Monday, May 7, 2012

അതിഥി


(ഗാഫ് : യുവകലാസാഹിതി യു എ ഇ-യുടെ സുവനീര്‍ -2012)

കുലുക്കി വിളിച്ചപ്പോള്‍ പുതപ്പിന്നടിയില്‍ നിന്നൊരു വരണ്ട മുരള്‍ച്ച: 
‘ഉം.....എന്താ.....?’
“ആറരയായി’
കര്‍ട്ടന്‍ തുറന്ന് അരുണാഭ അകത്തെത്തിച്ചപ്പോഴയാള്‍ തിരിഞ്ഞ് കിടന്നു.
‘എയര്‍പോര്‍ട്ടീ പോണം ന്ന് പറഞ്ഞിരുന്നില്ലേ”
ചാടിയെണീറ്റപ്പോള്‍ അയാളുടെ സ്വരത്തിന് പതിവില്ലാത്ത മയം. ‘അയ്യോ..... മറന്നു പോയി’


കാക്കക്കുളി കഴിഞ്ഞ് ബ്രേക് ഫാസ്റ്റിന് കാത്ത് നില്‍ക്കാതെ അയാളിറങ്ങിയപ്പോള്‍ ഗള്‍ഫ് വീട്ടമ്മയുടെ സ്ഥിരം മുഷിപ്പെടുത്തവള്‍  മഖത്തണിഞ്ഞു.


ഭര്‍ത്താവ് ഓഫീസില്‍ നിന്നെത്തും വരെ തന്റെ സതീര്‍ത്ഥ്യ ടീവി തന്നെ. 
“റീ റണ്‍‘ കണ്ട് മടുത്തു. ചാനലുകാര്‍ക്കെന്താ പുതിയ പടങ്ങള്‍ ഒന്നും കിട്ടാത്തേ? 
‘ആദ്യം മയങ്ങാം, പിന്നെ മതി വിശ്രമം‍’: ആത്മഗതം ഉച്ചത്തിലായപ്പോള്‍ കവിളിലെ കുസൃതിക്കുഴികള്‍  കൊഞ്ഞനം കുത്തി.


ഡോര്‍ബെല്ലിന്റെ സംഗീതം മയക്കത്തിന്റെ താളം മുറിച്ചു.
-മുടി വാരിക്കെട്ടി, നൈറ്റി നേരെയാക്കി അലോസരത്തോടെ വാതില്‍ തുറന്നപ്പോള്‍ മുഖത്തൊരു വിഢ്ഡിച്ചിരിയുമായി ഭര്‍ത്താവ്. 
പാന്റും ടോപ്പും മുഖത്തൊരു കൂളിംഗ് ഗ്ലാസും ധരിച്ച ഒരു പച്ചപ്പരിഷ്കാരി പിന്നില്‍.
നിറം കറുപ്പെങ്കിലും നല്ല മുഴുപ്പുള്ള ശരീരം, വെള്ളാരം കല്ല് പോലുള്ള കണ്ണുകള്‍.  പാറിപ്പറക്കുന്ന ചെമ്പന്‍ മുടി.


‘ബോംബേലെ..... ഞാന്‍ പറയാറില്ലേ, ദോസ്ത് ദാം‌ലെയെപ്പറ്റി ‍? അയാള്‍ടെ  മിസ്സിസാ. പേര്  ഗ്രേസ് ന്ന്.  എയര്‍പോര്‍ട്ടി വന്നിറങ്ങിയപ്പൊഴാ കമ്പനി 
പറയുന്നത് അക്കമ്മഡേഷന്‍ ശര്യായിട്ടില്യാ‍ന്ന്. അപ്പോ ഞാന്‍‌ പറഞ്ഞു,  അതിനെന്താ അത് വരെ ഇവ്‌ടെ കൂടാല്ലോന്ന്...’


നിറുത്തി നിറുത്തി‍, അവളുടെ മുനയുള്ള കണ്ണുകള്‍ ഒഴിവാക്കിക്കൊണ്ടയാള്‍ സംഭവം അവതരിപ്പിപ്പിച്ചപ്പോള്‍ കഴുത്തിലെ ഇളം നീല ഞരമ്പുകള്‍ എഴുന്ന് നില്ക്കുന്നതവള്‍ ശ്രദ്ധിച്ചു. 

മനസ്സ് മുറുമുറുത്തു: ‘ ഓ, രാവിലത്തെ ഉത്രാടപ്പാച്ചില്‍ ഇവളെ സ്വീകരിക്കായിരുന്നു,  അല്ലേ?’


ബാബുല്‍നാഥിലെ ആന്റിയുടെ ‘അഡ്ഡ‘യില്‍  മദ്യം വിളമ്പിയിരുന്ന ഒരു ഗോവന്‍ മുത്ത്, തന്റെ ദോസ്തിന്റെ പാനപാത്രമായി മാറിയതെങ്ങനെയെന്ന് അയാള്‍  
വിവരിക്കാറുള്ളതവള്‍ക്കോര്‍മ്മ വന്നു.
അപ്പൊ ഇതാണാ ആ പറങ്കി മുത്ത്? :  തികട്ടി വന്ന ചിരി ബദ്ധപ്പെട്ടവള്‍ വിഴുങ്ങി.


പര്‍പ്പിള്‍ കളര്‍ ലിപ്സ്റ്റിക്കിട്ട ചുണ്ടുകള്‍ പിളര്‍ത്തി  അവള്‍ക്കൊരു വിളറിയ ചിരി സമ്മാനിച്ച്, ബോര്‍ഡിംഗിലേക്ക് നാട് കടത്തപ്പെട്ട മകന്റെ റൂമിലേക്ക്, 
അതിഥി കയറിയപ്പോള്‍ ഉച്ചക്ക് ഊണിനെന്ത് എന്ന ഒരു ‘സാദാ‘വീട്ടമ്മ ചോദ്യം അവളുളെ അലട്ടി.
- മദ്രാസി ഊണ്‍ മതിയോ അതോ ചപ്പാത്തിയും ‘ബാജി’യുമുമാണാവോ പത്ഥ്യം?


രാത്രി:
കൂട്ടുകാരന്‍ സമ്മാനിച്ച ഗോവന്‍ ഫെന്നിയും പോര്‍ക്ക്  സോസേജും പ്രസാദം പോലെ ഭുജിക്കുന്ന ഭര്ത്താവിനെയും ഉത്സാഹപൂര്‍വം വിളമ്പുന്ന അതിഥിയേയും അധികനേരം സഹിക്കാനായില്ലവള്‍ക്ക്.

“ബേചാരി, വെജ് ഹേ ന? ലേകിന്‍...ദേഖോ.... മുംഹ് മേ സരൂര്‍ പാനി ആത്താ ഹോഗാ....‍’
തന്നെ ചൂണ്ടി അയാള്‍ കളിയാക്കിയപ്പോള്‍ മുഖം വെട്ടിച്ചവള്‍ അടുക്കളയിലേക്ക് വലിഞ്ഞു.


ദിവസങ്ങള്‍ ആഴ്ചകളായിട്ടും ‘പറങ്കി മുത്തിന്‘ താമസസ്ഥലം ശരിയായില്ല. 
ചോദിച്ചപ്പോഴയാള്‍ ഉദാസീനനായി: ‘അടുത്താഴ്ച..... ഇന്നലെക്കൂടി സംസാരിച്ചു.‘


ഓഫീസില്‍ നിന്ന് വന്നയുടന്‍  ഡ്രസ് മാറ്റി ‘ചര്‍ച്ചി‘ലേക്ക് എന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന ‘മുത്തി‘നെ അടുക്കളയില്‍ പ്രതീക്ഷിക്കുന്നത് തെറ്റല്ലേ? 
‘നിനക്ക് ഇംഗ്ലിഷ്, ഹിന്ദി സ്റ്റേഷനൊന്നും പിടിക്കാത്തോണ്ടാ അവള്‍ നിന്നോട് മിണ്ടാത്തേ!” 
-അയാളുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ അവള്‍ അവഗണിച്ചു.


ടെലഫോണീല്‍ മണിക്കൂറുകളോളം കൊഞ്ചാനും  പ്രകോപനമില്ലാതെ ആര്‍ത്തലച്ച് ചിരിക്കാനും ഭര്‍ത്താവിന്റെ മദിരസേവക്ക് കമ്പനി കൊടുക്കാനും അവള്‍ക്ക് സമയമുണ്ട്: ആദ്യാവസാനമില്ലാതെ നീളുന്ന ഹിന്ദി സീരിയലുകള്‍ കാണാനും.
തന്നോടൊരു  ഹലോ പറയാന്‍ പോലും...?


‘പാതിരാ വരെ കാണാന്‍ ഇത്ര ഇന്ററസ്റ്റുള്ള ഏത് സീരിയലാ?‘ :ചോദിച്ചപ്പോഴയാളുടെ മുഖം കറുത്തു.
‘ബോംബേല് വച്ച് ഒരെണ്ണം പോലും മിസ്സ് ചെയ്യാറില്ല, ഗ്രേയ്സ്;  നിനക്കും വേണെങ്കി വന്നിരുന്ന് കണ്ടൂടെ?‘ 
പിന്നെ പതിവ് ലെക്ചര്‍:
“അഞ്ച് കൊല്ലം എനിക്ക് കിടക്കാന്‍ സ്ഥലോം തിന്നാന്‍ റൊട്ടിയും തന്നോരാ‍. അവര്‍ക്കൊരാവശ്യം വരുമ്പോ ഉപകരിച്ചില്ലെങ്കില്‍ പിന്നെ ഞാന്‍ 
മനുഷ്യനാന്ന് പറഞ്ഞ് നടക്കണോ?” 
സ്വരത്തിന്  ഖരത്വമേറിയപ്പോള്‍ അവള്‍ക്ക് തുണ നിശ്ശബ്ദത.


ഇന്നലെ രാത്രി അകാരണമായി ഉറക്കമുണര്‍ന്നപ്പോള്‍ കണ്ണുകള്‍ ടൈം പീസിലേക്ക് നീണ്ടു.
മണി പന്ത്രണ്ടാകുന്നു.
കിടക്കയില്‍ തപ്പി.
പതിദേവന്റെ പാതി ഒഴിഞ്ഞ്.
വാതില്‍ തുറന്നപ്പോള്‍ ടീവിയുടെ പതിഞ്ഞ ശബ്ദം.
ഫ്രിഡ്ജില്‍ നിന്നും വെള്ളമെടുത്ത് മടങ്ങും വഴി ഹാളിലേക്കൊന്നെത്തി നോക്കി.


- ഹൃദയത്തില്‍  ഒരിരട്ട സ്ഫോടനം:
 ഭര്ത്താവിന്റെ വിശ്വസ്തമുഖവും സുഹൃത് പത്നിയുടെ മരീചവേഷവും അവിടെ  ഒരു പിടി ചാരമായവശേഷിച്ചു.
ഉറങ്ങാന്‍ കഴിഞ്ഞില്ല, പിന്നെ. 


അന്നും ഓഫീസില്‍ നിന്നെത്തിയ ഭര്‍ത്താവ്, പതിവ് പോലെ,  വാതിലില്‍ നിന്നേ വിളി തുടങ്ങി” ഗ്രേസ്, ഹൌവാസ് യുവര്‍ ഡെ?’
മറുപടി കിട്ടാതിരുന്നപ്പോള്‍  റൂമിലേക്ക്.
‘ഹൈ ബേബീ...”


‘അവള്‍ പോയി”
അടുക്കളയില്‍ നിന്നവള്‍ മുഖം കാട്ടി.
“പോയെന്നോ?’
ഭര്‍ത്താവിന്റെ പകച്ച മുഖം വാതിലിന്നരികെ.


കെറ്റിലില്‍ വെള്ളം നിറച്ച് സ്വിച്ച് ഓണ്‍ ചെയ്തുകൊണ്ടവള്‍ പറഞ്ഞു:
‘ഉച്ചായപ്പോ വന്നു.... കൂടെ ഒരു പയ്യനുണ്ടാര്‍ന്നു. ഭര്‍ത്താവിന്റെ കസിനാത്രെ. അയാടെ ഫ്ലാറ്റിലേക്ക് താമസം മാറ്റുകയാണെന്ന് പറഞ്ഞു.’
‘ആരാ അയാള്‍? ഞാനറിയാത്ത ഒരു കസിന്‍‍? ഒന്ന് വിളിക്യായിരുന്നില്ലേ, നിനക്ക്?’
അയാള്‍ നിന്ന് വിയര്‍ത്തു.


‘സുലൈമാനി”: ചായ ഗ്ലാസ് കൈമാറി സാധാരണ മട്ടില്‍ അവള്‍ ചോദിച്ചു ‘ തിന്നാനെന്തെങ്കിലും..? ബനാനാ ചിപ്സ്... ബിസ്കറ്റ്?’
‘വേണ്ടാ’: മുരണ്ടുകൊണ്ട്  ബാഗും താക്കോള്‍ക്കൂട്ടവും താഴെയെറിഞ്ഞയാള്‍ ഹാളിലേക്ക് നടന്നു.
‘കോണ്ടാക്റ്റ് നമ്പര്‍ വല്ലതും....?’
‘ഇല്ല”


അയാളുടെ മഞ്ഞച്ച മുഖത്തേക്കൊരു നോട്ടമെറിഞ്ഞ്, ശബ്ദമില്ലാതെ, മനസ്സ് തുറന്ന്  ചിരിച്ച്, കൈകള്‍ രണ്ടും മുകളിലേക്കെറിഞ്ഞവള്‍ ഒരു ചാട്ടം ചാടി.
ബീയെ വരെ പഠിച്ചിട്ടും ഇംഗ്ലീഷും ഹിന്ദിയും അറിയാത്ത താന്‍ ‘ദോസ്ത് ദാം‌ലെയുടെ‘ ടെലഫോണ്‍ നമ്പര്‍ എങ്ങിനെ സംഘടിപ്പിച്ചുവെന്നും  
ഭീഷണിപ്പെടുത്തി  അയാളെക്കൊണ്ട് ‘എമര്‍ജന്‍സി എവിക്‍ഷന്‍ പ്ലാന്‍‍‘ എങ്ങനെ നടപ്പാക്കിയെന്നും  ഒരിക്കല്‍ ഭര്‍ത്താവിനോട് വിശദീകരികരിക്കേണ്ടി 
വരുമല്ലോ എന്ന ചിന്ത അപ്പോള്‍ ലവലേശം അവളെ അലട്ടിയില്ല.