അമ്മായിഗുണ്ട്
മൂക്കിന് തുമ്പില്‍ ശുണ്ഠിക്കാരനും കയ്യാങ്കളിക്കാശാനുമായ കുഞ്ഞമ്മാന് .
കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രിയെപ്പോലെ കൊച്ചമ്മായി.
ഈ ഫാസിസ്റ്റ് സഖ്യത്തിന്നെതിരെ നിരന്തര യുദ്ധം നടത്തിക്കൊണ്ടിരുന്ന മകന് ഭുവന ചന്ദ്രനെ ഒരു ‘യൂദ‘നെപ്പോലെ അവര്‍ വെറുത്തതില്‍ അത്ഭുതമുണ്ടോ?
സ്കൂളുകള്‍ പെറ്റിബൂര്‍ഷ്വാകളുടെ 'ഹാച്ചിംഗ് സെന്ററുകള്‍' ആണെന്നും ആചാര്യന് ചെഗുവേരയും തിരുത്തല്‍ വാദി മാവോയുമാണ് അന്തിമമായി നന്മയുടെ നൂറു പുഷ്പങ്ങള്‍ വിരിയിക്കുകയെന്നും വിശ്വസിച്ച ഭുവനേട്ടന് ‘മെക്കാളെ‘ വിദ്യാഭ്യാസ വ്യവസ്ഥിതികളോട് പരമ പുച്ഛമായിരുന്നു.
ശൃംഗപുരം സെന്ററിലെ കാദറിക്കയുടെ പെട്ടിക്കടയായിരുന്നു ഭുവനേട്ടന്റെ പാഠശാല, ലോഡിംഗ് തൊഴിലാളി തലവന്‍ ദാമോദരേട്ടന് :ഏഡ് മാഷും.’.
ഒറ്റിക്കൊടുപ്പുകാരെ ഭുവനേട്ടന് വെറുതെ വിടാറില്ല. എന്നിട്ടും കാര്യേഴുത്ത് തറവാടിന്റെ മുറ്റത്ത് ഇടക്കിടെ നാട്ടുകൂട്ടവും. വിചാരണയുമുണ്ടാവും. തെളിവെടുപ്പ്, സാക്ഷിമൊഴി എന്നീ പ്രഹസനങ്ങള്‍ പതിവില്ല; ശിക്ഷ നടപ്പാക്കാന്‍ കാലതാമസവും.
സംഭവം ആദ്യം അറിയുന്നത് ഞങ്ങളായിരിക്കും. കാരണം പിറ്റേന്ന് പ്രഭാതത്തില്‍ ഞങ്ങളുടെ കണി, സ്കൂള്‍ യൂണിഫോമില്‍ തിണ്ണയില്‍ ചുരുണ്ട് കിടന്നുറങ്ങുന്ന ഭുവനേട്ടനായിരിക്കും. ഭുവനേട്ടന്റെ അപ്രതീക്ഷിത സാന്നിധ്യങ്ങള്‍ പകരുന്ന ലഹരി അമ്മായിയുടെ ‘വീക്കെന്‍ഡ്’ സന്ദര്‍ശനം വരെ നീളും.
തറവാട്ട് പറമ്പില്‍ പന്തലിച്ച് കിടക്കുന്ന കൊടമ്പുളി മരത്തിന്റെ ചുവട്ടിലാണ് കുട്ടിക്കുരങ്ങന്മാരുടെ 'ദാവൂസ് ഉച്ചകോടി'. വല്യേച്ചി, കൊച്ചേച്ചി, വെല്ലിശന്റെ മക്കള്‍ വിശാലേച്ചി, പദ്മിനിയേച്ചി, കൊച്ചേട്ടന് .....കോറം തികയ്ക്കാന്‍ വല്യമ്മായിയുടെ പുത്രന് നരേന്ദ്രനേയും വിളിക്കും. ഇളയച്ചന്മാര്‍ രണ്ടും 'ഔട്ട് ഓഫ് സ്റ്റേഷന് ' ആയതിനാല്‍ ഇളയമ്മമാരുടെ 'ബോഡിഗാര്‍ഡായി' ചാര്‍ജെടുത്തിരിക്കയാണ് നരേട്ടന് .
കൊച്ചേട്ടന്റേയും ഭുവനേട്ടന്റേയും വാള്‍പ്പയറ്റ്, വിശാലേച്ചിയുടെ മോണോ ആക്റ്റ്, പിന്നെ തുടങ്ങും ‘അക്ഷര ശ്ലോകം‘.
ആണുങ്ങള് ഒരു ടീം : ഭുവനേട്ടന് , കൊച്ചേട്ടന് , ഞാന്‍ .
'നരനോ?": വല്യേച്ചി ചോദിക്കും.
"അതിനവന് ആണല്ലല്ലോ?": ഭുവനേട്ടന് ഞങ്ങളെ നോക്കി കണ്ണിറുക്കും: "അമ്മായി ഗുണ്ട്‘ പെണ്ണുങ്ങള്ടെ ടീമില്‍ "
പൊക്കം കുറഞ്ഞ്, വെളുത്ത്, സ്ത്രൈണത മുറ്റിയ ശരീരവും വിടര്‍ന്ന കണ്ണുകളുമുള്ള , ഗുണ്ട് പോലിരിക്കുന്ന അമ്മായിപുത്രന് കൊച്ചേട്ടനിട്ട പേരാണ്: 'അമ്മായി ഗുണ്ട്" എന്ന്. നേരിയ വിക്കുണ്ട്. അത് കൊണ്ട് ശങ്കിച്ച് ശങ്കിച്ചാണ് സംസാരം.
"ഊണിനു നായര്‍ മുന്പില്, പടക്ക് നായര്‍ പിന്നില്‍ ": കൊച്ചേട്ടന് കളിയാക്കും.
ഭുവനേട്ടന് എന്തെല്ലാമായിരുന്നു, അതൊന്നുമായിരുന്നില്ല നരേട്ടന് .
ഹിന്ദി ഗാനങ്ങളാണു ഭുവനേട്ടന്റെ സ്പെഷ്യാലിറ്റി.
"ഓ ഹോ ഹോ ഹോ....
ഖോയാ ഖോയാ ചാന്ദ്, ഖുലാ ആസ്മാന് ,
ആങ്ഖോം മേം സാരീ രാത് ജായേഗീ.....‘
ഇടത് കൈ ചെവിയില്‍ വച്ച്, വലത് കൈ ആകാശത്തേക്കുയര്‍ത്തി ഭുവനേട്ടന് നീട്ടിപ്പാടും.
വല്യേച്ചിയുടെ മറുപടി:
"തലക്ക് മീതെ ശൂന്യാകാശം,
താഴെ മരുഭൂമീ..“
"സുന് സുന് സുന്,
അരേ പ്യാരേ സുന്..."
ഭുവനേട്ടന് തുടരും.
ചേച്ചിക്കും ചില സ്ഥിരം നമ്പരുകളുണ്ട്.
"കടലാസ് വഞ്ചിയേറി,
കടലും കടന്ന് കേറി..."
മത്സരം വല്യേച്ചിയും ഭുവനേട്ടനും കൂടി ഹൈജാക്ക് ചെയ്യുമ്പോള്‍ കുശുമ്പ് കേറുന്ന കൊച്ചേട്ടന് എംജീയാറായി മാറും:
"നാന് ആണയിട്ടാല്‍
അത് നടന്ത് വിട്ടാല്‍....'
കാര്യേഴുത്ത് കിഴക്കേതില്‍ താമസത്തിനെത്തിയ ബറോഡ റിട്ടേണ്‍ പങ്കജാക്ഷന് നായരുടെ ഗ്രാമഫോണിന്റെ ഊര്‍ജ്ജം ഗാനങ്ങളായി ഭുവനേട്ടന്റെ സ്വരത്തില്‍ ഒഴുകിപ്പരക്കുമ്പോള്‍ , ആകാശവാണിയിലെ ഗാനങ്ങള്‍ മാത്രം കേട്ട് തഴക്കമുള്ള ചേച്ചിമാര് പ്രാണവായുവിനായി പിടയും.
"സൈഗളിനെ അറിയോ? ഷംസാദ് ബീഗം, മുകേഷ്...റാഫി...?
-ഭുവനേട്ടന് തന്റെ അറിവുകള്‍ വിളമ്പും.
"സോജാ രാജകുമാരി കേട്ടിട്ടുണ്ടോ?
മേരാ പിയാ ഗയാ റംഗൂണ്‍ .....,
ഓ ദുനിയാ കെ രഖ്വാലേ..."
"ഓമനക്കുട്ടന് ഗോവിന്ദന് ബലരാമന്റെ കൂടെ കൂടാതെ....."
ഭുവനേട്ടന്റെ ഭാഷണത്തിനന്ത്യമില്ലാതാകുമ്പോള്‍ വിശാലേച്ചി ഇടപെടും.
"അയ്യേ..അത് പദ്യമല്ലേ?‘: കൊച്ചേട്ടന് കളിയാക്കും.
"നീയെന്‍ ചന്ദ്രനേ,
ഞാന്‍ നിന് ചന്ദ്രികാ......
ഓ..ഓ....."
ചേച്ചി കച്ചേരി തുടരാന്‍ ശ്രമിക്കും.
"തു മേരീ ചാന്ദ്,
മേം തേരീ ചാന്ദ്നീ...‘
ചേച്ചിയെ പാടാനനുവദിക്കാതെ അതേ ഈണത്തില്‍ ഗാനം പൂര്‍ത്തിയാക്കി ചേട്ടന്മാര് കൂകിയാര്‍ക്കും.
"തോറ്റേ....പെണ്‍പട തോറ്റ് തൊപ്പിയിട്ടേ..."
അപ്പോഴായിരിക്കും വിളിച്ചിട്ടും കേള്‍ക്കാത്ത ഞങ്ങളെത്തേടിയുള്ള അമ്മയുടെ വരവ്: "ചെവി കേക്ക്‍ണില്യേ ഒന്നിനും? എത്ര നേരായി വിളിക്ക്ണൂ...?"
കുഞ്ഞാങ്ങളയുടെ മോനോടുള്ള 'സോഫ്റ്റ് കോര്‍ണര്‍ ' മൂലമാകണം ശകാരം നീട്ടാതെ, അമ്മ ചേച്ചിയുടെ നേരെ തിരിയും: "ചെല്ല്..ചെന്ന് വെളക്ക് വയ്ക്ക്..എല്ലാരും കൈയും മുഖോം കഴുകി നാമം ജപിക്ക്"
കാലത്ത് ഞങ്ങളോടൊപ്പം ഭുവനേട്ടനും വരും സ്കൂളിലേക്ക്.
ചേട്ടന്മാരുടെ കളിയാക്കലും തോണ്ടലും സഹിക്ക വയ്യാതെ പുസ്തകക്കെട്ടും ചോറ്റ് പാത്രവും തൂക്കി നരേട്ടന് ഓടും.
"അമ്മായിഗുണ്ട് ഉരുണ്ട് വരണേയ്...ജീവന് വേണേ മാറിക്കോ.."
എന്നാര്‍ത്തുകോണ്ട് ചേട്ടന്മാര് പിന്നാലെ.
നാലടി പൊക്കവും സ്ഥൂലിച്ച ശരീരവുമുള്ള വല്യമ്മായിക്ക്, ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണു രണ്ടാം കെട്ടുകാരന് വല്യമ്മാനെ കിട്ടിയത്. കുടുംബം, സ്വത്ത്, പ്രായം, രണ്ടാം കെട്ട്....ദൗര്‍ബല്യങ്ങള്‍ ഒന്നൊന്നായി മുതലെടുത്ത് പാവം അമ്മാവനെ അമ്മായി തന്റെ
സാമന്തനാക്കി.
മൂത്ത മോന് നാലാം ക്ലാസ് പാസ്സായപ്പോള്‍ അവനേയും കൊണ്ട് അമ്മായി തറവാട്ടിലെത്തി.
"അവടട്ത്ത് ഹൈസ്കൂളില്ല. പിന്നെ ഇവടെ കാര്യങ്ങള്‍ നോക്കാന്‍ ഒരാള്‍ വേണ്ടേ?"
ആര്‍ക്കും ശല്യമാകാതെ തെക്കിനിയില്‍ ഒതുങ്ങിക്കൂടി നരേട്ടന് . ശമ്പളമില്ലാതെ ഒരു വേലക്കാരനെ കിട്ടിയതില്‍ ഇളയമ്മമാര്‍ക്കും സന്തോഷം.
പത്ത് പാസ്സായപ്പോള്‍ ബോംബെയിലുള്ള അനിയന്റെ അടുത്തയക്കാനായിരുന്നു അമ്മായിയുടെ പ്ലാന്‍ . 'കൊട്ടും പാട്ടും' പഠിച്ചാല്‍ എളുപ്പം ജോലി കിട്ടും എന്ന അനിയന്റെ അഭിപ്രായത്തെ മാനിച്ച് നരേട്ടന് ഇരിഞ്ഞാലക്കുട മിനര്‍വ ഇന്‍സ്റ്റിട്യൂട്ടില്‍ ഷോര്‍ട്ട് ഹാന്‍ഡും ടൈപ് റൈറ്റിംഗും പഠിക്കാന്‍ ചേര്‍ന്നു.
ജോലി കിട്ടി വര്‍ഷങ്ങള്‍ക്ക് ശേഷവും നാടോ വീടോ സന്ദര്‍ശിക്കാതെ, ഈവനിംഗ് ക്ലാസുകളില്‍ പോയി പഠിച്ച് ഡിഗ്രി എടുത്ത്, നരേട്ടന് ബോംബേ എ ജിസ് ഓഫീസില്‍ ഉദ്യോഗസ്ഥനായി.
കാരുമാത്ര, വല്യമ്മായിയുടെ വീട്ടിനടുത്ത് തന്നെയാണു കൊച്ചമ്മായിയുടേയും വീട്. പക്ഷെ അവര്‍ക്കിടയിലെന്നും തകര്‍ക്കപ്പെടാനാവാത്ത ഒരു 'ബെര്‍ലിന്‍ വാള് ' നില കൊണ്ടിരുന്നു. കാണുമ്പോഴെക്കും ഓടി വരും, കൊച്ചമ്മായി. കെട്ടിപ്പിടിക്കും, നാട്ടിലേയും വീട്ടിലേയും വിശേഷങ്ങള്‍ തിരക്കും, പിന്നെ പാല്‍ക്കാപ്പിയും പൂവടയും തന്ന് സത്കരിക്കും.
കൂടെ വന്ന് വല്യമ്മായിയുടെ വീട് ദൂരെ നിന്ന് കാട്ടിത്തന്ന് കൊച്ചമ്മായി തിരിച്ച് പോകും. പുല്ലാനിക്കാടുകളും തൊട്ടാവാടിക്കൂട്ടങ്ങളും കല്ലുവെട്ട് മടയുമൊക്കെ നിറഞ്ഞ കുന്നിന്‍പുറത്ത് കൂടെയുള്ള ആ നാട്ടുവഴി ഇന്നും എനിക്കപരിചിതമാണ്.
കോലായിലെ ചാരുകസാലയില്‍ കണ്ണുകളടച്ച് കിടപ്പുണ്ടാകും, പഞ്ഞി പോലെ നരച്ച മുടിയും നീണ്ട താടിരോമങ്ങളുമുള്ള വല്യമ്മാവന്.
പാളവിശറി, വെറ്റിലച്ചെല്ലം, വെള്ളം നിറച്ച കിണ്ടി എന്നിവ കാണും കൈയെത്തും ദൂരത്ത്.
"ആരാ?"
വെയിലില്‍ നിന്നും ചാവടിയിലേക്ക് കയറുന്ന രൂപവുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ ആ കണ്ണുകളൊന്ന് തിളങ്ങും.
"വേലായീടെ മോനല്ലേ?"
ഞാന്‍ തലയാട്ടും.
വല്യമ്മായിയുടെ ഭാരിച്ച ശരീരമപ്പോള്‍ വാതില്‍ക്കലനങ്ങും.
"എന്താടാ വിശേഷം?"
കോമളഭാവങ്ങള്‍ വിരുന്ന് വരാത്ത മുഖത്ത്, പരിചിതത്വത്തിന്റെ ഒരു നിഴലാട്ടമെങ്കിലും പ്രതീക്ഷിച്ചുകൊണ്ട്, ഞാന്‍ വന്ന കാര്യം അവതരിപ്പിക്കും.
"നീ കാലത്തേ അവള്‍ടട്ത്ത് എത്തി, അല്ലേ?"
ഞളുങ്ങിയ ഒരു ചിരിയുമായി ഞാന്‍ നിന്ന് പരുങ്ങും.
'പാലില്ല, കട്ടനെടുക്കട്ടേ?"
"വേണ്ടാ, വേഗം പോണം."
"എന്നാ ശരി."
അവര്‍ തിരിഞ്ഞ് നടക്കും.
യാത്ര പറയാന്‍ നോക്കുമ്പോള്‍ അമ്മാവന്റെ കസാല ശൂന്യമായിരിക്കും.പെണ്മക്കളാരെങ്കിലും അടുക്കളയില്‍ നിന്നെത്തി നോക്കി പിശുക്കി ഒരു പുഞ്ചിരി സമ്മാനിച്ചാലായി. തനയന്മാര് പശുപാലകരായി പാടത്തോ പറമ്പിലോ കറങ്ങുന്നുണ്ടാവും.
ഉദ്യോഗം തേടി ബോംബെയിലെത്തിയപ്പോള്‍ പരിചയക്കാരെയൊക്കെ ഒരു വട്ടമെങ്കിലും കാണാന്‍ ശ്രമിച്ചിരുന്നൂ, ഞാന്‍ . പക്ഷേ എന്റെ മനസ്സിന്റെ ഡയറക്റ്ററിയില്‍ എവിടേയും നരേട്ടന്റെ പേര് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ലല്ലോ!
നരേട്ടന് നാട്ടില്‍ പോയെന്നും വിവാഹിതനായെന്നുമുള്ള വാര്‍ത്തകള്‍ ,ചേച്ചിയുടെ കത്തുകളിലെ പഴുതാര പോലുള്ള വരികളില്‍ വികാരരഹിതമായി മരവിച്ച് കിടന്നു. ദുബായിലെത്തിയപ്പോള്‍ കത്തുകളുടെ എണ്ണം കുറഞ്ഞു, നാട്ട് വിശേഷങ്ങളും.
അക്കാലത്ത് ഗള്‍ഫില്‍ നിന്നും നാട്ടിലേക്കുള്ള യാത്രകള്‍ വൃതാനുഷ്ടാനങ്ങളോടെ നടത്തുന്ന ശബരിമല തീര്‍ത്ഥാടനം പോലെ ദുഷ്കരവും പരിപാവനവുമായിരുന്നു..
വ്രതശുദ്ധി ബോധ്യപ്പെടുത്തി, 'അര്‍ബാബെന്ന പെരിയസ്വാമിയുടെ അനുഗ്രഹം ലീവാക്കി മാറ്റണം ആദ്യം.
തലേന്ന് കൂട്ടുകാരുടെ വക ഗംഭീരമായ 'കെട്ടുമുറുക്കല്‍ ' ചടങ്ങ്, 'വിളക്കും പാട്ടും" അടക്കം.
വ്രതമെടുക്കാത്ത അയ്യപ്പന്മാരുടെ 'നേര്‍ച്ചകള്‍ 'കൊണ്ട് സമ്പന്നമായിരിക്കും 'ഇരുമുടിക്കെട്ട്".
എക്സെസ് ബാഗേജെന്ന പമ്പയില്‍ മുങ്ങി, എയര്‍ ഇന്ത്യയുടെ കരിമല കയറി, കസ്റ്റംസ് മാളികപ്പുറത്തമ്മയുടെ മുന്നില്‍ തേങ്ങ“യടിക്കുമ്പോഴേക്കും മനസ്സ് പല പല 'ദിവ്യ ദര്‍ശനങ്ങള്‍ ' നടത്തിയിരിക്കും.
'ഓള്‍ഡ് ഗഡീസിനെ' സത്ക്കരിക്കണം, ബോംബേ തൊഴില്‍ ദാതാവ് പാലക്കാട് ദൊരൈസ്വാമി അയ്യരുടെ സുഖമില്ലാതെ കിടക്കുന്ന അമ്മ്യാരെ സന്ദര്‍ശിക്കണം എന്നീ ലക്ഷ്യങ്ങളോടെയാണു രണ്ട് ദിവസത്തെ 'ബോംബെ ബ്രേക്' പ്ലാന്‍ ചെയ്തത്.
ഹോട്ടലില്‍ നിന്നും മലബാര്‍ ഹില്ലിലെ പഴയ താവളത്തിലെത്തിയപ്പോള്‍ കാത്തിരിക്കുന്നു, ഒരു വിശിഷ്ടാതിഥി: നരേട്ടന് .
"നീ വരുന്നെന്ന് ഞാനാ പറഞ്ഞേ": പഴയ സഹമുറിയന് രാജേട്ടന് അറിയിച്ചു.
"ഹലൊ"
ഒരു തണുത്ത ഷേയ്ക് ഹാന്‍ഡ്!
അല്പം കൂടി തടിച്ചിട്ടുണ്ട്. വെളുത്ത മുഖത്തെ കരയന്‍ മീശ ആകര്‍ഷകമായി തോന്നി. ഔപചാരികത കലര്‍ന്ന, നിസ്സംഗമായ ചിരി.
പിന്നെ നിശ്ശബ്ദത.
പരസ്പരം നേരിടാതെ, മൂന്ന് ജോഡി കണ്ണുകള്‍ ‘ഗാരേജ്’ മുറിയിലങ്ങോളമിങ്ങോളം ഉഴറി.
ഘനീഭവിച്ച അന്തരീക്ഷത്തെ ഒരു ചുടുനിശ്വാസത്താലലോസരപ്പെടുത്തി, നരേട്ടന്റെ ലോല സ്വരം:"നീ എഴുത്തൊക്കെ നിര്‍ത്തിയോ? പണ്ട് ബോംബെ നാദത്തില്‍ എഴുതിയതൊക്കെ വായിച്ചിട്ടുണ്ട്."
ഞാന്‍ ഹൃദയപൂര്‍വം ഒരു ചിരി സമ്മാനിച്ചു.
ബാബുല്‍നാഥ് കവലയില്‍ , റോഡിലേക്ക് വൃത്താകൃതിയിലിറങ്ങി നില്ക്കുന്ന റെസ്റ്റാറന്റില്‍ , രാജേട്ടന് മൂന്ന് ബോംബെ ബീറുകള്‍ക്ക് ഓര്‍ഡര്‍ നല്കി.
"ഞാന്‍ കഴിക്കാറില്യാ": നരേട്ടന് വിമ്മിഷ്ടത്തോടെ തല ഒരു വശത്തേക്ക് ചരിച്ചു.
"സാരല്യടാ.." രാജേട്ടന് പറഞ്ഞു: " നീലക്കുറിഞ്ഞി പൂക്കും പോലെ ഒരപൂര്‍വ സംഭവമല്ലേ നിങ്ങടെ ഒത്തുചേരല്‍?"
"അതല്ല രാജാ, അവള് തനിച്ചാ റൂമില്‍ ; മാത്രല്ലാ...", ഒരു കള്ളച്ചിരി മുഖത്ത് പടര്‍ത്തി, നരേട്ടന് പൂരിപ്പിച്ചു:" പറയാന്‍ മറന്നു, അവള് പ്രെഗ്നന്റാ...."
"കള്ള ഗുണ്ടപ്പാ, അപ്പോ ഒപ്പിച്ചു, അല്ലേ?" രാജേട്ടന് ചാടിയെണീട്ട് നരേട്ടനെ കെട്ടിപ്പിടിച്ചു. "കണ്‍ഗ്രാജുലേഷന്‍സ്"
എന്നിട്ട് കൗണ്ടറിലിരുന്ന പാര്‍സി ബാബയോട് വിളിച്ച് പറഞ്ഞൂ:" ഭയ്യാ, തീന് ബൈദാ ആമ്ലേറ്റ് ഭീ,..... ഡബിള്‍ "
"അഭിനന്ദനങ്ങള്‍ ":വീണ്ടുമൊരു ഷേക് ഹാന്‍ഡ്.
കളവ് മുതലോടെ പിടിക്കപ്പെട്ട കുട്ടിയുടെ പരുങ്ങലോടെ നരേട്ടന് മൊഴിഞ്ഞൂ:"താങ്ക്സ്"
പിന്നെ ചൗപ്പാട്ടിയില്‍ ചാഞ്ഞു കിടക്കുന്ന മരങ്ങങ്ങളുടെ നിഴലിലേക്ക്..
ബീറിന്റെ ലാഘവത്വം തലയില്‍ മാത്രമല്ല അന്തരീക്ഷത്തിലും പടര്‍ന്നതായി തോന്നി.
കടലിന്റെ മണമുള്ള തണുത്ത കാറ്റ് കുളിര് വിതച്ച്, കുസൃതിയോടെ ഞങ്ങല്ക്ക് ചുറ്റും ഓടിക്കളിച്ചു.
നരിമാന് പോയിന്റിലെ കൂറ്റന്‍ സൗധങ്ങളില്‍ അന്തി വിളക്ക് തെളിഞ്ഞ് തുടങ്ങി. മറുവശത്ത് മലബാര്‍ ഹില്ലിന്റെ പാര്‍ശ്വത്തില്‍ "സെഞ്ച്വറി' പരസ്യത്തിലെ ഹെര്‍ക്കുലീസ്, ഭൂഗോളം ചുമലുകളിലുയര്‍ത്തി നിന്ന് കിതച്ചു.
"എന്റെ അനിയനല്ലേടാ നീ? എന്നിട്ടെന്താ ഒരന്യനേപ്പോലെ..?"
അരികിലേക്ക് നീങ്ങിയിരുന്ന് തോളില്‍ കൈയിട്ടൂ, നരേട്ടന് .
"അടുത്തിരുന്നിട്ടെന്താ കാര്യം, അല്ലേ? ഞങ്ങള്‍ക്കിടയില്‍ ഒരു ജനറേഷന് ഗാപ് തന്നെയുണ്ട്, രാജാ. കുഞ്ഞായിരുന്നപ്പോള്‍ എത്ര എടുത്ത് നടന്നിട്ടുണ്ട്, ഞാനിവനെ. എന്നിട്ടും ഒരിക്കല്‍ പോലും നരേട്ടാ എന്ന് വിളിച്ചിട്ടുണ്ടോ? ഇല്ലാ, വിളിച്ചിരുന്നത് അമ്മായി ഗുണ്ട് എന്നല്ലേ?"
പൊള്ളയായ ഒരു ചിരിയോടെ, നരേട്ടന് ഇരു കൈകളും മണലിലൂന്നി പിന്നിലേക്ക് ചാഞ്ഞിരുന്നു.
ആകാശത്തിന്റെ വടക്ക് കിഴക്കേ കോണില്‍ ഇനിയും ഉദിച്ചുയരാത്ത ഏതോ നക്ഷത്രത്തെ തേടുകയായിരുന്നു, ആ കണ്ണുകള്‍ .
വീണ്ടും:
"ദാദ്രിദ്ര്യകുക്ഷികളാ ഞങ്ങള്‍ .അമ്മവീട്ടിലെ എച്ചില് തിന്നു വളര്‍ന്ന പിച്ചക്കാര് ! തറവാട്ടീന്ന് നെല്ല് വന്നില്ലെങ്കി അടുപ്പ് പുകയില്ല.കൊച്ചമ്മാന്റെ മണിയോര്‍ഡര്‍ വൈകിയാ ഫീസും യൂണിഫോറവും മുടങ്ങും. ഓണവും വിഷുവുമൊക്കെ ഉണ്ടെന്ന് ഞാനറിഞ്ഞത് തറവാട്ടില്‍ വന്നതിന് ശേഷമാണ്“
നനുത്ത ആ സ്വരം മുറിഞ്ഞു.
"പോട്ടെ നരേട്ടാ, അതൊക്കെ കഴിഞ്ഞ കാലം:" ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
"ഇല്ലെടാ, നിനക്കറിയില്ലാ... ഒന്നും! തറവാടിന്റെ തെക്കിനിയില്‍ , വക്കുകള്‍ കീറിയ തഴപ്പായും മുഷിഞ്ഞ് കൂറയായ തലയിണയും കുടിച്ച എന്റെ കണ്ണീരിന്റെ അളവ്....ഇടിയും മഴയുമുള്ള രാത്രികളില്‍ , പേടിച്ച്, കണ്ണുകള്‍ ഇറുക്കിയടച്ച് കിടക്കുമ്പോള്‍ , പാളികളില്ലാത്ത ജനലിലൂടെ, പല്ലിളിച്ചെത്തുന്ന പ്രേതാത്മക്കളുടെ അട്ടഹാസങ്ങള്‍ ....
അമ്മായിമാര്‍ക്ക് ഞാനൊരു വേലക്കാരനായിരുന്നു. സ്കൂളില്‍ പോകും മുന്‍പും വന്ന ശേഷവും ചെയ്യേണ്ട പണികളുടെ നീണ്ട ഒരു ലിസ്റ്റുണ്ട്.... പശു, മൂരികള് , തൊഴുത്ത്, വെള്ളം കോരല്‍ , ഇസ്തിരിയിടല്‍ , വിറക് കീറല്‍ , കടയില്‍ പോക്ക്....എന്തിന്, അമ്മായിമാര്‍ക്ക് കുളിക്കാന്‍
വെള്ളം ചൂടാക്കിക്കൊടുക്കുന്നത് വരെ...അല്പമൊന്നമാന്തിച്ചാ അടി ഉറപ്പ്. ദാ, നോക്ക്; ഈ ചെവികള്‍ക്കിത്ര നീളം കൂടിയത് അമ്മായിമാരുടെ കൈമിടുക്ക് കൊണ്ടാണെന്ന് പറഞ്ഞാല്‍ നീ വിശ്വസിക്വോ?"
ചിരിക്കാനുള്ള ശ്രമത്തില്‍ നരേട്ടന് ഒരിക്കല്‍ കൂടി പരാജയപ്പെട്ടു.
"ഇഷ്ടമില്ലാക്കുട്ടി തൊട്ടതൊക്കെം കുറ്റം എന്നല്ലേ? സ്നേഹത്തോടെ 'നരാ' എന്നൊരു വിളി കേള്‍ക്കാന്‍ അന്നൊക്കെ ഞാന്‍ എത്ര കൊതിച്ചിട്ടുണ്ട്. പിന്നെ സഹിക്കാന്‍ പരിശീലിപ്പിച്ചൂ, മനസ്സിനെ. പരിഹാസത്തിന്റേയും അപഹാസത്തിന്റേയും ഓരോ ചാട്ടുളിയും പെറുക്കിയെടുത്ത്, അടിച്ച് പരത്തി, വാശിയുടേയും ദൃഢനിശ്ചയത്തിന്റേയും പാളികളാക്കി നെഞ്ചിലൊളിപ്പിച്ചു വച്ചു."
അറിഞ്ഞിട്ടും അറിയാത്ത, കണ്ടിട്ടും കാണാത്ത ആ പുതിയ നരേട്ടനെ ഞാന്‍ അത്ഭുതത്തോടെ നോക്കി.
"വല്ലപ്പോഴുമൊന്ന് വീട്ടില്‍ പോയാലോ: ഇഹലോകബന്ധങ്ങളില്‍ നിന്ന് മുക്തി നേടിയ അച്ഛന് , കലിയുടെ ഉടവാളുമായി അമ്മ, ഇടയില്‍ അണയാനിടമില്ലാത്ത അഭയാര്‍ത്ഥികളായി കുറെ സഹജന്മങ്ങള്‍ ....."
നിവര്‍ന്നിരുന്ന്, കൈകളിലും ഷര്‍ട്ടിലും പറ്റിപ്പിടിച്ച മണല്‍ത്തരികള്‍ , കാലപുസ്തകത്തിലെ ദ്രവിച്ച ഏടുകളെന്നോണം കുടഞ്ഞു കളഞ്ഞ് നരേട്ടന് ചിരിച്ചു:
"ഇതാ ഇന്ന് ഞാന്‍ സ്വന്തം കാലില്‍ . നല്ല ജോലി, നല്ല ശമ്പളം, സ്വന്തം ഫ്ലാറ്റ്, സ്നേഹം പങ്ക് വയ്ക്കാന്‍ ഭാര്യ. ഒരച്ഛന് കൂടിയായി ജീവിതചക്രം പൂര്‍ത്തിയാക്കാനിനി മാസങ്ങള്‍ മാത്രം ": അഭിമാനത്തിന്റേയും ആത്മവിശ്വാസത്തിന്റേയും മധുരം പുരണ്ട വാക്കുകള്‍ പ്രതികാരസാഫല്യത്തിന്റെ മൂര്‍ച്ചയില്‍ ജ്വലിച്ചു..
ഇരുട്ടിന്റെ ആവരണമെടുത്തണിഞ്ഞ ചൗപ്പാട്ടി ബീച്ച്, തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ നോക്കി കണ്ണിറുക്കി, കാമാട്ടിപുരയിലെ വേശ്യയെപ്പോലെ വശ്യമായി ചിരിച്ചു. അങ്ങിങ്ങ് മാത്രം മിന്നുന്ന വൈദ്യുത വിളക്കുകള്‍ ഇരുട്ടിനെ പ്രതിരോധിക്കാനാവാതെ ലജ്ജിച്ച് തലതാഴ്ത്തി. ചന, ഐസ് ക്രീം ബലൂണ്‍ വാലകളും ‘തേല് മാലീഷ്‘കാരും ശബ്ദമലിനീകരണം നടത്തി ചുറ്റും ഓടി നടന്നു.
."നരാ, പോണ്ടേ നമുക്ക്?", രാജേട്ടന് ചോദിച്ചു.
"പോവാം. അതിനു മുന്‍പ് എനിക്കിവനോടൊരു കാര്യം പറയാനുണ്ട്."
വീണ്ടും പൊള്ളച്ചിരി.
"മനുഷ്യനെത്ര സ്വാര്‍ത്ഥന്‍ , അല്ലേ രാജാ? വര്‍ഷങ്ങള്‍ക്ക് ശേഷം കൂടിക്കാഴ്ചക്കെത്തുന്നത് സ്വന്തം കാണാന്‍. "
എനിക്ക് നേരെ തിരിഞ്ഞ്, എന്നാല്‍ ദൃഷ്ടികള്‍ മുഖത്തുറപ്പിക്കാതെ നരേട്ടന് തുടര്‍ന്നു:
"നിനക്കറിയാല്ലോ നിന്റമ്മായീടെ സ്വഭാവം. അമ്മ നിശ്ചയിച്ചുറപ്പിച്ച പെണ്ണിനെ തഴഞ്ഞ്, സ്ത്രീധനം വാങ്ങാതേയാണ് ഞാന്‍ കല്യാണം കഴിച്ചത്. അതിന്റെ ശിക്ഷ എറ്റു വാങ്ങേണ്ടി വന്നത് എന്റെ പാവം പെണ്ണാണ്. സഹികെട്ടപ്പഴാ ഞാനവളെ ബോംബേക്ക് കൊണ്ട് വന്നത്. ആദ്യ പ്രസവം വീട്ടില്‍ , സ്വന്തം അമ്മയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാഗ്രഹിക്കാത്ത സ്ത്രീകളുണ്ടോ? പക്ഷെ അമ്മക്ക് ഒരേ നിര്‍ബന്ധം, മൂത്ത മോന്റെ ആദ്യ കുഞ്ഞ് അമ്മയുടെ മടിയില്‍ വേണം പെറ്റ് വീഴാനെന്ന്. അടുത്ത മാസം നാട്ടില്‍ പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഇയര്‍ എന്‍ഡ്, ക്ലോസിംഗ് ഒക്കെക്കാരണം അധികം ലീവെടുക്കാനാവില്ലെനിക്ക്.
ഇവിടെയാണു നിന്റെ സഹായം വേണ്ടത്: എന്റമ്മക്ക് ലോകത്ത് ആരേയെങ്കിലും ബഹുമാനമുണ്ടെങ്കില്‍ അത് നിന്റെ അച്ഛനെയാണെന്ന രഹസ്യം നിനക്കും അറിയാമല്ലോ? അതിനാല്‍ നാട്ടില്‍ ചെന്നാലുടന്‍ ,നിര്‍ബന്ധിച്ചാണെങ്കിലും, നീ അമ്മാവനേയും കൂട്ടി എന്റെ വീട്ടില്‍ പോകണം. നരന്റെ ഭാര്യേടെ ആദ്യ പ്രസവം അവള്ടെ വീട്ടില്‍ വച്ചായിക്കോട്ടെ എന്ന് അമ്മയെക്കൊണ്ട് സമ്മതിപ്പിക്കണം."
ചെയ്യാമെന്നേറ്റു, ഞാന്‍ .
റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ നരേട്ടനെന്നെ ചേര്‍ത്തു പിടിച്ചൂ. പളപളാ തുളുമ്പുന്ന ആ ശരീരത്തില്‍ നിന്നും ചൂടുള്ള ഒര്ര്ജ്ജം എന്നിലേക്ക് പടരും പോലെ.
മാസങ്ങള്‍ക്ക് ശേഷം, ദുബായിലെ എന്റെ ഓഫീസിലേക്ക് രാജേട്ടന്റെ കോള്‍..
"എന്താ രാജേട്ടാ, വിസ കിട്ടിയോ?“
രാജേട്ടനപ്പോള്‍ സൗദി വിസക്ക് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കയായിരുന്നു.
"ഒരു സാഡ് ന്യൂസുണ്ടെടാ“: രാജേട്ടന്റെ സ്വരം വിറയ്ക്കുന്നുണ്ടായിരുന്നു: ‘നരേന്ദ്രന് മരിച്ചു."
"നരേട്ടന് ?": ഉള്‍ക്കൊള്ളാനായില്ലെനിക്ക്.
"അതെ, നരേട്ടന് . ആത്മഹത്യയാ. തീവണ്ടിക്ക് മുന്പില് ചാടി...."
അത്രയേ രാജേട്ടനറിയുമായിരുന്നുള്ളൂ. കുവൈറ്റിലുള്ള ഇളയച്ഛനും കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായില്ല.
നരേട്ടന്റെ ഭൗതികവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കാന്‍ നിയുക്തനായത് ഭുവനേട്ടനായിരുന്നു. ബോംബേക്ക് തിരിക്കും മുന്‍പ് വീട്ടിലെത്തിയ ഭുവനേട്ടന് കളിക്കൂട്ടുകാരിയായ ചേച്ചിക്ക് മുന്പില് മനസ്സ് തുറന്നു.
ഓഫീസ് സംബന്ധമായി അഹമ്മദാബാദിലേക്ക് പോയതായിരുന്നു, നരേട്ടന്. ദിവസങ്ങള്‍ക്ക് ശേഷവും അവിടെ റിപ്പോര്‍ട്ട് ചെയ്യാതിരുന്നപ്പോള്‍ ഏജീസ് ഓഫീസുകാര്‍ വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. നരേട്ടന്റെ വിവരണങ്ങളുമായി സാമ്യമുള്ള ഒരു 'ബോഡി' മോര്‍ഗിലുണ്ടെന്ന് ‘ലോണവാല‘ പോലീസാണറിയിച്ച്ത്.
ഭുവനേട്ടനും സഹപ്രവര്‍ത്തകരും മൃതദേഹം തിരിച്ചറിഞ്ഞു. ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നതിനാല്‍ ശവസംസ്കാരം അവിടെ തന്നെ നടത്തി.
ലോണവാലക്കടുത്ത ഖണ്ടാല സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായ ടിക്കറ്റ് ക്ലെര്‍ക്കിന്റെ മൊഴിയനുസരിച്ച് "ഡെക്കാന്‍ ക്വിന്‍ 2123 ഡൗണ്‍ " സ്റ്റേഷനിലേക്കടുത്തപ്പോള്‍ പ്ലാറ്റ്ഫോമില്‍ നിന്നിരുന്ന ഒരു 'പാഗല്‍ ' ട്രെയിനു മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നുവത്രേ.
‘ബോഡി'യോടൊപ്പം 'ഹാന്‍ഡ് ഓവര്‍ " ചെയ്ത സ്യൂട്ട് കേയ്സില്‍ നിന്ന്, ആരേയും കാട്ടാതെ, ഭുവനേട്ടന് എടുത്ത് വച്ചിരുന്ന ചില കത്തുകള്‍ ചേച്ചിക്ക് വായിക്കാന്‍ കൊടുത്തു:.
ഭാര്യയുടെ പരിദേവനങ്ങള്‍ : ( 3 കത്തുകള്‍ )
ഭര്‍തൃഗൃഹത്തിലെ പീഡനാനുഭവങ്ങള്‍. അവസാന കത്തില്‍ ആത്മഹത്യാഭീഷണി!
അമ്മയുടെ വീക്ഷണങ്ങള്‍ : (2 ഇന്‍ലാന്‍ഡ് ലറ്ററുകള്‍ )
ഭാര്യയുടെ ചാരിത്ര്യശുദ്ധിയെപ്പറ്റിയുള്ള സംശയങ്ങള്‍ . വിവാഹബന്ധം വേര്‍പേടുത്തണമെന്ന അന്ത്യശാസന!
ഒരഭ്യദയകാംക്ഷിയുടെ സംശയങ്ങള്‍ : (പോസ്റ്റ് കാര്‍ഡ്)
കുട്ടിയുടെ പൂച്ചക്കണ്ണ് കിട്ടിയത് ആരില്‍ നിന്നാണ്? സ്വന്തം അനിയന് തന്നെയാണ് ഭാര്യയുടെ ജാരനെന്നറിയാമോ?
58 comments:
‘അമ്മായിഗുണ്ടിന്റെ’ ഡ്രാഫ്റ്റ് വെള്ളം തൊടാതെ വിഴുങ്ങിയ ‘വരമൊഴീ”,
നിനക്കെന്റെ ഒരു ‘നല്ല നമസ്കാരം!’
-----
പൊക്കം കുറഞ്ഞ്, തുടുത്ത്, സ്ത്രൈണത മുറ്റിയ ശരീരവും വിടര്‍ന്ന കണ്ണുകളും നീണ്ട കണ്‍പീലികളുമുള്ള ഗുണ്ട് പോലിരിക്കുന്ന അമ്മായിപുത്രനു കൊച്ചേട്ടനിട്ട പേരാണു: 'അമ്മായി ഗുണ്ട്" എന്ന്.
ഐശ്വര്യമായി ഒരുകുല തേങ്ങ ഞാന്‍ തിരു നടക്കല്‍ വയ്ക്കുന്നു.
വായിച്ചില്ലെങ്കിലും, കൈതമുള്ള് ചേട്ടന്റെ കൈയ്യൊപ്പ് മാത്രം മതി...
അനുഭവം പുരട്ടിയ ഈ കഥയുരുള വിഴുങ്ങിയപ്പോള്‍ ജീവിതത്തിന്റെ മീന്മുള്ളൊന്നു കുരുങ്ങി തൊണ്ടയില്‍..
കമന്റുകള്‍ക്കതീതം ഈ അനുഭവം/കഥ
(പോസ്റ്റ് ചെയ്ത തിയതി ഒന്നു കൂടി നോക്കു, ആദ്യകമന്റിന്റെ തിയതിയും)
ശശിയേട്ടാ.. വായനയും കഴിഞ്ഞ് ഒരു തേങ്ങയുമായി വന്നു കഴിഞ്ഞപ്പോഴേയ്ക്കും കുഞ്ഞൻ ഒരു കുലയും കാണിയ്ക്ക വെച്ച് നരനെ കാണാൻ പോയിരിയ്ക്കുന്നു.
വ്യത്യസ്തമായ ഈ സംഭവം വളരെ നന്നായി തന്നെ അവതരിപ്പിച്ചിരിയ്ക്കുന്നു. നരേന്ദ്രനെന്ന അമ്മായിഗുണ്ട് മനസ്സിൽ ഒരു വേദനയായി അവശേഷിയ്ക്കുന്നു.
വളരെ നന്ദി.
വരമൊഴി വിഴുങ്ങിയ ഡ്രാഫ്റ്റിന്റെ ഡേറ്റ് ആണോ പോസ്റ്റിന് മുകളിൽ വന്നിരിയ്ക്കുന്നത്?
പതിവ് തെറ്റിക്കാതെ നെഞ്ചില്‍ കുത്തുന്ന പോസ്റ്റ്...
പക്ഷേ ഒന്ന് ചോദിക്കട്ടെ മാഷേ, ഒരു മനുഷ്യന് നൊമ്പരപ്പെടുത്തുന്ന ഇത്രയധികം അനുഭവങ്ങളോ?
ശശിയേട്ടാ....
എവിടെയൊക്കെയോ കൊളുത്തി വലിക്കുന്നു.
ദുഖപര്യവസാനമായ ഈ കഥ നന്നായി എന്നെങ്ങിനെ പറയും എന്നൊരു വിഷമം മാത്രം.
ഓടോ:
ഇരിഞ്ഞാലക്കുട മിനര്‍വ ഇന്‍സ്റ്റിട്യൂട്ടില്‍ ഷോര്‍ട്ട് ഹാന്‍ഡും റ്റൈപ് റൈറ്റിംഗും പഠിക്കാന്‍ ചേര്‍ന്നു -
ഞാനും കുറച്ച് കാലം മിനര്‍വ്വയില്‍ കൊട്ടും, വരയും പഠിച്ചിട്ടുണ്ട്. അന്നത് ബോയ്സ് സ്കൂളിന്റെ മുന്നിലായിരുന്നു. ഫീസ് കൊടുക്കാതെ, വീട്ടിന്ന് തന്ന ഫീസൊക്കെ എടുത്ത് കൊളംബോവില്‍ നിന്നു പൊറോട്ടയും ഇറച്ചിയും തിന്നു രണ്ട് മൂന്ന് മാസം. ഗതികെട്ട് മാഷൊരു ദിവസം ഫീസ് ചോദിച്ചപ്പോ എനിക്ക് വിഷമവും, സങ്കടവും ദ്വേഷ്യവും ഒക്കെ വന്നു. ഫീസ് ചോദിക്കേ? അന്നത്തോട്റ്റെ മിനര്‍വ്വയുടെ പടി ഇറങ്ങി, പിന്നെ ആല്‍തറയിലെ ദിലീപ് ഇന്‍സ്റ്റിട്ട്യൂട്ടിലായിരുന്നു തുടര്‍വിദ്യാഭ്യാസം.
ഒറ്റയിരുപ്പില്‍ വയിച്ചു തീര്‍ത്തു ...ഇനി ഈ കനൊന്നു മാറിക്കിട്ടാന്‍ എന്താ ചെയ്യാന്നാണ്...
touching......
lifeil vijayichallo
ennu ashwasichappolekkum.....
marichu pokandaayirunnu narettan....
kashtam....
ശശിയേട്ടാ..............ഇത് വ്യത്യസ്തമായൊരു പോസ്റ്റ്.അടിച്ചുപൊളിച്ചു.
സന്തോഷത്തോടെ ജീവിച്ച ഒരു മനുഷ്യന്റെ നാശത്തിനു കാരണമായ കാര്യങ്ങള്‍ നീചം തന്നെ. ചിലര്‍ വെറുതെയെങ്കിലും പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവരുടെ ജീവിതം തകര്‍ക്കുമെന്ന് പലപ്പോഴും ഓര്‍ക്കാറില്ല.
വളരെ ടച്ചിങ് ആയിപ്പോയി
വിഷമിപ്പിച്ചു കളഞ്ഞു...
ദുഃഖാനുഭവങ്ങളുടെ ഒരു സമുദ്രമാണോ ഈ ശശിയേട്ടന്റെ പുരാവൃത്തം? ഇതിലും കിനിഞ്ഞിറങ്ങുന്ന നൊമ്പരവും, പൊള്ളിക്കുന്ന ലാവയുമാണല്ലോ!
എഴുത്തിന് അനുഭവത്തിന്റെ ഗന്ധം.
ഇതിനുമാത്രം അനുഭവങ്ങളോ? ഫിക്ഷനാണെന്നു പറഞ്ഞൊന്നു സമാധാനിപ്പിക്കൂ :)
ഹൃദയസ്പര്‍ശിയായ മറ്റൊരു കൈതക്കഥ
ഈ വരി ഒത്തിരി ഇഷ്ടമായി
എന്റെ അനിയനല്ലേടാ നീ? ന്ന് ട്ടെന്താ അന്യനേപ്പോലെ ഇത്ര അകലേ?"
അമ്മാവനപ്പോള്‍ മൂന്നാം മുറയ്ക്കുള്ള 'വാം അപ്' നടത്തുകയായിരിക്കും!
:) നന്നായിട്ടുണ്ട് ശശിയേട്ടാ... അപ്പോള്‍ ഈ അന്താക്ഷരി പണ്ടേയുണ്ട് ല്ലേ?
നമ്മുടെ നാട്ടിലെ കൂട്ടുകുടുംബങ്ങളില്‍ നടന്നിരുന്ന സംഭവങ്ങള്‍ പുതിയ തലമുറക്ക് പലതും അപരിചിതമായി തോന്നുന്നത് സ്വാഭാവികം.എന്നാലും കൈതമുള്ളിന്റെ ശക്തിയാര്‍ന്ന തൂലിക അതിഭാവുകത്വമില്ലാതെ എല്ലാം പകര്‍ത്തിയിരിക്കുന്നു.
സഹിക്കാന്‍, ക്ഷമിക്കാന്‍ പരിശീലിപ്പിച്ചൂ മനസ്സിനെ. പരിഹാസത്തിന്റേയും അവഗണനയുടെയും ഓരോ ചാട്ടുളിയും, അടിച്ച് പരത്തി, വാശിയുടേയും ദൃഢനിശ്ചയത്തിന്റേയും പാളികളാക്കി നെഞ്ചിലൊളിപ്പിച്ചൂ."
അമ്മായി ഗുണ്ട് ഒരു നരനായി. പക്ഷെ നിഷ്കളങ്കനായിപ്പോയി.
ശശിയേട്ടാ,
നെഞ്ചത്ത് മുള്ള് കൊണ്ടു.....
അതിമനോഹരം....
ശബരിമലയാത്രയുമായി നാട്ടില്‍ വരുന്നതിനെ ഉപമിച്ചത് സൂപ്പര്‍!!
അടുത്തതിനിനി എത്ര നാള് കാക്കണം?
വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സു നൊന്തു, മാഷേ... നരേട്ടനെ നേരില്‍ കണ്ടിട്ടുള്ളതു പോലെ തോന്നുന്നു.
വിഷയം സങ്കടകരമാണെങ്കിലും എഴുത്ത് വളരെ ടച്ചിങ്ങ് ആയി.
“കല്ലുപ്പും മുളക് ചതച്ചതും ചേര്‍ത്തുള്ള മിശ്രിതത്തില്‍ മുക്കിയ ഇരിമ്പന്‍ പുളി“ ഉണർത്തിനിർത്തിയ രസമുകുളങ്ങളിലേയ്ക്ക് ചവർപ്പും, ശ്വാസംമുട്ടിയ്ക്കുന്ന കയ്പ്പും.. പിന്നെപ്പിന്നെ ചങ്കുപൊള്ളിയ്ക്കുന്ന തീത്തുള്ളികളും.. ഒഴുക്കിവിട്ട് ശാന്തമായ മുഖത്തോടെ എഴുത്തുകാരൻ. അസാദ്ധ്യമെന്നേ പറയാനാവു.
ദുരിതങ്ങളും പീഡനങ്ങളും ധാരാളം സഹിച്ചവർക്ക് ജീവിതവീക്ഷണവും ആഴമുള്ള വ്യക്തിത്വ നിരീക്ഷണപാടവും വന്നു ചേരാറുണ്ട്. നരെൻ ഭാര്യയെ മനസ്സിലാക്കിയില്ലെന്നു വിശ്വസിക്കാൻ പ്രയാസം. ആ സ്ത്രീയ്ക്കു സ്വഭാവദൂഷ്യം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം അത് അറിഞ്ഞേനേ. വീട്ടിലെ ആൾക്കാർ പിന്നെയും ദ്രോഹിക്കാൻ കെട്ടിച്ചമച്ച കാര്യങ്ങളായിരിക്കണം. പാവം അതും വിശ്വസിച്ചു പോയത് അവനവനെക്കുറിച്ചുള്ള മതിപ്പ് ഇല്ലാതെ പോയത്/ഇല്ലാതാക്കിയതു കൊണ്ടായിരിക്കണം.
നരെന്റെ ഭാര്യ നല്ലവൾ തന്നെ എന്നു കരുതുന്നു ഞാൻ.
thonnyaasi chodhichathu thaneyaanu ennikum chodhikanullathu....
ഇത്രയധികം നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളോ?
ശശിയേട്ടാ, മീറ്റ പൂരം ഒന്നുകഴിഞ്ഞിട്ട് സ്വസ്ഥമായിവായിക്കാം എന്നുകരുതി വച്ചിരിക്കുകയായിരുന്നു. ഹൃദ്യമായ അവതരിപ്പിച്ചു. കുട്ടികളുടെ ‘അക്ഷരശ്ലോകവും’ ‘തൊണ്ടയില്‍ മുള്ളുകുരുങ്ങിയ’ നരേട്ടന്റെ വേദനകളും എല്ലാമെല്ലാം കാച്ചിക്കുറുക്കി ഭംഗിയായി പറഞ്ഞ ഈ കഥാനുഭവം ഇഷ്ടമയി. ഇനിയും എന്തെല്ലാം അനുഭവങ്ങള്‍ പറഞ്ഞാല്‍ തീരാത്തതുപോലെ ഉണ്ടാവും അല്ലേ. ഒന്നൊന്നായി പോരട്ടെ. അഭിനന്ദനങ്ങള്‍.
ചിരിക്കാനുള്ള ശ്രമത്തില്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു, നരേട്ടന്...
മാഷേ... ഒന്നും പറയനില്ല... :(
നല്ല കഥ; നരന് മനസ്സില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ കുറച്ചുനാള്‍ എടുക്കും. ഒപ്പം ബോംബെയെയും ലോണവാലയെയും ഡക്കാണ് ക്യൂനെയുമൊക്കെ ഓര്‍മിപ്പിച്ചതിന്ന് നന്ദിയും.
Onnum parayaan kittnilyaa...athraykku hridhayasparshiyaaya avatharanam....
Manoharam...
കുഞ്ഞന്‍,
നന്ദകുമാര്‍,
പൊറാടത്ത്,
തോന്ന്യാസി,
കുറുമാന്,
prayan,
പിരിക്കുട്ടി,
യൂസഫ്പ,
പ്രിയ ഉണ്ണികൃഷ്ണന്,
ചങ്കരന്,
മൈനാഗന്‍,
പാമരന്:
- വന്നതിനും കമെന്റിയതിനും നന്ദി!
ജി.മനു,
വിശാലന്,
മുസാഫിര്‍,
പാര്ത്ഥന്,
കലേഷ്,
ശ്രീ,
ചന്ദ്രകാന്തം,
എതിരന്‍ കതിരവന്‍,
അന്നാമ്മ,
അപ്പു,
t.k. formerly known as തൊമ്മന്,
സഹയാത്രികന്,
Devarenjini:
നന്ദി,സന്തോഷവും!
വ്യത്യസ്ഥാനുഭവങ്ങളുടെ ഒഴിയാത്ത നിറകുടമാണ് ജീവിതം. എന്നെ മഥിച്ച, എന്റെ ജീവിതത്തെ തൊട്ട് കടന്ന് പോയ, കുറച്ച് മുഖങ്ങളെ മാത്രമാണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത്.
-അതോടൊപ്പം, ഞാന്‍ നടന്ന് വന്ന വഴിത്താരകളെയും!
വളരെ നല്ല നിലവാരം പുലര്‍ത്തിയ പോസ്റ്റ്. ചില പ്രയോഗങ്ങളിലും പുതുമയുണ്ട്. അവസാനം കണ്ണു നനയിച്ചു.
ഈ ബ്ലോഗിന്റെ പേര് കൈതമുള്ളെന്ന് ഇടാനുള്ള കാരണം കുറച്ച് വൈകിയാണെങ്കിലും മനസ്സിലാക്കി.
പാടത്തിന്റെ കരയില്‍ ഇടതൂര്‍ന്ന് വളര്ന്നുനില്ക്കുന്ന കൈതയുടെ മുള്ള് തട്ടാതെ, മുറിയാതെ, ഒതുങ്ങി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു, ഒരു വരമ്പുണ്ടായിരുന്നു ചെറുപ്പത്തില്‍. കൈതമുള്ള് കൊള്ളാതെ രക്ഷപ്പെട്ട് നടക്കാന്‍ അക്കാലത്തൊക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷെ ഇപ്പോള്‍, ഇവിടെവന്ന് ഈ പോസ്റ്റുകളൊക്കെ വായിക്കുമ്പോള്‍ അമ്പേ പരാജയപ്പെട്ടുപോകുന്നു. ശരീരത്തില്‍ മുറിവുകളൊന്നും വീഴുന്നില്ലെങ്കിലും മനസ്സിലാകെ ഈ കൈതമുള്ളുകള്‍ മുറിവേല്‍പ്പിക്കുന്നു,ചോരപൊടിയിക്കുന്നു. കൂട്ടത്തില്‍ കണ്ണീരും....
ശശിയേട്ടാ വരാന്‍ വൈകി... ഒത്തിരി ഇഷ്ടപ്പെട്ടു ഈ കഥ. പിന്നെ നിരക്ഷരന് പറഞ്ഞത് കണ്ടില്ലേ.. ശരിക്കും വേദനിപ്പിച്ചു... കമെന്ടല്ല.. കഥ.. !
ശശിയേട്ടാ,
നന്നായി എഴുതി...
ചൌപ്പാട്ടിയിലിരുന്ന് നരേട്ടന് പറഞ്ഞതൊക്കെ കരളില്‍ കൊള്ളുന്നു...
കുമാരാ,
നന്ദി.
നിരച്ചരാ,
ഇപ്പോ കൈതക്കാടുകള്‍, മുളങ്കൂട്ടങ്ങള്‍...എന്തിന് തൊട്ടാവാടി പോലും നമ്മുടെ നാട്ടില്‍ കാണാനില്ല.
ദാങ്ക്സ് ട്ടാ!
പകല്‍ക്കിനാവാ,തലതിരിഞ്ഞ സുമേഷ്,
വൈകിയാലും വന്നല്ലോ?
സന്തോഷം.
അതിമനോഹരം. വായിക്കാന്‍ വൈകി
ithu ivitam kondavasaanichchu ennu njaan karuthunnilla... ithupOle iniyum ethrayO post cheyyaanuLLava manassinte nerippOtil kaaNum allE maashE....
pOratte..... nostalgic aayituLLava angngane angngane....
bhaavukangaLOte
murali
വളരെ നന്നായിരിക്കുന്നു.. M.T യുടെ പുസ്തകങ്ങൾ വായിക്കുമ്പോൾ കിട്ടുന്ന ഒരു മലയാളിത്തത്തിന്റെ ഗന്ധം... ഞാൻ ആദ്യമായിട്ടാണു ഇവിടെ.
ജീവിതഗന്ധിയായ ഈ കഥ വായിച്ചു മനസ്സില്‍ കൊണ്ടു നടന്നു. ഒന്നു കമന്റിടാന്‍ കഴിയാത്ത വിമ്മിഷ്ടവുമായി.
ക്ലൈമാക്സ് വിഷാദം തന്നെ. എന്നാല്‍ വിഷാദമധുരമായ കൃതി എന്നു വിശേഷിപ്പിക്കാനാണു എനിക്കു തോന്നുന്നത്.
ആത്യന്തികമായി എത്തിച്ചേരുന്നത് ദു:ഖമെന്ന വികാരത്തിലാണെന്നറിഞ്ഞുകൊണ്ടു തന്നെ കഥാകൃത്ത് അങ്ങോട്ടു വായനക്കാരനെ കൊണ്ടു പോകുന്നത് പലപ്പോഴും മധുരസ്മരണകള് പൂത്തുലഞ്ഞുനില്ക്കുന്ന പന്ഥാവുകളില്ക്കൂടിയാണു.
വാക്കുകളെയിട്ടു പന്താടുന്ന കഥാകാരന് പറയുന്നു: സ്കൂളുകള്‍ പെറ്റിബൂര്‍ഷ്വാകളുടെ ഹാച്ചിംഗ് സെന്ററുകള്‍ ആണെന്നും വിപ്ലവാചാര്യന്‍ ചെഗുവേരയും തിരുത്തല്‍ വാദി മാവോയുമാണു നന്മയുടെ നൂറു പുഷ്പങ്ങള്‍ വിരിയിക്കുകയെന്നും വിശ്വസിച്ച ഭുവനേട്ടന് ക്ലാസില്‍ കയറാറില്ല.
വിപ്ലവം മൂത്തു സൈക്കിള്‍ ചെയില്‍ അരയില്‍കെട്ടി കോളേജില്‍ പോകാറുള്ള എന്റെ ഒരു ബന്ധുവിന്റെ മകനെ ഓര്‍മ്മ വന്നു. പ്രീഡിഗ്രി അസ്സലായി തോറ്റതുകൊണ്ടു പിന്നീടു കോളേജിലേക്കു പോകേണ്ടി വന്നില്ല. അതു വേറൊരു കഥ.
.................................................................................................................
കഥ ഒരു സെല്‍ഫ് മേഡു മാന്‍ ആയ നരേട്ടന് ആല്മഹത്യയില് അഭയം തേടുന്ന ക്ലൈമാക്സിലെത്തി നില്ക്കുമ്പോള് അയാളെ അതിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ചു വായനക്കാരന് ഒരു പുനര്‍വിചിന്തനം നടത്താന്‍ പ്രേരിതനാകുന്നു. അതു വായനക്കാരനെ ഒരു കണ്ഫ്യൂഷനില് എത്തിക്കുന്നുമുണ്ട്. അമ്മായിയമ്മപ്പോരു അതിന്റെ ഉഗ്രരൂപത്തില്‍ വാണരുളുന്ന കേരളത്തില്‍ മരുമകളെ താറടിച്ചു കാണിക്കുക എന്ന അമ്മായിയമ്മയുടെ നയം മനസ്സിലാക്കാം. എന്നാല്‍ ആ അഭ്യുദയകാംക്ഷി? അയാളുടെ നിരീക്ഷണങ്ങള്‍? അപ്പോള്‍ അമ്മായിയമ്മ പറഞ്ഞതു സത്യമായിരുന്നോ? അതോ കഥാകൃത്ത് മന:പൂര്‍വം തിരുകിക്കയറ്റിയ ഒരു ഗുണ്ടായിരുന്നോ അത്?
സസ്നേഹം
ആവനാഴി
മേന്ന്നെ,
- ഇത്ര ബിസിയാകാതെ.
വി ഡു മിസ്സ് പച്ചക്കുതിര!
മുരളി,
വണ്ടി പാളത്തിലെത്തിയല്ലോ അല്ലേ?
ഇനി നേരേ....
ആവനാഴി മാഷേ,
മാഷ്ന്റെ ആസ്വാദനം കണ്ടില്ലെങ്കി പോസ്റ്റിന് ഒരു ‘ഗുമ്മില്ല” (കട്:വിശാലന്)എന്നാ!
നരേട്ടന്റെ മരണത്തിന് കാരണങ്ങള്‍ പലതാണ്. (പിന്നീടുള്ള അന്വേഷണത്തില്‍ മനസ്സിലാക്കിയത്).
ഈ അഭ്യുദയകാംക്ഷിയേയും പിടികൂടി. അക്കാര്യങ്ങള്‍ പോസ്റ്റിന്റെ നീളം കുട്ടാനേ ഉതകൂ എന്നതിനാല്‍ പറഞ്ഞില്ല എന്ന് മാത്രം.
നന്ദി, എല്ലാര്ക്കും.
അസാധ്യ എഴുത്ത് മാഷെ,,, അല്ല അനുഭവം മാഷേ..
മുമ്പേ വായിച്ചിരിന്നു...
ഇന്ന് ഒന്ന് കൂടി വായിച്ചു..
പുതിയ പോസ്റ്റ് ഇടാരായില്ലേ..?
:) നന്നായിട്ടുണ്ട് ശശിയേട്ടാ.............
ഹൃദയത്തിൽ ഒരു കൈതമുള്ളുടക്കി വലിച്ച പോലെ..ശോകാർദ്രമായ ഒരു മനോഹര ഗീതം കേട്ട പോലെ...വേറെന്തു പറയാൻ...
മുരളിക,
hAnLLaLaTh,
Kavitha sheril,
പാവത്താന്‍...
എല്ലാര്ക്കും നന്ദി.
മനസ്സിന് കനം വച്ച പോലെ മാഷെ
നാട്ടിൽ കൈതമുള്ള് പിടിച്ചപോലെ എന്ന് പറയും പിടിച്ചാൽ രണ്ട് വശങ്ങളിലേക്കും കുത്തിക്കേറും എടുത്ത് മാറ്റാനും പറ്റില്ല , അതുപോലെ ആയല്ലൊ മാഷെ മനസ്സിൽ കുത്തികയറുന്നു.........
ശശിയേട്ടാ, മാസം മൂന്ന് ആകാറാകുന്നു... എവിടെ പുതിയ പോസ്റ്റ്?
മനുഷ്യന്റെ ക്ഷമയെ പരിശോധിക്കുകയാണോ?
ഉണ്ണി,
ഇത് കൈത വേറെ, മുള്ള് വേറെ...
താങ്ക്സ്!
കലേഷ്,
‘ബൂലോഗവിപ്ലവം‘ കഴിഞ്ഞ് സ്ഥിതിഗതികള്‍ ‘ശാന്ത’യാകാന്‍ കാത്തിരിക്കുകാ...
ഹല്ലാതെ മടിപിടിച്ചിട്ടൊന്നുമല്ലാ...
:( ഇതും നൊമ്പരപ്പെടുത്തി..
ആദ്യഭാഗം കൌതുകത്തോടെ വായിച്ച് പിന്നെ അവസാനമെത്തിയപ്പോൾ വീണ്ടും ദുരന്തം..
ഇങ്ങിനെ എത്രയോ ജീവിതങ്ങൾ ....
നന്നായി...ഒറ്റ ശ്വാസത്തിനു വായിച്ചു തീര്‍ത്തു
പക്ഷേ നരന് മരിക്കേണ്ടിയിരുന്നില്ല...അയള് പണ്ടത്തേക്കാളും ബോള്‍ഡായി മാറിയതായിരുന്നല്ലോ..
ഗംഭീരം.. പിന്നീട് എന്ത് സംഭവിച്ചു എന്നതും കൂടി അറിയാനുള്ള അവകാശം വായനക്കാരനുണ്ട്. ഇതൊരു കഥ ആയിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെ ചോദിക്കില്ല. ഇതിപ്പോ സത്യല്ലേ.. ആ സ്ത്രീക്കും കുട്ടിക്കും പിന്നെ എന്ത് സംഭവിച്ചു. നരന് മരിക്കാനുള്ള മറ്റു കാരണങ്ങള്‍ എന്ത്. നിങ്ങള്‍ പറഞ്ഞെ പറ്റൂ..
കുട്ടിക്കാലത്തെ വേനല്‍ അവധികളില്‍ അമ്മ വീട്ടിലെ ഫാനുള്ള മുറികളില്‍ കാശുകാരിയായ മേമ്മയുടെ മക്കള്‍ക്കായിരുന്നു സ്ഥാനം. നടേലെ അകത്ത് വിരിച്ഛ പായയില്‍ കിടക്കുമ്പോ പലപ്പൊഴും ഉള്ളു കലങിയിട്ടുണ്ട്.... ഞാനും ഒരു നരേന്ദ്രന് തന്നെയാ..ഇവിടെയെത്തും വരെ പലവട്ടം അനുഭവപ്പെട്ടിട്ടുണ്ട് സ്നെഹവും പണവും തമ്മിലുള്ള കെമിസ്ടി...
നന്ദി ശശിയേട്ടാ ഓര്‍മ്മകളിലേക്കു കൊണ്ട്പോയതിനു...
nannayittundu ketto
ഗംഭീരം
ഗംഭീരം
ആകെ ഒരു അമ്മായി ബഹളം ആണല്ലോ ശശിയേട്ടോ. എന്തായാലും വീണ്ടും എഴുത്തു തുടങ്ങിയതിലും ഒപ്പം പഴയമയുടെ ഓര്‍മ്മചിത്രങ്ങള്‍ ഇവിടെ ഇങ്ങനെ വരച്ചിടുന്നതിലും അതിയായ സന്തോഷം.
ശശിയേട്ടന് ഒരു നാട്ടില്‍ നിന്നും മറ്റു പലനാടുകളിലൂടേ സഞ്ചരിച്ച് ഒരു കാലഘട്ടത്തില്‍ ദുരിതമനുഭവിച്ചിരുന്ന, പിന്നീട് സ്വപ്രയത്നത്താല്‍ ജീവിതത്തില്‍ പലതും നേടിയ ഒടുവില്‍ പ്രയത്നത്തിനെയെല്ലാം നിഷ്പ്രഭമാക്കി മരണത്തിലേക്ക് സ്വയം എടുത്തു ചാടിയ ഒരു പാവം മനുഷ്യന്റെ ജീവിതാവസ്ഥകളെ ഹൃദയസ്പര്‍ശിയായി തന്നെ പറഞ്ഞിരിക്കുന്നു.
വളരെ നന്നായി ... അവസാനം കുറച്ചു വരികള്‍ മനസിനെ മുറിവേല്പിച്ചു ...
വളരെ നന്നായി ... അവസാനം കുറച്ചു വരികള്‍ മനസിനെ മുറിവേല്പിച്ചു ...
The Berlin Wall between 2 brothers' houses is so parichitham and I think universal. Areal experience indeed.
Post a Comment