Wednesday, June 4, 2008

28 നായയും പുലിയും (ഇന്നലെയുടെ ജാലകങ്ങള്‍ -3)

28 നായയും പുലിയും


ആറു പറ കണ്ടത്തിലെ നെല്ലിന്റേയും അരയേക്കര്‍ പറമ്പിലെ നാളികേരത്തിന്റേയും കറവ വറ്റാറായ ഒരു പശുവിന്റേയും ബലത്തില്‍ 7 പേരടങ്ങുന്ന കുടുംബം മുന്നോട്ട്‌

പോകില്ലെന്ന നിഗമനത്തില്‍ അച്ഛനുമമ്മയും ക്രമേണ ഞങ്ങളും എത്തിച്ചേര്‍ന്ന കാലം.

അന്ന് രാത്രി, പാല് വിറ്റ കാശിന് പരുത്തിക്കുരുവും പിണ്ണാക്കും വാങ്ങിയെത്തിയ  അച്ഛന്റെ മുഖത്തൊരു പുത്തന്‍ വെളിച്ചം.

"പാറമടയില്‍ 5 ജോലിക്കാര്‍ കൂടി വന്നിരിക്ക്ണ്.  പാലക്കാട്ട്കാരാ. നടവരമ്പ് അംബി  സ്വാമീടെ ഹോട്ടലീ പോയാ അവരിപ്പോ  ഊണു കഴിക്ക്ണേ. എന്നോട്  

പൌലോസ് മേസ്തിരി  ചോദിക്യാ....  ഹോട്ടലിലൊക്കെ പണിയെടുത്ത് പരിചയള്ള ആളല്ലേ,  നിനക്കൊന്ന് ശ്രമിച്ചൂടേ ന്ന്"

"പാറമടക്കാര്‍ക്ക്‌ ചോറുണ്ടാക്കിക്കൊടുക്വേ? മുതിർന്ന പെണ്‍‌കുട്ട്യോളുള്ള വീടാ... മറക്കണ്ടാ" :കഥ തുടങ്ങും മുൻപേ ക്ലൈമാക്സിലേക്ക് ചാടുന്ന  അമ്മയുടെ സ്ഥിരം ശീലം.

"വീട്ടീലല്ലെടീ.... ചായക്കട തുടങ്ങുന്ന കാര്യാ പറഞ്ഞേ. പാറമടക്കാര്‍ക്ക് രണ്ട്‌ നേരം ഊണ് കൊടുക്കണം. പിന്നെ നാട്ടുകാരുടെ പറ്റുപടീം...' : അച്ഛന്‍ വാചാലനായി.

‘പൂട്ട്‌, പപ്പടം, കടലക്കറി, പഴം...‘:ചായക്കടയുടെ കാര്യമോര്‍ത്തപ്പോഴേ വായില്‍ വള്ളമിറക്കാനുള്ള വെള്ളം.

"ദോശ്യോ ഇഡ്ഡല്യോ  ഉണ്ടാക്കാം. പിന്നെ  ചില വറവ് പണിയൊക്കെ ‘ജോലാര്‍പേട്ട‘ന്ന് ഞാന്‍ വശമാക്കീട്ട്ണ്ട്.  ഉച്ചയൂണിന് സാമ്പാറ് ‍, ഉപ്പേരി, പപ്പടം;  വൈകീട്ട്‌ പരിപ്പോ

രസമോ... പോരേ?.'

തറവാടും വീടും വേര്‍ തിരിക്കുന്ന കൈത്തോടിന്നരികെ, വഴിയരികില്‍ ‍, ചെമ്മണ്ണ്  അടിച്ചുറപ്പിച്ച്‌ ചാണകം മെഴുകിയ തറയൊരുങ്ങി.   കവുങ്ങിന്റേയും  മുളകളുടേയും

അസ്ഥികൂടാരത്തിന്‍‌ മേലെ ഓല മേഞ്ഞ കൂരയും.

മെടഞ്ഞ ഒറ്റയോലകള്‍ കൊണ്ട്‌  നാണം മറച്ച്, ഇടവഴിയിലേക്കെത്തി  നോക്കി, നവോഢയെപ്പോലവള്‍ പുഞ്ചിരിച്ചു.  അയല്‍ക്കാരുടെ സഹകരണത്തിന്റെ പ്രതീകമായ

ബഞ്ചുകളും ഡസ്കുകളും പിന്നെ വേലപ്പനാശാരി തട്ടിക്കൂട്ടിയ ചായമേശയും...

ചായക്കടക്ക് നേരെ  മുന്‍പിലാണ് വേലപ്പനാശാരിയുടെ വീട്‌. കാഴ്ച മങ്ങിയതോടെ പണിക്ക്‌ പോകാതായ മൂത്താശാരിക്ക്‌  മക്കള്‍ നാല്. കല്യാണം കഴിച്ചയച്ചതോടെ  

പെണ്മക്കള്‍ അന്യരായി. മൂത്തമോന്‍  ചേന്നപ്പന്‍ നല്ല പണിക്കാരനെന്ന് പേരെടുത്തപ്പോള്‍ ഇളയവന്‍ കുഞ്ഞൂട്ടന് കൊട്ടൂടിയും ഉളിയും കാണുന്നത് പോലും

അലെര്‍ജിയായിരുന്നു.

നാലാം ക്ലാസ്‌ പരീക്ഷയുടെ റിസല്‍റ്റ് വന്ന ദിവസം, അമ്മയുടെ കാശുകുടുക്ക പൊട്ടിച്ചെടുത്ത പണവുമായി  'പുറപ്പെട്ട്‌' പോയ കുഞ്ഞൂട്ടന്  കാശ്‌ തീരും വരെ

‘കോവൈ‘ പട്ടണം ‘സുവര്‍ക്ക‘മായിരുന്നു. എച്ചില്‍ക്കൂനകള്‍ക്കും വാട്ടര്‍ പൈപ്പുകള്‍ക്കുമുള്ള ‘തറ’ അവകാശം തമിഴ് പേശും പുള്ളൈകള്‍ക്കാണെന്ന് അവര്‍

സ്ഥാപിച്ചപ്പോഴാണ് മലയാളത്ത് കാരന്‍ പൈതലിന് സ്വന്തം  നാടും വീടും ഓര്‍മ്മയില്‍ തെളിയുന്നത്.

കള്ളവണ്ടി കയറി,  പരിചയമില്ലാ വഴികളിലൂടെ നടന്ന്, ചപ്രത്തലമുടിയും കീറിപ്പറഞ്ഞ വസ്ത്രങ്ങളും ദുര്‍ഗന്ധം പേറുന്ന ശരീരവുമായി, ഒരു സുപ്രഭാതത്തില്‍ കുഞ്ഞൂട്ടന്‍

കല്ലംകുന്ന് സെന്ററില്‍ പ്രത്യക്ഷനായി.

വീട്ടിലെത്തി, കുളിക്കാന്‍ പോലും മിനക്കെടാതെ, അമ്മ നല്‍കിയ പഴങ്കഞ്ഞിയും ചക്കപ്പുഴുക്കും വിഴുങ്ങി, ദിവസങ്ങള്‍ക്ക് ശേഷം ‘ഹൌസ് ഫുള്‍ ‘ ആയ  തന്റെ വയര്‍

തടവി, ഒരേമ്പക്കവും വിട്ട്‌ ഉമ്മറത്തെത്തിയ കുഞ്ഞൂട്ടന്‍ ‍, മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന കൊട്ടത്തേങ്ങ ചൂണ്ടി  "അമ്മാ, യത്‌ എന്നാത്തും കായ്?' എന്ന് ചോദിച്ചതും അത്ര

തന്നെ വേഗത്തില്‍ "നിന്റമ്മേടെ നെഞ്ഞത്തും കായ്" എന്ന് ആയമ്മ തിരിച്ചടിച്ചതും ചരിത്രകാരന്മാര്‍ രേഖപ്പെടുത്താന്‍ മറന്ന നഗ്നസത്യമത്രേ!

മുടന്തുള്ള ഇടത്‌ കാല്‍ വലിച്ച് വച്ചാണ് എല്ലനും കുള്ളനുമായ കുഞ്ഞൂട്ടന്‍ നടപ്പ്. "ബോട്ട്‌ എവിടേക്കാ?" എന്ന കുസൃതിചോദ്യത്തിന് :"നെന്റെ തന്തേടെ

പതിനാറടിയന്ത്രത്തിന്’ എന്നുടന്‍ വരും മറുപടി.  ഒന്ന് നിന്ന്, തല ചൊറിഞ്ഞ് " മൂത്താശാരീടെ പണിക്കുറ്റത്തിനു ഞാനെന്തിനാ വല്ലവന്റേം  തന്തക്ക്‌ വിളിക്ക്ണേ."

എന്നാത്മഗതം നടത്താനും സമയം കണ്ടെത്തുമവന്‍ ‍.

ആസാമില്‍ റോഡ്‌ പണിക്കെന്ന് പറഞ്ഞ് ത്രിശ്ശിവപേരൂര്‍ക്ക് പോയ നാട്ടുകാരില്‍ നിന്ന് രണ്ട് പേര്‍ ലാന്‍ഡ് ചെയ്തത് സിലോണില്‍ . അതിലൊരാള്‍ കുഞ്ഞുട്ടന്‍ !എന്തോ

ഏതോ എങ്ങിനേയോ?

നീണ്ട 5 വര്‍ഷത്തെ ലങ്കാവാസം കഴിഞ്ഞ് തിര്‍ച്ചെത്തിയ 'കൊളംബോ കുട്ടന്റെ' ഭാവഹാവാദികള്‍ ആകെ മാറിയിരുന്നു. മൂട്ടിയ സിലോണ്‍ ലുങ്കിയും ചിത്രവര്‍ണാങ്കിത

‘ഷേര്‍ട്ടും’ ധരിച്ച്‌, ഇംഗ്ലീഷ്‌ വാക്കുകളാലലുക്ക് വച്ച ‘മെല്‍‌യാളം’  സംസാരിക്കുന്ന കുഞ്ഞൂട്ടനെ ജനങ്ങള്‍ ആദരവും അത്ഭുതവും നിറഞ്ഞ കണ്ണുകളാല്‍ നോക്കി

വാഴ്ത്തി.  'വാഴത്തോട്ടം' എന്ന സ്ഥലത്ത്‌ തേയിലത്തോട്ടം നടത്തുന്ന ഐറിഷ്  സായിപ്പിന്റെ 'ബട്ട്ലര്‍ ‘ ആയിരുന്നുവത്രേ കുട്ടന്‍ !

താമസിയാതെ വേലപ്പനാശാരി മുന്‍‌കൈയെടുത്ത്,  'സിലോണ്‍  ‍' കുട്ടനെക്കൊണ്ട്  വാരാപ്പുഴക്കാരി മാദകാംഗി മന്ദാകിനിയെ മംഗലം കഴിപ്പിച്ചു. നവവധുവിന്റെ

കുലപ്പെരുമയുടെ അതിപ്രസരവും  വിശ്രമമില്ലാത്ത നാവിന്റെ ചുറുചുറുക്കും ഒത്ത് ചേര്‍ന്നപ്പോള്‍  ചേന്നപ്പനും കുടുംബവും മേലൂരുള്ള മാമി വീട്ടിലേക്ക്‌ ‘റിട്രീറ്റ്‍‘ ചെയ്തു.

‘റിട്ടയര്‍മെന്റി’ലായിരുന്ന  വേലപ്പനാശാരി വിശപ്പിന്റെ ഉള്‍വിളി സഹിക്കാവാതെ കൊട്ടൂടിയും ഉളിയും ചാക്കുസഞ്ചിയിലാക്കി വീണ്ടും നാട്‌ ചുറ്റാനിറങ്ങി.

കരുണ തോന്നി. ആരെങ്കിലും  ഭക്ഷണം കഴിക്കാന്‍  വിളിച്ചാല്‍ വേലപ്പനാശാരി വഴങ്ങില്ല. അല്ലറ ചില്ലറ  റിപ്പയറിംഗ്, അല്ലെങ്കില്‍ അല്പം  ചിന്തേര്:  അതിന് ശേഷമേ

അന്നം കൈകൊണ്ട്‌ തൊടൂ.  പണിയൊന്നുമില്ലെങ്കില്‍  ചിരട്ട മിനുക്കിയെടുത്ത്, മുളക്കഷണം  ചീന്തി ചന്തം വരുത്തി  പിടിയാക്കി രണ്ട് ‘കയിലെ‘ങ്കിലുമുണ്ടാക്കി

കൊടുക്കും.

കല്ലംകുന്നുകാരുടെ വക ഒരു പഴംചൊല്ല്  വാമൊഴിയായി പടര്‍ന്ന് മറുനാടുകളില്‍ പോലും പോപുലര്‍ ആയതങ്ങനെയാണ് : "വേലപ്പനാശാരിക്ക്‌ മക്കളുണ്ടായ

പോലെ........"

അച്ഛന്റെ  ഉറ്റ'ചങ്ങായി" ആയിരുന്ന കുഞ്ഞൂട്ടന് ചായക്കട  ഉത്ഘാടനത്തിനെത്താനായില്ല. കാരണം മട്ടാഞ്ചേരിയില്‍ ക്രിസ്റ്റി സായിപ്പിന്റെ ‘ഹൌസ് ബോയ്’ ആയയാള്‍

ജോലി ചെയ്യുകയായിരുന്നു.

മാസാവസാന ശനിയാഴ്ചകളില്‍ വീട്ടിലെത്തുന്ന കുഞ്ഞൂട്ടന്‍ ‍, കളസത്തില്‍ നിന്ന്  ലുങ്കിയിലേക്കുള്ള ‘ചേഞ്ചോവര്‍ ‘‍’നിമിഷങ്ങള്‍ കൊണ്ട് നിര്‍വഹിച്ച്   ഞങ്ങളുടെ വീട്

ലക്ഷ്യമാക്കി തുഴയും.

 "വേലായേട്ടാ, എത്ര നാളായി നല്ല ഒരങ്കം വെട്ടീട്ട്. കളം വരക്ക്‌.  കരുക്കള്‍ ഞാനെടുക്കാം“
തന്റെ ഏക വിനോദമായ ‘28 നായയും പുലിയും‘ എന്ന കളിയെയാണ് കുഞ്ഞൂട്ടന്‍ അങ്കമെന്ന് വിശേഷിപ്പിക്കുന്നത്.

കരികൊണ്ട്‌  ലംബമായും സമാന്തരമായും മുമ്മൂന്ന് വരകള്‍  വരച്ച്‌,  അവ വീണ്ടും കളങ്ങളായി തിരിക്കും. നാലു പാദങ്ങളിലും വാഴയിണ വെട്ടി ഭംഗി വരുത്തിയ 28

നായ്ക്കള്‍ ‍. നടുവില്‍ വിരാജിക്കുന്ന  വലിയ കരു: അതാണ് പുലി.

കളിക്കാരില്‍ ഒരാള്‍ പുലിയുടെ ഉടമ. മറ്റേയാള്‍ നായ്ക്കളുടെ പരിപാലകന്‍ ‍. ആക്രമിച്ച്‌ കയറുന്ന പുലി നായ്ക്കളെ ഒന്നൊന്നായി വെട്ടി വീഴ്ത്തും. തടയണമെങ്കില്‍ തൊട്ടടുത്ത

കളത്തിലേക്ക്  പോലും നീങ്ങാനാനാത്ത വിധം നായ്ക്കളെ നിരത്തി പുലിയെ തളയ്ക്കണം.

പുലിയെ നിയന്ത്രിക്കുന്ന കുഞ്ഞൂട്ടനാണ്  മിക്കവാറും ജയിക്കുക. അഥവാ തോല്‍ക്കുകയാണെന്ന് തോന്നിയാല്‍ നായ്ക്കളെ കൈകൊണ്ട് ആക്രമിച്ച് നിരത്തി  കുഞ്ഞൂട്ടന്‍

എണീക്കും: മതി, വേലായേട്ടാ, തൊട്ട്‌ നക്കാന്‍ എന്തെങ്കിലുമെടുക്കാന്‍ പറ ചേടത്തിയോട്. ഞാന്‍ 'മറ്റവനേം' കൊണ്ട്‌ വരാം'.

സായിപ്പിന്റെ കലവറയില്‍ നിന്ന് 'ഇസ്കിയ' സ്കോച്ച് കുപ്പിയുമായി കുഞ്ഞൂട്ടന്‍ വരും, പിന്നെ പാതിരാ വരെ കുമാരനാശാനും ചങ്ങമ്പുഴയും വൈലോപ്പിള്ളിയുമൊക്കെ

ഞങ്ങളുടെ തെക്കെ ഇറയത്തിരുന്ന് കവിത ആലപിക്കും;  ആദ്യം സ്ഫുടതയോടെ, പിന്നെ  ഇഴഞ്ഞിഴഞ്ഞ്, ഒടുവില്‍ കുഞ്ഞൂട്ടന്റെ കൂര്‍ക്കം വലി ഉയരും വരെ.

ആട് വളര്‍ത്തലായിരുന്നു മന്ദാകിനിയുടെ ‘ഹോബി‘,  കൂട്ടിനൊരു എരുമയും. കറന്നെടുത്ത പാലുമായി കടയിലെത്തുന്ന അവള്‍ ‍,  നാട്ടിലെ എന്തിനും പോന്ന

‘ചെറുബാല്യക്കാര്‍’ക്കൊപ്പമിരുന്ന് പൂട്ടും കടലക്കറിയും കഴിച്ചേ പോകൂ.

രണ്ട്‌ പെറ്റെങ്കിലും കലിപ്പടങ്ങാത്ത ശരീരവും  മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും കരിമഷി പുരട്ടിയ  മിഴികളും അടുത്തൊന്ന് കാണാന്‍  വേണ്ടി മാത്രം കടയിലെത്തുന്ന

‘അഴക‘ന്മാരുണ്ടായിരുന്നു. ഇറുകിപ്പിടിച്ച റൌക്കയുടെ താഴത്തെ രണ്ടറ്റവും  കൂട്ടി കെട്ടിയാല്‍ ബാ‍ക്കി ഭാഗങ്ങള്‍ക്ക് കൂടുതല്‍  വെളിച്ചവും തെളിച്ചവും വരും എന്ന

‘വസ്തുശാസ്ത്രം’ മന്ദാകിനി വാരാപ്പുഴയില്‍ നിന്ന് ഇമ്പോര്‍ട്ട് ചെയ്തതാണോ എന്തോ!

കുതിരവേഗത്തില്‍ കുതിച്ചുയര്‍ന്ന കച്ചവടം, പാലക്കാടന്‍ പാര്‍ട്ടി  പാറമടയില്‍ നിന്നപ്രത്യക്ഷമായതോടെ, പോത്തിനെ കെട്ടിയ ഭാരവണ്ടി പോലെ  മടി പിടിച്ചിഴയാന്‍

തുടങ്ങി. "ഹോട്ടല്‍ - ഊണ് റെഡി" എന്ന് പലകക്കഷണത്തില്‍ ചോക്ക്‌ കൊണ്ട്‌ കലാപരമായി എഴുതിയ ബോര്‍ഡെടുത്ത്‌ മാറ്റിയതോടെ ഞങ്ങള്‍ വെറും നാടന്‍

'ഈച്ചയടി' ചായക്കടക്കാരായി. ന്യൂസ് പേപ്പര്‍ വായിച്ച്  രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ വരുന്ന തൊഴിലില്ലാത്തൊഴിലാളികളുടെ ബാഹുല്യം കൊണ്ട് കട വിജനമാകാറില്ലെന്ന്

മാത്രം.

കയറഴിഞ്ഞോടിയ എരുമയെ തളയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ കിടങ്ങില്‍ വീണു കൈയൊടിഞ്ഞ മന്ദാകിനിയുടെ ‘എരുമകറക്കലിന്‘ മച്ചിങ്ങേലെ ‘സുച്ച്’ നായരുടെ മകന്‍

രാമചന്ദ്രന്‍  രംഗപ്രവേശം ചെയ്യൂന്നതോടെയാണ് കഥക്കൊരു ‘ട്വിസ്റ്റ്’ വരുന്നത്.

പത്താം ക്ലാസെന്ന കടമ്പ ചാടിക്കടക്കാ‍ന്‍ പലവട്ടം പരാജയപ്പെട്ടപ്പോള്‍ ‘ടെയിലറിംഗി‘ല്‍ ഉന്നത ബിരുദമെടുക്കാനായിരുന്നു രാമുവിന്റെ തീരുമാനം. സുന്ദരനും

സുകുമാരകളേബരനും  ജൂനിയേഴ്സിന്റെ മൊത്തം ആരാധനാപാത്രവുവുമായിരുന്നു തൊലി വെളുത്ത ആ കരമീശക്കാരന്‍ ‍.

കൈവേദന വിട്ട്‌ മാറാത്തത്‌ കൊണ്ടോ, തന്നെ വീഴ്ത്തിയ എരുമയോടുള്ള കെറുവ് കൊണ്ടോ ‘കറവ ലാവണം‘ മന്ദാകിനി രാമുവിന് സ്ഥിരമായി പതിച്ച് നല്‍കി.

ടെയിലര്‍ഷോപ്പ്‌ പൂട്ടി സുഹൃത്‌ സംഗമങ്ങളും സെക്കന്റ്‌ ഷോയുമൊക്കെ കഴിഞ്ഞ്‌ വൈകിയെത്തുന്ന രാമു, നേരത്തെ എഴുന്നേല്‍ക്കണ്ടതിനാലാകാം ഉറക്കവും

മന്ദാകിനിയുടെ കോലായില്‍ തന്നെയാക്കി.

രാമുവിനെ നോക്കി പലരും പരിഹാസത്തോടെ  മൂളുന്നതും കുശുകുശുക്കുന്നതും വിവര്‍ണ്ണനായി രാമു സ്ഥലം വിടുന്നതും പലവട്ടം ഞാൻ ശ്രദ്ധിച്ചു.   "തുള്ളപ്പനി

വൈദ്യാ‍ ‍" എന്ന്  കോതത്തള്ളയുടെ മകന്‍ ബാലനവനെ സംബോധന ചെയ്തപ്പോള്‍ കാരണമറിയാന്‍  എനിക്കും ആകാംക്ഷ തോന്നി.തോന്നി.

പ്രായത്തില്‍ ചെറുതെങ്കിലും പ്രയോഗത്തില്‍ മൂപ്പുള്ള  മന്ദാകിനിയുടെ സീമന്തപുത്രന്‍ കരുണൻ തന്നെ എന്റെ സംശയം ദൂരീകരിച്ചു: "കൂമനെ ഭയങ്കര പേട്യാ അമ്മക്ക്.

കൂമന്‍ മൂളുമ്പോ പേടി മൂത്ത് അമ്മക്ക് തുള്ളപ്പനി വരും. ആര് പിടിച്ചാലും വെറയല്‍ നിക്കില്യ, രാമുവേട്ടനൊഴിച്ച്.“

കച്ചവടം പരുങ്ങലിലായിട്ടും കട നിറുത്താനച്ഛന്‍ തയ്യാറായില്ല. പകരം ഒരു ബീഡിത്തൊഴിലാളിയെ വരുത്തി, ബീഡിയുടെ   ഉത്പാദനവും വിപണനവും ആരംഭിച്ചു.

അച്ഛനുമറിയാമായിരുന്നു, ഇല വെട്ടാനും നൂല്‍ കെട്ടാനും 'സുക്ക' ഉണക്കാനുമൊക്കെ. ജോലാര്‍പേട്ടയില്‍ നിന്ന് പഠിച്ചതാത്രേ!

"ഓ, അച്ഛനിപ്പോ വല്യ തെറുപ്പുകാരനായി! നീ വാടാ, ഇന്നത്തെ അങ്കം നമ്മള്‍ രണ്ടാ‍ളും തമ്മില്‍ ‍" : മാസാന്ത്യ ലീവിനെത്തിയ കുഞ്ഞൂട്ടന്‍ ആദ്യമായി എന്നെ കളിക്കാന്‍ ക്ഷണിച്ചു.

പുലി കുഞ്ഞൂട്ടനായിരുന്നിട്ടും അന്ന് നായ്ക്കളാണ് ജയിച്ചത്‌. മുഖം കറപ്പിക്കുന്നതിനും കളം മായ്ക്കുന്നതിനും പകരം കുറച്ച് നേരം എന്നെ നോക്കി ഇരുന്ന ശേഷം പുറത്ത്‌ തട്ടി അഭിനന്ദിച്ചു: "മിടുക്കന്‍ ‍!"

രാത്രി ഉറങ്ങാന്‍ കിടന്ന ഞങ്ങള്‍ തുടര്‍ച്ചയായ പട്ടികുരയും കുഞ്ഞൂട്ടന്റെ അട്ടഹാസങ്ങളും കേട്ടാണുണര്‍ന്നത്‌. അച്ഛന്നാദ്യം ഓടി, ഞാന്‍ പിറകേയും.  വെട്ടുകത്തിയുമായി വരാന്തയില്‍ തെക്ക് വടക്ക് നടന്നലറുകയാണ് കുഞ്ഞൂട്ടന്‍ ‍.  മന്ദാകിനിയുടെയും മക്കളുടേയും പേടിച്ചരണ്ട മുഖം പാളിയില്ലാത്ത ജനലിലൂടെ കാണാം."തുറക്കെടീ  വാതില്‍ ‍, എടീ പെലയാടീ മോളേ...കൂത്തിച്ചീ....ഉം....തുറക്കാന്‍ ‍." കുഞ്ഞൂട്ടന്‍ ആക്രോശിക്കുന്നു.  കതകില്‍ ആഞ്ഞാഞ്ഞ് വെട്ടുന്നുമുണ്ട്.

ഓടിക്കൂടിയ അയള്‍ക്കാര്‍ എന്ത്‌ ചെയ്യണമെന്നറിയാതെ പരസ്പരം നോക്കി നില്‍ക്കുന്നു.
"അടങ്ങ്‌ കുഞ്ഞൂട്ടാ, വാ‍..... എന്തിനും ഒരു പരിഹാരമില്ലേ?"ധൈര്യപൂര്‍വം മുന്നോട്ട്‌ ചെന്ന് അച്ഛന്‍ കുഞ്ഞൂട്ടന്റെ കൈയില്‍ നിന്ന് വെട്ടുകത്തി പിടിച്ച്‌ വാങ്ങി. പിന്നെ

എന്തൊക്കേയോ പറഞ്ഞ് സമാധാനിപ്പിച്ച് വീട്ടില്‍ കൊണ്ട് വന്നു.

തെക്കേ ഇറയത്ത്,  ഇറുകി വലിഞ്ഞ മുഖവും ഞരമ്പുകള്‍ തുറിച്ച് വിറയ്ക്കുന്ന കൈകളുമായി, തറയില്‍ ചിതറിക്കിടന്ന നായ്ക്കളെ എടുത്ത്  മായാത്ത കളങ്ങളില്‍

നിരത്തിക്കൊണ്ടിരുന്നു കുഞ്ഞൂട്ടന്‍ ‍. പുലിയെ മാത്രം കണ്ട് കിട്ടിയില്ല.
"എന്താ കുഞ്ഞൂട്ടാ ....എന്ത് പറ്റി നിനക്ക്?": അച്ഛന്‍ കുഞ്ഞൂട്ടന്റെ അരികിലേക്ക്‌ നീങ്ങിരുന്നു.
കുഞ്ഞൂട്ടനത് കേട്ടില്ലെന്ന് തോന്നുന്നു. കുഞ്ഞൂട്ടന്റെ കൈകളില്‍ പിടിച്ച്, മുഖമുയര്‍ത്തി അച്ഛന്‍ ചോദ്യമാവര്‍ത്തിച്ചു.

പിന്നിലേക്ക് നിരങ്ങി നീങ്ങി,  ചുമരില്‍ ചാരി, കട്ടപിടിച്ച ഇരുട്ടിൽ ദൃഷ്ടിയുറപ്പിച്ചിരുന്നു, കുഞ്ഞൂട്ടന്‍ . പിന്നെ എപ്പോഴോ സംസാരിച്ച് തുടങ്ങി: "ക്രിസ്റ്റി സായിപ്പിന്റെ മോനും ഭാര്യേം ലണ്ടനീന്ന് വന്നതിനാല്‍ കഴിഞ്ഞ രണ്ട്‌ മാസോം ലീവ് കിട്ടിയില്ല, വേലായേട്ടനറിയാല്ലോ?........ അതിനു മുന്‍പത്തെ മാസം വന്ന രണ്ട്‌ രാത്രീലും ഞാന്‍ ഉമ്മറത്തെ തിണ്ണയിലാ കിടന്നത് .’

തലയുയര്‍ത്തിയപ്പോഴാണ്  ചുറ്റും നില്‍ക്കുന്ന ഞങ്ങളെപ്പറ്റി അയാള്‍  ബോധവാനായതെന്ന് തോന്നുന്നു. കാര്യം മനസ്സിലായ അച്ഛന്‍ പറഞ്ഞു:‘ങാഹാ, നിങ്ങളിവിടെ എന്തിനാ നിക്കണ്? പോ.. വേം പോയിക്കിടന്നുറങ്ങ്”

പിന്നിലേക്കൊതുങ്ങിയതല്ലാതെ ഞങ്ങളുണ്ടോ പോകുന്നു?

കൈകള്‍ രണ്ടും പിണച്ഛ്  തല താങ്ങി കുഞ്ഞൂട്ടന്‍ തുടര്‍ന്നു: ‘ എന്നിട്ട്...... എന്നിട്ടിപ്പ അവള് പറയ്‌യാ...കുളി തെറ്റിരിക്യാ ന്ന്...... കൊല്ലണ്ടേ അവളെ?" : തുടര്‍ന്ന് പല്ലുകള്‍

ഇറുമ്മുന്ന ശബ്ദം; കിതപ്പ്.

“നേരം ഒന്ന് വെളുത്തോട്ടെ കുഞ്ഞൂട്ടാ. നമുക്ക്‌ സമാധാനമുണ്ടാക്കാം  ബഹളം കൂട്ടി നാട്ടാരെയൊക്കെ  അറിയി ച്ച് നാറ്റിക്കണോ?"
-അച്ഛൻ കുഞ്ഞൂട്ടനെ ആശ്വസിപ്പിക്കാനുള്ള ശ്രമം തുടങ്ങി.

പിറ്റേന്ന് എല്ലാര്‍ക്കും  മുന്‍പേ ഉണര്‍ന്ന ഞാന്‍ നോക്കുമ്പോള്‍ ഇറയത്ത്‌, മാഞ്ഞ കളിക്കളത്തിനു മുകളില്‍ ‍, ഉടുമുണ്ടുരിഞ്ഞ്‌,തല വഴി മൂടി കിടന്നുറങ്ങുന്നു, കുഞ്ഞൂട്ടന്‍ ‍.

കടയില്‍ നിന്ന് ചായ കൊണ്ട് വന്ന് ഞാന്‍ കുഞ്ഞൂട്ടനെ ഉണര്‍ത്തി. തൂണില്‍ ചാരി, ചുടു ചായ ഊതിക്കുടിക്കുമ്പോള്‍ എന്നെ നോക്കി അയാള്‍ ചിരിക്കാന്‍ ഒരു വിഫലശ്രമം നടത്തി.

പല്ലുതേച്ച്‌ മുഖം കഴുകി,   പൂട്ടിൻ കഷണങ്ങള്‍ കടലച്ചാറില്‍ നനച്ച്  തിന്ന്‍ കൊണ്ടിരുന്ന ഞാന്‍ പുറത്ത് നിന്നുയര്‍ന്ന ആരവം ശ്രദ്ധിച്ചില്ല.
"മോനെ, എന്താ ഒരു ശബ്ദം?:അടുക്കളയില്‍ നിന്നമ്മ വിളിച്ച്‌ ചോദിച്ചു.
റോഡിലൂടെ ആരൊക്കെയോ ഓടുന്നു. കടയില്‍ ചായ കുടിച്ചിരുന്നവരെല്ലാം പുറത്ത്.

ഞാന്‍  കടയിലേക്കോടി.
കുഞ്ഞൂട്ടന്‍ പിന്നാലെ.

"എന്താ, എന്താ കാര്യം അന്തോണ്യാപ്ലേ?" അച്ഛന്‍ അയല്‍ക്കാരനോട് ചോദിച്ചു.
"മൂന്നേരത്തമ്പലത്തിന്റെ കൊക്കറണിയില്‍ ആരൊ തൂങ്ങിരിക്കിണൂ ത്രേ.“ ഓടുന്നതിനിടെ  അയാൾ വിളിച്ച് പറഞ്ഞു.
അച്ഛനും കുഞ്ഞൂട്ടനും ആള്‍ക്കൂട്ടത്തിന്റെ  ഭാഗമായി.

നട്ടുച്ചക്ക്‌ പോലും സൂര്യപ്രകാശം കടന്ന് ചെല്ലാത്ത അമ്പല കൊക്കറണിയുടെ ദിശയിലേക്ക് നോക്കാന്‍ പോലും ഭയക്കുന്ന എനിക്ക്‌ കൂടെയോടാൻ തോന്നിയില്ല.

"മച്ചിങ്ങലെ രാമുവാ. പശൂനെ കെട്ടാന്‍ പോയ വാരസ്യാരാ ആദ്യം കണ്ടേ. രാവിലെയെപ്പോഴൊ ഒപ്പിച്ചതാകും. പ്പഴും ചൂടാറിയിട്ടില്യാത്രേ.  പാവം, ആ സുച്ചിന്റേം ജാന്വേച്ചിടേം പതം പറച്ചിലും കരച്ചിലും കണ്ട്‌ നില്‍ക്കാന്‍ വയ്യാ..“
- തിരിച്ച് വന്ന അച്ഛന്‍ അമ്മയോട്‌ വിവരിക്കുന്നത് കെട്ട് ഞെട്ടിത്തരിച്ചു, ഞാന്‍ ‍.
രാമുവേട്ടന്‍ മരിച്ചെന്നോ?
അതും ആത്മഹത്യ!
ഞങ്ങളോടൊപ്പം കുറ്റിയും കോലും കളിക്കുന്ന, ക്രിക്കറ്റ്‌ കളി പഠിപ്പിക്കുന്ന, സിനിമക്കഥകള്‍ പറഞ്ഞു തരുന്ന, ചിരിക്കുന്ന മുഖവുമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള

ഞങ്ങളുടെ  രാമുവേട്ടന്‍ ‍....
.
തൊണ്ട വരളുന്ന പോലെ,
കണ്ണുകള്‍ ഇരുളുന്നു.
-തലക്കകത്ത്‌ അനേകം പൂരങ്ങളുടെ വെടിക്കെട്ടുകള്‍ ഒന്നിച്ച്.

ഇറയത്തെ മാഞ്ഞു പോയ കളങ്ങള്‍ കരിക്കഷണം കൊണ്ട്‌ തെളിയിക്കാന്‍ ശ്രമിക്കുകയായിരുന്നു, കുഞ്ഞൂട്ടനപ്പോള്‍ . ഇന്നലെ കാണാതിരുന്ന, വാടിയ ആ പുലിയെ

കുഞ്ഞൂട്ടനെവിടെന്ന് കിട്ടി?
നായ്ക്കളെയൊക്കെ മുറ്റമടിച്ചപ്പോള്‍ വാരിക്കളഞ്ഞ് കാണും.

"കുഞ്ഞൂട്ടാ, വീട്ടില്‍ പോ" അച്ഛന്‍ കുഞ്ഞൂട്ടനെ പിടിച്ചെണീപ്പിച്ചു.
"വരാനുള്ളത്  വന്നു. ഇന്ന് നീ മട്ടാഞ്ചേരീ പോണ്ടാ. രണ്ട്‌ ദിവസത്തെ ലീവെടുക്ക്‌. ഒന്നും മിണ്ടാനും നിക്കണ്ടാ....  വഴക്ക്‌ പറയുകയുമരുത്."
എന്നിട്ട്‌ ശബ്ദം താഴ്ത്തി പിറുപിറുത്തു:"ഇനി അവള്‍ കൂടി വല്ല പോഴത്തോം കാട്ടിയാ ...."

രൂപഭ്രംശം വന്ന പുലിയെ ദൂരേത്തേക്കെറിഞ്ഞ്‌, പകച്ച കണ്ണുകള്‍ കൊണ്ടച്ഛനെ നോക്കി, മുടന്തുള്ള ഇടത്‌ കാല്‍ വലിയ ഒരു ഭാരമെന്നോണം വലിച്ചിഴച്ച്  വീട്‌

ലക്ഷ്യമാക്കി നടന്നൂ, കുഞ്ഞൂട്ടന്‍ ‍.

61 comments:

G.MANU said...

കൈതയ്ക്കൊരു തേങ്ങ..

ചിരകാല അഭിലാഷമാരുന്നു.

{{{{{{{{ഠേ}}}}}}}}

വായന പിന്നെ...

asdfasdf asfdasdf said...

ചൂടോടെ വായിച്ചു. വിവരണം കേമായി.
കുഞ്ഞൂട്ടന്‍ പലരുടേയും പ്രതിനിധിയാണ്. !!!

ആവനാഴി said...

പ്രിയ കൈതമുള്‍ മാഷെ,

വായിച്ചു. ഒരു നാടിന്റെ ചരിത്രം ചുരുളഴിയുന്ന പ്രതീതി. നന്നായിട്ടുണ്ട്.

ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു ഒരു നായര്‍. അജാനുബാഹു. പണിയൊന്നുമില്ല. തറവാട് സഹോദരിയും ഭര്‍ത്താവിനും. അവിവാഹിതനായ അയാള്‍ ഊണു സമയത്ത് വീട്ടിലെത്തും, ഊണു കഴിഞ്ഞ് നേരെ അമ്പലപ്പറമ്പിലേക്കു.

അമ്പലപ്പറമ്പിലെ ആലിന്‍ ചുവട്ടില്‍ ചീട്ടുകളിച്ചിരിക്കും അയാള്‍. വൈകീട്ട് കുളിച്ച് അമ്പലത്തീലെത്തുകയായി.

മണ്ഡലകാലമായാല്‍ അമ്പലത്തിലെന്നും ഭജനയുണ്ട്. “ഗോകുല ബാലാ നവനിതചോരാ, വൃന്ദാവനലോലാ.....” എന്നു ഗിഞ്ചറ കൊട്ടിപ്പാടി ഭജനക്കാ‍രുടെ മുമ്പില്‍ സ്ഥാനം പിടിക്കും.

.......കാലങ്ങള്‍ അങ്ങിനെ കൊഴിഞ്ഞു പോയി.
ഒരു ദിവസം അമ്പലപ്പറമ്പിലെ കളപ്പുരയുടെ ഇറയത്ത് വിഷം കുടിച്ചു മരിച്ചു.

.......വേദന മാത്രം കൈമുതലായ എത്രയോ ജന്മങ്ങള്‍!


സസ്നേഹം
ആവനാഴി.

Rasheed Chalil said...

നട്ടുമ്പുറത്ത് ഇപ്പോഴും കാണാവുന്ന കഥാപാത്രങ്ങള്‍... നന്നായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വേണു venu said...

ഒത്തിരി കഥാ പാത്രങ്ങള്‍‍ ജീവിക്കുന്ന പരിചിതമായ ഗ്രാമം. ഇരുപ്ത്തെട്ടു നായും പുലിയും കളിക്കാനറിഞ്ഞിരുന്നതിനാലും എഴുത്തിന്‍റെ ശൈലിയായാലും ഒറ്റ ഇരുപ്പിനു് വായിപ്പിച്ചു.

പല കാഥാപാത്രങ്ങളേയും നേരിട്ടറിയാവുന്ന പോലെ തോന്നിയതിനാല്‍ തന്നെ ഇഷ്ടമായി. അനുഭവ കഥകളുടെ കാലം എന്നൊക്കെ നല്ല ചെറുകഥകള്‍ക്കു് വിമര്‍ശനം നല്‍കി തളര്‍ത്തിയിടുന്ന പ്രവണത ബൂലോകത്തു് ചില മൂലകളില്‍‍ നിന്നുയര്‍ന്നു വരാറുണ്ടു്.

അനുഭവത്തിന്‍റെ ഗന്ധം എല്ലാ വരികലിലും ഉള്ളതിനാല്‍‍ തന്നെ ഇതിഷ്ടമായി എന്നറിയിക്കുന്നു.:)

ചന്ദ്രകാന്തം said...

വായനയുടെ ഓരോ പടവുകളിലും, പരിചിതമായ എത്രയോ മുഖങ്ങള്‍ വന്നെത്തിനോക്കിപ്പോയി.
തന്നെപ്പറ്റിയാണോ..ഈ കഥയെന്നാണ്‌ എല്ലാര്‍ക്കും സംശയം.
ഒടുക്കം ........ എല്ലാ വരികളിലും നിങ്ങളെല്ലാമുണ്ടെന്ന്‌ ആശ്വസിപ്പിച്ചു ഞാന്‍.

ഒരു നാടിന്റെ പരിച്ഛേദം.

Unknown said...

Dear Sasietta
Very good,very realistic.
Waiting for the next post.
regardss
BIJU R V

ശ്രീ said...

ആ നാട്ടില്‍ കുറേക്കാലം നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു ഫീല്‍ കിട്ടി, മാഷേ.

കിടിലന്‍ വിവരണം.

Kaithamullu said...

പോസ്റ്റിക്കഴിഞ്ഞപ്പൊ നല്ല വിശപ്പ്.
എന്നാ ഊണ് കഴിച്ച് വന്നാവാം ആദ്യ കമെന്റ് എന്ന് വിചാരിച്ചു.

അപ്പോഴെക്കും മനു അതാ വീശിയെറിഞ്ഞിരിക്കുന്നൂ ആദ്യ തേങ്ങ!
(നല്ല വേദന.തലയിലാണാവൊ കൊണ്ടത്?)
---
ഇന്നലെയുടെ ജാലകങ്ങളില്‍ മൂന്നാമന്‍: കുഞ്ഞൂട്ടന്‍.

ഫസല്‍ ബിനാലി.. said...

നട്ടുമ്പുറത്ത് ഇപ്പോഴും കാണാവുന്ന കഥാപാത്രങ്ങള്‍... നന്നായി
ആശംസകളോടെ.

ലുട്ടാപ്പി::luttappi said...

നന്നായിട്ടുണ്ടു....

Cartoonist said...

ഞാന്‍ ഞങ്ങടെ നാട്ടിലെ ദിവംഗതരായതും അല്ലാത്തതുമായ കുഞ്ഞൂട്ടമ്മാരെ ഓര്‍ക്ക്വായിരുന്നു.
സത്യം പറഞ്ഞാ, ചുറ്റിലും ഫുള്‍ട്ടിഫുള്‍ ഇവമ്മാരുടെ അയിരുകളി‍യാ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കഥാപാത്രങ്ങളെ അതിന്റെ കാഥാതന്തുവില്‍ ഒതുക്കാതെ വരികളെ വര്‍ണ്ണങ്ങാക്കി ,,ബൂലോഗത്ത് എത്തിച്ചതില്‍ ഒരു പ്രത്യേക നന്ദി...
നന്നായിട്ടുണ്ട് മാഷെ...

അനാഗതശ്മശ്രു said...

ഇഷ്ടായി മാഷെ ഈ കുറിപ്പു

അപ്പു ആദ്യാക്ഷരി said...

ശശിയേട്ടാ കൊടുകൈ, ആ നാട്ടിൻപുറത്തേക്ക്‌ കൊണ്ടുപോയതിന്‌. ഒരു വീഡിയോ ചിത്രം പോലെ വ്യക്തം, എല്ലാ

മുസാഫിര്‍ said...

മന്ദാകിനീ,ഗാന മന്ദാകിനീ..
എന്റെ കുട്ടിക്കാലം അകലെ അമ്മയുടെ വീട്ടീലായിരുന്നതിനാല്‍ നാട്ടീലെ ഈ മൈമുനമാരുടെ കഥകള്‍ അറിയുന്നത് ശശിയേട്ടന്റെ പോസ്റ്റുകളിലൂടെയാണ്.നന്നായി ശശിയേട്ടാ.നാടിന്റെ എഴുപ്പെടാതെ കിടക്കുന്ന ചരിത്രം ശശിയേട്ടന്റെ വരികളീലൂടെ പുനര്‍‌‌ജ്ജനിക്കുന്നതു കാണാന്‍ സന്തോഷം തോന്നുന്നു.

Kalesh Kumar said...

എന്ത് രസമാ ശശിയേട്ടന്റെ പോസ്റ്റ് വായിച്ചിരിക്കാന്‍....
ലളിതസുന്ദരം!

എന്തൊരൊഴുക്ക്....

അതിമനോഹരം....

ഗീത said...

കഥകള്‍ സങ്കല്‍പ്പിച്ചുണ്ടാക്കുന്നതിനേക്കാള്‍ എത്രയോ മനോഹരവും തീക്ഷ്ണവുമായിരിക്കും അനുഭവങ്ങള്‍ കഥയായിചൊല്ലുമ്പോള്‍...

അത്തരം കഥകളേ ഹൃദയത്തില്‍ തട്ടൂ...

അത്തരം ഒരു കഥ വായിച്ച രസാനുഭൂതിയോടെ....
കഥാകൃത്തിന് അഭിനന്ദനങ്ങള്‍

ഹരിയണ്ണന്‍@Hariyannan said...

ഈ കഥയുടെ പേര്..അതിന്റെ ചുരുള്‍ നിവരുന്ന രീതി...ജീവസ്സുറ്റ കഥാപാത്രങ്ങള്‍...

നിത്യജീവിതത്തില്‍ മുറിഞ്ഞുപോയതും മുറിവേല്‍പ്പിച്ചതുമായ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും ഉയിരിട്ടെഴുന്നേല്‍ക്കുന്നത് അല്പം മനസ്സിടര്‍ച്ചയോടെ ആസ്വദിച്ചു!

നന്ദി!!

Visala Manaskan said...

'പാലിന്റെ കാശ്‌ വാങ്ങി പരുത്തിക്കുരുവും പിണ്ണാക്കും..'

kollu kollu enne!!

ee ormma postum bayangara nostalgic aayi sasiettaaa..

(ente system pizhachu poyi. innale oru dubai kkaarante koode olichodi. thalkkaalam vere systethil irunnaa vaayana, athu kondaanu manglish. sarry!)

മൂര്‍ത്തി said...

നന്നായിട്ടുണ്ട്..

ഏറനാടന്‍ said...

ഏട്ടാ ഇന്നാണിത് വായിച്ചുതീര്‍ത്തത്. അന്തിക്കാടന്‍ നാടങ്കള്ളടിച്ച് ഒരു സത്യനന്തിക്കാട് സിനിമ കാണുമ്പോലെ ലളിതമനോഹരം. ഇതിലെ ഒരോ കഥാപാത്രങ്ങള്‍ക്കും ജീവനുള്ള ദേഹമുണ്ട്. അവര്‍ക്ക് വ്യക്തിത്വമുണ്ട്. അതാണ് എഴുത്തിലെ മാസ്മരികത.

Kaithamullu said...

സ്വന്തം സിസ്റ്റം പിഴച്ച്, ദുബായ്‌ക്കാരന്റെ കൂടെ ഒളിച്ചോടിയിട്ടും മനസ്സ് കൈവിട്ട് പോകാതെ, തത്കാലം കൈയിലൊതുങ്ങിക്കിട്ടിയ, ഭാഷ പോലും മെരുങ്ങാത്ത, വേറെ ഒരു സിസ്റ്റം വച്ച് അഡ്ജസ്റ്റ് ചെയ്യുന്ന ആളുടെ പേര് ‘വിശാലമനസ്കന്‍’ എന്നല്ലാതെ പിന്നെന്താകാന്‍?

Anil cheleri kumaran said...

എന്റെ ബ്ലോഗ്
ഒന്നു വായിച്ചു നോക്കാമോ?
www.dreamscheleri.blogspot.com

കുറ്റ്യാടിക്കാരന്‍|Suhair said...

കൈതമുള്ള് മാഷേ...

വളരെ നല്ല കഥ. അഭിനന്ദനങ്ങള്‍.

You are a master sory teller!!

പാര്‍ത്ഥന്‍ said...

രണ്ടു തലമുറയുടെ ചരിത്രം വളരെ ഭംഗിയായി അവതരിപ്പിച്ചു. അതിനിടയില്‍ ഒരു 'മന്ദാകിനി' മാത്രമെ അവതരിച്ചുള്ളൂ എങ്കിലും, വിട്ടുകളഞ്ഞില്ല എന്നതാണാശ്വാസമായത്‌. കരുണനു താഴെ ഒരു മൂന്നാമനെ പരിചയപ്പെടുത്താമായിരുന്നു.

Kaithamullu said...

ജി മനു,
കുട്ടന്‍‌മേനോന്‍,
ആവനാഴി,
ഇത്തിരി,
വേണു,
ചന്ദ്രകാന്തം,
ബിജു,
ശ്രീ,
ഫസല്‍,
ലുട്ടാപി,
കാര്‍ട്ടൂണിസ്റ്റ്,
സജി,
അനാഗതസ്മശ്രു,
അപ്പു,
മുസാഫിര്‍,
കലേഷ്,
ഗീതാഗീതികള്‍,
വിശാലന്‍,
ഹരിയണ്ണന്‍,
മൂര്‍ത്തി,
സലിഹ്,
കുറ്റ്‌യാടിക്കാരന്‍,
പാര്‍ഥന്‍...
-എല്ലാര്‍ക്കും ഒരുപാടൊരുപാട് നന്ദി!

കുമാരാ,
ബ്ലോഗ് വായിച്ച് ഒരു കമെന്റ്റിട്ട ശേഷം മാത്രം, സ്വന്തം പരസ്യം അടിച്ചേല്‍പ്പിച്ചാല്‍, അതില്‍ അല്പം മര്യാദയുണ്ടെന്ന് ചിലര്‍ക്കെങ്കിലും തോന്നാം, അല്ലേ?
(ഒര് പാട് ബ്ലോഗുകളില്‍ കണ്ടതിനാലാണ്, അല്ലെങ്കിലിതേപ്പറ്റി എഴുതുമായിരുന്നില്ല)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ശശിയേട്ടോ.....എനിക്കു വയ്യ.കലക്കി മാഷേ...നാലു പ്രാവിശ്യം ഒറ്റയടിക്കങ്ങു വായിച്ചുന്നു പറഞ്ഞാല്‍ അതില്‍ ഒരു അതിശ്യോക്തിയും ഇല്ല.എത്ര സുന്ദരം...എഴുത്തിന്റെ ഒരു ഭംഗി.
ഇതു വായിച്ചിരുന്നപ്പോള്‍ ഇടക്കിടെ പുട്ടും കടലയും കഴിക്കണം എന്നു തോന്നി.
നമ്മക്കു ദുബായില്‍ ഒരു 28 നായയും പുലിയും കളി വച്ചാലോ ശശിയേട്ടാ..

Sharu (Ansha Muneer) said...

ഒരു ഗ്രാമത്തെ മുഴുവന്‍ വരച്ചുകാട്ടുന്നുണ്ട് ഇതില്‍. വായിക്കുമ്പോള്‍ ആ നാടും കഥാപാത്രങ്ങളുമെല്ലാം മനസ്സിലേക്കെത്തുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ നല്ലൊരു അനുഭവമാകുന്നു ഈ വായന. തുടരുമല്ലോ.. :)

പൊറാടത്ത് said...

കൈതമുള്ളിന്റെ ഈ ശൈലി വളരെ ഇഷ്ടമാവുന്നുണ്ട്.. വായനക്കാര്‍ തന്നെ കഥാപാത്രങ്ങളാവുന്ന അനുഭവം... ഇത് എന്റെയും കൂടി കഥയല്ലേ എന്ന് വായിയ്ക്കുന്ന പലര്‍ക്കും തോന്നിയിരിയ്ക്കും എന്നാണെന്റെ ഉറച്ച വിശ്വാസം..
(കഴിഞ്ഞ പോസ്റ്റിനും ഞാനത് സൂചിപ്പിച്ചിരുന്നു., തെറ്റായെങ്കില്‍ ദയവു ചെയ്ത് ക്ഷമിയ്ക്കൂ..)

വളരെ നന്ദി ഈ ‘അനുഭവം‘(?) പങ്ക് വെച്ചതിന്..

പിരിക്കുട്ടി said...

kaithamulle?
nannayittundu.......
pinne.........
evideya ammede veedu........
kodungalluril....

Kaithamullu said...

ഷാരു,
ജ്വാലകല്‍ മുഴുവന്‍ വായിച്ചുവെന്നറിയച്ചതിന് നന്ദി.
ഓര്‍മ്മകള്‍ക്ക് അല്പം വ്യത്യസ്തമായ ശൈലി ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വിജയിച്ചുവോ എന്നറിയില്ല.

കിലുക്കാം‌പെട്ടീ,
ഒറ്റയടിക്ക് നാലു പ്രാവശ്യം വായിച്ചുവെന്നോ? ഇതില്പരം സന്തോഷം ഒരു ബ്ലോഗര്‍ക്ക് കിട്ടാനില്ല. നന്ദി-ഒന്നല്ല, നാലു വട്ടം!

പിരീ,
കൊടുങ്ങല്ലൂരില്‍ മാടവനയില്‍.
പിന്നെ വിശദമായി ഇവിടെ:
http://kaithamullu.blogspot.com/2008/05/blog-post.html
ഇനിയും വരുമല്ലോ?
(അല്പം പിരിയൊക്കെ ആര്‍ക്കാ ഇഷ്ടമില്ലാത്തെ?)

ഒരു വലിയ നന്ദി ശിവപ്രസാദിന്. സമയസൌകര്യപരിമിതിയിലും വായിച്ച് അഭിപ്രായമറിയിച്ചതിന്.

ഉഗാണ്ട രണ്ടാമന്‍ said...

ശശിയേട്ടോ.....നട്ടുമ്പുറത്ത് എപ്പോഴും കാണാവുന്ന കഥാപാത്രങ്ങള്‍... ആസ്വദിച്ചു വായിച്ചു...

കുറുമാന്‍ said...

ശശിയേട്ടാ, ഇന്നാണ് ഇത് വായിക്കാന്‍ കഴിഞ്ഞത്. തിരക്ക് തന്നെ കാരണം..

ആഖ്യാന ശൈലി നന്നായിരിക്കുന്നു, എങ്കിലും ചിലസ്ഥലത്തെല്ലാം എനിക്കൊരു കണക്ഷന്‍ പ്രോബ്ലം, റേഞ്ച് കുറവ് അനുഭവപെട്ടു.

എന്റെ മാത്രം പ്രശ്നമായിരിക്കാം.

ഒരു സ്നേഹിതന്‍ said...

ഒരുപാടു കഥാപാത്രങ്ങളുള്ള ആ ഗ്രാമത്തിലേക്ക് പോയി ഒത്തിരി നേരം....
നന്നായിരുന്നു... ആശംസകള്‍...

Unknown said...

കുട്ടന്‍ മേനോന്‍ കുഞ്ഞൂട്ടനെ പട്ടി പറഞ്ചത്‌ അച്ചട്ടാണ്. :)

Kaithamullu said...

ഉഗാണ്ടാ 2,
നന്ദി.

കുറു,
എന്താ അങ്ങനെ തോന്നാന്‍?
ഒന്നൂടെ വായിച്ചു നോക്കി, ഇപ്പോ.

ഒരു സ്നേഹിതന്‍,
ഞാനും ഒരു സ്നേഹിതന്‍!

മുരളിക,
- ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന സംഭവങ്ങളാ അതൊക്കെ, അല്ലേ?

ബഷീർ said...

നീളം കൂടുതലാണെങ്കിലും..
നാട്ടിന്‍പുറ വിശേഷങ്ങളിലൂടെ ഓടി വായിച്ചു..
നന്നായിട്ടുണ്ട്‌..

അഭിനന്ദനങ്ങള്‍.. ആശംസകള്‍

ഇനി നടന്ന് വായിച്ച്‌ വിമര്‍ശിക്കാന്‍ അടുത്ത തവണ ...: )

yousufpa said...

സുമതിക്കൊച്ചമ്മ പോലെ തന്നെ മനസ്സില്‍ തട്ടി ഇതും.
നല്ല തമാശകളും.
കലക്കി ശശിയേട്ടാ...

തോന്ന്യാസി said...

കൈതേട്ടാ....

വായിച്ചു എന്നറിയിക്കാന്‍ ഒരു കമന്റ്.....വൈകിപ്പോയെങ്കിലും.......

ഇഷ്ടമായി ഒത്തിരിയൊത്തിരി......

Kaithamullu said...

ബഷീര്‍ വെള്ളറക്കാട്‌:
തലങ്ങും വിലങ്ങും വെട്ടി പരുവപ്പെടുത്തിയിട്ടും നീളം അല്പം കൂടി, അല്ലേ?
-വിരസത തോന്നിയില്ലെന്നറിഞ്ഞതില്‍ സന്തോഷം!

അത്ക്കന്‍:
നന്ദി പറയുന്നു.

തോന്ന്യാസി:
ഒത്തിരിയൊത്തിരി നന്ദി അങ്ങോട്ടും!

Sapna Anu B.George said...

നല്ല വിവരണം

sambharam said...

പ്രിയപ്പെട്ട സപ്നാജി ഇതിനെ വിവരണം എന്ന് പറയാതെ
നല്ല സൃഷി എന്ന് പറയു .......
പ്ലീസ് ............

Kaithamullu said...

Sapna Anu B.George,
നന്ദി....

eternal voyage of love,
വായനക്കാരന്റെ അവകാശവാദത്തിന് മുന്നില്‍ എഴുത്തുകാരന്‍ തല താഴ്ത്തുന്നു.
താങ്ക്സ് ട്ടാ!

Kalesh Kumar said...

Sasiyetta,

Aduthath evide????
Masam onnakunnu...

രസികന്‍ said...

നന്നായിരുന്നു എന്നു ഞാൻ പറയുന്നില്ല കാരണം ആ വാക്കിൽ മാത്രം ഒതുങ്ങുന്നതല്ല ഇത് എന്നു നന്നായി അറീയാം
കമന്റാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു

ബഷീർ said...

പറഞ്ഞപോലെ ഞാന്‍ വിണ്ടുമെത്തി..സാവധാനം നടന്ന വായിച്ചു..

ഞാനു ആ ഗ്രാമത്തില്‍..അംഗമായി.. ലയിച്ചു വായിച്ചു..
ആ ചായക്കട.യും മറ്റും.. മനസ്സില്‍ മായാതെ നില്‍ക്കുന്നു

Kaithamullu said...

കലേഷേ,
മടി വിട്ട് ഇതാ ശ്രമം ആരംഭിക്കുന്നു.

രസികാ,
കമെന്റ് ഏറെ രസിച്ചൂ.
വൈകിയാലും വന്നതിന് നന്ദി!

ബഷീര്‍,
വീണ്ടും വായിച്ചെന്നോ?
-ഞാനിതാ പൊങ്ങിപ്പൊങ്ങി....

smitha adharsh said...

എഴുതാന്‍ വന്ന കമന്റ് വേറെ രൂപത്തില്‍ പലരും വന്നു ആദ്യമേ ഇട്ടു പോയി...വൈകിയതില്‍ സോറി....നല്ല പോസ്റ്റ് മാഷേ..കലക്കി...എല്ലാം നേരിട്ടനുഭവിച്ചതുപോലെ തോന്നി..

Kaithamullu said...

സ്മിതാ ആദര്‍ശ്,
വൈകിയെങ്കിലും വന്നതില്‍ സന്തോഷം.
ഇനിയും കാണുമല്ലോ!

smitha adharsh said...

പിന്നെ..തീര്‍ച്ചയായും..

SreeDeviNair.ശ്രീരാഗം said...

സത്യത്തിന്റെ...
ബന്ധുക്കള്‍....
ആത്മാര്‍ത്ഥമായ,
വരികള്‍....
വളരെ നന്നായിട്ടുണ്ട്.

Typist | എഴുത്തുകാരി said...

വളരെ വൈകിയാ എത്തിയതു്. വായിച്ചു കമെന്റിടാന്‍ നോക്കിയപ്പോള്‍ തോന്നി, വല്ലാണ്ട്` വൈകിയല്ലോ, ഇനി ഇടുന്നതു ശരിയാണോ എന്നു്.
പക്ഷേ ഇപ്പോ ദാ, എന്നേക്കളും വൈകിവന്നവരും ഉണ്ടിവിടെ.

ഇനി കമെന്റ്‌ - വളരെ വളരെ നന്നായിട്ടുണ്ട്‌. ഒരു സാക്ഷാല്‍ ഗ്രാമം.

പിരിക്കുട്ടി said...

waiting for nextttttt

Kaithamullu said...

സ്മിതാ, ശ്രീദേവി, എഴുത്തുകാരീ,
നന്ദി!
പിരീ,
വന്നുകൊണ്ടിരിക്കുന്നൂ!

Sanal Kumar Sasidharan said...

അല്‍പ്പമൊന്ന് നൊന്തു

ശ്രീ ഇടശ്ശേരി. said...

പേരു കണ്ട് കയറിയത..12.30പി.എം...ഉറക്കം തൂങ്ങി തുസങ്ങിയതാ..എല്ലാം പോയി..
നിങ്ങ പുലിയാ..ശരികും പുലി..
വായന കഴിഞ്ഞപ്പോള്‍;ആ ചായ കടയിലെ ബെഞ്ചില്‍ ഇരുപ്പായി ഞാനും..

ശ്രീ ഇടശ്ശേരി. said...
This comment has been removed by the author.
ശ്രീ ഇടശ്ശേരി. said...

പേരു കണ്ട് കയറിയതാ.12.30പി.എം.
ഉറക്കം തൂങ്ങി തുടങ്ങിയതാ..എല്ലാം പോയി..
നിങ്ങ പുലിയാ..ശരികും പുലി..
വായന കഴിഞ്ഞപ്പോള്‍;ആ ചായ കടയിലെ ബെഞ്ചില്‍ ഇരുപ്പായി ഞാനും..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ചിരിയുടെ രേഖകള്‍ മുഖത്തിന്റെ അതിരുകള്‍ ഭേദിച്ചൂ.

valare valare ishtapettu.. palathum pazhaya palathienyum ormippichu..

റോസാപ്പൂക്കള്‍ said...

അഭിനന്ദനങ്ങള്‍...താങ്കളുടെ എല്ലാ ഓരോ കഥയും വയിക്കാന്‍ തുടങ്ങിയാല്‍ പിന്നെ വായനക്കാരന്‍ പരിസരം പോലും മറന്നു പോകും.
മനസ്സില്‍ നില്‍ക്കുന്ന കഥാ പാത്രങ്ങള്‍...