Wednesday, June 4, 2008

28 നായയും പുലിയും (ഇന്നലെയുടെ ജാലകങ്ങള്‍ -3)

28 നായയും പുലിയും


ആറു പറ കണ്ടത്തിലെ നെല്ലിന്റേയും അരയേക്കര്‍ പറമ്പിലെ നാളികേരത്തിന്റേയും കറവ വറ്റാറായ ഒരു പശുവിന്റേയും ബലത്തില്‍ 7 പേരടങ്ങുന്ന കുടുംബം മുന്നോട്ട്‌

പോകില്ലെന്ന നിഗമനത്തില്‍ അച്ഛനുമമ്മയും ക്രമേണ ഞങ്ങളും എത്തിച്ചേര്‍ന്ന കാലം.

അന്ന് രാത്രി, പാല് വിറ്റ കാശിന് പരുത്തിക്കുരുവും പിണ്ണാക്കും വാങ്ങിയെത്തിയ  അച്ഛന്റെ മുഖത്തൊരു പുത്തന്‍ വെളിച്ചം.

"പാറമടയില്‍ 5 ജോലിക്കാര്‍ കൂടി വന്നിരിക്ക്ണ്.  പാലക്കാട്ട്കാരാ. നടവരമ്പ് അംബി  സ്വാമീടെ ഹോട്ടലീ പോയാ അവരിപ്പോ  ഊണു കഴിക്ക്ണേ. എന്നോട്  

പൌലോസ് മേസ്തിരി  ചോദിക്യാ....  ഹോട്ടലിലൊക്കെ പണിയെടുത്ത് പരിചയള്ള ആളല്ലേ,  നിനക്കൊന്ന് ശ്രമിച്ചൂടേ ന്ന്"

"പാറമടക്കാര്‍ക്ക്‌ ചോറുണ്ടാക്കിക്കൊടുക്വേ? മുതിർന്ന പെണ്‍‌കുട്ട്യോളുള്ള വീടാ... മറക്കണ്ടാ" :കഥ തുടങ്ങും മുൻപേ ക്ലൈമാക്സിലേക്ക് ചാടുന്ന  അമ്മയുടെ സ്ഥിരം ശീലം.

"വീട്ടീലല്ലെടീ.... ചായക്കട തുടങ്ങുന്ന കാര്യാ പറഞ്ഞേ. പാറമടക്കാര്‍ക്ക് രണ്ട്‌ നേരം ഊണ് കൊടുക്കണം. പിന്നെ നാട്ടുകാരുടെ പറ്റുപടീം...' : അച്ഛന്‍ വാചാലനായി.

‘പൂട്ട്‌, പപ്പടം, കടലക്കറി, പഴം...‘:ചായക്കടയുടെ കാര്യമോര്‍ത്തപ്പോഴേ വായില്‍ വള്ളമിറക്കാനുള്ള വെള്ളം.

"ദോശ്യോ ഇഡ്ഡല്യോ  ഉണ്ടാക്കാം. പിന്നെ  ചില വറവ് പണിയൊക്കെ ‘ജോലാര്‍പേട്ട‘ന്ന് ഞാന്‍ വശമാക്കീട്ട്ണ്ട്.  ഉച്ചയൂണിന് സാമ്പാറ് ‍, ഉപ്പേരി, പപ്പടം;  വൈകീട്ട്‌ പരിപ്പോ

രസമോ... പോരേ?.'

തറവാടും വീടും വേര്‍ തിരിക്കുന്ന കൈത്തോടിന്നരികെ, വഴിയരികില്‍ ‍, ചെമ്മണ്ണ്  അടിച്ചുറപ്പിച്ച്‌ ചാണകം മെഴുകിയ തറയൊരുങ്ങി.   കവുങ്ങിന്റേയും  മുളകളുടേയും

അസ്ഥികൂടാരത്തിന്‍‌ മേലെ ഓല മേഞ്ഞ കൂരയും.

മെടഞ്ഞ ഒറ്റയോലകള്‍ കൊണ്ട്‌  നാണം മറച്ച്, ഇടവഴിയിലേക്കെത്തി  നോക്കി, നവോഢയെപ്പോലവള്‍ പുഞ്ചിരിച്ചു.  അയല്‍ക്കാരുടെ സഹകരണത്തിന്റെ പ്രതീകമായ

ബഞ്ചുകളും ഡസ്കുകളും പിന്നെ വേലപ്പനാശാരി തട്ടിക്കൂട്ടിയ ചായമേശയും...

ചായക്കടക്ക് നേരെ  മുന്‍പിലാണ് വേലപ്പനാശാരിയുടെ വീട്‌. കാഴ്ച മങ്ങിയതോടെ പണിക്ക്‌ പോകാതായ മൂത്താശാരിക്ക്‌  മക്കള്‍ നാല്. കല്യാണം കഴിച്ചയച്ചതോടെ  

പെണ്മക്കള്‍ അന്യരായി. മൂത്തമോന്‍  ചേന്നപ്പന്‍ നല്ല പണിക്കാരനെന്ന് പേരെടുത്തപ്പോള്‍ ഇളയവന്‍ കുഞ്ഞൂട്ടന് കൊട്ടൂടിയും ഉളിയും കാണുന്നത് പോലും

അലെര്‍ജിയായിരുന്നു.

നാലാം ക്ലാസ്‌ പരീക്ഷയുടെ റിസല്‍റ്റ് വന്ന ദിവസം, അമ്മയുടെ കാശുകുടുക്ക പൊട്ടിച്ചെടുത്ത പണവുമായി  'പുറപ്പെട്ട്‌' പോയ കുഞ്ഞൂട്ടന്  കാശ്‌ തീരും വരെ

‘കോവൈ‘ പട്ടണം ‘സുവര്‍ക്ക‘മായിരുന്നു. എച്ചില്‍ക്കൂനകള്‍ക്കും വാട്ടര്‍ പൈപ്പുകള്‍ക്കുമുള്ള ‘തറ’ അവകാശം തമിഴ് പേശും പുള്ളൈകള്‍ക്കാണെന്ന് അവര്‍

സ്ഥാപിച്ചപ്പോഴാണ് മലയാളത്ത് കാരന്‍ പൈതലിന് സ്വന്തം  നാടും വീടും ഓര്‍മ്മയില്‍ തെളിയുന്നത്.

കള്ളവണ്ടി കയറി,  പരിചയമില്ലാ വഴികളിലൂടെ നടന്ന്, ചപ്രത്തലമുടിയും കീറിപ്പറഞ്ഞ വസ്ത്രങ്ങളും ദുര്‍ഗന്ധം പേറുന്ന ശരീരവുമായി, ഒരു സുപ്രഭാതത്തില്‍ കുഞ്ഞൂട്ടന്‍

കല്ലംകുന്ന് സെന്ററില്‍ പ്രത്യക്ഷനായി.

വീട്ടിലെത്തി, കുളിക്കാന്‍ പോലും മിനക്കെടാതെ, അമ്മ നല്‍കിയ പഴങ്കഞ്ഞിയും ചക്കപ്പുഴുക്കും വിഴുങ്ങി, ദിവസങ്ങള്‍ക്ക് ശേഷം ‘ഹൌസ് ഫുള്‍ ‘ ആയ  തന്റെ വയര്‍

തടവി, ഒരേമ്പക്കവും വിട്ട്‌ ഉമ്മറത്തെത്തിയ കുഞ്ഞൂട്ടന്‍ ‍, മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന കൊട്ടത്തേങ്ങ ചൂണ്ടി  "അമ്മാ, യത്‌ എന്നാത്തും കായ്?' എന്ന് ചോദിച്ചതും അത്ര

തന്നെ വേഗത്തില്‍ "നിന്റമ്മേടെ നെഞ്ഞത്തും കായ്" എന്ന് ആയമ്മ തിരിച്ചടിച്ചതും ചരിത്രകാരന്മാര്‍ രേഖപ്പെടുത്താന്‍ മറന്ന നഗ്നസത്യമത്രേ!

മുടന്തുള്ള ഇടത്‌ കാല്‍ വലിച്ച് വച്ചാണ് എല്ലനും കുള്ളനുമായ കുഞ്ഞൂട്ടന്‍ നടപ്പ്. "ബോട്ട്‌ എവിടേക്കാ?" എന്ന കുസൃതിചോദ്യത്തിന് :"നെന്റെ തന്തേടെ

പതിനാറടിയന്ത്രത്തിന്’ എന്നുടന്‍ വരും മറുപടി.  ഒന്ന് നിന്ന്, തല ചൊറിഞ്ഞ് " മൂത്താശാരീടെ പണിക്കുറ്റത്തിനു ഞാനെന്തിനാ വല്ലവന്റേം  തന്തക്ക്‌ വിളിക്ക്ണേ."

എന്നാത്മഗതം നടത്താനും സമയം കണ്ടെത്തുമവന്‍ ‍.

ആസാമില്‍ റോഡ്‌ പണിക്കെന്ന് പറഞ്ഞ് ത്രിശ്ശിവപേരൂര്‍ക്ക് പോയ നാട്ടുകാരില്‍ നിന്ന് രണ്ട് പേര്‍ ലാന്‍ഡ് ചെയ്തത് സിലോണില്‍ . അതിലൊരാള്‍ കുഞ്ഞുട്ടന്‍ !എന്തോ

ഏതോ എങ്ങിനേയോ?

നീണ്ട 5 വര്‍ഷത്തെ ലങ്കാവാസം കഴിഞ്ഞ് തിര്‍ച്ചെത്തിയ 'കൊളംബോ കുട്ടന്റെ' ഭാവഹാവാദികള്‍ ആകെ മാറിയിരുന്നു. മൂട്ടിയ സിലോണ്‍ ലുങ്കിയും ചിത്രവര്‍ണാങ്കിത

‘ഷേര്‍ട്ടും’ ധരിച്ച്‌, ഇംഗ്ലീഷ്‌ വാക്കുകളാലലുക്ക് വച്ച ‘മെല്‍‌യാളം’  സംസാരിക്കുന്ന കുഞ്ഞൂട്ടനെ ജനങ്ങള്‍ ആദരവും അത്ഭുതവും നിറഞ്ഞ കണ്ണുകളാല്‍ നോക്കി

വാഴ്ത്തി.  'വാഴത്തോട്ടം' എന്ന സ്ഥലത്ത്‌ തേയിലത്തോട്ടം നടത്തുന്ന ഐറിഷ്  സായിപ്പിന്റെ 'ബട്ട്ലര്‍ ‘ ആയിരുന്നുവത്രേ കുട്ടന്‍ !

താമസിയാതെ വേലപ്പനാശാരി മുന്‍‌കൈയെടുത്ത്,  'സിലോണ്‍  ‍' കുട്ടനെക്കൊണ്ട്  വാരാപ്പുഴക്കാരി മാദകാംഗി മന്ദാകിനിയെ മംഗലം കഴിപ്പിച്ചു. നവവധുവിന്റെ

കുലപ്പെരുമയുടെ അതിപ്രസരവും  വിശ്രമമില്ലാത്ത നാവിന്റെ ചുറുചുറുക്കും ഒത്ത് ചേര്‍ന്നപ്പോള്‍  ചേന്നപ്പനും കുടുംബവും മേലൂരുള്ള മാമി വീട്ടിലേക്ക്‌ ‘റിട്രീറ്റ്‍‘ ചെയ്തു.

‘റിട്ടയര്‍മെന്റി’ലായിരുന്ന  വേലപ്പനാശാരി വിശപ്പിന്റെ ഉള്‍വിളി സഹിക്കാവാതെ കൊട്ടൂടിയും ഉളിയും ചാക്കുസഞ്ചിയിലാക്കി വീണ്ടും നാട്‌ ചുറ്റാനിറങ്ങി.

കരുണ തോന്നി. ആരെങ്കിലും  ഭക്ഷണം കഴിക്കാന്‍  വിളിച്ചാല്‍ വേലപ്പനാശാരി വഴങ്ങില്ല. അല്ലറ ചില്ലറ  റിപ്പയറിംഗ്, അല്ലെങ്കില്‍ അല്പം  ചിന്തേര്:  അതിന് ശേഷമേ

അന്നം കൈകൊണ്ട്‌ തൊടൂ.  പണിയൊന്നുമില്ലെങ്കില്‍  ചിരട്ട മിനുക്കിയെടുത്ത്, മുളക്കഷണം  ചീന്തി ചന്തം വരുത്തി  പിടിയാക്കി രണ്ട് ‘കയിലെ‘ങ്കിലുമുണ്ടാക്കി

കൊടുക്കും.

കല്ലംകുന്നുകാരുടെ വക ഒരു പഴംചൊല്ല്  വാമൊഴിയായി പടര്‍ന്ന് മറുനാടുകളില്‍ പോലും പോപുലര്‍ ആയതങ്ങനെയാണ് : "വേലപ്പനാശാരിക്ക്‌ മക്കളുണ്ടായ

പോലെ........"

അച്ഛന്റെ  ഉറ്റ'ചങ്ങായി" ആയിരുന്ന കുഞ്ഞൂട്ടന് ചായക്കട  ഉത്ഘാടനത്തിനെത്താനായില്ല. കാരണം മട്ടാഞ്ചേരിയില്‍ ക്രിസ്റ്റി സായിപ്പിന്റെ ‘ഹൌസ് ബോയ്’ ആയയാള്‍

ജോലി ചെയ്യുകയായിരുന്നു.

മാസാവസാന ശനിയാഴ്ചകളില്‍ വീട്ടിലെത്തുന്ന കുഞ്ഞൂട്ടന്‍ ‍, കളസത്തില്‍ നിന്ന്  ലുങ്കിയിലേക്കുള്ള ‘ചേഞ്ചോവര്‍ ‘‍’നിമിഷങ്ങള്‍ കൊണ്ട് നിര്‍വഹിച്ച്   ഞങ്ങളുടെ വീട്

ലക്ഷ്യമാക്കി തുഴയും.

 "വേലായേട്ടാ, എത്ര നാളായി നല്ല ഒരങ്കം വെട്ടീട്ട്. കളം വരക്ക്‌.  കരുക്കള്‍ ഞാനെടുക്കാം“
തന്റെ ഏക വിനോദമായ ‘28 നായയും പുലിയും‘ എന്ന കളിയെയാണ് കുഞ്ഞൂട്ടന്‍ അങ്കമെന്ന് വിശേഷിപ്പിക്കുന്നത്.

കരികൊണ്ട്‌  ലംബമായും സമാന്തരമായും മുമ്മൂന്ന് വരകള്‍  വരച്ച്‌,  അവ വീണ്ടും കളങ്ങളായി തിരിക്കും. നാലു പാദങ്ങളിലും വാഴയിണ വെട്ടി ഭംഗി വരുത്തിയ 28

നായ്ക്കള്‍ ‍. നടുവില്‍ വിരാജിക്കുന്ന  വലിയ കരു: അതാണ് പുലി.

കളിക്കാരില്‍ ഒരാള്‍ പുലിയുടെ ഉടമ. മറ്റേയാള്‍ നായ്ക്കളുടെ പരിപാലകന്‍ ‍. ആക്രമിച്ച്‌ കയറുന്ന പുലി നായ്ക്കളെ ഒന്നൊന്നായി വെട്ടി വീഴ്ത്തും. തടയണമെങ്കില്‍ തൊട്ടടുത്ത

കളത്തിലേക്ക്  പോലും നീങ്ങാനാനാത്ത വിധം നായ്ക്കളെ നിരത്തി പുലിയെ തളയ്ക്കണം.

പുലിയെ നിയന്ത്രിക്കുന്ന കുഞ്ഞൂട്ടനാണ്  മിക്കവാറും ജയിക്കുക. അഥവാ തോല്‍ക്കുകയാണെന്ന് തോന്നിയാല്‍ നായ്ക്കളെ കൈകൊണ്ട് ആക്രമിച്ച് നിരത്തി  കുഞ്ഞൂട്ടന്‍

എണീക്കും: മതി, വേലായേട്ടാ, തൊട്ട്‌ നക്കാന്‍ എന്തെങ്കിലുമെടുക്കാന്‍ പറ ചേടത്തിയോട്. ഞാന്‍ 'മറ്റവനേം' കൊണ്ട്‌ വരാം'.

സായിപ്പിന്റെ കലവറയില്‍ നിന്ന് 'ഇസ്കിയ' സ്കോച്ച് കുപ്പിയുമായി കുഞ്ഞൂട്ടന്‍ വരും, പിന്നെ പാതിരാ വരെ കുമാരനാശാനും ചങ്ങമ്പുഴയും വൈലോപ്പിള്ളിയുമൊക്കെ

ഞങ്ങളുടെ തെക്കെ ഇറയത്തിരുന്ന് കവിത ആലപിക്കും;  ആദ്യം സ്ഫുടതയോടെ, പിന്നെ  ഇഴഞ്ഞിഴഞ്ഞ്, ഒടുവില്‍ കുഞ്ഞൂട്ടന്റെ കൂര്‍ക്കം വലി ഉയരും വരെ.

ആട് വളര്‍ത്തലായിരുന്നു മന്ദാകിനിയുടെ ‘ഹോബി‘,  കൂട്ടിനൊരു എരുമയും. കറന്നെടുത്ത പാലുമായി കടയിലെത്തുന്ന അവള്‍ ‍,  നാട്ടിലെ എന്തിനും പോന്ന

‘ചെറുബാല്യക്കാര്‍’ക്കൊപ്പമിരുന്ന് പൂട്ടും കടലക്കറിയും കഴിച്ചേ പോകൂ.

രണ്ട്‌ പെറ്റെങ്കിലും കലിപ്പടങ്ങാത്ത ശരീരവും  മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും കരിമഷി പുരട്ടിയ  മിഴികളും അടുത്തൊന്ന് കാണാന്‍  വേണ്ടി മാത്രം കടയിലെത്തുന്ന

‘അഴക‘ന്മാരുണ്ടായിരുന്നു. ഇറുകിപ്പിടിച്ച റൌക്കയുടെ താഴത്തെ രണ്ടറ്റവും  കൂട്ടി കെട്ടിയാല്‍ ബാ‍ക്കി ഭാഗങ്ങള്‍ക്ക് കൂടുതല്‍  വെളിച്ചവും തെളിച്ചവും വരും എന്ന

‘വസ്തുശാസ്ത്രം’ മന്ദാകിനി വാരാപ്പുഴയില്‍ നിന്ന് ഇമ്പോര്‍ട്ട് ചെയ്തതാണോ എന്തോ!

കുതിരവേഗത്തില്‍ കുതിച്ചുയര്‍ന്ന കച്ചവടം, പാലക്കാടന്‍ പാര്‍ട്ടി  പാറമടയില്‍ നിന്നപ്രത്യക്ഷമായതോടെ, പോത്തിനെ കെട്ടിയ ഭാരവണ്ടി പോലെ  മടി പിടിച്ചിഴയാന്‍

തുടങ്ങി. "ഹോട്ടല്‍ - ഊണ് റെഡി" എന്ന് പലകക്കഷണത്തില്‍ ചോക്ക്‌ കൊണ്ട്‌ കലാപരമായി എഴുതിയ ബോര്‍ഡെടുത്ത്‌ മാറ്റിയതോടെ ഞങ്ങള്‍ വെറും നാടന്‍

'ഈച്ചയടി' ചായക്കടക്കാരായി. ന്യൂസ് പേപ്പര്‍ വായിച്ച്  രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ വരുന്ന തൊഴിലില്ലാത്തൊഴിലാളികളുടെ ബാഹുല്യം കൊണ്ട് കട വിജനമാകാറില്ലെന്ന്

മാത്രം.

കയറഴിഞ്ഞോടിയ എരുമയെ തളയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ കിടങ്ങില്‍ വീണു കൈയൊടിഞ്ഞ മന്ദാകിനിയുടെ ‘എരുമകറക്കലിന്‘ മച്ചിങ്ങേലെ ‘സുച്ച്’ നായരുടെ മകന്‍

രാമചന്ദ്രന്‍  രംഗപ്രവേശം ചെയ്യൂന്നതോടെയാണ് കഥക്കൊരു ‘ട്വിസ്റ്റ്’ വരുന്നത്.

പത്താം ക്ലാസെന്ന കടമ്പ ചാടിക്കടക്കാ‍ന്‍ പലവട്ടം പരാജയപ്പെട്ടപ്പോള്‍ ‘ടെയിലറിംഗി‘ല്‍ ഉന്നത ബിരുദമെടുക്കാനായിരുന്നു രാമുവിന്റെ തീരുമാനം. സുന്ദരനും

സുകുമാരകളേബരനും  ജൂനിയേഴ്സിന്റെ മൊത്തം ആരാധനാപാത്രവുവുമായിരുന്നു തൊലി വെളുത്ത ആ കരമീശക്കാരന്‍ ‍.

കൈവേദന വിട്ട്‌ മാറാത്തത്‌ കൊണ്ടോ, തന്നെ വീഴ്ത്തിയ എരുമയോടുള്ള കെറുവ് കൊണ്ടോ ‘കറവ ലാവണം‘ മന്ദാകിനി രാമുവിന് സ്ഥിരമായി പതിച്ച് നല്‍കി.

ടെയിലര്‍ഷോപ്പ്‌ പൂട്ടി സുഹൃത്‌ സംഗമങ്ങളും സെക്കന്റ്‌ ഷോയുമൊക്കെ കഴിഞ്ഞ്‌ വൈകിയെത്തുന്ന രാമു, നേരത്തെ എഴുന്നേല്‍ക്കണ്ടതിനാലാകാം ഉറക്കവും

മന്ദാകിനിയുടെ കോലായില്‍ തന്നെയാക്കി.

രാമുവിനെ നോക്കി പലരും പരിഹാസത്തോടെ  മൂളുന്നതും കുശുകുശുക്കുന്നതും വിവര്‍ണ്ണനായി രാമു സ്ഥലം വിടുന്നതും പലവട്ടം ഞാൻ ശ്രദ്ധിച്ചു.   "തുള്ളപ്പനി

വൈദ്യാ‍ ‍" എന്ന്  കോതത്തള്ളയുടെ മകന്‍ ബാലനവനെ സംബോധന ചെയ്തപ്പോള്‍ കാരണമറിയാന്‍  എനിക്കും ആകാംക്ഷ തോന്നി.തോന്നി.

പ്രായത്തില്‍ ചെറുതെങ്കിലും പ്രയോഗത്തില്‍ മൂപ്പുള്ള  മന്ദാകിനിയുടെ സീമന്തപുത്രന്‍ കരുണൻ തന്നെ എന്റെ സംശയം ദൂരീകരിച്ചു: "കൂമനെ ഭയങ്കര പേട്യാ അമ്മക്ക്.

കൂമന്‍ മൂളുമ്പോ പേടി മൂത്ത് അമ്മക്ക് തുള്ളപ്പനി വരും. ആര് പിടിച്ചാലും വെറയല്‍ നിക്കില്യ, രാമുവേട്ടനൊഴിച്ച്.“

കച്ചവടം പരുങ്ങലിലായിട്ടും കട നിറുത്താനച്ഛന്‍ തയ്യാറായില്ല. പകരം ഒരു ബീഡിത്തൊഴിലാളിയെ വരുത്തി, ബീഡിയുടെ   ഉത്പാദനവും വിപണനവും ആരംഭിച്ചു.

അച്ഛനുമറിയാമായിരുന്നു, ഇല വെട്ടാനും നൂല്‍ കെട്ടാനും 'സുക്ക' ഉണക്കാനുമൊക്കെ. ജോലാര്‍പേട്ടയില്‍ നിന്ന് പഠിച്ചതാത്രേ!

"ഓ, അച്ഛനിപ്പോ വല്യ തെറുപ്പുകാരനായി! നീ വാടാ, ഇന്നത്തെ അങ്കം നമ്മള്‍ രണ്ടാ‍ളും തമ്മില്‍ ‍" : മാസാന്ത്യ ലീവിനെത്തിയ കുഞ്ഞൂട്ടന്‍ ആദ്യമായി എന്നെ കളിക്കാന്‍ ക്ഷണിച്ചു.

പുലി കുഞ്ഞൂട്ടനായിരുന്നിട്ടും അന്ന് നായ്ക്കളാണ് ജയിച്ചത്‌. മുഖം കറപ്പിക്കുന്നതിനും കളം മായ്ക്കുന്നതിനും പകരം കുറച്ച് നേരം എന്നെ നോക്കി ഇരുന്ന ശേഷം പുറത്ത്‌ തട്ടി അഭിനന്ദിച്ചു: "മിടുക്കന്‍ ‍!"

രാത്രി ഉറങ്ങാന്‍ കിടന്ന ഞങ്ങള്‍ തുടര്‍ച്ചയായ പട്ടികുരയും കുഞ്ഞൂട്ടന്റെ അട്ടഹാസങ്ങളും കേട്ടാണുണര്‍ന്നത്‌. അച്ഛന്നാദ്യം ഓടി, ഞാന്‍ പിറകേയും.  വെട്ടുകത്തിയുമായി വരാന്തയില്‍ തെക്ക് വടക്ക് നടന്നലറുകയാണ് കുഞ്ഞൂട്ടന്‍ ‍.  മന്ദാകിനിയുടെയും മക്കളുടേയും പേടിച്ചരണ്ട മുഖം പാളിയില്ലാത്ത ജനലിലൂടെ കാണാം."തുറക്കെടീ  വാതില്‍ ‍, എടീ പെലയാടീ മോളേ...കൂത്തിച്ചീ....ഉം....തുറക്കാന്‍ ‍." കുഞ്ഞൂട്ടന്‍ ആക്രോശിക്കുന്നു.  കതകില്‍ ആഞ്ഞാഞ്ഞ് വെട്ടുന്നുമുണ്ട്.

ഓടിക്കൂടിയ അയള്‍ക്കാര്‍ എന്ത്‌ ചെയ്യണമെന്നറിയാതെ പരസ്പരം നോക്കി നില്‍ക്കുന്നു.
"അടങ്ങ്‌ കുഞ്ഞൂട്ടാ, വാ‍..... എന്തിനും ഒരു പരിഹാരമില്ലേ?"ധൈര്യപൂര്‍വം മുന്നോട്ട്‌ ചെന്ന് അച്ഛന്‍ കുഞ്ഞൂട്ടന്റെ കൈയില്‍ നിന്ന് വെട്ടുകത്തി പിടിച്ച്‌ വാങ്ങി. പിന്നെ

എന്തൊക്കേയോ പറഞ്ഞ് സമാധാനിപ്പിച്ച് വീട്ടില്‍ കൊണ്ട് വന്നു.

തെക്കേ ഇറയത്ത്,  ഇറുകി വലിഞ്ഞ മുഖവും ഞരമ്പുകള്‍ തുറിച്ച് വിറയ്ക്കുന്ന കൈകളുമായി, തറയില്‍ ചിതറിക്കിടന്ന നായ്ക്കളെ എടുത്ത്  മായാത്ത കളങ്ങളില്‍

നിരത്തിക്കൊണ്ടിരുന്നു കുഞ്ഞൂട്ടന്‍ ‍. പുലിയെ മാത്രം കണ്ട് കിട്ടിയില്ല.
"എന്താ കുഞ്ഞൂട്ടാ ....എന്ത് പറ്റി നിനക്ക്?": അച്ഛന്‍ കുഞ്ഞൂട്ടന്റെ അരികിലേക്ക്‌ നീങ്ങിരുന്നു.
കുഞ്ഞൂട്ടനത് കേട്ടില്ലെന്ന് തോന്നുന്നു. കുഞ്ഞൂട്ടന്റെ കൈകളില്‍ പിടിച്ച്, മുഖമുയര്‍ത്തി അച്ഛന്‍ ചോദ്യമാവര്‍ത്തിച്ചു.

പിന്നിലേക്ക് നിരങ്ങി നീങ്ങി,  ചുമരില്‍ ചാരി, കട്ടപിടിച്ച ഇരുട്ടിൽ ദൃഷ്ടിയുറപ്പിച്ചിരുന്നു, കുഞ്ഞൂട്ടന്‍ . പിന്നെ എപ്പോഴോ സംസാരിച്ച് തുടങ്ങി: "ക്രിസ്റ്റി സായിപ്പിന്റെ മോനും ഭാര്യേം ലണ്ടനീന്ന് വന്നതിനാല്‍ കഴിഞ്ഞ രണ്ട്‌ മാസോം ലീവ് കിട്ടിയില്ല, വേലായേട്ടനറിയാല്ലോ?........ അതിനു മുന്‍പത്തെ മാസം വന്ന രണ്ട്‌ രാത്രീലും ഞാന്‍ ഉമ്മറത്തെ തിണ്ണയിലാ കിടന്നത് .’

തലയുയര്‍ത്തിയപ്പോഴാണ്  ചുറ്റും നില്‍ക്കുന്ന ഞങ്ങളെപ്പറ്റി അയാള്‍  ബോധവാനായതെന്ന് തോന്നുന്നു. കാര്യം മനസ്സിലായ അച്ഛന്‍ പറഞ്ഞു:‘ങാഹാ, നിങ്ങളിവിടെ എന്തിനാ നിക്കണ്? പോ.. വേം പോയിക്കിടന്നുറങ്ങ്”

പിന്നിലേക്കൊതുങ്ങിയതല്ലാതെ ഞങ്ങളുണ്ടോ പോകുന്നു?

കൈകള്‍ രണ്ടും പിണച്ഛ്  തല താങ്ങി കുഞ്ഞൂട്ടന്‍ തുടര്‍ന്നു: ‘ എന്നിട്ട്...... എന്നിട്ടിപ്പ അവള് പറയ്‌യാ...കുളി തെറ്റിരിക്യാ ന്ന്...... കൊല്ലണ്ടേ അവളെ?" : തുടര്‍ന്ന് പല്ലുകള്‍

ഇറുമ്മുന്ന ശബ്ദം; കിതപ്പ്.

“നേരം ഒന്ന് വെളുത്തോട്ടെ കുഞ്ഞൂട്ടാ. നമുക്ക്‌ സമാധാനമുണ്ടാക്കാം  ബഹളം കൂട്ടി നാട്ടാരെയൊക്കെ  അറിയി ച്ച് നാറ്റിക്കണോ?"
-അച്ഛൻ കുഞ്ഞൂട്ടനെ ആശ്വസിപ്പിക്കാനുള്ള ശ്രമം തുടങ്ങി.

പിറ്റേന്ന് എല്ലാര്‍ക്കും  മുന്‍പേ ഉണര്‍ന്ന ഞാന്‍ നോക്കുമ്പോള്‍ ഇറയത്ത്‌, മാഞ്ഞ കളിക്കളത്തിനു മുകളില്‍ ‍, ഉടുമുണ്ടുരിഞ്ഞ്‌,തല വഴി മൂടി കിടന്നുറങ്ങുന്നു, കുഞ്ഞൂട്ടന്‍ ‍.

കടയില്‍ നിന്ന് ചായ കൊണ്ട് വന്ന് ഞാന്‍ കുഞ്ഞൂട്ടനെ ഉണര്‍ത്തി. തൂണില്‍ ചാരി, ചുടു ചായ ഊതിക്കുടിക്കുമ്പോള്‍ എന്നെ നോക്കി അയാള്‍ ചിരിക്കാന്‍ ഒരു വിഫലശ്രമം നടത്തി.

പല്ലുതേച്ച്‌ മുഖം കഴുകി,   പൂട്ടിൻ കഷണങ്ങള്‍ കടലച്ചാറില്‍ നനച്ച്  തിന്ന്‍ കൊണ്ടിരുന്ന ഞാന്‍ പുറത്ത് നിന്നുയര്‍ന്ന ആരവം ശ്രദ്ധിച്ചില്ല.
"മോനെ, എന്താ ഒരു ശബ്ദം?:അടുക്കളയില്‍ നിന്നമ്മ വിളിച്ച്‌ ചോദിച്ചു.
റോഡിലൂടെ ആരൊക്കെയോ ഓടുന്നു. കടയില്‍ ചായ കുടിച്ചിരുന്നവരെല്ലാം പുറത്ത്.

ഞാന്‍  കടയിലേക്കോടി.
കുഞ്ഞൂട്ടന്‍ പിന്നാലെ.

"എന്താ, എന്താ കാര്യം അന്തോണ്യാപ്ലേ?" അച്ഛന്‍ അയല്‍ക്കാരനോട് ചോദിച്ചു.
"മൂന്നേരത്തമ്പലത്തിന്റെ കൊക്കറണിയില്‍ ആരൊ തൂങ്ങിരിക്കിണൂ ത്രേ.“ ഓടുന്നതിനിടെ  അയാൾ വിളിച്ച് പറഞ്ഞു.
അച്ഛനും കുഞ്ഞൂട്ടനും ആള്‍ക്കൂട്ടത്തിന്റെ  ഭാഗമായി.

നട്ടുച്ചക്ക്‌ പോലും സൂര്യപ്രകാശം കടന്ന് ചെല്ലാത്ത അമ്പല കൊക്കറണിയുടെ ദിശയിലേക്ക് നോക്കാന്‍ പോലും ഭയക്കുന്ന എനിക്ക്‌ കൂടെയോടാൻ തോന്നിയില്ല.

"മച്ചിങ്ങലെ രാമുവാ. പശൂനെ കെട്ടാന്‍ പോയ വാരസ്യാരാ ആദ്യം കണ്ടേ. രാവിലെയെപ്പോഴൊ ഒപ്പിച്ചതാകും. പ്പഴും ചൂടാറിയിട്ടില്യാത്രേ.  പാവം, ആ സുച്ചിന്റേം ജാന്വേച്ചിടേം പതം പറച്ചിലും കരച്ചിലും കണ്ട്‌ നില്‍ക്കാന്‍ വയ്യാ..“
- തിരിച്ച് വന്ന അച്ഛന്‍ അമ്മയോട്‌ വിവരിക്കുന്നത് കെട്ട് ഞെട്ടിത്തരിച്ചു, ഞാന്‍ ‍.
രാമുവേട്ടന്‍ മരിച്ചെന്നോ?
അതും ആത്മഹത്യ!
ഞങ്ങളോടൊപ്പം കുറ്റിയും കോലും കളിക്കുന്ന, ക്രിക്കറ്റ്‌ കളി പഠിപ്പിക്കുന്ന, സിനിമക്കഥകള്‍ പറഞ്ഞു തരുന്ന, ചിരിക്കുന്ന മുഖവുമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള

ഞങ്ങളുടെ  രാമുവേട്ടന്‍ ‍....
.
തൊണ്ട വരളുന്ന പോലെ,
കണ്ണുകള്‍ ഇരുളുന്നു.
-തലക്കകത്ത്‌ അനേകം പൂരങ്ങളുടെ വെടിക്കെട്ടുകള്‍ ഒന്നിച്ച്.

ഇറയത്തെ മാഞ്ഞു പോയ കളങ്ങള്‍ കരിക്കഷണം കൊണ്ട്‌ തെളിയിക്കാന്‍ ശ്രമിക്കുകയായിരുന്നു, കുഞ്ഞൂട്ടനപ്പോള്‍ . ഇന്നലെ കാണാതിരുന്ന, വാടിയ ആ പുലിയെ

കുഞ്ഞൂട്ടനെവിടെന്ന് കിട്ടി?
നായ്ക്കളെയൊക്കെ മുറ്റമടിച്ചപ്പോള്‍ വാരിക്കളഞ്ഞ് കാണും.

"കുഞ്ഞൂട്ടാ, വീട്ടില്‍ പോ" അച്ഛന്‍ കുഞ്ഞൂട്ടനെ പിടിച്ചെണീപ്പിച്ചു.
"വരാനുള്ളത്  വന്നു. ഇന്ന് നീ മട്ടാഞ്ചേരീ പോണ്ടാ. രണ്ട്‌ ദിവസത്തെ ലീവെടുക്ക്‌. ഒന്നും മിണ്ടാനും നിക്കണ്ടാ....  വഴക്ക്‌ പറയുകയുമരുത്."
എന്നിട്ട്‌ ശബ്ദം താഴ്ത്തി പിറുപിറുത്തു:"ഇനി അവള്‍ കൂടി വല്ല പോഴത്തോം കാട്ടിയാ ...."

രൂപഭ്രംശം വന്ന പുലിയെ ദൂരേത്തേക്കെറിഞ്ഞ്‌, പകച്ച കണ്ണുകള്‍ കൊണ്ടച്ഛനെ നോക്കി, മുടന്തുള്ള ഇടത്‌ കാല്‍ വലിയ ഒരു ഭാരമെന്നോണം വലിച്ചിഴച്ച്  വീട്‌

ലക്ഷ്യമാക്കി നടന്നൂ, കുഞ്ഞൂട്ടന്‍ ‍.

Monday, May 5, 2008

സുമതിക്കൊച്ചമ്മ (ഇന്നലെയുടെ ജാലകങ്ങള്‍ -2)


സുമതിക്കൊച്ചമ്മ


 കോട്ടപ്പുറത്തേക്കുള്ള വഴിയെത്തും മുന്‍പേ, അഴിഞ്ഞ തൊണ്ടിന്റേയും കൂട്ടിയിട്ടിരിക്കുന്ന അറക്കപ്പൊടിയുടേയും ഗന്ധം പേറുന്ന തോടിന്റെ ഓരം ചേര്‍ന്ന്, ചെങ്കല്‍പ്പൊടി വിതറിയ പാതയോരത്ത്  കിതച്ച്‌ നില്‍ക്കും, വടക്കു നിന്നും പാലം കടന്നെത്തുന്ന മൂക്ക് മുറിയന്‍ ലേയ്ലാന്‍‌ഡ് ബസ്സുകള്‍ ‍.

ചേനയോ ചേമ്പോ, വിഷുക്കാലമെങ്കില്‍ ചക്കയൊ മാങ്ങയോ നിറച്ച കുട്ടിച്ചാക്ക്‌ തലയില്‍ നിന്നിറക്കി വടക്കേ നടയില്‍  രണ്ട്‌ നിമിഷം കൊടുങ്ങല്ലൂരമ്മയെ ധ്യാനിച്ച്‌ നില്‍ക്കും. അമ്പലക്കുളം ചുറ്റി, തെങ്ങോലകള്‍ മറച്ച വേലികള്‍ക്കിടയിലൂടെ പടിഞ്ഞാറോട്ടുള്ള കൈവഴിയിലേക്ക്‌ കയറുമ്പോള്‍ ‍, എല്‍ ജി കായത്തിന്റെ പരസ്യമുള്ള സഞ്ചിയും തൂക്കി ഒപ്പമെത്താന്‍ അമ്മ ബദ്ധപ്പെടുന്നുണ്ടാകും. സഞ്ചി ഇടതില്‍ നിന്ന് വലതിലേക്കും തിരിച്ചും കൈ മാറുമ്പോള്‍ ‘നവജീവന്‍‘ പേപ്പറിന്റെ വലയം ഭേദിച്ച്‌, നെയ്യപ്പത്തിന്റേയും പൂവന്‍ പഴത്തിന്റേയും സമ്മിശ്രഗന്ധം ചുറ്റും പരക്കും.

- അമ്മവീട്ടിലേക്കുള്ള യാത്രകള്‍ എനിക്കെന്നും ഹരമായിരുന്നു. അങ്കക്കലി കൊണ്ട ചേകവനെപ്പോലെ ഉറഞ്ഞ് തുള്ളി,  കാലന്‍കുട ആകാശത്തേക്കാഞ്ഞ് വീശി,"ലെഷ്മീ, നിന്നെ പടിയടച്ച്‌ പിണ്ഡം വച്ചിരിക്കുന്നു. നീയും കാര്യേഴുത്ത്‌ തറവാടുമായി മേലില്‍ ഒരു ബന്ധോമില്യാ" എന്ന് കുഞ്ഞമ്മാന്‍ അലറുന്നതിനും അതറിയിച്ച് കൊണ്ടുള്ള തീട്ടൂരം തപാല്‍ വഴി വീട്ടിലെത്തുന്നതിനും മുന്‍പായിരുന്നു, അത്‌.

അമ്പലക്കുളത്തിന് കാവല്‍ നില്‍ക്കുന്ന മുത്തശ്ശനാല്‍ കഴിഞ്ഞാല്‍ ആദ്യം വലത്തോട്ടും പിന്നെ ഇടത്തോട്ടുമുള്ള രണ്ട് തിരിവുകള്‍ കഴിഞ്ഞാല്‍ എത്തി ഞങ്ങളുടെ ഇടത്താവളം: നാരായണിപ്പാട്ടിയുടെ വീട്.

സമൃദ്ധമായ് കായ്ച്ച് നില്‍ക്കുന്ന ഇരിമ്പന്‍ പുളിയുടെ ചോട്ടിലിട്ട  വയസ്സന്‍ ബെഞ്ചിലിരുന്ന് ഇഞ്ചിയും പച്ചമുളകും നാരങ്ങയിലയും ചതച്ചിട്ട മോരുംവെള്ളം കുടിക്കുമ്പോള്‍ പാട്ടിയുടെ അമ്മയും അനിയത്തിമാരും ചുറ്റും കൂടും: കുശലം ചൊല്ലാനും പരദൂഷണം പറയാനും.

നാരായണിപ്പാട്ടിയെ കെട്ടിയിരുന്നന്നത്‌ അവിട്ടത്തൂരിലെ കളമെഴുത്തുകാരന്‍  രാമനാശാനായിരുന്നു.  നാട്ടുകാരിയെന്ന പരിഗണന മൂലമാവാം,  വെള്ളം നിറഞ്ഞ മുണ്ടോണ്‍ പാടവും പൂജയില്ലാത്ത പുല്‍ക്കുണ്ട ക്ഷേത്രവും പാമ്പുകള്‍ പാര്‍ക്കുന്ന കുണ്ടനിടവഴിയും കടന്ന്, നാരായണിപ്പാട്ടി ഇടക്കിടെ ഞങ്ങളുടെ  വീട്ടിലെത്തിയിരുന്നത്.

മുറുക്കാന്‍ ചാറൊഴുകുന്ന വായ്‌ ഇടക്കിടെ തുടച്ച്, അടക്കിയ സ്വരത്തില്‍, നീട്ടിയും കുറുകിയുമുള്ള അവരുടെ സംസാരം ഞങ്ങള്‍ക്കാസ്വാദ്യകരമായിരുന്നു.

മകരസംക്രാന്തിയടുക്കുമ്പോഴാണ്  നാരായണിപ്പാട്ടിയുടെ വില  നാട്ടുകാരറിയുന്നത്.  പാതിരാ കഴിയുമ്പോള്‍ ഓരോ വീട്ടിലുമെത്തി ഉടുക്ക് കൊട്ടി  തുയിലുണര്‍ത്തി,  “വിഷുഫലം“ പ്രവചിക്കുന്ന  നാരായണിപ്പാട്ടി ഗോവിന്ദന്‍ വെളിച്ചപ്പാടിനേകാള്‍ സ്വീകാര്യയാകുന്നത് ആ രാവുകളില്‍ മാത്രം. രാത്രിയുടെ  നിശ്ശബ്ദതയില്‍  മാക്രികളുടെ കോറസ്സിനേയും നായ്ക്കളുടെ സദിരിനേയും ഭേദിച്ച്‌ പാട്ടിയുടെ ഉടുക്കിന്റെ “ഡൂം ഡുഡുഡൂം ഡും ഡൂം’  മുഴങ്ങുമ്പോള്‍ ഞങ്ങള്‍ ഉറക്കം വിട്ടെണീക്കും. 'മക്കള്‍ ഉറങ്ങിക്കോ. നാരായണി പാടത്തിന്നിക്കരേയേ എത്തീട്ടുള്ളു. നമ്മ്ടെ വീട്ടിലെത്താന്‍ ഇനീം മൂന്നാല് ദിവസം പിടിക്കും": അമ്മ ശാസിക്കും.

സുര്യന്‍ മീനരാശിയില്‍ നിന്ന് കാലു മാറിയെന്നും സമൃദ്ധിയുടെയും സൗഭാഗ്യത്തിന്റേയും കാലം വരാന്‍ പോകുന്നുവെന്നും അറിയിച്ച്‌ കൊണ്ടുള്ള പാട്ടിയുടെ ഉടുക്കിന്റെ ധ്വനി ഉമ്മറത്ത്‌ നിന്നയരുമ്പോഴായിരിക്കും പിന്നെ ഞാന്‍ ഞെട്ടിയുണരുക. നിലവിളക്കും, നെല്ല് നിറച്ച ഇടങ്ങഴിയും എപ്പോഴാണാവോ അമ്മ ഒരുക്കിയത്‌? എരിയുന്ന ചന്ദനത്തിരിയുടെ സുഗന്ധം പുണരാന്‍ പുലര്‍കാല കുളിര്‍കാറ്റിനെന്ത് ഹരം!

വാക്കുകള്‍ വ്യക്തമാകാത്ത നാരായണിപ്പാട്ടിയുടെ പാണന്‍ പാട്ട്‌ അമ്മായിത്തള്ള ഏറ്റുപാടുമ്പോള്‍ ‍, ചവിട്ട്‌ പടിയില്‍, തിരി താഴ്ത്തിയ റാന്തല്‍ വിളക്കിന്റെ ചൂടും പറ്റി, ഉറക്കം തൂങ്ങിയിരിക്കുന്നുണ്ടാകും പാട്ടിയുടെ മകനും ചേച്ചിയുടെ ക്ലാസ്‌ മേറ്റുമായ മുകുന്ദന്‍ ‍.

അവിലും ശര്‍ക്കരക്കാപ്പിയും കഴിച്ച  ശേഷമാണ് പാട്ടിയുടെ വിഷുഫല പ്രവചനം. അടുത്ത ഒരു   കൊല്ലത്തെ  കാലാവസ്ഥ, വര്‍ഷം, വിളവ്‌, രോഗപീഢ, യുദ്ധം, മരണം എന്നിവ ആദ്യം. പിന്നെ  ജന്മനാളനുസരിച്ച് ഓരോരുത്തരുടേയും ഭാവി .....

എല്ലാവരേയും സന്തോഷിപ്പിച്ച്‌ വെറ്റിലയടക്കയും നെല്ലും  ദക്ഷിണയും വാങ്ങിയിട്ടേ  പാട്ടിയും പരിവാരങ്ങളും മടങ്ങൂ.

പാട്ടികുടുംബത്തോട്‌ യാത്ര പറഞ്ഞ്‌ പിന്നേയും ഒന്നൊന്നര ‘മൈലീസ്’‍ നടന്ന് വേണം ഞങ്ങള്‍ക്ക്‌ മാടവനയില്‍ വാഴും നേരമ്മാവന്റെ വാസസ്ഥലത്തെത്താന്‍ ‍.തലങ്ങും വിലങ്ങും ഒഴുകുന്ന കൈത്തോടുകള്‍ക്ക്‌ കുറുകെ വച്ച തെങ്ങിന്‍ തടിപ്പാലങ്ങളിലൂടെ ബാലന്‍സ്‌ ചെയ്ത്‌, മീന്‍ മണക്കുന്ന അടുക്കളകള്‍ക്കും മറച്ചിട്ടും മറയാത്ത  മറപ്പുരകള്‍ക്കുമിടയിലൂടെയുള്ള ആ ‘വഴിയില്ലാ വഴി യാത്രകള്‍ ‍ ഏറെ കുതൂഹലം നിറഞ്ഞതായിരുന്നു. വേലിയില്ല, അതിര്‍ത്തിരേഖകളില്ല, കുളങ്ങള്‍ക്ക് ചുറ്റും പടര്‍ന്ന് കിടക്കുന്ന കൈതക്കാടുകല്ലാതെ. പരിഭവങ്ങളൊ പരിദേവനങ്ങളൊ ദ്യോദിപ്പിക്കുന്ന ഒരു നോട്ടം പോലും ആരില്‍ നിന്നുമുണ്ടാവില്ല.

അമ്മവീടെത്തും മുന്‍പാണ് സുമതിക്കൊച്ചമ്മയുടെ വീട്‌. ദേശത്തെ ഏക വാര്‍ക്ക കെട്ടിടമെന്ന ബഹുമതി കൂടിയുണ്ടതിന്. അടുക്കളത്തിണ്ണയുടെ തൂണും ചാരി, ശോകച്ഛവിയാര്‍ന്ന കണ്ണുകളെ ആകാശനീലിമയില്‍ അലയാന്‍ വിട്ട്‌, താടിക്ക്‌ കൈയും കൊടുത്തിരിക്കുന്ന കൊച്ചമ്മ "സുമേ" എന്ന അമ്മയുടെ വിളി കേള്‍ക്കുമ്പോള്‍ ചാടിയെണീക്കും.

ഇരുണ്ട നിറം,
കുറഞ്ഞ ഉയരം,
ഒതുങ്ങിയ ശരീരം,
-കാഴ്ചയില്‍ ഒരു സ്കൂള്‍കുട്ടി.

പക്ഷേ നക്ഷത്രങ്ങള്‍ ഒളിപ്പിച്ച് വച്ച വലിയ കണ്ണുകളും വട്ടമുഖവും ചുരുചുരുണ്ട നീണ്ട മുടിയും കൊച്ചമ്മയെ തികച്ചും വ്യത്യസ്ഥയാക്കിയിരുന്നു.

കുട്ടിച്ചാക്ക് വാങ്ങി താഴെ വച്ച്‌, കെട്ടിപ്പിടിച്ച്‌ ഇരു കവിളുകളിലും മാറി മാറി ചുംബിക്കും, കൊച്ചമ്മ. സംസാരിക്കാന്‍ തുടങ്ങും മുമ്പേ കണ്ണുകള്‍ സജലമാകും. പിന്നെ വായല്‍പം തുറന്നു പിടിച്ചുള്ള തേങ്ങലുകള്‍ ‍.
'കൊച്ചമ്മയെന്ത വീട്ടീ വരാത്തേ?'
അനവസരത്തിലുള്ള എന്റെ ചോദ്യം ആ തേങ്ങലിന് പാഴ്മുള പൊളിയും പോലുള്ള താള ഗതിയേകും. ഉമ്മറത്ത് നിന്ന് കാരണവരുടെ നീണ്ട മൂളല്‍ മുഴങ്ങുമ്പോള്‍ ഇരു കൈ കൊണ്ടും വായ്‌ പൊത്തി അവര്‍ തേങ്ങലടക്കും‍.

"പോട്ടെ മോളെ, ഊണിനു മുന്‍പെത്തണം. ഇന്ന് തന്നെ തിരിച്ച്‌ പോകാനുള്ളതാ": അമ്മ എണീക്കും.
മുണ്ടിന്റെ കോന്തല കൊണ്ട്‌ മുഖം തുത്തുടച്ച്‌ കുട്ടിച്ചാക്കും തൂക്കി പറമ്പിന്റെ അതിരുവരെ  അനുഗമിക്കെ അവര്‍ പരിതപിക്കും: മോനൊരു ചായ ഇട്ട് തരാന്‍ മറന്നല്ലോ കൊച്ചമ്മ‌"
ഒന്ന് കൂടി കെട്ടിപ്പിടിച്ച്‌ യാത്ര പറയുമ്പോള്‍‍ പായല്‍  കുളത്തിലെ കുമിള  പോലൊരു തെളിമ ആ മുഖത്ത്‌ മിന്നും.

"എന്താ അമ്മേ, കൊച്ചമ്മ വരാത്തേ?" അമ്മയോട്‌ ഞാന്‍ ചോദ്യമാവര്‍ത്തിക്കും‍.
"കൊച്ചച്ഛനുമായി വഴക്കിട്ട്‌ വന്നതല്ലേ? കൊച്ചച്ഛനോട്‌ മോന്‍ പറയണം വിളിച്ചോണ്ട്  വരാന്‍ ‍"

പ്രതീക്ഷകള്‍ തകിടം മറിഞ്ഞ ആ ദിനം:
തറവാട്ടിലെ നടപ്പുര.
വീട്ടിലെ തലമൂത്തവരും പ്രമാണിമാരും ഒരു വശത്ത്.
കൊച്ചമ്മയുടെ അച്ഛനും ബന്ധുക്കളും മറുവശത്ത്.
നടപ്പുരയുടെ തെക്ക്‌ പടിഞ്ഞാറെ കോണില്‍ തലയും താഴ്ത്തി കൊച്ചച്ഛന്‍ ‍.
ഇറയത്തും കയ്യാലയിലുമായി മറ്റുള്ളവര്‍ ‍.

പൂരപ്പാട്ടും ഉറഞ്ഞ്‌ തുള്ളലും ചില കൈക്രിയകളും കഴിഞ്ഞപ്പോള്‍ ‍, നനുത്ത ചീനപ്പേപ്പറിന്റെ പൊതിയഴിച്ച്‌ ഒരു താലിമാല കൊച്ചമ്മയുടെ അച്ഛന്‍ മേശപ്പുറത്ത്‌ വച്ചു. ജാതകക്കെട്ടും മോതിരവും ഏതാനും സ്വര്‍ണാഭരണങ്ങളും തിരിച്ച്‌ വച്ചു, വെല്ലിശന്‍ .

എല്ലാരും എണീറ്റു.
"അല്‍പം വെള്ളമെങ്കിലും കുടിച്ചിട്ട് ..." : നാട്ടുപ്രമാണിമാരിലാരുടെയോ  തണുപ്പിക്കാനുള്ള ശ്രമത്തിന് കാര്‍ക്കിച്ച്‌ ഒരു തുപ്പ് കൊണ്ട് മറുപടി പറഞ്ഞ് ജാതകവും ആഭരണങ്ങളും പൊതിഞ്ഞെടുത്ത്‌ കാരണവര്‍ പടിയിറങ്ങി.
തട്ടകക്കാര്‍‍ പിന്നാലെയും.

അല്‍പനേരം കൂടി നിന്ന് പരസ്പരം നോക്കി  നാട്ടുകാരും പിരിഞ്ഞു.
"രാമന്‍കുട്ടീ, നാളെ എടക്കാരന്‍ കുഞ്ഞിച്ചെക്കന്‍ വരും. അവന്റെ കൂടെ നീ ചെന്ത്രാപ്പിന്നി വരെ പോണം. ‘
അപ്പൂപ്പന്റെ സ്ഥാനം സ്വയം ഏറ്റെടുത്ത വെല്ലിശന്റെ കല്പന!

കൊച്ചച്ഛന്‍ പുതിയ കൊച്ചമ്മയെ കൊണ്ടുവരാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് കരച്ചിലടക്കാനായില്ല.
"അപ്പൊ സുമതിക്കൊച്ചമ്മയോ?"
“സുമതിക്കൊച്ചമ്മ ഇനി വരില്ല"
"അതെന്താ?"
ചേച്ചി എന്നെ പറമ്പിന്റെ വടക്ക് കിഴക്കേ മൂലയില്‍ പന്തലിച്ച്‌ കിടക്കുന്ന കൊടമ്പുളിമരത്തിന്റെ തണലിലേക്ക് കൂട്ടിക്കൊണ്ടുപോയി. താഴ്‌ന്ന ഒരു ശിഖരത്തില്‍‍ എന്നെയിരുത്തി, സ്വയം നിലത്ത്‌ ചമ്രം പടിഞ്ഞിരുന്ന്, സംഭവങ്ങള്‍ സവിസ്തരം എന്നിലേക്ക്‌ പകരാന്‍ ശ്രമിച്ചു.

-കൊരട്ടിയിലെ നൂല്‍ക്കമ്പനിയില്‍ ജോലിക്ക്‌ ചേര്‍ന്നയുടനെയാണ് കൊച്ചച്ഛന് കല്യാണാലോചന വന്നത്‌. "കാണാനത്ര പോരാ എന്നാലും നല്ല ഐശ്വര്യം. ഏഴാം ക്ലാസിലാ പഠിക്കുന്നത്. നമ്മളെ വച്ച്‌ നോക്കിയാ അവര്‍ കുബേരന്മാരാ‍‍. പിന്നെ ലെക്ഷ്മീടെ തറവാട്ടുകാരും."

അപ്പൂപ്പന് സുമതിക്കൊച്ചമ്മയേയും വീട്ടുകാരേയും “ക്ഷ” പിടിച്ചു. അപ്പൂപ്പന്റെ ഇഷ്ടത്തിനെതിരെ ചിന്തിക്കാന്‍ പോലും ആരും ധൈര്യപ്പെടില്ലല്ലോ.

ആദ്യ കാര്‍ യാത്ര എനിക്കോര്‍മ്മയുണ്ട്. കൊച്ചച്ചന്റെ കല്യാണ ദിനത്തില്‍ .കരുവന്നൂര്‍ പുഴ, പുല്ലൂറ്റ്‌ പാലം, കൊടുങ്ങല്ലൂരമ്പലം, കാട്ടാകുളം, പടാകുളം ഒക്കെ കടന്ന് ഒരു ചായക്കടയുടെ മുന്‍പില്‍ ‍കാര്‍ നിന്നു. ആരുടെയൊക്കേയൊ മുറ്റത്തു കൂടെ നടന്നപ്പോള്‍ അലങ്കരിച്ച ഒരു പന്തല്‍ . കൊട്ട് കുരവാദികളുടെ  അകമ്പടിയോടെയുള്ള താലികെട്ട്.

സന്തോഷകരമായിരുന്നൂ അവരുടെ ദാമ്പത്യം.

ശനിയാഴ്ച ജോലി സ്ഥലത്ത്‌ നിന്നു വരുന്ന കൊച്ചച്ഛന്‍ തിങ്കളാഴ്ച തിരിച്ച്‌ പോകും വരെ തറവാടിനൊരു ഉത്സവഛായ കൈവരും. കൊച്ചരിപ്പല്ലുകള്‍ കാട്ടിയുള്ള ചിരിയും ഭവ്യത കലര്‍ന്ന പെരുമാറ്റവും അടുക്കള ജോലിയിലുള്ള സാമര്‍ത്ഥ്യവും കൊച്ചമ്മയെ അപ്പൂപ്പന്റെ അരുമയാക്കി.

വിവാഹം കഴിഞ്ഞ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ‘കുഞ്ഞിക്കാ‍ലൊന്ന്’ കാണാത്തതെന്ത് എന്ന് മുറുമുറുപ്പുകള്‍ ചുറ്റും.  പക്ഷേ സംഗതികള്‍ വഷളാക്കിയത് കാര്യേഴുത്ത്  ക്ഷേത്രത്തിലെ ഉത്സവത്തിന്  കുഞ്ഞമ്മാനും കൊച്ചമ്മയുടെ അച്ഛനും തമ്മില്‍ നടന്ന അടിപിടിയാണ്.

പതിവില്ലാതെ ‘വിസിറ്റി‘നെത്തിയ കുഞ്ഞമ്മാനും കൊച്ചമ്മായിയും കൂടി  ‘കുടുംബശ്രീ‘ യോഗം വിളിച്ച്‌  ഞെട്ടിപ്പിക്കുന്ന ഒരു പ്രഖ്യാപനം നടത്തി:

വിവാഹത്തിനു മുന്‍പ്‌ സുമതിക്കൊച്ചമ്മക്കൊരു രഹസ്യബന്ധമുണ്ടായിരുന്നു,അവിടത്തെ ‘കറവുകാരന്‍ ‍‘ നാണപ്പനുമായി. ഒന്നിച്ച്  ഒളിച്ചോടാന്‍ പ്ലാനിട്ടപ്പോഴാണ് പഠിത്തം നിര്‍ത്തി‌ച്ച്, കാരണവര്‍ ‘പിടീ’ന്നവളുടെ വിവാഹം നടത്തിയത്. മാത്രോല്ല, അവള്‍ മച്ചിയാ. അല്ലെങ്കില്‍ ഇതിനിടെ എത്ര പെറേണ്ടതാ”

ഉരസിയിട്ട ആ തീപ്പെട്ടിക്കമ്പ്‌ അസൂയയുടെ ഊഷരതയില്‍ വിളഞ്ഞ്‌ കിടന്നിരുന്ന പെണ്മനസ്സുകളില്‍ പെട്ടെന്ന് കത്തിപ്പടര്‍ന്നു. ഒടുവില്‍ വാര്‍ത്ത അപ്പൂപ്പന്റെ ചെവിയിലുമെത്തി.
"ശവം, കണ്‍വെട്ടത്ത്‌ കണ്ട്‌ പോകരുത് അവളെയിനി!‘  വെട്ടൊന്ന്, മുറി രണ്ട്‌ എന്ന മട്ടുകാരനായ അപ്പൂപ്പന്‍ പൊട്ടിത്തെറിച്ചു: "രാമന്‍കുട്ടീ, അവളെ  അവള്‍ടെ വീട്ടീ കൊണ്ടാക്ക്‌."

അനുസരണയുള്ള മകനായത്‌ കൊണ്ടോ കൊച്ചമ്മായിയുടെ ‘കുനിഷ്ട്’ ഫലിച്ചത് കൊണ്ടോ എന്നറിയില്ല, വലിയ മനസ്സാക്ഷിക്കുത്തില്ലാതെ കൊച്ചച്ഛന്‍ ആ കൃത്യം നിര്‍വഹിച്ചു.

"വീട്ടില്‍ കൊണ്ടാക്കിയപ്പോ പാവം കൊച്ചമ്മ വിചാരിച്ച്‌ കാണില്ല തന്നെ എന്നെന്നേക്കുമായി ഉപേക്ഷിക്കയാണെന്ന്." വല്യേച്ചിയുടെ സ്വരത്തില്‍ നനവ്‌ പടര്‍ന്നു. "ഒരു പക്ഷേ അപ്പൂപ്പന്‍ മരിച്ചില്ലായിരുന്നെങ്കി, സത്യം മനസ്സിലാക്കി എല്ലാം നേരെയായേനെ.‘

ചെന്ത്രാപ്പിന്നിക്കാരി കൊച്ചമ്മ, ഒത്ത ഉയരവും നല്ല തടിയും വെളുത്ത നിറവുവുമൊക്കെ ഉള്ള ഒരു ‘മേനക’യായിരുന്നുവെങ്കിലും അവരെ സുമതിക്കൊച്ചമ്മക്ക് പകരമായി കാണാന്‍ ഞങ്ങളാരും തയ്യാറായില്ല.

പിന്നെ അമ്മവീട്ടില്‍ പോയപ്പോള്‍ കൊച്ചമ്മയുടെ വീടൊഴിവാക്കി ഏതോ  വളഞ്ഞ വഴിയില്‍ കൂടിയാണമ്മ എന്നെ കൊണ്ട് പോയത്‌. അടുക്കളയില്‍ വച്ച്‌ കൊച്ചമ്മായി അമ്മയോട്‌ വിസ്തരിക്കുന്നത്‌ കേട്ടു:" നാത്തൂനറിയോ, രാമന്‍കുട്ടീടെ കല്യാണത്തിന്റെ അന്ന് തന്നെ ആ മുഷ്കന്‍ കാരണോര് അവള്‍ടേം കല്യാണം നടത്തീ. ചെക്കനാരാന്നറിയോ: കറവക്കാരന്‍ നാണപ്പന്‍ ‍! ഇപ്പഴെങ്കിലും മനസ്സിലായൊ കുശുമ്പും കുന്നായ്‌മേം ഒന്നുമല്ല സത്യാ ഞാന്‍ പറഞ്ഞേന്ന്"

തിരിച്ചുള്ള യാത്രയില്‍ ‌അതേപ്പറ്റി ചോദിക്കണമെന്ന് തോന്നിയെങ്കിലും അമ്മയുടെ മൂടിക്കെട്ടിയ മുഖവും കലങ്ങിയ കണ്ണുകളും എന്നെ വിലക്കി.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം വളരെ ആകസ്മികമായാണ് ഞാന്‍ സുമതിക്കൊച്ചമ്മയെ ‍ വീണ്ടും കാണുന്നത്‌.

ക്ലാസ്‌ കട്ട്‌ ചെയ്ത്‌  ‘മാറ്റിനി‘ കാണാന്‍ എസ്സെന്‍ തിയേറ്ററില്‍ പോയതായിരുന്നു. അവസാന സീനില്‍ നായകന്‍ വില്ലനെ ചകിരി തല്ലുമ്പോലെ തല്ലിച്ചതക്കുമ്പോള്‍ ‍, അല്ലെങ്കില്‍  ഏറ്റുപറച്ചിലുകളുടെ കുടുംബസംഗമം  തുടങ്ങുമ്പോള്‍  ‘എക്സിറ്റ്‌‘ ഗേറ്റിലേക്കോടും, ഞാന്‍ ‍. ‘ജനഗണമന‘ക്ക് മുന്‍പേ ഇറങ്ങി ഓടിയാല്‍ കിഴക്കെ നടയില്‍ നിന്ന് ഇരിഞ്ഞാലക്കുടക്കുള്ള  ബസ് പിടിക്കാം.
രാത്രി തന്നെയിരുന്ന് എഴുതി പിറ്റേന്ന് തപാല്‍പ്പെട്ടിയില്‍ നിക്ഷേപിച്ചാലേ അടുത്ത ലക്കം വാരികയില്‍ ‘മിസ്.അംബിളി എം.എ‘. എന്ന പേരില്‍ എന്റെ “ഫിലിം റിവ്യൂ” വരൂ.

"കുട്ടാ, ഒന്ന് നിക്കൂ"
ഓട്ടം നിര്‍ത്തി തിരിഞ്ഞ് നോക്കിയപ്പോള്‍ റോഡിന്റെ മറുവശത്ത്‌ പരിചയമുള്ള ഒരു മുഖം.  കറുത്ത് മെലിഞ്ഞ്, മുള്ളമ്പന്നി മുടിയോട് കൂടിയ ഒരു ഗ്രഹണിപ്പയ്യനുണ്ട്, കൂടെ.
"സുമതിക്കൊച്ചമ്മ!”
-ഞാന്‍ ഓടി അടുത്ത് ചെന്നു.
അടി മുതല്‍ മുടി വരെ നോക്കി,  കവിളത്തൊന്ന് തലോടി, ചിരിക്കാന്‍ ശ്രമിച്ചു അവര്‍ ‍.
'വല്യ ചെക്കനായല്ലൊടാ കുട്ടാ, മീശയൊക്കെ മുളച്ച്.."
തിരിഞ്ഞ്  കൂടെയുള്ള പയ്യനോട്:  "മോനറിയോ, അമ്മ‍ പറയാ‍റുള്ള  ഏട്ടനാ ഇത്"

കൊച്ചമ്മയെ കെട്ടിപ്പിടിക്കാനും തോളില്‍ മുഖമമര്‍ത്തി ഒന്നുറക്കെ കരയാനും മനസ്സ് വെമ്പി. കൊച്ചമ്മക്ക് ഒരു മകനുണ്ടെന്നുള്ള അറിവോ അതോ താന്‍ വലിയവനായെന്ന ഈഗൊയോ;എന്താണ് അങ്ങനെ ചെയ്യുന്നതില്‍ നിന്നും എന്നെ വിലക്കിയത്?

'അച്ഛന്റെ വാശി കൊണ്ട്‌ മാത്രാ കുട്ടാ, ഞാനാ മനുഷ്യനെ കെട്ടിയത്‌.' : നിര്‍വികാരത പാര്‍പ്പുറപ്പിച്ച കണ്ണുകളുയര്‍ത്തി എന്നെ നോക്കിക്കൊണ്ടവര്‍‍ തുടര്‍ന്നു.

‘ഒരു വേലക്കാരന്‍ എന്ന നിലയിലേ ഞാനയാളെ കണ്ടിട്ടുള്ളൂ.  അല്ലാതെ നിന്റെ അമ്മായി പറഞ്ഞുണ്ടാക്കിയ പോലെ...." തൊണ്ടയിടറി, ഒന്ന് നിര്‍ത്തി നിലത്ത് ദൃഷ്ടിയുറപ്പിച്ച് അല്പനേരം നിന്നൂ അവര്‍ . "കല്യാണം കഴിഞ്ഞ് അയളുടെ വീടിന്നരികെ, മേത്തലയില്‍, വീടും വസ്തുക്കളും ഒക്കെ അച്ഛന്‍ മേടിച്ച് തന്നു. പക്ഷേ കുടുംബജീവിതമെന്തന്ന് അയാള്‍ക്കറിയില്ലായിരുന്നു.  ഇവന് ഒരു വയസ്സുള്ളപ്പോ, ഒരു ദിവസം ആരോടും പറയാതെ ഇറങ്ങിപ്പോയതാ. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയില്ല.”

അക്ഷമയോടെ വാച്ചില്‍ നോക്കുകയായിരുന്നൂ, ഞാനപ്പോള്‍ .
നേരം വൈകുന്നു.
അച്ഛനറിയാതെ പെട്ടിയില്‍ നിന്നെടുത്ത കാശ്,
ക്ലാസ്‌ കട്ട്‌ ചെയ്തുള്ള സിനിമ‍ കാണല്‍ ‍,
സ്പെഷ്യല്‍ ക്ലാസ്സെന്ന നുണ.
-കുറ്റബോധങ്ങള്‍ തലക്കകത്ത് താണു പറക്കുകയാണ്.

“കൊച്ചമ്മേ, പോട്ടെ“, ആ മുഖത്ത് ഒന്നുകൂടി നോക്കാന്‍ ധൈര്യപ്പെടാതെ, ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ഞാന്‍ ഓടി.
"മോനൊരു ദിവസം വീട്ടില്‍ വാ....മേത്തല സെന്ററില്‍ വന്ന് ആരോട്‌ ചോദിച്ചാലും കാണിച്ച്‌ തരും... ‘.
പിന്നില്‍ നിന്നും അവര്‍ വിളിച്ച് പറയുന്നത് കേള്‍ക്കാമായിരുന്നു.
‘വരണേ. ഞാന്‍ കാത്തിരിക്കും..'

-ഒരിക്കലും നിറവേറ്റാന്‍ കഴിയാതിരുന്ന ആ അപേക്ഷ ചെവികളില്‍ ഇന്നും  മുഴങ്ങിക്കൊണ്ടിരിക്കുന്നു.


Wednesday, March 19, 2008

അപ്പൂപ്പന്‍ ( ഓര്‍മ്മയുടെ ജാലകങ്ങള്‍ 1)



ലക്ഷ്മിക്കുട്ടിടീച്ചറുടെ ക്ലാസ്സിലിരിക്കുക എന്നത്‌ ഒരു ശിക്ഷയാണ്. നരച്ച് സമൃദ്ധമായ മുടി കടന്നല്‍ക്കൂട് പോലെ വലയിട്ട് കെട്ടി, വട്ടക്കണ്ണടയിലൂടെ തുളച്ച്‌ കയറുന്ന നോട്ടവുമായി
ടീച്ചര്‍ ‘2-സി‘-യില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ,അവരുടെ കൂര്‍ത്ത മൂക്ക് നരിച്ചീറിന്റേത്‌ പോലെ ഉദ്വിഗ്നമാകും.

കിഴക്ക്‌ പടിഞ്ഞാറായി നീണ്ട്‌ കിടക്കുന്ന ഹാളില്‍ പനന്തട്ടിക കൊണ്ട്‌ മറച്ചാണ് ക്ലാസ്സുകള്‍ തിരിച്ചിരിക്കുന്നത്‌. ഓട്ടകള്‍ കൊണ്ടനുഗ്രഹീതമായ തട്ടികയിലൂടെ നോക്കിയാല്‍ 3 എ-യിലെ വെളുത്ത്‌ സുന്ദരിയായ ലീലടീച്ചര്‍ ‍, രണ്ടായി പകുത്ത്‌, നീല റിബണ്‍ കൊണ്ട്‌ ബന്ധിച്ച നീണ്ട മുടി ഇരു ചന്തികളിലും മാറി മാറി താളമിടും വിധം നടന്ന് കേട്ടെഴുത്തെടുക്കുന്നതും, ശ്രുതിലയത്തില്‍ പാട്ട് പാടിക്കൊടുക്കുന്നതും സ്വയം മറന്നനുഭവിക്കാം.

ദ്വേഷ്യം വരുമ്പോള്‍ ചുവന്ന് തുടുത്ത്, മൂക്കിന്‍ തുമ്പില്‍ വിയര്‍പ്പ്‌ മണികളുതിരുന്ന ആ മുഖത്തിനെന്തഴക്, ആകര്‍ഷകത്വം! ഈ നരിച്ചീറിനു പകരം ആ മാടപ്രാവിനെ
ടീച്ചറായിക്കിട്ടാന്‍ ഏത്‌ ദേവന് എന്തര്‍‍ച്ചനയാണാവോ ചെയ്യേണ്ടത്?

കാലത്ത്‌ വീട്ടില്‍ നിന്നും കഴിച്ച കഞ്ഞിയുടേയും ഉള്ളിച്ചമ്മന്തിയുടേയും പ്രഭവം 12 മണിക്ക് മുന്‍പേ കത്തിയടങ്ങും. കാളുന്ന വയറും മങ്ങുന്ന മനസ്സുമായി, ഒരു മണിക്ക് ശിപായി ശേഖരന്‍ ലോംഗ്‌ ബെല്‍ അടിക്കുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കും‍. ഒരു മണിക്കൂറിന് ആയിരം മിനിറ്റുകള്‍ വരെ വേണമായിരുന്നു, അക്കാലത്ത് ‍!

കവിടിപ്പിഞ്ഞാണവും പുസ്തകത്തില്‍ സൂക്ഷിച്ച് വച്ച പഴുത്ത പ്ലാവിലയുമായി ഒരോട്ടമാണ് പിന്നെ വെപ്പുപുരയിലേക്ക്. ചമ്രം പടിഞ്ഞിരുന്ന് പിഞ്ഞാണം മുന്നില്‍ വച്ച്‌,  പോക്കറ്റില്‍
നിന്നെടുത്ത ഈര്‍ക്കിലുകൊണ്ട്‌ പ്ലാവില കോട്ടി, നാലു നിരകളുടെ ഏത്‌ അറ്റത്ത് നിന്നാണ് വെപ്പുകാരി ഭാര്‍ഗവിയും ക്രാഫ്റ്റ്‌ ടീച്ചര്‍ പീറ്റര്‍മാഷും ഉച്ചക്കഞ്ഞി വിതരണമാരംഭിക്കുക
എന്ന് ആകാംക്ഷയോടെ നോക്കിയിരിക്കും.

സ്റ്റീല്‍ ചോറ്റുപാത്രത്തില്‍ കൊണ്ട്‌ വരുന്ന ആഹാരം ഭുജിച്ച്,  കഴുകിയിട്ടും വിടാതെ പിന്‍‌തുടരുന്ന കറികളുടെ നറുമണം ചുറ്റും പ്രസരിപ്പിച്ച്  കിളിമാസ്‌ കളിക്കാന്‍ കാത്ത്‌ നില്‍ക്കുകയാകും കാളിദാസനും ദാമുവുമൊക്കെ.

സ്കൂള്‍ വിട്ടാല്‍ കല്ലംകുന്ന് പഞ്ചായത്ത്‌ കിണര്‍ വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരം മത്സര ഓട്ടമാണ്. കുട്ടുകാര്‍ പിരിഞ്ഞാല്‍ പിന്നെ നടത്ത സാവധാനത്തിലാകും. ‘പൊരുമ്പി‘ക്കാരുടെ വേലിയതിരിലെ‍ കാരക്ക പഴുത്തോ എന്നും ‘കൈത‘ക്കാരുടെ തൊഴുത്തിന്നരികിലെ ചാമ്പ പൂത്തോ എന്നും നോക്കി കൈയിലെ വേലിപ്പത്തല്‍ കൊണ്ട് മണ്‍പാതയില്‍ ചിത്രങ്ങള്‍ വരച്ച് നിരങ്ങി നീങ്ങുമ്പോള്‍ ചേച്ചിമാര്‍ രണ്ടും അന്നനട നടന്ന് കൂടെയെത്തിയിരിക്കും. ക്ലാസ് 4 ‌ വരെയുള്ളവര്‍ക്കേ ഉച്ചക്കഞ്ഞിയുള്ളൂ എന്നതിനാല്‍ വിശന്ന് തളര്‍ന്ന് വരുന്ന പാവങ്ങളുമായി ഞാന്‍ വാഗ്വാദത്തിന് നില്‍ക്കാറില്ല.

പുഴുങ്ങിയ കപ്പയും കട്ടനും തയ്യാറാക്കി വച്ച് തറവാട്ടിലെ പുറംജോലികള്‍ക്കായി പോയിട്ടുണ്ടാകും, അമ്മ.
സ്കൂളില്‍ പോകാന്‍ ഇഷ്ടമാണനിയത്തിക്ക്‌.
"അടുത്ത കൊല്ലം പോകാല്ലോ മോള്‍ക്ക്‌ ': അമ്മ ആശ്വസിപ്പിക്കും:" കഞ്ഞി കുടിക്കാന്‍ ഒരു പുതിയ ഒരു പിഞ്ഞാണവും വാങ്ങാം, ട്ടോ"

തറവാട്ട്‌ പറമ്പിലെ വാഴക്കൃഷിക്ക്‌ നനയ്ക്കേണ്ട ചുമതല ചേച്ചിമാര്‍ക്കാണ്. നന അല്‍പം കുറവെന്ന് തോന്നിയാല്‍ പാപ്പന്‍ പിന്നെ ഒരഭിനവ ദുര്‍വാസാവും. ചീത്ത പറച്ചിലോ
ശപിക്കലോ അല്ല, മുടി ചുറ്റിപ്പിടിച്ച് ചെപ്പക്കടിക്കലാണ് പാപ്പന്റെ ഹോബി..

നടപ്പുരയിലെ ചാരുകസേരയില്‍ നീണ്ട്‌ നിവര്‍ന്ന് കിടക്കുന്നുണ്ടാവും, അപ്പൂപ്പന്‍ . ചുറ്റിപ്പറ്റി ആരെങ്കിലുമൊക്കെ കാണും. വയസ്സേറെയായെങ്കിലും, നടക്കാന്‍ വയ്യെങ്കിലും തന്റെ
‘പേഷ്കാരുദ്യോഗം‘ അദ്ദേഹം ഉപേക്ഷിച്ചിട്ടില്ല. ഓരോ പരാതിക്കാരുടേയും വാദങ്ങള്‍‍ വിശദമായി കേട്ട ശേഷം തീര്‍പ്പ്‌ നടപ്പാക്കാന്‍ കാര്യസ്ഥനെ പറഞ്ഞേല്‍പ്പിക്കും: "വേലപ്പാ, എല്ലാം
പറഞ്ഞപോലെ....‘

-ആവലാതിക്കാര്‍‍ താഴ്‌ന്ന ജാതിക്കാര്‍ ആരെങ്കിലുമെങ്കില്‍ ചാരുകസേരയുടെ സ്ഥാനം മുറ്റത്തേക്ക്‌ മാറും. അമ്മൂമ്മയുടെ ആകസ്മിക മരണത്തിന് ശേഷം നടപ്പുരയില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല, അപ്പൂപ്പന്‍ .

ചാറ്റല്‍ മഴയും ഇടിമിന്നലുമുള്ള ഒരവധിക്കാല സന്ധ്യക്കാണ് ചക്കിപ്പുലയി ഓടിക്കിതച്ച് ഉമ്മറത്തെത്തിയത്. 'തമ്പ്രാ, മ്പ്രാട്ടിക്ക്‌ ഇടിവെട്ട്‌ കൊണ്ടു."
ഒന്ന് ഞെട്ടിയെങ്കിലും  പെട്ടെന്ന് സമനില വീണ്ടെടുത്ത്‌, കല്ലമ്പറമ്പില്‍ ചെറുമികളോടും മരുമക്കളോടുമൊപ്പം‍ പണിയിലേര്‍പ്പെട്ടിരിക്കുന്ന അമ്മൂമ്മയുടെ അടുത്തേക്കദ്ദേഹം  കുതിച്ചു.

മരത്തണലില്‍ അമ്മയുടെ മടിയില്‍ കിടക്കുകയായിരുന്നു, അമ്മൂമ്മ.
ചിലര്‍ വീശുന്നു‌, മറ്റുചിലര്‍ വെള്ളം കൊടുക്കുന്നു.

രംഗമാകെ ഒന്ന് വീക്ഷിച്ച ശേഷം അപ്പൂപ്പന്‍ ഗര്‍ജ്ജിച്ചു:
“എവിടെയാടീ ഇടി വെട്ടിയത്? പണിയെടുക്കാതിരിക്കാനുള്ള  ഓരോ സൂത്രങ്ങളേയ്. വേം ചെല്ല്, ഇരുട്ടും മുന്‍പ്‌ പയറെല്ലാം കുത്തിത്തീര്‍ക്കണം.’
-എന്നിട്ട്‌ അമ്മൂമ്മയെ താങ്ങിയെടുത്ത് വീട്ടിലേക്ക് നടന്നു.

അന്ന് രാത്രി അമ്മൂമ്മ മരിച്ചു.
ഇന്നും നാട്ടുകാര്‍ പറയും:‘ഇടിവെട്ടേറ്റാ അമ്മൂമ്മ മരിച്ചേ..” എന്ന്.
ഹാര്‍ട്ടറ്റക്കൊക്കെ പിന്നേയും കുറേക്കാലം കഴിഞ്ഞല്ലേ കണ്ടുപിടിച്ചത്!


മൂത്തകുടിയിലെ മകനെ കൂടാതെ, ‍ 6 ആണും‍ 3 പെണ്ണുമടക്കം 9 മക്കളായിരുന്നു അപ്പൂപ്പന്. ‍ രണ്ടാമനായിരുന്നെങ്കിലും വീട്ട്‌ കാര്യങ്ങള്‍ അച്ഛന്റെ തലയിലായിരുന്നു.  കൃഷിയും കന്നുകാലി പരിപാലനവും കഴിഞ്ഞ്‌, രാത്രിയില്‍ ‍,  കാളവണ്ടിയില്‍ കരൂപ്പടന്നയിലേക്ക്‌ വെല്ലിശന്റെ (a) കൊപ്രാക്കളത്തില്‍ നിന്ന് ‘മടല്‍’ (b) കൊണ്ട്‌ പോകുന്ന പണി കൂടി അച്ഛന്‍ ചെയ്തിരുന്നു.

സുഖലോലുപനായ വെല്ലിശന്‍ കടത്തില്‍ മുങ്ങി കൊപ്രക്കളം പൂട്ടിയപ്പോള്‍ ‘വണ്ടിയും മൂരിയും വിറ്റ് കടം വീട്ടിക്കോ’ എന്ന് പറഞ്ഞ് അപ്പൂപ്പന്‍ ഒഴിഞ്ഞ് മാറി.

മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കട്ടെ എന്ന സദുദ്ദേശത്തോടെയാകണം :“ഭാഗം വച്ച് തരാം, തറവാട്ടീന്ന് പൊയ്ക്കോണം എല്ലാരും”, എന്ന് കല്‍പ്പിക്കയും ചെയ്തു.

അച്ഛനമ്മമാര്‍ക്ക് എല്ലാ മക്കളും ഒരു പോലെയല്ല എന്ന് ഞാന്‍ മനസ്സിലാക്കിയത്‌ അപ്പൂപ്പനില്‍ നിന്നാണ്.
-ധാരാളിയായിരുന്നതിനാല്‍  15 പറ കണ്ടവും വടക്കേപറമ്പും അതിലെ വീടും മൂത്തമകന്..
-ഉദ്യോഗസ്തരായ  രണ്ട് മക്കളില്‍ നിന്ന് ഇടക്കിടെ ‘അലുവയും പൊകലയും‘ കിട്ടിക്കൊണ്ടിരുന്നതിനാല്‍ അവര്‍ക്ക് ഇഷ്ടം പോലെ.
-മൂന്നാമത്തെ മകന്‍ ‘ക്ഷിപ്രകോപി’യായിരുന്നതിനാല്‍ തറവാടും വട്ടത്തിച്ചിറയിലെ ഭൂരിഭാഗം കൃഷിയും അവന്.
- ദേശാടനക്കാരനായ നാലാമനേയും വീട്‌ നോക്കി നടത്തി, ഒന്നും സമ്പാദിക്കാതിരുന്ന രണ്ടാമനേയുമല്ലാതെ മറ്റാരെ അദ്ദേഹം തഴയും?

മൂത്തകുടിയിലെ അവിവാഹിതനായ മകനെ കാരണവര്‍ മറന്നെന്ന് പറയാനാവില്ല:
കയ്യാല(c)മുറിയില്‍ വാടകയില്ലാത്ത സ്ഥിര താമസം. ചായബീഡി ചിലവുകള്‍ക്ക് തറവാട്ട് വളപ്പിലെ ‍രണ്ട്‌ തെങ്ങുകളില്‍ നിന്ന് വിളവെടുക്കാനുള്ള ആജീവനാന്ത അവകാശവും!

ഭാഗം വച്ച ശേഷം, വടക്കെ പറമ്പിലെ വീട്ടിലേക്ക് താമസം മാറ്റിയ മൂത്ത മോന്‍ മരക്കച്ചവടത്തിലേക്ക്‌ തിരിഞ്ഞു.
കിട്ടിയ 40 സെന്റില്‍  ഒരൊറ്റമുറി വിട് പണിത്,  പലചരക്ക്‌ കട  തുടങ്ങാണാണു അച്ഛന്‍ തീരുമാനിച്ചത്‌. വീട്ടിലെ പ്രാരാബ്ധങ്ങളും, സ്വന്തക്കാരുടെ പറ്റുപടിയും നാട്ടുകാരുടെ കടം
പറച്ചിലും ഒക്കെക്കൂടി ആ ബിസ്നെസിന് അധികകാലം പിടിച്ച് നില്‍ക്കാനായില്ല.

ഇളയച്ഛന്മാരെപ്പോലെ നഗരത്തിലെവിടെയെങ്കിലും പോയി, മാസശംബളക്കാരനായാലേ ഗതി പിടിക്കൂ എന്ന ചിന്ത അച്ഛനെ ബാധിച്ചതപ്പോഴാണ്.  ഏകാവലംബമായിരുന്ന പശുവിനെ വിറ്റ്, ഒരു മാസത്തെക്കുള്ള അരിയും പലവ്യഞ്ജനങ്ങളും വാങ്ങി അമ്മയെ ഏല്‍പ്പിച്ച്, വടക്കോട്ടുള്ള ഏതോ തീവണ്ടിയില്‍ കയറി, ജോലി തേടി  അച്ഛന്‍ യാ ത്രയായി.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ‘ഫ്രം’ അഡ്രസ്സില്ലാതെ ഒരു കാര്‍ഡ്‌ വന്നു:" ജോലി കിട്ടി, ജോലാര്‍പെട്ട എന്ന സ്ഥലത്തെ  ഹോട്ടലില്‍ . സുഖം. മക്കള്‍ക്ക് ഉമ്മ."

എത്ര വലിച്ച്‌ നീട്ടിയിട്ടും അച്ഛന്റെ ‘സ്റ്റോക്ക്‌‘ ഒരു മാസത്തേക്ക് തികഞ്ഞില്ല.
-അനിയത്തിക്കും എനിക്കും ചോറ്, ബാക്കി കഞ്ഞി എന്ന ആദ്യ നില മാറ്റി എല്ലാര്‍ക്കും കഞ്ഞിയായി.
-മൂന്ന് നേരത്തെ ഭക്ഷണം രണ്ട് നേരവും പിന്നെ രാത്രി മാത്രവുമായി.
-പിടിയരിയിലായി പിന്നെ പിടി.
-അവസാനം ‘കിഴിയരി‘യിട്ട കഞ്ഞിവെള്ള ‘സൂപ്പും’, ചേമ്പിന്‍ താളും വാഴപ്പിണ്ടിയുമടങ്ങുന്ന ‘മെയിന്‍ കോഴ്സും’ ശര്‍ക്കരവെല്ലത്തിന്റെ ‘ഡെസര്‍ട്ടു’മായപ്പോള്‍ പിടിച്ച് നില്‍‍ക്കാനായില്ല.

വെല്ലിശന്റേം ഇളയച്ഛന്മാരുടേം മക്കള്‍ മീനും ഇറച്ചിയും കൂട്ടി മൂന്ന് നേരവും ഭുജിക്കുമ്പോള്‍ നമുക്ക് മാത്രം എന്താ ഇങ്ങനെ?

എല്ലാം അറിഞ്ഞായിരിക്കണം ഒരു ദിവസം അപ്പൂപ്പന്‍ വിളിപ്പിച്ചു.
നടപ്പുരയുടെ വടക്ക് ഭാഗത്തുള്ള കയ്യാലമേല്‍‍ ശരീരമര്‍പ്പിച്ച് തല താഴ്ത്തി നിന്നൂ അമ്മ.
"വേലായീടെ(d) കത്തൊന്നും പിന്നെ വന്നില്ലേ?"
"ഇല്ല"
"പഷ്ണിയായിട്ടും എന്താ പറയാഞ്ഞേ?"
അമ്മ മിണ്ടിയില്ല.
"നാളെ മുതല്‍ നീയും പിള്ളേരും തറവാട്ടീ വാ. ഉള്ള പണി, കണ്ടും അറിഞ്ഞും എടുത്ത്‌, കൂടിക്കോ"
മറുപടി പറയാനാവാതെ അമ്മ നിന്ന് തേങ്ങി.

"പണിയെടുപ്പിച്ച് കൊല്ലും നമ്മളെ”: വല്യേച്ചിക്കതായിരുന്നൂ പേടി.
“മൂന്ന് നേരം കഞ്ഞിയെങ്കിലും കിട്ടുമല്ലോ?” കൊച്ചേച്ചി ആശ്വാസം കൊണ്ടു.
"അച്ഛനൊന്ന് വന്നാ മത്യാര്‍ന്നൂ” എന്നായിരുന്നു എന്റെ ആത്മഗതം.

കിഴക്കേ കരോട്ടെ അപ്പു മാഷ്‌ടെ വീട്ടില്‍ പാല്‍ വിതരണം നടത്തുന്നുവെന്ന് കാര്യസ്ഥന്‍ വേലപ്പനാണ് പറഞ്ഞത്. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളോട് ദയ തോന്നി അമേരിക്കന്‍  സായിപ്പന്മാര്‍ ‍ സൌജന്യമായി അയച്ച് തരുന്നതാണത്രേ ടണ്‍‍ കണക്കിന് വരുന്ന പാല്‍പ്പൊടിച്ചാക്കുകള്‍ . നാട്ടില്‍ അതിന്റെ വിതരണച്ചുമതല ഗ്രാമസേവികയായ അപ്പുമാഷ്‌ടെ മകള്‍ ബേബിയേച്ചിക്കായിരുന്നു.

"എന്തോരം പേരാന്നോ പാല്‍ വാങ്ങാന്‍ പോണത്. നാളെ തൊട്ട് നീയും പൊയ്ക്കോടാ. ബേബിയോട്‌ ഞാ‍ന്‍ പ്രത്യേകം പറയാം“: വേലപ്പന്‍ നല്ല ശമരിയക്കാരനായി.

പിറ്റേന്ന് മുതല്‍ സ്കൂള്‍ വിട്ട് വന്നാല്‍ അനിയത്തിയുടെ കൈയും പിടിച്ച്‌, അലുമിനിയപ്പാത്രവുമായി ഞാനിറങ്ങും, ബേബിയേച്ചിയുടെ വീട്ടിലേക്ക്. വിശാലമായ പാടവും തടിപ്പാലം പോലുമില്ലാതെ നിറഞ്ഞൊഴുകുന്ന തോടുകളും കടന്ന് വേണം ‘കിഴക്കെകരോട്ടെ‘ത്താന്‍ ‍.

അല്പം മാത്രം വെള്ളം ചേര്‍ത്ത് കലക്കിയ കട്ടിയുള്ള പാലാണ് വിതരണം നടത്തുന്നത്. കാലന്‍കുടയും ചൂടി, അനിയത്തിയെ ചേര്‍ത്ത് പിടിച്ച്, ‍ മഴയത്ത് നടന്ന് വീട്ടിലെത്തുമ്പോഴേക്കും പാല്‍ പാത്രം നിറഞ്ഞ് കവിഞ്ഞിരിക്കും.

വെള്ളം ചേര്‍ത്ത് തിളപ്പിച്ച്‌, ഓട്ട്‌ ഗ്ലാസിലേക്ക് പകര്‍ന്ന പാലുമായി ഞങ്ങള്‍ ഓടും അപ്പൂപ്പന്നരി‍കിലേക്ക്‌. മയങ്ങുന്ന അപ്പൂപ്പനെ ശബ്ദമുണ്ടാക്കി ഉണര്‍ത്തും.

ചുവന്ന കണ്ണുകള്‍ തുറിപ്പിച്ച്‌ , ഒന്ന് മുരണ്ട്, തലയുയര്‍ത്തുന്ന അപ്പൂപ്പന്റെ കോപം പാല്‍ ഗ്ലാസ്‌ കാണുമ്പോള്‍ അടങ്ങും. സാമാന്യം വലിയ തന്റെ വെറ്റിലപ്പെട്ടി തുറന്ന് അതില്‍ നിന്ന് രണ്ട്‌ കഷണം കല്‍ക്കണ്ടമെടുത്ത്‌ നീട്ടി തലയാട്ടി വിളിക്കും” വാ...”
കല്‍ക്കണ്ടം നുണഞ്ഞ്‌, ഞങ്ങള്‍ ചേച്ചിമാരുടെ അരികിലേക്കോടും;  അവരെ കൊതിപ്പിക്കാന്‍ ‍. മധുരമിട്ട‌ പാലിന്റെ രുചി അവര്‍ക്കറിയില്ലല്ലോ?
- ഈ കലാപരിപാടികളില്‍ തനിക്കൊരു പങ്കുമില്ല എന്ന മട്ടിലാണമ്മ പെരുമാറുക.

ശനിയാഴ്ച തോറും എണ്ണ തേച്ച്‌ വിസ്തരിച്ചൊരു കുളിയുണ്ടപ്പൂപ്പന്.തിരുമ്മ് വിദഗ്‌ധന്‍ എടക്കുളം പരമു കാലത്തെ തന്നെ എത്തും. കൊട്ടന്‍ ചുക്കാദിയും ധന്വന്തരം കുഴമ്പും സമാസമം ചേര്‍ത്ത്, ചൂടാക്കി, ആ വലിയ ദേഹത്ത്‌ കുറേശെയായി അയാള്‍ തേച്ച്‌ പിടിപ്പിക്കും. തലയില്‍ തടവുന്നത് ബലഗുളിച്യാദി എണ്ണയാണ്.

വടക്കു വശത്തെ വെപ്പുപുരയുടെ മുന്‍പില്‍ ഇതിനായി പ്രത്യേകം നിര്‍മ്മിച്ച സ്റ്റൂളില്‍ ‍, ഈരെഴതോര്‍ത്ത്‌ മാത്രമുടുത്ത്, അപ്പൂപ്പന്‍ ഇരിക്കുമ്പോള്‍ ‍, നിലത്തേക്കിഴയുന്ന ചുവന്ന ‘കോണാന്‍ വാല്‍‘ കാണാന്‍  ഞങ്ങള്‍ ഒളിഞ്ഞ് നില്‍ക്കും.

- ആര്യവേപ്പില, പുളിയില, അവണക്കില, എരുക്കിന്‍ തൊലി, മുരിക്കിന്‍ തൊലി അങ്ങനെ ഏതൊക്കെയൊ ഇലകളും തൊലികളും‍ ഒക്കെ ഇട്ടാണു വെള്ളം തിളപ്പിക്കുക. വെള്ളം
തണുക്കുന്നത് വരെ പരമുവിന്റെ കൈകള്‍ അപ്പൂപ്പന്റെ ശരീരഭാഗങ്ങളില്‍ സഞ്ചരിച്ച്‌ കൊണ്ടിരിക്കും.

താളി, ചെമ്പരത്തി, കടലപ്പൊടി, ചന്ദനപ്പൊടി ഇവയൊക്കെ ചാലിച്ച മിശ്രിതം തേച്ചാണു കുളിപ്പിക്കുക. കുളിക്ക് ശേഷം നെറുകയില്‍ രാസ്നാദി പൊടിയും നെറ്റിയില്‍ ഭസ്മവും പൂശി വര്‍ദ്ധിത തേജസ്സോടെ ഗുരുവായൂരപ്പനെ പല പേരുകളില്‍ സംബോധന ചെയ്ത്  കോലായിലെത്തുമ്പോഴേക്കും മുട്ടിപ്പലകക്കു മുന്‍പില്‍ മൃഷ്ടാന്നം  റെഡിയായിരിക്കും.

നല്ല ഉയരവും അതിനൊത്ത തടിയുമുണ്ടായിരുന്ന അപ്പൂപ്പന്റെ തലയില്‍ ഒറ്റ രോമം പോലുമുണ്ടായിരുന്നില്ല. തലയുടെ പിന്‍‌വശവും കഴുത്തും കൂടിച്ചേരുന്ന ഭാഗത്ത്‌ സാമാന്യം

വലിയ, കാറുത്ത ഒരു തടിപ്പുണ്ടായിരുന്നു. വെറുതെയിരിക്കുമ്പോള്‍ അവിടെ ചൊറിഞ്ഞ്‌ രസിക്കുക അപ്പൂപ്പന്റെ വിനോദമായിരുന്നു. ചൊറിച്ചില്‍ അസഹ്യമാകുന്ന ദിവസം അപ്പൂപ്പന്റെ ശബ്ദമുയരും:“ വേലപ്പാ, പരമൂനെ വിളി”

പരമു വരുന്നത് 'അട്ട' (e) ചികിത്സ നടത്താനാണ്.
വായ്‌വട്ടമുള്ള ചില്ല് കുപ്പിയില്‍ ചുവപ്പും കറുപ്പും കലര്‍ന്ന നിറമുള്ള, രണ്ട് തലകളുള്ള അട്ടകളുമായായിരിക്കും പരമു വരിക. അവയെ ഒന്നൊന്നായി എടുത്ത് ‌, ശ്രദ്ധയോടെ അപ്പൂപ്പന്റെ കഴുത്തില്‍ വയ്ക്കും. തല താഴ്ത്തി കണ്ണുകളടച്ച് നിര്‍വൃതിയില്‍ മുഴുകി ഇരിക്കും അപ്പൂപ്പന്‍ ‍. അല്പസമയം കഴിയുമ്പോള്‍ ചോര കുടിച്ച്‌ വീര്‍ത്ത അട്ടകള്‍ തനിയെ താഴെ വീഴും. രക്തം കിനിയുന്ന കഴുത്ത്‌ തുടയ്ക്കാനും തൈലം പുരട്ടാ‍നും തെയ്യാറായി വേലപ്പനും കാത്തു നില്‍ക്കുന്നുണ്ടാവും.

സകലകലാവല്ലഭനായ പരമു  തന്നെയായിരുന്നു, ഉറക്കം കിട്ടാന്‍ അപ്പൂപ്പന്‍ പതിവായി കഴിച്ചു കൊണ്ടിരുന്ന 'കറുപ്പിന്റെ' (f)  സപ്ലൈയറും.

സന്ധ്യക്ക്‌ സൂര്യനസ്തമിക്കുമ്പോഴായിരിക്കും അപ്പൂപ്പന്റെ അത്താഴം. കട്ടത്തൈരും നെയ്യും നിര്‍ബന്ധം.  പിന്നെ മുളകൂഷ്യമോ ഉപ്പേരിയോ…
"സ്..സയീ....' എന്ന നീട്ടിയുള്ള വിളിക്ക്‌ കാതോര്‍ത്ത്‌ വാതില്‍ മറഞ്ഞ്‌ നില്‍ക്കും ഞാന്‍ . മുന്‍വശത്തെ പല്ലുകളുടെ മറയില്ലാത്തതിനാല്‍ വായില്‍ നിന്നും പുറത്തു ചാടും  മുന്‍പ് തന്നെ കാറ്റില്‍ ലയിക്കുന്ന ‘ശ” യുടെ കുസൃതിയാണീ പേര്‍ മാറ്റം.  വലിയ ഒരു ഉറുള ചോറ് രണ്ട്‌ കൈകളിലും കൂടി വച്ച് തരും, അപ്പൂപ്പന്‍ ‍. അനിയത്തിക്കൊരു പങ്ക് കൊടുക്കാന്‍ മാത്രം ഞാന്‍ മടിക്കാറില്ല.

ഇടവപ്പാതി കലാശക്കൊട്ട് നടത്തിയ ഒരു ഏകാദശി ദിവസം വൈകുന്നേരമാണ് അപ്പൂപ്പന്‍ മരിച്ചത്.

സ്കൂള്‍ വിട്ട് മഴ നനഞ്ഞ്‌ വീട്ടിലെത്തിയപ്പോള്‍ വീട്‌ വിജനം. വിജയകരമായ തന്റെ പ്രവാസം എന്നന്നേക്കുമായി അവസാനിപ്പിച്ച്‌, നാടോടി പൂശാരിയുടെ വേഷത്തില്‍ അച്ഛന്‍ അപ്പോഴേക്കും നാ‍ട്ടില്‍ തിരിച്ചെത്തിയിരുന്നു.

തറവാടില്‍ നിന്നും ഉയര്‍ന്ന ആരോഹണാവരോഹണക്രമത്തിലുള്ള നിലവിളി കേട്ട് ഞാനങ്ങോട്ടോടി.
ജനസമുദ്രംമാണവിടം.
കൂട്ടുകാര്‍ ‍,
വീട്ടുകാര്‍
അയല്‍ക്കാര്‍ ‍,
ബന്ധുക്കള്‍ ‍.....
സഹതാപത്തിന്റെ തവിട്ട് നിറം കലര്‍ന്ന ഒട്ടേറെ ദൃഷ്ടികള്‍ എന്നെ വലയം ചെയ്യുന്നതായി ഞാനറിഞ്ഞു.

കയ്യാലപ്പുരയില്‍ കയറി അകത്തേക്കെത്തിനോക്കാന്‍ ശ്രമിച്ച എന്നെ രണ്ട് കൈകള്‍ വന്ന് പുണര്‍ന്നു.
-കൊച്ചമ്മായിയുടെ മകന്‍ അന്നാസ്‌!
കണ്ണീര്‍ച്ചാലുകള്‍ വീണ് അവ്ന്റെ മുഖം വികൃതമായിരുന്നു.
“അപ്പുപ്പന്‍ മരിച്ചു':  അവന്‍ പറഞ്ഞു."കുളിപ്പിക്കാന്‍ കൊണ്ടോയിരിക്യാ"
"മരിക്യേ", എനിക്ക്‌ വിശ്വസിക്കാനായില്ല.
"ദേ, തെക്കോറത്തെ ഗോമാവ്‌ മുറിക്കുന്ന കണ്ടില്ലേ? ദഹിപ്പിക്കാനാ"
അച്ഛനെവിടെ?
അമ്മ,
സഹോദരങ്ങള്‍ ‍....
-എനിക്ക്‌ പെട്ടെന്ന് ഉറക്കെ കരയണമെന്ന് തോന്നി.
"കരയാതെ, നമശിവായ നമശിവായ എന്ന് പറ‌. എന്നാലേ അപ്പൂപ്പനു മോക്ഷം കിട്ടൂ":
മുതിര്‍ന്ന ഒരാളെപ്പോലെ അവനെന്റെ തോളില്‍ തട്ടി; എന്നിട്ട് ജപിച്ചു:“നമ:ശ്ശിവായ….നമ:ശ്ശിവായ”

കണ്ണുകളില്‍ നിന്നുറവയെടുത്ത ക്രമാതീതമായ ഒരു പ്രവാഹം എന്റെ കാഴ്ചയെ മറച്ചു. രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന അപ്പൂപ്പന്റെ നറുനെയ്മണമുള്ള ഉറുളച്ചോറിന്റെ രുചിയും

കല്‍ക്കണ്ടത്തുണ്ടുകളുടെ കിനിഞ്ഞിറങ്ങുന്ന മധുരവും അടിവയറ്റില്‍ നിന്നും ഉയര്‍ന്ന് വന്ന ഒരു തേങ്ങലിന്റെ കനപ്പില്‍ ഒടുങ്ങി!

----------------------------------------------
(a) വെല്ലിശന്‍ - വല്യച്ഛന്‍
(b) മടല്‍ -  തേങ്ങ പൊതിച്ച മടല്‍
(c) കയ്യാല - കൊയ്ത്തും മെതിയും കഴിഞ്ഞ് നെല്ല് കൂട്ടിയിടുന്ന പുര. .
(d) വേലായി - വേലായുധന്‍
(e) അട്ട - Leech
(f) കറുപ്പ് - Opium

Wednesday, February 27, 2008

ശിങ്കളനാട്ടിലെ സുഗന്ധ ജ്വാല

വെള്ളിയാഴ്ച:


സമൃദ്ധമായ ഉച്ചയൂണു കഴിഞ്ഞുള്ള മയക്കത്തിലായിരുന്നൂ, ഞാന്‍.


"ഫോണ്‍......"


-സുഖദമായ കിനാക്കളൂടെ വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ പൊങ്ങിപ്പറന്നുകൊണ്ടിരുന്ന പ്രജ്ഞയുടെ രസച്ചരടറുത്തത്‌, കാന്ത മുന്നില്‍, കലികാ രൂപത്തില്‍.


ഉറക്കച്ചടവിന്റെ ഊഷരതയോടെ ഞാന്‍ മുരണ്ടു: "ആരാ?"


"ഹായ്‌, ഗസ്‌ ഹൂ" : അങ്ങേത്തലക്കല്‍ ആഹ്ലാദത്തിന്റെ വെള്ളപ്പോളകള്‍ പതഞ്ഞുയരുന്ന മര്‍മ്മരം.


"സൂ, നീയോ?" ഞാനെണീറ്റിരുന്നു.


"ആദ്യം കണ്‍ഗ്രാജുലേഷന്‍സ്‌ പറയ്‌"


"കണ്‍ഗ്രാറ്റ്‌സ്‌. എന്താ കാര്യം?"


"എനിക്ക്‌ ജോലി കിട്ടി"


"ജോലിയുണ്ടായിന്നല്ലോ?"


"പുതിയ ജോലി. കനേഡിയന്‍ എംബസിയില്‍ സെക്രട്ടറിയായി.“


“അഭിനന്ദങ്ങള്‍,വീണ്ടും!"


"ഇന്റര്‍വ്യൂ വളരെ ടഫ്‌ ആയിരുന്നു. അവസാനം ഹിസ്‌ എക്സെലെന്‍സി ദ് അംബാസഡര്‍ നേരിട്ടാ എന്നെ തെരഞ്ഞെടുത്തത്. അദ്ദേഹം പറഞ്ഞിട്ടുകൂടിയാ ഞാനിപ്പോ വിളിക്കുന്നത്"


"എന്നെ വിളിക്കാന്‍ അദ്ദേഹം പറഞ്ഞെന്നോ?"


"അതെ. നിന്റെ എക്സ്‌ ബോസിന് എന്റെ പ്രത്യേകാന്വേഷണങ്ങള്‍ അറിയിക്കൂ എന്നാണദ്ദേഹം പറഞ്ഞത്‌"


"കാരണം?"


"ഒരു മണിക്കൂര്‍ നീണ്ട അഭിമുഖത്തില്‍ ക്വാളിഫിക്കേഷന്‍സും എക്സ്പീരിയന്‍സും ഒന്നുമല്ലായിരുന്നു പ്രധാനം. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍, അപ്രതീക്ഷിത സംഭവങ്ങളോട്‌ ഞാന്‍ എങ്ങനെ പ്രതികരിക്കും എന്നറിയാനായിരുന്നൂ അദ്ദേഹത്തിനു താല്‍പര്യം. ‍


അങ്ങനെ ഒരു പരീക്ഷണഘട്ടത്തില്‍ എന്റെ എക്സ് ബോസ് മിസ്റ്റര്‍ കൈത‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന് സങ്കല്‍പ്പിച്ചാണു ഞാന്‍ മറുപടി നല്‍കിയത്‌. ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ ഞാനക്കാര്യം ഹിസ്‌ എക്സലന്‍സിയോട്‌ തുറന്ന് പറയുകയും ചെയ്തു. അപ്പോഴദ്ദേഹത്തിന്റെ കമന്റ്‌ എന്തായിരുന്നെന്നോ: യു ഹാവ് ബീന്‍ മോള്‍ഡഡ്‌ വെരി വെല്‍ എന്ന്"


"അതിനെന്ത് പരീക്ഷകളാ സൂ, ‍ നാം നേരിട്ടത്‌?'


"സാറിനു ഓര്‍മ്മയില്ലേ നമ്മുടെ ഫേമസ് ഓപെറേഷന്‍ വാട്ടര്‍-ഗേറ്റ്‌, പിന്നെ ഓപെറേഷന്‍ ബേക്കേഴ്സ്‌ പ്രൈഡ്‌......അങ്ങനെ....



*************


1990 ആഗസ്റ്റ്‌.


ഇറാക്കാക്രമണത്തെത്തുടര്‍ന്ന് കുവൈറ്റികള്‍ യൂയേയി തെരുവീഥികള്‍ കൈയടക്കിയ കാലം.വത്തനികളപ്പോള്‍‍ (മണ്ണിന്റെ മക്കള്‍) ഒഴിവ്‌ കാലം ചിലവഴിക്കാനെന്ന വ്യാജേന, ഓസ്ട്രിച്ച്‌ പക്ഷികളെപ്പോലെ, പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഇടത്താവളങ്ങളില്‍ മുഖം പൂഴ്ത്തി.


ഏതു നിമിഷവുമുണ്ടായേക്കാവുന്ന സദ്ദാമിന്റെ കെമിക്കല്‍ വെപ്പണ്‍ ആക്രമണത്തെപ്പറ്റി വാര്‍ത്താമാധ്യമങ്ങള്‍ മത്സരിച്ച്‌ ചിലച്ചപ്പോള്‍ പൊതുജനം വെള്ളവും ഭക്ഷണപദാര്‍ത്ഥങ്ങളും കൂട്ടി വയ്ക്കാന്‍ നെട്ടോട്ടമോടി.


ദുബായിലെ ഒരു മിനറല്‍ വാട്ടര്‍ കമ്പനി ഞങ്ങള്‍ക്കുള്ള സപ്ലൈ ഗണ്യമായി കുറച്ചു: കാരണം ‘പ്ലാന്റ്‌ ബ്രേക്ക്‌ ഡൗണ്‍‘! പക്ഷെ പ്രസ്തുത ബ്രാന്‍ഡ്‌, കൂടിയ വിലയില്‍, ഗ്രോസറികളില്‍ ഇഷ്ടം പോലെ ലഭ്യമായിരുന്നത്‌ ഞങ്ങളില്‍ സംശയം ജനിപ്പിച്ചു. അന്വേഷിച്ചപ്പോള്‍ ഒരു കാര്‍ട്ടന് ഒരു ദിര്‍ഹം കൂടുതല്‍ വാങ്ങി ‍ ഗ്രോസറികള്‍ക്കവര്‍ ഇഷ്ടം പോലെ സപ്ലൈ ചെയ്യുന്നതായറിഞ്ഞു.


കമ്പനി മാനേജരും ഗ്രൂപ്‌ ജനറല്‍ മാനേജരും ഞങ്ങളുടെ പരാതികള്‍ പരിഹസിച്ച്‌ തള്ളി. ഫോണുകള്‍ക്കും ഫാക്സുകള്‍ക്കും മറുപടിയില്ലാതായി. അപ്പോഴാണു കമ്പനി ഉടമയായ ബിസിനസ്‌ മാഗ്നറ്റ്‌ ലണ്ടന്‍ ഹോട്ടലിലെ സ്ഥിരം സ്വീറ്റില്‍ ഉള്ള വിവരം അറിഞ്ഞത്.


ഹോട്ടലില്‍ ടെലഫോണ്‍ അറ്റന്‍ഡ്‌ ചെയ്ത അറബിയുടെ പി.എ. സംഭവം ഒരു തമാശയായെടുത്ത് കൊണ്ടറിയിച്ചു: ‘ഡോണ്ട് വറി, വി വില്‍ ഗെറ്റ് ബാക്ക് റ്റു യു”


മറ്റു ചികില്‍സകള്‍ ഫലിക്കാതെ വരുമ്പോള്‍ ഒറ്റമൂലി തന്നെ ശരണം:


"അര്‍ജെന്റ്: പ്രൈവറ്റ്‌ ആന്‍ഡ്‌ കോണ്‍ഫിഡെന്‍ഷ്യല്‍" എന്ന മുദ്ര ചാര്‍ത്തി അറബിക്ക് ഒരു ഫാക്സ്‌ നേരിട്ടയച്ചു‌.


‘രാജ്യം വിദേശാക്രമണ ഭീഷണി നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍, നിങ്ങളുടെ ജീവനക്കാര്‍ നടത്തുന്ന ലജ്ജാകരമായ ഈ കള്ളത്തരം യുയേയി നിയമപ്രകാരം സിവില്‍ ആയും ക്രിമിനല്‍ ആയും ശിക്ഷാര്‍ഹമെന്ന് മാത്രമല്ല രാജ്യദ്രോഹത്തിന്റെ എറ്റവും ഉയര്‍ന്ന ശ്രേണിയില്‍ പെടുത്താവുന്ന കുറ്റകൃത്യവുമാണെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഈ അവസരം ഞങ്ങള്‍ വിനിയോഗിക്കുന്നു’ എന്നായിരുന്നൂ, അവസാന വാചകം.


ഫാക്സ്‌ അയച്ച്‌ അര മണിക്കൂര്‍ കഴിഞ്ഞില്ല, ലണ്ടനില്‍ തന്നെ തമ്പടിച്ചിരുന്ന ഞങ്ങളുടെ ബോസ് എന്നെ വിളിച്ചു:


"കൈതേ, വാട്ട്‌ യു തിങ്ക്‌ യു ആര്‍?'


'എന്താ സര്‍?' : ഞാന്‍ പരിഭ്രാന്തനായി.


പിന്നെ കേട്ടത്‌ ഞങ്ങളുടെ ബോസിന്റെ സ്വതസിദ്ധമായ മാലപ്പടക്കം പൊട്ടും പോലുള്ള പൊട്ടിച്ചിരിയായിരുന്നു.


“ദുബായിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ആ ബിസിനസ്സുകാരന്‍ എന്നെ നേരിട്ട്‌ വിളിച്ചിരിക്കുന്നു, നിന്റെ വാട്ടര്‍ പ്രോബ്ലം ഡിസ്കസ്‌ ചെയ്യാന്‍" : ചിരിച്ചുകൊണ്ടദ്ദേഹം തുടര്‍ന്നു: “എന്തായാലും കൈതെ, നിന്റെ ഈ ചങ്കൂറ്റം എനിക്കിഷ്ടമായി.“



ബോസുമായി സംസാരിച്ച്, മുകള്‍ നിലയിലെ ഓഫീസില്‍ നിന്നും താഴെയെത്തിയപ്പോള്‍ ‍ കണ്ടു: മിനറല്‍ വാട്ടര്‍ കമ്പനിയുടെ ട്രക്കുകള്‍ നിരനിരയായി സൂപര്‍ മാര്‍ക്കറ്റിനു മുന്‍പില്‍ പാര്‍ക്ക്‌ ചെയ്യുന്നു.


*************


"കുറവ്‌ വില, കൂടുതല്‍ സേവനം“: ഇതായിരുന്നു ഞങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ വാഗ്ദാനം. സമീപത്തുള്ള എല്ലാ സ്റ്റോറുകളും കയറിയിറങ്ങി ഞങ്ങളുടെ ചാരന്മാര്‍ സാധനങ്ങളുടെ വില നിലവാരം മോണീട്ടര്‍ ചെയ്തു കൊണ്ടിരുന്നു. തൊട്ടടുത്ത സൂപര്‍ മാര്‍ക്കറ്റില്‍ ഒരു ബേക്കറിയുടെ സാധനങ്ങള്‍ വളരെ കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടതങ്ങനെയാണ് .


ബേക്കറി മാനേജരെ വിളിച്ച് വിഷയം അവതരിപ്പിച്ചപ്പോല്‍ ആദ്യം അയാള്‍ ഉരുണ്ട്‌ കളിച്ചു. പിന്നെ വിശദീകരിച്ചു: പ്രസ്തുത ‘സൂപര്‍മാര്‍ക്കറ്റ്‌ ചെയിനു‘ യൂയേയിയില്‍ മൊത്തം 13 സ്റ്റോറുകളുണ്ട്. അത് കൊണ്ടാണ് അവര്‍ക്ക് പ്രത്യേക റേറ്റ്”


''ഇതനീതിയാണു':ഞാന്‍ പറഞ്ഞു: “ഞങ്ങള്‍ക്കും ആ പ്രൈസ്‌ ബാധകമാക്കണം"


'പറ്റില്ല': പലസ്റ്റീനി മാനേജര്‍ കയര്‍ത്തു."ഇപ്പോള്‍ തരുന്ന പ്രൈസില്‍ വേണമെങ്കില്‍ വാങ്ങിയാല്‍ മതി"


'എങ്കില്‍ നാളെ മുതല്‍ നിന്റെ സാധനങ്ങള്‍ വേണ്ടാ': ഞാനും വിട്ടുകൊടുത്തില്ല.


മറ്റു സപ്ലൈയേഴ്സിനെ വിളിച്ച് വിഷയം അവതരിപ്പിച്ചു. ബേയ്ക്കര്‍ ഭീമനെ അകറ്റി നിര്‍ത്തുന്നതിലുള്ള സന്തോഷം ആരും ഒളിച്ച്‌ വച്ചില്ല.


"5% സ്പെഷ്യല്‍ ഡിസ്കൗണ്ട്‌ തരാം; രഹസ്യമായി. ബില്ലില്‍ കാണിക്കില്ല, പക്ഷേ മന്ത്‌ലി സ്റ്റേറ്റ്‌മെന്റില്‍ കുറവ്‌ ചെയ്യാം"


ഒരാളുടെ നിര്‍ദ്ദേശം മറ്റുള്ളവര്‍ കൈയടിച്ച് അംഗീകരിച്ചു.


"ശരി, എങ്കില്‍ ഞാനല്‍പം വില കുറക്കുന്നതില്‍ വിരോധമില്ലല്ലോ?'


"എന്ത്‌ വിരോധം, സെയില്‍സ്‌ വര്‍ധനയാണു ഞങ്ങള്‍ക്ക്‌ പ്രധാനം"


പിറ്റേന്ന് വല്യേട്ടന്‍ ബേക്കറിയുടെ ഡിസ്‌പ്ലെ ഷെല്‍ഫുകള്‍ മറ്റു ബേക്കറിക്കാര്‍ ‍ കയ്യേറി. വില കുറച്ചിരുന്നതിനാല്‍ ബ്രാന്‍ഡിന്റെ കാര്യം പറഞ്ഞ് ‍ കസ്റ്റമേഴ്സും പരാതിയുമായെത്തിയില്ല.


ഇതറിഞ്ഞ പലസ്റ്റീനി വിറച്ചു, പുകഞ്ഞു, പിന്നെ കൂകിപ്പാഞ്ഞ്‌ ഓഫീസിലെത്തി സഡന്‍ ബ്രേക്കിട്ടു. “യു നോ യാസര്‍ അരാഫാത്? പി.എല്‍.ഓ? ഐയാം ഡയറക്റ്റര്‍ ഇന്‍ ദുബായ്.” അയാളലറി: “നിന്റെ അറബിക്കറിയാം അത്. ബോസിനോട് പറഞ്ഞ് ഞാന്‍ നിന്റെ ജോലി തെറിപ്പിക്കും!.”


"ആയിക്കോളൂ": ഞാന്‍ അചഞ്ചലനായിരുന്നു.“ബോസിന്റെ ടെലഫോണ്‍‍ നമ്പര്‍ വേണോ?”


'നീ‍ നോക്കിക്കോ.... നാളെ മുതല്‍ സൂപര്‍മാര്‍ക്കറ്റിന്റെ രണ്ട്‌ വശത്തുള്ള റോഡുകളിലും ഞങ്ങളുടെ സെയില്‍സ്‌ വാനുകള്‍ വരും. എനീട്ട് പകുതി വിലക്ക്‌ വില്‍ക്കും സാധനങ്ങള്‍. എനിക്ക് കാണണം നീ ബിസിനസ് ചെയ്യുന്നതെങ്ങനെയെന്ന്”: അയാളുടെ സ്വരം ഭീഷണിയുടേതായി.


"വിഡ്ഡിത്തം വിളമ്പാതെ," ഞാന്‍ ചിരിച്ചു: “ വാന്‍ സെയിത്സ് നടത്തണമെങ്കില്‍ പോലീസിന്റെ പ്രത്യേകാനുമതി വാങ്ങണമെന്ന കാര്യം മറന്നോ? അങ്ങനെയൊരനുമതി ‌ നിനക്ക് കിട്ടാതിരിക്കാന്‍ ഞാന്‍ വിചാരിച്ചാല്‍ മതി. പിന്നെ നിന്റെ പ്രൊഡക്റ്റ്സ്‌ നീ തന്നെ വില കുറച്ച്‌ വിറ്റാല്‍, വാര്‍ത്താ മാധ്യമങ്ങളെ ഒക്കെ വിളിച്ച് ‌ വരുത്തി ഞാനതാഘോഷിക്കും. പിന്നെ ഒരു പാക്കറ്റ്‌ ബ്രഡ്ഡ്‌ പോലും നിനക്ക് യൂയേയില്‍ വില്‍ക്കാന്‍ കഴിയില്ല.”


ഞങ്ങള്‍‍ക്കെതിരെയുള്ള 'ഇന്തിഫാദാ' താത്ക്കാലികമായി നിര്‍ത്തി, വെടിനിറുത്തല്‍ പ്രഖ്യാപിച്ച്‌, ആ കുറുനരി ഗാസാ മുനമ്പിലെ റഫാ ബോര്‍ഡര്‍ ക്രോസ്‌ ചെയ്യുന്നത് കൗതുകത്തോടെ നോക്കി നിന്നൂ, ഞങ്ങള്‍.


5% സ്പെഷ്യല്‍ ഡിസ്കൗണ്ട്‌ അനുവദിച്ചു കൊണ്ടുള്ള ഫാക്സ് സന്ദേശം അന്നു തന്നെ വന്നു.



***********


“പുട്ട്‌ യുവര്‍ ഫുട്ട്‌ ഡൗണ്‍ ആന്റ്‌ ഫൈറ്റ്‌; ഈഫ്‌ യു ഫീല്‍ യു ആര്‍ റൈറ്റ്‌": എന്ന സാറിന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു, ഞാന്‍." സൂ സംസാരിച്ച്‌ കൊണ്ടിരുന്നു: "അതാണു അംബാസഡര്‍ക്ക്‌ ഏറെ ഇഷ്ടമായതെന്നു തോന്നുന്നു."


-ഫോണ്‍ കട്ട്‌ ചെയ്ത്‌, പിണങ്ങി പടിയിറങ്ങിയ ഉറക്കത്തെ തിരിച്ചാവാഹിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ സൂവിനെ ആദ്യമായി കണ്ട രംഗം മനസ്സിലേക്കോടിക്കയറി.


ഹോല്‍സെയില്‍സ് ഡിവിഷന്‍ ആരംഭിച്ചപ്പോഴാണ് ഒരു ഫുള്‍ടൈം സെക്രട്ടറിയുടെ അവശ്യകത ശരിക്കും അനുഭവപ്പെട്ടത്‌.


'വാണ്ടഡ്‌ - സെക്രട്ടറി' എന്നൊരു പരസ്യം നോട്ടീസ്‌ ബോര്‍ഡില്‍ പതിച്ച്‌, ‍ തിരികെ ഓഫീസിലെത്തിയതേയുള്ളൂ.


വാതിലിലൊരു മുട്ട്, കൂടെ ഒരു കിളി നാദവും: "മെ ഐ കമിന്‍?"


നോക്കിയപ്പോള്‍ പളുങ്ക്‌ പോലെ ഒരു കൊച്ചരിപ്രാവ്‌!


സത്യസായ്‌ ബാബയുടെത്‌ പോലെ പടര്‍ന്നു കിടക്കുന്ന മുടി, നനുത്തു ചെമ്പിച്ച്, ചെവികള്‍‍ക്കരികിലൂടെ താഴോട്ടൊലിച്ചിറങ്ങുന്ന സമൃദ്ധമായ രോമരാജികള്‍, ഗാഢ നയനങ്ങളില്‍ പ്രാണവായുവിന്റെ അഭാവത്തിലെന്നോണം പിടയുന്ന പരല്‍മീനുകള്‍, വ്യാസം കുറഞ്ഞ ചുണ്ടുകള്‍‍ക്കിടയിലൂടെ ഒളിച്ച്‌ കളി നടത്തുന്ന ലേസര്‍ കിരണങ്ങള്‍...



"ഷോപ്പിംഗിന് വന്നപ്പോഴാ നോട്ടീസ്‌ ബോര്‍ഡില്‍ പരസ്യം കണ്ടത്.“ അവള്‍ തുടര്‍ന്നു: "മൈന്റ്‌ ഈഫ്‌ ഐ സിറ്റ്‌ ഡൗണ്‍?"


"ഇരിക്കൂ" ഞാന്‍ പറഞ്ഞു.


‘പേരു സുഗന്ധി. പ്ലസ്‌ ടു കഴിഞ്ഞ് നാദിയാസില്‍ നിന്നു സെക്രട്ടേറിയല്‍ ട്രെയിനിംഗ്‌ കോഴ്സ് പാസ്സായി. ഇപ്പോള്‍ ഒരു കമ്പനിയില്‍ ടെലഫോണ്‍ ഓപറേറ്ററായി ജോലി ചെയ്യുന്നു" : ഒറ്റ ശ്വാസത്തിലവള്‍ വിശദീകരിച്ചു.


"താമസം?"


"ഗിസൈസിലാ. അച്ഛന്‍ ദുബായ്‌ സിവില്‍ ഏവിയേഷനില്‍. അമ്മ ടീച്ചര്‍, ചേട്ടന്‍ നാട്ടില്‍, അനിയന്‍ ഒന്‍പതില്‍": വീണ്ടും ആ വാഗ്‌ധാരി.


ആകര്‍ഷക രൂപം, ചൊറുചൊറുക്കുള്ള പെരുമാറ്റം, ആത്മവിശ്വാസം കലര്‍ന്ന സംസാരം...


'നാളെ ബയൊഡാറ്റ കൊണ്ട് വരട്ടേ?‘:അവളുടെ നിഷ്കളങ്ക സ്വരം.


"വേണ്ടാ", എന്റെ ശബ്ദം അവളെ അമ്പരപ്പിച്ചുവെന്ന് തോന്നി : "ജോയിന്‍ ചെയ്യാമോ, പറ്റുമെങ്കില്‍ നാളെ തന്നെ"


"ഓ മൈ ഗോഡ്‌", അവള്‍ ചാടിയെണീറ്റു: "റീയലി?"


"ഒഫ്‌കോഴ്സ്‌, ഐ ആം ഡെസ്പെരേറ്റ്‌ലി ഇന്‍ നീഡ്‌ ഓഫ്‌ സം ഹെല്‍‌പ്‌"



************


സ്ഫുടമായ ഹിന്ദിയും ചുവയില്ലാത്ത ഇംഗ്ലീഷും സംസാരിച്ചിരുന്നതിനാല്‍, സീ.വി. കാണും വരെ, സിംഹളദേശക്കാരിയാണെന്ന് അവളെന്ന് ശങ്കിച്ചതേയില്ല, ഞാന്‍.


"ഐ ആം ബോണ്‍ അന്‍ഡ്‌ ബ്രോട്ടപ്‌ ഹിയര്‍": അവള്‍ വിശദീകരിച്ചു. 'പിന്നെ പഠിച്ചത്‌ ഇന്ത്യന്‍ സ്കൂളില്‍. കൂട്ടുകാരധികവും ഇന്ത്യക്കാര്‍.”


ഏതു കാര്യവും ആഴത്തില്‍ പഠിക്കാനും ഫലപ്രദമായി അവതരിപ്പിക്കാനുമുള്ള സിദ്ധി സുഗന്ധിയെ മറ്റ്‌ സെക്രട്ടറിമാരില്‍ നിന്നും വിഭിന്നയാക്കി. ഓഫീസ്‌ കാര്യങ്ങളെല്ലാം അവളിലൂടെ നടത്തുന്നതില്‍ ശ്രദ്ധിച്ചു, ഞാന്‍.


അറ്റന്‍ഡന്‍സ്‌ സ്ട്രീം ലൈന്‍ ചെയ്യാന്‍ പഞ്ചിംഗ്‌ കാര്‍ഡ്‌, ഓഫീസ് കറസ്പോണ്ടന്‍സിനും വാഹനങ്ങള്‍ക്കും ലോഗ്‌ ബുക്ക്‌, സ്റ്റാഫിനു യുണിഫോം, ശനിയാഴ്ച തോറും സ്റ്റാഫ്‌ മീറ്റ്‌...കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ഏറെ പരിഷ്കാരങ്ങള്‍ നടപ്പാക്കി, അവള്‍.


“സ്റ്റാഫിനൊക്കെ വല്യ ഇഷ്ടാ എന്നെയെന്ന് തോന്നുന്നു.“ അല്പം ഹാസ്യവും സ്വയം വിമര്‍ശനവും കലര്‍ന്നിരുന്നൂ ആ സ്വരത്തില്‍. “അവരെനിക്കിട്ടിരിക്കുന്ന പേര്‍ എന്തെന്നോ- മാര്‍ഗരറ്റ്‌ താച്ചര്‍ എന്ന്"


***************


“സര്‍, നാളെ എനിക്ക്‌ ലീവ്‌ വേണം.“ : വെള്ളിയാഴ്ചകളില്‍ പോലും ഓഫീസിലെത്താറുള്ള അവളുടെ പെട്ടെന്നുള്ള ആ ആവശ്യം എന്നെ അത്ഭുതപ്പെടുത്തി.


"ശരി" : ഞാന്‍ സമ്മതം മൂളി.


"മാത്രമല്ല, നാളെ സര്‍ എന്റെ കൂടെ ഒരിടം വരെ വരികയും വേണം"


"എവിടെ?" : ക്രിസ്മസ്‌ ദിനത്തിലാണല്ലോ അവളുടെ ബര്‍ത്‌ ഡെ എന്നാണ് ഞാനപ്പോള്‍ ആലോചിച്ചത്.


"ലങ്കന്‍ കോണ്‍സല്‍ ഓഫീസില്‍. നാളെ എന്റെ വിവാഹമാണ്“: തികച്ചും അനൌപചാരികമായ അവതരണം.


"ആര്‍ യു ജോക്കിംഗ്‌?'


"നോ സര്‍, ഒരു വല്യ കഥയാ. അതാ പറയാതിരുന്നത്‌."


“ഇനി പറയാമല്ലോ" : ഞാന്‍ കസേരയിലേക്ക്‌ വിരല്‍ ചൂണ്ടി.


അവളിരുന്നു.


അപ്പോഴാ നീലക്കണ്ണുകളില്‍ ആഹ്ലാദത്തിന്റെ തിരമാലകളോ ഉദ്വേഗത്തിന്റെ തിളക്കമോ അല്ല, സ്ഥൈര്യത്തിന്റെ അപാരതയും ദൃഢതയുടെ ഗാഢതയുമാണ് നിറഞ്ഞിരുന്നത്.


-ഒരു ബര്‍ത്‌ ഡേ പാര്‍ട്ടിയില്‍ വച്ചാണ് ആദ്യമായവള്‍ അയാളെ കാണുന്നത്:


തമിഴ് വംശജയായ കൂട്ടുകാരിയുടെ ബന്ധുവും ഹില്‍ട്ടന്‍ ഹോട്ടലിലെ ഫ്രണ്ട്‌ ഓഫീസ്‌ മാനേജരുമായ ചന്ദ്രശേഖര്‍. അറിയാതെ പലതവണ കണ്ണുകള്‍ പരസ്പരം ഉടക്കി, ‍ ഹൃദയങ്ങള്‍ പുണരാന്‍ വെമ്പി. പ്രേമത്തിനു കണ്ണുകളും ഹൃദയവും മാത്രവുമല്ല മസ്തിഷ്കവുമില്ലെന്ന സത്യം വളരെ വൈകിയാണ് അവര്‍ മനസ്സിലാക്കിയത്.


-പ്ലസ് ടു പരീക്ഷയുടെ പഠനാവധി. ദര്‍ശനവും വാര്‍ത്താവിനിമയവും തകരാറില്‍.


പ്രണയജ്വരമല്ലോ പരീക്ഷാപ്പനിയേക്കാള്‍ ഭയാനകം എന്ന് അനുഭവിച്ചറിഞ്ഞപ്പോള്‍ മനസ് മസ്തിഷ്കത്തെ കീഴടക്കി. ഹംസത്തിന്റെ ചിറകില്‍ നിന്നും ശേഖരസന്ദേശം ദിശ മാറി സൂവിന്റെ മാതൃപേടകത്തില്‍ ലാന്‍‌ഡ് ചെയ്യുന്നതോടെ കഥ മാറുന്നു.


വീട്ടില്‍ അടിയന്തിരാവസ്ഥ.


ഒറ്റപ്പെടുത്തല്‍, അവഗണന, കുത്തുവാക്ക്, രഹസ്യ നിരീക്ഷണം....കൌടില്യന്റെ സൂത്രത്തില്‍ പോലും ഇടം കാണാത്ത വിവിധ തന്ത്രങ്ങള്‍ അച്ഛനമ്മമാര്‍ മെനഞ്ഞെടുത്തു.


-വിത്തൌട്ട് പേ ലീവെടുത്ത്‌ അമ്മ മകളുടെ പഠനത്തിനു കൂട്ടിരുന്നു. ഹാളില്‍ പരീക്ഷ നടക്കുമ്പോള്‍ ഓഫീസ്‌ മുറിയില്‍, ക്ലോക്കിന്റെ ചലനത്തില്‍ മാത്രം ദൃഷ്ടിയുറപ്പിച്ച്‌, ധ്യാനനിരതയായിരുന്നു, ആ ബുദ്ധ ശിഷ്യയായ അമ്മ.


എന്നിട്ടും, പരീക്ഷ കഴിയുന്ന അന്ന്, അമ്മയുടെ കണ്ണ് വെട്ടിച്ച്‌, സ്കൂള്‍ മതിലിനു മുകളിലൂടെ കാത്ത് നിന്നിരുന്ന കാമുകന്റെ കൈകളിലേക്ക് ഊഴ്‌ന്നിറങ്ങീ, സുഗന്ധി.


വിവാഹം റെജിസ്റ്റര്‍ ചെയ്യാന്‍ കോണ്‍‍സല്‍ ഓഫീസില്‍ എത്തിയപ്പോഴാണു പിന്തുടരേണ്ട ചട്ടവട്ടങ്ങളെപ്പറ്റി അവര്‍ മനസ്സിലാക്കുന്നത്. സൂവിന്റെ അച്ഛനെ ആരോ വിവരമറിയിച്ചൂ. പക്ഷേ പിഴച്ച മകളെ ഗൌനിക്കാന്‍ തയ്യാറായില്ല ആ അച്ഛന്‍. വീട്ടിലേക്ക്‌ മടങ്ങിപ്പോകാനവള്‍ക്കും താല്‍പര്യമില്ലായിരുന്നു.


"ഒരു കൂട്ടുകാരിയുടെ വീട്ടിലാണിപ്പോള്‍ താമസം. വിവാഹത്തിനുള്ള പച്ചക്കൊടിയും ഇന്നാണ് ലഭിച്ചത്.”


- പറഞ്ഞവസാനിപ്പിച്ചപ്പോള്‍‍ ഒരത്ഭുത വസ്തുവിനെയെന്നോണം തുറിച്ച് നോക്കീ, ഞാനവളെ. ഈ പൂത്താങ്കീരിപ്പെണ്ണിന്റെ ഹൃദയം വജ്രം കൊണ്ടാണോ ദൈവമേ നീ തീര്‍ത്തത്‌?


‘ടോള്‍‍, ഡാര്‍ക്‌ ഏന്‍ഡ്‌ ഹാന്‍സം‘- ചന്ദ്രശേഖറിനെ അങ്ങനേയെ വിശേഷിപ്പിക്കാനാവൂ. കുലീനതയുടേയും മാന്യതയുടേയും മുദ്രയുള്ള ചെറുപ്പക്കാരന്‍. വെറുതെയല്ല ശിംഗളകുമാരി നട നാലും കുത്തി വീണുപോയത്!


വിവാഹശേഷം, ഓഫീസിനടുത്തുതന്നെയുള്ള ഫ്ലാറ്റിലേക്ക്‌ അവര്‍ താമസം മാറ്റി. സന്തോഷവും സമാധാനവും നിറഞ്ഞ അവരുടെ ജീവിതം ആദരവോടെയും അല്‍പം അസൂയയോടെയുമാണു എല്ലാരും നിരീക്ഷിച്ചിരുന്നത്.



- മരുമകളുടെ പ്രസവം നോക്കാന്‍ ദുബായിലെത്തിയ ശേഖറിന്റെ അമ്മ തുറന്ന് വച്ച വംശീയ കിളിവാതിലിലൂടെ, സംഘര്‍ഷത്തിന്റെ ആസുരഭാവങ്ങള്‍ ആ മാതൃകാ ഗൃഹത്തിലേക്കും ഇരച്ച് കയറി. ഒരു രാജ്യത്തെന്നല്ല, ഒരു വീട്ടില്‍ പോലും തമിഴ് ശിങ്കള സഹവര്‍ത്തിത്വം പ്രാവൃ‍ത്തികമെല്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കി.


"ചെകുത്താനും കടലിനും ഇടയിലാ ഞാന്‍": ശേഖര്‍ മനസ്സ്‌ തുറന്നു.


"അങ്ങനെ പറയാമോ?":ഞാന്‍ ചോദിച്ചു.


" അമ്മ എന്നാല്‍ ദേവത,“ : ശേഖര്‍ തിരുത്തി. എന്നിട്ട് കൂട്ടിച്ചേര്‍ത്തു: "ഭദ്രകാളിയും ദേവി തന്നെ.”


"ഭാര്യയോ?"


"അവള്‍ മാലാഖ, പക്ഷേ കാളിയുടെ മുന്‍പില്‍ അവള്‍ പിശാചാകുന്നു”


"എന്ത്‌ ചെയ്യും?’


"ഞാന്‍ ട്രാന്‍സഫറിന്നപേക്ഷിച്ചിരിക്കയാണ്, കൊളംബോ ഹില്‍ട്ടനിലേക്ക്. വൈകാതെ ഓര്‍ഡര്‍ വന്നേകും, ഒരു പക്ഷെ പ്രമോഷനോടെ"


**************


വിടപറയുമ്പോള്‍ കെട്ടിപ്പിടിച്ച്‌ ഏങ്ങിയേങ്ങിക്കരഞ്ഞൂ, അവള്‍. ശേഖര്‍ മുന്നറിയിപ്പ്‌ തന്നിരുന്നു: ' നിങ്ങളെയൊക്കെ, പ്രത്യേകിച്ച്‌ സാറിനെ, പിരിയാന്‍ അവള്‍ക്ക്‌ തീരെ ഇഷ്ടമില്ല. അതിനാല്‍ അധികം 'സെന്റി'യാകാതെ യാത്രയാക്കണം."



ടെലഫോണുകളിലൂടെയും ഇ-മെയിലുകളിലൂടെയും ഞങ്ങള്‍ സൗഹൃദം നിലനിര്‍ത്തി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്റെ ജന്മദിനത്തിന്റെയന്ന് രാവിലെ ആറു മണിക്ക്‌ വരും അവളുടെ കോള്‍. "ഗസ്‌ ഹൂ...മെനി മെനി ഹാ‍പ്പി റിട്ടേണ്‍സ് ഒഫ് ദി ഡേ, മൈ ഡിയര്‍.”


ഇതിനിടെ രണ്ട്‌ വട്ടം അവള്‍ ഞങ്ങളെ സന്ദര്‍ശിച്ചൂ. ഒരിക്കല്‍ ഞങ്ങളും അവരുടെ ആതിഥ്യം സ്വീകരിച്ച്‌ ശ്രീലങ്കയില്‍ പോയിരുന്നു.


ആറു മാസങ്ങള്‍ക്ക്‌ മുന്‍പ്‌ മറ്റൊരു സന്തോഷ വാര്‍ത്തയുമായി അവള്‍ വിളിച്ചു: "ഗസ്‌ വാട്ട്‌.. എന്നെ എംബസിയുടെ ഓഫീസ്‌ മാനേജരായി നിയമിച്ചിരിക്കുന്നു. ഈ പോസ്റ്റിലെത്തുന്ന ക്യാനഡാക്കാരിയല്ലാത്ത ആദ്യ ആളാ ഞാന്‍. മാത്രമല്ല കഴിഞ്ഞ കൊല്ലത്തെ 'എമ്പ്ലോയി ഓഫ്‌ ദി ഇയര്‍' അവാര്‍ഡും എനിക്കാ.."


"സൂ, നീയതര്‍ഹിക്കുന്നൂ! എന്റെ ആശംസകള്‍.."


"താങ്ക്‌ യൂ; എല്ലാം ഗുരുവിന്റെ അനുഗ്രഹം!": അവള്‍ വിനീതയായി.


അച്ഛനുമമ്മയും ഇത് വരെ സംസാരിച്ചിട്ടില്ലെന്ന ദുഃഖം അവള്‍ക്കിന്നുമുണ്ട്. സുഖമില്ലാതെ കിടന്ന‍ അമ്മയെ കാണാന്‍ ഹോസ്പിറ്റലില്‍ പോയതും അമ്മ ‍ മുഖം തിരിച്ച്‌ കിടന്നതും, ഒന്നുമറിയാഭാവത്തിലപ്പോള്‍ അച്ഛന്‍ സ്ഥലം വിട്ടതും വിവരിച്ചു, അവള്‍.


"എന്റെ മോനെന്തു പിഴച്ചു? അവര്‍ക്ക് അവനെ നോക്കി ഒന്ന് ചിരിക്കയെങ്കിലും ചെയ്യാമായിരുന്നു‌" : അവള്‍ പരിതപിച്ചു.


**************


കഴിഞ്ഞയാഴ്ച മകന്‍ ബാംഗളൂരില്‍ നിന്ന് വിളിച്ചപ്പോള്‍ പറഞ്ഞൂ:" അച്ഛാ, സൂ ആന്റിക്കയച്ച മെസ്സേജുകളെല്ലാം തിരികെ വരുന്നു. ആന്റി ലീവിലാണോ?”


മൊബെയിലില്‍ വിരലമര്‍ത്തിയപ്പോള്‍ അവളെത്തി:"എന്താ സൂ, ലീവില്‍? സുഖമില്ലേ?"


"ഗസ്‌ വാട്ട്‌; ഞാനിപ്പോള്‍ സ്റ്റഡീ ലീവിലാ. ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ബി യെസ്സി മാനേജ്‌മന്റ്‌ കോഴ്‌സിന്റെ ഫൈനല്‍ പരീക്ഷ. മിനിമം ഒരു ഡിഗ്രിയെങ്കിലുമില്ലാത്ത ഒരാള്‍ ഓഫീസ്‌ മാനേജരായിരിക്കുന്നത്‌ നാണക്കേടല്ലേ....... എനിക്കല്ല, ക്യനേഡിയന്‍ എംബസിക്ക്”


-ഉറക്കെച്ചിരിച്ചൂ, അവള്‍:‘ സൊ വിഷ് മി ഗുഡ് ലക്ക്!”


"ഗുഡ്‌ ലക്ക്‌, സൂ!"

Monday, January 28, 2008

ഗാഥയായ് വന്ന സ്നേഹജ്വാല

മുംബൈയിലെ ഔദ്യോഗികാവശ്യങ്ങള്‍ ഒറ്റ ദിവസം കൊണ്ട്‌ തീത്ത്, ഡിന്നര്‍പാര്‍ട്ടി സ്കിപ്‌ചെയ്ത്‌, ബാംഗളൂരിലേക്ക്‌ പറന്നൂ‍, ഞാന്‍; നാലു മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ബാള്‍ഡ്‌വിന്‍സ് ബോയ്സ് ഹൈസ്കൂളിലേക്ക്‌ പറിച്ച്‌ നടപ്പെട്ട മകനെ സന്ദര്‍ശിക്കാന്‍.

മെസ്സിലെ ‘പുല്ല് തോരനും ഉണക്കച്ചപ്പാത്തിയും‘ ഭക്ഷിച്ച്, അമുല്‍ബേബി പോലിരുന്ന പ്രിയപുത്രന്‍ അപ്പോഴേക്കും അഭയാത്രിക്കോലത്തിലായിരുന്നു. അപ്രതീക്ഷിതമായി കണ്ടപ്പോള്‍അമ്പരന്നു നിന്നു, അവന്‍; പിന്നെ ഓടി വന്ന് കെട്ടിപ്പിടിച്ച് തേങ്ങി.

പ്രിന്‍സിപ്പിളച്ചന്റെ കൈയും കാലും പിടിച്ച്, രണ്ട്‌ ദിവസത്തെ ലീവ് വാങ്ങി, ബ്രിഗേഡിയര്‍ റോഡിലെ ഹോട്ടലിലെത്തിയപ്പോള്‍, അവന് സ്വര്‍ഗത്തിലെത്തിയ സന്തോഷം.
"അച്ഛനറിയോ, ഡോര്‍മിറ്ററി നിറയെ മൂട്ടയാ... ഭക്ഷണം കാണുമ്പോഴേ ഛര്‍ദ്ദിക്കാന്‍വരും. പിന്നെ ഒരു ചീഞ്ഞ നാറ്റവും. ഇക്കൊല്ലം എങ്ങിനെയെങ്കിലും സഹിക്കാം. പക്ഷേ അടുത്ത കൊല്ലം എന്നെ വേറെവിടെയെങ്കിലും.....': അവന് ആവശ്യപ്പെട്ടു.

നിറുത്താതെ സംസാരിച്ചും ടീ വി ചാനലുകള്‍മാറി മാറി കണ്ടും രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നതിനാല് വൈകിയാണുറക്കമുണര്‍ന്നത്. റെസ്റ്റോറന്റിലെത്തിയപ്പോള്‍ ബുഫേ ബ്രേക്‌ഫാസ്റ്റ്‌ മാറ്റി, ടേബിളില്‍ ലഞ്ച്‌ അറേഞ്ച്‌ ചെയ്യുന്നു, വെയ്റ്റര്‍മാര്‍.
"ഇല്ലാ സാര്‍, ഇനി ലഞ്ച്‌മട്ടും താന്‍': തമിഴന്‍ വെയ്റ്റര്‍ കൈമലര്‍ത്തി.
അപ്പോഴാണു പിന്നില്‍ നിന്നൊരു കളകൂജനം:"മെ ഐ ഹെല്‍പ്‌യൂ, സര്‍?'

ഇളം നീല ഷെര്‍ട്ടും കറുത്ത പാന്റ്സും ബോ ടൈയും ധരിച്ച, വടിവൊത്ത ശരീരഘടനയും ഇരുണ്ട നിറവുമുള്ള, ഒരു തമിഴ് പെണ്‍കൊടി. കൈയില് ഓര്‍ഡര്‍ ബുക്ക്‍, തിളങ്ങുന്ന രണ്ട് താരങ്ങള്‍ മുഖത്ത്.

'റവ ദോശയെടുക്കാം, സര്‍. ബാക്കിയെല്ലാം കഴിഞ്ഞു.'
അത്ഭുതത്തോടെ തിരിഞ്ഞ് നോക്കി:കണ്ടാല്‍തമിഴ്, സംസാരം മലയാളത്തില്‍.
"മലയാളിയെന്ന് എങ്ങനെ മനസ്സിലായി?" : ഞാന്‍ചോദിച്ചു.
'സര്‍ മകനുമായി സംസാരിക്കുന്നത്‌ കേട്ടു. ബ്രേക് ഫാസ്റ്റിന്റെ സമയം കഴിഞ്ഞൂ, സര്‍‍. സ്റ്റാഫ് മെസ്സില്‍നിന്ന് റവ ദോശ സംഘടിപ്പിച്ച് തരാം, മതിയോ?"

ആളൊഴിഞ്ഞ റെസ്റ്റോറന്റിലിരുന്ന് റവദോശയും കോഫിയും അകത്താക്കുമ്പോള്‍‍ അവള്‍ ടെബിളിനടുത്ത് തന്നെ നിന്നു, നിഷ്കളങ്കത വാരിപ്പൂശിയ പുഞ്ചിരിയുമായി.
പേര് ഗാഥ.
അനന്തപുരിയില്‍വീട്.
കാറ്ററിംഗ്‌ കോളേജിലെ കോഴ്സ് പൂര്‍ത്തിയാക്കി, ട്രെയിനിയായി ഇവിടെയെത്തിയിട്ട് ഒരാഴ്ചയാകുന്നു.

'ഡ്യൂട്ടിയെത്ര മണി വരേയാ? ഞങ്ങള്‍ ബാംഗളൂര്‍ ചുറ്റാന്‍ ‍പോകുന്നു. കൂടെ വരുന്നോ?' :ഞാന്‍ ചോദിച്ചു.
'സോറി സര്‍, ഗസ്റ്റിന്റെ അടുത്ത് ഒരു പരിധിയില്‍ കൂടുതല് സംസാരിക്ക കൂടി ചെയ്യരുതെന്നാ നിയമം.' : അവള്‍ ഒഴിഞ്ഞ്‌മാറി. "കാര്‍ വേണമെങ്കില് അറേഞ്ച് ചെയ്ത് തരാം.’

തുറന്ന പെരുമാറ്റവും ചടുലമായ സംസാരരീതിയും കൊണ്ട്, ഹോട്ടല്‍വിടും മുന്‍പേ, അവള് ഞാനുമായി വളരെ അടുത്തു. മോനെപ്പറ്റി വിഷമിക്കരുതെന്നും ഹോസ്റ്റലില്‍പോയി ഇടക്കിടെ താനവനെ സന്ദര്‍ശിച്ചു കൊള്ളാമെന്നും ഏറ്റു, അവള്‍.

കത്തുകളിലൂടെ ഞങ്ങളുടെ സൗഹൃദം തുടര്‍ന്നു, പരിധികള്‍ ലംഘിക്കുന്നത്ര ഉദാരതയോടെ.

അച്ഛന്‍ സെക്രട്ടേറിയറ്റില്‍ സെക്‍ഷന്‍ഹെഡ്‌,
അമ്മ ഹൈസ്കൂള്‍ ഹെഡ്‌മിസ്ട്രസ്സ്‌.
ഇരട്ട പിറന്ന ഗീതയെന്ന ഒരനിയത്തി കൂടിയുണ്ടവള്‍ക്ക്‌.

'നിറം അല്പം കുറവായതിനാലോ 7 മിനിറ്റ് മുന്‍പേ പിറന്നത് കൊണ്ടോ എന്തോ, ചെറുപ്പം മുതല്‍ ഗീതയാണ് വീട്ടിലെ താരം. ഞാനാണെങ്കില്‍ തന്റേടിയും തല്ലുകൊള്ളിയും. ചുറ്റുവട്ടത്തെ ആണ്‍കുട്ടികളുമൊത്ത്‌ പന്ത് കളിക്കയും അടിപിടികൂടുകയുമൊക്കെ ആയിരുന്നു എന്റെ വിനോദങ്ങള്‍. ഭക്ഷണം കഴിക്കാന്‍ സമയാസമയം വീട്ടിലെത്തുക തന്നെ അപൂര്‍വം‘ :അവളെഴുതി.

പ്ലസ്‌ടുവിനു നല്ല മാര്‍ക്കുണ്ടായിരുന്നിട്ടും ഹോട്ടല്‍ മാനേജ്‌മന്റ്‌ പഠിക്കാനാണവള്‍‍ നിശ്ചയിച്ചത്‌.
"എത്രയും വേഗം സ്വന്തം കാലില്‍നില്‍ക്കണമെന്ന വാശിയായിരുന്നെനിക്ക്‌‘
"നിന്നെ ഐപിയെസ്സും ഗീതയെ ഐയേയെസ്സും ആക്കണമെന്നാ ഞങ്ങളുടെ ആഗ്രഹം" : അച്ഛനമ്മമാര്‍ മനസ്സ് തുറന്നു.

ഉപദേശിച്ചിട്ടും കരഞ്ഞ് കാല്‍പിടിച്ചിട്ടും ഗാഥ തന്റെ തീരുമാനത്തില്‍ ഉറച്ച് നിന്നൂ.
‘ചൊല്ലിക്കൊട്, തല്ലിക്കൊട്, തള്ളിക്കള എന്നാ കാരണവന്‍‌മാര്‍‍ പറഞ്ഞിരിക്കുന്നത്. ഞാന്‍ ഇത് മൂന്നും ചെയ്തതായി ധരിച്ചോളു നീ‘ എന്നാ അവസാനമായി അച്ഛന്‍പറഞ്ഞത്."

മാംഗളൂരിലെ കോളേജിലേക്ക് അപേക്ഷ അയച്ചതും ഇന്റര്‍വ്യൂവിനു പോയതുമെല്ലാം തനിയേയായിരുന്നു.
'ഞാനങ്ങിനേയാ, ഒരു കാര്യം മനസ്സിലുറപ്പിച്ചാല്‍ പിന്നെ പിന്‍മാറില്ല", അവള്‍ തുടര്‍ന്നു: 'അതിനു ശേഷം അച്ഛന്‍എന്നോട് സംസാരിച്ചിട്ടില്ല. വീക്കെന്റുകളിലും വെക്കേഷനുകളിലും ഞാന് ഹോസ്റ്റല്‍ റൂമില്‍തന്നെ ചടഞ്ഞ്‌കൂടും‍. അല്ലെങ്കില്‍ ഏതെങ്കിലും കൂട്ടുകാരുടെ വീട്ടില്‍ ഇടിച്ച്‌കേറും. വല്ലപ്പോഴും വീട്ടില്‍പോയാല്‍ അമ്മയെ കണ്ട്‌‍ തിരിച്ച്‌പോരും"
'അനിയത്തിയോ?" :ഞാന്‍തിരക്കി.

മറുപടിക്കത്തില്‍ ഒരു ഫോട്ടോ ഉണ്ടായിരുന്നു.
മുടി രണ്ട്‌വശത്തും പിന്നിയിട്ട്, നീല റിബണ്‍കെട്ടി, മജെണ്ട കളറിലുള്ള സ്കൂള്‍യൂണീഫോമണിഞ്ഞ്‌ നില്‍ക്കുന്ന ഗാഥയും ഗീതയും.
പല്ലുകള്‍ വെളിയില്‍കാണും വിധം ചിരിച്ച്‌ ഒരാട്ടിന്‍കുട്ടിയുടെ നിഷ്കളങ്കതയോടെ ഗീത, ഉള്ളിലൊളിപ്പിച്ച കുസൃതിയും കപടഗൗരവുമായി ഗാഥ.

"മനസ്സിലായിക്കാണുമല്ലോ? അവള്‍ ഒരു പാവമാ. എന്നെപ്പോലല്ല."

ബ്ലാക്ക്‌ആന്‍ഡ്‌വൈറ്റ്‌ ചിത്രമായിരുന്നെങ്കില്‍ രണ്ട്‌പേരേയും പരസ്പരം തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ലെന്ന് അത്ഭുതം കൂറീ, ഞാന്‍.അത്ര പ്രകടമാണ് നിറവ്യത്യാസം.

"റെസ്റ്റോറന്റില്‍ ഗസ്റ്റുകളുടെ ഓര്‍ഡര്‍എടുക്കുമ്പോള്‍ എന്റെയുള്ളില്‍ നിന്ന് പലപ്പോഴും ഒരു ചിരി തികട്ടി വരും.": അവളുടെ മറുപടിക്കത്ത്:
"സര്‍, യു വാണ്ട്‌ യുവര്‍ സ്റ്റീക്‌‘ റെയര്‍, നോര്‍മല് ഓര്‍ വെല്‍ഡണ്‍‘ എന്ന് ചോദിക്കുമ്പോഴാണത്‌. യു നോ വൈ? ബിക്കാസ്‌മൈ മദര്‍ഈസ്‌റെയര്‍, ഗീത ഈസ്‌ നോര്‍മല്‍ ആന്‍ഡ്‌ അയാം വെല്‍ഡണ്‍!'‘

ലെ മെരിഡിയ‘നില്‍ ജോലി കിട്ടി ചെന്നൈയിലെത്തിയതും സെബി എന്ന് വിളിക്കുന്ന സെബാസ്റ്റ്യനുമായി പ്രണയത്തിലായതും വിശദമയെഴുതി, അവള്‍.
"അച്ചായനല്ലേ? വിശ്വസിക്കാമോ?': ഞാന്‍ചോദിച്ചു.
' ജനിച്ചതും വളര്‍ന്നതും ഹൈദരാബാദിലാ. അതോണ്ടത്ര കളിപ്പീര് പാര്‍ട്ടിയല്ലെന്ന് തോന്നുന്നു."

ക്വിസ്സ് പ്രോഗ്രാമില്‍പങ്കെടുക്കുന്നവരോട് അവതാരകര്‍ചോദിക്കുന്ന ഒരു ചോദ്യം sms ആയി എറിഞ്ഞൂ, ഞാന്‍:"r u confident?'
ഉടന്‍വന്നൂ മറുപടി:
‘yes, i am ! അടുത്ത്‌തന്നെ സെബിക്ക് ഒരു പ്രൊമോഷനുണ്ടാകും. അതിന് ശേഷം ഞങ്ങടെ കാര്യം വീട്ടിലവതരിപ്പിക്കാമെന്നേറ്റിരിക്കയാ, പുള്ളി".‘

നല്ലീസ്‌ സില്‍ക്സി‘ലെ ദൊരൈസ്വാമി അയ്യര്‍(ജീവിച്ചിരിപ്പില്ല) നിര്‍ബന്ധിച്ചതിനാലാണ്, ചെന്നൈയില്‍, അദ്ദേഹത്തിന്റെ സതീര്‍ത്ഥ്യന്‍‍ പണിയുന്ന ബില്‍ഡിംഗില്‍ ഞാനൊരു ഫ്ലാറ്റ്‌ ബുക്ക്‌ ചെയ്തത്‌."ഫൌണ്ടേഷന്‍ തുടങ്ങിയിട്ടേയുള്ളൂ, എങ്കിലും ലൊക്കേഷനും എലിവേഷനും ഒക്കെ ഒന്ന് മനസ്സിലാക്കുന്നത് നല്ലതാ': സ്വാമി ഉപദേശിച്ചു.

" ഞാന്‍ ലീവെടുക്കാം.രണ്ട്‌ ദിവസം നമുക്കടിച്ച്‌ പൊളിക്കണം": എന്റെ ചെന്നൈ സന്ദര്‍ശനത്തെപ്പറ്റി പറഞ്ഞപ്പോള്‍ ഫോണില്‍ അവളുടെ ആഹ്ലാദം തുളുമ്പുന്ന സ്വരം.
"നിന്റെ ഹോട്ടലില്‍ എനിക്കൊരു റൂം ബുക്ക് ചെയ്യൂ‌': ഞാന് ആവശ്യപ്പെട്ടു.
"എന്റെ ഹോട്ടലില്‍ വേണ്ടാ. അതസൌകര്യമാകും, അറിയാല്ലോ? ഡീ സീ മാനറിന്റെ മാനേജര്‍ പരിചയക്കാരനാ. അവിടെ മതി"

പിരമിഡ്‌ ഫിലിംസ്ന്റെ ഉടമയായ എന്റെ സ്നേഹിതന്‍ നാഗരാജന്റെ കൂടെ, ചെന്നൈ എയര്‍പോര്‍ട്ടില്‍ ഗാഥയും സെബിയും കാമിനിയും കാത്ത് നിന്നിരുന്നു.
തുടുത്ത് സ്ത്രൈണത മുറ്റിയ ശരീരവും നീല കണ്ണുകളുമുള്ള ഒരു കോമ്പ്ലാന്‍ കുട്ടപ്പനായിരുന്നു സെബി. ഗാഥയുടെ റൂം മേറ്റ്‌ കാമിനി എന്ന എലുമ്പി ടാറ്റയില് ഐ ടി‌ പ്രോഗ്രാമര്‍.

ഹോട്ടലില്‍ ‘ചെക്ക്‌ഇന്‍‘ ചെയ്തപ്പോള്‍ രാത്രി 8 മണി.
"കാലത്ത് കാണാം. ബില്‍ഡിംഗ്‌ സൈറ്റ്‌ സന്ദര്‍ശിച്ച ശേഷം എന്നെ ഓഫീസില്‍ ഡ്രോപ് ചെയ്ത്, കാറുമായി നിങ്ങള്‍പൊയ്ക്കോളൂ. അടുത്ത രണ്ട്‌ ദിവസം വണ്ടിയും ഡ്രൈവറും നിങ്ങള്‍ക്ക്‌ സ്വന്തം" : രാജു എന്ന് വിളിക്കുന്ന നാഗരാജന്‍പറഞ്ഞു.
"എങ്കില്‍ കാലത്തേ തന്നെ എത്താം ഞാനും കാമിനിയും. ആദ്യം മഹാബലിപുരത്തേക്ക്, എന്താ?': ഗാഥ പറഞ്ഞു.
"അസ്‌യൂ ലൈക്‌' : ഞാന്‍ രണ്ട്‌ കൈയും മലര്‍ത്തി.'അയാം അറ്റ്‌ യുവര്‍ ഡിസ്പോസല്‍"

ദാസപ്രകാശയില്‍ നിന്ന് ഡിന്നര്‍ കഴിച്ച്‌, ഹോട്ടലില്‍ തിരിച്ച് വിട്ട്‌ രാജു പോകുമ്പോള്‍, അര്‍ദ്ധ രാത്രി കഴിഞ്ഞിരുന്നു.ഉറങ്ങാന് തയ്യാറെടുക്കുമ്പോഴാണ് കോളിംഗ് ബെല്‍ ശബ്ദിച്ചത്.
ചുവന്ന കണ്ണുകളും വിളറിയ ചിരിയുമായി ഗാഥ.
"വീട്ടില്‍ പോയില്ലേ‌? എന്ത്‌പറ്റി?' : ഞാന്‍ വാതിലില്‍ നിന്നുകൊണ്ട് ചോദിച്ചു.
"ഇതെന്താ, ഋശ്യശൃംഗന്റെ പര്‍ണ്ണകുടീരമോ? സ്ത്രീകള്‍ക്ക്‌ പ്രവേശനമില്ല എന്ന് ബോര്‍ഡ് എവിടെ?"

വാതില്‍ തള്ളിത്തുറന്നകത്ത് കയറി, ബാഗ്‌ അലക്ഷ്യമായി മേശപ്പുറത്തേക്ക്‌ എറിഞ്ഞുകൊണ്ടവള്‍ പറഞ്ഞു."വല്ലാത്ത ചൂട്‌. എനിക്കൊന്ന് ഫ്രഷ് ആകണം"
അവളടുത്ത് വന്നപ്പോള്‍ മദ്യത്തിന്റെ മണം.
'ഗാഥേ, നീ കുടിച്ചിട്ടുണ്ടോ?"'ദേ, വീണ്ടും. എന്താ സഖാവേ, പുരുഷന്മാര്‍ക്ക്‌ മാത്രേ മദ്യപിക്കാവൂ? വെറും രണ്ട്‌ പെഗ്‌ ജിന്‍ വിത്ത്‌ ടോണിക്ക്‌. ഇനി ഞാനെന്റെ തലയൊന്ന് തണുപ്പിക്കട്ടെ. "

കുളിച്ച് ചൂരിദാറിന്റെ ടോപ്‌മാത്രം ധരിച്ച്‌, പുറത്ത് വന്നപ്പോള്‍ ആ മുഖം ശാന്തമായിരുന്നു.
'നൈറ്റ്‌ഡ്രസ് വല്ലതുമുണ്ടോ കൈയില്‍‍?': അവള്‍ചോദിച്ചു.
എന്റെ നൈറ്റ് ഡ്രസ്‌ അവളുടെ ശരീരത്തോട്‌ അല്‍പം പോലും കരുണ കാണിച്ചില്ല. സാല്‍വാര്‍ കാല്‍മുട്ട്‌ വരെ കയറി പിണങ്ങി നിന്നു. കമ്മീസ്‌ കഴുത്തിനു താഴോട്ടിറങ്ങാതെ ലജ്ജിച്ച് മുഖം പൊത്തി.
'ഇതെന്റെ ബോഡിഷേയ്പിന് പറ്റിയതല്ലാ, ട്ടോ. ഇയാള് ധരിച്ചിരിക്കുന്ന ആ കൈലിയും ജുബ്ബയും ഇങ്ങ് താ': അവളാവശ്യപ്പെട്ടു.

ദുബായ് ലുങ്കിയും മുട്ടോളമിറങ്ങുന്ന ജുബ്ബായുമണിഞ്ഞ്, നനഞ്ഞ തലമുടി ടവല്‍കൊണ്ട് മൂടി, കണ്ണാടിക്ക്‌ മുന്‍പിലവള്‍ നിന്നപ്പോള്‍ പറയാതിരിക്കാനായില്ല:
"മുടിഞ്ഞ ഫിഗറാണല്ലോടി നിനക്ക്‌.''വേണ്ടാത്തിടത്തൊന്നും നോക്കണ്ടാ, ട്ടോ" : അവള്‍ തിരിഞ്ഞ്‌ നിന്നു.
'അല്ല ഗാഥേ, നിനക്കിപ്പോ ഒരു ഭാനുപ്രിയ ലുക്ക്‌ ഉണ്ട്. അഴകനില്‍ മമ്മൂട്ടിക്ക് മുന്‍പില്‍ അവരുടെ ഒരു സെഡ്യൂസിംഗ്‌ നമ്പര്‍ ഉണ്ട്‌. സാരിയില്‍ ഇത്ര സെക്സിയായി തോന്നുന്ന മറ്റൊരു നടിയെ കണ്ടിട്ടില്ല!"
"കൈതേ, സത്യം പറ, സെക്സിയാണോ ഞാന്‍?': അരികില്‍ വന്ന്, കൈകള്‍ രണ്ടും തലക്ക് മുകളിലേക്കുയര്‍ത്തി, അവള്‍ ഒരു ക്യാറ്റ് വാക്ക് നടത്തി.
"സ്വയര്‍ ഡിയര്‍, യു ലുക്ക്‌ റിയലി ഹോട്ട്‌!" : തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് ഞാനെന്റെ കഴുത്തില്‍തൊട്ടു.
'അതു കൊണ്ടാണോ ആ കഴുത സെബിക്കെന്നെ വിശ്വാസമില്ലാത്തത്‌?": അവള്‍ചോദിച്ചു.
"എന്ത്‌പറ്റി?"
"ഇയാളെ എയര്‍പോര്‍ട്ടില്‍ കണ്ട നിമിഷം അവന്റെ മുഖം കടന്നല്‍കുത്തിയ പോലെ വീര്‍ത്തു. ഇവടന്ന് തിരിച്ച്‌പോകും വഴി അവന്‍പറയുകയാ, നിന്റെ ഫ്രണ്ട്‌ ഇത്ര യംഗ്‌ ആണെന്ന് എന്തേ എന്നോട് പറയാതിരുന്നതെന്ന്. മാത്രമല്ല നാളത്തെ നമ്മുടെ ട്രിപ്‌ ക്യാന്‍സല്‍ ചെയ്യാനും അവന്‍ നിര്‍ബന്ധിച്ചു. പറ്റില്ലെന്ന് തീര്‍ത്ത് പറഞ്ഞപ്പോഴവന്‍‍ ചൂടായി. ഞാനും എന്തൊക്കേയോ വിളിച്ച് പറഞ്ഞു. ആ ദ്വേഷ്യത്തിലാ കോഫീ ഷോപ്പീന്ന് രണ്ട്‌ പെഗ്‌ അകത്താക്കി ഞാനിങ്ങോട്ട്‌ പോന്നത്‌."

'രണ്ട് തെറ്റുകള്‍, ഗാഥേ...," ഞാന്‍ സീരിയസ്സായി:
" ഒന്ന്: കള്ള്‌കുടിച്ചത്, രണ്ട്: ഈ സമയത്ത് എന്റെ റൂമില്‍വന്നത്."
'ഇയാക്കറിയാന്‍ മേലാഞ്ഞിട്ടാ...ഹോട്ടല്‍ ഇന്‍ഡസ്ട്രിയില്‍ കള്ളുകുടിയും തെറി വിളിയുമൊന്നും പുത്തിരിയല്ല. പിന്നെ കെട്ടിയ ശേഷം മതി എന്റെ മേലുള്ള അവന്റെ ഭരണവും കുതിര കേറലുമൊക്കെ."
"ശരി, സമ്മതിച്ചു. ഗാഥ ഇപ്പോ വീട്ടില്‍പോ.. ഞാന്‍കൂടെ വരണോ?"
"റൂം കുറെ അകലെയാ... ഒരു റിമോട്ട് ഏരിയായില്‍. ഈ സമയത്ത് അങ്ങോട്ടൊരു ഓട്ടോ പോലും കിട്ടില്ല" : അവള്‍പറഞ്ഞു.
"പിന്നെന്ത് ചെയ്യും?"ഒരു കുറ്റവാളിയുടെ മുഖത്തോടെ, എന്നാല്‍ കളിക്കുട്ടിയുടെ കൊഞ്ചലോടെ അവള്‍ചോദിച്ചു:
" ഇവിടെ കിടന്നോട്ടേ, ഞാന്‍, താഴെ... ഒരു ബെഡ് ഷീറ്റ് വിരിച്ച്..."

എന്ത് മറുപടി പറയണമെന്നറിയാതെ അവളെത്തന്നെ നോക്കിയിരുന്നൂ, കുറച്ച് നേരം‍. പിന്നെ റിസപ്ഷനിലേക്കുള്ള നമ്പര്‍ഡയല്‍ചെയ്തു.ഭാഗ്യത്തിന് തൊട്ടടുത്ത റൂം വേക്കന്റ് ആയിരുന്നു.

‘ഗുഡ് നൈറ്റ്": അവളെ റൂമിനകത്താക്കി കതകടക്കുമ്പോള്‍ ആശംസിച്ചു.
"സ്വീറ്റ് ഡ്രീംസ്" : അവളുടെ നനുത്ത സ്വരം അടയുന്ന വാതിലില്‍തട്ടി പ്രതിധ്വനിച്ചു.


പിറ്റേന്ന്, നീണ്ട അനുനയനങ്ങള്‍‍ക്കും ഭീഷണികള്‍ക്കും ശേഷം ലീവ്‌ ക്യാന്‍സല്‍ ചെയ്ത്‌ ജോലിക്ക്‌ പോകാമെന്നവള്‍ സമ്മതിച്ചു.
'ആവശ്യമില്ലാതെ ആ പാവം റോമിയോയെ ശുണ്ഠി പിടിപ്പിക്കേണ്ടാ." ഞാന്‍പറഞ്ഞു." മാത്രമല്ല, ഉച്ചക്കുള്ള ഫ്ലൈറ്റില്‍ ഞാന്‍കൊച്ചിക്ക് പോകുന്നു. ഇവിടെ വരെ വന്നിട്ട്‌ അമ്മയെ കാണാതെ പോകുന്നത് ശരിയല്ലല്ലോ?"


കാത്തിരുന്ന പ്രൊമോഷനു പകരം, സെബിയെ തേടിയെത്തിയത് ഒരമേരിക്കന്‍വിസയാണ്.
'ആറു മാസത്തിന്നകം നീയും എത്തും എന്റെയടുത്ത്‘: പോകും മുന്‍പ്, ഗാഥക്കവന്‍ ഉറപ്പ്‌ നല്‍കി.

ഒരു മാസത്തിനു ശേഷം വൈകീട്ട്‌ ഓഫീസില്‍നിന്നിറങ്ങുമ്പോള്‍ ഗാഥയുടെ ഫോണ്‍:
"കൈതേ, ആകെ കുഴപ്പായല്ലോ.? യു നോ, അയാം പ്രെഗ്നന്റ്‌"

വികാരലേശമില്ലാത്ത മരവിച്ച സ്വരം.പക്ഷെ എപ്പോഴത്തേയും പോലെ, വളച്ച് കെട്ടില്ലാത്ത തുറന്ന സമീപനം.
"എന്ത്‌?.......... എങ്ങനെ?': എനിക്ക് വിശ്വസിക്കാനായില്ല.
വിരഹത്തിനു മുന്‍പുള്ള സ്നേഹപ്രകടനങ്ങള്‍ അതിരു വിട്ടതും അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി തെറ്റ് പലകുറി ആവര്‍ത്തിച്ചതും വിവരിച്ചു, അവള്‍.

"അവനെ അറിയിച്ചില്ലേ?"
"ഉവ്വ്‌, പക്ഷേ അവന്‍ പറയുന്നൂ അബോര്‍ട്ട്‌ ചെയ്യാന്‍. അല്ലെങ്കി രണ്ട്‌പേരുടേയും കരീയറിനെ ബാധിക്കുമെന്ന്....ഞാനെന്താ ചെയ്യുക? ഇയാള്‍തന്നെ പറ. എനിക്ക്‌ ചോദിക്കാന്‍ മറ്റാരാ ഉള്ളത്?"

അവളുടെ ചുടുവീര്‍പ്പ് എന്റെ മുഖം പൊള്ളിക്കും പോലെ.
"ശരി, വിഷമിക്കാതെ, ഗാഥേ; ഞാനൊന്നാലോചിക്കട്ടേ"

ഡേറ്റിംഗും നൈറ്റ് ഔട്ടും കോഹാബിറ്റേഷനുമൊക്കെ, കൌമാരത്തിലെത്തിയ തന്റെ പെണ്മക്കളെ കരണ്ട് തിന്നുമെന്നാശങ്കപ്പെട്ട്, നല്ല ശംബളമുള്ള ജോലിയും സ്വിസ് സിറ്റിസന്‍ഷിപ്പും വേണ്ടെന്ന് വച്ച്,‌ എന്റെ പ്രിയപ്പെട്ട‍ സൂവേച്ചി കൊച്ചിയില്‍ താമസമാക്കിയത്‌ ആയിടെയായിരുന്നു.
"ചേച്ചി, പ്രശ്നം ഗുരുതരം. എന്താ ചെയ്യുക?": ഞാന്‍ ചോദിച്ചു.
‘ സത്യം പറ; ഇത് നിന്റെ ഏടാകൂടമൊന്നുമല്ലല്ലോ’ :ചേച്ചിയുടെ ആദ്യ സംശയം.
അല്ലെന്ന് സത്യം ചെയ്തപ്പോള്‍ പരോപകാരി ആശ്വസിപ്പിച്ചു:
" ഇതിത്ര വല്യ ആനക്കാര്യം വല്ലതുമാണോടാ? അവളോട്‌പറ എന്നെ ഒന്ന് വിളിക്കാന്‍."

രണ്ട്‌ ദിവസത്തെ ലീവെടുത്ത്‌ ഒരു വ്യാഴാഴ്ച ഗാഥ കൊച്ചിയിലെത്തി. തിങ്കളാഴ്ച കാലത്ത് തിരിച്ച്‌പോയി ഡ്യൂട്ടിയില്‍ ചേരുകയും ചെയ്തു.


ഏകാന്തതയേയും നിശ്ശബ്ദതയേയും ഇഷ്ടതോഴികളാക്കി, ഗാഥ. വല്ലപ്പോഴും വരുന്ന ഹൃസ്വ ഇ-മെയിലുകളില്‍ ഒതുങ്ങി ഞങ്ങളുടെ ബന്ധം.അതിനാല്‍ മാസങ്ങള്‍ക്ക്‌ ശേഷം വന്ന അവളുടെ കത്ത്‌ കണ്ടപ്പോള്‍‍ അതിരറ്റ സന്തോഷം തോന്നി. പക്ഷേ ഉള്ളടക്കം അമ്പരിപ്പിക്കുന്നതായിരുന്നു.

സെബി അച്ചായന്‍ അവളെ ചതിക്കയായിരുന്നു! കോളേജില്‍ പഠിക്കുമ്പോള്‍ സീനിയര് ആയിരുന്ന ഒരു തെലുങ്കത്തിയോടായിരുന്നുവത്രേ അവന്റെ യഥാര്‍ത്ഥ പ്രേമം. അമേരിക്കയില്‍ ചേക്കേറിയ അവളാണ് ‍സ്പോണ്‍സര്‍ ചെയ്ത് അവനെ കൊണ്ട് പോയത്.

ഗാഥയുടെ കത്തുകളും ഫോണുകളും ശല്യമായി മാറിയപ്പോള്‍‍‍ അവന്‍ തുറന്ന് പറഞ്ഞു:" എന്റെ വിവാഹം കഴിഞ്ഞു, ഇനി നീയെന്നെ കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിക്കരുത്."


ജോലി ഉപേക്ഷിച്ച് ഒരു യാത്ര പോവുകയാണ് താന്‍ എന്നെഴുതീ, അവള്‍; മറുപടി അയക്കരുതെന്നും. അയച്ച മെയിലുകള്‍ അവള്‍ വായിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. മറുപടിയില്ലെന്ന് മാത്രം. പ്രൊജക്റ്റ്‌വര്‍ക്കുമായി കാ‍മിനി ജര്‍മ്മനിക്ക്‌ പോയിരുന്നതിനാല്‍ അവളെപ്പറ്റി അറിയാന്‍ മറ്റ് മാര്‍ഗങ്ങളുമില്ലായിരുന്നു.

തണുപ്പിന്റെ നേര്‍ത്ത കമ്പിളിപ്പുതപ്പില്‍നിന്നും ജ്വലിക്കുന്ന വേനലറുതിയിലേക്കുള്ള വേഷപ്പകര്‍ച്ചയിലാണ് പ്രകൃതിയെന്നറിയിച്ച് കൊണ്ടെത്തിയ പനിയും ജലദോഷവും അവഗണിച്ച് ഓഫീസിലെത്തിയപ്പോള്‍, പരിചയമില്ലാത്ത ഐഡിയില്‍നിന്ന് ഒരു ഇ-മെയില്‍:
'വാട്ട്‌സ്‌ യുവര്‍മൊബെയില്‍ നമ്പര്‍?'
മറുപടി അയച്ച ഉടനെ ഫോണ്‍ റിംഗ്‌ ചെയ്തു.
"ഞാനിതാ എത്തിയിരിക്കുന്നു, ഇവിടെ....നിങ്ങളുടെ നാട്ടില്‍.":
ഗാഥയുടെ കിലുങ്ങുന്ന സ്വരം.
"എവിടെ?": സന്തോഷം പൂത്തിരിയായി മനസ്സില്‍ കത്തി.
"അബുദാബി"
"ഏത് ഹോട്ടലില്‍? എപ്പോഴെത്തി? താമസമെവിടെ?" :ഉദ്വേഗം നിറഞ്ഞ ചോദ്യങ്ങള്‍‍ ശരവേഗത്തില്‍ പാഞ്ഞൂ.
"ധൃതി വയ്ക്കാതെ; ഒക്കെപ്പറയാം. വെള്ളിയാഴ്ച ഞാന്‍ ദുബായില്‍ എത്തും. ഹോട്ടലിന്റെ‍ ബസ്‌ കരാമ ലുലു സെന്ററിന്റെ മുന്‍പിലാ നിര്‍ത്തുകയെന്ന് പറഞ്ഞു. അവിടെ എത്താറാകുമ്പോള്‍ ഞാന്‍ വിളിക്കാം."

നല്ല തടി വച്ചിരുന്നു, അവള്‍. അത് കൊണ്ട് തന്നെ നിറം അല്‍പം കൂടിയ പോലെ.
ബോയ് കട്ട് ചെയ്ത മുടി.
മുഖത്തെ നിയോണ്‍ദീപങ്ങള്‍ക്ക് പൂര്‍വാധിക ശോഭ!

ആദ്യമായി കാണുകയാണെങ്കിലും നോണ്‍ സ്റ്റോപ്‌ ചിരിയും ഫലിതം നിറഞ്ഞ സംസാരവും കൊണ്ട്‌, അകന്ന് നില്‍ക്കാന്‍ ശ്രമിച്ച എന്റെ കാന്തയെ, പെട്ടെന്ന് തന്നെ വരുതിയിലാക്കീ‍, അവള്‍.
"നോക്കൂ, നമ്മടെ സൂവേച്ചീടേ അതേ പ്രകൃതം, അതേ വാചാലത, അല്ലേ?"
നല്ലപാതി എന്റെ നേരെ തിരിഞ്ഞു.
ചേച്ചിയെ അവള്‍ വിശദമായിത്തന്നെ പരിചയപ്പെട്ടിട്ടുണ്ടെന്ന് എങ്ങനെയാണ് ഞാന്‍ പറയുക?

"ഇയാക്ക് കേക്കണോ... ഒരത്ഭുതം നടന്നു":
വായാടിയുടെ വാചാലത.
" യാത്ര തിരിക്കും മുന്‍പ്‌ ഞാന്‍ ട്രിവാന്‍ഡ്രത്ത് പോയിരുന്നു. വര്‍ഷങ്ങള്‍‍ക്ക്‌ശേഷം അച്ഛനെന്നോട്‌ സംസാരിച്ചു. ജോലിയെങ്ങനെ, ശംബളം എത്ര, താമസസൌകര്യമുണ്ടോ എന്നൊക്കെ തിരക്കി"
സന്തോഷം കൊണ്ടവളൂടെ മുഖം തുടുത്തു.
കണ്ണുകള്‍നിറഞ്ഞൂ.
കണ്ഠമിടറി.
'ഗീത ട്യൂട്ടോറിയല്‍ മാഷടെ കൂടെ ഒളിച്ചോടിയത്‌കൊണ്ടു കൂടിയാകാം എന്നോടുള്ള ഈ പുതിയ സ്നേഹം."
"ഗീത ഒളിച്ചോടിയെന്നോ?"
"അച്ഛന്‍തന്നെ മുങ്കൈയെടുത്ത് കല്യാണം നടത്തിക്കൊടുത്തതിനാല്‍ അതൊരു വാര്‍ത്തയായില്ലെന്ന് മാത്രം. ഒരു കുട്ടിയുമുണ്ട് അവള്‍‍ക്കിപ്പോള്‍"


അവള്‍ബാഗില്‍നിന്ന് ഒരാല്‍ബമെടുത്തു.
"എന്നാ നിന്റെ കല്യാണം?' :ഞാന്‍ചോദിച്ചു.
‘ എന്റെ കല്യാണമോ, ഈ ജന്മത്തിലോ": അവള്‍പൊട്ടിച്ചിരിച്ചു.
"പ്രേമമൊന്നുമില്ലേ ഇപ്പോള്‍?": ഞാന്‍ വിട്ടില്ല.
"ഉണ്ടല്ലോ" : അവള്‍ ചിരി നിര്‍ത്തിയില്ല.
"മൂന്നെണ്ണം."
"മൂന്നെണ്ണം....?"
"ശരീരത്തിന് മാത്രമല്ലല്ലോ, മനസ്സിനുമില്ലേ വിശപ്പ്‌? അതവഗണിക്കാനാവുമോ? ഒന്ന് മടുക്കുമ്പോള്‍ മറ്റൊന്ന്. അതാ ഇപ്പോ എന്റെ പോളിസി."
അവളുടെ നിസ്സംഗമായ മറുപടി കേട്ട് അമ്പരന്നിരുന്ന പ്രേയസിയുടെ മുഖത്തൊന്ന് പാളി നോക്കി, ഞാന്‍. പിന്നെ വിഷയം മാറ്റി.

"സെബിയുടെ ന്യൂസ് വല്ലതും?"
" ഓ, അതല്ലേ രസം. തെലുങ്കത്തി അവനെ വീട്ടീന്നിറക്കി വിട്ടു. അവളിപ്പോ ഒരു സാ‍യിപ്പിന്റെ കൂടെയാത്രെ. അവന്‍വിളിച്ചിരുന്നു, ഈയിടെ. നീ ദുബായീ പോകുകയാണെങ്കില്‍ എനിക്ക്‌ കൂടി ഒരു ജോലി നോക്കൂ എന്ന് പറഞ്ഞു. പിന്നെ കഴിഞ്ഞതൊക്കെ മറന്ന്, ഇനിയുള്ള ജീവിതം നമുക്ക് ഒന്നിച്ചായാലെന്താ എന്നൊര് അഡ്വാന്‍സ് ബുക്കിംഗും.'
"നീയെന്ത് പറഞ്ഞൂ?"
വിജയഭാവത്തിലൂറി ചിരിച്ചുകൊണ്ടവള്‍ പറഞ്ഞു:
" ഞാന്‍ പറഞ്ഞു നീ പോടാ പട്ടീന്ന്"

Friday, December 28, 2007

ജ്വാലയായ് പടര്‍ന്ന ശ്രീ

‘ഞാന്‍ ശ്രീദേവി’


തലയുയര്‍ത്തിയപ്പോള്‍, തുറന്നു വച്ച ക്യാബിന്‍ ഡോര്‍ നിറഞ്ഞു നില്‍ക്കുന്നൂ, പൂര്‍ണോദയത്തിന്റെ നവജ്യോതിസ്! പൂത്തിരുവാതിര കുളിക്കുന്ന മാദകത്തിടമ്പിന്റെ പൂമേനിയില്‍ കൌമാരത്തിന്റെ കുസൃതി ചാലിച്ചെടുത്ത ചന്ദനക്കൂട്ടിന്റെ പ്രതിഫലനം.

‘വരൂ’ ഞാന്‍ ക്ഷണിച്ചു: ‘വിനോദ് വിളിച്ചിരുന്നു.’

വെള്ള നിറത്തില്‍ മുക്കൂറ്റിപ്പൂക്കളുടെ ഡിസൈനുകളോട് കൂടിയ‍, സല്‍‌വാറും കമ്മീസും ധരിച്ച, നെയ്യാമ്പല്‍ പോലെ തുടുത്ത, ഒരു പെണ്‍‌കൊടി‍!

ചന്ദനപ്പൊട്ട്,
പീലിക്കണ്ണുകള്‍,
തുടുത്ത ചുണ്ടുകള്‍.
-നീണ്ട് ചുരുണ്ട് ഇടതൂര്‍ന്ന കൂന്തല്‍ ഒരു ക്ലിപ്പിന്റെ ബന്ധനത്തില്‍.

കൈയിലെ ഫയല്‍ തുറന്ന് ബയോഡാറ്റ തിരയുകയായിരുന്നു, അവള്‍.
‘എടുക്കേണ്ടാ, മാനേജര്‍ക്ക് നേരിട്ട് കൊടുത്താല്‍ മതി “
ഞാന്‍ ഡിപാര്‍ട്ട്‌മെന്റ് സ്റ്റോര്‍ മാനേജര്‍ മന്‍സൂര്‍ ഹക്കീക്കിയുടെ നമ്പര്‍ കറക്കി.
‘നോ പ്രോബ്ലം; സെന്‍ഡ് ഹേര്‍‍’ : അയാള്‍ പറഞ്ഞു.

ഓഫീസ് ബോയ് മമ്മൂട്ടിയുടെ കൂടെ അവളെ സ്റ്റോറിലേക്ക് പറഞ്ഞയക്കുമ്പോള്‍ കണ്ണിനും മനസ്സിനും നിര്‍മാല്യം തൊഴുത കുളിര്‍മ്മ!

************

കസിന്‍ ബ്രദര്‍ വിനോദാണ് ദിയാഫാ സ്ട്രീറ്റിലെ കാ‍സ്പിയന്‍ റെസ്റ്റോറന്റ്റില്‍
കാഷ്യറായി ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ കദനകഥ പറഞ്ഞത്. വൈകീട്ട് 6 മുതല്‍ അര്‍ദ്ധരാത്രി വരെയാണ് ജോലി സമയമെങ്കിലും വീട്ടിലെത്തുമ്പോള്‍ പുലര്‍ച്ചെ 2 മണിയെങ്കിലുമാകും. ശംബളം വെരും 900 ദിര്‍ഹം മാത്രം.

അറബിപ്പിള്ളേരുടെ വികൃതികള്‍ ഏറിവരികയാണെന്നും മറ്റൊരു ജോലി ശരിയാക്കിത്തന്ന് തന്നെ രക്ഷിക്കണമെന്നും അവള്‍ വിനോദിനോടഭ്യര്‍ത്ഥിച്ചു.

‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് കേട്ടിട്ടില്ലേ? അത് പോലാ; ആരും ഇഷ്ടപ്പെട്ടുപോകും, അവളെ’ : അവന്‍ വര്‍ണ്ണിച്ചു.
‘ഫാമിലി?’‘
“ഓര്‍മ്മയില്ലേ, ദുബായിലാദ്യമായി ലോട്ടറിക്കമ്പനി നടത്തിയ ചാലക്കുടിക്കാന്‍ അച്ചായനെ? ഓ, ചേട്ടന്റെ സ്റ്റാര്‍ നൈറ്റിന്റെ സ്പോന്‍സര്‍ കൂടിയായിരുന്നല്ലോ, അയാള്‍? ആ ദേഹത്തിന്റെ വലം കൈയായിരുന്നു ഈ ദേഹത്തിന്റെ അച്ഛന്‍. കോടികളുമായി അയാള്‍ മുങ്ങിയപ്പോള്‍ തെരുവിലായത് അയാളുടെ കൂടെ ജോലിചെയ്തിരുന്ന ഇവര്‍ കുറച്ച് പേരാണ്. കേസിപ്പോഴും തീര്‍ന്നിട്ടില്ലത്രേ! വീട് പട്ടിണിയായപ്പോള്‍ പഠിത്തം നിര്‍ത്തി ജോലിക്കിറങ്ങിയതാ, പാവം കുട്ടി!”

’*****************
ലിസ് എന്നും സബാ എന്നും ബെത് എന്നും വിളിക്കുന്ന ഫിലിപ്പിനോ കാഷ്യര്‍ എലിസബെത് ലീവില്‍ പോകുന്ന ഒഴിവില്‍ ഡിപാര്‍ട്മെന്റ് സ്റ്റോറിലെ കാഷ്യര്‍ തസ്തികയില്‍ ‍ ജോലി തുടങ്ങി, ശ്രീദേവി.
‘മിടുക്കിയാ, പെട്ടെന്ന് പഠിച്ചെടുത്തു‍” :‍ ഹക്കീക്കി പറഞ്ഞു.

ക്യാഷും കളക്‍ഷന്‍ റിപ്പോര്‍ട്ടുമായി എക്കൌണ്ട്സില്‍ വരുമ്പോഴെല്ലാം എന്നെ സന്ദര്‍ശിക്കാനവള്‍ മറന്നില്ല. ’സാര്‍’ വിളി ‘ഏട്ടാ’ എന്നാക്കി മാറ്റിയപ്പോള്‍ കുറച്ച് കടുപ്പിച്ച് തന്നെ പറയേണ്ടി വന്നു:“ ശ്രീദേവി, സ്നേഹവും ബന്ധവും ഒക്കെ ഓഫീസിന് പുറത്ത്......’

“പുണ്യം കിട്ടും, ഒരു കുടുംബമാ മോന്‍ രക്ഷിച്ചേ..‍.’ :മാധവിക്കുട്ടിയെന്ന അവളുടെ അമ്മ ഫോണിലൂടെ എന്നെ ആശീര്‍വദിച്ചു.

രണ്ട് മാസങ്ങള്‍ക്ക് ശേഷം എലിസബെത്ത് തിരിച്ചുവന്നപ്പോള്‍ ശ്രീദേവിക്ക് പരിഭ്രമമായി.
‘സാര്‍, ഇനി ഞാന്‍..?’
‘’പേടിക്കണ്ടാ, നിന്റെ ജോലിക്ക് കുഴപ്പമൊന്നും വരില്ല’:ഞാന്‍ ആശ്വസിപ്പിച്ചു.

വൈകീട്ട് വീട്ടിലേക്ക് വിളിച്ചു, മാധവിയമ്മ.
“ മോനേ, എന്തെങ്കിലും ചെയ്യണേ...അവള്‍ക്ക് കിട്ടുന്ന ശംബളം കൊണ്ടാ ഞങ്ങള്‍ ജീവിച്ച് പോകുന്നത്...“
‘ശരിയാക്കാം, അമ്മേ’: ഞാനുറപ്പ് കൊടുത്തു.
‘പക്ഷേ മോനേ, ഓഫീസിനകത്ത് ഒരു ജോലി കൊടുക്കാന്‍ മോന്‍ വിചാരിച്ചാ പറ്റില്ലേ? കല്യാണാലോചനകള്‍ വരുന്ന സമയാ. തറവാട്ടില്‍ പിറന്ന കൊച്ച് , ക്യാഷ് കൌണ്ടറില്‍, എല്ലാര്‍ക്കുമൊരു കാഴ്ചവസ്തുവായി.....മോനറിയോ, പറഞ്ഞു വന്നാ എഴുത്തുകാരന്‍‍‍‍ കേശവദേവിന്റെ തറവാട്ടുകാരാ ഞങ്ങള്‍.’

ആ തറവാട്ട് പുരാണം, ഞാന്‍ ഒരിക്കല്‍ കൂടി കണ്ണടച്ചിരുന്ന് വിഴുങ്ങീ‍.

ഹക്കീക്കിയുമാലോചിച്ച്, ‘കോ ഓര്‍ഡിനേറ്റര്‍’ എന്ന പുതിയ ഒരു തസ്തികയുണ്ടാക്കി, ശ്രീദേവിയെ ഓഫീസില്‍ പ്രതിഷ്ഠിച്ചു‍. ക്യാഷും റിപ്പോര്‍ട്ടുകളും ടാലി ചെയ്യുക, ടില്ലുകളില്‍ ചില്ലറ ഉറപ്പാക്കുക, റീ ഓര്‍ഡര്‍ ലവല്‍ സൂപ്പര്‍വൈസ് ചെയ്യുക എന്നിവയായിരുന്നു പ്രധാന ജോലികള്‍.

*******************

വിരസമായ ഒരു പ്രവൃത്തി ദിവസം:
ഒരു കോലാഹലം കേട്ട് ഞാന്‍ ക്യാബിന് വെളിയിലിറങ്ങി.
‘ഒരു കള്ളുകുടിയനാ...‍. സാറിനെ കാണണമെന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നു’ : മമ്മൂട്ടി കൈയില്‍ ട്രേയുമായി ഓടിയെത്തി.

സന്ദര്‍ശകന്‍ കള്ളുകുടിയനാണെങ്കില്‍‍ ഓഫീസിന് പുറത്ത് വച്ച് കാണുന്നതായിരിക്കും ഭദ്രമെന്ന് ചിന്തിച്ചു, ഞാന്‍.

കോറിഡോറില്‍ ലിഫ്റ്റിന്നരികെ ഉലഞ്ഞ വസ്ത്രങ്ങളും കുറ്റിത്താടിയുമായി നില്‍ക്കുന്നൂ, മെലിഞ്ഞ ഒരു മധ്യവയസ്കന്‍.

‘നീയാണോടാ എന്റെ മോള്‍ടെ രഹസ്യക്കാരന്‍?’: ഇഴഞ്ഞ ശബ്ദത്തിലയാള്‍ ചോദിച്ചപ്പോള്‍ മമ്മൂട്ടിക്ക് പെട്ടെന്ന് കാര്യം പിടി കിട്ടി:
‘നമ്മുടെ ശ്രീദേവീടെ അച്ഛനാ...“
‘സുന്ദരേശന്‍ നായരാണോ.... എന്താ കാര്യം?” : ഞാനല്പം ഗൌരവം നടിച്ചു.
‘ദാ, ഇത് കണ്ടോ?”: പോക്കറ്റില്‍ നിന്ന് അയാ‍ള്‍ എതാനും കടലാസ് കഷണങ്ങള്‍ പുറത്തെടുത്തു.
‘എന്റെ മോള്‍‍ക്ക് കിട്ടിയ പ്രേമലേഖനങ്ങളാ......നീയിതിന് സമാധാനം പറയണം‍.’
ഞാന്‍ നോക്കി: ഇംഗ്ലീഷിലാണ്, നല്ല വൃത്തിയുള്ള കൈപ്പട.
‘ഞാനെന്ത് വേണമെന്നാ?’ : കോപത്തേക്കാള്‍ തമാശയാണെനിക്ക് തോന്നിയത്.
‘എന്റെ മോളെ ജോലിക്ക് വച്ചത് നീയല്ലേ, അതോണ്ട് ഇതിന് സമാധാനവും നീ തന്നെയുണ്ടാക്കണം‘: കൈചൂണ്ടിക്കൊണ്ടടുത്തൂ, അയാള്‍.

വളരെ പണിപ്പെട്ടാണ് മമ്മൂട്ടിയും വാച്ച്‌മേനും കൂടി അയാ‍ളെ പിടിച്ച് പുറത്താക്കിയത്.
‘സാറെ, ഇത് പണ്ടാരോ പറഞ്ഞ പോലെ....പാമ്പിനെയെടുത്ത് വേണ്ടാത്ത എവിടെയോ‍ വച്ചു എന്ന് പറഞ്ഞത് പോലായല്ലോ?’ : മമ്മൂട്ടി സഹതപിച്ചു.

ജാള്യതയോടെ ഒരു ചിരി പാസ്സാക്കി തിരിച്ച് നടക്കവെ ഞാന്‍ ചുറ്റും നോക്കി: ശ്രീദേവിയുടെ നിഴല്‍ പോലുമില്ല, എങ്ങും.

ഡിപ്പാര്‍ട്മെന്റ് സ്റ്റോറിലെ ‘ഗസ്റ്റപോ’കള്‍ താമസിയാതെ തന്നെ കാമുകനെ കണ്ടുപിടിച്ചു: സ്റ്റേഷനറി സപ്ലൈ ചെയ്യുന്ന കണ്ണൂര്‍ക്കാരന്‍ നൌഷാദ്. ഉച്ചക്കുള്ള ബ്രേക്കിന് അവന്റെ വാനില്‍ കയറി ശ്രീദേവി പോകുന്നതും വൈകീട്ട് തിരിച്ച് വന്നിറങ്ങുന്നതുമൊക്കെ പലരും കണ്ടിരിക്കുന്നു.

‘അവനെപ്പിടിച്ച് രണ്ട് പൊട്ടിച്ച് വിട്ടാലോ സാറെ?’: മമ്മൂട്ടി ചോദിച്ചു.
‘എന്തിന്? അവളെ പറഞ്ഞു വിട്ടാല്‍ തീരില്ലേ പ്രശ്നം?‘ :ഞാന്‍ പ്രതിവചിച്ചു.

********************
ആഴ്ചകള്‍ക്ക് ശേഷം ഒരു മെട്രിക് ടണ്‍ പ്രസരിപ്പും ഊര്‍ജ്ജവും 55 കിലോയിലൊതുക്കി ശ്രീദേവി ‍എന്റെ ഓഫീസിലെത്തി. സാരിയും ബ്ലൌസുമണിഞ്ഞപ്പോള്‍ അവളൊരു ഒത്ത പെണ്ണായി മാറി.

‘എന്തായാലും ഏട്ടനെ മറക്കാന്‍ പറ്റ്വോ, എനിക്ക്?’ : അവള്‍ കൊഞ്ചി.
‘ജോലി കിട്ടി അല്ലേ?‘: ഞാന്‍ ഒരു മഞ്ഞച്ചിരി ചിരിച്ചു.
‘ഇവിടെ അടുത്താ... സെക്രട്ടറിയായി’ : അഭിമാനത്തോടെ അവള്‍ പുതിയ കമ്പനിയുടെ കാര്‍ഡെടുത്ത് നീട്ടി.
‘വെരി ഗുഡ്! അമ്മക്ക് സുഖമല്ലേ?’
‘അതെ, ഇന്നലെ അനിയത്തി വന്നിട്ടുണ്ട്, മദ്രാസീന്ന്”
ഗാനഗന്ധര്‍വനില്‍ നിന്ന് നേരിട്ട് സംഗീതം ‘കത്താന്‍’ വേണ്ടി മദിരാശിയിലേക്ക് ‘വാസം’മാറ്റിയ ‘ശെല്‍‌വി’യെപ്പറ്റി അമ്മയും മകളും വാചാലരാകാറുള്ളതോര്‍ത്തൂ, ഞാന്‍.
‘അവള്‍ടെ പഠിത്തം കഴിഞ്ഞോ?’ : ഞാന്‍ ചോദിച്ചു.
‘ഇല്ല, മലയാളിസമാജത്തിന്റെ പ്രോഗ്രാമിന് പാടാന്‍ വന്നതാ. ഏട്ടന്‍‍ തീര്‍ച്ചയായും വരണം, ‍ ഞാന്‍ VIP പാസ്സ് കൊടുത്ത് വിടാം’

*****************

അമ്മയും മകളും കൂടി വീട്ടിലെത്തിയപ്പോള്‍‍ ഇനിയെന്ത് പുലിവാലാണോ എന്നത്ഭുതപ്പെട്ടു, ഞാന്‍.
‘ഏട്ടന്റെ കൂട്ടുകാരനല്ലേ മോഹന്‍‌ദാസ്?’ :അവള്‍ ചോദിച്ചു.
‘ഏത് മോഹന്‍‌ദാസ്?’
‘ഫിലിം ഡയരക്റ്റര്‍ മോഹന്‍‌ദാസ്. ദേരയില്‍ അഡ്‌വെര്‍ടൈസിംഗ് കമ്പനിയുള്ള....”
‘അതെ’ : ഞാന്‍ സമ്മതിച്ചു.

അനേക ചിത്രങ്ങളില്‍ പി.ജി.വിശ്വംഭരന്റെ അസിസ്റ്റന്റായിരുന്നു, മോഹന്‍ദാസ്. സ്വന്തമായി ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന ചിരകാലാഭിലാഷം സഫലമാക്കാന്‍ സ്ഥാവരജംഗമ സ്വത്തുക്കളെല്ലാം വിറ്റ് തുലക്കേണ്ടി വന്ന ഹതഭാഗ്യന്‍. അവശേഷിച്ച ചില സ്നേഹിതരുടെ സഹായത്തോടെ ‍ ഒരു അഡ്‌വെര്‍ടൈസിംഗ് കമ്പനിയുമായിദുബായില്‍ കൂടിയിരിക്കയാണിപ്പോള്‍.

‘അവര്‍ ഒരു മോഡലിനെ തേടുകയാണെന്നറിഞ്ഞു. വിനോദാ പറഞ്ഞത് ഏട്ടന് മോഹന്‍ ദാസിനെ അറിയാമെന്ന്.‘
‘അതിനെന്താ? ചോദിക്കാമല്ലോ?”

ഒരു സ്വര്‍ണക്കടയുടെ പരസ്യത്തിന് വേണ്ടിയായിരുന്നൂ, മോഡല്‍.
“മലയാളിത്തമുള്ള മുഖമാണോ?’ : മോഹന്‍ ദാസ് ചോദിച്ചു.
‘അതെ’
‘എന്നാ നാളെ വൈകീട്ട് വരാന്‍ പറയൂ. ഒരു സ്ക്രീന്‍ ടെസ്റ്റ് നടത്തി നോക്കാം”

***************

പിറ്റേന്ന് 5 മണിക്ക് തന്നെയെത്തി ശ്രീദേവി.
‘നീ തനിയെ പോയാ മതി’ : ഞാന്‍ പറഞ്ഞു.
‘ഇല്ല, ഏട്ടന്‍ വരണം’ :അവള്‍ വാശി പിടിച്ചു.”അല്ലെങ്കി പോവില്ല, ഞാന്‍”

അല്‍ നാസര്‍ സ്ക്വയറില്‍ ബ്രിട്ടീഷ് ബാങ്കിന്റെ മുകളിലുള്ള മോഹന്‍ ദാസിന്റെ സ്റ്റുഡിയോക്ക് താഴെ കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍ അവള്‍ വീണ്ടും ചിണുങ്ങി:
‘ എന്റെ ഒപ്പം നില്‍ക്കണം, ഏട്ടന്‍. ആദ്യമായാ ഞാന്‍ ക്യാമറക്ക് മുന്‍പില്‍...’

മോഹന്‍ ദാസ് പരസ്യത്തെപ്പറ്റി ഒരു ലഘുവിവരണം നല്‍കി.
ആദ്യം ഭരതനാട്യം പോസില്‍ ചില സ്റ്റില്ലുകള്‍,
പിന്നെ മുലക്കച്ച കെട്ടിയ മലയാളിമങ്കയായി,
അവസാനം ആഭരണങ്ങളണിഞ്ഞ് കടല്‍ത്തീരത്ത് കൂടെ സ്ലോ മോഷനില്‍...

മേക്കപ്പ് തുടങ്ങിയപ്പോള്‍ പുറത്ത് കടക്കാനൊരുങ്ങീ, ഞാന്‍. പക്ഷേ അവളെന്നെ പിടിച്ച് നിര്‍ത്തി.
‘നാലു വര്‍ഷം ഡാന്‍സ് പഠിച്ചതാ’ : ഭരതനാട്യം പോസില്‍ നില്‍ക്കാനാവശ്യപ്പെട്ടപ്പോള്‍‍ അവള്‍ അവകാശപ്പെട്ടു.

‘ശരീരഭാഗങ്ങള്‍... വിവിധ ആംഗിളുകളില്‍”
-സാരിയഴിച്ച്, ബ്ലൌസുയര്‍ത്തിയും താഴ്ത്തിയും അതിര്‍ത്തിരേഖകളെക്കുറിച്ച് ആശങ്കയുളവാക്കുന്ന ഷോട്ടുകള്‍,
-പാവാടയുടെ ചരടഴിച്ച്, എത്ര ഊളിയിട്ടാളും അടി കാണാത്ത കയങ്ങളുടെ അമ്പരിപ്പിക്കുന്ന ദൃശ്യങ്ങള്‍,
-നനുത്ത ചെമ്പന്‍ രോമങ്ങള്‍ എഴുന്ന് നില്‍ക്കുന്ന കണങ്കാലുകളുടേയും മിനുപ്പും കൊഴുപ്പും തുടിക്കുന്ന തുടയുടേയും സ്നാപ്പുകള്‍....

സ്റ്റുഡിയോയുടെ മൂലയിലെ‍ ചുമരില്‍ ചാരി, യോഗനിദ്രയില്‍ അഭയം തേടി ഞാന്‍.

‘ഇനി കടല്‍ക്കരയിലൂടെ സ്ലോമോഷനില്‍ ഓടുന്നത്. ബ്രാ‍ വേണ്ടാ ട്ടോ. നല്ല മൂവ്മെന്റ് കിട്ടണം; സ്കിപ് ചെയ്യുന്ന പോലെ...”

മോഹന്‍ ദാസിന്റെ ശബ്ദം വിദൂരതയില്‍ നിന്നെന്ന പോലെ കര്‍ണപുടങ്ങളില്‍ ...പിന്നെ നുരയുന്ന അലയൊലി‍ പോലെ കരയെ പുണര്‍ന്ന് അകന്ന് പോയി.

******************
“മോനേ, ഇന്ന് ഫ്ലാറ്റിന്റെ വാടക കൊടുക്കേണ്ട ദിവസാ... ദേവി മോന്റടുത്ത് വരുന്നെന്ന് പറഞ്ഞു. പക്ഷെ എനിക്കറിയാം, അവള്‍ മോനോട് ചോദിക്കില്ലെന്ന്. ഒരയ്യായിരം ദിര്‍ഹം കൊടുത്ത് വിടണം. കുറേശ്ശെയായി തന്ന് തീര്‍ത്തോളാം‍‍.’

മാധവിയമ്മ ഫോണിലൂടെ ആവശ്യപ്പെട്ടപ്പോള്‍ എന്ത് പറയണമെന്നറിയാതെ പരുങ്ങീ, ഞാന്‍.
‘അതിനമ്മേ, എന്റെ കൈയില്‍ പൈസയൊന്നുമില്ലല്ലോ. കൂടി വന്നാ ഒരായിരം..”
“മോന്‍ എങ്ങനെയെങ്കിലും അറേഞ്ച് ചെയ്തേ പറ്റൂ. അല്ലെങ്കി പെരുവഴിയിലാ ഇന്ന് രാത്രി ഞങ്ങളുറങ്ങുക.“
അവര്‍ ഫോണ്‍ കട്ട് ചെയ്തു.

കുറച്ച് കഴിഞ്ഞപ്പോള്‍ ശ്രീദേവി വന്നു.
‘മോഹനേട്ടന്‍ വിളിച്ചിരുന്നു. ജ്വല്ലറിയുടെ കൊണ്ട്രാക്റ്റ് ഉറപ്പായെന്ന്. ഏട്ടനെ നേരിട്ടറിയിക്കാന്‍ വന്നതാ’
അവളുടെ കവിളുകളില്‍ അഭിമാനത്തിന്റേയും ആഹ്ലാദത്തിന്റേയും റോസാദലങ്ങള്‍! ‘കണ്‍ഗ്രാജുലേഷന്‍സ്‘: ഞാന്‍ കൈ നീട്ടി.
‘ഏട്ടനാ ഇതിന്റെ ക്രെഡിറ്റ്...’ : ആരാധന നിറഞ്ഞ മിഴികള്‍ കൊണ്ടവളെന്നെ തഴുകി:“ഇനി പോകാം’
‘എവിടെ?”
‘എനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസമല്ലേ? അതോണ്ട് ഏട്ടന്‍ വേണം ഇന്നെന്നെ വീട്ടീ‍ല്‍ വിടാന്‍. വഴി നീളെ സംസാരിക്കേം ചെയ്യാല്ലോ. “
‘പക്ഷെ ജോലി...?’
‘ഒരു ജോലിക്കാരന്‍! നാളെ ചെയ്താ പോരേ? .....പ്ലീസ്, എനിക്കു വേണ്ടി”
അവള്‍ കൈയില്‍ പിടിച്ചൂ.
“ശരി, പോകും വഴി‍ ATM ല്‍ നിന്ന് ക്യാഷെടുക്കാം. വാടക കൊടുക്കേണ്ട ദിവസമല്ലേ?’ ഞാന്‍ ചോദിച്ഛു.
“ഓ, ഈയമ്മ....ഞാന്‍ പറഞ്ഞതാ ഏട്ടനെ ബുദ്ധിമുട്ടിക്കരുതെന്ന്.’ : കപടരോഷത്തോടെ ചുണ്ട് കോട്ടി, അവള്‍.

’അമ്പതും നൂറുമായി ഏട്ടന്റെ കൈയീന്ന് വാങ്ങീത് തന്നെ ഇപ്പോ ഒരു തുകയായിട്ടുണ്ടാവും.‍”

****************

“മോനെ ശല്യപ്പെടുത്തുകയാണെന്നറിയാം”: പൈസ വാങ്ങുമ്പോള്‍ മാധവിയമ്മയുടെ കണ്ണുകള്‍ നിറയുകയും കണ്ഠമിടറുകയും ചെയ്തു. “ഞങ്ങള്‍ക്ക് ചോദിക്കാന്‍ വേറെ ആരാ ഉള്ളത്? അങ്ങേര്‍ക്കിതെന്തെങ്കിലുമറിയണോ? കുടിച്ച് കൂത്താടി....ഇപ്പോ വല്ലപ്പോഴൊക്കെയാ വീട്ടീ വരുന്നത് തന്നെ“
എന്നിട്ട് തിരിഞ്ഞ് മോളോട് പറഞ്ഞു:‘ പെട്ടെന്ന് തന്നെ സാറിന് തിരിച്ച് കൊടുക്കണം, ട്ടാ!”
ശ്രീദേവി തന്ന ചായയും കായ വറുത്തതും ആസ്വദിച്ചുകൊണ്ടിരിക്കുമ്പോള്‍‍ അണിഞ്ഞൊരുങ്ങി വന്നൂ, അവര്‍.
“മോനിരിക്ക്, ട്ടാ! അമ്മ ഈ പൈസ അറബിക്ക് കൊടുത്തിട്ട് വരാം’ : എന്നിട്ട് തലയില്‍ കൈ വച്ച് പിരാകി. “കാലമാടന്‍, ഒരു ദിവസം വൈകിയാ മതി, വന്നു കേറും വീട്ടില്‍‍. പിന്നെ ആ വര്‍ത്താനോം നോട്ടവും വെടലച്ചിരീം....കുടുംബത്തീപ്പിറന്നോര്‍ക്ക് സഹിക്കാനാവ്വോ മോനേ, അതൊക്കെ?’
അമ്മ പോയപ്പോള്‍‍ ശ്രീദേവി അരികെ വന്നിരുന്നു.
‘ഞാനൊരിക്കലും മറക്കില്ലാട്ടോ’ : അവളുടെ വിടര്‍ന്ന കണ്ണുകളിലെ നീണ്ട പീലികള്‍ കൂട്ടിമുട്ടി, പലവട്ടം. നനഞ്ഞ ചുണ്ടുകള്‍ക്കും നിരയൊത്ത പല്ലുകള്‍ക്കും ഇടയില്‍ ചുവന്ന നാവിന്റെ അറ്റം ത്രസിച്ചു.
ആ കൈകള്‍ എന്റെ കൈകളെ തേടി.
“അമ്മ ...’ : ഞാന്‍ വാതിലിലേക്ക് നോക്കി.
‘അമ്മയിനി വരണമെങ്കില്‍ രണ്ട് മണിക്കൂറെങ്കിലും കഴിയും.’
എഴുന്നേറ്റ് വാതില്‍ അകത്ത് നിന്നും കുറ്റിയിട്ടൂ, അവള്‍. എന്നിട്ട് തിരിഞ്ഞ് നിന്ന്, ദഹിപ്പിക്കുന്ന ഒരു ചിരിയോടെ, എന്നെ തന്നിലേക്കാവാഹിച്ചു.

**************

വ്യാജമദ്യവില്‍പ്പന നടത്തിയതിന് സുന്ദരേശന്‍ നായരെ പോലീസ് അറസ്റ്റ് ചെയ്തു. 6 മാസം ജയിലും ഡീപോര്‍ട്ടേഷനും‍. ഫാമിലി വിസയിലായതിനാല്‍ അമ്മക്കും മകള്‍ക്കും അയാളോടൊപ്പം ഗള്‍ഫ് വിടേണ്ടി വന്നു.

ജുവല്ലറിയുടെ പരസ്യം കാണുമ്പോഴൊക്കെ മധുരിക്കുന്ന ഓര്‍‍മ്മയും പുളകം വിടര്‍‍ത്തുന്ന ഉന്മാദവുമായി ശ്രീദേവി മനസ്സില്‍ വന്ന് നിറയും.
വിനോദ് ഓര്‍മ്മിപ്പിക്കും: ‘ചേട്ടാ, നമുക്കവളെ കമ്പനി വിസയില്‍ കൊണ്ട് വന്നാലോ?’
“നോക്കാം”: ഞാനെതിരു പറയാറില്ല.

വിവാഹക്ഷണക്കത്ത് വന്നത് പിന്നേയും ഒരു കൊല്ലം കഴിഞ്ഞാണ്, കൂടെ ഒരു കത്തും.


എന്റെ നാടിന്നടുത്ത് പുല്ലൂര്‍ എന്ന സ്ഥലത്താണ്, മസ്കറ്റില്‍ ജോലിയെടുക്കുന്ന പ്രതിശ്രുത വരന്‍ സതീശന്റെ വീടെന്നവള്‍ അറിയിച്ചു.

എന്നിട്ടെഴുതി: ‘കണ്ടോ, ഏട്ടന്റെ അരികില്‍ തന്നെ ഞാന്‍ ഉണ്ടാകണമെന്നാ ദൈവത്തിനും.”

വിവരമറിഞ്ഞപ്പോള്‍ വിനോദ് പറഞ്ഞു: ‘ഓ, അപ്പോ അവളും പോയി. കാശെത്ര തിന്നതാ തള്ളേം മോളും കൂടി.”

മോഹന്‍‍ ദാസിന്റെ പ്രതികരണവും മറിച്ചായിരുന്നില്ല: ‘രണ്ട് ആഡ് കാമ്പെയിനുകള്‍ക്കുള്ള തുക അവള്‍ അഡ്വാന്‍സ് ആയി വാങ്ങിയിരുന്നൂ!‍‍.’

***************
വാല്‍ക്കഷ്ണം:

കഴിഞ്ഞ കൊല്ലം നാട്ടില്‍ പോയപ്പോള്‍ വല്യേച്ചിയുടെ വീട്ടിലേക്ക് തിരിയുന്ന വഴിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഒരു രമ്യഹര്‍മ്മ്യം എന്റെ ശ്രദ്ധയാകര്‍ഷിച്ചു.

‘ചേച്ചി, നമ്മുടെ റപ്പായി മാപ്പിളയുടെ മകന്‍ ആന്‍ഡ്രു ഇത്ര വല്യ വീട് വച്ചോ? ബാംഗ്ലൂരല്ലേ അവനിപ്പോഴും?’ ഞാന്‍ ചോദിച്ചു.

‘ ആന്‍ഡ്രു സ്ഥലം വിറ്റ് അമ്മേനേം കൊണ്ട് ബംഗളൂരീ പോയെടാ. ഈ വീട് പതിയാരത്തെ സുഭദ്രാമ്മേടെ മോന്‍ സതീശന്റേയാ. നീയറിയോ ആവോ. മസ്ക്കറ്റില്‍‍ ബാങ്കിലോ മറ്റോ ആണ് ജോലി. സുഭദ്രാമ്മേം മരുമോളും കൂടിയാ ഇവിടെ താമസം. മരുമോള്‍ ആളല്പം പെശകാന്നാ ജനസംസാരം. പോരാത്തതിന് യേശുദാസിന്റൊപ്പം പിന്നണി പാടാന്‍ പോയ അനിയത്തീം വന്നിട്ടുണ്ടിപ്പോ. എന്ത് പറയാനാ..... നമ്മുടെ നാടന്‍ പാണന്‍‌മാര്‍ക്ക് പാടി നടക്കാന്‍ കിട്ടുന്ന ഓരോരോ പുരാണങ്ങളേയ്.......!”

Wednesday, November 21, 2007

ഉമിത്തീയിലെരിയുന്ന അഗ്നിരേഖ

നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്വന്തമായി ഒരു കണ്‍സ്ട്രകഷന്‍ കമ്പനി തുടങ്ങാന്‍ മൂത്ത മകന് ചെയര്‍മാന്‍ അനുമതി നല്‍കിയത്.

രണ്ട് നിബദ്ധനകള്‍ മുന്നോട്ട് വച്ചു:
കമ്പനി നടത്തിപ്പിന്റെ മേല്‍നോട്ടം തന്റെ P.A.ക്കായിരിക്കും.
തന്റെ അനുവാദമില്ലാതെ ഒരു പ്രോജെക്റ്റും‍ ഏറ്റെടുക്കരുത്.
-അങ്ങനെയാണ് ഒരു ‘നിര്‍മ്മാണ‘ കമ്പനിക്ക് “ബേബിസിറ്ററാ“യി ഞാന്‍ മാറിയത്.

പ്രശസ്ത ലേബര്‍ സപ്ലൈ ഏജന്‍സിയുടെ മാനേജര്‍ ദേവനെ കൊണ്ട് വന്നത് എഞ്ചിനീയര്‍ മോഹനായിരുന്നു. ഓരോ റിക്രൂട്ടിനും എത്ര ശതമാനം കമ്മീഷന്‍ വേണമെന്ന് ഒരു ചെടിപ്പുമില്ലാതെ അയാള്‍ ചോദിച്ചപ്പോള്‍ വളരെ ശാന്തനായി ഞാ‍ന്‍ പറഞ്ഞു: “ദേവന്‍, ഐ തിങ്ക് ഇറ്റ്സ് ടൈം ഫോര്‍ യു ടു ലീവ്!”

വളിച്ച ഒരു ചിരിയോടെ വാതില്‍ക്കല്‍‍ തിരിഞ്ഞ് നിന്ന്, കൈകള്‍ കൂപ്പി, അയാള്‍ മൊഴിഞ്ഞു: ‘അണ്ണാ, ആളറിയാതെ പറഞ്ഞു പോയതാ; ഷെമീ! ഒരു തെറ്റൊക്കെ ഏത് പോലീസുകാരന്റെ മോനും പറ്റില്ലേ?“

എന്നിട്ട് രഹസ്യം പറയും പോലെ വായ് പൊത്തി, ‘എന്റെ അച്ഛന്‍ ഒരു പോലീസുകാരനായിരുന്നൂ, കേട്ടോ’ എന്ന് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഗൌരവത്തിന്റെ നീര്‍ക്കുമിളകള്‍ തകര്‍ന്നു വീണത് സൌഹൃദത്തിന്റെ തെളിനീര്‍ പ്രവാ‍ഹത്തിലേക്കായിരുന്നു.

"ഞങ്ങളുടെ മദ്രാസ് ഓഫീസില്‍‍ ഒരു സെക്രട്ടറിയുണ്ട്. വളരെ ഏബിളാ. അവള്‍ക്ക് ഗള്‍ഫില്‍ വന്നാല്‍ ‍കൊള്ളാമെന്നൊരാശ. നിങ്ങളുടെ കമ്പനിക്കൊരു മുതല്‍ക്കൂട്ടായിരിക്കും, അവള്‍.”

സെക്രട്ടറി പോസ്റ്റിനെത്തിയ ഉദ്യോഗാര്‍ത്ഥിനികളെ ഒന്നൊന്നായി നിരാകരിച്ച എന്നോട് ദേവന്‍ പറഞ്ഞു.


‘നിങ്ങളുടെ കമ്പനി അറിയാതെയോ?’

‘അതെ. വിസിറ്റ് വിസായില്‍ വരുത്തിയാല്‍ മതി. ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരിച്ചയക്കാമല്ലോ?”

-വളരെ ഇം‌പ്രസ്സീവ് ആയിരുന്നു, രേഖാ തോമസിന്റെ സീ.വി.യും ഫൊട്ടോയും. ഒരു കൊച്ച് സുന്ദരി. സ്വപ്നങ്ങള്‍ മയങ്ങുന്ന, പാതി വിടര്‍ന്ന അവളുടെ കണ്ണുകള്‍ എന്റെ പ്രത്യേക ശ്രദ്ധ പിടിച്ച് പറ്റി.


‘ ദേവന്‍ സാ‍ര്‍ പറഞ്ഞിട്ടുണ്ട്, എല്ലാം. വിസിറ്റ് വിസായില്‍ വരാന്‍ ഞാന്‍ തയ്യാറാണ്.’ : പതിഞ്ഞ, എന്നാല്‍ സ്ഫുടമായ സ്വരം ഫോണിലൂടെ ഒഴുകി വന്നപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് ഹിന്ദി നടി റാണി മുഖര്‍ജിയുടെ മുഖമായിരുന്നു.


*********

‘വിസ എന്റെ കൈയില്‍ തന്നാല്‍ മതി.’ : രേഖയെ സ്വീകരിക്കാന്‍ തയ്യാറായി ദേവന്‍ മുന്നോട്ട് വന്നു.

“താമസസൌകര്യം?”

“അതൊക്കെ ഞാനേറ്റെന്നേ..നാളെ കാലത്ത് അവള്‍ ഓഫീസിലുണ്ടായാല്‍ പോരേ?”: അവന്റെ അര്‍പ്പണബോധത്തില്‍ മതിപ്പ് തോന്നാതിരുന്നില്ല, എനിക്ക്.


ഉച്ചയൂണ് കഴിഞ്ഞ് ഓഫീസിലെത്തിയപ്പോള്‍ റിസപ്ഷനിസ്റ്റ് പറഞ്ഞു: ‘‍ വിസിറ്റേഴ്സ് ഉണ്ട്, സാറിന്റെ ഓഫീസില്‍.’
അപ്പോയിന്റ്മെന്റില്ലാതെ ആരാ‍ണെന്നത്ഭുതപ്പെട്ടു, ഞാന്‍.


വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് കസേരയില്‍ നിന്നെണീറ്റൂ, ഒരു എണ്ണമൈലി നാടന്‍ പെണ്ണ്; കൂടെ കൊമ്പന്‍ മീശക്കാരന്‍ കഷണ്ടിയും.

ഫോട്ടൊയിലെ മുഖം ഞാന്‍ തിരിച്ചറിഞ്ഞു:‘ മിസ്സിസ് രേഖാ തോമസ്?”

“യസ് സര്‍, ഇതെന്റെ കൊച്ചപ്പന്‍..‍ യോഹന്നാന്‍’ : കൊമ്പന്‍ മീശയെ അവള്‍ എനിക്ക് പരിചയപ്പെടുത്തി.

“ എത്ര വരേയാ ജോലിസമയം? കൊണ്ട് പോകാന്‍ ഞാനെപ്പഴാ വരണ്ടേ?’ : ചിരട്ട നിലത്തുരസും പോലെ അയാളുടെ സ്വരം.

“രാവിലെ എട്ടു മുതല്‍ ഒരു മണി വരേയും, വൈകീട്ട് 4 മുതല്‍ 7 വരേയുമാ ജോലി സമയം. സ്പ്ലിറ്റ് ഷിഫ്റ്റാ” : ഞാനറിയിച്ചു.

‘എന്നാ എഴു മണിക്ക് വരാം“: അയാള്‍ നടന്നകുന്നു.


യാത്രാക്ഷീണമുണ്ടെങ്കിലും, പകുതിയടഞ്ഞതെന്ന് തോന്നിക്കുന്ന, നീണ്ട കണ്‍പോളകള്‍‍ക്കുള്ളില്‍ ഓളം വെട്ടുന്ന തീക്ഷ്ണനയനങ്ങള്‍! വലത് കണ്ണില്‍ ഒളിച്ച് കളിക്കുന്ന തവിട്ട് നിറത്തിലുള്ള ഒരു പാട് എന്റെ ശ്രദ്ധ പിടിച്ച് പറ്റി.


“കണ്ണിലെന്താ?’ : ആദ്യ ചോദ്യം.

‘ഭാഗ്യമറുക്; ജന്മനാല്‍ ഉള്ളതാ.”: ആ മിഴികള്‍ എന്റെ മുഖത്ത് തറച്ച് നിന്നു.

അറ്റം വളഞ്ഞ നാസികക്ക് താഴെ വൃത്താകൃതി തോന്നിക്കുന്ന കനം കുറഞ്ഞ അ‍ധരങ്ങള്‍, കൂര്‍ത്ത താടി, അല്പം നീണ്ട കഴുത്ത്....
പാറിപ്പറന്ന മുടി ഒതുക്കി, തോളിലെ വാനിറ്റി ബാഗ് താഴെ വച്ച്, മുന്നിലെ കസേരയില്‍ അവളിരുന്നപ്പോള്‍ ദൃഷ്ടിയില്‍ തടഞ്ഞത് അല്പം‍ ഉയര്‍ന്ന, ഞൊറികളുള്ള വയറാണ്. പിന്നെ തൂങ്ങിക്കിടക്കുന്ന നീര്‍ക്കുടങ്ങളും.


സ്ത്രീസഹജ സ്വാഭാവികതയോടെ സാരി വലത് ഭാഗത്തേക്ക് വലിച്ചിട്ട് കണ്ണുകളുയര്‍ത്തി എന്നെ നോക്കി, അവള്‍.


പിന്നെ കണ്ണുകള്‍ വിടര്‍ത്തി, ചുണ്ടുകള്‍ പിളര്‍ത്തി, പല്ലുകളുടെ ധവളിമ ചുറ്റും പര‍ത്തി.

*********

പുതിയ കമ്പനിയുടെ സ്ഥിതി, സ്വഭാവം, പ്രവര്‍ത്തനം എല്ലാം അവള്‍ വേഗത്തില്‍ ‍ ഹൃദിസ്ഥമാക്കി. കുഴഞ്ഞ് മറിഞ്ഞ് കിടന്നിരുന്ന കണക്കുകളും ഫയലുകളും ഒരു ജാലവിദ്യക്കാരിയുടെ കൈയടക്കത്തോടെ കൈപ്പിടിയിലൊതുക്കി.


‘നമ്മുടെ കമ്പനിക്ക് യോജിച്ചത് ‘ടാലി‘യാ.’: അവള്‍ നിര്‍ദ്ദേശിച്ചു.

‘ടാലി അറിയാന്മോ?‘ :ഞാന്‍ ചോദിച്ചു.

‘പാക്കേജ് എടുത്താല്‍ ഫ്രീയായി ട്രെയിനിംഗ് തരാമെന്ന് പറയുന്നു. ഉച്ചക്ക് ഞാനിവിടെ വെറുതെയിരിക്കയല്ലേ? നാളെ തുടങ്ങിയാലോ?’

************


ഒരു തിങ്കളാഴ്ച:

ഓഫീസിലെത്തിയപ്പോള്‍ കാത്തിരിക്കുന്നൂ, രേഖ.

ഉറങ്ങാത്ത മുഖം, ഒതുക്കാ‍ത്ത മുടി, കലങ്ങിയ കണ്ണുകള്‍, കണ്ണീര്‍ച്ചാലുകള്‍ വികൃതമാക്കിയ കവിള്‍ത്തടങ്ങള്‍.
‘ഗുഡ് മോണിംഗ് സര്‍” : സ്വരത്തിന് വേദനയുടെ താപം.

‘ഇരിക്കൂ, രേഖേ. എന്തു പറ്റി?‘


അവളുടെ കണ്ണുകള്‍ കാര്‍പെറ്റില്‍ ഉഴറി നടന്നു. പിണഞ്ഞും അഴിഞ്ഞും പരസ്പരം അകന്നും മനസ്സിലെ പ്രക്ഷുബ്ധത പ്രകടമാക്കിക്കൊണ്ടിരുന്നു, കൈവിരലുകള്‍.

ഓഫീസ് ബോയ് കൊണ്ട് വന്ന ചായ കുടിച്ച് തീരും വരെ അവള്‍ ശബ്ദിച്ചില്ല.


‘സര്‍, കുറച്ച് സമയം എനിക്ക് സംസാരിക്കണം. ഡു യു മൈന്‍ഡ്?”

‘നോ പ്രോബ്ലം... പറഞ്ഞോളൂ”

“സാറിനെ മാത്രം വിശ്വസിച്ചാ വിസിറ്റ് വിസയില്‍ ഞാനിവിടെ വന്നത്’: അവള്‍ തുടങ്ങി.

‘അതെങ്ങനെ? ദേവനെയല്ലേ നിനക്ക് പരിചയം?”: ഞാന്‍ ഇടയില്‍ക്കയറി.

“അല്ലാ, സര്‍. ഓഫര്‍ കിട്ടിയതിന്റെ അടുത്ത ദിവസം ഞാന്‍ വേളാങ്കണ്ണിയില്‍‍ പോയി. ധ്യാനിച്ചിരുന്നപ്പോള്‍ മാതാവെന്നോട് പറഞ്ഞു: ‘മോളേ, നീ ധൈര്യമായി പൊയ്ക്കോ. രക്ഷകനായി നിനക്കവിടെ ഒരാളുണ്ടെന്ന്. സാറിന്റെ ശബ്ദം ഫോണിലൂടെ കേട്ടപ്പോള്‍ ‍ അതാരാണെന്ന് എനിക്ക് ഉറപ്പായി.”

‘എന്ത്?‘ എനിക്ക് ചിരി വന്നു:“മാതാവ് അറിയുമോ എന്നെ?”

“അറിയും സര്‍; എല്ലാം അറിയുന്നവളാ മാതാവ്”


അവളുടെ ദൃഷ്ടികള്‍‍ ദീപ്തമായി. ധ്യാനത്തിലെന്നോണം അവ മുകളിലേക്കുയര്‍ന്നു. കൈകള്‍ നെഞ്ചില്‍ ചേര്‍ന്നു.


കഴുത്തില്‍, മാറിടങ്ങള്‍ക്കിടയിലൂടെ താഴോട്ടിറങ്ങിക്കിടന്ന, മുത്തുമാലയില്‍ തൂങ്ങുന്ന കുരിശു രൂപം അപ്പോഴാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്.

‘സര്‍, ‘ അവള്‍ തുടര്‍ന്നു: ‍‘സാറിന്റെ കൂട്ടുകാരനാണെങ്കിലും ദേവന്‍ അത്ര നല്ലവനല്ല. വിസയുടെ കോപ്പിയും ടിക്കറ്റും അയക്കും മുന്‍പ് ചില കണ്ടീഷന്‍സ് അയാള്‍ മുന്നോട്ട് വച്ചിരുന്നു. ദുബായില്‍ വന്നാല്‍ കുറച്ച് സോഷ്യല്‍ ആകണം, ബോസിനോട് ഫ്രീ ആയി ഇടപഴകണം, ഒന്നിച്ച് പാര്‍ട്ടികള്‍ക്ക് പോണം എന്നൊക്കെ. ഇതിന്റെയൊക്കെ അര്‍ത്ഥമൂഹിക്കാനാവാത്ത കൊച്ച് കുട്ടിയാണോ ഞാന്‍?”


കസേരയിലേക്ക് ഇറങ്ങിയിരുന്ന്, കൈമുട്ടുകള്‍ മേശയുടെ വശങ്ങളിലൂന്നി, അവള്‍ എന്റെ നേരെ തിരിഞ്ഞൂ:

‘ദുബായില്‍ അയാളുടെ റൂമില്‍ കൂടെ താമസിപ്പിക്കാനായിരുന്നു പ്ലാന്‍. മാതാവ് മുന്നറിയിപ്പ് തന്നത് കൊണ്ടാ കൊച്ചപ്പനോട് എയര്‍പോര്‍ട്ടില്‍ വരാന്‍ ഞാനാവശ്യപ്പെട്ടത്.“


ഒന്ന് നിര്‍ത്തി തലതാഴ്ത്തി, അവള്‍.

മിഴികള്‍ വീണ്ടും തരളിതമായി.

“പക്ഷേ മറ്റൊരു കെണിയിലേക്കാണ് ആ യാത്രയെന്ന് ഞാനൊരിക്കലും കരുതിയിയില്ല. അമ്മച്ചിയുടെ അനിയത്തി....കൊച്ചമ്മ, അവരുടെ ഭര്‍ത്താവ് എനിക്ക് അപ്പച്ചനേപ്പോലല്ലേ?‘ ചോദ്യരൂപത്തില്‍ അവളെന്നെ നോക്കി.


ഞാന്‍ തലയാട്ടി.

‘ഇന്നലെ അന്നമ്മച്ചിയും മോനും പള്ളിയില്‍ പോയിരിക്കുവാരുന്നു. ഞാന്‍ ഓഫീസില്‍ നിന്നെത്തി കുളിക്കാന്‍ കയറിയതാ. ഒന്ന് തള്ളിയാല്‍ ഊരി പോരുന്ന കൊളുത്താ ബാത് റൂമിന്റേത്.“


ആ നിമിഷങ്ങളിലേക്ക് മനസ്സിനെ നയിച്ചപ്പോഴവളുടെ കണ്ണുകള്‍‍ താനെ അടഞ്ഞു.

“കുളിക്കാന്‍ തുടങ്ങിയതും വാതിലില്‍ ശക്തമാ‍യ ഒരു തള്ളല്‍. ഉടുത്ത ഒറ്റമുണ്ടും വിശന്ന ചെന്നായുടെ കണ്ണുകളുമായി കൊച്ചപ്പന്‍ അകത്ത്. ശബ്ദിക്കാന്‍ കഴിയും മുന്‍പേ എന്റെ ബാത് ടവല്‍ അയാള്‍‍ പറിച്ചെറിഞ്ഞൂ.”: അവള്‍ കിതച്ചൂ.“മാതാവിന്റെ കൃപകൊണ്ട് എങ്ങനേയോ അയാളെ തള്ളി മാറ്റി, നൂല്‍ബന്ധം പോലുമില്ലാതെ, ഓടി ഞാന്‍ അന്നമ്മച്ചീടെ മുറിയില്‍ക്കയറി കതകടച്ചു. രാത്രി അന്നമ്മച്ചി പള്ളീന്ന് വന്ന ശേഷമാ കതക് തുറന്നേ..’


ഒരു കാടന്‍ പൂച്ചയെപ്പോലെ മുരളുകയായിരുന്നൂ, അവള്‍.





‘തനിക്ക് സ്വന്തമായി റൂമില്ലേ, അവിടെ?’ : ഞാന്‍ ചോദിച്ചു.






‘ഇല്ലാ സര്‍; പഴയ ഒരു വില്ലയിലെ ഒറ്റ മുറിയിലാ അവര്‍ താമസിക്കുന്നത്. എന്റെ ഇരിപ്പും കിടപ്പുമെല്ലാം കോറിഡോറിലെ സോഫായിലാ‍യിരുന്നു. 300 ദിരംസിന് അതിലും നല്ല സ്ഥലം ദുബാ‍യില്‍ കിട്ടുമോ, സര്‍?’






കരുണയുടേയും സ്നേഹത്തിന്റേയും മഞ്ഞുമലകള്‍ ഒന്നിച്ചുരുകീ, എന്റെ മനസ്സില്‍.






“എനിക്ക് താമസിക്കാനൊരു സ്ഥലം ശരിയാക്കിത്തരണം, ഇന്ന് തന്നെ. ഞാനിനി അവിടെ കാല്‍ കുത്തുന്ന പ്രശ്നമില്ല’.






‘ നിന്റെ സാധനങ്ങളെടുക്കാനെങ്കിലും കാല്‍ കുത്തേണ്ടി വരില്ലേ, അവിടെ?’ : പിരിമുറുക്കം കുറയ്ക്കാന്‍ അല്പം തമാശ കലര്‍ത്തി ചോദിച്ചു, ഞാന്‍.



“ബാഗും എടുത്തോണ്ടാ ഇറങ്ങിയേ. ഓഫീസില്‍‍‍ വച്ചിട്ടുണ്ട്.”

*************
ഗള്‍ഫ് ന്യൂസിന്റേയും ഖലീജ് റ്റൈംസിന്റേയും ക്ലാസ്സിഫൈഡുകള്‍ പരതലായിരുന്നു, പിന്നെ ഞങ്ങളുടെ പണി. വിവരമറിഞ്ഞ മറ്റ് സ്റ്റാഫംഗങ്ങളും കൂടെ കൂടി. അവസാനം കരാമയില്‍ ഷെയ്ക്ക് കോളനിയില്‍ ഒരു ഷയറിംഗ് അക്കൊമൊഡേഷന്‍‍ ഒത്ത് കിട്ടി.

‘കണ്ടോ, മാതാവെന്നെ കൈവിട്ടില്ല”: അഡ്വാന്‍സ് കൊടുത്ത്, ഫ്ലാറ്റുടമയായ ഗോവാക്കാരിയോട് യാത്ര പറഞ്ഞിറങ്ങവേ, രണ്ട് കൈകളും കൂട്ടിപ്പിടിച്ച്, കാതര ‍മിഴികള്‍ എന്റേതിലൂന്നി‍ തേങ്ങി, അവള്‍.
“സാറിന്റെ കടമൊക്കെ ഞാന്‍ എങ്ങനേയാ‍ വീട്ടുക?”
അവളുടെ കണ്ണുകള്‍ വന്യമായി തിളങ്ങുന്നതും വലത് കണ്ണിലെ ചാരനിറമുള്ള മറുക് മേല്‍കീഴ് ചാഞ്ചാടുന്നതും നോക്കി നിന്നു ഞാന്‍.അവളുടെ നിശ്വാസങ്ങള്‍ക്കപ്പോള്‍ പ്രചണ്ഢമായ ഒരു മണ‍ല്‍ക്കാറ്റിന്റെ ചൂരും ചൂടും ചടുലതയും!

*************

ജോലികള്‍ പെട്ടെന്ന് തീര്‍ത്ത് ഇടക്കിടെ അവളെന്റെ ക്യാബിനിലെത്തും.
‘ദിവസവും കുറച്ച് നേരം എനിക്ക് വേണ്ടി മാറ്റി വയ്ക്കണം, സര്‍: ’ അവള്‍ പറയും.” ഈ ഒറ്റപ്പെട്ട ജീവിതമല്ലെങ്കിലെന്നെ ഭ്രാന്തിയാക്കി മാറ്റും.’

ഓഫീസ് കഴിഞ്ഞ് അവളെ റൂമില്‍ കൊണ്ട് വിടുക എന്നതു കൂടി എന്റെ ദിനചര്യയുടെ ഭാഗമാക്കിത്തീര്‍ത്തു, അവള്‍.

‘രാത്രി ഒറ്റക്ക് പോകാനെനിക്ക് പേടിയാ. പിന്നെ അത്രേം സമയം കൂടി സാറിനോട് സംസാരിക്കാല്ലോ?”

ദാരിദ്ര്യത്തിന്റെ പാരമ്യത്തില്‍‍, കാഞ്ഞിരപ്പള്ളിയില്‍ നിന്നും കണ്ണൂരിലെ പെരളശ്ശേരിയില്‍ കുടിയേറിപ്പാര്‍ത്ത അവളുടെ പ്രപിതാക്കന്മാരെപ്പറ്റിയും മദ്രാസില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റിവായി ജോലി നോക്കുന്ന ഭര്‍ത്താവ് തോമസ് ഇടിക്കുളയെന്ന ടോമിച്ചനെപ്പറ്റിയുമൊക്കെ ഞാന്‍ അടുത്തറിയുന്നത് ആ യാത്രകളിലാ‍ണ്.

“ടോമിച്ചന്‍ സ്നേഹമുള്ളോനാ‘: ഭര്‍ത്താവിനെപ്പറ്റി പറയുമ്പോള്‍ അവളുടെ സ്വരം‍ അനുരാഗത്തിന്റെ തേനുറവകളുതിര്‍ന്ന് കുതിരും.
“ഒരു ജോലി ശരിയാക്കി അച്ചായനേം ഇങ്ങോട്ട് കൊണ്ട് വരണം. സാറെന്നെ സഹായിക്കില്ലേ?’
ആ കണ്ണുകള്‍ തുറന്നടഞ്ഞു.
വലത് കണ്ണിലെ മറുക് ഒളിച്ചുകളി തുടര്‍ന്നു.

കണ്ണില്‍ മറുകുകളൊ പ്രകടമായ ചിഹ്നങ്ങളോ ഉള്ളവര്‍ അമാനുഷശക്തിയും അതീന്ദ്രീയജ്ഞാനവും ഒക്കെ ഉള്ളവരാ‍യിരിത്തീരുമെന്ന് എവിടെയാണ് വായിച്ചത് എന്നോര്‍ക്കാന്‍ ശ്രമിക്കയായിരുന്നൂ, ഞാനപ്പോള്‍.
**************

‘ഇന്നെന്റെ വെഡ്ഡിംഗ് ആന്നിവേഴ്സറിയാ’..
കൈയില്‍ ഒരു ടിന്‍ ചോക്കളേറ്റുമായിട്ടായിരുന്നു രേഖയുടെ വരവ്.കൈയില്‍ ഭര്‍ത്താവയച്ച ‘ഹാപ്പി ആനിവേഴ്സറി‘ കാര്‍ഡുമുണ്ടായിരുന്നു. ’മിസ് യു, മിസ് യു’ എന്ന് ചുവന്ന മഷിയില്‍ എഴുതിയിരിക്കുന്നൂ, ‍ കാര്‍ഡിന്റെ നാലു മൂലകളിലും.

“പ്രസവത്തിലേ കുഞ്ഞ് മരിച്ചില്ലായിരുന്നുവെങ്കില്‍ നാട് വിടുകയോ ടോമിച്ചനെ പിരിയുകയോ ചെയ്യേണ്ടി വരില്ലായിരുന്നു.“
ആഹ്ലാദം ജ്വലിച്ച് നിന്ന ആ മുഖത്ത് വിഷാദത്തിന്റെ കാര്‍മേഘങ്ങള്‍ പടര്‍ന്നത് പെട്ടെന്നാണ്.
“അതോടെ ജീവിതം മടുത്തു, സര്‍! ഒളിച്ചോടണമെന്നും സന്യാസിനിയാകണമെന്നും ഒക്കെ തോന്നി. അപ്പോഴാണ് സാറിന്റെ ഓഫര്‍ വന്നത്.’
‘എത്ര കാലമായി‍?’ : ഞാന്‍ ചോദിച്ചു.
“ആറു മാസം. കുഞ്ഞ് വയറ്റില്‍ വച്ചേ മരിക്കയായിരുന്നൂ.”

സാരി അല്പം മാറ്റി, ഞൊറികളുള്ള വലിയ തന്റെ വയര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടവള്‍ പറഞ്ഞു: ‘ഇത് കണ്ടോ..... മരുന്നുകളേറെ കഴിച്ചിട്ടും ചുരുങ്ങിയിട്ടില്ലിത് വരെ.“




പിന്നെ ഒരു ചെറുചിരിയോടെ ഒളികണ്ണിട്ടെന്നെ നോക്കി, കൈ മാറിടത്തിലേക്കുയര്‍ത്തി ബാക്കി സംശയവും ദൂരീകരിച്ചു: “ ദാ, ഇതിന്റെ സ്ഥിതിയും അങ്ങനെ തന്നെ. ഇപ്പഴും ‍ പാല്‍ ചുരത്തും‍.”



***************

ഒരു വെള്ളിയാഴ്ച വൈകുന്നേരം:
കൂട്ടുകാരന്റെ വീട്ടില്‍ സൊറപറച്ചിലും സുരപാനവും റമ്മികളിയുമൊക്കെയായി ഒത്ത് കൂടിയിരിക്കയായിരുന്നു, ഞങ്ങള്‍.

മൊബൈല്‍ ശബ്ദിച്ചപ്പോള്‍ അവഗണിച്ചു. പക്ഷേ നിര്‍ത്താതെ അത് ചിലച്ചപ്പോള്‍ പ്രിയതമ തന്നെ അതെടുത്ത് തന്നു: “ നോക്ക്, വല്ല അത്യാവശ്യകാര്യവുമാണെങ്കിലോ?”

ഗോവക്കാരി ആന്റിയായിരുന്നു, ലൈനില്‍. രേഖ കാലത്തേമുതല്‍ മുറിക്കുള്ളിലാണത്രേ. ആദ്യം മൌനവൃതത്തിലായിരുന്നെങ്കില്‍‍ ഇപ്പോള്‍ വയലന്റ് ആയിരിക്കുന്നു. മുറിയിലെ സാധനങ്ങള്‍ ഒന്നൊന്നായി എറിഞ്ഞുടക്കയാണവള്‍. ‘സര്‍‘ വന്നാലേ കതക് തുറക്കൂ എന്നാണ് നിലപാട്.

‘ഓഫീസ് കാര്യമാ‍, ഇപ്പോ വരാം’: എന്ന് പറഞ്ഞ് ഞാന്‍ പെട്ടെന്നിറങ്ങി.

ഞാന്‍ വിളിച്ചതും വാതില്‍ തുറന്നു, അവള്‍. എന്നിട്ട് ഒരു കുഞ്ഞിന്റെ നിഷ്കപടതയോടെ ഓടി വന്നെന്റെ തോളില്‍ ചാരി, തേങ്ങി.

‘സാറിനോട് സംസാരിക്കാതിരുന്നിട്ട് വട്ട് പിടിക്കുന്ന പോലെ... എന്നെ ഈ ഗുഹയില്‍ നിന്നെങ്ങോട്ടെങ്കിലും കൊണ്ട് പോകാമോ?‘

ദുബായ് ക്രീക്കില്‍, വളരെ വൈകും വരെ, കപ്പലണ്ടി കൊറിച്ചും തമാശകള്‍‍ പറഞ്ഞും നടന്നൂ, ഞങ്ങള്‍.
******************
രേഖയുടെ എമ്പ്ലോയ്മെന്റ് വിസ അപ്ലിക്കേഷന്‍ ലേബര്‍ ഡിപാര്‍ട്ട്‌മെന്റ് റിജെക്റ്റ് ചെയ്തു.
ക്വാളിഫൈഡ് ആയ ധാരാളം പേര്‍ ദുബായില്‍ തന്നെ‍ ‍ ഉള്ളപ്പോള്‍‍ എന്തിന് പുറത്ത് നിന്ന് കൊണ്ട് വരുന്നൂ എന്നായിരുന്നു അവരുടെ ചോദ്യം.

‘സാരമില്ല, റീസബ്മിറ്റ് ചെയ്താല്‍ മതി. ഇതൊക്കെ പതിവാ”: പി ആര്‍ ഒ ആശ്വസിപ്പിച്ചു.
പക്ഷെ അതൊരനുഗ്രഹമായിട്ടാണ് എനിക്ക് തോന്നിയത്. രേഖയുടെ സ്വഭാവത്തിലെ പെട്ടെന്നുള്ള നിറം മാറ്റങ്ങള്‍ അപ്പോഴേക്കും ആശങ്കയുടെയും ഭീതിയുടെയും മുള്ളുവേലികള്‍ പടര്‍ത്തിയിരുന്നു, എന്റെ മനസ്സില്‍.

‘ഒരു മാസത്തിന് ശേഷം റീ അപ്ലൈ ചെയ്യാം, രേഖാ; കിട്ടാതിരിക്കില്ല. PRO പറഞ്ഞത് നീയും കേട്ടതാണല്ലോ?’ : അവളെ എയര്‍പോര്‍ട്ടില്‍ വിടുമ്പോള്‍ ഞാനുറപ്പ് നല്‍കി.

മദ്രാസില്‍ എത്തിയ ശേഷം രേഖയുടെ ഫോണ്‍ കോളുകള്‍ തുരുതുരാ വന്നു കൊണ്ടിരുന്നു. അപ്ലിക്കേഷന്‍ വീണ്ടും റിജെക്റ്റ് ആയി എന്ന നുണ എനിക്ക് പലവട്ടം ആവര്‍ത്തിക്കേണ്ടി വന്നൂ.
‘വിസ കിട്ടും വരെ ഇവിടെ മറ്റൊരു ജോലി നോക്കിയാ‍ലോ?’: അവള്‍ ചോദിച്ചു.
‘അതെ, വീട്ടില്‍ വെറുതെയിരിക്കേണ്ടല്ലോ?” ഞാന്‍ പിന്താങ്ങി.

********
"സര്‍, ടോമിച്ചന്‍ അബുദാബിയിലുണ്ട്, ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനീടെ വിസയിലാ“ : ഒരു രാത്രിയില്‍, രേഖയുടെ ഫോണ്‍ കോള്‍.
“ഓ, അഭിനന്ദനങ്ങള്‍’: ഞാന്‍ പ്രതിവചിച്ചു.
“പക്ഷെ ടോമിച്ചന്‍ അത്ര ഹാപ്പിയല്ലെന്ന് തോന്നുന്നു. സാര്‍ ഈ നമ്പറിലൊന്ന് വിളിച്ച് സംസാരിക്കാമോ?”
75000 രൂപാ കൊടുത്ത് ഒരു മലയാളിയുടെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലാണ് തോമസ് എത്തിയിരിക്കുന്നത്. പക്ഷേ തന്റേത് ‍ വിസിറ്റ് വിസയാണെന്ന് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത ശേഷമാണയാള്‍ മനസ്സിലാക്കുന്നത്.

ദിവസം 16 മണിക്കൂര്‍ ജോലി. വര്‍ക്ക് ഷോപ്പിന്നകത്താണ് ഓഫീസ്. അതും വെള്ളമോ ഭക്ഷണമോ ലഭിക്കാത്ത, ടാക്സി പോലും ചെന്നെത്താത്ത ‘മുസഫ‘യിലെ ഒരു റിമോട്ട് ഏരിയായില്‍.

തിരിച്ച് പോകണമെന്ന് വാശി പിടിച്ചപ്പോള്‍‍ മുതലാളി‍ പറഞ്ഞത്രേ: ‘തന്ന പണം തിരിയെ പ്രതീക്ഷിക്കണ്ടാ. മാത്രമല്ല വിസക്കും ടിക്കറ്റിനുമായി ചിലവാക്കിയ 5000 ദിര്‍ഹം നഷ്ടപരിഹാരമായി തരികയും വേണം!‘

മുതലാളിയോട് സംസാരിച്ചപ്പോല്‍ നഷ്ടപരിഹാ‍രം 3000 ദിര്‍ഹമില്‍ ഒതുക്കാന്‍ അയാള്‍ തയ്യാറായി. ദുബായില്‍ വന്ന് പൈസ വാങ്ങിപ്പോകാന്‍‍‍ തോമസിന് ഒരു ദിവസത്തെ ലീവും അനുവദിച്ചു.

സന്ധ്യയാകാറായിരുന്നു തോമസ് ദുബായിലെത്തിയപ്പോള്‍. മിടുക്കനും മിതഭാഷിയുമായ ഒരു ചെറുപ്പക്കാരന്‍. ടാക്സി സ്റ്റാന്‍ഡില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ ഞാന്‍ പറഞ്ഞു: ‘രാത്രിയായല്ലോ തോമസ്, ഇനി നാളെയേ പോകാനൊക്കൂ”
‘സാറിനെ ബുദ്ധിമുട്ടിക്കരുതെന്ന് രേഖ പ്രത്യേകം പറഞ്ഞിട്ടുണ്ട്’: അയാളുടെ ശബ്ദത്തില്‍ കുറ്റബോധം.
‘അബുദാബിയിലെത്തിയാല്‍ പോരല്ലോ? ആ മണല്‍ക്കാട്ടിലെത്തിപ്പെടണ്ടേ?”: എന്ന് പറഞ്ഞപ്പോള്‍ ചിരിച്ചൂ, അയാള്‍.

രാ‍ത്രി:

രണ്ട് പെഗ്ഗ് മദ്യം അകത്ത് ചെന്നപ്പോഴേക്കും തോമസ് ഇടിക്കുള ഫ്ലാറ്റായി. കുഴഞ്ഞ ശബ്ദത്തില്‍ അയാള്‍ സംസാരിച്ച് ‍ തുടങ്ങി.

“നല്ലൊരു കുടുംബത്തില്‍ പിറന്നോനാ സാറെ ഞാന്‍. MSc പാസ്സാ, അതും ഫസ്റ്റ് ക്ലാസ്സില്‍. പ്രേമിച്ച് , വീട്ടുകാരെയൊക്കെ പിണക്കിയാ, ഞാന്‍ രേഖയെ കല്യാണം കഴിച്ചത്. അന്നൊക്കെ ഞങ്ങടെ വീടൊരു സ്വര്‍ഗമായിരുന്നു. ഭക്തിയുടേയും പ്രാര്‍ത്ഥനയുടേയും ആധിക്യമൊഴിച്ചാല്‍ ഒരു പച്ചപ്പാവമായിരുന്നൂ, അവള്‍.’

നിശ്ശബ്ദനായി കേട്ടുകൊണ്ടിരുന്നൂ, ഞാന്‍.

“പക്ഷെ നാളുകള്‍ ചെല്ലുന്തോറും ഞങ്ങടെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴാന്‍ തുടങ്ങി. എന്നും അവള്‍ക്ക് പള്ളിയില്‍ പോണം. മാസത്തിലൊരിക്കല്‍ വേളാങ്കണ്ണീലും. പല രാത്രികളിലും ഉറങ്ങുകയേ ഇല്ല. എണീറ്റിരുന്ന് പ്രാര്‍ത്ഥിക്കും, ബൈബിള്‍ വായിക്കും, ഗീതങ്ങള്‍ ആലപിക്കും. മാതാവ് ശരീരത്തില്‍ അവേശിച്ചെന്നോണം കല്പനകള്‍ പുറപ്പെടുവിക്കും. എല്ലാം ഞാന്‍ അനുസരിക്കണം; അല്ലേലവള്‍ അക്രമാസക്തയാകും‍.”
ഒരു പെഗ്ഗ് കൂടി വിഴുങ്ങി, തല കുടഞ്ഞു കൊണ്ടയാള്‍ തുടര്‍ന്നു:

‘മദ്രാസില്‍ ജോലിയുള്ള എന്റെ അനിയത്തി, ഞങ്ങളോടൊപ്പമാണ് താമസിച്ചിരുന്നത്. ‍ ഒരു ദിവസം രാത്രി, രേഖ അവളെ വീട്ടില്‍ നിന്നും അടിച്ച് പുറത്താക്കി. കാരണമറിയോ: എനിക്ക് പെങ്ങളുമായി ലൈംഗിക ബന്ധമുണ്ടത്രേ!

അപ്പോഴേക്കും സഹനശക്തിയുടെ നെല്ലിപ്പലകയും കണ്ടിരുന്ന ഞാന്‍, നിര്‍ബന്ധിച്ച് അവളെ ഒരു മനഃശ്ശാസ്ത്രജ്ഞനെ കാണിച്ചു. ഡോക്ടര്‍ പറഞ്ഞപ്പോഴാണറിഞ്ഞത്, ‍ ഏറെക്കാലമായി അവള്‍ സ്കിസോഫ്രീനിയ എന്ന മനോരോഗത്തിനുള്ള മരുന്നുകള്‍ കഴിച്ച് കൊണ്ടിരിക്കയായിരുന്നെന്ന്. ‘




മദ്യക്കുപ്പിയേയും ഗ്ലാസ്സിനേയും മാറി മാറി നോക്കി കുറച്ച് നേരം മിണ്ടാതിരുന്നു, അയാള്‍. ഒരു പെഗ് കൂടിയായാലോ എന്നാലോചിക്കയാ‍യിരുന്നിരിക്കാം.

‘മരുന്ന് കഴിച്ച് തുടങ്ങിയപ്പോള്‍ അവള്‍ നോര്‍മലായി. പിന്നെ ഗര്‍ഭധാരണം, പ്രസവം, കുട്ടിയുടെ മരണം.....വിഷാദരോഗം വീണ്ടും തലപൊക്കി. ഭക്തിജ്വരത്തില്‍ വീണ് അവളെനിക്ക് നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ടു.‍ കുറച്ച് നാള്‍ മാറിനിന്നാല്‍ ശരിയായേക്കുമെന്ന പ്രതീക്ഷയിലാണ് അവളെ ദുബായ്ക്ക് അയച്ചത്. മരുന്നുകള്‍ മുടങ്ങാതിരുന്നാല്‍ പ്രശ്നമില്ലെന്ന് ഡോക്ടറും പറഞ്ഞു.

ഇതാ സര്‍, ഇപ്പോത്തന്നെ നോക്കൂ. റിക്രൂട്ട്‌മെന്റില്‍ എക്സ്പെര്‍ട്ട് ആയ രേഖയാണ് എന്നെ ഇങ്ങോട്ടയച്ചത്. കൈയിലുള്ള പണമെല്ലാം കൊടുത്ത്, ജോലിയെന്തെന്നറിയാതെ, വിസിറ്റ് വിസയാണെന്നറിയാതെ.....

അവള്‍ ചെയ്യുന്നത്, അതെന്തായാലും, അതാണ് ശരി... ആരും ചോദ്യം ചെയ്യാന്‍ പാടില്ല“: അയാള്‍ മുറുമുറുത്തു.

***************
രേഖയെ അവസാനമായി കണ്ടത് കഴിഞ്ഞ ജനുവരിയിലായിരുന്നു. ഒരു പ്രോപെര്‍ട്ടിയുടെ സെയിത്സ് ഡീഡില്‍ ഒപ്പ് വയ്ക്കാന്‍ ചെന്നൈയിലെത്തിയപ്പോള്‍.

ഫോണ്‍ ചെയ്തപ്പോഴവള്‍ വാചാലയായി:
“എന്നെ കാണാതെ പൊയ്ക്കളയരുത്. പിന്നെ ടോമിച്ചന് സാറന്ന് കൊടുത്ത പൈസയും തിരിച്ച് തരണ്ടേ?’
അവള്‍ തുടര്‍ന്നു:
“ഹോട്ടല്‍ സവേരയില്‍ തന്നെ മുറി കിട്ടിയത് നന്നായി. അതിനടുത്താ എന്റെ ഓഫീസ്. ഓഫീസിലേക്ക് പോകും വഴി ഞാന്‍ ഹോട്ടലില്‍ വരാം, കാലത്ത് 8 മണിക്ക്. ഒരു കണ്ടീഷന്‍: ‘മാല്‍‍ഗുഡി‘യില്‍ നിന്ന് എനിക്ക് മസാലദോശ വാങ്ങി തരണം.”

8 മണിക്കവള്‍‍ വന്നപ്പോള്‍ റെസ്റ്റോറന്റില്‍ പോകാന്‍ തയ്യാറായിരിക്കയായിരുന്നു, ഞാന്‍.
പക്ഷെ എന്തോ ഒരു പന്തികേടു പോലെ.....
ഉച്ചിയില്‍ കെട്ടിയ മുടി, ഉടഞ്ഞ വസ്ത്രങ്ങള്‍, ഉറപ്പില്ലാത്ത നോട്ടം,
-ഉറക്കത്തില്‍ നിന്നെണിറ്റ് വരും പോലെ.

“എന്താ രേഖേ, സുഖമില്ലേ? “: ഞാന്‍ ഉത്കണ്ഠാകുലനായി.
“ഒന്നുമില്ല“: വാ തുറന്നപ്പോള്‍ അസഹ്യമായ ഒരു ഗന്ധം അന്തരീക്ഷത്തില്‍ കലര്‍ന്നു.
വാതിലടച്ച് അവള്‍ കട്ടിലില്‍ വന്നിരുന്നു.


എന്നെ തറച്ച് നോക്കി എന്തോ പിറുപിറുത്തു.
പിന്നെ ഒരു കവറെടുത്ത് എനിക്ക് നീട്ടി: ‘ ഇതാ പൈസ, ഇപ്പഴത്തെ എക്സ്ചേഞ്ച് റേറ്റ് പ്രകാരം.”

വികാരമറ്റ വാക്കുകള്‍!
പിന്നെ എന്തോ ഓര്‍ത്തെന്നപോലെ പെട്ടെന്നെഴുന്നെറ്റു:“പോട്ടെ, ഓഫീസിലെത്താന്‍ വൈകി’
“ഓഫീസോ..ഇത്ര നേരത്തേയോ?”: ഞാനത്ഭുതപ്പെട്ടു.
കേള്‍ക്കാത്ത മട്ടില്‍, തിരിഞ്ഞ് നോക്കാതെ നടന്നു, അവള്‍.
************
റജിസ്ട്രാഫീസിലെ ജോലി തീര്‍ത്ത് ഹോട്ടലിലെത്തി, റൂം വെക്കേറ്റ് ചെയ്യും മുന്‍പ് എനിക്ക് തോന്നി അവളെ ഒന്ന് വിളിക്കണമെന്ന്.


ഓഫീസില്‍ അവള്‍ തന്നെയാണ് ഫോണെടുത്തത്.
“രേഖേ, എന്താണ് പ്രശ്നം? : ഞാന്‍ ചോദിച്ചു.
‘പ്രശ്നമോ, എന്ത് പ്രശ്നം? സാറെപ്പോഴാ പോകുന്നേ? ‘
‘പുറപ്പെടുകയായി. രേഖേ, നിനക്കെന്ത് പറ്റി? ഏത് കോലത്തിലാ നീയിന്ന് ഹോട്ടലില്‍ വന്നത്?“
“അതോ” : വരണ്ട ഒരു ചിരിയും അതിന്റെ പ്രതിധ്വനികളും കര്‍ണ്ണങ്ങളില്‍ അലയടിച്ചു. “ഇന്നലെ രാത്രി മാതാവ്‍ എന്റെ സ്വപ്നത്തില്‍ വന്നിരുന്നു. മാതാവ് പറയുകയാ... മോളെ, ഈ ലോകത്തില്‍ ഒരു പുരുഷനെപ്പോലും വിശ്വസിക്കരുത്; നിന്റെ സാറിനെപ്പോലും. ഹോട്ടലില്‍‍ നീ ഒറ്റക്കല്ലേ പോകുന്നത്. സൂക്ഷിക്കണം... എന്ന്.

അതാ രാവിലെ എണീറ്റപടി, പല്ലുതേക്കാതെയും കുളിക്കാതെയും വന്നത്. പ്രാകൃതമായ ആ കോലത്തില്‍ ‍ എന്നെ പ്രാപിക്കാന്‍ ഒരു പുരുഷനും ശ്രമിക്കയില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു!”