Wednesday, September 25, 2013

പഞ്ചകര്‍മ്മായനം -1

പ്രക്രമം:


ജരാനരക്കാലമടുത്തുവെന്ന്  വെളുപ്പാൻ കാലത്തെ മയക്കത്തിന്നിടയിൽ‍,  ചില പൂവങ്കോഴികൽ കൂകിത്തുടങ്ങിയ കാലം. മൂന്നാഴ്ച നീണ്ടുനിന്ന ‘പഞ്ചകര്‍മ്മ’ ചികിത്സ കഴിഞ്ഞ് ജര മിനുപ്പിച്ച്, നര കറുപ്പിച്ച്, ‘കൊട്ടൻ ചുക്കാദി‘ പരിമളവുമായി,  ‘സൂറിക്കി’ലേക്കുള്ള യാത്രാമദ്ധ്യേ,  ദുബായിൽ ഇടയിറങ്ങിയ അനിയനും അതേ മന്ത്രം ഉരുക്കുഴിഞ്ഞപ്പോൾ 'ഒരു ചേഞ്ചൊക്കെ ആര്‍ക്കാ ഇഷ്ടല്യാത്തത്’എന്ന പരസ്യവാചകം ആദ്യം മനസ്സും പിന്നെ മനസ്വിനിയും ഏറ്റ് പാടി.
യോഗ വിയോഗക്രമാദികൾ  അനുഷ്ഠാന ഹേതുവല്ലെങ്കിൽ അഞ്ചാംകൂറിന്നുമപ്പുറം ഭവിക്കണം  പഞ്ചകര്‍മ്മ എന്നല്ലേ ശാസ്ത്രം?

നാഗാര്‍ജ്ജുന‘യിലെ തല  മൂത്ത വൈദ്യർ  ഡോ.കൃഷ്ണമ്പൂരിയെ വിളിച്ച് ഏട്ടനും ഏട്ടത്തിക്കുമുള്ള ‘ധന്വന്തരി’ക്രിയകൽ - ഉഴിച്ചിൽ, പിഴിച്ചിൽ, കിഴി, ധാര മുതൽ നെല്ലിക്കാത്തളവും സ്നേഹവസ്തിയും (ഹോ!)വരെ -  സവിസ്തരം ‘ചാര്‍ട്ടിലാക്കി‘ കൈയൊപ്പും സീലും ചാര്‍ത്തിയിട്ടേ അനിയൻ പ്ലെയിൻ പിടിച്ചുള്ളൂ. തുടര്‍‍ന്നുള്ള ഏഴ് സംവത്സരങ്ങളിൽ‍ നാഗാര്‍ജ്ജുന. പുനര്‍‍നവ, രാജ ഐലന്റ്സ്, രാജ കൂറ്റനാട്, സോപാനം എന്നിവിടങ്ങളിലെ എണ്ണത്തോണികളിൽ ഭൂപാളം, വസന്തം, പന്തുവരാളി, മാളവി, നീലാംബരി രാഗങ്ങൾ  തനിയാവര്‍ത്തിച്ച് മടുത്തപ്പോൾ, അടുത്ത വര്‍ഷത്തെ സാധകം  ആനന്ദഭൈരവിയിൽ ഒരു നവ അരങ്ങിൽ ആയാലോ എന്ന ചിന്ത തലയിൽ ഫ്ലാഷി.

തണ്ണിപ്പാര്‍ട്ടി തോഴരുടെ ‘ജുമാരാത്’ ചര്‍ച്ചക്കിടയിൽ വിഷയാവതരണത്തിന്റെ വിഷ്കംഭത്തിൽ വച്ച് തന്നെ,  ‘പരോപകാരാര്‍‍ത്ഥമിദം ശരീരം’ എന്നഹങ്കരിക്കുന്ന ‘ത്രീ ഡി’ സുഹൃത്ത്,  ഇടയില്‍‍ ചാടി രംഗപടം താഴ്ത്തിച്ചു.
‘ബസ് ഭായ്...ഫോർ ദിസ് നോ ചര്‍ച്ച നീഡഡ്!  പോകുന്ന ദിവസം തീരുമാനിക്കൂ.  ബാക്കി കാര്യങ്ങൾ ദാ... ഈ ഞാൻ പുസ്പം പുസ്പം പോലെ...’
‘വാട്ട്സ് ഇൻ യുവർ മൈന്‍ഡ്?’ (തലക്ക് വട്ടായോ?) ഞാൻ ചോദിച്ചു.
‘ഡിഫറന്റ് എക്സ്പീരിയന്‍സ് ‘(ടങ്കാരി പണി) അല്ലേ വേണ്ടത്? ‘വെയ്റ്റ് ആന്റ് സീ‘ (കാണിച്ച് തരാം) എന്നവൻ.

നാട്ടിലെത്തിയതിന്റെ പിറ്റേന്ന് ഏഴര വെളുപ്പിന് തന്നെ, ഞാനും പ്രിയതമയും ക്രെഡിറ്റ് കാര്‍ഡുകളും വസ്ത്രങ്ങളും വേവ്വേറെ പായ്ക്ക് ചെയ്ത്, പ്രപിതാക്കളേയും മുകുന്ദപുരത്തപ്പനേയും മനസ്സ് കൊണ്ട് വണങ്ങി, യാത്രയായി: യുവത്വം തിരിച്ച്പിടിക്കാൻ, ശാരീരിക പീഡകള്‍‍ക്ക് തൽക്കാലം ‘സുല്ല്‘ പറയാൻ, അടുത്ത ഒരു വര്‍ഷം ലാവിഷ് ആയി വേയ്സ്റ്റ് ചെയ്യാൻ മാത്രമുള്ള എനെര്‍‍ജി സ്റ്റോർ ചെയ്യാൻ.

മാസം കര്‍‍ക്കിടകം. ചികിത്സ പഞ്ചകര്‍‍മ്മ. സീഡി പ്ലെയറിലോ രാമായണം .........

“കാമകിങ്കരേ! ശിലാരൂപവും കൈക്കൊണ്ട് നീ
രാമപാദാബ്ജം ഭജിച്ചിവിടെ വസിക്കണം.
നീഹാരാതപവായു വര്‍ഷാദികളും സഹി-
ച്ചാഹാരാദികളേതും കൂടാതെ ദിവാരാത്രം

കര്‍‍മ്മായനം: ദിവസം ഒന്ന്:

“കുതിരാന്‍‍“ ഇറങ്ങുമ്പോൾ‍ ഓര്‍‍മ്മയിൽ‍ തെളിഞ്ഞത്  ഡോ;ശ്രീരാജ് നമ്പൂതിരി‘ ഭാഷാപോഷിണി‘യിൽ‍ എഴുതിയ ചെറുകഥയുടെ തുടക്കമാണ്:
'വാഗാ ബോര്‍‍ഡർ‍  കഴിഞ്ഞു, ഇനി പച്ച ......എല്ലാം പച്ചമയം’

 പക്ഷേ കണ്ടത് പാതി വെന്ത ഊഷരഭൂമികൾ,  തലയാട്ടാൻ‍ മറന്ന് നില്‍ക്കുന്ന പനമരങ്ങൾ!

ഡ്രൈവർ പറഞ്ഞു:‘‘ ദൂരമേറെയുണ്ട് ചേട്ടാ, ചായയോ വെള്ളമോ.?'

‘വേണ്ടാ, കത്തിച്ച് വിട്ടോ സുഭാഷേ.  മോര്‍ണിംഗ് ട്രീറ്റ്മെന്റ് ‘മിസ്സാകണ്ടാ’‘

 പത്ത് മണിയോടെ പച്ചപ്പടര്‍പ്പുകള്‍ക്കിടയിൽ തലയുയര്‍ത്തി നില്‍ക്കുന്ന രമ്യഹര്‍മ്യം ദൃശ്യമാ‍യി. ‍കാർ നിന്നപ്പോൾ അത് വരെ ചിണുങ്ങി നടന്നിരുന്ന ഇടവപ്പാതി ഒരിരമ്പലോടെ കുതിച്ചെത്തി.

'കാർ പാര്‍ക്ക് ചെയ്യണ്ടാ, ലഗേജ് എടുത്താലുടന്‍ നീ  പോയ്ക്കോ:‘ സുഭാഷ് സമ്മതഭാവത്തിൽ ‍തലയാട്ടി.

ശനിയാഴ്ച ചന്തയെ ഓര്‍മ്മിപ്പിക്കുന്ന തിരക്കാണ് മുന്നിൽ. ഏതോ വൃദ്ധസദനത്തിലെ അന്തേവാസികളാണധികവുമെന്ന് തോന്നി.

റിസെപ്ഷനിൽ‍ മൂന്ന് പെണ്മണികൾ‍.

 “എക്സ്ക്യൂസ് മി”: ഞാൻ മുരടനക്കി.

കുങ്കുമപ്പൊട്ടും എണ്ണ കിനിയുന്ന നീളൻ‍ മുടിയുമുള്ള വട്ടമുഖി, ചാട്ടുളി പോലൊരു നോട്ടമെറിഞ്ഞ്, കൈയിലെ കടലാസ് കെട്ടിലേക്ക് ദൃഷ്ടികൾ‍  മടക്കി.
ലജ്ജയുടെ അരുണിമയും കപടകോപത്തിന്റെ കരുമയും മുഖത്തിട കലര്‍‍ത്തി, ആംഗ്യവിക്ഷേപങ്ങളോടെ  ടെലഫോൺ‍ ഭാഷണത്തിൽ‍ വ്യാപൃതയായിരുന്ന പട്ടുസാരിക്കാരിക്ക് ചുറ്റുപാടുകൾ‍ ഒരു മുടൽ മഞ്ഞിലെന്ന വണ്ണം അവ്യക്തം.
ഒരു ഗ്രാം തങ്കത്തിൽ  പൊതിഞ്ഞ സൂഷ്മശരീരത്തിന്റെ, കിലോഗ്രാമുകളേറെ വരുന്ന സ്തൂലഭാഗം, ഇടത് കൈകൊണ്ട് താങ്ങി, കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡിൽ മറുകൈ വിന്യസിപ്പിച്ച് കൊണ്ടിരുന്ന ‘കാ-തിലോല’ ലോലിതയും  അപ്രാപ്യ.!

വീണ്ടും ‘ഒരെച്യൂസ് മി‘ വിളിയുയര്‍ന്നു.
പട്ടുസാരിക്കാരിയുടെ മുഖമൊന്നുയര്‍‍ന്ന് താണതൊഴികെ, ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ‘സൊ കോള്‍ഡ്‘ ഹോസ്റ്റസ്സുകളിൽ നിന്ന് ‘നോ വിസിബിൾ റിയാക്‍ഷൻ!.’

കൌണ്ടറിൽ‍ ഒരു തട്ടും ഉച്ചത്തിലുള്ള ‘സ്ക്യൂസും’ ഒന്നിച്ച് മുഴങ്ങിയപ്പോൾ.... കഥയിൽ പറഞ്ഞപോലെ.... പിന്നെ എല്ലാം പെട്ടെന്നായിരുന്നു (5മുതല്‍‍ 10 മിനിറ്റ് വരെയുള്ള ‘ലാഗി‘നെ ദൈവത്തിന്റെ സ്വന്തം നാട്ടിലെന്ന് അഹങ്കരിക്കുന്ന ഈ പരിസരങ്ങളിലൊക്കെ  ‘പെട്ടെന്ന്‘ എന്നാണത്രേ പറയുക!.)

-പട്ട് സാരി മുന്‍പിൽ‍!
‘മിസ്റ്റർ‍ അനിൽ‍?‘ ഞാൻ‍ തിരക്കി.
‘അനിൽ‍ ആര്?’
‘മാര്‍‍ക്കറ്റിംഗ് മനേജർ അനിൽ‍?
ചുറ്റും നോക്കി ഇല്ലെന്നുറപ്പ് വരുത്തി, കണ്മണി മൊഴിഞ്ഞു:
 ‘ഇവിടെയില്ല‘.
‘ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഒന്ന് ഫോൺ ചെയ്യാമോ....?’

ലോലിതയെ ചുഴിഞ്ഞ്, വട്ടമുഖിയെ ഉഴിഞ്ഞ്, ഇത് തന്റെ ‘ജോബ് ഡിസ്ക്രിപ്‌ഷനിൽ’ പെടില്ലെന്ന  ഭാവത്തോടെ, എന്നെ ‘ക്ലൂലെസ്” ആയി വിട്ട്, കൈമുദ്ര കാണിച്ച് നില്‍ക്കുന്ന ഒരു പരിചിതനിലേക്ക് കോമളാംഗി നടന്നു നീങ്ങി.

മൊബൈലിൽ‍ അനിലിന്റെ നമ്പർ‍ ഡയൽ‍ ചെയ്തു നോക്കി.
ബിസി!
മിനിറ്റുകള്‍‍ നീണ്ട വൃഥാ വ്യായാമത്തിന്  ശേഷം, ഞാൻ വീണ്ടും ‘പട്ടുസാരി‘യെ അഭയം പ്രാപിച്ചു.
 ‘നോക്കൂ, ഞാൻ മിസ്റ്റര്‍ അനിൽ‍ പറഞ്ഞിട്ട് വന്നതാണ്;  10 ദിവസത്തെ ‘പഞ്ചകര്‍‍മ്മ‘ക്ക്  അഡ്മിറ്റാവാൻ.‘
നിമിഷങ്ങൾ നീണ്ട  ചിന്താവിചിന്തനങ്ങള്‍ക്ക് ശേഷം, കൌണ്ടറിന്നടിയിൽ‍ നിന്ന് തടിച്ച ഒരു ബുക്കെടുത്ത് നിവര്‍ത്തി, അവർ മുഖാഭിമുഖത്തിനൊരുങ്ങി.

‘പേര്വയസ്സ്.ദേശം?”
‘ഡിറ്റെയിത്സ് എല്ലാം ഇ-മെയിൽ ചെയ്തിട്ടുണ്ട്. അനിലിനറിയാം....‘
‘ആദ്യം ഇവിടെ റജിസ്റ്റർ‍ ചെയ്യണം”: ശബ്ദത്തിന് ഘരത്വമേറിയപ്പോൾ ഞാൻ അനുസരണയുള്ള കുഞ്ഞാടായി മാറി.
‘75 രൂപ‘ഒരു റസീറ്റ് നീണ്ടു മുന്നിലേക്ക് വന്നു.
 ‘എന്താ ഇത്?”
‘ഔട്ട് പേഷ്യന്റ് റെജിസ്ട്രേഷൻ‍ ഫീ”
‘ഞാൻ ഔട്ട് പേഷ്യന്റ് അല്ല, മിസ്..... 10 ദിവസത്തേക്ക്.’
‘അറിയാം. പക്ഷെ ഇതാണ് ഇവിടത്തെ പ്രൊസീജർ’

-വീണ്ടും കണ്‍ഫ്യൂഷൻ..

സഹതാപം തോന്നിയിട്ടാകണം ‘പട്ടുസാരി‘ വിശദീകരിച്ചു:
‘ആദ്യം റജിസ്ട്രേഷൻ‍. പിന്നെ ദാ, ആ കാണുന്ന ബെഞ്ചിൽ‍ കാത്തിരിക്കു. നമ്പറാകുമ്പോൾ പേര്  വിളിക്കും, ഡോക്ടറാണ് നിങ്ങളെ അഡ്മിറ്റ് ചെയ്യുക.’

രശീതി ആനച്ചെവി പോലെ വീണ്ടും കണ്‍‍ മുന്‍പിലാടി.

അനിലിന്റെ നമ്പർ ഒരിക്കൽ കൂടി ഡയൽ ചെയ്തു നോക്കി.
സ്വിച്ച്ഡ് ഓഫ്!

‘പട്ടുസാരി‘യുടെ ക്ഷമയുടെ നെല്ലിപ്പടിയും കണ്ടിരിക്കുന്നുവെന്ന് എഴുന്ന് നില്‍ക്കുന്ന കഴുത്തിലൂടെ ഇരച്ച് കയറുന്ന  രക്തതിന്റെ അളവും മുഖത്തെ ചുവപ്പും അറിയിച്ചു.

 എല്ലാത്തിനും മൌനസാക്ഷിയായി, അന്തം വിട്ട് അരികെ നിന്നിരുന്ന ‘നല്ലപാതി‘ ശബ്ദിച്ചു: ‘എന്തായി?‘
‘ഇവിടത്തെ ശരിയാവില്ല. നമുക്ക്  “ഐലന്‍ഡിൽ” പോയാലോ?   സുഭാഷെവിടെ?’

കോണ്ടാക്ട് ലിസ്റ്റിൽ രാജാസ് ഐലന്‍ഡിലെ‍  ഡോ ജയരാജിന്റെ നമ്പർ‍ തിരയുമ്പോൾ‍ സുഭാഷ് ഓടിയെത്തി, കൂടെ വെളുത്ത് മെലിഞ്ഞ് സുന്ദരിയായഒരു യുവതിയും.
 ‘ചേട്ടാ, ഇത് ഡോ. ശ്രിയ”
സുഭാഷിന്റെ ചേട്ടത്തിയുടെ ബന്ധുവത്രേ ഡോ. ശ്രിയ. ഡെര്‍മറ്റോളജിസ്റ്റ്.  മൂന്ന് വര്‍ഷമായി ഇവിടെയാണ് ജോലി.
‘സോറി സാർ‍. അനിൽ  ഇല്ല അല്ലേ? സാരമില്ല,  വരൂ,നമുക്ക് ഡോക്ടറെ കാണാം’
അവർ മുന്‍പേ നടന്നപ്പോൾ, എന്ത് കൊണ്ടോ നിരസിക്കാനായില്ല.

എത്തിയത് ആർ‍ എം ഓ യുടെ മുന്‍പിൽ..
കുട്ടിത്തം മാറാത്ത മുഖവും ഉണ്ണിക്കുടവയറുമുള്ള മദ്ധ്യവയസ്കൻ.

ഡോ.ശ്രിയ പരിചയപ്പെടുത്തിയപ്പോൾ ക്ഷമാപണത്തോടെ അദ്ദേഹം വിശദീകരിച്ചു: ‘സോറി, സർ വരുന്ന കാര്യം അനിൽ പറഞ്ഞിരുന്നു.  പ്രതീക്ഷിച്ച ഹോസ്പിറ്റാലിറ്റിയല്ല കിട്ടിയത്  അല്ലേ?  ഞങ്ങളല്പം അപരിഷ്കൃതരാണെന്ന് കൂട്ടിക്കോളു; വെറും ഒരമ്പത് കൊല്ലം പിന്നിൽ നടക്കുന്നവർ‘
ഒരു പൊള്ളച്ചിരിയോടെ അദ്ദേഹം തുടര്‍ന്നു: ‘പക്ഷേ ട്രീറ്റ്മെന്റ്.... അതല്ലേ പ്രധാനം? അത് ഞാനേറ്റു. എന്താ സർ?’
എന്റെ ചിരി അംഗീകാരമായെടുത്ത്, സ്വരമല്പം താഴ്ത്തി അദ്ദേഹം തുടര്‍‍ന്നു‘
മാനേജ്മെന്റ് അത്ര ‘അപ് ഡേറ്റ്‘ അല്ല. സ്റ്റാഫെല്ലാം ചുറ്റുവട്ടത്തുള്ളവരും. പക്ഷേ സാറിന്റെ കാര്യങ്ങൾ നോക്കാൻ ഞാൻ‍ പ്രത്യേകം ഒരാളെ ഏല്‍പ്പിക്കാം’

ഫോണിൽ ഡോക്ടർ‍ ആരേയോ വിളിച്ചു.

കണ്‍സല്‍ടേഷൻ കഴിഞ്ഞ്, ട്രീറ്റ്മെന്റുകളെപറ്റി ഒരു ധാരണയിലെത്തി.
“ബ്ലഡ് ടെസ്റ്റ് കൂടി നടത്തിയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം.’
ഡോക്ടറെ എനിക്ക് നന്നാ ബോധിച്ചു.

ഭാര്യയുടെ കണ്‍സല്‍റ്റേഷൻ നടക്കുന്നതിന്നിടയിൽ  മുന്നറിയിപ്പില്ലാതെ ഒരാൾ ക്യാബിനിലേക്ക് ഓടിക്കയറി. മേദസ്സുള്ള വെളുത്ത് തുടുത്ത ശരീരം.  മുഖത്ത് സദാ നിസ്സംഗഭാവമുള്ള ഒരു സുന്ദരൻ. ഇടത്തോട്ടും വലത്തോട്ടും ഇടക്ക് കറങ്ങുന്ന സീലിംഗ് ഫാനിലേക്കും നോട്ടമെറിഞ്ഞ്,  ശരീരഭാരം ഇരു കാലുകളിലേക്കും മാറി മാറി നിക്ഷേപിച്ച് ഇളകി നിന്നു ചുള്ളന്‍സ്.

 ‘സർ‍, ഇത് മിസ്റ്റർ കരുണൻ മേനോൻ‍. അഡ്മിനിസ്ട്രേഷൻ മാനേജർ.“ സാറിന്റെ എല്ലാ കാര്യങ്ങളും‍  ഇനി  കരുണന്റെ കൈകളിൽ‍ ഭദ്രമായിരിക്കും”:

ഡോക്ടർ ഞങ്ങളെ പരിചയപ്പെടുത്തി.‘ഇവർ‍ നമ്മുടെ വീഐപി ഗസ്റ്റ്സ്.... ഹെഡാഫീസില്‍നിന്നയച്ചതാണ്”
 ഷേക് ഹാന്‍ഡിന് നീണ്ട കൈ കൊണ്ട് തലചൊറിയേണ്ടി വന്ന ഞാൻ‍ കരുണനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
-കരുണ രസംകര കവിയാത്ത ആ മുഖത്തെ ഭാവത്തെ എന്ത് പേര് ചൊല്ലി വിളിക്കേണ്ടു, ഞാൻ?

 ‘കരുണൻ, റൂം കാണിച്ച് കൊടുക്കൂ’

താക്കോലെടുക്കാൻ കരുണൻ‍ പോയപ്പോൾ‍ ഡോകടര്‍‍പറഞ്ഞു; ‘ വിശദമായി നാളെ സംസാരിക്കാം. ആദ്യം റൂം, പിന്നെ ഭക്ഷണം. ഉച്ച തിരിഞ്ഞ് പൊടിക്കിഴിയോടെ നമുക്ക് തുടങ്ങാം, എന്താ?.’

സര്‍ക്കാർ‍ ആശുപത്രിയിലെ വാര്‍‍ഡ് പോലെ നിരന്ന് കിടക്കുന്ന മുറികളിലൊന്ന്
 തുറന്ന് സുകുമാര കളേബരന്‍‍പറഞ്ഞു: ‘ഇത് സിംഗിൾ റൂം...... ദിവസം 650 രൂപ.’
-ഒരു കൊച്ച് കട്ടിൽ‍. കസേര. മേശ.

ചോദ്യരൂപത്തിൽ‍ നോക്കിയപ്പോൾ പയ്യന്റെ കളമൊഴി: ‘മാഡത്തിന് താഴെ കിടക്കാല്ലോ?‘

രണ്ട് പേര്‍ക്കുമുണ്ട് ട്രീറ്റ്മെന്റ് എന്നായപ്പോൾ‍ വീണ്ടും പയ്യന്റെ നെട്ടോട്ടം.

‘ഡബിള്‍‍ റൂം. 1500 രൂപ.‘
പഴയ കട്ടിൽ‍, കീറിത്തുടങ്ങിയ കിടക്ക.

“എസിയില്ലേ?“
‘ഓ...  ഏസി റൂം ...2500 രൂപ. ഡബിൾ‍ കോട്ട്, ദിവാൻ‍, കസേരകൾ”

വയർ‍ മുരളുന്നു.  തലക്കൊരു കനം പോലെ....
-സമയം 1.30 ആയി എന്ന് വാച്ച്!

‘അനിൽ പറഞ്ഞിരുന്നല്ലോ ഡീലക്സ് റൂമോ കോട്ടേജോ‍ ആയിരിക്കുമെന്ന്. എവിടെ  അനിൽ‍? അയാൾ വന്നിട്ട് മതി ബാക്കി....”

എ.എം.ഡയൽ‍ ചെയ്തപ്പോൾ‍ എം എം ലൈനിൽ എത്തി.

‘വെരി വെരി സോറി സർ!  റെസ്റ്റ് ഹൌസിൽ ഒരു മലയാളപടത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു.  നരേനും മീരാ ജാസ്മിനുമാ. അതാ എനിക്ക് കാത്ത് നില്‍ക്കാൻ പറ്റാതെ  വന്നത്. സോറി. ......സാറിന് എക്സിക്യൂട്ടീവ് സ്യൂട്ടാ റിസര്‍വ് ചെയ്തിരിക്കുന്നത്. ഞാൻ കരുണനോട് പറയാം.. അപ്പഴക്കും ഞാനെത്തും’

“സ്യൂട്ട്” കുഴപ്പമില്ല. കട്ടിൽ വിത് കൊതുക് വല. ദിവാൻ‍, സോഫ. ബാത് റൂം വിത് ഷവർ”‍.
“ദിവസവാടക 3500.‘: കരുണന്‍ പിന്നേം സംശം.

‘ചേട്ടാ, ലഗേജ് എടുക്കട്ടെ?“ സുഭാഷ് പോലും അക്ഷമനായിരിക്കുന്നു..
“എടുത്തോളൂ’ എന്ന എന്റെ മറുപടിക്ക് മറുവിളി തന്നത്  സാരി ചുറ്റിയ പുതിയ  ഒരവതാരം, കൈയിൽ പരിചയം തോന്നിച്ച രണ്ട് കടലാസ് കഷണങ്ങൾ.
“ റിസപ്ഷനീന്നാ… സാറിന്റേം ഭാര്യടേം ബില്ല്. ആകെ മൊത്തം 150 രൂപ‘

-ഒന്നും മിണ്ടാതെ ബില്ല് വാങ്ങി ഞാൻ കരുണനെ ഏല്‍പ്പിച്ചു.
തുക ഫൈനൽ‍ ബില്ലിൽ വന്നോട്ടെ, പക്ഷെ ഫ്ലാഷ് കളിയിലെപ്പോലെ എല്ലാ റൌണ്ടിലുമുള്ള ഈ പിരിവെടുപ്പ് അസഹ്യം!.


‘സാർ‍ വരൂ. കുറച്ച് ഫോര്‍‍മാലിറ്റിസ് കൂടിയുണ്ട്‘ : കരുണൻ‍ നടന്ന് കഴിഞ്ഞു.

അടുത്ത രംഗം: കരുണന്റെ  ഓഫീസ്.
- മൊത്തം വന്നേക്കാവുന്ന ബില്ലിന്റെ കാല്‍ക്കുലേഷൻ‍, അണ്ടർ‍ ടേക്കിംഗ് ലെറ്റർ, അഡ്വാന്‍‍സ്.......

ഭാഗ്യത്തിന് അപ്പോഴേക്കും അനിലെത്തി..
‘ഇന്നലെ വിശദമായി എല്ലാം സാരിച്ചതല്ലേ, അനിൽ? നോക്കൂ, 6 മണിക്ക് വീട്ടില്‍‍നിന്നിറങ്ങിയതാ.   അല്പം വെള്ളമല്ലാതെ ഒന്നും കഴിച്ചിട്ടുമില്ല.  ഇതാണോ നിങ്ങൾ വീരസ്യം മുഴക്കിയ ഹോസ്പിറ്റാലിറ്റി?‘: എന്റെ ദ്വേഷ്യം അണപൊട്ടിയൊഴുകി.

വീണ്ടും ക്ഷമാപണങ്ങൾ..... ‍മഴ, ഷൂട്ടിംഗ്, തിരക്കുകൾ, തന്റെ അഭാവത്തിൽ സ്ഥാപനമാകെ പാതാളത്തിൽ എന്ന എക്സ്ക്യൂസ്. ഇനിയെല്ലാം കുശലം മംഗളമെന്ന വാഗ്ദാനം. ഭക്ഷണം  കഴിച്ചിട്ട് മതി ബാക്കി കാര്യങ്ങൾ‍ എന്ന  വിട്ടുവീഴ്ച.

കാന്റീൻ‍ കണ്ടപ്പോഴേ മനം മടുത്തു.
രോഗികൾ‍, കൂട്ടിരുപ്പുകാർ‍, ഔട്ട്പേഷ്യന്റ്സ്, സ്റ്റാഫ്, കൂടാതെ തോട്ടത്തിലെ ജോലിക്കാരുമുണ്ടത്രേ ഉച്ചഭക്ഷണത്തിന്.

അല്പം വൃത്തിയുള്ള ഒരു ടേബിൾ‍ കണ്ടെത്തി ഇരുന്നു.
യുഗങ്ങള്‍ക്ക് ശേഷമെന്നോണം ഒരു സ്ത്രീസ്വരം:‘എന്ത് എടുക്കണം?
ചേല ചുറ്റിയ ഒരണ്ണി.
“എന്താ ഉള്ളത്?’
‘ചോറ്.... മീത്സ്;  ബാക്കി ഒക്കെ കഴിഞ്ഞു”
ഡയറ്റിംഗിന്റെ ആളായതിനാൽ‍ ഭാര്യ ചോദിച്ചു: ‘ചപ്പാത്തി?‘
ഇല്ല.‘

വയറിന്റെ ആളൽ ഇരട്ടിയായി.“ചോറെങ്കില്‍‍ ചോറ്!“

പശപ്പച്ചരി ചോറ്. പരിപ്പ്  കലക്കിയ സാംബാറെന്ന വെള്ളം.  കൂടെ പടവലങ്ങയുടെ ഒരു വഴുവഴാ ‘പൊരിയലും.

ദോഷം പറയരുതല്ലോ: മാങ്ങാ അച്ചാർ‍ കിടിലനായിരുന്നു. അതും വിശപ്പും സമാസമം ചേര്‍ത്ത് പകുതിയോളം ചോറ് വിഴുങ്ങി.

വിശ്രമിക്കാൻ തത്രപ്പെടുന്ന ശരീരം. മനസ്സിന്റെ പിരിമുറുക്കം ബ്ലഡ് പ്രഷറിന്റെ അളവിൽ‍  പ്രതിഫലിക്കുന്നുവെന്ന ഡോക്ടറുടെ വാക്കുകൾ ഓര്‍ത്തു,

കിടക്ക പൊടി പിടിച്ചിരിക്കുന്നു.  ‍ വിലങ്ങനെ വിതാനിച്ചിരുന്ന ബെഡ് ഷീറ്റുകൾ പരസ്പരം പിണങ്ങിക്കിടക്കുന്നു.  പാണ്ടിലോറി കയറിയ തവളയെന്ന  പ്രയോഗമാണ് തലയിണക്ക് ചേരുകയെന്ന് ഭാര്യയോട് തമാശിച്ചുകൊണ്ട്  ക്ലോത് കവർ മാറ്റിയപ്പോൾ അതിന്നടിയിൽ ഒരു റബ്ബർ ഷീറ്റ്. പിന്നെ ഒരു ഇന്‍സെപരബിൾ പോളീതീൻ കവറും.
‘ഫാമിലി പ്ലാനിംഗ് കാരുടെ “ആഡ്“ ആണ്.“ ഞാൻ  സീരിയസ് ആയി.  ‘ഡ്യൂറക്സ്‘ ഡബിള്‍ പ്രൊട്ടക്‍ഷൻ‘!
 -അന്നത്തെ ഹൃദയം തുറന്നുള്ള ആദ്യത്തെ ചിരി.

കഷായവും ഗുളികകളുമായി സിസ്റ്റർ മുഖം കാണിച്ചു.
-നൊ ബെഡ് കവര്‍സ്‍, നൊ ബ്ലാങ്കെറ്റ്സ്! നൊ ടവിത്സ്! നോ സോപ്സ്. നോ ഗ്ലാസസ്, നൊ വാട്ടർ!
ചോദ്യശരങ്ങളിൽ കുലുങ്ങാതെ മാലാഖ പുഞ്ചിരിയോടെ ഉവാച: “ഡോണ്ട് യു വറി. എല്ലാം ശര്യാക്കാം....?

അര മണിക്കൂറിന് ശേഷം ആശ്രിതവത്സല ചൂടുവെള്ളവും  ഗ്ലാസുമായെത്തി.
ഭാര്യ ഗൂഡസ്മിതത്തോടെ ആ ഗ്ലാസ് ഉയര്‍ത്തിക്കാട്ടി –ഹീനിക്കൻ‍ ബീറിന്റെ ലേബലുള്ള ഗ്ലാസ് മഗ്!
ചരകനോ സുശൃതനോ വാഗ്ഭടനോ  നിഷ്കര്‍ഷിച്ചിട്ടുണ്ടോ സിസ്റ്ററേ,  പഞ്ചകര്‍മ്മക്കിടയിൽ ജലപാനം ബീർ മഗ്ഗിലായിരിക്കണമെന്ന് എന്ന് ചോദിക്കണമെന്ന് തോന്നി. ഹീനിക്കനും ഹാനിമനുമായാണോ അതോ ഹീനിക്കനും ഹിപ്പൊക്രാറ്റസുമായുമാണോ കൂടുതൽ ബന്ധമെന്നും?.

4 മണിയോടെ  ‘ട്രീറ്റ്മെന്റ് കോൾ‍‘ വന്നു.
പൊടി ഉപയോഗിച്ചുള്ള ഉഴിച്ചിലിന്  ആദ്യമായാണ് വിധേയനാകുന്നത്. റിവേഴ്സ് ഓര്‍ഡറിലുള്ള  “ഉദ്വര്‍‍ത്തനം“ രസകരമായി തോന്നി.

കൃത്യശേഷം സോപ്പും തോര്‍ത്ത് മുണ്ടും  കൈകളിൽ‍ ഏള്‍‍പ്പിച്ച് അപ്രത്യക്ഷമാകും  മുന്‍പ് 'തെറാപിസ്റ്റ്സ്” മുന്നറിയിപ്പ് തന്നു: ‘ഈ തോര്‍‍ത്തും സോപ്പും നാളേം കൊണ്ട് വരണം കേട്ടൊ.‘

അനുഭവങ്ങളിൽ  ഇതും ആദ്യം.
എണ്ണ, തോര്‍ത്ത്, പയറ്പൊടി,  രാസ്നാദിപ്പൊടി എന്നിവ   ട്രീറ്റ്മെന്റ് റൂമിലെ അവശ്യവസ്തുക്കളെന്ന് ഇവിടെ ആര്‍ക്കും അറിയില്ലെന്ന് തോന്നുന്നു.

- വഴുവഴുപ്പുള്ള കുളിമുറിയിൽ,‍ ട്രപ്പീസ്കളിക്കാരനെപ്പോലെ ബാലന്‍സ് ചെയ്ത്,  ചൂട് വെള്ളം സംഭരിച്ച്, കുളിച്ച് തുവര്‍ത്തി മടങ്ങും വഴി എത്തി നോക്കി:ട്രീറ്റ്മെന്റ് റുമിലും നഴ്സ് എയ്ഡ് സ്റ്റേഷനിലും ഒരീച്ച പോലുമില്ല.

ഭാര്യക്കും പൊടി ചികിത്സ തന്നെയായിരുന്നു. അവൾ‍ പരിഹസിച്ചു: ‘ചേട്ടനെന്താ സോപ്പും തോര്‍‍ത്തും കിട്ടിയില്ലെന്നുണ്ടോ?‘

ഒരിക്കൽ‍ കൂടി ഓര്‍മ്മിപ്പിച്ചപ്പോൾ‍ ബെഡ് ഷീറ്റുമായെത്തി രണ്ട് സിസ്റ്റര്‍മാര്‍.
രണ്ട് സിംഗിൾ‍ ഷീറ്റുകൾ കൊണ്ടുള്ള പൊടിക്കൈയുടെ ആവര്‍ത്തനം.
സ്കൂൾ നാളുകളിൽ വടക്കേ വീട്ടിലെ സൌമിനിച്ചേച്ചിയുടെ അരവരെ നീളുന്ന വെള്ള  ബ്ലൌസും കണങ്കാലുകൾ  മൂടുന്ന നീല പാവാടയും മനസ്സിൽ തെളിഞ്ഞു. കൂടെ അവർ നടക്കുമ്പോൾ എത്തി നോക്കി അപ്രത്യക്ഷമാകുന്ന റോസ് നിറമുള്ള  അണിവയറും പൊക്കിള്‍‍ച്ചുഴിയും,  പിന്നെ ആ ദര്‍ശനസുഖത്തിന് കാത്ത് നില്‍ക്കുന്ന ‘പത്ത് എ‘യിലെ ചേട്ടന്മാരും.
“ടവള്‍സ്?‘
‘നാളെ!‘
‘ബ്ലാങ്കറ്റ്?‘
അതെന്നാ സാധനമാ എന്ന മട്ടിൽ അച്ചായത്തി നഴ്സ് കിനിഞ്ഞൊരു നോട്ടം.  പിന്നെ പിടി കിട്ടിപ്പോയ് എന്ന സംജ്ഞയോടെ ഒരോട്ടം. വന്നത് ഒരു സിംഗിൾ ബെഡ്‍ ഷീറ്റുമായി.
‘ഒരെണ്ണമേയുള്ളോ?‘
‘സ്റ്റോക്കില്ല മാഡം.... നാളെ‘

കഷായം തന്നപ്പോൾ ചോദിച്ചു: ‘ലേഹ്യമെടുക്കാൻ സ്പൂൺ‍?
“കാന്റീനിൽ‍ പറയാം. അവർ കൊണ്ട് തരും.‍'.
‘ആസവം കഴിക്കാനോ?‘
‘ദാ കുപ്പിയുടെ അടപ്പിൽ ഒന്ന് രണ്ട്….അങ്ങനെ അഞ്ച്പ്രാവശ്യം ഗ്ലാസിലൊഴിക്കുക.; അതാ കണക്ക്‘
‘ഈ വലിയ മഗ്ഗിൽ‍  മൂടിയിൽ അളന്ന്  ഒഴിച്ച ആസവം.... അത് വാ‍യിലും  വയറിലുമെത്തുമ്പോള്‍ എത്ര കാണും?.‘

ഒരന്യഗ്രഹജീവി മുന്‍പിൽ പ്രത്യക്ഷപ്പെട്ടാലെന്ന പോലെ കൌതുകത്തോടെ എന്നെ നോക്കി, അവർ. പിന്നെ ‘ഗുഡ് നൈറ്റ്‘ കേള്‍ക്കാൻ നില്‍ക്കാതെ വാതിൽ വലിച്ചടച്ചു.

കാന്റീനിലിപ്പോൾ തിരക്കില്ല..
‘എന്താ കഴിക്കാൻ?‘
12 വയ്സ് പ്രായം വരുന്ന ‘ബാല-വേലൻ‘ ബോര്‍‍ഡിലേക്ക് കൈ ചൂണ്ടി.
കറുത്ത ബോര്‍ഡിൽ ചോക്കുകൊണ്ടെഴിതിയിരിക്കുന്നു:
ഡിന്നർ
 സൺ‍ ഡെ: തൈര്‍ ശാദം
മൺ ഡെ: തക്കാളി ശാദം
ട്യൂസ് ഡെ: പരിപ്പ് ശാദം
പിന്നെ എവിടെയോ ഒരു ഫ്രൈഡ് റൈസും.

.ഇന്ന് ചൊവ്വ.
- ഫ്രൈഡ് റൈസിന് എനിയെത്ര നാളുകള്‍‍?
ഭാര്യ വീണ്ടും തിരക്കി:
‘ചപ്പാത്തി?‘
‘കഴിഞ്ഞ് പോയി’

അല്പം മാത്രം ശാദം അകത്താക്കി, ഒരു ഗ്ലാസ് ചുടുവെള്ളവും കുടിച്ച് റൂമിലേക്ക് നടക്കുമ്പോൾ  മാറി നിന്ന മഴ ആര്‍‍ത്തലച്ച് പെയ്യാൻ‍ തുടങ്ങി.
ഞാൻ‍ ഭാര്യയോട് തിരക്കി:
‘ബാഗിൽ‍ ചോക്ലേറ്റ് കാണുമല്ലോ  അല്ലേ?‘
ഭാര്യ ചിറി കോട്ടി:
‘ഉം….പിന്നെ…ആയുര്‍‍വേദ ചികിത്സക്കിടയിലാ ചോക്ലേറ്റ്!



കൊതുകളിൽ നിന്ന് രക്ഷ നേടാൻ കൈകൾ നീട്ടി വീശി വേഗത്തിൽ റൂമിലേക്ക് നടക്കുമ്പോൾ  ആശിച്ചു: ‘.നാളേക്ക് എല്ലാം ശരിയാകുമായിരിക്കും!