Thursday, September 15, 2011

ഓണം മരണം വിശപ്പ് (ഇന്നലെയുടെ ജാലകങ്ങള്‍- 12)

മലയാളനാട് വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്: http://malayalanatu.com/index.php/-/870-2011-09-02-01-30-26



ഓണം, മരണം, വിശപ്പ്



പരീക്ഷയുടെ ചുരികത്തുമ്പില്‍ കടത്തനാടന്‍ ‍ അടവുകള്‍ പരിശീലിക്കുമ്പോഴാണ് മുന്നറിയിപ്പേതുമില്ലാതെ ‘അത്തം പത്തോണം‘ വിളി ഒരു ശീല്‍ക്കാരത്തോടെ അന്തരീക്ഷത്തില്‍ ഉണര്‍ന്നത്. പതിവുള്ള ഈര്‍ക്കിലിക്കഷായത്തിന്റെ ഉത്തേജനമില്ലാതെ തന്നെ മടിയന്‍  ശങ്കു
വെളുപ്പിനേയെണീറ്റ് പൂക്കളമിടാന്‍ ബദ്ധപ്പെടുന്നത് കണ്ടപ്പോള്‍ “പരീക്ഷയല്ലേടാ, വേം തീര്‍ത്ത്, പോയിരുന്ന് പഠിക്ക്’ എന്ന അമ്മയുടെ വാത്സല്യം ചാലിച്ച ശകാരത്തിന് കല്‍ക്കണ്ടത്തിന്റെ ഇനിപ്പ്.

ചാണകം മെഴുകിയ വൃത്തത്തില്‍ അലങ്കരിച്ചിടുന്ന മുക്കുറ്റിയും തെച്ചിയും മന്ദാരവും വെയിലേറ്റ് വാടും മുന്‍പേ താന്താങ്ങളുടെ താവളത്തിലെത്തിക്കാന്‍ മത്സരിക്കുന്ന ചോണനുറുമ്പുകളോട് ‘പൂക്കള മത്സരവും ഓണത്തല്ലും നിങ്ങള്‍ക്കിടയിലുമുണ്ടല്ലേ‘ എന്ന് ചോദിക്കാന്‍  വെമ്പി.

ഉത്രാടപ്പാച്ചില്‍ കഴിഞ്ഞ് വൈകി വീട്ടിലെത്തിയ അച്ഛന്റെ സഞ്ചിയില്‍ അധികമായുണ്ടായിരുന്നത് പള്ളിനടയിലെ വെങ്കിടി‍ മൂപ്പന്‍ സമ്മാനിച്ച ഒരു കെട്ട് പപ്പടം മാത്രമായിരുന്നു. ആശയുടെ വാ‍ഴനാരുകളും പ്രതീക്ഷയുടെ വര്‍ണപ്പൂക്കളും പരസ്പരം ചേരാത്ത ജീവിതത്തില്‍ ‍ അതൊരു പുത്തന്‍ അനുഭവമായിരുന്നില്ല.

എലിപ്പൊത്തുകളില്‍ നിന്നും ചിതല്‍ പുറ്റുകളില്‍ നിന്നും ശേഖരിച്ച മിനുസമുള്ള ചെമ്മണ്ണും ഇല്ലിത്തോട്ടിലെ പശമണ്ണും ചേര്‍ത്ത് ചതുരത്തിലുണ്ടാക്കിയ ‘തൃക്കാരപ്പനു‘കള്‍ ‍, ചെങ്കല്ല് ചാലിച്ച ലായനിയില്‍ മുക്കി അരിപ്പൊടിച്ചാന്ത് ചാര്‍ത്തുന്ന തിരക്കിലായിരുന്നു ചേച്ചിമാരപ്പോള്‍ .

‘മത്തങ്ങക്കറീം മോരും.  കയ്പ്പക്ക ഉപ്പേരിയുണ്ടാക്കാം. ഉപ്പ് മാങ്ങയുമുണ്ടല്ലോ’.
‘ആണ്ടിരാമന്റെ കടേന്ന് ഒരു പടല ‘പാളയംതോടന്‍ ‍‘ കൂടി വാങ്ങാം’: അച്ഛനുമമ്മയും ഓണവിഭവങ്ങളെപ്പറ്റിയുള്ള അവസാനവട്ട ‘ഡിസ്കഷനി‘ലാണ്.

മൂന്നേരത്ത് അമ്പലത്തില്‍ നിന്ന് പി ലീലയുടെ ജ്ഞാനപ്പാന ശബ്ദമലിനീകരണം തുടങ്ങും മുന്‍പ്, ഏഴരവെളുപ്പിന് തന്നെ അയല്‍ വീടുകളില്‍  നിന്നും ആര്‍പ്പ് വിളികളുയര്‍ന്നു.  മുറ്റത്ത് കളമെഴുതി, മുറത്തിലെ നാക്കിലയില്‍ തുമ്പക്കുടവും തുളസിയും കിണ്ടിയില്‍ വെള്ളവും നിലവിളക്കില്‍
തിരിയുമൊക്കെ ഒരുക്കുന്ന തിരക്കിലാണ്, ചേച്ചിമാര്‍ ‍.

ദേഹത്തും തലയിലും വെള്ളം തെളിച്ച് കുളിച്ചെന്ന് വരുത്തി ഓണം കൊള്ളാനെത്തിയപ്പോഴാണ് പാലും കടലക്കറിയുമായി അമ്മ എന്നെ ചായക്കടയിലേക്ക് ഓടിച്ചത്.
‘വേം വാ. വന്നിട്ട് വേണം ഓണം കൊള്ളാന്‍ ‍’ : വല്യേച്ചി വിളിച്ച് പറഞ്ഞു.

ഓണമോ പെരുന്നാളോ, എന്തിന് സ്വന്തം കല്യാണമാണെങ്കില്‍ കൂടി, ചായക്കടയില്‍ നിന്നൊരു ‘സിംഗിള്‍  ‍’അടിച്ചില്ലെങ്കില്‍ സൂര്യന്‍ കിഴക്കുദിക്കില്ല കല്ലംകുന്ന് നിവാസികള്‍ക്ക്.  തട്ടകത്തെ ഏക ചായക്കടക്കാരനവരെ നിരാശപ്പെടുത്താനാവില്ലല്ലോ?

ഒരു കഷ്ണം പുട്ടെടുത്ത് സൂത്രത്തില്‍ വായിലേക്ക് തിരുകുമ്പോഴാണ് തെങ്ങുകേറ്റക്കാരന്‍ പേങ്ങന്‍ പുലയന്റെ വരവ്.
‘നിങ്ങടെ ഓണം വെള്ളത്തിലായി, ല്യേ വേലായേട്ടാ?‘
‘എന്താ?’ അച്ഛന് മനസ്സിലായില്ല.
‘ആ കാര്‍ന്നോര്,  ഗോയിന്ദന്‍ വെളിച്ചപ്പാട് പോയി ട്ടാ‍‘
‘ആരും പഞ്ഞില്ലല്ലോ?’
“ദാ ഈ വെളുപ്പിനാ. ഞാനവിടന്നാ വരണ്.  അറിയിപ്പൊക്കെ വയ്യും.’

പേങ്ങന്‍ പുലയന്‍ വെളിച്ചപ്പാടിന്റെ അയല്‍ വാസിയായിരുന്നതിനാല്‍ അച്ഛന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
“ടാ, വെളിച്ചപ്പാട് മരിച്ചൂ ന്ന്. നമുക്ക് പെലയാ. വീട്ടീ പോയി പറ ഓണം കൊള്ളണ്ടാന്ന്. ‘

വിവരമറിഞ്ഞപ്പോള്‍ ചേച്ചിമാര്‍ക്ക് സങ്കടമായി. ഓണം കൊണ്ട ശേഷം അയല്‍ക്കാരെ ആര്‍പ്പ് വിളിയില്‍ വെല്ലാനും ഓട്ടട തിന്നാസ്വദിക്കാനും കാത്തിരിക്കുന്ന അനിയത്തിമാരോട് എന്ത് പറയും?
‘ഓണം കൊള്ളാം, വല്യേച്ചി. ഞാനെത്തും മുമ്പേ ഓണം കൊണ്ടൂന്ന് പറഞ്ഞാ മതി?“: കുരുന്ന് ബുദ്ധി കുരുട്ട് ബുദ്ധിയായ നിമിഷം.
സംശയനിവാരണത്തിനായി ചേച്ചി അമ്മയുടെ നേരെ നോക്കി:‘നമുക്കത്ര അടുപ്പോന്നും ല്യാല്ലോ ആ വെളിച്ചപ്പാടുമായി’: എന്ന ഒരൊഴുക്കന്‍ മറുപടിയോടെ അമ്മ അകത്തേക്ക് വലിഞ്ഞപ്പോള്‍ ചേച്ചിമാ‍രുടെ മുഖം തെളിഞ്ഞു.

ആര്‍പ്പ് വിളിക്കണ്ടാ, പടിക്കല്‍ തൃക്കാരപ്പനെ വയ്ക്കണ്ടാ, കളമെഴുതേം വേണ്ടാ. എന്ന കണ്ടീഷനുകളോടെ ഞങ്ങള്‍ ഓണം കൊണ്ടു.

എട്ട് മണിക്ക് കട പൂട്ടിയെത്തിയ അച്ഛന്‍ മരണവീട്ടിലേക്ക് പോകും മുന്‍പേ മുറ്റം ക്ലീന്‍ ആയിരുന്നു.

സദ്യയുണ്ണാന്‍ അച്ഛനെ കാത്തിരുന്ന് മടുത്തപ്പോള്‍ അമ്മ പറഞ്ഞു:‘വാ, ഓണായിട്ട് പഷ്ണിരിക്കണ്ടാ. ഇനി അച്ഛന്‍ വന്ന് കുളിച്ചിട്ടൊക്കെ എപ്പഴാ?’
ചേച്ചിമാര്‍ ഒറ്റസ്വരത്തില്‍ പറഞ്ഞു:‘ വേണ്ടാ, അച്ഛന്‍ വരട്ടെ’.
അനിയത്തിമാര്‍ക്ക്  ചോറും കറികളും വിളമ്പിയപ്പോഴും അമ്മ ക്ഷണിച്ചു: ‘വാടാ, വെശന്നിരിക്കണ്ടാ”.
വയറ് കത്തുന്ന വിശപ്പുണ്ടായിരുന്നെങ്കിലും ചേച്ചിമാരുടെ മുന്‍പില്‍ മോശക്കാരനാകരുതല്ലോ? :“വേണ്ടാ, അച്ഛന്‍ വരട്ടെ”.

ശവസംസ്കാരവും നാട്ടുകൂട്ടവുമൊക്കെ കഴിഞ്ഞ് അച്ഛനെത്തിയപ്പോഴേക്കും സന്ധ്യ മയങ്ങിയിരുന്നു. കുളിയും ജപമെല്ലാം കഴിഞ്ഞ് പിന്നേയും ഏറെക്കഴിഞ്ഞാണ് ചോറ് വിളമ്പിയത്.
‘എടീ കഴുതേ, പെലയുള്ള വീട്ടില്‍ ‍ പപ്പടം വറക്കാന്‍ പാടില്യാന്നറീല്യേ?’: അച്ഛന്‍ അമ്മയെ ശാസിച്ചു. പിന്നെ തല തിരിച്ച്, ആര്‍ത്തിയോടെ ചുട് ചോറ് വാരിത്തിന്നുന്ന എന്നെ നോക്കി ശാന്തസ്വരത്തില്‍‍ ചോദിച്ചു: ‘നീയാണ് കുരുത്തക്കേട് കാട്ടീത്, ല്ലേ?’
ഞാന്‍ പരുങ്ങി: ‘കുരുത്തക്കേടോ?’
‘പാവം ഒന്നുമറിഞ്ഞില്ല. കാലത്ത് നിങ്ങള്‍ ഓണം കൊണ്ട കാര്യാ പറഞ്ഞേ’ : അടിയേല്‍ക്കാതിരിക്കാന്‍ അച്ഛനില്‍ നി‍ന്നും ഒരു കൈപ്പാട് അകലേക്ക് നിരങ്ങീ, ഞാന്‍ ‍.
അച്ഛന്‍ തുടര്‍ന്നു:‘അറിയാതെ ചെയ്താ‍ല്‍ അത് തെറ്റല്ല. എന്നാല്‍ അറിഞ്ഞ് ചെയ്യുമ്പോള്‍ അതപരാധം മാത്രമല്ല പാപവുമാണ്.’

ഇല മടക്കി, ജീരകവെള്ളം കുടിച്ച കൊണ്ട് അച്ഛന്‍ എഴുന്നേറ്റു: ‘ സാരല്യാ, പോട്ടെ. ആവര്‍ത്തിക്കരുതെന്ന് മാത്രം.’


അനുബന്ധം:

ബാംഗളൂരും ഊട്ടിയും വെട്ടിപ്പിടിച്ച മകന്‍ പൂനെയിലേക്ക് തേരോട്ടം നടത്തിയ വര്‍ഷം.
നാട്ടില്‍ വെക്കേഷനിലായിരുന്ന എനിക്ക് ഫാമിലി ഫ്രന്‍ഡും മകന്റെ ലോക്കല്‍ ഗാര്‍ഡിയനുമായ സീമാ കേല്‍ക്കറുടെ ഫോണ്‍ ‍: ‘ഓണാഘോഷം

കഴിഞ്ഞ്, മകനെ കാണാന്‍ പൂനയിലെത്തുമ്പോള്‍ എനിക്കല്‍ല്പം ‘കേരളാ ഖീര്‍ “ കൊണ്ട് വരാമോ? പിന്നെ ബനാനാ ചിപ്സ്, കേടാവുകയില്ലെങ്കില്‍ ഇത്തിരി അവിയലും”

കേരളഫുഡ്ഡിന്റെ ആരാധികയായ ഹിഡുംബിനിക്ക് എത്ര വച്ച് വിളമ്പാനും എന്റെ വാമഭാഗത്തിനിഷ്ടമാണ്. സമയമെടുത്ത്, ആസ്വദിച്ച് ഓരോ വിഭവവും അവര്‍ ഭുജിക്കുന്നത് കാണുമ്പോള്‍ തന്നെ മനസ്സ് നിറയുമത്രേ!

അപ്പോഴാണ് ‘ഹാന്‍ഡ് ഡെലിവറി’യായി ഓണം പൂനയിലെത്തിച്ചാലോ എന്ന ചിന്ത മനസ്സില്‍ ഫ്ലാഷിയത്. വര്‍ഷങ്ങളായി ഓണസദ്യ മിസ് ചെയ്യുന്നുവെന്ന മകന്റെ കമ്പ്ലൈന്റും മാറ്റാം.

അഡ്മിറല്‍ ട്രാവത്സിലെ സുന്ദരി വായാടി മേബിള്‍ പറഞ്ഞു: ‘ആവാല്ലോ. കുക്കിംഗ് തുടങ്ങിക്കോളു’

തിരുവോണദിവസം രാവിലെ 8.50 ന് കൊച്ചി-മുംബായ്, അവിടെ നിന്ന് 12.05 ന് പൂന.  ജെറ്റ് എയര്‍വേയ്സിന്റെ തന്നെ കണക്റ്റിംഗ് ഫ്ലൈറ്റ്.

സീമക്ക് ഫോണ്‍ ചെയ്തു:‘എടീ കൊതിച്ചി തടിച്ചീ, ഇക്കൊല്ലത്തെ ഓണസദ്യ പുനയില്‍ നിന്റെ വീട്ടില്‍ വച്ച് ‍. ഓണ്‍ളി വണ്‍ ഫേവര്‍ ‍: ‘മോട്ട റൈസ്‘  3 കിലോ കുക്ക് ചെയ്ത് വച്ചേക്കണം’

ദുബായില്‍ നിന്നെത്തിയ മസാഫിയുടെ കാര്‍ട്ടന്‍ വീണ്ടും ഉപകാരപ്പെട്ടു. അടുക്ക് പാത്രങ്ങളിലും പ്ലാസ്റ്റിക് കണ്ടറ്യിനറുകളിലുമായി ഓണക്കറികള്‍ സീല്‍ ചെയ്യപ്പെട്ടു. കൂടെ  ഉപ്പേരികള്‍ ‍, പഴം, വാഴയിലകള്‍ .
-ഹാന്‍ഡ് ബാഗില്‍ പായസം, സാംബാര്‍ ‍, രസം....

കൊച്ചി എയര്‍പോര്‍ട്ടിലെ കസ്റ്റംസുകാരന്‍ കൌതുകത്തോടെ അത്ഭുതപ്പെട്ടു: ‘ഓണം ലൈവ് എക്സ്പോര്‍ട്ട്‘ ആ‍ദ്യമായി കാണുകയാണ്!’
(ഇന്നത്തെ സുരക്ഷാസംവിധാനങ്ങളില്‍ ഇതൊക്കെ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം!.)

എണ്ണ ചൂടാക്കി പപ്പടം വറുത്ത് ഉച്ചക്ക് 2 മണിക്ക് മുന്‍പ് മകനും മകന്റെ ആറ് കൂട്ടുകാരും സീമയുടെ ഫാമിലിയും ഞാനുമടക്കും 11 പേര്‍ ഒട്ടും തണുക്കാത്ത ആ  തിരുവോണ സദ്യയുണ്ടു.
---------------
(ഓണത്തിന് ‘തൃക്കാക്കര അപ്പനെ‘ പ്രതിഷ്ഠിച്ച് പൂജിക്കുന്നതിനെയാണ് ‘ഓണം കൊള്ളുക‘ എന്ന് ഞങ്ങള്‍ തൃശ്ശൂര്‍ക്കാര്‍ പറയുന്നത്.)