മുംബൈയിലെ ഔദ്യോഗികാവശ്യങ്ങള്‍ ഒറ്റ ദിവസം കൊണ്ട് തീത്ത്, ഡിന്നര്‍പാര്‍ട്ടി സ്കിപ്‌ചെയ്ത്, ബാംഗളൂരിലേക്ക് പറന്നൂ, ഞാന്‍; നാലു മാസങ്ങള്‍ക്ക് മുന്‍പ് ബാള്‍ഡ്‌വിന്‍സ് ബോയ്സ് ഹൈസ്കൂളിലേക്ക് പറിച്ച് നടപ്പെട്ട മകനെ സന്ദര്‍ശിക്കാന്‍.
മെസ്സിലെ ‘പുല്ല് തോരനും ഉണക്കച്ചപ്പാത്തിയും‘ ഭക്ഷിച്ച്, അമുല്‍ബേബി പോലിരുന്ന പ്രിയപുത്രന്‍ അപ്പോഴേക്കും അഭയാത്രിക്കോലത്തിലായിരുന്നു. അപ്രതീക്ഷിതമായി കണ്ടപ്പോള്‍അമ്പരന്നു നിന്നു, അവന്‍; പിന്നെ ഓടി വന്ന് കെട്ടിപ്പിടിച്ച് തേങ്ങി.
പ്രിന്‍സിപ്പിളച്ചന്റെ കൈയും കാലും പിടിച്ച്, രണ്ട് ദിവസത്തെ ലീവ് വാങ്ങി, ബ്രിഗേഡിയര്‍ റോഡിലെ ഹോട്ടലിലെത്തിയപ്പോള്‍, അവന് സ്വര്‍ഗത്തിലെത്തിയ സന്തോഷം.
"അച്ഛനറിയോ, ഡോര്‍മിറ്ററി നിറയെ മൂട്ടയാ... ഭക്ഷണം കാണുമ്പോഴേ ഛര്‍ദ്ദിക്കാന്‍വരും. പിന്നെ ഒരു ചീഞ്ഞ നാറ്റവും. ഇക്കൊല്ലം എങ്ങിനെയെങ്കിലും സഹിക്കാം. പക്ഷേ അടുത്ത കൊല്ലം എന്നെ വേറെവിടെയെങ്കിലും.....': അവന് ആവശ്യപ്പെട്ടു.
നിറുത്താതെ സംസാരിച്ചും ടീ വി ചാനലുകള്‍മാറി മാറി കണ്ടും രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നതിനാല് വൈകിയാണുറക്കമുണര്‍ന്നത്. റെസ്റ്റോറന്റിലെത്തിയപ്പോള്‍ ബുഫേ ബ്രേക്‌ഫാസ്റ്റ് മാറ്റി, ടേബിളില്‍ ലഞ്ച് അറേഞ്ച് ചെയ്യുന്നു, വെയ്റ്റര്‍മാര്‍.
"ഇല്ലാ സാര്‍, ഇനി ലഞ്ച്‌മട്ടും താന്‍': തമിഴന്‍ വെയ്റ്റര്‍ കൈമലര്‍ത്തി.
അപ്പോഴാണു പിന്നില്‍ നിന്നൊരു കളകൂജനം:"മെ ഐ ഹെല്‍പ്‌യൂ, സര്‍?'
ഇളം നീല ഷെര്‍ട്ടും കറുത്ത പാന്റ്സും ബോ ടൈയും ധരിച്ച, വടിവൊത്ത ശരീരഘടനയും ഇരുണ്ട നിറവുമുള്ള, ഒരു തമിഴ് പെണ്‍കൊടി. കൈയില് ഓര്‍ഡര്‍ ബുക്ക്‍, തിളങ്ങുന്ന രണ്ട് താരങ്ങള്‍ മുഖത്ത്.
'റവ ദോശയെടുക്കാം, സര്‍. ബാക്കിയെല്ലാം കഴിഞ്ഞു.'
അത്ഭുതത്തോടെ തിരിഞ്ഞ് നോക്കി:കണ്ടാല്‍തമിഴ്, സംസാരം മലയാളത്തില്‍.
"മലയാളിയെന്ന് എങ്ങനെ മനസ്സിലായി?" : ഞാന്‍ചോദിച്ചു.
'സര്‍ മകനുമായി സംസാരിക്കുന്നത് കേട്ടു. ബ്രേക് ഫാസ്റ്റിന്റെ സമയം കഴിഞ്ഞൂ, സര്‍. സ്റ്റാഫ് മെസ്സില്‍നിന്ന് റവ ദോശ സംഘടിപ്പിച്ച് തരാം, മതിയോ?"
ആളൊഴിഞ്ഞ റെസ്റ്റോറന്റിലിരുന്ന് റവദോശയും കോഫിയും അകത്താക്കുമ്പോള്‍ അവള്‍ ടെബിളിനടുത്ത് തന്നെ നിന്നു, നിഷ്കളങ്കത വാരിപ്പൂശിയ പുഞ്ചിരിയുമായി.
പേര് ഗാഥ.
അനന്തപുരിയില്‍വീട്.
കാറ്ററിംഗ് കോളേജിലെ കോഴ്സ് പൂര്‍ത്തിയാക്കി, ട്രെയിനിയായി ഇവിടെയെത്തിയിട്ട് ഒരാഴ്ചയാകുന്നു.
'ഡ്യൂട്ടിയെത്ര മണി വരേയാ? ഞങ്ങള്‍ ബാംഗളൂര്‍ ചുറ്റാന്‍ പോകുന്നു. കൂടെ വരുന്നോ?' :ഞാന്‍ ചോദിച്ചു.
'സോറി സര്‍, ഗസ്റ്റിന്റെ അടുത്ത് ഒരു പരിധിയില്‍ കൂടുതല് സംസാരിക്ക കൂടി ചെയ്യരുതെന്നാ നിയമം.' : അവള്‍ ഒഴിഞ്ഞ്‌മാറി. "കാര്‍ വേണമെങ്കില് അറേഞ്ച് ചെയ്ത് തരാം.’
തുറന്ന പെരുമാറ്റവും ചടുലമായ സംസാരരീതിയും കൊണ്ട്, ഹോട്ടല്‍വിടും മുന്‍പേ, അവള് ഞാനുമായി വളരെ അടുത്തു. മോനെപ്പറ്റി വിഷമിക്കരുതെന്നും ഹോസ്റ്റലില്‍പോയി ഇടക്കിടെ താനവനെ സന്ദര്‍ശിച്ചു കൊള്ളാമെന്നും ഏറ്റു, അവള്‍.
കത്തുകളിലൂടെ ഞങ്ങളുടെ സൗഹൃദം തുടര്‍ന്നു, പരിധികള്‍ ലംഘിക്കുന്നത്ര ഉദാരതയോടെ.
അച്ഛന്‍ സെക്രട്ടേറിയറ്റില്‍ സെക്‍ഷന്‍ഹെഡ്,
അമ്മ ഹൈസ്കൂള്‍ ഹെഡ്‌മിസ്ട്രസ്സ്.
ഇരട്ട പിറന്ന ഗീതയെന്ന ഒരനിയത്തി കൂടിയുണ്ടവള്‍ക്ക്.
'നിറം അല്പം കുറവായതിനാലോ 7 മിനിറ്റ് മുന്‍പേ പിറന്നത് കൊണ്ടോ എന്തോ, ചെറുപ്പം മുതല്‍ ഗീതയാണ് വീട്ടിലെ താരം. ഞാനാണെങ്കില്‍ തന്റേടിയും തല്ലുകൊള്ളിയും. ചുറ്റുവട്ടത്തെ ആണ്‍കുട്ടികളുമൊത്ത് പന്ത് കളിക്കയും അടിപിടികൂടുകയുമൊക്കെ ആയിരുന്നു എന്റെ വിനോദങ്ങള്‍. ഭക്ഷണം കഴിക്കാന്‍ സമയാസമയം വീട്ടിലെത്തുക തന്നെ അപൂര്‍വം‘ :അവളെഴുതി.
പ്ലസ്‌ടുവിനു നല്ല മാര്‍ക്കുണ്ടായിരുന്നിട്ടും ഹോട്ടല്‍ മാനേജ്‌മന്റ് പഠിക്കാനാണവള്‍ നിശ്ചയിച്ചത്.
"എത്രയും വേഗം സ്വന്തം കാലില്‍നില്‍ക്കണമെന്ന വാശിയായിരുന്നെനിക്ക്‘
"നിന്നെ ഐപിയെസ്സും ഗീതയെ ഐയേയെസ്സും ആക്കണമെന്നാ ഞങ്ങളുടെ ആഗ്രഹം" : അച്ഛനമ്മമാര്‍ മനസ്സ് തുറന്നു.
ഉപദേശിച്ചിട്ടും കരഞ്ഞ് കാല്‍പിടിച്ചിട്ടും ഗാഥ തന്റെ തീരുമാനത്തില്‍ ഉറച്ച് നിന്നൂ.
‘ചൊല്ലിക്കൊട്, തല്ലിക്കൊട്, തള്ളിക്കള എന്നാ കാരണവന്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഞാന്‍ ഇത് മൂന്നും ചെയ്തതായി ധരിച്ചോളു നീ‘ എന്നാ അവസാനമായി അച്ഛന്‍പറഞ്ഞത്."
മാംഗളൂരിലെ കോളേജിലേക്ക് അപേക്ഷ അയച്ചതും ഇന്റര്‍വ്യൂവിനു പോയതുമെല്ലാം തനിയേയായിരുന്നു.
'ഞാനങ്ങിനേയാ, ഒരു കാര്യം മനസ്സിലുറപ്പിച്ചാല്‍ പിന്നെ പിന്‍മാറില്ല", അവള്‍ തുടര്‍ന്നു: 'അതിനു ശേഷം അച്ഛന്‍എന്നോട് സംസാരിച്ചിട്ടില്ല. വീക്കെന്റുകളിലും വെക്കേഷനുകളിലും ഞാന് ഹോസ്റ്റല്‍ റൂമില്‍തന്നെ ചടഞ്ഞ്‌കൂടും. അല്ലെങ്കില്‍ ഏതെങ്കിലും കൂട്ടുകാരുടെ വീട്ടില്‍ ഇടിച്ച്‌കേറും. വല്ലപ്പോഴും വീട്ടില്‍പോയാല്‍ അമ്മയെ കണ്ട് തിരിച്ച്‌പോരും"
'അനിയത്തിയോ?" :ഞാന്‍തിരക്കി.
മറുപടിക്കത്തില്‍ ഒരു ഫോട്ടോ ഉണ്ടായിരുന്നു.
മുടി രണ്ട്‌വശത്തും പിന്നിയിട്ട്, നീല റിബണ്‍കെട്ടി, മജെണ്ട കളറിലുള്ള സ്കൂള്‍യൂണീഫോമണിഞ്ഞ് നില്‍ക്കുന്ന ഗാഥയും ഗീതയും.
പല്ലുകള്‍ വെളിയില്‍കാണും വിധം ചിരിച്ച് ഒരാട്ടിന്‍കുട്ടിയുടെ നിഷ്കളങ്കതയോടെ ഗീത, ഉള്ളിലൊളിപ്പിച്ച കുസൃതിയും കപടഗൗരവുമായി ഗാഥ.
"മനസ്സിലായിക്കാണുമല്ലോ? അവള്‍ ഒരു പാവമാ. എന്നെപ്പോലല്ല."
ബ്ലാക്ക്‌ആന്‍ഡ്‌വൈറ്റ് ചിത്രമായിരുന്നെങ്കില്‍ രണ്ട്‌പേരേയും പരസ്പരം തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ലെന്ന് അത്ഭുതം കൂറീ, ഞാന്‍.അത്ര പ്രകടമാണ് നിറവ്യത്യാസം.
"റെസ്റ്റോറന്റില്‍ ഗസ്റ്റുകളുടെ ഓര്‍ഡര്‍എടുക്കുമ്പോള്‍ എന്റെയുള്ളില്‍ നിന്ന് പലപ്പോഴും ഒരു ചിരി തികട്ടി വരും.": അവളുടെ മറുപടിക്കത്ത്:
"സര്‍, യു വാണ്ട് യുവര്‍ സ്റ്റീക്‘ റെയര്‍, നോര്‍മല് ഓര്‍ വെല്‍ഡണ്‍‘ എന്ന് ചോദിക്കുമ്പോഴാണത്. യു നോ വൈ? ബിക്കാസ്‌മൈ മദര്‍ഈസ്‌റെയര്‍, ഗീത ഈസ് നോര്‍മല്‍ ആന്‍ഡ് അയാം വെല്‍ഡണ്‍!'‘
ലെ മെരിഡിയ‘നില്‍ ജോലി കിട്ടി ചെന്നൈയിലെത്തിയതും സെബി എന്ന് വിളിക്കുന്ന സെബാസ്റ്റ്യനുമായി പ്രണയത്തിലായതും വിശദമയെഴുതി, അവള്‍.
"അച്ചായനല്ലേ? വിശ്വസിക്കാമോ?': ഞാന്‍ചോദിച്ചു.
' ജനിച്ചതും വളര്‍ന്നതും ഹൈദരാബാദിലാ. അതോണ്ടത്ര കളിപ്പീര് പാര്‍ട്ടിയല്ലെന്ന് തോന്നുന്നു."
ക്വിസ്സ് പ്രോഗ്രാമില്‍പങ്കെടുക്കുന്നവരോട് അവതാരകര്‍ചോദിക്കുന്ന ഒരു ചോദ്യം sms ആയി എറിഞ്ഞൂ, ഞാന്‍:"r u confident?'
ഉടന്‍വന്നൂ മറുപടി:
‘yes, i am ! അടുത്ത്‌തന്നെ സെബിക്ക് ഒരു പ്രൊമോഷനുണ്ടാകും. അതിന് ശേഷം ഞങ്ങടെ കാര്യം വീട്ടിലവതരിപ്പിക്കാമെന്നേറ്റിരിക്കയാ, പുള്ളി".‘
നല്ലീസ് സില്‍ക്സി‘ലെ ദൊരൈസ്വാമി അയ്യര്‍(ജീവിച്ചിരിപ്പില്ല) നിര്‍ബന്ധിച്ചതിനാലാണ്, ചെന്നൈയില്‍, അദ്ദേഹത്തിന്റെ സതീര്‍ത്ഥ്യന്‍ പണിയുന്ന ബില്‍ഡിംഗില്‍ ഞാനൊരു ഫ്ലാറ്റ് ബുക്ക് ചെയ്തത്."ഫൌണ്ടേഷന്‍ തുടങ്ങിയിട്ടേയുള്ളൂ, എങ്കിലും ലൊക്കേഷനും എലിവേഷനും ഒക്കെ ഒന്ന് മനസ്സിലാക്കുന്നത് നല്ലതാ': സ്വാമി ഉപദേശിച്ചു.
" ഞാന്‍ ലീവെടുക്കാം.രണ്ട് ദിവസം നമുക്കടിച്ച് പൊളിക്കണം": എന്റെ ചെന്നൈ സന്ദര്‍ശനത്തെപ്പറ്റി പറഞ്ഞപ്പോള്‍ ഫോണില്‍ അവളുടെ ആഹ്ലാദം തുളുമ്പുന്ന സ്വരം.
"നിന്റെ ഹോട്ടലില്‍ എനിക്കൊരു റൂം ബുക്ക് ചെയ്യൂ': ഞാന് ആവശ്യപ്പെട്ടു.
"എന്റെ ഹോട്ടലില്‍ വേണ്ടാ. അതസൌകര്യമാകും, അറിയാല്ലോ? ഡീ സീ മാനറിന്റെ മാനേജര്‍ പരിചയക്കാരനാ. അവിടെ മതി"
പിരമിഡ് ഫിലിംസ്ന്റെ ഉടമയായ എന്റെ സ്നേഹിതന്‍ നാഗരാജന്റെ കൂടെ, ചെന്നൈ എയര്‍പോര്‍ട്ടില്‍ ഗാഥയും സെബിയും കാമിനിയും കാത്ത് നിന്നിരുന്നു.
തുടുത്ത് സ്ത്രൈണത മുറ്റിയ ശരീരവും നീല കണ്ണുകളുമുള്ള ഒരു കോമ്പ്ലാന്‍ കുട്ടപ്പനായിരുന്നു സെബി. ഗാഥയുടെ റൂം മേറ്റ് കാമിനി എന്ന എലുമ്പി ടാറ്റയില് ഐ ടി പ്രോഗ്രാമര്‍.
ഹോട്ടലില്‍ ‘ചെക്ക്‌ഇന്‍‘ ചെയ്തപ്പോള്‍ രാത്രി 8 മണി.
"കാലത്ത് കാണാം. ബില്‍ഡിംഗ് സൈറ്റ് സന്ദര്‍ശിച്ച ശേഷം എന്നെ ഓഫീസില്‍ ഡ്രോപ് ചെയ്ത്, കാറുമായി നിങ്ങള്‍പൊയ്ക്കോളൂ. അടുത്ത രണ്ട് ദിവസം വണ്ടിയും ഡ്രൈവറും നിങ്ങള്‍ക്ക് സ്വന്തം" : രാജു എന്ന് വിളിക്കുന്ന നാഗരാജന്‍പറഞ്ഞു.
"എങ്കില്‍ കാലത്തേ തന്നെ എത്താം ഞാനും കാമിനിയും. ആദ്യം മഹാബലിപുരത്തേക്ക്, എന്താ?': ഗാഥ പറഞ്ഞു.
"അസ്‌യൂ ലൈക്' : ഞാന്‍ രണ്ട് കൈയും മലര്‍ത്തി.'അയാം അറ്റ് യുവര്‍ ഡിസ്പോസല്‍"
ദാസപ്രകാശയില്‍ നിന്ന് ഡിന്നര്‍ കഴിച്ച്, ഹോട്ടലില്‍ തിരിച്ച് വിട്ട് രാജു പോകുമ്പോള്‍, അര്‍ദ്ധ രാത്രി കഴിഞ്ഞിരുന്നു.ഉറങ്ങാന് തയ്യാറെടുക്കുമ്പോഴാണ് കോളിംഗ് ബെല്‍ ശബ്ദിച്ചത്.
ചുവന്ന കണ്ണുകളും വിളറിയ ചിരിയുമായി ഗാഥ.
"വീട്ടില്‍ പോയില്ലേ? എന്ത്‌പറ്റി?' : ഞാന്‍ വാതിലില്‍ നിന്നുകൊണ്ട് ചോദിച്ചു.
"ഇതെന്താ, ഋശ്യശൃംഗന്റെ പര്‍ണ്ണകുടീരമോ? സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്ന് ബോര്‍ഡ് എവിടെ?"
വാതില്‍ തള്ളിത്തുറന്നകത്ത് കയറി, ബാഗ് അലക്ഷ്യമായി മേശപ്പുറത്തേക്ക് എറിഞ്ഞുകൊണ്ടവള്‍ പറഞ്ഞു."വല്ലാത്ത ചൂട്. എനിക്കൊന്ന് ഫ്രഷ് ആകണം"
അവളടുത്ത് വന്നപ്പോള്‍ മദ്യത്തിന്റെ മണം.
'ഗാഥേ, നീ കുടിച്ചിട്ടുണ്ടോ?"'ദേ, വീണ്ടും. എന്താ സഖാവേ, പുരുഷന്മാര്‍ക്ക് മാത്രേ മദ്യപിക്കാവൂ? വെറും രണ്ട് പെഗ് ജിന്‍ വിത്ത് ടോണിക്ക്. ഇനി ഞാനെന്റെ തലയൊന്ന് തണുപ്പിക്കട്ടെ. "
കുളിച്ച് ചൂരിദാറിന്റെ ടോപ്‌മാത്രം ധരിച്ച്, പുറത്ത് വന്നപ്പോള്‍ ആ മുഖം ശാന്തമായിരുന്നു.
'നൈറ്റ്‌ഡ്രസ് വല്ലതുമുണ്ടോ കൈയില്‍?': അവള്‍ചോദിച്ചു.
എന്റെ നൈറ്റ് ഡ്രസ് അവളുടെ ശരീരത്തോട് അല്‍പം പോലും കരുണ കാണിച്ചില്ല. സാല്‍വാര്‍ കാല്‍മുട്ട് വരെ കയറി പിണങ്ങി നിന്നു. കമ്മീസ് കഴുത്തിനു താഴോട്ടിറങ്ങാതെ ലജ്ജിച്ച് മുഖം പൊത്തി.
'ഇതെന്റെ ബോഡിഷേയ്പിന് പറ്റിയതല്ലാ, ട്ടോ. ഇയാള് ധരിച്ചിരിക്കുന്ന ആ കൈലിയും ജുബ്ബയും ഇങ്ങ് താ': അവളാവശ്യപ്പെട്ടു.
ദുബായ് ലുങ്കിയും മുട്ടോളമിറങ്ങുന്ന ജുബ്ബായുമണിഞ്ഞ്, നനഞ്ഞ തലമുടി ടവല്‍കൊണ്ട് മൂടി, കണ്ണാടിക്ക് മുന്‍പിലവള്‍ നിന്നപ്പോള്‍ പറയാതിരിക്കാനായില്ല:
"മുടിഞ്ഞ ഫിഗറാണല്ലോടി നിനക്ക്.''വേണ്ടാത്തിടത്തൊന്നും നോക്കണ്ടാ, ട്ടോ" : അവള്‍ തിരിഞ്ഞ് നിന്നു.
'അല്ല ഗാഥേ, നിനക്കിപ്പോ ഒരു ഭാനുപ്രിയ ലുക്ക് ഉണ്ട്. അഴകനില്‍ മമ്മൂട്ടിക്ക് മുന്‍പില്‍ അവരുടെ ഒരു സെഡ്യൂസിംഗ് നമ്പര്‍ ഉണ്ട്. സാരിയില്‍ ഇത്ര സെക്സിയായി തോന്നുന്ന മറ്റൊരു നടിയെ കണ്ടിട്ടില്ല!"
"കൈതേ, സത്യം പറ, സെക്സിയാണോ ഞാന്‍?': അരികില്‍ വന്ന്, കൈകള്‍ രണ്ടും തലക്ക് മുകളിലേക്കുയര്‍ത്തി, അവള്‍ ഒരു ക്യാറ്റ് വാക്ക് നടത്തി.
"സ്വയര്‍ ഡിയര്‍, യു ലുക്ക് റിയലി ഹോട്ട്!" : തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് ഞാനെന്റെ കഴുത്തില്‍തൊട്ടു.
'അതു കൊണ്ടാണോ ആ കഴുത സെബിക്കെന്നെ വിശ്വാസമില്ലാത്തത്?": അവള്‍ചോദിച്ചു.
"എന്ത്‌പറ്റി?"
"ഇയാളെ എയര്‍പോര്‍ട്ടില്‍ കണ്ട നിമിഷം അവന്റെ മുഖം കടന്നല്‍കുത്തിയ പോലെ വീര്‍ത്തു. ഇവടന്ന് തിരിച്ച്‌പോകും വഴി അവന്‍പറയുകയാ, നിന്റെ ഫ്രണ്ട് ഇത്ര യംഗ് ആണെന്ന് എന്തേ എന്നോട് പറയാതിരുന്നതെന്ന്. മാത്രമല്ല നാളത്തെ നമ്മുടെ ട്രിപ് ക്യാന്‍സല്‍ ചെയ്യാനും അവന്‍ നിര്‍ബന്ധിച്ചു. പറ്റില്ലെന്ന് തീര്‍ത്ത് പറഞ്ഞപ്പോഴവന്‍ ചൂടായി. ഞാനും എന്തൊക്കേയോ വിളിച്ച് പറഞ്ഞു. ആ ദ്വേഷ്യത്തിലാ കോഫീ ഷോപ്പീന്ന് രണ്ട് പെഗ് അകത്താക്കി ഞാനിങ്ങോട്ട് പോന്നത്."
'രണ്ട് തെറ്റുകള്‍, ഗാഥേ...," ഞാന്‍ സീരിയസ്സായി:
" ഒന്ന്: കള്ള്‌കുടിച്ചത്, രണ്ട്: ഈ സമയത്ത് എന്റെ റൂമില്‍വന്നത്."
'ഇയാക്കറിയാന്‍ മേലാഞ്ഞിട്ടാ...ഹോട്ടല്‍ ഇന്‍ഡസ്ട്രിയില്‍ കള്ളുകുടിയും തെറി വിളിയുമൊന്നും പുത്തിരിയല്ല. പിന്നെ കെട്ടിയ ശേഷം മതി എന്റെ മേലുള്ള അവന്റെ ഭരണവും കുതിര കേറലുമൊക്കെ."
"ശരി, സമ്മതിച്ചു. ഗാഥ ഇപ്പോ വീട്ടില്‍പോ.. ഞാന്‍കൂടെ വരണോ?"
"റൂം കുറെ അകലെയാ... ഒരു റിമോട്ട് ഏരിയായില്‍. ഈ സമയത്ത് അങ്ങോട്ടൊരു ഓട്ടോ പോലും കിട്ടില്ല" : അവള്‍പറഞ്ഞു.
"പിന്നെന്ത് ചെയ്യും?"ഒരു കുറ്റവാളിയുടെ മുഖത്തോടെ, എന്നാല്‍ കളിക്കുട്ടിയുടെ കൊഞ്ചലോടെ അവള്‍ചോദിച്ചു:
" ഇവിടെ കിടന്നോട്ടേ, ഞാന്‍, താഴെ... ഒരു ബെഡ് ഷീറ്റ് വിരിച്ച്..."
എന്ത് മറുപടി പറയണമെന്നറിയാതെ അവളെത്തന്നെ നോക്കിയിരുന്നൂ, കുറച്ച് നേരം. പിന്നെ റിസപ്ഷനിലേക്കുള്ള നമ്പര്‍ഡയല്‍ചെയ്തു.ഭാഗ്യത്തിന് തൊട്ടടുത്ത റൂം വേക്കന്റ് ആയിരുന്നു.
‘ഗുഡ് നൈറ്റ്": അവളെ റൂമിനകത്താക്കി കതകടക്കുമ്പോള്‍ ആശംസിച്ചു.
"സ്വീറ്റ് ഡ്രീംസ്" : അവളുടെ നനുത്ത സ്വരം അടയുന്ന വാതിലില്‍തട്ടി പ്രതിധ്വനിച്ചു.
പിറ്റേന്ന്, നീണ്ട അനുനയനങ്ങള്‍ക്കും ഭീഷണികള്‍ക്കും ശേഷം ലീവ് ക്യാന്‍സല്‍ ചെയ്ത് ജോലിക്ക് പോകാമെന്നവള്‍ സമ്മതിച്ചു.
'ആവശ്യമില്ലാതെ ആ പാവം റോമിയോയെ ശുണ്ഠി പിടിപ്പിക്കേണ്ടാ." ഞാന്‍പറഞ്ഞു." മാത്രമല്ല, ഉച്ചക്കുള്ള ഫ്ലൈറ്റില്‍ ഞാന്‍കൊച്ചിക്ക് പോകുന്നു. ഇവിടെ വരെ വന്നിട്ട് അമ്മയെ കാണാതെ പോകുന്നത് ശരിയല്ലല്ലോ?"
കാത്തിരുന്ന പ്രൊമോഷനു പകരം, സെബിയെ തേടിയെത്തിയത് ഒരമേരിക്കന്‍വിസയാണ്.
'ആറു മാസത്തിന്നകം നീയും എത്തും എന്റെയടുത്ത്‘: പോകും മുന്‍പ്, ഗാഥക്കവന്‍ ഉറപ്പ് നല്‍കി.
ഒരു മാസത്തിനു ശേഷം വൈകീട്ട് ഓഫീസില്‍നിന്നിറങ്ങുമ്പോള്‍ ഗാഥയുടെ ഫോണ്‍:
"കൈതേ, ആകെ കുഴപ്പായല്ലോ.? യു നോ, അയാം പ്രെഗ്നന്റ്"
വികാരലേശമില്ലാത്ത മരവിച്ച സ്വരം.പക്ഷെ എപ്പോഴത്തേയും പോലെ, വളച്ച് കെട്ടില്ലാത്ത തുറന്ന സമീപനം.
"എന്ത്?.......... എങ്ങനെ?': എനിക്ക് വിശ്വസിക്കാനായില്ല.
വിരഹത്തിനു മുന്‍പുള്ള സ്നേഹപ്രകടനങ്ങള്‍ അതിരു വിട്ടതും അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി തെറ്റ് പലകുറി ആവര്‍ത്തിച്ചതും വിവരിച്ചു, അവള്‍.
"അവനെ അറിയിച്ചില്ലേ?"
"ഉവ്വ്, പക്ഷേ അവന്‍ പറയുന്നൂ അബോര്‍ട്ട് ചെയ്യാന്‍. അല്ലെങ്കി രണ്ട്‌പേരുടേയും കരീയറിനെ ബാധിക്കുമെന്ന്....ഞാനെന്താ ചെയ്യുക? ഇയാള്‍തന്നെ പറ. എനിക്ക് ചോദിക്കാന്‍ മറ്റാരാ ഉള്ളത്?"
അവളുടെ ചുടുവീര്‍പ്പ് എന്റെ മുഖം പൊള്ളിക്കും പോലെ.
"ശരി, വിഷമിക്കാതെ, ഗാഥേ; ഞാനൊന്നാലോചിക്കട്ടേ"
ഡേറ്റിംഗും നൈറ്റ് ഔട്ടും കോഹാബിറ്റേഷനുമൊക്കെ, കൌമാരത്തിലെത്തിയ തന്റെ പെണ്മക്കളെ കരണ്ട് തിന്നുമെന്നാശങ്കപ്പെട്ട്, നല്ല ശംബളമുള്ള ജോലിയും സ്വിസ് സിറ്റിസന്‍ഷിപ്പും വേണ്ടെന്ന് വച്ച്, എന്റെ പ്രിയപ്പെട്ട സൂവേച്ചി കൊച്ചിയില്‍ താമസമാക്കിയത് ആയിടെയായിരുന്നു.
"ചേച്ചി, പ്രശ്നം ഗുരുതരം. എന്താ ചെയ്യുക?": ഞാന്‍ ചോദിച്ചു.
‘ സത്യം പറ; ഇത് നിന്റെ ഏടാകൂടമൊന്നുമല്ലല്ലോ’ :ചേച്ചിയുടെ ആദ്യ സംശയം.
അല്ലെന്ന് സത്യം ചെയ്തപ്പോള്‍ പരോപകാരി ആശ്വസിപ്പിച്ചു:
" ഇതിത്ര വല്യ ആനക്കാര്യം വല്ലതുമാണോടാ? അവളോട്‌പറ എന്നെ ഒന്ന് വിളിക്കാന്‍."
രണ്ട് ദിവസത്തെ ലീവെടുത്ത് ഒരു വ്യാഴാഴ്ച ഗാഥ കൊച്ചിയിലെത്തി. തിങ്കളാഴ്ച കാലത്ത് തിരിച്ച്‌പോയി ഡ്യൂട്ടിയില്‍ ചേരുകയും ചെയ്തു.
ഏകാന്തതയേയും നിശ്ശബ്ദതയേയും ഇഷ്ടതോഴികളാക്കി, ഗാഥ. വല്ലപ്പോഴും വരുന്ന ഹൃസ്വ ഇ-മെയിലുകളില്‍ ഒതുങ്ങി ഞങ്ങളുടെ ബന്ധം.അതിനാല്‍ മാസങ്ങള്‍ക്ക് ശേഷം വന്ന അവളുടെ കത്ത് കണ്ടപ്പോള്‍ അതിരറ്റ സന്തോഷം തോന്നി. പക്ഷേ ഉള്ളടക്കം അമ്പരിപ്പിക്കുന്നതായിരുന്നു.
സെബി അച്ചായന്‍ അവളെ ചതിക്കയായിരുന്നു! കോളേജില്‍ പഠിക്കുമ്പോള്‍ സീനിയര് ആയിരുന്ന ഒരു തെലുങ്കത്തിയോടായിരുന്നുവത്രേ അവന്റെ യഥാര്‍ത്ഥ പ്രേമം. അമേരിക്കയില്‍ ചേക്കേറിയ അവളാണ് സ്പോണ്‍സര്‍ ചെയ്ത് അവനെ കൊണ്ട് പോയത്.
ഗാഥയുടെ കത്തുകളും ഫോണുകളും ശല്യമായി മാറിയപ്പോള്‍ അവന്‍ തുറന്ന് പറഞ്ഞു:" എന്റെ വിവാഹം കഴിഞ്ഞു, ഇനി നീയെന്നെ കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിക്കരുത്."
ജോലി ഉപേക്ഷിച്ച് ഒരു യാത്ര പോവുകയാണ് താന്‍ എന്നെഴുതീ, അവള്‍; മറുപടി അയക്കരുതെന്നും. അയച്ച മെയിലുകള്‍ അവള്‍ വായിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. മറുപടിയില്ലെന്ന് മാത്രം. പ്രൊജക്റ്റ്‌വര്‍ക്കുമായി കാമിനി ജര്‍മ്മനിക്ക് പോയിരുന്നതിനാല്‍ അവളെപ്പറ്റി അറിയാന്‍ മറ്റ് മാര്‍ഗങ്ങളുമില്ലായിരുന്നു.
തണുപ്പിന്റെ നേര്‍ത്ത കമ്പിളിപ്പുതപ്പില്‍നിന്നും ജ്വലിക്കുന്ന വേനലറുതിയിലേക്കുള്ള വേഷപ്പകര്‍ച്ചയിലാണ് പ്രകൃതിയെന്നറിയിച്ച് കൊണ്ടെത്തിയ പനിയും ജലദോഷവും അവഗണിച്ച് ഓഫീസിലെത്തിയപ്പോള്‍, പരിചയമില്ലാത്ത ഐഡിയില്‍നിന്ന് ഒരു ഇ-മെയില്‍:
'വാട്ട്‌സ് യുവര്‍മൊബെയില്‍ നമ്പര്‍?'
മറുപടി അയച്ച ഉടനെ ഫോണ്‍ റിംഗ് ചെയ്തു.
"ഞാനിതാ എത്തിയിരിക്കുന്നു, ഇവിടെ....നിങ്ങളുടെ നാട്ടില്‍.":
ഗാഥയുടെ കിലുങ്ങുന്ന സ്വരം.
"എവിടെ?": സന്തോഷം പൂത്തിരിയായി മനസ്സില്‍ കത്തി.
"അബുദാബി"
"ഏത് ഹോട്ടലില്‍? എപ്പോഴെത്തി? താമസമെവിടെ?" :ഉദ്വേഗം നിറഞ്ഞ ചോദ്യങ്ങള്‍ ശരവേഗത്തില്‍ പാഞ്ഞൂ.
"ധൃതി വയ്ക്കാതെ; ഒക്കെപ്പറയാം. വെള്ളിയാഴ്ച ഞാന്‍ ദുബായില്‍ എത്തും. ഹോട്ടലിന്റെ ബസ് കരാമ ലുലു സെന്ററിന്റെ മുന്‍പിലാ നിര്‍ത്തുകയെന്ന് പറഞ്ഞു. അവിടെ എത്താറാകുമ്പോള്‍ ഞാന്‍ വിളിക്കാം."
നല്ല തടി വച്ചിരുന്നു, അവള്‍. അത് കൊണ്ട് തന്നെ നിറം അല്‍പം കൂടിയ പോലെ.
ബോയ് കട്ട് ചെയ്ത മുടി.
മുഖത്തെ നിയോണ്‍ദീപങ്ങള്‍ക്ക് പൂര്‍വാധിക ശോഭ!
ആദ്യമായി കാണുകയാണെങ്കിലും നോണ്‍ സ്റ്റോപ് ചിരിയും ഫലിതം നിറഞ്ഞ സംസാരവും കൊണ്ട്, അകന്ന് നില്‍ക്കാന്‍ ശ്രമിച്ച എന്റെ കാന്തയെ, പെട്ടെന്ന് തന്നെ വരുതിയിലാക്കീ, അവള്‍.
"നോക്കൂ, നമ്മടെ സൂവേച്ചീടേ അതേ പ്രകൃതം, അതേ വാചാലത, അല്ലേ?"
നല്ലപാതി എന്റെ നേരെ തിരിഞ്ഞു.
ചേച്ചിയെ അവള്‍ വിശദമായിത്തന്നെ പരിചയപ്പെട്ടിട്ടുണ്ടെന്ന് എങ്ങനെയാണ് ഞാന്‍ പറയുക?
"ഇയാക്ക് കേക്കണോ... ഒരത്ഭുതം നടന്നു":
വായാടിയുടെ വാചാലത.
" യാത്ര തിരിക്കും മുന്‍പ് ഞാന്‍ ട്രിവാന്‍ഡ്രത്ത് പോയിരുന്നു. വര്‍ഷങ്ങള്‍ക്ക്‌ശേഷം അച്ഛനെന്നോട് സംസാരിച്ചു. ജോലിയെങ്ങനെ, ശംബളം എത്ര, താമസസൌകര്യമുണ്ടോ എന്നൊക്കെ തിരക്കി"
സന്തോഷം കൊണ്ടവളൂടെ മുഖം തുടുത്തു.
കണ്ണുകള്‍നിറഞ്ഞൂ.
കണ്ഠമിടറി.
'ഗീത ട്യൂട്ടോറിയല്‍ മാഷടെ കൂടെ ഒളിച്ചോടിയത്‌കൊണ്ടു കൂടിയാകാം എന്നോടുള്ള ഈ പുതിയ സ്നേഹം."
"ഗീത ഒളിച്ചോടിയെന്നോ?"
"അച്ഛന്‍തന്നെ മുങ്കൈയെടുത്ത് കല്യാണം നടത്തിക്കൊടുത്തതിനാല്‍ അതൊരു വാര്‍ത്തയായില്ലെന്ന് മാത്രം. ഒരു കുട്ടിയുമുണ്ട് അവള്‍ക്കിപ്പോള്‍"
അവള്‍ബാഗില്‍നിന്ന് ഒരാല്‍ബമെടുത്തു.
"എന്നാ നിന്റെ കല്യാണം?' :ഞാന്‍ചോദിച്ചു.
‘ എന്റെ കല്യാണമോ, ഈ ജന്മത്തിലോ": അവള്‍പൊട്ടിച്ചിരിച്ചു.
"പ്രേമമൊന്നുമില്ലേ ഇപ്പോള്‍?": ഞാന്‍ വിട്ടില്ല.
"ഉണ്ടല്ലോ" : അവള്‍ ചിരി നിര്‍ത്തിയില്ല.
"മൂന്നെണ്ണം."
"മൂന്നെണ്ണം....?"
"ശരീരത്തിന് മാത്രമല്ലല്ലോ, മനസ്സിനുമില്ലേ വിശപ്പ്? അതവഗണിക്കാനാവുമോ? ഒന്ന് മടുക്കുമ്പോള്‍ മറ്റൊന്ന്. അതാ ഇപ്പോ എന്റെ പോളിസി."
അവളുടെ നിസ്സംഗമായ മറുപടി കേട്ട് അമ്പരന്നിരുന്ന പ്രേയസിയുടെ മുഖത്തൊന്ന് പാളി നോക്കി, ഞാന്‍. പിന്നെ വിഷയം മാറ്റി.
"സെബിയുടെ ന്യൂസ് വല്ലതും?"
" ഓ, അതല്ലേ രസം. തെലുങ്കത്തി അവനെ വീട്ടീന്നിറക്കി വിട്ടു. അവളിപ്പോ ഒരു സായിപ്പിന്റെ കൂടെയാത്രെ. അവന്‍വിളിച്ചിരുന്നു, ഈയിടെ. നീ ദുബായീ പോകുകയാണെങ്കില്‍ എനിക്ക് കൂടി ഒരു ജോലി നോക്കൂ എന്ന് പറഞ്ഞു. പിന്നെ കഴിഞ്ഞതൊക്കെ മറന്ന്, ഇനിയുള്ള ജീവിതം നമുക്ക് ഒന്നിച്ചായാലെന്താ എന്നൊര് അഡ്വാന്‍സ് ബുക്കിംഗും.'
"നീയെന്ത് പറഞ്ഞൂ?"
വിജയഭാവത്തിലൂറി ചിരിച്ചുകൊണ്ടവള്‍ പറഞ്ഞു:
" ഞാന്‍ പറഞ്ഞു നീ പോടാ പട്ടീന്ന്"
Monday, January 28, 2008
Subscribe to:
Posts (Atom)