾ . എന്റെ ഈ ‘ഡിലെമ്മ’യെപ്പറ്റി പറഞ്ഞപ്പോൾ  ചിന്തിക്കാനല്‍പ്പം പോലും സാവകാശമെടുക്കാതെ “കോളംസ് വാർത്ത് പണിത വീടല്ലേ? അതുകൊണ്ട്  ഈ ജോലി ഞാൻ ചെയ്ത് തരാം ചേട്ടാ’ എന്നാണവൻ  പറഞ്ഞത്.  

രണ്ടാം നിലയുടെ അവസാന മിനുക്ക് പണിയും തീര്‍ത്ത്,  തൊഴിലാളികളെ സത്കരിച്ച്, പാരിതോഷികങ്ങൾ  നല്‍കി യാത്രിയാക്കിയ ശേഷം, രാത്രി ഭക്ഷണം കഴിച്ച് കിടന്ന അച്ഛൻ ആ‍ ഉറക്കത്തിൽ നിന്നും പിന്നെയുണര്‍ന്നില്ല. 1991-ജൂലൈ.                   
    


വീടിന് നേരെ മുന്‍പിലായി നാല് ചെറിയ വീടുകളുണ്ടായിരുന്നു. കുടികിടപ്പവകാശ നിയമപ്രകാരം ലഭിച്ച ‘4 സെന്റു‘ കാരുടെ കൂരകൾ ‍‍. (മൂന്ന് പേർ സഹോദരങ്ങൾ ‍) കൂരകളുടെ വലത് വശത്ത് കൂടിയായിരുന്നു വീട്ടിൽ നിന്നും റോഡിലേക്കുള്ള വഴി. രാത്രിയായാൽ പുലരും വരെ പുലയാട്ടും പോർ വിളിയുമാണ് എന്നും സഹോദരങ്ങൾ തമ്മിൽ. സ്ത്രീകളായിരിക്കും പോരിന്  മുന്നിൽ. പിന്നെ ഇടക്കിടെ മന്ത്രവാദം, തുള്ളൽ, കോഴിക്കുരുതി, ബാധയൊഴിപ്പിക്കൽ എന്നിവയും കാണും. .

അല്പം സമയമെടുത്താണെങ്കിലും,  പൊന്നും വില കൊടുത്ത് (അത് മറ്റൊരു  ‘കദന’കഥ) ഓരോരുത്തരെയായി ഒഴിപ്പിച്ചെടുത്തു.

കൂരകൾ പൊളിച്ച്, അവരുടെ കിണറുകളും കക്കൂസുകളും കുളി മുറികളും ‘ജേസിബി’ വച്ച് നിരത്തി, വീടിന്  നേരെ മുന്നിലൂടെ ഒരു വഴി വെട്ടിയപ്പോൾ തോന്നി: എന്ത് ഭംഗിയാണെന്റെ വീടിന് എന്ന്. (‘എന്താ ദാസാ ഈ ബുദ്ധി നേരത്തേ തോന്നാതിരുന്നത്?’)

     


2011 മേയ്.  മകളുടെ വിവാഹനിശ്ചയം കഴിഞ്ഞ്, ടെന്‍ഷനുകളിൽ നിന്ന് താത്ക്കാലിക അവധി യെടുത്ത്  വിശ്രമിക്കുമ്പോൾ അടുത്ത ബോധോദയം:   ഒരു പടിപ്പുര കൂടിയുണ്ടെങ്കിൽ വീടിന് ഒന്ന് കൂടി ആര്‍ബാഡമാകില്ലേ?

ജയൻ ബിലാത്തിക്കുളം എന്ന പേർ ഓര്‍മ്മയിൽ തെളിഞ്ഞതപ്പോഴാണ്. പ്രശസ്ത സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്യ്തുംകടവ് ആണ് ജയനെ പരിചയപ്പെടുത്തിയതെങ്കിലും ആ ബഹുമുഖപ്രതിഭ എങ്ങനേയോ പെട്ടെന്ന് എന്റെ അടുത്ത സുഹൃദ് വലയത്തിനുള്ളിൽ കടന്ന് കൂടി. പിന്നീട് പല  കൂട്ടിമുട്ടലുകൾ ‍, ആകസ്മികമായും അല്ലാതെയും. ജയന്റെ കോഴിക്കോട്ടുള്ള ഗോഡൌണുകളിലൊന്നിൽ  പൊളിച്ച പഴയ ഇല്ലങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിൽ,  ഒരു  പടിപ്പുരയുമുണ്ടായിരുന്നില്ലേ?

റിംഗ് ചെയതയുടനെ ഫോണെടുത്ത ജയൻ അത്ഭുതപ്പെട്ടു: ‘അല്ല, ചേട്ടൻ തിരിച്ച് പോയില്ലേ?
‘ഇല്ല, അടുത്താഴ്ച‘.
‘ഇപ്പോൾ വീട്ടിലുണ്ടോ?’: അടുത്ത ചോദ്യം.
‘ഉണ്ടല്ലോ’
‘രണ്ട് പേര്‍ക്ക്  ഊണ് തരപ്പെടുത്താൻ ബുദ്ധിമുട്ടാവുമോ?
വാച്ചില്‍നോക്കിയപ്പോൾ  12 മണി.
“ഇല്ലല്ലോ? പക്ഷേ ജയൻ കോഴിക്കോട്ട്ന്ന് ഇങ്ങെത്തുമ്പോഴേക്കും ചോറ് തണുത്ത് പോകില്ലേ?’: ജയൻ പതിവ് പോലെ ‘തമാശു‘കയാണെന്ന് കരുതി, ഞാൻ.
“ഇല്ല ചേട്ടാ, ഞാൻ കൊച്ചിയിലെ ഓഫീസിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിലാ‍. ഇപ്പോ ചാലക്കുടിയെത്തുന്നു.‘
“എങ്കിൽ ഹൈവേയിൽ നിന്ന് വണ്ടി ഇടത്തോട്ട് തിരിക്കൂ’

ഊണ് കഴിഞ്ഞ് വിശ്രമിക്കുമ്പോൾ ഞാൻ പടിപ്പുര വിഷയം അവതരിപ്പിച്ചു. പടിക്കൽ ചെന്ന് വീടിനെ നോക്കി അല്പസമയം നിന്നു, ജയൻ.  പിന്നെ ഇടത്തോട്ട് നടന്നു, വീടിനെ നോക്കി.   വീണ്ടും പടിക്കൽ.  പിന്നെ വലത്തോട്ട്.
എന്നിട്ട് തിരിച്ച് വന്നു.
 ‘പടിപ്പുര വച്ചാൽ വീട് ഒന്ന് കൂടി താഴ്ന്ന് പോകും ചേട്ടാ.‘: ജയൻ പറഞ്ഞു:  ‘ഗേറ്റ്  ഉയരത്തിലും വീടല്‍പ്പം  താഴെയുമല്ലേ?  നമുക്കീ വീടിനെ ഒന്ന്  പൊക്കിയാലോ?‘

 ജാക്കികളും ക്ലാമ്പുകളും വച്ച്, പഴയ ചില ഇല്ലങ്ങൾ ഉയർത്തുന്ന വാര്‍ത്തകളും അതിന്റെ ചിത്രങ്ങളും  ഞാനും കണ്ടിരുന്നു. പക്ഷേ ഇവിടെ അതെങ്ങിനെ?

ഇന്‍സ്റ്റാന്റ് ഡ്രോയിംഗുകളോടെ സഹായത്തോടെ  ജയൻ പദ്ധതികൾ വിവരിച്ചു:   കാർ പോര്‍ച്ച് പൊളിച്ച്  നടപ്പുരയാക്കുന്നതും ഭിത്തികൾ തകര്‍ത്ത് മുറികൾ ഒന്നിപ്പിക്കുന്നതും  ടെറസിന് മുകളിൽ ആറടിയോളം ഉയരത്തിൽ ട്രസ്സിട്ട് ഓട് വയ്ക്കുന്നതും...........

ബിലാത്തിക്കുളത്തുള്ള ജയന്റെ വീട് മനസ്സിൽ തെളിഞ്ഞപ്പോൾ ഐഡിയ പെട്ടെന്നെന്റെ തലയിൽ കയറി

‘പക്ഷേ, മകളുടെ കല്യാണത്തിന് മുന്‍പ് ഇതെല്ലാം നടക്കുമോ? നമ്മുടെ നാടല്ലേ, ജയാ?  സാമഗ്രികൾ, ജോലിക്കാർ ....?‘: ഞാൻ സംശയിച്ചു.
‘അടുത്ത മാസം ആദ്യം വീട് കാലിയാക്കി എന്നെ ഏല്‍പ്പിക്കുക. ഡിസംബറിലല്ലേ കല്യാണം? നവംബർ ആദ്യ വാരത്തിൽ തന്നെ ഒരു  പുതിയ വീട് ഞാൻ ചേട്ടനെ തിരിച്ചേല്‍പ്പിക്കാം‘: ജയൻ വാക്ക് തന്നു.

പണച്ചാക്കുകളുമായി വര്‍ഷങ്ങളോളം  ആളുകൾ പിറകെ നടന്നിട്ടും തിരിഞ്ഞ് നോക്കാത്ത ജയൻ‍, സ്വയം വന്ന് ഒരു ജോലി ഏറ്റെടുക്കന്നത് ഒരു പക്ഷേ, ആദ്യമായിട്ടായിരിക്കും.

മഴയുടെയും പണിക്കാരുടേയും  ചില ചില്ലറ  ഇടപെടലുകൾ മൂലം അല്പം താമസിച്ചുവെങ്കിലും (ഡിമോലിഷൻ വര്‍ക്കുകൾ തന്നെ ഒന്നര മാസത്തോളം നീണ്ടു നിന്നു) ജയൻ വാക്ക് പാലിച്ചു.
-ഡിസംബർ 11 നായിരുന്നു മകളുടെ കല്യാണം, പുതിയ വീട്ടിൽ വച്ച്.
                                                 കാർ പോര്‍ച്ച് നടപ്പുരയായി. സിറ്റ് ഔട്ടും പഴയ ഹാളും ഒന്നിച്ച് പുതിയ ലിവിംഗ് റൂം.  കിച്ചനും ഡൈനിംഗും ചേര്‍ന്ന്  ടീ വീ  കം ഡൈനിംഗ് ഹാൾ . ആവശ്യമില്ലാത്ത വാതിലുകൾ എടുത്ത്  മാറ്റി. ജനലുകൾ  വലുതാക്കി.

എല്ലായിടത്തും വെളിച്ചവും വായുവും. വീടിന്നകം സുഖശീതളം (ഇതല്ലേ  ‘വാസ്തു?”)

വീടു പണിയിലുള്ള  എന്റെ ഇടപെടലുകൾ സാമ്പത്തികത്തിൽ മാത്രമൊതുങ്ങുന്നുവെങ്കിലും (ആദ്യ വീട് അച്ഛൻ ‍, രണ്ടാം നില സതീശൻ ‍, റിനോവേഷൻ ജയൻ ) വീട് പണിയാനാഗ്രഹിക്കുന്നവര്‍ക്ക്  വേണ്ടി ചില നിരീക്ഷണങ്ങൾ പങ്ക് വയ്ക്കാം:

-നല്ല ഉറച്ച ചെമ്മണ്ണുള്ള സ്രാമ്പി വളപ്പിൽ , സിമന്റ്റ് കൊണ്ട് തറ കെട്ടി, പില്ലറുകൾ വാര്‍ത്ത് വീട്  പണി തുടങ്ങിയത് എന്റെ  ‘കുരുത്തം കെട്ട‘ ഐഡിയയായിരുന്നുവെങ്കിലും മുകളിൽ ‘കോളങ്ങൾ ’ഇല്ലാത്ത വലിയ ഹാൾ പണിയുന്നതിനും അതിന് മുകളിൽ ടൺ കണക്കിന് കമ്പി കേറ്റി  ‘ട്രസ് വര്‍ക്ക്സ്‘  നടത്തുന്നതിനും അത്  സഹായകരമായി     

-ട്രസ്സിന്റെയും ഓടിന്റേയും ഭാരം ഭാഗികമായി പങ്ക് വയ്ക്കുന്നത് യൂറോപ്യൻ മോഡലിലുള്ള ഒരു ‘പുകക്കുഴൽ’ ആണ്. ഭംഗിയോടൊപ്പം കിലോമീറ്ററുകള്‍ക്കകലെ വരെ വീടിന്റെ സാന്നിദ്ധ്യമറിയിക്കാനും അത് സഹായിക്കുന്നു. മുന്‍ വശത്ത് കാണുന്ന  ഗ്ലാസും മരവും ചേര്‍ന്ന ആ‍ ‘മുകപ്പ് ‘ വീടിന്റെ  ഇടത് - വലത് വശങ്ങളിലും ‘റിപീറ്റ്’ ചെയ്തിട്ടുണ്ട്.-‘ടിൻ ഷുഡ് ബി അണ്ടർ ദ് ടിൻ’ എന്ന ജയന്റെ അഡ്വൈസ് അനുസരിച്ച് പരിഷ്ക്കരിച്ച വീടിന് കാർ പോര്‍ച്ച് ഇല്ല. (ഇനി ഒരു “ടിൻ’വാങ്ങുകയാണെങ്കിൽ ‘ടിൻ‘ മേഞ്ഞ ഒരു കൂര ആകാമല്ലോ?.)

-മണൽ ഒന്നിച്ച് വാങ്ങുക, സിമന്റ് ആവശ്യമനുസരിച്ചും.(മണലിന്റെ അവൈലബിലിറ്റിയും വിലയും തന്നെ പ്രധാന കാരണം. അത്ര വ്യത്യാസം സിമന്റിന് വരില്ല. സ്റ്റോർ ചെയ്യുമ്പൊൾ കേട് വരികയും ചെയ്യും ) ഇമയടച്ച് തുറക്കും മുന്‍പ് അപ്രത്യക്ഷമാകുന്ന, അല്ലെങ്കിൽ കണക്കിൽ മാത്രം പ്രത്യക്ഷപ്പെടുന്ന മണൽ ‍ സിമന്റ്  ചാക്കുകൾ ബജറ്റിനെ തകിടം മറിക്കും.

- പഴയ മര ഉരുപ്പടികൾ ‘റീസൈക്കിൾ ‘ ചെയ്യാൻ മടിക്കരുത്. അല്ലെങ്കിൽ ആവശ്യത്തിനുള്ള മരം  പുരയിടത്തിൽ ഉണ്ടായിരിക്കണം. മരം  അറപ്പിക്കുമ്പോൾ  വിശ്വസ്ഥരുരുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തുക. മില്ലിൽ നിന്നും തടിക്കഷണങ്ങളും പലകകളും ചോര്‍ന്ന് പോകുന്നത് പലപ്പോഴും നാം അറിയാറില്ല)

- പ്ലംബിംഗ്  എലക്ട്രിക്കൽ ഐറ്റംസ്, പെയ്ന്റ് എന്നിവ വാങ്ങുമ്പോഴും തഥൈവ.  എലക്ട്രീഷ്യനും പ്ലംബര്‍ക്കും പെയിന്റര്‍ക്കുമുള്ള കമ്മീഷൻ മാറ്റി വച്ച ശേഷമേ കടക്കാരൻ ബില്ലുണ്ടാക്കൂ . കൂടാതെ ഉടമ ‘അനാടി‘യെന്ന് മനസ്സിലാക്കിയാൽ  പണിക്കാരന്റെ സിഗ്നലുകള്‍ക്കനുസരിച്ചായിരിക്കും സാധനങ്ങളുടെ വിലനിലവാരം .
ചില ‘കോമൺ ‘ സിഗ്നലുകൾ ‍:
1) കാൽ മുട്ട് മാന്തൽ : ഉടമക്ക് അല്പം ബോധമുണ്ട്, കാൽ ഭാഗം(25%) കട്ട് ചെയ്താൽ മതി.
2)ചന്തിയിൽ ചൊറിയൽ  : പകുതി വരെ(50%) മുറിച്ചോളൂ)
3) കഴുത്തിൽ തടവൽ : മഹാ കഴുതയാ. മുക്കാലും (75%) പോന്നോട്ടെ.

കോഴിക്കോട് നിന്നും വന്ന അനീഷ് & പാര്‍ട്ടിയാണ്  പ്ലംബിംഗും എലക്ട്രിക്കൽ വര്‍ക്ക്സും ചെയ്തത്. ഇരിഞ്ഞാലക്കുടയിലും തൃശ്ശൂരുമുള്ള കടയുടമകൾ അനീഷിനോട്  പ്രത്യേക സ്നേഹം കാണിക്കുന്നതും ആംഗ്യഭാഷയിൽ സംസാരിക്കാൻ ശ്രമിക്കുന്നതും  ശ്രദ്ധയിൽ പെട്ടു. പക്ഷേ  ബില്ലിടും മുന്‍പ് അനീഷ് പറഞ്ഞു:
‘മാഷെ, എന്റെ കമ്മീഷൻ തുക ബില്ലിൽ കുറച്ചോളൂ ട്ടാ‍.’.
അത്ഭുതത്തോടെ നോക്കിയപ്പോൾ അനീഷ് ആവർത്തിച്ചു: ‘ഞങ്ങളുടെ അസോസിയേഷന്റെ തീരുമാനമാണ്  കമ്മീഷൻ വാങ്ങരുതെന്ന്‘.
(സത്യസന്ധതക്ക് പേര് കേട്ട കോഴിക്കോട്ടെ  ഓട്ടോ തൊഴിലാളികള്‍ക്കൊപ്പമെത്താൻ ശ്രമിക്കുന്ന ഇവരുടെ അസോസിയേഷന് എന്റെ വക ഒരു സല്യൂട്ട്!)

- മേസൻ ‍, കാര്‍പെന്റ്റി തൊഴിലാളികൽ മലപ്പുറം ജില്ലയിൽ നിന്നുള്ളവരായിരുന്നു. ഓരോ ജോലിക്കും പത്തും പനിനഞ്ചും പേരടങ്ങുന്ന സംഘമാണ് വരിക‍. പണി തീരും വരെ അവർ സൈറ്റിൽ തങ്ങും. പണി സമയം കാലത്ത് 6 മണി മുതൽ വൈകീട്ട് 6 വരെ. (ആവശ്യമെങ്കിൽ ഓവര്‍ടൈമും) ഇടക്ക് അര മണിക്കൂർ ബ്രേക്.  ഭക്ഷണം പാകം ചെയ്യാനും വെള്ളം, ചായ സപ്ലൈക്കുമായി  ഒരാൾ മാറി നില്‍ക്കും. (അത് കൊണ്ടല്ലേ പറഞ്ഞ സമയത്ത് പണി തീര്‍ന്നത്)

-ടൈത്സ് വാങ്ങുമ്പോഴും വില പേശൽ നിര്‍ബന്ധം. ടൈൽ-ഏരിയായുടെ അളവ് കൃത്യമായിരിക്കണം. ക്വാണ്ടിറ്റി അനുസരിച്ച് ഡിസ്ക്കൌണ്ട് റേറ്റും മാറും.

35-40 രൂപ റേയ്ഞ്ചിലുള്ള, വഴുതാത്ത, തിളക്കമില്ലാത്ത വിട്രിഫൈഡ് ടൈല്‍സും വൈറ്റ് മാര്‍ബിളുമാണ് ഞാൻ ഉപയോഗിച്ചത്. ‘മലപ്പുറം ഡിസൈന്‍സ്‘-മലപ്പുറക്കാർ ക്ഷമിക്കണം: കടക്കാരുടെ ഭാഷയാണത്) പൂര്‍ണമായും ഒഴിവാക്കി. കാര്‍പെറ്റ് ഡിസൈനുകളും റെഡിമേഡ്  മോട്ടിഫ്സും തറ മനോഹരമാക്കാൻ സഹായിച്ചു.
-‘ആന്റിക്ക്‘ തീം അനുസരിച്ചാണ് ഫര്‍ണിഷിംഗ് നടത്തിയത്. പഴയ ഡിസൈനുകളിൽ ഉള്ള സോഫ, ടീപോയ്, സൈഡ് ടേബിളുകൾ ‍ എന്നിവക്കൊപ്പം  ഗ്രാന്‍ഡ് പിയാനോ, ഗ്രാമഫോൺ , ഫാൻ ‍, ഫോൺ , ആമാടപ്പെട്ടി അങ്ങനെ...

പ്രധാനപ്പെട്ട കാര്യം ‘സ്റ്റിക് ടു യുവർ ബജറ്റ്‘ എന്നതാണ്. ഫൌണ്ടേഷൻ മുതൽ പെയിംറ്റിംഗ് വരെ ഓരോ സ്റ്റേജ് കഴിയുമ്പോഴും ബജറ്റും യഥാര്‍ത്ഥ ചിലവുകളും താരതമ്യപ്പെടുത്തുക.  എവിടെ കൂടി, എന്ത് കൊണ്ട് കൂടി എന്നതിനെപ്പറ്റി ചില്ലറ ഗവേഷണങ്ങളും ആവശ്യമാണ്. അടുത്ത സ്റ്റേജിൽ ആ തെറ്റുകൾ ആവര്‍ത്തിക്കാതിരിക്കാനും ബജറ്റിൽ ഒതുക്കി നിര്‍ത്താനുമാണത്.

-എങ്കിലല്ലേ ഫൈനൽ സ്റ്റേജിൽ, വേണമെങ്കിൽ,  നമുക്കല്പം ‘ലാവിഷ്‘ ആകാനൊക്കൂ!


(മലയാളം ഇ മാഗസിനിൽ  പ്രസിദ്ധീകരിച്ചത്   : http://malayalamemagazine.com/schirayil/ )