Sunday, September 28, 2008

സെലീനാ ടീച്ചര്‍ (ഇന്നലെയുടെ ജാലകങ്ങള്‍ -5)


സെലീനാ ടീച്ചര്‍


മുന്നറിയിപ്പില്ലാതെ, പറന്നെത്തിയ ചാറ്റല്‍ മഴ നനച്ച കുളിരുള്ള ഒരു പ്രഭാതം.
മുഖം കറുപ്പിച്ച്‌ പിണങ്ങി നില്‍ക്കുന്ന നീലാകാശത്തിന്റെ വടക്ക്‌ കിഴക്കേ മുക്കില്‍ നിന്ന്, ഉണര്‍ന്നിട്ടും കംബളം വിട്ടെഴുന്നേല്‍ക്കാത്ത അര്‍ക്കനെ പരിഹസിച്ച് കൊണ്ടെന്നോണം  പിണരുകള്‍ വിട്ട് രസിക്കുന്ന കാര്‍ മേഘങ്ങള്‍ ‍.

-അധ്യയന വര്‍ഷത്തിന്റെ ആദ്യദിനത്തില്‍ പ്രകൃതി കണ്ണീര്‍ ചൊരിയുന്നത്‌, തോറ്റ്‌ തൊപ്പിയിട്ട് ഒരു വര്‍ഷത്തെ  തടവിന് കൂടി ശിക്ഷിക്കപ്പെട്ട ബാല്യ കൌമാരങ്ങള്‍ക്ക് വേണ്ടിയോ?

നെല്ലിമരച്ചോട്ടിലെ STD. VII C-യില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കാറുള്ള "പട്ടിക്കഴ്‌വേറി, കള്ളത്തിരുമാലി" വിളികള്‍ക്കവുധി കൊടുത്ത്, ജയിച്ചവരുടെ  പേരുവിവരം ആല്‍ഫബറ്റിക് ഓര്‍ഡറില്‍ വിളംബരം ചെയ്യുകയാണ്  വാര്യര് മാഷ്.  തോറ്റവരില്‍ മജീദും ശിവപാലനും മാത്രമേ  ഹാജരുള്ളൂ.  ചമ്മലോ സങ്കടമോ പുറത്ത്‌ കാട്ടാതെ ചിരിച്ച്‌ കൈവീശി അവര്‍ ഞങ്ങളെ യാത്രയാക്കി.

സ്കൂള്‍ നാലുകെട്ടിനു വടക്ക്‌ വശത്തെ പുതിയ ഇരുനില കെട്ടിടത്തിലൊരു മുറി സ്വപ്നം കണ്ടിരുന്ന ഞങ്ങളെ, കിണറ്റു കരയിലെ ഇല കൊഴിഞ്ഞ ബദാം മരം കാവല്‍ നില്‍ക്കുന്ന ക്ലാസ്‌ മുറിയിലേക്കാണ് മാഷ് നയിച്ചത്. മൂക്കിലേക്കിറക്കി വച്ച കട്ടിക്കണ്ണടയിലൂടെ  ഹെഡ്‌ മിസ്ട്രസ്‌ കമലാക്ഷിയമ്മയുടെ തീഷ്ണ ദൃഷ്ടികള്‍  കുതറിത്തെറിച്ചെത്തുന്ന ആ റൂമിനെപ്പറ്റി ആര്‍ക്കും വലിയ മതിപ്പില്ലായിരുന്നു.

 ഓര്‍ഡറില്‍ മാറ്റം വരുത്താതെ, ബാക്ക്‌ ബെഞ്ച്‌ തോറ്റവര്‍ക്ക്‌ വേണ്ടി റിസര്‍വ്‌ ചെയ്ത്‌, ഇരുന്നുകഴിഞ്ഞപ്പോള്‍,  ഒരിക്കലും ഉണങ്ങാത്ത  വട്ടച്ചൊറി വലത് കാലില്‍ പേറി, കുറ്റിത്തലമുടി തടവി‌, ഇഗ്നേഷ്യസ്‌ സാര്‍ കേറി വന്നു.

"സാറാണോ ഞങ്ങടെ  ടീച്ചര്‍ ‍?"
ക്ഷമയുടെ വള്ളിച്ചരട്‌ മുറിഞ്ഞ ആരുടേയോ രോദനം.
"ങാ"
-ഉടുമുണ്ടല്‍പ്പമുയര്‍ത്തി കാലുകള്‍ മേശ‌യിലേറ്റി, കണങ്കാലിലെ രക്തശോഥം പ്രകാശനം ചെയ്ത്‌,  മാഷ്  മൂളി.
"ആരും ചാടിപ്പോയിട്ടില്ലല്ലോ? ആള്‍ പ്രസെന്റ്‌, അല്ലേ?": മേശയിലിരുന്ന മസ്റ്റര്‍ റോള്‍ സാര്‍ തുറന്നതേയില്ല.
"ശബ്ദമുണ്ടാക്കാതെ എന്തെങ്കിലുമെടുത്ത്‌ വായിക്ക്‌.‘
കസേരയിലേക്ക്‌ തല ചായ്ച്ച്‌ മയക്കത്തിലേക്കൂളിയിടും മുന്‍പ്‌ സാറിന്റെ ഓര്‍ഡര്‍ ‍.

‘ഏഴീ തന്നെ കെടന്നാ മത്യാര്‍ന്നു": ഏയെമ്മെസ്‌ എന്നറിയപ്പെടുന്ന സുബ്രഹ്മണ്യന്റെ  ആത്മഗതം. ‘ഒരു കൊല്ലം മുഴുവന്‍ ഈ ചൊറിയനെ സഹിക്കണ്ടേ?"

വരാന്തയില്‍ ചെരിപ്പിന്റെ ശബ്ദമുയര്‍ന്നപ്പോള്‍ ഉറക്കം ഞെട്ടിയ സാര്‍ മുരണ്ടൂ: "സൈലന്‍സ്‌"
വാര്യര്‍ മാഷുടെ തല വീണ്ടും വാതില്‍ക്കല്‍..
ഇടത് വശത്തെ ആദ്യ രണ്ട്‌ ബെഞ്ചുകളിലിരുന്നവരെ പിന്നിലേക്ക് മാറ്റിയിരുത്തിയ ശേഷം പുറത്തേക്ക്‌ നോക്കി മസൃണസ്വരത്തില്‍ അദ്ദേഹം വിളിച്ചു: "വാ....കേറി വാ"
അമ്പരപ്പിന്റെ പൂര്‍ണവൃത്തങ്ങള്‍ സൃഷ്ടിച്ച 36 ജോഡിക്കണ്ണുകളില്‍ അത്ഭുതത്തിന്റെ വര്‍ണവിതാനങ്ങളുയര്‍ത്തി, പറന്നെത്തുന്നൂ കുറെ ചിത്രശലഭങ്ങള്‍ ‍.
5,6,7....ആകെ എട്ട്.
"ഇരുന്നോളു;  ഈ രണ്ട്‌ ബെഞ്ചുകള്‍ നിങ്ങള്‍ക്ക്‌"

-എന്നിട്ട്‌ സര്‍വാണി സദ്യക്കെത്തിയവരോടുള്ള വിളമ്പുകാരന്റെ  മനോഭാവത്തോടെ  ഞങ്ങളെ നോക്കി ഒരു വിശദീകരണവും: "VIII B-യില്‍ കുട്ടികള്‍ കൂടുതലാ. അതിനാല്‍ ഇനി മുതല്‍ VIII C  മിക്സഡായിരിക്കും"
ഔദ്യോഗിക രേഖകള്‍ ഇഗ്നേഷ്യസ്‌ മാസ്റ്റര്‍ക്ക്‌ കൈമാറി, കീഴ്ത്താടി ചലിപ്പിച്ച്‌ ഒരു വില്ലന്‍ ചിരിയോടെ മാഷ്‌ നടന്നകന്നു.

‘അനിതാ, മേഴ്സി, ശാന്തകുമാരി.....'
ശലഭങ്ങളെ ഓരോരുത്തരേയായി  പരിചയപ്പെടുത്തിയ ശേഷം ഇഗ്നേഷ്യസ്‌ സാര്‍ ‍, ഓഫീസില്‍ നിന്നുള്ള മറ്റൊരു ‘ഇണ്ടാസ്‘ വായിച്ചു.
"ഇക്കൊല്ലം നിങ്ങടെ ക്ലാസ്സ്‌ ലീഡര്‍ ‍.....ദാ,  ഇവന്‍ ‍.."
സാറിന്റെ കൈകള്‍ എന്റെ നേരെ.
"അസിസ്റ്റന്റ്‌ ലീഡര്‍ : ശാന്തകുമാരി"
കണ്ണെഴുതി, ചന്ദനക്കുറി ചാര്‍ത്തി, മഞ്ഞ പാവാടയും മഞ്ഞ ബ്ലൗസും ധരിച്ച ആ കറുത്ത കുമാരിയെ എനിക്കല്‍പവും ഇഷ്ടമായില്ല. പക്ഷെ അനിതയെന്ന മഞ്ജുഭാഷിണി എപ്പോള്‍ എണീറ്റാലും,  ധൃതഗതിയിലൊരു നോട്ടം വലത്തോട്ട് പായിച്ചാലും, ഉച്ചസ്ഥായിലൊരു തബല മേളിക്കും  മനസ്സിനുള്ളില്‍ ‍.

ഒരാഴ്ച കഴിഞ്ഞിട്ടും ഇഗ്നേഷ്യസ്‌ സാര്‍ ക്ലാസ് തുടങ്ങിയില്ല. മററ്റുള്ളവര്‍ രണ്ടും മൂന്നും പാഠങ്ങള്‍ വീതം പിന്നിട്ടിരിക്കുന്നു. അപ്പോഴാണ് മാലതിടീച്ചറുടെ മകന്‍ മോഹന്‍ ദാസ് ബ്രേക്കിംഗ് ന്യൂസുമായെത്തിയത്: " ഇഗ്നേഷ്യസ്‌ സാര്‍ ലോങ്ങ്‌ ലീവില്‍ പോവുന്നു. നമുക്ക് പുതിയ ടീച്ചര്‍ വരുന്നു "

ഇഗ്നേഷ്യസ്‌ സാറിന്റെ അഭാവത്തില്‍, അന്ന്,  ക്ലാസല്‍പ്പം ശബ്ദായനമായിരുന്നു.
അടുത്ത ക്ലാസ്സില്‍ നിന്ന്  ജോസഫ്‌ മാഷെത്തി നോക്കി തിരക്കി:‘ആരാ ക്ലാസ്‌ ലീഡര്‍ ?"
ഞാന്‍ എണീറ്റ്‌ നിന്നു.
"ബഹളമുണ്ടാക്കുന്നവരുടെ പേര് നോട്ട് ചെയ്ത് വയ്ക്ക്‌.  ഞാന്‍ കുറച്ച്‌ കഴിഞ്ഞ്‌ വരാം."

അല്പനേരത്തേക്ക്  ക്ലാസ്‌ നിശ്ശബ്ദമായി.

ദീപാരാധനക്ക് നട തുറക്കുമ്പോള്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കുണ്ടാകുന്ന അസ്പര്‍ശ്യവും അദൃശ്യവുമായ ഒരു അനുഭൂതി ചുറ്റും പരക്കുന്ന പോലെ.
-ശംഖൊലി, മന്ത്രോച്ചാരണങ്ങള്‍ , മണിയൊച്ചകള്‍ ‍, പരിമള പൂരിതമായ ഇളം‌കാറ്റ്....

കണ്ണ് ചെന്ന് തറച്ചത് വാതിപ്പടി മറി കടക്കുന്ന വെളുത്ത് തുടുത്ത  രണ്ട് പാദങ്ങളിലാണ് .
ചിന്തേരിട്ട്‌ മിനുക്കി വാര്‍ണീഷടിച്ച ലക്ഷണമൊത്ത നഖങ്ങള്‍ ‍,
നീണ്ട വിരലുകള്‍ ‍,
ചുവന്ന വള്ളിച്ചെരിപ്പ്‌.
വെള്ളയില്‍ നീലപ്പൂക്കളുള്ള സാരിയില്‍ വിദഗ്ദ്ധമായി  മെനഞ്ഞ ഞൊറികളുടെ ചലനം.
നെഞ്ചോടടുക്കിയ റെജിസ്റ്റര്‍ ‍.
വിരിഞ്ഞ ആമ്പല്‍പ്പൂക്കളുള്‍ക്കിടയില്‍ ചലിക്കുന്ന രണ്ട് കരിവണ്ടുകള്‍
 -കോളേജ്‌ കുമാരിയുടെ ചടുലതയോടെ മുന്നില്‍ ഒരു മിന്നല്‍ക്കൊടി.

സ്ലോ മോഷനില്‍ എല്ലാരും എണീറ്റു.
"സിറ്റ്‌ ഡൗണ്‍ ‍"
ഇതളുകള്‍ വിടര്‍ന്ന് അരുണിമ ചുറ്റും പരന്നു.
"ഞാന്‍ നിങ്ങളുടെ പുതിയ ടീച്ചര്‍ ‍. പേര് സെലീന"

നെറ്റിയില്‍ കുറി,
കഴുത്തില്‍ ചന്ദന സ്പര്‍ശം,
വിതര്‍ത്തിട്ട മുടിയില്‍ തുളസീദളം.
 -പേര്‍ സെലീനയെന്നോ?

"ടീച്ചര്‍ ക്രിസ്ത്യാന്യാ?": ഏയെമ്മെസ്സിന്റെ വികടവാണി അനുഗ്രഹമായി തോന്നിയ അപൂര്‍വം സന്ദര്‍ഭങ്ങളിലൊന്ന്.
"എന്താ ഹിന്ദുക്കള്‍ക്ക്‌ സെലീനയെന്ന പേര്‍ പാടില്ലേ?"; റജിസ്റ്റര്‍ താഴെ വച്ച്, മേശമേല്‍ ചാരി നിന്നുകൊണ്ട്, പുഞ്ചിരിയോടെ ടീച്ചര്‍ മറുചോദ്യമെറിഞ്ഞു.
"ടീച്ചര്‍ടെ വീടെവിട്യാ?"
"പറയാം. ആദ്യം ഞാന്‍ നിങ്ങളെ പരിചയപ്പെടട്ടെ.’

ടീച്ചറുടെ അനര്‍ഗള വാക്‍ധോരണിയില്‍ സമയം കുതിരച്ചിറകേറി പറന്നു.

വീട് പെരുമ്പാവൂരില്‍ .
അച്ഛന്‍ കമ്മ്യൂണിസ്റ്റ് നേതാവായത് കൊണ്ടാണ് സെലീനയെന്ന പേര്‍ വന്നത്.
ബി എഡ്‌ പാസായി. ഇത് ആദ്യ ജോലി.  പുല്ലൂറ്റ് അമ്മായിയുടെ വീട്ടില്‍ താമസം.

എല്ലാവരും തൃപ്തരായെന്ന് തോന്നി.

"കല്യാണം കഴിച്ചതാ?"
കിട്ടിയ ചാന്‍സിനു സിക്സറടിക്കാന്‍ ക്രീസ്‌ വിട്ടിറങ്ങി, ഏയെമ്മെസ്‌.
"എന്താ.... ആലോചിക്കുന്നോ?"
കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.
ക്ലീണ്‍ ബൗള്‍ഡായ ഏയെമ്മെസ്‌ മഞ്ഞ മുഖവുമായി നിന്നു വിയര്‍ത്തു.

9.40 നെത്തുന്ന ശ്രീരാമജയം ബസ്സില്‍ നിന്ന് ടീച്ചര്‍ ഇറങ്ങുന്നത്‌ കാണാന്‍ സ്കൂളിലെ ചേട്ടന്മാര്‍ മാത്രമല്ല, പരിസരത്തെ ചെറുപ്പക്കാരും കാത്ത്‌ നില്‍ക്കും.
ദൃഷ്ടികള്‍ നിലത്തുറപ്പിച്ച്‌ തലയല്‍പം ചെരിച്ച്‌,  താളത്തിലുള്ള അന്നനട അനുകരിക്കാന്‍ പെണ്‍കുട്ടികള്‍ മത്സരിച്ചു.

ഏറ്റവും നല്ല ക്ലാസ്സിന് അശോകസ്തംഭത്തിന്റെ മാതൃകയിലുള്ള സ്തൂപിക സമ്മാനമായി പ്രഖ്യാപിച്ചപ്പോള്‍ സ്കൂള്‍ ആകെ ഒന്നിളകി മറിഞ്ഞു.
 ശുചിത്വം, അലങ്കാരങ്ങള്‍ ‍, അനുസരണ, കൃത്യനിഷ്ട, അറ്റന്‍ഡന്‍സ്‌, യൂണിഫോം എല്ലാം നോക്കി ഹെഡ്‌ മിസ്ട്രസ്‌, വാര്യര് ‍ മാഷ്‌, സംസ്കൃതം പണ്ഡിറ്റ്‌ സുബ്രമണ്യ അയ്യര്‍ ,  ഡ്രില്‍ മാഷ്‌  പിറ്റര്‍ സാര്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് വിജയിയെ പ്രഖ്യാപിക്കുക.

വിജയിയാകുന്ന ക്ലാസിന്റെ ലീഡര്‍ ‍, അസംബ്ലിക്ക് മുന്‍പ്, ആര്‍പ്പ് വിളികളുടേയും കൈയടികളുടേയും അകമ്പടിയോടെ ട്രോഫി തന്റെ ക്ലാസ്സിലേക്ക്‌ കൊണ്ട്‌ പോകും. സ്കൂള്‍ വിടും മുന്‍പ്‌ തിരിച്ചും.

സെലീനടീച്ചറുടെ നിര്‍ദ്ദേശപ്രകാരം മാസത്തില്‍ ആദ്യ ശനിയാഴ്ചകള്‍ ശുചീകരണ ദിനമായി. മുടക്ക് ദിവസമായിരുന്നിട്ടും ടീച്ചരുടെ സുഗന്ധം പരത്തുന്ന ആകര്‍ഷണവയലയത്തില്‍ നിന്ന് വിട്ടു നില്‍ക്കുവാന്‍ ആര്‍ക്കും മനസ്സുണ്ടാകാറില്ല.

രങ്കയ്യന്റെ കലാപാടവം കതിര്‍ മണികള്‍ കൊത്തിപ്പറക്കുന്ന പ്രാവുകളായ്‌ ബോര്‍ഡില്‍ വിരിഞ്ഞു.
മഹത്‌ വചനങ്ങള്‍ ചുമരിലെഴുതിയത്‌ ജോസും മഹിയും കൂടി.
മൂലയിലെ സ്റ്റൂളില്‍ വെള്ളം നിറച്ച കൂജയും  മേശപ്പുറത്ത്‌ പൂക്കൂടയും പ്രത്യക്ഷപ്പെട്ടു.
ക്ലാസ്‌,ഡിവിഷന്‍ ‍, ഡേറ്റ്‌, അറ്റന്‍ഡന്‍സ്‌, പഠിക്കുന്ന വിഷയം ഒക്കെ ബ്ലാക്ക്‌ ബോര്‍ഡില്‍ അപ്ഡേറ്റ്‌ ചെയ്യുന്ന ജോലി ക്ലാസ് ലീഡറുടേതായിരുന്നു.

ഉത്സാഹത്തിനും കഠിനാധ്വാനത്തിനും പ്രതിഫലം കിട്ടുക തന്നെ ചെയ്തു. ഇടക്കൊരു മാസം IX B-യിലെ പെണ്‍കുട്ടികള്‍ തട്ടിയെടുത്തതൊഴിച്ചാല്‍ എല്ലാ മാസവും റോളിംഗ്‌ ട്രോഫി ഞങ്ങളുടെ ക്ലാസ്സില്‍ തന്നെ വിശ്രമിച്ചു.

ലീഡറായത് കൊണ്ട് മാത്രമല്ല നന്നായി പഠിക്കുന്ന കുട്ടി എന്ന നിലയിലും ടീച്ചര്‍ക്കെന്നോട് പ്രത്യേക സ്നേഹമായിരുന്നു. കോമ്പോസിഷന്‍ ബുക്കുകള്‍ എടുക്കാന്‍ പോകുമ്പോഴും മാപ്പുകള്‍ ‍, ചാര്‍ട്ടുകള്‍ ‍, ചോക്ക്‌ കഷണങ്ങള്‍ എന്നിവക്ക് സ്റ്റാഫ് റൂമില്‍ പരതുമ്പോഴും തങ്കം ടീച്ചര്‍ കളിയാക്കും. "സെലീനാ, ദാ നിന്റെ 'പെറ്റ്‌‘ വന്നേക്ക്ണു.‘

പത്തിലെ ചേട്ടന്മാര്‍ ലിഷര്‍ പിരീഡുകളില്‍ ടീച്ചറുറ്റെ ദര്‍ശനത്തിന്കാ ജനലക്കരികില്‍ വരും. മുരടനക്കിയും കമെന്റടിച്ചും ടീച്ചറുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്ന അവരുടെ മുഖത്ത്, ഞാന്‍ ജനല്‍ കതകുകള്‍ വലിച്ചടക്കും.
-ചേട്ടന്മാരുടെ ശത്രുതയേക്കാള്‍ എത്രയോ വലുതാണു ടീച്ചറുടെ വശ്യസ്മിതത്തിന്റെ മധുരിമ!

ഗ്രാമര്‍ ക്ലാസെടുക്കയായിരുന്നു, ടീച്ചറന്ന്‍.
താഴെ വീണ ചോക്കെടുക്കാന്‍ ഒരു വശത്തേക്കവര്‍ കുനിഞ്ഞപ്പോള്‍ ‍, മാത്ര നേരത്തേക്ക്, സാരി ആ ശരീരത്തോട്‌ പിണങ്ങി.. ‍
അത്‌ വരെ ഗോപ്യമായിരുന്ന ചില വെളുത്ത് തുടുത്ത ശരീരഭാഗങ്ങള്‍ കണ്ണുകളില്‍ തെളിഞ്ഞു.
'ടാ...ആ പൊക്കിളു കണ്ടാ. ‘കുനിയന്‍ ഉറുമ്പിന്റെ‘ കുഴി പോലെ....": ഏയെമ്മെസ്‌ എന്നെ തോണ്ടി.
"ഷട്ടപ്‌" : ഞാന്‍ ചീറി.
-തെറ്റ്‌ ചെയ്ത കുട്ടിയുടെ അപരാധബോധത്തോടെ ചുവന്ന മുഖം ഞാന്‍ ഡെസ്കിലമര്‍ത്തി.
"എന്താ കുട്ടീ?": ടീച്ചര്‍ തിരക്കി.
"ഒന്നു....ല്യാ": ഞാന്‍ മുഖമുയര്‍ത്താതെ വിക്കി.

ഒരാഴ്ച ഏയെമ്മെസ് എന്നോട്‌ മിണ്ടാതെ നടന്നു‌.
ആ പ്രത്യേക നിമിഷത്തിലേക്ക്, ഇടക്കിടക്കുള്ള മനസ്സിന്റെ വഴുതിപ്പോകലിനെ പഴിച്ച്, ടീച്ചര്‍ക്ക് മുഖം കൊടുക്കാതെ ദിവസങ്ങള്‍ കഴിച്ച് കൂട്ടി, ഞാന്‍ ‍.
ഒടുവില്‍ ടീച്ചറെന്നെ പിടികൂടുക തന്നെ ചെയ്തു.
"എന്താ,  എന്നോട്‌ പിണക്കാ?'
"അല്ല": ഇടംകണ്ണുകൊണ്ടൊന്ന് നോക്കി, മുഖം താഴ്ത്തി ഞാന്‍ മന്ത്രിച്ചൂ:. " ടീച്ചറോടെനിക്ക് പിണങ്ങാനാവ്വോ?"

വര്‍ഷാവസാനം:
‘റിവിഷന്‍ ‍‘ കൊണ്ട്‌ പിടിച്ച്‌ നടക്കുന്നു.

ഉച്ചയൂണ് കഴിഞ്ഞ്‌ വന്നപ്പോഴാണു മോഹന്‍ദാസ്‌ ആ ബോംബ് പൊട്ടിച്ചത്‌: സെലീനാ ടീച്ചര്‍ക്ക് കല്യാണം!
"പിന്നെ... ഇത്ര ചെറുപ്പത്തിലേ കെട്ടാന്‍  ടീച്ചര്‍ക്കെന്താ വട്ടാ?": എനിക്കാ വാര്‍ത്തയത്ര ദഹിച്ചില്ല.
"സത്യാടാ...അമ്മ പറഞ്ഞതാ.... ടീച്ചറിപ്പോ താമസിക്കുന്ന വീട്ടിലെ ചേട്ടനാണ് കെട്ടുന്നത്.‍"

മനസ്സിന്റെ ഇടനാഴിയിലെവിടേയോ ഉരുള്‍ പൊട്ടലുകള്‍....
പെയ്യാന്‍ വെമ്പുന്ന കാര്‍ മേഘങ്ങള്‍ കണ്ണുകളില്‍ ഇരമ്പി.

രോഹിണി ടീച്ചറുടെ ക്ലാസില്‍ കയറാതെ പുറത്തിറങ്ങി, ഞാന്‍ ടീച്ചേഴ്സ്‌ റൂമിനെ വലം വച്ചു.
ജനലിലൂടെ നോക്കിയപ്പോള്‍ കോമ്പോസിഷന്‍ ബുക്കുകള്‍ കറക്റ്റ് ചെയ്യുകയാണ് ടീച്ചര്‍ ‍.
കുറച്ചകലെ രണ്ട്‌ ടീച്ചര്‍മാര്‍ ആരുടേയോ കുടുംബരഹസ്യങ്ങള്‍ കടിച്ച്‌ പറിയ്ക്കുന്ന തിരക്കിലാണ് ‍.
"സാമൂഹ്യപാഠം ക്ലാസ്സല്ലേ ‍?" ടീച്ചറെന്നെ കണ്ടു കഴിഞ്ഞു.
"അതെ"
"മാപ് എടുക്കാന്‍ വന്നതാണോ?"
"അല്ല": ഞാന്‍ മുറിയില്‍ കയറി, മേശക്കരികിലേക്ക്‌ നീങ്ങി.
ടീച്ചറുടെ കണ്ണുകള്‍ എന്റെ മുഖത്ത്‌ തന്നെ തറച്ച്‌ നില്‍ക്കുന്നതായി ഞാനറിഞ്ഞു.
വിതുമ്പാന്‍ വെമ്പുന്ന ഭാ‍വം ടീച്ചര്‍ ശ്രദ്ധിച്ചിരിക്കണം.
"എന്താ പറ്റീത്‌?"
ടീച്ചര്‍ എന്റെ  താടി പിടിച്ചുയര്‍ത്തി‍.
"ടീച്ചര്‍ കല്യാണം കഴിക്കാന്‍ പോക്വാ?":
വാക്കുകള്‍ ഞെരിഞ്ഞമര്‍ന്ന് വെളിയില്‍ ചാടി.
"എന്താ.... കഴിക്കണ്ടേ?"
നോക്കിയപ്പോള്‍ പുഞ്ചിരിയുടെ തെളിമയും സങ്കോചത്തിന്റെ രക്താഭയുമുണ്ടാ മുഖത്ത്.
"വേണ്ട, ഇപ്പോ വേണ്ടാ":
കരച്ചിലിന്റെ നനവോടെയുയര്‍ന്ന ശബ്ദം മറ്റു ടീച്ചര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്ര ഉച്ചത്തിലായിരുന്നു.

എണീറ്റ്, ഒരു സ്റ്റൂള്‍ വലിച്ചിട്ട്, തോളില്‍ പിടിച്ച്‌ വാത്സല്യത്തോടെ ടീച്ചര്‍ പറഞ്ഞു: "ഇരിക്ക്‌. ഞാന്‍ പറയട്ടേ....’
"ടീച്ചര്‍ സമ്മതിച്ചോ?"
എനിക്കതാണറിയേണ്ടത്.
അവര്‍ തലയാട്ടി.

നക്ഷത്രങ്ങള്‍ വെളിച്ചം വിതറുന്ന വലിയ കണ്ണുകളില്‍ അനുകമ്പയുടെ നീല നിറം പടര്‍ന്നു.
വിവാഹം വീട്ടുകാര്‍ തീരുമാനിച്ചതാണ്.  അമ്മായിയുടെ മകനാണ് വരന്‍ ‍‍.  നേവിയിലായിരുന്ന അയാള്‍ വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി‌ വന്നത് തന്റെ പിടിവാശി മൂലമാണ്. സ്നേഹമുള്ളയാളാണ്. പിന്നെ അമ്മായിയാണെങ്കില്‍ തനിക്ക് അമ്മയേക്കാള്‍ പ്രിയപ്പെട്ടവളും.

പുതിയ അദ്ധ്യയന വര്ഷം:
വേര്‍പാടിന്റെ വേദനയിലും ഞാന്‍ ഒളിച്ച് ചെല്ലും, ടീച്ചര്‍ ക്ലാസ്സെടുക്കുന്നത് കേട്ട് നില്‍ക്കാന്‍ . കണ്ണില്‍ പെട്ടാല്‍ ഒരു നിറചിരി. എനിക്കത് മതിയായിരുന്നു.  വെളുത്ത്‌ തുടുത്ത ആ നെറ്റിക്ക് സിന്ദൂരക്കുറി ഒട്ടും ചേരുന്നില്ലല്ലോ എന്ന് മനസ്സ് പറഞ്ഞു.

ആകസ്മികമായാണ് സ്ഥലം മാറ്റം വാങ്ങി, ഒരു വിട പറയിലിന് പോലും അവസരം തരാതെ, ടീച്ചര്‍ അപ്രത്യക്ഷയായത്.
എവിടെ, എത് സ്കൂളില്‍ ‍?
മോഹന്ദാസിനും എന്നെ സഹായിക്കാനായില്ല.

-വര്‍ഷസാഗരങ്ങള്‍ കാലതീരത്തിന്റെ ചുറ്റുമതിലുകളില്‍ തൊട്ടും തലോടിയും ഭേദിച്ചും മുറിവേള്‍പ്പിച്ചും ചുങ്കമോ കടത്ത്‌ കൂലിയോ കൊടുക്കാതെ പ്രവഹിച്ച് കൊണ്ടിരുന്നു.

ദുബായില്‍ നിന്ന് രണ്ടാം വട്ടം നാട്ടിലെത്തിയപ്പോള്‍ അച്ഛനുമമ്മക്കും നിര്‍ബന്ധം: വേണം ഇനി ഞങ്ങള്‍ക്കൊരു മരുമകള്‍ ."
കാരുമാത്രയിലെ കൊച്ചമ്മായി പറഞ്ഞു:"ഞങ്ങടെ തെക്കേതില്‍ ഒരു കുട്ടിയുണ്ട്‌. നീ വന്ന് കാ‍ണ്.. ഇഷ്ടായാ ആലോചിക്കാല്ലോ/"

കൊടക്കാപ്പറമ്പ്‌ അമ്പലത്തിന്നരികെ ബസ്സിറങ്ങി അമ്പലപ്പറമ്പ്‌ താണ്ടിയാല്‍ കാണാം പാടത്തിന്നക്കരെയുള്ള കൊച്ചമ്മായിയുടെ വീട്‌.
നടക്കാന്‍ തുടങ്ങിയപ്പോള്‍ കൊച്ചമ്മായിയുടെ ഇളയ മകള്‍ നീല-വെള്ള സ്കൂള്‍ യൂണിഫോമില്‍ മുമ്പില്‍.
തോളില്‍ ഭാരിച്ച ബാഗ്‌.
"താ, ഞാന്‍ പിടിക്കാം': ഞാന്‍ കൈ നീട്ടി.
"വേണ്ടാ, എന്നും വരോ ഈ സമയത്ത്‌ എന്റെ ബാഗ്‌ താങ്ങാന്‍ ‍?": എന്നായി കാന്താരി.
‘പെണ്ണ് കാണാന്‍ പോക്വാ ല്ലേ? മുറപ്പെണ്ണ് ഞാനാ, മറക്കണ്ടാ”: അവളുടെ മുഖത്തൊരു ശൃംഗാര ഭാവം.
‘ഒരെട്ട് പത്ത് വര്‍ഷം മുന്‍പ് നിനക്കീ ഭൂമിലേക്ക് ഇറങ്ങായിരുന്നില്ലേ? എനിക്ക് പെണ്ണ് തേടി കഷ്ടപ്പെടാതെ കഴിക്യായിരുന്നു.’ എന്നായി ഞാന്‍ ‍.
"ചേട്ടന് ഒരു സെലീനാടീച്ചറെ ഓര്‍മ്മയുണ്ടോ? “
പെട്ടെന്നവള്‍ വിഷയം മാറ്റി.

ഓര്‍മ്മകള്‍ കുളിരുള്ള ഒരു മഴച്ചാറ്റലായി മനസ്സില്‍ പെയ്തിറങ്ങി.
ടീച്ചറിനെ പൊതിഞ്ഞ്‌ നില്‍ക്കാറുള്ള സുഖമുള്ള പരിമളം ചുറ്റും പടരുന്നതായി തോന്നി..
'സെലീനാടീച്ചര്‍ ‍, എന്റെ പ്രിയ ടീച്ചര്‍ ‍,': മനസ്സുരുവിട്ടു..
"ഞങ്ങടെ ക്ലാസ്‌ ടീച്ചറാ": അഭിമാനത്തോടെ അവള്‍ പറഞ്ഞു.
മനസ്സിലൊരായിരം കുരുവികള്‍ ചിറകടിച്ചുയര്‍ന്നു..
"കരൂപ്പടന്ന സ്കൂളിലാണോ ടീച്ചറിപ്പോള്‍?"
"അതെ. മൂന്നാലു വര്‍ഷായി..... ടീച്ചറെപ്പഴും പറയും ആദ്യ ജോലി... ആദ്യ സ്കൂള്‍ ‍.... ആദ്യ ക്ലാസ്‌... പിന്നെ പറയുക ചേട്ടനെപ്പറ്റിയാ. നന്നായി പഠിക്കും, പ്രസംഗിക്കും എന്നൊക്കെ....... "
അവള്‍ തുടര്‍ന്നൂ: "പുരാണം കേട്ട്‌ സഹി കെട്ടപ്പൊ ഞാനെണീറ്റ്‌ നിന്ന് പറഞ്ഞു, ടീച്ചര്‍ പറയുന്ന ആ ആള്‍ എന്റെ ചേട്ടനാന്ന്....ടീച്ചര്‍ ചേട്ടന്റെ വിശേഷങ്ങളൊക്കെ ചോദിച്ചു.
‘എന്നേം വല്യ ഇഷ്ടാ ടീച്ചര്‍ക്ക്‌": അവള്‍ കൂട്ടിച്ചേര്‍ത്തു.
"എന്നാ ടീച്ചറോട്‌ പറയ്... നാളെ ഞാന്‍ ടീച്ചറെ കാണാന്‍ വരുന്നൂന്ന്."
"ഉവ്വോ? സത്യായും?  ടീച്ചെര്‍ക്കെന്ത്‌ സന്തോഷാവൂന്നോ?"

സ്കൂളിലെത്തിയപ്പോള്‍ ഓഫീസ് വിജനം.
വരാന്തയില്‍ നിന്ന കുട്ടി എതിര്‍ വശത്തുള്ള ക്ലാസ്‌ റൂമിലേക്ക്‌ വിരല്‍ ചൂണ്ടി.

നടന്നടുത്തപ്പോള്‍ ടീച്ചറുടെ ഗന്ധം എന്നെത്തേടിയെത്തി. അല്‍പം കൊഞ്ചലുള്ള ആ സ്വരം കാതുകളില്‍ കിലുങ്ങി.

അപ്പോഴേക്കും കാന്താരി ഓടിയെത്തി.
പിന്നാലെ ടീച്ചറും.
വര്‍ഷങ്ങള്‍ ആ ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രകടമായിരുന്നു.
പക്ഷേ വാത്സല്യം കോരി നിറച്ച വലിയ കണ്ണുകള്‍ക്കും  ഇതളുകള്‍ വിടര്ത്തിയുള്ള കുറുമൊഴിപ്പൂംചിരിക്കും ഒരു മാറ്റവുമില്ല..

"വാ", എന്റെ കൈയില്‍ പിടിച്ചു കൊണ്ടവര്‍ ടീച്ചേഴ്സ്‌ റൂമിലേക്ക്‌ നടന്നു.
ഉരിയാടാതെ കുറേ നേരം പരസ്പരം നോക്കിയിരുന്നൂ.
പിരീഡവസാനിച്ചപ്പോള്‍ എത്തിയ  ടീച്ചേഴ്സിന് എന്നെ പരിചയപ്പെടുത്തി.
“ഞാന്‍ പറയാറില്ലേ, നടവരമ്പ്‌ സ്കൂളിലെ എന്റെ ആദ്യ സ്റ്റുഡന്റ്‌!"

-ആദ്യ വിദ്യാര്‍ത്ഥി?
ബാക്കിയുള്ള 31 പേരുകള്‍ ഏത്‌ ക്രമനമ്പറില്‍ ആയിരിക്കും ടീച്ചറുടെ മസ്റ്റര്‍ റോളില്‍ ‍?

സ്കൂളിന്നടുത്ത്‌ തന്നെയാണു ടീച്ചര്‍ താമസിച്ചിരുന്നത്‌.
രണ്ട്‌ മക്കള്‍ :മഞ്ജുള, മൃദുല.
മൂത്തവള്‍ 7-ല്‍, ഇളയവള്‍ 5-ലും‍.
ഭര്‍ത്താവിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ വിരസതയോടെ അവര്‍ പറഞ്ഞൂ:“ഇന്‍ഷൂറന്‍സ് ഏജന്റല്ലേ?  നാടു തെണ്ടി നടക്കുന്നു.”

ഉച്ചയൂണിനു സമയമാകും വരെ ഞങ്ങള്‍ സംസാരിച്ചിരുന്നു.
'വാ, എന്റെ ഡബ്ബ ഷെയര്‍ ചെയ്യാം; അല്ലെങ്കില്‍ ഹോട്ടലീന്ന്"
"വേണ്ടാ ടീച്ചര്‍ ‍. ഉണ്ണാന്‍ വീട്ടിലെത്താമെന്ന് പറഞ്ഞിട്ടുണ്ട്‌.": ഞാനെണീറ്റു.
"പോകും മുന്‍പ്‌ വീട്ടില്‍ വരണം"
അഡ്രസ്സെഴുതിയ കടലാസ്‌ അവര്‍ എന്റെ പോക്കറ്റില്‍ തിരുകി.
"കല്യാണത്തിനു ക്ഷണിക്കുമല്ലോ?”: യാത്ര പറയുമ്പോള്‍ കുസൃതിയോടെ തലയല്‍പം ചരിച്ച്, കൃഷ്ണമണികള്‍ മേലോട്ടുയര്‍ത്തി നിഗൂഢമായി ചിരിച്ചു, ടീച്ചര്‍ .

തിരക്കുകള്‍ക്കിടയില്‍ ടീച്ചറെ വീണ്ടും കാണാനൊത്തില്ല.
ആ വെക്കേഷനില്‍ കല്യാണം നടക്കാതിരുന്നതിനാല്‍ പോക്കറ്റില്‍ തിരുകിയ കടലാസ് കഷണത്തേയും മറന്നു. .

രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും കൊച്ചമ്മായിയുടെ വീട്ടിലെത്തിയപ്പോള്‍ കാന്താരിയാണു പറഞ്ഞത്‌, ടീച്ചര്‍ സ്ഥലം മാറി പോയെന്ന്.
ഭര്‍ത്താവ്‌ ബൈക്കപകടത്തില്‍ മരിച്ചെന്നും.
കാന്താരി ഒഴിവായ സമയം നോക്കി കൊച്ചമ്മായിയുടെ മൂത്ത മോന്‍ അന്നാസ്‌ രഹസ്യമായി  പറഞ്ഞു:
"ടീച്ചറും ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു.കള്ള് കുടിച്ച് വീട്ടില്‍ വന്ന് ടീച്ചറെ അയാള്‍ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. മക്കള്‍ രണ്ടും അയാളുടെതല്ലത്രേ!  ബൈക്കിടിച്ചയാള്‍ ചത്തത്‌ നന്നായി, അല്ലെങ്കില്‍ നാട്ടുകാര്‍ തല്ലിക്കൊന്നേനെ."

എന്റെ തൊണ്ടയില്‍ ഒരു കുന്ന് സങ്കടം വന്ന് കുമിഞ്ഞു.
ശ്വാസനാളം പിടഞ്ഞു.
ഓര്‍മ്മയുടെ തീരശ്ശീലയില്‍ സെലീനാടീച്ചറുടെ  മുഖം ഓളങ്ങളില്‍പ്പെട്ടൊഴുകി.
അന്നാസ്‌ പറഞ്ഞുകൊണ്ടിരുന്നു:
"സത്യത്തില്‍ ടീച്ചറും മക്കളും രക്ഷപ്പെടുകയായിരുന്നെന്നാ ഞങ്ങള്‍ പറയുക: അത്ര. വല്യൊരു തുകയല്ലേ ഇന്‍ഷൂറന്‍സീന്ന് കിട്ടീത്‌"

Thursday, August 7, 2008

ഹരിയുടെ ജ്വാല, എന്റേയും!

ഗള്‍ഫ് ഏജന്‍സിയുടെ പുറകിലുള്ള വില്ലയെ ഞങ്ങള്‍ തറവാട് എന്നാണ് വിളിച്ചിരുന്നത്.

സുകുവേട്ടന്‍ കാര്‍ണോരുടെ എമര്‍ജന്സിക്കാല നിയമങ്ങള്‍, പുകവലി നിരോധനം, പാട്ടുകള്‍ കേള്‍ക്കാനും പുസ്തകങ്ങള്‍ വായിക്കാനുമുള്ള അസൌകര്യം, ബന്ധുക്കളെന്ന വെട്ടുകിളികളുടെ ശല്യം - എല്ലാം അസഹനീയമായപ്പോഴാണ് ‘കമ്പനി എക്കമഡേഷന്‍’ എന്ന ആശയം ഓഫീസില്‍ അവതരിപ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായത്.
പിതൃതുല്യമായ വാത്സല്യം മൂലമാകാം അക്കൌണ്ടന്റ് ഹാത്തിഭായ് അത് നിരസിച്ചില്ല.

ഒരു വെള്ളിയാഴ്ച പെട്ടിയും കിടക്കയുമെടുത്ത്, അല്‍ ഫഹീദി സ്ട്രീറ്റിലെ രണ്ട് മുറി ഫ്ലാറ്റില്‍‍, ഞങ്ങള്‍ നാ‍ലു പേര്‍ കുടിയേറി- സെയിസ് മാന്‍ ഹരിഹരനും ഞാനും ഒരു മുറിയില്‍, സെക്രട്ടറി മാധവന്‍‌കുട്ടിയും സ്റ്റോര്‍ കീപ്പര്‍ റഷീദും മറ്റേതില്‍‍.

മയ്യഴിക്കാരനായ റഷീദിനു അടുക്കള നന്നായി വഴങ്ങുമെന്നതിനാലും വര്‍ക്കലക്കാരന്‍ ഹരിക്ക് മാര്‍ക്കറ്റ് സുപരിചിതമായിരുന്നതിനാലും ഗൃഹപ്രവേശം സുഗമമായി നടന്നു.

ഒരു അഴകൊഴമ്പന്‍ സോപ്പുകുട്ടപ്പനായിരുന്നു, ഹരി. വെളുത്ത നിറവും തുടുത്ത കവിളുകളും കട്ടിമീശയുമുള്ള സുഭഗന്‍. വര്‍ക്കല ഹോസ്പിറ്റലിന്നടുത്തുള്ള മേലായില്‍ തറവാട്ടിലെ ഇളയ സന്തതി. ചേട്ടന്മാര്‍ രണ്ടും പണ്ടേതന്നെ അബുദാബിയില്‍ തമ്പടിച്ചിരുന്നതിനാല്‍ പണത്തിന്റെ മൂല്യം മനസ്സിലാക്കാന്‍ സന്ദര്‍ഭം ലഭിക്കാതിരുന്ന ഹതഭാഗ്യന്‍.കൂട്ടത്തില്‍ കഞ്ഞി എടപ്പാളുകാരന്‍ മാധവന്‍ കുട്ടിയായിരുന്നു. അഞ്ച് ഫിത്സിന് വരെ അറുത്ത് മുറിച്ച് കണക്ക് പറയുന്ന ‘അര്‍ക്കീസ്‘ . മാഹിക്കാരന്‍ ‘പുയ്യാപ്ല’ റഷീദാകട്ടെ മൃദുഭാഷിയായിരുന്നു, പഴയ ഹിന്ദി ഗാനങ്ങള്‍ മൂളി നടക്കുന്ന ഒരു സ്വപ്നജീവി.

0--0--0--0

ശനിയാഴ്ച എക്കൌണ്ട്സിലുള്ളവര്‍ക്ക് തിരക്കിന്റെ തിരുവാതിരകളിയാ‍ണ്. സ്റ്റോറുകളില്‍ ‍നിന്നും മാര്‍ക്കറ്റില്‍ നിന്നുമുള്ള ക്യാഷ് കളക്‍ഷന്‍, ചെക്കുകള്‍, വീക്‍ലി റിപ്പോര്‍ട്ടുകള്‍, ബാങ്കിംഗ്.....
ഫോണ്‍ ശബ്ദിച്ചപ്പോള്‍‍ അലോസരത്തോടെ കൈയെത്തിച്ച് റസീവറെടുത്തു:‘ഹലോ’ : ഇമ്പമാര്‍ന്ന സ്ത്രീസ്വരം.‘കൈതയല്ലേ?’
‘അതെ"
"മനസ്സിലായോ ആരെന്ന്?"
-ബന്ധുക്കളും പരിചയക്കാരുമായി ദുബായിലുള്ള പലരുടേയും മുഖങ്ങള്‍ മനസ്സില്‍ മിന്നി മാഞ്ഞു.
‘ആലോചിച്ച് സമയം കളയണ്ടാ‍.... സീനയാ..’
‘സീന?’ :ഏത് സീന? കബളിപ്പിക്കാനുള്ള ശ്രമമാണോ?
‍‘ഹരി പറഞ്ഞിട്ടില്ലേ?’
‘ഇല്ല’‘ഹരിയുടെ ഫ്രണ്ട്... ഹരിയുമായി നീ ഇത്ര ക്ലോസ് ആയിരുന്നിട്ടും എന്നെ അറിയില്ല?’
ആ നീ വിളി അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും തിരിച്ച് ചോദിച്ചു:‘എന്നെ അറിയുമോ?’
"പിന്നേ...ഹരിയെപ്പോഴും പറയും, നിന്റെ കാര്യം.’
‘ഹരിയുടെ ആരാ?’
‘അത് പിന്നെപ്പറയാം. എന്റെ ഓഫ് നാളെയാണ് എന്ന് ഹരിയോട് പറയുമോ? അതിനാ വിളിച്ചത്.’

മൊബൈല്‍ ഫോണ്‍ പ്രചാരത്തിലില്ലായിരുന്ന അക്കാലങ്ങളില്‍ അത്യാവശ്യ സന്ദേശങ്ങള്‍ ദൂതന്‍‌മാര്‍ വഴിയും കൈമാറിയിയിരുന്നു.
"ഹോസ്പിറ്റലില്‍‍ നഴ്സാ‍’ :ഹരി വിശദീകരിച്ചു.
‘നിന്റെ?’ : ഞാന്‍ തിരക്കി.
‘കാമുകി", അവനൊന്നിളകി ചിരിച്ചു: "കടുത്തുരുത്തക്കാരി അച്ചായത്തിയാ. പേര് സീനാ പൌലോസ്. റാഷിദ് ഹോസ്പിറ്റല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഓര്‍ഡറെടുക്കാന്‍ പോയപ്പോ അബദ്ധത്തില്‍ കൂട്ടിമുട്ടിയതാ. പിന്നെ വിട്ടുപിരിയാനാവാത്ത വിധം ഒട്ടിപ്പിടിച്ചു’
‘അപ്പൊ പ്രേമമാ, അല്ലേ?’
‘പ്രേമമോ? ഇതൊക്കെ ഒരഡ്ജസ്റ്റ്മെന്റ് അല്ലേ, മോനേ?’ : ഒരു‍ വിടന്റെ ഭാവഹാവാദികള്‍ ഉള്‍ക്കൊണ്ടൂ, അവന്‍.
‘നാളെയാണ് അവള്‍ടെ വീക്‍ലി ലീവ്! ‘ഓഫ് ദിവസം‘ അവളെ പുറത്ത് കൊണ്ട് പോണം, മോട്ടോര്‍ സൈക്കിളില്‍ ഒന്ന് കറക്കണം. ഇതാ കാര്യം.‘

ഹരിയുടെ പതിവ് ചിക്കന്‍ കറിക്ക് പകരം, പിറ്റേന്ന് ലഞ്ചിന് ഞങ്ങള്‍ക്ക് ഒരു സ്പെഷ്യല്‍ ഡിഷ് ഉണ്ടായിരുന്നു: പറ്റിച്ച് വച്ച അയലക്കറി.
‘എങ്ങനെ ഒപ്പിച്ചു, നീ ഇത്?’.
ഞങ്ങള്‍ക്കത്ഭുതമായി.
‘കൂട്ടുകാരനും ഭാര്യയും വന്നിരുന്നു. അവരുണ്ടാക്കിത്തന്നതാ’ : ഹരി പറഞ്ഞു.

സ്വാദിഷ്ടമായ മീന്‍കറി മാത്രമല്ല, മുറിയില്‍ തങ്ങി നിന്നിരുന്ന ജാസ്മീന്‍ മണവും കുളിമുറിയിലെ മുടിനാരുകളും സീനയുടെ സന്ദര്‍ശനത്തിന്റെ ബാക്കിപത്രമായനുഭവപ്പെട്ടു.

0--0--0--0

പിറ്റേ ആഴ്ചയും അവള്‍ വിളിച്ചു, ‘ഓഫി‘ന്റെ വിവരം പറയാന്‍‍.
‘വീട്ടില്‍ വന്ന കാര്യം എന്നോട് പറയുന്നില്ല, അല്ലേ?’ :ഞാന്‍ പരിഭവിച്ചു.
‘മീന്‍ കറി ഇഷ്ടായോ’ : മറുചോദ്യം.
‘ഒത്തിരിയൊത്തിരി’ : ഞാനറിയിച്ചു.

ഏറെ നേരം സംസാരിച്ചു ഞങ്ങള്‍.ഹോസ്റ്റലില്‍ ഫോണ്‍ ഇല്ല. മെസ്സില്‍ ഭക്ഷണം കഴിക്കാന്‍ വരുമ്പോഴേ വിളിക്കാനൊക്കൂ. ഹരിയാണെങ്കില്‍ കാലത്ത് മാത്രമല്ലേ ഓഫീസില്‍ കാണൂ? ‘അത് കൊണ്ടാ നിന്നെ ഞങ്ങളുടെ ‘ഹംസ’മാക്കിയത്’:അവള്‍ വിശദീകരിച്ചു.

പാവപ്പെട്ട ഒരു കുടും‌ബത്തിലെ മൂത്ത മകളാണ് സീന. SSLC പാസായപ്പോള്‍ ഇടവക പള്ളി വികാരിയുടെ സഹായത്താല്‍‍ ഭരണങ്ങാനത്തെ നഴ്സിംഗ് സ്കൂളില്‍ കയറിപ്പറ്റി. പ്രമേഹ രോഗിയായ അപ്പച്ചനും സ്കൂളില്‍ പഠിക്കുന്ന രണ്ടനിയത്തിമാരും ഒരനിയനും അവളുടെ സംരക്ഷണയിലാണ്. വര്‍ഷങ്ങള്‍‍ക്ക് മുന്പ് മരിച്ച് പോയ അമ്മയെപ്പറ്റി പറഞ്ഞപ്പോള്‍ അവളുടെ സ്വരം ഇടറി.

പിറ്റേന്നും പറ്റിച്ച് വച്ച മീന്‍ കറി കൂട്ടി ചോറുണ്ണാന്‍ ഭാഗ്യമുണ്ടായി, ഞങ്ങള്‍ക്ക്.
പരസ്പരം നോക്കി കണ്ണിറുക്കിയതല്ലാതെ ആരും ഒന്നും പറഞ്ഞില്ല. അപ്പം തിന്നാ പോരേ, കുഴിയെണ്ണണോ എന്ന ചിന്തയാലാവാം.

മുറിയില്‍ തങ്ങി നിന്ന സുഗന്ധം ശ്വാസകോശങ്ങളിലേക്കാവാഹിച്ച് ആ ഗന്ധത്തിന്നുടമയുടെ രൂപം നിനവില്‍ മെനയാന്‍ കൊതി പൂണ്ടൂ, മനസ്സ്.

ഒട്ടും പ്രതിക്ഷിക്കാതെ പിറ്റേന്ന് അവളുടെ ഫോണ്‍ എന്നെത്തേടിയെത്തി‍.‘എന്താ സീനേ, ഈയാഴ്ച രണ്ട് ഓഫുകളുണ്ടോ?‘‘
‘ഇല്ല കുട്ടാ, നിന്നോട് സംസാരിക്കണമെന്നൊരാശ.’

സ്നേഹം മൂക്കുമ്പോള്‍ അമ്മ എന്നെ കുട്ടാ എന്ന് വിളിക്കാറുണ്ടെന്നോര്‍ത്തപ്പോള്‍ മനസ്സ് കാന്തമായി, എവിടെയോ ഉള്ള ഒരു പച്ചിരുമ്പിന് തുരുമ്പിന് വേണ്ടി പനിച്ചു.

‘ഓ, എന്നതാ കാര്യം?’ :ഞാ‍നവളുടെ സംസാരരീതി അനുകരിക്കാന്‍ ശ്രമിച്ചു.
‘അപ്പച്ചനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുവാ. കാല്‍ മുറിച്ച് മാറ്റേണ്ടി വരുമെന്ന് പറഞ്ഞൂ ഡോക്ടര്‍. മനസ്സിനൊരു സമാധാനവുമില്ല"
‘ വിഷമിക്കാതെ, സീനേ; പ്രമേഹം മുര്‍ച്ഛിച്ചാല്‍ പിന്നെന്ത് ചെയ്യും? ഒരു നഴ്സായ നിനക്കറിയാത്തതല്ലല്ലോ ഇതൊന്നും?’

അപ്പച്ചന്‍ കിടപ്പിലായാല്‍ സഹോദരങ്ങളുടെ കാര്യം അവതാളത്തിലാകുമല്ലോയെന്നായിരുന്നു, അവളുടെ ഉല്‍ക്കണ്ഠ‍. കരഞ്ഞും തേങ്ങിയും മൂക്ക് പിഴിഞ്ഞും അവളേറെനേരം സംസാരിച്ചു.
"നിന്നോട് സംസാരിച്ചപ്പോള്‍ അല്പം സമാധാനം തോന്നുന്നു. എനിക്കിങ്ങനെ പതം പറയാനും കരയാനും വേറെയാരുമില്ലല്ലോ?’
‘അല്ല, ഇത്ര നേരമായിട്ടും ആരും ഫോണ്‍ ചെയ്യാ‍ന്‍ വന്നില്ലേ?’ : ഞാന്‍ ചോദിച്ചു.
‘മെസ്സില്‍ ഭയങ്കര ശല്യമാ. ഒരു മിനിറ്റ് തികച്ചും സംസാരിക്കാന്‍ പറ്റിത്തില്ല. അടുത്തുള്ള ഒരു ബൂത്തീന്നാ ഞാന്‍ വിളിക്കുന്നേ"

0--0--0--0
അതൊരു പതിവായി. നൈറ്റ് ഡ്യൂട്ടിയുള്ള ദിവസങ്ങളില്‍ അവള്‍ കാലത്ത് തന്നെ വിളിക്കും, ഏറെ നേരം സംസാരിക്കും.നല്ലൊരു വായനക്കാരി കൂടിയായിരുന്ന അവളുടെ പല അഭിരുചികളും എന്റേത് കൂടിയാണല്ലോ എന്നത്ഭുതപ്പെട്ടൂ, ഞാന്‍.

‘ നീ സീനയുമായി സൊള്ളാറുണ്ട്, അല്ലേ?’ : ഒരു ദിവസം ഹരി ചോദിച്ചു.
‘ഉം’: ഒന്ന് പതറിയെങ്കിലും ഞാന്‍ സമ്മതിച്ചു.
‘ബോറഡിക്കുമ്പോള്‍ പാവം പിന്നെന്ത് ചെയ്യും? നീയാണെങ്കി പിടികിട്ടാപ്പുള്ളിയല്ലേ?’ : ഒരു‍ വിശദീകരികരണത്തിന് മുതിര്‍ന്നൂ, ഞാന്‍.
‘എന്താ, ‍ നിങ്ങള്‍ തമ്മില്‍ ലൈനായോ?‘ : അവന്‍ കണ്ണിറുക്കി:‘ അവള്‍‍ക്ക് നിന്നെപ്പറ്റി വല്യ മതിപ്പാണല്ലോ?‘
‘ എന്ത് ചെയ്യാം; എനിക്കല്പം ബുദ്ധി കൂടുതല്‍ തന്നു ദൈവം. പിന്നെ ലൈന്‍....നിന്റെ പെണ്ണിനെ ഞാനെങ്ങനാടാ ലൈനടിക്കുക?’

വാചകമടിച്ച് ഒഴിഞ്ഞു മാറിയെങ്കിലും എനിക്കല്പം കുറ്റബോധം തോന്നാതിരുന്നില്ല.

"വേണമെങ്കില്‍ ആയിക്കോടാ...എനിക്കവളൊരു മുട്ടുശാന്തി മാത്രമാ, അറിയാല്ലോ?"
‘കെട്ടാമെന്ന് വാക്ക് കൊടുത്തതോ?’‘
"കെട്ടാമെന്ന് പറഞ്ഞാലല്ലേ ഇവളുമാരൊക്കെ......ശ്ശെ, നിന്നെപ്പോലൊരു ശുദ്ധന്‍! ഞാനവളെ കെട്ടുക, എന്താ, സ്വപ്നം കാണുകയാ?’ : അവന്‍ പൊട്ടിച്ചിരിച്ചു.
എന്നിട്ട് തുടര്‍ന്നു:
‘ നിനക്കറിയാമോ എട്ടുവീട്ടില്‍ പിള്ളമാരുടെ താവഴിയില്‍പ്പെട്ട തറവാടാ ഞങ്ങടേത്. ആ തറവാട്ടിലേക്ക് ഒരു പീറ അച്ചായത്തിയെ ഞാന്‍ കെട്ടിക്കൊണ്ട് ചെല്ലുക..... ഹാ‍..ഹാ....’: തലയറഞ്ഞ് ചിരിച്ചു, അവന്‍.

ഭാവി ജീവിതത്തിലെ പ്രശ്നങ്ങളും മതപരവും സാമൂഹ്യവും സാമ്പത്തികവുമായ ഭിന്നതകളും എടുത്ത് പറഞ്ഞ് അവനോടുള്ള പ്രേമത്തിന്റെ ഗാഢത അല്പമെങ്കിലും കുറയ്ക്കാനായിരുന്നു പിന്നെ എന്റെ ശ്രമം.
"ആഴ്ച തോറുമുള്ള കൂടിക്കാഴ്ചകളെങ്കിലും ഒഴിവാക്കിക്കൂടെ?" : ഞാന്‍ ചോദിച്ചു.
‘എന്താ കുട്ടാ ഒരു സ്വരം മാറ്റം? നിനക്കെന്നോട് പ്രേമമാണോ?’ : അവള്‍ തിരിച്ച് ചോദിച്ചൂ‍.
‘ഒന്ന് കാണുക പോലും ചെയ്യാത്ത നിന്നോടെനിക്ക് പ്രേമമോ?’ :എന്നായി ഞാന്‍.
അല്പമാലോചിച്ച ശേഷമവള്‍ പറഞ്ഞു:‘എനിക്കും കാണണം, നിന്നെ. വ്യാഴാഴ്ച എനിക്കോഫാ. നമുക്കൊരു സിനിമക്ക് പോയാലോ?’

0--0--0--0
അല്‍‌ഷാബ് സിനിമയില്‍‍ ഒരു നല്ല മലയാള പടമുണ്ട്‍, നേരത്തേ ഓഫീസീന്നിറങ്ങൂ; ഞാന്‍ പിക്ക് ചെയ്യാം’ : ഹരി വിളിച്ചപ്പോള്‍ മനസ്സിലായി അവള്‍ വാക്ക് പാലിച്ചിരിക്കുന്നു.‍

ബൈക്ക് പാര്‍ക്ക് ചെയ്ത്, ടിക്കറ്റെടുക്കാന്‍ ഹരി കൌണ്ടറിലേക്ക് നീങ്ങിയപ്പോള്‍‍ എന്റെ കണ്ണുകള്‍ സീനയെത്തേടി. ബെഞ്ചില്‍ സൊറ പറഞ്ഞിരിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ പരിചയഭാവത്തില്‍ നോക്കി ചിരിച്ചു. കാഴ്ച്ച മറച്ച് മുന്നില്‍ നിന്ന മുഴുത്ത ഒരു ഇടമുത്തിയെ ഒഴിവാക്കി മുന്നോട്ട് നീങ്ങിയപ്പോള്‍ തൂണിന്റെ മറവില്‍ നിന്നും രണ്ട് കൈകള്‍ മുന്നോട്ട് നീണ്ടു:‘ഹലോ കുട്ടാസ്’

-വെളുത്ത സാരി, വെളുത്ത ബ്ലൌസ്, വെളുത്ത ഹാന്‍ഡ് ബാഗ്, വെളുത്ത സാന്‍ഡല്‍‌സ്...... നിര‍ തെറ്റിച്ച് നില്‍ക്കുന്ന കോമ്പല്ല് തുടുത്ത മുഖത്തിന് ഒരു പ്രത്യേക പരിവേഷം നല്‍കി. കുസൃതി നിറഞ്ഞ വലിയ കണ്ണുകള്‍കൊണ്ടെന്നെ അടിമുടി ഉഴിയുകയാണവള്‍.
‘ഹലോ മാലാഖേ’ : ആ കൈകള്‍ എത്തിപ്പിടിച്ചൂ ഞാന്‍.

മുത്തുമണികള്‍ വീണു ചിതറും ശബ്ദത്തോടെ ശരീരം ഇളക്കി ചിരിച്ചൂ, അവള്‍.
‘നോക്കൂ, ചിറകുകള്‍ രണ്ടും അഴിച്ച് വച്ചാ മാലാഖ വന്നിരിക്കുന്നേ’ : തിരിഞ്ഞ് പിന്‍‌വശം പ്രദര്‍ശിപ്പിച്ചു കൊണ്ടവള്‍ പറഞ്ഞു.

വടിവൊത്ത ശരീരം, വിടര്‍ത്തിയിട്ട ഇടതൂര്‍ന്ന മുടി.
‘എന്നെ എങ്ങിനെ മനസ്സിലായി?’ :ഞാന്‍ ചോദിച്ചു.
‘ബുദ്ദൂസേ, ഹരിയുടെ ബൈക്കിലല്ലേ നീ വന്നത്? പിന്നെ ആല്‍ബത്തിലുള്ള എല്ലാ ഫോട്ടോകളും കണ്ടിട്ടുണ്ട്, ഞാന്‍.’

സിനിമ തീരും വരെ അവളിലായിരുന്നൂ എന്റെ ശ്രദ്ധ‍. ഹരിയുടെ കൈ ആ ശരീരത്തില്‍ ഇഴയുന്നതും ഇക്കിളികൊണ്ടവള്‍ പുളയുന്നതും ഒരു തരം നിസ്സഹായാവസ്ഥയില്‍ നോക്കിയിരുന്നൂ, ഞാന്‍.
-ഇവന്റെ പൊയ്മുഖം എങ്ങനെ തുറന്ന് കാട്ടാന്‍ കഴിയും എന്ന ചിന്തയായിരുന്നു, മനസ്സ് നിറയെ.

പിറ്റേന്നവള്‍ വിളിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
അവള്‍ വീണ്ടും വിളിച്ചു.
‘പിണക്കമാണോ?’
‘പിണങ്ങാന്‍ ഞാന്‍ നിന്റെ ആരാ?‘
‘എന്റെ കുട്ടന്‍! അല്ലാതാരാ?" :കുസൃതിയോടെ അവളുടെ മറുചോദ്യം.
‘വേണ്ടാ’ :ഞാന്‍ പൊട്ടിത്തെറിച്ചു.
’ എനിക്ക് നിന്റെ ആരുമാകണ്ടാ.’
‘എന്റെ കുശുമ്പന്‍ കുട്ടാ, കൂട്ടുകാരന്റെ പെണ്ണിനെ മോഹിക്കുന്നത് തെറ്റല്ലേടാ’ :അവളുടെ പെട്ടെന്നുള്ള ചോദ്യം എന്നെ തളര്‍ത്തിക്കളഞ്ഞു.

മനസ്സറിയും യന്ത്രമുണ്ടോ ഇവള്‍ടെ കൈയില്‍?
‘എടീ മണക്കൂസേ, ഹരി നിന്നെ കെട്ടാന്‍ പോകുന്നില്ല..... ഒരിക്കലും’ : ശുണ്ഠി പിടിച്ച് ‍ ഞാന്‍ വിളിച്ച് പറഞ്ഞൂ.
അവള്‍ക്ക് ചിരിയടക്കാനായില്ല.
‘എന്ന് ഹരി പറഞ്ഞോ?"
‘പറഞ്ഞു. മാത്രമല്ല നാട്ടില്‍ അവന് വിവാഹാലോചനകള്‍ നടക്കുന്നൂ."
‘ഓ, അതാണോ? ഹരി പറഞ്ഞായിരുന്നു.
‘ അവള്‍ നിസ്സാര മട്ടിലോതി:
‘വീട്ടുകാരങ്ങനൊക്കെയാ‍... പക്ഷേ ഹരിയെ എനിക്കറിയാം.‘
’‘കാത്തിരുന്നോ’ : ഞാന്‍ പുച്ഛിച്ചു: ‘വീട്ടുകാ‍ര്‍ പെണ്ണിനെ വരെ ഉറപ്പിച്ച് കഴിഞ്ഞു.‍ ചെന്നാലുടനെ കല്യാ‍ണമാ.‘
‘ എങ്കി ഞാന്‍ സഹിച്ചു. നീ എന്തിനാ ചൂടാവുന്നേ?’ : അവളുടെ സ്വരം മാറിയപ്പോള്‍ അനുനയത്തിലേക്ക് മാറി, ഞാന്‍.
‘എന്റെ മാലാഖക്കൊച്ചേ, നിന്നോടത്ര സ്നേഹമുള്ളതുകൊണ്ടല്ലേ പറയുന്നത്? അവന്റെ പ്രേമം വെറും നാട്യമാണ്; കാര്യസിദ്ധിക്ക് വേണ്ടിയുള്ള അഭിനയം."
‘ഹരിക്കുള്ളതിനേക്കാള്‍ കൂടുതല്‍ സനേഹമോ നിനക്കെന്നോട്?’ : അവള്‍ ചോദിച്ചു.
"സംശയമുണ്ടോ?’"എന്നാല്‍ ഹരി കൈവിട്ടാലും പേടിക്കണ്ടല്ലോ? നീയില്ലേ എനിക്ക്?"
-സ്വരത്തില്‍ പുരണ്ടിരുന്ന അപഹാസം മനസ്സിലാക്കാന്‍ കഴിയാത്തത്ര വികാരഭരിതനായിരുന്ന ഞാന്‍ ആവേശം കൊണ്ടു:
’അതെ, നീയെനിക്ക് വാക്ക് തരണം, ഹരിയുടെ തനിനിറം മനസ്സിലായ ആ നിമിഷം മുതല്‍ നീ എന്റേതായിരിക്കുമെന്ന്’
‘വാക്ക് തരുന്നൂ,": ചിരിയുടെ നനവുള്ള സ്വരത്തോടെ അവള്‍ പറഞ്ഞു: ‘ ഇനി എന്റെ കുട്ടന്‍, വേണ്ടാത്തതൊന്നും ആലോചിക്കാതെ, സമാധാനമായിരുന്ന് ജോലി ചെയ്യ്"

0--0--0--0

അടുത്ത മാസം ഹരി നാട്ടില്‍ പോയി. ദിവസങ്ങള്‍ക്കകം പെണ്ണ് കാണലും വിവാഹനിശ്ചയവും നടന്നു.

സീന മിക്ക ദിവസങ്ങളിലും വിളിക്കും. പക്ഷെ സംഭാഷണങ്ങളില്‍ ഹരി കടന്നുവരാതിരിക്കാന്‍ മനഃപ്പൂര്‍വം ശ്രദ്ധിച്ചു ഞാന്‍.

ഒരു ദിവസം പരിഭ്രാന്തിയും സങ്കടവും കലര്‍ന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു:‘കൂട്ടുകാരിക്ക് നാട്ടില്‍ നിന്നൊരു ന്യൂസ്....ഹരിയുടെ കല്യാണം നിശ്ചയിച്ചെന്ന്. നിനക്കറിയാമോ എന്തെങ്കിലും? കത്തിനൊന്നും മറുപടിയില്ല. ഫോണ്‍ ചെയ്തിട്ടും കിട്ടുന്നില്ല’

-ആ നമ്പര്‍ ഒരു പബ്ലിക് ബൂത്തിന്റേതാതെന്ന് ഞാനെങ്ങനെ അവളോട് പറയും?

0--0--0--0

ഗണപതിയുടെ ചിത്രം കൊണ്ടലംകൃതമായ, Hari weds Sobhana എന്നെഴുതിയ, മനോഹരമായ കല്യാണക്കുറി കിട്ടിയ ദിവസം വിവശനും വിക്ഷുബ്ധനുമായിരുന്നു, ഞാന്‍. പെണ്ണിന്റെ ഗുണഗണങ്ങളുടെ വര്‍ണനയും സ്ത്രീധനത്തിന്റെ തരം തിരിച്ചുള്ള കണക്കുമടങ്ങിയ കത്തും കൂടെയുണ്ടായിരുന്നു.

എങ്ങിനെ സീനയോട് പറയും ഇക്കാര്യം എന്നാലോചിച്ചിരിക്കുമ്പോള്‍‍ സീനയുടെ ഫോണ്‍.
"നാളെ ഓഫാ എനിക്ക്’ : അവള്‍ പറഞ്ഞു: "മനസ്സാകെ കലങ്ങി മറഞ്ഞിരിക്യാ. ലീവെടുക്കാനാവുമോ,നിനക്ക്? എവിടെയെങ്കിലും പോയി സ്വൈര്യമായി അല്പം സംസാരിച്ചിരിക്കാം.’

എന്റെ പ്രജ്ഞയുടെ ഇരുള്‍ തിങ്ങിയ കോണിലെവിടേയോ മുഴക്കമുള്ള ചീറ്റലോടെ ഒരൊറ്റക്കണ്ണന്‍ സാത്താന്‍ പ്രലോഭനത്തിന്റെ പത്തിയുയര്‍ത്തി.
‘എങ്കിലെന്റെ മാലാഖേ, നാളെ നീ വീട്ടില്‍ വരുമോ? ഞാനോഫെടുക്കാം. നിന്റെ മീന്‍ കറി കഴിക്കാനൊരാശ.’
‘ശരി,’ അവള്‍ സമ്മതിച്ചു: ‘ഞാനും നേരെ ചൊവ്വേ ഭക്ഷണം കഴിച്ചിട്ടൊത്തിരി നാളായി. കാലത്ത് 9 മണി, ഓക്കേ?’

വയറിന്നസുഖമെന്ന് കളവ് പറഞ്ഞ് റഷീദിനേയും മാധവന്‍‌കുട്ടിയേയും ഓഫീസിലേക്ക് പറഞ്ഞയച്ച്, കുളിച്ച് റെഡിയായിരുന്നൂ, ഞാന്‍.കൃത്യ സമയത്ത് തന്നെ അവളെത്തി. പാറിപ്പറന്ന അളകങ്ങള്‍ ഒതുക്കിയപ്പോള്‍‍ നക്ഷത്രശോഭ ഒളിവിതറിയിരുന്ന കണ്ണുകളില്‍ ദുഃഖത്തിന്റെ കാര്‍മേഘങ്ങള്‍ പടര്‍ന്നിരിക്കുന്നത് കാണായി.

കാല്‍ മുറിച്ച് മാറ്റി ഹോസ്പിറ്റലില്‍ നിന്നും വീട്ടിലെത്തിയ അപ്പച്ചന്റെ മുന്‍‌കോപവും നഴ്സിംഗ് സ്കൂളില്‍ അഡ്മിഷന്‍ ലഭിക്കാതെ പോയ അനിയത്തിയുടെ നൈരാശ്യവും വിവരിച്ചൂ, അവള്‍.പിന്നെ ചോദിച്ചു:
‘എന്താ ഹരിയുടെ വിശേഷങ്ങള്‍? കല്യാണം നടക്കുമോ?’

"മാലാഖേ, കുറച്ച് നേരമായി മീന്‍ വെള്ളത്തില്‍ കിടന്ന് നീന്തുന്നൂ":വിഷയം മാറ്റിക്കൊണ്ട് ഞാനെണീറ്റു:
‘സംസാരമൊക്കെ പിന്നെ..."
‘ഇനി മീന്‍ കറി കഴിക്കാന്‍ തോന്നിയാല്‍ എന്നെ കാത്തിരിക്കരുത്. സ്വയം ഉണ്ടാക്കണം; വാ, ഞാന്‍ പഠിപ്പിച്ച് തരാം’
‘ശരി’ : സന്തോഷമായെനിക്ക്.

അവള്‍ സാരി അഴിച്ച് ഭദ്രമായി മടക്കി, കിടക്കയില്‍ വച്ചു.എന്നിട്ട് ഷെല്‍ഫിന് മുകളില്‍ നിന്നൊരു തോര്‍ത്തെടുത്ത് മാറത്തിട്ടു.

അപ്പോഴാണവളുടെ ശരീരത്തിന്റെ അസാധാരണ മുഴുപ്പുകളില്‍‍ മിഴികളുടക്കിയത്.
-ഈ പരുക്കന്‍ കോട്ടന്‍ സാരിക്കടിയില്‍ നിന്നൊളിഞ്ഞ് നോക്കിയിരുന്നത് ഇത്ര മേനിക്കൊഴുപ്പുള്ള വെള്ളരിപ്രാവുകളോ?
-പൃഥുല പുരോഭാഗമിത്ര താളനിബദ്ധമോ?
-ആഴമേറും നാഭീച്ചുഴിക്കാ‍ധാരം ചുറ്റും തുളുമ്പും പ്രതലങ്ങളോ?

‘എന്താ, ഒരു കള്ള നോട്ടം?’ : അവളുടെ ശബ്ദം, ശൂന്യതയിലേക്കുയര്‍ന്ന എന്റെ മനസ്സിനെ ഭൂമിയിലേക്ക് തിരിച്ച് വിളിച്ചു.

നേരെ നോക്കാതെ ഞാന്‍ പറഞ്ഞു: ‘വസ്ത്രങ്ങളുപയോഗിക്കാത്ത മാലാഖമാരുടെ രൂപം ഒന്ന് സങ്കല്‍പ്പിച്ചതാ’
‘ തത്ക്കാലം നമുക്കീ പാവം മീനുകളെ പറ്റി ചിന്തിക്കാം‘
കൈപിടിച്ച് എന്നെ അടുക്കളയിലേക്ക് നയിക്കുന്നതിന്നിടയില്‍ അവള്‍ വിശദീകരിച്ചു:
‘അടുക്കളയില്‍ കയറിയാല്‍ വിയര്‍ക്കില്ലേ? തിരിച്ച് പോകുമ്പോള്‍ ഉടുക്കാന്‍ വേറെ സാരിയൂണ്ടോ കൈയില്‍‍? അതുകൊണ്ടാ ഈ അഡ്ജസ്റ്റ്മെന്റ്"
‘ഇവിടെ വരുമ്പോഴൊക്കെ ഇതാണോ നിന്റെ വേഷം?’ : ഞാന്‍ ഉദ്വേഗത്തോടെ ചോദിച്ചു.
"പിന്നല്ലാതെ?’

-ഹരിയോട് എന്തെന്നില്ലാത്ത പക തോന്നി.
അതോടൊപ്പം ‍ തിളച്ചു മറിയുന്ന മറ്റൊരു വികാരവും: അസൂയ.

മീന്‍ കഴുകി ചട്ടിയിലിട്ട്, സ്റ്റൌവ് ഓണ്‍ ചെയ്തു.
‘ഇനി നീ ചെയ്യണം എല്ലാം‍. ഞാന്‍ ഗുരു, നീ ശിഷ്യന്‍’
‘ഓം ഗുരുവായ നമഃ’
-മുന്നില്‍ ചെന്ന് കുനിഞ്ഞ് അവളുടെ കാല്‍ തൊടുന്നതായി നടിച്ചു, ഞാന്‍.
ആ ശരീരത്തില്‍ നിന്ന് പ്രസരിക്കുന്ന ഇളം ചൂടിനുണ്ടൊരു സുഗന്ധം!
കൈകളിലുരസിയ സാറ്റിന്‍ പാവാടക്കു ചുറ്റും കാന്തിക പ്രളയം!
തലയിലുരസിയ മാറിടത്തിലെ മിനുപ്പിനെന്തൊരു താളവേഗം!
-ഹരം പിടിപ്പിക്കുന്ന സ്പുല്ലിംഗങ്ങള്‍ ശരീരമാകെ മേഞ്ഞു നടക്കുന്ന പോലെ!

‘വെളിച്ചെണ്ണ രണ്ട് സ്പൂണ്‍’ : അവള്‍‍ തുടങ്ങി.
‘കടുക്, ഉലുവ.....ഉണക്കമുളക് മൂന്നെണ്ണം, പൊട്ടിച്ചിടണം‘
അനുസരിച്ചു, ഞാന്‍.
‘നല്ലവണ്ണം പൊട്ടിക്കഴിഞ്ഞല്ലോ? ഇനി അരിഞ്ഞുവച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക്......ദാ, ഇളക്കണം. അല്ലെങ്കില്‍ കരിയും.ഇനി രണ്ട് സ്പൂണ്‍ മുളക് പൊടി, ഒരു സ്പൂണ്‍ മല്ലി, അര സ്പൂണ്‍ മഞ്ഞള്‍...വറുത്ത മണം വരും വരെ....ഇങ്ങ് താ ഞാന്‍ ഇളക്കാം"
അരികില്‍ ചേര്‍ന്ന് നിന്ന് നസാരന്ധ്രങ്ങള്‍ വിടര്‍ത്തി മണം പിടിച്ചൂ, അവള്‍.
അവളുടെ തോള്‍ എന്റെ തോളിലുരസി, പാറുന്ന മുടിയിഴകള്‍ കഴുത്തിലിക്കിളി പടര്‍ത്തി.
‘എടാ കുട്ടാസേ, ഏത് ലോകത്താ നീ...ദാ കരിയുന്നൂ. അല്പം വെള്ളമൊഴി...ഇനി ഉപ്പ്, വേപ്പില....പുളിയെവിടെ?‘
ഞാന്‍ കൊടമ്പുളി എടുത്ത് കൊടുത്തു.
‘ഒന്ന് തിളയ്ക്കട്ടെ, എന്നിട്ട് ചേര്‍ക്കാം മീന്‍"

0--0--0--0

വിയര്‍പ്പകറ്റാന്‍ സ്പീഡ് കൂട്ടിയ ഫാനിനു കീഴെ ബെഡ്ഡിലിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു: ‘മാലാഖമാരുടെ മടിയില്‍ തല വച്ച് കിടക്കാമോ മനുഷ്യര്‍ക്ക്?‘
എന്റെ നേരെ നോക്കി, കണ്ണുകള്‍ പലവട്ടം തുറന്നടച്ച്, കുസൃതിച്ചിരിയോടെ അവള്‍ തലയാട്ടി.
‘വേണ്ടാ കുട്ടാ, അത് വേണ്ടാ. ആദ്യം തോന്നും മടിയില്‍ തല വയ്ക്കാന്‍ ....പിന്നെ വേറെ പലതും ....നിന്റെ ഇന്നത്തെ നോട്ടവും പെരുമാറ്റവും അത്ര ശരിയല്ലല്ലോ?"
‘അതല്ലാ‘: ഞാന്‍ പറഞ്ഞു:
‘നീയെനിക്ക് തന്ന പ്രോമിസ് ഓര്‍മ്മയില്ലേ?’
‘ഏത് പ്രോമിസ്?’‘
"ഹരി പെണ്ണ് കെട്ടിയാല്‍ പിന്നെ നീ എന്റേതാണെന്ന്.’

-പെട്ടെന്നെന്തോ ഓര്‍ത്തപോലെ ആ മിഴികളിരുണ്ടു.
‘‘കെട്ടട്ടെ. എന്നിട്ടാലോചിച്ചാ പോരേ?’ : അവള്‍ മന്ത്രിച്ചു.
"എന്റെ പൊട്ടിപ്പെണ്ണേ, ഹരിയുടെ വിവാഹമാ ഈ മാസം 21 ന്. വര്‍ക്കല ശ്രീ ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തില്‍. മുഹൂര്‍ത്തം 8.30 നും 9.00 നും മധ്യേ..."

നാടകീയമായി, എന്നാല്‍ അല്‌പത്തം നിറഞ്ഞ ഒരു ചിരിയോടെ, മേശയുടെ ഡ്രോയര്‍ തുറന്ന്, ഹരിയുടെ വിവാഹക്ഷണപത്രിക കാട്ടീ ഞാന്‍.
ആദ്യം തമാശ മട്ടിലും പിന്നെ തികഞ്ഞ അവിശ്വസനീയതയോടെയും അവളാ പത്രിക വാങ്ങി.

ഒരലര്‍ച്ച മുഴങ്ങീ, അവളില്‍ നിന്ന്.കട്ടിലില്‍ കിടന്നവള്‍ ഉരുണ്ടൂ, മുരണ്ടൂ.ഞാന്‍ ഭയത്തോടെ ചുറ്റും നോക്കി.ആരെങ്കിലും വാതിലില്‍ ‍ മുട്ടുന്നുണ്ടോ?

-ബാച്ച്‌ലേഴ്സിന്റെ മുറിയില്‍ നിന്നുയരുന്ന സ്ത്രീവിലാപത്തിന് എന്തര്‍ത്ഥമായിരിക്കും അവര്‍ നല്‍കുക?

അടുത്ത് ചെന്ന് കെട്ടിപ്പിടിച്ച്, മാറോടണച്ച് ആശ്വസിപ്പിക്കണമെന്നുമുണ്ടായിരുന്നു. പക്ഷേ ഈ ഉന്മാദാവസ്ഥയില്‍ അവളുടെ പ്രതികരണം എന്തായിരിക്കുമെന്നറിയില്ലല്ലോ?

അല്പസമയത്തിന് ശേഷം അവള്‍ എഴുന്നേറ്റു.
ബാത് റൂമില്‍ പോയി മുഖം കഴുകി.
തലമുടി ചീകിയൊതുക്കി.
പിന്നെ സാരിയെടുത്തുടുക്കാന്‍‍ തുടങ്ങി.
‘പോകയാണോ?’ : ഞാന്‍ ചോദിച്ചു.
അവള്‍ തലയാട്ടി.
‘കുറച്ച് നേരം കൂടി ഇരിക്കൂ, എന്നിട്ട് പോയാ മതി’ : ഞാന്‍ പറഞ്ഞു.
‘വേണ്ടാ’‘എന്നാലൂണ് കഴിച്ചിട്ട്....’ : ഞാനഭ്യര്‍ത്ഥിച്ചു.

എന്റെ മുഖത്ത് തന്നെ ദൃഷ്ടിയുറപ്പിച്ച് അവളല്പനേരം നിന്നൂ.
ജലാശയങ്ങളായി മാറിയ നയനങ്ങളില്‍ നിന്നുള്ള കുത്തൊഴുക്ക് നിലച്ചിരുന്നില്ല.
സാവധാനം അടുത്ത് വന്ന് വാത്സ്യല്യത്തോടെ എന്റെ മുഖത്തും തലയിലും തലോടി, അവള്‍.

പിന്നെ ചെരിപ്പെടുത്ത് വാതില്‍ തുറന്ന് അപ്രത്യക്ഷയായി.

0--0--0--0

‘കോളൊണി‘ല്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലില്‍ ഒരു ഫ്രഞ്ച് ഡിസ്ട്രിബ്യൂട്ടറുടെ അതിഥിയായി ജര്‍മ്മനിയിലെത്തിയതായിരുന്നൂ, ഞാന്‍.ഭക്ഷണവും താമസവും ഒരുക്കിയിരുന്നെങ്കിലും എന്റെ ‘ജര്‍മ്മന്‍കാരി‘ ചേച്ചി സമ്മതിച്ചില്ല.

" ഞാനിവിടെയുള്ളപ്പോഴോ?"
പച്ചക്കറികളും മസാലകളും നിറച്ച സ്യൂട്ട് കേസ്‍ വലിച്ചിഴച്ച് ഫ്രാന്‍‌ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിന്നും ട്രെയിന്‍ കയറി‍, എസ്സെന്‍ സ്റ്റേഷനിലെത്തുമ്പോഴേക്കും ഞാന്‍ തളര്‍ന്നവശനായിരുന്നൂ.

താമസസ്ഥലമായ ഗ്ലാഡ്ബെക്കിലേക്ക് ഡ്രൈവ് ചെയ്യവെ ചേച്ചി പറഞ്ഞു: ‘ ഇവിടന്ന് ദിവസോം കോളോണില്‍ പോയി വരാന്‍ പാടാ...അത് കൊണ്ട് ഫെയര്‍ തീരും വരെ കോളോണിലുള്ള ഒരു ഫ്രണ്ടിന്റെ വീട്ടിലാ നിന്റെ താമസം.‘’
‘ചേച്ചീ, ഒരു പരിചയവുമില്ലാത്തവരുടെ കൂടെ...?‘
‘സിസിലിയെ നിനകോര്‍മ്മയില്ലേ, ‘ലൂര്‍ദ്ദിലെ‘ എന്റെ റൂം‍ മേറ്റ്? അവളിപ്പോള്‍ ‍ലീവെടുത്ത് വീട്ടിലിരിക്യാ. അതോണ്ട്‍ ഭക്ഷണക്കാര്യവും പേടിക്കണ്ടാ. ഫെയര്‍ തീരുന്ന അന്ന് ഞാനങ്ങ് വരാം. നമുക്കൊരുമിച്ച് പോവാം, സ്വിസ്സിലേക്ക്’

എന്റെ റിട്ടേണ്‍ ടിക്കറ്റ് സൂറിക്കില്‍ നിന്നായിരുന്നു. കസിന്‍ ബ്രദറിന്റെ (കേരള റെസ്റ്റോറണ്ട്, സൂറിക്ക്) കൂടെ അടിച്ച് പൊളിച്ച് രണ്ട് ദിവസം കഴിഞ്ഞ ശേഷം തിരിച്ച് പോരാനായിരുന്നൂ, പ്ലാന്‍.

0--0--0--0

യൂറൊ റെയിലില്‍ സ്വിറ്റ്സര്‍ലണ്ടിലേക്കുള്ള യാത്രാമദ്ധ്യേ ചേച്ചി ചോദിച്ചു:
‘ നീ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു, നമ്മുടെ ടിക്കറ്റ് സൂറിക്കിലേക്കല്ല, ബാസിലിലേക്കാ "‘അതെന്താ?’
"ഇന്ന് രാത്രി നാം ബാസിലില്‍ എന്റെ കൂട്ടുകാരിയുടെ വീട്ടില്‍ തങ്ങുന്നു. സൂറിക്കിലേക്ക് നാളെ!’

(*ബാസില്‍: ജര്‍മ്മനിയുടേയും ഫ്രാന്‍സിന്റേയും സ്വിറ്റ്സര്‍ലണ്ടിന്റേയും അതിര്‍ത്തികള്‍ സമ്മേളിക്കുന്ന സ്വിറ്റ്സര്‍ലണ്ടിലെ രണ്ടാമത്തെ വലിയ സിറ്റി).

‘സ്റ്റൈന്‍ബെര്‍ഗ്’
സ്റ്റേഷന് പുറത്ത് കാത്ത് നിന്നിരുന്ന ടാക്സിക്കാരന് ചേച്ചി നിര്‍ദ്ദേശം നല്‍കി.
എന്നിട്ടെന്റെ നേരെ തിരിഞ്ഞു:‘എടാ‍, ഒരുങ്ങിയിരുന്നോ, നിനക്ക് മറക്കാനാവാത്ത ഒരു സര്‍പ്രൈസ് തരാന്‍ പോകുന്നു"
‘ഓ, ചേച്ചീടെ വല്ല പഴേ ‘ഗഡി’കളുമാകും’ : ചിന്തിച്ചൂ, ഞാന്‍.

സാമാന്യം വലിയ ഒരു ബില്‍ഡിംഗിന് മുന്‍പില്‍ കാര്‍ നിന്നു. കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തിയപ്പോള്‍ സ്പീക്കറിലൂടൊരു സ്ത്രീസ്വരം: ‘ചേച്ചിയെത്തിയോ?’

ഒരു കള്ളച്ചിരിയോടെ എന്നെ വാതിലിന് മുന്‍പിലേക്ക് നീക്കി നിര്‍ത്തി, ചേച്ചി:‘കണി നീ തന്നെയാവട്ടെ!’
‘കണിയൊ, ഇന്നെന്താ വിഷുവാണോ?": ചേച്ചിയെ സംശത്തോടെ നോക്കി ഞാന്‍.

വാതില്‍ തുറന്നു.
ഹൃദയമിടിപ്പ് നിലച്ച്, അത്ഭുതസ്തബ്ധനായി നിന്നൂ പോയീ ഞാന്‍.

തടിച്ച ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വെളുത്ത ഗൌണ്‍,
കഴുത്തറ്റം വെട്ടിയ മുടിക്ക് ചെമ്പന്‍ നിറം,
പക്ഷേ വിടര്‍ന്ന പീലിക്കണ്ണുകളില്‍ കുസൃതി നിറഞ്ഞ അതേ നോട്ടം,
ചെഞ്ചുണ്ടുകളില്‍ വശ്യമായ ചിരി,
മുഖം നിറയെ പൂത്ത് നില്ക്കുന്ന പൂനിലാവ്....

"മാലാഖ!’: ഞാന്‍ മന്ത്രിച്ചു.
എന്നെ വട്ടം കെട്ടിപ്പിടിച്ച് ഇരുകവിളുകളിലും‍ മാറി മാറി ചും‌ബിച്ചുകൊണ്ടവള്‍ പ്രതിവചിച്ചു: ‘അതേ കുട്ടാ, മാലാഖ, നിന്റെ പഴയ മാലാഖ’

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രേമഭംഗമെന്ന ബുള്‍ഡോസര്‍ ഞെരിച്ചമര്‍ത്തിയ ഹൃദയത്തിന്റെ ശകലങ്ങളും പെറുക്കി, അജ്ഞാതവാസത്തിന് ജര്‍മ്മനിയിലെത്തിയ കാലം മുതലേ ചേച്ചിക്കവളെ അറിയാമായിരുന്നു. പക്ഷെ അടുത്ത കാലത്ത് മാത്രമാണ്, തന്റെ ദുബായ് പ്രവാസത്തിന്റെ അടച്ച് മൂടിയ രഹസ്യ അറ, അവള്‍ തുറന്ന് കാട്ടിയത്.

'എന്റെ അനിയന്‍ ദുബായിലുണ്ട്’: ചേച്ചി അഭിമാനപൂര്‍വം പറഞ്ഞു.
‘ഓഹൊ : അവള്‍ തലയാട്ടി.
മുന്‍ കൊല്ലം താന്‍ നടത്തിയ ‘ദുബായ് ട്രിപ്പിന്റെ‘ ഫോട്ടോകള്‍ കാട്ടി ദുബായ് പ്രതാപങ്ങളുടെ വിവരണം ചേച്ചി തുടര്‍ന്നപ്പോള്‍ പിടിച്ചു നില്‍ക്കാനായില്ലാ അവള്‍ക്ക്.വിങ്ങിപ്പൊട്ടിക്കൊണ്ടവള്‍ പറഞ്ഞൂ:
‘എനിക്കറിയാം ചേച്ചിയുടെ അനിയനെ, ഞങ്ങള്‍ പരിചയക്കാരാ"

-ഒരു കുമ്പസാരമായ് മാറി, അവളുടെ മൊഴികള്‍.

‘അപ്പോ ചേച്ചിക്കും രഹസ്യങ്ങള്‍‍ സൂക്ഷിക്കാനറിയാം അല്ലേ?’വായാ‍ടിയെന്ന് പരക്കെ അറിയപ്പെടുന്ന ചേച്ചിയെ കളിയാക്കി, ഞാന്‍.

0--0--0--0

കേരളീയ വിഭവങ്ങള്‍ നിരത്തിയ ഡൈനിംഗ് ടേബിളിന് മുന്‍പിലിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു;‘ അല്ല മാലാഖേ, നിന്റെ ഗന്ധര്‍വനെവിടെ?’
‘ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സെക്യൂരിറ്റിയാ പുള്ളി. ഗന്ധര്‍വനായതോണ്ട് സ്ഥിരം നൈറ്റ്ഡ്യൂട്ടിയാ‍....’
അവളുടെ സ്വരത്തിലെ മരവിപ്പും ഉദാസീനതയും എന്നെ അത്ഭുതപ്പെടുത്തി.

ഭക്ഷണം കഴിഞ്ഞെഴുന്നേറ്റപ്പോള്‍ സ്വതസിദ്ധ ശൈലിയില്‍, ചേച്ചി അറിയിച്ചു:
‘എടാ, എന്തോ കൊടുക്കല്‍-വാങ്ങല്‍ ഇടപാടുകള്‍ നിങ്ങള്‍ തമ്മിലുണ്ടെന്നാ ഇവള്‍ പറയുന്നത്. അതിന്ഇടനിലക്കാരിയാകാന്‍ ഞാനില്ല. ഗുഡ് നൈറ്റ്. ഉറക്കം വരുന്നു"

ചേച്ചി സോഫയിലേക്ക് ചാഞ്ഞു.മഞ്ഞ്

മണമുള്ള രാത്രിയില്‍, മങ്ങിയ നീലവെളിച്ചം വിതറിയ മുറിയില്‍, പതുപതുത്ത കിടക്കയില്‍ എന്നെപ്പിടിച്ചിരുത്തീ, അവള്‍.
‘ മാലാഖക്കൊച്ചേ, ചേച്ചിയെന്താ പറഞ്ഞേ?": കാല്പനികതയുടെ കത്തിവേഷങ്ങള്‍ സ്മൃതിമണ്ഢലം നിറഞ്ഞാടിയപ്പോള്‍ വരണ്ട തൊണ്ടയില്‍ നിന്നും പൊഴിഞ്ഞ വാക്കുകള്‍ക്കും അവ്യക്തതയുണ്ടായിരുന്നു.
"നീ എനിക്ക് മാപ്പു തരണം."
‘മാപ്പോ, എന്തിന്?’
‘എന്റെ പൊന്നേ"‍ : എന്നെ പിടിച്ച് കട്ടിലില്‍ കിടത്തീ, അവള്‍ അരികിലിരുന്നൂ.
പിന്നെ എന്റെ ശിരസ്സെടുത്ത് സമൃദ്ധമായ ആ മടിയില്‍ വച്ചു.
രണ്ട് കൈകള്‍ കൊണ്ടും എന്റെ മുഖം കോരിയെടുത്തു.
‘ മാപ്പ്, കാക്കത്തൊള്ളായിരം മാപ്പ്.
-നിന്നെ അവിശ്വസിച്ചതിന്....
-തമ്മില്‍ കാണാന്‍ വിസമ്മതിച്ചതിന്...
-അറിയിക്കാതെ ഒളിച്ചോടിയതിന്....
-കത്തുകള്‍ക്ക് മറുപടി തരാതിരുന്നതിന്!‘

അവള്‍ തുടര്‍ന്നു:" കല്യാ‍ണം കഴിഞ്ഞു, ഒരു കുട്ടിയുമായി.
എന്നിട്ടും നിന്നെ ഒന്ന് വിളിക്കാന്‍ തോന്നിയില്ലല്ലോ?’

കൈകളിലും മുഖത്തും ചുണ്ടിലുമായി ഇടറിവീണ അവളുടെ അശ്രുകണങ്ങള്‍ തുടച്ച് മാറ്റാന്‍ ഞാന്‍‍ ബദ്ധപ്പെട്ടില്ല, അവളും.

-സംസാരിച്ച് കൊണ്ടിരുന്നു, അവള്‍ഭര്‍തൃഗൃഹത്തില്‍ വളരുന്ന കുഞ്ഞിനെപ്പറ്റി,ഭര്‍ത്താവിന്റെ ആല്‍കഹോളിസത്തെപ്പറ്റി,ഇറ്റലിയില്‍ ജോലിയാക്കിക്കൊടുത്തിട്ടും തിരിഞ്ഞു നോക്കാത്ത അനിയത്തിയെപ്പറ്റി,കോളേജില്‍ പോകാതെ മയക്കുമരുന്നും ഗുണ്ടായിസവുമായി നടക്കുന്ന അനിയനെപ്പറ്റി....

അവളുടെ വയറിന്റെ ചൂട് പറ്റി,കൈകള്‍ പിടിച്ച് നെഞ്ചില്‍ ചേര്‍ത്ത്,ആ മുഖത്ത് തന്നെ ദൃഷ്ടികളൂന്നി, അവളുടെ വികാരങ്ങളുടെ തീഷ്ണതയുമായി താദാത്മ്യം പ്രാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നൂ, ഞാന്‍.

Monday, July 14, 2008

പിതാവും പുത്രനും പിന്നെ.....(ഇന്നലെയുടെ ജാലകങ്ങള്‍ -5)

പിതാവും പുത്രനും പിന്നെ...



"ഇന്‍സ്പെക്‍ഷന്‍ ഡേ‘യാ നാളെ!   ലീവിന്റെ കാര്യം ആലോചിക്കയേ വേണ്ടാ.’
ദ്രൗപതി ടീച്ചറുടെ വാക്കുകള്‍ക്ക്‌ കാരിരുമ്പിന്റെ കാഠിന്യം.
‘ചേട്ടന്റെ കല്യാണാ ടീച്ചര്‍ ‍, ലീവ് വേണം", ഞാന്‍ വാശി പിടിച്ചു.
“എങ്കില്‍ കാലത്ത് സ്കൂളീ വാ. ഡീ ഈ ഓ പോയ ശേഷം ലീവ്...":ടീച്ചര്‍ അനുരഞ്ജനത്തിന്റെ പാതയില്‍ ‍.

"മുഹൂര്‍ത്തം 9.30 നും 10.15നും മദ്ധ്യേ. 7 മണിക്ക്‌ വരനും പാര്‍ട്ടിയും വധൂഗൃഹത്തിലേക്ക്‌ പുറപ്പെടുന്നതായിരിക്കും": ക്ഷണക്കത്തിലെ വാചകങ്ങള്‍ മനസ്സില്‍ തെളിഞ്ഞ് നിന്നു
-'എങ്ങനെ സ്കൂളില്‍ വരാനാ?  ടീച്ചറെ അറിയിച്ചല്ലൊ; അത് മതി.'

വെല്ലിശന്റെ  മൂത്തമോന്‍ ഗിരീശേട്ടന്റെ കല്യാണത്തിന് ‘പെണ്ണ് കൊണ്ട് വരാന്‍ ‘  ഒരു ബസ്സും നാ‍ല് കാറുകളുമാണ് ബുക്ക് ചെയ്തിരിക്കുന്നത്.

 രണ്ടാഴ്ച മുന്‍പ് തന്നെ ഗിരീശേട്ടന്‍ ബോംബേന്ന് വന്നു.
"കല്യാണ വരവല്ലേ, കാര്യായി എന്തെങ്കിലുമൊക്കെ കൊണ്ടന്ന് കാണും. ഒന്ന് പോയി നോക്കിയാലോ:' വീട്ടില്‍ വല്യേച്ചിക്ക്‌ മാത്രമാണ് ഗിരീശേട്ടനോട് അല്പമെങ്കിലും ആരാധന.
ചെന്നപ്പോള്‍ കിട്ടിയതോ, വായിലലിട്ടാല്‍ ഒട്ടുന്ന വില കുറഞ്ഞ രണ്ട് ചോക്ലേറ്റ് തുണ്ടുകള്‍!

 പഠിക്കാന്‍ മിടുക്കനായിരുന്ന ഗിരീശേട്ടന്‍ പത്താം ക്ലാസ്‌ പാസായ ഉടനെ ബോംബേക്ക് വണ്ടി കയറി. ബോംബേയില്‍ മദ്രാസികള്‍ അര്‍മാദിക്കുന്ന കാലം.  റെയിവേയുടെ തലപ്പത്ത് മുഴുവന്‍ മലയാളികളും. അതിനാല്‍ ജോലി തേടി ഗിരീശേട്ടനധികം അലയേണ്ടിവന്നില്ല.

വൈറ്റ് കോളര്‍ ജോബും ‘ജയകേരളം‘ മാസികയില്‍ പ്രസിദ്ധീകരിച്ച മൂന്നാല് കവിതകളുടെ പരിവേഷവുമൊക്കെയായപ്പോള്‍ ഗിരീശേട്ടന്‍ ‘പക്കാ ജെന്റില്‍ മേനാ‘യി. അതിനാല്‍ തന്നെ പഠിത്തം മുഴുമിപ്പിക്കാതെത്തിയ അനുജന്‍  രാധേയനെ കൂടെ കൂട്ടാന്‍ വിസമ്മതിച്ചു. പക്ഷെ കരുണ തോന്നി റെയില്‍‌വേ യാര്‍ഡില്‍ ‘ഹെല്‍പര്‍ ‍‘  ജോലിക്കൊരു റെക്കമെന്റേഷന്‍ കൊടുത്തു.

നാടടക്കം വിളിച്ച്‌, നാ‍ല് നില പന്തലിട്ട്, നാലു തരം പായസം വിളമ്പി മകന്റെ വിവാഹം കെങ്കേമമായി നടത്തുമെന്ന് വെല്ലിശന്‍ വീമ്പടിച്ചു.

കല്യാണത്തിന് അണിഞ്ഞൊരുങ്ങി   ഹാഫ്‌ സാരി ചുറ്റി സുന്ദരികളായി വന്നൂ ഗിരീശേട്ടന്റെ പെങ്ങള്‍ വിശാലേച്ചിയും വല്യേച്ചിയും മറ്റും.

"ഞങ്ങള്‍ ബസ്സിലാ.....കടംകഥ പറഞ്ഞ്‌, പാട്ടു പാടി പോകാം. വരുന്നോ?": വല്യേച്ചി വിളിച്ചു.
"ഹേയ്‌, ഇല്ല. ഞാന്‍  ഏറ്റം മുന്‍പത്തെ കാറിലാ. നിങ്ങ വേണെങ്കി പിന്നാലെ വാ...." ഞാന്‍ മുന്നോട്ടോടി.

എത്ര അടുക്കിക്കയറ്റിയിട്ടും നാലഞ്ച് പേര്‍ പുറത്ത് ബാക്കിയായപ്പോള്‍ അലങ്കരിച്ച കറുത്ത അംബാസഡറില്‍ നിന്ന് ഗിരീശേട്ടന്‍ ഇറങ്ങി വന്നു. മുന്‍സീറ്റില്‍ ഞെളിഞ്ഞിരിക്കുന്ന എന്നെ കണ്ടതോടെ കല്യാണച്ചെറുക്കനു കലിയിളകി: "നിന്റെ വീട്ടീന്ന് ചേച്ചിയെ മാത്രേ തൃപ്രയാര്‍ക്ക് പോകാ‍ന്‍ ക്ഷണിച്ചിട്ടുള്ളൂ. താഴെയിറങ്ങടാ....." കൈയില്‍ പിടിച്ച് ഗിരീശേട്ടനെന്നെ പുറത്തിറക്കി. കൂടെ കാര്യസ്ഥന്‍ വേലപ്പന്റെ മകന്‍ നാരായണനെയും.

അപ്പോഴാണ് എന്റെ നീലയും ചുവപ്പും കള്ളികളുള്ള പഴയ ലിനന്‍ ഷര്‍ട്ട്‌ ആ ദൃഷ്ടികളിലുടക്കിയത്: ‘ഇട്ടിരിക്കുന്ന ഷര്‍ട്ട് കണ്ടില്ലേ, പിച്ചക്കാരനെപ്പോലെ. കല്യാണത്തിന് വരുന്ന വേഷമാണോടാ ഇത്‌?"

നിറഞ്ഞ കണ്ണുകള്‍ ഇറുക്കിയടച്ച്‌, അപമാനഭാരം മനസ്സിലേറ്റി, കുനിഞ്ഞ ശിരസ്സുമായി നടന്ന് നീങ്ങിയ ആ നാലാം ക്ലാസ്സുകാരനെ നീണ്ട്‌ വന്ന രണ്ട്‌ കൈകള്‍ ബസ്സിനുള്ളിലെത്തിച്ചു.

"മോന്‍ വെഷമിക്കണ്ടാ ട്ടോ.  ബസ്സില്‍, ദാ ഇങ്ങനെ നിന്ന് പോകുന്നതിന് ആര്‍ക്കാ ത്ര ചേതം ന്ന് നോക്കാലോ?"
വല്യേച്ചിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

പന്തലില്‍ കയറും മുന്‍പ്‌ ചേച്ചിയുടെ നിഴലായി നടക്കുന്ന എന്നെ ഗിരീശേട്ടന്‍ വീണ്ടും പിടികൂടി.
"വലിഞ്ഞ് കേറി വന്നോ, നാശം....പിന്നിലെങ്ങാനും പോയി നിന്നേക്കണം ട്ടോഡാ."

ഈയിടെ വല്യേച്ചിയുടെ ഫോട്ടോ ശേഖരത്തില്‍ ‍, ഗിരീശേട്ടന്‍ കൗമുദിച്ചേച്ചിയുടെ കഴുത്തില്‍ താലി കെട്ടുന്ന ചിത്രത്തില്‍ ‍, ഇരുവര്‍ക്കും നടുവിലായി, മേലോട്ട്‌ നോക്കി പുഞ്ചിരിക്കുന്ന കള്ളി ലിനന്‍ ഷര്‍ട്ടുകാരന്റെ മങ്ങിയ മുഖം കണ്ടപ്പോള്‍ മനസ്സില്‍ പൊറ്റകെട്ടിക്കിടന്ന വലിയൊരു മുറിവിന്റെ തൊലിയടര്‍ന്നു, നിണമുതിര്‍ന്നു.

അഞ്ചിലും എട്ടിലും സ്കോളര്‍ഷിപ്‌ ലഭിച്ചിരുന്നതിനാല്‍ വലിയ പ്രതീക്ഷകളായിരുന്നു, എന്നെപ്പറ്റി. പത്തിലെ റിസല്‍റ്റ്‌ വന്നപ്പോള്‍ ‍, അത് വരെ മുറുകെ പിടിച്ച മൂല്യങ്ങളും വാശിയും അഭിമാനവുമൊക്കെ വെടിഞ്ഞ്, അച്ഛന്‍ ചേട്ടനും ഇളയച്ചന്മാര്‍ക്കും കത്തെഴുതി.

"നല്ല മാ‍ര്‍ക്കുണ്ട് അവന്;  സ്കൂളില്‍ ഫസ്റ്റാണ്. കോളേജില്‍ ചേര്‍ത്ത് പഠിപ്പിക്കണം. പക്ഷെ എന്നെക്കൊണ്ട്‌ തനിയെ ..."

വേഗമെത്തീ ഗിരീശേട്ടന്റെ മറുപടി:"കോളേജില്‍ പഠിച്ചിട്ടെന്ത് കാര്യം? പാപ്പനവനെ ഐ ടി ഐയില്‍ ചേര്‍ക്ക്. നല്ല മാര്‍ക്കല്ലേ, സീറ്റ്‌ കിട്ടാതിരിക്കില്ല. ചാലക്കുടി അടുത്തായത്കൊണ്ട്  ദിവസവും പോയ്‌ വരാം. ചായക്കടക്കൊരു സഹായവുമാകും."

ബാലപംക്തികളില്‍ പിച്ച വച്ച്‌ തുടങ്ങിയ എന്റെ 'സാഹിത്യ രോഗം' പാരമ്യത്തിലെത്തിയത്‌ സച്ചി മാഷ്‌ (കെ.സച്ചിദാനന്ദന്‍ ‍)ക്രൈസ്റ്റ് കോളേജില്‍ ലക്ചറര്‍ ആയെത്തിയതോടെയാണ്.   കൂണുപോലെ മുളച്ച്‌ പൊന്തിയ ഇന്‍ലാന്‍ഡ്‌ മാസികകളായിരുന്നു പ്രധാന കളരി. ബോംബെയില്‍ നിന്ന് പ്രസാധനം ചെയ്തിരുന്ന ബോംബെനാദം, ബോംബേവേദി, കല്‍ക്കത്തയിലെ രാജധാനി എന്നീ വാരികകളില്‍ ‘കൃത്യങ്ങള്‍ ‍‘ തുടര്‍ച്ചയായി വെളിച്ചം കണ്ടു. കുങ്കുമത്തിലും കേരളശബ്ദത്തിലും വന്നൂ ചില സാഹസങ്ങള്‍ .

ഗിരീശേട്ടന്റെ പോസ്റ്റ്‌ കാര്‍ഡ്‌ വീണ്ടും എന്നെത്തേടിയെത്തി.
"അറിയപ്പെടുന്ന ഒരു കവിയായത് കൊണ്ട് എന്നോട് പലരും ചോദിക്കുന്നൂ വാരികകളില്‍ പ്രത്യക്ഷപ്പെടുന്ന ഈ പുതിയ 'അവതാരം' ആരെന്ന്? വീട്ടുപേര്‍ വാലായി ചേര്‍ത്ത് എന്തിനാണ് എന്നെ അധിക്ഷേപിക്കുന്നത്?  പേരിനോടൊപ്പം ദേശപ്പേരാണ് നിനക്ക് ചേരുക. അല്ലെങ്കില്‍ തൂലികാനാമം"

അടുത്ത ആഴ്ച മുതല്‍ നിരൂപണങ്ങള്‍ തൂലികാനാമത്തിലാക്കി. പക്ഷേ കഥയെഴുത്ത്‌ സ്വന്തം പേരില്‍ തുടര്‍ന്നു.

വല്യമ്മയുടെ മരണശേഷം മുഴുവന്‍ സമയ സുരപാനിയും വേശ്യാരതനുമായി മാറിയ വെല്ലിശന് പക്ഷേ ആ ചര്യ അധികനാള്‍ തുടരാനായില്ല. മരക്കമ്പനിയില്‍  അറക്കാനട്ടിയിട്ട മരത്തടികളുടെ മുകളില്‍ ‍, ഒരു ദിവസം ആ പരാക്രമി തളര്‍ന്ന് വീണു.

പെണ്മക്കള്‍ ഭര്‍തൃഗൃഹങ്ങളില്‍ ‍.
ആണ്മക്കള്‍ സകുടുംബം ബോംബെയിലും.
-അല്പം വെള്ളമെടുത്ത്‌ കൊടുക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ.

വീട്ടുകാരുടേയും നാട്ടുകാരുടേയും പ്രേരണകള്‍ക്ക്‌ വഴങ്ങി, മനസ്സില്ലാ മനസ്സോടെ, അച്ഛനെ ബോംബേക്ക് കൊണ്ട് പോയി, മകന്‍ രാധേയന്‍.

അക്കാലത്താണ്, ഡിഗ്രി കഴിഞ്ഞ്, ജോലി തേടി ഞാന്‍ ബോംബെയിലെത്തുന്നത്.  അയല്‍ക്കാരന്‍ കൂടിയായ സഹമുറിയന്‍ രാജന്‍ പറഞ്ഞു: "ഗിരീശേട്ടന്‍ വിചാരിച്ചാല്‍  ജോലിക്കാണോ പ്രയാസം. ഒന്ന് പോയി നോക്കു"
ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
"വെല്ലിശനിപ്പോ ഗിരീശേട്ടന്റെ കൂടെയാ. രോഗമൊക്കെ ഭേദമായി. ഉടന്‍ നാട്ടില്‍ പോകുമെന്നാ കേട്ടത്.’
‘വെല്ലിശനെ ഒന്ന് കാണണം’: ഞാന്‍ പറഞ്ഞു
"എങ്കില്‍ നാളെത്തന്നെ പോകാം. ഞായറാഴ്ചയല്ലേ? പറ്റിയാ നിന്റെ ജോലിക്കാര്യോം പറയാം,  എന്താ?“

തകരപ്പെട്ടി തുറന്ന് അതില്‍ നിന്ന് ഒരു കടലാസ്‌ പാക്കറ്റെടുത്തു, രാജേട്ടന്‍ .
"വെല്ലിശനെ കാണാന്‍ വെറും കയ്യോടെ പോണ്ടാ. ദാ,  ചൌപ്പാട്ടീന്ന് വാങ്ങിയ ഒരു കാഷ്മീര്‍ ഷാളാ. വല്യ വിലയൊന്നുമില്ലാ......"

കല്യാണ്‍ റെയില്‍വേ സ്റ്റേഷനു മുന്‍പിലുള്ള ഹൗസിംഗ്‌ ബോര്‍ഡില്‍ ആയിരുന്നൂ ഗിരീശേട്ടന്റെ ക്വാര്‍ട്ടേഴ്സ്‌.
"ഓ, നീയും വന്നോ ബോംബെക്ക്? ആരും പറഞ്ഞില്ലല്ലോ?": വാതില്‍ തുറന്നപ്പോള്‍ അത്ഭുതത്തോടെ കൌമുദിച്ചേച്ചി.

സോഫയില്‍ കിടന്ന് പത്രം വായിച്ചിരുന്ന ഗിരീശേട്ടന്‍ തലയുയര്‍ത്തി."വാ, വാ രാജാ, കണ്ടിട്ടൊരു പാട്‌ നാളായല്ലോ? അല്ല, ഇവന്‍ നിങ്ങടെ കൂടെയാണോ?"
"വെല്ലിശന്‍ ‍?" കസേരയിലിരിക്കെ ഞാന്‍ ചോദിച്ചു.
“ഊണ് കഴിഞ്ഞ് കിടന്നതാ. ഉറക്കമായിരിക്കും"
"പിള്ളേരോ?"
"ട്യൂഷന് പോയി. ഞാന്‍ ചായയെടുക്കാം"
കൗമുദിച്ചേച്ചി അടുക്കളയിലേക്ക്‌ വലിഞ്ഞു.

"ചേട്ടനിപ്പഴും മഫത്‌ലാലില്‍ തന്നെയല്ലേ? നീ മേക്കര്‍ ഭവനിലെ ജോലി വിട്ടെന്ന് കേട്ടു. അച്ഛനിപ്പോ അസുഖമൊന്നുമില്ലല്ലോ?" എന്നെ പാടെ അവഗണിച്ച്‌, ഗിരീശേട്ടന്‍ രാജേട്ടന് നേരെ ചോദ്യങ്ങളെറിഞ്ഞു കൊണ്ടിരുന്നു.

ചായയും ചിവ്ഡയുമായി ചേച്ചി രംഗപ്രവേശം നടത്തിയപ്പോള്‍ ‍, റൂമിന്റെ വാതിലില്‍ വെല്ലിശന്റെ വെള്ളത്തലമുടി തെളിഞ്ഞു.
"വെല്ലിശാ": ഞാന്‍  ഓടിച്ചെന്നു.
അല്പം ഉറക്കെ പറഞ്ഞാലേ വെല്ലിശന് കേള്‍ക്കൂ, അത്‌ കൊണ്ട്‌ മറുപടികളും  ഉച്ചത്തിലായിരിക്കും.
"നീ എപ്പോഴാടാ ബോംബേല് വന്നേ?": വെല്ലിശന്‍ സന്തോഷത്തോടെ എന്റെ തോളില്‍ പിടിച്ചു.
"രണ്ടാഴ്ചയായി"
"ജോലിയായോ?"
"ഇല്ലാ"
"ആ...സാരല്യാ,  കിട്ടും കാളേജിലൊക്കെ പഠിച്ചതല്ലേ?."
"അല്ല, കിഷ്ണന്റെ മോന്‍ രാജനല്ലേടാ അത്‌?" സോഫയിലിരിക്കെ വെല്ലിശന്‍ രാജേട്ടനു നേരേ തിരിഞ്ഞു.
"അതെ, വെല്ലീശാ" : രാജേട്ടന്‍ എഴുന്നേറ്റ് ബഹുമാനം പ്രകടിപ്പിച്ചു.

"നാട്ടില്‍ പോവ്‌ല്ലേ,  ദാ ഇത്‌ വെല്ലിശന്": പാക്കറ്റ്‌ തുറന്ന് ഞാന്‍ കാഷ്മീര്‍ ഷാള്‍ വെളിയിലെടുത്തു.
"ആയ് ...നല്ല മിനുസം......ജോലിയും ശംബളവുമൊക്കെ ആയിട്ട്‌ പോരേടാ സമ്മാനമൊക്കെ" : ഷാളെടുത്ത്‌ തോളിലിട്ട്‌ ഭംഗി ആസ്വദിച്ചുകൊണ്ട്‌ വെല്ലിശന്‍ കുലുങ്ങിച്ചിരിച്ചൂ.

‘നാട്ടില്‍ പോയാ വെല്ലിശന്‍ ഒറ്റക്ക് ...?: രാജേട്ടന്റെ ചോദ്യം."നിങ്ങള്‍ മൂന്ന് പേരും ഇവിടെയുള്ളപ്പോ വെല്ലിശനെ നാട്ടില്‍ വിടണോ?"
"ഇവിടെ നിര്‍ത്താനോ? നല്ല കാര്യായി. അടങ്ങി ഒരിടത്തിരിക്യോ ഇങ്ങേര്? പിന്നെ ദിവസോം ആരാ ചാരായം വാങ്ങിക്കൊടുക്വാ?"
ഗിരീശേട്ടന്റെ പരിഹാസമുയര്‍ന്ന് പൊങ്ങി.
"ദേ, ഇവ്‌ടെ പറ്റില്യാ ട്ടോ, ഇപ്പഴേ പറഞ്ഞേക്കാം!"  കുറുകെ  നടന്ന്, സോഫക്ക്‌ പിന്നിലെത്തി  ഗിരീശേട്ടന്റെ തലക്കിരു വശവും കൈകളൂന്നി, ചേച്ചി നയം വ്യക്തമാക്കി.
"ശ്‌ശ്‌...പതുക്കെ പറ, വെല്ലിശന്‍ കേക്കില്യേ":  ഞാനെണീറ്റു.
"കേള്‍ക്കട്ടെ, കേള്‍ക്കാന്‍ തന്നെയാ പറയുന്നേ..“ഗിരീശേട്ടന്‍ വര്‍ദ്ധിത വീര്യനായി: ‘ആയ കാലത്ത്‌ കള്ള്‌ കുടിച്ചും പെണ്ണു പിടിച്ചും കൂത്താടി നടന്നപ്പോ ഓര്‍ക്കണായിരുന്നു ഒരിക്കെ വയസ്സാവുന്ന് . പിന്നെ......”
ഒന്ന് നിര്‍ത്തി വെല്ലിശന് നേരെ നോക്കി ഗിരീശേട്ടന്‍ തുടര്‍ന്നു: ‘എന്റെ അമ്മ മഹോദരം വന്ന് മരിച്ചെന്നല്ലേ പറച്ചില്‍ ‍? പക്ഷേ സത്യന്താന്നറിയോ,  കുടിച്ച് ബോധമില്ലാതെ വന്ന ഇങ്ങേര് ചവിട്ടി കൊന്നതാ "

വെല്ലിശന്റെ വീരഗാഥകള്‍ ഏറെ കേട്ടിരുന്നെങ്കിലും അസമയത്തുള്ള ഈ ഉറഞ്ഞ് തുള്ളല്‍ അരോചകരമായി അനുഭവപ്പെട്ടു. വൃദ്ധനും രോഗിയും ആലംബഹീനനുമായി, അപരിചിത സ്ഥലത്ത്, അന്യരുടെ മുന്‍പില്‍ സ്വന്തം മകനാല്‍ കുറ്റ വിചാരണ ചെയ്യപ്പെടുന്ന ആ മനുഷ്യനോടെനിക്ക്‌ അത് വരെയില്ലാതിരുന്ന അടുപ്പവും അനുകമ്പയും തോന്നി.

"നാട്ടില്‍ ചെന്നാ കേള്‍ക്കാം അച്ഛന്റെ അപദാനങ്ങള്‍ . എത്ര... എവിടെയൊക്കെ ....ഹോ, പറയാന്‍ പോലും ലജ്ജയാണെനിക്ക്!"
ഗിരീശേട്ടന്‍ കത്തിക്കയറുകയാണ്.  “അങ്ങനെയുള്ള ഒരാളെ  പരിപാലിക്കാന്‍ ഞങ്ങള്‍ ഞങ്ങടെ ഭാ‍ര്യമാരെ....."

അവ്യക്തമായ ഒരു തേങ്ങലോടെ, കുനിഞ്ഞ ശിരസ്സും വിറയ്ക്കുന്ന ശരീരവുമായി, വേച്ച്‌ വേച്ച്‌ അകത്തെ ഇരുട്ടിലേക്ക്‌ അപ്രത്യക്ഷനാകുന്ന വെല്ലിശനെ നോക്കി പെട്ടെന്ന്   നിശ്ശബ്ദനായി അയാള്‍ ‍. തോളില്‍ നിന്നൂര്‍ന്ന്   വാതില്‍പ്പടിയില്‍  വീണ ഷാള്‍ ഒരു ചോദ്യചിഹ്നമെന്നോണം ഞങ്ങളെ നോക്കി പല്ലിളിച്ചു.

ചാലുകള്‍ വികൃതമാക്കിയ ആ മുഖത്തെ ദൈന്യതയും വെമ്പിയടയാന്‍ മടിക്കുന്ന കണ്ണുകളിലെ ശൂന്യതയും കുന്തമുനകളായി നെഞ്ചിലേക്ക് ആഴ്‌ന്നിറങ്ങി.
"നിങ്ങളിപ്പോ ഇറങ്ങുന്നുണ്ടോ? നാലരക്ക് കല്യാണ്‍ ‍-ചര്‍ച്ച്ഗേറ്റ് ഫാസ്റ്റുണ്ട്.  ഗ്രാന്‍ഡ്‌ റോഡിലല്ലേ ഇറങ്ങുക?": ഗിരീശേട്ടന്‍ എണീറ്റു.
"അല്ല, ചര്‍ണീ റോഡില്‍ ‍"
"എടാ, ജോലിക്കാര്യം..." : ഊരി വച്ചിരുന്ന ഷൂവിലേക്ക്‌ കാലുകള്‍ തിരുകിക്കയറ്റുമ്പോള്‍ രാജേട്ടനെന്നെ ഓര്‍മ്മിപ്പിച്ചു.
"ഇറങ്ങുന്നു": നടന്ന് നീങ്ങവെ ആരോടെന്നില്ലാതെ ഞാന്‍ വിളിച്ച്‌ പറഞ്ഞു‍.
"ഇടക്ക് വാ,"കൗമുദിച്ചേച്ചി ഔപചാരികത മറന്നില്ല: "തനിയെ വരാന്‍ ‍.... വഴിയൊക്കെ മനസ്സിലായല്ലോ?"
-ഈ വഴി...ഒരിക്കല്‍ക്കൂടി? ഇല്ല, ഒരിക്കലുമില്ല എന്നുറക്കെ  വിളിച്ച്‌ കൂവണമെന്ന് തോന്നി.

വെല്ലിശനാരാ മോന്‍ ‍?
നാട്ടിലെത്തി, വാശിയോടെ, ചിട്ടയായ ജീവിതചര്യയില്‍ പഴയ ആരോഗ്യവും ഊര്‍ജ്ജസ്വലതയും വീണ്ടെടുത്തു.
മദ്യപാനം വല്ലപ്പോഴുമാക്കി.
പരിചയക്കാരികളെ മറന്നു.
പൂട്ടിയിട്ടിരുന്ന മരക്കമ്പനി വീണ്ടും തുറന്നു.

യുവത്വം വീണ്ടെടുത്ത ‘യയാതി‘യെപ്പൊലെ നാട്ടിലും വീട്ടിലും, ഒരിക്കല്‍ കൂടി,  വെല്ലിശന്‍ നിറഞ്ഞ് നിന്നപ്പോള്‍ ആ വാര്‍ദ്ധക്യം ഏറ്റെടുത്ത ‘പുരു‘വാരെന്ന് നാട്ടുകാര്‍ അത്ഭുതപ്പെട്ടു.

ഒരു ഞായറാഴ്ച:
 വിളിച്ച് കൂട്ടിയ കുടുംബ യോഗത്തില്‍ സാധാരണ നടപടിക്രമങ്ങള്‍ക്കൊന്നും കാത്ത് നില്‍ക്കാതെ, വെല്ലിശന്റെ ആവശ്യപ്പെട്ടു:
"നാളെ ഒരു പെണ്ണ് കാണല്‍ ചടങ്ങൂണ്ട്.  പുത്തന്‍ വേലിക്കരയില്‍ ‍. വേലായീം നാരായണനും കൂടെ പോയാ മതി. വേണെങ്കി ലഷ്മീനേം കൂട്ടിക്കോ. എടക്കാരന്‍ കുഞ്ഞിച്ചെക്കന്‍ കാലത്ത് തന്നെ വരും. ബാക്കി അവന്‍ പറയും"

ആര്‍ക്ക്, എന്തിന് എന്നെല്ലാം അമ്പരന്ന് നില്‍ക്കുന്ന കൂടപ്പിറപ്പുകളെ നോക്കി ഒരു കള്ളച്ചിരിയോടെ വെല്ലിശന്‍ തുടര്‍ന്നു:"ഞാന്‍ കണ്ടൂ, ഇഷ്ടായി. ഇനി ഒറപ്പിച്ചാ മാത്രം മതി. വൃശ്ചികം 7 നു ഒരു മുഹൂര്‍ത്തമുണ്ട്‌. അന്നായിക്കോട്ടെ"
കാരണവര്‍ പുറത്തിറങ്ങി

സദസ്സില്‍ കുശുകുശുപ്പുയര്‍ന്നപ്പോള്‍ അച്ഛന്‍ രഹസ്യം വെളിപ്പെടുത്തി:  ‘സംശയിക്കേണ്ടാ, വല്യേട്ടന് വേണ്ടിത്തന്നെയാ പെണ്ണ്.  കുഞ്ഞിച്ചെക്കന്‍ പറഞ്ഞിരുന്നു"

65 കാരന്‍ വരന്‍ 35 കാരി വധുവിന്റെ കഴുത്തില്‍ ‍, മക്കളും പേരക്കുട്ടികളുമടങ്ങുന്ന സദസ്സിന്റെ സാന്നിദ്ധ്യത്തില്‍ താലികെട്ടുമ്പോള്‍ ‍,ആണ്മക്കളുടെ അഭാവം പ്രകടമായിരുന്നു.

ഒരു കൊല്ലത്തിനകം സുമേഷിനെ പ്രസവിച്ച്‌ പ്രായം തന്റെ ഭാഗത്തെന്ന് വല്യമ്മയും മെയ്‌വഴക്കം തനിക്കെന്ന് വെല്ലിശനും തെളിയിച്ചു.

സമര്‍ത്ഥനും ആരോഗ്യവാനുമായ മകന്‍ കോളേജില്‍ പഠിക്കാന്‍ പോകുന്നത്‌ കണ്ട്‌, വരദാനം പോലെ കിട്ടിയ പുതു ജന്മം ശരിക്കും ആഘോഷിച്ച്, 83-മത്തെ വയസ്സിലാണു വെല്ലിശന്‍ ഇഹ ലോകത്തോട്‌ യാത്ര പറഞ്ഞത്‌.

ഭാഗം വയ്ച്ച് വാങ്ങിയ തന്റെ ഷെയര്‍  വില്‍ക്കുകയാണെന്ന് ഗിരീശേട്ടന്‍ പറഞ്ഞപ്പോള്‍ പലരും ഉപദേശിച്ചൂ:
"കുടുംബ സ്വത്തല്ലേ? അതവിടെ കിടന്നോട്ടെ, ഗിരീശാ. ഒരിക്കല്‍ നിനക്ക്‌ നാട്ടില്‍ വരണമെന്ന് തോന്നിയാലോ?"
"ഈ നശിച്ച നാട്ടില്‍ ഞാന്‍ വന്ന് താമസിക്കുമെന്നോ?"
ഗിരീശേട്ടന്‍ പുച്ഛത്തോടെ ചിരിച്ചു.
":അംബര്‍നാഥില്‍ ത്രീ ബെഡ് റൂം ഫ്ലാറ്റ് വാങ്ങിയിട്ട്യുണ്ട്. . പെന്‍ഷനാകുമ്പോ മാസാമാസം എനിക്കെത്ര കിട്ടുമെന്നാ വിചാരം?."

കണക്ക് കൂട്ടിയപോലെ, ഗിരീശേട്ടന് പെന്‍ഷനാകും മുന്‍പ് തന്നെ മക്കള്‍ ജോലിക്കാരായി;  വിവാഹവും കഴിച്ചു.

പക്ഷെ കടിഞ്ഞാണില്ലാത്ത കാലത്തിന്റെ, അനന്തവും ഗുപ്തവും അജ്ഞാതവുമായ കുതിച്ചുചാട്ടങ്ങള്‍ക്കിടയില്‍ ഗിരീശേട്ടനും തന്റെ  സ്വത്വം അന്യമായി..

സഹോദരങ്ങളേയും വീട്ടുകാരേയും ഏഴയലത്ത്‌ പോലും അടുപ്പിക്കാതിരുന്ന, സ്വാര്‍ത്ഥതയുടേയും അസഹിഷ്ണുതയുടേയും മൂര്‍ത്തരൂപമായിരുന്ന ആ കവിയശഃപ്രാര്‍ഥിക്ക്‌ ഔദ്യോഗികരംഗത്തോ സഹൃദയലോകത്തോ തന്റേത് എന്ന് അവകാശപ്പെടാന്‍ ഒരാത്മാര്‍ത്ഥ സ്നേഹിതന്‍ പോലുമില്ലായിരുന്നു.

ആരേയും ഗൌനിക്കാതെ, മുഖപടങ്ങള്‍ അനുനിമിഷം മാറി അണിയുന്ന, നിറങ്ങളുടെ കാലിഡൊസ്കോപ്പില്‍ സ്വയം മറക്കുന്ന, തിരക്കില്‍ നിന്നും കൂടുതല്‍ തിരക്കിലേക്ക്‌ കൂപ്പ് കുത്തുന്ന മുംബൈ നഗരി,  അനങ്ങാപ്പറയായി മാറിയ തന്നെ അവഗണിക്കുന്നുവെന്ന തോന്നല്‍ കലശലായപ്പോഴാണു സ്വന്തം അസ്തിത്വത്തിലേക്ക് തിരിഞ്ഞ് നോക്കാനയാള്‍ പ്രേരിതനായത്‌.

നാട്ടില്‍ പോണം, നാലു സെന്റ്‌ ഭൂമി വാങ്ങണം, ഒരു  കൂര വയ്ക്കണം, പേരയും മാവും പ്ലാവും കൊന്നയുമൊക്കെ പറമ്പില്‍ തന്നെ വേണം എന്നൊക്കെ സ്ഥലകാലഭേദമന്യേ ജല്‍പ്പിക്കാന്‍ തുടങ്ങിപ്പോഴാണ് കൌമുദിയേച്ചി മക്കളെ വിളിച്ച് വരുത്തിയത്.

'കല്ലംകുന്നില്‍ സ്വന്തക്കാരോടൊപ്പം' എന്ന ആശയം ചേച്ചി മുളയിലെ നുള്ളി. “വേണ്ടാ, അലവലാതികള്‍ വലിഞ്ഞ് കേറി വരും, ഓരോരുത്തരായി’

ക്രൈസ്റ്റ്‌ കോളേജിന്നരികെയുള്ള ഹൗസിംഗ്‌ കോളനിയില്‍ വീട്‌ വാങ്ങിയത്‌ പല ‘ഹൈ ലെവല്‍ ‍‘ കോണ്‍ഫറന്‍സുകള്‍ക്കും ‘ബ്രെയിന്‍ സ്റ്റോമിംഗിനും‘ മുംബൈ-കേരള ‘ഷട്ടില്‍ സര്‍വീസിനുമൊക്കെ ശേഷമാണ്.

നാട്ടില്‍ താമസമാക്കിയ ഗിരീശേട്ടന്റെ  സ്വഭാവവൈചിത്ര്യങ്ങള്‍ കൗതുക വാര്‍ത്തകളായും മിമിക്രി ഐറ്റങ്ങളായും മാറാന്‍ അധികം താമസമുണ്ടായില്ല.

പ്രധാനം ഇരുട്ടിനോടുള്ള ഗിരീശേട്ടന്റെ പേടിയാണ്.
മൂവന്തിയായാല്‍  മുറ്റത്തിറങ്ങില്ല.
രാത്രി മുഴുവന്‍ ലൈറ്റുകള്‍ കത്തി നില്‍ക്കും,
ഇലയനങ്ങിയാല്‍ പോലും പേടിച്ചലറും,
കോളാമ്പി  ബാത്ത് റൂമാക്കും.
ഇടക്കിടെ വിളിച്ച് ചോദിക്കും:
"കൗമൂ, ഉറങ്ങിയോ?
കൗമൂ, വാതില്‍ പൂട്ടിയോ?
കൗമൂ, ടോര്‍ച് വര്‍ക് ചെയ്യുന്നുണ്ടോ?

കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോഴാണ് ഗിരീശേട്ടനെ അവസാനമായി കണ്ടത്‌.
പ്രസരിപ്പില്ലാത്ത ഒരു ചിരി സമ്മാനിച്ച് അകലേക്ക് നോക്കിയിരുന്നു, അദ്ദേഹം..
മുടി പറ്റേ വെട്ടിയിരിക്കുന്നു. ഷേവ് ചെയ്തിട്ട് ദിവസങ്ങളായിക്കാണും.
-കള്ളിമുണ്ടും ബനിയനും ധരിച്ച്‌, മൗനം മുഖമുദ്രയാക്കി!

"മോനേ, നീയൊന്ന് പറഞ്ഞ്‌ നോക്ക്‌. എത്ര പറഞ്ഞിട്ടും ഡോക്ടറെക്കാണാന്‍ കൂട്ടാക്കുന്നില്ല:" കൗമുദിച്ചേച്ചിയും ആകെ മാറിയിരുന്നൂ.
"എന്താ ഗിരീശേട്ടാ, അസുഖം മാറണമെങ്കില്‍ ഡോക്ടരെ കാണണ്ടേ?" ഞാനടുത്ത്‌ കൂടി.
"ലാല്‍സിലേക്കല്ലേ? ഞാനില്ല. കഴിഞ്ഞ പ്രാവശ്യം ആ ഡോക്ടറുടെ തന്തക്ക്‌ വിളിച്ചിറങ്ങി പോന്നതാ..": ഗിരീശേട്ടന്‍ അറുത്ത്‌ മുറിച്ച്‌ പറഞ്ഞു.
"അയാള്‍ നല്ലൊരു സൈക്കോളജിസ്റ്റാ. ഇന്നലെ വിളിച്ചഴും പറഞ്ഞു, കൊണ്ട്ചെല്ലാന്‍ ‍": ചേച്ചി വിശദീകരിച്ചു.
"തൃശ്ശൂര്‍ നല്ല ഒരു ഡോക്ടറുണ്ട്‌. അവിടെ പോയാലോ?":രാധേയേട്ടന്‍ ഇടപെട്ടു.
"വേറെ ഡോക്ടറാണെങ്കി....ശരി!"
ഏറെ സംസാരിച്ചിരുന്നു, ഞങ്ങള്‍ ‍.സാഹിത്യവും കവിതയും വിഷയങ്ങളായപ്പോള്‍ ഗിരീശേട്ടന്റെ ഊര്‍ജസ്വലനായി.  പതിവുള്ള പിശുക്ക്‌ വിട്ട്  കൌമുദിയേച്ചിയും കൂട്ടത്തില്‍ കൂടി

സംശയ രോഗിയാണത്രേ ഗിരീശേട്ടന്‍.
പാല്‍ക്കാരനെ ,
പത്രക്കാരനെ,
പോസ്റ്റ്‌ മേനെ,
വേലക്കാരനെ......
അയല്‍ക്കാര്‍ പോലും കുശലാന്വേഷണങ്ങള്‍ക്ക് വരാറില..

ഗേറ്റിലൂടെ ആരെങ്കിലും ഒന്നെത്തി നോക്കിയാല്‍ ഗിരീശേട്ടന്‍ വയലന്റാകും.
"ആരാടീ അത്‌?നിന്റെ രഹസ്യക്കാരനാ?‘
അക്യൂട്ട്‌ പാരനോയിഡ്‌  സ്കിസോഫ്രീനിയ‘ എന്ന മനോരോഗമാണതെന്ന് രാധേയേട്ടന്‍  വിശദീകരിച്ചു. രോഗി സ്വയം ചികില്‍സക്ക്‌ തയ്യാറായാല്‍ മാത്രമേ  പ്രയോജനപ്പെടൂ!

നവംബറിലെ ഒരു പാതിരാവില്‍ ഇളയച്ഛന്റെ മകന്റെ ഫോണ്‍ ‍:
"ചേട്ടാ, ഗിരീശേട്ടന്‍ മരിച്ചു“
"എപ്പോ, എങ്ങനെ?"
"ആത്മഹത്യയാ. അയല്‍ക്കാരും പോലീസുകാരും ബന്ധുക്കളും എല്ലാം കൂടി ബഹളമയമാണിവിടെ. നാളെ പറയാം, വിശദമായി....."

ഹൗസിംഗ്‌ കോളനിയില്‍ ഗിരീശേട്ടന്‍ വാങ്ങിയ വീട് സംബന്ധിച്ച കേസ് നിലവിലുണ്ടായിരുന്നു. വിചാരണ കഴിഞ്ഞ് കോടതിയില്‍ നിന്ന് വന്ന ഗിരീശേട്ടന്‍ പതിവിലേറെ അസ്വസ്ഥനായിരുന്നു: നമ്മുടെ വക്കീല്‍ ഒരു കള്ളനാ. അയാള്‍ മറുപക്ഷം ചേര്‍ന്നിരിക്കുന്നു. വീടൊഴിഞ്ഞ് കൊടുക്കേണ്ടി വരുമെന്നാ തോന്നുന്നത് എന്നൊക്കെ പറഞ്ഞത്രേ.

രാത്രി ചേച്ചി ഉറങ്ങിയെന്നുറപ്പ് വരുത്തിയ ശേഷം, ഒളിച്ച്‌ വച്ചിരുന്ന ബ്ലേഡെടുത്ത്‌ ദേഹമാകെ തലങ്ങും വിലങ്ങും വരഞ്ഞൂ.
ഇരുകൈയിലേയും നാഡീ ഞരമ്പുകള്‍ മുറിച്ചു.
ചോരയൊഴുകി കിടക്കയാകെ നനഞ്ഞിട്ടും താന്‍ മരിച്ചില്ലെന്ന് ബോദ്ധ്യമായപ്പോള്‍ അടുക്കളയില്‍ നിന്ന് മണ്ണെണ്ണയെടുത്ത് തലവഴി ഒഴിച്ച് തീ കൊളുത്തി!

"തലയും മുഖവും കത്തിക്കരിഞ്ഞു.   ശരീരം മാത്രമുണ്ട്‌ തിരിച്ചറിയാന്‍ പാകത്തില്‍ ‍.... അതും ചോരയില്‍ കുളിച്ച് ..." പുറത്ത്‌ വരാനാവാതെ വാക്കുകള്‍  അനിയന്റെ തൊണ്ടയില്‍ കുരുങ്ങി.

- ഗിരീശേട്ടന്റെ ആത്മാവിനെങ്കിലും ശാന്തി ലഭിക്കുമോ?


Wednesday, June 4, 2008

28 നായയും പുലിയും (ഇന്നലെയുടെ ജാലകങ്ങള്‍ -3)

28 നായയും പുലിയും


ആറു പറ കണ്ടത്തിലെ നെല്ലിന്റേയും അരയേക്കര്‍ പറമ്പിലെ നാളികേരത്തിന്റേയും കറവ വറ്റാറായ ഒരു പശുവിന്റേയും ബലത്തില്‍ 7 പേരടങ്ങുന്ന കുടുംബം മുന്നോട്ട്‌

പോകില്ലെന്ന നിഗമനത്തില്‍ അച്ഛനുമമ്മയും ക്രമേണ ഞങ്ങളും എത്തിച്ചേര്‍ന്ന കാലം.

അന്ന് രാത്രി, പാല് വിറ്റ കാശിന് പരുത്തിക്കുരുവും പിണ്ണാക്കും വാങ്ങിയെത്തിയ  അച്ഛന്റെ മുഖത്തൊരു പുത്തന്‍ വെളിച്ചം.

"പാറമടയില്‍ 5 ജോലിക്കാര്‍ കൂടി വന്നിരിക്ക്ണ്.  പാലക്കാട്ട്കാരാ. നടവരമ്പ് അംബി  സ്വാമീടെ ഹോട്ടലീ പോയാ അവരിപ്പോ  ഊണു കഴിക്ക്ണേ. എന്നോട്  

പൌലോസ് മേസ്തിരി  ചോദിക്യാ....  ഹോട്ടലിലൊക്കെ പണിയെടുത്ത് പരിചയള്ള ആളല്ലേ,  നിനക്കൊന്ന് ശ്രമിച്ചൂടേ ന്ന്"

"പാറമടക്കാര്‍ക്ക്‌ ചോറുണ്ടാക്കിക്കൊടുക്വേ? മുതിർന്ന പെണ്‍‌കുട്ട്യോളുള്ള വീടാ... മറക്കണ്ടാ" :കഥ തുടങ്ങും മുൻപേ ക്ലൈമാക്സിലേക്ക് ചാടുന്ന  അമ്മയുടെ സ്ഥിരം ശീലം.

"വീട്ടീലല്ലെടീ.... ചായക്കട തുടങ്ങുന്ന കാര്യാ പറഞ്ഞേ. പാറമടക്കാര്‍ക്ക് രണ്ട്‌ നേരം ഊണ് കൊടുക്കണം. പിന്നെ നാട്ടുകാരുടെ പറ്റുപടീം...' : അച്ഛന്‍ വാചാലനായി.

‘പൂട്ട്‌, പപ്പടം, കടലക്കറി, പഴം...‘:ചായക്കടയുടെ കാര്യമോര്‍ത്തപ്പോഴേ വായില്‍ വള്ളമിറക്കാനുള്ള വെള്ളം.

"ദോശ്യോ ഇഡ്ഡല്യോ  ഉണ്ടാക്കാം. പിന്നെ  ചില വറവ് പണിയൊക്കെ ‘ജോലാര്‍പേട്ട‘ന്ന് ഞാന്‍ വശമാക്കീട്ട്ണ്ട്.  ഉച്ചയൂണിന് സാമ്പാറ് ‍, ഉപ്പേരി, പപ്പടം;  വൈകീട്ട്‌ പരിപ്പോ

രസമോ... പോരേ?.'

തറവാടും വീടും വേര്‍ തിരിക്കുന്ന കൈത്തോടിന്നരികെ, വഴിയരികില്‍ ‍, ചെമ്മണ്ണ്  അടിച്ചുറപ്പിച്ച്‌ ചാണകം മെഴുകിയ തറയൊരുങ്ങി.   കവുങ്ങിന്റേയും  മുളകളുടേയും

അസ്ഥികൂടാരത്തിന്‍‌ മേലെ ഓല മേഞ്ഞ കൂരയും.

മെടഞ്ഞ ഒറ്റയോലകള്‍ കൊണ്ട്‌  നാണം മറച്ച്, ഇടവഴിയിലേക്കെത്തി  നോക്കി, നവോഢയെപ്പോലവള്‍ പുഞ്ചിരിച്ചു.  അയല്‍ക്കാരുടെ സഹകരണത്തിന്റെ പ്രതീകമായ

ബഞ്ചുകളും ഡസ്കുകളും പിന്നെ വേലപ്പനാശാരി തട്ടിക്കൂട്ടിയ ചായമേശയും...

ചായക്കടക്ക് നേരെ  മുന്‍പിലാണ് വേലപ്പനാശാരിയുടെ വീട്‌. കാഴ്ച മങ്ങിയതോടെ പണിക്ക്‌ പോകാതായ മൂത്താശാരിക്ക്‌  മക്കള്‍ നാല്. കല്യാണം കഴിച്ചയച്ചതോടെ  

പെണ്മക്കള്‍ അന്യരായി. മൂത്തമോന്‍  ചേന്നപ്പന്‍ നല്ല പണിക്കാരനെന്ന് പേരെടുത്തപ്പോള്‍ ഇളയവന്‍ കുഞ്ഞൂട്ടന് കൊട്ടൂടിയും ഉളിയും കാണുന്നത് പോലും

അലെര്‍ജിയായിരുന്നു.

നാലാം ക്ലാസ്‌ പരീക്ഷയുടെ റിസല്‍റ്റ് വന്ന ദിവസം, അമ്മയുടെ കാശുകുടുക്ക പൊട്ടിച്ചെടുത്ത പണവുമായി  'പുറപ്പെട്ട്‌' പോയ കുഞ്ഞൂട്ടന്  കാശ്‌ തീരും വരെ

‘കോവൈ‘ പട്ടണം ‘സുവര്‍ക്ക‘മായിരുന്നു. എച്ചില്‍ക്കൂനകള്‍ക്കും വാട്ടര്‍ പൈപ്പുകള്‍ക്കുമുള്ള ‘തറ’ അവകാശം തമിഴ് പേശും പുള്ളൈകള്‍ക്കാണെന്ന് അവര്‍

സ്ഥാപിച്ചപ്പോഴാണ് മലയാളത്ത് കാരന്‍ പൈതലിന് സ്വന്തം  നാടും വീടും ഓര്‍മ്മയില്‍ തെളിയുന്നത്.

കള്ളവണ്ടി കയറി,  പരിചയമില്ലാ വഴികളിലൂടെ നടന്ന്, ചപ്രത്തലമുടിയും കീറിപ്പറഞ്ഞ വസ്ത്രങ്ങളും ദുര്‍ഗന്ധം പേറുന്ന ശരീരവുമായി, ഒരു സുപ്രഭാതത്തില്‍ കുഞ്ഞൂട്ടന്‍

കല്ലംകുന്ന് സെന്ററില്‍ പ്രത്യക്ഷനായി.

വീട്ടിലെത്തി, കുളിക്കാന്‍ പോലും മിനക്കെടാതെ, അമ്മ നല്‍കിയ പഴങ്കഞ്ഞിയും ചക്കപ്പുഴുക്കും വിഴുങ്ങി, ദിവസങ്ങള്‍ക്ക് ശേഷം ‘ഹൌസ് ഫുള്‍ ‘ ആയ  തന്റെ വയര്‍

തടവി, ഒരേമ്പക്കവും വിട്ട്‌ ഉമ്മറത്തെത്തിയ കുഞ്ഞൂട്ടന്‍ ‍, മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന കൊട്ടത്തേങ്ങ ചൂണ്ടി  "അമ്മാ, യത്‌ എന്നാത്തും കായ്?' എന്ന് ചോദിച്ചതും അത്ര

തന്നെ വേഗത്തില്‍ "നിന്റമ്മേടെ നെഞ്ഞത്തും കായ്" എന്ന് ആയമ്മ തിരിച്ചടിച്ചതും ചരിത്രകാരന്മാര്‍ രേഖപ്പെടുത്താന്‍ മറന്ന നഗ്നസത്യമത്രേ!

മുടന്തുള്ള ഇടത്‌ കാല്‍ വലിച്ച് വച്ചാണ് എല്ലനും കുള്ളനുമായ കുഞ്ഞൂട്ടന്‍ നടപ്പ്. "ബോട്ട്‌ എവിടേക്കാ?" എന്ന കുസൃതിചോദ്യത്തിന് :"നെന്റെ തന്തേടെ

പതിനാറടിയന്ത്രത്തിന്’ എന്നുടന്‍ വരും മറുപടി.  ഒന്ന് നിന്ന്, തല ചൊറിഞ്ഞ് " മൂത്താശാരീടെ പണിക്കുറ്റത്തിനു ഞാനെന്തിനാ വല്ലവന്റേം  തന്തക്ക്‌ വിളിക്ക്ണേ."

എന്നാത്മഗതം നടത്താനും സമയം കണ്ടെത്തുമവന്‍ ‍.

ആസാമില്‍ റോഡ്‌ പണിക്കെന്ന് പറഞ്ഞ് ത്രിശ്ശിവപേരൂര്‍ക്ക് പോയ നാട്ടുകാരില്‍ നിന്ന് രണ്ട് പേര്‍ ലാന്‍ഡ് ചെയ്തത് സിലോണില്‍ . അതിലൊരാള്‍ കുഞ്ഞുട്ടന്‍ !എന്തോ

ഏതോ എങ്ങിനേയോ?

നീണ്ട 5 വര്‍ഷത്തെ ലങ്കാവാസം കഴിഞ്ഞ് തിര്‍ച്ചെത്തിയ 'കൊളംബോ കുട്ടന്റെ' ഭാവഹാവാദികള്‍ ആകെ മാറിയിരുന്നു. മൂട്ടിയ സിലോണ്‍ ലുങ്കിയും ചിത്രവര്‍ണാങ്കിത

‘ഷേര്‍ട്ടും’ ധരിച്ച്‌, ഇംഗ്ലീഷ്‌ വാക്കുകളാലലുക്ക് വച്ച ‘മെല്‍‌യാളം’  സംസാരിക്കുന്ന കുഞ്ഞൂട്ടനെ ജനങ്ങള്‍ ആദരവും അത്ഭുതവും നിറഞ്ഞ കണ്ണുകളാല്‍ നോക്കി

വാഴ്ത്തി.  'വാഴത്തോട്ടം' എന്ന സ്ഥലത്ത്‌ തേയിലത്തോട്ടം നടത്തുന്ന ഐറിഷ്  സായിപ്പിന്റെ 'ബട്ട്ലര്‍ ‘ ആയിരുന്നുവത്രേ കുട്ടന്‍ !

താമസിയാതെ വേലപ്പനാശാരി മുന്‍‌കൈയെടുത്ത്,  'സിലോണ്‍  ‍' കുട്ടനെക്കൊണ്ട്  വാരാപ്പുഴക്കാരി മാദകാംഗി മന്ദാകിനിയെ മംഗലം കഴിപ്പിച്ചു. നവവധുവിന്റെ

കുലപ്പെരുമയുടെ അതിപ്രസരവും  വിശ്രമമില്ലാത്ത നാവിന്റെ ചുറുചുറുക്കും ഒത്ത് ചേര്‍ന്നപ്പോള്‍  ചേന്നപ്പനും കുടുംബവും മേലൂരുള്ള മാമി വീട്ടിലേക്ക്‌ ‘റിട്രീറ്റ്‍‘ ചെയ്തു.

‘റിട്ടയര്‍മെന്റി’ലായിരുന്ന  വേലപ്പനാശാരി വിശപ്പിന്റെ ഉള്‍വിളി സഹിക്കാവാതെ കൊട്ടൂടിയും ഉളിയും ചാക്കുസഞ്ചിയിലാക്കി വീണ്ടും നാട്‌ ചുറ്റാനിറങ്ങി.

കരുണ തോന്നി. ആരെങ്കിലും  ഭക്ഷണം കഴിക്കാന്‍  വിളിച്ചാല്‍ വേലപ്പനാശാരി വഴങ്ങില്ല. അല്ലറ ചില്ലറ  റിപ്പയറിംഗ്, അല്ലെങ്കില്‍ അല്പം  ചിന്തേര്:  അതിന് ശേഷമേ

അന്നം കൈകൊണ്ട്‌ തൊടൂ.  പണിയൊന്നുമില്ലെങ്കില്‍  ചിരട്ട മിനുക്കിയെടുത്ത്, മുളക്കഷണം  ചീന്തി ചന്തം വരുത്തി  പിടിയാക്കി രണ്ട് ‘കയിലെ‘ങ്കിലുമുണ്ടാക്കി

കൊടുക്കും.

കല്ലംകുന്നുകാരുടെ വക ഒരു പഴംചൊല്ല്  വാമൊഴിയായി പടര്‍ന്ന് മറുനാടുകളില്‍ പോലും പോപുലര്‍ ആയതങ്ങനെയാണ് : "വേലപ്പനാശാരിക്ക്‌ മക്കളുണ്ടായ

പോലെ........"

അച്ഛന്റെ  ഉറ്റ'ചങ്ങായി" ആയിരുന്ന കുഞ്ഞൂട്ടന് ചായക്കട  ഉത്ഘാടനത്തിനെത്താനായില്ല. കാരണം മട്ടാഞ്ചേരിയില്‍ ക്രിസ്റ്റി സായിപ്പിന്റെ ‘ഹൌസ് ബോയ്’ ആയയാള്‍

ജോലി ചെയ്യുകയായിരുന്നു.

മാസാവസാന ശനിയാഴ്ചകളില്‍ വീട്ടിലെത്തുന്ന കുഞ്ഞൂട്ടന്‍ ‍, കളസത്തില്‍ നിന്ന്  ലുങ്കിയിലേക്കുള്ള ‘ചേഞ്ചോവര്‍ ‘‍’നിമിഷങ്ങള്‍ കൊണ്ട് നിര്‍വഹിച്ച്   ഞങ്ങളുടെ വീട്

ലക്ഷ്യമാക്കി തുഴയും.

 "വേലായേട്ടാ, എത്ര നാളായി നല്ല ഒരങ്കം വെട്ടീട്ട്. കളം വരക്ക്‌.  കരുക്കള്‍ ഞാനെടുക്കാം“
തന്റെ ഏക വിനോദമായ ‘28 നായയും പുലിയും‘ എന്ന കളിയെയാണ് കുഞ്ഞൂട്ടന്‍ അങ്കമെന്ന് വിശേഷിപ്പിക്കുന്നത്.

കരികൊണ്ട്‌  ലംബമായും സമാന്തരമായും മുമ്മൂന്ന് വരകള്‍  വരച്ച്‌,  അവ വീണ്ടും കളങ്ങളായി തിരിക്കും. നാലു പാദങ്ങളിലും വാഴയിണ വെട്ടി ഭംഗി വരുത്തിയ 28

നായ്ക്കള്‍ ‍. നടുവില്‍ വിരാജിക്കുന്ന  വലിയ കരു: അതാണ് പുലി.

കളിക്കാരില്‍ ഒരാള്‍ പുലിയുടെ ഉടമ. മറ്റേയാള്‍ നായ്ക്കളുടെ പരിപാലകന്‍ ‍. ആക്രമിച്ച്‌ കയറുന്ന പുലി നായ്ക്കളെ ഒന്നൊന്നായി വെട്ടി വീഴ്ത്തും. തടയണമെങ്കില്‍ തൊട്ടടുത്ത

കളത്തിലേക്ക്  പോലും നീങ്ങാനാനാത്ത വിധം നായ്ക്കളെ നിരത്തി പുലിയെ തളയ്ക്കണം.

പുലിയെ നിയന്ത്രിക്കുന്ന കുഞ്ഞൂട്ടനാണ്  മിക്കവാറും ജയിക്കുക. അഥവാ തോല്‍ക്കുകയാണെന്ന് തോന്നിയാല്‍ നായ്ക്കളെ കൈകൊണ്ട് ആക്രമിച്ച് നിരത്തി  കുഞ്ഞൂട്ടന്‍

എണീക്കും: മതി, വേലായേട്ടാ, തൊട്ട്‌ നക്കാന്‍ എന്തെങ്കിലുമെടുക്കാന്‍ പറ ചേടത്തിയോട്. ഞാന്‍ 'മറ്റവനേം' കൊണ്ട്‌ വരാം'.

സായിപ്പിന്റെ കലവറയില്‍ നിന്ന് 'ഇസ്കിയ' സ്കോച്ച് കുപ്പിയുമായി കുഞ്ഞൂട്ടന്‍ വരും, പിന്നെ പാതിരാ വരെ കുമാരനാശാനും ചങ്ങമ്പുഴയും വൈലോപ്പിള്ളിയുമൊക്കെ

ഞങ്ങളുടെ തെക്കെ ഇറയത്തിരുന്ന് കവിത ആലപിക്കും;  ആദ്യം സ്ഫുടതയോടെ, പിന്നെ  ഇഴഞ്ഞിഴഞ്ഞ്, ഒടുവില്‍ കുഞ്ഞൂട്ടന്റെ കൂര്‍ക്കം വലി ഉയരും വരെ.

ആട് വളര്‍ത്തലായിരുന്നു മന്ദാകിനിയുടെ ‘ഹോബി‘,  കൂട്ടിനൊരു എരുമയും. കറന്നെടുത്ത പാലുമായി കടയിലെത്തുന്ന അവള്‍ ‍,  നാട്ടിലെ എന്തിനും പോന്ന

‘ചെറുബാല്യക്കാര്‍’ക്കൊപ്പമിരുന്ന് പൂട്ടും കടലക്കറിയും കഴിച്ചേ പോകൂ.

രണ്ട്‌ പെറ്റെങ്കിലും കലിപ്പടങ്ങാത്ത ശരീരവും  മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും കരിമഷി പുരട്ടിയ  മിഴികളും അടുത്തൊന്ന് കാണാന്‍  വേണ്ടി മാത്രം കടയിലെത്തുന്ന

‘അഴക‘ന്മാരുണ്ടായിരുന്നു. ഇറുകിപ്പിടിച്ച റൌക്കയുടെ താഴത്തെ രണ്ടറ്റവും  കൂട്ടി കെട്ടിയാല്‍ ബാ‍ക്കി ഭാഗങ്ങള്‍ക്ക് കൂടുതല്‍  വെളിച്ചവും തെളിച്ചവും വരും എന്ന

‘വസ്തുശാസ്ത്രം’ മന്ദാകിനി വാരാപ്പുഴയില്‍ നിന്ന് ഇമ്പോര്‍ട്ട് ചെയ്തതാണോ എന്തോ!

കുതിരവേഗത്തില്‍ കുതിച്ചുയര്‍ന്ന കച്ചവടം, പാലക്കാടന്‍ പാര്‍ട്ടി  പാറമടയില്‍ നിന്നപ്രത്യക്ഷമായതോടെ, പോത്തിനെ കെട്ടിയ ഭാരവണ്ടി പോലെ  മടി പിടിച്ചിഴയാന്‍

തുടങ്ങി. "ഹോട്ടല്‍ - ഊണ് റെഡി" എന്ന് പലകക്കഷണത്തില്‍ ചോക്ക്‌ കൊണ്ട്‌ കലാപരമായി എഴുതിയ ബോര്‍ഡെടുത്ത്‌ മാറ്റിയതോടെ ഞങ്ങള്‍ വെറും നാടന്‍

'ഈച്ചയടി' ചായക്കടക്കാരായി. ന്യൂസ് പേപ്പര്‍ വായിച്ച്  രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ വരുന്ന തൊഴിലില്ലാത്തൊഴിലാളികളുടെ ബാഹുല്യം കൊണ്ട് കട വിജനമാകാറില്ലെന്ന്

മാത്രം.

കയറഴിഞ്ഞോടിയ എരുമയെ തളയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ കിടങ്ങില്‍ വീണു കൈയൊടിഞ്ഞ മന്ദാകിനിയുടെ ‘എരുമകറക്കലിന്‘ മച്ചിങ്ങേലെ ‘സുച്ച്’ നായരുടെ മകന്‍

രാമചന്ദ്രന്‍  രംഗപ്രവേശം ചെയ്യൂന്നതോടെയാണ് കഥക്കൊരു ‘ട്വിസ്റ്റ്’ വരുന്നത്.

പത്താം ക്ലാസെന്ന കടമ്പ ചാടിക്കടക്കാ‍ന്‍ പലവട്ടം പരാജയപ്പെട്ടപ്പോള്‍ ‘ടെയിലറിംഗി‘ല്‍ ഉന്നത ബിരുദമെടുക്കാനായിരുന്നു രാമുവിന്റെ തീരുമാനം. സുന്ദരനും

സുകുമാരകളേബരനും  ജൂനിയേഴ്സിന്റെ മൊത്തം ആരാധനാപാത്രവുവുമായിരുന്നു തൊലി വെളുത്ത ആ കരമീശക്കാരന്‍ ‍.

കൈവേദന വിട്ട്‌ മാറാത്തത്‌ കൊണ്ടോ, തന്നെ വീഴ്ത്തിയ എരുമയോടുള്ള കെറുവ് കൊണ്ടോ ‘കറവ ലാവണം‘ മന്ദാകിനി രാമുവിന് സ്ഥിരമായി പതിച്ച് നല്‍കി.

ടെയിലര്‍ഷോപ്പ്‌ പൂട്ടി സുഹൃത്‌ സംഗമങ്ങളും സെക്കന്റ്‌ ഷോയുമൊക്കെ കഴിഞ്ഞ്‌ വൈകിയെത്തുന്ന രാമു, നേരത്തെ എഴുന്നേല്‍ക്കണ്ടതിനാലാകാം ഉറക്കവും

മന്ദാകിനിയുടെ കോലായില്‍ തന്നെയാക്കി.

രാമുവിനെ നോക്കി പലരും പരിഹാസത്തോടെ  മൂളുന്നതും കുശുകുശുക്കുന്നതും വിവര്‍ണ്ണനായി രാമു സ്ഥലം വിടുന്നതും പലവട്ടം ഞാൻ ശ്രദ്ധിച്ചു.   "തുള്ളപ്പനി

വൈദ്യാ‍ ‍" എന്ന്  കോതത്തള്ളയുടെ മകന്‍ ബാലനവനെ സംബോധന ചെയ്തപ്പോള്‍ കാരണമറിയാന്‍  എനിക്കും ആകാംക്ഷ തോന്നി.തോന്നി.

പ്രായത്തില്‍ ചെറുതെങ്കിലും പ്രയോഗത്തില്‍ മൂപ്പുള്ള  മന്ദാകിനിയുടെ സീമന്തപുത്രന്‍ കരുണൻ തന്നെ എന്റെ സംശയം ദൂരീകരിച്ചു: "കൂമനെ ഭയങ്കര പേട്യാ അമ്മക്ക്.

കൂമന്‍ മൂളുമ്പോ പേടി മൂത്ത് അമ്മക്ക് തുള്ളപ്പനി വരും. ആര് പിടിച്ചാലും വെറയല്‍ നിക്കില്യ, രാമുവേട്ടനൊഴിച്ച്.“

കച്ചവടം പരുങ്ങലിലായിട്ടും കട നിറുത്താനച്ഛന്‍ തയ്യാറായില്ല. പകരം ഒരു ബീഡിത്തൊഴിലാളിയെ വരുത്തി, ബീഡിയുടെ   ഉത്പാദനവും വിപണനവും ആരംഭിച്ചു.

അച്ഛനുമറിയാമായിരുന്നു, ഇല വെട്ടാനും നൂല്‍ കെട്ടാനും 'സുക്ക' ഉണക്കാനുമൊക്കെ. ജോലാര്‍പേട്ടയില്‍ നിന്ന് പഠിച്ചതാത്രേ!

"ഓ, അച്ഛനിപ്പോ വല്യ തെറുപ്പുകാരനായി! നീ വാടാ, ഇന്നത്തെ അങ്കം നമ്മള്‍ രണ്ടാ‍ളും തമ്മില്‍ ‍" : മാസാന്ത്യ ലീവിനെത്തിയ കുഞ്ഞൂട്ടന്‍ ആദ്യമായി എന്നെ കളിക്കാന്‍ ക്ഷണിച്ചു.

പുലി കുഞ്ഞൂട്ടനായിരുന്നിട്ടും അന്ന് നായ്ക്കളാണ് ജയിച്ചത്‌. മുഖം കറപ്പിക്കുന്നതിനും കളം മായ്ക്കുന്നതിനും പകരം കുറച്ച് നേരം എന്നെ നോക്കി ഇരുന്ന ശേഷം പുറത്ത്‌ തട്ടി അഭിനന്ദിച്ചു: "മിടുക്കന്‍ ‍!"

രാത്രി ഉറങ്ങാന്‍ കിടന്ന ഞങ്ങള്‍ തുടര്‍ച്ചയായ പട്ടികുരയും കുഞ്ഞൂട്ടന്റെ അട്ടഹാസങ്ങളും കേട്ടാണുണര്‍ന്നത്‌. അച്ഛന്നാദ്യം ഓടി, ഞാന്‍ പിറകേയും.  വെട്ടുകത്തിയുമായി വരാന്തയില്‍ തെക്ക് വടക്ക് നടന്നലറുകയാണ് കുഞ്ഞൂട്ടന്‍ ‍.  മന്ദാകിനിയുടെയും മക്കളുടേയും പേടിച്ചരണ്ട മുഖം പാളിയില്ലാത്ത ജനലിലൂടെ കാണാം."തുറക്കെടീ  വാതില്‍ ‍, എടീ പെലയാടീ മോളേ...കൂത്തിച്ചീ....ഉം....തുറക്കാന്‍ ‍." കുഞ്ഞൂട്ടന്‍ ആക്രോശിക്കുന്നു.  കതകില്‍ ആഞ്ഞാഞ്ഞ് വെട്ടുന്നുമുണ്ട്.

ഓടിക്കൂടിയ അയള്‍ക്കാര്‍ എന്ത്‌ ചെയ്യണമെന്നറിയാതെ പരസ്പരം നോക്കി നില്‍ക്കുന്നു.
"അടങ്ങ്‌ കുഞ്ഞൂട്ടാ, വാ‍..... എന്തിനും ഒരു പരിഹാരമില്ലേ?"ധൈര്യപൂര്‍വം മുന്നോട്ട്‌ ചെന്ന് അച്ഛന്‍ കുഞ്ഞൂട്ടന്റെ കൈയില്‍ നിന്ന് വെട്ടുകത്തി പിടിച്ച്‌ വാങ്ങി. പിന്നെ

എന്തൊക്കേയോ പറഞ്ഞ് സമാധാനിപ്പിച്ച് വീട്ടില്‍ കൊണ്ട് വന്നു.

തെക്കേ ഇറയത്ത്,  ഇറുകി വലിഞ്ഞ മുഖവും ഞരമ്പുകള്‍ തുറിച്ച് വിറയ്ക്കുന്ന കൈകളുമായി, തറയില്‍ ചിതറിക്കിടന്ന നായ്ക്കളെ എടുത്ത്  മായാത്ത കളങ്ങളില്‍

നിരത്തിക്കൊണ്ടിരുന്നു കുഞ്ഞൂട്ടന്‍ ‍. പുലിയെ മാത്രം കണ്ട് കിട്ടിയില്ല.
"എന്താ കുഞ്ഞൂട്ടാ ....എന്ത് പറ്റി നിനക്ക്?": അച്ഛന്‍ കുഞ്ഞൂട്ടന്റെ അരികിലേക്ക്‌ നീങ്ങിരുന്നു.
കുഞ്ഞൂട്ടനത് കേട്ടില്ലെന്ന് തോന്നുന്നു. കുഞ്ഞൂട്ടന്റെ കൈകളില്‍ പിടിച്ച്, മുഖമുയര്‍ത്തി അച്ഛന്‍ ചോദ്യമാവര്‍ത്തിച്ചു.

പിന്നിലേക്ക് നിരങ്ങി നീങ്ങി,  ചുമരില്‍ ചാരി, കട്ടപിടിച്ച ഇരുട്ടിൽ ദൃഷ്ടിയുറപ്പിച്ചിരുന്നു, കുഞ്ഞൂട്ടന്‍ . പിന്നെ എപ്പോഴോ സംസാരിച്ച് തുടങ്ങി: "ക്രിസ്റ്റി സായിപ്പിന്റെ മോനും ഭാര്യേം ലണ്ടനീന്ന് വന്നതിനാല്‍ കഴിഞ്ഞ രണ്ട്‌ മാസോം ലീവ് കിട്ടിയില്ല, വേലായേട്ടനറിയാല്ലോ?........ അതിനു മുന്‍പത്തെ മാസം വന്ന രണ്ട്‌ രാത്രീലും ഞാന്‍ ഉമ്മറത്തെ തിണ്ണയിലാ കിടന്നത് .’

തലയുയര്‍ത്തിയപ്പോഴാണ്  ചുറ്റും നില്‍ക്കുന്ന ഞങ്ങളെപ്പറ്റി അയാള്‍  ബോധവാനായതെന്ന് തോന്നുന്നു. കാര്യം മനസ്സിലായ അച്ഛന്‍ പറഞ്ഞു:‘ങാഹാ, നിങ്ങളിവിടെ എന്തിനാ നിക്കണ്? പോ.. വേം പോയിക്കിടന്നുറങ്ങ്”

പിന്നിലേക്കൊതുങ്ങിയതല്ലാതെ ഞങ്ങളുണ്ടോ പോകുന്നു?

കൈകള്‍ രണ്ടും പിണച്ഛ്  തല താങ്ങി കുഞ്ഞൂട്ടന്‍ തുടര്‍ന്നു: ‘ എന്നിട്ട്...... എന്നിട്ടിപ്പ അവള് പറയ്‌യാ...കുളി തെറ്റിരിക്യാ ന്ന്...... കൊല്ലണ്ടേ അവളെ?" : തുടര്‍ന്ന് പല്ലുകള്‍

ഇറുമ്മുന്ന ശബ്ദം; കിതപ്പ്.

“നേരം ഒന്ന് വെളുത്തോട്ടെ കുഞ്ഞൂട്ടാ. നമുക്ക്‌ സമാധാനമുണ്ടാക്കാം  ബഹളം കൂട്ടി നാട്ടാരെയൊക്കെ  അറിയി ച്ച് നാറ്റിക്കണോ?"
-അച്ഛൻ കുഞ്ഞൂട്ടനെ ആശ്വസിപ്പിക്കാനുള്ള ശ്രമം തുടങ്ങി.

പിറ്റേന്ന് എല്ലാര്‍ക്കും  മുന്‍പേ ഉണര്‍ന്ന ഞാന്‍ നോക്കുമ്പോള്‍ ഇറയത്ത്‌, മാഞ്ഞ കളിക്കളത്തിനു മുകളില്‍ ‍, ഉടുമുണ്ടുരിഞ്ഞ്‌,തല വഴി മൂടി കിടന്നുറങ്ങുന്നു, കുഞ്ഞൂട്ടന്‍ ‍.

കടയില്‍ നിന്ന് ചായ കൊണ്ട് വന്ന് ഞാന്‍ കുഞ്ഞൂട്ടനെ ഉണര്‍ത്തി. തൂണില്‍ ചാരി, ചുടു ചായ ഊതിക്കുടിക്കുമ്പോള്‍ എന്നെ നോക്കി അയാള്‍ ചിരിക്കാന്‍ ഒരു വിഫലശ്രമം നടത്തി.

പല്ലുതേച്ച്‌ മുഖം കഴുകി,   പൂട്ടിൻ കഷണങ്ങള്‍ കടലച്ചാറില്‍ നനച്ച്  തിന്ന്‍ കൊണ്ടിരുന്ന ഞാന്‍ പുറത്ത് നിന്നുയര്‍ന്ന ആരവം ശ്രദ്ധിച്ചില്ല.
"മോനെ, എന്താ ഒരു ശബ്ദം?:അടുക്കളയില്‍ നിന്നമ്മ വിളിച്ച്‌ ചോദിച്ചു.
റോഡിലൂടെ ആരൊക്കെയോ ഓടുന്നു. കടയില്‍ ചായ കുടിച്ചിരുന്നവരെല്ലാം പുറത്ത്.

ഞാന്‍  കടയിലേക്കോടി.
കുഞ്ഞൂട്ടന്‍ പിന്നാലെ.

"എന്താ, എന്താ കാര്യം അന്തോണ്യാപ്ലേ?" അച്ഛന്‍ അയല്‍ക്കാരനോട് ചോദിച്ചു.
"മൂന്നേരത്തമ്പലത്തിന്റെ കൊക്കറണിയില്‍ ആരൊ തൂങ്ങിരിക്കിണൂ ത്രേ.“ ഓടുന്നതിനിടെ  അയാൾ വിളിച്ച് പറഞ്ഞു.
അച്ഛനും കുഞ്ഞൂട്ടനും ആള്‍ക്കൂട്ടത്തിന്റെ  ഭാഗമായി.

നട്ടുച്ചക്ക്‌ പോലും സൂര്യപ്രകാശം കടന്ന് ചെല്ലാത്ത അമ്പല കൊക്കറണിയുടെ ദിശയിലേക്ക് നോക്കാന്‍ പോലും ഭയക്കുന്ന എനിക്ക്‌ കൂടെയോടാൻ തോന്നിയില്ല.

"മച്ചിങ്ങലെ രാമുവാ. പശൂനെ കെട്ടാന്‍ പോയ വാരസ്യാരാ ആദ്യം കണ്ടേ. രാവിലെയെപ്പോഴൊ ഒപ്പിച്ചതാകും. പ്പഴും ചൂടാറിയിട്ടില്യാത്രേ.  പാവം, ആ സുച്ചിന്റേം ജാന്വേച്ചിടേം പതം പറച്ചിലും കരച്ചിലും കണ്ട്‌ നില്‍ക്കാന്‍ വയ്യാ..“
- തിരിച്ച് വന്ന അച്ഛന്‍ അമ്മയോട്‌ വിവരിക്കുന്നത് കെട്ട് ഞെട്ടിത്തരിച്ചു, ഞാന്‍ ‍.
രാമുവേട്ടന്‍ മരിച്ചെന്നോ?
അതും ആത്മഹത്യ!
ഞങ്ങളോടൊപ്പം കുറ്റിയും കോലും കളിക്കുന്ന, ക്രിക്കറ്റ്‌ കളി പഠിപ്പിക്കുന്ന, സിനിമക്കഥകള്‍ പറഞ്ഞു തരുന്ന, ചിരിക്കുന്ന മുഖവുമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള

ഞങ്ങളുടെ  രാമുവേട്ടന്‍ ‍....
.
തൊണ്ട വരളുന്ന പോലെ,
കണ്ണുകള്‍ ഇരുളുന്നു.
-തലക്കകത്ത്‌ അനേകം പൂരങ്ങളുടെ വെടിക്കെട്ടുകള്‍ ഒന്നിച്ച്.

ഇറയത്തെ മാഞ്ഞു പോയ കളങ്ങള്‍ കരിക്കഷണം കൊണ്ട്‌ തെളിയിക്കാന്‍ ശ്രമിക്കുകയായിരുന്നു, കുഞ്ഞൂട്ടനപ്പോള്‍ . ഇന്നലെ കാണാതിരുന്ന, വാടിയ ആ പുലിയെ

കുഞ്ഞൂട്ടനെവിടെന്ന് കിട്ടി?
നായ്ക്കളെയൊക്കെ മുറ്റമടിച്ചപ്പോള്‍ വാരിക്കളഞ്ഞ് കാണും.

"കുഞ്ഞൂട്ടാ, വീട്ടില്‍ പോ" അച്ഛന്‍ കുഞ്ഞൂട്ടനെ പിടിച്ചെണീപ്പിച്ചു.
"വരാനുള്ളത്  വന്നു. ഇന്ന് നീ മട്ടാഞ്ചേരീ പോണ്ടാ. രണ്ട്‌ ദിവസത്തെ ലീവെടുക്ക്‌. ഒന്നും മിണ്ടാനും നിക്കണ്ടാ....  വഴക്ക്‌ പറയുകയുമരുത്."
എന്നിട്ട്‌ ശബ്ദം താഴ്ത്തി പിറുപിറുത്തു:"ഇനി അവള്‍ കൂടി വല്ല പോഴത്തോം കാട്ടിയാ ...."

രൂപഭ്രംശം വന്ന പുലിയെ ദൂരേത്തേക്കെറിഞ്ഞ്‌, പകച്ച കണ്ണുകള്‍ കൊണ്ടച്ഛനെ നോക്കി, മുടന്തുള്ള ഇടത്‌ കാല്‍ വലിയ ഒരു ഭാരമെന്നോണം വലിച്ചിഴച്ച്  വീട്‌

ലക്ഷ്യമാക്കി നടന്നൂ, കുഞ്ഞൂട്ടന്‍ ‍.

Monday, May 5, 2008

സുമതിക്കൊച്ചമ്മ (ഇന്നലെയുടെ ജാലകങ്ങള്‍ -2)


സുമതിക്കൊച്ചമ്മ


 കോട്ടപ്പുറത്തേക്കുള്ള വഴിയെത്തും മുന്‍പേ, അഴിഞ്ഞ തൊണ്ടിന്റേയും കൂട്ടിയിട്ടിരിക്കുന്ന അറക്കപ്പൊടിയുടേയും ഗന്ധം പേറുന്ന തോടിന്റെ ഓരം ചേര്‍ന്ന്, ചെങ്കല്‍പ്പൊടി വിതറിയ പാതയോരത്ത്  കിതച്ച്‌ നില്‍ക്കും, വടക്കു നിന്നും പാലം കടന്നെത്തുന്ന മൂക്ക് മുറിയന്‍ ലേയ്ലാന്‍‌ഡ് ബസ്സുകള്‍ ‍.

ചേനയോ ചേമ്പോ, വിഷുക്കാലമെങ്കില്‍ ചക്കയൊ മാങ്ങയോ നിറച്ച കുട്ടിച്ചാക്ക്‌ തലയില്‍ നിന്നിറക്കി വടക്കേ നടയില്‍  രണ്ട്‌ നിമിഷം കൊടുങ്ങല്ലൂരമ്മയെ ധ്യാനിച്ച്‌ നില്‍ക്കും. അമ്പലക്കുളം ചുറ്റി, തെങ്ങോലകള്‍ മറച്ച വേലികള്‍ക്കിടയിലൂടെ പടിഞ്ഞാറോട്ടുള്ള കൈവഴിയിലേക്ക്‌ കയറുമ്പോള്‍ ‍, എല്‍ ജി കായത്തിന്റെ പരസ്യമുള്ള സഞ്ചിയും തൂക്കി ഒപ്പമെത്താന്‍ അമ്മ ബദ്ധപ്പെടുന്നുണ്ടാകും. സഞ്ചി ഇടതില്‍ നിന്ന് വലതിലേക്കും തിരിച്ചും കൈ മാറുമ്പോള്‍ ‘നവജീവന്‍‘ പേപ്പറിന്റെ വലയം ഭേദിച്ച്‌, നെയ്യപ്പത്തിന്റേയും പൂവന്‍ പഴത്തിന്റേയും സമ്മിശ്രഗന്ധം ചുറ്റും പരക്കും.

- അമ്മവീട്ടിലേക്കുള്ള യാത്രകള്‍ എനിക്കെന്നും ഹരമായിരുന്നു. അങ്കക്കലി കൊണ്ട ചേകവനെപ്പോലെ ഉറഞ്ഞ് തുള്ളി,  കാലന്‍കുട ആകാശത്തേക്കാഞ്ഞ് വീശി,"ലെഷ്മീ, നിന്നെ പടിയടച്ച്‌ പിണ്ഡം വച്ചിരിക്കുന്നു. നീയും കാര്യേഴുത്ത്‌ തറവാടുമായി മേലില്‍ ഒരു ബന്ധോമില്യാ" എന്ന് കുഞ്ഞമ്മാന്‍ അലറുന്നതിനും അതറിയിച്ച് കൊണ്ടുള്ള തീട്ടൂരം തപാല്‍ വഴി വീട്ടിലെത്തുന്നതിനും മുന്‍പായിരുന്നു, അത്‌.

അമ്പലക്കുളത്തിന് കാവല്‍ നില്‍ക്കുന്ന മുത്തശ്ശനാല്‍ കഴിഞ്ഞാല്‍ ആദ്യം വലത്തോട്ടും പിന്നെ ഇടത്തോട്ടുമുള്ള രണ്ട് തിരിവുകള്‍ കഴിഞ്ഞാല്‍ എത്തി ഞങ്ങളുടെ ഇടത്താവളം: നാരായണിപ്പാട്ടിയുടെ വീട്.

സമൃദ്ധമായ് കായ്ച്ച് നില്‍ക്കുന്ന ഇരിമ്പന്‍ പുളിയുടെ ചോട്ടിലിട്ട  വയസ്സന്‍ ബെഞ്ചിലിരുന്ന് ഇഞ്ചിയും പച്ചമുളകും നാരങ്ങയിലയും ചതച്ചിട്ട മോരുംവെള്ളം കുടിക്കുമ്പോള്‍ പാട്ടിയുടെ അമ്മയും അനിയത്തിമാരും ചുറ്റും കൂടും: കുശലം ചൊല്ലാനും പരദൂഷണം പറയാനും.

നാരായണിപ്പാട്ടിയെ കെട്ടിയിരുന്നന്നത്‌ അവിട്ടത്തൂരിലെ കളമെഴുത്തുകാരന്‍  രാമനാശാനായിരുന്നു.  നാട്ടുകാരിയെന്ന പരിഗണന മൂലമാവാം,  വെള്ളം നിറഞ്ഞ മുണ്ടോണ്‍ പാടവും പൂജയില്ലാത്ത പുല്‍ക്കുണ്ട ക്ഷേത്രവും പാമ്പുകള്‍ പാര്‍ക്കുന്ന കുണ്ടനിടവഴിയും കടന്ന്, നാരായണിപ്പാട്ടി ഇടക്കിടെ ഞങ്ങളുടെ  വീട്ടിലെത്തിയിരുന്നത്.

മുറുക്കാന്‍ ചാറൊഴുകുന്ന വായ്‌ ഇടക്കിടെ തുടച്ച്, അടക്കിയ സ്വരത്തില്‍, നീട്ടിയും കുറുകിയുമുള്ള അവരുടെ സംസാരം ഞങ്ങള്‍ക്കാസ്വാദ്യകരമായിരുന്നു.

മകരസംക്രാന്തിയടുക്കുമ്പോഴാണ്  നാരായണിപ്പാട്ടിയുടെ വില  നാട്ടുകാരറിയുന്നത്.  പാതിരാ കഴിയുമ്പോള്‍ ഓരോ വീട്ടിലുമെത്തി ഉടുക്ക് കൊട്ടി  തുയിലുണര്‍ത്തി,  “വിഷുഫലം“ പ്രവചിക്കുന്ന  നാരായണിപ്പാട്ടി ഗോവിന്ദന്‍ വെളിച്ചപ്പാടിനേകാള്‍ സ്വീകാര്യയാകുന്നത് ആ രാവുകളില്‍ മാത്രം. രാത്രിയുടെ  നിശ്ശബ്ദതയില്‍  മാക്രികളുടെ കോറസ്സിനേയും നായ്ക്കളുടെ സദിരിനേയും ഭേദിച്ച്‌ പാട്ടിയുടെ ഉടുക്കിന്റെ “ഡൂം ഡുഡുഡൂം ഡും ഡൂം’  മുഴങ്ങുമ്പോള്‍ ഞങ്ങള്‍ ഉറക്കം വിട്ടെണീക്കും. 'മക്കള്‍ ഉറങ്ങിക്കോ. നാരായണി പാടത്തിന്നിക്കരേയേ എത്തീട്ടുള്ളു. നമ്മ്ടെ വീട്ടിലെത്താന്‍ ഇനീം മൂന്നാല് ദിവസം പിടിക്കും": അമ്മ ശാസിക്കും.

സുര്യന്‍ മീനരാശിയില്‍ നിന്ന് കാലു മാറിയെന്നും സമൃദ്ധിയുടെയും സൗഭാഗ്യത്തിന്റേയും കാലം വരാന്‍ പോകുന്നുവെന്നും അറിയിച്ച്‌ കൊണ്ടുള്ള പാട്ടിയുടെ ഉടുക്കിന്റെ ധ്വനി ഉമ്മറത്ത്‌ നിന്നയരുമ്പോഴായിരിക്കും പിന്നെ ഞാന്‍ ഞെട്ടിയുണരുക. നിലവിളക്കും, നെല്ല് നിറച്ച ഇടങ്ങഴിയും എപ്പോഴാണാവോ അമ്മ ഒരുക്കിയത്‌? എരിയുന്ന ചന്ദനത്തിരിയുടെ സുഗന്ധം പുണരാന്‍ പുലര്‍കാല കുളിര്‍കാറ്റിനെന്ത് ഹരം!

വാക്കുകള്‍ വ്യക്തമാകാത്ത നാരായണിപ്പാട്ടിയുടെ പാണന്‍ പാട്ട്‌ അമ്മായിത്തള്ള ഏറ്റുപാടുമ്പോള്‍ ‍, ചവിട്ട്‌ പടിയില്‍, തിരി താഴ്ത്തിയ റാന്തല്‍ വിളക്കിന്റെ ചൂടും പറ്റി, ഉറക്കം തൂങ്ങിയിരിക്കുന്നുണ്ടാകും പാട്ടിയുടെ മകനും ചേച്ചിയുടെ ക്ലാസ്‌ മേറ്റുമായ മുകുന്ദന്‍ ‍.

അവിലും ശര്‍ക്കരക്കാപ്പിയും കഴിച്ച  ശേഷമാണ് പാട്ടിയുടെ വിഷുഫല പ്രവചനം. അടുത്ത ഒരു   കൊല്ലത്തെ  കാലാവസ്ഥ, വര്‍ഷം, വിളവ്‌, രോഗപീഢ, യുദ്ധം, മരണം എന്നിവ ആദ്യം. പിന്നെ  ജന്മനാളനുസരിച്ച് ഓരോരുത്തരുടേയും ഭാവി .....

എല്ലാവരേയും സന്തോഷിപ്പിച്ച്‌ വെറ്റിലയടക്കയും നെല്ലും  ദക്ഷിണയും വാങ്ങിയിട്ടേ  പാട്ടിയും പരിവാരങ്ങളും മടങ്ങൂ.

പാട്ടികുടുംബത്തോട്‌ യാത്ര പറഞ്ഞ്‌ പിന്നേയും ഒന്നൊന്നര ‘മൈലീസ്’‍ നടന്ന് വേണം ഞങ്ങള്‍ക്ക്‌ മാടവനയില്‍ വാഴും നേരമ്മാവന്റെ വാസസ്ഥലത്തെത്താന്‍ ‍.തലങ്ങും വിലങ്ങും ഒഴുകുന്ന കൈത്തോടുകള്‍ക്ക്‌ കുറുകെ വച്ച തെങ്ങിന്‍ തടിപ്പാലങ്ങളിലൂടെ ബാലന്‍സ്‌ ചെയ്ത്‌, മീന്‍ മണക്കുന്ന അടുക്കളകള്‍ക്കും മറച്ചിട്ടും മറയാത്ത  മറപ്പുരകള്‍ക്കുമിടയിലൂടെയുള്ള ആ ‘വഴിയില്ലാ വഴി യാത്രകള്‍ ‍ ഏറെ കുതൂഹലം നിറഞ്ഞതായിരുന്നു. വേലിയില്ല, അതിര്‍ത്തിരേഖകളില്ല, കുളങ്ങള്‍ക്ക് ചുറ്റും പടര്‍ന്ന് കിടക്കുന്ന കൈതക്കാടുകല്ലാതെ. പരിഭവങ്ങളൊ പരിദേവനങ്ങളൊ ദ്യോദിപ്പിക്കുന്ന ഒരു നോട്ടം പോലും ആരില്‍ നിന്നുമുണ്ടാവില്ല.

അമ്മവീടെത്തും മുന്‍പാണ് സുമതിക്കൊച്ചമ്മയുടെ വീട്‌. ദേശത്തെ ഏക വാര്‍ക്ക കെട്ടിടമെന്ന ബഹുമതി കൂടിയുണ്ടതിന്. അടുക്കളത്തിണ്ണയുടെ തൂണും ചാരി, ശോകച്ഛവിയാര്‍ന്ന കണ്ണുകളെ ആകാശനീലിമയില്‍ അലയാന്‍ വിട്ട്‌, താടിക്ക്‌ കൈയും കൊടുത്തിരിക്കുന്ന കൊച്ചമ്മ "സുമേ" എന്ന അമ്മയുടെ വിളി കേള്‍ക്കുമ്പോള്‍ ചാടിയെണീക്കും.

ഇരുണ്ട നിറം,
കുറഞ്ഞ ഉയരം,
ഒതുങ്ങിയ ശരീരം,
-കാഴ്ചയില്‍ ഒരു സ്കൂള്‍കുട്ടി.

പക്ഷേ നക്ഷത്രങ്ങള്‍ ഒളിപ്പിച്ച് വച്ച വലിയ കണ്ണുകളും വട്ടമുഖവും ചുരുചുരുണ്ട നീണ്ട മുടിയും കൊച്ചമ്മയെ തികച്ചും വ്യത്യസ്ഥയാക്കിയിരുന്നു.

കുട്ടിച്ചാക്ക് വാങ്ങി താഴെ വച്ച്‌, കെട്ടിപ്പിടിച്ച്‌ ഇരു കവിളുകളിലും മാറി മാറി ചുംബിക്കും, കൊച്ചമ്മ. സംസാരിക്കാന്‍ തുടങ്ങും മുമ്പേ കണ്ണുകള്‍ സജലമാകും. പിന്നെ വായല്‍പം തുറന്നു പിടിച്ചുള്ള തേങ്ങലുകള്‍ ‍.
'കൊച്ചമ്മയെന്ത വീട്ടീ വരാത്തേ?'
അനവസരത്തിലുള്ള എന്റെ ചോദ്യം ആ തേങ്ങലിന് പാഴ്മുള പൊളിയും പോലുള്ള താള ഗതിയേകും. ഉമ്മറത്ത് നിന്ന് കാരണവരുടെ നീണ്ട മൂളല്‍ മുഴങ്ങുമ്പോള്‍ ഇരു കൈ കൊണ്ടും വായ്‌ പൊത്തി അവര്‍ തേങ്ങലടക്കും‍.

"പോട്ടെ മോളെ, ഊണിനു മുന്‍പെത്തണം. ഇന്ന് തന്നെ തിരിച്ച്‌ പോകാനുള്ളതാ": അമ്മ എണീക്കും.
മുണ്ടിന്റെ കോന്തല കൊണ്ട്‌ മുഖം തുത്തുടച്ച്‌ കുട്ടിച്ചാക്കും തൂക്കി പറമ്പിന്റെ അതിരുവരെ  അനുഗമിക്കെ അവര്‍ പരിതപിക്കും: മോനൊരു ചായ ഇട്ട് തരാന്‍ മറന്നല്ലോ കൊച്ചമ്മ‌"
ഒന്ന് കൂടി കെട്ടിപ്പിടിച്ച്‌ യാത്ര പറയുമ്പോള്‍‍ പായല്‍  കുളത്തിലെ കുമിള  പോലൊരു തെളിമ ആ മുഖത്ത്‌ മിന്നും.

"എന്താ അമ്മേ, കൊച്ചമ്മ വരാത്തേ?" അമ്മയോട്‌ ഞാന്‍ ചോദ്യമാവര്‍ത്തിക്കും‍.
"കൊച്ചച്ഛനുമായി വഴക്കിട്ട്‌ വന്നതല്ലേ? കൊച്ചച്ഛനോട്‌ മോന്‍ പറയണം വിളിച്ചോണ്ട്  വരാന്‍ ‍"

പ്രതീക്ഷകള്‍ തകിടം മറിഞ്ഞ ആ ദിനം:
തറവാട്ടിലെ നടപ്പുര.
വീട്ടിലെ തലമൂത്തവരും പ്രമാണിമാരും ഒരു വശത്ത്.
കൊച്ചമ്മയുടെ അച്ഛനും ബന്ധുക്കളും മറുവശത്ത്.
നടപ്പുരയുടെ തെക്ക്‌ പടിഞ്ഞാറെ കോണില്‍ തലയും താഴ്ത്തി കൊച്ചച്ഛന്‍ ‍.
ഇറയത്തും കയ്യാലയിലുമായി മറ്റുള്ളവര്‍ ‍.

പൂരപ്പാട്ടും ഉറഞ്ഞ്‌ തുള്ളലും ചില കൈക്രിയകളും കഴിഞ്ഞപ്പോള്‍ ‍, നനുത്ത ചീനപ്പേപ്പറിന്റെ പൊതിയഴിച്ച്‌ ഒരു താലിമാല കൊച്ചമ്മയുടെ അച്ഛന്‍ മേശപ്പുറത്ത്‌ വച്ചു. ജാതകക്കെട്ടും മോതിരവും ഏതാനും സ്വര്‍ണാഭരണങ്ങളും തിരിച്ച്‌ വച്ചു, വെല്ലിശന്‍ .

എല്ലാരും എണീറ്റു.
"അല്‍പം വെള്ളമെങ്കിലും കുടിച്ചിട്ട് ..." : നാട്ടുപ്രമാണിമാരിലാരുടെയോ  തണുപ്പിക്കാനുള്ള ശ്രമത്തിന് കാര്‍ക്കിച്ച്‌ ഒരു തുപ്പ് കൊണ്ട് മറുപടി പറഞ്ഞ് ജാതകവും ആഭരണങ്ങളും പൊതിഞ്ഞെടുത്ത്‌ കാരണവര്‍ പടിയിറങ്ങി.
തട്ടകക്കാര്‍‍ പിന്നാലെയും.

അല്‍പനേരം കൂടി നിന്ന് പരസ്പരം നോക്കി  നാട്ടുകാരും പിരിഞ്ഞു.
"രാമന്‍കുട്ടീ, നാളെ എടക്കാരന്‍ കുഞ്ഞിച്ചെക്കന്‍ വരും. അവന്റെ കൂടെ നീ ചെന്ത്രാപ്പിന്നി വരെ പോണം. ‘
അപ്പൂപ്പന്റെ സ്ഥാനം സ്വയം ഏറ്റെടുത്ത വെല്ലിശന്റെ കല്പന!

കൊച്ചച്ഛന്‍ പുതിയ കൊച്ചമ്മയെ കൊണ്ടുവരാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് കരച്ചിലടക്കാനായില്ല.
"അപ്പൊ സുമതിക്കൊച്ചമ്മയോ?"
“സുമതിക്കൊച്ചമ്മ ഇനി വരില്ല"
"അതെന്താ?"
ചേച്ചി എന്നെ പറമ്പിന്റെ വടക്ക് കിഴക്കേ മൂലയില്‍ പന്തലിച്ച്‌ കിടക്കുന്ന കൊടമ്പുളിമരത്തിന്റെ തണലിലേക്ക് കൂട്ടിക്കൊണ്ടുപോയി. താഴ്‌ന്ന ഒരു ശിഖരത്തില്‍‍ എന്നെയിരുത്തി, സ്വയം നിലത്ത്‌ ചമ്രം പടിഞ്ഞിരുന്ന്, സംഭവങ്ങള്‍ സവിസ്തരം എന്നിലേക്ക്‌ പകരാന്‍ ശ്രമിച്ചു.

-കൊരട്ടിയിലെ നൂല്‍ക്കമ്പനിയില്‍ ജോലിക്ക്‌ ചേര്‍ന്നയുടനെയാണ് കൊച്ചച്ഛന് കല്യാണാലോചന വന്നത്‌. "കാണാനത്ര പോരാ എന്നാലും നല്ല ഐശ്വര്യം. ഏഴാം ക്ലാസിലാ പഠിക്കുന്നത്. നമ്മളെ വച്ച്‌ നോക്കിയാ അവര്‍ കുബേരന്മാരാ‍‍. പിന്നെ ലെക്ഷ്മീടെ തറവാട്ടുകാരും."

അപ്പൂപ്പന് സുമതിക്കൊച്ചമ്മയേയും വീട്ടുകാരേയും “ക്ഷ” പിടിച്ചു. അപ്പൂപ്പന്റെ ഇഷ്ടത്തിനെതിരെ ചിന്തിക്കാന്‍ പോലും ആരും ധൈര്യപ്പെടില്ലല്ലോ.

ആദ്യ കാര്‍ യാത്ര എനിക്കോര്‍മ്മയുണ്ട്. കൊച്ചച്ചന്റെ കല്യാണ ദിനത്തില്‍ .കരുവന്നൂര്‍ പുഴ, പുല്ലൂറ്റ്‌ പാലം, കൊടുങ്ങല്ലൂരമ്പലം, കാട്ടാകുളം, പടാകുളം ഒക്കെ കടന്ന് ഒരു ചായക്കടയുടെ മുന്‍പില്‍ ‍കാര്‍ നിന്നു. ആരുടെയൊക്കേയൊ മുറ്റത്തു കൂടെ നടന്നപ്പോള്‍ അലങ്കരിച്ച ഒരു പന്തല്‍ . കൊട്ട് കുരവാദികളുടെ  അകമ്പടിയോടെയുള്ള താലികെട്ട്.

സന്തോഷകരമായിരുന്നൂ അവരുടെ ദാമ്പത്യം.

ശനിയാഴ്ച ജോലി സ്ഥലത്ത്‌ നിന്നു വരുന്ന കൊച്ചച്ഛന്‍ തിങ്കളാഴ്ച തിരിച്ച്‌ പോകും വരെ തറവാടിനൊരു ഉത്സവഛായ കൈവരും. കൊച്ചരിപ്പല്ലുകള്‍ കാട്ടിയുള്ള ചിരിയും ഭവ്യത കലര്‍ന്ന പെരുമാറ്റവും അടുക്കള ജോലിയിലുള്ള സാമര്‍ത്ഥ്യവും കൊച്ചമ്മയെ അപ്പൂപ്പന്റെ അരുമയാക്കി.

വിവാഹം കഴിഞ്ഞ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ‘കുഞ്ഞിക്കാ‍ലൊന്ന്’ കാണാത്തതെന്ത് എന്ന് മുറുമുറുപ്പുകള്‍ ചുറ്റും.  പക്ഷേ സംഗതികള്‍ വഷളാക്കിയത് കാര്യേഴുത്ത്  ക്ഷേത്രത്തിലെ ഉത്സവത്തിന്  കുഞ്ഞമ്മാനും കൊച്ചമ്മയുടെ അച്ഛനും തമ്മില്‍ നടന്ന അടിപിടിയാണ്.

പതിവില്ലാതെ ‘വിസിറ്റി‘നെത്തിയ കുഞ്ഞമ്മാനും കൊച്ചമ്മായിയും കൂടി  ‘കുടുംബശ്രീ‘ യോഗം വിളിച്ച്‌  ഞെട്ടിപ്പിക്കുന്ന ഒരു പ്രഖ്യാപനം നടത്തി:

വിവാഹത്തിനു മുന്‍പ്‌ സുമതിക്കൊച്ചമ്മക്കൊരു രഹസ്യബന്ധമുണ്ടായിരുന്നു,അവിടത്തെ ‘കറവുകാരന്‍ ‍‘ നാണപ്പനുമായി. ഒന്നിച്ച്  ഒളിച്ചോടാന്‍ പ്ലാനിട്ടപ്പോഴാണ് പഠിത്തം നിര്‍ത്തി‌ച്ച്, കാരണവര്‍ ‘പിടീ’ന്നവളുടെ വിവാഹം നടത്തിയത്. മാത്രോല്ല, അവള്‍ മച്ചിയാ. അല്ലെങ്കില്‍ ഇതിനിടെ എത്ര പെറേണ്ടതാ”

ഉരസിയിട്ട ആ തീപ്പെട്ടിക്കമ്പ്‌ അസൂയയുടെ ഊഷരതയില്‍ വിളഞ്ഞ്‌ കിടന്നിരുന്ന പെണ്മനസ്സുകളില്‍ പെട്ടെന്ന് കത്തിപ്പടര്‍ന്നു. ഒടുവില്‍ വാര്‍ത്ത അപ്പൂപ്പന്റെ ചെവിയിലുമെത്തി.
"ശവം, കണ്‍വെട്ടത്ത്‌ കണ്ട്‌ പോകരുത് അവളെയിനി!‘  വെട്ടൊന്ന്, മുറി രണ്ട്‌ എന്ന മട്ടുകാരനായ അപ്പൂപ്പന്‍ പൊട്ടിത്തെറിച്ചു: "രാമന്‍കുട്ടീ, അവളെ  അവള്‍ടെ വീട്ടീ കൊണ്ടാക്ക്‌."

അനുസരണയുള്ള മകനായത്‌ കൊണ്ടോ കൊച്ചമ്മായിയുടെ ‘കുനിഷ്ട്’ ഫലിച്ചത് കൊണ്ടോ എന്നറിയില്ല, വലിയ മനസ്സാക്ഷിക്കുത്തില്ലാതെ കൊച്ചച്ഛന്‍ ആ കൃത്യം നിര്‍വഹിച്ചു.

"വീട്ടില്‍ കൊണ്ടാക്കിയപ്പോ പാവം കൊച്ചമ്മ വിചാരിച്ച്‌ കാണില്ല തന്നെ എന്നെന്നേക്കുമായി ഉപേക്ഷിക്കയാണെന്ന്." വല്യേച്ചിയുടെ സ്വരത്തില്‍ നനവ്‌ പടര്‍ന്നു. "ഒരു പക്ഷേ അപ്പൂപ്പന്‍ മരിച്ചില്ലായിരുന്നെങ്കി, സത്യം മനസ്സിലാക്കി എല്ലാം നേരെയായേനെ.‘

ചെന്ത്രാപ്പിന്നിക്കാരി കൊച്ചമ്മ, ഒത്ത ഉയരവും നല്ല തടിയും വെളുത്ത നിറവുവുമൊക്കെ ഉള്ള ഒരു ‘മേനക’യായിരുന്നുവെങ്കിലും അവരെ സുമതിക്കൊച്ചമ്മക്ക് പകരമായി കാണാന്‍ ഞങ്ങളാരും തയ്യാറായില്ല.

പിന്നെ അമ്മവീട്ടില്‍ പോയപ്പോള്‍ കൊച്ചമ്മയുടെ വീടൊഴിവാക്കി ഏതോ  വളഞ്ഞ വഴിയില്‍ കൂടിയാണമ്മ എന്നെ കൊണ്ട് പോയത്‌. അടുക്കളയില്‍ വച്ച്‌ കൊച്ചമ്മായി അമ്മയോട്‌ വിസ്തരിക്കുന്നത്‌ കേട്ടു:" നാത്തൂനറിയോ, രാമന്‍കുട്ടീടെ കല്യാണത്തിന്റെ അന്ന് തന്നെ ആ മുഷ്കന്‍ കാരണോര് അവള്‍ടേം കല്യാണം നടത്തീ. ചെക്കനാരാന്നറിയോ: കറവക്കാരന്‍ നാണപ്പന്‍ ‍! ഇപ്പഴെങ്കിലും മനസ്സിലായൊ കുശുമ്പും കുന്നായ്‌മേം ഒന്നുമല്ല സത്യാ ഞാന്‍ പറഞ്ഞേന്ന്"

തിരിച്ചുള്ള യാത്രയില്‍ ‌അതേപ്പറ്റി ചോദിക്കണമെന്ന് തോന്നിയെങ്കിലും അമ്മയുടെ മൂടിക്കെട്ടിയ മുഖവും കലങ്ങിയ കണ്ണുകളും എന്നെ വിലക്കി.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം വളരെ ആകസ്മികമായാണ് ഞാന്‍ സുമതിക്കൊച്ചമ്മയെ ‍ വീണ്ടും കാണുന്നത്‌.

ക്ലാസ്‌ കട്ട്‌ ചെയ്ത്‌  ‘മാറ്റിനി‘ കാണാന്‍ എസ്സെന്‍ തിയേറ്ററില്‍ പോയതായിരുന്നു. അവസാന സീനില്‍ നായകന്‍ വില്ലനെ ചകിരി തല്ലുമ്പോലെ തല്ലിച്ചതക്കുമ്പോള്‍ ‍, അല്ലെങ്കില്‍  ഏറ്റുപറച്ചിലുകളുടെ കുടുംബസംഗമം  തുടങ്ങുമ്പോള്‍  ‘എക്സിറ്റ്‌‘ ഗേറ്റിലേക്കോടും, ഞാന്‍ ‍. ‘ജനഗണമന‘ക്ക് മുന്‍പേ ഇറങ്ങി ഓടിയാല്‍ കിഴക്കെ നടയില്‍ നിന്ന് ഇരിഞ്ഞാലക്കുടക്കുള്ള  ബസ് പിടിക്കാം.
രാത്രി തന്നെയിരുന്ന് എഴുതി പിറ്റേന്ന് തപാല്‍പ്പെട്ടിയില്‍ നിക്ഷേപിച്ചാലേ അടുത്ത ലക്കം വാരികയില്‍ ‘മിസ്.അംബിളി എം.എ‘. എന്ന പേരില്‍ എന്റെ “ഫിലിം റിവ്യൂ” വരൂ.

"കുട്ടാ, ഒന്ന് നിക്കൂ"
ഓട്ടം നിര്‍ത്തി തിരിഞ്ഞ് നോക്കിയപ്പോള്‍ റോഡിന്റെ മറുവശത്ത്‌ പരിചയമുള്ള ഒരു മുഖം.  കറുത്ത് മെലിഞ്ഞ്, മുള്ളമ്പന്നി മുടിയോട് കൂടിയ ഒരു ഗ്രഹണിപ്പയ്യനുണ്ട്, കൂടെ.
"സുമതിക്കൊച്ചമ്മ!”
-ഞാന്‍ ഓടി അടുത്ത് ചെന്നു.
അടി മുതല്‍ മുടി വരെ നോക്കി,  കവിളത്തൊന്ന് തലോടി, ചിരിക്കാന്‍ ശ്രമിച്ചു അവര്‍ ‍.
'വല്യ ചെക്കനായല്ലൊടാ കുട്ടാ, മീശയൊക്കെ മുളച്ച്.."
തിരിഞ്ഞ്  കൂടെയുള്ള പയ്യനോട്:  "മോനറിയോ, അമ്മ‍ പറയാ‍റുള്ള  ഏട്ടനാ ഇത്"

കൊച്ചമ്മയെ കെട്ടിപ്പിടിക്കാനും തോളില്‍ മുഖമമര്‍ത്തി ഒന്നുറക്കെ കരയാനും മനസ്സ് വെമ്പി. കൊച്ചമ്മക്ക് ഒരു മകനുണ്ടെന്നുള്ള അറിവോ അതോ താന്‍ വലിയവനായെന്ന ഈഗൊയോ;എന്താണ് അങ്ങനെ ചെയ്യുന്നതില്‍ നിന്നും എന്നെ വിലക്കിയത്?

'അച്ഛന്റെ വാശി കൊണ്ട്‌ മാത്രാ കുട്ടാ, ഞാനാ മനുഷ്യനെ കെട്ടിയത്‌.' : നിര്‍വികാരത പാര്‍പ്പുറപ്പിച്ച കണ്ണുകളുയര്‍ത്തി എന്നെ നോക്കിക്കൊണ്ടവര്‍‍ തുടര്‍ന്നു.

‘ഒരു വേലക്കാരന്‍ എന്ന നിലയിലേ ഞാനയാളെ കണ്ടിട്ടുള്ളൂ.  അല്ലാതെ നിന്റെ അമ്മായി പറഞ്ഞുണ്ടാക്കിയ പോലെ...." തൊണ്ടയിടറി, ഒന്ന് നിര്‍ത്തി നിലത്ത് ദൃഷ്ടിയുറപ്പിച്ച് അല്പനേരം നിന്നൂ അവര്‍ . "കല്യാണം കഴിഞ്ഞ് അയളുടെ വീടിന്നരികെ, മേത്തലയില്‍, വീടും വസ്തുക്കളും ഒക്കെ അച്ഛന്‍ മേടിച്ച് തന്നു. പക്ഷേ കുടുംബജീവിതമെന്തന്ന് അയാള്‍ക്കറിയില്ലായിരുന്നു.  ഇവന് ഒരു വയസ്സുള്ളപ്പോ, ഒരു ദിവസം ആരോടും പറയാതെ ഇറങ്ങിപ്പോയതാ. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയില്ല.”

അക്ഷമയോടെ വാച്ചില്‍ നോക്കുകയായിരുന്നൂ, ഞാനപ്പോള്‍ .
നേരം വൈകുന്നു.
അച്ഛനറിയാതെ പെട്ടിയില്‍ നിന്നെടുത്ത കാശ്,
ക്ലാസ്‌ കട്ട്‌ ചെയ്തുള്ള സിനിമ‍ കാണല്‍ ‍,
സ്പെഷ്യല്‍ ക്ലാസ്സെന്ന നുണ.
-കുറ്റബോധങ്ങള്‍ തലക്കകത്ത് താണു പറക്കുകയാണ്.

“കൊച്ചമ്മേ, പോട്ടെ“, ആ മുഖത്ത് ഒന്നുകൂടി നോക്കാന്‍ ധൈര്യപ്പെടാതെ, ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ഞാന്‍ ഓടി.
"മോനൊരു ദിവസം വീട്ടില്‍ വാ....മേത്തല സെന്ററില്‍ വന്ന് ആരോട്‌ ചോദിച്ചാലും കാണിച്ച്‌ തരും... ‘.
പിന്നില്‍ നിന്നും അവര്‍ വിളിച്ച് പറയുന്നത് കേള്‍ക്കാമായിരുന്നു.
‘വരണേ. ഞാന്‍ കാത്തിരിക്കും..'

-ഒരിക്കലും നിറവേറ്റാന്‍ കഴിയാതിരുന്ന ആ അപേക്ഷ ചെവികളില്‍ ഇന്നും  മുഴങ്ങിക്കൊണ്ടിരിക്കുന്നു.


Wednesday, March 19, 2008

അപ്പൂപ്പന്‍ ( ഓര്‍മ്മയുടെ ജാലകങ്ങള്‍ 1)



ലക്ഷ്മിക്കുട്ടിടീച്ചറുടെ ക്ലാസ്സിലിരിക്കുക എന്നത്‌ ഒരു ശിക്ഷയാണ്. നരച്ച് സമൃദ്ധമായ മുടി കടന്നല്‍ക്കൂട് പോലെ വലയിട്ട് കെട്ടി, വട്ടക്കണ്ണടയിലൂടെ തുളച്ച്‌ കയറുന്ന നോട്ടവുമായി
ടീച്ചര്‍ ‘2-സി‘-യില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ,അവരുടെ കൂര്‍ത്ത മൂക്ക് നരിച്ചീറിന്റേത്‌ പോലെ ഉദ്വിഗ്നമാകും.

കിഴക്ക്‌ പടിഞ്ഞാറായി നീണ്ട്‌ കിടക്കുന്ന ഹാളില്‍ പനന്തട്ടിക കൊണ്ട്‌ മറച്ചാണ് ക്ലാസ്സുകള്‍ തിരിച്ചിരിക്കുന്നത്‌. ഓട്ടകള്‍ കൊണ്ടനുഗ്രഹീതമായ തട്ടികയിലൂടെ നോക്കിയാല്‍ 3 എ-യിലെ വെളുത്ത്‌ സുന്ദരിയായ ലീലടീച്ചര്‍ ‍, രണ്ടായി പകുത്ത്‌, നീല റിബണ്‍ കൊണ്ട്‌ ബന്ധിച്ച നീണ്ട മുടി ഇരു ചന്തികളിലും മാറി മാറി താളമിടും വിധം നടന്ന് കേട്ടെഴുത്തെടുക്കുന്നതും, ശ്രുതിലയത്തില്‍ പാട്ട് പാടിക്കൊടുക്കുന്നതും സ്വയം മറന്നനുഭവിക്കാം.

ദ്വേഷ്യം വരുമ്പോള്‍ ചുവന്ന് തുടുത്ത്, മൂക്കിന്‍ തുമ്പില്‍ വിയര്‍പ്പ്‌ മണികളുതിരുന്ന ആ മുഖത്തിനെന്തഴക്, ആകര്‍ഷകത്വം! ഈ നരിച്ചീറിനു പകരം ആ മാടപ്രാവിനെ
ടീച്ചറായിക്കിട്ടാന്‍ ഏത്‌ ദേവന് എന്തര്‍‍ച്ചനയാണാവോ ചെയ്യേണ്ടത്?

കാലത്ത്‌ വീട്ടില്‍ നിന്നും കഴിച്ച കഞ്ഞിയുടേയും ഉള്ളിച്ചമ്മന്തിയുടേയും പ്രഭവം 12 മണിക്ക് മുന്‍പേ കത്തിയടങ്ങും. കാളുന്ന വയറും മങ്ങുന്ന മനസ്സുമായി, ഒരു മണിക്ക് ശിപായി ശേഖരന്‍ ലോംഗ്‌ ബെല്‍ അടിക്കുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കും‍. ഒരു മണിക്കൂറിന് ആയിരം മിനിറ്റുകള്‍ വരെ വേണമായിരുന്നു, അക്കാലത്ത് ‍!

കവിടിപ്പിഞ്ഞാണവും പുസ്തകത്തില്‍ സൂക്ഷിച്ച് വച്ച പഴുത്ത പ്ലാവിലയുമായി ഒരോട്ടമാണ് പിന്നെ വെപ്പുപുരയിലേക്ക്. ചമ്രം പടിഞ്ഞിരുന്ന് പിഞ്ഞാണം മുന്നില്‍ വച്ച്‌,  പോക്കറ്റില്‍
നിന്നെടുത്ത ഈര്‍ക്കിലുകൊണ്ട്‌ പ്ലാവില കോട്ടി, നാലു നിരകളുടെ ഏത്‌ അറ്റത്ത് നിന്നാണ് വെപ്പുകാരി ഭാര്‍ഗവിയും ക്രാഫ്റ്റ്‌ ടീച്ചര്‍ പീറ്റര്‍മാഷും ഉച്ചക്കഞ്ഞി വിതരണമാരംഭിക്കുക
എന്ന് ആകാംക്ഷയോടെ നോക്കിയിരിക്കും.

സ്റ്റീല്‍ ചോറ്റുപാത്രത്തില്‍ കൊണ്ട്‌ വരുന്ന ആഹാരം ഭുജിച്ച്,  കഴുകിയിട്ടും വിടാതെ പിന്‍‌തുടരുന്ന കറികളുടെ നറുമണം ചുറ്റും പ്രസരിപ്പിച്ച്  കിളിമാസ്‌ കളിക്കാന്‍ കാത്ത്‌ നില്‍ക്കുകയാകും കാളിദാസനും ദാമുവുമൊക്കെ.

സ്കൂള്‍ വിട്ടാല്‍ കല്ലംകുന്ന് പഞ്ചായത്ത്‌ കിണര്‍ വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരം മത്സര ഓട്ടമാണ്. കുട്ടുകാര്‍ പിരിഞ്ഞാല്‍ പിന്നെ നടത്ത സാവധാനത്തിലാകും. ‘പൊരുമ്പി‘ക്കാരുടെ വേലിയതിരിലെ‍ കാരക്ക പഴുത്തോ എന്നും ‘കൈത‘ക്കാരുടെ തൊഴുത്തിന്നരികിലെ ചാമ്പ പൂത്തോ എന്നും നോക്കി കൈയിലെ വേലിപ്പത്തല്‍ കൊണ്ട് മണ്‍പാതയില്‍ ചിത്രങ്ങള്‍ വരച്ച് നിരങ്ങി നീങ്ങുമ്പോള്‍ ചേച്ചിമാര്‍ രണ്ടും അന്നനട നടന്ന് കൂടെയെത്തിയിരിക്കും. ക്ലാസ് 4 ‌ വരെയുള്ളവര്‍ക്കേ ഉച്ചക്കഞ്ഞിയുള്ളൂ എന്നതിനാല്‍ വിശന്ന് തളര്‍ന്ന് വരുന്ന പാവങ്ങളുമായി ഞാന്‍ വാഗ്വാദത്തിന് നില്‍ക്കാറില്ല.

പുഴുങ്ങിയ കപ്പയും കട്ടനും തയ്യാറാക്കി വച്ച് തറവാട്ടിലെ പുറംജോലികള്‍ക്കായി പോയിട്ടുണ്ടാകും, അമ്മ.
സ്കൂളില്‍ പോകാന്‍ ഇഷ്ടമാണനിയത്തിക്ക്‌.
"അടുത്ത കൊല്ലം പോകാല്ലോ മോള്‍ക്ക്‌ ': അമ്മ ആശ്വസിപ്പിക്കും:" കഞ്ഞി കുടിക്കാന്‍ ഒരു പുതിയ ഒരു പിഞ്ഞാണവും വാങ്ങാം, ട്ടോ"

തറവാട്ട്‌ പറമ്പിലെ വാഴക്കൃഷിക്ക്‌ നനയ്ക്കേണ്ട ചുമതല ചേച്ചിമാര്‍ക്കാണ്. നന അല്‍പം കുറവെന്ന് തോന്നിയാല്‍ പാപ്പന്‍ പിന്നെ ഒരഭിനവ ദുര്‍വാസാവും. ചീത്ത പറച്ചിലോ
ശപിക്കലോ അല്ല, മുടി ചുറ്റിപ്പിടിച്ച് ചെപ്പക്കടിക്കലാണ് പാപ്പന്റെ ഹോബി..

നടപ്പുരയിലെ ചാരുകസേരയില്‍ നീണ്ട്‌ നിവര്‍ന്ന് കിടക്കുന്നുണ്ടാവും, അപ്പൂപ്പന്‍ . ചുറ്റിപ്പറ്റി ആരെങ്കിലുമൊക്കെ കാണും. വയസ്സേറെയായെങ്കിലും, നടക്കാന്‍ വയ്യെങ്കിലും തന്റെ
‘പേഷ്കാരുദ്യോഗം‘ അദ്ദേഹം ഉപേക്ഷിച്ചിട്ടില്ല. ഓരോ പരാതിക്കാരുടേയും വാദങ്ങള്‍‍ വിശദമായി കേട്ട ശേഷം തീര്‍പ്പ്‌ നടപ്പാക്കാന്‍ കാര്യസ്ഥനെ പറഞ്ഞേല്‍പ്പിക്കും: "വേലപ്പാ, എല്ലാം
പറഞ്ഞപോലെ....‘

-ആവലാതിക്കാര്‍‍ താഴ്‌ന്ന ജാതിക്കാര്‍ ആരെങ്കിലുമെങ്കില്‍ ചാരുകസേരയുടെ സ്ഥാനം മുറ്റത്തേക്ക്‌ മാറും. അമ്മൂമ്മയുടെ ആകസ്മിക മരണത്തിന് ശേഷം നടപ്പുരയില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല, അപ്പൂപ്പന്‍ .

ചാറ്റല്‍ മഴയും ഇടിമിന്നലുമുള്ള ഒരവധിക്കാല സന്ധ്യക്കാണ് ചക്കിപ്പുലയി ഓടിക്കിതച്ച് ഉമ്മറത്തെത്തിയത്. 'തമ്പ്രാ, മ്പ്രാട്ടിക്ക്‌ ഇടിവെട്ട്‌ കൊണ്ടു."
ഒന്ന് ഞെട്ടിയെങ്കിലും  പെട്ടെന്ന് സമനില വീണ്ടെടുത്ത്‌, കല്ലമ്പറമ്പില്‍ ചെറുമികളോടും മരുമക്കളോടുമൊപ്പം‍ പണിയിലേര്‍പ്പെട്ടിരിക്കുന്ന അമ്മൂമ്മയുടെ അടുത്തേക്കദ്ദേഹം  കുതിച്ചു.

മരത്തണലില്‍ അമ്മയുടെ മടിയില്‍ കിടക്കുകയായിരുന്നു, അമ്മൂമ്മ.
ചിലര്‍ വീശുന്നു‌, മറ്റുചിലര്‍ വെള്ളം കൊടുക്കുന്നു.

രംഗമാകെ ഒന്ന് വീക്ഷിച്ച ശേഷം അപ്പൂപ്പന്‍ ഗര്‍ജ്ജിച്ചു:
“എവിടെയാടീ ഇടി വെട്ടിയത്? പണിയെടുക്കാതിരിക്കാനുള്ള  ഓരോ സൂത്രങ്ങളേയ്. വേം ചെല്ല്, ഇരുട്ടും മുന്‍പ്‌ പയറെല്ലാം കുത്തിത്തീര്‍ക്കണം.’
-എന്നിട്ട്‌ അമ്മൂമ്മയെ താങ്ങിയെടുത്ത് വീട്ടിലേക്ക് നടന്നു.

അന്ന് രാത്രി അമ്മൂമ്മ മരിച്ചു.
ഇന്നും നാട്ടുകാര്‍ പറയും:‘ഇടിവെട്ടേറ്റാ അമ്മൂമ്മ മരിച്ചേ..” എന്ന്.
ഹാര്‍ട്ടറ്റക്കൊക്കെ പിന്നേയും കുറേക്കാലം കഴിഞ്ഞല്ലേ കണ്ടുപിടിച്ചത്!


മൂത്തകുടിയിലെ മകനെ കൂടാതെ, ‍ 6 ആണും‍ 3 പെണ്ണുമടക്കം 9 മക്കളായിരുന്നു അപ്പൂപ്പന്. ‍ രണ്ടാമനായിരുന്നെങ്കിലും വീട്ട്‌ കാര്യങ്ങള്‍ അച്ഛന്റെ തലയിലായിരുന്നു.  കൃഷിയും കന്നുകാലി പരിപാലനവും കഴിഞ്ഞ്‌, രാത്രിയില്‍ ‍,  കാളവണ്ടിയില്‍ കരൂപ്പടന്നയിലേക്ക്‌ വെല്ലിശന്റെ (a) കൊപ്രാക്കളത്തില്‍ നിന്ന് ‘മടല്‍’ (b) കൊണ്ട്‌ പോകുന്ന പണി കൂടി അച്ഛന്‍ ചെയ്തിരുന്നു.

സുഖലോലുപനായ വെല്ലിശന്‍ കടത്തില്‍ മുങ്ങി കൊപ്രക്കളം പൂട്ടിയപ്പോള്‍ ‘വണ്ടിയും മൂരിയും വിറ്റ് കടം വീട്ടിക്കോ’ എന്ന് പറഞ്ഞ് അപ്പൂപ്പന്‍ ഒഴിഞ്ഞ് മാറി.

മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കട്ടെ എന്ന സദുദ്ദേശത്തോടെയാകണം :“ഭാഗം വച്ച് തരാം, തറവാട്ടീന്ന് പൊയ്ക്കോണം എല്ലാരും”, എന്ന് കല്‍പ്പിക്കയും ചെയ്തു.

അച്ഛനമ്മമാര്‍ക്ക് എല്ലാ മക്കളും ഒരു പോലെയല്ല എന്ന് ഞാന്‍ മനസ്സിലാക്കിയത്‌ അപ്പൂപ്പനില്‍ നിന്നാണ്.
-ധാരാളിയായിരുന്നതിനാല്‍  15 പറ കണ്ടവും വടക്കേപറമ്പും അതിലെ വീടും മൂത്തമകന്..
-ഉദ്യോഗസ്തരായ  രണ്ട് മക്കളില്‍ നിന്ന് ഇടക്കിടെ ‘അലുവയും പൊകലയും‘ കിട്ടിക്കൊണ്ടിരുന്നതിനാല്‍ അവര്‍ക്ക് ഇഷ്ടം പോലെ.
-മൂന്നാമത്തെ മകന്‍ ‘ക്ഷിപ്രകോപി’യായിരുന്നതിനാല്‍ തറവാടും വട്ടത്തിച്ചിറയിലെ ഭൂരിഭാഗം കൃഷിയും അവന്.
- ദേശാടനക്കാരനായ നാലാമനേയും വീട്‌ നോക്കി നടത്തി, ഒന്നും സമ്പാദിക്കാതിരുന്ന രണ്ടാമനേയുമല്ലാതെ മറ്റാരെ അദ്ദേഹം തഴയും?

മൂത്തകുടിയിലെ അവിവാഹിതനായ മകനെ കാരണവര്‍ മറന്നെന്ന് പറയാനാവില്ല:
കയ്യാല(c)മുറിയില്‍ വാടകയില്ലാത്ത സ്ഥിര താമസം. ചായബീഡി ചിലവുകള്‍ക്ക് തറവാട്ട് വളപ്പിലെ ‍രണ്ട്‌ തെങ്ങുകളില്‍ നിന്ന് വിളവെടുക്കാനുള്ള ആജീവനാന്ത അവകാശവും!

ഭാഗം വച്ച ശേഷം, വടക്കെ പറമ്പിലെ വീട്ടിലേക്ക് താമസം മാറ്റിയ മൂത്ത മോന്‍ മരക്കച്ചവടത്തിലേക്ക്‌ തിരിഞ്ഞു.
കിട്ടിയ 40 സെന്റില്‍  ഒരൊറ്റമുറി വിട് പണിത്,  പലചരക്ക്‌ കട  തുടങ്ങാണാണു അച്ഛന്‍ തീരുമാനിച്ചത്‌. വീട്ടിലെ പ്രാരാബ്ധങ്ങളും, സ്വന്തക്കാരുടെ പറ്റുപടിയും നാട്ടുകാരുടെ കടം
പറച്ചിലും ഒക്കെക്കൂടി ആ ബിസ്നെസിന് അധികകാലം പിടിച്ച് നില്‍ക്കാനായില്ല.

ഇളയച്ഛന്മാരെപ്പോലെ നഗരത്തിലെവിടെയെങ്കിലും പോയി, മാസശംബളക്കാരനായാലേ ഗതി പിടിക്കൂ എന്ന ചിന്ത അച്ഛനെ ബാധിച്ചതപ്പോഴാണ്.  ഏകാവലംബമായിരുന്ന പശുവിനെ വിറ്റ്, ഒരു മാസത്തെക്കുള്ള അരിയും പലവ്യഞ്ജനങ്ങളും വാങ്ങി അമ്മയെ ഏല്‍പ്പിച്ച്, വടക്കോട്ടുള്ള ഏതോ തീവണ്ടിയില്‍ കയറി, ജോലി തേടി  അച്ഛന്‍ യാ ത്രയായി.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ‘ഫ്രം’ അഡ്രസ്സില്ലാതെ ഒരു കാര്‍ഡ്‌ വന്നു:" ജോലി കിട്ടി, ജോലാര്‍പെട്ട എന്ന സ്ഥലത്തെ  ഹോട്ടലില്‍ . സുഖം. മക്കള്‍ക്ക് ഉമ്മ."

എത്ര വലിച്ച്‌ നീട്ടിയിട്ടും അച്ഛന്റെ ‘സ്റ്റോക്ക്‌‘ ഒരു മാസത്തേക്ക് തികഞ്ഞില്ല.
-അനിയത്തിക്കും എനിക്കും ചോറ്, ബാക്കി കഞ്ഞി എന്ന ആദ്യ നില മാറ്റി എല്ലാര്‍ക്കും കഞ്ഞിയായി.
-മൂന്ന് നേരത്തെ ഭക്ഷണം രണ്ട് നേരവും പിന്നെ രാത്രി മാത്രവുമായി.
-പിടിയരിയിലായി പിന്നെ പിടി.
-അവസാനം ‘കിഴിയരി‘യിട്ട കഞ്ഞിവെള്ള ‘സൂപ്പും’, ചേമ്പിന്‍ താളും വാഴപ്പിണ്ടിയുമടങ്ങുന്ന ‘മെയിന്‍ കോഴ്സും’ ശര്‍ക്കരവെല്ലത്തിന്റെ ‘ഡെസര്‍ട്ടു’മായപ്പോള്‍ പിടിച്ച് നില്‍‍ക്കാനായില്ല.

വെല്ലിശന്റേം ഇളയച്ഛന്മാരുടേം മക്കള്‍ മീനും ഇറച്ചിയും കൂട്ടി മൂന്ന് നേരവും ഭുജിക്കുമ്പോള്‍ നമുക്ക് മാത്രം എന്താ ഇങ്ങനെ?

എല്ലാം അറിഞ്ഞായിരിക്കണം ഒരു ദിവസം അപ്പൂപ്പന്‍ വിളിപ്പിച്ചു.
നടപ്പുരയുടെ വടക്ക് ഭാഗത്തുള്ള കയ്യാലമേല്‍‍ ശരീരമര്‍പ്പിച്ച് തല താഴ്ത്തി നിന്നൂ അമ്മ.
"വേലായീടെ(d) കത്തൊന്നും പിന്നെ വന്നില്ലേ?"
"ഇല്ല"
"പഷ്ണിയായിട്ടും എന്താ പറയാഞ്ഞേ?"
അമ്മ മിണ്ടിയില്ല.
"നാളെ മുതല്‍ നീയും പിള്ളേരും തറവാട്ടീ വാ. ഉള്ള പണി, കണ്ടും അറിഞ്ഞും എടുത്ത്‌, കൂടിക്കോ"
മറുപടി പറയാനാവാതെ അമ്മ നിന്ന് തേങ്ങി.

"പണിയെടുപ്പിച്ച് കൊല്ലും നമ്മളെ”: വല്യേച്ചിക്കതായിരുന്നൂ പേടി.
“മൂന്ന് നേരം കഞ്ഞിയെങ്കിലും കിട്ടുമല്ലോ?” കൊച്ചേച്ചി ആശ്വാസം കൊണ്ടു.
"അച്ഛനൊന്ന് വന്നാ മത്യാര്‍ന്നൂ” എന്നായിരുന്നു എന്റെ ആത്മഗതം.

കിഴക്കേ കരോട്ടെ അപ്പു മാഷ്‌ടെ വീട്ടില്‍ പാല്‍ വിതരണം നടത്തുന്നുവെന്ന് കാര്യസ്ഥന്‍ വേലപ്പനാണ് പറഞ്ഞത്. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളോട് ദയ തോന്നി അമേരിക്കന്‍  സായിപ്പന്മാര്‍ ‍ സൌജന്യമായി അയച്ച് തരുന്നതാണത്രേ ടണ്‍‍ കണക്കിന് വരുന്ന പാല്‍പ്പൊടിച്ചാക്കുകള്‍ . നാട്ടില്‍ അതിന്റെ വിതരണച്ചുമതല ഗ്രാമസേവികയായ അപ്പുമാഷ്‌ടെ മകള്‍ ബേബിയേച്ചിക്കായിരുന്നു.

"എന്തോരം പേരാന്നോ പാല്‍ വാങ്ങാന്‍ പോണത്. നാളെ തൊട്ട് നീയും പൊയ്ക്കോടാ. ബേബിയോട്‌ ഞാ‍ന്‍ പ്രത്യേകം പറയാം“: വേലപ്പന്‍ നല്ല ശമരിയക്കാരനായി.

പിറ്റേന്ന് മുതല്‍ സ്കൂള്‍ വിട്ട് വന്നാല്‍ അനിയത്തിയുടെ കൈയും പിടിച്ച്‌, അലുമിനിയപ്പാത്രവുമായി ഞാനിറങ്ങും, ബേബിയേച്ചിയുടെ വീട്ടിലേക്ക്. വിശാലമായ പാടവും തടിപ്പാലം പോലുമില്ലാതെ നിറഞ്ഞൊഴുകുന്ന തോടുകളും കടന്ന് വേണം ‘കിഴക്കെകരോട്ടെ‘ത്താന്‍ ‍.

അല്പം മാത്രം വെള്ളം ചേര്‍ത്ത് കലക്കിയ കട്ടിയുള്ള പാലാണ് വിതരണം നടത്തുന്നത്. കാലന്‍കുടയും ചൂടി, അനിയത്തിയെ ചേര്‍ത്ത് പിടിച്ച്, ‍ മഴയത്ത് നടന്ന് വീട്ടിലെത്തുമ്പോഴേക്കും പാല്‍ പാത്രം നിറഞ്ഞ് കവിഞ്ഞിരിക്കും.

വെള്ളം ചേര്‍ത്ത് തിളപ്പിച്ച്‌, ഓട്ട്‌ ഗ്ലാസിലേക്ക് പകര്‍ന്ന പാലുമായി ഞങ്ങള്‍ ഓടും അപ്പൂപ്പന്നരി‍കിലേക്ക്‌. മയങ്ങുന്ന അപ്പൂപ്പനെ ശബ്ദമുണ്ടാക്കി ഉണര്‍ത്തും.

ചുവന്ന കണ്ണുകള്‍ തുറിപ്പിച്ച്‌ , ഒന്ന് മുരണ്ട്, തലയുയര്‍ത്തുന്ന അപ്പൂപ്പന്റെ കോപം പാല്‍ ഗ്ലാസ്‌ കാണുമ്പോള്‍ അടങ്ങും. സാമാന്യം വലിയ തന്റെ വെറ്റിലപ്പെട്ടി തുറന്ന് അതില്‍ നിന്ന് രണ്ട്‌ കഷണം കല്‍ക്കണ്ടമെടുത്ത്‌ നീട്ടി തലയാട്ടി വിളിക്കും” വാ...”
കല്‍ക്കണ്ടം നുണഞ്ഞ്‌, ഞങ്ങള്‍ ചേച്ചിമാരുടെ അരികിലേക്കോടും;  അവരെ കൊതിപ്പിക്കാന്‍ ‍. മധുരമിട്ട‌ പാലിന്റെ രുചി അവര്‍ക്കറിയില്ലല്ലോ?
- ഈ കലാപരിപാടികളില്‍ തനിക്കൊരു പങ്കുമില്ല എന്ന മട്ടിലാണമ്മ പെരുമാറുക.

ശനിയാഴ്ച തോറും എണ്ണ തേച്ച്‌ വിസ്തരിച്ചൊരു കുളിയുണ്ടപ്പൂപ്പന്.തിരുമ്മ് വിദഗ്‌ധന്‍ എടക്കുളം പരമു കാലത്തെ തന്നെ എത്തും. കൊട്ടന്‍ ചുക്കാദിയും ധന്വന്തരം കുഴമ്പും സമാസമം ചേര്‍ത്ത്, ചൂടാക്കി, ആ വലിയ ദേഹത്ത്‌ കുറേശെയായി അയാള്‍ തേച്ച്‌ പിടിപ്പിക്കും. തലയില്‍ തടവുന്നത് ബലഗുളിച്യാദി എണ്ണയാണ്.

വടക്കു വശത്തെ വെപ്പുപുരയുടെ മുന്‍പില്‍ ഇതിനായി പ്രത്യേകം നിര്‍മ്മിച്ച സ്റ്റൂളില്‍ ‍, ഈരെഴതോര്‍ത്ത്‌ മാത്രമുടുത്ത്, അപ്പൂപ്പന്‍ ഇരിക്കുമ്പോള്‍ ‍, നിലത്തേക്കിഴയുന്ന ചുവന്ന ‘കോണാന്‍ വാല്‍‘ കാണാന്‍  ഞങ്ങള്‍ ഒളിഞ്ഞ് നില്‍ക്കും.

- ആര്യവേപ്പില, പുളിയില, അവണക്കില, എരുക്കിന്‍ തൊലി, മുരിക്കിന്‍ തൊലി അങ്ങനെ ഏതൊക്കെയൊ ഇലകളും തൊലികളും‍ ഒക്കെ ഇട്ടാണു വെള്ളം തിളപ്പിക്കുക. വെള്ളം
തണുക്കുന്നത് വരെ പരമുവിന്റെ കൈകള്‍ അപ്പൂപ്പന്റെ ശരീരഭാഗങ്ങളില്‍ സഞ്ചരിച്ച്‌ കൊണ്ടിരിക്കും.

താളി, ചെമ്പരത്തി, കടലപ്പൊടി, ചന്ദനപ്പൊടി ഇവയൊക്കെ ചാലിച്ച മിശ്രിതം തേച്ചാണു കുളിപ്പിക്കുക. കുളിക്ക് ശേഷം നെറുകയില്‍ രാസ്നാദി പൊടിയും നെറ്റിയില്‍ ഭസ്മവും പൂശി വര്‍ദ്ധിത തേജസ്സോടെ ഗുരുവായൂരപ്പനെ പല പേരുകളില്‍ സംബോധന ചെയ്ത്  കോലായിലെത്തുമ്പോഴേക്കും മുട്ടിപ്പലകക്കു മുന്‍പില്‍ മൃഷ്ടാന്നം  റെഡിയായിരിക്കും.

നല്ല ഉയരവും അതിനൊത്ത തടിയുമുണ്ടായിരുന്ന അപ്പൂപ്പന്റെ തലയില്‍ ഒറ്റ രോമം പോലുമുണ്ടായിരുന്നില്ല. തലയുടെ പിന്‍‌വശവും കഴുത്തും കൂടിച്ചേരുന്ന ഭാഗത്ത്‌ സാമാന്യം

വലിയ, കാറുത്ത ഒരു തടിപ്പുണ്ടായിരുന്നു. വെറുതെയിരിക്കുമ്പോള്‍ അവിടെ ചൊറിഞ്ഞ്‌ രസിക്കുക അപ്പൂപ്പന്റെ വിനോദമായിരുന്നു. ചൊറിച്ചില്‍ അസഹ്യമാകുന്ന ദിവസം അപ്പൂപ്പന്റെ ശബ്ദമുയരും:“ വേലപ്പാ, പരമൂനെ വിളി”

പരമു വരുന്നത് 'അട്ട' (e) ചികിത്സ നടത്താനാണ്.
വായ്‌വട്ടമുള്ള ചില്ല് കുപ്പിയില്‍ ചുവപ്പും കറുപ്പും കലര്‍ന്ന നിറമുള്ള, രണ്ട് തലകളുള്ള അട്ടകളുമായായിരിക്കും പരമു വരിക. അവയെ ഒന്നൊന്നായി എടുത്ത് ‌, ശ്രദ്ധയോടെ അപ്പൂപ്പന്റെ കഴുത്തില്‍ വയ്ക്കും. തല താഴ്ത്തി കണ്ണുകളടച്ച് നിര്‍വൃതിയില്‍ മുഴുകി ഇരിക്കും അപ്പൂപ്പന്‍ ‍. അല്പസമയം കഴിയുമ്പോള്‍ ചോര കുടിച്ച്‌ വീര്‍ത്ത അട്ടകള്‍ തനിയെ താഴെ വീഴും. രക്തം കിനിയുന്ന കഴുത്ത്‌ തുടയ്ക്കാനും തൈലം പുരട്ടാ‍നും തെയ്യാറായി വേലപ്പനും കാത്തു നില്‍ക്കുന്നുണ്ടാവും.

സകലകലാവല്ലഭനായ പരമു  തന്നെയായിരുന്നു, ഉറക്കം കിട്ടാന്‍ അപ്പൂപ്പന്‍ പതിവായി കഴിച്ചു കൊണ്ടിരുന്ന 'കറുപ്പിന്റെ' (f)  സപ്ലൈയറും.

സന്ധ്യക്ക്‌ സൂര്യനസ്തമിക്കുമ്പോഴായിരിക്കും അപ്പൂപ്പന്റെ അത്താഴം. കട്ടത്തൈരും നെയ്യും നിര്‍ബന്ധം.  പിന്നെ മുളകൂഷ്യമോ ഉപ്പേരിയോ…
"സ്..സയീ....' എന്ന നീട്ടിയുള്ള വിളിക്ക്‌ കാതോര്‍ത്ത്‌ വാതില്‍ മറഞ്ഞ്‌ നില്‍ക്കും ഞാന്‍ . മുന്‍വശത്തെ പല്ലുകളുടെ മറയില്ലാത്തതിനാല്‍ വായില്‍ നിന്നും പുറത്തു ചാടും  മുന്‍പ് തന്നെ കാറ്റില്‍ ലയിക്കുന്ന ‘ശ” യുടെ കുസൃതിയാണീ പേര്‍ മാറ്റം.  വലിയ ഒരു ഉറുള ചോറ് രണ്ട്‌ കൈകളിലും കൂടി വച്ച് തരും, അപ്പൂപ്പന്‍ ‍. അനിയത്തിക്കൊരു പങ്ക് കൊടുക്കാന്‍ മാത്രം ഞാന്‍ മടിക്കാറില്ല.

ഇടവപ്പാതി കലാശക്കൊട്ട് നടത്തിയ ഒരു ഏകാദശി ദിവസം വൈകുന്നേരമാണ് അപ്പൂപ്പന്‍ മരിച്ചത്.

സ്കൂള്‍ വിട്ട് മഴ നനഞ്ഞ്‌ വീട്ടിലെത്തിയപ്പോള്‍ വീട്‌ വിജനം. വിജയകരമായ തന്റെ പ്രവാസം എന്നന്നേക്കുമായി അവസാനിപ്പിച്ച്‌, നാടോടി പൂശാരിയുടെ വേഷത്തില്‍ അച്ഛന്‍ അപ്പോഴേക്കും നാ‍ട്ടില്‍ തിരിച്ചെത്തിയിരുന്നു.

തറവാടില്‍ നിന്നും ഉയര്‍ന്ന ആരോഹണാവരോഹണക്രമത്തിലുള്ള നിലവിളി കേട്ട് ഞാനങ്ങോട്ടോടി.
ജനസമുദ്രംമാണവിടം.
കൂട്ടുകാര്‍ ‍,
വീട്ടുകാര്‍
അയല്‍ക്കാര്‍ ‍,
ബന്ധുക്കള്‍ ‍.....
സഹതാപത്തിന്റെ തവിട്ട് നിറം കലര്‍ന്ന ഒട്ടേറെ ദൃഷ്ടികള്‍ എന്നെ വലയം ചെയ്യുന്നതായി ഞാനറിഞ്ഞു.

കയ്യാലപ്പുരയില്‍ കയറി അകത്തേക്കെത്തിനോക്കാന്‍ ശ്രമിച്ച എന്നെ രണ്ട് കൈകള്‍ വന്ന് പുണര്‍ന്നു.
-കൊച്ചമ്മായിയുടെ മകന്‍ അന്നാസ്‌!
കണ്ണീര്‍ച്ചാലുകള്‍ വീണ് അവ്ന്റെ മുഖം വികൃതമായിരുന്നു.
“അപ്പുപ്പന്‍ മരിച്ചു':  അവന്‍ പറഞ്ഞു."കുളിപ്പിക്കാന്‍ കൊണ്ടോയിരിക്യാ"
"മരിക്യേ", എനിക്ക്‌ വിശ്വസിക്കാനായില്ല.
"ദേ, തെക്കോറത്തെ ഗോമാവ്‌ മുറിക്കുന്ന കണ്ടില്ലേ? ദഹിപ്പിക്കാനാ"
അച്ഛനെവിടെ?
അമ്മ,
സഹോദരങ്ങള്‍ ‍....
-എനിക്ക്‌ പെട്ടെന്ന് ഉറക്കെ കരയണമെന്ന് തോന്നി.
"കരയാതെ, നമശിവായ നമശിവായ എന്ന് പറ‌. എന്നാലേ അപ്പൂപ്പനു മോക്ഷം കിട്ടൂ":
മുതിര്‍ന്ന ഒരാളെപ്പോലെ അവനെന്റെ തോളില്‍ തട്ടി; എന്നിട്ട് ജപിച്ചു:“നമ:ശ്ശിവായ….നമ:ശ്ശിവായ”

കണ്ണുകളില്‍ നിന്നുറവയെടുത്ത ക്രമാതീതമായ ഒരു പ്രവാഹം എന്റെ കാഴ്ചയെ മറച്ചു. രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന അപ്പൂപ്പന്റെ നറുനെയ്മണമുള്ള ഉറുളച്ചോറിന്റെ രുചിയും

കല്‍ക്കണ്ടത്തുണ്ടുകളുടെ കിനിഞ്ഞിറങ്ങുന്ന മധുരവും അടിവയറ്റില്‍ നിന്നും ഉയര്‍ന്ന് വന്ന ഒരു തേങ്ങലിന്റെ കനപ്പില്‍ ഒടുങ്ങി!

----------------------------------------------
(a) വെല്ലിശന്‍ - വല്യച്ഛന്‍
(b) മടല്‍ -  തേങ്ങ പൊതിച്ച മടല്‍
(c) കയ്യാല - കൊയ്ത്തും മെതിയും കഴിഞ്ഞ് നെല്ല് കൂട്ടിയിടുന്ന പുര. .
(d) വേലായി - വേലായുധന്‍
(e) അട്ട - Leech
(f) കറുപ്പ് - Opium