Sunday, September 28, 2008

സെലീനാ ടീച്ചര്‍ (ഇന്നലെയുടെ ജാലകങ്ങള്‍ -5)


സെലീനാ ടീച്ചര്‍


മുന്നറിയിപ്പില്ലാതെ, പറന്നെത്തിയ ചാറ്റല്‍ മഴ നനച്ച കുളിരുള്ള ഒരു പ്രഭാതം.
മുഖം കറുപ്പിച്ച്‌ പിണങ്ങി നില്‍ക്കുന്ന നീലാകാശത്തിന്റെ വടക്ക്‌ കിഴക്കേ മുക്കില്‍ നിന്ന്, ഉണര്‍ന്നിട്ടും കംബളം വിട്ടെഴുന്നേല്‍ക്കാത്ത അര്‍ക്കനെ പരിഹസിച്ച് കൊണ്ടെന്നോണം  പിണരുകള്‍ വിട്ട് രസിക്കുന്ന കാര്‍ മേഘങ്ങള്‍ ‍.

-അധ്യയന വര്‍ഷത്തിന്റെ ആദ്യദിനത്തില്‍ പ്രകൃതി കണ്ണീര്‍ ചൊരിയുന്നത്‌, തോറ്റ്‌ തൊപ്പിയിട്ട് ഒരു വര്‍ഷത്തെ  തടവിന് കൂടി ശിക്ഷിക്കപ്പെട്ട ബാല്യ കൌമാരങ്ങള്‍ക്ക് വേണ്ടിയോ?

നെല്ലിമരച്ചോട്ടിലെ STD. VII C-യില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കാറുള്ള "പട്ടിക്കഴ്‌വേറി, കള്ളത്തിരുമാലി" വിളികള്‍ക്കവുധി കൊടുത്ത്, ജയിച്ചവരുടെ  പേരുവിവരം ആല്‍ഫബറ്റിക് ഓര്‍ഡറില്‍ വിളംബരം ചെയ്യുകയാണ്  വാര്യര് മാഷ്.  തോറ്റവരില്‍ മജീദും ശിവപാലനും മാത്രമേ  ഹാജരുള്ളൂ.  ചമ്മലോ സങ്കടമോ പുറത്ത്‌ കാട്ടാതെ ചിരിച്ച്‌ കൈവീശി അവര്‍ ഞങ്ങളെ യാത്രയാക്കി.

സ്കൂള്‍ നാലുകെട്ടിനു വടക്ക്‌ വശത്തെ പുതിയ ഇരുനില കെട്ടിടത്തിലൊരു മുറി സ്വപ്നം കണ്ടിരുന്ന ഞങ്ങളെ, കിണറ്റു കരയിലെ ഇല കൊഴിഞ്ഞ ബദാം മരം കാവല്‍ നില്‍ക്കുന്ന ക്ലാസ്‌ മുറിയിലേക്കാണ് മാഷ് നയിച്ചത്. മൂക്കിലേക്കിറക്കി വച്ച കട്ടിക്കണ്ണടയിലൂടെ  ഹെഡ്‌ മിസ്ട്രസ്‌ കമലാക്ഷിയമ്മയുടെ തീഷ്ണ ദൃഷ്ടികള്‍  കുതറിത്തെറിച്ചെത്തുന്ന ആ റൂമിനെപ്പറ്റി ആര്‍ക്കും വലിയ മതിപ്പില്ലായിരുന്നു.

 ഓര്‍ഡറില്‍ മാറ്റം വരുത്താതെ, ബാക്ക്‌ ബെഞ്ച്‌ തോറ്റവര്‍ക്ക്‌ വേണ്ടി റിസര്‍വ്‌ ചെയ്ത്‌, ഇരുന്നുകഴിഞ്ഞപ്പോള്‍,  ഒരിക്കലും ഉണങ്ങാത്ത  വട്ടച്ചൊറി വലത് കാലില്‍ പേറി, കുറ്റിത്തലമുടി തടവി‌, ഇഗ്നേഷ്യസ്‌ സാര്‍ കേറി വന്നു.

"സാറാണോ ഞങ്ങടെ  ടീച്ചര്‍ ‍?"
ക്ഷമയുടെ വള്ളിച്ചരട്‌ മുറിഞ്ഞ ആരുടേയോ രോദനം.
"ങാ"
-ഉടുമുണ്ടല്‍പ്പമുയര്‍ത്തി കാലുകള്‍ മേശ‌യിലേറ്റി, കണങ്കാലിലെ രക്തശോഥം പ്രകാശനം ചെയ്ത്‌,  മാഷ്  മൂളി.
"ആരും ചാടിപ്പോയിട്ടില്ലല്ലോ? ആള്‍ പ്രസെന്റ്‌, അല്ലേ?": മേശയിലിരുന്ന മസ്റ്റര്‍ റോള്‍ സാര്‍ തുറന്നതേയില്ല.
"ശബ്ദമുണ്ടാക്കാതെ എന്തെങ്കിലുമെടുത്ത്‌ വായിക്ക്‌.‘
കസേരയിലേക്ക്‌ തല ചായ്ച്ച്‌ മയക്കത്തിലേക്കൂളിയിടും മുന്‍പ്‌ സാറിന്റെ ഓര്‍ഡര്‍ ‍.

‘ഏഴീ തന്നെ കെടന്നാ മത്യാര്‍ന്നു": ഏയെമ്മെസ്‌ എന്നറിയപ്പെടുന്ന സുബ്രഹ്മണ്യന്റെ  ആത്മഗതം. ‘ഒരു കൊല്ലം മുഴുവന്‍ ഈ ചൊറിയനെ സഹിക്കണ്ടേ?"

വരാന്തയില്‍ ചെരിപ്പിന്റെ ശബ്ദമുയര്‍ന്നപ്പോള്‍ ഉറക്കം ഞെട്ടിയ സാര്‍ മുരണ്ടൂ: "സൈലന്‍സ്‌"
വാര്യര്‍ മാഷുടെ തല വീണ്ടും വാതില്‍ക്കല്‍..
ഇടത് വശത്തെ ആദ്യ രണ്ട്‌ ബെഞ്ചുകളിലിരുന്നവരെ പിന്നിലേക്ക് മാറ്റിയിരുത്തിയ ശേഷം പുറത്തേക്ക്‌ നോക്കി മസൃണസ്വരത്തില്‍ അദ്ദേഹം വിളിച്ചു: "വാ....കേറി വാ"
അമ്പരപ്പിന്റെ പൂര്‍ണവൃത്തങ്ങള്‍ സൃഷ്ടിച്ച 36 ജോഡിക്കണ്ണുകളില്‍ അത്ഭുതത്തിന്റെ വര്‍ണവിതാനങ്ങളുയര്‍ത്തി, പറന്നെത്തുന്നൂ കുറെ ചിത്രശലഭങ്ങള്‍ ‍.
5,6,7....ആകെ എട്ട്.
"ഇരുന്നോളു;  ഈ രണ്ട്‌ ബെഞ്ചുകള്‍ നിങ്ങള്‍ക്ക്‌"

-എന്നിട്ട്‌ സര്‍വാണി സദ്യക്കെത്തിയവരോടുള്ള വിളമ്പുകാരന്റെ  മനോഭാവത്തോടെ  ഞങ്ങളെ നോക്കി ഒരു വിശദീകരണവും: "VIII B-യില്‍ കുട്ടികള്‍ കൂടുതലാ. അതിനാല്‍ ഇനി മുതല്‍ VIII C  മിക്സഡായിരിക്കും"
ഔദ്യോഗിക രേഖകള്‍ ഇഗ്നേഷ്യസ്‌ മാസ്റ്റര്‍ക്ക്‌ കൈമാറി, കീഴ്ത്താടി ചലിപ്പിച്ച്‌ ഒരു വില്ലന്‍ ചിരിയോടെ മാഷ്‌ നടന്നകന്നു.

‘അനിതാ, മേഴ്സി, ശാന്തകുമാരി.....'
ശലഭങ്ങളെ ഓരോരുത്തരേയായി  പരിചയപ്പെടുത്തിയ ശേഷം ഇഗ്നേഷ്യസ്‌ സാര്‍ ‍, ഓഫീസില്‍ നിന്നുള്ള മറ്റൊരു ‘ഇണ്ടാസ്‘ വായിച്ചു.
"ഇക്കൊല്ലം നിങ്ങടെ ക്ലാസ്സ്‌ ലീഡര്‍ ‍.....ദാ,  ഇവന്‍ ‍.."
സാറിന്റെ കൈകള്‍ എന്റെ നേരെ.
"അസിസ്റ്റന്റ്‌ ലീഡര്‍ : ശാന്തകുമാരി"
കണ്ണെഴുതി, ചന്ദനക്കുറി ചാര്‍ത്തി, മഞ്ഞ പാവാടയും മഞ്ഞ ബ്ലൗസും ധരിച്ച ആ കറുത്ത കുമാരിയെ എനിക്കല്‍പവും ഇഷ്ടമായില്ല. പക്ഷെ അനിതയെന്ന മഞ്ജുഭാഷിണി എപ്പോള്‍ എണീറ്റാലും,  ധൃതഗതിയിലൊരു നോട്ടം വലത്തോട്ട് പായിച്ചാലും, ഉച്ചസ്ഥായിലൊരു തബല മേളിക്കും  മനസ്സിനുള്ളില്‍ ‍.

ഒരാഴ്ച കഴിഞ്ഞിട്ടും ഇഗ്നേഷ്യസ്‌ സാര്‍ ക്ലാസ് തുടങ്ങിയില്ല. മററ്റുള്ളവര്‍ രണ്ടും മൂന്നും പാഠങ്ങള്‍ വീതം പിന്നിട്ടിരിക്കുന്നു. അപ്പോഴാണ് മാലതിടീച്ചറുടെ മകന്‍ മോഹന്‍ ദാസ് ബ്രേക്കിംഗ് ന്യൂസുമായെത്തിയത്: " ഇഗ്നേഷ്യസ്‌ സാര്‍ ലോങ്ങ്‌ ലീവില്‍ പോവുന്നു. നമുക്ക് പുതിയ ടീച്ചര്‍ വരുന്നു "

ഇഗ്നേഷ്യസ്‌ സാറിന്റെ അഭാവത്തില്‍, അന്ന്,  ക്ലാസല്‍പ്പം ശബ്ദായനമായിരുന്നു.
അടുത്ത ക്ലാസ്സില്‍ നിന്ന്  ജോസഫ്‌ മാഷെത്തി നോക്കി തിരക്കി:‘ആരാ ക്ലാസ്‌ ലീഡര്‍ ?"
ഞാന്‍ എണീറ്റ്‌ നിന്നു.
"ബഹളമുണ്ടാക്കുന്നവരുടെ പേര് നോട്ട് ചെയ്ത് വയ്ക്ക്‌.  ഞാന്‍ കുറച്ച്‌ കഴിഞ്ഞ്‌ വരാം."

അല്പനേരത്തേക്ക്  ക്ലാസ്‌ നിശ്ശബ്ദമായി.

ദീപാരാധനക്ക് നട തുറക്കുമ്പോള്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കുണ്ടാകുന്ന അസ്പര്‍ശ്യവും അദൃശ്യവുമായ ഒരു അനുഭൂതി ചുറ്റും പരക്കുന്ന പോലെ.
-ശംഖൊലി, മന്ത്രോച്ചാരണങ്ങള്‍ , മണിയൊച്ചകള്‍ ‍, പരിമള പൂരിതമായ ഇളം‌കാറ്റ്....

കണ്ണ് ചെന്ന് തറച്ചത് വാതിപ്പടി മറി കടക്കുന്ന വെളുത്ത് തുടുത്ത  രണ്ട് പാദങ്ങളിലാണ് .
ചിന്തേരിട്ട്‌ മിനുക്കി വാര്‍ണീഷടിച്ച ലക്ഷണമൊത്ത നഖങ്ങള്‍ ‍,
നീണ്ട വിരലുകള്‍ ‍,
ചുവന്ന വള്ളിച്ചെരിപ്പ്‌.
വെള്ളയില്‍ നീലപ്പൂക്കളുള്ള സാരിയില്‍ വിദഗ്ദ്ധമായി  മെനഞ്ഞ ഞൊറികളുടെ ചലനം.
നെഞ്ചോടടുക്കിയ റെജിസ്റ്റര്‍ ‍.
വിരിഞ്ഞ ആമ്പല്‍പ്പൂക്കളുള്‍ക്കിടയില്‍ ചലിക്കുന്ന രണ്ട് കരിവണ്ടുകള്‍
 -കോളേജ്‌ കുമാരിയുടെ ചടുലതയോടെ മുന്നില്‍ ഒരു മിന്നല്‍ക്കൊടി.

സ്ലോ മോഷനില്‍ എല്ലാരും എണീറ്റു.
"സിറ്റ്‌ ഡൗണ്‍ ‍"
ഇതളുകള്‍ വിടര്‍ന്ന് അരുണിമ ചുറ്റും പരന്നു.
"ഞാന്‍ നിങ്ങളുടെ പുതിയ ടീച്ചര്‍ ‍. പേര് സെലീന"

നെറ്റിയില്‍ കുറി,
കഴുത്തില്‍ ചന്ദന സ്പര്‍ശം,
വിതര്‍ത്തിട്ട മുടിയില്‍ തുളസീദളം.
 -പേര്‍ സെലീനയെന്നോ?

"ടീച്ചര്‍ ക്രിസ്ത്യാന്യാ?": ഏയെമ്മെസ്സിന്റെ വികടവാണി അനുഗ്രഹമായി തോന്നിയ അപൂര്‍വം സന്ദര്‍ഭങ്ങളിലൊന്ന്.
"എന്താ ഹിന്ദുക്കള്‍ക്ക്‌ സെലീനയെന്ന പേര്‍ പാടില്ലേ?"; റജിസ്റ്റര്‍ താഴെ വച്ച്, മേശമേല്‍ ചാരി നിന്നുകൊണ്ട്, പുഞ്ചിരിയോടെ ടീച്ചര്‍ മറുചോദ്യമെറിഞ്ഞു.
"ടീച്ചര്‍ടെ വീടെവിട്യാ?"
"പറയാം. ആദ്യം ഞാന്‍ നിങ്ങളെ പരിചയപ്പെടട്ടെ.’

ടീച്ചറുടെ അനര്‍ഗള വാക്‍ധോരണിയില്‍ സമയം കുതിരച്ചിറകേറി പറന്നു.

വീട് പെരുമ്പാവൂരില്‍ .
അച്ഛന്‍ കമ്മ്യൂണിസ്റ്റ് നേതാവായത് കൊണ്ടാണ് സെലീനയെന്ന പേര്‍ വന്നത്.
ബി എഡ്‌ പാസായി. ഇത് ആദ്യ ജോലി.  പുല്ലൂറ്റ് അമ്മായിയുടെ വീട്ടില്‍ താമസം.

എല്ലാവരും തൃപ്തരായെന്ന് തോന്നി.

"കല്യാണം കഴിച്ചതാ?"
കിട്ടിയ ചാന്‍സിനു സിക്സറടിക്കാന്‍ ക്രീസ്‌ വിട്ടിറങ്ങി, ഏയെമ്മെസ്‌.
"എന്താ.... ആലോചിക്കുന്നോ?"
കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.
ക്ലീണ്‍ ബൗള്‍ഡായ ഏയെമ്മെസ്‌ മഞ്ഞ മുഖവുമായി നിന്നു വിയര്‍ത്തു.

9.40 നെത്തുന്ന ശ്രീരാമജയം ബസ്സില്‍ നിന്ന് ടീച്ചര്‍ ഇറങ്ങുന്നത്‌ കാണാന്‍ സ്കൂളിലെ ചേട്ടന്മാര്‍ മാത്രമല്ല, പരിസരത്തെ ചെറുപ്പക്കാരും കാത്ത്‌ നില്‍ക്കും.
ദൃഷ്ടികള്‍ നിലത്തുറപ്പിച്ച്‌ തലയല്‍പം ചെരിച്ച്‌,  താളത്തിലുള്ള അന്നനട അനുകരിക്കാന്‍ പെണ്‍കുട്ടികള്‍ മത്സരിച്ചു.

ഏറ്റവും നല്ല ക്ലാസ്സിന് അശോകസ്തംഭത്തിന്റെ മാതൃകയിലുള്ള സ്തൂപിക സമ്മാനമായി പ്രഖ്യാപിച്ചപ്പോള്‍ സ്കൂള്‍ ആകെ ഒന്നിളകി മറിഞ്ഞു.
 ശുചിത്വം, അലങ്കാരങ്ങള്‍ ‍, അനുസരണ, കൃത്യനിഷ്ട, അറ്റന്‍ഡന്‍സ്‌, യൂണിഫോം എല്ലാം നോക്കി ഹെഡ്‌ മിസ്ട്രസ്‌, വാര്യര് ‍ മാഷ്‌, സംസ്കൃതം പണ്ഡിറ്റ്‌ സുബ്രമണ്യ അയ്യര്‍ ,  ഡ്രില്‍ മാഷ്‌  പിറ്റര്‍ സാര്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് വിജയിയെ പ്രഖ്യാപിക്കുക.

വിജയിയാകുന്ന ക്ലാസിന്റെ ലീഡര്‍ ‍, അസംബ്ലിക്ക് മുന്‍പ്, ആര്‍പ്പ് വിളികളുടേയും കൈയടികളുടേയും അകമ്പടിയോടെ ട്രോഫി തന്റെ ക്ലാസ്സിലേക്ക്‌ കൊണ്ട്‌ പോകും. സ്കൂള്‍ വിടും മുന്‍പ്‌ തിരിച്ചും.

സെലീനടീച്ചറുടെ നിര്‍ദ്ദേശപ്രകാരം മാസത്തില്‍ ആദ്യ ശനിയാഴ്ചകള്‍ ശുചീകരണ ദിനമായി. മുടക്ക് ദിവസമായിരുന്നിട്ടും ടീച്ചരുടെ സുഗന്ധം പരത്തുന്ന ആകര്‍ഷണവയലയത്തില്‍ നിന്ന് വിട്ടു നില്‍ക്കുവാന്‍ ആര്‍ക്കും മനസ്സുണ്ടാകാറില്ല.

രങ്കയ്യന്റെ കലാപാടവം കതിര്‍ മണികള്‍ കൊത്തിപ്പറക്കുന്ന പ്രാവുകളായ്‌ ബോര്‍ഡില്‍ വിരിഞ്ഞു.
മഹത്‌ വചനങ്ങള്‍ ചുമരിലെഴുതിയത്‌ ജോസും മഹിയും കൂടി.
മൂലയിലെ സ്റ്റൂളില്‍ വെള്ളം നിറച്ച കൂജയും  മേശപ്പുറത്ത്‌ പൂക്കൂടയും പ്രത്യക്ഷപ്പെട്ടു.
ക്ലാസ്‌,ഡിവിഷന്‍ ‍, ഡേറ്റ്‌, അറ്റന്‍ഡന്‍സ്‌, പഠിക്കുന്ന വിഷയം ഒക്കെ ബ്ലാക്ക്‌ ബോര്‍ഡില്‍ അപ്ഡേറ്റ്‌ ചെയ്യുന്ന ജോലി ക്ലാസ് ലീഡറുടേതായിരുന്നു.

ഉത്സാഹത്തിനും കഠിനാധ്വാനത്തിനും പ്രതിഫലം കിട്ടുക തന്നെ ചെയ്തു. ഇടക്കൊരു മാസം IX B-യിലെ പെണ്‍കുട്ടികള്‍ തട്ടിയെടുത്തതൊഴിച്ചാല്‍ എല്ലാ മാസവും റോളിംഗ്‌ ട്രോഫി ഞങ്ങളുടെ ക്ലാസ്സില്‍ തന്നെ വിശ്രമിച്ചു.

ലീഡറായത് കൊണ്ട് മാത്രമല്ല നന്നായി പഠിക്കുന്ന കുട്ടി എന്ന നിലയിലും ടീച്ചര്‍ക്കെന്നോട് പ്രത്യേക സ്നേഹമായിരുന്നു. കോമ്പോസിഷന്‍ ബുക്കുകള്‍ എടുക്കാന്‍ പോകുമ്പോഴും മാപ്പുകള്‍ ‍, ചാര്‍ട്ടുകള്‍ ‍, ചോക്ക്‌ കഷണങ്ങള്‍ എന്നിവക്ക് സ്റ്റാഫ് റൂമില്‍ പരതുമ്പോഴും തങ്കം ടീച്ചര്‍ കളിയാക്കും. "സെലീനാ, ദാ നിന്റെ 'പെറ്റ്‌‘ വന്നേക്ക്ണു.‘

പത്തിലെ ചേട്ടന്മാര്‍ ലിഷര്‍ പിരീഡുകളില്‍ ടീച്ചറുറ്റെ ദര്‍ശനത്തിന്കാ ജനലക്കരികില്‍ വരും. മുരടനക്കിയും കമെന്റടിച്ചും ടീച്ചറുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്ന അവരുടെ മുഖത്ത്, ഞാന്‍ ജനല്‍ കതകുകള്‍ വലിച്ചടക്കും.
-ചേട്ടന്മാരുടെ ശത്രുതയേക്കാള്‍ എത്രയോ വലുതാണു ടീച്ചറുടെ വശ്യസ്മിതത്തിന്റെ മധുരിമ!

ഗ്രാമര്‍ ക്ലാസെടുക്കയായിരുന്നു, ടീച്ചറന്ന്‍.
താഴെ വീണ ചോക്കെടുക്കാന്‍ ഒരു വശത്തേക്കവര്‍ കുനിഞ്ഞപ്പോള്‍ ‍, മാത്ര നേരത്തേക്ക്, സാരി ആ ശരീരത്തോട്‌ പിണങ്ങി.. ‍
അത്‌ വരെ ഗോപ്യമായിരുന്ന ചില വെളുത്ത് തുടുത്ത ശരീരഭാഗങ്ങള്‍ കണ്ണുകളില്‍ തെളിഞ്ഞു.
'ടാ...ആ പൊക്കിളു കണ്ടാ. ‘കുനിയന്‍ ഉറുമ്പിന്റെ‘ കുഴി പോലെ....": ഏയെമ്മെസ്‌ എന്നെ തോണ്ടി.
"ഷട്ടപ്‌" : ഞാന്‍ ചീറി.
-തെറ്റ്‌ ചെയ്ത കുട്ടിയുടെ അപരാധബോധത്തോടെ ചുവന്ന മുഖം ഞാന്‍ ഡെസ്കിലമര്‍ത്തി.
"എന്താ കുട്ടീ?": ടീച്ചര്‍ തിരക്കി.
"ഒന്നു....ല്യാ": ഞാന്‍ മുഖമുയര്‍ത്താതെ വിക്കി.

ഒരാഴ്ച ഏയെമ്മെസ് എന്നോട്‌ മിണ്ടാതെ നടന്നു‌.
ആ പ്രത്യേക നിമിഷത്തിലേക്ക്, ഇടക്കിടക്കുള്ള മനസ്സിന്റെ വഴുതിപ്പോകലിനെ പഴിച്ച്, ടീച്ചര്‍ക്ക് മുഖം കൊടുക്കാതെ ദിവസങ്ങള്‍ കഴിച്ച് കൂട്ടി, ഞാന്‍ ‍.
ഒടുവില്‍ ടീച്ചറെന്നെ പിടികൂടുക തന്നെ ചെയ്തു.
"എന്താ,  എന്നോട്‌ പിണക്കാ?'
"അല്ല": ഇടംകണ്ണുകൊണ്ടൊന്ന് നോക്കി, മുഖം താഴ്ത്തി ഞാന്‍ മന്ത്രിച്ചൂ:. " ടീച്ചറോടെനിക്ക് പിണങ്ങാനാവ്വോ?"

വര്‍ഷാവസാനം:
‘റിവിഷന്‍ ‍‘ കൊണ്ട്‌ പിടിച്ച്‌ നടക്കുന്നു.

ഉച്ചയൂണ് കഴിഞ്ഞ്‌ വന്നപ്പോഴാണു മോഹന്‍ദാസ്‌ ആ ബോംബ് പൊട്ടിച്ചത്‌: സെലീനാ ടീച്ചര്‍ക്ക് കല്യാണം!
"പിന്നെ... ഇത്ര ചെറുപ്പത്തിലേ കെട്ടാന്‍  ടീച്ചര്‍ക്കെന്താ വട്ടാ?": എനിക്കാ വാര്‍ത്തയത്ര ദഹിച്ചില്ല.
"സത്യാടാ...അമ്മ പറഞ്ഞതാ.... ടീച്ചറിപ്പോ താമസിക്കുന്ന വീട്ടിലെ ചേട്ടനാണ് കെട്ടുന്നത്.‍"

മനസ്സിന്റെ ഇടനാഴിയിലെവിടേയോ ഉരുള്‍ പൊട്ടലുകള്‍....
പെയ്യാന്‍ വെമ്പുന്ന കാര്‍ മേഘങ്ങള്‍ കണ്ണുകളില്‍ ഇരമ്പി.

രോഹിണി ടീച്ചറുടെ ക്ലാസില്‍ കയറാതെ പുറത്തിറങ്ങി, ഞാന്‍ ടീച്ചേഴ്സ്‌ റൂമിനെ വലം വച്ചു.
ജനലിലൂടെ നോക്കിയപ്പോള്‍ കോമ്പോസിഷന്‍ ബുക്കുകള്‍ കറക്റ്റ് ചെയ്യുകയാണ് ടീച്ചര്‍ ‍.
കുറച്ചകലെ രണ്ട്‌ ടീച്ചര്‍മാര്‍ ആരുടേയോ കുടുംബരഹസ്യങ്ങള്‍ കടിച്ച്‌ പറിയ്ക്കുന്ന തിരക്കിലാണ് ‍.
"സാമൂഹ്യപാഠം ക്ലാസ്സല്ലേ ‍?" ടീച്ചറെന്നെ കണ്ടു കഴിഞ്ഞു.
"അതെ"
"മാപ് എടുക്കാന്‍ വന്നതാണോ?"
"അല്ല": ഞാന്‍ മുറിയില്‍ കയറി, മേശക്കരികിലേക്ക്‌ നീങ്ങി.
ടീച്ചറുടെ കണ്ണുകള്‍ എന്റെ മുഖത്ത്‌ തന്നെ തറച്ച്‌ നില്‍ക്കുന്നതായി ഞാനറിഞ്ഞു.
വിതുമ്പാന്‍ വെമ്പുന്ന ഭാ‍വം ടീച്ചര്‍ ശ്രദ്ധിച്ചിരിക്കണം.
"എന്താ പറ്റീത്‌?"
ടീച്ചര്‍ എന്റെ  താടി പിടിച്ചുയര്‍ത്തി‍.
"ടീച്ചര്‍ കല്യാണം കഴിക്കാന്‍ പോക്വാ?":
വാക്കുകള്‍ ഞെരിഞ്ഞമര്‍ന്ന് വെളിയില്‍ ചാടി.
"എന്താ.... കഴിക്കണ്ടേ?"
നോക്കിയപ്പോള്‍ പുഞ്ചിരിയുടെ തെളിമയും സങ്കോചത്തിന്റെ രക്താഭയുമുണ്ടാ മുഖത്ത്.
"വേണ്ട, ഇപ്പോ വേണ്ടാ":
കരച്ചിലിന്റെ നനവോടെയുയര്‍ന്ന ശബ്ദം മറ്റു ടീച്ചര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്ര ഉച്ചത്തിലായിരുന്നു.

എണീറ്റ്, ഒരു സ്റ്റൂള്‍ വലിച്ചിട്ട്, തോളില്‍ പിടിച്ച്‌ വാത്സല്യത്തോടെ ടീച്ചര്‍ പറഞ്ഞു: "ഇരിക്ക്‌. ഞാന്‍ പറയട്ടേ....’
"ടീച്ചര്‍ സമ്മതിച്ചോ?"
എനിക്കതാണറിയേണ്ടത്.
അവര്‍ തലയാട്ടി.

നക്ഷത്രങ്ങള്‍ വെളിച്ചം വിതറുന്ന വലിയ കണ്ണുകളില്‍ അനുകമ്പയുടെ നീല നിറം പടര്‍ന്നു.
വിവാഹം വീട്ടുകാര്‍ തീരുമാനിച്ചതാണ്.  അമ്മായിയുടെ മകനാണ് വരന്‍ ‍‍.  നേവിയിലായിരുന്ന അയാള്‍ വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി‌ വന്നത് തന്റെ പിടിവാശി മൂലമാണ്. സ്നേഹമുള്ളയാളാണ്. പിന്നെ അമ്മായിയാണെങ്കില്‍ തനിക്ക് അമ്മയേക്കാള്‍ പ്രിയപ്പെട്ടവളും.

പുതിയ അദ്ധ്യയന വര്ഷം:
വേര്‍പാടിന്റെ വേദനയിലും ഞാന്‍ ഒളിച്ച് ചെല്ലും, ടീച്ചര്‍ ക്ലാസ്സെടുക്കുന്നത് കേട്ട് നില്‍ക്കാന്‍ . കണ്ണില്‍ പെട്ടാല്‍ ഒരു നിറചിരി. എനിക്കത് മതിയായിരുന്നു.  വെളുത്ത്‌ തുടുത്ത ആ നെറ്റിക്ക് സിന്ദൂരക്കുറി ഒട്ടും ചേരുന്നില്ലല്ലോ എന്ന് മനസ്സ് പറഞ്ഞു.

ആകസ്മികമായാണ് സ്ഥലം മാറ്റം വാങ്ങി, ഒരു വിട പറയിലിന് പോലും അവസരം തരാതെ, ടീച്ചര്‍ അപ്രത്യക്ഷയായത്.
എവിടെ, എത് സ്കൂളില്‍ ‍?
മോഹന്ദാസിനും എന്നെ സഹായിക്കാനായില്ല.

-വര്‍ഷസാഗരങ്ങള്‍ കാലതീരത്തിന്റെ ചുറ്റുമതിലുകളില്‍ തൊട്ടും തലോടിയും ഭേദിച്ചും മുറിവേള്‍പ്പിച്ചും ചുങ്കമോ കടത്ത്‌ കൂലിയോ കൊടുക്കാതെ പ്രവഹിച്ച് കൊണ്ടിരുന്നു.

ദുബായില്‍ നിന്ന് രണ്ടാം വട്ടം നാട്ടിലെത്തിയപ്പോള്‍ അച്ഛനുമമ്മക്കും നിര്‍ബന്ധം: വേണം ഇനി ഞങ്ങള്‍ക്കൊരു മരുമകള്‍ ."
കാരുമാത്രയിലെ കൊച്ചമ്മായി പറഞ്ഞു:"ഞങ്ങടെ തെക്കേതില്‍ ഒരു കുട്ടിയുണ്ട്‌. നീ വന്ന് കാ‍ണ്.. ഇഷ്ടായാ ആലോചിക്കാല്ലോ/"

കൊടക്കാപ്പറമ്പ്‌ അമ്പലത്തിന്നരികെ ബസ്സിറങ്ങി അമ്പലപ്പറമ്പ്‌ താണ്ടിയാല്‍ കാണാം പാടത്തിന്നക്കരെയുള്ള കൊച്ചമ്മായിയുടെ വീട്‌.
നടക്കാന്‍ തുടങ്ങിയപ്പോള്‍ കൊച്ചമ്മായിയുടെ ഇളയ മകള്‍ നീല-വെള്ള സ്കൂള്‍ യൂണിഫോമില്‍ മുമ്പില്‍.
തോളില്‍ ഭാരിച്ച ബാഗ്‌.
"താ, ഞാന്‍ പിടിക്കാം': ഞാന്‍ കൈ നീട്ടി.
"വേണ്ടാ, എന്നും വരോ ഈ സമയത്ത്‌ എന്റെ ബാഗ്‌ താങ്ങാന്‍ ‍?": എന്നായി കാന്താരി.
‘പെണ്ണ് കാണാന്‍ പോക്വാ ല്ലേ? മുറപ്പെണ്ണ് ഞാനാ, മറക്കണ്ടാ”: അവളുടെ മുഖത്തൊരു ശൃംഗാര ഭാവം.
‘ഒരെട്ട് പത്ത് വര്‍ഷം മുന്‍പ് നിനക്കീ ഭൂമിലേക്ക് ഇറങ്ങായിരുന്നില്ലേ? എനിക്ക് പെണ്ണ് തേടി കഷ്ടപ്പെടാതെ കഴിക്യായിരുന്നു.’ എന്നായി ഞാന്‍ ‍.
"ചേട്ടന് ഒരു സെലീനാടീച്ചറെ ഓര്‍മ്മയുണ്ടോ? “
പെട്ടെന്നവള്‍ വിഷയം മാറ്റി.

ഓര്‍മ്മകള്‍ കുളിരുള്ള ഒരു മഴച്ചാറ്റലായി മനസ്സില്‍ പെയ്തിറങ്ങി.
ടീച്ചറിനെ പൊതിഞ്ഞ്‌ നില്‍ക്കാറുള്ള സുഖമുള്ള പരിമളം ചുറ്റും പടരുന്നതായി തോന്നി..
'സെലീനാടീച്ചര്‍ ‍, എന്റെ പ്രിയ ടീച്ചര്‍ ‍,': മനസ്സുരുവിട്ടു..
"ഞങ്ങടെ ക്ലാസ്‌ ടീച്ചറാ": അഭിമാനത്തോടെ അവള്‍ പറഞ്ഞു.
മനസ്സിലൊരായിരം കുരുവികള്‍ ചിറകടിച്ചുയര്‍ന്നു..
"കരൂപ്പടന്ന സ്കൂളിലാണോ ടീച്ചറിപ്പോള്‍?"
"അതെ. മൂന്നാലു വര്‍ഷായി..... ടീച്ചറെപ്പഴും പറയും ആദ്യ ജോലി... ആദ്യ സ്കൂള്‍ ‍.... ആദ്യ ക്ലാസ്‌... പിന്നെ പറയുക ചേട്ടനെപ്പറ്റിയാ. നന്നായി പഠിക്കും, പ്രസംഗിക്കും എന്നൊക്കെ....... "
അവള്‍ തുടര്‍ന്നൂ: "പുരാണം കേട്ട്‌ സഹി കെട്ടപ്പൊ ഞാനെണീറ്റ്‌ നിന്ന് പറഞ്ഞു, ടീച്ചര്‍ പറയുന്ന ആ ആള്‍ എന്റെ ചേട്ടനാന്ന്....ടീച്ചര്‍ ചേട്ടന്റെ വിശേഷങ്ങളൊക്കെ ചോദിച്ചു.
‘എന്നേം വല്യ ഇഷ്ടാ ടീച്ചര്‍ക്ക്‌": അവള്‍ കൂട്ടിച്ചേര്‍ത്തു.
"എന്നാ ടീച്ചറോട്‌ പറയ്... നാളെ ഞാന്‍ ടീച്ചറെ കാണാന്‍ വരുന്നൂന്ന്."
"ഉവ്വോ? സത്യായും?  ടീച്ചെര്‍ക്കെന്ത്‌ സന്തോഷാവൂന്നോ?"

സ്കൂളിലെത്തിയപ്പോള്‍ ഓഫീസ് വിജനം.
വരാന്തയില്‍ നിന്ന കുട്ടി എതിര്‍ വശത്തുള്ള ക്ലാസ്‌ റൂമിലേക്ക്‌ വിരല്‍ ചൂണ്ടി.

നടന്നടുത്തപ്പോള്‍ ടീച്ചറുടെ ഗന്ധം എന്നെത്തേടിയെത്തി. അല്‍പം കൊഞ്ചലുള്ള ആ സ്വരം കാതുകളില്‍ കിലുങ്ങി.

അപ്പോഴേക്കും കാന്താരി ഓടിയെത്തി.
പിന്നാലെ ടീച്ചറും.
വര്‍ഷങ്ങള്‍ ആ ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രകടമായിരുന്നു.
പക്ഷേ വാത്സല്യം കോരി നിറച്ച വലിയ കണ്ണുകള്‍ക്കും  ഇതളുകള്‍ വിടര്ത്തിയുള്ള കുറുമൊഴിപ്പൂംചിരിക്കും ഒരു മാറ്റവുമില്ല..

"വാ", എന്റെ കൈയില്‍ പിടിച്ചു കൊണ്ടവര്‍ ടീച്ചേഴ്സ്‌ റൂമിലേക്ക്‌ നടന്നു.
ഉരിയാടാതെ കുറേ നേരം പരസ്പരം നോക്കിയിരുന്നൂ.
പിരീഡവസാനിച്ചപ്പോള്‍ എത്തിയ  ടീച്ചേഴ്സിന് എന്നെ പരിചയപ്പെടുത്തി.
“ഞാന്‍ പറയാറില്ലേ, നടവരമ്പ്‌ സ്കൂളിലെ എന്റെ ആദ്യ സ്റ്റുഡന്റ്‌!"

-ആദ്യ വിദ്യാര്‍ത്ഥി?
ബാക്കിയുള്ള 31 പേരുകള്‍ ഏത്‌ ക്രമനമ്പറില്‍ ആയിരിക്കും ടീച്ചറുടെ മസ്റ്റര്‍ റോളില്‍ ‍?

സ്കൂളിന്നടുത്ത്‌ തന്നെയാണു ടീച്ചര്‍ താമസിച്ചിരുന്നത്‌.
രണ്ട്‌ മക്കള്‍ :മഞ്ജുള, മൃദുല.
മൂത്തവള്‍ 7-ല്‍, ഇളയവള്‍ 5-ലും‍.
ഭര്‍ത്താവിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ വിരസതയോടെ അവര്‍ പറഞ്ഞൂ:“ഇന്‍ഷൂറന്‍സ് ഏജന്റല്ലേ?  നാടു തെണ്ടി നടക്കുന്നു.”

ഉച്ചയൂണിനു സമയമാകും വരെ ഞങ്ങള്‍ സംസാരിച്ചിരുന്നു.
'വാ, എന്റെ ഡബ്ബ ഷെയര്‍ ചെയ്യാം; അല്ലെങ്കില്‍ ഹോട്ടലീന്ന്"
"വേണ്ടാ ടീച്ചര്‍ ‍. ഉണ്ണാന്‍ വീട്ടിലെത്താമെന്ന് പറഞ്ഞിട്ടുണ്ട്‌.": ഞാനെണീറ്റു.
"പോകും മുന്‍പ്‌ വീട്ടില്‍ വരണം"
അഡ്രസ്സെഴുതിയ കടലാസ്‌ അവര്‍ എന്റെ പോക്കറ്റില്‍ തിരുകി.
"കല്യാണത്തിനു ക്ഷണിക്കുമല്ലോ?”: യാത്ര പറയുമ്പോള്‍ കുസൃതിയോടെ തലയല്‍പം ചരിച്ച്, കൃഷ്ണമണികള്‍ മേലോട്ടുയര്‍ത്തി നിഗൂഢമായി ചിരിച്ചു, ടീച്ചര്‍ .

തിരക്കുകള്‍ക്കിടയില്‍ ടീച്ചറെ വീണ്ടും കാണാനൊത്തില്ല.
ആ വെക്കേഷനില്‍ കല്യാണം നടക്കാതിരുന്നതിനാല്‍ പോക്കറ്റില്‍ തിരുകിയ കടലാസ് കഷണത്തേയും മറന്നു. .

രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും കൊച്ചമ്മായിയുടെ വീട്ടിലെത്തിയപ്പോള്‍ കാന്താരിയാണു പറഞ്ഞത്‌, ടീച്ചര്‍ സ്ഥലം മാറി പോയെന്ന്.
ഭര്‍ത്താവ്‌ ബൈക്കപകടത്തില്‍ മരിച്ചെന്നും.
കാന്താരി ഒഴിവായ സമയം നോക്കി കൊച്ചമ്മായിയുടെ മൂത്ത മോന്‍ അന്നാസ്‌ രഹസ്യമായി  പറഞ്ഞു:
"ടീച്ചറും ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു.കള്ള് കുടിച്ച് വീട്ടില്‍ വന്ന് ടീച്ചറെ അയാള്‍ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. മക്കള്‍ രണ്ടും അയാളുടെതല്ലത്രേ!  ബൈക്കിടിച്ചയാള്‍ ചത്തത്‌ നന്നായി, അല്ലെങ്കില്‍ നാട്ടുകാര്‍ തല്ലിക്കൊന്നേനെ."

എന്റെ തൊണ്ടയില്‍ ഒരു കുന്ന് സങ്കടം വന്ന് കുമിഞ്ഞു.
ശ്വാസനാളം പിടഞ്ഞു.
ഓര്‍മ്മയുടെ തീരശ്ശീലയില്‍ സെലീനാടീച്ചറുടെ  മുഖം ഓളങ്ങളില്‍പ്പെട്ടൊഴുകി.
അന്നാസ്‌ പറഞ്ഞുകൊണ്ടിരുന്നു:
"സത്യത്തില്‍ ടീച്ചറും മക്കളും രക്ഷപ്പെടുകയായിരുന്നെന്നാ ഞങ്ങള്‍ പറയുക: അത്ര. വല്യൊരു തുകയല്ലേ ഇന്‍ഷൂറന്‍സീന്ന് കിട്ടീത്‌"