പിതാവും പുത്രനും പിന്നെ...
"ഇന്‍സ്പെക്‍ഷന്‍ ഡേ‘യാ നാളെ! ലീവിന്റെ കാര്യം ആലോചിക്കയേ വേണ്ടാ.’
ദ്രൗപതി ടീച്ചറുടെ വാക്കുകള്‍ക്ക് കാരിരുമ്പിന്റെ കാഠിന്യം.
‘ചേട്ടന്റെ കല്യാണാ ടീച്ചര്‍ , ലീവ് വേണം", ഞാന്‍ വാശി പിടിച്ചു.
“എങ്കില്‍ കാലത്ത് സ്കൂളീ വാ. ഡീ ഈ ഓ പോയ ശേഷം ലീവ്...":ടീച്ചര്‍ അനുരഞ്ജനത്തിന്റെ പാതയില്‍ .
"മുഹൂര്‍ത്തം 9.30 നും 10.15നും മദ്ധ്യേ. 7 മണിക്ക് വരനും പാര്‍ട്ടിയും വധൂഗൃഹത്തിലേക്ക് പുറപ്പെടുന്നതായിരിക്കും": ക്ഷണക്കത്തിലെ വാചകങ്ങള്‍ മനസ്സില്‍ തെളിഞ്ഞ് നിന്നു
-'എങ്ങനെ സ്കൂളില്‍ വരാനാ? ടീച്ചറെ അറിയിച്ചല്ലൊ; അത് മതി.'
വെല്ലിശന്റെ മൂത്തമോന്‍ ഗിരീശേട്ടന്റെ കല്യാണത്തിന് ‘പെണ്ണ് കൊണ്ട് വരാന്‍ ‘ ഒരു ബസ്സും നാല് കാറുകളുമാണ് ബുക്ക് ചെയ്തിരിക്കുന്നത്.
രണ്ടാഴ്ച മുന്‍പ് തന്നെ ഗിരീശേട്ടന്‍ ബോംബേന്ന് വന്നു.
"കല്യാണ വരവല്ലേ, കാര്യായി എന്തെങ്കിലുമൊക്കെ കൊണ്ടന്ന് കാണും. ഒന്ന് പോയി നോക്കിയാലോ:' വീട്ടില്‍ വല്യേച്ചിക്ക് മാത്രമാണ് ഗിരീശേട്ടനോട് അല്പമെങ്കിലും ആരാധന.
ചെന്നപ്പോള്‍ കിട്ടിയതോ, വായിലലിട്ടാല്‍ ഒട്ടുന്ന വില കുറഞ്ഞ രണ്ട് ചോക്ലേറ്റ് തുണ്ടുകള്‍!
പഠിക്കാന്‍ മിടുക്കനായിരുന്ന ഗിരീശേട്ടന്‍ പത്താം ക്ലാസ് പാസായ ഉടനെ ബോംബേക്ക് വണ്ടി കയറി. ബോംബേയില്‍ മദ്രാസികള്‍ അര്‍മാദിക്കുന്ന കാലം. റെയിവേയുടെ തലപ്പത്ത് മുഴുവന്‍ മലയാളികളും. അതിനാല്‍ ജോലി തേടി ഗിരീശേട്ടനധികം അലയേണ്ടിവന്നില്ല.
വൈറ്റ് കോളര്‍ ജോബും ‘ജയകേരളം‘ മാസികയില്‍ പ്രസിദ്ധീകരിച്ച മൂന്നാല് കവിതകളുടെ പരിവേഷവുമൊക്കെയായപ്പോള്‍ ഗിരീശേട്ടന്‍ ‘പക്കാ ജെന്റില്‍ മേനാ‘യി. അതിനാല്‍ തന്നെ പഠിത്തം മുഴുമിപ്പിക്കാതെത്തിയ അനുജന്‍ രാധേയനെ കൂടെ കൂട്ടാന്‍ വിസമ്മതിച്ചു. പക്ഷെ കരുണ തോന്നി റെയില്‍വേ യാര്‍ഡില്‍ ‘ഹെല്‍പര്‍ ‘ ജോലിക്കൊരു റെക്കമെന്റേഷന്‍ കൊടുത്തു.
നാടടക്കം വിളിച്ച്, നാല് നില പന്തലിട്ട്, നാലു തരം പായസം വിളമ്പി മകന്റെ വിവാഹം കെങ്കേമമായി നടത്തുമെന്ന് വെല്ലിശന്‍ വീമ്പടിച്ചു.
കല്യാണത്തിന് അണിഞ്ഞൊരുങ്ങി ഹാഫ് സാരി ചുറ്റി സുന്ദരികളായി വന്നൂ ഗിരീശേട്ടന്റെ പെങ്ങള്‍ വിശാലേച്ചിയും വല്യേച്ചിയും മറ്റും.
"ഞങ്ങള്‍ ബസ്സിലാ.....കടംകഥ പറഞ്ഞ്, പാട്ടു പാടി പോകാം. വരുന്നോ?": വല്യേച്ചി വിളിച്ചു.
"ഹേയ്, ഇല്ല. ഞാന്‍ ഏറ്റം മുന്‍പത്തെ കാറിലാ. നിങ്ങ വേണെങ്കി പിന്നാലെ വാ...." ഞാന്‍ മുന്നോട്ടോടി.
എത്ര അടുക്കിക്കയറ്റിയിട്ടും നാലഞ്ച് പേര്‍ പുറത്ത് ബാക്കിയായപ്പോള്‍ അലങ്കരിച്ച കറുത്ത അംബാസഡറില്‍ നിന്ന് ഗിരീശേട്ടന്‍ ഇറങ്ങി വന്നു. മുന്‍സീറ്റില്‍ ഞെളിഞ്ഞിരിക്കുന്ന എന്നെ കണ്ടതോടെ കല്യാണച്ചെറുക്കനു കലിയിളകി: "നിന്റെ വീട്ടീന്ന് ചേച്ചിയെ മാത്രേ തൃപ്രയാര്‍ക്ക് പോകാന്‍ ക്ഷണിച്ചിട്ടുള്ളൂ. താഴെയിറങ്ങടാ....." കൈയില്‍ പിടിച്ച് ഗിരീശേട്ടനെന്നെ പുറത്തിറക്കി. കൂടെ കാര്യസ്ഥന്‍ വേലപ്പന്റെ മകന്‍ നാരായണനെയും.
അപ്പോഴാണ് എന്റെ നീലയും ചുവപ്പും കള്ളികളുള്ള പഴയ ലിനന്‍ ഷര്‍ട്ട് ആ ദൃഷ്ടികളിലുടക്കിയത്: ‘ഇട്ടിരിക്കുന്ന ഷര്‍ട്ട് കണ്ടില്ലേ, പിച്ചക്കാരനെപ്പോലെ. കല്യാണത്തിന് വരുന്ന വേഷമാണോടാ ഇത്?"
നിറഞ്ഞ കണ്ണുകള്‍ ഇറുക്കിയടച്ച്, അപമാനഭാരം മനസ്സിലേറ്റി, കുനിഞ്ഞ ശിരസ്സുമായി നടന്ന് നീങ്ങിയ ആ നാലാം ക്ലാസ്സുകാരനെ നീണ്ട് വന്ന രണ്ട് കൈകള്‍ ബസ്സിനുള്ളിലെത്തിച്ചു.
"മോന്‍ വെഷമിക്കണ്ടാ ട്ടോ. ബസ്സില്‍, ദാ ഇങ്ങനെ നിന്ന് പോകുന്നതിന് ആര്‍ക്കാ ത്ര ചേതം ന്ന് നോക്കാലോ?"
വല്യേച്ചിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
പന്തലില്‍ കയറും മുന്‍പ് ചേച്ചിയുടെ നിഴലായി നടക്കുന്ന എന്നെ ഗിരീശേട്ടന്‍ വീണ്ടും പിടികൂടി.
"വലിഞ്ഞ് കേറി വന്നോ, നാശം....പിന്നിലെങ്ങാനും പോയി നിന്നേക്കണം ട്ടോഡാ."
ഈയിടെ വല്യേച്ചിയുടെ ഫോട്ടോ ശേഖരത്തില്‍ , ഗിരീശേട്ടന്‍ കൗമുദിച്ചേച്ചിയുടെ കഴുത്തില്‍ താലി കെട്ടുന്ന ചിത്രത്തില്‍ , ഇരുവര്‍ക്കും നടുവിലായി, മേലോട്ട് നോക്കി പുഞ്ചിരിക്കുന്ന കള്ളി ലിനന്‍ ഷര്‍ട്ടുകാരന്റെ മങ്ങിയ മുഖം കണ്ടപ്പോള്‍ മനസ്സില്‍ പൊറ്റകെട്ടിക്കിടന്ന വലിയൊരു മുറിവിന്റെ തൊലിയടര്‍ന്നു, നിണമുതിര്‍ന്നു.
അഞ്ചിലും എട്ടിലും സ്കോളര്‍ഷിപ് ലഭിച്ചിരുന്നതിനാല്‍ വലിയ പ്രതീക്ഷകളായിരുന്നു, എന്നെപ്പറ്റി. പത്തിലെ റിസല്‍റ്റ് വന്നപ്പോള്‍ , അത് വരെ മുറുകെ പിടിച്ച മൂല്യങ്ങളും വാശിയും അഭിമാനവുമൊക്കെ വെടിഞ്ഞ്, അച്ഛന്‍ ചേട്ടനും ഇളയച്ചന്മാര്‍ക്കും കത്തെഴുതി.
"നല്ല മാര്‍ക്കുണ്ട് അവന്; സ്കൂളില്‍ ഫസ്റ്റാണ്. കോളേജില്‍ ചേര്‍ത്ത് പഠിപ്പിക്കണം. പക്ഷെ എന്നെക്കൊണ്ട് തനിയെ ..."
വേഗമെത്തീ ഗിരീശേട്ടന്റെ മറുപടി:"കോളേജില്‍ പഠിച്ചിട്ടെന്ത് കാര്യം? പാപ്പനവനെ ഐ ടി ഐയില്‍ ചേര്‍ക്ക്. നല്ല മാര്‍ക്കല്ലേ, സീറ്റ് കിട്ടാതിരിക്കില്ല. ചാലക്കുടി അടുത്തായത്കൊണ്ട് ദിവസവും പോയ് വരാം. ചായക്കടക്കൊരു സഹായവുമാകും."
ബാലപംക്തികളില്‍ പിച്ച വച്ച് തുടങ്ങിയ എന്റെ 'സാഹിത്യ രോഗം' പാരമ്യത്തിലെത്തിയത് സച്ചി മാഷ് (കെ.സച്ചിദാനന്ദന്‍ )ക്രൈസ്റ്റ് കോളേജില്‍ ലക്ചറര്‍ ആയെത്തിയതോടെയാണ്. കൂണുപോലെ മുളച്ച് പൊന്തിയ ഇന്‍ലാന്‍ഡ് മാസികകളായിരുന്നു പ്രധാന കളരി. ബോംബെയില്‍ നിന്ന് പ്രസാധനം ചെയ്തിരുന്ന ബോംബെനാദം, ബോംബേവേദി, കല്‍ക്കത്തയിലെ രാജധാനി എന്നീ വാരികകളില്‍ ‘കൃത്യങ്ങള്‍ ‘ തുടര്‍ച്ചയായി വെളിച്ചം കണ്ടു. കുങ്കുമത്തിലും കേരളശബ്ദത്തിലും വന്നൂ ചില സാഹസങ്ങള്‍ .
ഗിരീശേട്ടന്റെ പോസ്റ്റ് കാര്‍ഡ് വീണ്ടും എന്നെത്തേടിയെത്തി.
"അറിയപ്പെടുന്ന ഒരു കവിയായത് കൊണ്ട് എന്നോട് പലരും ചോദിക്കുന്നൂ വാരികകളില്‍ പ്രത്യക്ഷപ്പെടുന്ന ഈ പുതിയ 'അവതാരം' ആരെന്ന്? വീട്ടുപേര്‍ വാലായി ചേര്‍ത്ത് എന്തിനാണ് എന്നെ അധിക്ഷേപിക്കുന്നത്? പേരിനോടൊപ്പം ദേശപ്പേരാണ് നിനക്ക് ചേരുക. അല്ലെങ്കില്‍ തൂലികാനാമം"
അടുത്ത ആഴ്ച മുതല്‍ നിരൂപണങ്ങള്‍ തൂലികാനാമത്തിലാക്കി. പക്ഷേ കഥയെഴുത്ത് സ്വന്തം പേരില്‍ തുടര്‍ന്നു.
വല്യമ്മയുടെ മരണശേഷം മുഴുവന്‍ സമയ സുരപാനിയും വേശ്യാരതനുമായി മാറിയ വെല്ലിശന് പക്ഷേ ആ ചര്യ അധികനാള്‍ തുടരാനായില്ല. മരക്കമ്പനിയില്‍ അറക്കാനട്ടിയിട്ട മരത്തടികളുടെ മുകളില്‍ , ഒരു ദിവസം ആ പരാക്രമി തളര്‍ന്ന് വീണു.
പെണ്മക്കള്‍ ഭര്‍തൃഗൃഹങ്ങളില്‍ .
ആണ്മക്കള്‍ സകുടുംബം ബോംബെയിലും.
-അല്പം വെള്ളമെടുത്ത് കൊടുക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ.
വീട്ടുകാരുടേയും നാട്ടുകാരുടേയും പ്രേരണകള്‍ക്ക് വഴങ്ങി, മനസ്സില്ലാ മനസ്സോടെ, അച്ഛനെ ബോംബേക്ക് കൊണ്ട് പോയി, മകന്‍ രാധേയന്‍.
അക്കാലത്താണ്, ഡിഗ്രി കഴിഞ്ഞ്, ജോലി തേടി ഞാന്‍ ബോംബെയിലെത്തുന്നത്. അയല്‍ക്കാരന്‍ കൂടിയായ സഹമുറിയന്‍ രാജന്‍ പറഞ്ഞു: "ഗിരീശേട്ടന്‍ വിചാരിച്ചാല്‍ ജോലിക്കാണോ പ്രയാസം. ഒന്ന് പോയി നോക്കു"
ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
"വെല്ലിശനിപ്പോ ഗിരീശേട്ടന്റെ കൂടെയാ. രോഗമൊക്കെ ഭേദമായി. ഉടന്‍ നാട്ടില്‍ പോകുമെന്നാ കേട്ടത്.’
‘വെല്ലിശനെ ഒന്ന് കാണണം’: ഞാന്‍ പറഞ്ഞു
"എങ്കില്‍ നാളെത്തന്നെ പോകാം. ഞായറാഴ്ചയല്ലേ? പറ്റിയാ നിന്റെ ജോലിക്കാര്യോം പറയാം, എന്താ?“
തകരപ്പെട്ടി തുറന്ന് അതില്‍ നിന്ന് ഒരു കടലാസ് പാക്കറ്റെടുത്തു, രാജേട്ടന്‍ .
"വെല്ലിശനെ കാണാന്‍ വെറും കയ്യോടെ പോണ്ടാ. ദാ, ചൌപ്പാട്ടീന്ന് വാങ്ങിയ ഒരു കാഷ്മീര്‍ ഷാളാ. വല്യ വിലയൊന്നുമില്ലാ......"
കല്യാണ്‍ റെയില്‍വേ സ്റ്റേഷനു മുന്‍പിലുള്ള ഹൗസിംഗ് ബോര്‍ഡില്‍ ആയിരുന്നൂ ഗിരീശേട്ടന്റെ ക്വാര്‍ട്ടേഴ്സ്.
"ഓ, നീയും വന്നോ ബോംബെക്ക്? ആരും പറഞ്ഞില്ലല്ലോ?": വാതില്‍ തുറന്നപ്പോള്‍ അത്ഭുതത്തോടെ കൌമുദിച്ചേച്ചി.
സോഫയില്‍ കിടന്ന് പത്രം വായിച്ചിരുന്ന ഗിരീശേട്ടന്‍ തലയുയര്‍ത്തി."വാ, വാ രാജാ, കണ്ടിട്ടൊരു പാട് നാളായല്ലോ? അല്ല, ഇവന്‍ നിങ്ങടെ കൂടെയാണോ?"
"വെല്ലിശന്‍ ?" കസേരയിലിരിക്കെ ഞാന്‍ ചോദിച്ചു.
“ഊണ് കഴിഞ്ഞ് കിടന്നതാ. ഉറക്കമായിരിക്കും"
"പിള്ളേരോ?"
"ട്യൂഷന് പോയി. ഞാന്‍ ചായയെടുക്കാം"
കൗമുദിച്ചേച്ചി അടുക്കളയിലേക്ക് വലിഞ്ഞു.
"ചേട്ടനിപ്പഴും മഫത്‌ലാലില്‍ തന്നെയല്ലേ? നീ മേക്കര്‍ ഭവനിലെ ജോലി വിട്ടെന്ന് കേട്ടു. അച്ഛനിപ്പോ അസുഖമൊന്നുമില്ലല്ലോ?" എന്നെ പാടെ അവഗണിച്ച്, ഗിരീശേട്ടന്‍ രാജേട്ടന് നേരെ ചോദ്യങ്ങളെറിഞ്ഞു കൊണ്ടിരുന്നു.
ചായയും ചിവ്ഡയുമായി ചേച്ചി രംഗപ്രവേശം നടത്തിയപ്പോള്‍ , റൂമിന്റെ വാതിലില്‍ വെല്ലിശന്റെ വെള്ളത്തലമുടി തെളിഞ്ഞു.
"വെല്ലിശാ": ഞാന്‍ ഓടിച്ചെന്നു.
അല്പം ഉറക്കെ പറഞ്ഞാലേ വെല്ലിശന് കേള്‍ക്കൂ, അത് കൊണ്ട് മറുപടികളും ഉച്ചത്തിലായിരിക്കും.
"നീ എപ്പോഴാടാ ബോംബേല് വന്നേ?": വെല്ലിശന്‍ സന്തോഷത്തോടെ എന്റെ തോളില്‍ പിടിച്ചു.
"രണ്ടാഴ്ചയായി"
"ജോലിയായോ?"
"ഇല്ലാ"
"ആ...സാരല്യാ, കിട്ടും കാളേജിലൊക്കെ പഠിച്ചതല്ലേ?."
"അല്ല, കിഷ്ണന്റെ മോന്‍ രാജനല്ലേടാ അത്?" സോഫയിലിരിക്കെ വെല്ലിശന്‍ രാജേട്ടനു നേരേ തിരിഞ്ഞു.
"അതെ, വെല്ലീശാ" : രാജേട്ടന്‍ എഴുന്നേറ്റ് ബഹുമാനം പ്രകടിപ്പിച്ചു.
"നാട്ടില്‍ പോവ്‌ല്ലേ, ദാ ഇത് വെല്ലിശന്": പാക്കറ്റ് തുറന്ന് ഞാന്‍ കാഷ്മീര്‍ ഷാള്‍ വെളിയിലെടുത്തു.
"ആയ് ...നല്ല മിനുസം......ജോലിയും ശംബളവുമൊക്കെ ആയിട്ട് പോരേടാ സമ്മാനമൊക്കെ" : ഷാളെടുത്ത് തോളിലിട്ട് ഭംഗി ആസ്വദിച്ചുകൊണ്ട് വെല്ലിശന്‍ കുലുങ്ങിച്ചിരിച്ചൂ.
‘നാട്ടില്‍ പോയാ വെല്ലിശന്‍ ഒറ്റക്ക് ...?: രാജേട്ടന്റെ ചോദ്യം."നിങ്ങള്‍ മൂന്ന് പേരും ഇവിടെയുള്ളപ്പോ വെല്ലിശനെ നാട്ടില്‍ വിടണോ?"
"ഇവിടെ നിര്‍ത്താനോ? നല്ല കാര്യായി. അടങ്ങി ഒരിടത്തിരിക്യോ ഇങ്ങേര്? പിന്നെ ദിവസോം ആരാ ചാരായം വാങ്ങിക്കൊടുക്വാ?"
ഗിരീശേട്ടന്റെ പരിഹാസമുയര്‍ന്ന് പൊങ്ങി.
"ദേ, ഇവ്‌ടെ പറ്റില്യാ ട്ടോ, ഇപ്പഴേ പറഞ്ഞേക്കാം!" കുറുകെ നടന്ന്, സോഫക്ക് പിന്നിലെത്തി ഗിരീശേട്ടന്റെ തലക്കിരു വശവും കൈകളൂന്നി, ചേച്ചി നയം വ്യക്തമാക്കി.
"ശ്‌ശ്...പതുക്കെ പറ, വെല്ലിശന്‍ കേക്കില്യേ": ഞാനെണീറ്റു.
"കേള്‍ക്കട്ടെ, കേള്‍ക്കാന്‍ തന്നെയാ പറയുന്നേ..“ഗിരീശേട്ടന്‍ വര്‍ദ്ധിത വീര്യനായി: ‘ആയ കാലത്ത് കള്ള് കുടിച്ചും പെണ്ണു പിടിച്ചും കൂത്താടി നടന്നപ്പോ ഓര്‍ക്കണായിരുന്നു ഒരിക്കെ വയസ്സാവുന്ന് . പിന്നെ......”
ഒന്ന് നിര്‍ത്തി വെല്ലിശന് നേരെ നോക്കി ഗിരീശേട്ടന്‍ തുടര്‍ന്നു: ‘എന്റെ അമ്മ മഹോദരം വന്ന് മരിച്ചെന്നല്ലേ പറച്ചില്‍ ? പക്ഷേ സത്യന്താന്നറിയോ, കുടിച്ച് ബോധമില്ലാതെ വന്ന ഇങ്ങേര് ചവിട്ടി കൊന്നതാ "
വെല്ലിശന്റെ വീരഗാഥകള്‍ ഏറെ കേട്ടിരുന്നെങ്കിലും അസമയത്തുള്ള ഈ ഉറഞ്ഞ് തുള്ളല്‍ അരോചകരമായി അനുഭവപ്പെട്ടു. വൃദ്ധനും രോഗിയും ആലംബഹീനനുമായി, അപരിചിത സ്ഥലത്ത്, അന്യരുടെ മുന്‍പില്‍ സ്വന്തം മകനാല്‍ കുറ്റ വിചാരണ ചെയ്യപ്പെടുന്ന ആ മനുഷ്യനോടെനിക്ക് അത് വരെയില്ലാതിരുന്ന അടുപ്പവും അനുകമ്പയും തോന്നി.
"നാട്ടില്‍ ചെന്നാ കേള്‍ക്കാം അച്ഛന്റെ അപദാനങ്ങള്‍ . എത്ര... എവിടെയൊക്കെ ....ഹോ, പറയാന്‍ പോലും ലജ്ജയാണെനിക്ക്!"
ഗിരീശേട്ടന്‍ കത്തിക്കയറുകയാണ്. “അങ്ങനെയുള്ള ഒരാളെ പരിപാലിക്കാന്‍ ഞങ്ങള്‍ ഞങ്ങടെ ഭാര്യമാരെ....."
അവ്യക്തമായ ഒരു തേങ്ങലോടെ, കുനിഞ്ഞ ശിരസ്സും വിറയ്ക്കുന്ന ശരീരവുമായി, വേച്ച് വേച്ച് അകത്തെ ഇരുട്ടിലേക്ക് അപ്രത്യക്ഷനാകുന്ന വെല്ലിശനെ നോക്കി പെട്ടെന്ന് നിശ്ശബ്ദനായി അയാള്‍ . തോളില്‍ നിന്നൂര്‍ന്ന് വാതില്‍പ്പടിയില്‍ വീണ ഷാള്‍ ഒരു ചോദ്യചിഹ്നമെന്നോണം ഞങ്ങളെ നോക്കി പല്ലിളിച്ചു.
ചാലുകള്‍ വികൃതമാക്കിയ ആ മുഖത്തെ ദൈന്യതയും വെമ്പിയടയാന്‍ മടിക്കുന്ന കണ്ണുകളിലെ ശൂന്യതയും കുന്തമുനകളായി നെഞ്ചിലേക്ക് ആഴ്‌ന്നിറങ്ങി.
"നിങ്ങളിപ്പോ ഇറങ്ങുന്നുണ്ടോ? നാലരക്ക് കല്യാണ്‍ -ചര്‍ച്ച്ഗേറ്റ് ഫാസ്റ്റുണ്ട്. ഗ്രാന്‍ഡ് റോഡിലല്ലേ ഇറങ്ങുക?": ഗിരീശേട്ടന്‍ എണീറ്റു.
"അല്ല, ചര്‍ണീ റോഡില്‍ "
"എടാ, ജോലിക്കാര്യം..." : ഊരി വച്ചിരുന്ന ഷൂവിലേക്ക് കാലുകള്‍ തിരുകിക്കയറ്റുമ്പോള്‍ രാജേട്ടനെന്നെ ഓര്‍മ്മിപ്പിച്ചു.
"ഇറങ്ങുന്നു": നടന്ന് നീങ്ങവെ ആരോടെന്നില്ലാതെ ഞാന്‍ വിളിച്ച് പറഞ്ഞു.
"ഇടക്ക് വാ,"കൗമുദിച്ചേച്ചി ഔപചാരികത മറന്നില്ല: "തനിയെ വരാന്‍ .... വഴിയൊക്കെ മനസ്സിലായല്ലോ?"
-ഈ വഴി...ഒരിക്കല്‍ക്കൂടി? ഇല്ല, ഒരിക്കലുമില്ല എന്നുറക്കെ വിളിച്ച് കൂവണമെന്ന് തോന്നി.
വെല്ലിശനാരാ മോന്‍ ?
നാട്ടിലെത്തി, വാശിയോടെ, ചിട്ടയായ ജീവിതചര്യയില്‍ പഴയ ആരോഗ്യവും ഊര്‍ജ്ജസ്വലതയും വീണ്ടെടുത്തു.
മദ്യപാനം വല്ലപ്പോഴുമാക്കി.
പരിചയക്കാരികളെ മറന്നു.
പൂട്ടിയിട്ടിരുന്ന മരക്കമ്പനി വീണ്ടും തുറന്നു.
യുവത്വം വീണ്ടെടുത്ത ‘യയാതി‘യെപ്പൊലെ നാട്ടിലും വീട്ടിലും, ഒരിക്കല്‍ കൂടി, വെല്ലിശന്‍ നിറഞ്ഞ് നിന്നപ്പോള്‍ ആ വാര്‍ദ്ധക്യം ഏറ്റെടുത്ത ‘പുരു‘വാരെന്ന് നാട്ടുകാര്‍ അത്ഭുതപ്പെട്ടു.
ഒരു ഞായറാഴ്ച:
വിളിച്ച് കൂട്ടിയ കുടുംബ യോഗത്തില്‍ സാധാരണ നടപടിക്രമങ്ങള്‍ക്കൊന്നും കാത്ത് നില്‍ക്കാതെ, വെല്ലിശന്റെ ആവശ്യപ്പെട്ടു:
"നാളെ ഒരു പെണ്ണ് കാണല്‍ ചടങ്ങൂണ്ട്. പുത്തന്‍ വേലിക്കരയില്‍ . വേലായീം നാരായണനും കൂടെ പോയാ മതി. വേണെങ്കി ലഷ്മീനേം കൂട്ടിക്കോ. എടക്കാരന്‍ കുഞ്ഞിച്ചെക്കന്‍ കാലത്ത് തന്നെ വരും. ബാക്കി അവന്‍ പറയും"
ആര്‍ക്ക്, എന്തിന് എന്നെല്ലാം അമ്പരന്ന് നില്‍ക്കുന്ന കൂടപ്പിറപ്പുകളെ നോക്കി ഒരു കള്ളച്ചിരിയോടെ വെല്ലിശന്‍ തുടര്‍ന്നു:"ഞാന്‍ കണ്ടൂ, ഇഷ്ടായി. ഇനി ഒറപ്പിച്ചാ മാത്രം മതി. വൃശ്ചികം 7 നു ഒരു മുഹൂര്‍ത്തമുണ്ട്. അന്നായിക്കോട്ടെ"
കാരണവര്‍ പുറത്തിറങ്ങി
സദസ്സില്‍ കുശുകുശുപ്പുയര്‍ന്നപ്പോള്‍ അച്ഛന്‍ രഹസ്യം വെളിപ്പെടുത്തി: ‘സംശയിക്കേണ്ടാ, വല്യേട്ടന് വേണ്ടിത്തന്നെയാ പെണ്ണ്. കുഞ്ഞിച്ചെക്കന്‍ പറഞ്ഞിരുന്നു"
65 കാരന്‍ വരന്‍ 35 കാരി വധുവിന്റെ കഴുത്തില്‍ , മക്കളും പേരക്കുട്ടികളുമടങ്ങുന്ന സദസ്സിന്റെ സാന്നിദ്ധ്യത്തില്‍ താലികെട്ടുമ്പോള്‍ ,ആണ്മക്കളുടെ അഭാവം പ്രകടമായിരുന്നു.
ഒരു കൊല്ലത്തിനകം സുമേഷിനെ പ്രസവിച്ച് പ്രായം തന്റെ ഭാഗത്തെന്ന് വല്യമ്മയും മെയ്‌വഴക്കം തനിക്കെന്ന് വെല്ലിശനും തെളിയിച്ചു.
സമര്‍ത്ഥനും ആരോഗ്യവാനുമായ മകന്‍ കോളേജില്‍ പഠിക്കാന്‍ പോകുന്നത് കണ്ട്, വരദാനം പോലെ കിട്ടിയ പുതു ജന്മം ശരിക്കും ആഘോഷിച്ച്, 83-മത്തെ വയസ്സിലാണു വെല്ലിശന്‍ ഇഹ ലോകത്തോട് യാത്ര പറഞ്ഞത്.
ഭാഗം വയ്ച്ച് വാങ്ങിയ തന്റെ ഷെയര്‍ വില്‍ക്കുകയാണെന്ന് ഗിരീശേട്ടന്‍ പറഞ്ഞപ്പോള്‍ പലരും ഉപദേശിച്ചൂ:
"കുടുംബ സ്വത്തല്ലേ? അതവിടെ കിടന്നോട്ടെ, ഗിരീശാ. ഒരിക്കല്‍ നിനക്ക് നാട്ടില്‍ വരണമെന്ന് തോന്നിയാലോ?"
"ഈ നശിച്ച നാട്ടില്‍ ഞാന്‍ വന്ന് താമസിക്കുമെന്നോ?"
ഗിരീശേട്ടന്‍ പുച്ഛത്തോടെ ചിരിച്ചു.
":അംബര്‍നാഥില്‍ ത്രീ ബെഡ് റൂം ഫ്ലാറ്റ് വാങ്ങിയിട്ട്യുണ്ട്. . പെന്‍ഷനാകുമ്പോ മാസാമാസം എനിക്കെത്ര കിട്ടുമെന്നാ വിചാരം?."
കണക്ക് കൂട്ടിയപോലെ, ഗിരീശേട്ടന് പെന്‍ഷനാകും മുന്‍പ് തന്നെ മക്കള്‍ ജോലിക്കാരായി; വിവാഹവും കഴിച്ചു.
പക്ഷെ കടിഞ്ഞാണില്ലാത്ത കാലത്തിന്റെ, അനന്തവും ഗുപ്തവും അജ്ഞാതവുമായ കുതിച്ചുചാട്ടങ്ങള്‍ക്കിടയില്‍ ഗിരീശേട്ടനും തന്റെ സ്വത്വം അന്യമായി..
സഹോദരങ്ങളേയും വീട്ടുകാരേയും ഏഴയലത്ത് പോലും അടുപ്പിക്കാതിരുന്ന, സ്വാര്‍ത്ഥതയുടേയും അസഹിഷ്ണുതയുടേയും മൂര്‍ത്തരൂപമായിരുന്ന ആ കവിയശഃപ്രാര്‍ഥിക്ക് ഔദ്യോഗികരംഗത്തോ സഹൃദയലോകത്തോ തന്റേത് എന്ന് അവകാശപ്പെടാന്‍ ഒരാത്മാര്‍ത്ഥ സ്നേഹിതന്‍ പോലുമില്ലായിരുന്നു.
ആരേയും ഗൌനിക്കാതെ, മുഖപടങ്ങള്‍ അനുനിമിഷം മാറി അണിയുന്ന, നിറങ്ങളുടെ കാലിഡൊസ്കോപ്പില്‍ സ്വയം മറക്കുന്ന, തിരക്കില്‍ നിന്നും കൂടുതല്‍ തിരക്കിലേക്ക് കൂപ്പ് കുത്തുന്ന മുംബൈ നഗരി, അനങ്ങാപ്പറയായി മാറിയ തന്നെ അവഗണിക്കുന്നുവെന്ന തോന്നല്‍ കലശലായപ്പോഴാണു സ്വന്തം അസ്തിത്വത്തിലേക്ക് തിരിഞ്ഞ് നോക്കാനയാള്‍ പ്രേരിതനായത്.
നാട്ടില്‍ പോണം, നാലു സെന്റ് ഭൂമി വാങ്ങണം, ഒരു കൂര വയ്ക്കണം, പേരയും മാവും പ്ലാവും കൊന്നയുമൊക്കെ പറമ്പില്‍ തന്നെ വേണം എന്നൊക്കെ സ്ഥലകാലഭേദമന്യേ ജല്‍പ്പിക്കാന്‍ തുടങ്ങിപ്പോഴാണ് കൌമുദിയേച്ചി മക്കളെ വിളിച്ച് വരുത്തിയത്.
'കല്ലംകുന്നില്‍ സ്വന്തക്കാരോടൊപ്പം' എന്ന ആശയം ചേച്ചി മുളയിലെ നുള്ളി. “വേണ്ടാ, അലവലാതികള്‍ വലിഞ്ഞ് കേറി വരും, ഓരോരുത്തരായി’
ക്രൈസ്റ്റ് കോളേജിന്നരികെയുള്ള ഹൗസിംഗ് കോളനിയില്‍ വീട് വാങ്ങിയത് പല ‘ഹൈ ലെവല്‍ ‘ കോണ്‍ഫറന്‍സുകള്‍ക്കും ‘ബ്രെയിന്‍ സ്റ്റോമിംഗിനും‘ മുംബൈ-കേരള ‘ഷട്ടില്‍ സര്‍വീസിനുമൊക്കെ ശേഷമാണ്.
നാട്ടില്‍ താമസമാക്കിയ ഗിരീശേട്ടന്റെ സ്വഭാവവൈചിത്ര്യങ്ങള്‍ കൗതുക വാര്‍ത്തകളായും മിമിക്രി ഐറ്റങ്ങളായും മാറാന്‍ അധികം താമസമുണ്ടായില്ല.
പ്രധാനം ഇരുട്ടിനോടുള്ള ഗിരീശേട്ടന്റെ പേടിയാണ്.
മൂവന്തിയായാല്‍ മുറ്റത്തിറങ്ങില്ല.
രാത്രി മുഴുവന്‍ ലൈറ്റുകള്‍ കത്തി നില്‍ക്കും,
ഇലയനങ്ങിയാല്‍ പോലും പേടിച്ചലറും,
കോളാമ്പി ബാത്ത് റൂമാക്കും.
ഇടക്കിടെ വിളിച്ച് ചോദിക്കും:
"കൗമൂ, ഉറങ്ങിയോ?
കൗമൂ, വാതില്‍ പൂട്ടിയോ?
കൗമൂ, ടോര്‍ച് വര്‍ക് ചെയ്യുന്നുണ്ടോ?
കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോഴാണ് ഗിരീശേട്ടനെ അവസാനമായി കണ്ടത്.
പ്രസരിപ്പില്ലാത്ത ഒരു ചിരി സമ്മാനിച്ച് അകലേക്ക് നോക്കിയിരുന്നു, അദ്ദേഹം..
മുടി പറ്റേ വെട്ടിയിരിക്കുന്നു. ഷേവ് ചെയ്തിട്ട് ദിവസങ്ങളായിക്കാണും.
-കള്ളിമുണ്ടും ബനിയനും ധരിച്ച്, മൗനം മുഖമുദ്രയാക്കി!
"മോനേ, നീയൊന്ന് പറഞ്ഞ് നോക്ക്. എത്ര പറഞ്ഞിട്ടും ഡോക്ടറെക്കാണാന്‍ കൂട്ടാക്കുന്നില്ല:" കൗമുദിച്ചേച്ചിയും ആകെ മാറിയിരുന്നൂ.
"എന്താ ഗിരീശേട്ടാ, അസുഖം മാറണമെങ്കില്‍ ഡോക്ടരെ കാണണ്ടേ?" ഞാനടുത്ത് കൂടി.
"ലാല്‍സിലേക്കല്ലേ? ഞാനില്ല. കഴിഞ്ഞ പ്രാവശ്യം ആ ഡോക്ടറുടെ തന്തക്ക് വിളിച്ചിറങ്ങി പോന്നതാ..": ഗിരീശേട്ടന്‍ അറുത്ത് മുറിച്ച് പറഞ്ഞു.
"അയാള്‍ നല്ലൊരു സൈക്കോളജിസ്റ്റാ. ഇന്നലെ വിളിച്ചഴും പറഞ്ഞു, കൊണ്ട്ചെല്ലാന്‍ ": ചേച്ചി വിശദീകരിച്ചു.
"തൃശ്ശൂര്‍ നല്ല ഒരു ഡോക്ടറുണ്ട്. അവിടെ പോയാലോ?":രാധേയേട്ടന്‍ ഇടപെട്ടു.
"വേറെ ഡോക്ടറാണെങ്കി....ശരി!"
ഏറെ സംസാരിച്ചിരുന്നു, ഞങ്ങള്‍ .സാഹിത്യവും കവിതയും വിഷയങ്ങളായപ്പോള്‍ ഗിരീശേട്ടന്റെ ഊര്‍ജസ്വലനായി. പതിവുള്ള പിശുക്ക് വിട്ട് കൌമുദിയേച്ചിയും കൂട്ടത്തില്‍ കൂടി
സംശയ രോഗിയാണത്രേ ഗിരീശേട്ടന്‍.
പാല്‍ക്കാരനെ ,
പത്രക്കാരനെ,
പോസ്റ്റ് മേനെ,
വേലക്കാരനെ......
അയല്‍ക്കാര്‍ പോലും കുശലാന്വേഷണങ്ങള്‍ക്ക് വരാറില..
ഗേറ്റിലൂടെ ആരെങ്കിലും ഒന്നെത്തി നോക്കിയാല്‍ ഗിരീശേട്ടന്‍ വയലന്റാകും.
"ആരാടീ അത്?നിന്റെ രഹസ്യക്കാരനാ?‘
അക്യൂട്ട് പാരനോയിഡ് സ്കിസോഫ്രീനിയ‘ എന്ന മനോരോഗമാണതെന്ന് രാധേയേട്ടന്‍ വിശദീകരിച്ചു. രോഗി സ്വയം ചികില്‍സക്ക് തയ്യാറായാല്‍ മാത്രമേ പ്രയോജനപ്പെടൂ!
നവംബറിലെ ഒരു പാതിരാവില്‍ ഇളയച്ഛന്റെ മകന്റെ ഫോണ്‍ :
"ചേട്ടാ, ഗിരീശേട്ടന്‍ മരിച്ചു“
"എപ്പോ, എങ്ങനെ?"
"ആത്മഹത്യയാ. അയല്‍ക്കാരും പോലീസുകാരും ബന്ധുക്കളും എല്ലാം കൂടി ബഹളമയമാണിവിടെ. നാളെ പറയാം, വിശദമായി....."
ഹൗസിംഗ് കോളനിയില്‍ ഗിരീശേട്ടന്‍ വാങ്ങിയ വീട് സംബന്ധിച്ച കേസ് നിലവിലുണ്ടായിരുന്നു. വിചാരണ കഴിഞ്ഞ് കോടതിയില്‍ നിന്ന് വന്ന ഗിരീശേട്ടന്‍ പതിവിലേറെ അസ്വസ്ഥനായിരുന്നു: നമ്മുടെ വക്കീല്‍ ഒരു കള്ളനാ. അയാള്‍ മറുപക്ഷം ചേര്‍ന്നിരിക്കുന്നു. വീടൊഴിഞ്ഞ് കൊടുക്കേണ്ടി വരുമെന്നാ തോന്നുന്നത് എന്നൊക്കെ പറഞ്ഞത്രേ.
രാത്രി ചേച്ചി ഉറങ്ങിയെന്നുറപ്പ് വരുത്തിയ ശേഷം, ഒളിച്ച് വച്ചിരുന്ന ബ്ലേഡെടുത്ത് ദേഹമാകെ തലങ്ങും വിലങ്ങും വരഞ്ഞൂ.
ഇരുകൈയിലേയും നാഡീ ഞരമ്പുകള്‍ മുറിച്ചു.
ചോരയൊഴുകി കിടക്കയാകെ നനഞ്ഞിട്ടും താന്‍ മരിച്ചില്ലെന്ന് ബോദ്ധ്യമായപ്പോള്‍ അടുക്കളയില്‍ നിന്ന് മണ്ണെണ്ണയെടുത്ത് തലവഴി ഒഴിച്ച് തീ കൊളുത്തി!
"തലയും മുഖവും കത്തിക്കരിഞ്ഞു. ശരീരം മാത്രമുണ്ട് തിരിച്ചറിയാന്‍ പാകത്തില്‍ .... അതും ചോരയില്‍ കുളിച്ച് ..." പുറത്ത് വരാനാവാതെ വാക്കുകള്‍ അനിയന്റെ തൊണ്ടയില്‍ കുരുങ്ങി.
- ഗിരീശേട്ടന്റെ ആത്മാവിനെങ്കിലും ശാന്തി ലഭിക്കുമോ?