Saturday, March 3, 2007

നീലു എന്ന ജ്വാലാമുഖി

നീലു എന്ന ജ്വാലാമുഖി

അത്യാവശ്യമായി കുറച്ചു പണം നാട്ടിലേക്കയയ്ക്കാൻ Western union -ന്റെ കൌണ്ടറിൽ നില്‍ക്കുമ്പോഴാണാ വിളി മുഴങ്ങിയത് : ‘കൈതേ...’

നോക്കിയപ്പോൾ ആരേയും കണ്ടില്ല. കാഷ്യർക്ക് പാസ്പോർട്ട് കോപ്പി കൈമാറി ടെലെഫോൺ നമ്പർ പറഞ്ഞുകൊടുക്കുമ്പോഴായിരുന്നു രണ്ടാമത്തെ വിളി: ‘ ഏയ്, കൈതമുൾ‍‌സ്...”

ഡീപ് ബ്ലൂ ഡെനിം സ്കർട്ടും വൈറ്റ് ലോ കട്ട് ബ്ലൌസും ധരിച്ച ഒരു വെണ്ണക്കൽ പ്രതിമ വാതലിൽ.

“ഓ നീലൂ....”

ജാസ്മിന്റെ നറുമണത്തോടൊപ്പം പ്രസരിപ്പിന്റെ പ്രഭാപൂരം ചുറ്റും വിതറി, അവവളടുത്ത് വന്നപ്പോൾ  അസൂയ പുരണ്ട കൂരമ്പുകളായി ഡസൻ കണക്കിന് കണ്ണുകൾ എന്നിൽ പതിച്ചു. 

കുശലാന്വേഷണങ്ങൾക്ക് ശേഷം തന്റെ പുതിയ  ഫോർ വീലറിൽ കയറുമ്പോൾ ‍അടുത്ത ദിവസം വൈകീട്ട്, വീട്ടില്‍ വരാമെന്നേറ്റു, അവൾ.
നീലുവിനെ അടുത്തറിയാവുന്നത് കൊണ്ട് ഞാനപ്പോൾ സ്വയം ഉരുവിട്ടു: "Promise is a promise is a promise is a promise...."

-നിലൂഫർ വരിയാവയെ അവസാനമായി കണ്ടതന്നായിരുന്നു.

പിന്നെ ഡിസംബറിലെ കുളിരുള്ള ഒരു രാത്രിയിൽ പുതപ്പിന്റെ ചുടുകരങ്ങൾ  പുണർന്നു മയങ്ങുമ്പോൾ  ഞെട്ടിയുണർത്തിയ അവളുടെ ഫോൺ കോൾ: “ഗുഡ്ബൈ പറയാനാ കൈതേ,  അസമയത്ത് വിളിച്ചത്. നിന്നോട് മാത്രമല്ല, ദുബായിയോടും.....  ഒരു കനേഡിയന്‍ വിസയുടെ കാര്യം സൂചിപ്പിച്ചിരുന്നില്ലേ? അതൊത്തു വന്നു. നേരിൽ കണ്ട് യാത്ര പറയാനുള്ള സമയം കിട്ടിയില്ലാ, സോറി!”

* * * * * * * * * * * * * * ** ** ** **

അറബിയുടെ മകൾ നീണ്ട നാല് കൊല്ലത്തെ ലണ്ടൻ പഠനം ‘വിജയശ്രീ ലളിതയായി‘ പൂർത്തിയാക്കി, ലഭിക്കാതെ പോയ ബിരുദം തെംസ് നദിയിലുപേക്ഷിച്ചതായി പ്രഖ്യാപിച്ച്, വീട്ടിൽ തിരിച്ചെത്തിയ കാലം. ‍  പഠിച്ച ബിസിനസ്സ് തത്വങ്ങൾ‍ ‍ മറന്നുപോകരുതല്ലോ എന്ന് ചിന്തിച്ചാകണം ‘ഡയറക്ടർ ‍- ഓപറേഷന്‍സ്‘ എന്ന ഒരു പോസ്റ്റുണ്ടാക്കി ഓഫീസിൽ പ്രതിഷ്ഠിച്ചത്.

എന്റെ കഷ്ടായനത്തിന്റെ ആരംഭം!

ലണ്ടൻ ടൈം‍ 10 മണിയോടെയേ പൊന്നുമോൾ ഓഫീസെലെത്തു. രാത്രി 10 ന്  മുന്‍പ് ‍ ‍ തിരിച്ചുപോകയുമില്ല. ഈറ്റിയും ഡ്രിങ്കിയും ടെലഫോണിച്ചും ഇടക്ക് ‘സിയസ്റ്റ ബ്രേക്സ്’ എടുത്തും മകൾ ഓഫീസ് ഭരണം തുടങ്ങി.

അഞ്ച് മിനിറ്റിൽ ഒരിക്കൽ ‘ഇന്റർകോം‘ ശബ്ദിക്കും: ‘കൈതമുൾ, പ്ലീസ് കം’ 
പിന്നെ സംശയങ്ങളുടെ ഘോഷയാത്ര: 
ഇതെന്താ ഇങ്ങിനെ? ഇത് ശരിയല്ലല്ലോ, അതെന്താ അങ്ങനെ? അത് മാറ്റണമല്ലോ?”

-ഇന്റർ ഓഫീസ് മെമ്മോകളുടെ പ്രവാഹമാണ് പിന്നെ!
രണ്ടു തലകളുണ്ടായിരുന്നെങ്കിൽ, ഒന്ന് വെട്ടിയെടുത്ത് ബോസുപുത്രിക്ക് കാണിക്കയായ് സമർപ്പിച്ച്, പലായനം ചെയ്യാൻ വരെ ‍തോന്നിയ നാളുകൾ!

പുതിയ ഒരു മാനേജ്മെന്റ് സൂക്തവും അവളെന്നെ പഠിപ്പിച്ചു: "Hire and Fire!"-ലണ്ടനിലൊക്കെ അങ്ങനെയാണത്രേ!

മോൾ തന്റെ കമ്പനിക്ക് കണ്ഠകോടാലിയാകുമെന്നുറപ്പായ തന്തപ്പിടി, ഒരു പുതിയ ഐഡിയാ അവളുടെ തലയിലേക്കിട്ടു കൊടുത്തു: ‘സ്വന്തമായി ഒരു ബിസിനെസ്സ്!’

കേൾക്കേണ്ട താമസം തന്റെ ഫിലിപിനോ സെക്രട്ടറിയുമൊത്തവൾ  ലണ്ടനിലേക്ക് പറന്നു. ഒരു മാസത്തെ യൂറോപ് വിസിറ്റിന് ശേഷം  വന്നത്  adventurous, sophisticated, novel and highly profitable ആയ ഒരു  business venture -ഉം ചുമന്നാണ്. 
(പ്രൊജെക്റ്റ് റിപ്പോര്‍ട്ട് എന്റെ ഷെല്‍ഫിൽ വിശ്രമിക്കുന്നു.) 
ഡിസൈനർ ജ്വെല്ലറികൾ, ഫാഷനബിൾ റിസ്റ്റ് വാച്ചുകൾ, എക്സ്ക്ലൂസിവ് ലെതർ ബാഗുകൾ എന്നിവയുടെ ഷോ റൂം. ആദ്യം ദുബായിൽ, പിന്നെ മറ്റ് എമിറേറ്റുകളിൽ, 3 വര്‍ഷങ്ങൾ കൊണ്ട് ഗൾഫിലാകെ. (ഹായ്, എത്ര സുന്ദരമായ സ്വപ്നം!)

‍അൽ റൈസ് ഷോപ്പിംഗ് സെന്ററിലെ ഏറ്റവും നല്ല ഷോപ്പ് പൊന്നും‍‍ വിലക്കെടുത്തു.
  
“ഡിസൈനിംഗും ഡെക്കറും” ജർമ്മൻ കമ്പനിയെ ഏല്‍പ്പിച്ചൂ. പണം മുൻകൂറയച്ച് ‍സാ‍ധനങ്ങൾ ‘എയർ ഫ്രൈറ്റായി‍‘ വരുത്തി.

-സ്വർണം പൂശിയ ഫ്രെഞ്ച് പേരിന് ചുറ്റും നിയോൺ ലൈറ്റുകൾ മിന്നിത്തുടങ്ങിയപ്പോൾ ‍ ഡിസൈനർ ഷോ റൂം റെഡി.

ഉദ്ഘാടനത്തിനെത്തിയ അതിഥികളുടെ കണ്ണുകൾ ‍ ഉടക്കി നിന്നത് ഡിസ്പ്ലെയിലുള്ള ഇം‌ഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ പ്രൊഡക്ടുകളിലല്ലാ, ‍ അല്പവസ്ത്രധാരിണിയായി കൌണ്ടർ മാനേജ് ചെയ്തിരുന്ന മാദകത്തിടമ്പിലായിരുന്നു : ഷോറൂം മാനേജര്‍ നിലൂഫർ വരിയാവ!

വെളുവെളുത്ത ശരീരം
കറുകറുത്ത മുടി
ചുകചുകന്ന ചുണ്ടുകൾ,
തുടുതുടുത്ത ശരീരം
-ആരിലും ഉന്മാദമുണർത്തുമൊരു മൻ‌മഥ റാണി‍!

കാലത്ത് ഒൻപത് മണിയോടെ സെയിത്സ് റിപ്പോർട്ടും പണവുമായി എത്തുന്ന നിലുഫർ, എക്കൌണ്ടിങ്ങും ബാങ്കിങ്ങും സ്റ്റോക്ക് കീപ്പിങ്ങും ചർച്ച ചെയ്ത് ഏറെ നേരം എന്നോടൊത്ത് ചിലവിടും. അവളുടെ തലക്കകത്ത് ആൾ താമസം കുറവാ‍യിരുന്നത് എന്റെ ഭാഗ്യം!
ആദ്യമാദ്യം നേരെ മുഖത്തു നോക്കാനുള്ള മനസ്സാന്നിധ്യമില്ലായിരുന്നെങ്കിലും ആ ജ്വലിക്കുന്ന സൌന്ദര്യം അടുത്തുള്ളപ്പോൾ സ്വകാര്യമായ ഒരഹങ്കാരം തോന്നാറുണ്ട്. അതിനാൽ തന്നെ, സംഭാഷണമദ്ധ്യേ, നാലു വയസ്സുള്ള തന്റെ മകളെപ്പറ്റി സൂചിപ്പിച്ചപ്പോൾ  വിശ്വസിക്കാനായില്ല.

-ഫാഷൻ ഷോയും മോഡലിങ്ങുമായി നടന്ന അവളെ SSC പരീക്ഷ തീരും മുന്‍പേ, നിര്‍ബന്ധിച്ച് കെട്ടിക്കയായിരുന്നുവത്രേ! മലബാർ ഹില്ലിൽ പാര്‍സി ശ്മശാനത്തിനടുത്തായി,  ബംഗ്ലാവും ഗാരേജുകളും അനേകം ക്ലാസ്സിക്ക് കാറുകളും സ്വന്തമായുള്ള, അമ്മയുടെ ഫസ്റ്റ് കസിൻ കൂടിയായ, പർവേസ് കപാഡിയായെന്ന കോടീശ്വര വൃദ്ധനാണവളുടെ ഭർത്താവ്‍!

അരവട്ടനായ പാര്‍സി ബാബക്ക് കൌമാരം വിട്ടുമാറാത്ത തന്റെ ഭാര്യ വീടിന് വെളിയിലിറങ്ങുന്നത്  ഇഷ്ടമായിരുന്നില്ല; പിന്നെയല്ലെ മോഡലിംഗും ഫാഷൻ പരേഡും.  ‍ മനം മടുത്ത നീലു ഭര്‍ത്താവുമായി പിണങ്ങി, മകളെ പഞ്ച്ഗനിയിലെ ബോർഡിംഗ് സ്കൂളിലാക്കി, ദുബായിൽ രണ്ടാം ഭർത്താവുമൊത്ത് കഴിയുന്ന അമ്മയുടെ അടുത്തേക്ക് പറക്കുകയായിരുന്നു.

** ** ** ** ** ** ** ** **

‘നീലു ഷോറൂമിലുണ്ടെങ്കിൽ സെയിലിന്റെ കാര്യത്തിൽ ഉത്ക്കണ്ഠ വേണ്ട’ എമ്പ്ലോയ്മെന്റ് വിസ പ്രോസസ്സ് ചെയ്യാൻ വന്നപ്പോൾ അവളുടെ സ്റ്റെപ് ഫാദർ  ഫാറുക് ഇറാനി, എനിക്കുറപ്പു തന്നു.  ‘കസ്റ്റമറെ വളച്ചെടുക്കാനവൾ ജഗജില്ലിയാ,  അല്പം ‘സെക്സി’ ആയി ഡ്രസ് ചെയ്യാനനുവദിക്കയാണെങ്കിൽ‍ പിന്നെ പറയുകയും വേണ്ട.”

രണ്ടാനച്ഛന്റെ  കമെന്റ് അല്പം ചമ്മലോടെയാണ് ഞാനവളെ അറിയിച്ചത്. അവൾക്കപ്പോൾ തമാശ: “ഞങ്ങൾ പാഴ്സികൾ അങ്ങനേയാ കൈതേ;  വളരെ ഫ്രാങ്കായേ സംസാരിക്കു.  ഒളിച്ചും മറച്ചും പറയാനറിയില്ല ഞങ്ങൾക്ക്. നിനക്കറിയോ, പേരിടീൽ ചടങ്ങിന് കുഞ്ഞിന്റെ വായിൽ ഒരു തുള്ളി വൈൻ വീഴ്ത്തുന്നതാ ഞങ്ങടെ കസ്റ്റം. ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാറായാ‍ൽ അല്പം മദ്യപിക്കുകയും ആവാം.“

മൃദുഹാസത്തോടെ ഇടത് കണ്ണടച്ച്, തല ഒരു വശത്തേക്ക് ചരിച്ച് കൊണ്ടവൾ കൂട്ടിച്ചേര്‍ത്തു: “സെക്സിന്റെ കാര്യം പിന്നെ പറയണോ?”

*******************

കസ്റ്റമേര്‍സിന്റെ പ്രവാഹം നീലുവിന്റെ ബോയ് ഫ്രണ്ട്സിന്റെ എണ്ണം കൂട്ടിയെന്നതല്ലാതെ കച്ചവടത്തെ അല്പം പോലും സഹായിച്ചില്ല. രണ്ടു വര്‍ഷത്തിന്നകം അടച്ച് പൂട്ടിയ ഷോറൂമിന്റെ താക്കോലും കുതിച്ചുയര്‍ന്ന ബാങ്ക് ഓവര്‍ഡ്രാഫ്റ്റിന്റെ സ്റ്റേറ്റുമെന്റുമായി ബോസുപുത്രി ഓഫീസിൽ തിരിച്ചെത്തി.

അതിനിടെ ആരവങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ നീലുവിന്റെ രണ്ടാം വിവാഹം നടന്നു: രാജേഷ് ഖന്നയുടെ ഭാവഹാവാദികളുള്ള ദീപക് അറോറയെന്ന സിന്ധിപ്പയ്യനുമായി.

കുറച്ചു നാൾ ഷാര്‍ജയിലെ ഒരു  കമ്പനിയിൽ സെയിത്സ് പ്രൊമോട്ടറായി ജോലി നോക്കിയ നീലു പിന്നീട് ദുബായിലെ ഒരു ബാങ്കിൽ ഉദ്യോഗസ്ഥയായി ചേർന്നു. 

- SSC വരെ മാത്രം പഠിച്ച, കണക്കിന്റെ ബാലപാഠം പോലും തലയിൽ കേറാത്ത, നീലുവിന് പ്രശസ്ത ബാങ്കിൽ ജോലി: അതും കാഷ്യറായി‍!

***********************

ആയിടെ രവി മങ്ങാട് എന്ന കൂട്ടുകാരൻ (ഇപ്പോൾ ഒമാനിൽ) കേരളത്തിൽ നിന്നും (കു)പ്രസിദ്ധനായ ഒരു ഹസ്ത രേഖാ വിദഗ്ദ്ധനെ ദുബായിലേക്ക് ഇറക്കുമതി ചെയ്തു. കരാമയിലെ പ്രസിഡന്റ് ഹോട്ടലിൽ ക്യാമ്പ് ചെയ്ത്, നീണ്ട ജടയും വെറ്റിലക്കറ പിടിച്ച പല്ലുകളുമുള്ള ആ നീളൻ കുപ്പായക്കാരൻ കാശേറെ കൊയ്തു.

ബാങ്കിലെ ഏതൊ ‘മല്ലു‘ വഴി ഇക്കാര്യമറിഞ്ഞ നീലു എന്നെ വിളിച്ചു: ‘കൈതേ, എന്റെ ജീവിതമിപ്പോൾ ഒരു പ്രതിസന്ധി ഘട്ടത്തിലാ. അയാളെ ഒന്ന് കാണാൻ പറ്റുമൊ?’”

നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചെങ്കിലും നീലുവിന്റെ ആവശ്യം ഉറച്ചതായിരുന്നു, മങ്ങാടിനെ വിളിച്ചപ്പോഴവൻ പറഞ്ഞു:‘ മലയാളമൊഴിച്ച് മറ്റൊരു ഭാഷയുടേയും ക്ലച്ച് പിടിക്കാത്ത അയാൾ എങ്ങനെ നീലുവുമായി സംവദിക്കും‍?‘

‘ദ്വിഭാഷിയായി നീയുണ്ടല്ലോ? നിന്റെ വീട്ടിലേക്ക് ക്ഷണിക്കൂ. ഞാനവിടെ വരാം“ നീലുവിന്റെ മറുപടി. ‘ ഹോട്ടലില്‍ പോയി അയാളെ കണ്ടെന്ന് ആരെങ്കിലുമറിഞ്ഞാൽ പിന്നെയെനിക്ക്
  ജോലിക്ക് പോകാൻ പറ്റില്ല.’

അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി വ്യാഴാഴ്ച്ച വൈകീട്ട് പരിവാരസമേതം ‘കൈനോട്ടക്കാരൻ’ വീട്ടിലേക്കെഴുന്നെള്ളി. അമ്മയുമൊത്ത് നീലു നേരത്തെ തന്നെ എത്തിയിരുന്നു.

രഹസ്യസ്വഭാവം നിലനിർത്താൻ, ജ്യോത്സ്യനേയും മകനേയും ( ഇന്ദിരാഗാന്ധി മുതല്‍ സീരിയൽ നടികൾ വരെയുള്ളവരുടെ കൂടെ, നിന്നും ഇരുന്നും കിടന്നും അയാളുടെ വിവിധ പോസുകളിലുള്ള ഫോട്ടോകൾ എടുക്കുക എന്ന നിയോഗമാണ് മകന്) നീലുവിന്റെ കൂടെ, ഞാൻ ബെഡ് റൂമിലേക്കാനയിച്ചു,

ഏതൊരു ജ്യോത്സ്യനേയും പോലെ  ആവശ്യമായ വിവരങ്ങൾ ഇരയിൽ നിന്നു തന്നെ ചോര്‍ത്തിയെടുക്കുന്നതിൽ വിദഗ്‌ധനായിരുന്നു ഇയാളും. നീണ്ട ചോദ്യം ചെയ്യലുകള്‍ക്കും മന്ത്രോച്ചാരണങ്ങള്‍ക്കുമൊടുവിൽ തന്റെ രഹസ്യങ്ങളുടെ ഭാണ്ഢക്കെട്ട്, നിര്‍വിശങ്കം തുറന്നു, അവൾ.

വിക്രം വേതാൾ ചിത്രപുസ്തകം അപ്രതീക്ഷിതമായി കൈയില്‍ തടഞ്ഞ കുട്ടിയെപ്പോലെ, പരിഭാഷപ്പെടുത്തുവാൻ കൂടി മറന്ന്, ഞാൻ സ്തബ്ധനായി നിന്നു.

* ** ** ** ** **

പണം നിക്ഷേപിക്കാൻ ദിനവും ബാങ്കിലെത്തിയിരുന്ന ആ സൌന്ദര്യധാമത്തെ വളച്ചെടുക്കാൻ വത്തനിയായ(സ്വദേശി) മാനേജർക്ക് പെട്ടെന്നു കഴിഞ്ഞു..

അയാളുടെ പ്രൌഡിയിലും വാചാലതയിലും മയങ്ങിയ നീലു, വിവാഹ വാഗ്ധാനം വിസ്വസിച്ച്, മതം മാറാൻ വരെ തയ്യാറായി. പക്ഷേ ഷൈഖ് ഫാമിലി അംഗമായ ഭാര്യയെ ഭയന്ന്, തൊടുന്യായങ്ങൾ പറഞ്ഞ്,  വിവാഹക്കാര്യമയാൾ  നീട്ടിക്കൊണ്ടുപോയി. തന്റെ കസ്റ്റഡിയില്‍ നിന്നും മറ്റാരുമവളെ റാഞ്ചാതിരിക്കാൻ ബാങ്കിൽ ജോലിയും കൊടുത്തു.

-ഗർഭിണിയായപ്പോൾ അയാളുടെ ഉപദേശപ്രകാരമാണ്, പഴയ ബോയ്ഫ്രണ്ടായ ദീപക്കിനെ അവൾ വിവാഹം ചെയ്തത്.

പ്രസവശേഷവും അറബിയുമായുള്ള ബന്ധം നിര്‍ബാധം തുടര്‍ന്നു, ‘സ്വന്തം മകനെ കാണാനുള്ള ഒരച്ഛന്റെ ആഗ്രഹത്തെ ഞാനെങ്ങിനെ തടയും?‘ എന്നാണവളുടെ ന്യായീകരണം.

ജേബലലി ഫ്രീ സോണിലെ ജോലി കഴിഞ്ഞ് ദീപക് വീട്ടിലെത്തുമ്പോൾ‍ 6 മണിയെങ്കിലുമാകും. ബാ‍ങ്കിൽ നിന്നും 2 മണിക്ക് ഫ്രീയാകുന്ന മാനേജരും കാഷ്യറും, കുട്ടിയേയും ആയയേയും ഫ്ലാറ്റിന്പുറത്ത് കളിക്കാൻ വിട്ട്, രതിമന്മഥലീലകളുടെ പുതിയ അദ്ധ്യായങ്ങൾ രചിക്കും.
-പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടാതിരിക്കുമോ?

ആയയുടെ സഹായത്തോടെ, കമിതാക്കളെ, ദീപക് ഒരു ദിനം ദിഗംബരാവസ്ഥയിൽ‍  പിടികൂടി.  മാനേജരെ ഒന്ന് തടവി വിടാനും മറന്നില്ല.

ഇപ്പോഴിതാ ദീപക് ഡിവോഴ്‍സ് നോട്ടീസ് അയച്ചിരിക്കുന്നു. അറബിയാകട്ടെ പൂര്‍ണ്ണമായും കൈയൊഴിരിക്കുന്നു.

-നീളുന്നൂ നീലുവിന്റെ പരിദേവനങ്ങൾ!

‘ഇത്രയല്ലേയുള്ളൂ? ഇതുപോലുള്ള എത്ര കേസുകൾ ശരിയാ‍ക്കിയവനാ ഞാൻ‘  എന്നായി ഹസ്തരേഖാപ്രവീണൻ.. രണ്ട് ശ്ലോകങ്ങൾ കൂടി ചൊല്ലി, കവടി നിരത്തി, ഹരിച്ച് ഗുണിച്ച്, കൂട്ടിക്കിഴിച്ച് പ്രതിവിധിയും നിര്‍ദ്ദേശിച്ചു:
‘ദീപക് തിരിച്ച് വരണം, അതല്ലേ വേണ്ടത്? സംശയരോഗിയായ അവനെ തിരിച്ച് പിടിക്കാൻ  ഒരു മാര്‍ഗ്ഗമുണ്ട്,ഒരേയൊരു മാര്‍ഗം: അവനെ ഡൈവോഴ്‍സ് ചെയ്യുക!‘

മൊഴിമാറ്റം നടത്താതെ  അമ്പരന്നിരിക്കിരിക്കുന്ന എന്നെ നോക്കി നാടകീയമായി അയാൾ കൂട്ടിച്ചേര്‍ത്തു: ‘ സാങ്കല്‍പ്പികമായി…, എന്നിട്ട് അവനെത്തന്നെ പുനർവിവാഹം കഴിക്കുക, അതും സാങ്കല്‍പ്പികമായി. അപ്പോൾ‍ അവന്റെ ആശയും നടക്കും, നിന്റെ ആവശ്യവും നിറവേറും!”
നീലുവിനാ ഐഡിയാ ഇഷ്ടമായി.

-എത്ര സിമ്പിളാണ് കാര്യങ്ങൾ ! മഹാൻ തന്നെ ഈ ആഭിചാരപ്രഭു!

വിവാഹമോതിരം ഊരി വാങ്ങി വെറ്റിലയിൽ വച്ച്, കുങ്കുമം പുരട്ടി, വെള്ളം തളിച്ച് മന്ത്രോച്ചാരണങ്ങളോടെ ‘തന്ത്രി‘ അവരുടെ വിവാഹമോചനം ഡിക്ലയർ ചെയ്തു. ഹിന്ദുമതാചാരപ്രകാരം നീലുവിന്റെ നെറ്റിയിലെ പൊട്ട് മായ്ക്കുന്നതായും താലി പൊട്ടിച്ചെടുക്കുന്നതായും അഭിനയിച്ചു.

‘അരഞ്ഞാണമുണ്ടോ, കാലിൽ കൊലുസുണ്ടോ?’: അയാളാരാഞ്ഞു.
“ഇല്ല”: നീലു പ്രതിവചിച്ചു.
‘അരയിൽ നൂലോ ഏലസ്സോ എന്തെങ്കിലും...“
“ഇല്ല”
“വിധവകൾ അവയൊന്നും ധരിക്കാൻ പാടില്ല, അതു കൊണ്ടാ”
സ്വന്തം കൈകൾ കൊണ്ടവ അഴിച്ചെടുക്കാനാവാത്തതിലുള്ള നിരാശ നിഴലിച്ചിരന്നുവോ, സ്വരത്തിൽ?

പഞ്ചാംഗത്തിലും വാച്ചിലും മാറി മാറി നോക്കി ജ്യോത്സ്യരാജൻ അറിയിച്ചു: ‘12 മിനിറ്റ് കഴിഞ്ഞാൽ ഒരു ശുഭമുഹൂര്‍ത്തമുണ്ട്. അപ്പോൾ വിവാഹമാകാം.

ഇപ്പോൾ ഒരു ടീ ബ്രേക്.....‘

* ** ** ** ** **

പുനർവിവാഹച്ചടങ്ങുകൾ:
ദീപം, ധൂപം...
വെറ്റില, അടക്ക.
കുങ്കുമം, ചന്ദനം....
പിന്നെ മന്ത്രോച്ചാരണങ്ങളും....
“ഞാൻ നിന്റെ ദീപക്കാണെന്ന് സങ്കല്‍പ്പിക്കുക. സങ്കല്‍പ്പിച്ചോ?: അയാൾ ചോദിച്ചു.
അവൾ തലയാട്ടി.
‘നിന്നെ ഞാനിതാ വിവാഹം കഴിക്കാൻ പോകുന്നു‘.
‘മംഗല്യം തന്തുനാനേന, മമ ജീവന ഹേതുനാ....”
കഴുത്തിൽ അന്യോന്യം മാലയിടുന്നതായി നടിച്ചു.
വിരലിൽ മോതിരമണിയിച്ചു.

-നെറ്റിയിലും കഴുത്തിലും‍ കുങ്കുമമണിയിച്ച് പാണിഗ്രഹണം നടത്തി മൂന്ന് വട്ടം ദീപത്തിന് ചുറ്റും പ്രദക്ഷിണം വച്ചു.

‘കർമ്മങ്ങൾക്ക് ഫലം കിട്ടണമെങ്കിൽ പ്രഥമ രാത്രി കൂടി നടക്കണം’ : കടുക്കനിട്ട നീളൻ കുപ്പായക്കാരന്റെ വാക്കുകൾ  ഞെട്ടലോടെയാണ് ഞാൻ ശ്രവിച്ചത്.
-‘സങ്കല്പത്തില്‍...”:എന്നെ തറച്ചു നോ‍ക്കിക്കൊണ്ടയാൾ കൂട്ടിച്ചേര്‍ത്തു.

“എഴുന്നേറ്റു നില്‍ക്കൂ‘ : ചൂണ്ടയിൽ കുരുങ്ങിയ ഇരയെ എങ്ങനെയൊക്കെ  ഉപയോഗിക്കണമെന്നയാൾക്ക് നല്ല നിശ്ചയമുണ്ടായിരുന്നു.
നീളന്‍ മുടിയൊതുക്കി എണീറ്റുനിന്ന് ‘ജ്യോതിഷഗുരു‘ നീലുവിനെ തന്റെ ശരീരത്തോട് ചേര്‍ത്തു.
“ഞാൻ ദീപക്കാണെന്നു സങ്കല്‍പ്പിച്ച് എന്നെ കെട്ടിപ്പിടിക്കൂ”: അവൾ അനുസരിച്ചു.

ഹോളിവുഡ് നടി ബ്രുക്ക് ഷീല്‍ഡ്സ് ഒരു ചിമ്പാന്‍സിയെ പുണര്‍ന്ന് നില്‍ക്കുന്ന ഒരു പഴയ ചിത്രമപ്പോഴെന്റെ മനസ്സിൽ തെളിഞ്ഞു.

“ഇനി ചുംബനമാവാം”
വെറ്റിലക്കറ പിടിച്ച് പാണ്ട് വീണ ചുണ്ടുകളയാൾ അവള്‍ക്ക് നേരെ നീട്ടി.
എതിര്‍ക്കാനോ തടയാനോ കഴിയാതെ, ചെകുത്താനും കടലിനും ഇടയിലായ ഞാൻ കണ്ണുകൾ ഇറുകെയടച്ചു.

വീണ്ടും കിടക്കയിലിരുന്നു കൊണ്ടയാൾ കല്‍‍പ്പിച്ചു :“ഇനി മൈഥുനം...നീലു എന്റെ മടിയിലിരിക്കൂ‘
അവൾ ഇരുന്നു.
“ഇനി രതി നടക്കുന്നതായി സങ്കല്‍പ്പിക്കൂ‘

ഭാഷ ആവശ്യമില്ലാത്ത കൃത്യങ്ങൾക്ക് പരിഭാഷകനെന്തിന്?

അയാളുടെ പരുക്കന്‍ കൈത്തടങ്ങള്‍‍ അവളുടെ മസൃണശരീരത്തിന്റെ നിമ്നോന്നതങ്ങളിൽ വിഹരിച്ചു. 

***************************

ദിവ്യന്റെ പ്രതിക്രിയകൾക്ക് ദീപക്കിന്റെ മനസ്സിനെ സ്വാധീനിക്കാൻ കഴിഞ്ഞില്ല.. . അറബിക്കുട്ടിയുടെ അച്ഛനാകാൻ തന്നെക്കിട്ടില്ലെന്ന് അയാൾ തീര്‍ത്ത് പറഞ്ഞു.
നാളുകൾക്ക് ശേഷം കണ്ടപ്പോൾ, സിറ്റിബാങ്ക് ബിൽഡിംഗിൽ ഓഫിസുള്ള  ഒരു

 കനേഡിയൻ ഇന്ത്യൻ ഓഡിറ്ററുമൊത്ത്  താമസിക്കയാണെന്നും തങ്ങളുടെ വിവാഹം ഉടനെയുണ്ടാകുമെന്നും അവളറിയിച്ചിരുന്നു.
നീലുവിപ്പോൾ അയാളുമൊത്ത് ടൊറാന്‍ഡോയിൽ‍!

-നല്ലൊരു ഭാര്യയാകാൻ, അമ്മയാകാൻ, കുടുംബിനിയാകാൻ ഇനിയെങ്കിലും അവൾക്കാകുമോ?