Wednesday, September 12, 2007

മനസ്സിലെരിയും മരതകജ്വാല

മനസ്സിലെരിയും മരതക ജ്വാല

ദശകങ്ങള്‍ക്ക് മുന്‍പ്:

ബോംബെയില്‍ നിന്ന് ‘ഗല്‍ഫെയറിന്റെ ട്രൈസ്റ്റാറിലേറി ദുബായിലിറങ്ങിട്ട് ദിവസങ്ങളാകുന്നതേയുള്ളു. കാലത്തെണീറ്റപ്പോള്‍ സുകുവേട്ടന്‍‍ പറഞ്ഞു:
“ഞങ്ങടെ ഹെഡാഫീസിലൊരൊഴിവുണ്ട്. മ്യൂസിയത്തിന്റെ നേരേ മുന്‍പിലുള്ള ബില്‍ഡിംഗാ. ഗ്രൌണ്ട് ഫ്ലോര്‍. മാനേജര്‍ മിസ്റ്റര്‍ നമ്പ്യാരെ കണ്ടാ മതി.”

റിട്ടയേഡ് ആര്‍മി ഓഫീസറായ നമ്പ്യാര്‍ പ്രാതലിന് അകത്താക്കിയ അരഗ്ലാസ്സ് സ്കോച്ചിന്റെ ചിറകിലേറി, പകുതി ഉണര്‍ന്നും പകുതി പറന്നും, ഏതോ സങ്കല്പ ശത്രുവിനെ പിന്തുടരുകയായിരുന്നു. റൂം എ.സി.യുടെ തണുപ്പ്, മാറി മറിയുന്ന ശരീരോഷ്മാവിനെ തുടര്‍ച്ചയായി തിരസ്കരിക്കുന്നതിനാലാകണം, സെക്രട്ടറി മാധവന്‍ കുട്ടി ഒരു ഫോള്‍ഡറിനെ ഫാനാക്കി, നമ്പ്യാര്‍ സാറിനെ ഭൂമിയുടെ പ്രതലത്തില്‍ ഉറപ്പിച്ച് നിര്‍ത്താനുള്ള‍ ബദ്ധപ്പാടില്‍.

‘ യുവാര്‍ മിസ്റ്റര്‍ സുകുമാരന്‍സ് കസിന്‍?’
ഓഫീസ്‍ കാര്യങ്ങള്‍ ഇംഗ്ലീഷിലേ സംസാരിക്കൂ എന്ന നിര്‍ബന്ധമുണ്ട് നമ്പ്യാര്‍ സാറിന്.
‘ പേപ്പേര്‍സ് പ്ലീസ്!’

സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ഫയല്‍ തുറന്ന് പോലും നോക്കാതെ മാധവന്‍ കുട്ടിക്ക് കൈമാറി, കല്‍പ്പിച്ചു:
‘ഷോ ഹിം ടു മിസ്റ്റര്‍ ഹാത്തിം നള്‍‌വാല’

നിസ്കാരത്തഴമ്പുള്ള നെറ്റിയും ഗാന്ധിക്കണ്ണടയുമുള്ള ഹാത്തിം നള്‍‌വാല തീരെ കുറിയ ഒരു മനുഷ്യനായിരുന്നു.
-രാജസ്ഥാനി ബോറി മുസ്ലിം.
-കമ്പനിയുടെ ചീഫ് എക്കൌണ്ടന്റ്.

കണ്ണട മൂക്കിന്നറ്റത്തേക്ക് നീക്കി, ഹിറ്റ്ലര്‍ മോഡല്‍ മീശ വിരലുകള്‍ കൊണ്ട് ഒന്ന് തടവി, കൈമുട്ടുകള്‍ മേശമേല്‍ ‍ഊന്നിയായിരുന്നു ആദ്യ ചോദ്യം :
“യു സ്പീക് ഹിന്ദി?’
‘അറിയാം; ബോംബെയിലായിരുന്നു.... കഴിഞ്ഞ രണ്ട് കൊല്ലം’
‘ബോംബെയിലെവിടെ?’
‘ഓപെറാ ഹൌസില്‍. എസ്‍.എസ്.പൈ & കമ്പനി, ചാര്‍ട്ടേഡ് അക്കൌണ്ടന്‍സ്.’
‘ഓ, ചാര്‍ട്ടേഡ് അക്കൌണ്ടന്റിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ടോ? എങ്കില്‍ ഒരേയൊരു ചോദ്യം: റ്റെല്‍ മി, വാട്ടീസ് അക്കൌണ്ട്സ്?’

ആദ്യമൊന്ന് പതറിയെങ്കിലും, ക്ഷിപ്രകോപിയും, അതിനാല്‍ ദുര്‍വാസാവ് എന്ന അപരനാമധാരിയുമായ, ബോംബെ ബോസ് ശ്യാം സുന്ദര്‍ പൈ, കൂടെക്കൂടേ ഉരുവിടാറുള്ള ഒരു വാചകം പെട്ടെന്നോര്‍മ്മയില്‍ തടഞ്ഞു:
‘എക്കൌണ്ട്സ് ഈസ് നതിംഗ് ബട്ട് കോമന്‍സെന്‍സ്!
ഇത്തവണ പരുങ്ങിയത് മിസ്റ്റര്‍ നള്‍‌വാലയായിരുന്നു. കസേരയിലെക്ക് നിരങ്ങി നീങ്ങിയിരുന്ന് സര്‍ട്ടിഫിക്കറ്റുകളിലൂടെ കണ്ണോടിച്ചുകൊണ്ടയാള്‍ പറഞ്ഞു:

‘നോക്കൂ, ഇവിടെ സ്റ്റാഫ് കുറവാണ്. ഓവര്‍റ്റൈം ഇരിക്കേണ്ടി വരും. ‍ 1200 ദിറംസ് ശംബളം. സമ്മതമെങ്കില്‍ നാളെ തുടങ്ങാം‘

*******************

ജോയിന്‍ ചെയ്ത് ഏറെക്കഴിയും മുന്‍പ് തന്നെ ഹാത്തിം നള്‍‌വാലയെന്ന ആ കുറിയ മനുഷ്യന്റെ ഉദാരതയും നര്‍മ്മബോധവും ആവോളം അനുഭവിച്ചറിയാനായി, എനിക്ക്. ഹാത്തിംഭായ്‌യുടെ ഭാര്യ സെബുന്നിസ എനിക്ക് ‘ഭാഭി‘യായി. മകന്‍ കുര്‍ബാന്‍ അലി ‘കുബിബേട്ട’യും.

ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം‍ അവരുടെ വീട്ടിലായിരിക്കും ഭക്ഷണം. ചിക്കന്‍ ഹരിയാലി, ബോട്ടി കബാബ്, ദാല്‍ മക്കനി, നവരതന്‍ കുര്‍മ...... പുതുമയുള്ള പേരുകളില്‍, ഭാഭിയുടെ കൈപ്പുണ്യം ആവോളം ആവാഹിച്ച, നോര്‍ത്തിന്ത്യന്‍ വിഭവങ്ങള്‍ എന്നിലുള്ള പാചകക്കാരനെ തട്ടിയുണര്‍ത്തി. സഹായിയായി ഞാനെത്തിയാല്‍ ‍പിന്നെ വിഭവങ്ങളുണ്ടാക്കാന്‍ ഭാഭിക്കും ഉത്സാഹമായിരിക്കും.

ഇടക്കിടെ ഭാഭി ഹാത്തിംഭായിയെ ശുണ്ഠി പിടിപ്പിക്കുന്നത് കേള്‍ക്കാന്‍ രസമായിരുന്നു:
‘ഭായിജാന്‍, ദേഖോ! ദാ ഇരിക്കുന്ന മനുഷ്യനെ കണ്ടോ : അനങ്ങാപ്പാറ. ഒരു കപ്പ് വെള്ളം സ്വയം എടുത്ത് കുടിച്ചിട്ടുണ്ടോ ഈ മനുഷ്യന്‍? ഒരു ചായയിടാനെങ്കിലും അറിയാമോ?’

*********************
അവിടെ വച്ചാണ് ഞാനവളെ കാണുന്നത്: രുക്സാനയെ!

ഭാഭി പരിചയപ്പെടുത്തി. ‘ഹാത്തിമിന്റെ കസിന്‍ ബാബുഭായിയെ അറിയാമല്ലോ? ബാബുഭായിയുടെ മൂത്ത മോളാ. കറാച്ചിയില്‍ നിന്ന് ഇന്നലെ ലാന്‍ഡ് ചെയ്തേയുള്ളൂ.’

വൈകുന്നേരങ്ങളില്‍ ഹാത്തിംഭായിയുമായി സുലൈമാനി കുടിച്ച് സൊറ പറയനെത്തുന്ന ബാബുഭായിയെ എനിക്കിഷ്ടമായിരുന്നു. പതിഞ്ഞ സ്വരത്തില്‍ തുടങ്ങുന്ന കുശലം പറച്ചിലുകള്‍ പിന്നീട് ഗസലുകളിലും സര്‍ദാര്‍ജിക്കഥകളിലും നീല കലര്‍ന്ന ജോക്കുകളിലുമൊക്കെ എത്തിയാണവസാനിക്കുക. വായ് പൊത്തി ചിരി അടക്കാന്‍ പാടുപെടുന്ന എന്നെ നോക്കി ബാബുഭായ് ചോദിക്കും: ‘ എന്താ ഭയ്യാ കൂടുന്നോ? കണ്ടാലറിയാല്ലോ ധാരാളം സ്റ്റോക്ക് കൈയിലുണ്ടെന്ന്’

ബാബുഭായ് പാക്കിസ്ഥാനിയാണെന്ന് ഏറെക്കാലം കഴിഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍നിന്ന് ഹരിതാഭ ‍ തേടിപ്പോയ ഹാത്തിമിന്റെ മുത്തച്ഛന്റെ കസിനാണത്രേ ബാബുഭായ്. ഒരു ജര്‍മന്‍ ‘കിച്ചന്‍ അപ്ലയിന്‍സ്’ കമ്പനിയുടെ ദുബായിലെ ജനറല്‍ മാനേജര്‍‍.

‘രുക്സാന ദുബായില്‍ ആദ്യമായി വരികയാണോ?’ : ഞാന്‍ ഭാഭിയോട് ചോദിച്ചു.
‘ഏയ്, തൂ ക്യാ ഭാഭീ സേ ബാത്ത് കര്‍ത്തേ? മുജ്സെ പൂഛോ ന!’(ഭാഭിയോടെന്താ കിന്നാരം? എന്നോട് ചോദിക്കെടാ)
‘അല്ലാ, ഞാന്‍ ഇടക്കിടെ വിസിറ്റിന് വരാറുണ്ട്. ഇപ്പോ ബി.എ. പരീക്ഷ എഴുതി വന്നിരിക്യാ. ഇനി ഇവിടെയൊക്കെത്തന്നെ കാണും, എന്താ?’
എന്റെ മുന്‍പില്‍ വന്ന് കണ്ണുകളിലേക്കുറ്റ് നോക്കിക്കൊണ്ടവള്‍ പറഞ്ഞു.

-വെളുത്ത് കൊലുന്നനെയുള്ള ശരീരം,
നല്ല ഉയരം,.
വെള്ളാരം കല്ലുകള്‍ പോലെ കൃഷ്ണമണികള്‍‍,
ഉരുണ്ട മുഖം,
നീണ്ട മൂക്ക്,
നിരയൊത്ത പല്ലുകള്‍,
ഇരട്ടത്താടി.
ഷാമ്പൂവിന്റെ പരസ്യത്തില്‍ കാണും പോലെ അലകളായൊഴുകിയെത്തുന്ന കറുത്തിടതൂര്‍ന്ന മുടി.

കണ്ണുകള്‍ താഴോട്ടിറങ്ങിയപ്പോള്‍:
‘ക്യാ ദേഖ്താ രേ?’
കുസൃതിയോടെ അവളുടെ ചോദ്യം.
പ്രകടമായ ചമ്മലോടെ മുഖം തിരിച്ചൂ, ഞാന്‍.

‘ഭായിജാന്‍, ദുബായ് മേം മുഝെ കോയി ദോസ്ത് നഹീം; ചല്‍, ഹാഥ് മിലാവോ, ആജ് സെ ഹം ദോസ്ത്.’
(ദുബായിലെനിക്ക് കൂട്ടില്ല. കൈ കൊട്; ഇന്നു തൊട്ട് നീയെന്റെ ചങ്ങായി‍‍)
മെലിഞ്ഞ് നീണ്ട വാഴപ്പിണ്ടിക്കൈകള്‍ നീട്ടി, അവള്‍.
പിന്നെ തോളില്‍ പിടിച്ചു.
‘വാ, നമുക്ക് ബാല്‍ക്കണിയിലിരിക്കാം. അല്ലെങ്കിലീ ഭാഭി വാ തുറക്കാനെന്നെ അനുവദിക്കില്ല.’
ശുദ്ധമായ ഉര്‍ദുവില്‍ ആരോഹണാവരോഹണങ്ങളോടെ, സംഗീതാത്മകമായി‍ അവള്‍ സംസാരിച്ചു തുടങ്ങി:
-കുടുംബത്തെപ്പറ്റി,
കൂട്ടുകാരെപ്പറ്റി,
കോളേജിനെപ്പറ്റി...
ഇടക്ക് കയറി ഞാന്‍ പറഞ്ഞു:
‘അരേ രുക്സാനാ, ജരാ രുക് ജാനാ...!
നീ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാല്‍ ‍ എനിക്കൊന്നും മനസ്സിലാവില്ല. നിന്റെ ഒടുക്കത്തെയൊര് ഉര്‍ദു... പിന്നെ രാജധാനി എക്സ്പ്രസ്സിന്റെ സ്പീഡും. ഇനി ഇംഗ്ലീഷില്‍ പറ”
‘ ബീയെക്കാരിയാണെങ്കിലും എന്റെ ഇംഗ്ലീഷ് വളരെ വീക്കാ, മോനേ. അതോണ്ട് വേണമെങ്കില്‍ ഞാന്‍ സ്പീഡല്പം കുറയ്ക്കാം’
**********************

ഒറ്റ ദിവസത്തെ സഹവാസം കൊണ്ട് നല്ല കൂട്ടുകാരായി ഞങ്ങള്‍.
പിറ്റേന്ന് അനിയത്തി ദില്‍ഷാദിനേയും കൂട്ടി ഓഫീസിലെത്തി‍, അവള്‍.
രുക്സാനയുടെ നേരെ വിപരീതമായിരുന്നു അവളുടെ അനിയത്തി; രൂപത്തില്‍ മാത്രമല്ല, സ്വഭാവത്തിലും.
‘‍ നിങ്ങള്‍ രണ്ട് സഹോദരികള്‍ എന്താ ഇങ്ങനെ?”
ഉടന്‍ വന്നൂ മറുപടി: ‘അവള്‍ അമ്മീടെ മോളാ, ഞാന്‍ ബാബേടേം’
ഡ്രൈവിംഗ് സ്കൂളില്‍ ചേരാന്‍ പോകുന്ന വഴിക്കാണവര്‍ ഓഫീസിലെത്തിയത്.
‘ഭായിജാന്‍ നമുക്കൊരുമിച്ച് പോകാം ഡ്രൈവിംഗിന്’: അവള്‍ പറഞ്ഞു.
‘വേണ്ടാ, രുക്കൂ. നീ പഠിക്ക്. വണ്ടി വാങ്ങുമ്പോ എനിക്ക് വേറെ ഒരു ഡ്രൈവറെ തേടേണ്ടല്ലോ?’

*******************

ഒരു മാസത്തിന്നകം ലൈസെന്‍സും പുതിയ മസ്ദാ സ്പോര്‍ട്ട്‌സ് കാറുമായി ഓഫീസിലെത്തി, അവള്‍.
“ഹാത്തിം ചാച്ചാ, അങ്ങയുടെ അനുവാദത്തോടെ ഞാനിവനെ ഹൈജാക്ക് ചെയ്തോട്ടേ? :അവള്‍ ചോദിച്ചു.
“ഞങ്ങള്‍ക്കുള്ള ട്രീറ്റെവിടേ?” :ഹാത്തിം ഭായ് ചോദിച്ചു.
“വൈകീട്ട് ബാബാജാന്‍ വരുമ്പോ കൊണ്ട് വരും”

പുതിയ കാറില്‍ ദുബായുടെ തലങ്ങും വിലങ്ങും പലവട്ടം പറന്നു, ഞങ്ങള്‍. അതിനിടെ ‘തോംസനില്‍’ നിന്ന് ഹിന്ദി കാ‍സെറ്റുകളും ‘കിംഗ്സ് ബുത്തീകില്‍‘ നിന്ന് ഒരു ഡ്രസ്സും വാങ്ങി. ‘നിനക്കുള്ള ട്രീറ്റ് അമ്മീടെ വകയാ‘
-വീടിനു താഴെ വണ്ടി നിറുത്തിക്കൊണ്ടവള്‍ പറഞ്ഞു.

തനി യാഥാസ്ഥിതിക മുസ്ലിം വേഷത്തിലായിരുന്നു തടിച്ച് പൊക്കം കുറഞ്ഞ അവളുടെ അമ്മീജാന്‍. ദില്‍‌ഷാദാകട്ടെ ചെയ്തിരുന്ന ‘ഹോംവര്‍ക്കില്‍’ നിന്ന് തലയുയര്‍ത്തി പിശുക്കോടെ ഒരു പുഞ്ചിരി സമ്മാനിച്ചു.
‘വാ ഭായിജാന്‍, ബാബാ ഇപ്പോ വരും; അത് വരെ നമുക്കെന്റെ റൂമിലിരിക്കാം’ :
സാമാന്യം ഭംഗിയായലങ്കരിച്ച മുറിയില്‍ മത്ത് പിടിപ്പിക്കുന്ന അത്തറിന്റെ ഗന്ധം നിറഞ്ഞ് നിന്നിരുന്നു.
അല്ലെങ്കിലും ഒരു പെണ്‍കുട്ടിയുടെ ‘മട’യില്‍ ആദ്യമായാണല്ലോ ഞാന്‍!

കിംഗ്സില്‍ നിന്നു വാങ്ങിയ മിറര്‍ വര്‍ക്കുകളുള്ള ‘ലാച്ചാ’യെടുത്ത്, കമ്മീസിനു മുകളില്‍ വച്ച് ചാഞ്ഞും ചരിഞ്ഞും നിന്നവള്‍ ചോദിച്ചു:
“ നോക്കൂ, എങ്ങനെയുണ്ട്?’
‘തരക്കേടില്ല, പക്ഷേ ഇട്ടു കാണാതെങ്ങാനാ പറയുക?’
‘ഒരു മിനിറ്റ്’
പെട്ടന്നവള്‍ ധരിച്ചിരുന്ന ഡ്രസ് തലവഴി വലിച്ചൂരി. ബ്രേസ്സിയേര്‍സിനു പകരം ചെറിയ ഒരു ‘സ്ലിപ്’ മാത്രമാണവള്‍ ധരിച്ചിരുന്നത്. അതിന്റെ മുകള്‍ ഭാഗത്ത്, ചെറിയ എന്നാല്‍ കൂര്‍ത്ത് നില്‍ക്കുന്ന രണ്ട് താമരമുകുളങ്ങള്‍.....


മിഴിച്ചിരുന്നു പോയി, ഞാന്‍.

അത് വരെ കാണാത്ത ഭാവത്തോടെ, തിളയ്ക്കുന്ന കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുകളുമായി, മുന്നില്‍ വന്ന്, കുനിഞ്ഞ് നിന്നവള്‍ എന്റെ മുഖത്തേക്കുറ്റു നോക്കി.

മിഴികളില്‍ ഒരു മഴവില്ല് വീണുടഞ്ഞു!

തൊണ്ടയിലൂടെ ലാവയൊഴുകി, ഹൃദയം പെരുമ്പറ മുഴക്കി, രോമകൂ‍പങ്ങളിലൂടെ വൈദ്യുതി പാഞ്ഞു.


പെട്ടെന്ന് പുറത്ത് നിന്നെന്തോ ശബ്ദമുയര്‍ന്നു.

വാതില്‍ തുറക്കുന്നു, അടയ്ക്കുന്നൂ. ഒപ്പം ബാബുബായ്‌യുടെ മുഴക്കമുള്ള സ്വരം.


ഒറ്റച്ചാട്ടത്തിന്ന് ചാരിയിട്ട വാതിലിലൂടെ‍ ഞാന്‍ പുറത്തേക്കൂളയിട്ടു. പിന്നെ അപ്രതീക്ഷിതാനുഭവത്തിന്റെ വികാരത്തള്ളലില്‍‍ വിരണ്ട തനുവും വ്യഥിത മനസ്സും പേറി, ആദ്യം കണ്ണില്‍ പെട്ട ബാത്‌റൂമില്‍ കയറി കതകടച്ചു.

ഏറെക്കഴിഞ്ഞ്, തൊട്ടടുത്ത കസേരയില്‍, ഭാഭിയുടെ ആലൂ പൊറോട്ടയും നര്‍ഗീസി കോഫ്തായും, കുനിഞ്ഞ ശിരസ്സുമായിരുന്നകത്താക്കുമ്പോള്‍, ചുണ്ടുകള്‍ എന്റെ ചെവിക്കരികെ കൊണ്ടുവന്ന് അവള്‍ മന്ത്രിച്ചൂ:
“അരേ ഡര്‍പോക്ക്, സീഥാ ബൈഠ്” (പേടിത്തൊണ്ടാ, നേരെയിരി)

*************************
ഞാന്‍ ഡ്രൈവിംഗ് പഠിക്കണമെന്നായി പിന്നെ അവളുടെ ശാഠ്യം. ഓഫീസില്‍ നിന്ന് നേരത്തേ വിളിച്ചിറക്കി, സത്‌വയിലെ ഒഴിഞ്ഞ ഗ്രൌണ്ടില്‍, ഡ്രൈവിംഗ് സ്കൂളുകാര്‍ നാട്ടിയ പോസ്റ്റുകള്‍ക്കുള്ളില്‍, പാര്‍ക്കിംഗും ഗാരേജും പരിശീലിപ്പിക്കാനവള്‍‍ മുന്‍‌കൈയെടുത്തു. ജീവിതത്തിലാദ്യമായി ഡ്രൈവിംഗ് സീറ്റിലിരുന്നപ്പോള്‍ ‍ തോന്നിയ വിറയല്‍ അവളുടെ ‘പേര്‍സണല്‍ കെയര്‍‘ കൂടിയായപ്പോള്‍ ഉന്മാദമുള്ള ഒരനുഭവമായി മാറി.
കുടുകുടെ ചിരിച്ചുകൊണ്ടവള്‍ അപ്പോഴും കളിയാക്കി:
ഡര്‍പോക്ക് കഹീം കാ’
********************

തലത്ത് മഹ്‌മൂദിന്റെ ഗാനങ്ങള്‍ പ്രാണനായിരുന്നു, അവള്‍ക്ക്.
“ഏ ദില്‍ മുഝെ ഐസാ ജഗാ ലേ ചല്‍.....”
‘മേരാ ജീവന്‍ സാഥി ബിഛഡ് ഗയാ....”
“ജല്‍തെ ഹെ ജിസ് കേ ലിയേ...’
-എന്നീ ഗാനങ്ങള്‍ പ്രത്യേകിച്ചും.

കാറില്‍ സദാ സമയവും തലത്ത് മഹ്‌മൂദിന്റെ ഗാനമേളയായിരിക്കും. ഒപ്പം പാടും അവള്‍.
തലത്തിനേക്കാള്‍ ‘സില്‍കി വോയ്സ്‘ തന്റേതല്ലേയെന്നാണവളുടെ ചോദ്യം.
സമ്മതിച്ച് കൊടുക്കാതെന്ത് ചെയ്യും?

********************
കളകളാരവം മുഴങ്ങുന്ന സംസാരപ്പാച്ചിലിന്നിടക്ക് ചിലപ്പോഴവള്‍ നിശ്ശബ്ദയാ‍കും. എന്തോ ആലോചിച്ചിരിക്കും. പിന്നെ നീണ്ട ഒരു നെടുവീര്‍പ്പ്.


‘രുക്കൂ, ഏറെ നാളായി നിന്റെ ഈ സൂക്കേട്..... എന്താ പ്രശ്നം?’
ഞാന്‍ ചോദിച്ചു.
“ഭായിജാന്‍, നിന്നോട് ഞാനെന്തൊളിക്കാനാ?“
എന്റെ നേരെ തിരിഞ്ഞൂ, അവള്‍:
നോക്കൂ; ഞാനെന്താ ഇങ്ങനെ? ദില്‍‌ഷാദ് എന്നേക്കാള്‍ അഞ്ച് വയസ്സിന്നിളയതാണ്. അവളുടെ മുന്‍ഭാഗോം പിന്‍ഭാഗോം ശ്രദ്ധിച്ചിട്ടുണ്ടോ....‍ എത്ര വലുതാ, എന്ത് ഷേപ്പാ,അല്ലേ?”
“എന്ത് ചെയ്യാനാ, മുളച്ച് വരുമ്പോള്‍‍ മുതല്‍ ആവശ്യത്തിന് കൈവളം കൊടുക്കാതിരുന്നാ ഇങ്ങനെയൊക്കെ സംഭവിക്കും’

ഒരു തത്വജ്ഞാനിയുടെ ഗൌരവത്തോടെയുള്ള എന്റെ മറുപടി കേട്ടപ്പോള്‍ ‍ ‍ നിസ്സഹായാവസ്ഥയില്‍ അവള്‍ തലയാട്ടി. ഏറെക്കഴിഞ്ഞ് തലയില്‍ ട്യൂബ്‌ലൈറ്റ് തെളിഞ്ഞപ്പോള്‍‍ ആര്‍ത്ത് ചിരിച്ചുകൊണ്ട്, ‍ എന്റെ കഴുത്തില്‍ പിടിത്തമിട്ടു:

‘ബദ്മാഷ്, മാര്‍ ഡാലൂംഗീ‘

*******************************
ഒരു വെള്ളിയാഴ്ച:

കുര്‍ബാന് ട്രിഗ്ണോമെട്രിയിലെ ഒരു സംശയം തീര്‍ത്ത് കൊടുക്കുകയായിരുന്നു, ഞാന്‍. ഭാഭി ഗ്രോസറിയില്‍ പോയിരിക്കുന്നു. രുക്സാനയും ദില്‍‌ഷാദും വാതില്‍ തുറന്നകത്ത് വന്നത് ഞങ്ങള്‍ അറിഞ്ഞില്ല. പിന്നിലൂടെ വന്ന് ചെവിയില്‍ ‘ഡര്‍പോക്ക്’ എന്നവള്‍ മന്ത്രിച്ചപ്പോള്‍ ഞെട്ടിപ്പോയി.

അവളെ അങ്ങനെ വിട്ടാല്‍ പറ്റില്ലെന്നെനിക്ക് തോന്നി. പിന്നിലൂടെ ചെന്ന് അരയില്‍ രണ്ട് കൈകളും ചേര്‍ത്ത് പിടിച്ച് മുകളിലേക്കുയര്‍ത്താ‍ന്‍ ശ്രമിച്ചു.
‘എന്താ, തൂക്കം നോക്കുകയാ?’‘ :അവള്‍ ചോദിച്ചു.
“അതെ, കൃത്യമായി പറയും. അറിയാമോ?’
‘എങ്കി പറ....’
അവളെ തറയില്‍ നിന്നും അല്പമുയര്‍ത്തി, സാവധാ‍നം വട്ടം കറക്കി. അതിനിടെ കൈകള്‍ മനപ്പൂര്‍വം മുകളിലേക്കുയര്‍ന്നതും വിരലുകള്‍ വികൃതി കാട്ടിത്തുടങ്ങിയതും അറിയാത്ത മട്ടില്‍ കിലുങ്ങിച്ചിരിച്ചുകൊണ്ടവള്‍ പറഞ്ഞു:
‘പറയ്, എത്ര കിലോ.”
“48 കിലോ’ ഞാന്‍ പറഞ്ഞു.
‘അല്ല തെറ്റാ...ശരിക്കും നോക്ക്’
ഇതിനിടെ ദില്‍‌ഷാദ് ഇടയില്‍ക്കയറി:
‘ഭായിജാന്‍, കൃത്യമാ പറഞ്ഞത്. ദീദി 49 കിലോയാ..‘
അവള്‍ അനിയത്തിയെ നോക്കി കോക്രി കാട്ടി.
:‘ചല്‍, ഝൂട്ടീ”
“ഭായിജാന്‍ ഇനി എന്റെ തൂക്കം നോക്ക്’: ദിത്ഷാദ് മുന്നിലേക്ക് കയറി വന്നു.
‘വേണ്ടാ, നിന്റെ തൂക്കം ഞാന്‍ പറയാം. 55 കിലോ. ഭാഗ്, ഭാഗ് യഹാം സേ...ഒരുത്തി തൂക്കം നോക്കാന്‍ നടക്കുന്നൂ”
അവള്‍ കോപത്തോടെ ദില്‍ഷാദിനു നേരെ കൈയുയര്‍ത്തി.
എന്നിട്ടെന്നെ നോക്കി ചുണ്ടുകള്‍ വക്രിപ്പിച്ച് കപടഗൌരവത്തോടെ ചോദിച്ചൂ:
‘ഉം...എന്താ, വളം വച്ച് കൊടുക്കാന്‍ വല്ല പ്ലാനുമുണ്ടോ?’

*************************

വളരെ ‘പൊസസീവ്’ കാരക്റ്റര്‍ ആയിരുന്നു, രുക്സാനയുടേത്. എന്ത്, എപ്പോള്‍, എവിടെ എന്നൊന്നും പ്രശ്നമല്ല, കൂടെയുള്ള മുഴുവന്‍ സമയവും‍ എന്റെ ശ്രദ്ധ അവളിലായിരിക്കണം.
ബാബുഭായിയുടേയും ഭാഭിയുടേയും വിവാഹത്തിന്റെ സില്‍‌വര്‍ ജൂബിലി പാര്‍ട്ടി. ആള്‍ക്കൂട്ടത്തില്‍ നിന്നും കൈ പിടിച്ച് എന്നെ ബാല്‍ക്കണിയിലേക്ക് നയിച്ചു, അവള്‍. ‘ഭായിജാന്‍, എത്ര നാളായി കൈരേഖ നോക്കി ഫലം പറയാമെന്നേറ്റിട്ട്” :
അവള്‍ കൈ നീട്ടി.

പാര്‍ട്ടിയില്‍ നിന്നൊഴിഞ്ഞ് അവളുടെ കൂടെ ഒറ്റക്കിരിക്കാന്‍ ‍ അല്പം ജാള്യത തോന്നിയെങ്കിലും അവള്‍ വിട്ടില്ല.

“ശരി’: നീളമുള്ള അവളുടെ ഇടത് കൈപ്പത്തി എന്റെ കൈയിലൊതുക്കി, തുടച്ച് വൃത്തിയാക്കി, ചൂണ്ടുവിരല്‍ രേഖകളിലൂടെ ഓടിച്ച്, ഒരു ഹസ്തരേഖാ വിദഗ്ദ്ധന്റെ ഗാംഭീര്യത്തോടെ തുടങ്ങി.

“തള്ള വിരലിന്റെ താഴെ, ദാ, ഇതാണ് വീനസ്. ഉയര്‍ന്ന് നില്ക്കുന്നതിനാല്‍ ‘വില്‍‌പവര്‍’ ഉള്ള മനസ്സാണ് നിന്റേത്. ഇവിടന്ന് മേലോട്ട് .. ഇതാണ് ജീവന്‍ രേഖ. പിന്നെ ചെറുവിരലിന്റെ താഴെ ഈ തെളിഞ്ഞ് കാണുന്നത് ഹൃദയരേഖ....’

“അതല്ല, എന്റെ വിവാഹം.... അത് എന്ന് നടക്കും?’
അവളുടെ മുഖം എന്റെ മുഖത്തോടടുത്തു.
നിശ്വാസങ്ങള്‍ നെറ്റിത്തടത്തെ ചൂടുപിടിപ്പിച്ചു.
“ഇതാ ചെറുവിരലിന്റെ സൈഡില്‍ ഹൃദയരേഖയോട് ചേര്‍ന്ന്...ഇതാണ് വിവാഹരേഖ. 20 വയസ്സില്‍ നടക്കുമെന്നാ രേഖകള്‍ പറയുന്നത്. പക്ഷെ വളരെ നേര്‍ത്ത ഒരു രേഖ മാത്രമായതിനാല്‍ ഉറപ്പില്ല. അല്ലെങ്കില്‍ പിന്നെ 28 കഴിയണം.’‘
“20 വയസ്സ് ഉടനെ ആകുമല്ലോ. ‍ എടാ‍, നിനക്കെന്നെ കെട്ടിക്കൂടെ?’
അവളുടെ ചുണ്ടുകള്‍ എന്റേതിനോട് വളരെ അടുത്തായിരുന്നു.
ആ കണ്ണുകളുടെ തിളക്കം, നിശ്വാസത്തിന്റെ തീഷ്ണത....
അമ്പരപ്പോടെ തലയുയര്‍ത്തിയ എന്നെ നോക്കി, പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്ത്, കൈ കൊണ്ട് തലയിലൊന്ന് തട്ടി, പുഞ്ചിരിയോടവള്‍ മന്ത്രിച്ചു:
“ഡര്‍പോക്ക്’
എന്നിട്ട് വിഷയം മാറ്റി:
“ഇനി കുട്ടികളുടെ കാര്യം...പറ, എത്ര കുട്ടികള്‍?“
’‘വിവാഹ രേഖയുടെ താഴെ....അല്പം തടിച്ച രേഖകള്‍ ആണ്‍കുട്ടികളുടേതും നേര്‍ത്തവ പെണ്‍‌കുട്ടികളുടേതും എന്നാണു ശാസ്ത്രം. പക്ഷേ ‍ രേഖകള്‍ ഒന്നും തെളിഞ്ഞ് കാണുന്നില്ലല്ലോ?”
‘കുട്ടികളുണ്ടാവില്ലെന്നാണോ?”
ആകാംക്ഷയേക്കാള്‍ ഉദ്വേഗമായിരുന്നു ആ സ്വരത്തില്‍.
ഒന്നു ചിരിച്ചു, ഞാന്‍.
പിന്നെപ്പറഞ്ഞു:
“എടീ ബുദ്ദൂസെ, കല്യാണം കഴിഞ്ഞിട്ടല്ലേ കുട്ടികളുണ്ടാവൂ‍? അല്ലാതെ അതിനു മുന്‍പെങ്ങാ‍ന്‍ രേഖ തെളിഞ്ഞാല്‍...........ദേ, കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കാനാ നിന്റെ പരിപാടി?”

*********************
അപ്രതീക്ഷിതമായാണ് ബാബുഭായിക്ക് ഹാര്‍ട്ടറ്റാക്ക് വന്നത്.

ബൈപാസ് സര്‍ജറിക്ക് പാക്കിസ്ഥാനിലേക്ക് പോയ ബാബുഭായി രണ്ട് മാസങ്ങള്‍ക്ക് ശേഷം തിരിച്ചു വന്നു, മുഖം നിറയെ ചിരിയും കൈ നിറയെ കറാച്ചി ഹല്‍‌വായുമായി. അസുഖം മാറിയതിന്റെ മാത്രമല്ലാ മകളുടെ നിക്കാഹ് നടത്തിയതിന്റെ കൂടി സന്തോഷത്തില്‍.


ഹബീബ് ബാങ്കിന്റെ അബുദാബി ബ്രാഞ്ചില്‍ ഓഫീസറായ ഇക്ബാല്‍ ഒരു ബോളിവുഡ് താരത്തേപ്പോലെ സുന്ദരനായിരുന്നു. പക്ഷേ എത്ര നിര്‍ബന്ധിച്ചിട്ടും രുക്സാന വിവാഹത്തിന് തയ്യാറായില്ലത്രേ.
ഒടുവില്‍, ‘അബ്ബാജന്റെ അവസാന ആഗ്രഹം എന്റെ മോള്‍ സാധിച്ച് തരില്ലേ ‘ എന്ന് ബാബ ചോദിച്ചപ്പോള്‍ തനിക്കുത്തരമുണ്ടായില്ലെന്ന് രുക്കു.

ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ വച്ചായിരുന്നു മാരിയേജ് റിസപ്ഷന്‍. വിലയേറിയ ആടയാഭരണങ്ങളും, മേക്കപ്പും മെഹന്ദിയുമൊക്കെയണിഞ്ഞ് വന്നപ്പോഴവള്‍ക്ക് ലോകസുന്ദരിയേക്കാള്‍ തിളക്കം.

അവളെ നേരിടാനാവാതെ, എന്തിനെന്നറിയാതെ വിതുമ്പുന്ന ഒരു കുഞ്ഞ് ഹൃദയത്തെ തലോടി ആശ്വസിപ്പിച്ചുകൊണ്ട്, ഹാളിന്റെ മൂലയില്‍ ഒതുങ്ങിക്കൂടി ഞാന്‍. ദില്‍‌ഷാദ് വന്ന് വിളിച്ചപ്പോഴാണു രുക്കു എന്നെത്തന്നെ ശ്രദ്ധിക്കുകയായിരുന്നുവെന്ന് മനസ്സിലായത്. ഇക്ബാലിന് എന്നെ പരിചയപ്പെടുത്തിയത് ‘തിസ് ഈസ് മൈ ബെസ്റ്റ് ഫ്രന്റ്’ എന്നു പറഞ്ഞാണ്. കൂടെ നിര്‍ത്തി ഫോട്ടൊയുമെടുത്ത് മടങ്ങാന്‍ നേരം അവളുടെ മൃദുമന്ത്രണം ചെവികളില്‍‍:
‘ഡര്‍പോക്ക്’
തിരിഞ്ഞ് നോക്കിയപ്പോള്‍ കണ്ടു: ഇളകിയാടുന്ന വെള്ളാരംകല്ലുകള്‍ക്ക് താഴെ തിളങ്ങി നില്‍ക്കുന്ന രണ്ട് വജ്രത്തുള്ളികള്‍.

**********************
അന്നു രാത്രി ബാബുബായ് മരിച്ചു.

റിസപ്ഷന്‍ കഴിഞ്ഞ് കളിയും പാട്ടുമൊക്കെയായി മനസ്സ് നിറഞ്ഞ് വന്നു കിടന്നതായിരുന്നു. പിറ്റേന്ന് കാലത്ത് ഉണര്‍ന്നില്ല.
മൃതദേഹം ദുബായില്‍ തന്നെ കബറടക്കാന്‍ തീരുമാനിച്ചു. എല്ലാ കാര്യങ്ങള്‍ക്കും ഹാത്തിം ഭായിയോടൊപ്പം ഞാനും ഓടി നടന്നു. ഡെത്ത് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കിട്ടിയപ്പോഴാണ് ബാബുഭായിയുടെ യഥാര്‍ത്ഥ പേരുപോലും ഞാന്‍ മനസ്സിലാക്കിയത്: മീര്‍ സഫറുള്ള സിദ്ദിക്കി.
ചടങ്ങുകള്‍ക്ക് ശേഷം ഇക്ബാല്‍ അബുദാബിയിലേക്ക് മടങ്ങി. രുക്സാന തത്ക്കാലം കുടുംബത്തോടൊപ്പം ദുബായില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചു. ബാബുഭായിക്ക് കമ്പനിയില്‍ നിന്നു കിട്ടാനുള്ള ആനുകൂല്യങ്ങള്‍ വാങ്ങണം, ദില്‍‌ഷാദിന് പരീക്ഷ എഴുതണം, അവരെ പാക്കിസ്ഥാനില്‍ കൊണ്ട് പോയി സെറ്റില്‍ ആക്കിക്കഴിഞ്ഞാല്‍ പിന്നെ താന്‍ ‍‍ ഫ്രീ എന്നാണവള്‍ പറഞ്ഞത്.

ബാബുബായിക്ക് പകരം അറബിയുടെ മകനാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായത്.
14 കൊല്ലങ്ങള്‍ കൊണ്ടാണു ബാബുബായി ആ ജര്‍മ്മന്‍ പ്രൊഡക്ടിനെ ദുബായിലെ ‘ടോപ് ബ്രാന്‍ഡായി’ ഉയര്‍ത്തിക്കൊണ്ട് വന്നത്. ശംബളത്തിനു പുറമെ 10% പ്രോഫിറ്റ് ഷയറും അറബി വാഗ്ദാനം ചെയ്തിരുന്നു.

പക്ഷെ മകന്റെ കണ്ണില്‍‍ ബാബുഭായി വെറുമൊരു സെയില്‍‌സ് മാനേജര്‍ മാത്രമായിരുന്നു. പുതിയ കണക്കപ്പിള്ള‍ അച്ചായന്റെ ഉപദേശപ്രകാരം കൊല്ലങ്ങളായി കമ്പനി എഴുതിത്തള്ളിയ ‘ബാഡ് ഡെബ്റ്റ്സ്‘ എല്ലാം ബാബു ഭായിയുടെ പേഴ്സണല്‍ എക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു. രേഖകളിലില്ലാത്ത പ്രോഫിറ്റ് ഷയര്‍ എന്ന അറബിയുടെ പ്രോമിസിനെ പറ്റി തനിക്കൊന്നുമറിയില്ലെന്നും അയാള്‍ തുറന്നടിച്ചു.

കാരണോര്‍ അറബിയെ നേരിട്ട് കാണാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ ‍ ‘ലീഗല്‍‘ ആയിത്തന്നെ കാര്യങ്ങള്‍ നീക്കാന്‍ തീരുമാനിച്ചു, രുക്കു. വക്കീല്‍ നോട്ടീസ് കൈപ്പറ്റിയ അറബിപുത്രന്‍ സിനിമയിലെ വില്ലനെപ്പോലെയാണ് പ്രതികരിച്ചത്.


കമ്പനിയുടെ ‘ആഫ്റ്റര്‍ സെയിത്സ് സെര്‍വീസ് സെന്ററിന്റെ വാടക ശീട്ട് ബാബുഭായിയുടെ പേരിലായിരുന്നു. റിപ്പയറിനു വരുന്ന സാധനങ്ങള്‍ കൂടാതെ കുറെ ഡെഡ് സ്റ്റോക്കും സൂക്ഷിച്ചിരുന്നു, അവിടെ.

ഒരു ദിവസം രാത്രി രുക്കുവിന്റെ ഫോണ്‍.
‘ഭായിജാന്‍, ഒന്നിവിടെ വരെ വരാമോ? വീടു നിറയെ പോലീസ്...’

ഞാന്‍ ഞങ്ങളുടെ PRO സുഡാനിയേയും ഹാത്തിം ഭായിയേയും കൂട്ടി അവിടെയെത്തിയപ്പോള്‍ ഫ്ലാറ്റ് നിറയേ പോലീസും സി ഐ ഡികളും. ഭാഭിയേയും രുക്കുവിനേയും അറസ്റ്റ് ചെയ്യാന്‍‍ വന്നതാണത്രേ!

ചതി, വിശ്വാസ വഞ്ചന, കളവുമുതല്‍ സുക്ഷിക്കല്‍.....കുറ്റങ്ങള്‍ പലതാണ്.


ആ സന്നിഗ്ദ്ധ ഘട്ടത്തിലാണ് രുക്കുവിന്റെ പുതിയ ഒരവതാരം ഞാന്‍‍ ദര്‍ശിച്ചത്.

അറസ്റ്റൊഴിവാക്കി‍ അനുരഞ്ജനത്തിന് അറബിപുത്രനെ വിളിക്കാന്‍‍ എല്ലാരും നിര്‍ബന്ധിച്ചപ്പോള്‍ ഒരു പുഞ്ചിരിയോടെ അവള്‍ പറഞ്ഞു: “വേണ്ടാ, എന്റെ ബാബാജാനോട് കാട്ടുന്ന ഏറ്റവും വലിയ അനീതിയായിരിക്കും, അത്. ഇതൊരു ധര്‍മ്മയുദ്ധമാണ്. ഞാനിതില്‍ നിന്ന് ഞാന്‍ പിന്മാറിക്കൂടാ‍.

അടുത്താഴ്ച മുതല്‍ അവളൊരുദ്യോഗസ്ഥയായി, ഒരു മാര്‍ക്കറ്റിംഗ് കമ്പനിയിലെ‍ സെയിത്സില്‍ ഡിവിഷനില്‍.

ഒന്നര കൊല്ലത്തോളം നീണ്ടുനിന്ന ‍നിയമയുദ്ധത്തിന്റെ അവസാനം ബാബുഭായി നിര്‍ദ്ദോഷിയാണെന്ന് കോടതി വിധിച്ചു. ഗ്രാറ്റുവിറ്റി വക കുറെ പൈസയും കിട്ടി. പക്ഷേ അപ്പോഴേക്കും സാമ്പത്തികമായി ക്ഷയിച്ച് കഴിഞ്ഞിരുന്നു, ആ കുടുംബം.

ഇക്ബാലും രുക്സാനയുമായി ഉയര്‍ന്ന് വന്ന കൊച്ച് കൊച്ച് അഭിപ്രായവ്യത്യാസങ്ങള്‍ അപ്പോഴേക്കും അതിന്റെ പാരമ്യത്തിലെത്തിയിരുന്നു.
രുക്കു തറപ്പിച്ചു പറഞ്ഞു: ‘ ഈ സുന്ദരവിഡ്ഡിയുടെ കൂടെ എനിക്കിനിയും ജീവിക്കാനാവില്ല. കുടുംബമാണു എനിക്ക് വലുത്”

“ഭാ‍യിജാന്‍, ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല, ഞാനയാളെ. ഹി ഈസ് അ പെര്‍ഫക്റ്റ് മെയില്‍ ഷ്യുവനിസ്റ്റ് പിഗ്‘: പിന്നീടവള്‍ വിശദീകരിച്ചു.

ആ സമ്മറില്‍ രുക്സാനയും കുടുംബവും ദുബായിയോട് യാത്ര പറഞ്ഞു.

പല കത്തുകള്‍ അയച്ചപ്പോള്‍ ‍ രണ്ടോ മൂന്നോ മറുപടികള്‍‍ വന്നു. പണത്തിന് മാത്രമല്ല വാക്കുകള്‍ക്കും പിശുക്കു കാണിച്ചു തുടങ്ങിയിരുന്നൂ അവള്‍!

****************************

ഹാത്തിംഭായ് ഇപ്പോഴുമുണ്ട് ഷാര്‍ജയില്‍; റോളയില്‍ സ്വന്തമായി ക്ലിനിക് നടത്തുന്ന മകന്‍ ഡോക്ടര്‍ കുര്‍‌ബാന്റെ കൂടെ.


ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തി തിരിച്ച് വന്ന കുര്‍ബാന്‍ എന്നെ വിളിച്ചു.
‘അങ്കിള്‍, എന്നാ ഇനി ഷാര്‍ജക്ക്?”
ഞാന്‍ പറഞ്ഞു: ‘വരാം, ഈയാഴ്ച തന്നെ”
“വരുമ്പോള്‍ അങ്കിളിന്റെ ഒരു ഫാമിലി ഫോട്ടോ കൊണ്ടുവരണം.”

കറാച്ചിയില്‍ രുക്സാനയെ വിസിറ്റ് ചെയ്ത കഥ പറയാനാണവന്‍ വിളിച്ചത്.
‘ എങ്ങിനെയുണ്ടവള്‍? കല്യാണം കഴിച്ചോ? കുട്ടികള്‍?”
ഉണര്‍ന്ന ഔത്സുക്യത്തോടെ ഞാന്‍ തിരക്കി.
‘ കല്യാണം കഴിച്ചിട്ടില്ല. അനിയത്തിയെ പഠിപ്പിച്ചു ഡോക്ടറാക്കി. അവളിപ്പോള്‍ ഭര്‍ത്താവുമൊത്ത് അമേരിക്കയിലാണ്. രുക്കുദീദി അമ്മയുമൊത്ത് കറാച്ചിയിലാണു. സ്വന്തമായി ഒരു റെസ്റ്റാറന്റ് നടത്തുന്നു. മാത്രമല്ല, അനാഥനായ ഒരു അഫ്ഘാന്‍ ബാലനെ ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്, ദീദി. ഷി് സെയ്സ് ഷി ഈസ് ഹാപ്പി”
അവന്‍ തുടര്‍ന്നു:“പക്ഷെ അതല്ലാ അങ്കിള്‍ എനിക്കറിയേണ്ടത്. അങ്കിളിനോട് ചോദിക്കാന്‍ പാടില്ലാത്തതാ. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം’
“നോ പ്രോബ്ലം, ഷൂട്ട്...”: ഞാന്‍ അനുമതി നല്‍കി.
“അങ്കിളും ദീദിയും പ്രേമത്തിലായിരുന്നോ? അങ്കിളിനെപ്പറ്റി പറയുമ്പോഴുള്ള അവരുടെ കണ്ണുകളുടെ പ്രകാശവും മുഖത്തെ ഭാവഭേദങ്ങളും സംസാരത്തിലെ നനുനനുപ്പും .... പിന്നെ ഫോട്ടോക്ക് വേണ്ടി വീണ്ടും വീണ്ടുമുള്ള ഓര്‍മ്മപ്പെടുത്തലുകളും....!”

എന്താ കുബീ ഞാന്‍ പറയുക?

31 comments:

Kaithamullu said...

“ശരി’ അവളുടെ കൈ നിവര്‍ത്തി, നല്ലവണ്ണം തുടച്ച് വൃത്തിയാക്കി, ഒരു ഹസ്തരേഖാ വിദഗ്ദ്ധന്റെ ഗാംഭീര്യത്തോടെ ഞാന്‍ തുടങ്ങി.
“തള്ള വിരലിന്റെ താഴെ, ദാ, ഇതാണ് വീനസ്. നല്ല ‘വില്‍‌പവര്‍’ ഉള്ള മനസ്സാ നിന്റേത്. ഇവിടന്ന് മേലോട്ട് ..ദാ, ഇതാണ് ജീവന്‍ രേഖ. പിന്നെ ചെറുവിരലിന്റെ താഴെ ഈ ഉയര്‍ന്ന് കാണുന്നത് ഹൃദയരേഖ....’
“അതൊന്നുമല്ല എനിക്കറിയേണ്ടത്, എന്റെ കല്യാണമെന്ന് നടക്കുമെന്ന് പറയ്“
അവളുടെ നിശ്വാസം എന്റെ നെറ്റിത്തടത്തെ ചൂടുപിടിപ്പിക്കുന്നത് ഞാനറിഞ്ഞു.

“ഇതാ ചെറുവിരലിന്റെ സൈഡില്‍ ഹൃദയരേഖയോട് ചേര്‍ന്ന്...ഇതാണ് വിവാഹരേഖ. നിന്റെ കല്യാണം 21 വയസ്സില്‍ നടക്കുമെന്നാ രേഖകള്‍ പറയുന്നത്. പക്ഷെ വളരെ നേര്‍ത്ത രേഖയായതിനാല്‍ ഉറപ്പില്ല. അല്ലെങ്കില്‍ പിന്നെ 28 വയസ്സ് കഴിയണം.’‘
“21 വയസ്സ് ആണല്ലോ ഇപ്പോള്‍! എങ്കില്‍ എടാ‍, നിനക്കെന്നെ കെട്ടിക്കൂടെ?’

അവളുടെ ചുണ്ടുകള്‍ എന്റെ മുഖത്തോട് വളരെ അടുത്തായിരുന്നു.ആ കണ്ണുകളുടെ തിളക്കം, നിശ്വാസത്തിന്റെ തീഷ്ണത....
അമ്പരപ്പോടെ തലയുയര്‍ത്തിയ എന്നെ നോക്കി, സമനില വീണ്ടെടുത്ത്, ഒരു പുഞ്ചിരിയോടെ അവള്‍ മന്ത്രിച്ചു:
“ഡര്‍പോക്ക്’
പിന്നെ നിര്‍ബന്ധിച്ചു:“ഇനി കുട്ടികളുടെ കാര്യം...പറ, എത്ര കുട്ടികള്‍?“

’‘വിവാഹ രേഖയുടെ താഴെ....അല്പം കട്ടിയുള്ള രേഖ ആണ്‍കുട്ടികള്‍, കനം കുറഞ്ഞവ പെങ്കുട്ടികള്‍ എന്നാണു ശാസ്ത്രം. പക്ഷേ നിന്റെ കൈയില്‍ രേഖകള്‍ ഒന്നും തെളിഞ്ഞ് കാണുന്നില്ലല്ലോ. അതിനാലിപ്പോ ഒന്നും പറയാന്‍ പറ്റില്ലാ”

‘അപ്പോ എനിക്ക് കുട്ടികളുണ്ടാവില്ലെന്നോ?” ആകാംക്ഷയേക്കാള്‍ ഉദ്വേഗമായിരുന്നു ആ സ്വരത്തില്‍.
ഒന്നു ചിരിച്ചു, ഞാന്‍. പിന്നെപ്പറഞ്ഞു:

“എന്റെ ബുദ്ദൂസെ, കല്യാണം കഴിഞ്ഞിട്ടേ കുട്ടികളുടെ രേഖകള്‍ തെളീയൂ. അല്ലാതെ അതിനു മുന്‍പ് തെളിഞ്ഞാ‍ല്‍.....ദേ, പ്രശ്നമുണ്ടാക്കല്ലേ, മോളേ!”

*********
പുതിയപോസ്റ്റ്!
- എഡിറ്റി എഡിറ്റി കുളമാകുമെന്ന ഘട്ടത്തില്‍ പെട്ടെന്ന് പോസ്റ്റുന്നു. രുക്കുവിനെപ്പറ്റി എഴുതിയതിനേക്കാള്‍ എഴുതാത്ത കഥകളാനേറെ.

പോസ്റ്റിന്റെ നീളം കുറയ്ക്കാന്‍ അവസാനം കുറച്ച് ‘ക്രിസ്പ്’ ആകേണ്ടിവന്നുവെന്ന് മുന്‍‌കൂര്‍ ജാമ്യം!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മടങ്ങി വരവില്‍ തേങ്ങാ ചാത്തന്‍ വഹ..

നന്നായി എഡിറ്റ് ചെയ്തിട്ടുണ്ടല്ലോ ;) ഭാഗ്യം...

ശ്രീ said...

കൈതമുള്ള് മാഷേ...

ശ്വാസമടക്കിപ്പിടിച്ച് ഇരുന്നു വായിച്ചു.
വളരെ ഹൃദയസ്പര്‍‌ശിയായ കഥ. നന്നായി എഴുതിയിരിക്കുന്നു. വലുപ്പക്കൂടുതലുണ്ടെങ്കിലും തീരെ മടുപ്പില്ലാതെ വായിച്ചു തീര്‍‌ത്തു.

അവസാനം ഒരു നെടുവീര്‍‌പ്പോടെ അവസാനിപ്പിക്കേണ്ടി വന്നു.

:)

ബീരാന്‍ കുട്ടി said...

Waw, marvelous

Kuzhur Wilson said...

ഇനിയാരുടെയും കൈനോക്കരുത്.


സങ്കടം സഹിക്ക വയ്യ. ഇത്തവണ കൈതമുള്ളേറ്റ് ശരിക്ക് മുറിഞ്ഞു.

Visala Manaskan said...

സത്യം പറയാലോ... ഞാന്‍ ഗിരിജീല് പടം കാണുന്ന ശുഷ്കാന്തിയിലാണ് ഇത് വായിച്ചത്! :))

കൈതേ.. ഇതും എഴുതി ഞെരിച്ചു. കലക്കന്‍!

കുഞ്ഞന്‍ said...

ഒരു സിനിമ പോലെ മനോഹരം, ഒരു വരിയില്‍ പോലും വിരസത തോന്നിയില്ല, അത്രക്കു ഹൃദ്യമായി എഴുതീരിക്കണൂ...


നമിക്കുന്നു പ്രഭോ അങ്ങയുടെ ശരീരനിയത്രണത്തിന്..

Murali K Menon said...

വിശാലന്റെ കമന്റ്സ് കണ്ടാണ് ഞാനീ പോസ്റ്റില്‍ കയറിയത്. കയറി അങ്ങനെ തുഞ്ചത്തിരുന്നു ചുറ്റും നോക്കി, മനോഹരമായിരിക്കുന്നു എല്ലാം, രസകരം... പിന്നെ രുക്കുവിന്റെ കൂടെ റൂമിലിരുന്ന് ബാത്ത്‌റൂമിലേക്കോടിപോയി വഴുക്കി വീണതും രസിച്ചു..(പെട്ടെന്ന് രചന എന്ന സിനിമയില്‍ നെടുമുടി വേണുവും ശ്രീവിദ്യയും തമ്മിലുള്ള രംഗം ആയിരിക്കും സംഭവിക്കുക എന്നാണു കരുതിയത്)
“ഡര്‍പോക്” എന്ന പേരില്‍ ഈ സൈലന്റ് ലവ് സ്റ്റോറി ഒരു ഹിന്ദി സിനിമയാക്കിയാല്‍ ഉഗ്രനാവില്ലേ? ഇല്ലേ? ഇല്ലേ? തീര്‍ച്ചയായും - എന്റെ കയ്യില്‍ കാശില്ല അതോണ്ടാ...

ഏറനാടന്‍ said...

ശശിയേട്ടാ.. ഒറ്റവരി പോലും മിച്ചം വെക്കാതെ എല്ലാം മനസ്സിരുത്തി വായിച്ചു. പെട്ടെന്നു അവസാനിച്ചതുപോലെ.. ശരിയാണ്‌ പലരും അഭിപ്രായപ്പെട്ടതുപോലെ ഇതൊരു വിഷ്വലൈസേഷനു വേണ്ടുന്ന ഇതിവൃത്തമുണ്ട്‌. അണുകിട അതിരുവിടാതെ ശുദ്ധസുന്ദരപ്രണയകഥ തന്നെ.. ഒടുവിലെത്തിയപ്പോള്‍ പാവം റുക്സാന.. ഇനിയെന്നെങ്കിലും കാണാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.. ജീവിതം വല്ലാത്തൊരു നാടകം തന്നെ എന്നുറപ്പ്‌..

മനോജ് കുമാർ വട്ടക്കാട്ട് said...

പറയാനെന്തിരിക്കുന്നു!
(നന്നായെഴുതി:)

sandoz said...

ഇവിടെയീ കൊച്ചിയില്‍ തെക്കൊട്ടും വടക്കോട്ടും ചെണ്ടയടിച്ച്‌ നടന്നിട്ട്‌ ഒരു കാര്യോമില്ലാ.....
ഞാനുമങ്ങ്‌ വരട്ടേ കൈതേട്ടാ ദുബായിക്ക്‌.....
അവിടെ ഈ പാക്കിസ്ഥാന്‍ കാരികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തിന്റെ പേരൊന്ന് പറഞ്ഞേ.....[കാരികള്‍ മാത്രം മതി..കാരന്മാര്‍ വേണ്ടാ]
പിടിച്ചിരുത്തി വായിപ്പിച്ചു.....

[പാക്കിസ്താനിലേക്കെപ്പഴാ ബസ്സ്‌]

Mubarak Merchant said...

പകുതി വായിച്ച് നിര്‍ത്താമെന്നോര്‍ത്തതാ ആദ്യം :)
എന്നാലുമെന്റെ കൈതമുള്‍സേ..
ടച്ചിംഗ് സ്റ്റോറി..

കുറുമാന്‍ said...

ശശ്യേട്ടാ, വളരെ ഹൃദയസ്പര്‍ശിയായ ഒരനുഭവ കഥ തന്നെ.......

മേം ഭീ ബുലാവൂംഗാ ആപ്കോ ഡര്‍പോക്ക് കയീം കാ......

രുക്കുവിന്റെ ക്യാരക്റ്റര്‍ മനസ്സില്‍ നിന്നും അടുത്ത കാലത്തൊന്നും മായുമെന്നു തോന്നുന്നില്ല.

Unknown said...

സ്വാമി ശരണം! :-)

ഓടോ: കഥ നന്നായിട്ടുണ്ട്. ടച്ചിങ്.

ഉണ്ണിക്കുട്ടന്‍ said...

വണ്ടര്‍ഫുള്‍ ! ഇതു വായിച്ചു ഞാനാകെ വികാരതരളിതനായിപ്പോയി ! റോമാന്‍സും സെന്റിമെന്‍സും എല്ലാം ഹൃദയസ്പര്‍ശിയായി.

[സാന്‍ഡോ ഒറ്റക്കു പോകാന്‍ പേടിയുണ്ടെങ്കില്‍ ഞാനും കൂടെ വരാട്ടാ..ഒരു കൂട്ടിനേ..]

ഉണ്ണിക്കുട്ടന്‍ said...

രുക്കുവിനെപ്പറ്റി എഴുതിയതിനേക്കാള്‍ എഴുതാത്ത കഥകളാനേറെ.

അതു ഫൌള്‍ ! ബാച്ചിക്ലബില്‍ വേണെങ്കില്‍ ഒരു പോസ്റ്റിടാന്‍ സമ്മതിക്കാട്ടാ..എന്തു പറയുന്നു ദില്‍ബാ..?

മുസാഫിര്‍ said...

നല്ല അനുഭവ വിവരണം ശശിയേട്ടാ.ഒരു നോവലിനുള്ള സ്റ്റഫ് ഉണ്ടായിരുന്നു ഇതില്‍.

Navi said...

****************************

ഈ കുത്തിട്ട ഭാഗങള്‍ ശരിക്കു വിഷ്വലൈസ് ചെയ്തു കെട്ടൊ.. ഹ ഹ ...
ഡര്‍പോക്..

അല്ലാ ഒന്നു ചൊദിക്കട്ടെ... ശരിക്കും ഡര്‍പോക് ആയിരുന്നോ അതൊ. ചുമ്മാ എഴുതാന്‍ വേണ്ടി
അത് ആഡ് ചെയ്തതല്ലെ...സത്യം പറ..

കലക്കി ബോസ്...

എതിരന്‍ കതിരവന്‍ said...

കൈതമുള്ള്:

എന്തു നല്ല കഥ! ഒന്താന്നരം കഥാപത്രം രുക്സാന.

പക്ഷെ എന്തുകൊണ്ട് അവളുടെ കല്യാണം നടന്നില്ല? ഇത്രയും ആര്‍ജ്ജവമുള്ള മനസ്സിനെ ഒരുത്തനും വേണ്ടെന്നോ? അവള്‍ക്ക് വലിയ മുലയും നിതംബവുമില്ലെന്നുള്ള കാരണത്താ‍ാലോ?

ഇതു ശരിയല്ലല്ലൊ.

ആ കൈരേഖാ പ്രവചനത്തെ വെല്ലുവിളിക്കാനല്ലെ അവള്‍ ദത്തെടുത്തത്?

മൂര്‍ത്തി said...

കൊള്ളാം..
വായിക്കാന്‍ നല്ല ഒഴുക്കുമുണ്ട്...

ആവനാഴി said...

രുക്സാന...രണ്ടു താമരമുകുളങ്ങളുമായിട്ടായിരുന്നു അവള്‍ ആ നീലജലാശയത്തില്‍ മുങ്ങി നിവര്‍ന്നത്.

അല്‍ഭുതം കൂറുന്ന കണ്ണുകളോടെ അവന്‍ അവളെത്തന്നെ നോക്കി നിന്നു. വിടര്‍ന്ന താമരയേക്കാള്‍ എത്ര സുന്ദരമാണു മൊട്ടുകള്‍! എന്തൊക്കെയോ ഒരിത്. അവാച്യമായ എന്തോ ഒന്നു ഉള്ളിന്റെ ഉള്ളീല്‍ ചിറകിട്ടടിക്കുന്നോ?

അവള്‍ അവന്റെ കടക്കണ്ണുകളില്‍ ഒളിഞ്ഞിരിക്കുന്ന കുസൃതി കാണാതിരുന്നില്ല. അവന്റെ നോട്ടം അവളുടെ ഹൃദയത്തിലും എന്തൊക്കെയോ ഓളങ്ങള്‍ സൃഷ്ടിക്കുന്നൂണ്ടായിരുന്നു.

“തെമ്മാടി” അവള്‍ മന്ത്രിച്ചു.

അത് വരെ കണ്ടിട്ടില്ലാത്ത ഒരു ഭാവത്തോടെ, തിളയ്ക്കുന്ന കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുകളുമായി നേരെ മുന്നില്‍ വന്ന് കുനിഞ്ഞ് നിന്നവള്‍ അവന്റെ മുഖത്തേക്കുറ്റു നോക്കി.
ഹൃദയം പെരുമ്പറ കൊട്ടുന്നോ?
കൈകാലുകള്‍ കുഴയുന്നോ?
രോമകൂ‍പങ്ങളിലൂടെ ഒഴുകുന്നത് വൈദ്യുതിയാണോ?

“തെമ്മാടി” അവള്‍ വിളീച്ചു, മന്ദ്രമായി.

“ഈ തെമ്മാടിയെ എനിക്കെന്തിഷ്ടമാണെന്നോ” അവള്‍ പറയാതെ മൊഴിഞ്ഞു.

.............

ഒരിക്കല്‍ തടാകക്കരയില്‍ അവന്റെ മാറില്‍ ചാഞ്ഞിരുന്നുകൊണ്ടു അവള്‍ പറഞ്ഞു:“ഞാന്‍ നിന്നോടൊരു കാര്യം പറയട്ടെ; നീ പിണങ്ങുമോ?”

“ജീസസ്, ഹൌ കാന്‍ യൂ സേ ദാറ്റ്? ഞാന്‍ നിന്നോടു പിണങ്ങുകയോ? പിണങ്ങണമെന്നുണ്ട്.... പക്ഷെ പിണങ്ങാനെനിക്കറിയില്ലല്ലോ തങ്കം”

“വേണ്ട. നിനക്കെന്നോടു പിണങ്ങണം അല്ലേ? നിനക്കെന്നോടു സ്നേഹമില്ല” അവളുടെ ചുണ്ടുകള്‍ വിതുമ്പി.

“ഞാന്‍ തമാശ പറഞ്ഞതല്ലേ പെണ്ണേ. എനിക്കു നിന്നോടെങ്ങിനെ പിണങ്ങാന്‍ കഴിയും?” അവന്‍ അവളെ മാറോടു ചേര്‍ത്തു.

“പറയൂ. നീയെന്താണു ചോദിക്കാനൊരുങ്ങിയത്?”

ഒരു മാടപ്രാവിനെപ്പോലെ അവന്റെ കരവലയത്തില്‍ ഒതുങ്ങി അവള്‍ പറഞ്ഞു.

“ഭായിജാന്‍, നിന്നോടായത് കൊണ്ട് പറയാം. എന്നെ ഒന്ന് നോക്കൂ; ഞാനെന്താ ഇങ്ങനെ ഒരു ‘ലംബു’യായത്? ദില്‍‌ഷാദ് എന്നേക്കാള്‍ അഞ്ച് വയസ്സിന്നിളയതാണ്. അവളുടെ മുന്‍ഭാഗോം പിന്‍ഭാഗോം കണ്ടിട്ടുണ്ടോ, എന്റേതിനേക്കാള്‍ എത്ര വലുതാ.”

“എന്ത് ചെയ്യാനാ, മുളച്ച് വന്നപ്പോള്‍ മുതല്‍ ആവശ്യത്തിന് വളവും വെള്ളവും കൊടുക്കാതിരുന്നാ ഇങ്ങനെയൊക്കെ സംഭവിക്കും. പിന്നല്ലാതെ!”

അവന്റെ മുഖത്തു ഒരു തത്വജ്ഞാനിയുടെ ഭാവമായിരുന്നു അപ്പോള്‍.

അവള്‍ സമ്മതപൂര്‍വം തലയാട്ടി. മണ്ടിപ്പെണ്ണു.

ഏറെക്കഴിഞ്ഞ് തലയില്‍ ട്യൂബ്‌ലൈറ്റ് കത്തിയപ്പോള്‍ ആര്‍ത്താര്‍ത്ത് ചിരിച്ചു.

എന്നിട്ട് അവന്റെ കഴുത്തില്‍ ഇരുകൈകളും കൊണ്ട് പിടിമുറുക്കി:

“കൊല്ലും ഞാന്‍”

.........

ഹൈ കൈതമുള്‍, “രുക്കുവിനെപ്പറ്റി എഴുതിയതിനേക്കാള്‍ എഴുതാത്ത കഥകളാണേറെ” എന്നെഴുതിയല്ലോ. ആ എഴുതാത്ത രംഗങ്ങള്‍ ചിലത് ഒന്ന് ഭാവനയില്‍ കാണാന്‍ ശ്രമിക്കുകയായിരുന്നു.

മനോഹരമായ ഒരു പ്രണയ കഥ.

ഒഴുകിയൊഴുകിപ്പോകുന്ന രചനാശൈലി. നന്നായിരിക്കുന്നു.

അഭിനന്ദനങ്ങള്‍!

സസ്നേഹം
ആവനാഴി

Ajith Polakulath said...

sasiyetta,

its touching ,

and interesting ..


go ahead, including this, and i am expecting a book of collection plz.

Kaithamullu said...

കുട്ടിച്ചാത്തനേപ്പോലുള്ള കുട്ടികള്‍ കൂടി‍ വായിക്കുന്ന ബ്ലോഗാ മോനെ, അതിനാലാ ഇത്ര എഡിറ്റീയത്. തേങ്ങാ വരവു വച്ചിരിക്കുന്നു.

ശ്രീ, ഇഷ്ടായെന്നറിഞ്ഞ് സന്തോഷം. എഴുതുമ്പോഴും അല്പം മാനസസംഘര്‍ഷം അനുഭവിച്ചിരുന്നു.

ബീരാന്‍‌കുട്ടിക്കാ‍, എന്താ ഇങ്ക്രീസായെ? നന്ദി.

വിത്സാ, ഹൃദയത്തില്‍ മുറിവേറ്റെന്നത് ഏറ്റവും നല്ല ‘കൊം‌പ്ലിമെന്റായി’ സ്വീകരിക്കുന്നു.(ഇല്ല, കല്യാണിച്ചതില്‍ പിന്നെ ‘കൈനോട്ടം‘ നിര്‍ത്തി)

ബൂലോകകുലപതി വിശാലാ, ഞെരിച്ചു, കലക്കന്‍: ഇത്ര നല്ല വാ‍ക്കുകള്‍ ഞാനര്‍ഹിക്കുന്നോ? ദാങ്ക്സ്!(ഗിരിജേല് ‘ഒരു ടിക്കറ്റിന് രണ്ട് പടം‘ എന്നൊരേര്‍പ്പാടുണ്ടായിരുന്നു, പണ്ട്. ഒന്ന് കൌബോയ്, മറ്റൊന്ന് ‘നീല’)

കുഞ്ഞാ, നല്ല വാക്കുകള്‍ക്ക് കടപ്പെട്ടിരിക്കുന്നു.വെട്ടിയും മുറിച്ചും കഷ്ടപ്പെട്ടാണ് ശരീരം ഇത്ര‘ഫിറ്റാ’ക്കീത്.

മുരളിയേട്ടാ, നല്ല വാക്കുകള്‍ക്ക് നന്ദി. വല്ല പണച്ചാക്കും തയ്യാറായി വന്നാല്‍ സിനിമയാക്കാല്ലോ, അല്ലേ? തിരക്കഥ, സംഭാഷണം: മുരളിയേട്ടന്‍ ഏറ്റല്ലോ? ‘ഡര്‍പോക്ക്’- നല്ല പേര്.

ഏറനാടാ, ഏതാ അടുത്ത സീരിയല്‍? ഇന്‍ഡോ-പാക് കൊളാബറേഷനാണെങ്കി വിഷ്വലൈസേഷനു പറ്റും എന്ന് പറയാതെ ദാ, അങ്ങെടുത്തോ!

പടിപ്പുരേ, നന്ദി.

സാന്‍ഡോസ്, ഇങ്ങു പോരേ അടുത്ത വണ്ടിയില്‍. ഹമരീയായില്‍ ഒരു പാക് കോളനിയുണ്ട്, മുഴുവന്‍ കന്നുകാലി, ഒട്ടകക്കക്കച്ചവടക്കാരാ...അവിടെ കൊണ്ട് വിടാം.(അപ്പോ ചോദിക്കരുത്:ബംഗ്ലാദേശിലേക്കുള്ള വണ്ടി എപ്പഴാ എന്നു.)

ഇക്കാസെ, നല്ല വാക്കുകള്‍ക്ക് നന്ദി.

കുറൂസേ, ‘ജല്‍താ ഹേ ജിസ്കേലിയേ...”എന്ന തലത്ത് മഹ്മൂദിന്റെ സില്‍ക്കി സ്വരത്തിലുള്ള പാട്ട് ഇന്നാള്‍ ഒരു മമ്മൂട്ടിപ്പടത്തില്‍ കേട്ടപ്പോഴാ സത്യത്തില്‍ രുക്കുവിനെപ്പറ്റി എഴുതണമെന്ന് തോന്നിയത്. കുറുവിന്റെ വാക്കുകള്‍ ഞാന്‍ ഹൃദയത്തിലേറ്റുന്നു.

ദില്‍ബൂ,
ടച്ചിംഗ് ഇഷ്ടായി.
(ഓ ടോ: ടച്ച് ചെയ്യാന്‍ കൂടി ആരെങ്കിലും?)

സത്യാ ഉണ്ണിക്കുട്ടാ, എഴുതിയതിനേക്കാള്‍ ഏറെയുണ്ട് മനസ്സില്‍ കിടന്ന് തീളയ്ക്കുന്ന കുറെ സംഭവങ്ങള്‍.അനുമോദനങ്ങള്‍ക്ക് ദാങ്ക്സ്!

മുസാഫിര്‍, ചില സംഭവങ്ങള്‍ എത്ര പരത്തിപ്പറഞ്ഞാലും മതിയാവില്ല. മറ്റ് ചിലവ എത്ര ആറ്റിക്കുറുക്കിയാലും തൃപ്തിയാവില്ല. രുക്കു എന്റെ മനസ്സിലെ ഒരു സ്വകാര്യ ദുഃഖമാണു. നോവലാക്കിയാലത് പാളിപ്പോകാനാണിട!
നന്ദി!

നവീ, ശരിക്കും ഡര്‍പ്പോക്ക് ആയിരുന്നു, ഞാന്‍ രുക്കുവിന്റെ മുന്‍പില്‍.(അവളടുത്ത് വരുമ്പോള്‍ എന്റെ കൈകാലുകള്‍ തണുത്ത് പോകുമായിരുന്നു.)
കലക്കിയെന്ന കമെന്റിന് നമിക്കുന്നു.

എതിരാ, വലിപ്പക്കുറവ് അവള്‍ക്ക് സ്വയം തോന്നിയ അപകര്‍ഷതാബോധം മാത്രമായിരുന്നു. എത്ര സുന്ദരിയായിരുന്നെന്നോ, അവള്‍!(കൈരേഖയില്‍ എനിക്ക് വിശ്വാസമില്ല)

മൂര്‍ത്തിസ്സാര്‍,വളരെ നന്ദി!

ആവനാഴിമാഷേ,
എന്റെ രുക്കുവിനെ മാഷേറ്റെടുത്തോ?
“....മനോഹരമായ ഒരു പ്രണയ കഥ.
ഒഴുകിയൊഴുകിപ്പോകുന്ന രചനാശൈലി. നന്നായിരിക്കുന്നു.....”
മാഷിന്റെ ഈ വാക്കുകള്‍ വിലമതിക്കാനാവാത്ത നിധി പോലെ ഞാന്‍ സൂക്ഷിക്കും.

മുസിരിസ്,
- ദുബായിലെ എന്റെ ജ്വാലകള്‍ ഒന്നിച്ചവതരിപ്പിക്കാം, തീര്‍ച്ചയായും. മറ്റുള്ള കുറച്ച് ജ്വാലകള്‍ കൂടി അരങ്ങത്തൊന്നെത്തിക്കോട്ടേ!
നന്ദീ!

Sherlock said...

ഇപ്പോഴാ കാണുന്നത്..ആകെ ഫീലിങ്സ് ആക്കി..:(

Kaithamullu said...

വൈകിയാണെങ്കിലും എത്തിയല്ലോ, ജിഹേഷ്, നന്ദി!

ഉഗാണ്ട രണ്ടാമന്‍ said...

ഇപ്പോഴാ കാണുന്നത്..കൈതമുള്ള് മാഷേ...ഹൃദ്യമായി എഴുതീരിക്കണൂ

Kaithamullu said...

നന്ദി ഉഗാണ്ടാ2,

കലക്കന്‍ പേര് ട്ടാ!

Kalesh Kumar said...

Sasiyetta,

Superb Narration!

vivek said...

ഒരു പാടു വൈകിപോയി ഇവിടെ എത്താന്‍ എന്നാലും ഒറ്റയിരിപ്പിനു വായിച്ചു എല്ലാ പോസ്റ്റും.
ഈ പൊസ്റ്റു വല്ലാതെ ഇഷ്ടായി...അപൂര്‍വ്വമായ ഒരു അനുഭവ കഥ.

Chandu said...

even u add some sex in your stories an excellent post that gives a nostalic feeling

Kaithamullu said...

കലേഷ്, വിവേക്, ചന്ദു(പുതിയ ചന്ദുവാ, അല്ലെ?):
-നന്ദി!
(സെപ്റ്റംബറിലെ പോസ്റ്റിന് ഇപ്പഴും വായനക്കാരൊ?)