Thursday, August 7, 2008

ഹരിയുടെ ജ്വാല, എന്റേയും!

ഗള്‍ഫ് ഏജന്‍സിയുടെ പുറകിലുള്ള വില്ലയെ ഞങ്ങള്‍ തറവാട് എന്നാണ് വിളിച്ചിരുന്നത്.

സുകുവേട്ടന്‍ കാര്‍ണോരുടെ എമര്‍ജന്സിക്കാല നിയമങ്ങള്‍, പുകവലി നിരോധനം, പാട്ടുകള്‍ കേള്‍ക്കാനും പുസ്തകങ്ങള്‍ വായിക്കാനുമുള്ള അസൌകര്യം, ബന്ധുക്കളെന്ന വെട്ടുകിളികളുടെ ശല്യം - എല്ലാം അസഹനീയമായപ്പോഴാണ് ‘കമ്പനി എക്കമഡേഷന്‍’ എന്ന ആശയം ഓഫീസില്‍ അവതരിപ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായത്.
പിതൃതുല്യമായ വാത്സല്യം മൂലമാകാം അക്കൌണ്ടന്റ് ഹാത്തിഭായ് അത് നിരസിച്ചില്ല.

ഒരു വെള്ളിയാഴ്ച പെട്ടിയും കിടക്കയുമെടുത്ത്, അല്‍ ഫഹീദി സ്ട്രീറ്റിലെ രണ്ട് മുറി ഫ്ലാറ്റില്‍‍, ഞങ്ങള്‍ നാ‍ലു പേര്‍ കുടിയേറി- സെയിസ് മാന്‍ ഹരിഹരനും ഞാനും ഒരു മുറിയില്‍, സെക്രട്ടറി മാധവന്‍‌കുട്ടിയും സ്റ്റോര്‍ കീപ്പര്‍ റഷീദും മറ്റേതില്‍‍.

മയ്യഴിക്കാരനായ റഷീദിനു അടുക്കള നന്നായി വഴങ്ങുമെന്നതിനാലും വര്‍ക്കലക്കാരന്‍ ഹരിക്ക് മാര്‍ക്കറ്റ് സുപരിചിതമായിരുന്നതിനാലും ഗൃഹപ്രവേശം സുഗമമായി നടന്നു.

ഒരു അഴകൊഴമ്പന്‍ സോപ്പുകുട്ടപ്പനായിരുന്നു, ഹരി. വെളുത്ത നിറവും തുടുത്ത കവിളുകളും കട്ടിമീശയുമുള്ള സുഭഗന്‍. വര്‍ക്കല ഹോസ്പിറ്റലിന്നടുത്തുള്ള മേലായില്‍ തറവാട്ടിലെ ഇളയ സന്തതി. ചേട്ടന്മാര്‍ രണ്ടും പണ്ടേതന്നെ അബുദാബിയില്‍ തമ്പടിച്ചിരുന്നതിനാല്‍ പണത്തിന്റെ മൂല്യം മനസ്സിലാക്കാന്‍ സന്ദര്‍ഭം ലഭിക്കാതിരുന്ന ഹതഭാഗ്യന്‍.കൂട്ടത്തില്‍ കഞ്ഞി എടപ്പാളുകാരന്‍ മാധവന്‍ കുട്ടിയായിരുന്നു. അഞ്ച് ഫിത്സിന് വരെ അറുത്ത് മുറിച്ച് കണക്ക് പറയുന്ന ‘അര്‍ക്കീസ്‘ . മാഹിക്കാരന്‍ ‘പുയ്യാപ്ല’ റഷീദാകട്ടെ മൃദുഭാഷിയായിരുന്നു, പഴയ ഹിന്ദി ഗാനങ്ങള്‍ മൂളി നടക്കുന്ന ഒരു സ്വപ്നജീവി.

0--0--0--0

ശനിയാഴ്ച എക്കൌണ്ട്സിലുള്ളവര്‍ക്ക് തിരക്കിന്റെ തിരുവാതിരകളിയാ‍ണ്. സ്റ്റോറുകളില്‍ ‍നിന്നും മാര്‍ക്കറ്റില്‍ നിന്നുമുള്ള ക്യാഷ് കളക്‍ഷന്‍, ചെക്കുകള്‍, വീക്‍ലി റിപ്പോര്‍ട്ടുകള്‍, ബാങ്കിംഗ്.....
ഫോണ്‍ ശബ്ദിച്ചപ്പോള്‍‍ അലോസരത്തോടെ കൈയെത്തിച്ച് റസീവറെടുത്തു:‘ഹലോ’ : ഇമ്പമാര്‍ന്ന സ്ത്രീസ്വരം.‘കൈതയല്ലേ?’
‘അതെ"
"മനസ്സിലായോ ആരെന്ന്?"
-ബന്ധുക്കളും പരിചയക്കാരുമായി ദുബായിലുള്ള പലരുടേയും മുഖങ്ങള്‍ മനസ്സില്‍ മിന്നി മാഞ്ഞു.
‘ആലോചിച്ച് സമയം കളയണ്ടാ‍.... സീനയാ..’
‘സീന?’ :ഏത് സീന? കബളിപ്പിക്കാനുള്ള ശ്രമമാണോ?
‍‘ഹരി പറഞ്ഞിട്ടില്ലേ?’
‘ഇല്ല’‘ഹരിയുടെ ഫ്രണ്ട്... ഹരിയുമായി നീ ഇത്ര ക്ലോസ് ആയിരുന്നിട്ടും എന്നെ അറിയില്ല?’
ആ നീ വിളി അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും തിരിച്ച് ചോദിച്ചു:‘എന്നെ അറിയുമോ?’
"പിന്നേ...ഹരിയെപ്പോഴും പറയും, നിന്റെ കാര്യം.’
‘ഹരിയുടെ ആരാ?’
‘അത് പിന്നെപ്പറയാം. എന്റെ ഓഫ് നാളെയാണ് എന്ന് ഹരിയോട് പറയുമോ? അതിനാ വിളിച്ചത്.’

മൊബൈല്‍ ഫോണ്‍ പ്രചാരത്തിലില്ലായിരുന്ന അക്കാലങ്ങളില്‍ അത്യാവശ്യ സന്ദേശങ്ങള്‍ ദൂതന്‍‌മാര്‍ വഴിയും കൈമാറിയിയിരുന്നു.
"ഹോസ്പിറ്റലില്‍‍ നഴ്സാ‍’ :ഹരി വിശദീകരിച്ചു.
‘നിന്റെ?’ : ഞാന്‍ തിരക്കി.
‘കാമുകി", അവനൊന്നിളകി ചിരിച്ചു: "കടുത്തുരുത്തക്കാരി അച്ചായത്തിയാ. പേര് സീനാ പൌലോസ്. റാഷിദ് ഹോസ്പിറ്റല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഓര്‍ഡറെടുക്കാന്‍ പോയപ്പോ അബദ്ധത്തില്‍ കൂട്ടിമുട്ടിയതാ. പിന്നെ വിട്ടുപിരിയാനാവാത്ത വിധം ഒട്ടിപ്പിടിച്ചു’
‘അപ്പൊ പ്രേമമാ, അല്ലേ?’
‘പ്രേമമോ? ഇതൊക്കെ ഒരഡ്ജസ്റ്റ്മെന്റ് അല്ലേ, മോനേ?’ : ഒരു‍ വിടന്റെ ഭാവഹാവാദികള്‍ ഉള്‍ക്കൊണ്ടൂ, അവന്‍.
‘നാളെയാണ് അവള്‍ടെ വീക്‍ലി ലീവ്! ‘ഓഫ് ദിവസം‘ അവളെ പുറത്ത് കൊണ്ട് പോണം, മോട്ടോര്‍ സൈക്കിളില്‍ ഒന്ന് കറക്കണം. ഇതാ കാര്യം.‘

ഹരിയുടെ പതിവ് ചിക്കന്‍ കറിക്ക് പകരം, പിറ്റേന്ന് ലഞ്ചിന് ഞങ്ങള്‍ക്ക് ഒരു സ്പെഷ്യല്‍ ഡിഷ് ഉണ്ടായിരുന്നു: പറ്റിച്ച് വച്ച അയലക്കറി.
‘എങ്ങനെ ഒപ്പിച്ചു, നീ ഇത്?’.
ഞങ്ങള്‍ക്കത്ഭുതമായി.
‘കൂട്ടുകാരനും ഭാര്യയും വന്നിരുന്നു. അവരുണ്ടാക്കിത്തന്നതാ’ : ഹരി പറഞ്ഞു.

സ്വാദിഷ്ടമായ മീന്‍കറി മാത്രമല്ല, മുറിയില്‍ തങ്ങി നിന്നിരുന്ന ജാസ്മീന്‍ മണവും കുളിമുറിയിലെ മുടിനാരുകളും സീനയുടെ സന്ദര്‍ശനത്തിന്റെ ബാക്കിപത്രമായനുഭവപ്പെട്ടു.

0--0--0--0

പിറ്റേ ആഴ്ചയും അവള്‍ വിളിച്ചു, ‘ഓഫി‘ന്റെ വിവരം പറയാന്‍‍.
‘വീട്ടില്‍ വന്ന കാര്യം എന്നോട് പറയുന്നില്ല, അല്ലേ?’ :ഞാന്‍ പരിഭവിച്ചു.
‘മീന്‍ കറി ഇഷ്ടായോ’ : മറുചോദ്യം.
‘ഒത്തിരിയൊത്തിരി’ : ഞാനറിയിച്ചു.

ഏറെ നേരം സംസാരിച്ചു ഞങ്ങള്‍.ഹോസ്റ്റലില്‍ ഫോണ്‍ ഇല്ല. മെസ്സില്‍ ഭക്ഷണം കഴിക്കാന്‍ വരുമ്പോഴേ വിളിക്കാനൊക്കൂ. ഹരിയാണെങ്കില്‍ കാലത്ത് മാത്രമല്ലേ ഓഫീസില്‍ കാണൂ? ‘അത് കൊണ്ടാ നിന്നെ ഞങ്ങളുടെ ‘ഹംസ’മാക്കിയത്’:അവള്‍ വിശദീകരിച്ചു.

പാവപ്പെട്ട ഒരു കുടും‌ബത്തിലെ മൂത്ത മകളാണ് സീന. SSLC പാസായപ്പോള്‍ ഇടവക പള്ളി വികാരിയുടെ സഹായത്താല്‍‍ ഭരണങ്ങാനത്തെ നഴ്സിംഗ് സ്കൂളില്‍ കയറിപ്പറ്റി. പ്രമേഹ രോഗിയായ അപ്പച്ചനും സ്കൂളില്‍ പഠിക്കുന്ന രണ്ടനിയത്തിമാരും ഒരനിയനും അവളുടെ സംരക്ഷണയിലാണ്. വര്‍ഷങ്ങള്‍‍ക്ക് മുന്പ് മരിച്ച് പോയ അമ്മയെപ്പറ്റി പറഞ്ഞപ്പോള്‍ അവളുടെ സ്വരം ഇടറി.

പിറ്റേന്നും പറ്റിച്ച് വച്ച മീന്‍ കറി കൂട്ടി ചോറുണ്ണാന്‍ ഭാഗ്യമുണ്ടായി, ഞങ്ങള്‍ക്ക്.
പരസ്പരം നോക്കി കണ്ണിറുക്കിയതല്ലാതെ ആരും ഒന്നും പറഞ്ഞില്ല. അപ്പം തിന്നാ പോരേ, കുഴിയെണ്ണണോ എന്ന ചിന്തയാലാവാം.

മുറിയില്‍ തങ്ങി നിന്ന സുഗന്ധം ശ്വാസകോശങ്ങളിലേക്കാവാഹിച്ച് ആ ഗന്ധത്തിന്നുടമയുടെ രൂപം നിനവില്‍ മെനയാന്‍ കൊതി പൂണ്ടൂ, മനസ്സ്.

ഒട്ടും പ്രതിക്ഷിക്കാതെ പിറ്റേന്ന് അവളുടെ ഫോണ്‍ എന്നെത്തേടിയെത്തി‍.‘എന്താ സീനേ, ഈയാഴ്ച രണ്ട് ഓഫുകളുണ്ടോ?‘‘
‘ഇല്ല കുട്ടാ, നിന്നോട് സംസാരിക്കണമെന്നൊരാശ.’

സ്നേഹം മൂക്കുമ്പോള്‍ അമ്മ എന്നെ കുട്ടാ എന്ന് വിളിക്കാറുണ്ടെന്നോര്‍ത്തപ്പോള്‍ മനസ്സ് കാന്തമായി, എവിടെയോ ഉള്ള ഒരു പച്ചിരുമ്പിന് തുരുമ്പിന് വേണ്ടി പനിച്ചു.

‘ഓ, എന്നതാ കാര്യം?’ :ഞാ‍നവളുടെ സംസാരരീതി അനുകരിക്കാന്‍ ശ്രമിച്ചു.
‘അപ്പച്ചനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുവാ. കാല്‍ മുറിച്ച് മാറ്റേണ്ടി വരുമെന്ന് പറഞ്ഞൂ ഡോക്ടര്‍. മനസ്സിനൊരു സമാധാനവുമില്ല"
‘ വിഷമിക്കാതെ, സീനേ; പ്രമേഹം മുര്‍ച്ഛിച്ചാല്‍ പിന്നെന്ത് ചെയ്യും? ഒരു നഴ്സായ നിനക്കറിയാത്തതല്ലല്ലോ ഇതൊന്നും?’

അപ്പച്ചന്‍ കിടപ്പിലായാല്‍ സഹോദരങ്ങളുടെ കാര്യം അവതാളത്തിലാകുമല്ലോയെന്നായിരുന്നു, അവളുടെ ഉല്‍ക്കണ്ഠ‍. കരഞ്ഞും തേങ്ങിയും മൂക്ക് പിഴിഞ്ഞും അവളേറെനേരം സംസാരിച്ചു.
"നിന്നോട് സംസാരിച്ചപ്പോള്‍ അല്പം സമാധാനം തോന്നുന്നു. എനിക്കിങ്ങനെ പതം പറയാനും കരയാനും വേറെയാരുമില്ലല്ലോ?’
‘അല്ല, ഇത്ര നേരമായിട്ടും ആരും ഫോണ്‍ ചെയ്യാ‍ന്‍ വന്നില്ലേ?’ : ഞാന്‍ ചോദിച്ചു.
‘മെസ്സില്‍ ഭയങ്കര ശല്യമാ. ഒരു മിനിറ്റ് തികച്ചും സംസാരിക്കാന്‍ പറ്റിത്തില്ല. അടുത്തുള്ള ഒരു ബൂത്തീന്നാ ഞാന്‍ വിളിക്കുന്നേ"

0--0--0--0
അതൊരു പതിവായി. നൈറ്റ് ഡ്യൂട്ടിയുള്ള ദിവസങ്ങളില്‍ അവള്‍ കാലത്ത് തന്നെ വിളിക്കും, ഏറെ നേരം സംസാരിക്കും.നല്ലൊരു വായനക്കാരി കൂടിയായിരുന്ന അവളുടെ പല അഭിരുചികളും എന്റേത് കൂടിയാണല്ലോ എന്നത്ഭുതപ്പെട്ടൂ, ഞാന്‍.

‘ നീ സീനയുമായി സൊള്ളാറുണ്ട്, അല്ലേ?’ : ഒരു ദിവസം ഹരി ചോദിച്ചു.
‘ഉം’: ഒന്ന് പതറിയെങ്കിലും ഞാന്‍ സമ്മതിച്ചു.
‘ബോറഡിക്കുമ്പോള്‍ പാവം പിന്നെന്ത് ചെയ്യും? നീയാണെങ്കി പിടികിട്ടാപ്പുള്ളിയല്ലേ?’ : ഒരു‍ വിശദീകരികരണത്തിന് മുതിര്‍ന്നൂ, ഞാന്‍.
‘എന്താ, ‍ നിങ്ങള്‍ തമ്മില്‍ ലൈനായോ?‘ : അവന്‍ കണ്ണിറുക്കി:‘ അവള്‍‍ക്ക് നിന്നെപ്പറ്റി വല്യ മതിപ്പാണല്ലോ?‘
‘ എന്ത് ചെയ്യാം; എനിക്കല്പം ബുദ്ധി കൂടുതല്‍ തന്നു ദൈവം. പിന്നെ ലൈന്‍....നിന്റെ പെണ്ണിനെ ഞാനെങ്ങനാടാ ലൈനടിക്കുക?’

വാചകമടിച്ച് ഒഴിഞ്ഞു മാറിയെങ്കിലും എനിക്കല്പം കുറ്റബോധം തോന്നാതിരുന്നില്ല.

"വേണമെങ്കില്‍ ആയിക്കോടാ...എനിക്കവളൊരു മുട്ടുശാന്തി മാത്രമാ, അറിയാല്ലോ?"
‘കെട്ടാമെന്ന് വാക്ക് കൊടുത്തതോ?’‘
"കെട്ടാമെന്ന് പറഞ്ഞാലല്ലേ ഇവളുമാരൊക്കെ......ശ്ശെ, നിന്നെപ്പോലൊരു ശുദ്ധന്‍! ഞാനവളെ കെട്ടുക, എന്താ, സ്വപ്നം കാണുകയാ?’ : അവന്‍ പൊട്ടിച്ചിരിച്ചു.
എന്നിട്ട് തുടര്‍ന്നു:
‘ നിനക്കറിയാമോ എട്ടുവീട്ടില്‍ പിള്ളമാരുടെ താവഴിയില്‍പ്പെട്ട തറവാടാ ഞങ്ങടേത്. ആ തറവാട്ടിലേക്ക് ഒരു പീറ അച്ചായത്തിയെ ഞാന്‍ കെട്ടിക്കൊണ്ട് ചെല്ലുക..... ഹാ‍..ഹാ....’: തലയറഞ്ഞ് ചിരിച്ചു, അവന്‍.

ഭാവി ജീവിതത്തിലെ പ്രശ്നങ്ങളും മതപരവും സാമൂഹ്യവും സാമ്പത്തികവുമായ ഭിന്നതകളും എടുത്ത് പറഞ്ഞ് അവനോടുള്ള പ്രേമത്തിന്റെ ഗാഢത അല്പമെങ്കിലും കുറയ്ക്കാനായിരുന്നു പിന്നെ എന്റെ ശ്രമം.
"ആഴ്ച തോറുമുള്ള കൂടിക്കാഴ്ചകളെങ്കിലും ഒഴിവാക്കിക്കൂടെ?" : ഞാന്‍ ചോദിച്ചു.
‘എന്താ കുട്ടാ ഒരു സ്വരം മാറ്റം? നിനക്കെന്നോട് പ്രേമമാണോ?’ : അവള്‍ തിരിച്ച് ചോദിച്ചൂ‍.
‘ഒന്ന് കാണുക പോലും ചെയ്യാത്ത നിന്നോടെനിക്ക് പ്രേമമോ?’ :എന്നായി ഞാന്‍.
അല്പമാലോചിച്ച ശേഷമവള്‍ പറഞ്ഞു:‘എനിക്കും കാണണം, നിന്നെ. വ്യാഴാഴ്ച എനിക്കോഫാ. നമുക്കൊരു സിനിമക്ക് പോയാലോ?’

0--0--0--0
അല്‍‌ഷാബ് സിനിമയില്‍‍ ഒരു നല്ല മലയാള പടമുണ്ട്‍, നേരത്തേ ഓഫീസീന്നിറങ്ങൂ; ഞാന്‍ പിക്ക് ചെയ്യാം’ : ഹരി വിളിച്ചപ്പോള്‍ മനസ്സിലായി അവള്‍ വാക്ക് പാലിച്ചിരിക്കുന്നു.‍

ബൈക്ക് പാര്‍ക്ക് ചെയ്ത്, ടിക്കറ്റെടുക്കാന്‍ ഹരി കൌണ്ടറിലേക്ക് നീങ്ങിയപ്പോള്‍‍ എന്റെ കണ്ണുകള്‍ സീനയെത്തേടി. ബെഞ്ചില്‍ സൊറ പറഞ്ഞിരിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ പരിചയഭാവത്തില്‍ നോക്കി ചിരിച്ചു. കാഴ്ച്ച മറച്ച് മുന്നില്‍ നിന്ന മുഴുത്ത ഒരു ഇടമുത്തിയെ ഒഴിവാക്കി മുന്നോട്ട് നീങ്ങിയപ്പോള്‍ തൂണിന്റെ മറവില്‍ നിന്നും രണ്ട് കൈകള്‍ മുന്നോട്ട് നീണ്ടു:‘ഹലോ കുട്ടാസ്’

-വെളുത്ത സാരി, വെളുത്ത ബ്ലൌസ്, വെളുത്ത ഹാന്‍ഡ് ബാഗ്, വെളുത്ത സാന്‍ഡല്‍‌സ്...... നിര‍ തെറ്റിച്ച് നില്‍ക്കുന്ന കോമ്പല്ല് തുടുത്ത മുഖത്തിന് ഒരു പ്രത്യേക പരിവേഷം നല്‍കി. കുസൃതി നിറഞ്ഞ വലിയ കണ്ണുകള്‍കൊണ്ടെന്നെ അടിമുടി ഉഴിയുകയാണവള്‍.
‘ഹലോ മാലാഖേ’ : ആ കൈകള്‍ എത്തിപ്പിടിച്ചൂ ഞാന്‍.

മുത്തുമണികള്‍ വീണു ചിതറും ശബ്ദത്തോടെ ശരീരം ഇളക്കി ചിരിച്ചൂ, അവള്‍.
‘നോക്കൂ, ചിറകുകള്‍ രണ്ടും അഴിച്ച് വച്ചാ മാലാഖ വന്നിരിക്കുന്നേ’ : തിരിഞ്ഞ് പിന്‍‌വശം പ്രദര്‍ശിപ്പിച്ചു കൊണ്ടവള്‍ പറഞ്ഞു.

വടിവൊത്ത ശരീരം, വിടര്‍ത്തിയിട്ട ഇടതൂര്‍ന്ന മുടി.
‘എന്നെ എങ്ങിനെ മനസ്സിലായി?’ :ഞാന്‍ ചോദിച്ചു.
‘ബുദ്ദൂസേ, ഹരിയുടെ ബൈക്കിലല്ലേ നീ വന്നത്? പിന്നെ ആല്‍ബത്തിലുള്ള എല്ലാ ഫോട്ടോകളും കണ്ടിട്ടുണ്ട്, ഞാന്‍.’

സിനിമ തീരും വരെ അവളിലായിരുന്നൂ എന്റെ ശ്രദ്ധ‍. ഹരിയുടെ കൈ ആ ശരീരത്തില്‍ ഇഴയുന്നതും ഇക്കിളികൊണ്ടവള്‍ പുളയുന്നതും ഒരു തരം നിസ്സഹായാവസ്ഥയില്‍ നോക്കിയിരുന്നൂ, ഞാന്‍.
-ഇവന്റെ പൊയ്മുഖം എങ്ങനെ തുറന്ന് കാട്ടാന്‍ കഴിയും എന്ന ചിന്തയായിരുന്നു, മനസ്സ് നിറയെ.

പിറ്റേന്നവള്‍ വിളിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
അവള്‍ വീണ്ടും വിളിച്ചു.
‘പിണക്കമാണോ?’
‘പിണങ്ങാന്‍ ഞാന്‍ നിന്റെ ആരാ?‘
‘എന്റെ കുട്ടന്‍! അല്ലാതാരാ?" :കുസൃതിയോടെ അവളുടെ മറുചോദ്യം.
‘വേണ്ടാ’ :ഞാന്‍ പൊട്ടിത്തെറിച്ചു.
’ എനിക്ക് നിന്റെ ആരുമാകണ്ടാ.’
‘എന്റെ കുശുമ്പന്‍ കുട്ടാ, കൂട്ടുകാരന്റെ പെണ്ണിനെ മോഹിക്കുന്നത് തെറ്റല്ലേടാ’ :അവളുടെ പെട്ടെന്നുള്ള ചോദ്യം എന്നെ തളര്‍ത്തിക്കളഞ്ഞു.

മനസ്സറിയും യന്ത്രമുണ്ടോ ഇവള്‍ടെ കൈയില്‍?
‘എടീ മണക്കൂസേ, ഹരി നിന്നെ കെട്ടാന്‍ പോകുന്നില്ല..... ഒരിക്കലും’ : ശുണ്ഠി പിടിച്ച് ‍ ഞാന്‍ വിളിച്ച് പറഞ്ഞൂ.
അവള്‍ക്ക് ചിരിയടക്കാനായില്ല.
‘എന്ന് ഹരി പറഞ്ഞോ?"
‘പറഞ്ഞു. മാത്രമല്ല നാട്ടില്‍ അവന് വിവാഹാലോചനകള്‍ നടക്കുന്നൂ."
‘ഓ, അതാണോ? ഹരി പറഞ്ഞായിരുന്നു.
‘ അവള്‍ നിസ്സാര മട്ടിലോതി:
‘വീട്ടുകാരങ്ങനൊക്കെയാ‍... പക്ഷേ ഹരിയെ എനിക്കറിയാം.‘
’‘കാത്തിരുന്നോ’ : ഞാന്‍ പുച്ഛിച്ചു: ‘വീട്ടുകാ‍ര്‍ പെണ്ണിനെ വരെ ഉറപ്പിച്ച് കഴിഞ്ഞു.‍ ചെന്നാലുടനെ കല്യാ‍ണമാ.‘
‘ എങ്കി ഞാന്‍ സഹിച്ചു. നീ എന്തിനാ ചൂടാവുന്നേ?’ : അവളുടെ സ്വരം മാറിയപ്പോള്‍ അനുനയത്തിലേക്ക് മാറി, ഞാന്‍.
‘എന്റെ മാലാഖക്കൊച്ചേ, നിന്നോടത്ര സ്നേഹമുള്ളതുകൊണ്ടല്ലേ പറയുന്നത്? അവന്റെ പ്രേമം വെറും നാട്യമാണ്; കാര്യസിദ്ധിക്ക് വേണ്ടിയുള്ള അഭിനയം."
‘ഹരിക്കുള്ളതിനേക്കാള്‍ കൂടുതല്‍ സനേഹമോ നിനക്കെന്നോട്?’ : അവള്‍ ചോദിച്ചു.
"സംശയമുണ്ടോ?’"എന്നാല്‍ ഹരി കൈവിട്ടാലും പേടിക്കണ്ടല്ലോ? നീയില്ലേ എനിക്ക്?"
-സ്വരത്തില്‍ പുരണ്ടിരുന്ന അപഹാസം മനസ്സിലാക്കാന്‍ കഴിയാത്തത്ര വികാരഭരിതനായിരുന്ന ഞാന്‍ ആവേശം കൊണ്ടു:
’അതെ, നീയെനിക്ക് വാക്ക് തരണം, ഹരിയുടെ തനിനിറം മനസ്സിലായ ആ നിമിഷം മുതല്‍ നീ എന്റേതായിരിക്കുമെന്ന്’
‘വാക്ക് തരുന്നൂ,": ചിരിയുടെ നനവുള്ള സ്വരത്തോടെ അവള്‍ പറഞ്ഞു: ‘ ഇനി എന്റെ കുട്ടന്‍, വേണ്ടാത്തതൊന്നും ആലോചിക്കാതെ, സമാധാനമായിരുന്ന് ജോലി ചെയ്യ്"

0--0--0--0

അടുത്ത മാസം ഹരി നാട്ടില്‍ പോയി. ദിവസങ്ങള്‍ക്കകം പെണ്ണ് കാണലും വിവാഹനിശ്ചയവും നടന്നു.

സീന മിക്ക ദിവസങ്ങളിലും വിളിക്കും. പക്ഷെ സംഭാഷണങ്ങളില്‍ ഹരി കടന്നുവരാതിരിക്കാന്‍ മനഃപ്പൂര്‍വം ശ്രദ്ധിച്ചു ഞാന്‍.

ഒരു ദിവസം പരിഭ്രാന്തിയും സങ്കടവും കലര്‍ന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു:‘കൂട്ടുകാരിക്ക് നാട്ടില്‍ നിന്നൊരു ന്യൂസ്....ഹരിയുടെ കല്യാണം നിശ്ചയിച്ചെന്ന്. നിനക്കറിയാമോ എന്തെങ്കിലും? കത്തിനൊന്നും മറുപടിയില്ല. ഫോണ്‍ ചെയ്തിട്ടും കിട്ടുന്നില്ല’

-ആ നമ്പര്‍ ഒരു പബ്ലിക് ബൂത്തിന്റേതാതെന്ന് ഞാനെങ്ങനെ അവളോട് പറയും?

0--0--0--0

ഗണപതിയുടെ ചിത്രം കൊണ്ടലംകൃതമായ, Hari weds Sobhana എന്നെഴുതിയ, മനോഹരമായ കല്യാണക്കുറി കിട്ടിയ ദിവസം വിവശനും വിക്ഷുബ്ധനുമായിരുന്നു, ഞാന്‍. പെണ്ണിന്റെ ഗുണഗണങ്ങളുടെ വര്‍ണനയും സ്ത്രീധനത്തിന്റെ തരം തിരിച്ചുള്ള കണക്കുമടങ്ങിയ കത്തും കൂടെയുണ്ടായിരുന്നു.

എങ്ങിനെ സീനയോട് പറയും ഇക്കാര്യം എന്നാലോചിച്ചിരിക്കുമ്പോള്‍‍ സീനയുടെ ഫോണ്‍.
"നാളെ ഓഫാ എനിക്ക്’ : അവള്‍ പറഞ്ഞു: "മനസ്സാകെ കലങ്ങി മറഞ്ഞിരിക്യാ. ലീവെടുക്കാനാവുമോ,നിനക്ക്? എവിടെയെങ്കിലും പോയി സ്വൈര്യമായി അല്പം സംസാരിച്ചിരിക്കാം.’

എന്റെ പ്രജ്ഞയുടെ ഇരുള്‍ തിങ്ങിയ കോണിലെവിടേയോ മുഴക്കമുള്ള ചീറ്റലോടെ ഒരൊറ്റക്കണ്ണന്‍ സാത്താന്‍ പ്രലോഭനത്തിന്റെ പത്തിയുയര്‍ത്തി.
‘എങ്കിലെന്റെ മാലാഖേ, നാളെ നീ വീട്ടില്‍ വരുമോ? ഞാനോഫെടുക്കാം. നിന്റെ മീന്‍ കറി കഴിക്കാനൊരാശ.’
‘ശരി,’ അവള്‍ സമ്മതിച്ചു: ‘ഞാനും നേരെ ചൊവ്വേ ഭക്ഷണം കഴിച്ചിട്ടൊത്തിരി നാളായി. കാലത്ത് 9 മണി, ഓക്കേ?’

വയറിന്നസുഖമെന്ന് കളവ് പറഞ്ഞ് റഷീദിനേയും മാധവന്‍‌കുട്ടിയേയും ഓഫീസിലേക്ക് പറഞ്ഞയച്ച്, കുളിച്ച് റെഡിയായിരുന്നൂ, ഞാന്‍.കൃത്യ സമയത്ത് തന്നെ അവളെത്തി. പാറിപ്പറന്ന അളകങ്ങള്‍ ഒതുക്കിയപ്പോള്‍‍ നക്ഷത്രശോഭ ഒളിവിതറിയിരുന്ന കണ്ണുകളില്‍ ദുഃഖത്തിന്റെ കാര്‍മേഘങ്ങള്‍ പടര്‍ന്നിരിക്കുന്നത് കാണായി.

കാല്‍ മുറിച്ച് മാറ്റി ഹോസ്പിറ്റലില്‍ നിന്നും വീട്ടിലെത്തിയ അപ്പച്ചന്റെ മുന്‍‌കോപവും നഴ്സിംഗ് സ്കൂളില്‍ അഡ്മിഷന്‍ ലഭിക്കാതെ പോയ അനിയത്തിയുടെ നൈരാശ്യവും വിവരിച്ചൂ, അവള്‍.പിന്നെ ചോദിച്ചു:
‘എന്താ ഹരിയുടെ വിശേഷങ്ങള്‍? കല്യാണം നടക്കുമോ?’

"മാലാഖേ, കുറച്ച് നേരമായി മീന്‍ വെള്ളത്തില്‍ കിടന്ന് നീന്തുന്നൂ":വിഷയം മാറ്റിക്കൊണ്ട് ഞാനെണീറ്റു:
‘സംസാരമൊക്കെ പിന്നെ..."
‘ഇനി മീന്‍ കറി കഴിക്കാന്‍ തോന്നിയാല്‍ എന്നെ കാത്തിരിക്കരുത്. സ്വയം ഉണ്ടാക്കണം; വാ, ഞാന്‍ പഠിപ്പിച്ച് തരാം’
‘ശരി’ : സന്തോഷമായെനിക്ക്.

അവള്‍ സാരി അഴിച്ച് ഭദ്രമായി മടക്കി, കിടക്കയില്‍ വച്ചു.എന്നിട്ട് ഷെല്‍ഫിന് മുകളില്‍ നിന്നൊരു തോര്‍ത്തെടുത്ത് മാറത്തിട്ടു.

അപ്പോഴാണവളുടെ ശരീരത്തിന്റെ അസാധാരണ മുഴുപ്പുകളില്‍‍ മിഴികളുടക്കിയത്.
-ഈ പരുക്കന്‍ കോട്ടന്‍ സാരിക്കടിയില്‍ നിന്നൊളിഞ്ഞ് നോക്കിയിരുന്നത് ഇത്ര മേനിക്കൊഴുപ്പുള്ള വെള്ളരിപ്രാവുകളോ?
-പൃഥുല പുരോഭാഗമിത്ര താളനിബദ്ധമോ?
-ആഴമേറും നാഭീച്ചുഴിക്കാ‍ധാരം ചുറ്റും തുളുമ്പും പ്രതലങ്ങളോ?

‘എന്താ, ഒരു കള്ള നോട്ടം?’ : അവളുടെ ശബ്ദം, ശൂന്യതയിലേക്കുയര്‍ന്ന എന്റെ മനസ്സിനെ ഭൂമിയിലേക്ക് തിരിച്ച് വിളിച്ചു.

നേരെ നോക്കാതെ ഞാന്‍ പറഞ്ഞു: ‘വസ്ത്രങ്ങളുപയോഗിക്കാത്ത മാലാഖമാരുടെ രൂപം ഒന്ന് സങ്കല്‍പ്പിച്ചതാ’
‘ തത്ക്കാലം നമുക്കീ പാവം മീനുകളെ പറ്റി ചിന്തിക്കാം‘
കൈപിടിച്ച് എന്നെ അടുക്കളയിലേക്ക് നയിക്കുന്നതിന്നിടയില്‍ അവള്‍ വിശദീകരിച്ചു:
‘അടുക്കളയില്‍ കയറിയാല്‍ വിയര്‍ക്കില്ലേ? തിരിച്ച് പോകുമ്പോള്‍ ഉടുക്കാന്‍ വേറെ സാരിയൂണ്ടോ കൈയില്‍‍? അതുകൊണ്ടാ ഈ അഡ്ജസ്റ്റ്മെന്റ്"
‘ഇവിടെ വരുമ്പോഴൊക്കെ ഇതാണോ നിന്റെ വേഷം?’ : ഞാന്‍ ഉദ്വേഗത്തോടെ ചോദിച്ചു.
"പിന്നല്ലാതെ?’

-ഹരിയോട് എന്തെന്നില്ലാത്ത പക തോന്നി.
അതോടൊപ്പം ‍ തിളച്ചു മറിയുന്ന മറ്റൊരു വികാരവും: അസൂയ.

മീന്‍ കഴുകി ചട്ടിയിലിട്ട്, സ്റ്റൌവ് ഓണ്‍ ചെയ്തു.
‘ഇനി നീ ചെയ്യണം എല്ലാം‍. ഞാന്‍ ഗുരു, നീ ശിഷ്യന്‍’
‘ഓം ഗുരുവായ നമഃ’
-മുന്നില്‍ ചെന്ന് കുനിഞ്ഞ് അവളുടെ കാല്‍ തൊടുന്നതായി നടിച്ചു, ഞാന്‍.
ആ ശരീരത്തില്‍ നിന്ന് പ്രസരിക്കുന്ന ഇളം ചൂടിനുണ്ടൊരു സുഗന്ധം!
കൈകളിലുരസിയ സാറ്റിന്‍ പാവാടക്കു ചുറ്റും കാന്തിക പ്രളയം!
തലയിലുരസിയ മാറിടത്തിലെ മിനുപ്പിനെന്തൊരു താളവേഗം!
-ഹരം പിടിപ്പിക്കുന്ന സ്പുല്ലിംഗങ്ങള്‍ ശരീരമാകെ മേഞ്ഞു നടക്കുന്ന പോലെ!

‘വെളിച്ചെണ്ണ രണ്ട് സ്പൂണ്‍’ : അവള്‍‍ തുടങ്ങി.
‘കടുക്, ഉലുവ.....ഉണക്കമുളക് മൂന്നെണ്ണം, പൊട്ടിച്ചിടണം‘
അനുസരിച്ചു, ഞാന്‍.
‘നല്ലവണ്ണം പൊട്ടിക്കഴിഞ്ഞല്ലോ? ഇനി അരിഞ്ഞുവച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക്......ദാ, ഇളക്കണം. അല്ലെങ്കില്‍ കരിയും.ഇനി രണ്ട് സ്പൂണ്‍ മുളക് പൊടി, ഒരു സ്പൂണ്‍ മല്ലി, അര സ്പൂണ്‍ മഞ്ഞള്‍...വറുത്ത മണം വരും വരെ....ഇങ്ങ് താ ഞാന്‍ ഇളക്കാം"
അരികില്‍ ചേര്‍ന്ന് നിന്ന് നസാരന്ധ്രങ്ങള്‍ വിടര്‍ത്തി മണം പിടിച്ചൂ, അവള്‍.
അവളുടെ തോള്‍ എന്റെ തോളിലുരസി, പാറുന്ന മുടിയിഴകള്‍ കഴുത്തിലിക്കിളി പടര്‍ത്തി.
‘എടാ കുട്ടാസേ, ഏത് ലോകത്താ നീ...ദാ കരിയുന്നൂ. അല്പം വെള്ളമൊഴി...ഇനി ഉപ്പ്, വേപ്പില....പുളിയെവിടെ?‘
ഞാന്‍ കൊടമ്പുളി എടുത്ത് കൊടുത്തു.
‘ഒന്ന് തിളയ്ക്കട്ടെ, എന്നിട്ട് ചേര്‍ക്കാം മീന്‍"

0--0--0--0

വിയര്‍പ്പകറ്റാന്‍ സ്പീഡ് കൂട്ടിയ ഫാനിനു കീഴെ ബെഡ്ഡിലിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു: ‘മാലാഖമാരുടെ മടിയില്‍ തല വച്ച് കിടക്കാമോ മനുഷ്യര്‍ക്ക്?‘
എന്റെ നേരെ നോക്കി, കണ്ണുകള്‍ പലവട്ടം തുറന്നടച്ച്, കുസൃതിച്ചിരിയോടെ അവള്‍ തലയാട്ടി.
‘വേണ്ടാ കുട്ടാ, അത് വേണ്ടാ. ആദ്യം തോന്നും മടിയില്‍ തല വയ്ക്കാന്‍ ....പിന്നെ വേറെ പലതും ....നിന്റെ ഇന്നത്തെ നോട്ടവും പെരുമാറ്റവും അത്ര ശരിയല്ലല്ലോ?"
‘അതല്ലാ‘: ഞാന്‍ പറഞ്ഞു:
‘നീയെനിക്ക് തന്ന പ്രോമിസ് ഓര്‍മ്മയില്ലേ?’
‘ഏത് പ്രോമിസ്?’‘
"ഹരി പെണ്ണ് കെട്ടിയാല്‍ പിന്നെ നീ എന്റേതാണെന്ന്.’

-പെട്ടെന്നെന്തോ ഓര്‍ത്തപോലെ ആ മിഴികളിരുണ്ടു.
‘‘കെട്ടട്ടെ. എന്നിട്ടാലോചിച്ചാ പോരേ?’ : അവള്‍ മന്ത്രിച്ചു.
"എന്റെ പൊട്ടിപ്പെണ്ണേ, ഹരിയുടെ വിവാഹമാ ഈ മാസം 21 ന്. വര്‍ക്കല ശ്രീ ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തില്‍. മുഹൂര്‍ത്തം 8.30 നും 9.00 നും മധ്യേ..."

നാടകീയമായി, എന്നാല്‍ അല്‌പത്തം നിറഞ്ഞ ഒരു ചിരിയോടെ, മേശയുടെ ഡ്രോയര്‍ തുറന്ന്, ഹരിയുടെ വിവാഹക്ഷണപത്രിക കാട്ടീ ഞാന്‍.
ആദ്യം തമാശ മട്ടിലും പിന്നെ തികഞ്ഞ അവിശ്വസനീയതയോടെയും അവളാ പത്രിക വാങ്ങി.

ഒരലര്‍ച്ച മുഴങ്ങീ, അവളില്‍ നിന്ന്.കട്ടിലില്‍ കിടന്നവള്‍ ഉരുണ്ടൂ, മുരണ്ടൂ.ഞാന്‍ ഭയത്തോടെ ചുറ്റും നോക്കി.ആരെങ്കിലും വാതിലില്‍ ‍ മുട്ടുന്നുണ്ടോ?

-ബാച്ച്‌ലേഴ്സിന്റെ മുറിയില്‍ നിന്നുയരുന്ന സ്ത്രീവിലാപത്തിന് എന്തര്‍ത്ഥമായിരിക്കും അവര്‍ നല്‍കുക?

അടുത്ത് ചെന്ന് കെട്ടിപ്പിടിച്ച്, മാറോടണച്ച് ആശ്വസിപ്പിക്കണമെന്നുമുണ്ടായിരുന്നു. പക്ഷേ ഈ ഉന്മാദാവസ്ഥയില്‍ അവളുടെ പ്രതികരണം എന്തായിരിക്കുമെന്നറിയില്ലല്ലോ?

അല്പസമയത്തിന് ശേഷം അവള്‍ എഴുന്നേറ്റു.
ബാത് റൂമില്‍ പോയി മുഖം കഴുകി.
തലമുടി ചീകിയൊതുക്കി.
പിന്നെ സാരിയെടുത്തുടുക്കാന്‍‍ തുടങ്ങി.
‘പോകയാണോ?’ : ഞാന്‍ ചോദിച്ചു.
അവള്‍ തലയാട്ടി.
‘കുറച്ച് നേരം കൂടി ഇരിക്കൂ, എന്നിട്ട് പോയാ മതി’ : ഞാന്‍ പറഞ്ഞു.
‘വേണ്ടാ’‘എന്നാലൂണ് കഴിച്ചിട്ട്....’ : ഞാനഭ്യര്‍ത്ഥിച്ചു.

എന്റെ മുഖത്ത് തന്നെ ദൃഷ്ടിയുറപ്പിച്ച് അവളല്പനേരം നിന്നൂ.
ജലാശയങ്ങളായി മാറിയ നയനങ്ങളില്‍ നിന്നുള്ള കുത്തൊഴുക്ക് നിലച്ചിരുന്നില്ല.
സാവധാനം അടുത്ത് വന്ന് വാത്സ്യല്യത്തോടെ എന്റെ മുഖത്തും തലയിലും തലോടി, അവള്‍.

പിന്നെ ചെരിപ്പെടുത്ത് വാതില്‍ തുറന്ന് അപ്രത്യക്ഷയായി.

0--0--0--0

‘കോളൊണി‘ല്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലില്‍ ഒരു ഫ്രഞ്ച് ഡിസ്ട്രിബ്യൂട്ടറുടെ അതിഥിയായി ജര്‍മ്മനിയിലെത്തിയതായിരുന്നൂ, ഞാന്‍.ഭക്ഷണവും താമസവും ഒരുക്കിയിരുന്നെങ്കിലും എന്റെ ‘ജര്‍മ്മന്‍കാരി‘ ചേച്ചി സമ്മതിച്ചില്ല.

" ഞാനിവിടെയുള്ളപ്പോഴോ?"
പച്ചക്കറികളും മസാലകളും നിറച്ച സ്യൂട്ട് കേസ്‍ വലിച്ചിഴച്ച് ഫ്രാന്‍‌ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിന്നും ട്രെയിന്‍ കയറി‍, എസ്സെന്‍ സ്റ്റേഷനിലെത്തുമ്പോഴേക്കും ഞാന്‍ തളര്‍ന്നവശനായിരുന്നൂ.

താമസസ്ഥലമായ ഗ്ലാഡ്ബെക്കിലേക്ക് ഡ്രൈവ് ചെയ്യവെ ചേച്ചി പറഞ്ഞു: ‘ ഇവിടന്ന് ദിവസോം കോളോണില്‍ പോയി വരാന്‍ പാടാ...അത് കൊണ്ട് ഫെയര്‍ തീരും വരെ കോളോണിലുള്ള ഒരു ഫ്രണ്ടിന്റെ വീട്ടിലാ നിന്റെ താമസം.‘’
‘ചേച്ചീ, ഒരു പരിചയവുമില്ലാത്തവരുടെ കൂടെ...?‘
‘സിസിലിയെ നിനകോര്‍മ്മയില്ലേ, ‘ലൂര്‍ദ്ദിലെ‘ എന്റെ റൂം‍ മേറ്റ്? അവളിപ്പോള്‍ ‍ലീവെടുത്ത് വീട്ടിലിരിക്യാ. അതോണ്ട്‍ ഭക്ഷണക്കാര്യവും പേടിക്കണ്ടാ. ഫെയര്‍ തീരുന്ന അന്ന് ഞാനങ്ങ് വരാം. നമുക്കൊരുമിച്ച് പോവാം, സ്വിസ്സിലേക്ക്’

എന്റെ റിട്ടേണ്‍ ടിക്കറ്റ് സൂറിക്കില്‍ നിന്നായിരുന്നു. കസിന്‍ ബ്രദറിന്റെ (കേരള റെസ്റ്റോറണ്ട്, സൂറിക്ക്) കൂടെ അടിച്ച് പൊളിച്ച് രണ്ട് ദിവസം കഴിഞ്ഞ ശേഷം തിരിച്ച് പോരാനായിരുന്നൂ, പ്ലാന്‍.

0--0--0--0

യൂറൊ റെയിലില്‍ സ്വിറ്റ്സര്‍ലണ്ടിലേക്കുള്ള യാത്രാമദ്ധ്യേ ചേച്ചി ചോദിച്ചു:
‘ നീ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു, നമ്മുടെ ടിക്കറ്റ് സൂറിക്കിലേക്കല്ല, ബാസിലിലേക്കാ "‘അതെന്താ?’
"ഇന്ന് രാത്രി നാം ബാസിലില്‍ എന്റെ കൂട്ടുകാരിയുടെ വീട്ടില്‍ തങ്ങുന്നു. സൂറിക്കിലേക്ക് നാളെ!’

(*ബാസില്‍: ജര്‍മ്മനിയുടേയും ഫ്രാന്‍സിന്റേയും സ്വിറ്റ്സര്‍ലണ്ടിന്റേയും അതിര്‍ത്തികള്‍ സമ്മേളിക്കുന്ന സ്വിറ്റ്സര്‍ലണ്ടിലെ രണ്ടാമത്തെ വലിയ സിറ്റി).

‘സ്റ്റൈന്‍ബെര്‍ഗ്’
സ്റ്റേഷന് പുറത്ത് കാത്ത് നിന്നിരുന്ന ടാക്സിക്കാരന് ചേച്ചി നിര്‍ദ്ദേശം നല്‍കി.
എന്നിട്ടെന്റെ നേരെ തിരിഞ്ഞു:‘എടാ‍, ഒരുങ്ങിയിരുന്നോ, നിനക്ക് മറക്കാനാവാത്ത ഒരു സര്‍പ്രൈസ് തരാന്‍ പോകുന്നു"
‘ഓ, ചേച്ചീടെ വല്ല പഴേ ‘ഗഡി’കളുമാകും’ : ചിന്തിച്ചൂ, ഞാന്‍.

സാമാന്യം വലിയ ഒരു ബില്‍ഡിംഗിന് മുന്‍പില്‍ കാര്‍ നിന്നു. കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തിയപ്പോള്‍ സ്പീക്കറിലൂടൊരു സ്ത്രീസ്വരം: ‘ചേച്ചിയെത്തിയോ?’

ഒരു കള്ളച്ചിരിയോടെ എന്നെ വാതിലിന് മുന്‍പിലേക്ക് നീക്കി നിര്‍ത്തി, ചേച്ചി:‘കണി നീ തന്നെയാവട്ടെ!’
‘കണിയൊ, ഇന്നെന്താ വിഷുവാണോ?": ചേച്ചിയെ സംശത്തോടെ നോക്കി ഞാന്‍.

വാതില്‍ തുറന്നു.
ഹൃദയമിടിപ്പ് നിലച്ച്, അത്ഭുതസ്തബ്ധനായി നിന്നൂ പോയീ ഞാന്‍.

തടിച്ച ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വെളുത്ത ഗൌണ്‍,
കഴുത്തറ്റം വെട്ടിയ മുടിക്ക് ചെമ്പന്‍ നിറം,
പക്ഷേ വിടര്‍ന്ന പീലിക്കണ്ണുകളില്‍ കുസൃതി നിറഞ്ഞ അതേ നോട്ടം,
ചെഞ്ചുണ്ടുകളില്‍ വശ്യമായ ചിരി,
മുഖം നിറയെ പൂത്ത് നില്ക്കുന്ന പൂനിലാവ്....

"മാലാഖ!’: ഞാന്‍ മന്ത്രിച്ചു.
എന്നെ വട്ടം കെട്ടിപ്പിടിച്ച് ഇരുകവിളുകളിലും‍ മാറി മാറി ചും‌ബിച്ചുകൊണ്ടവള്‍ പ്രതിവചിച്ചു: ‘അതേ കുട്ടാ, മാലാഖ, നിന്റെ പഴയ മാലാഖ’

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രേമഭംഗമെന്ന ബുള്‍ഡോസര്‍ ഞെരിച്ചമര്‍ത്തിയ ഹൃദയത്തിന്റെ ശകലങ്ങളും പെറുക്കി, അജ്ഞാതവാസത്തിന് ജര്‍മ്മനിയിലെത്തിയ കാലം മുതലേ ചേച്ചിക്കവളെ അറിയാമായിരുന്നു. പക്ഷെ അടുത്ത കാലത്ത് മാത്രമാണ്, തന്റെ ദുബായ് പ്രവാസത്തിന്റെ അടച്ച് മൂടിയ രഹസ്യ അറ, അവള്‍ തുറന്ന് കാട്ടിയത്.

'എന്റെ അനിയന്‍ ദുബായിലുണ്ട്’: ചേച്ചി അഭിമാനപൂര്‍വം പറഞ്ഞു.
‘ഓഹൊ : അവള്‍ തലയാട്ടി.
മുന്‍ കൊല്ലം താന്‍ നടത്തിയ ‘ദുബായ് ട്രിപ്പിന്റെ‘ ഫോട്ടോകള്‍ കാട്ടി ദുബായ് പ്രതാപങ്ങളുടെ വിവരണം ചേച്ചി തുടര്‍ന്നപ്പോള്‍ പിടിച്ചു നില്‍ക്കാനായില്ലാ അവള്‍ക്ക്.വിങ്ങിപ്പൊട്ടിക്കൊണ്ടവള്‍ പറഞ്ഞൂ:
‘എനിക്കറിയാം ചേച്ചിയുടെ അനിയനെ, ഞങ്ങള്‍ പരിചയക്കാരാ"

-ഒരു കുമ്പസാരമായ് മാറി, അവളുടെ മൊഴികള്‍.

‘അപ്പോ ചേച്ചിക്കും രഹസ്യങ്ങള്‍‍ സൂക്ഷിക്കാനറിയാം അല്ലേ?’വായാ‍ടിയെന്ന് പരക്കെ അറിയപ്പെടുന്ന ചേച്ചിയെ കളിയാക്കി, ഞാന്‍.

0--0--0--0

കേരളീയ വിഭവങ്ങള്‍ നിരത്തിയ ഡൈനിംഗ് ടേബിളിന് മുന്‍പിലിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു;‘ അല്ല മാലാഖേ, നിന്റെ ഗന്ധര്‍വനെവിടെ?’
‘ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സെക്യൂരിറ്റിയാ പുള്ളി. ഗന്ധര്‍വനായതോണ്ട് സ്ഥിരം നൈറ്റ്ഡ്യൂട്ടിയാ‍....’
അവളുടെ സ്വരത്തിലെ മരവിപ്പും ഉദാസീനതയും എന്നെ അത്ഭുതപ്പെടുത്തി.

ഭക്ഷണം കഴിഞ്ഞെഴുന്നേറ്റപ്പോള്‍ സ്വതസിദ്ധ ശൈലിയില്‍, ചേച്ചി അറിയിച്ചു:
‘എടാ, എന്തോ കൊടുക്കല്‍-വാങ്ങല്‍ ഇടപാടുകള്‍ നിങ്ങള്‍ തമ്മിലുണ്ടെന്നാ ഇവള്‍ പറയുന്നത്. അതിന്ഇടനിലക്കാരിയാകാന്‍ ഞാനില്ല. ഗുഡ് നൈറ്റ്. ഉറക്കം വരുന്നു"

ചേച്ചി സോഫയിലേക്ക് ചാഞ്ഞു.മഞ്ഞ്

മണമുള്ള രാത്രിയില്‍, മങ്ങിയ നീലവെളിച്ചം വിതറിയ മുറിയില്‍, പതുപതുത്ത കിടക്കയില്‍ എന്നെപ്പിടിച്ചിരുത്തീ, അവള്‍.
‘ മാലാഖക്കൊച്ചേ, ചേച്ചിയെന്താ പറഞ്ഞേ?": കാല്പനികതയുടെ കത്തിവേഷങ്ങള്‍ സ്മൃതിമണ്ഢലം നിറഞ്ഞാടിയപ്പോള്‍ വരണ്ട തൊണ്ടയില്‍ നിന്നും പൊഴിഞ്ഞ വാക്കുകള്‍ക്കും അവ്യക്തതയുണ്ടായിരുന്നു.
"നീ എനിക്ക് മാപ്പു തരണം."
‘മാപ്പോ, എന്തിന്?’
‘എന്റെ പൊന്നേ"‍ : എന്നെ പിടിച്ച് കട്ടിലില്‍ കിടത്തീ, അവള്‍ അരികിലിരുന്നൂ.
പിന്നെ എന്റെ ശിരസ്സെടുത്ത് സമൃദ്ധമായ ആ മടിയില്‍ വച്ചു.
രണ്ട് കൈകള്‍ കൊണ്ടും എന്റെ മുഖം കോരിയെടുത്തു.
‘ മാപ്പ്, കാക്കത്തൊള്ളായിരം മാപ്പ്.
-നിന്നെ അവിശ്വസിച്ചതിന്....
-തമ്മില്‍ കാണാന്‍ വിസമ്മതിച്ചതിന്...
-അറിയിക്കാതെ ഒളിച്ചോടിയതിന്....
-കത്തുകള്‍ക്ക് മറുപടി തരാതിരുന്നതിന്!‘

അവള്‍ തുടര്‍ന്നു:" കല്യാ‍ണം കഴിഞ്ഞു, ഒരു കുട്ടിയുമായി.
എന്നിട്ടും നിന്നെ ഒന്ന് വിളിക്കാന്‍ തോന്നിയില്ലല്ലോ?’

കൈകളിലും മുഖത്തും ചുണ്ടിലുമായി ഇടറിവീണ അവളുടെ അശ്രുകണങ്ങള്‍ തുടച്ച് മാറ്റാന്‍ ഞാന്‍‍ ബദ്ധപ്പെട്ടില്ല, അവളും.

-സംസാരിച്ച് കൊണ്ടിരുന്നു, അവള്‍ഭര്‍തൃഗൃഹത്തില്‍ വളരുന്ന കുഞ്ഞിനെപ്പറ്റി,ഭര്‍ത്താവിന്റെ ആല്‍കഹോളിസത്തെപ്പറ്റി,ഇറ്റലിയില്‍ ജോലിയാക്കിക്കൊടുത്തിട്ടും തിരിഞ്ഞു നോക്കാത്ത അനിയത്തിയെപ്പറ്റി,കോളേജില്‍ പോകാതെ മയക്കുമരുന്നും ഗുണ്ടായിസവുമായി നടക്കുന്ന അനിയനെപ്പറ്റി....

അവളുടെ വയറിന്റെ ചൂട് പറ്റി,കൈകള്‍ പിടിച്ച് നെഞ്ചില്‍ ചേര്‍ത്ത്,ആ മുഖത്ത് തന്നെ ദൃഷ്ടികളൂന്നി, അവളുടെ വികാരങ്ങളുടെ തീഷ്ണതയുമായി താദാത്മ്യം പ്രാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നൂ, ഞാന്‍.