Sunday, April 19, 2009

ഓര്‍മ്മയില്‍ ഒരു വിഷു (ഇന്നലെയുടെ ജാലകങ്ങള്‍ - 10)



ഓര്‍മ്മയില്‍ ഒരു വിഷു


ഓര്‍മ്മയില്‍ ഒരു വിഷു



ഉത്തരായനം കഴിഞ്ഞ്‌ തളര്‍ന്ന കണ്ണുകളും ശോഷിച്ച ശരീരവും ഒഴിഞ്ഞ കൈകളുമായി അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തിയ ഒരു വെളുപ്പാന്‍ കാലത്താണ്, മേടസംക്രാന്തിയെത്തിയെന്ന വിളംബരവുമായി വിഷുപ്പക്ഷി പുരക്ക്‌ മുകളിലൂടെ പറന്നത്‌.

"ശങ്കരാന്തിയെന്നാ? നാളേയോ മറ്റന്നാളോ?"
അമ്മ മുറ്റമടിക്കൊരു ഇടവേള നല്‍കി, നടു നിവര്‍ത്തി, കുറ്റിച്ചൂലില്‍ പറ്റിപ്പിടിച്ച മുടിനാരുകളും പുല്ലുകളും പറിച്ചെടുത്ത്‌ കൊണ്ട്‌ കൂട്ടിച്ചേര്‍ത്തു:
"കാപ്പി കുടിച്ചിട്ട്, നീയാ ഉമ്മറോം പടീം ചെത്തി വെടിപ്പാക്ക്"
ചേച്ചിമാര്‍ക്കും കിട്ടി ജോലി: "ചപ്പും ചവറുമൊക്കെ അടിച്ച്‌ കൂട്ടണം. ശങ്കരാന്തിക്ക് തീയിടണ്ടേ?"

ചേട്ടയെ പുറത്താക്കി, ഭഗോതിയെ കുടിയിരുത്തുന്ന പരിപാടിയാണല്ലോ സംക്രാന്തി.

കുഞ്ഞിക്കൈക്കോട്ടുമായി പടിക്കലെത്തിയപ്പോള്‍ കാനംകുടം ജോസ്‌ വലിയ ഒരു പൊതിക്കെട്ടും താങ്ങി വരുന്നു."ചെമ്പന്റെ കടേന്ന് വാങ്ങീതാ....പടക്കോം കമ്പിത്തിരീം മത്താപ്പൂം ഒക്കേണ്ട്‌. റേഷന്‍ കടേടെ മുന്‍പി വച്ച്‌ വിക്കാനാനപ്പന്‍ സമ്മതിച്ചു."

വൈകീട്ട്‌ അച്ഛന്‍ വന്നപ്പോള്‍ എല്‍ ജീ കായത്തിന്റെ ചാക്കുസഞ്ചിയില്‍ പരതി : ഏറുപടക്കം, ലാത്തിരി, പൂത്തിരി, തലചക്രം എന്തെങ്കിലും....
"സാരല്യാ, ഇനീം ണ്ടല്ലൊ ഒരു ദിവസം.‘

മൂവന്തിക്ക്‌ ചവറും കടലാസുകഷണങ്ങളും കൂട്ടിയിട്ട്‌ തീ കൊളുത്തി. അയല്‍ വീടുകളില്‍ നിന്ന് ഒറ്റക്കും തെറ്റക്കും പടക്കങ്ങള്‍ പൊട്ടാന്‍ തുടങ്ങി. ആകാശത്തേക്കുയര്‍ന്ന് വിരിയുന്ന ഗുണ്ടുകള്‍ ‍, കമ്പിത്തിരി കത്തിച്ച്‌ ചുറ്റിക്കുമ്പോഴുണ്ടാകുന്ന സ്ഫുരണങ്ങല്‍ ‍, ശീല്‍ക്കാരങ്ങള്‍,ആര്‍പ്പുവിളീകള്‍ ...

ഞാന്‍ വല്യേച്ചിയെ ദയനീയമായി നോക്കി.
"അവരേക്കാള്‍ നല്ല പടക്കം നമുക്ക്‌ പൊട്ടിക്കാടാ, വാ‌..."
ഇലഞ്ഞിമരത്തിന്റെ രണ്ട്‌ കമ്പുകളൊടിച്ച്‌ കൊണ്ട്‌ വന്ന് ചേച്ചി ആളിക്കത്തുന്ന തീയിലേക്കിട്ടു.
'പട്‌..പട്‌.പടടാ.ടടടാ.."

ശബ്ദം കുറവായിരുന്നെങ്കിലും നൂറുനൂറുപടക്കങ്ങള്‍ ഒന്നിച്ച്‌ പൊട്ടി.
'ഇനിയും...ഇനിയും..." : ആവേശത്തോടെ ഞാന്‍ കൈയടിച്ചു .
ചേച്ചി മറ്റൊരു ഇലഞ്ഞിക്കൊമ്പിന്മേല്‍ പിടുത്തമിട്ടു.

"മോനേ, ഞാന്‍ പോയി വരട്ടെ."
നോക്കിയപ്പോള്‍ അലക്കി വെളുപ്പിച്ച ജഗന്നാഥന്‍ മുണ്ടുടുത്ത്, നീല കരയുള്ള ഈരെഴ തോര്‍ത്ത് തോളിലിട്ട്, അച്ഛന്‍ ‍.

'എവിടേക്കാ അച്ഛാ?"
ഞാന്‍ അച്ഛന്നരികിലേക്കോടി‍.
"തറവാട്ടില്‍ 'വീത്‌ വയ്പ്’ ഇന്നല്ലേ?'
ഞാനത്‌ മറന്ന് പോയിരുന്നു.

അപ്പൂപ്പനുള്ളപ്പോള്‍ സംക്രാന്തിയും വിഷുവും തറവാട്ടിലായിരിക്കും. സംക്രാന്തി രാത്രിയാണു വീതു വയ്പും കലശവും. കുടുംബക്ഷേത്രത്തിലെ, നീണ്ട ജടയും ഉപ്പന്‍ കണ്ണുകളുമുള്ള ഗോവിന്ദന്‍ വെളിച്ചപ്പാട്‌ തേരത്തേ തറവാട്ടിലെത്തിയിരിക്കും.കോടിമുണ്ട്‌ വിരിച്ച പീഠത്തിനു മുന്‍പില്‍ ‍, ഏഴ്‌ തിരിയിട്ട്‌ കത്തിച്ച നിലവിളക്കും ജലം നിറച്ച കിണ്ടിയും തുളസിച്ചെത്തിപ്പൂക്കളും
പൂജാസാമഗ്രികളും നിരക്കും. നിവേദ്യമായി കദളിപ്പഴം, ഓട്ടട, വറുത്തരച്ച കോഴിക്കറി ...
പിന്നെ മരിച്ച്‌ പോയ കാരണവന്മാരുടെ ഇഷ്ട പാനീയം: കള്ളോ ചാരായമോ...
പട്ടാളക്കാരന്‍ വാസു നാട്ടിലുണ്ടെങ്കില്‍ വിശിഷ്ടാതിഥി ഒരു കുപ്പി ഹെര്‍ക്യുലീസ്‌ റം ആയിരിക്കും.

വെളുപ്പിനേയെണീട്ട് വിഷുക്കണി.
പിന്നെ വിഷുക്കൈനീട്ടം.

അമ്പലക്കുളത്തിലെ വിസ്തരിച്ചുള്ള കുളി കഴിഞ്ഞെത്തിയാല്‍ വിഷുക്കട്ട* മുറിക്കും.
പപ്പടം, പായസം, പഴം, ഉപ്പേരികള്‍ ‍‍....
എണ്ണിയാല്‍ തീരാത്ത വിഭവങ്ങളോടെ വിഷുസ്സദ്യ!

"പോയിട്ട്‌ വരാം മോനേ..": അച്ഛന്റെ ശബ്ദം, ഭൂതകാലത്തില്‍ മുങ്ങിത്തുടിച്ചിരുന്ന മനസ്സിനെ കരയിലേക്കെത്തിച്ചു.

തറവാട് ബഹളമയം.
ഉമ്മറം നിറയെ അതിഥികള്‍ .
അടുക്കളയില്‍ നിന്നും ഒഴുകിയെത്തുന്ന കറികളുടെ മോഹിപ്പിക്കുന്ന ഗന്ധം.

ഇതൊക്കെ ഇത്‌ വരെ എന്തേ ശ്രദ്ധയില്‍ പെടാഞ്ഞൂ എന്ന് ഞാനത്ഭുതപ്പെട്ടൂ.
"ഞാനും വരട്ടെ, അച്ഛാ?"
ഞാനച്ഛന്റെ കൈയില്‍ തൂങ്ങി‍.
നിന്നെ ക്ഷണിച്ചിട്ടുണ്ടോ? എന്നായി ചേച്ചി.
'അച്ഛനെ ക്ഷണിച്ചിട്ടില്ലേ?"
"അച്ഛനെ മാത്രം. വിളിക്കാത്ത സദ്യക്ക്‌ പോകാന്‍ നാണമില്ലേടാ": ചേച്ചി പുച്ഛിച്ചു.
"കൊതിച്ചി, ക്ഷണിക്കാത്ത ദ്വേഷ്യാ അവള്‍ക്ക്‌...വാ അച്ഛാ,"
അച്ഛന്റെ കൈയില്‍ പിടിച്ച്‌ ഞാന്‍ നടന്നു.

തെക്കിനിയിലായിരുന്നു വീത്‌ വയ്പ്പിനുള്ള സാമഗ്രികള്‍ ഒതുക്കിയിരുന്നത്‌. കൃഷ്ണന്‍ കണിയാനും അന്തോണി മാപ്ലയും വെല്ലിശനും അപ്പോള്‍ തന്നെ നല്ല 'ഫോമി'ലായിരുന്നു.

ഗോവിന്ദന്‍ വെളിച്ചപ്പാട്‌ കിടപ്പിലായതിനു ശേഷം 'വീത്‌ വയ്പ്‌' അച്ഛന്റെ ചുമതലയായി മാറിയിരുന്നു. കോഴിക്കറിയും അന്തിക്കള്ളും ചാരായക്കുപ്പിയുമായി അച്ഛന്‍ തെക്കിനിയിലേക്ക്‌ കയറി.
വാതിലടഞ്ഞു.

ജനലിലൂടെ എത്തി നോക്കാന്‍ ശ്രമിച്ച എന്നെ ക്രോസ്‌ പാക്കരന്‍ പിടിച്ച്‌ മാറ്റി.
'നോക്കിയാല്‍ ആത്മാക്കള്‍ വീത്‌ കൈപ്പറ്റാതെ തിരിച്ച്‌ പോകും': പാക്കരന്‍ തന്റെ വിജ്ഞാനം പങ്ക്‌ വച്ചു.

മിനിറ്റുകള്‍ക്ക്‌ ശേഷം വാതില്‍ തുറന്ന് അച്ഛന്‍ പ്രസാദവിതരണം നടത്തി.
ചാരായക്കുപ്പി വെല്ലിശന്‍ കരസ്ഥമാക്കി.
കള്ള്‌ കുപ്പി റാഞ്ചിയെടുത്ത്‌ കൊച്ചമ്മായി അടുക്കളയിലേക്കോടി.

ആദ്യ പന്തിക്ക്‌ ഇലയിട്ടപ്പോള്‍ ഞാനച്ഛന്റെയരികെ തന്നെയിരുന്നു‍.
കോഴിക്കറിയും പത്തിരിയും വിളമ്പിത്തുടങ്ങി.

പെട്ടെന്ന് പിന്നില്‍ നിന്നാരോ എന്നെ പൊക്കിയെടുത്തു.
'കൊച്ചളിയന്‍ ഇപ്പഴാ വന്നേ....നീ അടുത്ത പന്തിക്കിരുന്നാ മതി"
പാപ്പന്റെ സ്വരം:
'എനിക്കച്ഛന്റെ കൂടെയിരിക്കണം': ഞാന്‍ കുതറി മാറാന്‍ ശ്രമിച്ചു‍.
“ആരാടാ നിന്നെ ക്ഷണിച്ചേ? ആദ്യ പന്തിക്ക്‌ തന്നെയിരിക്കണം പോലും.": ശബ്ദമമര്‍ത്തി പാപ്പനെന്റെ ചെവിയിലമറി. ബലിഷ്ടബാഹുക്കളുടെ സമ്മര്‍ദ്ദത്തില്‍ തോളെല്ലുകള്‍ ഞെരുങ്ങി.

ശപ്തനിമിഷത്തിന്റെ ചോരപൊടിച്ചിലില്‍ വിങ്ങി, കണ്ണീരണിഞ്ഞ്, കയ്യാലയിലഭയം തേടി എന്റെ ശരീരം. അച്ഛന്റെ നോവൂറുന്ന കണ്ണുകള്‍ തഴുകുന്നതായിക്കൂടി അറിഞ്ഞപ്പോല്‍ വേദന പാരമ്യത്തിലെത്തി.

നടപ്പുരയില്‍ വിളമ്പുകാരുടെ ബഹളങ്ങളും വെല്ലിശന്റെ ഇഴഞ്ഞ സ്വരത്തിലൂള്ള നിര്‍ദ്ദേശങ്ങളും കറികളുടെ ഉന്മാദഗന്ധങ്ങളും മനസ്സില്‍ നിന്നും വിട്ടകന്നപ്പോള്‍ ചേച്ചിയുടെ പരിഹാസം തുളുമ്പുന്ന സ്വരം കാതുകളില്‍ അലയടിച്ചൂ: "വിളിക്കാത്ത സദ്യക്ക്‌ ......"

പൊട്ടിക്കരഞ്ഞുകൊണ്ട് ഞാന്‍ വീട്ടിലേക്കോടി.

കാരണം തിരക്കാന്‍ വന്ന ചേച്ചിമാരെ ഒരുകൈ കൊണ്ട്‌ വിലക്കി, മറുകൈകൊണ്ടെന്നെ അമ്മ കെട്ടിപ്പിടിച്ചൂ,
‘വാ മോനെ..ഞങ്ങ കഞ്ഞി വിളമ്പാന്‍ പൂവ്വായിരുന്നൂ..."

കഞ്ഞികുടി കഴിഞ്ഞഴേക്കും തിരിച്ചെത്തിയ അച്ഛന്‍ ആര്‍ക്കും മുഖം കൊടുക്കാതെ എന്റെ കൈ പിടിച്ച്‌ മുറ്റത്തെ ഇരുളിലേക്കിറങ്ങി.

പടിക്കല്‍ ‍‍, കാനക്ക്‌ മുകളില്‍ വാര്‍ത്തിട്ട സ്ലാബിന്മേലിരുന്ന് അച്ചനെന്നെ മടിയിലിരുത്തി‍.
"നാളെ വിഷു. മറ്റന്നാള്‍ ഞായറാഴ്ച. നമുക്കാ പൂവന്‍ കോഴിയെ കൊന്ന് കറി വച്ചാലോ‍?'
അച്ഛന്റെ വാക്കുകളില്‍ ‍‍അനുതാപത്തിന്റെ നനവും കുറ്റബോധത്തിന്റെ നീറ്റലും കലര്‍ന്നിരുന്നു.
'വേണ്ടച്ഛാ, പാവമല്ലേ നമ്മടെ പൂവന്‍ ‍?”
ഞാന്‍ അച്ഛന്റെ കഴുത്തിലൂടെ കൈകള്‍ ചുറ്റി കെട്ടിപ്പിടിച്ചൂ.

അപമാനത്തിന്റേയും അവഹേളനത്തിന്റേയും ചെന്ന്യായ ദ്രവം വായില്‍ തികട്ടിത്തികട്ടി വന്നുകൊണ്ടിരുന്നതിനാല്‍ ‍,രാവേറെ ചെന്നിട്ടും ഉറക്കം അമാന്തിച്ച് നിന്നു,

അയല്‍പക്കങ്ങളില്‍ നിന്ന് വിഷുവാഘോഷത്തിന്റെ ആരവങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരുന്നൂ. മാലപ്പടക്കങ്ങള്‍ക്കിടയില്‍ പൊട്ടുന്ന ഗുണ്ടിന്റെ മുഴക്കങ്ങള്‍ നെഞ്ചിനുള്ളില്‍ ഞെട്ടലുകളായി പിടഞ്ഞൂ. കമ്പിത്തിരിയുടെയും മത്താപ്പിന്റേയും ശീല്‍ക്കാരങ്ങള്‍ നിലയ്ക്കാത്ത അലയടികള്‍ പോലെ കാതുകളില്‍ മുഴങ്ങി.

എപ്പോഴോ കേട്ടു അമ്മയുടെ മന്ത്രിക്കും പോലുള്ള സ്വരം :" നിങ്ങളൂണ് കഴിച്ചില്ല, അല്ലേ?"
അച്ഛന്റെ കടിച്ച്‌ പിടിച്ചുള്ള മറുപടി: "തൊണ്ടേന്നിറങ്ങണ്ടേടീ? ഇല മടക്കി എണീറ്റ് പോന്നു.”
"കഞ്ഞിയുണ്ട്‌, എടുക്കട്ടേ?": വീണ്ടും അമ്മ.
"വേണ്ട..മക്കളറിയും. മൊന്തയില്‍ കഞ്ഞിവെള്ളം കാണുമല്ലോ?."

------------------------------------------------
*വിഷുക്കട്ട:

പിഴിഞ്ഞെടുത്ത നാളികേരത്തിന്റെ രണ്ടാം പാലില്‍ കുത്തരിയും ഉപ്പും ചേര്‍ത്ത്‌ വേവിക്കുന്നു. ‌ വറ്റുമ്പോള്‍ ‍, ജീരകവും ചുക്കുപൊടിയും ചേര്‍ത്ത ഒന്നാം പാല്‍ ചേര്‍ക്കുക. കുഴമ്പ്‌ പരുവത്തില്‍ വാഴയിലയില്‍ പരത്തി തണുക്കുമ്പോള്‍ കഷണങ്ങളായി മുറിച്ചെടുക്കുന്നു. (ചിരകിയ തേങ്ങയും
ചേര്‍ക്കാം.)

ശര്‍ക്കരനീര്‍ , മാങ്ങാക്കറി, പുളിയിഞ്ചി എന്നിവ കൂട്ടി തിന്നാം.





Saturday, January 31, 2009

അമ്മായിഗുണ്ട് (ഇന്നലെയുടെ ജാലകങ്ങള്‍ -8)



അമ്മായിഗുണ്ട്


മൂക്കിന്‍ തുമ്പില്‍ ശുണ്ഠിക്കാരനും കയ്യാങ്കളിക്കാശാനുമായ കുഞ്ഞമ്മാന്‍ ‍.
കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രിയെപ്പോലെ കൊച്ചമ്മായി.
ഈ ഫാസിസ്റ്റ് സഖ്യത്തിന്നെതിരെ നിരന്തര യുദ്ധം നടത്തിക്കൊണ്ടിരുന്ന മകന്‍ ഭുവന ചന്ദ്രനെ ഒരു ‘യൂദ‘നെപ്പോലെ അവര്‍ വെറുത്തതില്‍ അത്ഭുതമുണ്ടോ?

സ്കൂളുകള്‍ പെറ്റിബൂര്‍ഷ്വാകളുടെ 'ഹാച്ചിംഗ്‌ സെന്ററുകള്‍' ആണെന്നും ആചാര്യന്‍ ചെഗുവേരയും തിരുത്തല്‍ വാദി മാവോയുമാണ് അന്തിമമായി നന്മയുടെ നൂറു പുഷ്പങ്ങള്‍ വിരിയിക്കുകയെന്നും വിശ്വസിച്ച ഭുവനേട്ടന് ‘മെക്കാളെ‘ വിദ്യാഭ്യാസ വ്യവസ്ഥിതികളോട് പരമ പുച്ഛമായിരുന്നു.

ശൃംഗപുരം സെന്ററിലെ കാദറിക്കയുടെ പെട്ടിക്കടയായിരുന്നു ഭുവനേട്ടന്റെ പാഠശാല‍, ലോഡിംഗ്  തൊഴിലാളി തലവന്‍ ദാമോദരേട്ടന്‍ :ഏഡ് മാഷും.’.

ഒറ്റിക്കൊടുപ്പുകാരെ ഭുവനേട്ടന്‍ വെറുതെ വിടാറില്ല. എന്നിട്ടും കാര്യേഴുത്ത്‌ തറവാടിന്റെ മുറ്റത്ത് ഇടക്കിടെ നാട്ടുകൂട്ടവും. വിചാരണയുമുണ്ടാവും.  തെളിവെടുപ്പ്‌, സാക്ഷിമൊഴി എന്നീ പ്രഹസനങ്ങള്‍ പതിവില്ല; ശിക്ഷ നടപ്പാക്കാന്‍ കാലതാമസവും.

സംഭവം ആദ്യം അറിയുന്നത് ഞങ്ങളായിരിക്കും. കാരണം പിറ്റേന്ന് പ്രഭാതത്തില്‍ ഞങ്ങളുടെ കണി, സ്കൂള്‍ യൂണിഫോമില്‍ തിണ്ണയില്‍ ചുരുണ്ട്‌ കിടന്നുറങ്ങുന്ന ഭുവനേട്ടനായിരിക്കും. ഭുവനേട്ടന്റെ അപ്രതീക്ഷിത സാന്നിധ്യങ്ങള്‍ പകരുന്ന ലഹരി  അമ്മായിയുടെ ‘വീക്കെന്‍ഡ്’ സന്ദര്‍ശനം വരെ നീളും.

തറവാട്ട്‌ പറമ്പില്‍ പന്തലിച്ച്‌ കിടക്കുന്ന കൊടമ്പുളി മരത്തിന്റെ ചുവട്ടിലാണ് കുട്ടിക്കുരങ്ങന്മാരുടെ 'ദാവൂസ്‌ ഉച്ചകോടി'.  വല്യേച്ചി, കൊച്ചേച്ചി, വെല്ലിശന്റെ മക്കള്‍ വിശാലേച്ചി, പദ്മിനിയേച്ചി, കൊച്ചേട്ടന്‍ ‍.....കോറം തികയ്ക്കാന്‍‍ വല്യമ്മായിയുടെ പുത്രന്‍ നരേന്ദ്രനേയും വിളിക്കും. ഇളയച്ചന്മാര്‍ രണ്ടും 'ഔട്ട്‌ ഓഫ്‌ സ്റ്റേഷന്‍ ‍' ആയതിനാല്‍ ഇളയമ്മമാരുടെ 'ബോഡിഗാര്‍ഡായി' ചാര്‍ജെടുത്തിരിക്കയാണ് നരേട്ടന്‍ .

കൊച്ചേട്ടന്റേയും ഭുവനേട്ടന്റേയും  വാള്‍പ്പയറ്റ്, വിശാലേച്ചിയുടെ മോണോ ആക്റ്റ്, പിന്നെ തുടങ്ങും  ‘അക്ഷര ശ്ലോകം‘‌.
ആണുങ്ങള്‍ ഒരു ടീം : ഭുവനേട്ടന്‍ ‍, കൊച്ചേട്ടന്‍ ‍, ഞാന്‍ ‍.
'നരനോ?": വല്യേച്ചി ചോദിക്കും.
"അതിനവന്‍ ആണല്ലല്ലോ?": ഭുവനേട്ടന്‍ ഞങ്ങളെ നോക്കി കണ്ണിറുക്കും: "അമ്മായി ഗുണ്ട്‌‘ പെണ്ണുങ്ങള്‍ടെ ടീമില്‍ "
പൊക്കം കുറഞ്ഞ്‌, വെളുത്ത്‌, സ്ത്രൈണത മുറ്റിയ ശരീരവും വിടര്‍ന്ന കണ്ണുകളുമുള്ള , ഗുണ്ട് പോലിരിക്കുന്ന അമ്മായിപുത്രന്  കൊച്ചേട്ടനിട്ട പേരാണ്: 'അമ്മായി ഗുണ്ട്‌" എന്ന്. നേരിയ വിക്കുണ്ട്‌. അത് കൊണ്ട് ശങ്കിച്ച് ശങ്കിച്ചാണ് സംസാരം.
"ഊണിനു നായര്‍ മുന്‍പില്‍, പടക്ക്‌ നായര്‍ പിന്നില്‍ ‍": കൊച്ചേട്ടന്‍ കളിയാക്കും.

ഭുവനേട്ടന്‍ എന്തെല്ലാമായിരുന്നു, അതൊന്നുമായിരുന്നില്ല നരേട്ടന്‍ ‍.

ഹിന്ദി ഗാനങ്ങളാണു ഭുവനേട്ടന്റെ സ്പെഷ്യാലിറ്റി.
"ഓ ഹോ ഹോ ഹോ....
ഖോയാ ഖോയാ ചാന്ദ്‌, ഖുലാ ആസ്മാന്‍ ‍,
ആങ്ഖോം മേം സാരീ രാത്‌ ജായേഗീ.....‘
ഇടത്‌ കൈ ചെവിയില്‍ വച്ച്‌, വലത്‌ കൈ ആകാശത്തേക്കുയര്‍ത്തി ഭുവനേട്ടന്‍ നീട്ടിപ്പാടും.

വല്യേച്ചിയുടെ മറുപടി:
"തലക്ക്‌ മീതെ ശൂന്യാകാശം,
താഴെ മരുഭൂമീ..“

"സുന്‍ സുന്‍ സുന്‍,
അരേ പ്യാരേ സുന്‍..."
ഭുവനേട്ടന്‍ തുടരും.

ചേച്ചിക്കും ചില സ്ഥിരം നമ്പരുകളുണ്ട്‌.
"കടലാസ്‌ വഞ്ചിയേറി,
കടലും കടന്ന് കേറി..."

മത്സരം വല്യേച്ചിയും ഭുവനേട്ടനും കൂടി ഹൈജാക്ക്‌ ചെയ്യുമ്പോള്‍ കുശുമ്പ്‌ കേറുന്ന കൊച്ചേട്ടന്‍ എംജീയാറായി മാറും:
"നാന്‍ ആണയിട്ടാല്‍
‍അത്‌ നടന്ത്‌ വിട്ടാല്‍....'

കാര്യേഴുത്ത്‌ കിഴക്കേതില്‍ താമസത്തിനെത്തിയ ബറോഡ റിട്ടേണ്‍ പങ്കജാക്ഷന്‍ നായരുടെ ഗ്രാമഫോണിന്റെ ഊര്‍ജ്ജം  ഗാനങ്ങളായി ഭുവനേട്ടന്റെ സ്വരത്തില്‍ ഒഴുകിപ്പരക്കുമ്പോള്‍  ‍, ആ‍കാശവാണിയിലെ ഗാനങ്ങള്‍ മാത്രം കേട്ട് തഴക്കമുള്ള ചേച്ചിമാര്‍ പ്രാണവായുവിനായി പിടയും.

"സൈഗളിനെ അറിയോ? ഷംസാദ്‌ ബീഗം, മുകേഷ്‌...റാഫി...?
-ഭുവനേട്ടന്‍ തന്റെ അറിവുകള്‍ വിളമ്പും.

"സോജാ രാജകുമാരി കേട്ടിട്ടുണ്ടോ?
മേരാ പിയാ ഗയാ റംഗൂണ്‍ ‍.....,
ഓ ദുനിയാ കെ രഖ്‌വാലേ..."

"ഓമനക്കുട്ടന്‍ ഗോവിന്ദന്‍ ബലരാമന്റെ കൂടെ കൂടാതെ....."
ഭുവനേട്ടന്റെ ഭാഷണത്തിനന്ത്യമില്ലാതാകുമ്പോള്‍ വിശാലേച്ചി ഇടപെടും.
"അയ്യേ..അത്‌ പദ്യമല്ലേ?‘: കൊച്ചേട്ടന്‍ കളിയാക്കും.

"നീയെന്‍ ചന്ദ്രനേ,
ഞാന്‍ നിന്‍ ചന്ദ്രികാ......
ഓ..ഓ....."
ചേച്ചി കച്ചേരി തുടരാന്‍ ശ്രമിക്കും.

"തു മേരീ ചാന്ദ്‌,
മേം തേരീ ചാന്ദ്‌നീ...‘
ചേച്ചിയെ പാടാനനുവദിക്കാതെ അതേ ഈണത്തില്‍ ഗാനം പൂര്‍ത്തിയാക്കി ചേട്ടന്മാര്‍ കൂകിയാര്‍ക്കും.
"തോറ്റേ....പെണ്‍പട തോറ്റ്‌ തൊപ്പിയിട്ടേ..."

അപ്പോഴായിരിക്കും വിളിച്ചിട്ടും കേള്‍ക്കാത്ത ഞങ്ങളെത്തേടിയുള്ള അമ്മയുടെ വരവ്‌: "ചെവി കേക്‌ക്‍ണില്യേ ഒന്നിനും? എത്ര നേരായി വിളിക്‌ക്‍ണൂ...?"

കുഞ്ഞാങ്ങളയുടെ മോനോടുള്ള 'സോഫ്റ്റ്‌ കോര്‍ണര്‍ ' മൂലമാകണം ശകാരം നീട്ടാതെ, അമ്മ ചേച്ചിയുടെ നേരെ തിരിയും:  "ചെല്ല്..ചെന്ന് വെളക്ക്‌ വയ്ക്ക്‌..എല്ലാരും കൈയും മുഖോം കഴുകി നാമം ജപിക്ക്"

കാലത്ത്‌ ഞങ്ങളോടൊപ്പം ഭുവനേട്ടനും വരും സ്കൂളിലേക്ക്‌.
ചേട്ടന്മാരുടെ കളിയാക്കലും തോണ്ടലും സഹിക്ക വയ്യാതെ പുസ്തകക്കെട്ടും ചോറ്റ്‌ പാത്രവും തൂക്കി നരേട്ടന്‍ ഓടും‍.
"അമ്മായിഗുണ്ട്‌ ഉരുണ്ട് വരണേയ്‌...ജീവന്‍ വേണേ മാറിക്കോ.."
എന്നാര്‍ത്തുകോണ്ട്‌ ചേട്ടന്മാര്‍ പിന്നാലെ.

നാലടി പൊക്കവും സ്ഥൂലിച്ച ശരീരവുമുള്ള വല്യമ്മായിക്ക്‌, ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണു രണ്ടാം കെട്ടുകാരന്‍ വല്യമ്മാനെ കിട്ടിയത്.‌ കുടുംബം, സ്വത്ത്‌, പ്രായം, രണ്ടാം കെട്ട്‌....ദൗര്‍ബല്യങ്ങള്‍ ഒന്നൊന്നായി മുതലെടുത്ത് പാവം അമ്മാവനെ അമ്മായി  തന്റെ
സാമന്തനാക്കി.

മൂത്ത മോന്‍ നാലാം ക്ലാസ്‌ പാസ്സായപ്പോള്‍ അവനേയും കൊണ്ട്‌ അമ്മായി തറവാട്ടിലെത്തി.
"അവടട്‌ത്ത്‌ ഹൈസ്കൂളില്ല. പിന്നെ ഇവടെ കാര്യങ്ങള്‍ നോക്കാന്‍ ഒരാള് വേണ്ടേ?"
ആര്‍ക്കും ശല്യമാകാതെ തെക്കിനിയില്‍ ഒതുങ്ങിക്കൂടി നരേട്ടന്‍ ‍. ശമ്പളമില്ലാതെ ഒരു വേലക്കാരനെ കിട്ടിയതില്‍ ഇളയമ്മമാര്‍ക്കും സന്തോഷം.

പത്ത്‌ പാസ്സായപ്പോള്‍ ബോംബെയിലുള്ള അനിയന്റെ അടുത്തയക്കാനായിരുന്നു അമ്മായിയുടെ പ്ലാന്‍ ‍. 'കൊട്ടും പാട്ടും' പഠിച്ചാല്‍ എളുപ്പം ജോലി കിട്ടും എന്ന അനിയന്റെ അഭിപ്രായത്തെ മാനിച്ച്‌ നരേട്ടന്‍ ഇരിഞ്ഞാലക്കുട മിനര്‍വ ഇന്‍സ്റ്റിട്യൂട്ടില്‍ ഷോര്‍ട്ട്‌ ഹാന്‍ഡും ടൈപ്‌ റൈറ്റിംഗും പഠിക്കാന്‍ ചേര്‍ന്നു.

ജോലി കിട്ടി വര്‍ഷങ്ങള്‍ക്ക് ശേഷവും നാടോ വീടോ സന്ദര്‍ശിക്കാതെ,  ഈവനിംഗ്‌ ക്ലാസുകളില്‍ പോയി പഠിച്ച്  ഡിഗ്രി എടുത്ത്, നരേട്ടന്‍ ബോംബേ എ ജിസ് ഓഫീസില്‍ ഉദ്യോഗസ്ഥനായി.

കാരുമാത്ര, വല്യമ്മായിയുടെ വീട്ടിനടുത്ത്‌ തന്നെയാണു കൊച്ചമ്മായിയുടേയും വീട്‌. പക്ഷെ അവര്‍ക്കിടയിലെന്നും തകര്‍ക്കപ്പെടാനാവാത്ത  ഒരു 'ബെര്‍ലിന്‍ വാള്‍ ‍' നില കൊണ്ടിരുന്നു. കാണുമ്പോഴെക്കും ഓടി വരും, കൊച്ചമ്മായി. കെട്ടിപ്പിടിക്കും, നാട്ടിലേയും വീട്ടിലേയും വിശേഷങ്ങള്‍ തിരക്കും, പിന്നെ പാല്‍ക്കാപ്പിയും പൂവടയും തന്ന് സത്കരിക്കും.

കൂടെ വന്ന് വല്യമ്മായിയുടെ വീട്‌ ദൂരെ നിന്ന് കാട്ടിത്തന്ന് കൊച്ചമ്മായി തിരിച്ച് പോകും. പുല്ലാനിക്കാടുകളും തൊട്ടാവാടിക്കൂട്ടങ്ങളും കല്ലുവെട്ട്‌ മടയുമൊക്കെ നിറഞ്ഞ കുന്നിന്‍പുറത്ത്‌ കൂടെയുള്ള ആ നാട്ടുവഴി ഇന്നും എനിക്കപരിചിതമാണ്.

കോലായിലെ ചാരുകസാലയില്‍ കണ്ണുകളടച്ച്‌ കിടപ്പുണ്ടാകും, പഞ്ഞി പോലെ നരച്ച മുടിയും നീണ്ട താടിരോമങ്ങളുമുള്ള വല്യമ്മാവന്‍.
പാളവിശറി, വെറ്റിലച്ചെല്ലം, വെള്ളം നിറച്ച കിണ്ടി എന്നിവ കാണും കൈയെത്തും ദൂരത്ത്‌.
"ആരാ?"
വെയിലില്‍ നിന്നും ചാവടിയിലേക്ക്‌ കയറുന്ന രൂപവുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ ആ കണ്ണുകളൊന്ന് തിളങ്ങും.
"വേലായീടെ മോനല്ലേ?"
ഞാന്‍ തലയാട്ടും.
വല്യമ്മായിയുടെ ഭാരിച്ച ശരീരമപ്പോള്‍ വാതില്‍ക്കലനങ്ങും.
"എന്താടാ വിശേഷം‌?"
കോമളഭാവങ്ങള്‍ വിരുന്ന് വരാത്ത മുഖത്ത്‌, പരിചിതത്വത്തിന്റെ ഒരു നിഴലാട്ടമെങ്കിലും പ്രതീക്ഷിച്ചുകൊണ്ട്‌, ഞാന്‍ വന്ന കാര്യം അവതരിപ്പിക്കും.
"നീ കാലത്തേ അവള്‍ടട്‌ത്ത് എത്തി‌, അല്ലേ?"
ഞളുങ്ങിയ ഒരു ചിരിയുമായി ഞാന്‍ നിന്ന് പരുങ്ങും‍.
'പാലില്ല, കട്ടനെടുക്കട്ടേ?"
"വേണ്ടാ, വേഗം പോണം‍."
"എന്നാ ശരി."
അവര്‍ തിരിഞ്ഞ്‌ നടക്കും‍.
യാത്ര പറയാന്‍ നോക്കുമ്പോള്‍ അമ്മാവന്റെ കസാല ശൂന്യമായിരിക്കും.പെണ്മക്കളാരെങ്കിലും അടുക്കളയില്‍ നിന്നെത്തി നോക്കി പിശുക്കി ഒരു പുഞ്ചിരി സമ്മാനിച്ചാലായി. തനയന്മാര്‍ പശുപാലകരായി പാടത്തോ പറമ്പിലോ കറങ്ങുന്നുണ്ടാവും.

ഉദ്യോഗം തേടി ബോംബെയിലെത്തിയപ്പോള്‍ പരിചയക്കാരെയൊക്കെ ഒരു വട്ടമെങ്കിലും കാണാന്‍ ശ്രമിച്ചിരുന്നൂ, ഞാന്‍ ‍. പക്ഷേ എന്റെ മനസ്സിന്റെ ഡയറക്റ്ററിയില്‍ എവിടേയും നരേട്ടന്റെ പേര്‍ ലിസ്റ്റ്‌ ചെയ്യപ്പെട്ടിരുന്നില്ലല്ലോ!

നരേട്ടന്‍ നാട്ടില്‍ പോയെന്നും വിവാഹിതനായെന്നുമുള്ള വാര്‍ത്തകള്‍ ‍,ചേച്ചിയുടെ കത്തുകളിലെ പഴുതാര പോലുള്ള വരികളില്‍ വികാരരഹിതമായി മരവിച്ച് കിടന്നു. ദുബായിലെത്തിയപ്പോള്‍ കത്തുകളുടെ എണ്ണം കുറഞ്ഞു, നാട്ട് വിശേഷങ്ങളും.

അക്കാലത്ത്‌ ഗള്‍ഫില്‍ നിന്നും നാട്ടിലേക്കുള്ള യാത്രകള്‍ വൃതാനുഷ്ടാനങ്ങളോടെ നടത്തുന്ന ശബരിമല തീര്‍ത്ഥാടനം പോലെ ദുഷ്കരവും പരിപാവനവുമായിരുന്നു..
വ്രതശുദ്ധി ബോധ്യപ്പെടുത്തി, 'അര്‍ബാബെന്ന പെരിയസ്വാമിയുടെ അനുഗ്രഹം ലീവാക്കി മാറ്റണം ആദ്യം.
തലേന്ന് കൂട്ടുകാരുടെ വക ഗംഭീരമായ 'കെട്ടുമുറുക്കല്‍ ‍' ചടങ്ങ്,  'വിളക്കും പാട്ടും" അടക്കം.
വ്രതമെടുക്കാത്ത അയ്യപ്പന്മാരുടെ 'നേര്‍ച്ചകള്‍ ‍'കൊണ്ട്‌ സമ്പന്നമായിരിക്കും 'ഇരുമുടിക്കെട്ട്‌".
എക്സെസ്‌ ബാഗേജെന്ന പമ്പയില്‍ മുങ്ങി, എയര്‍ ഇന്ത്യയുടെ കരിമല കയറി, കസ്റ്റംസ്  മാളികപ്പുറത്തമ്മയുടെ മുന്നില്‍ തേങ്ങ“യടിക്കുമ്പോഴേക്കും മനസ്സ് പല പല 'ദിവ്യ ദര്‍ശനങ്ങള്‍ ‍' നടത്തിയിരിക്കും.

'ഓള്‍ഡ്‌ ഗഡീസിനെ' സത്ക്കരിക്കണം, ബോംബേ തൊഴില്‍ ദാതാവ് പാലക്കാട് ദൊരൈസ്വാമി അയ്യരുടെ സുഖമില്ലാതെ കിടക്കുന്ന അമ്മ്യാരെ സന്ദര്‍ശിക്കണം എന്നീ ലക്ഷ്യങ്ങളോടെയാണു രണ്ട്‌ ദിവസത്തെ 'ബോംബെ ബ്രേക്‌' പ്ലാന്‍ ചെയ്തത്‌.

ഹോട്ടലില്‍ നിന്നും മലബാര്‍ ഹില്ലിലെ പഴയ താവളത്തിലെത്തിയപ്പോള്‍  കാത്തിരിക്കുന്നു, ഒരു വിശിഷ്ടാതിഥി: നരേട്ടന്‍ ‍.
"നീ വരുന്നെന്ന് ഞാനാ പറഞ്ഞേ": പഴയ സഹമുറിയന്‍ രാജേട്ടന്‍ അറിയിച്ചു.
"ഹലൊ"
ഒരു തണുത്ത ഷേയ്ക് ഹാന്‍ഡ്!
അല്‍പം കൂടി തടിച്ചിട്ടുണ്ട്‌. വെളുത്ത മുഖത്തെ കരയന്‍ മീശ ആകര്‍ഷകമായി തോന്നി. ഔപചാരികത കലര്‍ന്ന, നിസ്സംഗമായ ചിരി.

പിന്നെ നിശ്ശബ്ദത.
പരസ്പരം നേരിടാതെ‌, മൂന്ന് ജോഡി കണ്ണുകള്‍ ‘ഗാരേജ്’ മുറിയിലങ്ങോളമിങ്ങോളം ഉഴറി.
ഘനീഭവിച്ച അന്തരീക്ഷത്തെ ഒരു ചുടുനിശ്വാസത്താലലോസരപ്പെടുത്തി, നരേട്ടന്റെ ലോല സ്വരം:"നീ എഴുത്തൊക്കെ നിര്‍ത്തിയോ? പണ്ട്‌  ബോംബെ നാദത്തില്‍ എഴുതിയതൊക്കെ വായിച്ചിട്ടുണ്ട്‌."
ഞാന്‍ ഹൃദയപൂര്‍വം ഒരു ചിരി സമ്മാനിച്ചു.

ബാബുല്‍നാഥ്‌ കവലയില്‍ ‍, റോഡിലേക്ക്‌ വൃത്താകൃതിയിലിറങ്ങി നില്‍ക്കുന്ന റെസ്റ്റാറന്റില്‍ ‍, രാജേട്ടന്‍ മൂന്ന് ബോംബെ ബീറുകള്‍ക്ക്‌ ഓര്‍ഡര്‍ നല്‍കി‍.
"ഞാന്‍ കഴിക്കാറില്യാ": നരേട്ടന്‍ വിമ്മിഷ്ടത്തോടെ തല ഒരു വശത്തേക്ക്‌ ചരിച്ചു.
"സാരല്യടാ.." രാജേട്ടന്‍ പറഞ്ഞു: " നീലക്കുറിഞ്ഞി പൂക്കും പോലെ ഒരപൂര്‍വ സംഭവമല്ലേ നിങ്ങടെ ഒത്തുചേരല്‍?"
"അതല്ല രാജാ, അവള്‍ തനിച്ചാ റൂമില്‍ ; മാത്രല്ലാ...", ഒരു കള്ളച്ചിരി മുഖത്ത്‌ പടര്‍ത്തി, നരേട്ടന്‍ പൂരിപ്പിച്ചു:" പറയാന്‍ മറന്നു, അവള്‍ പ്രെഗ്നന്റാ...."
"കള്ള ഗുണ്ടപ്പാ, അപ്പോ ഒപ്പിച്ചു, അല്ലേ?" രാജേട്ടന്‍ ചാടിയെണീട്ട്‌ നരേട്ടനെ കെട്ടിപ്പിടിച്ചു. "കണ്‍ഗ്രാജുലേഷന്‍സ്‌"
എന്നിട്ട്‌ കൗണ്ടറിലിരുന്ന പാര്‍സി ബാബയോട്‌ വിളിച്ച്‌ പറഞ്ഞൂ:" ഭയ്യാ, തീന്‍ ബൈദാ ആമ്ലേറ്റ്‌ ഭീ,..... ഡബിള്‍ ‍"
"അഭിനന്ദനങ്ങള്‍ ‍":വീണ്ടുമൊരു ഷേക് ഹാന്‍ഡ്‍.
കളവ്‌ മുതലോടെ പിടിക്കപ്പെട്ട കുട്ടിയുടെ പരുങ്ങലോടെ നരേട്ടന്‍ മൊഴിഞ്ഞൂ:"താങ്ക്സ്‌"

പിന്നെ ചൗപ്പാട്ടിയില്‍ ചാഞ്ഞു കിടക്കുന്ന മരങ്ങങ്ങളുടെ നിഴലിലേക്ക്‌..

ബീറിന്റെ ലാഘവത്വം തലയില്‍ മാത്രമല്ല അന്തരീക്ഷത്തിലും പടര്‍ന്നതായി തോന്നി.
കടലിന്റെ മണമുള്ള തണുത്ത കാറ്റ്‌ കുളിര് വിതച്ച്, കുസൃതിയോടെ ഞങ്ങല്‍ക്ക് ചുറ്റും ഓടിക്കളിച്ചു.

നരിമാന്‍ പോയിന്റിലെ കൂറ്റന്‍ സൗധങ്ങളില്‍ അന്തി വിളക്ക്‌ തെളിഞ്ഞ്‌ തുടങ്ങി. മറുവശത്ത്‌ മലബാര്‍ ഹില്ലിന്റെ പാര്‍ശ്വത്തില്‍ "സെഞ്ച്വറി' പരസ്യത്തിലെ ഹെര്‍ക്കുലീസ്‌, ഭൂഗോളം ചുമലുകളിലുയര്‍ത്തി നിന്ന് കിതച്ചു.
"എന്റെ അനിയനല്ലേടാ നീ? എന്നിട്ടെന്താ ഒരന്യനേപ്പോലെ..?"
അരികിലേക്ക്‌ നീങ്ങിയിരുന്ന് തോളില്‍ കൈയിട്ടൂ, നരേട്ടന്‍ ‍.
"അടുത്തിരുന്നിട്ടെന്താ കാര്യം, അല്ലേ? ഞങ്ങള്‍ക്കിടയില്‍ ഒരു ജനറേഷന്‍ ഗാപ്‌ തന്നെയുണ്ട്, രാജാ. കുഞ്ഞായിരുന്നപ്പോള്‍ എത്ര എടുത്ത്‌ നടന്നിട്ടുണ്ട്, ഞാനിവനെ. എന്നിട്ടും ഒരിക്കല്‍ പോലും നരേട്ടാ എന്ന് വിളിച്ചിട്ടുണ്ടോ? ഇല്ലാ, വിളിച്ചിരുന്നത് അമ്മായി ഗുണ്ട്‌ എന്നല്ലേ?"
പൊള്ളയായ ഒരു ചിരിയോടെ, നരേട്ടന്‍ ഇരു കൈകളും മണലിലൂന്നി പിന്നിലേക്ക്‌ ചാഞ്ഞിരുന്നു‍.
ആകാശത്തിന്റെ വടക്ക് കിഴക്കേ കോണില്‍ ഇനിയും ഉദിച്ചുയരാത്ത ഏതോ നക്ഷത്രത്തെ തേടുകയായിരുന്നു, ആ  കണ്ണുകള്‍ ‍.

വീണ്ടും:
"ദാദ്രിദ്ര്യകുക്ഷികളാ ഞങ്ങള്‍ .അമ്മവീട്ടിലെ എച്ചില്‍ തിന്നു വളര്‍ന്ന പിച്ചക്കാര്‍ ‍! തറവാട്ടീന്ന് നെല്ല് വന്നില്ലെങ്കി അടുപ്പ്‌ പുകയില്ല.കൊച്ചമ്മാന്റെ മണിയോര്‍ഡര്‍ വൈകിയാ ഫീസും യൂണിഫോറവും മുടങ്ങും. ഓണവും വിഷുവുമൊക്കെ ഉണ്ടെന്ന് ഞാനറിഞ്ഞത്‌ തറവാട്ടില്‍ വന്നതിന് ശേഷമാണ്“
നനുത്ത ആ സ്വരം മുറിഞ്ഞു.
"പോട്ടെ നരേട്ടാ, അതൊക്കെ കഴിഞ്ഞ കാലം:" ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
"ഇല്ലെടാ, നിനക്കറിയില്ലാ... ഒന്നും! തറവാടിന്റെ തെക്കിനിയില്‍ ‍, വക്കുകള്‍ കീറിയ തഴപ്പായും മുഷിഞ്ഞ് കൂറയായ തലയിണയും കുടിച്ച എന്റെ കണ്ണീരിന്റെ അളവ്‌....ഇടിയും മഴയുമുള്ള രാത്രികളില്‍ ‍, പേടിച്ച്‌, കണ്ണുകള്‍ ഇറുക്കിയടച്ച്‌ കിടക്കുമ്പോള്‍ ‍, പാളികളില്ലാത്ത ജനലിലൂടെ, പല്ലിളിച്ചെത്തുന്ന പ്രേതാത്മക്കളുടെ അട്ടഹാസങ്ങള്‍ ‍....
അമ്മായിമാര്‍ക്ക്‌ ഞാനൊരു വേലക്കാരനായിരുന്നു.  സ്കൂളില്‍ പോകും മുന്‍പും വന്ന ശേഷവും ചെയ്യേണ്ട പണികളുടെ നീണ്ട ഒരു ലിസ്റ്റുണ്ട്.... പശു, മൂരികള്‍ ‍, തൊഴുത്ത്‌,  വെള്ളം കോരല്‍ ‍,  ഇസ്തിരിയിടല്‍ ‍, വിറക്‌ കീറല്‍ ‍, കടയില്‍ പോക്ക്‌....എന്തിന്, അമ്മായിമാര്‍ക്ക്‌ കുളിക്കാന്‍
വെള്ളം ചൂടാക്കിക്കൊടുക്കുന്നത്‌ വരെ...അല്പമൊന്നമാന്തിച്ചാ  അടി ഉറപ്പ്‌. ദാ, നോക്ക്‌; ഈ ചെവികള്‍ക്കിത്ര നീളം കൂടിയത്‌ അമ്മായിമാരുടെ കൈമിടുക്ക്‌ കൊണ്ടാണെന്ന് പറഞ്ഞാല്‍ നീ വിശ്വസിക്വോ?"
ചിരിക്കാനുള്ള ശ്രമത്തില്‍ നരേട്ടന്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു.
"ഇഷ്ടമില്ലാക്കുട്ടി തൊട്ടതൊക്കെം കുറ്റം എന്നല്ലേ? സ്നേഹത്തോടെ 'നരാ' എന്നൊരു വിളി കേള്‍ക്കാന്‍ അന്നൊക്കെ ഞാന്‍ എത്ര കൊതിച്ചിട്ടുണ്ട്‌. പിന്നെ സഹിക്കാന്‍ പരിശീലിപ്പിച്ചൂ, മനസ്സിനെ. പരിഹാസത്തിന്റേയും അപഹാസത്തിന്റേയും ഓരോ ചാട്ടുളിയും പെറുക്കിയെടുത്ത്, അടിച്ച്‌ പരത്തി, വാശിയുടേയും ദൃഢനിശ്ചയത്തിന്റേയും പാളികളാക്കി നെഞ്ചിലൊളിപ്പിച്ചു വച്ചു."

അറിഞ്ഞിട്ടും അറിയാത്ത, കണ്ടിട്ടും കാണാത്ത ആ പുതിയ നരേട്ടനെ ഞാന്‍ അത്ഭുതത്തോടെ നോക്കി.
"വല്ലപ്പോഴുമൊന്ന് വീട്ടില്‍ പോയാലോ: ഇഹലോകബന്ധങ്ങളില്‍ നിന്ന് മുക്തി നേടിയ അച്ഛന്‍ ‍, കലിയുടെ ഉടവാളുമായി അമ്മ, ഇടയില്‍ അണയാനിടമില്ലാത്ത അഭയാര്‍ത്ഥികളായി കുറെ സഹജന്മങ്ങള്‍ ‍....."
നിവര്‍ന്നിരുന്ന്, കൈകളിലും ഷര്‍ട്ടിലും പറ്റിപ്പിടിച്ച മണല്‍ത്തരികള്‍ , കാലപുസ്തകത്തിലെ ദ്രവിച്ച  ഏടുകളെന്നോണം കുടഞ്ഞു കളഞ്ഞ് നരേട്ടന്‍ ചിരിച്ചു:
"ഇതാ ഇന്ന് ഞാന്‍ സ്വന്തം കാലില്‍ . നല്ല ജോലി, നല്ല ശമ്പളം, സ്വന്തം ഫ്ലാറ്റ്‌, സ്നേഹം പങ്ക്‌ വയ്ക്കാന്‍ ഭാര്യ. ഒരച്ഛന്‍ കൂടിയായി ജീവിതചക്രം പൂര്‍ത്തിയാക്കാനിനി മാസങ്ങള്‍ മാത്രം ": അഭിമാനത്തിന്റേയും ആത്മവിശ്വാസത്തിന്റേയും മധുരം പുരണ്ട വാക്കുകള്‍ പ്രതികാരസാഫല്യത്തിന്റെ മൂര്‍ച്ചയില്‍ ജ്വലിച്ചു..

ഇരുട്ടിന്റെ ആവരണമെടുത്തണിഞ്ഞ ചൗപ്പാട്ടി ബീച്ച്, തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ നോക്കി  കണ്ണിറുക്കി,  കാമാട്ടിപുരയിലെ വേശ്യയെപ്പോലെ വശ്യമായി ചിരിച്ചു.  അങ്ങിങ്ങ്‌ മാത്രം മിന്നുന്ന വൈദ്യുത വിളക്കുകള്‍ ഇരുട്ടിനെ പ്രതിരോധിക്കാനാവാതെ ലജ്ജിച്ച് തലതാഴ്ത്തി. ചന, ഐസ്‌ ക്രീം ബലൂണ്‍ വാലകളും ‘തേല്‍ മാലീഷ്‌‘കാരും ശബ്ദമലിനീകരണം നടത്തി ചുറ്റും ഓടി നടന്നു.

."നരാ, പോണ്ടേ നമുക്ക്?", രാജേട്ടന്‍ ചോദിച്ചു.
"പോവാം. അതിനു മുന്‍പ്‌ എനിക്കിവനോടൊരു കാര്യം പറയാനുണ്ട്‌."
വീണ്ടും പൊള്ളച്ചിരി.
"മനുഷ്യനെത്ര സ്വാര്‍ത്ഥന്‍ ‍, അല്ലേ രാജാ? വര്‍ഷങ്ങള്‍ക്ക്‌ ശേഷം കൂടിക്കാഴ്ചക്കെത്തുന്നത്  സ്വന്തം  കാണാന്‍.  "
എനിക്ക് നേരെ തിരിഞ്ഞ്‌, എന്നാല്‍ ദൃഷ്ടികള്‍ മുഖത്തുറപ്പിക്കാതെ നരേട്ടന്‍ തുടര്‍ന്നു:
"നിനക്കറിയാല്ലോ നിന്റമ്മായീടെ സ്വഭാവം. അമ്മ നിശ്ചയിച്ചുറപ്പിച്ച പെണ്ണിനെ തഴഞ്ഞ്‌, സ്ത്രീധനം വാങ്ങാതേയാണ് ഞാന്‍ കല്യാണം കഴിച്ചത്‌. അതിന്റെ ശിക്ഷ എറ്റു വാങ്ങേണ്ടി വന്നത് എന്റെ പാവം പെണ്ണാണ്. സഹികെട്ടപ്പഴാ ഞാനവളെ ബോംബേക്ക്‌ കൊണ്ട്‌ വന്നത്‌. ആദ്യ  പ്രസവം  വീട്ടില്‍ ‍, സ്വന്തം അമ്മയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാഗ്രഹിക്കാത്ത സ്ത്രീകളുണ്ടോ? പക്ഷെ അമ്മക്ക്‌ ഒരേ നിര്‍ബന്ധം, മൂത്ത മോന്റെ ആദ്യ കുഞ്ഞ് അമ്മയുടെ മടിയില്‍ വേണം പെറ്റ് വീഴാനെന്ന്. അടുത്ത മാസം നാട്ടില്‍ പോകാന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ട്‌. ഇയര്‍ എന്‍ഡ്‌, ക്ലോസിംഗ്‌ ഒക്കെക്കാരണം അധികം ലീവെടുക്കാനാവില്ലെനിക്ക്‌.
ഇവിടെയാണു നിന്റെ സഹായം വേണ്ടത്: എന്റമ്മക്ക്‌ ലോകത്ത്‌ ആരേയെങ്കിലും ബഹുമാനമുണ്ടെങ്കില്‍ അത്‌ നിന്റെ അച്ഛനെയാണെന്ന രഹസ്യം നിനക്കും അറിയാമല്ലോ? അതിനാല്‍ നാട്ടില്‍ ചെന്നാലുടന്‍ ‍,നിര്‍ബന്ധിച്ചാണെങ്കിലും, നീ അമ്മാവനേയും കൂട്ടി എന്റെ വീട്ടില്‍ പോകണം. നരന്റെ ഭാര്യേടെ ആദ്യ പ്രസവം അവള്‍ടെ വീട്ടില്‍ വച്ചായിക്കോട്ടെ എന്ന് അമ്മയെക്കൊണ്ട്‌ സമ്മതിപ്പിക്കണം."
ചെയ്യാമെന്നേറ്റു, ഞാന്‍ ‍.

റെയില്‍വേ സ്റ്റേഷനിലേക്ക്‌ നടക്കുമ്പോള്‍ നരേട്ടനെന്നെ ചേര്‍ത്തു പിടിച്ചൂ‍. പളപളാ തുളുമ്പുന്ന ആ ശരീരത്തില്‍ നിന്നും ചൂടുള്ള ഒര്‍ര്‍ജ്ജം എന്നിലേക്ക് പടരും പോലെ.

മാസങ്ങള്‍ക്ക്‌ ശേഷം, ദുബായിലെ എന്റെ ഓഫീസിലേക്ക്‌ രാജേട്ടന്റെ കോള്‍..
"എന്താ രാജേട്ടാ, വിസ കിട്ടിയോ?“
രാജേട്ടനപ്പോള്‍ സൗദി വിസക്ക്‌ വേണ്ടി ശ്രമിച്ച്‌ കൊണ്ടിരിക്കയായിരുന്നു.‍
"ഒരു സാഡ്‌ ന്യൂസുണ്ടെടാ“: രാജേട്ടന്റെ സ്വരം വിറയ്ക്കുന്നുണ്ടായിരുന്നു: ‘നരേന്ദ്രന്‍ മരിച്ചു."
"നരേട്ടന്‍ ‍‍?": ഉള്‍ക്കൊള്ളാനായില്ലെനിക്ക്‌.
"അതെ, നരേട്ടന്‍ . ആത്മഹത്യയാ. തീവണ്ടിക്ക് മുന്‍പില്‍ ചാടി...."
അത്രയേ രാജേട്ടനറിയുമായിരുന്നുള്ളൂ. കുവൈറ്റിലുള്ള ഇളയച്ഛനും കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായില്ല.

നരേട്ടന്റെ ഭൗതികവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കാന്‍ നിയുക്തനാ‍യത് ഭുവനേട്ടനായിരുന്നു. ബോംബേക്ക്‌ തിരിക്കും മുന്‍പ്‌ വീട്ടിലെത്തിയ ഭുവനേട്ടന്‍ കളിക്കൂട്ടുകാരിയായ ചേച്ചിക്ക് മുന്‍പില്‍ മനസ്സ്‌ തുറന്നു.

ഓഫീസ് സംബന്ധമായി  അഹമ്മദാബാദിലേക്ക് പോയതായിരുന്നു‍, നരേട്ടന്‍. ദിവസങ്ങള്‍ക്ക്‌ ശേഷവും അവിടെ റിപ്പോര്‍ട്ട്‌ ചെയ്യാതിരുന്നപ്പോള്‍ ഏജീസ് ഓഫീസുകാര്‍ വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. നരേട്ടന്റെ വിവരണങ്ങളുമായി സാമ്യമുള്ള ഒരു 'ബോഡി' മോര്‍ഗിലുണ്ടെന്ന് ‘ലോണവാല‘ പോലീസാണറിയിച്ച്ത്‌.

ഭുവനേട്ടനും സഹപ്രവര്‍ത്തകരും മൃതദേഹം തിരിച്ചറിഞ്ഞു. ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നതിനാല്‍ ശവസംസ്കാരം അവിടെ തന്നെ നടത്തി.

ലോണവാലക്കടുത്ത ഖണ്ടാല സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായ ടിക്കറ്റ്‌ ക്ലെര്‍ക്കിന്റെ മൊഴിയനുസരിച്ച്  "ഡെക്കാന്‍ ക്വിന്‍ 2123 ഡൗണ്‍ ‍" സ്റ്റേഷനിലേക്കടുത്തപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന ഒരു 'പാഗല്‍ ‍' ട്രെയിനു മുന്നിലേക്ക്‌ എടുത്ത് ചാടുകയായിരുന്നുവത്രേ.

‘ബോഡി'യോടൊപ്പം 'ഹാന്‍ഡ്‌ ഓവര്‍ ‍" ചെയ്ത സ്യൂട്ട്‌ കേയ്സില്‍ നിന്ന്, ആരേയും കാട്ടാതെ, ഭുവനേട്ടന്‍  എടുത്ത്‌ വച്ചിരുന്ന ചില കത്തുകള്‍ ചേച്ചിക്ക് വായിക്കാന്‍ കൊടുത്തു:.

ഭാര്യയുടെ പരിദേവനങ്ങള്‍ ‍: ( 3 കത്തുകള്‍ ‍)
ഭര്‍തൃഗൃഹത്തിലെ പീഡനാനുഭവങ്ങള്‍. അവസാന കത്തില്‍ ആത്മഹത്യാഭീഷണി!

അമ്മയുടെ വീക്ഷണങ്ങള്‍ ‍: (2 ഇന്‍ലാന്‍ഡ്‌ ലറ്ററുകള്‍ ‍)
ഭാര്യയുടെ ചാരിത്ര്യശുദ്ധിയെപ്പറ്റിയുള്ള സംശയങ്ങള്‍ . വിവാഹബന്ധം വേര്‍പേടുത്തണമെന്ന അന്ത്യശാസന!

ഒരഭ്യദയകാംക്ഷിയുടെ സംശയങ്ങള്‍ ‍: (പോസ്റ്റ്‌ കാര്‍ഡ്‌)
കുട്ടിയുടെ പൂച്ചക്കണ്ണ് കിട്ടിയത് ആരില്‍ നിന്നാണ്? സ്വന്തം അനിയന്‍ തന്നെയാണ് ഭാര്യയുടെ  ജാരനെന്നറിയാമോ?


Tuesday, December 16, 2008

പാക്കരചരിതം - നാല് ഭാഗം (ഇന്നലെയുടെ ജാലകങ്ങള്‍ -7)

പാക്കരചരിതം - നാല് ഭാഗം



ഒന്ന്:

നനുത്ത മഞ്ഞിന്റെ മുഖപടം മാറ്റി, കുളിരിന്റെ  പുളകവുമായി, പ്രഭാതം സവാരിക്കിറങ്ങി.

ഇടവഴിയില്‍ നിന്ന് കലുങ്കിന്റെ ചരിവിലൂടെ, ചരല്‍ നിറഞ്ഞ ചെമ്മന്‍ പാതയിലേക്ക്  ഒരു സ്ത്രീ രൂപം ഇറങ്ങി. നീല പാണ്ടിച്ചേലയിലെ വെള്ളൊക്കസവിന്‍ പാളികള്‍ ചൂടില്ലാ രശ്മികളില്‍ മിന്നിത്തിളങ്ങി,  ഒപ്പം മുക്കുത്തിയിലെ  ചുവന്ന കല്ലുകളും. ചായക്കടയുടെ മുന്നിലെത്തിയപ്പോള്‍
ചെരിപ്പണിയാത്ത കാലുകള്‍ക്ക്‌ അകാരണമായ ഒരു തിടുക്കം. പരുഷമായ മുഖത്തെ തീഷ്ണ ദൃഷ്ടികള്‍ നടപ്പാത കീറിമുറിക്കും പോലെ.

കൂടെയെത്താന്‍ പാടുപെടുന്ന കൊലുസ്സണിഞ്ഞ രണ്ട് കുഞ്ഞിക്കാലുകള്‍ പിന്നെയാണു ദൃഷ്ടിയില്‍ പെട്ടത്. തുടുത്ത മുഖവും മങ്കി കട്ട് മുടിയും ചുവന്ന ഉടുപ്പും അവളെ ആകര്‍ഷയാക്കി.

പത്രത്തിലെ ചരമവാര്‍ത്തകളില്‍ നിന്നും കണ്ണുകള്‍ പറിച്ചെടുത്ത് കൃഷ്ണന്‍ കണിയാനൊന്ന് മൂളി. ‘ആപ്പിള്‍ ഫോട്ടോ’ ബീഡി ആഞ്ഞ്‌ വലിച്ച്
കുഞ്ഞയ്യപ്പനതേറ്റെടുത്തു. കോതത്തള്ളയുടെ മകന്‍ ബാലന് വില്ലനപ്പോള്‍ ചുമയുടെ അസുഖം.

അടുപ്പില്‍  തീ ഊതിപ്പെരുപ്പിക്കയായിരുന്ന അച്ഛനിലായിരുന്നു അവരുടെ ശ്രദ്ധ. അത് ഗൗനിക്കാതെ 'ഇപ്പ വരാം’ എന്ന മൗനസന്ദേശം എനിക്ക് കൈമാറി, പുറകിലെ വാതിലിലൂടെ അച്ഛന്‍ വീട്ടിലേക്ക്‌ നടന്നു.

വളവ്‌ തിരിഞ്ഞവര്‍ മറഞ്ഞിട്ടും, നീല ചുവപ്പു വര്‍ണങ്ങള്‍ കണ്ണുകളില്‍ നിറഞ്ഞു നിന്നു.
'അന്യത്തിക്കുട്ടീനെ ഇഷ്ടായോടാ?" : കണിയാന്‍ കണ്ണിറുക്കി ചോദിച്ചു.
"അന്യത്തിയോ?"
‘അറീല്യാ, ല്ലേ?"
മണ്ടനെപ്പോലെ ഞാനവരെ മാറി മാറി നോക്കി.
-ഉയര്‍ന്ന കൂട്ടച്ചിരി മന്ദാകിനി പാലുമായെത്തും വരെ നുരഞ്ഞ് പതഞ്ഞു കൊണ്ടിരുന്നു.

കണിയാന്റെ കടംകഥയുമായി പലരേയും ഞാന്‍ സമീപിച്ചെ‍ങ്കിലും ഉത്തരം തന്നത് ആശാരി കുഞ്ഞൂട്ടനായിരുന്നു.
"കല്യാണം കഴിക്കാതെ അവള്‍‌ക്ക്‍ണ്ടായ കുട്ട്യാടാ അത്‌"
‘അതിന്?’ എനിക്ക് മനസ്സിലായില്ല.
"എടാ, കുട്ടീണ്ടാവണെങ്കി കല്യാണം കഴിക്കണ്ടേ?"
"വേണം"
"എന്നാ കല്യാണം കഴിയും മുന്‍പ് അവള്‍ക്ക് വയറ്റ്‌ലുണ്ടായി.  നെന്റച്ചനാ കാരണമെന്നാണവള്‍ പറഞ്ഞത്“: കുഞ്ഞൂട്ടന്‍  വിശദീകരിച്ചു. "ഇതറിഞ്ഞ നെന്റമ്മ സാക്ഷാല്‍ കൊടുങ്ങല്ലൂരു ഭഗോതിയായി ഉറഞ്ഞ്‌ തുള്ളി ചെന്നവള്‍ക്ക് രണ്ട് കൊടുത്ത്, കൊരവള്ളിക്ക്‌ ചുറ്റിപ്പിടിച്ചപ്പഴല്ലേ
സത്യം പുറത്ത് വന്നത്’
സ്വതേയുള്ള വിഡ്ഢിച്ചിരി ഒന്നുകൂടി അടിച്ച് പരത്തി, സസ്പെന്‍സ്‌ കളയാതെ കുഞ്ഞൂട്ടന്‍ തുടര്‍ന്നു:
"എന്റെ വീടിന്റെ വടക്കോശത്തുള്ള പട്‌ളും കൂട്ടമായിരുന്നു ഒളിസേവക്ക് വേണ്ടി അവള്‍  ഉപയോഗിച്ചിരുന്നത്. ഒരീസം നട്ടപ്പാതിരക്കവിടെ വെട്ടോം ബഹളോം  കണ്ട് ചെന്നപ്പോ....", നിര്‍ത്തി ചുറ്റും നോക്കി ശബ്ദം താഴ്ത്തി, അയാള്‍ മുഴുമിപ്പിച്ചു:"ദാ, നിക്കണു നെന്റെ വെല്ലിശന്‍, കീറിയ മുണ്ടും ചന്തിയുമായി. അന്ന് ഞാനല്ലേ അയലോക്കക്കാരില്‍ നിന്ന് അങ്ങേരെ രക്ഷിച്ചേ..."

കാര്യങ്ങളുടെ ഒരേകദേശരൂപം മനസ്സില്‍ തെളിഞ്ഞു.

"അല്ല, അങ്ങേരേം കുറ്റം പറയാന്‍ പറ്റ്വോ? നാട്ടിലെ പിള്ളാരൊക്കെ സൈക്കിളുചവിട്ട്‌ പഠിച്ചത്‌ അവള്‍ടട്‌ത്ത്‌ നിന്നല്ലേ?":  തലയിളക്കി സ്വന്തം പ്രയോഗം ആസ്വദിച്ചുകൊണ്ടയാള്‍  കൂട്ടിച്ചേര്‍ത്തു: "നെന്റച്ഛനും കൂട്ടത്തിലുണ്ടാര്‍ന്നേരിക്കും".

കുഞ്ഞൂട്ടന്‍ സൈക്കിളുചവിട്ട്‌ പഠിച്ചോ എന്ന് ഞാന്‍ തിരക്കിയില്ല. കാരണം സൈക്കിള്‍ സ്വപ്നം കാണാന്‍ പോലും തുടങ്ങാത്ത പ്രായമായിരുന്നല്ലോ, എതേത്!

“അവരടെ വീട്‌ എവിടാ?"
" നമ്മ്ടെ ക്രോസ്‌ പാക്കരന്റെ ചേച്ചിയാടാ അവള്‍ . പേര് വിലാസിനീന്ന്. ഇപ്പോ കൊല്ലങ്കോട്ടെങ്ങാണ്ട് ഒരു പോസ്റ്റ്‌ മാഷ്‌ടെ വീട്ടില്‍ ശമ്പളത്തിനു നില്‍ക്ക്വാ. വല്ലപ്പോഴും വന്നാ രണ്ടീസം തെകച്ച് പാര്‍ക്കാന്‍ പാക്കരന്‍ സമ്മതിക്കില്യാ’

സൃഷ്ടാവിനു പറ്റിയ ഒരമളിയായിരുന്നൂ പാക്കരന്‍ ‍.
കൂരന്‍ തല,
ചുണങ്ങന്‍ ദേഹം,
കുടുക്ക വയര്‍ .
ചങ്ങാത്തം വെടിഞ്ഞ് അകന്ന് നില്‍ക്കുന്ന പാദങ്ങള്‍ ‍.
പാക്കരന്റെ ഉയരം ഊഹിച്ചെടുക്കാനാണു പാട്; പ്രായവും!

സമദൂരസിദ്ധാന്തത്തിലുറച്ച് നില്‍ക്കാത്ത ദൃഷ്ടികളുടെ ഉടമയെ 'ക്രോസ്‌ പാക്കരന്‍ ‍' എന്നാണു നാട്ടുകാര്‍ വിളിച്ചത്.

തേങ്ങയും പങ്ങയും പെറുക്കാന്‍ ‍, മാങ്ങായും പച്ചക്കറികളും പറിക്കാന്‍ ‍, മീന്‍ വാങ്ങാന്‍....
-പാക്കരനില്ലാത്ത തറവാടിനെപ്പറ്റി ചിന്തിക്കാനാവില്ല അന്തേവാസികള്‍ക്ക്.
ജോലിക്ക്‌ കൂലി  ഭക്ഷണം. വിശേഷ ദിവസങ്ങളില്‍ മുണ്ടും ബനിയനും ‘ബക്‍ഷീഷ്’‘.

പാക്കരനൊരു സയാമീസ് ഇരട്ടയുണ്ട്.  പേര് 'വിശപ്പ്”
‌രണ്ടാം ക്ലാസിലേ പഠിപ്പ്‌ നിര്‍ത്താനിടയായ 'ഭാസ്കരലീല'  ഇങ്ങനെ:

സ്കൂളിലെ ഫസ്റ്റ് ബ്രേക്കിന് ശേഷം ക്ലാസ്സിലെത്താന്‍ വൈകും പാക്കരന്‍ ; ആരുടേയെങ്കിലും ചോറ്റുപാത്രം കാലിയാക്കാനെടുക്കുന്നത്ര സമയം! ഇത്‌ തുടര്‍ക്കഥയാവുകയും ഉച്ചപ്പട്ടിണിക്കാരുടെ എണ്ണം പെരുകയും ചെയ്തപ്പോള്‍ ഡ്രില്‍ മാഷ്‌ സ്വയം സി ഐ ഡി ചമഞ്ഞു. ചോറും ചമ്മന്തിയും
കൂട്ടിക്കുഴക്കുന്ന പാക്കരന്റെ വലത്‌ കൈ മാഷ്‌ടെ ഉരുക്കു മുഷ്ടിക്കുള്ളിലായി. തുടര്‍ന്ന് മാഷ്‌ടെ തടിയന്‍ ചൂരല്‍ അവന്റെ ഇരു ചന്തികളേയും മാറി
മാറി ആശ്ലേഷിച്ചു,

പിറ്റേന്ന് മാഷ്‌ടെ ശ്രദ്ധ, പതിവ് പോലെ, അടുത്ത ക്ലാസിനെ ശാരദ ടീച്ചറിലേക്ക് തിരിയാന്‍ കാത്തിരുന്നു പാക്കരന്‍ . ടീച്ചേഴ്സ്‌ റൂമില്‍ വിശ്രമിച്ചിരുന്ന മാഷ്‌ടെ അടുക്ക് ചോറ് പാത്രം കണ്ട് പിടിക്കാനധിക സമയമെടുത്തില്ല. പാത്രത്തില്‍ മണല്‍ വാരി വച്ച്, സ്ലേറ്റ്‌ പോലുമെടുക്കാതെ
വീട്ടിലേക്കോടിയ പാക്കരന്‍ ശിഷ്ടകാലം നടവരമ്പ് സ്കൂളിന് നേരെ നോക്കാന്‍ പോലും ധൈര്യപ്പെട്ടിട്ടില്ല.

പത്ര വായന കേള്‍ക്കാനിഷ്ടമായിരുന്നൂ പാക്കരന്. മൗന വായനക്കാരെ അവന്‍ ചൊടിപ്പിക്കും: "നെങ്ങക്കെന്താ മലയാളപാഷ അറീല്യേ?"

തെറുപ്പുകാരന്‍ പപ്പു കടയിലിരുന്ന് ബീഡി തെറുപ്പ് തുടങ്ങിയപ്പോള്‍ പാക്കരന്‍ അച്ഛനോടാവശ്യപ്പെട്ടു: "പപ്പൂനോട് പറ എന്നെ തെറുപ്പ്   പഠിപ്പിക്കാന്‍ ‍"
"പഠിച്ചോടാ, നിനക്ക്‌ പറ്റിയ തൊഴിലാ": അച്ഛന്‍ പ്രോത്സാഹിപ്പിച്ചു.

വെട്ടിയിട്ട ബീഡിയില അടുക്കിവയ്ക്കല്‍ ‍, സുക്ക പാകപ്പെടുത്തിക്കൊടുക്കല്‍ ‍,ബീഡി മുറത്തില്‍ നിരത്തി വെയിലത്തോ അടുപ്പത്തോ വച്ചുണക്കിയെടുക്കല്‍ തുടങ്ങി തെറുത്ത്‌ കെട്ടിയിടുന്ന ബീഡികളുടെ തലയും വാലും മടക്കിക്കുത്തുന്ന ജോലി വരെ പഠിച്ച പാക്കരന്‍ പെട്ടെന്നൊരു ദിവസം മുതല്‍ കടയില്‍ വരാതായി.

തറവാട്ടു പടിക്കല്‍ വച്ച്‌ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു: " എന്തുപറ്റി, പാക്കരാ?'
"വരില്ല ഞാന്‍ ‍", തലതിരിച്ച്‌, ചുട്ട്‌ പൊള്ളുന്ന, അപരിചിത  സ്വരത്തില്‍ അവന്‍ മുരണ്ടൂ: " വൃത്തികെട്ട ശവം, ആ  പപ്പു അവടെ ഉള്ളടത്തോളം കാലം!"


രണ്ട്:

ഞാന്‍ ഹൈസ്കൂളിലെത്തിയപ്പോള്‍ ചായക്കടകക്കും ട്രാന്‍സ്ഫറായി : കല്ലം കുന്നു സെന്ററിലേക്ക്‌.

കവലയിലെ പഞ്ചായത്ത്‌ കിണറിന്റെ അരമതിലിനു ചുറ്റും പരദൂഷണവും രാഷ്ട്രീയവുമായി സ്ഥിരം കാണും ഒരാള്‍ക്കൂട്ടം.
-കൈതയില്‍ രാജന്‍ ‍, ചുമട്ടുകാരന്‍ കുഞ്ഞയ്യപ്പന്‍ ‍, ചെത്തുകാരന്‍ കുഞ്ഞന്‍ ‍, കണിയാന്‍ കൃഷ്ണന്‍ ‍....

വൈകുന്നേരമാകുമ്പോള്‍ സംഘത്തിന്റെ ബീഡിമണം വാറ്റ് ചാ‍രായത്തിന്റെ സുഗന്ധത്തിന് വഴി മാറും. ലഹരി തലക്ക്‌ പിടിച്ചാല്‍ ‍, കണിയാന്‍ കൃഷ്ണന്റെ സര്‍ഗചൈതന്യം മണിപ്രവാള ശ്ലോകങ്ങളായൊഴുകും.

"കല്ലംകുന്ന് മഹാദേശം,
നന്ദികേടിന്നുറവിടം,
അന്നം നാസ്തി, ഫലം നാസ്തി,
മദ്യപാനം മഹോത്സവം!"

പരിചിതമില്ലാത്ത ഒരു മുഖം വഴിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ സദിരിന്നിടവേള: ‘ആരാ മന്‍സിലായില്യാ?‘
"പെട്ട ഔസേപ്പിന്റെ ...?"
"ആ..നമ്മടെ സിസിലീടെ അമ്മായപ്പനാ..നാടെവിടാ?"
‘മറ്റത്തൂര്‍ അറിയില്ലേയെന്നോ? മഹാകവി പാടിപ്പുകഴ്ത്തിയ പ്രസിദ്ധ സ്ഥലമല്ലേ? കേട്ടിട്ടില്ലേ...
മറ്റത്തൂരു മഹാദേശം,
നന്ദികേടിന്നുറവിടം.........."

നാടുകള്‍ മാറിക്കൊണ്ടിരിക്കും, പക്ഷേ ശ്ലോകം ഒന്ന് തന്നെ!
ചമ്മിയ മുഖവുമായി അതിഥി നടന്ന് നീങ്ങുമ്പോള്‍ കൂട്ടച്ചിരിവും അട്ടഹാസവും മുഴങ്ങും.

പകലത്തെ ടൈം പാസ് ചീട്ട്‌ കളിയാണ്.
കാശുണ്ടെങ്കില്‍ ‘പന്നിമലത്ത്‌‘, ചിക്കല്‍ കുറവെങ്കില്‍ ‘പരല്‍‘, തീരെ വറുതിയെങ്കില്‍ ‘ഇരുപത്തെട്ട്‌‘.

ബീഡി, ചായ, വെള്ളം ഇത്യാദികളുടെ സുഗമമായ സപ്ലൈ ഉറപ്പ്‌ വരുത്താന്‍ ‘എവറെഡി‘യായി പാക്കരനുണ്ടാവും!

ചില ഞായറാഴ്ചകളില്‍ കാലത്തേ തന്നെ പാക്കരന്‍ ഓടിക്കിതച്ചെത്തും.
"അറവുകാരന്‍ അന്തപ്പന്‍ വെട്ടിയിരിക്കുന്നത് നല്ല ഒരു പോത്തും കുട്ടനാ.. രണ്ട്‌ കിലോക്കുള്ള കാശെടുക്ക്.....വേം വേണം..“

തൊഴില്‍ രഹിത സംഘത്തിന്റെ 'അവൈലബിള്‍ പോളിറ്റ് ബ്യൂറോ' അടിയന്തിരയോഗം ചേരും. സൈക്കിളില്‍  ദൂതന്മാര്‍  പായും.
വീട്ടില്‍ പോത്തിറച്ചി വര്‍ജ്യമായതിനാല്‍ ‘പാര്‍ട്ടിയില്‍ ‍’ ചേരാന്‍ ഞാനാവേശം കാട്ടും.
"ആളോഹരി കാശ് വാങ്ങുമെങ്കി, നീയും കൂടിക്കോ": അച്ഛന്‍ സമ്മതിക്കും.

അല്ലെങ്കിലും എന്റെ എതാഗ്രഹത്തിനാണു അച്ഛന്‍ തടസ്ഥം നിന്നിട്ടുള്ളത്?

പാക്കരനെന്ന നളന്‍ അരങ്ങു തകര്‍ക്കുന്ന ദിനമാണന്ന്.

കിണറിനു പുറകില്‍ ദേവസ്യാപ്ലയുടെ പറമ്പില്‍  അടുപ്പൊരുങ്ങും. മസാല, പാത്രങ്ങള്‍ ‍, അരപ്പ്‌, വിറക്‌ ഇവയൊരുക്കാന്‍ പാക്കരനാരുടേയും സഹായമാവശ്യമില്ല. കറിക്കലം അടുപ്പത്തായാല്‍ സൈക്കിളില്‍ ഡബിളും ത്രിബിളും വച്ച്‌ കമ്മറ്റിക്കാര്‍  'അപിറ്റൈസര്‍ ‍' തേടിപ്പോകും.  തിരിച്ച്‌
വരുമ്പോഴേക്കും വിജനമായ കല്ലംകുന്ന് സെന്ററില്‍ ‍, ഉരുളക്കിഴങ്ങും പോത്തിറച്ചിയും കലര്‍ന്ന മസാലമിശ്രിതത്തിന്റെ ഹൃദയഹാരിയായ മണം പരന്നൊഴുകുന്നുണ്ടാകും.

-വാഴയിലയില്‍ ചൂടോടെ ചിരട്ടത്തവികൊണ്ട്‌ വിളമ്പുന്ന ഇറച്ചിക്കറി,
സവാളയും കാന്താരിയും വട്ടത്തിലരിഞ്ഞ്‌ ഉപ്പും വെളിച്ചെണ്ണയും ഞരടിയ സര്‍ളാസ്,
അടുപ്പിലിട്ട്‌ ചുട്ടെടുത്ത വെണ്ണ പോലെ മൃദുവായ കൊള്ളിക്കിഴങ്ങ്...

ഓര്‍ക്കുമ്പോഴിന്നും രസമുകുളങ്ങള്‍ക്ക് പതിവില്ലാത്ത ത്രസനം!

"നടുത്തിരിപ്പുലയന്റെ മാടത്തിനു മുന്‍പില്‍ പൊറോട്ട്‌ നാടകമാണിന്ന്": ഒരു വൈകുന്നേരം പാക്കരനോടി വന്നു.
"പൊറോട്ട് നാടകം എന്നൊക്കെ നടത്തീട്ടുണ്ടോ, അന്നൊക്കെ അടീം നടന്നട്ട്ണ്ട്‌.‘ :അച്ഛന്‍ വിലക്കി.
"ന്നാലും നാടകല്ലേ അച്ഛാ. കണ്ടിട്ട്‌ വേഗം വരാം"

മൗനം സമ്മതമാക്കി ഞാനും പാക്കരനും പാടത്തേക്കും, കട പൂട്ടി അച്ഛന്‍ വീട്ടിലേക്കും നടന്നു.

അടക്കാമരക്കാലുകളില്‍ പലകകള്‍ നിരത്തിയ സ്റ്റേജ്‌ കുരുത്തോലകള്‍ കൊണ്ടലങ്കരിച്ചിരുന്നു. കുലയില്ലാത്ത വാഴകളുടെ കബന്ധങ്ങള്‍ ബന്ധികളായി ഞങ്ങളെ എതിരേറ്റു. പഴയ സാരികള്‍ തുന്നിച്ചേര്‍ത്ത തിരശ്ശീലക്ക്‌ മുന്‍പില്‍ കുട്ടപ്പന്‍ ആന്‍ഡ്‌ പാര്‍ട്ടിയുടെ "ചെട്ടിമദ്ദളം ചവിട്ടിപ്പൊട്ടിച്ച്’‘ കൊണ്ടുള്ള തപ്പു മേളം തകര്‍ക്കുന്നു.

പുലയരുടെ ആഘോഷത്തില്‍ പങ്കെടുക്കാന്‍  നസ്രാണി മാപ്ലാരും കൊട്ടി ചോന്‍മാരും ചൊക്ലി നായന്മാരും ഉണ്ടായിരുന്നു.  കൂട്ടത്തില്‍ വേലന്‍ കണ്ണപ്പനേയും അമ്പട്ടന്‍ വേലുവിനേയും കണ്ടു. കരയിലെ ഏക ഉള്ളാട ഫാമിലി അല്‍പം മാറി ഒരു തെങ്ങിന്‍ തറയില്‍ തമ്പടിച്ചിരുന്നു.

-‘കുലശ്രീ‘കള്‍ കൂട്ടത്തോടെ ബഹിഷ്ക്കരിച്ചതിനാലാകണം സദസ്സിനൊരു വര്‍ണപ്പൊലിമ തോന്നിയില്ല.

തപ്പുമേളം നിലച്ചതും 'ഗ്രീന്‍ റൂമി'നരികെ നിന്ന് ബഹളമുയര്‍ന്നു.
കാളിപ്പുലയിയുടെ പുത്രി ശൃംഗാരി ദേവുവായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവ കേന്ദ്രം.
കൂട്ടത്തില്‍ കാര്‍ണോരായ അയ്യപ്പന്‍ ആള്‍ക്കൂട്ടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
"എന്താടീ  ഒച്ചവച്ചേ?"
'ആരാണ്ട്‌ എന്നെ ദാ, ഇവടെ...പിടിച്ചു". അവള്‍ നെഞ്ച് തൊട്ട് കാണിച്ചു.
‘ആരാന്ന് കണ്ടില്ലേ?"
"ഇല്ല, പക്ഷേ ഇവന്‍ മാത്രേ ഇവ്‌ടെ ണ്ടായൊള്ളൂ..."
അവളുടെ ചൂണ്ട് വിരലിന്റെ അറ്റത്ത്‌ നിന്നയാളെ നോക്കി ജനം ഞെട്ടി: ക്രോസ്‌ പാക്കരന്‍ ‍!
-എപ്പോഴാണ് എന്നെ വിട്ട്‌ പാക്കരന്‍ അവിടെയെത്തിയത്‌?
"അല്ല...ഞാനല്ലാ": രണ്ട്‌ കൈകളുമുയര്‍ത്തി പാപക്കറ പുരണ്ട കൈകളല്ല തന്റേതെന്ന് സ്ഥാപിക്കാന്‍ യത്നിച്ചു, പാക്കരന്‍ ‍. കുറിയ കണ്ണുകളിലെ കൃഷ്ണമണികള്‍ വിപരീത ദിശകളിലേക്ക് അതിവേഗം പെന്‍ഡുലമാടി.

"പാക്കരനോ....ഏയ്‌, ...ഇവനാവില്ല‘: അയ്യപ്പനവനെ വിശ്വാസമായിരുന്നു.
"ഞാനിവനേയാ കണ്ടേ’: ദേവൂ വീണ്ടും ചിണുങ്ങി.
"പെണ്ണച്ചു ദേവൂനെ പിടിച്ചേ..." തള്ളേടെ ബാലന്‍ അട്ടഹസിച്ചു.
ചിലര്‍ ഏറ്റു വിളിച്ചു:"പെണ്ണച്ചു പാക്കരന്‍ പെണ്ണ് പിടിച്ചേ ‍...."

"ഞാന്‍ പെണ്ണച്ചുവല്ലാ":പാക്കരന്റെ വിളര്‍ത്ത മുഖത്ത് രോഷക്കടലിരമ്പി.
"അല്ലെങ്കി ഒന്നൂടി പിടിച്ച് കാണിക്കടാ...തെളിയിക്ക് നീയൊരാണാണെന്ന്.’ ബാലന്‍ പാക്കരന്റെ കൈയില്‍ പിടിച്ച്‌ വലിച്ചു.
"പിടിക്കും..... വേണങ്കി നിങ്ങടെ മുന്നിലിട്ട്‌ പിടിക്കും, പക്ഷേ ഇപ്പഴല്ലാ, കല്യാണം കഴിച്ചിട്ട് ...എന്നിട്ട് കാണിച്ച് തരാം."
കരയുന്ന ശബ്ദത്തില്‍ വെല്ലുവിളി നടത്തി, അവന്‍ തെക്കോട്ടുള്ള കയറ്റം ബദ്ധപ്പെട്ട്‌ ഓടിക്കയറി.

കുറെ ദിവസത്തേക്ക്‌ പാക്കരനെ കവലയില്‍ കണ്ടില്ല. അന്വേഷിച്ചപ്പോഴറിഞ്ഞു:  പെണ്ണന്വേഷണവുമായി അവന്‍ ‘ബിസി’യാണെന്ന്.

ഒരാഴ്ച്ക്ക് ശേഷം, പഴക്കമുള്ള, കൈയില്ലാത്ത ബനിയനും കള്ളിമുണ്ടും ധരിക്കാറുള്ള പാക്കരന്‍ അലക്കിത്തേച്ച ഷര്‍ട്ടും ജഗന്നാഥന്‍ മുണ്ടുമണിഞ്ഞ് വീണ്ടും കവലയിലെത്തി.
"ടാ...എന്റെ കല്യാണം ഒറച്ചു" : സന്തോഷം ചാലിച്ച ശബ്ദത്തില്‍ അവന്‍ സ്വകാര്യം പറഞ്ഞു.
"എവ്‌ടന്നാ?"
"പട്ടേപ്പാടത്ത്‌ ന്ന്. ഇവിടടുത്താ"
"പെണ്ണെങ്ങിനെ?" ഞാന്‍ ഉത്സുകനായി.
"നല്ല ചന്തണ്ട്‌.  എന്നേക്കാ  തടിയുമുണ്ട്, എകരം എന്റത്രേള്ളൂന്നാ തോന്നണേ"
"എന്നാ കല്യാണം?"
"അട്‌ത്ത മാസം ഏഴാന്തി."

വീട്ടിത്തടിയുടെ കരുത്തുള്ള പെണ്ണായിരുന്നു പാക്കരന്റെ മണവാട്ടി, സരള.
ചടങ്ങുകള്‍ക്ക്‌ ചുക്കാന്‍ പിടിക്കാന്‍ മൂത്ത പെങ്ങള്‍ തലെന്നേ വന്നിരുന്നുവെങ്കിലും രംഗത്ത്‌ വരുന്നതില്‍ നിന്നും പാക്കരനവരെ വിലക്കി.
കൊലുസ്സിട്ട, വിടര്‍ന്ന കണ്ണുകളുള്ള, മങ്കി കട്ട് മുടിയുള്ള,  പെണ്‍കുട്ടി അവിടെയെങ്ങും ഓടിക്കളിക്കുന്നുണ്ടായിരുന്നു.

അമ്മായിയമ്മയുടെ സത്ക്കാരവും ബന്ധുക്കളുടെ വിരുന്നും കഴിഞ്ഞപ്പോള്‍ പാക്കരനൊന്നു കൊഴുത്തു.

"ഒരാഴ്ച്യായില്ലേ പാക്കരാ, വല്ലതും നടന്നോ’ : ചോദിച്ചപ്പോള്‍ അവന്റെ മുഖം നാണത്താല്‍ കുനിഞ്ഞു. കൈകള്‍ കൂട്ടിപ്പിരിച്ച്‌,
ചോദ്യകര്‍ത്താവിനെ ഒളികണ്ണാല്‍ നോക്കി ചിരിച്ച ചിരിയില്‍ എല്ലാം അടങ്ങിയിരുന്നു.
"അതിന് പാക്കരനൊന്നും ചെയ്യണ്ടല്ലോ, അവള്‍ക്ക് മുന്‍പരിചയമമുള്ളതല്ലേ?": ബാലന്റെ കളിയാക്കല്‍ കേള്‍ക്കാന്‍ നിക്കാതവന്‍  മുങ്ങി.

വിടുവായര്‍ക്കും വിമര്‍ശകര്‍ക്കും മറുപടിയായി 'പാക്കരന്റെ പെണ്ണിനു വയറ്റ്‌ലുണ്ട്‌' എന്ന വാര്‍ത്തയും താമസിയാതെത്തി!

മകന്‍ പിറന്ന ദിവസം തോര്‍ത്ത് തലയില്‍ മുറുകെക്കെട്ടി, കാലുകള്‍ തറയില്‍ ഭദ്രമായമര്‍ത്തി, ഒരു ഗൂഢസ്മിതവുമായി, അവന്‍  കല്ലംകുന്ന് മുഴുവന്‍ കറങ്ങി നടന്നു.
"മോന്‍ അമ്മേടേയോ അതോ അച്ഛന്റേയോ?": കുശുമ്പും കന്നത്തരവും കുത്തകയാക്കിയ ബാലനു മാത്രം നാവടക്കാനായില്ല.
'അല്ലടാ, ചത്ത്‌ പോയ നെന്റെ തന്ത പൊന്നപ്പന്റെ": ക്രുദ്ധനായി പല്ലുകടിച്ച്‌, കൈകള്‍ ചുരുട്ടി പാക്കരന്‍ ബാലനു നേരെയടുത്തു.


മൂന്ന്:

മൂന്ന് വര്‍ഷത്തെ ഗള്‍ഫ് വാസത്തിന് ശേഷം നാട്ടിലെത്തിയതായിരുന്നു, ഞാന്‍ .
ചാറ്റല്‍ മഴയുടെ കുളിരില്‍ അലിഞ്ഞ്, നാട്ടിന്‍പുറത്തിന്റെ ശബ്ദങ്ങളില്‍ ലയിച്ച് മയങ്ങുന്ന എന്നെ അമ്മ തട്ടിയുണര്‍ത്തി.
"എണീക്കടാ, പാക്കരന്‍ കാത്തിരിക്കാന്‍ തൊടങ്ങീട്ട്‌ മണിക്കൂര്‍ രണ്ടാ‍യി"
അലോസരത്തോടെ, കൈകള്‍ രണ്ടും തലക്ക്‌ മുകളില്‍ പിണച്ച് കോട്ടുവായിട്ട്‌ ഞാന്‍ താഴെയിറങ്ങി.

പത്രത്തില്‍ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്നൂ, പാക്കരന്‍ ‍.
"എന്താടാ ഊരേലു വെയിലടിച്ചിട്ടും കെടന്നൊറങ്ങ്വാ?"
'എന്താ പാക്കരേട്ടാ വിശേഷങ്ങള്‍? ചായ കുടിച്ചോ?" ഞാന്‍ കുശലം പറഞ്ഞു.
"അത് കാലത്തേ കഴിഞ്ഞു, കാനംകുടം വര്‍ഗീസിന്റെ കടേന്ന്." പാക്കരന്റെ മുഖത്തിനപ്പോള്‍ അല്‍പം പോലും അഭംഗി തോന്നിയില്ല.
"നീ വന്ന വെവരം ചായക്കടേന്നാ അറിഞ്ഞേ."
വിശേഷങ്ങളുടെ കെട്ടഴിഞ്ഞപ്പോള്‍ സമയം പോയതറിഞ്ഞില്ല.

അമ്മ പലപ്രാവശ്യം വന്നെത്തിനോക്കി. പിന്നെ അടുക്കളയില്‍ നിന്നായി വിളി.
"പല്ല് തേക്കടാ‍... ചായ കുടിക്കണ്ടേ?."
“വേണ്ടമ്മേ, എനിക്ക് കഞ്ഞി മതി’

നിലത്ത്‌ മുട്ടിപ്പലകയില്‍ ഇരുന്നേ പാക്കരന്‍ കഞ്ഞികുടിക്കൂ. അതും കോട്ടിയ പഴുത്ത പ്ലാവില കൊണ്ട്‌.
"പാക്കരന്‍ വരുമ്പഴാ മുട്ടിപ്പലകേടെ കാര്യം ഓര്‍ക്കുന്ന തന്നെ": അമ്മ പറഞ്ഞു.
"ഇപ്പഴത്തെ പരിഷ്കാരൊന്നും എനിക്ക്‌ പറ്റില്യാ, ലെഷ്മേച്യേ": ഒരു പ്ലാവില നിറയെ ഒടിയന്‍ പയറിന്റെ ഉപ്പേരി വായിലാക്കിക്കൊണ്ട്‌ പാക്കരന്‍ തുടര്‍ന്നു: "പഴേതൊക്കെ നിങ്ങ മറക്കും. എനിക്ക് പറ്റ്വോ?"

നൂറ് രൂപയുടെ ഒരു നോട്ട് കൈവെള്ളയില്‍ തിരുകിയപ്പോള്‍ പാക്കരന്റെ  മുഖം നിറയെ ചിരി.
"ബ്ലേഡൊന്നും കൊണ്ട്‌ വന്നിട്ടില്ലേടാ?"
‘പത്ത്‌ രോമം തെകച്ചും മോത്തില്ല്യാത്ത നിനക്കെന്തിനാടാ ബ്ലേഡ്?" :പണം കൊടുത്തത്‌ അമ്മക്കത്ര പിടിച്ചില്ലെന്നതിന്റെ സൂചനയാണാ വിമര്‍ശനസ്വരം..
"ലെഷ്മ്യേച്ചിക്കങ്ങനെ പറയാം. ആഴ്ചേലൊരിക്കെ ഷേവ്‌ ചെയ്തില്ലെങ്കി എന്റെ മോറാകെ ചൊറിയും"

നെയ്ത്ത്‌ കമ്പനിയില്‍ പോകുന്ന അനിയത്തി പാര്‍വതിക്കെന്നും അകമ്പടി സേവിക്കുമത്രേ പാക്കരന്‍ ‍.
"ചേച്ചീടന്തി വല്ല കുരുട്ട്‌ ബുദ്ധീം തോന്ന്യാ.... കൊന്ന് വട്ടത്തിച്ചെറേലു കെട്ടിത്താഴ്ത്തും ഞാന്‍ ": എന്ന മുന്നറിയിപ്പയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

"പണ്ടത്തേപ്പോലെയല്ല, പാക്കരനിപ്പോ": അമ്മക്ക്‌ പോലും പാക്കരനോടൊരു മയം.
ചന്ത ദിവസം നാട്ടുകാരുടെ കോഴി, ചക്ക, പച്ചക്കറിയെല്ലാം കൊണ്ട്‌ പോയി വില്‍ക്കും. പലവ്യഞ്ജനങ്ങളും മീനുമൊക്കെ വാങ്ങിക്കൊണ്ട്‌ വരികയും ചെയ്യും. അഞ്ച് പൈസ തെറ്റാതെ കണക്ക് കൊടുക്കും. എന്നിട്ടവര്‍ കൊടുക്കുന്നത് വാങ്ങും. പറമ്പുകളില്‍ നിന്ന് വാഴയില വെട്ടി
ഹോട്ടലുകാര്‍ക്ക്‌ സപ്ലൈ ചെയ്യലായിരുന്നു, പാക്കരന്റെ മറ്റൊരു വരുമാന മാര്‍ഗം.

വിവാഹമോ മരണമോ ഉണ്ടായാല്‍ ആ വീട്ടില്‍ ആദ്യാവസാനക്കാരനായി പാക്കരന്‍ കാണും. മരിച്ചറിയിപ്പാണതില്‍ പ്രധാനം.:ആര്‍ക്ക്‌ എവിടെയൊക്കെ ബന്ധുക്കളുണ്ടെന്ന് നല്ല തിട്ടാ അവന്. അത്‌ പോലെ ആര്‍ക്ക്‌ ആരോട് വൈരാഗ്യവുമുണ്ടെന്നും":അമ്മ വിശദീകരിച്ചു.


നാല്:

വര്‍ഷങ്ങള്‍ പലത് കടന്ന് പോയി.
ഒരിക്കല്‍ കൂടി, ഭാര്യയും മക്കളുമൊത്ത്‌, സമ്മര്‍ വെക്കേഷന് നാട്ടില്‍ .
രണ്ട് ദിവസമായിട്ടും പതിവ് വിസിറ്റിന് പാക്കരനെത്തിയില്ല.
ചോദിച്ചപ്പോഴേ അമ്മ തുടങ്ങി:
"പറയാന്‍ മറന്നതാ മോനേ... പാക്കരന്റെ മോന്റെ കല്യാണം കഴിഞ്ഞു. നിന്റെ കൂട്ടുകാരന്‍ രവീടച്ഛന്‍ നാരായണന്റെ പലചരക്ക്‌ കടേലല്ലേ അവന് ജോലി. ചന്തേത്തന്നെയുള്ള ഒരു മീങ്കാരന്റെ മോളെ ഒരൂസം രാ‍ത്രി വിളിച്ചെറക്കിക്കോണ്ട്‌ വരികേര്‍ന്നു.’

മോനോട്‌ പിണങ്ങി  വീട്ടീ കേറാതെ സമീപത്തെ ചായക്കടയിലായിരുന്നു കുറെനാള്‍ പാക്കരന്റെ പൊറുതി. അവസാനം നാട്ടുകാരെയും കൂട്ടിച്ചെന്ന് മോന്‍  പാക്കരന്റെ കാലില്‍ വീണ്  മാപ്പ്‌ പറഞ്ഞപ്പഴാ തിരികെപ്പോയത്.
അമ്മ പറയാന്‍ മറന്ന ഭാഗം കൊച്ചേച്ചി പൂരിപ്പിച്ചു:
ഒരു ദിവസം മോന്തിക്ക് പാക്കരന്‍ വിട്ടീ വരുമ്പോള്‍ മരുമോള്‍ ഏതോ ഒരുത്തനോട്  സംസാരിച്ച് കൊണ്ട് നില്‍ക്കുന്ന കണ്ടു.  ചോദിക്കാനും പറയാ‍നും നില്‍ക്കാതെ പാ‍ക്കരനവളെ  അടിച്ച് അവശയാക്കി, എന്നിട്ട് പിടിച്ച് വലിച്ച് പടിക്ക്‌ പുറത്താക്കി.

ഭാര്യയും അയല്‍ക്കാരുമൊക്കെ എത്ര കെഞ്ചിയിട്ടും പാക്കരന്‍ അയഞ്ഞില്ല. രാത്രി മോന്‍ വന്നപ്പോഴാണറിഞ്ഞത്‌: ചന്തയില്‍ നിന്ന് അച്ഛനിഷ്ടപ്പെട്ട  മീന്‍ വാങ്ങി  വീട്ടിലെത്തിക്കാന്‍ അവന്‍ പ്രത്യേകം അയച്ചതായിരുന്നു, അയാളെ. നിര്‍ഭാഗ്യത്തിന്  മോളുടെ ബന്ധു കൂടിയായിരുന്നതിനാല്‍ സംസാരിച്ചു നിന്ന് പോയി..

വൈകുന്നേരം പാക്കരന്‍ വന്നു.
ഒന്നുകൂടി കൂനിയിട്ടുണ്ട്‌.
മുടി പറ്റേ വെട്ടിയിരിക്കുന്നു.
ഒരൂന്നുവടിയുടെ സഹായത്തോടെയാണു നടത്തം.

"വരണ ദെവസം എനിക്കറ്യായിരുന്നു ട്രാ! പക്ഷെ വയ്യാ. പണ്ടത്തേപ്പോലേള്ള യാത്രയൊന്നും പറ്റ്‌ണില്യാ. ഇപ്പോത്തന്നെ വെളയനാട്‌ വരെ ഒരു പെട്ടി ഓട്ടോക്കാരനാ കൊണ്ട് വിട്ടേ ": ഒറ്റ ശ്വാസത്തില്‍ അത്രയും പറഞ്ഞയാള്‍  നിലത്തിരുന്ന് കിതച്ചു.
"അതിനെന്താ പാക്കരേട്ടാ, ഇന്നൂടെ കണ്ടില്ലെങ്കി ഞാനങ്ങോട്ട്‌ വന്നേനെ": ഞാന്‍ ഭംഗി വാക്ക്‌ പറഞ്ഞു.

കുറച്ചേ സംസാരിച്ചുള്ളു.
ഭക്ഷണത്തോട് തീരെ ആര്‍ത്തിയില്ല.
ഓര്‍മ്മക്കും സംസാരത്തിനും ഒരു പതറല്‍ ‍.
പക്ഷേ നൂറു രൂപയുടെ നോട്ട്‌ കണ്ടപ്പോഴാ മുഖം വികസിച്ചു.
അപ്പഴും അമ്മ പറഞ്ഞൂ: "അവനെന്തിനാടാ കാശ്‌? പൊന്നു പോലല്ലേ അവന്റെ മോനവനെ നോക്കുന്നേ."
"ഞാന്‍ പോവ്വാ മോനേ" പാക്കരനെണീറ്റു."എനിക്ക് മാലക്കണ്ണാടാ.  രാത്ര്യായാ പിന്നെ തീരെ കാണാന്‍ പറ്റ്ല്യാ.  പോകാന്‍ ഒരോട്ടോ വിളിച്ച് തരണം. പിന്നൊരു ബ്ലേഡും.....മറക്കണ്ടാ"

അക്കൊല്ലം മരിച്ചു, പാക്കരന്‍ ‍.

ശവസംസ്കാരച്ചടങ്ങുകള്‍ക്ക്‌ ശേഷം മകനും ബന്ധുക്കളും കൂടി, പാക്കരന്‍ കിടന്നിരുന്ന  കട്ടിലിന്നടിയിലെ ഇരുമ്പ്‌ പെട്ടി തുറന്നപ്പോള്‍‍ അമ്പരപ്പും ആശ്ചര്യവും കൊണ്ട് അവരുടെ  കണ്ണുകള്‍ നിറഞ്ഞു തൂവി.
- തുറക്കാത്ത കുറെ സിഗററ്റ്‌ പാക്കറ്റുകള്‍ ‍.
-ഫോറിന്‍ ബ്ലേഡുകള്‍ ‍,
 കൂടെ അമ്പതിന്റേയും നൂറിന്റേയും നോട്ടുകളുടെ ഒരു കെട്ടും!.

Wednesday, October 29, 2008

വല്യേച്ചി (ഇന്നലെയുടെ ജാലകങ്ങള്‍ -6)


വല്യേച്ചി

വടക്ക്‌ മുകുന്ദപുരം ക്ഷേത്രം,
പടിഞ്ഞാറു സ്രാമ്പി വളപ്പ്‌,
തെക്ക്‌ നിഞ്ഞൊഴുകുന്ന തോട്‌,
കിഴക്ക്‌ വട്ടത്തിച്ചിറ.
-ഇടക്ക്‌ കൈകാലുകള്‍ നിവര്‍ത്തി നീണ്ട്‌ നിവര്‍ന്ന് കിടക്കുന്നു, മൂന്നേരത്ത്‌ പാടം.

ഇരുപ്പൂ നിലത്തിലം ഭൂരിഭാഗവും ചിറയില്‍ തറവാട്ടുകാരുടെ വകയായിരുന്നു. ഭാഗം പിരിഞ്ഞ്‌ വേറിട്ട് താമസിക്കുന്ന വെല്ലിശന്റെയും ഞങ്ങളുടേയും ഒഴിച്ച്‌ ബാക്കി എല്ലാം കൂട്ടുകൃഷി: വല്യാപ്പന്റെ നേതൃത്വത്തില്‍ .‍
വിത്തിറക്കാറാകുമ്പോള്‍ മരക്കമ്പനി പൂട്ടി, കള്ളുഷാപ്പ്‌ വഴി, വെല്ലിശന്റെ ഒരു വരവുണ്ട്, തറവാട്ടിലേക്ക്:  "നാരാണാ, കണ്ടം പൂട്ടിയിടണം. വിതയ്ക്കേണ്ട ദിവസം അറീച്ചാ മതി"

സ്വന്തമായി മൂരികളോ കൃഷിയുപകരണങ്ങളോ ഇല്ലാത്തതിനാല്‍ ‌,അച്ഛന്‍  അമ്മയോട പറയും:‘ നീ ചെന്ന് നാരായണനോട്  പറ‌, കണ്ടം പൂട്ടാന്‍ മൂരികളെ വേണം ന്ന്. ഒരീസത്തേക്ക് മതി"

മനസ്സില്ലാ മനസ്സോടെ പോകുന്ന അമ്മ, കടന്നല്‍ കുത്തിയ മുഖത്തോടെയാണു തിരിച്ച്‌ വരിക.
"പണിയൊക്കെ ഒന്നൊതുങ്ങട്ടെ ന്ന്. പിന്നെ അനിയന്റെ കണ്ടീഷനുകളറിയാല്ലോ ‍: പിണ്ണാക്ക്, പുല്ല്, കാടി  ... മോന്തിക്ക് മുമ്പ് കുളിപ്പിച്ച് തൊഴുത്തില്‍ കെട്ടണം‘

ആറുപറക്കണ്ടം ഒരു ദിവസം കൊണ്ട്‌ രണ്ട്‌ ചാല്‍ ഉഴുത്‌ മറിക്കും, അച്ഛന്‍. പണികള്‍ കൈക്കോട്ടും തൂമ്പയും വച്ച്. വിത്തിറക്കും മുന്‍പ്‌ ഒരിക്കല്‍ കൂടി 'മുട്ടി'യടിച്ച്‌ നിരത്തണം. ചളി നിലമാണെങ്കില്‍ 'മര'മടിച്ചും. നുകത്തില്‍ നിന്നും കെട്ടിയ കയറില്‍ പിടിച്ച്‌, മുട്ടി'മേല്‍ ബാലന്‍സ്‌ ചെയ്ത്‌ നില്‍ക്കാന്‍ ഞാന്‍ കൂടെ പോകുമായിരുന്നു.

കൊയ്ത്ത്‌ തുടങ്ങും മുന്‍പ്‌ തറവാട്ടില്‍ പിടിപ്പത്‌ ജോലിയുണ്ട്‌. പുല്ലു ചെത്തി, മുറ്റം മെഴുകണം. നടപ്പുര അടിച്ച്‌ തുടക്കണം. പനമ്പ്-കൊട്ട-വട്ടികള്‍ തട്ടിന്‍ പുറത്ത് നിന്നെടുത്ത്‌ കഴുകി വെയിലത്തിട്ടുണക്കണം. കൊയ്യാന്‍ വരുന്നവരെല്ലാം ഈ ജോലികളില്‍ സഹകരിച്ചിരിക്കണം.

മുറുമുറുത്താണെങ്കിലും ചേച്ചിമാരേയും കൂട്ടി അമ്മ തറവാട്ടിലേക്ക്‌ പോകും. പക്ഷെ കാലത്തെ കഞ്ഞിക്ക് മുന്‍പ്   തിരിച്ചു നടക്കും. "കണ്ട പുലച്ചിമാരുടെ ഒപ്പമിരുന്ന് കഞ്ഞി കുടിക്കാന്‍ ‘കാര്യേഴുത്ത്‌‘കാരെ കിട്ടില്ല. വേണങ്ങി നിങ്ങള്‍ കുടിച്ചോ."
കുത്തരിക്കഞ്ഞിയുടെയും ചക്കപ്പുഴുക്കിന്റേം കൊതിപ്പിക്കുന്ന മണത്തെ ഉപരോധിച്ച് ചേച്ചിമാരും മടങ്ങും. ചേട്ടത്തിയേയും മക്കളേയും അടുക്കളയിലിരുത്തി കഞ്ഞി കൊടുക്കാന്‍ ന്മിനക്കെടാറില്ല, ഇളയമ്മ.

കൊയ്ത്ത്‌ നീണ്ടാല്‍ കറ്റ കെട്ടല്‍ രാത്രിയിലാകും. കട പൂട്ടി അച്ഛന്‍ വന്നാലേ ഞങ്ങളുടെ കറ്റകള്‍ വരമ്പത്ത്‌ നിന്നു നീങ്ങൂ. തറവാട്ടിലെ കറ്റകള്‍ കൊണ്ട് പോവുക മാണിക്കുട്ടി മാമന്റെ കാളവണ്ടിയിലാണ്.

കാര്യസ്ഥന്‍ വേലപ്പന്റെ  മക്കളായ ചന്ദ്രനും നാരായണനും ഞാനുമൊക്കെ അമ്മമാരെ സഹായിക്കാനെന്ന ഭാവേനെ പാടത്ത്‌ പോകുന്നത്‌ മീനും ഞണ്ടും ഞവിണിയുമൊക്കെ  പിടിക്കാനായിരുന്നു. ചിലപ്പോള്‍ വലിയ മുഷുവും കടുവും ബ്രാലുമൊക്കെ തടഞ്ഞെന്ന് വരും. ഓര്‍ക്കാപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന ഞണ്ടുകളേയായിരുന്നു എനിക്ക്‌ പേടി. പച്ച ഈര്‍ക്കിലുപയോഗിച്ച് ഞണ്ട്‌ പിടിക്കാന്‍ വിരുതനായിരുന്നു, നാരായണന്‍ ‍.

കാലാകാലങ്ങളില്‍ നിറഗന്ധഭാവഹാവാദികള്‍ മാറി മാറി അണിയുന്ന മൂന്നേരത്ത്‌ പാടം എനിക്കെന്നും ഹരമായിരുന്നു.

-ഇടമഴയില്‍ മിഴികള്‍ തുറന്ന്,  നാവുകളായിരം നീട്ടി സ്തന്യം നുണയും ആരോമലാള്‍ ‍, നവജാത.
-മന്ദമാരുതനില്‍ ‍, പച്ചത്തലപ്പുകളാട്ടി, മദഹാസത്തില്‍ വസന്തം വിതറും ഋതുമതി, ശുഭദതി.
-കാളക്കുളമ്പുകളുടെ മൈഥുനത്തില്‍  രേത്രഹര്‍ഷമേറ്റു വാങ്ങും മേദിനി, വിലാസിനി.
-ചളിയിലമര്‍ന്ന്‌, മൃതിയുടെ ഗന്ധത്തില്‍ താണ്ഡവമാടും ഉഗ്രശാക്രി, ചണ്ഡിക.
-നിറകതിരുകളുടെ ആലസ്യത്തില്‍ ചന്ദ്രാതപമുതിര്‍ക്കും ശങ്കരി, മനോഹരി.
-ഒറ്റപ്പെടലിന്റെ വേപഥുവിലും ജീവജാലങ്ങള്‍ക്കഭയമേകും മനസ്വിനി, തേജസ്വിനി.
-ഊഷരതയിലുരുകി,  മണ്‍‌വാസനകൊണ്ട് കാവിപുതച്ച്‌ കഥ ചൊല്ലിത്തരും പരിത്യാഗിനി, മുത്തശ്ശി.

* * * * * * * *

നടപ്പുരയിലും മുറ്റത്തും കുന്ന് കൂടുന്ന കറ്റകളുടെ മെതി, ദിവസങ്ങള്‍ കഴിഞ്ഞേ തുടങ്ങൂ. കയ്യാലയില്‍ നെല്ല് കുമിയുന്ന ഒരു രാത്രിയില്‍   വേലപ്പേട്ടനെത്തും ‘പതം‘ അളക്കാന്‍ ‍.
പത്ത്‌ പറക്ക്‌ ഒരു പറ പതം!

ഞങ്ങള്‍ കൊയ്ത് മെതിച്ച നെല്ലന്നളക്കുന്നതിന്നിടെ വേലപ്പന്റെ മുന്നിലേക്ക് ഓടിക്കയറി വല്യേച്ചി.
"എണ്ണം തെറ്റി, വേലപ്പേട്ടാ"
"ഇല്ല": വേലപ്പേട്ടന്‍ തല കുലുക്കി.
‘പറ ആറ്...പറ ആറ്' എന്നു അളന്നോണ്ടിരുന്ന വേലപ്പേട്ടന്‍ ഏഴാം പറ കഴിഞ്ഞിട്ടും ‘പറ ആറ്‘എന്ന് തന്നാ പറഞ്ഞയുന്നത്"
‘തെറ്റാന്‍ വഴിയില്ലല്ലോ": വേലപ്പേട്ടന്‍ നടു നിവര്‍ത്തി.
"തെറ്റി, വീണ്ടും അളക്കണം": ചേച്ചി നിര്‍ബന്ധിച്ചു.
"ആര്‍ക്കാടീ വീണ്ടും അളക്കണ്ടേ?"
വല്യാപ്പന്‍ ഒരലര്‍ച്ചയോടെ കയ്യാലയിലേക്ക്‌ ചാടിക്കയറി.
"പാപ്പാ....വേലപ്പേട്ടന്‍ ‍.... എണ്ണം തെറ്റിച്ചു": ചേച്ചി വിക്കി.
"വേലപ്പനല്ലെടീ നിനക്കാ തെറ്റീത്‌": ഒരു മുരള്‍ച്ചയോടെ വല്യാപ്പന്‍ ചേച്ചിയുടെ മുടിയില്‍ പിടിത്തമിട്ടു.

ദുര്‍വാസാവെന്ന് അറിയപ്പെടുന്ന വല്യാപ്പന് വഴക്കിടാന്‍ പ്രത്യേക കാരണമൊന്നും വേണ്ടാ എന്നറിയുമായിരുന്നിട്ടും എല്ലാരും പകച്ച്‌ നിന്നു.
‘ആ പൊങ്ങന്‍ പ്രകാശനും നീയുമായി എന്താടീ.....?‘: ആക്രോശവും അടിയുടെ ശബ്ദവും ഒന്നിച്ച്‌ മുഴങ്ങി.
അപ്രതീക്ഷിത ആക്രമണത്തില്‍ വിഹ്വലയായ ചേച്ചി പിടി വിടുവിച്ച്‌ വടക്കോട്ടോടി.
വല്യാപ്പന്‍ പിന്നാലെ.
കൊച്ചേച്ചിയും അമ്മയും പിന്തുടര്‍ന്നു.

ഒപ്പമെത്താന്‍ പറ്റാത്ത ദ്വേഷ്യത്തില്‍ തിരിഞ്ഞ്‌ നിന്ന് അമ്മയുടെ നേര്‍ക്കായി പാപ്പന്റെ ഭത്സനം.
"മോളോട് പറഞ്ഞേക്ക്‌ കുടുംബത്തിന്റെ മാനം കളയാനാ ഭാവേങ്കി അരിഞ്ഞ്‌ തള്ളുമെന്ന്‍."
ആസുരഭാവത്തില്‍ പല്ലിറുമ്മി തിരിഞ്ഞു നടക്കവെ കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല."അവളെ മാത്രല്ലാ, അരിയും ഞാനെല്ലാറ്റിനേം!"

കടയടച്ച്‌ അച്ഛനെത്തിയപ്പോഴാണ് പതം അളന്ന നെല്ലുമായി അയ്യപ്പുലയിയുടെ വരവ്‌.
‘എന്താമ്പ്രാ പാപ്പനും മോളും തമ്മില്‍ ഒരു ചെകട?‘ : എരിതീയില്‍ എണ്ണയൊഴിക്കാന്‍ പണ്ടേ മിടുക്കിയാണ് അയ്യപ്പുലയി.  മരണവീട്ടിലെന്നോണം നിശ്ശബ്ദരായി ഇരുട്ടിലിരുന്ന ഞങ്ങളെണീറ്റു.
‘കൊട്ട അവിടെ വച്ച്‌ അയ്യ പോ, ഞാന്‍ വന്നല്ലേയുള്ളൂ‘.

അച്ചന്റെ പതിവുള്ള കുളിയും ധ്യാനവും പിന്നെ ഊണും കഴിയും വരെ ആരും ശബ്ദിച്ചില്ല.
ഉറങ്ങാന്‍ പായ വിരിക്കുമ്പോള്‍ വരാന്തയില്‍ നിന്ന് അച്ഛന്റെ വിളിയുയര്‍ന്നു.
"മോളേ..."
വാതില്‍പ്പടിയിലെത്തി വല്യേച്ചി അച്ഛനെ നോക്കി.
"എന്തിനാ മോളേ പാപ്പന്‍ വഴക്കുണ്ടാക്ക്യേ?"
കാത്തിരുന്ന ചോദ്യം.
കനത്തുരുകി മനസ്സിലുറഞ്ഞ ദുഖം മുഴുവന്‍ , അച്ഛന്റെ തോളിലേക്ക്‌ അലിയിച്ചൊഴുക്കി, ചേച്ചി.

കല്ലംകുന്നിന്റെ ആസ്ഥാന ഹാസ്യ താരമായിരുന്നു വടക്കേച്ചെരുവിലെ പൊങ്ങന്‍ എന്നറിയപ്പെട്ടിരുന്ന പ്രകാശന്‍ ‍. പഠിത്തത്തേക്കാള്‍ കാളവണ്ടിയുടെ സാരഥി സ്ഥാനം ഇഷ്ടപ്പെട്ടിരുന്ന അവന്റെ പ്രധാന വിനോദം ചാട്ടയടിച്ചും, വാലില്‍ കടിച്ചും, മര്‍മ്മസ്ഥാനങ്ങളില്‍ കാല്‍വിരല്‍ പ്രയോഗിച്ചും കാളകളെ പായിക്കുക എന്നതായിരുന്നു. ഇടക്ക്‌ കാളക്ക് പകരം പോത്തിനെ പരീക്ഷിക്കും. ചിലപ്പോള്‍ ഒരു മൂരിയും ഒരു പോത്തുമായിരിക്കും നുകത്തിന്നടിയില്‍ ‍. മടിപിടിച്ച് നിന്നാല്‍ പൊങ്ങന്റെ കാന്താരി പ്രയോഗത്തില്‍ ജീവനുള്ള ഏത്‌ പോത്തും പറക്കും‍.

സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും വഴിയില്‍ കാത്ത്‌ നിന്ന് അവന്‍ വല്യേച്ചിയോട്‌ ഇഷ്ടം കൂടാന്‍ ശ്രമിച്ചു. അനുകൂല ഭാവമെല്ലെന്നറിഞ്ഞപ്പോള്‍ 'ലെറ്റര്‍ ‍'വഴിയായി ശ്രമം. ലവ് ലെറ്റര്‍ ചുരുട്ടി ഓടയിലേക്കെറിഞ്ഞ്, കത്തുന്ന കണ്ണുകളോടെ ചേച്ചി അലറി:‘ എടാ പൊങ്ങാ, ഇനി ഇതാവര്‍ത്തിച്ചാല്‍ എന്റെ കൈയുടെ ചൂട് നീയറിയും’

ചെത്തുകാരന്‍ ഇറ്റാമന്‍ തെങ്ങില്‍ നിന്നിറക്കിയ 'അന്തി' മോന്തി പിമ്പിരിയായപ്പോള്‍ പൊങ്ങന്‍ കൂട്ടുകാരോട് വീരസ്യം മുഴക്കി: 'വേലായേട്ടന്റെ മൂത്ത മോളില്ലേ, ആ ശൃംഗാരി; അവളുമായെനിക്ക് 'ലപ്പാ‘..."
കൈമാറിയെത്തിയ ഈ വായ്ത്താരിയുടെ തിരുശേഷിപ്പ്‌ തലയില്ലേറ്റിക്കൊണ്ടാണ് വല്യാപ്പന്‍ കലിതുള്ളിയെത്തിയത്‌.

'ഞാനൊരു തെറ്റും ചെയ്തിട്ടില്ലച്ഛാ....': വല്യേച്ചിക്ക്‌ തേങ്ങല്‍ അടക്കാനായില്ല.
"സാരല്യാ, മോളേ.." അച്ഛന്‍ ആശ്വസിപ്പിച്ചു.“മോള് തെറ്റ് ചെയ്യില്ലെന്നച്ഛനറിയാം. കരയാതെ.’
ചേച്ചി അല്പം ശാന്തയായ പോലെ തോന്നി.

ഗാഢമായാലോചിച്ച്‌ അല്‍പസമയമിരുന്ന ശേഷം അച്ഛന്‍ പറഞ്ഞു: "മോള്‍ നാളെ സ്കൂളി പോണ്ടാ."
"അതെന്താ അച്ഛാ?"
"നാളെ മാത്രല്ലാ,നീയിനി സ്കൂളി പോണ്ടാ":
അച്ഛന്റെ സ്വരത്തിന് ഒരിക്കലുമില്ലാത്ത ഒരപരിചിതത്വം!
ചേച്ചി ഞെട്ടിയെണീറ്റു.
"അച്ഛനെന്താ ഈ പറയണേ? പരീക്ഷയാ വരുന്നേ..’
‘ഞാനെല്ലാം അറിഞ്ഞു, മോളെ." അച്ഛന്‍ തുടര്‍ന്നു: ‘കാരണവന്മാര്‍ പറഞ്ഞിട്ടുണ്ട്‌:
നല്ലവനും നല്ലവനും വഴി മൂന്ന്,
നല്ലവനും കെട്ടവനും വഴി രണ്ട്‌,
കെട്ടവനും കെട്ടവനും വഴി ഒന്ന്.
പോങ്ങന്‍ കെട്ടവനാ.... നഷ്ടപ്പെടാനൊന്നുമില്ലാത്തോന്‍ ‍. അന്തവും കുന്തവുമില്ലാത്ത അവന്റെ വഴീക്ക് കുറുകെ പോണോ നമ്മള്‍ ? പോയാ‍ലും വന്നാലും നഷ്ടം നമുക്കല്ലേ?."

ചേച്ചി കുറേ വാദിച്ചു, കരഞ്ഞു, പട്ടിണി കിടന്ന് മരിക്കുമെന്ന ഭീഷണി മുഴക്കി.
പക്ഷെ അച്ഛന്‍ ഇളകിയില്ല.
നെറ്റി ചുളിച്ച്‌, പല്ലു കടിച്ച്‌, കവിളെല്ലുകളുടെ ദൃഢത പുറത്ത്‌ കാണും വിധം ചുമരില്‍ ചാരി ഒരേ ഇരിപ്പിരുന്നു.

പിറ്റേന്ന് പതിവില്ലാതെ ആ വഴി വന്ന വല്യാപ്പന്റെ മുഖത്ത്‌ തലേന്നത്തെ കത്തിവേഷത്തിന്റെ നിഴല്‍പ്പാടുകള്‍ ഒന്നുമില്ലായിരുന്നു.
"സ്കൂളീ പോകാത്തേന് മോള്‍ക്ക് വെഷമം ണ്ട്‌, ല്ലേ? സാരല്യാ. പെങ്കുട്യോള്‍ ഇത്രേം പഠിച്ചാ മതി. പിന്നെ ഒരു കാര്യം: ആ പൊങ്ങന്‍ ഈ വഴിക്കെങ്ങാനിനി വന്നാ...., മോള് വല്യാപ്പാ എന്നൊന്ന് വിളിച്ചാ മതി; അരിഞ്ഞെറിയും ഞാനവനെ."

എട്ടാം ക്ലാസ് പരീക്ഷക്ക്‌ മുന്‍പ് അവസാനിച്ചു വല്യേച്ചിയുടെ സ്കൂള്‍ ജീവിതം.
മിടുക്കിയായിരുന്നു ചേച്ചി. രമണനും കരുണയും മാമ്പഴവും വാഴക്കുലയുമൊക്കെ ഹൃദിസ്ഥമാണ് ചേച്ചിക്ക്.  ഏതു വിഷയത്തെക്കുറിച്ച് വേണമെങ്കിലും  ചോദിച്ചോളു, ഉത്തരം റെഡി. പാട്ടിനും പ്രസംഗത്തിനും മോണോ ആക്ടിനുമൊക്കെ എത്ര സമ്മാനങ്ങളാ ചേച്ചി വാരിക്കൂട്ടിയിരുന്നത്!.

-ആശിക്കാറുണ്ട്: വല്യേച്ചി പഠനം തുടര്‍ന്നിരുന്നുവെങ്കില്‍ ‍!

* * * * * *
അടുത്ത വര്‍ഷമായിരുന്നു വല്യേച്ചിയുടെ കല്യാണം:

നാരായണിപ്പാട്ടി കൊണ്ട്‌ വന്ന ആലോചന. ബോംബെയില്‍ വല്യ കമ്പനിയില്‍ വല്യ ജോലിയുള്ള ചെക്കനാത്രെ.. കടുപ്പശ്ശേരിയിലെ വീട്ടില്‍ അമ്മയും ഒരനിയനും മാത്രം.

പെണ്ണു കാണാന്‍ ചെറുക്കന്‍ വന്ന ദിവസം ആദ്യമായി ചേച്ചി അച്ഛനോട്‌ കയര്‍ത്തു: "എനിക്ക് വേണ്ടാ ഈ വയസ്സനെ.....കാക്കക്കറുമ്പനെ...."
‘പിന്നെ നീയൊരു വെള്ളരിക്കൊക്കല്ലേ‌!": അമ്മ എറ്റു പിടിച്ചു.
"30 വയസ്സേ അയിട്ടുള്ളു. കുടുംബം നോക്കിയതോണ്ടാ കല്യാണം വൈകിയേ. എന്നാലെന്താ... നല്ല തറവാട്‌, നല്ല ജോലി, നല്ല സ്വഭാവം. ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. നിന്റെ ഇഷ്ടം ചോദിച്ചില്ലല്ലോ?" എന്നിട്ട് ചേച്ചി കേള്‍ക്കാന്‍ വേണ്ടി ഉറക്കെ ഒരാത്മഗതവും:"‍ ചോതിക്കുന്ന സ്ത്രീധനം കൊടുത്ത്‌ കെട്ടിക്കാന്‍ ഞാനാര്? ഈ ദേശത്തെ പേഷ്കാരാ?"

കല്യാണച്ചിലവുകള്‍ക്ക് തെക്കു വശത്തെ 24 സെന്റ്‌ സ്ഥലം വിലക്കാന്‍  ധാരണയായി. വെല്ലിശന്‍ പറഞ്ഞു:"നമ്മുടെ തറവാട്ട്‌ പറമ്പില്‍ അന്യനൊരുത്തന്‍ കൈ വയ്ക്കാന്‍ ഇട വരരുത്‌. മാര്‍ക്കറ്റ്‌  അനുസരിച്ച്‌ 24 സെന്റിനു കിട്ടുന്ന വില പരമൂന്റെ കൈയീന്ന് വാങ്ങാം."
ബോംബെയില്‍ ഡ്രാഫ്റ്റ്‌സ്‌ മാനായി ജോലി നോക്കുന്ന അനിയനെപ്പറ്റി എല്ലാര്‍ക്കും  മതിപ്പായിരുന്നു.
കൈവശം പണമില്ലെന്ന മറുപടി വന്നപ്പോള്‍ വെല്ലിശന്‍ അതിനും കണ്ടെത്തീ പരിഹാരം.
വില്‍ക്കുന്ന സ്ഥലത്തേയും തറവാട്ടു പറമ്പിലേയും കുറച്ച് മരങ്ങള്‍ മുറിച്ച്‌ വില്‍ക്കുക. ബാക്കി തുക അഡ്ജസ്റ്റ് ചെയ്താല്‍ മതിയല്ലോ?
മരക്കമ്പനി മുതലാളിയുടെ കൂര്‍മ്മബുദ്ധിയില്‍ തെളിഞ്ഞ വിലയ്ക്കനുസരിച്ച്‌ ആഞ്ഞിലി, ഈട്ടി, പ്ലാവു, മാവുകള്‍ മുറിഞ്ഞ്‌ വീണു.

നൂറ്റാണ്ടുകളായി ഇരുട്ടിന്റെ അടിമത്തത്തിലമര്‍ന്ന് കിടന്ന തറവാട്ട് പറമ്പില്‍ വെള്ളിവെളിച്ചമായി സൂര്യന്‍ ഇരച്ച് കയറി.

 * * * * * *

സംഭഷണങ്ങള്‍ക്കിടയില്‍ 'ജീ ജീ, ടീക്കെ..ടീക്കെ' എന്നൊക്കെ കൂട്ടിച്ചേര്‍ക്കുന്ന അളിയന്‍ ഒരു രസികനായിരുന്നു.
"ബോബേലെല്ലാവരും ഹിന്ദിയാ സംസാരിക്കുക. കോറേക്കാലായില്ലേ അവിടെ. അതോണ്ട്‌ ചേട്ടന്റെ മലയാളത്തില്‍ ഇടക്കിടെ ഹിന്ദി കേറി വരും. ഇംഗ്ലീഷ്‌ പച്ചവെള്ളം പോലെയാ. മറാട്ടീം അറിയാത്രേ!"

ചേച്ചിയുടെ കണ്ണുകളില്‍ ആരാധനയുടെ കമ്പിത്തിരികള്‍ ജ്വലിക്കുന്നു. എത്ര വേഗത്തിലാണ് ചേച്ചിയുടെ കാലുമാറല്‍ എന്നോര്‍ത്ത്‌ ഞാനും കൊച്ചേച്ചിയും പരസ്പരം കണ്ണിറുക്കി.

അധികവും ഭര്‍തൃഗൃഹത്തില്‍ തന്നെയായിരുന്നൂ ചേച്ചി. ഇടക്കെപ്പോഴെങ്കിലും വീട്ടില്‍ വരുന്ന ദിവസമോ അതിന്റെ പിറ്റേന്നോ പോസ്റ്റ്‌ മാന്‍ അളിയന്റെ കത്തും 'ബുക്‌ പോസ്റ്റാ'യി വരുന്ന മനോരമ വാരികയുമായെത്തും.

കത്തുമായി വല്യേച്ചി പറമ്പിലേക്കോടുമ്പോള്‍ വാരികയ്ക്കായി ഞാനും കൊച്ചേച്ചിയും കടിപിടികൂടും.

* * * * * *

വയറ്റാട്ടി കൊച്ചമ്മിണിയായിരുന്നൂ ചേച്ചിയുടെ ആദ്യ പ്രസവമെടുത്തത്‌.
പാവക്കുട്ടി പോലൊരു പെണ്‍കുട്ടി.
ആഘോഷത്തില്‍ പങ്ക്‌ ചേരാന്‍ ‍, റിസര്‍വേഷന്‍ ഇല്ലാതെ, രണ്ടര ദിവസം തീവണ്ടിയില്‍ ഒറ്റക്കാലില്‍ നിന്ന് യാത്ര ചെയ്ത്‌ വന്നു, അളിയന്‍ ‍.
യുവതുര്‍ക്കിയായ കൊച്ചനുജന്റെ നിര്‍ദ്ദേശപ്രകാരം മോള്‍ക്ക്‌ അയിഷയെന്ന് പേരിട്ടു, ഞങ്ങള്‍ക്ക് പ്രത്യേകിച്ച്‌ അമ്മക്ക്‌, ആ പേരത്ര ബോധിച്ചില്ലെങ്കിലും.
“നല്ല പേരാണമ്മേ. അനിയന്റെ കൈയിലുണ്ട് ആയിഷ എന്ന വയലാറിന്റെ പുസ്തകം‌.
എന്ത്‌ രസാണെന്നോ ആ കാവ്യം?
നാടകീയതോടെ ചേച്ചി പാടി:

“വേദന ചിന്തും സമൂഹത്തില്‍ നിന്നു ഞാന്‍
വേരോടെ ചീന്തിപ്പറിച്ചതാണിക്കഥ!

രണ്ടാമത്തെ കുട്ടിയും പെണ്ണായപ്പോള്‍ അമ്മായമ്മ സമാധാനിപ്പിച്ചു:
"സാരല്യാ, അവന്റെ ജാതകമെഴുതിയ അപ്പുപ്പണിക്കര്‍ പറഞ്ഞേക്ക്ണ്, കുട്ടികള്‍ മൂന്നാ...ന്ന്... ഒരാണ്, രണ്ട്‌ പെണ്ണ്.‘

ചേച്ചി മൂന്നാമതും ഗര്‍ഭിണിയായിരിക്കുമ്പോഴാണു അളിയന്റെ ജോലി നഷ്ടപ്പെട്ടത്‌.
ശിവസേനക്കാര്‍ മുംബൈ കൈയടക്കിയപ്പോള്‍ അളിയനുള്‍പ്പെടെ ഒട്ടേറെ മദ്രാസികള്‍ക്ക് രാജി വയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു.
"അല്ലെങ്കില്‍ ഞങ്ങളെ നായ്ക്കളെപ്പോലെ വെട്ടിക്കൊല്ലുമായിരുന്നു, അവര്‍ ": അളിയന്‍ വിശദീകരിച്ചു.

സെറ്റില്‍മെന്റായി കിട്ടിയ കാശിന് ഒരംബാസഡര്‍ മാര്‍ക്‌ 2 കാറും വാങ്ങിയായിരുന്നൂ, അളിയന്റെ വരവ്.
"ടാക്സിയായോടിക്കാം, വീട്ടിലെ കൃഷീം നോക്കാം‘

സാങ്കേതികകാരണത്താല്‍‍ ആ കാര്‍ ടാക്സിയായി റെജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. മാത്രമല്ല പകുതി വിലക്ക്‌ വില്‍ക്കേണ്ടതായും വന്നു.

പ്രതീക്ഷകള്‍ക്കും ആകാംക്ഷകള്‍ക്കും അറുതിയായി ഞങ്ങളുടെ ചായിപ്പില്‍ നിന്ന് ചേച്ചിയുടെ മൂന്നാമത്തെ കുഞ്ഞിന്റെ കരച്ചിലുമുയര്‍ന്നു.
പതിച്ചി പോലും മടിച്ച്‌ മടിച്ചാണറിയിച്ചത്:
"പെണ്‍ കുഞ്ഞ്..."

'നിന്റെ കുറ്റമാ..., ഒരാണ്‍കുഞ്ഞിനെ തരാന്‍ പറ്റാത്ത നിന്നെ എനിക്ക്‌ വേണ്ടാ;" സ്വബോധം നഷ്ടപ്പെട്ടവനെപ്പോലെ അളിയനലറി.
ജോലി പോയതടക്കമുള്ള തന്റെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ചേച്ചിയുടെ വയറ്റിലൂറിയ ഈ കുഞ്ഞാണ് കാരണമെന്നയാള്‍ വിശ്വസിച്ചു.

*  * * * * *

ചായക്കടയില്‍ തിരക്കില്ലാത്ത ഒരു വൈകുന്നേരം.
ഓടി വന്ന ഒരപരിചിതന്‍ അച്ഛന്റെ ചെവിയിലെന്തോ മന്ത്രിച്ചു.
"വീട്ടിലൊന്ന് പോയി വരാം.‘
പ്രക്ഷുബ്ധമായിരുന്നു അച്ഛന്റെ മുഖം.
"എന്താ അച്ഛാ?"
"വന്നിട്ട്‌ പറയാം": തോര്‍ത്തെടുത്ത്‌ മുഖം തുടച്ച്, ഓടുകയല്ല, നടക്കുകയുമല്ല എന്ന മട്ടില്‍ വളവു തിരിഞ്ഞ്‌,  ആ മെലിഞ്ഞ രൂപം അപ്രത്യക്ഷമായി.

8 മണിയായിട്ടും അച്ഛന്‍ തിരിച്ച്‌ വന്നില്ല.
അനിയത്തിമാര്‍ അരിക്കേന്‍ ലാമ്പുമായി വന്നു.
"അമ്മ പറഞ്ഞു, കട പൂട്ടി വരാന്‍ ‍"

അന്നത്തെ കളക്ഷന്‍ എണ്ണി തിട്ടപ്പെടുത്തി പലചരക്ക്‌ കടയില്‍ കൊടുത്ത്‌ പിറ്റന്നേക്കുള്ള ചായപ്പൊടിയും പഞ്ചസാരയും വാങ്ങുമ്പോള്‍ പലചരക്ക് കട നടത്തുന്ന രാമേട്ടന്‍ ചോദിച്ചു: " എന്താടാ, കളക്ഷന്‍ കുറവായതോണ്ടാ, അച്ഛന്‍ മുങ്ങിയേ..‌?"

കൊച്ചേച്ചിയും അമ്മയും വേവലാതിയോടെ പടിക്കല്‍ കാത്ത്‌ നിന്നിരുന്നു.
"വല്യേച്ചീടെ വീട്ടീ പോയതാ... കണ്ടില്ലാ ഇത് വരെ"
ആധി കയറിയാല്‍ അമ്മയുടെ ശബ്ദം പുറത്ത്‌ വരില്ല: "തെക്കേലെ ജോസിനെ വിളിച്ചാലോ? അവനറിയില്ലേ ചേച്ചീടെ വീട്‌?"
‘എന്തിനാമ്മേ, ഞാന്‍ പോവാല്ലോ": കടയുടെ താക്കോല്‍ ഞാന്‍ അമ്മയുടെ നേര്‍ക്ക്‌ നീട്ടീ‍.
" ഒറ്റക്ക്‌..രാത്രി ‍...ഇത്ര ദൂരം...": അമ്മ വിക്കി.
"സരല്യാമ്മേ, എപ്പഴും പോണ വഴിയല്ലേ?"
മറ്റൊരു മാര്‍ഗവും മനസ്സില്‍ തെളിയാത്തത്‌ കൊണ്ടാകണം, തിരി നീട്ടി റന്തലില്‍ ആവശ്യത്തിനു മണ്ണെണ്ണയുണ്ടോ എന്ന് നോക്കി, അമ്മ.
"പാടത്തൂടെ പോണ്ടാ മോനേ. വഴിയല്‍പം വളഞ്ഞാലും റോട്ടീക്കൂടെ പോയാ മതി"

കിഴക്കേ പാടം കയറി സെമിത്തേരിയും പള്ളിയും കടന്ന് അവിട്ടത്തൂര്‍ സെന്ററിലൂടെ കിഴക്കോട്ട്‌.
ഇരുട്ട്‌ കൈയടക്കിയ വിജനമായ വഴി.
വീടുകളിലെ‍ ശബ്ദവും വെളിച്ചവും എപ്പഴേ പൊലിഞ്ഞിരുന്നു.
ദൂരെയെവിടെ നിന്നോ ഒരു നായുടെ ഓരിയിടല്‍ മുഴങ്ങി.
ചുറ്റുപാടുമുള്ള സഖാക്കള്‍‍ ഏറ്റെടുത്ത് അതൊരു സംഘഗാനമാക്കി.
അകമ്പടിയായി ചിവീടുകളുടെ സിം‌ഫണി.
കാനയിലെ നനവുള്ള പൊത്തുകളില്‍ വിശ്രമിച്ചിരുന്ന മാക്രികള്‍ അരിക്കേന്‍ ലാമ്പിന്റെ വെട്ടത്തിലേക്ക് എടുത്ത് ചാടി എന്നെ പേടിപ്പിച്ചു.

നടന്നിട്ടും നടന്നിട്ടും തീരാത്ത വഴി.

ഓങ്ങിച്ചിറയുടെ അടുത്തെത്താറായപ്പോള്‍ അകലെ ഒരു ചൂട്ട്‌ വെട്ടം മിന്നി.
അടുത്തെത്തും മുന്‍പ് തന്നെ മനസ്സിലായി:
ഇടത്തോട്ട്‌ ചരിഞ്ഞുള്ള നടപ്പ്‌,
ഒരു കൈകൊണ്ടുയര്‍ത്തിപ്പിടിച്ച മുണ്ടിന്റെ കോന്തല,
ചെരിപ്പണിയാത്ത കാലുകള്‍ .

ചൂട്ട്‌ തല്ലിക്കെടുത്തി, അച്ഛന്‍ അരിക്കേന്‍ ലാമ്പേറ്റു വാങ്ങി‍.
"ഇത്ര വഴി.... മോനൊറ്റക്ക്‌....!’
ഇത്തിരിവെട്ടത്തില്‍ മുഖം വെളിപ്പെട്ടില്ലെങ്കിലും സ്വരത്തിലെ അടര്‍ച്ച വ്യക്തമായനുഭവപ്പെട്ടു.
"എന്താ അച്ഛാ ചേച്ചീടെ വീട്ടില്‍ ‍?"
"മോന്‍ നടക്ക്‌,"
അച്ഛനെന്റെ കൈ പിടിച്ചു.
ചുട്ടു പഴുത്ത കൈത്തടങ്ങള്‍ നനഞ്ഞു കുതിര്‍ന്നിരുന്നു.

നിഴലുകളിഴയുന്ന ആ മുഖത്തെ ഭാവങ്ങള്‍ വായിക്കാന്‍ കണ്ണുകള്‍ വെമ്പി.
അത്‌ മനസ്സിലാക്കിയാവണം അച്ഛന്‍ തുടങ്ങി:
"എത്ര ബുദ്ധിമതിയാ എന്റെ മോള്‍. എന്നിട്ടും... ഇത്ര വല്യ ഒരു പോഴത്തരമവള്‍ ......"
-കരയുകയാണോ അച്ഛന്‍ ‍?

നാല്‍ക്കവല എത്തും മുന്‍പ്‌ വലത്ത്‌ വശത്തുള്ള പഴഞ്ചന്‍ കലുങ്കില്‍ അരിക്കേന്‍ ലാമ്പ്‌ വച്ച്‌, രണ്ട്‌ കൈകള്‍ കൊണ്ടും അച്ഛനെന്റെ മുഖം താങ്ങി.
"ബഹളൊന്നും ഉണ്ടാക്കരുത്‌. ആരോടും ഒന്നും പറയേം അരുത്‌"
"ഇല്ലച്ഛാ": ഞാന്‍ തലയാട്ടി.

അച്ഛന്റെ കണ്ണുകളില്‍ പ്രതിഫലിച്ച വെട്ടത്തുള്ളികള്‍ തീ തുപ്പുന്ന വ്യാളികളെപ്പോലെ പറന്നു.
ഒരാഴ്ച പഴക്കമുള്ള, നരച്ച് തുടങ്ങിയ താടി രോമങ്ങള്‍ എഴുന്ന് നിന്നു.
ശുഷ്കമായ ആ നെഞ്ചിന്‍കൂട്‌ ഒന്നുയര്‍ന്നു താണു.
ഒരു ഗഹ്വരത്തില്‍ നിന്നെന്നോണം വാക്കുകള്‍ ചെവിയില്‍ പ്രതിധ്വനിച്ചു‍:
"വല്യേച്ചി ഒരു വിഡ്ഢിത്തം കാട്ടി, മോനേ..... ‍ കെട്ടിത്തൂങ്ങി മരിക്കാന്‍ നോക്കി."
"അച്ഛാ.....": കേട്ട വാക്കുകള്‍ ഉള്‍ക്കൊള്ളാനാവാതെ ഞാനലറി വിളിച്ചു.
"ഇല്ല മോനേ, അവക്കൊന്നും പറ്റീട്ടില്യ."
അച്ഛന്റെ പിടിത്തം കുടുതല്‍ മുറുകി: ‘തക്ക സമയത്ത് കണ്ടത്‌ കൊണ്ട്‌ രക്ഷപ്പെട്ടു."

പ്രതികരിക്കാനാവാതെ, ശൂന്യമനസ്സുമായി ഞാന്‍ നിന്ന് വിറച്ചു.
"എനിക്കെന്റെ ചേച്ചിയെ കാണണം"
ഞാന്‍ അരിക്കേന്‍ ലാമ്പെടുത്തു.
"വേണ്ട മോനെ...ഇപ്പോ വേണ്ടാ. നാളെ കാലത്ത് അമ്മേം മോനും കൂടെ പൊയ്ക്കോ....“
പിന്നെ എന്തോ ഓര്‍ത്തെന്ന പോലെ അരിക്കേന്‍ ലാമ്പ് എന്റെ കൈയില്‍ നിന്ന് വാങ്ങി:
“വാ, വേഗം  നടക്ക്‌, വീട്ടിലെല്ലാരും കാത്തിരിക്യാവും"

"ഓ, അമ്മായമ്മേം അവളും തമ്മിലൊരു കശപിശ. അവനവളെ ഒന്നടിച്ചു. അത്രേള്ളു കാര്യം".
- ഒഴുക്കന്‍ മട്ടിലത്രയും പറഞ്ഞ്‌ അച്ഛന്‍ കുളിക്കാന്‍ പോയി.

എല്ലാവരും ഉറങ്ങിയ ശേഷം അച്ഛന്‍ അമ്മയെ കാര്യങ്ങള്‍ ഗ്രഹിപ്പിക്കുന്നതും ശബ്ദമുണ്ടാക്കാതെ അമ്മ ഏങ്ങലടിക്കുന്നതും കേട്ടു‍.

പിറ്റേന്ന്, അമ്മയും ഞാനും ചെല്ലുമ്പോള്‍ ‍, ഒന്നും സംഭവിക്കാത്ത പോലെ, മുഖം നിറഞ്ഞ ചിരിയുമായി  വല്യേച്ചി ഓടി വന്നു. പക്ഷേ ചിരിയുടെ വിളര്‍ച്ചയും സ്വരത്തിലെ തളര്‍‍ച്ചയും മറച്ച്‌ വെയ്ക്കാനായില്ല.
അളിയന്‍ പുറത്ത്‌ പോയിരുന്നു.
അമ്മായമ്മ പതിവില്ലാത്ത ഭവ്യതയോടെ ചായ തന്ന് സല്‍ക്കരിച്ച ശേഷം പുറത്തേക്കിറങ്ങി.

"മോളേ, എന്തിനാ നീ...": അമ്മ ഒരിക്കല്‍ കൂടി വിങ്ങി.
"അതൊക്കെ ഒരു തമാശയല്ലേ അമ്മേ.." ചേച്ചി ഒന്നുററക്കെ ചിരിക്കാന്‍ ശ്രമിച്ചൂ.
പിന്നെ അമര്‍ന്ന സ്വരത്തില്‍ മുറുമുറുത്തു: "എത്രയാന്ന് വച്ചാ സഹിക്കുക..."

അരികെ വന്ന് എന്നെ കെട്ടിപ്പിടിച്ചിരുന്നുകൊണ്ട്‌, ചേച്ചി പറഞ്ഞ്‌ തുടങ്ങി:
"മൂന്നാമത്തേം പെണ്ണായപ്പോ തുടങ്ങീതാ എന്തും ഏതിനുമുള്ള ചീത്ത‌ വിളി‍. മോനല്ലെങ്കി അമ്മ. ജോലി പോയത്‌, കാര്‍ വിറ്റത്‌, സൂക്കേട് വന്നത്‌, അനിയന്‍ കത്തയക്കാത്തത്‌, ദാ, ഇപ്പോ തെങ്ങിനു മണ്ടരോഗം വന്നത്‌ വരെ എന്റേം മോള്‍ടേം ജാതകദോഷം കൊണ്ടാ ത്രേ....!"
 പൊള്ളച്ചിരി ചിരിച്ച്, ഒന്ന് നിര്‍ത്തി സാരിത്തലപ്പ്‌ കൊണ്ട്‌ മുഖം തുടച്ച്‌, ചേച്ചി തുടര്‍ന്നു: "ഇന്നലെ പറമ്പില്‍ കിഴങ്ങ് നടാന്‍ വാരം കോരുകായിരുന്നു. കാലത്തേ മുതലുള്ള ശീലായ്മ കൂടി കൊച്ച് കരയാന്‍ തുടങ്ങി. മുല കൊടുക്കാന്‍ തുടങ്ങിയതും പുറത്ത് കൈക്കോട്ട് പിടി കൊണ്ടൊരടി‌. കൂടെ നശൂലം... പണ്ടാരം ... അസുരവിത്ത്‌... എന്നൊക്കെ പ്രാകലും.
സഹി കെട്ടപ്പോ ഞാനെന്തോ തറുതല പറഞ്ഞു‍. എന്താന്ന് ഓര്‍മ്മയില്ല. അപ്പോ ചോദിക്യാ: എടീ, ഇതെന്റെ കൊച്ച്‌ തന്നെയണോടീ...അതോ കല്ലംകുന്നിലുള്ള നിന്റെ പഴേ ലൈന്‍ പൊങ്ങന്റേതോ ന്ന്. കാരണം ജാതകവശാല്‍ മൂന്നാമതൊരു പെണ്ണില്ലത്രേ!

തലക്കുള്ളില്‍ ഒരായിരം ചെകുത്താന്മാര്‍ ഇരുന്ന് അട്ടഹസിക്കുന്ന പോലെ തോന്നി. കൊച്ചിനെയുമെടുത്ത്‌ മുറിയില്‍ കയറി കതകടച്ചു."

എന്നെ നോക്കി, മുഖത്ത് ഒരു മഞ്ഞച്ചിരി പരത്തിക്കൊണ്ട് , ചേച്ചി തുടര്‍ന്നു: “മോനറിയോ, എനിക്കപ്പോ ഓര്‍മ്മ വന്നത്‌ ഒരു ഇടപ്പള്ളിക്കവിതയാണ്:

‘മണിമുഴക്കം, മരണദിനത്തിന്റെ മണിമുഴക്കം,
മധുരം വരുന്നൂ, ഞാന്‍ ....

ഉറക്കെ പാടീ, ഞാനാ കവിത..... പലവട്ടം.
പാട്ട്‌ നിന്നതിനാലോ കൊച്ചിന്റെ കരച്ചില്‍ കൂടിയതിനാലോ എന്നറിയില്ല, ജനലിലൂടേ നോക്കിയ ചേട്ടന്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന എന്നെയാണ്. പഴക്കുല ഞാത്താനുള്ള കൊളുത്തില്‍ സാരി കെട്ടി.....ദാ, ഇത്‌ കണ്ടോ"
ചേച്ചി കഴുത്തില്‍ ചുറ്റിയിട്ടിരുന്ന ഷാള്‍ മാറ്റി.
- കഴുത്തിന് മുന്നിലും രണ്ട്‌ വശങ്ങളിലും തൊലി പോയി രക്തമുതിര്‍ന്ന് തിണര്‍ത്ത്‌......

 * * * * * *

അനന്തരം:

ഒരാണ്‍കുട്ടി പിറന്നപ്പോള്‍ അളിയന്‍ വീണ്ടും സന്തോഷവാനായി.
നാലാം കാല്‍ പിറന്നവന്‍ നാട്‌ വാഴുമെന്നത്രേ പ്രമാണം!

പെണ്മക്കളെ കാണുന്നത്‌ പോലും കലിയായിരുന്നതിനാല്‍ പത്താം ക്ലാസ് പാസ്സായ ഉടന്‍ മൂത്ത മകളെ കെട്ടിച്ചയച്ചു. പഠിക്കണമെന്ന് വാശി പിടിച്ച രണ്ടാമത്തെ മോളോട്, അടുക്കളേല്‍ മതി ഇനി നിന്റെ പഠിത്തമെന്ന് മുരണ്ടു.

ധര്‍മ്മസങ്കടമറിഞ്ഞ ഞാനെഴുതി, എത്ര വേണമെങ്കിലും പഠിപ്പിക്കാമെന്ന്.
അവളളെഴുതി:"അമ്മാവാ, കോളേജിലൊന്നും ചേരണ്ടാ. പെട്ടെന്ന് ജോലി കിട്ടുന്ന ഒരു കോഴ്സ്‌ മതി"
-അങ്ങനെയാണവള്‍ നഴ്സിംഗിനു ചേര്‍ന്നത്‌.
കല്യാണം കഴിച്ച് മൂന്നാവത്തവളും രക്ഷപ്പെട്ടു‍.

മകനെ മാത്രം അളിയന്‍ രാജകുമാരനേപ്പോലെ വളര്‍ത്തി.
അവന്റെ ആവശ്യങ്ങള്‍ അദ്ദേഹത്തിന് കല്പനകളായി, ഇഷ്ടങ്ങള്‍ അരുളപ്പാടുകളും.
പഠനം കഴിഞ്ഞ് ജോലി കിട്ടിയയുടന്‍ മകന്റെ കല്യാണവും നടത്തി.
വലത് കാല്‍ വച്ച് കയറി വന്ന പുന്നാര മരുമോള്‍ ഭരണമേറ്റേടുത്തയുടനെ ‘ ഇന്‍ ഹൌസ് എമര്‍ജെന്‍സി’ ഡിക്ലയര്‍ ചെയ്തു.

65-)മത്തെ വയസ്സില്‍ ബ്ലഡ്‌ ക്യാന്‍സറാണെന്നറിഞ്ഞപ്പോള്‍ അളിയന്‍ ചിരിച്ചു: ‘അറിയായിരുന്നു. 66 വരേയേ എഴുതിയിട്ടുള്ളു എന്റെ ജാതകം. ശേഷം ചിന്ത്യം എന്നാണ്"

മരുന്നുകള്‍ മുടക്കരുതെന്ന്‍ നിര്‍ബന്ധിച്ചപ്പോള്‍ തളര്‍ന്ന മനസ്സില്‍ നിന്നും ഉറക്കെ ഒരേങ്ങലടി ഉയര്‍ന്നു: ‘മറന്ന കടങ്ങളും ചെയ്യാത്ത കടമകളും നിറവേറ്റാനുള്ള ആയുസ്സ് കാണില്ലല്ലോ, എനിക്കിനി. ജീവിക്കാന്‍ വേണ്ടി മാത്രം ഞാനെത്ര കാലം‍ ജീവിക്കണം?"

ഊഴമിട്ട് ശുശ്രൂഷിക്കാനെത്തിയ പെണ്‍ മക്കളുടെ മുഖത്ത് നോക്കാനാവാതെ കണ്ണുകളിറുക്കിയടച്ചൂ, ആ മനുഷ്യന്‍ ‍. പക്ഷേ കവിളിലൂടെ ഊര്‍ന്നിറങ്ങിയ കണ്ണൂനീര്‍ത്തുള്ളികള്‍ നിശ്ശബ്ദമായി അവരോട് മാപ്പിരന്നു.

"ഇപ്പഴാ മോനേ, ഞാന്‍ ശരിക്കും ദാമ്പത്യമാസ്വദിക്കുന്നത്‌": മങ്ങിയ ചിരിയില്‍ ഹാസ്യം കലര്‍ത്തി വല്യേച്ചി പറഞ്ഞപ്പോള്‍ അതാണല്ലോ സത്യം എന്ന് ഒരു നടുക്കത്തോടെ ഞാന്‍ മനസ്സിലാക്കി‍.

അളിയന്‍ മരിച്ചു, കഴിഞ്ഞ കൊല്ലം.
-ശയ്യാവലമ്പിയെങ്കിലും സംസാരിക്കാന്‍ നൂറു നാവാണ് വല്യേച്ചിക്കിന്നും! 

Sunday, September 28, 2008

സെലീനാ ടീച്ചര്‍ (ഇന്നലെയുടെ ജാലകങ്ങള്‍ -5)


സെലീനാ ടീച്ചര്‍


മുന്നറിയിപ്പില്ലാതെ, പറന്നെത്തിയ ചാറ്റല്‍ മഴ നനച്ച കുളിരുള്ള ഒരു പ്രഭാതം.
മുഖം കറുപ്പിച്ച്‌ പിണങ്ങി നില്‍ക്കുന്ന നീലാകാശത്തിന്റെ വടക്ക്‌ കിഴക്കേ മുക്കില്‍ നിന്ന്, ഉണര്‍ന്നിട്ടും കംബളം വിട്ടെഴുന്നേല്‍ക്കാത്ത അര്‍ക്കനെ പരിഹസിച്ച് കൊണ്ടെന്നോണം  പിണരുകള്‍ വിട്ട് രസിക്കുന്ന കാര്‍ മേഘങ്ങള്‍ ‍.

-അധ്യയന വര്‍ഷത്തിന്റെ ആദ്യദിനത്തില്‍ പ്രകൃതി കണ്ണീര്‍ ചൊരിയുന്നത്‌, തോറ്റ്‌ തൊപ്പിയിട്ട് ഒരു വര്‍ഷത്തെ  തടവിന് കൂടി ശിക്ഷിക്കപ്പെട്ട ബാല്യ കൌമാരങ്ങള്‍ക്ക് വേണ്ടിയോ?

നെല്ലിമരച്ചോട്ടിലെ STD. VII C-യില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കാറുള്ള "പട്ടിക്കഴ്‌വേറി, കള്ളത്തിരുമാലി" വിളികള്‍ക്കവുധി കൊടുത്ത്, ജയിച്ചവരുടെ  പേരുവിവരം ആല്‍ഫബറ്റിക് ഓര്‍ഡറില്‍ വിളംബരം ചെയ്യുകയാണ്  വാര്യര് മാഷ്.  തോറ്റവരില്‍ മജീദും ശിവപാലനും മാത്രമേ  ഹാജരുള്ളൂ.  ചമ്മലോ സങ്കടമോ പുറത്ത്‌ കാട്ടാതെ ചിരിച്ച്‌ കൈവീശി അവര്‍ ഞങ്ങളെ യാത്രയാക്കി.

സ്കൂള്‍ നാലുകെട്ടിനു വടക്ക്‌ വശത്തെ പുതിയ ഇരുനില കെട്ടിടത്തിലൊരു മുറി സ്വപ്നം കണ്ടിരുന്ന ഞങ്ങളെ, കിണറ്റു കരയിലെ ഇല കൊഴിഞ്ഞ ബദാം മരം കാവല്‍ നില്‍ക്കുന്ന ക്ലാസ്‌ മുറിയിലേക്കാണ് മാഷ് നയിച്ചത്. മൂക്കിലേക്കിറക്കി വച്ച കട്ടിക്കണ്ണടയിലൂടെ  ഹെഡ്‌ മിസ്ട്രസ്‌ കമലാക്ഷിയമ്മയുടെ തീഷ്ണ ദൃഷ്ടികള്‍  കുതറിത്തെറിച്ചെത്തുന്ന ആ റൂമിനെപ്പറ്റി ആര്‍ക്കും വലിയ മതിപ്പില്ലായിരുന്നു.

 ഓര്‍ഡറില്‍ മാറ്റം വരുത്താതെ, ബാക്ക്‌ ബെഞ്ച്‌ തോറ്റവര്‍ക്ക്‌ വേണ്ടി റിസര്‍വ്‌ ചെയ്ത്‌, ഇരുന്നുകഴിഞ്ഞപ്പോള്‍,  ഒരിക്കലും ഉണങ്ങാത്ത  വട്ടച്ചൊറി വലത് കാലില്‍ പേറി, കുറ്റിത്തലമുടി തടവി‌, ഇഗ്നേഷ്യസ്‌ സാര്‍ കേറി വന്നു.

"സാറാണോ ഞങ്ങടെ  ടീച്ചര്‍ ‍?"
ക്ഷമയുടെ വള്ളിച്ചരട്‌ മുറിഞ്ഞ ആരുടേയോ രോദനം.
"ങാ"
-ഉടുമുണ്ടല്‍പ്പമുയര്‍ത്തി കാലുകള്‍ മേശ‌യിലേറ്റി, കണങ്കാലിലെ രക്തശോഥം പ്രകാശനം ചെയ്ത്‌,  മാഷ്  മൂളി.
"ആരും ചാടിപ്പോയിട്ടില്ലല്ലോ? ആള്‍ പ്രസെന്റ്‌, അല്ലേ?": മേശയിലിരുന്ന മസ്റ്റര്‍ റോള്‍ സാര്‍ തുറന്നതേയില്ല.
"ശബ്ദമുണ്ടാക്കാതെ എന്തെങ്കിലുമെടുത്ത്‌ വായിക്ക്‌.‘
കസേരയിലേക്ക്‌ തല ചായ്ച്ച്‌ മയക്കത്തിലേക്കൂളിയിടും മുന്‍പ്‌ സാറിന്റെ ഓര്‍ഡര്‍ ‍.

‘ഏഴീ തന്നെ കെടന്നാ മത്യാര്‍ന്നു": ഏയെമ്മെസ്‌ എന്നറിയപ്പെടുന്ന സുബ്രഹ്മണ്യന്റെ  ആത്മഗതം. ‘ഒരു കൊല്ലം മുഴുവന്‍ ഈ ചൊറിയനെ സഹിക്കണ്ടേ?"

വരാന്തയില്‍ ചെരിപ്പിന്റെ ശബ്ദമുയര്‍ന്നപ്പോള്‍ ഉറക്കം ഞെട്ടിയ സാര്‍ മുരണ്ടൂ: "സൈലന്‍സ്‌"
വാര്യര്‍ മാഷുടെ തല വീണ്ടും വാതില്‍ക്കല്‍..
ഇടത് വശത്തെ ആദ്യ രണ്ട്‌ ബെഞ്ചുകളിലിരുന്നവരെ പിന്നിലേക്ക് മാറ്റിയിരുത്തിയ ശേഷം പുറത്തേക്ക്‌ നോക്കി മസൃണസ്വരത്തില്‍ അദ്ദേഹം വിളിച്ചു: "വാ....കേറി വാ"
അമ്പരപ്പിന്റെ പൂര്‍ണവൃത്തങ്ങള്‍ സൃഷ്ടിച്ച 36 ജോഡിക്കണ്ണുകളില്‍ അത്ഭുതത്തിന്റെ വര്‍ണവിതാനങ്ങളുയര്‍ത്തി, പറന്നെത്തുന്നൂ കുറെ ചിത്രശലഭങ്ങള്‍ ‍.
5,6,7....ആകെ എട്ട്.
"ഇരുന്നോളു;  ഈ രണ്ട്‌ ബെഞ്ചുകള്‍ നിങ്ങള്‍ക്ക്‌"

-എന്നിട്ട്‌ സര്‍വാണി സദ്യക്കെത്തിയവരോടുള്ള വിളമ്പുകാരന്റെ  മനോഭാവത്തോടെ  ഞങ്ങളെ നോക്കി ഒരു വിശദീകരണവും: "VIII B-യില്‍ കുട്ടികള്‍ കൂടുതലാ. അതിനാല്‍ ഇനി മുതല്‍ VIII C  മിക്സഡായിരിക്കും"
ഔദ്യോഗിക രേഖകള്‍ ഇഗ്നേഷ്യസ്‌ മാസ്റ്റര്‍ക്ക്‌ കൈമാറി, കീഴ്ത്താടി ചലിപ്പിച്ച്‌ ഒരു വില്ലന്‍ ചിരിയോടെ മാഷ്‌ നടന്നകന്നു.

‘അനിതാ, മേഴ്സി, ശാന്തകുമാരി.....'
ശലഭങ്ങളെ ഓരോരുത്തരേയായി  പരിചയപ്പെടുത്തിയ ശേഷം ഇഗ്നേഷ്യസ്‌ സാര്‍ ‍, ഓഫീസില്‍ നിന്നുള്ള മറ്റൊരു ‘ഇണ്ടാസ്‘ വായിച്ചു.
"ഇക്കൊല്ലം നിങ്ങടെ ക്ലാസ്സ്‌ ലീഡര്‍ ‍.....ദാ,  ഇവന്‍ ‍.."
സാറിന്റെ കൈകള്‍ എന്റെ നേരെ.
"അസിസ്റ്റന്റ്‌ ലീഡര്‍ : ശാന്തകുമാരി"
കണ്ണെഴുതി, ചന്ദനക്കുറി ചാര്‍ത്തി, മഞ്ഞ പാവാടയും മഞ്ഞ ബ്ലൗസും ധരിച്ച ആ കറുത്ത കുമാരിയെ എനിക്കല്‍പവും ഇഷ്ടമായില്ല. പക്ഷെ അനിതയെന്ന മഞ്ജുഭാഷിണി എപ്പോള്‍ എണീറ്റാലും,  ധൃതഗതിയിലൊരു നോട്ടം വലത്തോട്ട് പായിച്ചാലും, ഉച്ചസ്ഥായിലൊരു തബല മേളിക്കും  മനസ്സിനുള്ളില്‍ ‍.

ഒരാഴ്ച കഴിഞ്ഞിട്ടും ഇഗ്നേഷ്യസ്‌ സാര്‍ ക്ലാസ് തുടങ്ങിയില്ല. മററ്റുള്ളവര്‍ രണ്ടും മൂന്നും പാഠങ്ങള്‍ വീതം പിന്നിട്ടിരിക്കുന്നു. അപ്പോഴാണ് മാലതിടീച്ചറുടെ മകന്‍ മോഹന്‍ ദാസ് ബ്രേക്കിംഗ് ന്യൂസുമായെത്തിയത്: " ഇഗ്നേഷ്യസ്‌ സാര്‍ ലോങ്ങ്‌ ലീവില്‍ പോവുന്നു. നമുക്ക് പുതിയ ടീച്ചര്‍ വരുന്നു "

ഇഗ്നേഷ്യസ്‌ സാറിന്റെ അഭാവത്തില്‍, അന്ന്,  ക്ലാസല്‍പ്പം ശബ്ദായനമായിരുന്നു.
അടുത്ത ക്ലാസ്സില്‍ നിന്ന്  ജോസഫ്‌ മാഷെത്തി നോക്കി തിരക്കി:‘ആരാ ക്ലാസ്‌ ലീഡര്‍ ?"
ഞാന്‍ എണീറ്റ്‌ നിന്നു.
"ബഹളമുണ്ടാക്കുന്നവരുടെ പേര് നോട്ട് ചെയ്ത് വയ്ക്ക്‌.  ഞാന്‍ കുറച്ച്‌ കഴിഞ്ഞ്‌ വരാം."

അല്പനേരത്തേക്ക്  ക്ലാസ്‌ നിശ്ശബ്ദമായി.

ദീപാരാധനക്ക് നട തുറക്കുമ്പോള്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കുണ്ടാകുന്ന അസ്പര്‍ശ്യവും അദൃശ്യവുമായ ഒരു അനുഭൂതി ചുറ്റും പരക്കുന്ന പോലെ.
-ശംഖൊലി, മന്ത്രോച്ചാരണങ്ങള്‍ , മണിയൊച്ചകള്‍ ‍, പരിമള പൂരിതമായ ഇളം‌കാറ്റ്....

കണ്ണ് ചെന്ന് തറച്ചത് വാതിപ്പടി മറി കടക്കുന്ന വെളുത്ത് തുടുത്ത  രണ്ട് പാദങ്ങളിലാണ് .
ചിന്തേരിട്ട്‌ മിനുക്കി വാര്‍ണീഷടിച്ച ലക്ഷണമൊത്ത നഖങ്ങള്‍ ‍,
നീണ്ട വിരലുകള്‍ ‍,
ചുവന്ന വള്ളിച്ചെരിപ്പ്‌.
വെള്ളയില്‍ നീലപ്പൂക്കളുള്ള സാരിയില്‍ വിദഗ്ദ്ധമായി  മെനഞ്ഞ ഞൊറികളുടെ ചലനം.
നെഞ്ചോടടുക്കിയ റെജിസ്റ്റര്‍ ‍.
വിരിഞ്ഞ ആമ്പല്‍പ്പൂക്കളുള്‍ക്കിടയില്‍ ചലിക്കുന്ന രണ്ട് കരിവണ്ടുകള്‍
 -കോളേജ്‌ കുമാരിയുടെ ചടുലതയോടെ മുന്നില്‍ ഒരു മിന്നല്‍ക്കൊടി.

സ്ലോ മോഷനില്‍ എല്ലാരും എണീറ്റു.
"സിറ്റ്‌ ഡൗണ്‍ ‍"
ഇതളുകള്‍ വിടര്‍ന്ന് അരുണിമ ചുറ്റും പരന്നു.
"ഞാന്‍ നിങ്ങളുടെ പുതിയ ടീച്ചര്‍ ‍. പേര് സെലീന"

നെറ്റിയില്‍ കുറി,
കഴുത്തില്‍ ചന്ദന സ്പര്‍ശം,
വിതര്‍ത്തിട്ട മുടിയില്‍ തുളസീദളം.
 -പേര്‍ സെലീനയെന്നോ?

"ടീച്ചര്‍ ക്രിസ്ത്യാന്യാ?": ഏയെമ്മെസ്സിന്റെ വികടവാണി അനുഗ്രഹമായി തോന്നിയ അപൂര്‍വം സന്ദര്‍ഭങ്ങളിലൊന്ന്.
"എന്താ ഹിന്ദുക്കള്‍ക്ക്‌ സെലീനയെന്ന പേര്‍ പാടില്ലേ?"; റജിസ്റ്റര്‍ താഴെ വച്ച്, മേശമേല്‍ ചാരി നിന്നുകൊണ്ട്, പുഞ്ചിരിയോടെ ടീച്ചര്‍ മറുചോദ്യമെറിഞ്ഞു.
"ടീച്ചര്‍ടെ വീടെവിട്യാ?"
"പറയാം. ആദ്യം ഞാന്‍ നിങ്ങളെ പരിചയപ്പെടട്ടെ.’

ടീച്ചറുടെ അനര്‍ഗള വാക്‍ധോരണിയില്‍ സമയം കുതിരച്ചിറകേറി പറന്നു.

വീട് പെരുമ്പാവൂരില്‍ .
അച്ഛന്‍ കമ്മ്യൂണിസ്റ്റ് നേതാവായത് കൊണ്ടാണ് സെലീനയെന്ന പേര്‍ വന്നത്.
ബി എഡ്‌ പാസായി. ഇത് ആദ്യ ജോലി.  പുല്ലൂറ്റ് അമ്മായിയുടെ വീട്ടില്‍ താമസം.

എല്ലാവരും തൃപ്തരായെന്ന് തോന്നി.

"കല്യാണം കഴിച്ചതാ?"
കിട്ടിയ ചാന്‍സിനു സിക്സറടിക്കാന്‍ ക്രീസ്‌ വിട്ടിറങ്ങി, ഏയെമ്മെസ്‌.
"എന്താ.... ആലോചിക്കുന്നോ?"
കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.
ക്ലീണ്‍ ബൗള്‍ഡായ ഏയെമ്മെസ്‌ മഞ്ഞ മുഖവുമായി നിന്നു വിയര്‍ത്തു.

9.40 നെത്തുന്ന ശ്രീരാമജയം ബസ്സില്‍ നിന്ന് ടീച്ചര്‍ ഇറങ്ങുന്നത്‌ കാണാന്‍ സ്കൂളിലെ ചേട്ടന്മാര്‍ മാത്രമല്ല, പരിസരത്തെ ചെറുപ്പക്കാരും കാത്ത്‌ നില്‍ക്കും.
ദൃഷ്ടികള്‍ നിലത്തുറപ്പിച്ച്‌ തലയല്‍പം ചെരിച്ച്‌,  താളത്തിലുള്ള അന്നനട അനുകരിക്കാന്‍ പെണ്‍കുട്ടികള്‍ മത്സരിച്ചു.

ഏറ്റവും നല്ല ക്ലാസ്സിന് അശോകസ്തംഭത്തിന്റെ മാതൃകയിലുള്ള സ്തൂപിക സമ്മാനമായി പ്രഖ്യാപിച്ചപ്പോള്‍ സ്കൂള്‍ ആകെ ഒന്നിളകി മറിഞ്ഞു.
 ശുചിത്വം, അലങ്കാരങ്ങള്‍ ‍, അനുസരണ, കൃത്യനിഷ്ട, അറ്റന്‍ഡന്‍സ്‌, യൂണിഫോം എല്ലാം നോക്കി ഹെഡ്‌ മിസ്ട്രസ്‌, വാര്യര് ‍ മാഷ്‌, സംസ്കൃതം പണ്ഡിറ്റ്‌ സുബ്രമണ്യ അയ്യര്‍ ,  ഡ്രില്‍ മാഷ്‌  പിറ്റര്‍ സാര്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് വിജയിയെ പ്രഖ്യാപിക്കുക.

വിജയിയാകുന്ന ക്ലാസിന്റെ ലീഡര്‍ ‍, അസംബ്ലിക്ക് മുന്‍പ്, ആര്‍പ്പ് വിളികളുടേയും കൈയടികളുടേയും അകമ്പടിയോടെ ട്രോഫി തന്റെ ക്ലാസ്സിലേക്ക്‌ കൊണ്ട്‌ പോകും. സ്കൂള്‍ വിടും മുന്‍പ്‌ തിരിച്ചും.

സെലീനടീച്ചറുടെ നിര്‍ദ്ദേശപ്രകാരം മാസത്തില്‍ ആദ്യ ശനിയാഴ്ചകള്‍ ശുചീകരണ ദിനമായി. മുടക്ക് ദിവസമായിരുന്നിട്ടും ടീച്ചരുടെ സുഗന്ധം പരത്തുന്ന ആകര്‍ഷണവയലയത്തില്‍ നിന്ന് വിട്ടു നില്‍ക്കുവാന്‍ ആര്‍ക്കും മനസ്സുണ്ടാകാറില്ല.

രങ്കയ്യന്റെ കലാപാടവം കതിര്‍ മണികള്‍ കൊത്തിപ്പറക്കുന്ന പ്രാവുകളായ്‌ ബോര്‍ഡില്‍ വിരിഞ്ഞു.
മഹത്‌ വചനങ്ങള്‍ ചുമരിലെഴുതിയത്‌ ജോസും മഹിയും കൂടി.
മൂലയിലെ സ്റ്റൂളില്‍ വെള്ളം നിറച്ച കൂജയും  മേശപ്പുറത്ത്‌ പൂക്കൂടയും പ്രത്യക്ഷപ്പെട്ടു.
ക്ലാസ്‌,ഡിവിഷന്‍ ‍, ഡേറ്റ്‌, അറ്റന്‍ഡന്‍സ്‌, പഠിക്കുന്ന വിഷയം ഒക്കെ ബ്ലാക്ക്‌ ബോര്‍ഡില്‍ അപ്ഡേറ്റ്‌ ചെയ്യുന്ന ജോലി ക്ലാസ് ലീഡറുടേതായിരുന്നു.

ഉത്സാഹത്തിനും കഠിനാധ്വാനത്തിനും പ്രതിഫലം കിട്ടുക തന്നെ ചെയ്തു. ഇടക്കൊരു മാസം IX B-യിലെ പെണ്‍കുട്ടികള്‍ തട്ടിയെടുത്തതൊഴിച്ചാല്‍ എല്ലാ മാസവും റോളിംഗ്‌ ട്രോഫി ഞങ്ങളുടെ ക്ലാസ്സില്‍ തന്നെ വിശ്രമിച്ചു.

ലീഡറായത് കൊണ്ട് മാത്രമല്ല നന്നായി പഠിക്കുന്ന കുട്ടി എന്ന നിലയിലും ടീച്ചര്‍ക്കെന്നോട് പ്രത്യേക സ്നേഹമായിരുന്നു. കോമ്പോസിഷന്‍ ബുക്കുകള്‍ എടുക്കാന്‍ പോകുമ്പോഴും മാപ്പുകള്‍ ‍, ചാര്‍ട്ടുകള്‍ ‍, ചോക്ക്‌ കഷണങ്ങള്‍ എന്നിവക്ക് സ്റ്റാഫ് റൂമില്‍ പരതുമ്പോഴും തങ്കം ടീച്ചര്‍ കളിയാക്കും. "സെലീനാ, ദാ നിന്റെ 'പെറ്റ്‌‘ വന്നേക്ക്ണു.‘

പത്തിലെ ചേട്ടന്മാര്‍ ലിഷര്‍ പിരീഡുകളില്‍ ടീച്ചറുറ്റെ ദര്‍ശനത്തിന്കാ ജനലക്കരികില്‍ വരും. മുരടനക്കിയും കമെന്റടിച്ചും ടീച്ചറുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്ന അവരുടെ മുഖത്ത്, ഞാന്‍ ജനല്‍ കതകുകള്‍ വലിച്ചടക്കും.
-ചേട്ടന്മാരുടെ ശത്രുതയേക്കാള്‍ എത്രയോ വലുതാണു ടീച്ചറുടെ വശ്യസ്മിതത്തിന്റെ മധുരിമ!

ഗ്രാമര്‍ ക്ലാസെടുക്കയായിരുന്നു, ടീച്ചറന്ന്‍.
താഴെ വീണ ചോക്കെടുക്കാന്‍ ഒരു വശത്തേക്കവര്‍ കുനിഞ്ഞപ്പോള്‍ ‍, മാത്ര നേരത്തേക്ക്, സാരി ആ ശരീരത്തോട്‌ പിണങ്ങി.. ‍
അത്‌ വരെ ഗോപ്യമായിരുന്ന ചില വെളുത്ത് തുടുത്ത ശരീരഭാഗങ്ങള്‍ കണ്ണുകളില്‍ തെളിഞ്ഞു.
'ടാ...ആ പൊക്കിളു കണ്ടാ. ‘കുനിയന്‍ ഉറുമ്പിന്റെ‘ കുഴി പോലെ....": ഏയെമ്മെസ്‌ എന്നെ തോണ്ടി.
"ഷട്ടപ്‌" : ഞാന്‍ ചീറി.
-തെറ്റ്‌ ചെയ്ത കുട്ടിയുടെ അപരാധബോധത്തോടെ ചുവന്ന മുഖം ഞാന്‍ ഡെസ്കിലമര്‍ത്തി.
"എന്താ കുട്ടീ?": ടീച്ചര്‍ തിരക്കി.
"ഒന്നു....ല്യാ": ഞാന്‍ മുഖമുയര്‍ത്താതെ വിക്കി.

ഒരാഴ്ച ഏയെമ്മെസ് എന്നോട്‌ മിണ്ടാതെ നടന്നു‌.
ആ പ്രത്യേക നിമിഷത്തിലേക്ക്, ഇടക്കിടക്കുള്ള മനസ്സിന്റെ വഴുതിപ്പോകലിനെ പഴിച്ച്, ടീച്ചര്‍ക്ക് മുഖം കൊടുക്കാതെ ദിവസങ്ങള്‍ കഴിച്ച് കൂട്ടി, ഞാന്‍ ‍.
ഒടുവില്‍ ടീച്ചറെന്നെ പിടികൂടുക തന്നെ ചെയ്തു.
"എന്താ,  എന്നോട്‌ പിണക്കാ?'
"അല്ല": ഇടംകണ്ണുകൊണ്ടൊന്ന് നോക്കി, മുഖം താഴ്ത്തി ഞാന്‍ മന്ത്രിച്ചൂ:. " ടീച്ചറോടെനിക്ക് പിണങ്ങാനാവ്വോ?"

വര്‍ഷാവസാനം:
‘റിവിഷന്‍ ‍‘ കൊണ്ട്‌ പിടിച്ച്‌ നടക്കുന്നു.

ഉച്ചയൂണ് കഴിഞ്ഞ്‌ വന്നപ്പോഴാണു മോഹന്‍ദാസ്‌ ആ ബോംബ് പൊട്ടിച്ചത്‌: സെലീനാ ടീച്ചര്‍ക്ക് കല്യാണം!
"പിന്നെ... ഇത്ര ചെറുപ്പത്തിലേ കെട്ടാന്‍  ടീച്ചര്‍ക്കെന്താ വട്ടാ?": എനിക്കാ വാര്‍ത്തയത്ര ദഹിച്ചില്ല.
"സത്യാടാ...അമ്മ പറഞ്ഞതാ.... ടീച്ചറിപ്പോ താമസിക്കുന്ന വീട്ടിലെ ചേട്ടനാണ് കെട്ടുന്നത്.‍"

മനസ്സിന്റെ ഇടനാഴിയിലെവിടേയോ ഉരുള്‍ പൊട്ടലുകള്‍....
പെയ്യാന്‍ വെമ്പുന്ന കാര്‍ മേഘങ്ങള്‍ കണ്ണുകളില്‍ ഇരമ്പി.

രോഹിണി ടീച്ചറുടെ ക്ലാസില്‍ കയറാതെ പുറത്തിറങ്ങി, ഞാന്‍ ടീച്ചേഴ്സ്‌ റൂമിനെ വലം വച്ചു.
ജനലിലൂടെ നോക്കിയപ്പോള്‍ കോമ്പോസിഷന്‍ ബുക്കുകള്‍ കറക്റ്റ് ചെയ്യുകയാണ് ടീച്ചര്‍ ‍.
കുറച്ചകലെ രണ്ട്‌ ടീച്ചര്‍മാര്‍ ആരുടേയോ കുടുംബരഹസ്യങ്ങള്‍ കടിച്ച്‌ പറിയ്ക്കുന്ന തിരക്കിലാണ് ‍.
"സാമൂഹ്യപാഠം ക്ലാസ്സല്ലേ ‍?" ടീച്ചറെന്നെ കണ്ടു കഴിഞ്ഞു.
"അതെ"
"മാപ് എടുക്കാന്‍ വന്നതാണോ?"
"അല്ല": ഞാന്‍ മുറിയില്‍ കയറി, മേശക്കരികിലേക്ക്‌ നീങ്ങി.
ടീച്ചറുടെ കണ്ണുകള്‍ എന്റെ മുഖത്ത്‌ തന്നെ തറച്ച്‌ നില്‍ക്കുന്നതായി ഞാനറിഞ്ഞു.
വിതുമ്പാന്‍ വെമ്പുന്ന ഭാ‍വം ടീച്ചര്‍ ശ്രദ്ധിച്ചിരിക്കണം.
"എന്താ പറ്റീത്‌?"
ടീച്ചര്‍ എന്റെ  താടി പിടിച്ചുയര്‍ത്തി‍.
"ടീച്ചര്‍ കല്യാണം കഴിക്കാന്‍ പോക്വാ?":
വാക്കുകള്‍ ഞെരിഞ്ഞമര്‍ന്ന് വെളിയില്‍ ചാടി.
"എന്താ.... കഴിക്കണ്ടേ?"
നോക്കിയപ്പോള്‍ പുഞ്ചിരിയുടെ തെളിമയും സങ്കോചത്തിന്റെ രക്താഭയുമുണ്ടാ മുഖത്ത്.
"വേണ്ട, ഇപ്പോ വേണ്ടാ":
കരച്ചിലിന്റെ നനവോടെയുയര്‍ന്ന ശബ്ദം മറ്റു ടീച്ചര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്ര ഉച്ചത്തിലായിരുന്നു.

എണീറ്റ്, ഒരു സ്റ്റൂള്‍ വലിച്ചിട്ട്, തോളില്‍ പിടിച്ച്‌ വാത്സല്യത്തോടെ ടീച്ചര്‍ പറഞ്ഞു: "ഇരിക്ക്‌. ഞാന്‍ പറയട്ടേ....’
"ടീച്ചര്‍ സമ്മതിച്ചോ?"
എനിക്കതാണറിയേണ്ടത്.
അവര്‍ തലയാട്ടി.

നക്ഷത്രങ്ങള്‍ വെളിച്ചം വിതറുന്ന വലിയ കണ്ണുകളില്‍ അനുകമ്പയുടെ നീല നിറം പടര്‍ന്നു.
വിവാഹം വീട്ടുകാര്‍ തീരുമാനിച്ചതാണ്.  അമ്മായിയുടെ മകനാണ് വരന്‍ ‍‍.  നേവിയിലായിരുന്ന അയാള്‍ വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി‌ വന്നത് തന്റെ പിടിവാശി മൂലമാണ്. സ്നേഹമുള്ളയാളാണ്. പിന്നെ അമ്മായിയാണെങ്കില്‍ തനിക്ക് അമ്മയേക്കാള്‍ പ്രിയപ്പെട്ടവളും.

പുതിയ അദ്ധ്യയന വര്ഷം:
വേര്‍പാടിന്റെ വേദനയിലും ഞാന്‍ ഒളിച്ച് ചെല്ലും, ടീച്ചര്‍ ക്ലാസ്സെടുക്കുന്നത് കേട്ട് നില്‍ക്കാന്‍ . കണ്ണില്‍ പെട്ടാല്‍ ഒരു നിറചിരി. എനിക്കത് മതിയായിരുന്നു.  വെളുത്ത്‌ തുടുത്ത ആ നെറ്റിക്ക് സിന്ദൂരക്കുറി ഒട്ടും ചേരുന്നില്ലല്ലോ എന്ന് മനസ്സ് പറഞ്ഞു.

ആകസ്മികമായാണ് സ്ഥലം മാറ്റം വാങ്ങി, ഒരു വിട പറയിലിന് പോലും അവസരം തരാതെ, ടീച്ചര്‍ അപ്രത്യക്ഷയായത്.
എവിടെ, എത് സ്കൂളില്‍ ‍?
മോഹന്ദാസിനും എന്നെ സഹായിക്കാനായില്ല.

-വര്‍ഷസാഗരങ്ങള്‍ കാലതീരത്തിന്റെ ചുറ്റുമതിലുകളില്‍ തൊട്ടും തലോടിയും ഭേദിച്ചും മുറിവേള്‍പ്പിച്ചും ചുങ്കമോ കടത്ത്‌ കൂലിയോ കൊടുക്കാതെ പ്രവഹിച്ച് കൊണ്ടിരുന്നു.

ദുബായില്‍ നിന്ന് രണ്ടാം വട്ടം നാട്ടിലെത്തിയപ്പോള്‍ അച്ഛനുമമ്മക്കും നിര്‍ബന്ധം: വേണം ഇനി ഞങ്ങള്‍ക്കൊരു മരുമകള്‍ ."
കാരുമാത്രയിലെ കൊച്ചമ്മായി പറഞ്ഞു:"ഞങ്ങടെ തെക്കേതില്‍ ഒരു കുട്ടിയുണ്ട്‌. നീ വന്ന് കാ‍ണ്.. ഇഷ്ടായാ ആലോചിക്കാല്ലോ/"

കൊടക്കാപ്പറമ്പ്‌ അമ്പലത്തിന്നരികെ ബസ്സിറങ്ങി അമ്പലപ്പറമ്പ്‌ താണ്ടിയാല്‍ കാണാം പാടത്തിന്നക്കരെയുള്ള കൊച്ചമ്മായിയുടെ വീട്‌.
നടക്കാന്‍ തുടങ്ങിയപ്പോള്‍ കൊച്ചമ്മായിയുടെ ഇളയ മകള്‍ നീല-വെള്ള സ്കൂള്‍ യൂണിഫോമില്‍ മുമ്പില്‍.
തോളില്‍ ഭാരിച്ച ബാഗ്‌.
"താ, ഞാന്‍ പിടിക്കാം': ഞാന്‍ കൈ നീട്ടി.
"വേണ്ടാ, എന്നും വരോ ഈ സമയത്ത്‌ എന്റെ ബാഗ്‌ താങ്ങാന്‍ ‍?": എന്നായി കാന്താരി.
‘പെണ്ണ് കാണാന്‍ പോക്വാ ല്ലേ? മുറപ്പെണ്ണ് ഞാനാ, മറക്കണ്ടാ”: അവളുടെ മുഖത്തൊരു ശൃംഗാര ഭാവം.
‘ഒരെട്ട് പത്ത് വര്‍ഷം മുന്‍പ് നിനക്കീ ഭൂമിലേക്ക് ഇറങ്ങായിരുന്നില്ലേ? എനിക്ക് പെണ്ണ് തേടി കഷ്ടപ്പെടാതെ കഴിക്യായിരുന്നു.’ എന്നായി ഞാന്‍ ‍.
"ചേട്ടന് ഒരു സെലീനാടീച്ചറെ ഓര്‍മ്മയുണ്ടോ? “
പെട്ടെന്നവള്‍ വിഷയം മാറ്റി.

ഓര്‍മ്മകള്‍ കുളിരുള്ള ഒരു മഴച്ചാറ്റലായി മനസ്സില്‍ പെയ്തിറങ്ങി.
ടീച്ചറിനെ പൊതിഞ്ഞ്‌ നില്‍ക്കാറുള്ള സുഖമുള്ള പരിമളം ചുറ്റും പടരുന്നതായി തോന്നി..
'സെലീനാടീച്ചര്‍ ‍, എന്റെ പ്രിയ ടീച്ചര്‍ ‍,': മനസ്സുരുവിട്ടു..
"ഞങ്ങടെ ക്ലാസ്‌ ടീച്ചറാ": അഭിമാനത്തോടെ അവള്‍ പറഞ്ഞു.
മനസ്സിലൊരായിരം കുരുവികള്‍ ചിറകടിച്ചുയര്‍ന്നു..
"കരൂപ്പടന്ന സ്കൂളിലാണോ ടീച്ചറിപ്പോള്‍?"
"അതെ. മൂന്നാലു വര്‍ഷായി..... ടീച്ചറെപ്പഴും പറയും ആദ്യ ജോലി... ആദ്യ സ്കൂള്‍ ‍.... ആദ്യ ക്ലാസ്‌... പിന്നെ പറയുക ചേട്ടനെപ്പറ്റിയാ. നന്നായി പഠിക്കും, പ്രസംഗിക്കും എന്നൊക്കെ....... "
അവള്‍ തുടര്‍ന്നൂ: "പുരാണം കേട്ട്‌ സഹി കെട്ടപ്പൊ ഞാനെണീറ്റ്‌ നിന്ന് പറഞ്ഞു, ടീച്ചര്‍ പറയുന്ന ആ ആള്‍ എന്റെ ചേട്ടനാന്ന്....ടീച്ചര്‍ ചേട്ടന്റെ വിശേഷങ്ങളൊക്കെ ചോദിച്ചു.
‘എന്നേം വല്യ ഇഷ്ടാ ടീച്ചര്‍ക്ക്‌": അവള്‍ കൂട്ടിച്ചേര്‍ത്തു.
"എന്നാ ടീച്ചറോട്‌ പറയ്... നാളെ ഞാന്‍ ടീച്ചറെ കാണാന്‍ വരുന്നൂന്ന്."
"ഉവ്വോ? സത്യായും?  ടീച്ചെര്‍ക്കെന്ത്‌ സന്തോഷാവൂന്നോ?"

സ്കൂളിലെത്തിയപ്പോള്‍ ഓഫീസ് വിജനം.
വരാന്തയില്‍ നിന്ന കുട്ടി എതിര്‍ വശത്തുള്ള ക്ലാസ്‌ റൂമിലേക്ക്‌ വിരല്‍ ചൂണ്ടി.

നടന്നടുത്തപ്പോള്‍ ടീച്ചറുടെ ഗന്ധം എന്നെത്തേടിയെത്തി. അല്‍പം കൊഞ്ചലുള്ള ആ സ്വരം കാതുകളില്‍ കിലുങ്ങി.

അപ്പോഴേക്കും കാന്താരി ഓടിയെത്തി.
പിന്നാലെ ടീച്ചറും.
വര്‍ഷങ്ങള്‍ ആ ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രകടമായിരുന്നു.
പക്ഷേ വാത്സല്യം കോരി നിറച്ച വലിയ കണ്ണുകള്‍ക്കും  ഇതളുകള്‍ വിടര്ത്തിയുള്ള കുറുമൊഴിപ്പൂംചിരിക്കും ഒരു മാറ്റവുമില്ല..

"വാ", എന്റെ കൈയില്‍ പിടിച്ചു കൊണ്ടവര്‍ ടീച്ചേഴ്സ്‌ റൂമിലേക്ക്‌ നടന്നു.
ഉരിയാടാതെ കുറേ നേരം പരസ്പരം നോക്കിയിരുന്നൂ.
പിരീഡവസാനിച്ചപ്പോള്‍ എത്തിയ  ടീച്ചേഴ്സിന് എന്നെ പരിചയപ്പെടുത്തി.
“ഞാന്‍ പറയാറില്ലേ, നടവരമ്പ്‌ സ്കൂളിലെ എന്റെ ആദ്യ സ്റ്റുഡന്റ്‌!"

-ആദ്യ വിദ്യാര്‍ത്ഥി?
ബാക്കിയുള്ള 31 പേരുകള്‍ ഏത്‌ ക്രമനമ്പറില്‍ ആയിരിക്കും ടീച്ചറുടെ മസ്റ്റര്‍ റോളില്‍ ‍?

സ്കൂളിന്നടുത്ത്‌ തന്നെയാണു ടീച്ചര്‍ താമസിച്ചിരുന്നത്‌.
രണ്ട്‌ മക്കള്‍ :മഞ്ജുള, മൃദുല.
മൂത്തവള്‍ 7-ല്‍, ഇളയവള്‍ 5-ലും‍.
ഭര്‍ത്താവിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ വിരസതയോടെ അവര്‍ പറഞ്ഞൂ:“ഇന്‍ഷൂറന്‍സ് ഏജന്റല്ലേ?  നാടു തെണ്ടി നടക്കുന്നു.”

ഉച്ചയൂണിനു സമയമാകും വരെ ഞങ്ങള്‍ സംസാരിച്ചിരുന്നു.
'വാ, എന്റെ ഡബ്ബ ഷെയര്‍ ചെയ്യാം; അല്ലെങ്കില്‍ ഹോട്ടലീന്ന്"
"വേണ്ടാ ടീച്ചര്‍ ‍. ഉണ്ണാന്‍ വീട്ടിലെത്താമെന്ന് പറഞ്ഞിട്ടുണ്ട്‌.": ഞാനെണീറ്റു.
"പോകും മുന്‍പ്‌ വീട്ടില്‍ വരണം"
അഡ്രസ്സെഴുതിയ കടലാസ്‌ അവര്‍ എന്റെ പോക്കറ്റില്‍ തിരുകി.
"കല്യാണത്തിനു ക്ഷണിക്കുമല്ലോ?”: യാത്ര പറയുമ്പോള്‍ കുസൃതിയോടെ തലയല്‍പം ചരിച്ച്, കൃഷ്ണമണികള്‍ മേലോട്ടുയര്‍ത്തി നിഗൂഢമായി ചിരിച്ചു, ടീച്ചര്‍ .

തിരക്കുകള്‍ക്കിടയില്‍ ടീച്ചറെ വീണ്ടും കാണാനൊത്തില്ല.
ആ വെക്കേഷനില്‍ കല്യാണം നടക്കാതിരുന്നതിനാല്‍ പോക്കറ്റില്‍ തിരുകിയ കടലാസ് കഷണത്തേയും മറന്നു. .

രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും കൊച്ചമ്മായിയുടെ വീട്ടിലെത്തിയപ്പോള്‍ കാന്താരിയാണു പറഞ്ഞത്‌, ടീച്ചര്‍ സ്ഥലം മാറി പോയെന്ന്.
ഭര്‍ത്താവ്‌ ബൈക്കപകടത്തില്‍ മരിച്ചെന്നും.
കാന്താരി ഒഴിവായ സമയം നോക്കി കൊച്ചമ്മായിയുടെ മൂത്ത മോന്‍ അന്നാസ്‌ രഹസ്യമായി  പറഞ്ഞു:
"ടീച്ചറും ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു.കള്ള് കുടിച്ച് വീട്ടില്‍ വന്ന് ടീച്ചറെ അയാള്‍ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. മക്കള്‍ രണ്ടും അയാളുടെതല്ലത്രേ!  ബൈക്കിടിച്ചയാള്‍ ചത്തത്‌ നന്നായി, അല്ലെങ്കില്‍ നാട്ടുകാര്‍ തല്ലിക്കൊന്നേനെ."

എന്റെ തൊണ്ടയില്‍ ഒരു കുന്ന് സങ്കടം വന്ന് കുമിഞ്ഞു.
ശ്വാസനാളം പിടഞ്ഞു.
ഓര്‍മ്മയുടെ തീരശ്ശീലയില്‍ സെലീനാടീച്ചറുടെ  മുഖം ഓളങ്ങളില്‍പ്പെട്ടൊഴുകി.
അന്നാസ്‌ പറഞ്ഞുകൊണ്ടിരുന്നു:
"സത്യത്തില്‍ ടീച്ചറും മക്കളും രക്ഷപ്പെടുകയായിരുന്നെന്നാ ഞങ്ങള്‍ പറയുക: അത്ര. വല്യൊരു തുകയല്ലേ ഇന്‍ഷൂറന്‍സീന്ന് കിട്ടീത്‌"