Monday, November 20, 2006

ആളിയമര്‍ന്ന ഒരു ജ്വാല!

ആളിയമര്‍ന്ന ഒരു ജ്വാല!

ജെന്നിഫെര്‍- അതായിരുന്നു അവളുടെ പേര്‍.

ജോലിയില്‍ ചേര്‍ന്ന അന്നു തന്നെ ഓഫീസിലെ ഏക വര്‍ണത്തിളക്കം എന്റെ കണ്ണുകളില്‍ അലകളുയര്‍ത്തിയിരുന്നു. ‍ നിലവിലുള്ള ടെലിഫോണ്‍ നമ്പറുകള്‍ ഒന്നിപ്പിച്ച് ‍ PBX സ്ഥാപിക്കുന്നതിന്റെ തിരക്കിലും ആവേശത്തിലുമായിരുന്നു ആ ടെലെഫോണ്‍ ഓപറേറ്റര്‍.

ആദ്യജോലിയുമായുള്ള മധുവിധു ആഘോഷത്തില്‍, എന്റെ സാമര്‍ത്ഥ്യവും (ഒടിവൈദ്യം‍‍) കഠിനാധ്വാനവും (ഓവര്‍ ടൈം‍) കൊണ്ടു മേലധികാരികളെ ‘സുഖിപ്പിക്കാന്‍‘‍‍ ശ്രമിക്കുമ്പോഴും, എയര്‍പോര്‍ട്ട് സ്റ്റോറില്‍ നിന്ന് വരുന്ന വിവിധ കറന്‍സികളുമായി മല്ലടിക്കുമ്പോഴും, 10 ഫില്‍‌സിന്റെ ഒളിച്ച് കളിയില്‍ ബാലന്‍‌സ് ‘ടാലി’ യാകാതെ തല പുകക്കുമ്പോഴും, പൂത്തിരി കത്തുന്ന അവളുടെ കണ്ണുകളും മണി കിലുങ്ങുന്ന ചിരിയും മനസ്സില്‍ നിലാമഴയായി പെയ്തു കൊണ്ടിരുന്നു.

-മെലിഞ്ഞു നീണ്ട് ഇരു നിറത്തിലുള്ള ആ ശരീരത്തില്‍ വൈദ്യുതി പോലെ പ്രസരിക്കുന്ന ഓജസ്സൊഴികെ മറ്റെന്തെങ്കിലും സ്ഥാവരജംഗമ വസ്തുക്കള്‍ അത്യാവശ്യത്തിന് പോലും ഉണ്ടായിരുന്നോ എന്ന് സംശയമാണ്. (‘ടൂണ്ട്തെ ഹി രഹ് ജവോഗെ‘‍ - ‘തപ്പിയാലൊന്നും തടയില്ല മോനെ‘ എന്ന് മലയാളത്തില്‍) പക്ഷേ പിടയ്ക്കുന്ന ആ കണ്ണുകള്‍, തലമുടി നുഴഞ്ഞു കയറി ചുറ്റുവേലി തീര്‍ത്ത നെറ്റിത്തടം, നീണ്ട മൂക്ക്, വിശ്രമമെന്തെന്നറിതെ സദാ ചലിച്ച് കൊണ്ടിരിക്കുന്ന ചായം തേച്ച ചുണ്ടുകള്‍, ചെമ്പന്‍രോമരാജികളുടെ സമൃദ്ധിയില്‍ അഹങ്കരിക്കുന്ന പിന്‍ കഴുത്ത്.....

-ടീനേജ് ചാടിക്കടന്നെന്ന് വിശ്വാസം വരാത്ത, ബെല്‍ബോട്ടവും ‘റ” മീശയുമാണ് ഫാഷന്റെ ‘ത്രിശൂരങ്ങാടി’ എന്ന സങ്കല്‍പ്പമുള്ള, ഒരു നാടന്‍ എല്ലങ്കോരന് മദനോത്സവത്തിന്റെ തൃക്കണിപ്പൂരത്തിന് ഇത് തന്നെ ധാരാളമല്ലേ?

റംസാന്‍ മാസമായതിനാല്‍ തട്ടിന്‍പുറ ‍(mezzanine floor) വാസികളില്‍, ജെന്നിയും ഞാനുമൊഴികെയുള്ളവര്‍ 5 മണിയോടെ, നൊയമ്പ് തുറക്കാന്‍, വീട്ടില്‍ പോകും. ബാക്കിയുള്ള സമയം പിന്നെ ഞങ്ങള്‍ക്കു സ്വന്തം. ഗോവണി കയറി ആരും വരല്ലേ എന്നും ക്ലോക്കില്‍ 7 മണിയടിക്കല്ലേയെന്നും പ്രാര്‍ഥിച്ച്, കൊച്ചുവര്‍ത്തമാനങ്ങളിലും കൊഞ്ചിച്ചിരികളിലും സ്പര്‍ശനങ്ങളിലും തോണ്ടലുകളിലും സായൂജ്യം കണ്ടെത്തിയ ദിവസങ്ങള്‍.....

ഒരു തിങ്കളാഴ്ച:

ഇറാനില്‍ നിന്നും ‘*ഗെരാഷി നാഖുദാ*‘ കൊണ്ടു വന്ന, ‘*ഷാ‍യുടെ‘ ചിത്രങ്ങളാലംകൃതവും ഇറാനികളുടെ വിയര്‍പ്പിനാല്‍ ദുര്‍ഗന്ധപൂരിതവുമായ, *കിഷ് ഐലാന്റില്‍ നിന്നെത്തുന്ന, ‍ *തുമനുകള്‍‍, മൂക്കില്‍ ഒരു തൂവാല കെട്ടി എണ്ണിക്കൊണ്ടിരിക്കെ, ഒരു വീഴ്ച്ചയുടെ ശബ്ദം..... തുടര്‍ന്നൊരു ഞരക്കവും!

ബോധമില്ലാതെ തറയില്‍ കിടന്ന ജെന്നിയെ ആരോ സോഫായിലേക്ക് മാറ്റി. മുഖത്തു വെള്ളം തളിച്ചപ്പോള്‍‍ കണ്ണു‍ തുറന്നു; പിന്നെ എണീറ്റു. ഡോക്ടറെ കാണേണ്ടെന്നവള്‍‍ ശാഠ്യം പിടിച്ചെങ്കിലും *‘അര്‍ബാബ്’ നിര്‍ബന്ധിച്ചു:‘ ഡോക്ടര്‍ക്ക് ഞാന്‍ ഫോണ്‍ ചെയ്യാം, പുറപ്പെട്ടോളു”.

കൂടെ ആര്‍ പോകും എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ‍ എല്ലാ കണ്ണുകളും എന്റെ നേര്‍ക്കു നീണ്ടു.

********

“കുഴപ്പമൊന്നുമില്ല. നോമ്പ് എടുക്കുന്നുണ്ടോ? “ :ഡോക്ടര്‍ ആരാഞ്ഞു.
“ഇല്ല”: അവള്‍ പറഞ്ഞു.
“പിന്നെന്താ ഭക്ഷണമൊന്നും കഴിക്കാത്തത്? ഡയറ്റിംഗ് ആണോ?’
‘അല്ലാ’: അവളുടെ മറുപടി.

ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങി, അല്‍ഫഹീദി റോഡില്‍ VV & Sons-ന് പുറകിലുള്ള വീട്ടിലേക്കു നടക്കവേ ഞാന്‍ ചോദിച്ചു: ‘ജെന്നീ, നീ ഭക്ഷണമൊന്നും കഴിക്കുന്നില്ലേ?”

നിറഞ്ഞ കണ്ണുകള്‍‍ കൈത്തടം കൊണ്ട് തൂത്ത്, നടത്തത്തിന്നു വേഗത കൂട്ടി, അവള്‍; പിന്നെ തിരിഞ്ഞു നിന്ന് പറഞ്ഞു: ‘നീ ഓഫീസില്‍ പൊയ്ക്കോ, ഞാന്‍ പൊയ്ക്കോളാം’
‘നിന്നെ വീട്ടില്‍ കൊണ്ട് പോയി വിടാനാ അര്‍ബാബിന്റെ ഓര്‍ഡര്‍’: ഞാന്‍ വാശി പിടിച്ചു.

ഒരു തകര ഷെഡ്ഡിന്റെ മുമ്പിലെത്തിയപ്പോഴവള്‍ നിന്നു. പിന്നെ പേഴ്സില്‍ നിന്ന് തക്കോലെടുത്ത് വാതില്‍ തുറന്നു.

അമ്പരന്ന് നിന്നു പോയി,ഞാന്‍ .

ആസ്ബെസ്റ്റോസ് മേഞ്ഞ ഒരു നീളന്‍ ഷെഡ്ഡ്.
അത് നിറയെ ഓയില്‍ ബാരലുകള്‍, തുണിക്കെട്ടുകള്‍, സ്റ്റീല്‍ കമ്പികള്‍, സിമെന്റ് ചാക്കുകള്‍......


ഇടത് വശത്ത് ഏകദേശം ആറടി ഉയരത്തില്‍, പഴയ സാരികള്‍ തുന്നിക്കൂട്ടിയ കര്‍ട്ടന്‍. സമീപം പീഞ്ഞപ്പെട്ടികള്‍ നിരത്തിയിട്ട് വേര്‍ തിരിച്ച ഇടം.
‍ മേശ, പ്ലാസ്റ്റിക്കിന്റെ കസേരകള്‍, അലമാരി, കട്ടില്‍ എന്നിവ നിരത്തിയിട്ടിരിക്കുന്നു.
താഴെ സ്റ്റൌ, അലുമിനിയ പാത്രങ്ങള്‍, ബക്കറ്റ്, ബാഗുകള്‍,ഒരു പെഡസ്റ്റല്‍ ഫാന്‍‍......
പിന്നെ കുറെ ടിന്നുകളും ഒഴിഞ്ഞ മദ്യക്കുപ്പികളും.

ഏതോ കമ്പനിയുടെ വെയര്‍ ഹൌസ്!
വാതിലിന്നരികെ കാവല്‍ക്കാരന് ‍വേണ്ടിയുണ്ടാക്കിയ താത്ക്കാലിക ‘കുടികിടപ്പ്!’
......അവിടെയാണ് ജെന്നിയും ഭര്‍ത്താവും!

-ഉള്ളില്‍ കയറിയതും കട്ടിലില്‍ വീണവള്‍ മുളപൊട്ടും പോലെ കരഞ്ഞു....
ഉറക്കെയുറക്കെ, ഏങ്ങലടിച്ച്..
അതിന്നിടയിലും എന്നോടവള്‍‍ യാചിച്ചു:
‘പോ.....ഒന്നു പോകൂ...പ്ലീസ്!’

സഹപ്രവര്‍ത്തകരോടിക്കാര്യം‍ വിവരിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നൂ, തൊണ്ടയിടറിയിരുന്നു.
പക്ഷേ അവരില്‍ പലര്‍ക്കും ഇത് ഒരു ‘സംഭവമേ‘ അല്ലായിരുന്നു.
കസ്റ്റംസ് ക്ലെര്‍ക് ഉബൈദുള്ള വിശദീകരിച്ചു:
“ജെന്നിയുടെ സ്ഥിതി ഞങ്ങള്‍ക്കൊക്കെ അറിയാം, കുട്ടീ. നീ പുതിയതല്ലേ, അതോണ്ടാ ഈ വിഷമം.“
അയാള്‍ തുടര്‍ന്നു:
‘ജെന്നി മാംഗളൂര്‍ക്കാരിയാ. ബോംബേല് ചേച്ചീടെ ഒപ്പമായിരുന്നൂ, താമസം. ചേച്ചീടെ ഭര്‍ത്താവാണ് ഡെന്നീസ് എന്ന ഗോവക്കാരന്‍‍. മഞ്ഞപ്പിത്തം പിടിച്ച് ചേച്ചി മരിച്ചപ്പോള്‍ അനിയത്തിയെ കീഴ്പ്പെടുത്തി ഭാര്യയാക്കീ, അയാള്‍.
ഇപ്പോ ഷാര്‍ജയിലെ‍ ഒരു സിന്ധിക്കമ്പനിയില്‍ ഡ്രൈവര്‍. കമ്പനിയുടെ വെയര്‍ഹൌസിലാ അവര്‍ താ‍മസിക്കുന്നത്. അവനാണെങ്കില്‍ 24 മണിക്കൂറും ‘തണ്ണി’യില്‍! രണ്ടു പേരുടെ ശംബളോം കുടിച്ച് തീര്‍ക്കും. പിന്നെ ‍ദിവസോം ജെന്നീനെ തല്ലുകേം ഇടിക്യേം ഒക്കെ ചെയ്യും. ആരൊക്കെയോ ആയി അവള്‍ക്ക് രഹസ്യബന്ധമുണ്ടെന്നാ പറച്ചില്‍!”

- ഇതാണോ ചിത്രശലഭം പോലെ പാറിനടക്കുന്ന, തേന്‍കുരുവിയേപ്പോലെ കിന്നാരം പറയുന്ന ജെന്നിയെന്ന പ്രസരിപ്പിന്റെ മറുവശം?
വിശ്വസിക്കാനായില്ല, എനിക്ക്!

പിറ്റേന്നവള്‍ ഓഫീസില്‍ വന്നില്ല.
അതിന്‍റെ പിറ്റേന്നും.

ആരും ആവശ്യപ്പെടാതെ തന്നെ, ഒരു ദിവസം ഞാന്‍ അവളുടെ കൂടാരത്തിലെത്തി. കുറച്ച് നേരം തട്ടിവിളിച്ചപ്പോള്‍ കറുത്തു തടിച്ച ഒരു കുടവയറന്‍ വാതില്‍ തുറന്നു:
‘ആരാ, എന്താ കാര്യം? ‘
“ജെന്നീടെ ഓഫീസിന്നാ” :ഞാന്‍ പറഞ്ഞു.
“ജെന്നിഫര്‍ ഇനി ജോലിക്കു വരുന്നില്ല. ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നല്ലോ. “
“ഒന്ന് കാണണമല്ലോ?” : ഞാനകത്തേക്ക് എത്തി നോക്കാന്‍ ശ്രമിച്ചു.
“കടന്നു പോ...Get lost, you b....."
ക്രുദ്ധനായി അയാള്‍ അലറി.
പിന്നെ വാതില്‍ ശബ്ദത്തോടെ അടച്ചു.

അടക്കിപ്പിടിച്ച ഒരു തേങ്ങല്‍ അകത്തുനിന്നുയര്‍ന്നു.
-എന്റെ തോന്നലായിരുന്നോ അത്?

******************

അടുത്തയാഴ്ച ഉബൈദുള്ള‍ പറഞ്ഞാണറിഞ്ഞത് : എയര്‍പോര്‍ട്ട് റോഡിലുള്ള കോണ്ട്രാക്ടിംഗ് കമ്പനിയില്‍ ജോലിക്കു ചേര്‍ന്നിരിക്കുന്നു, ജെന്നി.
ടെലഫോണ്‍ ഡയറക്റ്ററിയില്‍ നിന്ന് കമ്പനിയുടെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു.
ശബ്ദം തിരിച്ചറിഞ്ഞായിരിക്കണം, അവള്‍ ലൈന്‍ കട്ട് ചെയ്തു.
വീണ്ടും വിളിച്ചു.
കട്ട്!
ദിവസങ്ങളോളം ഇതാവര്‍ത്തിച്ചുകൊണ്ടിരുന്നു.

ഒരു ദിവസം ധൈര്യം സംഭരിച്ച്, ഒരു സെയിത്സ് മാന്റെ ഔദാര്യത്തില്‍, ഞാന്‍‍ അവളുടെ ഓഫീസിലെത്തി.
“ഹായ്, ഗുഡ് മോണിംഗ്....ആരാ ഈ വന്നിരിക്കുന്നേ?“ : പ്രസരിപ്പുള്ള കിലുങ്ങുന്ന സ്വരം.
വിടര്‍ന്ന, മനോഹരമായ ചിരി.
പ്രകാശിക്കുന്ന, കുസൃതി നിറഞ്ഞ കണ്ണുകള്‍.


-മാറ്റമില്ല, ഒന്നിനും.

‘ഞാന്‍ ഫോണ്‍ ചെയ്യാം, ട്ടോ; നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍. നീ ഇങ്ങോട്ടു വിളിച്ചാല്‍ എനിക്ക് സംസാരിക്കാനൊക്കില്ലാ. അവിടത്തെപ്പോലല്ല, ബോര്‍ഡ് എപ്പോഴും ബിസിയാ......’
-അവള്‍ സമാധാനിപ്പിച്ചൂ.
തിരിഞ്ഞു നടക്കുമ്പോള്‍ ഇത്ര കൂടി കേട്ടു: “ ഇനി കാണാന്‍ വരരുത്; എന്നോടല്പമെങ്കിലും സ്നേഹമുണ്ടെങ്കില്‍! പുതിയ സ്ഥലമാ. എന്തിനാ ആള്‍ക്കാരെക്കൊണ്ട് പറയിക്കണേ.”
അവള്‍ വിളിച്ചില്ല,
ഞാന്‍ കാണാന്‍ പോയുമില്ല!

*********************
അനുബന്ധം:

മലബാറി ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്റെ അന്നത്തെ ഹെഡ് ലൈന്‍:
‘ജെന്നി കോണ്ട്രാക്റ്റിംഗ് കമ്പനിയിലെ പാക്കിസ്ഥാനി‍ ഡ്രൈവറുടെ കൂടെ ഒളിച്ചോടി. ‍ കറാച്ചിയിലേക്കു പറന്നു. ‍ മതം മാറിയതായും മറിയയെന്ന പേര്‍ സ്വീകരിച്ചതായും സൂചന.‘

മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അറിഞ്ഞു: കമ്പം തീര്‍ന്ന‍‍ പാക്കി അവളെ‍ ഉപേക്ഷിച്ചെന്നും തിരിച്ചെത്തിയ അവള്‍ മാംഗളൂരിലേക്ക് പോയെന്നും.

പ്രിയ ജെന്നീ,
നീ ജീവിച്ചിരിക്കിന്നു എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.
-കാരണം എന്റെ ഓര്‍മ്മകളില്‍ ചോര പൊടിയുന്ന ഒരു മുറിവായി ഇന്നുമുണ്ടല്ലോ നീ!



---------------------------------------------------------------------------
*ഗെരാഷി: ഇറാനിലെ ഗെരാഷ് പ്രവിശ്യയില്‍ നിന്ന് വരുന്നവര്‍.


*നാഖുദ: പത്തേമാരിയുടെ ക്യാപ്റ്റന്‍.


*ഷാ: ഇറാനിലെ അവസാന ചക്രവര്‍ത്തി. (Shah Mohammend Reza pehlavi)



*തുമന്‍: 10 ഇറാനിയല്‍ റിയാല്‍ ഒരു തുമന്‍.



*കിഷ് ഐലാന്റ്: വിപ്ലവത്തിന് മുന്‍പ്, ഇറാനിലെ ഏക ഡ്യൂട്ടി ഫ്രീ ഷോപ് ഇവിടെയായിരുന്നു, ഞങ്ങള്‍ നടത്തിയിരുന്നത്.



*അര്‍ബാബ്: അറബികളായ തൊഴില്‍ ദാതാക്കളെ, പൊതുവെ, അങ്ങനെയാണ് സംബോധന ചെയ്യുന്നത്.

17 comments:

Kaithamullu said...

എന്റെ ജ്വാലാനുഭവങ്ങളുടെ രണ്ടാം കുറിപ്പ്....

+ ആയാലും - ആയാലും ദയവായി കമണ്ടുക....

സു | Su said...

സ്വാഗതം :)

ജെന്നിയെപ്പോലെ എത്ര പേര്‍ :) നൊമ്പരങ്ങളിലൂടെ, പുഞ്ചിരിയുടെ വര്‍ണങ്ങള്‍ വാരിവിതറുന്നവര്‍. പരിഹാസത്തിന്റെ കളങ്കം അടിച്ചേല്‍പ്പിച്ചാലും തെന്നിമാറാതെ സഹിക്കുന്നവര്‍.

ഈ ജെന്നി ഉണ്ടാവും. എവിടെയെങ്കിലും. പ്രകാശം പരത്തിക്കൊണ്ട്.

കുട്ടിച്ചാത്തന്‍ said...

പൈങ്കിളിയാണല്ലെ.. മ്‌‌മ്‌ ‌‌ നടക്കട്ടെ നടക്കട്ടെ.
സ്വാഗതം..

Mubarak Merchant said...

ജെനീഫര്‍!!
ടച്ചിംഗ് സ്റ്റോറി.
പെണ്ണിനെ പെണ്ണല്ലാതാക്കാന്‍ നെട്ടോട്ടമോടുന്ന ഒരു സ്ത്രീ സ്വാതന്ത്ര്യ വാദികളും ഇവളെപ്പോലുള്ളവരെ തിരിഞ്ഞു നോക്കില്ലെന്നുറപ്പാണ്.
നന്ദി കൈതമുള്ളേ.

Kaithamullu said...

സു:
ഞാന്‍ കണ്ട, സഹനശക്തിയുടെ ആദ്യ സമൂര്‍ത്ത ഭാവമായിരുന്നു ജെന്നി.

കുട്ടിച്ചാത്താ:
ഒന്നു തിരിഞ്ഞു നോക്കൂ, എത്ര പൈങ്കിളികഥകളുടെ തുടരന്‍ സീരിയലാണീ ജീവിതം.

ഇക്കാസ്:
കണ്ണൊന്നു നനായാതെ ഇന്നും അവളെപ്പറ്റിയോര്‍ക്കാറില്ല,ഞാന്‍.

-നന്ദി, എല്ലാര്‍ക്കും.

കുറുമാന്‍ said...

കൈതമുള്ളേ, ജെന്നിയേ ഇപ്പോഴാ കാണാനും പരിചയപെടാനും സാധിച്ചത്. പാവം കുട്ടി. ജീവിതത്തില്‍ എന്തെല്ലാം അനുഭവിക്കേണ്ടി വന്നു ഇത്ര ചെറുപ്പത്തില്‍ തന്നെ. ഇപ്പോഴെങ്കിലും, ശാന്തിയോടെ എവിടെയെങ്കിലും കഴിയുന്നുണ്ടെന്നു കരുതാം

മുസാഫിര്‍ said...

നമ്മുടെ ചുറ്റുപാടും ഒരു പാടു ജെന്നിമാറുണ്ട്.കണ്ണു തുറന്നു വക്കണമെന്നു മാത്രം.എന്നെ 050 2146686 ഇല്‍ ഒന്നു വിളിക്കാമോ ?

Kaithamullu said...
This comment has been removed by the author.
Kaithamullu said...
This comment has been removed by the author.
Kaithamullu said...
This comment has been removed by the author.
Kaithamullu said...

കുരുമാന്‍,
ദുബായില്‍ വന്നശേഷമുള്ള എന്റെ ആദ്യ ‘ക്രഷ്‘ ആയിരുന്നു നീര്‍ക്കോലി പോലെയായിരുന്നെങ്കിലും നല്ല മുഖശ്രീയുണ്ടായിരുന്ന ജെന്നി.അവളെ എങ്ങിനെ മറക്കാന്‍?

മുസാഫിര്‍ എന്ന അയല്‍ക്കാരാ,
കാണാം താമസിയാതെ. ഈ ന്യുഇയര്‍ തിരക്കൊന്നു കഴിഞ്ഞോട്ടെ.

സുനീത.ടി.വി. said...

പ്രിയപ്പെട്ട കൈതമുള്ളിന്`
കുറിപ്പിന്‌ വളരെ നന്ദി
ജെന്നിയുടെ കഥ ഉള്ളില്‍ തൊട്ടു.
ഇനിയും ഒരുപാട്` എഴുതാന്‍ സാധിക്കട്ടെ..
ജീവിതത്തില്‍ സന്‍തോഷം നിറയട്ടെ
എന്നു പ്റാര്‍ത്ഥിക്കുന്നു
സസ്നേഹം
സുനീത

Kaithamullu said...

സുനിതാ,
വളരെ നീണ്ട പ്രവാസജീവിതമാണെന്റേത്. അതിന്നിടയില്‍ കണ്ട, ഇടപഴകിയ എത്രയെത്ര മുഖങ്ങളാണെന്നോ ഞാന്‍ മുമ്പേ,ഞാന്‍ മുമ്പേയെന്ന് .....

-നല്ല വാക്കുകള്‍ക്കും പ്രാര്‍ഥനക്കും നന്ദി!

salil | drishyan said...

കൈതമുള്ളേ,
ആദ്യമായാണിവിടെ. ഓര്‍മ്മകുറിപ്പുകള്‍ ഇഷ്ടമായി, കുട്ടിച്ചാത്തന്‍ കൊടുത്ത മറുപടിയും!

ഭാഷയേയോ ഭാഷയിലെ സാഹിത്യത്തെയോ കുറിച്ച് തല പുണ്ണാക്കാതെ, അനുഭവങ്ങള്‍ ഇനിയും പങ്കു വെയ്ക്കുക.

സസ്നേഹം
ദൃശ്യന്‍

Sanal Kumar Sasidharan said...

താങ്കളുടെ കമന്‍‌റ്റിനു നന്ദി..വീണ്ടും കാണാം..

Kalesh Kumar said...

nannayittund Sasiyetta!

ഹരിയണ്ണന്‍@Hariyannan said...

ജന്നിഫര്‍ ഒരാളല്ല;ദുബായ് പോലുള്ള നഗരങ്ങളിലെ തിളങ്ങുന്ന ആപ്പീസുകളില്‍ നക്ഷത്രച്ചിരികളുമായി മനുഷ്യരെമയക്കുന്ന പലനൂറ് ജന്നിഫര്‍മാരുടെ പ്രതിരൂപം!
പലരും രക്ഷപ്പെടുന്നില്ല;ചിലര്‍ ഭയങ്കരമായിട്ടങ്ങ് പച്ചപിടിക്കും...എന്നുവച്ചാല്‍ അതിഭയങ്കരമായിട്ട്!