Saturday, September 12, 2009

ഓര്‍മ്മയില്‍ വിരിയുന്ന പെണ്‍പൂക്കള്‍ - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

“ജ്വാലകള്‍ ശലഭങ്ങള്‍”എന്ന പുസ്തകത്തിന്റെ അവതാരിക


ഒന്നൊരക്കൊല്ലത്തെ ബോംബെ ജീവിതത്തിനു ശേഷമാണ് കൈതമുള്ള്‌ എന്ന എഴുത്തുകാരന്‍ മുന്നു പതിറ്റാണ്ട്‌ മുന്‍പ്‌ ഗള്‍‍ഫിലെത്തിച്ചേരുന്നത്‌. ഇന്ന് സുക്ഷിച്ചു നോക്കിയാല്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങളുടെയൊക്കെ അടിത്തറ തന്റെ ബോംബെ ജീവിതമാണെന്നു കാണാം; നാട്ടില്‍ നേടിയെടുത്ത്‌ ഔദ്യോഗിക വിദ്യാഭ്യാസം മാത്രമല്ല. ബോംബെ, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ചേക്കേറിയ ആളുകളാണ് ഗള്‍‍ഫിലെ പ്രധാന സ്ഥാനങ്ങളിലേറെപ്പേരും എന്നത്‌ ചരിത്രപരമായ യാദൃച്ഛികതയല്ല. നാടു വിടുന്ന മലയാളി ആര്‍ജ്ജിച്ചെടുക്കുന്ന നവീനവും വിഭിന്നവുമായ അനുഭവപരിസരങ്ങള്‍ പ്രധാന ശക്തിസ്രോതസ്സായി മാറുന്നു. ഗള്‍‍ഫില്‍ പഴയ കാലത്ത്‌ അറബികളുടെ രണ്ടാം ഭാഷയുടെ സ്ഥാനത്താണ് ഹിന്ദി. കാലങ്ങള്‍ക്കു ശേഷം അറബികളിലെ യുവ സമൂഹം നേടിയ യൂറോപ്യന്‍ വിദ്യാഭ്യാസം ഹിന്ദിയുടെ സ്ഥാനത്ത്‌ ഇംഗ്ലീഷിനെ പ്രതിഷ്ഠിച്ചു. ഫലത്തില്‍ രണ്ട്‌ തലമുറകളുമായും അനായാസമായ ആശയവിനിമയം സാധ്യമാക്കി. ഇത്‌ അത്തരം പ്രവാസിസമൂഹത്തെ ചെറുതായൊന്നുമല്ല സഹായിച്ചത്‌. ബോംബെയിലും ദല്‍ഹിയിലും പോയി പണിയെടുക്കുക വഴി ഭാഷയില്‍ മാത്രമല്ല, മലയാളി നവീനമായ കരുത്ത്‌ നേടിയത്‌. അടഞ്ഞ കേരളീയ സമൂഹത്തിനപ്പുറത്തുള്ള തുറസ്സായ സങ്കല്‍പ്പങ്ങളും മനോഭാവങ്ങളും അവരെ കീഴടക്കി. പരിഷ്കരിക്കപ്പെട്ട സ്ത്രീ പുരുഷ സങ്കല്‍പം അവയിലെ പ്രധാനപ്പെട്ട ഒരിനമായിരുന്നു. തുറസ്സായ അത്തരം സമീപന രീതികളുടെ പരിചയം കൈതമുള്ള് എന്ന തൂലികാകാരനു നേടിക്കൊടുത്ത ഒട്ടേറെ അനുഭവങ്ങളില്‍ നിന്നു പ്രത്യേകം മാറ്റിവച്ച ഏതാനും ഓര്‍മ്മകളാണു 'ജ്വാലകള്‍, ശലഭങ്ങള്‍'.

മലയാളത്തില്‍ അനുഭവങ്ങള്‍ ഒരു സാഹിത്യ രൂപം പ്രാപിക്കുന്നതില്‍ മള്‍ബെറി പബ്ലിക്കേഷന്‍സിനും ഷെല്‍‌വിക്കുമുള്ള പങ്ക്‌ വളരെ വലുതാണ്. ഓര്‍മ്മ എന്ന പേരില്‍ രണ്ട്‌ വാല്യങ്ങളായി ഇറക്കിയ ആ പുസ്തകം ഓര്‍മ്മകളുടേയും ജീവിത സമീപനങ്ങളുടെയും വൈവിധ്യ പ്രദേശമായിരുന്നു. പ്രശസ്തിക്ക്‌ പുറത്തുള്ളവരുടെ ആത്മകഥകള്‍ക്ക് ലഭിക്കുന്ന മാര്‍ക്കറ്റ്‌ വാല്യൂവും മലയാളഭാവുകത്വത്തിനു പുതുമയുള്ളതാണ്. ഇസഡോറ ഡങ്കന്‍ എന്ന വിശ്രുതകലാകാരിയുടെ ആത്മകഥ (വിവ: കൃഷ്ണവേണി) മലയാളത്തില്‍ ഈയിടെ ഏറെ ശ്രദ്ധേയമായി.


പുസ്തകത്തിനു പതിനഞ്ച്‌ പെണ്ണനുഭവങ്ങള്‍ എന്ന വിശേഷണം നല്‍കുമ്പോള്‍ മലയാളിയുടെ കപട ലൈംഗിക സദാചാരം എന്ന ബലൂണിനു മേല്‍ സൂചിയുമായി വന്നടുക്കുന്ന ഒരാളെയാണു ഓര്‍മ്മ വരിക. പെണ്ണ് എന്നത്‌ ഒരു ലൈംഗികാവയവത്തിന്റെ പേരാണ് മലയാളിക്ക്‌. അവളുടെ ആന്തരികമാനസിക വ്യാപാരങ്ങളോ അതിനകത്തെ സമസ്യകളോ ഇന്നും 'മലയാളിവിദ്യാഭ്യാസ'ത്തിന് അന്യമാണ്. സ്ത്രീ പുരുഷബന്ധങ്ങളിലെ അകല്‍ച്ചകളില്‍ പുരുഷന്റെയത്ര തന്നെ പങ്ക്‌ സ്ത്രീ വഹിക്കുന്നു എന്ന വൈരുദ്ധ്യവും കേരളീയ ജീവിതത്തെ ഒരു കോമാളി സമൂഹത്തിന്റെ ചരിത്രമാക്കി മാറ്റുന്നു. കൈതമുള്ള്‌ ഇത്തരം സമസ്യകളുടെ ഉള്ളറകളിലേക്ക്‌ കൂടി കടന്നു പോകുന്നുണ്ട്‌. രവിവര്‍മ്മ ചിത്രത്തെ അനുസ്മരിപ്പിക്കും വിധമാണു കൈതമുള്ളിന്റെ സ്ത്രീകള്‍ അദ്ദേഹത്തിന്റെ അനുഭവപരിസരത്തേക്ക്‌ കടന്നു വരുന്നത്‌. പിന്നീട്‌ അവര്‍ ഓര്‍മ്മയുടെ ആഴത്തിലുള്ള മുദ്രകള്‍ നല്‍കി കടന്ന് പോകുന്നു. കൈതമുള്ളിന്റെ പെണ്ണനുഭവങ്ങളും മറുനാട്ടില്‍ നിന്നാണെന്നത്‌ യാദൃച്ഛികമല്ല. കേരളത്തില്‍ ഇത്തരം പൊതു ഇടങ്ങള്‍ ഒന്നിച്ച്‌ ജോലി ചെയ്യുന്നവര്‍ക്കിടയില്‍പ്പോലും കുറവാണ്. ഈ പെണ്ണനുഭവങ്ങള്‍ക്ക്‌ അന്തര്‍ദ്ദേശീയമായ ബന്ധമാണുള്ളത്‌.

കൈതമുള്ളിന്റെ ഭാഷയുടെ മാസ്മരശക്തി എടുത്ത്‌ പറയേണ്ട ഒന്നാണ്. തുടങ്ങി വച്ചാല്‍ പിന്നെ മനുഷ്യരാരും ഇതിനെ വിട്ടൊഴിയില്ല. ആഖ്യാനങ്ങളില്‍ എപ്പോഴും അവസാനമെന്താവും എന്ന ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനും കൈത ശ്രദ്ധിക്കുന്നു. നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത യൗവനകാലം ഈ എഴുത്തുകാരനെ തന്റെ ഓര്‍മ്മകള്‍ ഒരു കലാസൃഷ്ടിയാക്കി മാറ്റുന്നതിനു ചെറുതായൊന്നുമല്ല സഹായിക്കുന്നത്‌. ജീവിതം തന്നെ വലിയൊരു നാടകമാണെന്ന് കൈത നിശ്ശബ്ദമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ നാടകത്തില്‍ കൈത ഒരു കാഴ്ചക്കാരന്റെ റോളില്‍ മാത്രമല്ല, ഇടപെടലുകാരനായും സഹാനുഭൂതി നിറഞ്ഞവനായും നിസ്സംഗത ബാധിച്ചവനായും ക്ലൈമാക്സിന്നായി കാത്തിരിക്കുന്ന അക്ഷമനായ ആസ്വാദകനായും ഒക്കെ വരുന്നുണ്ട്‌. കൈതയുടെ മറ്റു രചനകള്‍ ശ്രദ്ധിച്ചാലും ഒരു കാര്യം മനസ്സിലാകും, ഇദ്ദേഹം‍ മാറുന്ന ഭൗതിക വസ്തുക്കളെയോ കെട്ടിടങ്ങളെയോ അല്ല കാര്യമായി ശ്രദ്ധിക്കുന്നത്‌. ഒരു എഴുത്തുകാരന്റെ കണ്ണ് എപ്പോഴും മനുഷ്യാത്മാവിലേക്ക്‌ ചുഴിഞ്ഞിറങ്ങാനാണ് ശ്രമിക്കുക. മനുഷ്യ പ്രകൃതത്തിന്റെ വൈവിധ്യങ്ങളെ നിസ്സംഗതയോടെ കാണുമ്പോള്‍ത്തന്നെ അതിന്റെ വിഭിന്നതകളെ കൌതുകമേറിയ ഒരു കുട്ടിയെപ്പോലെ വായിച്ചറിയാനും ശ്രദ്ധിക്കുന്നു.

താന്‍ ജോലി ചെയ്യുന്ന ഓഫീസ്‌ പരിസരങ്ങളാണ് കൈതമുള്ളിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പ്രധാന കേന്ദ്രം. അതില്‍ ഔദ്യോഗിക‌ ജീവിതമുണ്ട്‌, കേരളത്തിന്റെ ഓര്‍മ്മകളുണ്ട്‌. കഥാപാത്രങ്ങളെ തേടി പോകുകയല്ല, അത്‌ തന്നെ തേടി വരികയാണ്. കടന്ന് വരുന്ന സ്ത്രീകള്‍ ആദ്യരംഗങ്ങളില്‍‍‍ നമ്മിലുണ്ടാക്കിയ മുന്‍ വിധികള്‍ കൈയൊഴിഞ്ഞ്‌ യാഥാര്‍ത്ഥ്യത്തിന്റെ മണ്ണിലേക്ക്‌ വന്നു വീഴുകയാണു, പലപ്പോഴും. അവര്‍ കൈതയെ വളരെ പെട്ടെന്നു തന്നെ ഒരു രക്ഷകര്‍ത്താവിന്റെ റോളിലേക്ക്‌ അകപ്പെടുത്തുകയോ, എഴുത്തുകാരന്‍ തന്നെ സ്വയം അവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയോ ചെയ്യുകയാണ്. തന്റെ സ്നേഹവും സേവനവും നിര്‍ലോഭം അവര്‍ക്ക്‌ വിട്ടുകൊടുക്കുമ്പോള്‍ത്തന്നെ പ്രതിരോധത്തിന്റെ ഒരു മുദ്ര എല്ലാ സംഭവങ്ങളേയും അനുധാവനം ചെയ്യുന്നു. സൗന്ദര്യാരാധകനാണു കൈത. എന്നാല്‍ അദ്ദേഹത്തിനു സ്ത്രീ ശരീരം മാത്രമല്ല , അവരുടെ ഹൃദയനിഗൂഢതകളെ കണ്ടറിയുന്ന മനഃശ്ശാസ്ത്രജ്ഞാനവും അദ്ദേഹത്തിനുണ്ട്‌. കടന്നു വരുന്ന പെണ്ണുങ്ങളില്‍ പ്രണയാതുരനായി വീണുപോവുകയല്ല, അവയിലകപ്പെട്ടുപോവുകയാണ്. പെണ്‍ പ്രീണനങ്ങള്‍ക്കു നേരെ നിസ്സംഗനായി നില്‍ക്കുന്ന രംഗങ്ങളും സുലഭം. നിശ്ശബ്ദമായ ഒരു ചിരി അതിനകത്തുണ്ട്‌; ദുഃഖത്തിന്റെ നേര്‍ത്ത അല തല്ലലും. പ്രണയം ഏത്‌ അതിരില്‍ വെച്ചുണ്ടായി, ഇല്ലാതായി എന്നൊന്നും കണ്ടുപിടിക്കാന്‍ ചിലപ്പോള്‍ വായനക്കാരനു സാധിച്ചില്ല എന്ന് വരാം.

നല്ലതും തിയ്യതുമായ ഗുണങ്ങളാല്‍ സമ്പന്നരാണ് പതിനഞ്ച്‌ പെണ്ണുങ്ങളും. ഏറെപ്പേരും നിലനില്‍പ്പിന്റെ വേവലാതി അനുഭവിക്കുന്നവരാണ്. അതേ സമയം അവര്‍ മിടുക്കികളോ സാഹസികരോ ആണ്; കൗതുകത്തിന്റെ പൊന്നലുക്കുകള്‍ സമ്മാനിച്ച്‌ കടന്ന് വരികയും ഹൃദയത്തില്‍ ഒരിക്കലും മായാത്ത മുദ്രകള്‍ സമ്മാനിച്ച്‌ തിരിച്ച് പോകുന്നവരുമാണ്. ഓരോ കുറിപ്പിന്റേയും ഒടുവില്‍ അപ്രതീക്ഷിതമായ ഒരന്ത്യം അവരെ‌ കാത്തിരിക്കുന്നു.

മറുനാടന്‍ മലയാളി ജീവിതം പലപാട്‌ വന്നു പോകുന്നുണ്ട്‌, കൃതിയില്‍. മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടെ പ്രത്യേകതകളും ഇവയില്‍ വരച്ചിടുന്നുണ്ട്‌, എഴുത്തുകാരന്‍.

കൈതമുള്ള്‌ എന്ന ബ്ലോഗ്‌ ഏറെ പ്രശസ്തമാണ്. അവയില്‍ വന്ന കുറിപ്പുകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. വിശാലമനസ്കന്റെ ‘കൊടകരപുരാണ‘ത്തിനും കുറുമാന്റെ 'എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍'ക്കും ശേഷം മറ്റൊരു പ്രശസ്തമായ ബ്ലോഗെഴുത്ത്‌ കൂടി അച്ചടി മാധ്യമത്തിലേക്ക്‌ വരികയാണ്. ബ്ലോഗെഴുത്ത്‌ നമ്മുടെ ഭാഷക്ക്‌ നല്‍കുന്ന നവോന്മേഷവും വ്യാപ്തിയും നിസ്സാരമായി തള്ളിക്കളയാനാവില്ല. ബ്ലോഗ്‌ എന്ന സൈബര്‍ സാങ്കേതികതയാണു ദശാബ്ദങ്ങള്‍ക്ക്‌ ശേഷം ഈ എഴുത്തുകാരനെ വീണ്ടും സാഹിത്യരചനയിലേക്ക്‌ കൂട്ടിക്കൊണ്ട്‌ വരുന്നത്‌. സൈബര്‍ സാഹിത്യം എന്നത്‌ പരിഹസിക്കാനുള്ള പദമല്ല ആദരിക്കാനുള്ളതാണ് എന്ന് ഒട്ടേറെ നല്ല ബ്ലോഗര്‍മാരെപ്പോലെ കൈതമുള്ളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


ഓര്‍മ്മകള്‍ ഓര്‍മ്മിപ്പിക്കല്‍ കൂടിയാകുന്നതിങ്ങനെ.