Sunday, May 23, 2010

കനകേച്ചി


കനകേച്ചിവായനശാലാക്കെട്ടിടത്തിന് വൈദ്യുതി കണെക്‍ഷന്‍ ലഭിക്കാനുള്ള സാധ്യതകള്‍ 'റൂള്‍ഡ് ഔട്ട്' ആയപ്പോള്‍ ‍, മൂന്നാം വാര്‍ഡിലേക്ക് പഞ്ചായത്തില്‍ നിന്നും ലഭിച്ച റേഡിയോ തന്റെ കടയില്‍ പ്രതിഷ്ഠിക്കാനുള്ള സന്മനസ്സ് കാട്ടി, അച്ഛന്‍ .

ഫുള്‍ വോള്യത്തില്‍ റേഡിയോ ‘തിരുവാ‘ തുറന്നപ്പോള്‍ , കല്ലംകുന്നിന് ചുറ്റുമുള്ള കല്ലുവെട്ട്‌ കുഴികളിലും മാവിന്‍ തോപ്പുകളിലും  അമ്മത്താവഴി പിന്‍തുടര്‍ന്ന് വസിക്കുന്ന കുറുക്കന്‍-കീരി-മരപ്പട്ടികളും കളത്രസന്താനാദികളും, അറിയിക്കാതെത്തിയ ശബ്ദ സുനാമിയില്‍‍ ‘കണ്ഠസ്തംഭിത
ബാഷ്പവൃത്തി, കലുഷഃ ശ്ചിന്താ ജഢം ദര്‍ശനം’ എന്ന മട്ടില്‍ തരിച്ച് നിന്നു. പിന്നെ ആകാശത്തുദിച്ച സുധാധാമത്തെ നോക്കി ‘ തലക്ക് മീതെ വെള്ളം വന്നാ അത്ക്ക് മീ‍തേം നീന്താം’ എന്ന് അന്വയിച്ചാലര്‍ത്ഥം വരുന്ന സംഘഗാനം ഒറ്റക്കും തെറ്റക്കും കൂകിയാര്‍ത്തു.

തെക്കു ദേശത്തായി വര്‍ത്തിക്കുന്ന യക്ഷി കിന്നര ഉരഗാദികളുടെ ആവാസകേന്ദ്രമായ സ്രാമ്പി വളപ്പ് എന്ന കാനനമായിരിക്കും പറ്റിയ ബദല്‍ കേളീസദനമെന്ന് ആസ്ഥാന ജ്യോതിഷപുംഗവന്‍ , തിരുവാല്‍ വല്ലഭന്‍ സാ‍ക്ഷാല്‍ ‍‘കീരി‘ക്കാടന്‍ കവടി നിരത്തി പ്രവചിച്ചതോടെ പ്രീതരായ
അനുചര വൃന്ദം കെട്ടിപ്പിടിച്ച് സന്തോഷാശ്രുക്കള്‍ പൊഴിച്ച്, ആറാടാനൊരു പാറക്കുഴി തേടി.

അനന്തരം.....
ശ്യാമമേഘങ്ങള്‍ ശശിബിംബത്തെ ഘെരാവോ നടത്തിയ ഒരര്‍ദ്ധരാത്രിയില്‍ ‍, അവശ്യ സ്ഥാവര ജംഗമ വസ്തുക്കളും കൊച്ചു കുട്ടിപാരാധീനങ്ങളും കൈകളിലും തലയിലുമേറ്റി, മൃഗ ടെറിട്ടോറിയല്‍ ആര്‍മി കേണല്‍ ലാലു സൃഗാലന്റെ നേതൃത്വത്തില്‍ ‍, മരപ്പട്ടി മൂപ്പന്‍ മൂക്ക് കാട്ടിയ ഡയറക്‍ഷനില്‍ ഒരു ലൈറ്റനിംഗ് മൈഗ്രേഷന്‍ ‘കൂ‘ നടത്തി!

പ്രഭാതഭേരിയോടെ തുടങ്ങുന്ന ആകാശവാണി തിരുവനന്തപുരം, തൃശ്ശൂര്‍, ആലപ്പുഴ നിലയങ്ങള്‍ ‍,‍ കാതിനിമ്പവും കരളിനു കമ്പവുമായി തദ്ദേശവാസികളുടെ തലയില്‍ കയറി ഇങ്ക്വിലാബ് വിളിച്ചപ്പോള്‍ ‘ഉത്തിഷ്ഠോത്തിഷ്ഠ രാജേന്ദ്ര’ ചൊല്ലി ഗ്രാമം സടകുടഞ്ഞെണീറ്റു. മലയാള
പ്രക്ഷേപണ‍ത്തിന്റെ ഇടവേളകളില്‍ ഇലങ്കൈ ഒളിവരപ്പ്‌ കൂട്ടുത്താവളം ‘നോം രച്ചിപ്പോം’ എന്നാര്‍ത്ത് ചാടി വീണ്, തൊഴിലില്ലാ പടകളുടെ ഭാഷാസമ്പത്തിനെ പരിപോഷിപ്പിച്ച് കൊണ്ടിരുന്നു.

ഒറ്റമുറിപ്പീടികയുടെ ഉത്തരത്തിലുറപ്പിച്ച ‍ കോളാമ്പിയില്‍ നിന്നുതിരുന്ന പ്രകമ്പനങ്ങള്‍ പുല്‍‍ക്കുണ്ട ക്ഷേത്രവും പാടവും കടന്ന്, പുല്ലൂക്കര പോളിന്റെ ചൂളക്ക് മുകളിലൂടെ, കിഴക്കേ കരോട്ടെ വെല്ലിശന്റെ വീട്‌ വരെ എത്തുന്നുണ്ടെന്നാണ് വിശാലേച്ചി അറിയിച്ചത്.

കൈതാരത്ത്‌ കേളുണ്ണിക്കുറുപ്പ് കൊറ്റനെല്ലൂര്‍ ഷാപ്പില്‍ നിന്നുള്ള അന്തി അകത്താക്കി, മണികെട്ടിയ മണികണ്ഠന്‍ വലിക്കുന്ന ഒറ്റക്കാളവണ്ടിയില്‍ വടക്കന്‍ പാട്ടുകളുടെ ശീലുകള്‍ ഉറക്കെ പാടി, കല്ലംകുന്ന് സെന്റര്‍ പൂകുമ്പോള്‍ ആകാശവാണിയില്‍ ‘വയലും വീടും‘ പരിപാടി തകര്‍ക്കുകയായിരിക്കും.

‘നിങ്ങാടെ നാട്ടിലൊക്കെ എന്തൊക്കെയാണ് പണി?
ഞങ്ങാടെ നാട്ടിലൊക്കെ കറ്റ കൊയ്യലാണ്ടോ....
കറ്റ കൊയ്യലെങ്ങനാണ്ടീ മോതിരക്കുറത്തീ?
കറ്റ കൊയ്യലിങ്ങനെ പിന്നങ്ങനെ പിന്നിങ്ങനെ......‘

വണ്ടി കപ്പേളയുടെ അരികില്‍ പാര്‍ക്ക് ചെയ്ത്, മണികണ്ഠനെ കറുകപ്പുല്ലുകള്‍ വളരുന്ന ഊട് വഴിയിലേക്ക് റിലീസ് ചെയ്ത്, പാട്ടിനൊപ്പം താളം തുള്ളി വരുന്ന കുറുപ്പ്, ജഗന്നാഥന്‍ മുണ്ടൊന്ന് പൊക്കി വിശാലമായ ആസനം പഞ്ചായത്ത്‌ കിണറിന്റെ മതിലിലേക്ക്‌ ട്രാന്‍സ്ഫര്‍ ചെയ്താല്‍ ‍‍,
പിന്നെ  എണീക്കുക മിസ്സൈലുകളും റോക്കറ്റുകളും ഭേദിച്ച്, ആരോഹണാവരോഹണങ്ങളോടെ ഡെല്‍ഹിയില്‍ നിന്നും മുഴങ്ങുന്ന രാമചന്ദ്രന്റെ വാര്‍ത്താവായന തീരുമ്പോഴായിരിക്കും.

ആറടി ഉയരവും രോമക്കാടുകള്‍ തിങ്ങിയ ശരീരവുമുള്ള കേളുക്കുറുപ്പിന്റെ പ്രധാന ആകര്‍ഷണകേന്ദ്രം വലത് കാതിലെ പച്ചക്കല്ല് കടുക്കനായിരുന്നു. ജനനം, മരണം, പേരുവിളി, പെണ്ണു കാണല്‍ ‍, കല്യാണം, അയ്യപ്പന്‍ വിളക്ക്‌ തുടങ്ങി നാലാള്‍ കൂടുന്ന എവിടേയും കുറുപ്പിന്റെ
തല ഉയര്‍ന്ന് കാണാം. അഭിപ്രായപ്രകടങ്ങളോ മാര്‍ഗനിര്‍ദ്ദേശങ്ങളോ കൂടാതെ ‘പരോപകാരാര്‍ത്ഥമിദം ശരീര‘മെന്ന മട്ടില്‍ ആറ് പേരുടെ ജോലി ഒറ്റക്ക് ചെയ്യുന്നതിനാല്‍ ഗ്രാമവാസികള്‍‍ക്കും അയാള്‍ അഭികാമ്യനായിരുന്നു. കഷായങ്ങളില്‍ ത്രിഫലാദിയും, കറികളില്‍ ഇഞ്ചിക്കറിയും, കളികളില്‍ കാല്‍പ്പപ്പന്തുകളിമൊക്കെയായിരുന്നിട്ടും കുറുപ്പ്കുടുംബം വെള്ളത്തില്‍ വീണ നല്ലെണ്ണ പോലെ ആള്‍‍ക്കൂട്ടങ്ങളില്‍ എന്നും ഒറ്റപ്പെട്ട് നിന്നു.

വള്ളുവനാട്ടില്‍ നിന്ന് ദശാബ്ദങ്ങള്‍ക്ക് മുന്‍പ്, കുടുംബത്തിന്റേയോ നാട്ട് കൂട്ടത്തിന്റേയോ നീരാളിപ്പിടുത്തത്തില്‍ നിന്ന് വഴുതി പാലായനം ചെയ്ത കേളുക്കുറുപ്പ്, ഒരു ത്രിസന്ധ്യാ‍നേരത്ത്, മടിശ്ശീലയില്‍ കിലുങ്ങുന്ന പുത്തനും പക്കത്തില്‍ പെണ്ണൊരുത്തിയുമായി, കല്ലംകുന്ന് എന്ന ഓണം
കേറാമൂലയില്‍ അഭയം തേടുകയായിരുന്നു.

‘ആള് കുറുക്കനാ, കണ്ടില്ലേ ശൌര്യം?‘
‘സാ‍മൂരിക്കോലോത്തെ പെണ്ണിനെ കട്ടോണ്ട് വന്നതാത്രേ ‘
‘കൊയ്ലാണ്ടീന്നൊരു തുലുക്കനന്റെ കാശടിച്ച് മുങ്ങീതാന്നും കേക്കണ്.‘
-പരദൂഷണത്തിന്റെ മാരത്തണില്‍ കല്ലംകുന്നുകാരെ വെല്ലാന്‍ ഇഹലോകത്തിലെ ഒരു ‘ഹെയ്ലി സിലാസി‘ക്കും കഴിയില്ല തന്നെ!

ഒഴിവ് ദിവസങ്ങളില്‍ ഉച്ചയൂണ് കഴിഞ്ഞാല്‍ ഞങ്ങളുടെ വാനരസംഘം, കുറുപ്പിന്റെ കശുമാവിന്‍ തോപ്പില്‍ ഒത്ത് കൂടും. ചേച്ചിമാരും രാധേട്ടനും വിശാലേച്ചിയും, പിന്നെ പൂയ് എന്നൊന്ന് നീട്ടി വിളിച്ചാലോടിയെത്തുന്ന കുറുപ്പിന്റെ ഏക മകള്‍ കനകവും, തെക്കന്‍ തൊമ്മി മാഷിന്റെ ‘നീളം
കാലി‘ സിസിലിയുമാണ് സംഘാംഗങ്ങള്‍ ‍.

‘ഒളിച്ചേ കണ്ടേ’ ആണ് കളിക്കുക. മഴക്കോളുണ്ടെങ്കില്‍ അടുക്കളപ്പുരയുടെ ചായ്ച്ചിലിരുന്ന് കവിടി കളിക്കും. കൊത്തന്‍ കല്ല് കളിക്കാനാണ് ചേച്ചിമാര്‍ക്കിഷ്ടം. പക്ഷെ അത് ‘ആണു‘ങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള കളിയല്ലാത്തതിനാല്‍ ഞാനും രാധേട്ടനും‍ ഒഴിഞ്ഞ് മാറും.

‘ഒളിച്ച്‘ കളി‘ ടീമില്‍‍ നിന്ന് കനകത്തെ‍ ഞാനെപ്പോഴും ഒഴിവാക്കും. കാരണം തടിച്ചിയും മടിച്ചിയുമായതിനാല്‍ അവളാണ് ആദ്യം പിടി കൊടുക്കുക. ഒരിക്കല്‍ ചേച്ചിയുടെ ചലഞ്ച് ഏറ്റെടുത്ത്, കനകത്തെ ടീമിലുള്‍പ്പെടുത്തേണ്ടി വന്നു. അബദ്ധമെന്ന വകതിരിവുണ്ടായപ്പോള്‍ അവളുടെ കൈ പിടിച്ചോടി ചെന്നത് സര്‍പ്പക്കാവിന്നരികെയുള്ള തെങ്ങ് കുഴിയിലേക്കാണ്. പാമ്പുകളുടെ കേളീകേദാരമെന്ന തിരിച്ചറിവുള്ളതിനാല്‍ നട്ടുച്ചക്ക് പോലും ആ വഴി നടക്കാന്‍ ധൈര്യപ്പെടാറില്ല, ആരും.

ശ്വാസം അടക്കി, തല  താഴ്ത്തി ഞങ്ങള്‍ കാത്തിരുന്നു. അകലെ പൊട്ടിച്ചിരിയുടെ അലകളുയര്‍ന്നപ്പോള്‍ കനകത്തിന്റെ തലയില്‍ കൈയമര്‍ത്തി
ഞാന്‍ മുരണ്ടു: ‘ബബ്ലൂസെ, അനങ്ങരുത്!’
അവള്‍ അനുസരണയോടെ തലയാട്ടി.

തെങ്ങിന്‍ കുഴിയിലപ്പോള്‍ അവാ‍ച്യമായ ഒരു സുഗന്ധം നിറഞ്ഞ് നില്‍ക്കുന്നതായി തോന്നി. കൌതുകത്തോടെ ഒരു പക്ഷെ ആദ്യമായി ഞാനവളെ ശ്രദ്ധിച്ചു. ചകിതയായ ആട്ടിന്‍കുഞ്ഞിന്റേതെന്ന പോല്‍ പടര്‍ന്ന മുടിയിഴകള്‍ക്കിടയിലൂടെ വിടർന്ന രണ്ട് കണ്ണുകള്‍ എന്റെ മുഖത്ത് തറച്ചു നില്‍ക്കുന്നു.
‘ഹായ്...നല്ല മണം’: പരിമളാവാനം നടത്തി ഞാന്‍ ശ്വാസകോശങ്ങള്‍ നിറച്ചു.
‘പൌഡറിന്റേയാ.... ലോഷനുമുണ്ട്‘ : മുഖമടുപ്പിച്ച് അടക്കിയ സ്വരത്തിലവള്‍ മന്ത്രിച്ചു.

‘കനകേ......’: കേളുക്കുറുപ്പിന്റെ ഘനഗംഭീരശബ്ദം ഞങ്ങളെ ഞെട്ടിച്ചു.
തലയുയര്‍ത്തിയപ്പോള്‍ നടന്നടുക്കുന്നു, സാക്ഷാല്‍ ഭീമന്‍ കുറുപ്പ്.
‘ഈ തീ വെയിലത്ത്...അതും സര്‍പ്പക്കാവില്‍...’: വാത്സല്യതിന്റെ പട്ടുനൂ‍ലിഴയിട്ട, നനുത്ത മസൃണ സ്വരം.
മകളെ കുഴിയില്‍ നിന്നുയര്‍ത്തി അയാളവളുടെ മുഖത്തും തലയിലും തലോടി‍.
പേടിച്ചരണ്ട് നിന്ന എന്നെ ഗൌനിച്ചതേയില്ല.
‘കണ്ടാ, ആകെ വെശര്‍ത്തു. മോറാകെ കരുവാളിക്യേം ചെയ്തു. ചൂട് മാറണ വരെ കളിയൊക്കെ ഇനി പത്തായപ്പൊരേല്‍ മതി.’
അപ്പോഴേക്കും സംഘത്തിലെ മറ്റംഗങ്ങളും പമ്മിപ്പമ്മി അടുത്തെത്തിയിരുന്നു.
‘എല്ലാരും?: അവള്‍ക്ക് സംശയം.
തല തിരിച്ച്, നേര്‍ത്ത ചിരിയോടെ അയാള്‍ ഞങ്ങളുടെ അസ്തിത്വവും അംഗീകരിച്ചു: ‘എല്ലാ‍രും.  പക്ഷേ ബഹളം  ണ്ടാക്കരുത്‘

കുറുപ്പിന്റെ കൈയില്‍ തൂ‍ങ്ങി ബബ്ലൂ‍സും പിന്നാലെ ഞങ്ങളും ബാലികേറാമലയായ കനകാലയത്തിലേക്ക് നടന്നു.

വൈകീട്ട് കളി കഴിഞ്ഞിറങ്ങുമ്പോള്‍ കനകയുടെ അമ്മ, ഇഞ്ചിയും നാരകത്തിന്നിലയും പച്ചമുളകും ചതച്ചിട്ട മോരുംവെള്ളവുമായെത്തി. ഗ്ലാസ് തിരികെ വാങ്ങുമ്പോള്‍ അവൾ ചെവിയിൽ‍ മന്ത്രിച്ചു: ‘വാ‍..ഒരൂട്ടം കാട്ടിത്തരാം‍’

ഇരുട്ട് ഭാഗികമായി കൈയടക്കിയ മുറിയില്‍ വൃത്താകൃതിയിലുള്ള കണ്ണാടിക്ക് മുന്‍പില്‍ സിന്തോള്‍ പൌഡറിന്റെ വലിയ ടിന്‍ . ദീര്‍ഘചതുരാകൃതിയിലുള്ള ഒരു കുപ്പിയില്‍ പിങ്ക് നിറത്തിലുള്ള ലോഷന്‍ ‍
വിയര്‍ത്ത് കരുവാളിച്ച എന്റെ മുഖം പാവാടത്തുമ്പുയര്‍ത്തി തുടച്ച് അവള്‍ ലോഷന്‍ പുരട്ടി.
‘ഹൌ..എന്തൊര് തണുപ്പ്’: എനിക്ക് കുളിര് കോരി.
‘ലാക്ടോ കലാമിനാ‘: അവള്‍ പറഞ്ഞു.
പിന്നെ  കൈവെള്ളയിൽ പൌഡര്‍ കുടഞ്ഞിട്ട് മുഖം മിനുക്കി.
‘ഉം...ഇത് തന്നെ ആ മണം!’ : ഞാന്‍ സ്ഥിരീകരിച്ചു.
‘ഇഷ്ടായോ? നോക്കട്ടെ...ആ... ഇപ്പോ നല്ല കുട്ടപ്പനായല്ലോ’: അകലെ മാറി നിന്ന്, എന്നെ നോക്കി അവള്‍ മന്ദഹസിച്ചു.

ആ മന്ദഹാസത്തിന് ചന്ദ്രോദയത്തിന്റെ തിളക്കവും മകരക്കാറ്റിന്റെ തണുപ്പുമുണ്ടായിരുന്നെന്ന് ആദ്യമായി തോന്നി. പോരും മുന്‍പ്, നോട്ട് ബുക്കില്‍ നിന്ന് കീറിയ ഒരു ഏടില്‍ പൌഡർ കുടഞ്ഞിട്ട് ,മടക്കി എന്റെ പോക്കറ്റിലിട്ട് തന്നു. ‘സ്കൂളീ പോവുമ്പോ പൂശിക്കോ ട്ടാ’

അതിന് ശേഷം കനകേച്ചി എന്നല്ലാതെ, ബബ്ലൂസെന്നോ തടിച്ചിയെന്നോ ഞാനവളെ വിളിച്ചിട്ടില്ല. ആദ്യമായി കനകേച്ചി എന്ന് വിളിച്ചപ്പോള്‍  ,ഉണ്ടക്കണ്ണുകള്‍ ഒന്നു കൂടി ഉരുട്ടി, അവിശ്വാസത്തോടെ അവളെന്നെ നോക്കി.
‘എന്താ വിളിച്ചേ?...’
‘കനകേച്ചീ‍ന്ന്. നീ എന്നേക്കാള്‍ മൂത്തതല്ലേ?’
‘ഏച്ചി...കനകേച്ചി!‘: അവള്‍ ഉരുവിട്ടു:‘ ഇനി എപ്പഴും അങ്ങനെ  വിളിക്വോ?’
ഞാന്‍ തല കുലുക്കി.
സന്തോഷം കൊണ്ടവളുടെ മുഖം തുടുത്തു: ‘അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്, വടക്കൊക്കെ ഏച്ചീന്നാ വിളീക്യാ, ചേച്ചീന്നല്ല’

എല്ലാ തിങ്കളാഴ്ചയും നോട്ട് ബുക്കിന്റെ താളില്‍ പൊതിഞ്ഞ പൌഡറുമായാണ് കനകേച്ചി വരിക. ചുറ്റും ആരുമില്ലെന്നുറപ്പാക്കി, പാക്കറ്റ് എന്നെയേല്‍പ്പിക്കും; എന്റെ ഒരാഴ്ചത്തെ ക്വോട്ടാ.
‘വീ‍ട്ടീ വച്ച് തരാന്‍ പറ്റില്യ...അച്ഛൻ കണ്ടാലോ?’

അസംബ്ലി കഴിഞ്ഞ് എല്ലാരും ക്ലാസ്സിലെത്തുമ്പോഴായിരിക്കും ചായക്കട ഡ്യൂട്ടി കഴിഞ്ഞ്, ഓടിക്കിതച്ച് ഞാനെത്തുക. അതിനാല്‍ സ്കൂള്‍ വിടുമ്പോള്‍ കൂട്ടുകാരെ ഒഴിവാക്കി, ഞാന്‍ കനകേച്ചിക്ക് അകമ്പടിയാകും. എത്ര കഥകളാണ് കനകേച്ചിക്കറിയുക! അമ്മ പറഞ്ഞ്
കൊടുക്കുന്നതാണത്രേ!

പുതുവത്സരത്തലേന്ന് രാത്രി.
കടപൂട്ടി  അച്ഛനോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു. വീടിന്നടുത്ത കലുങ്കില്‍ രണ്ട് രൂപങ്ങള്‍ ‍.അരണ്ട വെളിച്ചത്തിലും ഞാനവരെ തിരിച്ചറിഞ്ഞു: കുഞ്ഞയ്യപ്പനും ബാലനും.
‘എന്താ...വീട്ടീ പൂവാറായില്ലേടാ? ‘: അച്ഛന്‍ ചോദിച്ചു.
എണീറ്റ് മുണ്ടിന്റെ മടക്കിക്കുത്തഴിച്ച് ബഹുമാനപൂര്‍വം കുഞ്ഞയ്യപ്പന്‍ പറഞ്ഞു: ‘പോവാന്‍ പുവ്വായിരുന്നു...അല്ല, വേലായേട്ടന്‍ അറിഞ്ഞില്ലേ,
നമ്മടെ കുറുപ്പിന്റെ മോള്‍ടെ കാര്യം?’
കുറുപ്പിന്റെ വീ‍ട്ടിലെ വെളിച്ചവും അനക്കവും അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. ചൂ‍ട്ട് വീശി ആരൊക്കേയോ പറമ്പിലേക്ക് കയറുന്നു.
‘സ്കൂളീ പോയ കനകം തിരിച്ച് വന്നില്ലാ. തോട്ടിലും കിണറ്റിലും ഒക്കെ തപ്പി നടക്വാ...’
ഏത് ന്യൂസും ആ‍ദ്യമെത്തുന്ന കല്ലംകുന്ന് സെന്ററില്‍ ഈ വാര്‍ത്തയെന്തേ ഇത് വരെ എത്താതിരുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെട്ടു.
കുഞ്ഞയ്യപ്പന്‍ തുടര്‍ന്നു: ‘കുറുപ്പ് രഹസ്യായി വച്ചിരിക്യായിരുന്നു. സരോജിനി തമ്പ്രാട്ടി ബഹളം വച്ചപ്പഴാ എല്ലാരുമറിഞ്ഞേ...’
‘നീ നടന്നോ. ഞാനിപ്പോ വരാം’
ചാക്ക് സഞ്ചിയും അരിക്യേന്‍ ലാമ്പും എന്നെയേല്‍‍പ്പിച്ച് തെക്കേ വേലിയിലെ കഴയിലൂടെ അച്ഛന്‍ കുറുപ്പിന്റെ പറമ്പിലേക്ക് കേറി.

‘കനകേച്ചിക്ക് എന്താ പറ്റ്യേ?’: ഞാന്‍ പരിഭ്രാന്തിയോടെ തിരക്കി.
‘എന്ത് പറ്റാനാ? ഒളിച്ചോടിയതാ ആ മേനക‍; മിലിട്ടറി കറപ്പന്റെ മോൻ‍‍ ചന്ദ്രനൊപ്പം. നാളെ അമ്പലത്തില്‍ വച്ച് കല്യാണാ...‘ : തീരാറായ ബീഡിയില്‍ നിന്ന് അവസാനപുകയും എടുക്കുന്ന ബാലന്റെ വസൂരിക്കല നിറഞ്ഞ മുഖം പുച്ഛരസത്തില്‍ കൂടുതല്‍ വികൃതമായി.
വിശ്വസിക്കാനാവാതെ, വേപഥു പൂണ്ട മനസ്സുമായി ഞാന്‍ വീ‍ട്ടിലേക്കോടി.

കുറച്ച് കഴിഞ്ഞപ്പോള്‍ അച്ഛനെത്തി, ഒരു പിതാവിന്റെ ദുഃഖം മുഴുവന്‍ ഹൃദയത്തിലേറ്റിക്കൊണ്ട്.
‘കേട്ടത് ശരിയാ‍. അവളും ചന്ദ്രനും വേലിക്കല്‍ നിന്ന് സംസാരിക്കുന്നത് കണ്ട പലരുമുണ്ട്. കുറുപ്പ് തന്നെ പലവട്ടം ഉപദേശിച്ചിട്ടുണ്ടത്രേ. പാവം, അയാടെ വിഷമം കണ്ട് നിക്കാനായില്ല. ’
-മുഖം കൈയില്‍ താങ്ങി അച്ഛന്‍ കുനിഞ്ഞിരുന്നു.
‘കുരുന്ന് പെണ്ണ്...അതും തൊഴിലില്ലാതെ തെക്ക് വടക്ക് നടക്കുന്ന ചന്ദ്രന്റെ കൂടെ....വയസ്സെത്രയാ അവൾക്കെന്നറിയോ?’: ചേച്ചിമാരുടെ നേര്‍ക്ക് പാളി നോക്കിക്കൊണ്ടമ്മ അതിശയപ്പെട്ടു.

പിറ്റേന്ന് ചായക്കട സജീവമായിരുന്നു. സാധാരണ വരാത്തവര്‍ പോലും ചായ കുടിക്കാനെത്തിയതിനാല്‍ എട്ട് മണിക്ക് മുന്‍പേ പാല്‍ തീര്‍ന്നു.
അച്ഛനെ സഹായിക്കാന്‍ മറന്ന്, നാട്ടുകാരുടെ കുശുകുശുപ്പുകൾക്കും അഭിപ്രായപ്രകടനങ്ങൾക്കും കാത് കൊടുത്ത്, ഞാന്‍ ചുമരും ചാരി നിന്നു.

ആര്‍മിയില്‍ നിന്ന് വൊളന്ററി റിട്ടയര്‍മെന്റ് വാങ്ങി നാട്ടിലെത്തിയ കറപ്പന് തോന്നി, തന്റെ ഭാര്യ കാത്തക്ക് പണ്ടത്തെ ഗ്ലാമറില്ലല്ലോ എന്ന്.അയല്‍വീട്ടില്‍ പുര നിറഞ്ഞ് നില്‍ക്കുന്ന മാദകക്കനി അമ്മാളുവിന്റെ കണ്ണുകളില്‍ നിന്ന് പാഞ്ഞ ടോര്‍പിഡോകളെ‍ ചെറുക്കാന്‍ വേണ്ട ആര്‍മറി
തന്റെ സ്റ്റോക്കിലില്ലെന്ന് തിരിച്ചറിഞ്ഞ ആ ധീരജവാന്‍  നിരുപാധികം വെള്ളക്കൊടി ഉയര്‍ത്തി.

അങ്ങനെ ഒന്നും രണ്ടും പിന്നെ മൂന്നും കല്‍പ്പിച്ച്, കുറുപ്പിന്റെ വീടിനു താഴെയുള്ള പാടത്തെ രണ്ട് പറ കണ്ടം വിലക്ക് വാങ്ങി, മണ്ണിട്ട് നികത്തി, കറപ്പനവിടെ രഹസ്യമായി ഒരു കൂര തട്ടിക്കൂട്ടി.

നടവരമ്പ് പള്ളിയിലെ അമ്പ് പെരുന്നാളിന്റന്ന് രാത്രി, കോളനിയാകെ കള്ളിലും കനാൽ പരുങ്ങിയിലും കുളിച്ച് നിൽക്കെ, അണ്‍ ഒഫിഷ്യല്‍ ആയി ‘കറപ്പന്‍ ആന്‍ഡ് അമ്മാളു കമ്പനി‘ ഇങ്കോര്‍പറേറ്റ് ചെയ്യപ്പെട്ടു.

‘സന്തോഷത്തിന്റെ ദിനങ്ങള്‍ക്ക് മണിക്കൂറുകള്‍ കുറവാണ്,
സന്താപത്തിന്റെ രാത്രികള്‍ എത്ര ഉറങ്ങിയാലും തീരുകയുമില്ല‘
തത്വചിന്താപരമായ  ഈ ഗാനത്തിന്റെ ശീലുകള്‍ , തനിക്ക് ഒരു മകളെ സമ്മാനിച്ച ശേഷം അകാലത്തില്‍ പരലോകത്തേക്ക് പറന്ന് പോയ ‘സിപോയ് കറപ്പന്‍‘ വേണ്ടി അമ്മാളു പാടിയതാണ്.

കഥാനായകന്‍ ചന്ദ്രനപ്പോള്‍ തൃശ്ശൂര്‍ ലളിതകലാ അക്കാഡമിയില്‍ ചിത്രം വര പഠിക്കയായിരുന്നു. അമ്മയുടെ കലശലായ എതിര്‍പ്പിനേയും ഭീഷണിയേയും അവഗണിച്ച്, അനാഥരായ തന്റെ ഇളയമ്മയേയും അനിയത്തിയേയും സന്ദര്‍ശിക്കാനവന്‍ മനസ്സ് കാട്ടി. ഇരുളിനേയും ഇഴ
ജന്തുക്കളേയും ഭയമുള്ളതിനാലും രണ്ടാനമ്മയുടെ സ്നേഹത്തിന്റെ പാരമ്യത കൊണ്ടും വാരാന്ത്യ രാത്രികളിലെ കിടപ്പും അവന്‍ അവിടെത്തന്നെയാക്കി.

മുള്‍വേലിക്കപ്പുറം,രണ്ട് കഴുക്കോല്‍ ദൂരത്ത്, തുള്ളിത്തുളുമ്പുന്ന  ഒരു ചക്കരഭരണിയെ കണ്ടില്ലെന്ന് നടിക്കാനായില്ലവന്. കൈമാടി വിളിച്ചപ്പോല്‍  ശങ്ക ലേശമില്ലാതവള്‍ ഓടി വന്നു.
കിണറിന്റെ തുടിയില്‍ പിടിച്ച്,  അകലേക്ക് നോക്കി നില്‍ക്കുന്ന അവളുടെ ഒരു പെന്‍സില്‍ സ്കെച്ചവന്‍ സമ്മാനിച്ചു. ഈ ചിത്രത്തില്‍ കാണുന്ന സുന്ദരി താനാണോ? വിശ്വസിക്കാനായില്ലവള്‍ക്ക്.
അവന്‍ കയ്യിലടിച്ച് സത്യം ചെയ്തു : ‘അതെ, നിന്നേപ്പോൽ ചേലുള്ള ഒരു മനോഹരാംഗിയെ ഈ ജമ്മം ഞാന്‍ കണ്ടിട്ടില്ല.’
-ഏത് പെണ്ണും കേള്‍ക്കാനാഗ്രഹിക്കുന്ന വാക്കുകള്‍ ‍. നിറം കറുത്തതെങ്കിലും, കാണാന്‍ ചേലുള്ള, പഴുതാര മീശയുള്ള, സഹൃദയനായ ഒരു ചെറുപ്പക്കാരനില്‍ നിന്ന്.

അന്ന് മുതല്‍ അവളുടെ ഇഷ്ടനിറം കറുപ്പായി.
അവന്റെ തിരുമൊഴികള്‍ അവള്‍ക്കമൃതായി.
അവന്റെ വരകള്‍ അവളുടെ മനസിന്റെ കാന്‍വാസിലായി.

‘കുറ്റം കുറുപ്പിന്റേതാ. മക്കളെ ആവശ്യത്തിലധികം കൊഞ്ചിക്കുന്ന എല്ലാ തന്തമാര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ’: കണിയാന്‍ കൃഷ്ണന്‍ കണ്ണട

മുഖത്ത് ഫിറ്റ് ചെയ്ത് ചര്‍ച്ചകള്‍ ഉപസംഹരിച്ചതായി പ്രഖ്യാപിച്ച് ദിനപ്പത്രം കൈയിലെടുത്തു.

അന്ന് വൈകീട്ട് നടവരമ്പ് കോളനിയില്‍ പുലയമഹാസഭയുടെയും മിശ്രവിവാഹ സംഘത്തിന്റേയും നേതൃത്വത്തില്‍ നടന്ന സ്വീകരണത്തില്‍ മുന്മന്ത്രിയടക്കമുള്ള വി ഐ പികള്‍ പങ്കെടുത്തുവത്രേ!

നാളുകള്‍ ഏറെ കഴിഞ്ഞില്ല.
ഒരു ദിവസം രാത്രി.
ഭക്ഷണശേഷം, ചാരുകസാലയില്‍ ആലോചനാമഗ്നനായി കിടന്ന് ദീ‍ർഘശ്വാസം വിട്ട് കൊണ്ടുള്ള അച്ഛന്റെ ആത്മഗതം ഉറക്കെയായിരുന്നു: ‘പാവം കേളുക്കുറുപ്പ്‘
‘എന്താ ഇപ്പോ, വിശേഷിച്ച് കേളുക്കുറുപ്പിന് ?’ :വെളുപ്പിന് പശുവിനെ കറക്കാൻ അലുമിനിയപ്പാത്രത്തിൽ വെള്ളമെടുത്ത് വയ്ക്കുന്ന അമ്മ തിരക്കി.
ഹോം വര്‍ക്ക് ചെയ്തുകൊണ്ടിരുന്ന ഞങ്ങളുടെ ശ്രദ്ധയും അങ്ങോട്ടേക്കായി.
‘പോവുകയാ അയാള്‍ , ഈ നാട് വിട്ട്’ .
ചോദ്യരൂപത്തില്‍ നോക്കിയ അമ്മയോട് അച്ഛന്‍ വിശദീകരിച്ചു: ‘കുറുപ്പ് ഇന്ന് കടയില്‍ വന്നിരുന്നു . വീടും സ്ഥലവും പത്ത് പറ കണ്ടവും തൊമ്മാന പാവു മാപ്ലക്ക് വിറ്റു. സാധനങ്ങള്‍ ലോറിയിൽ കേറ്റി ഇന്ന് രാത്രി അയാള്‍ സ്ഥലം വിടും‍. ’
‘ആപ്പോ മണികണ്ഠനും വണ്ടിയും?’ : എനിക്കതറിയാനായിരുന്നു ജിജ്ഞാസ.
‘കാള വണ്ടിയിലാ മൂപ്പര്ടെ യാത്ര. പാതിരാത്രി പുറപ്പെട്ടാ വെളുക്കുമ്പോള്‍ തൃശ്ശൂര് പിടിക്കാം ന്നാ പറഞ്ഞേ.’
‘പാവം കുറുപ്പ്. വന്ന പോലെ ഒരു തിരിച്ച് പോക്ക്’‘: അമ്മക്ക് സങ്കടം തികട്ടി.
‘വന്ന പോലെയല്ല,’ അച്ഛന്‍ തിരുത്തി: ‘എന്തും നേരിടാനുള്ള ചങ്കുറപ്പോടെ, ഒരൊറ്റയാനായിട്ടായിരുന്നു അയാൾടെ വരവ്. പോകുന്നതോ ഹൃദയം തകര്‍ന്ന്, എല്ലാം നഷ്ടപ്പെട്ട്....ജീ‍വശ്ശവമായി!‘

രാത്രി വൈകും വരെ ഞാന്‍ ഉറങ്ങാതെ കിടന്നു: ലോറിയുടെ ഹോണ്‍ മുഴങ്ങുന്നുണ്ടോ?
മണികണ്ഠന്റെ കണ്ഠമണികളുടെ കിലുക്കമുയരുന്നുണ്ടോ?

-കണ്ണ് തുറന്നപ്പോള്‍ പ്രഭാതത്തിന്റെ ഭേരികള്‍ ‍‍, പകലോന്റെ പ്രഭാപൂരം!

അനുബന്ധം:

ചങ്ങനാശ്ശേരി ഗീഥയുടേയും കോഴിക്കോട് സംഗമം തിയേറ്റേഴ്സിന്റേയും നാടകങ്ങള്‍ വിസ്മയത്തിന്റെ വിത്തുകളായി മനസ്സില്‍ പൊട്ടി മുളച്ച കാലം. ‘വീ‍നസ് ആര്‍ട്ട്സ് ക്ലബ്ബ്‘ എന്ന പേരില്‍ ‍, ആരംഭിച്ച കലാസമിതിയുടെ ആദ്യ നാടകം പറവൂര്‍ ജോര്‍ജ്ജിന്റെ ‘ചെകുത്താന്‍ കയറിയ വീട്’ ആയിരുന്നു.

ക്ലബ്ബിന്റെ ലോഗോ, ബോര്‍ഡ് എന്നിവയുണ്ടാ‍ക്കാനും നോട്ടീസ് ഡിസൈന്‍ ചെയ്യാനും ഒരാര്‍ട്ടിസ്റ്റിനെ തേടി നടക്കുമ്പോഴാണ് തുണിക്കട മൈക്കള്‍ പറഞ്ഞത്: ‘വെണ്ണയുണ്ടെങ്കില്‍ നറുനെയ് എന്തിന് വേറെ? നടവരമ്പ് കോളനീല്‍ ഒരാര്‍ട്ടിസ്റ്റിട്ടുണ്ടല്ലോ:  ചന്ദ്രശേഖരന്‍ ‍. നക്കാപ്പിച്ച
വല്ലതും കൊടുത്താ മതി.’

ലക്ഷം വീട് കോളനിയിലെ കൊച്ച് കുടിലിന് മുന്‍പില്‍ കളിച്ച് കൊണ്ടിരുന്ന രണ്ട് കുട്ടികള്‍ ഞങ്ങളെ മൈന്‍ഡ് ചെയ്തതേയില്ല. 4 വയസ്സ് പ്രായമുള്ള പെണ്‍ങ്കുട്ടി ചിരട്ടകള്‍ കൂട്ടിവച്ച് വീടുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇറയത്ത് കെട്ടിയിട്ടിരിക്കുന്ന ആ‍ട്ടിന്‍ കുട്ടിയുമായി ഗുസ്തി പിടിക്കയാണ്
കീറിയ ട്രൌസറിട്ട അവളുടെ ചേട്ടന്‍ ‍‍.

‘ആരൂല്യേ ഇവ്‌ടെ?’: എനിക്ക് കൂട്ടായി വന്ന കണിയാന്‍ കൃഷ്ണന്റെ മകന്‍ പ്രകാശന്‍ വിളിച്ച് ചോദിച്ചു.
ഈണത്തിലുള്ള ഭരണിപ്പാട്ടിന്റെ വായ്ത്താരികളുയരുന്നുണ്ടായർന്നു അകത്ത് നിന്ന്.
‘ചന്ദ്രന്റമ്മയാ...’ : അവന്‍ പറഞ്ഞു: ‘നേരം വെളുത്താ രാത്രി ഉറങ്ങും വരെ, ഇത് തന്നാ പരിപാടി... ’

അല്പം കഴിഞ്ഞപ്പോള്‍ വാതിൽക്കൽ ‍ഒരു സ്ത്രീ‍ രൂപം.
കുടുക്കുകളടര്‍ന്ന വരയന്‍ ഷര്‍ട്ട്,
മുഷിഞ്ഞ കള്ളിമുണ്ട്,
ശുഷ്കിച്ച മുടി,
കഴുത്തില്‍  ചരടില്‍ കോര്‍ത്ത താലി.
ദൈന്യതയുടെ ആള്‍രൂപമായ ആ എല്ലിന്‍ കൂട് ശബ്ദിച്ചു :‘ചന്ദ്രേട്ടന്‍ പുറത്ത് പോയിരിക്യാ. ആറ് മണിക്കേ വരൂ’
അപ്പോഴാണവര്‍ എന്നെ ശ്രദ്ധിച്ചത്.
ഒന്നേ നോക്കിയുള്ളൂ, ആ ദൃഷ്ടികള്‍ താഴോട്ട് പതിച്ചു.

ചിരിക്കാനുള്ള ശ്രമം പരാജയപ്പെടുമെന്നുറപ്പുള്ളത് കൊണ്ടാകാം, അമര്‍ത്തിപ്പിടിച്ച ഒരു തേങ്ങലുമായി അകത്തേക്കോടി, കനകേച്ചി.

Saturday, May 1, 2010

കോഴിക്കോടനങ്കം- വീഡിയോ

യു.എ. ഖാദര്‍ മാഷ്, കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡിന്റെ തിളക്കവുമായി കഴിഞ്ഞാഴ്ച (രണ്ട് ദിവസമേ ഉണ്ടായുള്ളു) വന്ന് പോയി. ഖാദര്‍ മാഷ് പോയ ദിവസം കൊച്ച് കഥകളുടെ സുല്‍ത്താനായ പി കെ. പാറക്കടവ് മാഷെത്തി. കഥയുടെ കുലപതിയായ പത്മനാഭനും മറ്റൊരു ‘അവാര്‍ഡി‘യായ ടി എന്‍ പ്രകാശന്‍ മാഷുമൊത്തപ്പോള്‍ രംഗം സജീവമായി.അപ്പോഴാണ് ‘ന്റെ പുസ്തകപ്രകാശനത്തിന്റെ വിഡിയോ എവിടെ‘ എന്ന ചോദ്യമുയര്‍ന്നത്.

പാറക്കടവ് മാഷ് സ്ഥലം വിടും മുന്‍പ് എന്ന നിര്‍ബന്ധത്തോടെ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, ശ്രീരാഗിനേം കൂട്ടി യു-ട്യൂബില്‍ ‍ കയറുന്നു, ആദ്യമായി.

താത്പര്യമുള്ളവര്‍ക്ക് വേണ്ടി മാത്രം, ട്ടോ!

കാര്യപരിപാടി:

സ്വാഗതം, പ്രകാശനം:

http://www.youtube.com/watch?v=AA2ijBLHe30&feature=digest

ശ്രീ. യു ഏ ഖാദര്‍ (അദ്ധ്യക്ഷന്‍) :
http://www.youtube.com/watch?v=gOX3jAUUqf4&feature=digest

ഡോ. സുകുമാര്‍ അഴീക്കോട് (1) :
http://www.youtube.com/watch?v=RAcAkPxdBk8&feature=digest

ഡോ. സുകുമാര്‍ അഴീക്കോട് (2) :
http://www.youtube.com/watch?v=IJJfPzhfcuY&feature=digest

ഡോ. സുകുമാര്‍ അഴീക്കോട് (3) :
http://www.youtube.com/watch?v=Xjv-xjFkiHI&feature=digest

ശ്രീ. പി.കെ.പാറക്കടവ്:
http://www.youtube.com/watch?v=xm81MFtjJUk&feature=digest

സിസ്റ്റര്‍ ജെസ്മി:

http://http//www.youtube.com/watch?v=f99VZaTW9wc

ഡോ: അസീ‍സ് തരുവണ:

http://http//www.youtube.com/watch?v=zltpZWlOXHY

Tuesday, April 27, 2010

ദേ കൈത ടിവീ‍ലും!

എന്‍ ടിവിയില്‍ ഏറെക്കാലം മുന്‍പ് വന്ന ഒരഭിമുഖം:

റെക്കോഡിംഗ് എങ്ങു നിന്നോ സംഘടിപ്പിച്ച് ഇപ്പോഴാണ് ഒറ്റക്കണ്ണന്‍ ഷിജു (പകല്‍ക്കിനാവന്‍) ട്യൂബില്‍ കയറ്റിത്തന്നത്.
ഞാന്‍ കണ്ടിട്ടില്ല, കേട്ടിട്ടില്ല ഇത് വരെ!

നിങ്ങളാദ്യം, അതല്ലേ ശരി?

പാര്‍ട്ട്:1

http://www.youtube.com/watch?v=yMenIHIu9ZM

പാര്‍ട്ട്::2

http://www.youtube.com/watch?v=jkEJOIsPpF0