Wednesday, December 31, 2014

എന്റെ വീടനുഭവങ്ങള്‍


എന്റെ വീടനുഭവങ്ങൾ


വീട് ചെറുതായിരുന്നു. മണ്‍ചുവരു വച്ച കുമ്മായമടിക്കാത്ത ഓല മേഞ്ഞ ഗ്രാമീണമുഖമുദ്രയുള്ള കൊച്ച് വീട്. (അക്കാലത്ത് നാട്ടിലെ ഏക കോൺക്രീറ്റ്  സൗധം ചിറ്റിലപ്പിള്ളി  സെബാസ്റ്റ്യന്റേതാണെന്ന്  തോന്നുന്നു)  മകൻ  ഗൾഫുകാരനായപ്പോൾ  ചുമരുകളിൽ ചായമടിച്ച്, മേല്ക്കൂര ഓടാക്കി  വീടൊന്ന് മിനുക്കി, അച്ഛൻ. പെണ്മക്കളുടെ  കല്യാണം പുതുക്കിയ വീട്ടിൽ വച്ച് നടത്തിയപ്പോൽ അദ്ദേഹം ഏറെ സന്തുഷ്ടനായിരുന്നു.പക്ഷേ മകന്റെ  വധുവിന് വന്ന് കേറാൻ‍  മാത്രമുള്ള മാഹാത്മ്യം   വീടിനില്ലെന്നാണ്  പിന്നീടച്ഛൻ പറഞ്ഞത്.   

വട്ടത്തിച്ചിറ പാടത്തേക്ക്  ‘തോല് വെട്ടാൻ‍ കൊല്ലത്തിലൊരിക്കൽ‍ മാത്രം പോയിരുന്ന, മുള്ള്, മുരട്, മൂര്ക്കൻ പാമ്പുകൾ  നിറഞ്ഞ സ്രാമ്പി’ (മാളിക)വളപ്പിലെ   4 ഏക്കർ ഭൂമി കൈയിലാക്കിയപ്പോൾ ഇനി മകന്റെ സ്റ്റാറ്റസിനൊത്ത ഒരു  ഒരു വീട് പണിയാൻ ആ പിതൃമനസ്സ് വെമ്പി

മാസങ്ങൾ നീണ്ട ബ്രെയിൻ സ്റ്റോമിംഗിനു ശേഷം, രാസ് അൽ ഖൈമയിലുള്ള   മാവിലായിക്കാരൻ  എഞ്ചിനീയർ ഉത്തമൻ  തയ്യാറാക്കിയ  പ്ലാനുകളിൽ ഒന്ന് സെലെക്റ്റ് ചെയ്തു. വിശാലമായ ഹാൾ‍, ഡൈനിംഗ് റൂം‍, വായു സഞ്ചാരമുള്ള ബെഡ് റൂമുകൾ‍....പ്ലാൻ അച്ഛനും നന്നേ ബോധിച്ചു. ഒരു കാര്യം  നിര്ബന്ധമെന്ന്  ഞാൻ പ്രത്യേകം അറിയിച്ചു: ദുബായിലെപ്പോലെ സിമന്റ് കൊണ്ട് ഫൌണ്ടേഷൻ കെട്ടി, പില്ലറുകൾ വാര്ത്ത് വേണം വീട് പണി‍യാൻ.

ഒരു മനുഷ്യന് ജീവിതത്തിലനുഭവിക്കേണ്ടി വരുന്ന സന്നിഗ്ധഘട്ടങ്ങൾ  രണ്ടെന്ന് കാരണവന്മാർ പറയുന്നു. ഒന്ന് വിവാഹം‍. മറ്റൊന്ന് വീട് വയ്ക്കൽ‍. (ഒന്നുകിൽ അതോടെ  മുടിയും, അല്ലെങ്കിൽ നന്നാവും എന്ന് സാരം)  രണ്ട്  ഹർഡിത്സും ഒന്നിച്ച് ചാടിക്കടന്ന ഒരപൂര്‍വ ഭാഗ്യവാനാണു ഞാൻ

തറകെട്ടി പില്ലറുകൾ വാര്‍ത്തപ്പോഴേക്കും  ഗള്‍ഫന്റെ ഇന്ധന ടാങ്ക്  വറ്റി വരണ്ടു. അഞ്ഞൂറ് ചാക്ക് സിമന്റും  (സിമന്റിന് പെര്മിറ്റുള്ള കാലമാണേയ്)  രണ്ടര ടൺ കമ്പിയും  മണ്ണിൽ ചേര്‍ന്നത് മിച്ചം.   സ്രാമ്പി വളപ്പിൽ  ഉയരുന്ന  മാളികക്കുറിച്ചുള്ള ബ്രേക്കിംഗ് ന്യൂസ് കേട്ടോടിയെത്തിയ ഗ്രാമീണ ഗൊസ്സിപ്പുകാർക്ക്  ദര്‍ശനമേകിയത്  മഴ നനഞ്ഞ്, പായൽ പടർന്ന്  തല താഴ്ത്തി നില്ക്കുന്ന  ഏതാനും  ‘പില്ല‘റുകളാണ്!.  

ക്ലാവർ
 ബാലൻ ‘കനാൽ പരുങ്ങി രാജനെ തോണ്ടി കുതൂഹലപ്പെട്ടു: ‘അല്ലഷ്ടാ, ന്തൂട്ടാ ദിവനിവിടെ പണിയണേ? ചാർമിനാറാ?‘

ചാടിത്തുള്ളി വീട്ടിലെത്തിയ വല്യാപ്പനും വിഷയം അല്പം സംഭവബഹുലമാക്കാൻ സഹായിച്ചു‍.   അദ്ദേഹം ഉരുവിട്ട   അനേക  പാരഗ്രാഫുകളുടെ  ഏകദേശ  സംഗ്രഹം ഇങ്ങനെ:  അഥവാ  ചേട്ടന്റേയും മകന്റേയും കൈയിൽ  പണം കുറച്ചധികമെങ്കിൽ അത്  ദാനധര്‍മാദികള്‍ക്കായി  വിനിയോഗിക്കരുതോ?  മണ്ണിൽ കുഴിച്ചിട്ടുകൊള്ളാമെന്ന്  നേർച്ച നേര്‍ന്നിട്ടൊന്നുമില്ല, ഉവ്വോ?.

പുതിയ വീട്ടിൽ വച്ച് വേണം മകന്റെ വിവാഹമെന്ന ആഗ്രഹം
തത്കാലം പോസ്റ്റ്പോൺ ‍‘ ചെയ്ത്, വീടിന്റെ  പ്ലാനും ഗൾഫ് ആഢ്യത്വവും ഉയര്‍ത്തിക്കാട്ടി,  ഒരു ബാംഗളൂർ എജുക്കേറ്റഡ് വധുവിനെ അച്ഛൻ മകനു വേണ്ടി സംഘടിപ്പിച്ചു.  വർഷം 1981.  

താമസിയാതെ വാർക്കൽ കർമ്മവും പൂർത്തിയാക്കിയെങ്കിലും, വീട് പിന്നേയും  രണ്ട് കൊല്ലക്കാലം നീണ്ടുനിന്ന  ‘ഹൈബെർനേഷനിലേക്ക് മടങ്ങി



ബാങ്ക് ലോണും (ബാങ്ക് മെല്ലി ഇറാനിലെ സോമൻ പിള്ളച്ചേട്ടനോട് കടപ്പാട് ) ‘മാസക്കുറി’യും സാലറി അഡ്വാന്‍സുമൊക്കെയായി വീട് യാഥാര്‍ത്ഥ്യമായത്  1984-ൽ .

ഗൃഹപ്രവേശം അഥവാ “പാല്‍ കാച്ചൽ ‘ ആഘോഷമാക്കാൻ ഓണത്തിന് മുന്‍പ്   കുടുംബസമേതം ഞാൻ  നാട്ടിലെത്തി. പുറത്ത് നിന്ന് നോക്കിയപ്പോൾ ആകെക്കൂടെ ഒരാനച്ചന്തം. കാർപോർച്ച്, ഷോ വാൾ എല്ലാം മനോഹരം! വിശാലമായ ഹാളും ഡൈനിംഗ് റൂമും അടുക്കളയും  പ്രതീക്ഷിച്ച്  അകത്ത് കയറിയപ്പോൾ തകർന്ന മനസ്സുമായി അന്തിച്ച് നിന്ന് പോയി:  ദീര്‍ഘചതുരാകൃതിയിലുള്ള ഒരു ‘കുഞ്ഞൻ ‍’ ഹാൾ , ഡൈനിംഗ് ഏരിയ വെട്ടി മുറിച്ച അടുക്കള, ഒതുങ്ങിയ ഇടനാഴിയിലേക്ക് നയിക്കുന്ന ബെഡ് റൂം. മാസ്റ്റർ ബെഡ് റൂമും ഷോ വാളും മാത്രമുണ്ട് പ്ലാനിൽ വരച്ച്പോലെ.

- അച്ഛന്റെ വിശ്വസ്ഥ ഉപദേഷ്ടാവ് ഇടക്കുളം കൊച്ച് കുട്ടനാശാരി ‘വാസ്തു ശാസ്ത്ര’മനുസരിച്ച് പ്ലാനിൽ വരുത്തിയ ഭേദഗതികളുടെ പരിണാമം ‍!



നാല് വെക്കേഷനുകൾ പിന്നേയും കടന്ന് പോയി. വീടിന്റെ പടിഞ്ഞാറ് വശത്തുള്ള സ്ഥലം വില്‍ക്കാൻ പോകുകയാണെന്നും, വാങ്ങിയാൽ  മെയിൻ റോഡിൽ നിന്ന് വീട്ടിലേക്ക് നേരിട്ട്  പ്രവേശിക്കാനുള്ള വഴിയാകുമെന്നുമുള്ള  അച്ഛന്റെ സമ്മര്‍ദ്ദം മൂലം,  സ്ഥലമുടമ അമ്പി സ്വാമിയെ, ദല്ലാൽ  കുഞ്ഞിരാമനോടൊപ്പം,  ഇരിഞ്ഞാലക്കുടയിലുള്ള വസതിയിൽ ചെന്ന് കണ്ടു.  മൊത്തം ആറേക്കറും ഒന്നിച്ചേ കൊടുക്കൂ, ‘മണി‘ മുഴുവനും ‘വൈറ്റ്’ ആയി വേണം, ആറ് മാസത്തിനകം തീറ് നടത്തണം എന്നിവയായിരുന്നു സ്വാമിയുടെ പ്രധാന നിബന്ധനകൾ.
‘രണ്ടര കുടിയാൽ മൂന്ന് ഏക്കർ. അത്രയുമല്ലേ അച്ഛാ, നമുക്ക് താങ്ങാനാവൂ’: ഞാൻ പരുങ്ങി.
‘ആറ് മാസത്തെ സാവകാശമില്ലേടാ? ബാക്കി ഭൂമി നമുക്ക് വില്‍ക്കാം. ചൂടപ്പമല്ലേ.‘: എന്നായി അച്ഛൻ ‍.

വില പേശലുകള്‍ക്കൊടുവിൽ  സെന്റിന്  2700 എന്ന് തീരുമാനമായി. കരാറെഴുത്ത് തിങ്കളാഴ്ച. അഡ്വാന്‍സ് ഒരു ലക്ഷം, ബാങ്ക് ഡ്രാഫ്റ്റ് ആയി.

 ഉച്ച വരെ ഡ്രാഫ്റ്റുമായി രജിസ്ട്രാപ്പീസിൽ കാത്ത് നിന്നിട്ടും സ്വാമിയെക്കണ്ടില്ല. ടാക്സ്സിയെടുത്ത് വീട്ടിലെത്തിയപ്പോൾ പൂമുഖത്ത്ൻ കാവലിരിപ്പുണ്ട് സ്വാമിയുടെ മഞ്ഞച്ചേല ചുറ്റിയ ധര്‍മപത്നി. ഞങ്ങളിലാരെങ്കിലും  വാ തുറക്കും മുൻപേ  അമ്മ്യാരുടെ  ഊഷര സ്വരമുയർന്നു: ‘സ്വാമി വീട്ടിലില്യാ ട്ടോ.  ഒരത്യാവശ്യത്തിന് ത്രിശ്ശൂര് വരെ പോയിരിക്യാ. പിന്നെ, ഇന്നലെ നാഗ്പൂരീന്ന് മോൻ ഫോൺ ചെയ്തിരുന്നു. അവൻ പറയുന്നൂ  സെന്റിന് 3000 മെങ്കിലും കിട്ടാതെ വസ്തു വില്‍ക്കണ്ടാന്ന്. സാരല്യാ, നിങ്ങള്‍  ആലോചിച്ചിട്ട് അറീച്ചാ മതി.’

നിയന്ത്രിക്കാനാവാത്ത  കോപം  തികട്ടി വായിലെത്തി പിടഞ്ഞു നിന്നു. ‘വാക്കിന് വിലയില്ലാത്ത  ഭീരു പട്ടര്‍. വീടിനുള്ളിൽ ഒളിച്ചിരുന്ന് ഭാര്യയെക്കൊണ്ട് നുണ പറയിക്കുന്നു...... ‘ പക്ഷെ വീണ്ടും, ഞങ്ങളിരാരെങ്കിലും എന്തെങ്കിലും സംസാരിക്കും മുന്‍പ്,   അമ്മ്യാര്‍ അകത്ത് കയറി വാതിലടച്ചു.

പട്ടരുമായി ഇനിയൊരു ‘ബാര്‍ഗെയിനിംഗ്‘ വേണ്ടാ എന്ന് ഞാൻ തീരുമാനിച്ചു.  വിടിനൊരു രണ്ടാം  നില‘ എന്ന മനസ്സിലെ ആശ അറിയാതെ അതിനിടെ പുറത്ത് ചാടി. വീട് അപ്ഗ്രേഡ് ചെയ്യുന്നതിനോട് അച്ഛനും എതിർപ്പില്ലായിരുന്നു.  ‘വലിയ വീടില്ല, കൈയിൽ പണമില്ല, നല്ല വസ്ത്രമില്ല‘ എന്നിങ്ങനെയുള്ള  കാരണങ്ങളാൽ  സ്വസഹോദരങ്ങളാൽ പോലും അപമാനിതനാകേണ്ടി വന്ന സന്ദര്‍ഭങ്ങൾ അച്ഛന്റെ മനസ്സിനേയും കാർന്ന് തിന്നുണ്ടായിരിക്കാം.

നടുവിൽ ‘കോളംസ്‘ ഇല്ലാത്ത വിശാലമായ ഒരു ഹാൾ എന്ന  സ്വപ്നം പ്രായോഗികമല്ല എന്നാ‍യിരുന്നു  തൃശ്ശൂർ മുതൽ എറണാകുളം വരെയുള്ള പല പ്രശസ്ത കണ്‍സ്ട്രക്‍ഷൻ കമ്പനികളിലേയും  എഞ്ചിനീയര്‍മാരുടെ വിധിയെഴുത്ത്. വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല ഞാൻ.

ലീവ് തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് കാരുമാത്രയിലുള്ള   കൊച്ചമ്മായിയുടെ മകൻ  സതീശൻ വീട്ടിലെത്തുന്നത്.  എഞ്ചിനീറിംഗിൽ  ഡിപ്ലോമയെടുത്ത ശേഷം, കൂട്ടുകാരനുമൊത്ത് അല്ലറ ചില്ലറ കോണ്ട്രാക്റ്റ് വര്‍ക്കുകളുമായി അലയുകയായിരുന്നു, അവനപ്പോൾ . എന്റെ ഈ ‘ഡിലെമ്മ’യെപ്പറ്റി പറഞ്ഞപ്പോൾ  ചിന്തിക്കാനല്‍പ്പം പോലും സാവകാശമെടുക്കാതെ “കോളംസ് വാർത്ത് പണിത വീടല്ലേ? അതുകൊണ്ട്  ഈ ജോലി ഞാൻ ചെയ്ത് തരാം ചേട്ടാ’ എന്നാണവൻ  പറഞ്ഞത്.  

രണ്ടാം നിലയുടെ അവസാന മിനുക്ക് പണിയും തീര്‍ത്ത്,  തൊഴിലാളികളെ സത്കരിച്ച്, പാരിതോഷികങ്ങൾ  നല്‍കി യാത്രിയാക്കിയ ശേഷം, രാത്രി ഭക്ഷണം കഴിച്ച് കിടന്ന അച്ഛൻ ആ‍ ഉറക്കത്തിൽ നിന്നും പിന്നെയുണര്‍ന്നില്ല. 1991-ജൂലൈ.                   
    


വീടിന് നേരെ മുന്‍പിലായി നാല് ചെറിയ വീടുകളുണ്ടായിരുന്നു. കുടികിടപ്പവകാശ നിയമപ്രകാരം ലഭിച്ച ‘4 സെന്റു‘ കാരുടെ കൂരകൾ ‍‍. (മൂന്ന് പേർ സഹോദരങ്ങൾ ‍) കൂരകളുടെ വലത് വശത്ത് കൂടിയായിരുന്നു വീട്ടിൽ നിന്നും റോഡിലേക്കുള്ള വഴി. രാത്രിയായാൽ പുലരും വരെ പുലയാട്ടും പോർ വിളിയുമാണ് എന്നും സഹോദരങ്ങൾ തമ്മിൽ. സ്ത്രീകളായിരിക്കും പോരിന്  മുന്നിൽ. പിന്നെ ഇടക്കിടെ മന്ത്രവാദം, തുള്ളൽ, കോഴിക്കുരുതി, ബാധയൊഴിപ്പിക്കൽ എന്നിവയും കാണും. .

അല്പം സമയമെടുത്താണെങ്കിലും,  പൊന്നും വില കൊടുത്ത് (അത് മറ്റൊരു  ‘കദന’കഥ) ഓരോരുത്തരെയായി ഒഴിപ്പിച്ചെടുത്തു.

കൂരകൾ പൊളിച്ച്, അവരുടെ കിണറുകളും കക്കൂസുകളും കുളി മുറികളും ‘ജേസിബി’ വച്ച് നിരത്തി, വീടിന്  നേരെ മുന്നിലൂടെ ഒരു വഴി വെട്ടിയപ്പോൾ തോന്നി: എന്ത് ഭംഗിയാണെന്റെ വീടിന് എന്ന്. (‘എന്താ ദാസാ ഈ ബുദ്ധി നേരത്തേ തോന്നാതിരുന്നത്?’)

     


2011 മേയ്.  മകളുടെ വിവാഹനിശ്ചയം കഴിഞ്ഞ്, ടെന്‍ഷനുകളിൽ നിന്ന് താത്ക്കാലിക അവധി യെടുത്ത്  വിശ്രമിക്കുമ്പോൾ അടുത്ത ബോധോദയം:   ഒരു പടിപ്പുര കൂടിയുണ്ടെങ്കിൽ വീടിന് ഒന്ന് കൂടി ആര്‍ബാഡമാകില്ലേ?

ജയൻ ബിലാത്തിക്കുളം എന്ന പേർ ഓര്‍മ്മയിൽ തെളിഞ്ഞതപ്പോഴാണ്. പ്രശസ്ത സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്യ്തുംകടവ് ആണ് ജയനെ പരിചയപ്പെടുത്തിയതെങ്കിലും ആ ബഹുമുഖപ്രതിഭ എങ്ങനേയോ പെട്ടെന്ന് എന്റെ അടുത്ത സുഹൃദ് വലയത്തിനുള്ളിൽ കടന്ന് കൂടി. പിന്നീട് പല  കൂട്ടിമുട്ടലുകൾ ‍, ആകസ്മികമായും അല്ലാതെയും. ജയന്റെ കോഴിക്കോട്ടുള്ള ഗോഡൌണുകളിലൊന്നിൽ  പൊളിച്ച പഴയ ഇല്ലങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിൽ,  ഒരു  പടിപ്പുരയുമുണ്ടായിരുന്നില്ലേ?

റിംഗ് ചെയതയുടനെ ഫോണെടുത്ത ജയൻ അത്ഭുതപ്പെട്ടു: ‘അല്ല, ചേട്ടൻ തിരിച്ച് പോയില്ലേ?
‘ഇല്ല, അടുത്താഴ്ച‘.
‘ഇപ്പോൾ വീട്ടിലുണ്ടോ?’: അടുത്ത ചോദ്യം.
‘ഉണ്ടല്ലോ’
‘രണ്ട് പേര്‍ക്ക്  ഊണ് തരപ്പെടുത്താൻ ബുദ്ധിമുട്ടാവുമോ?
വാച്ചില്‍നോക്കിയപ്പോൾ  12 മണി.
“ഇല്ലല്ലോ? പക്ഷേ ജയൻ കോഴിക്കോട്ട്ന്ന് ഇങ്ങെത്തുമ്പോഴേക്കും ചോറ് തണുത്ത് പോകില്ലേ?’: ജയൻ പതിവ് പോലെ ‘തമാശു‘കയാണെന്ന് കരുതി, ഞാൻ.
“ഇല്ല ചേട്ടാ, ഞാൻ കൊച്ചിയിലെ ഓഫീസിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിലാ‍. ഇപ്പോ ചാലക്കുടിയെത്തുന്നു.‘
“എങ്കിൽ ഹൈവേയിൽ നിന്ന് വണ്ടി ഇടത്തോട്ട് തിരിക്കൂ’

ഊണ് കഴിഞ്ഞ് വിശ്രമിക്കുമ്പോൾ ഞാൻ പടിപ്പുര വിഷയം അവതരിപ്പിച്ചു. പടിക്കൽ ചെന്ന് വീടിനെ നോക്കി അല്പസമയം നിന്നു, ജയൻ.  പിന്നെ ഇടത്തോട്ട് നടന്നു, വീടിനെ നോക്കി.   വീണ്ടും പടിക്കൽ.  പിന്നെ വലത്തോട്ട്.
എന്നിട്ട് തിരിച്ച് വന്നു.
 ‘പടിപ്പുര വച്ചാൽ വീട് ഒന്ന് കൂടി താഴ്ന്ന് പോകും ചേട്ടാ.‘: ജയൻ പറഞ്ഞു:  ‘ഗേറ്റ്  ഉയരത്തിലും വീടല്‍പ്പം  താഴെയുമല്ലേ?  നമുക്കീ വീടിനെ ഒന്ന്  പൊക്കിയാലോ?‘

 ജാക്കികളും ക്ലാമ്പുകളും വച്ച്, പഴയ ചില ഇല്ലങ്ങൾ ഉയർത്തുന്ന വാര്‍ത്തകളും അതിന്റെ ചിത്രങ്ങളും  ഞാനും കണ്ടിരുന്നു. പക്ഷേ ഇവിടെ അതെങ്ങിനെ?

ഇന്‍സ്റ്റാന്റ് ഡ്രോയിംഗുകളോടെ സഹായത്തോടെ  ജയൻ പദ്ധതികൾ വിവരിച്ചു:   കാർ പോര്‍ച്ച് പൊളിച്ച്  നടപ്പുരയാക്കുന്നതും ഭിത്തികൾ തകര്‍ത്ത് മുറികൾ ഒന്നിപ്പിക്കുന്നതും  ടെറസിന് മുകളിൽ ആറടിയോളം ഉയരത്തിൽ ട്രസ്സിട്ട് ഓട് വയ്ക്കുന്നതും...........

ബിലാത്തിക്കുളത്തുള്ള ജയന്റെ വീട് മനസ്സിൽ തെളിഞ്ഞപ്പോൾ ഐഡിയ പെട്ടെന്നെന്റെ തലയിൽ കയറി

‘പക്ഷേ, മകളുടെ കല്യാണത്തിന് മുന്‍പ് ഇതെല്ലാം നടക്കുമോ? നമ്മുടെ നാടല്ലേ, ജയാ?  സാമഗ്രികൾ, ജോലിക്കാർ ....?‘: ഞാൻ സംശയിച്ചു.
‘അടുത്ത മാസം ആദ്യം വീട് കാലിയാക്കി എന്നെ ഏല്‍പ്പിക്കുക. ഡിസംബറിലല്ലേ കല്യാണം? നവംബർ ആദ്യ വാരത്തിൽ തന്നെ ഒരു  പുതിയ വീട് ഞാൻ ചേട്ടനെ തിരിച്ചേല്‍പ്പിക്കാം‘: ജയൻ വാക്ക് തന്നു.

പണച്ചാക്കുകളുമായി വര്‍ഷങ്ങളോളം  ആളുകൾ പിറകെ നടന്നിട്ടും തിരിഞ്ഞ് നോക്കാത്ത ജയൻ‍, സ്വയം വന്ന് ഒരു ജോലി ഏറ്റെടുക്കന്നത് ഒരു പക്ഷേ, ആദ്യമായിട്ടായിരിക്കും.

മഴയുടെയും പണിക്കാരുടേയും  ചില ചില്ലറ  ഇടപെടലുകൾ മൂലം അല്പം താമസിച്ചുവെങ്കിലും (ഡിമോലിഷൻ വര്‍ക്കുകൾ തന്നെ ഒന്നര മാസത്തോളം നീണ്ടു നിന്നു) ജയൻ വാക്ക് പാലിച്ചു.
-ഡിസംബർ 11 നായിരുന്നു മകളുടെ കല്യാണം, പുതിയ വീട്ടിൽ വച്ച്.
                                                 



കാർ പോര്‍ച്ച് നടപ്പുരയായി. സിറ്റ് ഔട്ടും പഴയ ഹാളും ഒന്നിച്ച് പുതിയ ലിവിംഗ് റൂം.  കിച്ചനും ഡൈനിംഗും ചേര്‍ന്ന്  ടീ വീ  കം ഡൈനിംഗ് ഹാൾ . ആവശ്യമില്ലാത്ത വാതിലുകൾ എടുത്ത്  മാറ്റി. ജനലുകൾ  വലുതാക്കി.

എല്ലായിടത്തും വെളിച്ചവും വായുവും. വീടിന്നകം സുഖശീതളം (ഇതല്ലേ  ‘വാസ്തു?”)

വീടു പണിയിലുള്ള  എന്റെ ഇടപെടലുകൾ സാമ്പത്തികത്തിൽ മാത്രമൊതുങ്ങുന്നുവെങ്കിലും (ആദ്യ വീട് അച്ഛൻ ‍, രണ്ടാം നില സതീശൻ ‍, റിനോവേഷൻ ജയൻ ) വീട് പണിയാനാഗ്രഹിക്കുന്നവര്‍ക്ക്  വേണ്ടി ചില നിരീക്ഷണങ്ങൾ പങ്ക് വയ്ക്കാം:

-നല്ല ഉറച്ച ചെമ്മണ്ണുള്ള സ്രാമ്പി വളപ്പിൽ , സിമന്റ്റ് കൊണ്ട് തറ കെട്ടി, പില്ലറുകൾ വാര്‍ത്ത് വീട്  പണി തുടങ്ങിയത് എന്റെ  ‘കുരുത്തം കെട്ട‘ ഐഡിയയായിരുന്നുവെങ്കിലും മുകളിൽ ‘കോളങ്ങൾ ’ഇല്ലാത്ത വലിയ ഹാൾ പണിയുന്നതിനും അതിന് മുകളിൽ ടൺ കണക്കിന് കമ്പി കേറ്റി  ‘ട്രസ് വര്‍ക്ക്സ്‘  നടത്തുന്നതിനും അത്  സഹായകരമായി     

-ട്രസ്സിന്റെയും ഓടിന്റേയും ഭാരം ഭാഗികമായി പങ്ക് വയ്ക്കുന്നത് യൂറോപ്യൻ മോഡലിലുള്ള ഒരു ‘പുകക്കുഴൽ’ ആണ്. ഭംഗിയോടൊപ്പം കിലോമീറ്ററുകള്‍ക്കകലെ വരെ വീടിന്റെ സാന്നിദ്ധ്യമറിയിക്കാനും അത് സഹായിക്കുന്നു. മുന്‍ വശത്ത് കാണുന്ന  ഗ്ലാസും മരവും ചേര്‍ന്ന ആ‍ ‘മുകപ്പ് ‘ വീടിന്റെ  ഇടത് - വലത് വശങ്ങളിലും ‘റിപീറ്റ്’ ചെയ്തിട്ടുണ്ട്.



-‘ടിൻ ഷുഡ് ബി അണ്ടർ ദ് ടിൻ’ എന്ന ജയന്റെ അഡ്വൈസ് അനുസരിച്ച് പരിഷ്ക്കരിച്ച വീടിന് കാർ പോര്‍ച്ച് ഇല്ല. (ഇനി ഒരു “ടിൻ’വാങ്ങുകയാണെങ്കിൽ ‘ടിൻ‘ മേഞ്ഞ ഒരു കൂര ആകാമല്ലോ?.)

-മണൽ ഒന്നിച്ച് വാങ്ങുക, സിമന്റ് ആവശ്യമനുസരിച്ചും.(മണലിന്റെ അവൈലബിലിറ്റിയും വിലയും തന്നെ പ്രധാന കാരണം. അത്ര വ്യത്യാസം സിമന്റിന് വരില്ല. സ്റ്റോർ ചെയ്യുമ്പൊൾ കേട് വരികയും ചെയ്യും ) ഇമയടച്ച് തുറക്കും മുന്‍പ് അപ്രത്യക്ഷമാകുന്ന, അല്ലെങ്കിൽ കണക്കിൽ മാത്രം പ്രത്യക്ഷപ്പെടുന്ന മണൽ ‍ സിമന്റ്  ചാക്കുകൾ ബജറ്റിനെ തകിടം മറിക്കും.

- പഴയ മര ഉരുപ്പടികൾ ‘റീസൈക്കിൾ ‘ ചെയ്യാൻ മടിക്കരുത്. അല്ലെങ്കിൽ ആവശ്യത്തിനുള്ള മരം  പുരയിടത്തിൽ ഉണ്ടായിരിക്കണം. മരം  അറപ്പിക്കുമ്പോൾ  വിശ്വസ്ഥരുരുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തുക. മില്ലിൽ നിന്നും തടിക്കഷണങ്ങളും പലകകളും ചോര്‍ന്ന് പോകുന്നത് പലപ്പോഴും നാം അറിയാറില്ല)

- പ്ലംബിംഗ്  എലക്ട്രിക്കൽ ഐറ്റംസ്, പെയ്ന്റ് എന്നിവ വാങ്ങുമ്പോഴും തഥൈവ.  എലക്ട്രീഷ്യനും പ്ലംബര്‍ക്കും പെയിന്റര്‍ക്കുമുള്ള കമ്മീഷൻ മാറ്റി വച്ച ശേഷമേ കടക്കാരൻ ബില്ലുണ്ടാക്കൂ . കൂടാതെ ഉടമ ‘അനാടി‘യെന്ന് മനസ്സിലാക്കിയാൽ  പണിക്കാരന്റെ സിഗ്നലുകള്‍ക്കനുസരിച്ചായിരിക്കും സാധനങ്ങളുടെ വിലനിലവാരം .
ചില ‘കോമൺ ‘ സിഗ്നലുകൾ ‍:
1) കാൽ മുട്ട് മാന്തൽ : ഉടമക്ക് അല്പം ബോധമുണ്ട്, കാൽ ഭാഗം(25%) കട്ട് ചെയ്താൽ മതി.
2)ചന്തിയിൽ ചൊറിയൽ  : പകുതി വരെ(50%) മുറിച്ചോളൂ)
3) കഴുത്തിൽ തടവൽ : മഹാ കഴുതയാ. മുക്കാലും (75%) പോന്നോട്ടെ.

കോഴിക്കോട് നിന്നും വന്ന അനീഷ് & പാര്‍ട്ടിയാണ്  പ്ലംബിംഗും എലക്ട്രിക്കൽ വര്‍ക്ക്സും ചെയ്തത്. ഇരിഞ്ഞാലക്കുടയിലും തൃശ്ശൂരുമുള്ള കടയുടമകൾ അനീഷിനോട്  പ്രത്യേക സ്നേഹം കാണിക്കുന്നതും ആംഗ്യഭാഷയിൽ സംസാരിക്കാൻ ശ്രമിക്കുന്നതും  ശ്രദ്ധയിൽ പെട്ടു. പക്ഷേ  ബില്ലിടും മുന്‍പ് അനീഷ് പറഞ്ഞു:
‘മാഷെ, എന്റെ കമ്മീഷൻ തുക ബില്ലിൽ കുറച്ചോളൂ ട്ടാ‍.’.
അത്ഭുതത്തോടെ നോക്കിയപ്പോൾ അനീഷ് ആവർത്തിച്ചു: ‘ഞങ്ങളുടെ അസോസിയേഷന്റെ തീരുമാനമാണ്  കമ്മീഷൻ വാങ്ങരുതെന്ന്‘.
(സത്യസന്ധതക്ക് പേര് കേട്ട കോഴിക്കോട്ടെ  ഓട്ടോ തൊഴിലാളികള്‍ക്കൊപ്പമെത്താൻ ശ്രമിക്കുന്ന ഇവരുടെ അസോസിയേഷന് എന്റെ വക ഒരു സല്യൂട്ട്!)

- മേസൻ ‍, കാര്‍പെന്റ്റി തൊഴിലാളികൽ മലപ്പുറം ജില്ലയിൽ നിന്നുള്ളവരായിരുന്നു. ഓരോ ജോലിക്കും പത്തും പനിനഞ്ചും പേരടങ്ങുന്ന സംഘമാണ് വരിക‍. പണി തീരും വരെ അവർ സൈറ്റിൽ തങ്ങും. പണി സമയം കാലത്ത് 6 മണി മുതൽ വൈകീട്ട് 6 വരെ. (ആവശ്യമെങ്കിൽ ഓവര്‍ടൈമും) ഇടക്ക് അര മണിക്കൂർ ബ്രേക്.  ഭക്ഷണം പാകം ചെയ്യാനും വെള്ളം, ചായ സപ്ലൈക്കുമായി  ഒരാൾ മാറി നില്‍ക്കും. (അത് കൊണ്ടല്ലേ പറഞ്ഞ സമയത്ത് പണി തീര്‍ന്നത്)

-ടൈത്സ് വാങ്ങുമ്പോഴും വില പേശൽ നിര്‍ബന്ധം. ടൈൽ-ഏരിയായുടെ അളവ് കൃത്യമായിരിക്കണം. ക്വാണ്ടിറ്റി അനുസരിച്ച് ഡിസ്ക്കൌണ്ട് റേറ്റും മാറും.

35-40 രൂപ റേയ്ഞ്ചിലുള്ള, വഴുതാത്ത, തിളക്കമില്ലാത്ത വിട്രിഫൈഡ് ടൈല്‍സും വൈറ്റ് മാര്‍ബിളുമാണ് ഞാൻ ഉപയോഗിച്ചത്. ‘മലപ്പുറം ഡിസൈന്‍സ്‘-മലപ്പുറക്കാർ ക്ഷമിക്കണം: കടക്കാരുടെ ഭാഷയാണത്) പൂര്‍ണമായും ഒഴിവാക്കി. കാര്‍പെറ്റ് ഡിസൈനുകളും റെഡിമേഡ്  മോട്ടിഫ്സും തറ മനോഹരമാക്കാൻ സഹായിച്ചു.




-‘ആന്റിക്ക്‘ തീം അനുസരിച്ചാണ് ഫര്‍ണിഷിംഗ് നടത്തിയത്. പഴയ ഡിസൈനുകളിൽ ഉള്ള സോഫ, ടീപോയ്, സൈഡ് ടേബിളുകൾ ‍ എന്നിവക്കൊപ്പം  ഗ്രാന്‍ഡ് പിയാനോ, ഗ്രാമഫോൺ , ഫാൻ ‍, ഫോൺ , ആമാടപ്പെട്ടി അങ്ങനെ...

പ്രധാനപ്പെട്ട കാര്യം ‘സ്റ്റിക് ടു യുവർ ബജറ്റ്‘ എന്നതാണ്. ഫൌണ്ടേഷൻ മുതൽ പെയിംറ്റിംഗ് വരെ ഓരോ സ്റ്റേജ് കഴിയുമ്പോഴും ബജറ്റും യഥാര്‍ത്ഥ ചിലവുകളും താരതമ്യപ്പെടുത്തുക.  എവിടെ കൂടി, എന്ത് കൊണ്ട് കൂടി എന്നതിനെപ്പറ്റി ചില്ലറ ഗവേഷണങ്ങളും ആവശ്യമാണ്. അടുത്ത സ്റ്റേജിൽ ആ തെറ്റുകൾ ആവര്‍ത്തിക്കാതിരിക്കാനും ബജറ്റിൽ ഒതുക്കി നിര്‍ത്താനുമാണത്.

-എങ്കിലല്ലേ ഫൈനൽ സ്റ്റേജിൽ, വേണമെങ്കിൽ,  നമുക്കല്പം ‘ലാവിഷ്‘ ആകാനൊക്കൂ!


(മലയാളം ഇ മാഗസിനിൽ  പ്രസിദ്ധീകരിച്ചത്   : http://malayalamemagazine.com/schirayil/ )

Wednesday, November 20, 2013

പഞ്ചകര്‍മ്മായനം : 3


ദിവസം  6

  

കടിച്ച് പിടിച്ച് കുടിച്ചിറക്കിയ കഷായത്തിന്റെ കയ്പ്പോടെ, മങ്ങിയ  പ്രഭാതത്തിലേക്ക് വാതിൽ‍ 
തുറന്നിറങ്ങിയപ്പോൾ‍   മുഖം നിറയെ  കൽ‍ക്കണ്ടച്ചിരിയുമായി  സഖാവ് മുന്നിൽ.  കൈയിൽ‍‍ തലേന്നത്തെ ദേശാഭിമാനി.  മറ്റാരേയും കൂടെ കണ്ടില്ല. പ്രഭാത കർമ്മങ്ങളിൽ ബിസിയായിരിക്കും. 

പത്രം വന്നോ  എന്ന് ആംഗ്യഭാഷയിൽ ചോദ്യം. കൈയുയർത്തി വാച്ച് കാട്ടി  സമയമായില്ലല്ലോ എന്ന  മറുപടി.

 എണീറ്റയുടനേയുള്ള പത്രം വായന ചെറുപ്പത്തിലേയുള്ള ശീലമാണ്. ചുടുവാർത്തയുടെ മേമ്പൊടിയില്ലെങ്കിൽ‍ ബാത് റൂമിലെ ‘സോളിഡ് ട്രാൻസാക്ഷൻസ്‘ അല്പം അസ്കിതയോടെയായിരിക്കും.   

ലഭ്യമാകുന്ന പത്രങ്ങൾ‍ മനോരമയും  മാതൃഭുമിയും മാത്രം  എന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞപ്പോൾ
കാളിയങ്കാട്ട് നീലിയോ  മൂവാ‍ളംകുഴി  ചാമുണ്ഡിയോ കൂടുതൽ കാമ്യം എന്ന സംശയത്തിൽ‍ അല്പമൊന്നറച്ച് നിന്നു.  പിന്നെ  മനസ്സിൽ നറുക്കിട്ടെടുത്ത് നീലിയെത്തന്നെ തരാക്കാൻ ഏര്‍പ്പാടാക്കി.  തുടന്നുള്ള  നാല് ദിവസവും 7 മണിക്ക് അനുസരണയോടെ ഹാജരായ അവള്‍ അഞ്ചാം ദിനം പണി മുടക്കാനെന്താ കാരണം?
വിഷയം മുഷിഞ്ഞ് കാണുമോ?
ഹരം ഹരണത്തിലായി കാണുമോ?

ഉച്ചയൂണ് കഴിഞ്ഞ് കാന്റീനിൽ നിന്ന് മടങ്ങുമ്പോൾ 
വരുണിന്റെ റൂമിലേക്കത്തി നോക്കി അറിയിച്ചു:
‘ഇന്ന് 
പത്രം കിട്ടിയില്ലല്ലോ, വരുൺ
‘ഛായ്, ലജ്ജാവഹം’ എന്നമറിക്കൊണ്ട് “ആരവിടെ’ എന്ന് ബെല്ലടിച്ചെങ്കിലും  മൈൻഡ് ചെയ്യാനാരുമില്ലാത്തതിനാൽ സുമുഖൻ സ്വയം റിസപ്ഷനിലേക്കൊഴുകി.  അല്പസമയം കഴിഞ്ഞ് കാറ്റ് പോയ ബലൂൺ‍
പോലെ തിരിച്ചെത്തി അരുളി:  ‘അത്....സാർ‍ഇന്നലെ വരെ നൈറ്റ് ഡ്യൂട്ടി സ്വപ്നേച്ചിക്കായിരുന്നുഅവരാണ് സാറിന് പത്രം 
കൊടുത്തയച്ചിരുന്നത്.  ഡ്യൂട്ടി മാറി പകരമെത്തിയ സുധക്ക് ഇക്കാര്യമറിവില്ലായിരുന്നു.  അതാണ്........’
“ഉത്തരവാദി കോൻ‍’? എന്ന ചോദ്യത്തിൽ‍‍ നിന്നൊഴിഞ്ഞ് മാറി ഹിഡുംബന്റെ   വാഗ്ദാനം:
 നാളെ... നാളെ ...നാളെ മുതൽ‍‍ ഉറപ്പ്‍’‍.
‘ വേണ്ടാ,  എനിക്കിനി പത്രം വേണ്ടാ.  ക്യാൻസൽ‍ ചെയ്തോളൂ‍’’ എന്ന എന്റെ പെട്ടെന്നുള്ള പ്രതികരണം  അയാളെ അത്ഭുതപ്പെടുത്തിക്കാണും.

സഖാവിന് മാത്രൂഭൂമിയാണ് വരിക.   10 മണിയോടെ വീട്ടിൽ‍‍ നിന്ന് പാര്‍ട്ടി  പത്രവുമായി അനിയൻ വരും.   ഗോപിയേട്ടന്റെ വീട്ടിൽ നിന്ന്  കൌമുദിയെത്താൻ‍  ഉച്ചയാകും.  ഇത്രയും പത്രങ്ങൾ വായിക്കാനുള്ളപ്പോൾ ‍ എനിക്ക് മാത്രം കണി കണ്ടുണരുവാനെന്തിനൊരു സുപ്രഭാതം?

കാലത്ത് ഇലക്കിഴി, വൈകീട്ട് ധാര. ഞങ്ങൾ രണ്ട് പേര്ക്കും ഇതായിരുന്നു ആ ദിവസങ്ങളിൽ.
 ഭാര്യക്ക്ക്ക്  മുട്ട് വേദനക്കുള്ള ലേപനവുമുണ്ടാകും.

ആ ഉച്ച സമയങ്ങളിൽ ഞാനും സഖാവും ഗോപിയേട്ടനും  മണികണ്ഠനെന്നമണൽ മാഫിയാ‍ക്കാരനും മഴയെ അവഗണിച്ച്  നടക്കാനിറങ്ങും. 

അന്ന് ഇലക്കിഴി കഴിഞ്ഞ് തിരിച്ചെത്തിയ  ഭാര്യയുടെ മുഖത്തൊരു ഭാവവ്യത്യാസം.
‘എന്ത് പറ്റി,  ആരോ വേദനിപ്പിച്ച പോലെ
?” ഞാൻ‍‍ കളിയാക്കി.
ചേട്ടാ,‍ ഇതൊന്ന് നോക്കിയേ?
അവൾ‍ ധരിച്ചിരുന്ന പാക്കിസ്താനി സല്‍‌വാർ മുട്ടിലേക്കുയര്‍ത്തി.  വലത്കാൽ മുട്ടിന് മുകളിൽ‍  ഉണ്ണിയപ്പം പോലൊരു കുമിള.
അയ്യോഎന്ത് പറ്റീതാ?“ : എനിക്കാധിയായി.
‘കിഴി വച്ചപ്പോ‍ പൊള്ളിയതാ.
'കിഴി വയ്ക്കുമ്പോൾ‍
‍ പൊള്ളുകയോ??‘
ചൂടായ കിഴി ഉറുളിയിൽ‍‍ നിന്നെടുത്ത് എണ്ണപ്പാത്തിയിൽ‍ അടിച്ച് പതം വരുത്തികൈവെള്ളയിലുരസി,   ചൂട് കൃത്യമാണെന്ന് തിട്ടം  വരുത്തിയിട്ടേ  രോഗിയുടെ ശരീരത്തിൽ‍‍ പ്രയോഗിക്കുകയുള്ളൂ.
കിഴി വയ്ക്കുന്നവർ രണ്ട് പേരും‍ തമ്മിൽ‍ കിന്നരിച്ച് നിന്നതോണ്ട് പറ്റിയതാ’ : ഭാര്യ ചിരിക്കാൻ‍  ശ്രമിച്ചു.
‘വരൂ, നമുക്ക് ഡോക്ടരെ കാണാം”. ഞാനെണീറ്റു.
‘വേണ്ട
പാവം കുട്ടി എന്നോട് സോറി പറഞ്ഞു‘:
ഞാൻ വഴക്കുണ്ടാക്കുമെന്ന കാര്യത്തിലവൾക്ക് സംശയമില്ലായിരുന്നു.

നഴ്സ് സ്റ്റേഷനിൽ 
‍ സൂപര്വൈസർ‍‍ ഇന്ദു ഉറക്കം തൂങ്ങിയിരിക്കുകയാണ്.
ഭാര്യയെ കണ്ടപ്പോൾ തന്നെ അവർ  ചാടിയെണീറ്റു.  ‘ സാ
രല്യാ സാർ, ഓയിന്റ്മെന്റ് പുരട്ടിക്കൊടുത്തിട്ടുണ്ട്. പുതിയ കുട്ടിയായതോണ്ട് പറ്റിപ്പോയതാ.  ഞാനവൾക്ക് വാണിംഗ് കൊടുത്തിട്ടുണ്ട്“. അവർ പ്ര്രശ്നം ‍ ലഘൂകരിക്കാനുള്ള ശ്രമത്തിലാണ്.

അവരെ തറച്ചൊന്ന് നോക്കി ഞാൻ‍‍ ഡോക്ടറുടെ റൂമിലേക്ക്  നടന്നു.
‘എന്റെ സര്‍വീസിൽ‍ ആദ്യമായാണിങ്ങനെ” ഡോക്ടര്ക്ക് വിശ്വാസം വന്നില്ല.
ഫോണിലദ്ദേഹം “മിസ്സി“നെ വിളിച്ചുതെറാപിസ്റ്റുകളടക്കം നാലുപേര്‍‍ ഹാജരാക്കാൻ ഓർഡറിട്ടു.  .
അനിലും വരുണും സ്ഥലത്തില്ലായിരുന്നു.

മുട്ടു വേദനക്കുള്ള ചികിത്സക്കാണ് ‍ വന്നത്. മുട്ടിലൊന്ന് ‍ തൊടാൻ‍‍  പോലും ഇനി  പറ്റുമോ?   മുറിവുണങ്ങും വരെ വിശ്രമവും വേണ്ടേ?   കണ്‍സ്യൂമർ‍  കോര്‍‍ട്ടിനെ സമീപിക്കാനാണ്   തീരുമാനം:‘  എന്റെ വാക്കുകൾ  വ്യക്ത മാ‍യിരുന്നു.
.
സംഗതിയറിഞ്ഞ് സഖാവും പരിവാരങ്ങളും മറ്റ് ചില ഡോക്ടര്മാരും സ്ഥലത്തെത്തി.
‘സാർ‍
‍ ഇരിക്കൂഞാനൊന്ന് പറയട്ടേ‘: ഡി എം ഓ എണീറ്റരികിലേക്ക്‍ വന്നു.
ആപത് ബന്ധുവായ സഖാവും ഇടപെട്ടു
; ‘ശശിയേട്ടനിരിക്കൂ. ഡോക്ടർ‍  ആ  കുട്ടിയോട് ചോദിക്കട്ടെ‘‍.
‘പുതിയ കുട്ടിയാ.ബദ്ധം പറ്റിയതാ’ ബിന്ദു മാഡത്തിന്റെ ഗ്രാമഫോൺ റെക്കോഡ്  പഴയ പല്ലവി ആവർത്തിച്ചു. അവർ ഒരു പെൺകുട്ടിയെ മുന്നോട്ട് നീക്കി നിർത്തി.

‘സോറി 
സാർ‍, സോറി മാഡം.“:  മെലിഞ്ഞ ഗ്രഹണി പിടിച്ച ഒരു ഷണ്മുഖി  പാതി കുനിഞ്ഞും പാതി കൈ കൂപ്പിയും മുന്നിലേക്ക് വന്നു.
‘ഇനി ഒരറിയിപ്പ് വരെ ഇവള്‍ ജോലിയെടുക്കണ്ടാ’ ഡോക്ടർ മാഡത്തിനോട് കല്‍പ്പിച്ചു.

എന്നിട്ട് ‍ ഒരു പ്രിസ്ക്രിപ്ഷനെഴുതി മിസ്സിന് നേരെ നീട്ടി:  ‘ഈ ഓയിന്റ്മെന്റ്റ്   പുരട്ടിയാൽ‍ മതി.  ദിവസം നാല് നേരം.  പൊള്ളൽ പെട്ടെന്ന് പൊറുത്തോളും’
‘ഈ മരുന്ന് സ്റ്റോക്കില്ലാ ഡോക്ടർ‍:‘:വേഗമെത്തീ ബിന്ദുമേഡത്തിന്റെ ഉത്തരം .
‘എനിക്കറിയാം. ഡ്രൈവറെ വിട്ട് ടൌണിൽ നിന്നും വാങ്ങിപ്പിക്കണം: ഇല്ലെങ്കില്‍ അരുൺ തന്നെ പോയി വാങ്ങി വരട്ടെ” ഡോക്ടരൂടെ ശബ്ദം ക്രമാതീതമായുയര്‍ന്നു: ‘ഇപ്പോ തന്നെ.‘

'മുൻപ് ജോലി ചെയ്തിരുന്ന സ്ഥലത്തെ കാര്യങ്ങൾ സംസാരിച്ചതാ സാർ. ഇക്കാര്യത്തിന് ഇവിടെ നിന്ന് പറഞ്ഞ് വിട്ടാ എനിക്ക് മറ്റൊരു ജോലി കിട്ടില്ല,. എന്റെ ശമ്പളം കൊണ്ടാ ഒരു കുടുംബം മുഴുവൻ...’ വിക്കി വിക്കി പെൺകുട്ടി പറഞ്ഞൊപ്പിച്ചു.
‘പോട്ടെ ചേട്ടാ,  ഈ കുട്ടിയുടെ ജോലി പോകാൻ‍ നമ്മൾ‍  കാരണമാകണ്ടാ:‘  ഭാര്യയുടെ മനസ്സ് അവളുടെ കരച്ചിലിൽ‍ ഉരുകി.

സഖാവു മുന്നോട്ട് വന്ന് എന്റെ തോളിൽ‍ തൊട്ടു. അതിന്റെ അര്‍ത്ഥമെനിക്ക് മനസ്സിലായി.
‘തത്ക്കാലം ആക്‍ഷനൊന്നും എടുക്കണ്ടാ, ഡോക്ടർ:‘ ഞാൻ‍ പറഞ്ഞു. ‘പൊള്ളലിന്റെ കാഠിന്യം നോക്കട്ടെ”
പെൺകുട്ടി കൃതജ്ഞതയോടെ നോക്കി ഞങ്ങളെ നോക്കി. ബിന്ദു മിസ്സ് മാത്രം കടിച്ച് പിടിച്ച ദ്വേഷ്യത്തോടെ തല തിരിച്ചു.

മഴ പെയ്തുകൊണ്ടിരുന്ന സന്ധ്യ
,  കൊതുക് ശല്യം തീഷ്ണമല്ലാത്തതിനാൽ‍ വരാന്തയിൽ 
‍ ഞങ്ങളുടെ പതിവ്   സദിര് തുടരുകയായിരുന്നു. ഇടക്ക്‍ ഒരു കള്ളിഷേര്ട്ടുകാരൻ‍‍ പയ്യൻ‍‍ സഖാവിന്റെ റൂം തുറന്ന് അകത്ത് പോകുന്നതും അതേ വേഗത്തിൽ‍‍ തിരിച്ച് പോകുന്നതും കണ്ടുസഖാവിന്റെ അനുചരന്മാരിലൊരാൾ‍ എന്നാണു ഞാൻ  കരുതിയത്.

രാത്രി ഭക്ഷണ ശേഷമുള്ള ഗുളിക വിഴുങ്ങുമ്പോൾ ‍
‍ സഖാവ് വാതിലിൽ ‍ മുട്ടി. കൈയിൽ‍‍ രണ്ട് കാപ്സൂളുകൾ‍‍. ‘നോക്കിയേ, ഇത് രണ്ടും ഒന്നല്ലേ ന്നൊരു സംശം.’
നോക്കിയപ്പോൾ അതെ,  രണ്ടും ഒന്ന് തന്നെ. 
‘എന്താ അങ്ങനെ വരാൻ‍
?: സഖാവിന്റെ ആത്മഗതം.
‘കാര്യമെന്താ പീതാംബരേട്ടാ?’
‘അല്ല, രാത്രി ‍ ആറ് ഗുളികകളാ‘
:. സഖാവ് മറുകൈയിലെ നാലെണ്ണം കൂടി അനാവരണം‍ ചെയ്തു. ‘ആ ചെക്കന് തെറ്റ് പറ്റീട്ട്ണ്ടാവും’.
‘ഏത് ചെക്കൻ‍?‘
നമ്മളവിടെ ഇരിക്കുമ്പോ വന്നില്ലേ, ആ ഫാര്മസിക്കാരൻ‍’.

ഞങ്ങൾക്കുള്ള മരുന്നുകൾ ഡ്യൂട്ടി‍ നഴ്സ് ആണ് തന്നിരുന്നത്. അത്കൊണ്ട് ഫാർമസി ചെക്കനെ ഞങ്ങൾക്കറിയുമായിരുന്നില്ല
സഖാവ് ഗുളികകളുമായി ഫാര്‍മസിയിലേക്ക് പോകാനൊരുങ്ങി
.
‘നില്ക്കുപീതാംബരേട്ടാ.‘: ഞാൻ‍ തടുത്തു.
“ഫോൺ ചെയ്യാം”
അല്പസമയത്തിന്നകം “നഴ്സ്കുട്ടി“യോടിയെത്തി. പ്രിസ്ക്രിപ്ഷനുമായി കമ്പയർ‍‍ ചെയ്ത ശേഷം അവർ‍ ‍ അറിയിച്ചു: ‘ ഒരു മരുന്ന് കുറവാണ്.   ഈ  രണ്ട് ക്യാപ്സൂളും ഒന്നു തന്നെ’
അവർ‍ പോയി അല്പസമയത്തിന്നകം ‘ചെക്കൻ’വാതിൽക്കലെത്തി  ‘ഒരു മരുന്ന് ഔട്ട് ഓഫ് സ്റ്റോക്കാ’
.അവനറിയിച്ചു.
എന്നിട്ടെന്താ പറയാതിരുന്നത്ഞാൻ‍ ചോദിച്ചു.
നാളെ വരും’ പയ്യൻ തിരിച്ച് നടക്കാനൊരുങ്ങി.
‘ഒരേ കാപ്സൂൾ‍ 
‍ രണ്ടെണ്ണം വച്ചതെന്തിനാ?‘
ചെക്കന്  മറുപടിയില്ല,
‘ഞങ്ങളിവിടെ ഇരിക്കുമ്പോഴല്ലേ നീ വന്നത്? വാതിൽ‍‍ തുറന്ന്ഇല്ലാത്ത മരുന്നിന് പകരം മറ്റൊരു ടാബ്ലെറ്റ് വച്ച് മിണ്ടാതെ പോയതും?
‘വാതിൽ‍ തുറക്കാനും മരുന്ന് വയ്ക്കാനും ഞങ്ങൾക്ക് 
രോഗിയുടെ അനുവാദം  ആവശ്യമില്ല’അവന്റെ അഹങ്കാരം കലർന്ന സ്വരം.
‘വേണം‘ഞാൻ‍ എണീറ്റു. ‘വാതിലിൽ‍ മുട്ടി അനുവാദം വാങ്ങി  വേണം അകത്ത് വരാനെന്ന് നിങ്ങളെ ആരും പഠിപ്പിച്ചിട്ടില്ലേ?  എണ്ണം ഒപ്പിച്ച് ഗുളിക വച്ചാൽ കുറവുള്ള മരുന്നിന്റെ കാര്യം‍ അറിയില്ലെന്ന് കരുതിയോ?  അഥവാ ഓവര്‍ഡോസ്  കഴിച്ച്  റിയാക്‍ഷനുണ്ടായാൽ? ആരതിന് സമാധാനം പറയും?’
ഒന്നും മിണ്ടാതെ.  മുഖം കറപ്പിച്ചെന്നെ ഒന്ന് നോക്കി  അവൻ‍  സ്ഥലം വിട്ടു.

അല്പം കഴിഞ്ഞപ്പോൾ ഡി എം ഓ കുശലം ചോദിക്കാനെത്തി. സഖാവിനെ ചികിത്സിക്കുന്നത് മറ്റൊരു ഡോക്ടറായിരുന്നു. എങ്കിലും പ്രശ്നം അവതരിപ്പിച്ചപ്പോൾ ഡോക്ടർ പറഞ്ഞു:
‘ഈ മരുന്ന്
 സ്റ്റോക്കില്ലെന്നാരാ പറഞ്ഞത്?‘   

ഫോൺ ചെയ്ത് അല്പം കഴിഞ്ഞപ്പോൾ 
 കള്ളിഷര്ട്ടുകാരൻ ‍ മരുന്നുമായ്  എത്തി.
‘നോക്കിയപ്പോ കണ്ടില്ലാ, അതാ’ എന്ന മുട്ട് ശാന്തിയോടെ മരുന്ന് മേശമേൽ‍ വച്ച് ഞങ്ങൾക്ക്  മുഖം തരാതെ അവനോടി.
‘പോട്ടെ
കുഴപ്പമൊന്നും പറ്റിയില്ലല്ലോ? വല്യ   ആരുടേയോ  റെക്കമെണ്ടേഷനിൽ‍  വന്ന പയ്യനാ . റിപ്പോര്‍ട്ട് ചെയ്തിട്ടും
കാര്യമൊന്നും ഉണ്ടാവാൻ പോകുന്നില്ല.: ഡോക്ടർ ഒഴിഞ്ഞ് മാറി
.

വൈകീട്ട്  അനിലും അരുണും എക്സ്ക്യൂസുകളുമായി ഞങ്ങളുടെ കോൻഫറൻസിൽ പങ്ക് ചേരാനെത്തി.  ‘പ്രായശ്ചിത്തമായി എന്ത് വേണമെന്ന ചോദ്യവുമുയർന്നു.
സാധാരണ ആയുര്‍വേദ റിസോര്‍ട്ടുകളിൽ എനിക്ക് ‍ ലഭിച്ചതും എന്നാൽ ഇവിടെ കിട്ടാത്തതുമായ  കാര്യങ്ങൾ‍ ഞാൻ വിവരിച്ചു.
കാലത്തെയുള്ള ഡോക്ടർ വിസിറ്റ്.
ഭക്ഷണത്തിന്റെയും മരുന്നിന്റേയും ഡെയ്‌ലി ചാര്‍ട്ടുകൾ‍.
ട്രീറ്റ്മെന്റ് ടൈമിംഗ്സ് ഇൻ അഡ്വാൻസ്
തലയിൾ‍ തേക്കാൻ‍ എണ്ണ
ട്രീറ്റ്മെന്റിന് മുന്‍പുള്ള മാസ്സാജ്.
ട്രീറ്റ്മെന്റ് റൂമിൽ, വല്ലപ്പോഴുമെനിലുമുള്ള ഡോക്ടറുടെ സാന്നിധ്യം
രാത്രിയില്‍ ഡ്യൂട്ടി ഡോക്ടരുടെ വിസിറ്റും അസെസ്മെന്റും..


പിന്നെ രാസ്നാദിപ്പൊടി, ടവൽ‍, പയറ് പൊടി, വൃത്തിയുള്ള   ടോയ്ലെറ്റുകൾ, റൂമിലെ വെള്ളം, ഗ്ലാസ്, ബെഡ് ഷീറ്റ്, കൊതുക് തിരി ..

റിസെപ്ഷന്‍,
ഫാര്‍മസി....
ഒടുവിൽ കാന്റീനും...

എല്ലാം അംഗികരിക്കുന്നുവെന്നും നാളെ മുതൽ‍ അവിടം സ്വര്‍ഗമാകുമെന്നുമുള്ള  അര്‍ത്ഥത്തിൽ അനിൽ തലയാട്ടി. അരുൺ അയാൾക്ക് തുണയേകി
 '‍ എല്ലാം മാറും. സാർ, നോക്കിക്കോ സാർ പോകും മുൻപ് തന്നെ‍: ‘  അനിലിന്റെ ഉറപ്പ്.

റിസപ്ഷൻ-  ഫാര്‍മസിക്കാര്യങ്ങൾ‍ ഞാൻ‍  ഹെഡാഫീസിൽ‍  റിപ്പോര്‍ട്ട് ചെയ്യാം.  ക്യാന്റീൻ ‍ കോണ്ട്രാക്ടിലാണ്  നടക്കുന്നത്,  അതിനാൽ‍ തത്ക്കാലം അക്കാര്യത്തിൽ സാർ ക്ഷമിക്കണം....’

Monday, October 21, 2013

പഞ്ചകര്‍മ്മായനം: 2


  ദിവസം 4

കണ്ണ് തുറന്ന് ചുറ്റും നോക്കി.
ഇരുട്ടിനോട് താദാത്മ്യം പ്രാപിക്കാൻ മടിച്ച കണ്ണുകൾ മൊബൈലിന്റെ ഡിസ്‌പ്ലേയിൽ തടഞ്ഞ് നിന്നു.
സമയം 6.15.

ആറ് മണിയാകുമ്പോഴേക്കും, അടുത്ത മുറികളീലെ വാതിലുകളിൽ, ഡ്യൂട്ടി നഴ്സിന്റെ ഉച്ചത്തിലുള്ള ‘മുട്ടിന്റെ ശബ്ദം ഉയരുമ്പോൾ, അടിവയറിൽ വരെ പരക്കുന്ന കഷായത്തിന്റെ കയ്പ്  ഉമിരീലലിഞ്ഞ് ചാടിയെഴുന്നേള്‍ക്കാറുള്ളതാണ്.
ഇന്നെന്ത് പറ്റി?
കണ്ണ് തിരുമ്മി വാതിൽ തുറന്നു.  തകര്‍ത്ത് പെയ്യുന്ന മഴപ്പാളികളോട്  കിളിമാസ്‘ കളിക്കുന്ന  സൂര്യരശ്മികൾ . മഴയുടെ ഇരമ്പലൊഴികെ ചുറ്റും  നിശ്ശബ്ദത.
‘ഗുഡ് മോണിംഗ്’‘: 106 ലെ സഖാവ് വായിൽ ടൂത്ത് ബ്രഷുമായി വാതിലിൽ തുറന്നു.
“മോണിംഗ് പീതാബരേട്ടാ’
‘അയ്..എന്താ പറ്റീതാവോ? നഴ്സ് കൊച്ചിനെ കണ്ടില്ലല്ലോ?‘

കേരളത്തിലെ വലിയ രാഷ്ട്രിയ പാര്‍ട്ടിയുടെ ശക്തനായ ആ വക്താവിന് ജീവനക്കാരെല്ലാം കൊച്ചുങ്ങളാണ്. 75-77ലെ എമര്‍ജന്‍സിക്കാലം സമ്മാനിച്ച മര്‍ദ്ദനത്തിന്റെ കാഠിന്യം,   വര്‍ഷങ്ങളായി, ആയുര്‍വേദത്തിൽ അലിയിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കയാണദ്ദേഹം.
ശബ്ദം കേട്ടാകണം 109 ന്റെ വാതിലും തുറന്നു;
“ഗുഡ് മോണിംഗ്’.‘
- ഒരു വശം തളര്‍ന്ന അമ്മായമ്മക്ക് കൂട്ടിരിക്കാൻ വന്നതാണ് കുംബകോണംകാരി സുശീല അളകേശൻ .
“അയ് എന്ന സുശീലാ, കാലയിലെ കുളി, യോഗ എല്ലാം മുടിഞ്ചാച്ചാ?’
പീതാംബരേട്ടന് മലയാളം പോലെ വഴങ്ങും ചെന്തമിഴും.
‘ആ സർ , പാ‍ര് എന്ന മഴൈ. ഇന്നേക്ക് ‘വാക്കിംഗ്’ പോകലെ’
‘ആറരയാകത്. ആരേം കാണാനില്ലല്ലോ”
പീതാംബരേട്ടൻ വരാന്തയിലേക്കിറങ്ങി.
‘കാലയിലെ ഒരു പേഷ്യന്റ് വന്തിരുക്ക്, സർ ..മലേഷ്യാവിൽ നിന്ന്”
ശെല്‍‌വി സുശീലാവുക്ക് എല്ലാ ന്യൂസും ചൂടാറും മുന്‍പേ ലഭിക്കും.

-ശരീരമാകെ തളര്‍ന്ന ഒരു സ്ത്രീ.  വെളുപ്പിന് 3 മണിക്ക് ലാന്‍ഡ് ചെയ്തു. ഒരു ജോലിക്കാരി ഒഴികെ മറ്റാരും കൂട്ടിനില്ലത്രേ.
3 മാസം കൊണ്ട് ‘എഴുന്നേല്‍പ്പിച്ച് നടത്തിക്കാം’ എന്ന  ഗാരന്റിയിലാണ് അവർ വന്നിരിക്കുന്നത്.

അവർ പറഞ്ഞു:‘നൈറ്റ് ഡ്യൂട്ടി നഴ്സ് ഉറങ്ങുകയായിരിക്കും‘

‘അമ്മാ, ഒരു ശുട് കാപ്പി ശാപ്പിടലാമാ?’: പീതാംബരേട്ടൻ .
‘ ഏഴ് മണിയാകലെ സർ ’
ക്യാന്റീൻ ഏഴ് മണിക്ക് ശേഷമേ തുറക്കൂ.

മഴക്ക് ശമനം വന്നെങ്കിലും കൊതുകുകൾ കാവടിയാട്ടം മതിയാക്കിയിട്ടില്ല..
തലേന്നത്തെ ന്യൂസ് പേപ്പർ കൊണ്ട് കൊതുകുകളെ അകറ്റി,  കൊറിഡോറിലേക്ക് നോട്ടം അയച്ച്,  വരാന്തയിലെ കസേരകളിൽ ഞങ്ങളിരുന്നു. താമസിയാതെ  112 ലെ ഹരിദാസുമെത്തി. ഗവര്‍മെന്റ് സര്‍വീസിൽ നിന്ന് പിരിയും മുന്‍പേ,  ഒരു സ്വാശ്രയ കോളേജ് കൈയ്പ്പിടിയിലൊതുക്കിയ വീരനാണ് ഹരിദാസ്. വാക്പോരിലുമാശാൻ അദ്ദേഹം അതന്നെ.

- ടാര്‍ജറ്റ് കുംബകോണം സുശീല!

ഭര്‍ത്താവ് അളകേശന് തിരുപ്പൂരിലെ ഒരു ഗാര്‍മെന്റ് ഫാക്റ്ററിയിലാണ് ജോലി. മകൻ ശരവണൻ ‘കോവൈയിലെ സ്കൂൾ’ ഹോസ്റ്റലിൽ  പ്ലസ് ടു വിനു പഠിക്കുന്നു.
 അമ്മയെന്നാൽ അളകേശന് ‘കടവുൾ ‘തന്നെ. ഞായറാഴ്ചകളിൽ വന്നാൽ  അരികിൽ നിന്ന് മാറില്ല.  കുളിപ്പിക്കും, ഭക്ഷണം കൊടുക്കും. കൈ  പിടിച്ച് കോമ്പൌണ്ട് മുഴുവൻ നടത്തിക്കും.
പക്ഷെ മരുമോളോ?
‘അവർ തനിയെ താൻ പ്രാക്ടീസ് പണ്ണ വേണ്ടും, ഇല്ലിയാ?  അല്ലേനക്കാ ‘ട്രീറ്റ്മെന്റ് എതുക്ക്‍’: എന്നാണ് സുശീലയുടെ ചോദ്യം.

മാമിയെ നോക്കാൻ നിക്കുന്നത് കൊണ്ട് തനിക്ക് പെരിയ നഷ്ടം വരുന്നു എന്നതാണ്  കാരണം.  ‘വട്ടി’ക്ക് പണം കൊടുക്കക എന്ന ബിസിനസ്സ് താൻ വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്നതിന്നിടയിലാണ് ഈ “ശെനി മാമി‘യുടെ വ്യാധി മൂത്തത്.
-‘പത്ത്ക്ക് ഒന്ന്‘ എന്നാ പത്ത് രൂപക്ക്  ഒരു വാരത്ത്ക്ക് 1 രൂപ വട്ടി. മാസം 4 രൂപ. തവണ മുടങ്ങിയാൽ  വട്ടിക്കും വേണം ‘വട്ടി’. അപ്പോൾ ആകെ മൊത്തം എത്ര ശതമാനം വട്ടിയെന്ന്  കേട്ടാൽ അവര്‍ക്ക് ശുണ്ഠി വരും.
‘അതൊന്നും തെരിയാതപ്പാ; നാൻ ഒരു ശുത്ത ഗ്രാമത്ത് പെൺ ‘ എന്ന് ചൊല്ലിയൊഴിയും ആ ബീയെക്കാരി!

ഒരു കാര്യത്തിലാണ് സുശീലാവുക്ക്  മലയാളത്ത് നാട്ടിൽ ‘പ്രച്നം‘; കൊസു!
വന്ന ആദ്യ നാളുകളിൾ  മുറികളിൽ ‘സാമ്പ്രാണി’ പുകയ്ക്കാറുണ്ടായിരുന്നു.  പിന്നെ അത് നിന്നു.  നഴ്സ് കിട്ടെ കേട്ടപ്പോൾ ബജറ്റ് കട്ടിൽ സാമ്പ്രാണിയും 'കട്ട്' ആയി എന്നാണറിയിച്ചതത്രേ'!

ഏഴ് മണിക്ക് മരുന്നെത്തി. പൊതുവേ ദുര്‍ബ്ബല, പിന്നെ ഗര്‍ഭിണിയും എന്ന് പറഞ്ഞപോലെ മെലിഞ്ഞ് വളഞ്ഞ ഒരു സിസ്റ്റർ ‍. പുതിയ രോഗിയുടെ വരവേല്പ്  പ്രമാണിച്ച് രാത്രി ഒന്നിരിക്കാൻ പോലും കഴിഞ്ഞില്ല. പിന്നെ  ‘നഴ്സ് സ്റ്റേഷനിൽ ‘ സ്ഥാപിച്ചിരിക്കുന്ന സര്‍വീലന്‍സ് ക്യാമറയേയും ഭയക്കണ്ടേ?

രാത്രി ഡ്യൂട്ടിക്കാകെ ഒരു സിസ്റ്റർ മാത്രമേയുള്ളോ എന്ന ചോദ്യത്തിന് ദയനീയമായ ഒരു ചിരിയായിരുന്നു, ഉത്തരം.

പഞ്ചകര്‍മ്മയുടെ  രണ്ടാം ദിനം ഓര്‍മ്മയിലെത്തി.
 ഒരു ‘സെറ്റ് ദോശ‘യിൽ വയറിന്റെ കത്തലിനെ ശമിപ്പിച്ച് തിരികെ നടക്കുമ്പോഴാണ് കേരളമാകെ സ്തംഭിപ്പിച്ച ഹര്‍ത്താലാണ് അന്ന് എന്നറിയുന്നത്. രണ്ട് ദിവസമായി ന്യൂസ് പേപ്പറും ടിവിയും അന്യമായിരുന്നല്ലോ?

ചെറിയൊരു വിഭാഗം  സ്റ്റാഫ് മാത്രമേ ഡ്യൂട്ടിക്കെത്തിയിരുന്നുള്ളൂ എന്നതിനാൽ ചികിത്സ ഒരു ബോഡി മസാജിലിതൊതുക്കി. ഡോക്ടറുമായി വരാന്തയിൽ സൊറ പറഞ്ഞിരിക്കുമ്പോഴാണ്  ആയുര്‍വേദ കോളേജിലെ  പെണ്‍പട ഒരാരവമായി എത്തിയത്. ഹര്‍ത്താൽ അവരേയും ബാധിച്ചിരിക്കുന്നു

‘നിങ്ങളുടെ ഇന്നത്തെ ക്ലാസ് ഈ സാർ എടുക്കും, വിഷയം നിങ്ങൾ തന്നെ തീരുമാനിച്ചോളു’ എന്ന മുഖവുരയോടെ ഡോക്ടർ എന്നെ അവരെ ഏല്‍പ്പിച്ചു. കൂറ്റുതൽ കസേരകൾ നിരത്തി  ഉച്ച വരെ അവരുമായി സംവദിച്ചത് ‘നല്ല ഒരനുഭവമായി‘ മനസ്സിൽ ശേഷിക്കുന്നു. പുരാണങ്ങളും സാഹിത്യവും രാഷ്ടീയവും എല്ലാം കഴിഞ്ഞപ്പോൾ ഒരു കാര്യം ഉറപ്പായി: വളരെ കണ്‍സര്‍വേറ്റീവ് ആയ കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളുടെ മനസ്സിൽ പോലും എത്ര വിശാലമായ ചിന്തകളാണ് കൂട് കൂട്ടിയിരിക്കുന്നത്!   കോളേജ് മാനെജ്മെന്റും ടീച്ചര്‍മാരും സിലബസും പഠനവും എല്ലാം വിമര്‍ശന പരിധിയിൽ വന്നു. നുകത്തിൽ കെട്ടിയ കാളകളെപ്പോലെ ലക്ഷ്യമറിയാതെ ഭാരം വലിക്കുന്ന തങ്ങളുടെ ദൌര്‍ഭാഗ്യത്തെ ശപിച്ച കണ്ണട വച്ച അമ്പലവാസിക്കുട്ടിയും പാണക്കാട്ടെ കുന്നിന്‍ മുകളിൽ വസിക്കുന്ന ചിലരല്ല തങ്ങളുടെ ഭാവി നിശ്ചയിക്കേണ്ടത് എന്നുറച്ച് പറഞ്ഞ തട്ടമിട്ട ഗൌരവക്കാരിയും മനസ്സിൽ തെളിഞ്ഞ് നില്‍ക്കുന്നു.

സംഭാഷണം ഒടുവിൽ ഇഷ്ടവിഷയമായ ഭക്ഷണത്തിലെത്തി. പാചകം മിക്കവര്‍ക്കും ഇഷ്ടം. പക്ഷെ അടുക്കള ശീലമാക്കിയവരോ വിരളവും.

ഹോസ്പിറ്റൽ കാന്റീനേക്കാൾ പരിതാപകരമാണത്രേ ഹോസ്റ്റൽ കാ‍ന്റീൻ . അടുത്തുള്ള മറ്റൊരു ഹോസ്പിറ്റലിലെ റെസ്റ്റാറന്റ് ആണ് അവർക്ക് ആകെയുള്ള സമാധാനം.
‘ കൈയിൽ പൈസ വച്ചിട്ടെന്തിന് പട്ടിണി നിങ്ങൾ കിടപ്പൂ?  ഉച്ചയിലെ ഭക്ഷണം അവിടെ നിന്നാക്കൂ’ അവർ ഉപദേശിച്ചു.

മധുരമുള്ള ഒരു സര്‍പ്രൈസ് അവിടെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു: ഹോസ്പിറ്റാലിറ്റിയിൽ ഉന്നത ബിരുദവുമുള്ള, ദുബാ‍യ് റിട്ടേൺ കാറ്ററിംഗ് മാനേജർ ഒറ്റ നോട്ടത്തിൽ തന്നെ എന്നെ തിരിച്ചറിഞ്ഞു. എത്ര വിലക്കിയിട്ടും ഞങ്ങളുടെ ഇഷ്ട വിഭവങ്ങൾ ചോദിച്ചറിഞ്ഞ് അദ്ദേഹം തന്നെ അവ പാചകം ചെയ്തു തന്നു.

-അന്നു മുതൽ മഴയില്ലാത്ത ദിവസങ്ങളിൽ ഞങ്ങളുടെ ഉച്ച ഭക്ഷണം പീഢനാനുഭവം അല്ലാതായി.
പ്രഭാത ഭക്ഷണം കാന്റീനിൽ നിന്നേ കഴിക്കാനാവൂ. ഇരുട്ടും ഇഴജന്തുക്കളും കൈയേറുന്ന ഇടുങ്ങിയ നടപ്പാതകളും  ചന്നം പിന്നം പെയ്യുന്ന മഴയും വൈകുന്നേരങ്ങളിലെ ഇഷ്ടഭോജന ചിന്തകളിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിച്ചു.

-ചികിത്സ, അതല്ലേ പ്രധാനമെന്ന പീതാംബരേട്ടന്റെ ആശ്വസിപ്പിക്കലും.

ബ്രേക് ഫാസ്റ്റ് തയ്യാറല്ലാറായിട്ടില്ലാത്തതിനാൽ ഓരോ ‘കാലിച്ചായ‘യും കുടിച്ച് കാന്റിനിൽ നിന്നിറങ്ങുമ്പോൾ ഹോംകോങ്ങുകാരി ‘മിസ് ചായ്’ ഓടി ഒപ്പമെത്തി.

ഹൃദ്യമായ ചിരിയും പ്രസരിപ്പുള്ള ഭാവഹാവാദികളുമുള്ള, ‘മിസ് ചായ്’ രണ്ട് ദിവസം മുന്പാണ് അഡ്മിറ്റ് ആയത്. ആര്‍ക്കും മുഖം കൊടുക്കാത്ത, സ്വന്തം കാര്യത്തിന് മാത്രം സിന്ദാബാദ് വിളിക്കുന്ന മലയാളി നിസ്സംഗതക്ക് വിരുദ്ധമായി ഉയര്‍ന്ന ഞങ്ങളുടെ ‘ഗുഡ് മോണിംഗ് ഗ്രീറ്റിംഗ്’  അവരെ അത്ഭുതപ്പെടുത്തിയത്രേ.

ഹോങ്കോംഗിൽ നിന്ന്, ചിറ്റൂരുള്ള സഹപ്രവര്‍ത്തകന്റെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയതാണ് ജെയ്ൻ എന്ന് വിളിക്കുന്ന മിസ് ചായ് ഹ്യൂ ചെൻ .
‘മിസ്റ്റർ നായർ വിവാഹക്കാര്യങ്ങളുമായി സദാ തിരക്കിലാണ്.വീട്ടിലാണെങ്കിൽ ഒന്ന് സംസാരിക്കാൻ പോലും ആരുമില്ല.  ബോറടിച്ചപ്പോൾ ഞാനാണ് ‘ആയുര്‍വേദ ട്രീറ്റ്മെന്റ്‘ എന്ന ഐഡിയ അവതരിപ്പിച്ചത്’: അവർ പറഞ്ഞു.

ഗ്രൌണ്ട് ഫ്ലോറിൽ  ഓഫീസിനോടടുത്ത മുറിയാണ് അവര്‍ക്കനുവദിച്ചിരുന്നത്.  പക്ഷേ ഇന്നലെ 111 ലേക്ക് ഷിഫ്റ്റ് ചെയ്തു. കൊതുക് ശല്യം കുറയ്ക്കാൻ എന്ന കാരണമാണ് വരുൺ പറഞ്ഞത്. പക്ഷേ  മദുരയിൽ നിന്ന്, സ്ട്രെച്ചറിൽ വന്ന രോഗിയുടേയും ഒപ്പം ഹോസ്പിറ്റൽ സ്റ്റാഫിന്റേയും സൌകര്യാര്‍ത്ഥമായിരുന്നു ഈ അറേഞ്ച്മെന്റ് എന്ന് ശെല്‍‌വി സുശീല പിന്നീട് റിപോര്‍ട്ട് ചെയ്തു.

കൊതുക് ശല്യം കുറഞ്ഞില്ലെന്ന് മാത്രമല്ല, ‘മിസ് ചായ്’യുടെ പുറം ലോകവുമാ‍യുള്ള കമ്മൂണിക്കേഷന്റെ ചരടും അതോടെ മുറിഞ്ഞു. wi-fi കട്ടായി, whats app പ്രവര്‍ത്തിക്കാതായി. താഴെയും മുകളിലും കയറിയിറങ്ങി, പലവട്ടം വരുണിനെ വണങ്ങിയെങ്കിലും  ‘ദാ ഇപ്പോ ശര്യാക്കിത്തരാം’ എന്ന കുതിരവട്ടം പപ്പു ശൈലി ആവര്‍ത്തിച്ചതല്ലാതെ, ഒന്നും സംഭവിച്ചില്ല.

വൈകുന്നേരമായപ്പോഴേക്കും ഭദ്രകാളിയായി മാറി അവർ കലിതുള്ളാൻ തുടങ്ങി.
-നാട്ടിൽ കൌമാരക്കാരായ രണ്ട് പെണ്മക്കളും വയസ്സായ അമ്മയും വറീഡ് ആണെന്നും തന്റെ എമര്‍ജന്‍സി ഓഫീസ് കമ്മ്യ്യൂണിക്കേഷനുകളെല്ലാം മുറിഞ്ഞിരിക്കയാണെന്നും കരഞ്ഞുകൊണ്ടവർ അറിയിച്ചു.  ലാന്‍ഡ് ഫോണിൽ സംസാരിക്കാനുള്ള കണെക്‍ഷനോ അതിന് വേണ്ട പണമോ താൻ കൈയിൽ കരുതിയിട്ടില്ലല്ലോ?

‘ഇന്ദീ-ചീനി’ ബായ് ഭായ്’ എന്ന് വിശ്വസിക്കുന്ന നേതാവിനാണു ഏറെ വിഷമമായത്.  നമ്മുടെ സമത്വ സുന്ദര കേരളത്തിൽ ഒരു ചൈനക്കാരി അബലക്ക് ഇങ്ങനെ സംഭവിക്കാൻ പാടുണ്ടോ?

പതിവ് പോലെ അനിൽ  എവിടെയോ ‘ജനസംബര്‍ക്ക’ പരിപാടിയിൽ ബിസിയാണെന്നും അരുണിന്റെ മൊബൈൽ ഔട്ട് ഓഫ് റീച്ച് ആണെന്നും റിസെപ്ഷനിസ്റ്റ് അറിയിച്ചു. കമ്യൂണിക്കേറ്റ് ചെയ്യാൻ ആരുമില്ലാത്ത അവസ്ഥ.

താമസസ്ഥലത്തിന്റെ ക്ലീന്‍നെസ്സിനെപ്പറ്റിയും ഭക്ഷണത്തിന്റെ ഹൈജീനിനെപ്പറ്റിയുമായിരുന്നു, ഇത് വരെ അവർ കമ്പ്ലൈന്റ് ചെയ്തിരുന്നത്. ‘എന്റെ ഫ്രന്‍ഡ് മിസ്റ്റർ നായർ പറഞ്ഞത് കേരളീയർ വളരെ  സത്കാരപ്രിയരാണെന്നാണ്.  അതിഥി അവർ ദൈവത്തേപോലെയാണ് കാണുന്നതെന്നും’ : അവർ കത്തിക്കയറി.

പിറ്റേന്ന് വിശദീകരണം തേടി, വരുണിനെ സമീപിച്ച ഞാൻ കരയണോ ചിരിക്കണോ എന്നറിയാനാവാത്ത അവസ്ഥയിലായി.
‘ചൈനക്കാരിയല്ലേ? അവരുടെ ഇന്റര്‍നെറ്റ് കണെക്ഷൻ എപ്പോഴും ഓൺ ആയിരിക്കുന്നതാണ് സംശയത്തിന് കാരണം.  വല്ല കുഴപ്പവുമൊപ്പിച്ചാൽ ആരാണതിന് മറുപടി പറയുക?‘

അര മണിക്കൂർ ക്ലാസെടുത്തിട്ടും അഡ്മി മാനേജരുടെ മുഖം തെളിഞ്ഞില്ല.
ഉച്ചയോടെ ‘ചായ്’ അറിയിച്ചു ‘വൈഫൈ’ ഓൺ ആയി യെന്ന്. വരുൺ
ഹേഡ്ഡാപ്പീസിൽ നിന്നും നിയമോപദേശം തേടിക്കാണുമായിരിക്കും.

ഉച്ചക്കുള്ള ഇലക്കിഴി കഴിഞ്ഞ് റൂമിലെത്തുമ്പോൾ മുറിക്ക് പുറത്ത് വരുൺ.  ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു പരിചിത ഭാവമെങ്കിലും ആ മുഖത്ത് തെളിഞ്ഞ് കണ്ടില്ല.
രണ്ട് പേർ ധൃതിയിൽ മുറിയിലെ കൊതുകു വലയും സ്റ്റാന്റും അഴിച്ചെടുക്കുന്നു.
‘എന്താ?’ സോഫയിലിരുന്ന് ‘പ്യാർ കാ ദര്‍ദ് ഹേ’ കാണുന്ന ഭാര്യയോട് ഞാൻ തിരക്കി.
‘പകരം വേറെ ഒന്ന് ഫിറ്റ് ചെയ്യാനാണത്രേ’: ഭാര്യ മൊഴിഞ്ഞു: ‘വരുൺ പറഞ്ഞില്ലേ?’
‘ഇതിനെന്താ കുഴപ്പം? എന്നത്ഭുതപ്പെട്ടു കൊണ്ട് ഞാൻ ബാത് റൂമിൽ കയറി.

അഞ്ചരയോടെ ഇരുട്ടിനോടൊപ്പം മഴയും തിരിച്ചെത്തി. കൂടെ വിവിധ ഇനങ്ങളിലും  വലിപ്പങ്ങളിലുമുള്ള കൊതുകുകളും.

വരാന്തയിലെ സമ്മേളനം പിരിച്ച് വിട്ട് ഓരോരുത്തരായി അവരവരുടെ റൂമുകളിലേക്ക് പിൻ വാങ്ങി.
‘എന്താ ശശിയേട്ടാ, നിങ്ങടെ വല വന്നില്ലല്ലോ?’
സഖാവ് ഓര്‍മ്മിപ്പിച്ചു. വീട്ടിൽ നിന്ന് കൊണ്ട് വന്ന്, സ്വയം ഫിറ്റ് ചെയ്ത കൊതുക് വലക്കുള്ളിൽ സുരക്ഷിതാണ് സഖാവ്.
ഫോൻ ചെയ്തപ്പോൾ  ‘ദാ, വരുന്നു‘ എന്ന് വരുൺ.
കുറച്ച് കഴിഞ്ഞ് വീണ്ടും വിളിച്ചു. വരുൺ പരിധിക്ക് പുറത്ത്.
വല തേടി പോയിരിക്കയാണോ?

അനിൽ തൃശ്ശിവപേരൂരിൽ നിന്നും വിളി കേട്ടു.
“സാർ ‍, ഞാനല്പം ബിസിയാണ്. വരുണിനെ വിളിക്കൂ.‘

6.30.
വരൂണിന്റെ നിഴൽ പോലുമില്ല, എങ്ങും.
അനിൽ ‘ദാ  ദാ’ എന്ന് ആവര്‍ത്തിക്കുന്നു.
ഡോക്ടർ ക്വാര്‍ട്ടേഴ്സിൽ നിന്നറിയിച്ചു: ‘ഫോളോ ചെയ്യുന്നുണ്ട് സർ . ഡോണ്ട് വറി.’

പെട്ടെന്ന്, അതെ, പെട്ടെന്ന് കോറിഡോറിൽ വരുണിന്റെ ‘ഇരുണ്ട‘ മുഖവും ‘തുളുമ്പുന്ന‘ ശരീരവും പ്രത്യക്ഷമായി.
‘സർ . കോട്ടേജ് റെഡി’.
‘കോട്ടേജോ?’
‘അനിൽ പറഞ്ഞു സാറിനെ കോട്ടേജിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ”

ഭാര്യക്ക് സന്തോഷമായി. “പോകാം, അവിടെ ഇതിലും സൌകര്യമുണ്ടാകുമല്ലോ?’
അവളുടെ മനസ്സിൽ രണ്ട് കൊല്ലം മുൻപ് ഞങ്ങൾ താമസിച്ച ‘ഭൂര്‍ജപത്രം‘എന്ന രാജ റെസോർട്ടിന്റെ ഓർമ്മ ഒഴിഞ്ഞിട്ടില്ലെന്ന് തോന്നി..

‘വെയ്റ്റ്..സം തിംഗ് ഈസ് റോംഗ്...”വിവേകബുദ്ധി എന്നോട് മന്ത്രിച്ചു.
സംശയങ്ങൾ പലപ്പോഴും  വെളിപാടായി  തെളിയുക ഇംഗ്ലീഷിലാണ്.
‘വേണ്ടാ, വരുൺ “ ഞാൻ പറഞ്ഞു.
‘സാർ വന്നപ്പോൾ ആവശ്യപ്പെട്ടതല്ലേ കോട്ടേജ്? ഇപ്പോഴത് അറേഞ്ച് ചെയ്തിട്ടാ ഞാൻ വന്നിരിക്കുന്നത്’
 എങ്കിൽ പിന്നെ നോക്കാം. ഇന്ന് വേണ്ടാ’ എന്നായി ഞാൻ  ‍.
‘സാർ വരൂ,  ഒന്ന് കണ്ടിട്ട് വരാം. താഴെ കാർ സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിരിക്കയാണ്”
‘ഇപ്പോഴാവശ്യം ഒരു കൊതുക വലയാണു, കോട്ടേജ് അല്ല”: എനിക്കരിശം വന്നു.

ഈ നിര്‍ബന്ധം പിടിക്കലിന്റെ പിന്നിലുള്ള മനഃശ്ശാസ്ത്രം പിടി കിട്ടാൻ ഡോ. പീയെം മാത്യൂവിനെ കണ്‍സല്‍റ്റ് ചെയ്യേണ്ട ആവശ്യമൊന്നുമില്ല. കൊതുക വല അവൈലബിൾ അല്ല. അത് തന്നെ.

ഷിഫ്റ്റ് ചെയ്താൽ പ്രോബ്ലം സോള്‍വ്ഡ്. ഇല്ലെങ്കിൽ കുറ്റം, ഷിഫ്റ്റ് ചെയ്യാൻ വിസമ്മതിക്കുന്ന എന്റെ തലയിലും .
ഒന്നുമറിയാത്ത പോലെ പാവം മിസ്റ്റർ അനിൽ ഫോണിൽ: ‘സാർ , ഞാൻ എത്താറായി. കോട്ടേജിൽ വച്ച് കാണാം.’
‘കൊതുക് വല അവിടെയാണോ, മിസ്റ്റർ അനിൽ ?”
ചോദ്യത്തിന്റെ സര്‍ക്കാസം പിടി കിട്ടാതെ അനിൽ പ്രതിവചിച്ചു: ‘എന്തിന് കൊതുക് വല,  അവിടെ ഒറ്റ കൊതുക് പോലുമില്ല.’

-ഒന്നുറക്കെ ഒന്ന് ചിരിക്കാനാണ് തോന്നിയത്.

അല്പസമയത്തിന്നകം വരുൺ വീണ്ടുമെത്തി; കൂടെ  കൊതുക് വലയുമായി രണ്ട് ജോലിക്കാരും.
മൂളിപ്പറന്ന് സിംഫണിയൊരുക്കുന്ന  കൊതുകുകളെ വക വയ്ക്കാതെ നാടകം വീക്ഷിച്ച് കൊണ്ടിരുന്ന അയൽക്കാർ ആശ്വാസത്തോടെ റൂമുകളിലേക്ക് തിരിച്ച് കയറി.
അവർ മനസ്സിലാക്കിയില്ലല്ലോ ‘സ്റ്റാന്‍ഡ് സ്റ്റിൽ മിസ്സിംഗ്‘ എന്ന്.

കൊതുക് വലയുടെ മൂലകൾ കയർ കൊണ്ട് വരിഞ്ഞ്, ആണിയടിച്ച് ചുമരിൽ വലിച്ച് കെട്ടാനാണ് അവരുടെ പ്ലാൻ എന്ന് മനസ്സിലായപ്പോൾ മനസ്സ് വീണ്ടും പുകഞ്ഞു.
വില കൂടിയ ടൈത്സ് പതിച്ച ചുമരിൽ ചുറ്റിക ആഞ്ഞ് പതിച്ചു. മുറിയാകെ പൊടി പടലമുതിർന്നു.

നാട്ടിൽ സെറ്റിൽ ചെയ്യുന്ന കാര്യം പറയുമ്പോൾ ഭാര്യക്ക് ആകെയുള്ള പേടി കൊതുകുകളെയാണ്.  തലേന്നത്തെ സമയം കൊല്ലി സംഭാഷണങ്ങള്‍ക്കിടയിൽ ഡോക്ടർ ഓര്‍മ്മിപ്പിച്ചതും അത് തന്നെ: 
രാജകീയമായി ഗള്‍ഫിൽ കഴിയുന്ന നിങ്ങൾ എന്തിനാണ് തക്കാളിപ്പനിയും ഡെംഗിപ്പനിയും കുരങ്ങ് പനിയുമൊക്കെ  പിടിച്ച് മരിക്കാൻ വേണ്ടി നാട്ടിൽ വരുന്നത് എന്നാണദ്ദേഹം ചോദിച്ചത്.

വരുണിന്റെ ആണിപ്രയോഗം പരാജയമെന്ന് കൂടെ വന്നവർ സ്ഥിരീകരിച്ചു.. രണ്ട് വശങ്ങൾ ഓക്കെ, പക്ഷേ ചതുരത്തിലൊതുങ്ങാത്ത  മറ്റ് രണ്ട് വശങ്ങളും തീരെ സഹകരിക്കുന്നില്ല.

‘ദാ വരുന്നു’ എന്ന് പറഞ്ഞ് വരുൺ ഓടി.
കൂടെ വന്നവർ വലയുമായി പിന്നാലെ.
പോകും മുൻപ് അവവരിലൊരാൾ പറഞ്ഞു; ‘ഞങ്ങൾ വെറും ജോലിക്കാറ്രല്ലേ?  പറയുന്നത് അനുസരിക്കുക, അതിനാണ് കൂലി. സാർ ക്ഷമിക്കണം”

വരുൺ പക്ഷെ, തിരിച്ചെത്തിയില്ല.
ഫോൺ വിളികൾ തുടര്‍ന്നു. അനിൽ ‍, ഡോക്ടർ ...പിന്നെ ദുബായിലെ എന്റെ കോണ്ടാക്ടും.

സമീപവാസികളെല്ലാം വീണ്ടും  വരാന്തയിൽ ഹാജരായി.
ഇത്തവണ അനിലിന്റെ ‘ ഇതാ എത്തിക്കൊണ്ടിരിക്കുന്നു’ കേള്‍ക്കാൻ ഞാൻ തയ്യാറായില്ല.
‘ഒരു കാര്യം മാത്രം ചെയ്ത് തന്നാൽ മതി, ’ഞാനറിയിച്ചു: ‘ഉടനെ എനിക്കൊരു ടാക്സി അറേഞ്ച് ചെയ്ത് തരിക. ഇരിഞ്ഞാലക്കുടയിൽ നിന്ന് കാർ വരുത്തി തിരിച്ച് പോകാനുള്ള സമയമില്ലാത്തത് കൊണ്ടാണത്. രാത്രി ഞങ്ങൾ ഏതെങ്കിലും ഹോട്ടലിൽ തങ്ങിക്കൊള്ളാം. കൊതുക് കടി കൊണ്ട് ഡെങ്കിപ്പനി പിടിക്കാതിരിക്കാൻ അതേ വഴിയുള്ളു’

‘‘സാർ , പത്ത് മിനിറ്റ് കൂടി”
ഞാൻ വഴങ്ങിയില്ല.
നല്ല പാതി, അപ്പോഴെക്കും സുശീലയുടെ സഹായത്തോടെ സാധനങ്ങൾ പാക്ക് ചെയ്ത് കഴിഞ്ഞു.
‘അനിലോ വരുണോ എന്നെ ഡ്രോപ് ചെയ്താൽ ഏറെ സന്തോഷം.“:ഞാൻ കട്ട് ചെയ്തു

പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അനിൽ വീണ്ടും വിളിച്ചു.
‘അനിൽ ‍’, ഞാൻ നയം വ്യക്തമാക്കി: ‘ടാക്സി അയച്ചില്ലെങ്കിലും അനിൽ വന്നില്ലെങ്കിലും എനിക്ക്  നോ പ്രൊബ്ലം!. തൊഴിലാളി നേതാവും പിന്നൊരു കോളേജ് മുതലാളിയും കൂടെ ഉള്ളപ്പോൾ  കാറിനാണോ പഞ്ഞം? കാശ് തരാതെ കടന്ന് കളഞ്ഞു എന്നാരോപിക്കാതിരിക്കാൻ ലഗേജ് ഞാൻ കൊണ്ട് പോകുന്നില്ല. ഹോട്ടലിൽ വച്ച് ‘പ്രിന്റ് ഏന്‍ഡ് വിഷ്വൽ മീഡിയ‘യിലെ ചിലരെ കാണാനാണ് തീരുമാണം. ഇവിടുത്തെ വിശേഷങ്ങൾ നാട്ടുകാർ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ? കുറച്ച് സ്നേഹിതർ ഈ ലൈനിലും എനിക്കുണ്ടെന്ന് താങ്കൾ മനസ്സിലാക്കിക്കാണുമല്ലോ?

പീതാംബരേട്ടൻ തന്റെ അനിയനെ വിളിച്ച് കാറുമായെത്താൻ ചട്ടം കെട്ടി. അവശ്യം വേണ്ട തുണിയും ബ്രഷും പേസ്റ്റും മറ്റും ബാഗിലാക്കി,  വാതിലടക്കാൻ തുടങ്ങുമ്പോൾ, അഴിച്ച്കൊണ്ട് പോയ  സ്റ്റാന്‍ഡും കൊതുക് വലയുമായി അതാ വരുന്നു രണ്ട് പേർ. (ഒരാൾ അവിടത്തെ എലക്ട്രീഷ്യനും മറ്റെയാൾ പ്ലംബ്ബറുമെന്ന് പിന്നീടറിഞ്ഞു.)

അപഹാസം തുളുംബുന്ന ചിരി മറച്ഛ്, ഒരു  ഗ്ഗൂഡസ്മിതവുമായി. സ്റ്റാന്‍ഡ് ഫിറ്റ് ചെയ്ത് അവർ പോകുമ്പോൾ ശെല്‍‌വി സുശീല കൈ ചൂണ്ടി: ‘അതാ പാര്‍......നമ്മ വരുൺ  അങ്കെ’.
കോറിഡോറിന്റെ തിരിവിൽ ജോലിക്കാര്‍ക്കൊപ്പം അയാൾ അപ്രത്യക്ഷനായപ്പോൾ ചുറ്റും  കൈയടികളുയര്‍ന്നു.

അത്താഴത്തിനായി ഞങ്ങൾ കാന്റീനിലെത്തുമ്പോൾ അവിടെ രണ്ടോ മൂന്നൊ പേർ മാത്രം.
ഞങ്ങൾ അഞ്ച് പേരും ചെന്ന വിവരം ആരും അറിഞ്ഞ മട്ടില്ല.
അടുക്കളയിലേക്കെത്തി നോക്കി: ഒരു തടിയൻ  കുക്കും ബാലവേലനും മാത്രം.
‘മീത്സ്...അഞ്ച് പേരുണ്ട്”: ഞാനറിയിച്ചു.
9 മണിക്ക് കാന്റീൻ അടയ്ക്കും, അറിയില്ലേ?‘
‘9 മണിയായിട്ടില്ല,  8.30 മാത്രം.’

അല്പനേരത്തെ കുശുകുശുപ്പിന് ശേഷം മറ്റൊരാൾ പ്രത്യക്ഷപ്പെട്ടു:
‘കാ‍പ്പിയും ബ്രെഡും മതിയോ’

കാന്റീന്  പുറത്ത് വന്ന്  നോക്കി.
ആരുമില്ല.
എങ്ങും നിശ്ശബ്ദത.
 റിസപ്ഷനിൽ ഇത് വരെ കാണാത്ത ഒരു പെണ്‍കൊടി, ഗേറ്റില്‍ ഒരു സെക്യൂരിറ്റിയും.

ഒരു യുദ്ധം കഴിഞ്ഞതേയുള്ളു. വരുണിനേയും അനിലിനേയും വീണ്ടും വിളിക്കാൻ  വിമുഖത തോന്നി.

അപ്പോഴാണ് ആറരയടി ഉയരമുള്ള ഒരാജാനബാഹു ഫാര്‍മസിക്കരികെ നില്‍ക്കുന്നത് കണ്ടത്.
കണക്ക് പുസ്തകവും കാല്‍കുലേറ്ററുമായി, സദാ കൌണ്ടറിൽ കാണാറുള്ള അയാൾ കാന്റീൻ മാനേജരെന്ന് തോന്നി.

ഗ്രീറ്റ് ചെയ്യും മുന്‍പേ തന്നെ അയാൾ പറഞ്ഞു: ‘മോളിലെ സ്യൂട്ടി‘ൽ താമസിക്കുന്ന സാറല്ലേ?’‘
തലേന്ന് ചപ്പാത്തിക്കായി അടിയുണ്ടാക്കിയപ്പോൾ ഒന്നും മിണ്ടാതെ നോക്കിയിരുന്ന മനുഷ്യൻ താനല്ലേ എന്ന്  തിരിച്ച് ചോദിക്കണമെന്ന് തോന്നി.

പ്രശ്നം അവതരിപ്പിച്ചപ്പോൾ അയാൾ കൂടെ വന്നു.
‘ഒരു  പത്ത് മിനിറ്റ് ചെയ്റ്റ് ചെയ്യാമോ?‘
‘ഓ...അതിനെന്താ” പാലക്കാടൻ മട്ടിൽ  ഞാൻ നീട്ടി മൂളി.

പത്ത് മിനിറ്റിന് ശേഷം  ചൂടുള്ള ചപ്പാത്തിയും ഉള്ളിത്തക്കാളിക്കറിയും മേശമേൽ നിരന്നു.
കൂടാതെ, ബോണസായി എല്ലാര്‍ക്കും ഓരോ ഗ്ലാസ് ചൂടു പാലും.

‘കൊള്ളാല്ലോ, ശശിയേട്ടാ. കരയുന്ന കുട്ടിക്കേ പാലുള്ളൂ ന്ന് പറയുന്നത് വെറുതേയല്ല,  അല്ലേ?‘ എന്ന് തൊഴിലാളി നേതാവിന്റെ കമെന്റ്..

തിരിച്ച് നടക്കുമ്പോൾ വരയൻ ഷര്‍ട്ടിട്ട എലക്ട്രീഷ്യൻ  സെക്യൂരിറ്റിയുമായി കുശലം പറഞ്ഞു നിൽക്കുന്നു.

‘ഹലോ’ ഞാൻ കൈയുയര്‍ത്തി.
‘ഓ. സാറോ?’; മുഖത്തപ്പോഴുമുണ്ടൊരു ചമ്മൽ ‍.
പെരും നാടുമൊക്കെ ചോദിച്ച് ശേഷം,  മയത്തിൽ ഞാൻ ചോദിച്ചു:
‘അല്ല, ലത്തീഫേ, കൊതുക് വലയും സ്റ്റാന്‍ഡും ഇത്ര തത്രപ്പെട്ട് എങ്ങോട്ടാ കൊണ്ട് പോയത്?’


‘അതോ സാറെ, ഗസ്റ്റ് ഹൌസിൽ കമ്പനിയുടെ മുതലാളി വന്നിട്ടുണ്ട്. സാധാരണ അദ്ദേഹം താമസിക്കുക സാറിപ്പോ താമസിക്കുന്ന സൂട്ടിലാ. അതോണ്ടാ  ആകെയുള്ള ഒരു കൊതുകു വല ഇവിടെ നിന്നഴിച്ച് അവിടെ കൊണ്ട് പോയി ഫിറ്റ് ചെയ്തത്.  ഇപ്പോ അതവിടന്ന് പിന്നേം  അഴിച്ച്  കൊണ്ട് വന്നിട്ടാ  സാറിന് ഫിറ്റ് ചെയ്ത് തന്നത് !’