Tuesday, December 16, 2008

പാക്കരചരിതം - നാല് ഭാഗം (ഇന്നലെയുടെ ജാലകങ്ങള്‍ -7)

പാക്കരചരിതം - നാല് ഭാഗംഒന്ന്:

നനുത്ത മഞ്ഞിന്റെ മുഖപടം മാറ്റി, കുളിരിന്റെ  പുളകവുമായി, പ്രഭാതം സവാരിക്കിറങ്ങി.

ഇടവഴിയില്‍ നിന്ന് കലുങ്കിന്റെ ചരിവിലൂടെ, ചരല്‍ നിറഞ്ഞ ചെമ്മന്‍ പാതയിലേക്ക്  ഒരു സ്ത്രീ രൂപം ഇറങ്ങി. നീല പാണ്ടിച്ചേലയിലെ വെള്ളൊക്കസവിന്‍ പാളികള്‍ ചൂടില്ലാ രശ്മികളില്‍ മിന്നിത്തിളങ്ങി,  ഒപ്പം മുക്കുത്തിയിലെ  ചുവന്ന കല്ലുകളും. ചായക്കടയുടെ മുന്നിലെത്തിയപ്പോള്‍
ചെരിപ്പണിയാത്ത കാലുകള്‍ക്ക്‌ അകാരണമായ ഒരു തിടുക്കം. പരുഷമായ മുഖത്തെ തീഷ്ണ ദൃഷ്ടികള്‍ നടപ്പാത കീറിമുറിക്കും പോലെ.

കൂടെയെത്താന്‍ പാടുപെടുന്ന കൊലുസ്സണിഞ്ഞ രണ്ട് കുഞ്ഞിക്കാലുകള്‍ പിന്നെയാണു ദൃഷ്ടിയില്‍ പെട്ടത്. തുടുത്ത മുഖവും മങ്കി കട്ട് മുടിയും ചുവന്ന ഉടുപ്പും അവളെ ആകര്‍ഷയാക്കി.

പത്രത്തിലെ ചരമവാര്‍ത്തകളില്‍ നിന്നും കണ്ണുകള്‍ പറിച്ചെടുത്ത് കൃഷ്ണന്‍ കണിയാനൊന്ന് മൂളി. ‘ആപ്പിള്‍ ഫോട്ടോ’ ബീഡി ആഞ്ഞ്‌ വലിച്ച്
കുഞ്ഞയ്യപ്പനതേറ്റെടുത്തു. കോതത്തള്ളയുടെ മകന്‍ ബാലന് വില്ലനപ്പോള്‍ ചുമയുടെ അസുഖം.

അടുപ്പില്‍  തീ ഊതിപ്പെരുപ്പിക്കയായിരുന്ന അച്ഛനിലായിരുന്നു അവരുടെ ശ്രദ്ധ. അത് ഗൗനിക്കാതെ 'ഇപ്പ വരാം’ എന്ന മൗനസന്ദേശം എനിക്ക് കൈമാറി, പുറകിലെ വാതിലിലൂടെ അച്ഛന്‍ വീട്ടിലേക്ക്‌ നടന്നു.

വളവ്‌ തിരിഞ്ഞവര്‍ മറഞ്ഞിട്ടും, നീല ചുവപ്പു വര്‍ണങ്ങള്‍ കണ്ണുകളില്‍ നിറഞ്ഞു നിന്നു.
'അന്യത്തിക്കുട്ടീനെ ഇഷ്ടായോടാ?" : കണിയാന്‍ കണ്ണിറുക്കി ചോദിച്ചു.
"അന്യത്തിയോ?"
‘അറീല്യാ, ല്ലേ?"
മണ്ടനെപ്പോലെ ഞാനവരെ മാറി മാറി നോക്കി.
-ഉയര്‍ന്ന കൂട്ടച്ചിരി മന്ദാകിനി പാലുമായെത്തും വരെ നുരഞ്ഞ് പതഞ്ഞു കൊണ്ടിരുന്നു.

കണിയാന്റെ കടംകഥയുമായി പലരേയും ഞാന്‍ സമീപിച്ചെ‍ങ്കിലും ഉത്തരം തന്നത് ആശാരി കുഞ്ഞൂട്ടനായിരുന്നു.
"കല്യാണം കഴിക്കാതെ അവള്‍‌ക്ക്‍ണ്ടായ കുട്ട്യാടാ അത്‌"
‘അതിന്?’ എനിക്ക് മനസ്സിലായില്ല.
"എടാ, കുട്ടീണ്ടാവണെങ്കി കല്യാണം കഴിക്കണ്ടേ?"
"വേണം"
"എന്നാ കല്യാണം കഴിയും മുന്‍പ് അവള്‍ക്ക് വയറ്റ്‌ലുണ്ടായി.  നെന്റച്ചനാ കാരണമെന്നാണവള്‍ പറഞ്ഞത്“: കുഞ്ഞൂട്ടന്‍  വിശദീകരിച്ചു. "ഇതറിഞ്ഞ നെന്റമ്മ സാക്ഷാല്‍ കൊടുങ്ങല്ലൂരു ഭഗോതിയായി ഉറഞ്ഞ്‌ തുള്ളി ചെന്നവള്‍ക്ക് രണ്ട് കൊടുത്ത്, കൊരവള്ളിക്ക്‌ ചുറ്റിപ്പിടിച്ചപ്പഴല്ലേ
സത്യം പുറത്ത് വന്നത്’
സ്വതേയുള്ള വിഡ്ഢിച്ചിരി ഒന്നുകൂടി അടിച്ച് പരത്തി, സസ്പെന്‍സ്‌ കളയാതെ കുഞ്ഞൂട്ടന്‍ തുടര്‍ന്നു:
"എന്റെ വീടിന്റെ വടക്കോശത്തുള്ള പട്‌ളും കൂട്ടമായിരുന്നു ഒളിസേവക്ക് വേണ്ടി അവള്‍  ഉപയോഗിച്ചിരുന്നത്. ഒരീസം നട്ടപ്പാതിരക്കവിടെ വെട്ടോം ബഹളോം  കണ്ട് ചെന്നപ്പോ....", നിര്‍ത്തി ചുറ്റും നോക്കി ശബ്ദം താഴ്ത്തി, അയാള്‍ മുഴുമിപ്പിച്ചു:"ദാ, നിക്കണു നെന്റെ വെല്ലിശന്‍, കീറിയ മുണ്ടും ചന്തിയുമായി. അന്ന് ഞാനല്ലേ അയലോക്കക്കാരില്‍ നിന്ന് അങ്ങേരെ രക്ഷിച്ചേ..."

കാര്യങ്ങളുടെ ഒരേകദേശരൂപം മനസ്സില്‍ തെളിഞ്ഞു.

"അല്ല, അങ്ങേരേം കുറ്റം പറയാന്‍ പറ്റ്വോ? നാട്ടിലെ പിള്ളാരൊക്കെ സൈക്കിളുചവിട്ട്‌ പഠിച്ചത്‌ അവള്‍ടട്‌ത്ത്‌ നിന്നല്ലേ?":  തലയിളക്കി സ്വന്തം പ്രയോഗം ആസ്വദിച്ചുകൊണ്ടയാള്‍  കൂട്ടിച്ചേര്‍ത്തു: "നെന്റച്ഛനും കൂട്ടത്തിലുണ്ടാര്‍ന്നേരിക്കും".

കുഞ്ഞൂട്ടന്‍ സൈക്കിളുചവിട്ട്‌ പഠിച്ചോ എന്ന് ഞാന്‍ തിരക്കിയില്ല. കാരണം സൈക്കിള്‍ സ്വപ്നം കാണാന്‍ പോലും തുടങ്ങാത്ത പ്രായമായിരുന്നല്ലോ, എതേത്!

“അവരടെ വീട്‌ എവിടാ?"
" നമ്മ്ടെ ക്രോസ്‌ പാക്കരന്റെ ചേച്ചിയാടാ അവള്‍ . പേര് വിലാസിനീന്ന്. ഇപ്പോ കൊല്ലങ്കോട്ടെങ്ങാണ്ട് ഒരു പോസ്റ്റ്‌ മാഷ്‌ടെ വീട്ടില്‍ ശമ്പളത്തിനു നില്‍ക്ക്വാ. വല്ലപ്പോഴും വന്നാ രണ്ടീസം തെകച്ച് പാര്‍ക്കാന്‍ പാക്കരന്‍ സമ്മതിക്കില്യാ’

സൃഷ്ടാവിനു പറ്റിയ ഒരമളിയായിരുന്നൂ പാക്കരന്‍ ‍.
കൂരന്‍ തല,
ചുണങ്ങന്‍ ദേഹം,
കുടുക്ക വയര്‍ .
ചങ്ങാത്തം വെടിഞ്ഞ് അകന്ന് നില്‍ക്കുന്ന പാദങ്ങള്‍ ‍.
പാക്കരന്റെ ഉയരം ഊഹിച്ചെടുക്കാനാണു പാട്; പ്രായവും!

സമദൂരസിദ്ധാന്തത്തിലുറച്ച് നില്‍ക്കാത്ത ദൃഷ്ടികളുടെ ഉടമയെ 'ക്രോസ്‌ പാക്കരന്‍ ‍' എന്നാണു നാട്ടുകാര്‍ വിളിച്ചത്.

തേങ്ങയും പങ്ങയും പെറുക്കാന്‍ ‍, മാങ്ങായും പച്ചക്കറികളും പറിക്കാന്‍ ‍, മീന്‍ വാങ്ങാന്‍....
-പാക്കരനില്ലാത്ത തറവാടിനെപ്പറ്റി ചിന്തിക്കാനാവില്ല അന്തേവാസികള്‍ക്ക്.
ജോലിക്ക്‌ കൂലി  ഭക്ഷണം. വിശേഷ ദിവസങ്ങളില്‍ മുണ്ടും ബനിയനും ‘ബക്‍ഷീഷ്’‘.

പാക്കരനൊരു സയാമീസ് ഇരട്ടയുണ്ട്.  പേര് 'വിശപ്പ്”
‌രണ്ടാം ക്ലാസിലേ പഠിപ്പ്‌ നിര്‍ത്താനിടയായ 'ഭാസ്കരലീല'  ഇങ്ങനെ:

സ്കൂളിലെ ഫസ്റ്റ് ബ്രേക്കിന് ശേഷം ക്ലാസ്സിലെത്താന്‍ വൈകും പാക്കരന്‍ ; ആരുടേയെങ്കിലും ചോറ്റുപാത്രം കാലിയാക്കാനെടുക്കുന്നത്ര സമയം! ഇത്‌ തുടര്‍ക്കഥയാവുകയും ഉച്ചപ്പട്ടിണിക്കാരുടെ എണ്ണം പെരുകയും ചെയ്തപ്പോള്‍ ഡ്രില്‍ മാഷ്‌ സ്വയം സി ഐ ഡി ചമഞ്ഞു. ചോറും ചമ്മന്തിയും
കൂട്ടിക്കുഴക്കുന്ന പാക്കരന്റെ വലത്‌ കൈ മാഷ്‌ടെ ഉരുക്കു മുഷ്ടിക്കുള്ളിലായി. തുടര്‍ന്ന് മാഷ്‌ടെ തടിയന്‍ ചൂരല്‍ അവന്റെ ഇരു ചന്തികളേയും മാറി
മാറി ആശ്ലേഷിച്ചു,

പിറ്റേന്ന് മാഷ്‌ടെ ശ്രദ്ധ, പതിവ് പോലെ, അടുത്ത ക്ലാസിനെ ശാരദ ടീച്ചറിലേക്ക് തിരിയാന്‍ കാത്തിരുന്നു പാക്കരന്‍ . ടീച്ചേഴ്സ്‌ റൂമില്‍ വിശ്രമിച്ചിരുന്ന മാഷ്‌ടെ അടുക്ക് ചോറ് പാത്രം കണ്ട് പിടിക്കാനധിക സമയമെടുത്തില്ല. പാത്രത്തില്‍ മണല്‍ വാരി വച്ച്, സ്ലേറ്റ്‌ പോലുമെടുക്കാതെ
വീട്ടിലേക്കോടിയ പാക്കരന്‍ ശിഷ്ടകാലം നടവരമ്പ് സ്കൂളിന് നേരെ നോക്കാന്‍ പോലും ധൈര്യപ്പെട്ടിട്ടില്ല.

പത്ര വായന കേള്‍ക്കാനിഷ്ടമായിരുന്നൂ പാക്കരന്. മൗന വായനക്കാരെ അവന്‍ ചൊടിപ്പിക്കും: "നെങ്ങക്കെന്താ മലയാളപാഷ അറീല്യേ?"

തെറുപ്പുകാരന്‍ പപ്പു കടയിലിരുന്ന് ബീഡി തെറുപ്പ് തുടങ്ങിയപ്പോള്‍ പാക്കരന്‍ അച്ഛനോടാവശ്യപ്പെട്ടു: "പപ്പൂനോട് പറ എന്നെ തെറുപ്പ്   പഠിപ്പിക്കാന്‍ ‍"
"പഠിച്ചോടാ, നിനക്ക്‌ പറ്റിയ തൊഴിലാ": അച്ഛന്‍ പ്രോത്സാഹിപ്പിച്ചു.

വെട്ടിയിട്ട ബീഡിയില അടുക്കിവയ്ക്കല്‍ ‍, സുക്ക പാകപ്പെടുത്തിക്കൊടുക്കല്‍ ‍,ബീഡി മുറത്തില്‍ നിരത്തി വെയിലത്തോ അടുപ്പത്തോ വച്ചുണക്കിയെടുക്കല്‍ തുടങ്ങി തെറുത്ത്‌ കെട്ടിയിടുന്ന ബീഡികളുടെ തലയും വാലും മടക്കിക്കുത്തുന്ന ജോലി വരെ പഠിച്ച പാക്കരന്‍ പെട്ടെന്നൊരു ദിവസം മുതല്‍ കടയില്‍ വരാതായി.

തറവാട്ടു പടിക്കല്‍ വച്ച്‌ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു: " എന്തുപറ്റി, പാക്കരാ?'
"വരില്ല ഞാന്‍ ‍", തലതിരിച്ച്‌, ചുട്ട്‌ പൊള്ളുന്ന, അപരിചിത  സ്വരത്തില്‍ അവന്‍ മുരണ്ടൂ: " വൃത്തികെട്ട ശവം, ആ  പപ്പു അവടെ ഉള്ളടത്തോളം കാലം!"


രണ്ട്:

ഞാന്‍ ഹൈസ്കൂളിലെത്തിയപ്പോള്‍ ചായക്കടകക്കും ട്രാന്‍സ്ഫറായി : കല്ലം കുന്നു സെന്ററിലേക്ക്‌.

കവലയിലെ പഞ്ചായത്ത്‌ കിണറിന്റെ അരമതിലിനു ചുറ്റും പരദൂഷണവും രാഷ്ട്രീയവുമായി സ്ഥിരം കാണും ഒരാള്‍ക്കൂട്ടം.
-കൈതയില്‍ രാജന്‍ ‍, ചുമട്ടുകാരന്‍ കുഞ്ഞയ്യപ്പന്‍ ‍, ചെത്തുകാരന്‍ കുഞ്ഞന്‍ ‍, കണിയാന്‍ കൃഷ്ണന്‍ ‍....

വൈകുന്നേരമാകുമ്പോള്‍ സംഘത്തിന്റെ ബീഡിമണം വാറ്റ് ചാ‍രായത്തിന്റെ സുഗന്ധത്തിന് വഴി മാറും. ലഹരി തലക്ക്‌ പിടിച്ചാല്‍ ‍, കണിയാന്‍ കൃഷ്ണന്റെ സര്‍ഗചൈതന്യം മണിപ്രവാള ശ്ലോകങ്ങളായൊഴുകും.

"കല്ലംകുന്ന് മഹാദേശം,
നന്ദികേടിന്നുറവിടം,
അന്നം നാസ്തി, ഫലം നാസ്തി,
മദ്യപാനം മഹോത്സവം!"

പരിചിതമില്ലാത്ത ഒരു മുഖം വഴിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ സദിരിന്നിടവേള: ‘ആരാ മന്‍സിലായില്യാ?‘
"പെട്ട ഔസേപ്പിന്റെ ...?"
"ആ..നമ്മടെ സിസിലീടെ അമ്മായപ്പനാ..നാടെവിടാ?"
‘മറ്റത്തൂര്‍ അറിയില്ലേയെന്നോ? മഹാകവി പാടിപ്പുകഴ്ത്തിയ പ്രസിദ്ധ സ്ഥലമല്ലേ? കേട്ടിട്ടില്ലേ...
മറ്റത്തൂരു മഹാദേശം,
നന്ദികേടിന്നുറവിടം.........."

നാടുകള്‍ മാറിക്കൊണ്ടിരിക്കും, പക്ഷേ ശ്ലോകം ഒന്ന് തന്നെ!
ചമ്മിയ മുഖവുമായി അതിഥി നടന്ന് നീങ്ങുമ്പോള്‍ കൂട്ടച്ചിരിവും അട്ടഹാസവും മുഴങ്ങും.

പകലത്തെ ടൈം പാസ് ചീട്ട്‌ കളിയാണ്.
കാശുണ്ടെങ്കില്‍ ‘പന്നിമലത്ത്‌‘, ചിക്കല്‍ കുറവെങ്കില്‍ ‘പരല്‍‘, തീരെ വറുതിയെങ്കില്‍ ‘ഇരുപത്തെട്ട്‌‘.

ബീഡി, ചായ, വെള്ളം ഇത്യാദികളുടെ സുഗമമായ സപ്ലൈ ഉറപ്പ്‌ വരുത്താന്‍ ‘എവറെഡി‘യായി പാക്കരനുണ്ടാവും!

ചില ഞായറാഴ്ചകളില്‍ കാലത്തേ തന്നെ പാക്കരന്‍ ഓടിക്കിതച്ചെത്തും.
"അറവുകാരന്‍ അന്തപ്പന്‍ വെട്ടിയിരിക്കുന്നത് നല്ല ഒരു പോത്തും കുട്ടനാ.. രണ്ട്‌ കിലോക്കുള്ള കാശെടുക്ക്.....വേം വേണം..“

തൊഴില്‍ രഹിത സംഘത്തിന്റെ 'അവൈലബിള്‍ പോളിറ്റ് ബ്യൂറോ' അടിയന്തിരയോഗം ചേരും. സൈക്കിളില്‍  ദൂതന്മാര്‍  പായും.
വീട്ടില്‍ പോത്തിറച്ചി വര്‍ജ്യമായതിനാല്‍ ‘പാര്‍ട്ടിയില്‍ ‍’ ചേരാന്‍ ഞാനാവേശം കാട്ടും.
"ആളോഹരി കാശ് വാങ്ങുമെങ്കി, നീയും കൂടിക്കോ": അച്ഛന്‍ സമ്മതിക്കും.

അല്ലെങ്കിലും എന്റെ എതാഗ്രഹത്തിനാണു അച്ഛന്‍ തടസ്ഥം നിന്നിട്ടുള്ളത്?

പാക്കരനെന്ന നളന്‍ അരങ്ങു തകര്‍ക്കുന്ന ദിനമാണന്ന്.

കിണറിനു പുറകില്‍ ദേവസ്യാപ്ലയുടെ പറമ്പില്‍  അടുപ്പൊരുങ്ങും. മസാല, പാത്രങ്ങള്‍ ‍, അരപ്പ്‌, വിറക്‌ ഇവയൊരുക്കാന്‍ പാക്കരനാരുടേയും സഹായമാവശ്യമില്ല. കറിക്കലം അടുപ്പത്തായാല്‍ സൈക്കിളില്‍ ഡബിളും ത്രിബിളും വച്ച്‌ കമ്മറ്റിക്കാര്‍  'അപിറ്റൈസര്‍ ‍' തേടിപ്പോകും.  തിരിച്ച്‌
വരുമ്പോഴേക്കും വിജനമായ കല്ലംകുന്ന് സെന്ററില്‍ ‍, ഉരുളക്കിഴങ്ങും പോത്തിറച്ചിയും കലര്‍ന്ന മസാലമിശ്രിതത്തിന്റെ ഹൃദയഹാരിയായ മണം പരന്നൊഴുകുന്നുണ്ടാകും.

-വാഴയിലയില്‍ ചൂടോടെ ചിരട്ടത്തവികൊണ്ട്‌ വിളമ്പുന്ന ഇറച്ചിക്കറി,
സവാളയും കാന്താരിയും വട്ടത്തിലരിഞ്ഞ്‌ ഉപ്പും വെളിച്ചെണ്ണയും ഞരടിയ സര്‍ളാസ്,
അടുപ്പിലിട്ട്‌ ചുട്ടെടുത്ത വെണ്ണ പോലെ മൃദുവായ കൊള്ളിക്കിഴങ്ങ്...

ഓര്‍ക്കുമ്പോഴിന്നും രസമുകുളങ്ങള്‍ക്ക് പതിവില്ലാത്ത ത്രസനം!

"നടുത്തിരിപ്പുലയന്റെ മാടത്തിനു മുന്‍പില്‍ പൊറോട്ട്‌ നാടകമാണിന്ന്": ഒരു വൈകുന്നേരം പാക്കരനോടി വന്നു.
"പൊറോട്ട് നാടകം എന്നൊക്കെ നടത്തീട്ടുണ്ടോ, അന്നൊക്കെ അടീം നടന്നട്ട്ണ്ട്‌.‘ :അച്ഛന്‍ വിലക്കി.
"ന്നാലും നാടകല്ലേ അച്ഛാ. കണ്ടിട്ട്‌ വേഗം വരാം"

മൗനം സമ്മതമാക്കി ഞാനും പാക്കരനും പാടത്തേക്കും, കട പൂട്ടി അച്ഛന്‍ വീട്ടിലേക്കും നടന്നു.

അടക്കാമരക്കാലുകളില്‍ പലകകള്‍ നിരത്തിയ സ്റ്റേജ്‌ കുരുത്തോലകള്‍ കൊണ്ടലങ്കരിച്ചിരുന്നു. കുലയില്ലാത്ത വാഴകളുടെ കബന്ധങ്ങള്‍ ബന്ധികളായി ഞങ്ങളെ എതിരേറ്റു. പഴയ സാരികള്‍ തുന്നിച്ചേര്‍ത്ത തിരശ്ശീലക്ക്‌ മുന്‍പില്‍ കുട്ടപ്പന്‍ ആന്‍ഡ്‌ പാര്‍ട്ടിയുടെ "ചെട്ടിമദ്ദളം ചവിട്ടിപ്പൊട്ടിച്ച്’‘ കൊണ്ടുള്ള തപ്പു മേളം തകര്‍ക്കുന്നു.

പുലയരുടെ ആഘോഷത്തില്‍ പങ്കെടുക്കാന്‍  നസ്രാണി മാപ്ലാരും കൊട്ടി ചോന്‍മാരും ചൊക്ലി നായന്മാരും ഉണ്ടായിരുന്നു.  കൂട്ടത്തില്‍ വേലന്‍ കണ്ണപ്പനേയും അമ്പട്ടന്‍ വേലുവിനേയും കണ്ടു. കരയിലെ ഏക ഉള്ളാട ഫാമിലി അല്‍പം മാറി ഒരു തെങ്ങിന്‍ തറയില്‍ തമ്പടിച്ചിരുന്നു.

-‘കുലശ്രീ‘കള്‍ കൂട്ടത്തോടെ ബഹിഷ്ക്കരിച്ചതിനാലാകണം സദസ്സിനൊരു വര്‍ണപ്പൊലിമ തോന്നിയില്ല.

തപ്പുമേളം നിലച്ചതും 'ഗ്രീന്‍ റൂമി'നരികെ നിന്ന് ബഹളമുയര്‍ന്നു.
കാളിപ്പുലയിയുടെ പുത്രി ശൃംഗാരി ദേവുവായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവ കേന്ദ്രം.
കൂട്ടത്തില്‍ കാര്‍ണോരായ അയ്യപ്പന്‍ ആള്‍ക്കൂട്ടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
"എന്താടീ  ഒച്ചവച്ചേ?"
'ആരാണ്ട്‌ എന്നെ ദാ, ഇവടെ...പിടിച്ചു". അവള്‍ നെഞ്ച് തൊട്ട് കാണിച്ചു.
‘ആരാന്ന് കണ്ടില്ലേ?"
"ഇല്ല, പക്ഷേ ഇവന്‍ മാത്രേ ഇവ്‌ടെ ണ്ടായൊള്ളൂ..."
അവളുടെ ചൂണ്ട് വിരലിന്റെ അറ്റത്ത്‌ നിന്നയാളെ നോക്കി ജനം ഞെട്ടി: ക്രോസ്‌ പാക്കരന്‍ ‍!
-എപ്പോഴാണ് എന്നെ വിട്ട്‌ പാക്കരന്‍ അവിടെയെത്തിയത്‌?
"അല്ല...ഞാനല്ലാ": രണ്ട്‌ കൈകളുമുയര്‍ത്തി പാപക്കറ പുരണ്ട കൈകളല്ല തന്റേതെന്ന് സ്ഥാപിക്കാന്‍ യത്നിച്ചു, പാക്കരന്‍ ‍. കുറിയ കണ്ണുകളിലെ കൃഷ്ണമണികള്‍ വിപരീത ദിശകളിലേക്ക് അതിവേഗം പെന്‍ഡുലമാടി.

"പാക്കരനോ....ഏയ്‌, ...ഇവനാവില്ല‘: അയ്യപ്പനവനെ വിശ്വാസമായിരുന്നു.
"ഞാനിവനേയാ കണ്ടേ’: ദേവൂ വീണ്ടും ചിണുങ്ങി.
"പെണ്ണച്ചു ദേവൂനെ പിടിച്ചേ..." തള്ളേടെ ബാലന്‍ അട്ടഹസിച്ചു.
ചിലര്‍ ഏറ്റു വിളിച്ചു:"പെണ്ണച്ചു പാക്കരന്‍ പെണ്ണ് പിടിച്ചേ ‍...."

"ഞാന്‍ പെണ്ണച്ചുവല്ലാ":പാക്കരന്റെ വിളര്‍ത്ത മുഖത്ത് രോഷക്കടലിരമ്പി.
"അല്ലെങ്കി ഒന്നൂടി പിടിച്ച് കാണിക്കടാ...തെളിയിക്ക് നീയൊരാണാണെന്ന്.’ ബാലന്‍ പാക്കരന്റെ കൈയില്‍ പിടിച്ച്‌ വലിച്ചു.
"പിടിക്കും..... വേണങ്കി നിങ്ങടെ മുന്നിലിട്ട്‌ പിടിക്കും, പക്ഷേ ഇപ്പഴല്ലാ, കല്യാണം കഴിച്ചിട്ട് ...എന്നിട്ട് കാണിച്ച് തരാം."
കരയുന്ന ശബ്ദത്തില്‍ വെല്ലുവിളി നടത്തി, അവന്‍ തെക്കോട്ടുള്ള കയറ്റം ബദ്ധപ്പെട്ട്‌ ഓടിക്കയറി.

കുറെ ദിവസത്തേക്ക്‌ പാക്കരനെ കവലയില്‍ കണ്ടില്ല. അന്വേഷിച്ചപ്പോഴറിഞ്ഞു:  പെണ്ണന്വേഷണവുമായി അവന്‍ ‘ബിസി’യാണെന്ന്.

ഒരാഴ്ച്ക്ക് ശേഷം, പഴക്കമുള്ള, കൈയില്ലാത്ത ബനിയനും കള്ളിമുണ്ടും ധരിക്കാറുള്ള പാക്കരന്‍ അലക്കിത്തേച്ച ഷര്‍ട്ടും ജഗന്നാഥന്‍ മുണ്ടുമണിഞ്ഞ് വീണ്ടും കവലയിലെത്തി.
"ടാ...എന്റെ കല്യാണം ഒറച്ചു" : സന്തോഷം ചാലിച്ച ശബ്ദത്തില്‍ അവന്‍ സ്വകാര്യം പറഞ്ഞു.
"എവ്‌ടന്നാ?"
"പട്ടേപ്പാടത്ത്‌ ന്ന്. ഇവിടടുത്താ"
"പെണ്ണെങ്ങിനെ?" ഞാന്‍ ഉത്സുകനായി.
"നല്ല ചന്തണ്ട്‌.  എന്നേക്കാ  തടിയുമുണ്ട്, എകരം എന്റത്രേള്ളൂന്നാ തോന്നണേ"
"എന്നാ കല്യാണം?"
"അട്‌ത്ത മാസം ഏഴാന്തി."

വീട്ടിത്തടിയുടെ കരുത്തുള്ള പെണ്ണായിരുന്നു പാക്കരന്റെ മണവാട്ടി, സരള.
ചടങ്ങുകള്‍ക്ക്‌ ചുക്കാന്‍ പിടിക്കാന്‍ മൂത്ത പെങ്ങള്‍ തലെന്നേ വന്നിരുന്നുവെങ്കിലും രംഗത്ത്‌ വരുന്നതില്‍ നിന്നും പാക്കരനവരെ വിലക്കി.
കൊലുസ്സിട്ട, വിടര്‍ന്ന കണ്ണുകളുള്ള, മങ്കി കട്ട് മുടിയുള്ള,  പെണ്‍കുട്ടി അവിടെയെങ്ങും ഓടിക്കളിക്കുന്നുണ്ടായിരുന്നു.

അമ്മായിയമ്മയുടെ സത്ക്കാരവും ബന്ധുക്കളുടെ വിരുന്നും കഴിഞ്ഞപ്പോള്‍ പാക്കരനൊന്നു കൊഴുത്തു.

"ഒരാഴ്ച്യായില്ലേ പാക്കരാ, വല്ലതും നടന്നോ’ : ചോദിച്ചപ്പോള്‍ അവന്റെ മുഖം നാണത്താല്‍ കുനിഞ്ഞു. കൈകള്‍ കൂട്ടിപ്പിരിച്ച്‌,
ചോദ്യകര്‍ത്താവിനെ ഒളികണ്ണാല്‍ നോക്കി ചിരിച്ച ചിരിയില്‍ എല്ലാം അടങ്ങിയിരുന്നു.
"അതിന് പാക്കരനൊന്നും ചെയ്യണ്ടല്ലോ, അവള്‍ക്ക് മുന്‍പരിചയമമുള്ളതല്ലേ?": ബാലന്റെ കളിയാക്കല്‍ കേള്‍ക്കാന്‍ നിക്കാതവന്‍  മുങ്ങി.

വിടുവായര്‍ക്കും വിമര്‍ശകര്‍ക്കും മറുപടിയായി 'പാക്കരന്റെ പെണ്ണിനു വയറ്റ്‌ലുണ്ട്‌' എന്ന വാര്‍ത്തയും താമസിയാതെത്തി!

മകന്‍ പിറന്ന ദിവസം തോര്‍ത്ത് തലയില്‍ മുറുകെക്കെട്ടി, കാലുകള്‍ തറയില്‍ ഭദ്രമായമര്‍ത്തി, ഒരു ഗൂഢസ്മിതവുമായി, അവന്‍  കല്ലംകുന്ന് മുഴുവന്‍ കറങ്ങി നടന്നു.
"മോന്‍ അമ്മേടേയോ അതോ അച്ഛന്റേയോ?": കുശുമ്പും കന്നത്തരവും കുത്തകയാക്കിയ ബാലനു മാത്രം നാവടക്കാനായില്ല.
'അല്ലടാ, ചത്ത്‌ പോയ നെന്റെ തന്ത പൊന്നപ്പന്റെ": ക്രുദ്ധനായി പല്ലുകടിച്ച്‌, കൈകള്‍ ചുരുട്ടി പാക്കരന്‍ ബാലനു നേരെയടുത്തു.


മൂന്ന്:

മൂന്ന് വര്‍ഷത്തെ ഗള്‍ഫ് വാസത്തിന് ശേഷം നാട്ടിലെത്തിയതായിരുന്നു, ഞാന്‍ .
ചാറ്റല്‍ മഴയുടെ കുളിരില്‍ അലിഞ്ഞ്, നാട്ടിന്‍പുറത്തിന്റെ ശബ്ദങ്ങളില്‍ ലയിച്ച് മയങ്ങുന്ന എന്നെ അമ്മ തട്ടിയുണര്‍ത്തി.
"എണീക്കടാ, പാക്കരന്‍ കാത്തിരിക്കാന്‍ തൊടങ്ങീട്ട്‌ മണിക്കൂര്‍ രണ്ടാ‍യി"
അലോസരത്തോടെ, കൈകള്‍ രണ്ടും തലക്ക്‌ മുകളില്‍ പിണച്ച് കോട്ടുവായിട്ട്‌ ഞാന്‍ താഴെയിറങ്ങി.

പത്രത്തില്‍ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്നൂ, പാക്കരന്‍ ‍.
"എന്താടാ ഊരേലു വെയിലടിച്ചിട്ടും കെടന്നൊറങ്ങ്വാ?"
'എന്താ പാക്കരേട്ടാ വിശേഷങ്ങള്‍? ചായ കുടിച്ചോ?" ഞാന്‍ കുശലം പറഞ്ഞു.
"അത് കാലത്തേ കഴിഞ്ഞു, കാനംകുടം വര്‍ഗീസിന്റെ കടേന്ന്." പാക്കരന്റെ മുഖത്തിനപ്പോള്‍ അല്‍പം പോലും അഭംഗി തോന്നിയില്ല.
"നീ വന്ന വെവരം ചായക്കടേന്നാ അറിഞ്ഞേ."
വിശേഷങ്ങളുടെ കെട്ടഴിഞ്ഞപ്പോള്‍ സമയം പോയതറിഞ്ഞില്ല.

അമ്മ പലപ്രാവശ്യം വന്നെത്തിനോക്കി. പിന്നെ അടുക്കളയില്‍ നിന്നായി വിളി.
"പല്ല് തേക്കടാ‍... ചായ കുടിക്കണ്ടേ?."
“വേണ്ടമ്മേ, എനിക്ക് കഞ്ഞി മതി’

നിലത്ത്‌ മുട്ടിപ്പലകയില്‍ ഇരുന്നേ പാക്കരന്‍ കഞ്ഞികുടിക്കൂ. അതും കോട്ടിയ പഴുത്ത പ്ലാവില കൊണ്ട്‌.
"പാക്കരന്‍ വരുമ്പഴാ മുട്ടിപ്പലകേടെ കാര്യം ഓര്‍ക്കുന്ന തന്നെ": അമ്മ പറഞ്ഞു.
"ഇപ്പഴത്തെ പരിഷ്കാരൊന്നും എനിക്ക്‌ പറ്റില്യാ, ലെഷ്മേച്യേ": ഒരു പ്ലാവില നിറയെ ഒടിയന്‍ പയറിന്റെ ഉപ്പേരി വായിലാക്കിക്കൊണ്ട്‌ പാക്കരന്‍ തുടര്‍ന്നു: "പഴേതൊക്കെ നിങ്ങ മറക്കും. എനിക്ക് പറ്റ്വോ?"

നൂറ് രൂപയുടെ ഒരു നോട്ട് കൈവെള്ളയില്‍ തിരുകിയപ്പോള്‍ പാക്കരന്റെ  മുഖം നിറയെ ചിരി.
"ബ്ലേഡൊന്നും കൊണ്ട്‌ വന്നിട്ടില്ലേടാ?"
‘പത്ത്‌ രോമം തെകച്ചും മോത്തില്ല്യാത്ത നിനക്കെന്തിനാടാ ബ്ലേഡ്?" :പണം കൊടുത്തത്‌ അമ്മക്കത്ര പിടിച്ചില്ലെന്നതിന്റെ സൂചനയാണാ വിമര്‍ശനസ്വരം..
"ലെഷ്മ്യേച്ചിക്കങ്ങനെ പറയാം. ആഴ്ചേലൊരിക്കെ ഷേവ്‌ ചെയ്തില്ലെങ്കി എന്റെ മോറാകെ ചൊറിയും"

നെയ്ത്ത്‌ കമ്പനിയില്‍ പോകുന്ന അനിയത്തി പാര്‍വതിക്കെന്നും അകമ്പടി സേവിക്കുമത്രേ പാക്കരന്‍ ‍.
"ചേച്ചീടന്തി വല്ല കുരുട്ട്‌ ബുദ്ധീം തോന്ന്യാ.... കൊന്ന് വട്ടത്തിച്ചെറേലു കെട്ടിത്താഴ്ത്തും ഞാന്‍ ": എന്ന മുന്നറിയിപ്പയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

"പണ്ടത്തേപ്പോലെയല്ല, പാക്കരനിപ്പോ": അമ്മക്ക്‌ പോലും പാക്കരനോടൊരു മയം.
ചന്ത ദിവസം നാട്ടുകാരുടെ കോഴി, ചക്ക, പച്ചക്കറിയെല്ലാം കൊണ്ട്‌ പോയി വില്‍ക്കും. പലവ്യഞ്ജനങ്ങളും മീനുമൊക്കെ വാങ്ങിക്കൊണ്ട്‌ വരികയും ചെയ്യും. അഞ്ച് പൈസ തെറ്റാതെ കണക്ക് കൊടുക്കും. എന്നിട്ടവര്‍ കൊടുക്കുന്നത് വാങ്ങും. പറമ്പുകളില്‍ നിന്ന് വാഴയില വെട്ടി
ഹോട്ടലുകാര്‍ക്ക്‌ സപ്ലൈ ചെയ്യലായിരുന്നു, പാക്കരന്റെ മറ്റൊരു വരുമാന മാര്‍ഗം.

വിവാഹമോ മരണമോ ഉണ്ടായാല്‍ ആ വീട്ടില്‍ ആദ്യാവസാനക്കാരനായി പാക്കരന്‍ കാണും. മരിച്ചറിയിപ്പാണതില്‍ പ്രധാനം.:ആര്‍ക്ക്‌ എവിടെയൊക്കെ ബന്ധുക്കളുണ്ടെന്ന് നല്ല തിട്ടാ അവന്. അത്‌ പോലെ ആര്‍ക്ക്‌ ആരോട് വൈരാഗ്യവുമുണ്ടെന്നും":അമ്മ വിശദീകരിച്ചു.


നാല്:

വര്‍ഷങ്ങള്‍ പലത് കടന്ന് പോയി.
ഒരിക്കല്‍ കൂടി, ഭാര്യയും മക്കളുമൊത്ത്‌, സമ്മര്‍ വെക്കേഷന് നാട്ടില്‍ .
രണ്ട് ദിവസമായിട്ടും പതിവ് വിസിറ്റിന് പാക്കരനെത്തിയില്ല.
ചോദിച്ചപ്പോഴേ അമ്മ തുടങ്ങി:
"പറയാന്‍ മറന്നതാ മോനേ... പാക്കരന്റെ മോന്റെ കല്യാണം കഴിഞ്ഞു. നിന്റെ കൂട്ടുകാരന്‍ രവീടച്ഛന്‍ നാരായണന്റെ പലചരക്ക്‌ കടേലല്ലേ അവന് ജോലി. ചന്തേത്തന്നെയുള്ള ഒരു മീങ്കാരന്റെ മോളെ ഒരൂസം രാ‍ത്രി വിളിച്ചെറക്കിക്കോണ്ട്‌ വരികേര്‍ന്നു.’

മോനോട്‌ പിണങ്ങി  വീട്ടീ കേറാതെ സമീപത്തെ ചായക്കടയിലായിരുന്നു കുറെനാള്‍ പാക്കരന്റെ പൊറുതി. അവസാനം നാട്ടുകാരെയും കൂട്ടിച്ചെന്ന് മോന്‍  പാക്കരന്റെ കാലില്‍ വീണ്  മാപ്പ്‌ പറഞ്ഞപ്പഴാ തിരികെപ്പോയത്.
അമ്മ പറയാന്‍ മറന്ന ഭാഗം കൊച്ചേച്ചി പൂരിപ്പിച്ചു:
ഒരു ദിവസം മോന്തിക്ക് പാക്കരന്‍ വിട്ടീ വരുമ്പോള്‍ മരുമോള്‍ ഏതോ ഒരുത്തനോട്  സംസാരിച്ച് കൊണ്ട് നില്‍ക്കുന്ന കണ്ടു.  ചോദിക്കാനും പറയാ‍നും നില്‍ക്കാതെ പാ‍ക്കരനവളെ  അടിച്ച് അവശയാക്കി, എന്നിട്ട് പിടിച്ച് വലിച്ച് പടിക്ക്‌ പുറത്താക്കി.

ഭാര്യയും അയല്‍ക്കാരുമൊക്കെ എത്ര കെഞ്ചിയിട്ടും പാക്കരന്‍ അയഞ്ഞില്ല. രാത്രി മോന്‍ വന്നപ്പോഴാണറിഞ്ഞത്‌: ചന്തയില്‍ നിന്ന് അച്ഛനിഷ്ടപ്പെട്ട  മീന്‍ വാങ്ങി  വീട്ടിലെത്തിക്കാന്‍ അവന്‍ പ്രത്യേകം അയച്ചതായിരുന്നു, അയാളെ. നിര്‍ഭാഗ്യത്തിന്  മോളുടെ ബന്ധു കൂടിയായിരുന്നതിനാല്‍ സംസാരിച്ചു നിന്ന് പോയി..

വൈകുന്നേരം പാക്കരന്‍ വന്നു.
ഒന്നുകൂടി കൂനിയിട്ടുണ്ട്‌.
മുടി പറ്റേ വെട്ടിയിരിക്കുന്നു.
ഒരൂന്നുവടിയുടെ സഹായത്തോടെയാണു നടത്തം.

"വരണ ദെവസം എനിക്കറ്യായിരുന്നു ട്രാ! പക്ഷെ വയ്യാ. പണ്ടത്തേപ്പോലേള്ള യാത്രയൊന്നും പറ്റ്‌ണില്യാ. ഇപ്പോത്തന്നെ വെളയനാട്‌ വരെ ഒരു പെട്ടി ഓട്ടോക്കാരനാ കൊണ്ട് വിട്ടേ ": ഒറ്റ ശ്വാസത്തില്‍ അത്രയും പറഞ്ഞയാള്‍  നിലത്തിരുന്ന് കിതച്ചു.
"അതിനെന്താ പാക്കരേട്ടാ, ഇന്നൂടെ കണ്ടില്ലെങ്കി ഞാനങ്ങോട്ട്‌ വന്നേനെ": ഞാന്‍ ഭംഗി വാക്ക്‌ പറഞ്ഞു.

കുറച്ചേ സംസാരിച്ചുള്ളു.
ഭക്ഷണത്തോട് തീരെ ആര്‍ത്തിയില്ല.
ഓര്‍മ്മക്കും സംസാരത്തിനും ഒരു പതറല്‍ ‍.
പക്ഷേ നൂറു രൂപയുടെ നോട്ട്‌ കണ്ടപ്പോഴാ മുഖം വികസിച്ചു.
അപ്പഴും അമ്മ പറഞ്ഞൂ: "അവനെന്തിനാടാ കാശ്‌? പൊന്നു പോലല്ലേ അവന്റെ മോനവനെ നോക്കുന്നേ."
"ഞാന്‍ പോവ്വാ മോനേ" പാക്കരനെണീറ്റു."എനിക്ക് മാലക്കണ്ണാടാ.  രാത്ര്യായാ പിന്നെ തീരെ കാണാന്‍ പറ്റ്ല്യാ.  പോകാന്‍ ഒരോട്ടോ വിളിച്ച് തരണം. പിന്നൊരു ബ്ലേഡും.....മറക്കണ്ടാ"

അക്കൊല്ലം മരിച്ചു, പാക്കരന്‍ ‍.

ശവസംസ്കാരച്ചടങ്ങുകള്‍ക്ക്‌ ശേഷം മകനും ബന്ധുക്കളും കൂടി, പാക്കരന്‍ കിടന്നിരുന്ന  കട്ടിലിന്നടിയിലെ ഇരുമ്പ്‌ പെട്ടി തുറന്നപ്പോള്‍‍ അമ്പരപ്പും ആശ്ചര്യവും കൊണ്ട് അവരുടെ  കണ്ണുകള്‍ നിറഞ്ഞു തൂവി.
- തുറക്കാത്ത കുറെ സിഗററ്റ്‌ പാക്കറ്റുകള്‍ ‍.
-ഫോറിന്‍ ബ്ലേഡുകള്‍ ‍,
 കൂടെ അമ്പതിന്റേയും നൂറിന്റേയും നോട്ടുകളുടെ ഒരു കെട്ടും!.

51 comments:

Kaithamullu said...

പാക്കരനെപ്പറ്റി എഴുതിയെഴുതി രാമായണമായി.
അത് തിരുത്തി തിരുത്തി കൊളമാക്കി!

‘സെന്റി’യില്‍ നിന്ന് അല്പം മാറി നില്‍ക്കാന്ന് വച്ചത് കൊണ്ടാ...ഇങ്ങനെ.
-ഷെമീ!

പിരിക്കുട്ടി said...

njaan thenga udacheeeeeeeeee
ini bakki vaayichittu ....

tteeee toooooooo teeeeeeee

(((((((((()))))))))))))

പിരിക്കുട്ടി said...

nannayitundutto pakkaracharitham...
ennathem pole touching

Appu Adyakshari said...

ശശിയേട്ടാ പതിവുപോലെ എല്ലാ ചേരുവകകളും സമാസമം ചേര്‍ത്തുണ്ടാക്കിയ പായസം തന്നെ. മടുക്കാതെ വായിച്ചു. പാക്കരന്റെ കഥകളും അതിലേറെ പുള്ളിയുടെ ജീവിതാദര്‍്ശങ്ങളും നന്നായി പകര്‍ത്തി വച്ചിട്ടുണ്ടല്ലോ. കൈതമുള്ളിന്റെ എഴുത്തിന്റെ ഭംഗി ഒരിക്കല്‍ കു‌ടി വെളിവാക്കുന്നു ഈ പോസ്റ്റ് . അപാര കൈയ്യടക്കം തന്നെ.. കന്നുകിട്ടാണ്ട് പോട്ടെ.

[ nardnahc hsemus ] said...

ശശിയേട്ടാ,
മണ്ണിന്റെ മണമുള്ള കഥ....

പാകരന്‍ എന്ന വ്യക്തിയെയും അവന്‍ വിഹരിച്ചിരുന്ന ഒരു ഗ്രാമത്തേയും സ്നേഹത്തിന്റെ നൂലിഴയില്‍ കോര്‍ത്ത് കെട്ടി ചേട്ടനെഴുതിയത് വായിയ്ക്കുമ്പോള്‍, ഞാനും എന്റെ നാട്ടിലെ ആരെയോ ഒക്കെ ഓര്‍ത്തുപോകുന്നു...

മുസാഫിര്‍ said...

ഭൂതകാലത്തിന്റെ കറുപ്പിലും വെളുപ്പിലും ഉള്ള ചിത്രങ്ങള്‍ ശശിയേട്ടന്റെ തൂലികത്തുമ്പിലൂടെ ജീവന്‍ വയ്ക്കുന്നത് കാണാന്‍ നല്ല രസമുണ്ട്.പോസ്റ്റുകള്‍ തമ്മിലുള്ള അകലം കൂടുന്നത് അത് കൊണ്ട് ക്ഷമിച്ചു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എഴുതിയതു കൂടിപ്പോയീന്ന് പരാതി പറഞ്ഞില്ലാലോ ആരും?

ജിജ സുബ്രഹ്മണ്യൻ said...

പോസ്റ്റിന്റെ നീളം കണ്ടപ്പോൾ ഇപ്പോൾ തന്നെ വായിക്കണോ അതോ പിന്നെ മതിയോ ന്ന് ആദ്യം ആലോചിച്ചു.എന്തേലും ആവട്ടെ വായിച്ചേക്കാം ന്നു വിചാരിച്ച് വായന തുടങ്ങീട്ട് പോസ്റ്റ് തീർന്നിട്ടേ ഞാൻ എണീറ്റുള്ളൂ..പാക്കര ചരിതം ഒത്തിരി ഇഷ്ടമായി

Unknown said...

Hai shashiyetta..
nice writing..

Nihad Afroz
www.nihadafrozmhe.20m.com
Weblinks / MOH Model Question Papers / Useful Software Sharing / Computer Shortcut Keys etc...

please visit and leave me the feedback..

പാമരന്‍ said...

പതിവു സുഖം കിട്ടിയില്ല വായനയ്ക്ക്‌.. എഴുത്തിലെ അനുഭവങ്ങളുടെ ചൂരു്‌ അങ്ങനെത്തന്നെ ഉണ്ടേനും.

Kaithamullu said...

www.nihadafrozmhe.20m.com

തരപ്പെട്ടാല്‍,നിഹാദിന്റെ സൈറ്റിലൂടെ കറങ്ങണമെന്ന് എന്റെ ശുപാര്‍ശ!

ബിന്ദു കെ പി said...

അവസാനഭാഗം ശരിയ്ക്കും ഉള്ളുലച്ചു..

Sarija NS said...

വായനയുടെ ദൈര്‍ഘ്യം ഞാനറിഞ്ഞില്ല, വായിച്ചു തീര്‍ന്ന് ഒന്നു മുകളിലേക്ക് തിരിച്ചു വരും വരെ. ഈ ശൈലിക്ക് അഭിനന്ദനങ്ങള്‍

Jayasree Lakshmy Kumar said...

നീളക്കൂടുതലിന്റെ കാര്യം ഓർത്തതു പോലും കുട്ടിച്ചാത്തന്റെ കമന്റ് കണ്ടപ്പോൾ മാത്രം. വളരേ ഇഷ്ടപ്പെട്ടു, കഥ

annamma said...

nannayittundu...
iniyum poratte nattu viseshangal...

ആവനാഴി said...

പണ്ടു സ്കൂളില്‍ പഠിക്കുന്ന കാലം. നടന്നാണു സ്കൂളിലേക്കുള്ള പോക്ക്. കത്തോലിക്കാപ്പള്ളിയുടെ അടുത്തെത്തുമ്പോള്‍ വെളുത്തുള്ളിയും ഇഞ്ചിയും കരിയാപ്പിലയും ചുവന്നുള്ളിയും ചേര്‍ത്തു വരട്ടിയ പോത്തിറച്ചിയുടെ മണം നാസാരന്ധ്രങ്ങളില്‍ അരിച്ചെത്തും. ആ മണം കൂടുതല്‍ ശക്തിയോടെ വലിച്ചെടുക്കുന്നതോടൊപ്പം മനസ്സു കുശിനിയില്‍ മണ്‍ചട്ടിയില്‍ വെളിച്ചെണ്ണയും തേങ്ങാക്കൊത്തും മസാലയും പുരണ്ടു കിടക്കുന്ന ഇറച്ചിക്കറിയിലേക്കോടും.

കൈതമുള്ളെന്ന അനുഗൃഹീതകഥാകൃത്തിന്റെ കഥാകഥനരീതിയും ഇത്തരത്തില്‍ മനസ്സിനെ ഹഠാദാകര്‍ഷിക്കുന്നു. വായനക്കാരന്‍ അതിലെ മസാലക്കൂട്ടിന്റെ മണം പിടിച്ചു താനറിയാതെ തന്നെ കഥയുടെ അന്തരാളത്തിലേക്കൂളിയിട്ടിറങ്ങുന്നു.

ജീവിതഗന്ധിയായ കഥകള്‍ ലളിതസുന്ദരമായ ശൈലിയില്‍ അവതരിപ്പിക്കുന്നതിലൂടെ സാഹിത്യത്തെ അദ്ദേഹം ദന്തഗോപുരത്തില്‍നിന്നു സാധാരണക്കാരുടെ ആസ്വാദനമണ്ഡലത്തിലേക്കാവാഹിക്കുന്നു. അസാധാരണമായ ഒരു സൃഷ്ടിവൈഭവം അദ്ദേഹത്തിന്റെ ഓരോ കൃതികളിലും നിഴലിക്കുന്നതായി വായനക്കാരനുഭവപ്പെടുന്നു.

അയത്നലളിതമായ പ്രതിപാദനശൈലിയാണു കൈതമുള്ളിന്റെ ട്രേഡുമാര്‍ക്ക്. ഇളംകാറ്റിന്റെ തലോടല്‍ കരിവണ്ടുകളുടെ മുരളല്‍ അനുരാഗിണിയുടെ കടക്കണ്ണേറ് കാമാര്‍ത്തന്റെ മൂരിശൃംഗാരം കദനക്കടലിന്റെ അഗാധത ഹാസ്യത്തിന്റെ കതിനവെടി. ആസ്വാദനത്തിന്റെ മായികമേഖലകളിലേക്കു ഒരു മജീഷ്യനെപ്പോലെ അദ്ദേഹം അനുവാചകഹൃദയങ്ങളെ നയിച്ചുകൊണ്ടുപോകുന്നു.

തീക്ഷ്ണമായ നിരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞുകിട്ടുന്ന ഒരു സിദ്ധിയാണത്. നാടന്‍ തേവിടിശ്ശിയോടൊപ്പമുള്ള ഒളിസേവയും‍ കോര്‍പ്പറേറ്റു വേള്‍ഡിലെ സോഫിസ്റ്റിക്കേറ്റഡ് അഫയേഴ്സും അദ്ദേഹത്തിന്റെ തൂലികക്കു ഒരു പോലെ വശംവദരാകുന്നു. പദങ്ങള്‍ അദ്ദേഹത്തിന്റെ മന്ത്രവടിക്കുമുന്നില്‍ വെറും ഏഴകളെപ്പോലെ ചാഞ്ചാടുന്നു. എന്നിട്ട് ഒന്നുമറിയാത്ത മട്ടില്‍ ഒരിടത്തുമാറിയിരിക്കുകയാണു കഥാകൃത്ത്.

അതെ, കഥയുടെ മര്‍മ്മം കണ്ട കഥാകൃത്ത്. അതാണു കൈതമുള്ള്!

ഗീത said...

പാക്കരചരിതം - ഒരു ഗ്രാമചരിതത്തിന്റെ ഒരേടും..
നന്നായി ഇഷ്ടപ്പെട്ടു.
കൈതമുള്ളിന്റെ ആ ഗ്രാമത്തിലൂടെ ഒന്നു ചുറ്റിയടിച്ചു വന്ന പ്രതീതി.

smitha adharsh said...

പാക്കരനേയും,നാടും,നാട്ടാരേം..ഒക്കെ ഇഷ്ടായി..
മരിച്ചതിനു ശേഷമുള്ള ആ പെട്ടി...അങ്ങനെ ഒരു സൂക്ഷിച്ചു വയ്പ്പ് ..തീരെ പ്രതീക്ഷിച്ചില്ല.

പകല്‍കിനാവന്‍ | daYdreaMer said...

ശവസംസ്കാരച്ചടങ്ങുകള്‍ക്ക്‌ ശേഷം പാക്കരന്റെ കട്ടിലിന്നടിയിലെ ഇരുമ്പ്‌ പെട്ടി തുറന്നപ്പോള്‍‍ അമ്പരന്നു പോയി, എല്ലാരും:
-തുറക്കാത്ത കുറെ സിഗററ്റ്‌ പാക്കറ്റുകള്‍.
-ഫോറിന്‍ ബ്ലേഡുകള്‍,
-അമ്പതിന്റേയും നൂറിന്റേയും നോട്ടുകളൂടെ രണ്ട്‌ കെട്ടുകള്‍......

പാക്കരന്‍ കലക്കി...
കിടിലന്‍ എഴുത്ത്.. അവസാനം നൊന്തു....
ആശംസകള്‍ ...

nandakumar said...

കൈതമുള്ളേട്ടാ,
നമ്മടെ നാട്ടീക്കൂടെ ഒരു കറക്കം കറങ്ങ്യമാതിരി! സംഭവം ഒള്ളതന്ന്യാ??! രസായിട്ട്ണ്ട്ട്ടാ.. ഇപ്രാവശ്യന്‍ ഭാഷയൊക്കെ ശരിക്കും കൊടൂത്തേക്കണ്. എന്താപറയ്യാ. പറയാന്‍ ഒരു വാക്കില്ല്യാ ന്നെ. കഥ(അനുഭവം) വായിക്യല്ല അനുഭവിക്കാര്‍ന്നു. സത്യം.

ഏറനാടന്‍ said...

ശശിയേട്ടാ,
ഫസ്റ്റ് ഹാഫില്‍ ചിരിച്ചു, വികാരം കൊണ്ടു.
ബട്ട്, സെക്കന്റ് ഹാഫില്‍ ശരിക്കും കരയിച്ചു.
പാവം പാക്കരന്‍!
ഈ കഥാപാത്രം ഒരിക്കലും മനസ്സീന്ന് മായൂല്ല.
ഇത് പി‌ക്‌ചറൈസ് ചെയ്യാച്ചാല്‍ പാക്കരന്‍ ജീവസ്സുറ്റ ഒരു കഥാപാത്രമായി വിലസ്സും.
എന്നും എക്കാലവും..
മൃഗയയിലെ വാറുണ്ണിയെ പോലെ,
തകരയിലെ തകരയെ ഓര്‍ ചെല്ലപ്പനാശാരിയെ പോലെ..
എന്നത്തേയും എവര്‍ഗ്രീന്‍!

Kaithamullu said...

പിരീ,
ഒരു കൂരി തേങ്ങ കിട്ടി (മണ്ഡരിയാ?), മുഴുവനോടെ.എന്താണോ പൊട്ടാഞ്ഞത്?
(ഓടോ:ഫോട്ടൊ കലക്കി, ഇനി മാറ്റണ്ടാ, ട്ടാ!)

;-))

അപ്പൂസെ,
‘തൃണമൂല്‍‘ ആദര്‍ശങ്ങള്‍ മുറുകെ പീടിക്കുന്നവരാ. മുകളീലേക്ക് കയറും തോറും ഉടുവസ്ത്രങ്ങള്‍ക്ക് സംഭവിക്കുന്നതെന്തോ..?
ഇല്ല, എന്നെ ഈയിടെ ആരും കണ്ണടിച്ച് കാട്ടാറില്ല!
(റിഫ്ലക്റ്റര്‍ ഫിറ്റ് ചെയ്തിരിക്യാ)

തലതിരിഞ്ഞ(പ്രിയം വന്നപ്പോ നേരെയായി, അല്ലേ?)സുമേഷേ,
“മണ്ണിന്റെ മണമുള്ള കഥ....“
-പെണ്ണിന്റേം പോത്തിന്റേം ‘പൈന്റി”ന്റേം കൂടി!
നന്ദി, കുട്ടാ!

മുസാഫിര്‍,
“പോസ്റ്റുകള്‍ തമ്മിലുള്ള അകലം കൂടുന്നത്“....
എന്ത് ചെയ്യാം, സര്‍ഗവാസനയുടെ കൂമ്പ് ...
- മഴ പെയ്തില്ലേ, ശരിയാകുമായിരിക്കും!

കുട്ടിച്ചാത്താ,
ഇല്യ, ആ‍ പരാതി ആരും പറഞ്ഞില്ല. വെട്ടി വെട്ടി കൊളമാക്കിയതോണ്ടായിരിക്കും.

കാന്താരിക്കുട്ടീ,
ഇഷ്ടായല്ലോ?
-സന്തോഷം!

അഫ്രോസ്,
പുതിയ സൈറ്റ് നന്നായിരിക്കുന്നു.
നന്ദനം...അഭിനന്ദനം!

ബിന്ദൂ,
നന്ദിനി!

സിരിജ,
അഭിപ്രായത്തെ ഏറെ വിലമതിക്കുന്നു.


ലക്ഷ്മി,
വളരെ നന്ദി!

അന്നാമ്മോ,
ഇനിയും വരിക, ഈ വഴി.

ആവനാഴി മാഷേ,
എന്താ പറയുക?
-മാഷെന്നെ പൊക്കി ദന്തഗോപുരത്തിലും സ്വര്‍ഗസീമയിലും ഒക്കെ തട്ടി, അല്ലേ? നല്ല വാക്കുകള്‍ക്ക് മുന്‍പില്‍ വിനീതമായ പ്രണാമം!

ഗീത്,
ഗ്രാമത്തിലേക്ക് വന്നതിന് നന്ദി.

സ്മിതാ ആദര്‍ശ്,
വ്യത്യസ്ഥനാം പാക്കരനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.

പകല്‍ക്കിനാവാ,
അതറിഞ്ഞപ്പോള്‍ മുതലാണ് പാക്കരനെന്നെ വേട്ടയാടാന്‍ തുടങ്ങിയത്.

നന്ദകുമാര്‍,
നമ്മടെ നാടല്ലേ? വാ, ചുറ്റിയടിക്കാം.
കഴിഞ്ഞ തവണ ‍ പറഞ്ഞതോണ്ട് ഇത്തവണ കുറച്ച് കൂടി ശ്രദ്ധിച്ചു എന്നതാ സത്യം!


ഏറനാടാ,
“ഈ കഥാപാത്രം ഒരിക്കലും മനസ്സീന്ന് മായൂല്ല.
ഇത് പി‌ക്‌ചറൈസ് ചെയ്യാച്ചാല്‍ പാക്കരന്‍ ജീവസ്സുറ്റ ഒരു കഥാപാത്രമായി വിലസ്സും.
എന്നും എക്കാലവും..
മൃഗയയിലെ വാറുണ്ണിയെ പോലെ,
തകരയിലെ തകരയെ ഓര്‍ ചെല്ലപ്പനാശാരിയെ പോലെ..
എന്നത്തേയും എവര്‍ഗ്രീന്‍!“
-ക്വോട്ട് ചെയ്തിരിക്കുന്നൂ. താങ്ക്സ്!

സുല്‍ |Sul said...

കൊണ്ടു.

-സുല്‍

aneeshans said...

ശശിയേട്ടാ സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു

ഞാന്‍ ഇരിങ്ങല്‍ said...

ആദ്യമൊക്കെ ശശിയേട്ടന്‍റെ എഴുത്ത് വായിക്കുമ്പോള്‍ എനിക്ക് തന്നെ പലപ്പോഴും ശശിയേട്ടനോടുള്ള ഇഷ്ടം കൊണ്ടല്ലേ ഇത് ഇത്രയും ഇഷ്ടപ്പെടുന്നതെന്ന ഒരു തോന്നല്‍ ഉണ്ടായിരുന്നു. എന്നാല്‍ അതല്ലെന്ന് ഓരോ പോസ്റ്റും തെളിയിക്കുന്നു.
പാക്കരന്‍..പാത്ര സൃഷ്ടി അതി മനോഹരം. വായനക്കാരുടെ മനസ്സില്‍ പാക്കരന്‍ അയത്ന ലളിതമായി കൂടു കൂട്ടുന്നു. നമുക്കിടയില്‍ , നാട്ടില്‍ എവിടെയൊക്കെയോ പാക്കരന്‍ ഇല്ലേ എന്ന് നോക്കി പോകുന്നു.
2008 ലെ ബ്ലോഗ് എഴുത്തുകളില്‍ എന്തുകൊണ്ടും കൈതമുള്ള് എന്ന എഴുത്തുകാരന്‍ റെ കൂടി വര്‍ഷമാണ് എന്നതില്‍ അഭിനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു.
എഴുത്തിലെ ഹൃദ്യതയും ഗൌരവവും പൈങ്കിളിയാവാതെ , ചോര്‍ന്നു പോകാതെ വായനക്കാരില്‍ എത്തിക്കാന്‍ ഈ എഴുത്തിന് കഴിയുന്നു. ഇത്രകാലം അടച്ചു പൂട്ടിയ എഴുത്ത് കൂടു തുറന്ന ഭൂതം കണക്കെ വായനക്കാരെ ചുറ്റിപ്പറ്റി നില്‍ക്കുമ്പോള്‍ വല്ലാതെ സന്തോഷം വരുന്നു.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Kaithamullu said...

സുല്‍,
കൊണ്ടതെത്ര, കൊള്ളത്തതെത്ര?

അനീഷ്,
നല്ലതു മാത്രം ഭവിക്കട്ടേ!

ഇരിങ്ങല്‍,
ഇത്രയും പ്രതീക്ഷിച്ചില്ലാ!
(അല്പം പൊക്കലൊക്കെ ആര്‍ക്കാ ഇഷ്ടല്യാത്തേ?‍) സ്നേഹബന്ധങ്ങള്‍ നോക്കി വിമര്‍ശിക്കുന്ന ഒരാളാണ് ഇരിങ്ങല്‍ എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ലാ, ട്ടോ!

എല്ലാര്‍ക്കും സ്നേഹവും സഹകരണവും മനഃസ്സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു!

സുമയ്യ said...

മറ്റു ഭാഗങ്ങള്‍ വായിച്ചതിനു ശേഷം അഭിപ്രായം അറിയിക്കാം...

പുതുവത്സരാശംസകള്‍

Anil cheleri kumaran said...

രസികന്‍ പോസ്റ്റ്. പലയിടത്തും ചിരി അടക്കാന്‍ പറ്റിയില്ല.

Kaithamullu said...

സുമയ്യയുടെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു.

കുമാരാ,
രസിച്ചെന്നറിഞ്ഞ് സന്തോഷം.
ഇനിയും വരിക!

yousufpa said...

ഏതാണ്ടൊക്കെ നോവിച്ചു ശശിയേട്ടാ...,സ്വന്തം അനുഭവങ്ങള്‍ കൂടാതെ തന്നെ പഴയ കാലങ്ങളിലേക്ക് തിരിച്ചുപോകുന്നത് പലപ്പോഴും ഏട്ടന്റെ പോസ്റ്റ് വായിക്കുമ്പോഴാണ്.കൈതക്കൂട്ടില്‍ നിന്നും കൈതപ്പൂവിന്റെ നറുമണം എന്നും പരത്താന്‍ ദൈവം അനുഗ്രഹിക്കട്ടെ.

സുമയ്യ said...

നല്ല വായനാസുഖം തരുന്നു.ഒപ്പം പഴയതൊക്കെ ഓര്‍ത്തെടുക്കാന്‍ അവസരവും.നല്ല പോസ്റ്റുകള്‍..

asdfasdf asfdasdf said...

അമ്പതിന്റേയും നൂറിന്റേയും നോട്ടുകളൂടെ രണ്ട്‌ കെട്ടുകള്‍......

അത് തന്നെ ഞാനെടൂത്ത വാക്കുകള്‍.

വായിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ.

Kaithamullu said...

കുട്ടന്‍‌മേന്നെ,
ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വന്നല്ലോ?
(മുംബയില്‍ സുഖം?)

യൂസഫ്പ,
കൈതക്കൂട്ടില്‍ കൈയിടുമ്പോള്‍ സൂക്ഷിക്കണേ... എട്ടടി മൂര്‍ഖന്മാര്‍ ധാരാളം!
;-)
താങ്ക്സ്,ട്ടാ!

സുമയ്യ,
വീണ്ടും വന്നതില്‍ നന്ദി.

പൊറാടത്ത് said...

ശശിയേട്ടാ.. ഇതെങ്ങനെ മിസ്സ് ആയീന്ന് അറിയില്ല. പോസ്റ്റ് ചെയ്ത് ഒരു മാ‍സം കഴിഞ്ഞു കണ്ണിൽ പെടാൻ..:(

ഈ എഴുത്ത് കണ്ട്, അപ്പു പറഞ്ഞപോലെ, ആരെങ്കിലും കണ്ണിടാതിരിയ്ക്കട്ടെ..

ഒരു കാലഘട്ടത്തിന്റെ, നാട്ടിലെ ശരിയ്ക്കുമുള്ള ചിത്രം ഭംഗിയായി വരച്ചുകാട്ടാൻ കഴിഞ്ഞിരിയ്ക്കുന്നു. വളരെ നന്ദി.. ഇന്നിനി വേറെ ഒന്നും വേണ്ടിവരില്ല

Kalesh Kumar said...

ശശിയേട്ടാ, ഇപ്പഴാ വായിച്ചത്....
നന്നാ‍യിട്ടുണ്ടെന്ന് പ്രത്യേകിച്ചെഴുതേണ്ട കാര്യമില്ലല്ലോ.....

കഥ വായിച്ച് തുടങ്ങിയപ്പം തോന്നിയ ഒരു രീതീലല്ല അത് വികസിച്ചത്.... പാക്കരന്‍ കയറി സ്റ്റാറായില്ലേ...

മനോഹരം...

അടുത്തതെന്നാ?

ചങ്കരന്‍ said...

പാക്കര ചരിതം ബഹുകേമം, മനസ്സില്‍ നില്‍ക്കുന്ന കഥ.

Kaithamullu said...

കലേഷേ,
ബിസിയായിരിക്കുമെന്ന് കരുതി.
ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലെന്ന് പറഞ്ഞുനടക്കുന്നൂ ചില പാണന്മാര്‍.
-ബംഗളൂരില്‍ ഇല്ലേ ഇപ്പോള്‍?

പൊറാടത്ത്,
പാടി പാടി കടാപ്പുറത്തൂടെ നടക്കയല്ലേ?
അപ്പൊ ചിലതൊക്കെ കണ്ടില്ലെന്ന് വരും!(പണ്ട് ജയചന്ദ്രന്‍ കണ്ണുകള്‍ ഇറുകെ അടച്ചാണ് പാടിയിരുന്നത്)
താങ്ക്സ് ണ്ട് ട്ടാ!
:-))

ചങ്കരാ,
വന്നതില്‍ നന്ദി.
ഇനിയും വരിക!

SreeDeviNair.ശ്രീരാഗം said...

മനസ്സില്‍തട്ടുന്ന
വരികള്‍
വീണ്ടുംവിളിക്കുന്ന
വാക്കുകള്‍

വളരെ നന്നായിട്ടുണ്ട്..
ആശംസകള്‍..

ജിപ്പൂസ് said...

ശശിയേട്ടാ...വായിക്കാന്‍ ഇത്തിരി വൈകീ ട്ടോ.
നമ്മള്‍ ഒരു തുടക്കക്കാരനാ.
കഥേനെ കുറിച്ച് പറയാണെങ്കി...
ഹും, വല്യ കൊഴപ്പല്ല :(
പിന്നെ ഇതെഴുതീന്നെച്ച് വല്ലാണ്ട് നെഗളിക്കൊന്നും വേണ്ടാ ട്ടാ.
ഇതിപ്പോ നിക്കും പറ്റും.വേണ്ടാന്നു വച്ചിട്ടാ.

ന്നാലും എന്തൂട്ട് കയ്യടക്കാ ഗഡീ...!
സത്യായിട്ടും അസൂയ തോന്നുന്നു.
ഒരു നോക്കു കുത്തീനെ കൊണ്ടന്നു വച്ചോട്ടാ ഈ പോസ്റ്റിന്റെ മുമ്പില്‍.
അല്ലെങ്കി പണി കിട്ടും.ഒറപ്പാ...

Anil cheleri kumaran said...

ഇതൊരു നാടിന്റെ ചരിതം കൂടിയാണല്ലോ. രസായിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ചില പ്രയോഗങ്ങളും രസകരമായ സംഭവങ്ങളും. നല്ല എഴുത്ത്.

Kaithamullu said...

ദേവി ശ്രീദേവി,
നന്ദി പറയുന്നൂ ഞാന്‍!

ജിപ്പൂ,
എന്നാലും എന്റെ ചുള്ളാ,
ഉം..നടക്കട്ടേ!
താങ്ക്സ് ണ്ട് ട്ടാ!

കുമാരങ്കുട്ടീ,
എന്റെ നാട്ടില്‍ വന്നതിന് നണ്ട്രി!

G.MANU said...

നാടന്‍ മണമുള്ള മനോഹരമായ മറ്റൊരു കൈത എപ്പിസോഡ്..

ഒരു കരിക്ക് കുടിച്ച പ്രതീതി വായിച്ചപ്പോള്‍

(ഇനി പോസ്റ്റിടുമ്പോ ഒരു മെയില്‍ അയക്കണേ മാഷേ പ്ലീസ്.. അഗ്രി നോക്കാനുള്ള സമയമില്ലായ്മ കൊണ്ടാണേ)

ജെ പി വെട്ടിയാട്ടില്‍ said...

punjab 4 fighting
bangal 4 writing
kashmir 4 beauty
rajasthan 4 history
maharashtra 4 victory
karnataka 4 silk
haryana 4 milk
kerala 4 brains
UP for grains
india 4 integrity
so, proud to be an indian.
60th republic day wishes

Sureshkumar Punjhayil said...

Valare nannayirikkunnu. Ashamsakal...!

വരവൂരാൻ said...

കഥ ഒത്തിരി ഇഷട്പ്പെട്ടും ബുലോഗ്ഗത്തിലെ എം ടി. അങ്ങിനെയാ തോന്നിയത്‌

Kaithamullu said...

ജി.മനു,
ബിസിയാ അല്ലേ?
അയക്കാം അടുത്താഴ്ച ട്ടോ!

ജെപി:
;-)

സുരേഷ്കുമാര്‍,
നന്ദി.
ഇനിയും വരിക.

വരവൂരാന്‍,
മാഷേ, അത്രക്ക് പൊങ്ങില്യാ!
താങ്ക്സ് ട്ടാ!

shahir chennamangallur said...

ഇഷ്ടമായി . കൂടുതല്‍ വായിക്കാനുള്ള തിടുക്കത്ത്തെ പ്രസവിക്കുന്ന എഴുത്ത്

Unknown said...

sasiettta,
Really touching.
BIJU R V

ജെ പി വെട്ടിയാട്ടില്‍ said...

വായനാസുഖം ഉണ്ട്.
വിഷു ആശംസകള്‍please visit and join

trichurblogclub.blogspot.com

റോസാപ്പൂക്കള്‍ said...

ഇത്രയും മനോഹരമായി,ഒട്ടും മുഷിയിപ്പിക്കാതെയുള്ള ഈ എഴുത്തിന് അഭിനന്ദനങ്ങള്‍

Nigil said...

Sasi Pappo,
This is really nice story with heart breaking finish. It just touched.It shows The way we percept people will be very different sometime. Because I know many of the characters, a better correlation.
Cheers..