Sunday, September 28, 2008

സെലീനാ ടീച്ചര്‍

മുന്നറിയിപ്പില്ലാതെ, നേരത്തെയെത്തിയ ചാറ്റല്‍ മഴ നനച്ച കുളിരുള്ള പ്രഭാതം. മുഖം കറുപ്പിച്ച്‌ ചിണുങ്ങി നിന്ന ആകാശത്തിന്റെ വടക്ക്‌ കിഴക്ക്‌ ഭാഗത്ത്‌ നിന്ന്, ഉണര്‍ന്നിട്ടും കിടക്ക വിട്ടെഴുന്നേല്‍ക്കാത്ത ആദിത്യനെ കളിയാക്കി പിണരുകള്‍ പായിച്ച്‌ രസിച്ചൂ മഴമേഘങ്ങള്‍.

-അധ്യയന വര്‍ഷത്തിന്റെ ആദ്യദിനത്തില്‍ പ്രകൃതീദേവി കണ്ണീര്‍ വാര്‍ക്കുന്നത്‌, തോറ്റ്‌ അതേ ക്ലാസ്സില്‍ തുടരാന്‍ വിധിക്കപ്പെട്ട കുട്ടികള്‍ക്ക്‌ വേണ്ടിയോ?

നെല്ലിമരച്ചോട്ടിലുള്ള VII C-യില്‍ നിന്ന് പതിവായി ഉയരാറുള്ള "പട്ടിക്കഴ്‌വേറി, കള്ളത്തിരുമാലി" വിളികള്‍ക്കവുധി കൊടുത്ത്‌, വാടകക്കെടുത്ത ഒരു പ്ലാസ്റ്റിക്‌ ചിരി മുഖത്ത്‌ ഫിറ്റ്‌ ചെയ്ത്‌, വാര്യര് മാഷ്‌ ജയിച്ച 32 പേരുടെ ലിസ്റ്റ്‌ വിളംബരം ചെയ്തു. തോറ്റവരില്‍ മജീദും ശിവപാലനും മാത്രമേ ഹാജരുണ്ടായിരുന്നുള്ളു. വിഷമമോ ചമ്മലോ പുറത്ത്‌ കാണിക്കാതെ, അവര്‍ ഞങ്ങളെ ചിരിച്ച്‌ കൈവീശി യാത്രയാക്കി.

സ്കൂളിന്റെ നാലുകെട്ടിനു വടക്ക്‌ പുതുതായി പണി കഴിച്ച രണ്ട്‌ നില കെട്ടിടത്തിലെ മുറി സ്വപ്നം കണ്ടിരുന്ന ഞങ്ങളെ നിരാശപ്പെടുത്തിക്കൊണ്ട്‌, മാഷ്‌ ഞങ്ങളെ നയിച്ചത്‌ പഴയ ഒരു ക്ലാസ്‌ റൂമിലേക്കാണു. മൂക്കിലേക്കിറക്കി വച്ച കട്ടിക്കണ്ണടയിലൂടെ ഹെഡ്‌ മിസ്ട്രസ്‌ കമലാക്ഷിയമ്മയുടെ തീഷ്ണ ദൃഷ്ടികള്‍ കുതറിത്തെറിച്ചെത്തിച്ചേരുന്ന ആ ക്ലാസ്സ്‌ റൂമിനെപ്പറ്റി ആര്‍ക്കും വലിയ മതിപ്പില്ലായിരുന്നു.


കഴിഞ്ഞ കൊല്ലം ഇരുന്നിരുന്ന ഓര്‍ഡറില്‍ വലിയ മാറ്റമൊന്നും വരുത്താതെ, ബാക്ക്‌ ബെഞ്ച്‌ തോറ്റു കിടക്കുന്നവര്‍ക്ക്‌ റിസര്‍വ്‌ ചെയ്ത്‌ ഞങ്ങളിരുന്നപ്പോള്‍, ഒരിക്കലും ഉണങ്ങാത്ത വലത്‌ കാലിലെ വൃണം മൂടിക്കെട്ടി വെളുത്ത കുറ്റിത്തലമുടി തടവിക്കൊണ്ട്‌, കേറി വന്നൂ, ഇഗ്നേഷ്യസ്‌ സാര്‍.

"സാറാണോ ഞങ്ങടെ ക്ലാസ്‌ ടീച്ചര്‍?"
ക്ഷമയുടെ വള്ളിച്ചരട്‌ മുറിഞ്ഞ്‌ വീണ പോലെ ആരുടേയോ രോദനമുയര്‍ന്നു.
"ങാ"
-കാലുകള്‍ മേശ‌ മുകളിലേറ്റി, ഉടുമുണ്ടല്‍പമുയര്‍ത്തി കണങ്കാലിലെ കറുത്ത പാടുകള്‍ക്കിടയിലെ രക്തശോഥം പ്രകാശനം ചെയ്ത്‌, അലക്ഷ്യമായി മൂളി, അദ്ദേഹം.

"ആരും ചാടിപ്പോയിട്ടില്ലല്ലോ? ആള്‍ പ്രസെന്റ്‌....., അല്ലേ?": തുറന്ന വേഗത്തില്‍ തന്നെ മസ്റ്റര്‍ റോള്‍ അടഞ്ഞു.

"ഏതെങ്കിലും പുസ്തകമെടുത്ത്‌ വായിക്ക്‌. ക്ലാസ്സൊക്കെ പിന്നെ...."

തല കസേരയിലേക്ക്‌ ചായ്ച്ച്‌ മയക്കത്തിലേക്കൂളിയിടും മുന്‍പ്‌ സാറിന്റെ ഓര്‍ഡര്‍ മുഴങ്ങി.
"തോറ്റ്‌ ഏഴില്‍ തന്നെ കെടന്നാ മത്യാര്‍ന്നു": പിന്നില്‍ രണ്ടാമത്തെ ബെഞ്ചിലിരുന്ന ഏയെമ്മെസ്‌ എന്നറിയപ്പെടുന്ന സുബ്രഹ്മണ്യന്‍ കുറച്ചുറക്കെ ആത്മഗതം ചെയ്തു.
" ഒരു കൊല്ലം മുഴുവന്‍ എങ്ങനെ സഹിക്കും നമ്മളീ ചൊറിയനെ?"

വരാന്തയില്‍ ചെരിപ്പിന്റേയും വസ്ത്രങ്ങളുലയുന്നതിന്റേയും ശബ്ദം.

ഉറക്കം ഞെട്ടിയ ഇഗ്നേഷ്യസ്‌ മാസ്റ്റര്‍ മുരണ്ടൂ: "സൈലന്‍...സൈലെന്‍സ്‌"

ഇഗ്നേഷ്യസ്‌ സാറിനെ പാടെ അവഗണിച്ച് മേശക്ക്‌ മുന്‍പിലേക്ക് ‍ കയറി വന്നൂ, വാര്യര് മാഷ്‌. ‌ സാറാകട്ടെ, കാലുകള്‍ സാവധാനം പിന്‍വലിച്ച്‌, കസേരയില്‍ നിവര്‍ന്നിരുന്ന് കൗതുകത്തോടെ മാഷുടെ ചലനങ്ങള്‍ വീക്ഷിച്ചു.

വലത്‌ വശത്തെ ആദ്യ രണ്ട്‌ ബെഞ്ചുകള്‍ കാലിയാക്കി അതിലിരുന്നവരെ മറ്റ്‌ ബെഞ്ചുകളിലേക്ക്‌ മാറ്റിയശേഷം, പുറത്തേക്ക്‌ നോക്കി മസൃണസ്വരത്തില്‍ അദ്ദേഹം വിളിച്ചൂ:

"കേറി വരൂ"

അമ്പരപ്പിന്റെ പൂര്‍ണവൃത്തങ്ങള്‍ സൃഷ്ടിച്ച 36 ജോഡിക്കണ്ണുകളില്‍ അത്ഭുതത്തിന്റെ വര്‍ണവിതാനങ്ങളുയര്‍ത്തി, പറന്നെത്തുന്നൂ കുറെ ചിത്രശലഭങ്ങള്‍.

5,6,7....ആകെ എട്ടെണ്ണം.

"ദാ, ഈ രണ്ട്‌ ബെഞ്ചുകള്‍ നിങ്ങള്‍ക്ക്‌"

- എന്നിട്ട്‌ സര്‍വാണി സദ്യക്ക്‌ എത്തിയവരോട് വീട്ട് കാര്യസ്ഥനെന്നപോലെ ഞങ്ങളെ ഉഴിഞ്ഞൊന്ന് നോക്കി ഒരു വിശദീകരണവും:
"VIII D-യില്‍ കുട്ടികള്‍ കൂടുതലാ. അതിനാല്‍ ഇന്ന് മുതല്‍ നിങ്ങളുടേത്‌ മിക്സഡ്‌ ക്ലാസ്‌"

"സ്റ്റീഫന്‍, കൊച്ചുമോന്‍, പ്രകാശ്‌...മൂന്ന് പേരും പുസ്തകമെടുത്തോ. നിങ്ങളിനി VIII A-യില്‍.'
കൈയിലെ ഔദ്യോഗിക രേഖ ഇഗ്നേഷ്യസ്‌ മാസ്റ്റര്‍ക്ക്‌ കൈമാറി 3 പ്രിയകൂട്ടുകാരെ അടര്‍ത്തി മാറ്റി, കീഴ്ത്താടി ചലിപ്പിച്ച്‌ ഒരു വില്ലന്‍ ചിരിയോടെ വാര്യര് മാഷ്‌ നടന്നകന്നു.

"അനിതാ, മേഴ്സി, ശാന്തകുമാരി.....'

ശലഭങ്ങളെ ഓരോരുത്തരേയായി ഞങ്ങള്‍ക്ക്‌ പരിചയപ്പെടുത്തിയ ശേഷം ഇഗ്നേഷ്യസ്‌ സാര്‍ ഹൈക്കമാണ്ടിന്റെ അവസാന ഇണ്ടാസും വായിച്ചു.
"ഇക്കൊല്ലം നിങ്ങടെ ക്ലാസ്സ്‌ ലീഡര്‍ ഇതാ ഇവന്‍..."
സാര്‍ എന്റെ നേരെ കൈചൂണ്ടി.
"അസിസ്റ്റന്റ്‌ ലീഡര്‍ ശാന്തകുമാരി":
അല്‍പം തടിച്ച്‌, വാലിട്ട്‌ കണ്ണെഴുതി, മഞ്ഞ പാവാടയും ഇറക്കം കൂടിയ മഞ്ഞ ബ്ലൗസും ധരിച്ച ഒരു പെണ്‍കുട്ടി എഴുന്നേറ്റ്‌ നിന്നു.

ശാന്തകുമാരിയെ അല്‍പവും ഇഷ്ടമായില്ല, എനിക്ക്‌. പക്ഷെ അനിതയെന്ന മഞ്ജുഭാഷിണി എപ്പോള്‍ എണീറ്റാലും, വഴിതെറ്റി ദൃതഗതിയിലൊരു കടാക്ഷം ഇടത്‌ വശത്തേക്ക്‌ പായിച്ചാലും ഉച്ചസ്ഥായിയിലൊരു തബല മേളിക്കുമായിരുന്നു, മനസ്സിനുള്ളില്‍.

ഒരാഴ്ച കഴിഞ്ഞിട്ടും ഇഗ്നേഷ്യസ്‌ സാര്‍ പാഠങ്ങള്‍ തുടങ്ങാത്തതെന്തെന്ന സംശയം പിറുപിറുക്കലായുര്‍ന്നപ്പോള്‍, മാലതിടീച്ചറുടെ മകന്‍ മോഹന്‍ ദാസ്‌ സഹായത്തിനെത്തി.
"നമുക്ക്‌ ക്ലാസ്‌ ടീച്ചര്‍ വേറെ വരും. ഇഗ്നേഷ്യസ്‌ സാര്‍ ലോങ്ങ്‌ ലീവില്‍ പോകാനിരിക്യാ"

ഫസ്റ്റ്‌ ബെല്ലടിക്കുമ്പോള്‍ അസംബ്ലിക്കായി എല്ലാരും വരാന്തയില്‍ നിരന്ന് നില്‍ക്കണമെന്നാണു നിയമം. ക്ലാസ്‌ ലീഡര്‍ മുന്‍പില്‍. ടീച്ചര്‍ ഏറ്റവും പിറകില്‍.

സെക്കന്റ്‌ ബെല്ലടിക്കുമ്പോള്‍ കമലാക്ഷി ടീച്ചര്‍ ഓഫീസിനു വെളിയിലിറങ്ങും. സമീപത്ത്‌ സ്റ്റാന്‍ഡിലുറപ്പിച്ച മൈക്കുമായി വാര്യര് മാഷ്.
‌. പിന്നെ വനജ ശ്രീദേവിമാരുടെ പ്രാര്‍ത്ഥന. തുടര്‍ന്ന് അറിയിപ്പുകള്‍.....

ഇഗ്നേഷ്യസ്‌ സാര്‍ തല കാണിക്കാത്തതിനാല്‍ അന്ന് ക്ലാസ്‌ അല്‍പം ശബ്ദമുഖരിതമായിരുന്നു.
അടുത്ത ക്ലാസ്സിലെ ജോസഫ്‌ മാഷ്‌ വന്നെത്തി നോക്കി.
"ആരാ ക്ലാസ്‌ ലീഡര്‍?"
ഞാന്‍ എണീറ്റ്‌ നിന്നു.
"ശബ്ദമുണ്ടാക്കുന്നവരുടെ പേരെഴുതി വയ്ക്ക്‌. ഞാന്‍ കുറച്ച്‌ കഴിഞ്ഞ്‌ വരാം."

ക്ലാസ്‌ നിശ്ശബ്ദമായി, പക്ഷെ അല്‍പ സമയത്തേക്ക്‌ മാത്രം.

ചുറ്റമ്പലത്തില്‍ പ്രവേശിക്കുമ്പോള്‍ പഞ്ചേന്ദ്രിയങ്ങള്‍ അനുഭവിക്കുന്ന അസ്പൃശ്യവും അദൃശ്യവുമായ ഒരു പരിവേഷം ചുറ്റും പരക്കുന്നതായി തോന്നിയപ്പോള്‍ എന്റെ കണ്ണുകള്‍ പുറത്തേക്ക്‌ നീണ്ടു.

നിശ്വാസങ്ങള്‍ പോലും ശബ്ദമായുയരുന്ന പ്രശാന്തത പരന്നിരുന്നൂ, ക്ലാസില്‍.

ആദ്യം കണ്ടത്‌ പടി മറി കടക്കുന്ന വെളുത്ത്‌ തുടുത്ത പാദം.
മൂത്താശാരി ചിന്തേരിട്ട്‌ മിനുക്കി ഇളം ചുവപ്പു വാര്‍ണീഷടിച്ച ലക്ഷണമൊത്ത കാല്‍നഖങ്ങള്‍.
ചുവന്ന വള്ളിച്ചെരിപ്പ്‌.
വെള്ളയില്‍ നീലപ്പൂക്കളുള്ള സാരിയില്‍, വിദഗ്ദ്ധ ഹസ്തങ്ങള്‍ മെനഞ്ഞ ഞൊറികള്‍....
നെഞ്ചോടടുക്കിപ്പിടിച്ച റെജിസ്റ്ററും പാഠപുസ്തകവുമായി, കോളേജ്‌ കുമാരിയുടെ പ്രസന്നതയോടെ വാതില്‍ക്കല്‍ ഒരു കൃശാംഗിനി.

കണിക്കൊന്നയുടെ നൈര്‍മല്യം.
കൈതപ്പൂവിന്റെ സൗരഭ്യം.

സ്ലോ മോഷനില്‍ എണീറ്റു, എല്ലാരും.
"സിറ്റ്‌ ഡൗണ്‍"
ഇതളുകള്‍ വിടര്‍ന്നു, അരുണിമ ചുറ്റും പടര്‍ന്നു.
"ഞാന്‍ നിങ്ങളുടെ പുതിയ ടീച്ചര്‍. പേരു സെലീന"

-നെറ്റിയില്‍ ചന്ദനക്കുറി,
-കഴുത്തിലും ചന്ദന സ്പര്‍ശം,
-വിതര്‍ത്തിട്ട ചുരുണ്ട മുടിയില്‍ മുല്ലപ്പൂ.
പക്ഷെ സെലീനയെന്ന പേര്‍?

"ടീച്ചര്‍ ക്രിസ്ത്യാനിയാ?": ഏയെമ്മെസ്സിന്റെ വികടവാണി അനുഗ്രഹമായി തോന്നിയ അപൂര്‍വം സന്ദര്‍ഭങ്ങളിലൊന്ന്.
"എന്താ ഹിന്ദുക്കള്‍ക്ക്‌ സെലീനയെന്ന പേര്‍ പാടില്ലേ?"
കസേരയില്‍ ഇരുന്ന് കൊണ്ട്‌ ടീച്ചര്‍ മറുചോദ്യമെറിഞ്ഞു.
"വീടെവിടാ?"
"പറയാം. ആദ്യം നിങ്ങള്‍ സ്വയം പരിചയപ്പെടുത്തൂ"

ടീച്ചറുടെ അനര്‍ഗള വാക്‍ധോരണിയില്‍ സമയം കുതിരച്ചിറകേറി പറക്കുകയായിരുന്നു.

പെരുമ്പാവൂരില്‍ വീട്‌.
അച്ഛന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ്.
സെലീനയെന്ന പേരിന്റെ പിന്നിലെ രഹസ്യം അതാണ്.
ബി എഡ്‌ പാസായ ശേഷം കിട്ടുന്ന ആദ്യ ജോലി.. ...
കരൂപ്പടന്നയിലെ അമ്മായിവീട്ടിലാണു തത്ക്കാലം താമസം.

എല്ലാരും തൃപ്തരായെന്ന് തോന്നി.

"ടീച്ചര്‍ കല്യാണം കഴിച്ചതാ?"
കിട്ടിയ ചാന്‍സിനു സിക്സറടിക്കാന്‍ ബാറ്റുമായി ക്രീസ്‌ വിട്ടിറങ്ങി, ഏയെമ്മെസ്‌.
"എന്താ ആലോചിക്കണമെന്നുണ്ടോ?"
കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.
ക്ലീണ്‍ ബൗള്‍ഡായ ഏയെമ്മെസ്‌ മഞ്ഞളിച്ച മുഖമൊളിപ്പിക്കാനാവാതെ നിന്ന് വിയര്‍ത്തു.

9.30നു സ്കൂളിനു മുന്‍പിലെത്തുന്ന ശ്രീരാമജയം ബസ്സില്‍ നിന്ന് ടീച്ചര്‍ ഇറങ്ങുന്നത്‌ കാണാന്‍ 9 ലേയും 10-ലേയും ചേട്ടന്മാര്‍ മാത്രമല്ല, പരിസരത്തെ ചെറുപ്പക്കാര്‍ മുഴുവന്‍ കാത്ത്‌ നില്‍ക്കും. ദൃഷ്ടികള്‍ നിലത്തുറപ്പിച്ച്‌ തലയല്‍പം ചെരിച്ച്‌ കൊണ്ടുള്ള ആ നടത്തം അനുകരിക്കാന്‍ മത്സരിച്ചൂ, പെണ്‍കുട്ടികള്‍.

സ്കൂളിലെ ഏറ്റവും നല്ല ക്ലാസ്സിനു എവര്‍ റോളിംഗ്‌ ട്രോഫി കൊടുക്കുമെന്ന പ്രഖ്യാപനം നടന്നത്‌ ആയിടെയാണ്. അസംബ്ലിക്ക്‌ ശേഷം കമലാക്ഷി ടീച്ചര്‍ അശോകസ്തംഭത്തിന്റെ മാതൃകയിലുള്ള സ്തൂപിക പ്രദര്‍ശിപ്പിക്കയും ചെയ്തു.

ക്ലാസ്‌ റൂമിന്റെ വൃത്തി, അലങ്കാരങ്ങള്‍, വിദ്യാര്‍ത്ഥികളുടെ അനുസരണ, കൃത്യനിഷ്ട, അറ്റന്‍ഡന്‍സ്‌, യൂണിഫോം എന്നിവ നോക്കി ഹെഡ്‌ മിസ്ട്രസ്‌, വാര്യര് ‍ മാഷ്‌, സംസ്കൃതം പണ്ഡിറ്റ്‌, മലയാളം ടീച്ചര്‍, ഡ്രില്‍ മാഷ്‌ എന്നിവരടങ്ങിയ കമ്മറ്റിയാണു ഓരോ മാസവും വിജയികളെ പ്രഖ്യാപിക്കുക.

അസംബ്ലിയില്‍ പ്രാര്‍ത്ഥനക്ക്‌ ശേഷം, വിജയിയാകുന്ന ക്ലാസിന്റെ ലീഡര്‍ അഭിമാനപൂര്‍വം ട്രോഫി എന്നും തന്റെ ക്ലാസ്സിലേക്ക്‌ കൊണ്ട്‌ പോകും. സ്കൂള്‍ വിടും മുന്‍പ്‌ തിരിച്ചും.

സ്കൂളാകെ ഒന്നുണര്‍ന്ന പോലെ.

സെലീനടീച്ചറുടെ നിര്‍ദ്ദേശപ്രകാരം ശനിയാഴ്ച ശുചീകരണ ദിനമായി ആചരിച്ചു. ടീച്ചരുടെ സുഗന്ധം പരത്തുന്ന ആകര്‍ഷണവയലയത്തില്‍ നിന്ന് വിട്ടു നില്‍ക്കുവാന്‍ ആര്‍ക്കും മനസ്സുണ്ടായില്ലെന്നതാണു സത്യം.

-ഉച്ചക്ക് സുഖിയനും പരിപ്പുവടയുമടങ്ങുന്ന ടീ പാര്‍ട്ടി അറേഞ്ച് ചെയ്തിരുന്നൂ, ടീച്ചര്‍.

രങ്കയ്യന്റെ കലാപാടവം കതിര്‍ മണികള്‍ കൊത്തിപ്പറക്കുന്ന പ്രാവുകളായ്‌ ബോര്‍ഡില്‍ വിരിഞ്ഞു.
മഹത്‌ വചനങ്ങള്‍ ചുമരിലെഴുതിയത്‌ ജോസും മഹിയും കൂടി.
മുറിയുടെ മൂലയില്‍‍ വെള്ളം നിറച്ച കൂജയും മേശപ്പുറത്ത്‌ പൂക്കളും പ്രത്യക്ഷപ്പെട്ടു.

ക്ലാസ്‌,ഡിവിഷന്‍, ഡേറ്റ്‌, അറ്റന്‍ഡന്‍സ്‌, പഠിക്കുന്ന വിഷയം ഒക്കെ ബ്ലാക്ക്‌ ബോര്‍ഡില്‍ അപ്ഡേറ്റ്‌ ചെയ്യുന്ന ജോലി എന്റേതായിരുന്നു.

ഉത്സാഹത്തിനും കഠിനാധ്വാനത്തിനും പ്രതിഫലം കിട്ടുക തന്നെ ചെയ്തു. ഇടക്കൊരു മാസം മാത്രം IX B-യിലെ പെണ്‍കുട്ടികള്‍ തട്ടിയെടുത്തതൊഴിച്ചാല്‍ എല്ലാ മാസവും റോളിംഗ്‌ ട്രോഫി ഞങ്ങളുടെ ക്ലാസ്സില്‍ തന്നെ വിശ്രമിച്ചു.

ലീഡര്‍ എന്ന നിലയില്‍ മാത്രമല്ല നന്നായി പഠിക്കുന്ന കുട്ടി എന്ന നിലയിലും എന്നോട്‌ പ്രത്യേക വാത്സല്യവും അടുപ്പവും കാണിച്ചിരുന്നൂ, ടീച്ചര്‍. കോമ്പോസിഷന്‍ ബുക്കുകള്‍ എടുക്കാന്‍ പോകുമ്പോഴും ചാര്‍ട്ടുകള്‍, ചോക്ക്‌ എന്നിവ പരതി ഓഫീസ്‌ റൂമിന്നരികെ പരുങ്ങി നില്‍ക്കുമ്പോഴും തങ്കം ടീച്ചര്‍ കളിയാക്കും. "സെലീനാ, ദാ നിന്റെ 'പെറ്റ്‌ സ്റ്റുഡെന്റ്‌' കാത്ത്‌ നില്‍ക്കുന്നു."

പത്തിലേയും ഒന്‍പതിലേയും തടിയന്‍ ചേട്ടന്മാര്‍ ഒഴിവ്‌ സമയങ്ങളില്‍ സെലീന ടീച്ചറെ ‌ കാണാന്‍ ജനാലക്കരികില്‍ വന്ന് നില്‍ക്കും. മുരടനക്കിയും കമെന്റടിച്ചും ടീച്ചറുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്ന അവരെ കാണുന്ന മാത്രയില്‍ ജനല്‍ക്കതകുകള്‍ വലിച്ചടക്കും, ഞാന്‍.

ചേട്ടന്മാരുടെ ശത്രുത ഏറ്റുവാങ്ങിയാലും ടീച്ചര്‍ വിളമ്പിത്തരുന്ന വശ്യസ്മിതത്തിന്റെ മധുരിമയുണ്ടല്ലോ കൂട്ടിന്!

ഗ്രാമര്‍ ക്ലാസെടുക്കയായിരുന്നു, സെലീനാ ടീച്ചര്‍.
താഴെ വീണ ചോക്കെടുക്കാന്‍ കുനിഞ്ഞപ്പോള്‍, മാത്ര നേരത്തേക്ക്, ടീച്ചറുടെ സാരി ശരീരത്തോട്‌ പിണങ്ങിയകന്നു. ‍ അത്‌ വരെ അഗോചരമായ ചില ശരീരഭാഗങ്ങള്‍ ഞങ്ങളുടെ കണ്ണുകളില്‍ മിന്നിത്തെളിഞ്ഞൂ.

'ടാ...ആ പൊക്കിളു കണ്ടാ. എന്തൊരു ഷേയ്‌പാ....": ഏയെമ്മെസ്‌ എന്നെ തോണ്ടി.
"ഷട്ടപ്‌..." : ഞാന്‍ ചീറി.
-എന്നിട്ട്‌ തെറ്റ്‌ ചെയ്ത കുട്ടിയുടെ കുറ്റബോധത്തോടെ ചുവന്ന മുഖം ഡെസ്കിലേക്ക്‌ പൂഴ്ത്തി.
"എന്താ അവിടെ?" ടീച്ചര്‍ തിരക്കി.
"ഒന്നൂല്യാ,": ഞാന്‍ മുഖമുയര്‍ത്താതെ വിക്കി.

ഒരാഴ്ച എന്നോട്‌ മിണ്ടാതെ നടന്നു, ഏയെമ്മെസ്‌.
-കൂടെക്കൂടെയുള്ള മനസ്സിന്റെ വഴുതിപ്പോകലിനെ പ്രാകി, ടീച്ചറുടെ മുന്‍പില്‍ പെടാതെ ഒഴിഞ്ഞു മാറി നടന്നു, രണ്ട്‌ ദിവസം.

ഒടുവില്‍ ടീച്ചര്‍ ചോദിക്ക തന്നെ ചെയ്തു.
" എന്തു പറ്റി? എന്നോട്‌ പിണക്കാ?'
"അല്ല,"
ഇടംകണ്ണുകൊണ്ട്‌ ടീച്ചറെ നോക്കി മന്ത്രിക്കും പോലെ പറഞ്ഞൂ, ഞാന്‍. "എനിക്ക്‌ ടീച്ചറോട്‌ പിണങ്ങാനാകുവോ?"

വര്‍ഷാവസാനം:
‘റിവിഷന്‍‘ കൊണ്ട്‌ പിടിച്ച്‌ നടക്കുന്നു.

ഉച്ചക്ക്‌ ഊണു കഴിഞ്ഞ്‌ വന്നപ്പോഴാണു മോഹന്‍ദാസ്‌ ആ രഹസ്യം പൊട്ടിച്ചത്‌:
'സെലീനാ ടീച്ചറുടെ കല്യാണമാ... ഈ വെക്കേഷന്"
"പിന്നെ... ഇത്ര ചെറുപ്പത്തില്‍ കല്യാണം കഴിക്കാന്‍ ടീച്ചര്‍ക്കെന്താ വട്ടാ?"
എനിക്കത്രവേഗം ദഹിച്ചില്ല ആ വാര്‍ത്ത.
"സത്യാടാ...അമ്മ പറഞ്ഞതാ. ടീച്ചര്‍ ഇപ്പോ താമസിക്കുന്ന വീട്ടിലെ ചേട്ടനാത്രേ കെട്ടുന്നത്.‍"

മനസ്സിന്റെ ഇടനാഴിയിലെവിടെയൊക്കേയോ ഉരുള്‍ പൊട്ടല്‍ നടന്നു.
മുഖത്തിരച്ച്‌ കയറിയ കാര്‍മേഘങ്ങള്‍ പെയ്തൊഴിയാന്‍ വെമ്പി.

രോഹിണി ടീച്ചറുടെ സാമൂഹ്യപാഠ ക്ലാസില്‍ കയറാതെ പുറത്തിറങ്ങി ടീച്ചേഴ്സ്‌ റൂമിനെ വലം വച്ചു, ഞാന്‍. ജനലിലൂടെ നോക്കിയപ്പോള്‍ ഒരു കസേരയിലിരുന്ന് കോമ്പോസിഷന്‍ ബുക്കുകള്‍ നോക്കുന്നു, ടീച്ചര്‍. കുറച്ചകലെയായി മറ്റ് രണ്ട്‌ ടീച്ചര്‍മാര്‍ ആരുടെയൊക്കെയോ കുടുംബരഹസ്യങ്ങള്‍ കടിച്ച്‌ പറിച്ച് പങ്കു വയ്ക്കുന്ന തിരക്കിലും.

"രോഹിണി ടീച്ചറുടെ ക്ലാസ്സല്ലേ, ഇപ്പോള്‍?" ടീച്ചര്‍ ചോദിച്ചു.
"അതെ"
"അറ്റ്‌ലസ്സോ മാപോ എടുക്കാന്‍ വന്നതാ?"
"അല്ല": ഞാന്‍ മേശക്കരികിലേക്ക്‌ നീങ്ങി തലയുയര്‍ത്താതെ, കൈകള്‍ തെരുപ്പിടിച്ച്‌ നിന്നു.

ടീച്ചറുടെ കണ്ണുകള്‍ എന്റെ മുഖത്ത്‌ തറച്ച്‌ നില്‍ക്കുന്നത്‌ ഞാനറിഞ്ഞു. വിതുമ്പാന്‍ വെമ്പുന്ന മുഖഭാവം ടീച്ചര്‍ ശ്രദ്ധിച്ചിരിക്കണം.

"എന്താ പറ്റീത്‌?"
ഒരു കൈ കൊണ്ട്‌ എന്റെ മുഖം പിടിച്ചുയര്‍ത്തി, ടീച്ചര്‍.
"ടീച്ചര്‍ കല്യാണം കഴിക്കാന്‍ പോക്വാ?":
കഷ്ടപ്പെട്ട്‌ വെളിയില്‍ വന്നൂ, വാക്കുകള്‍.
"എന്താ.... വേണ്ടേ?"
ഞാനാ മുഖത്ത്‌ പാളി നോക്കി. പുഞ്ചിരിയുടെ തെളിച്ചത്തോടൊപ്പം സങ്കോചത്തിന്റെ മിന്നല്‍പ്പിണരുകളുണ്ടോ അവിടെ?
"വേണ്ട, ഇപ്പോ കഴിക്കണ്ടാ":
കരച്ചിലിന്റെ നനവോടെയുയര്‍ന്ന ആ ശബ്ദം മറ്റ്‌ ടീച്ചര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്ര ഉച്ചത്തിലായിരുന്നു.

ഒരു സ്റ്റൂള്‍ നീക്കിയിട്ട്‌ തോളില്‍ പിടിച്ച്‌ വാത്സല്യത്തോടെ ടീച്ചര്‍ പറഞ്ഞു: "ഇവിടെ ഇരിക്ക്‌. എന്നിട്ട് ഞാന്‍ പറയുന്നത്‌ കേള്‍ക്ക്‌..."
"ടീച്ചര്‍ സമ്മതിച്ചോ?"
അതാണെനിക്കറിയേണ്ടിയിരുന്നത്‌.
അവര്‍ തലയാട്ടി.

വാത്സല്യം നിറഞ്ഞൊഴുകിയ ആ കണ്ണുകളില്‍ അനുകമ്പയുടെ നിറം തെളിഞ്ഞ്‌ നിന്നു.

കല്യാണം വീട്ടുകാര്‍ തീരുമാനിച്ചതാണ്. അമ്മായിയുടെ മകന്‍...മുറച്ചെറുക്കന്‍. നേവിയിലായിരുന്ന അയാള്‍, തന്നെ കെട്ടാന്‍ വേണ്ടിയാണ് റിട്ടയര്‍മെന്റ് വാങ്ങി‌ നാട്ടിലേക്ക് വന്നത്‌. അല്‍പം പ്രായക്കൂടുതലുണ്ടെങ്കിലും സ്നേഹമുള്ള മനുഷ്യനാണ്. പിന്നെ അമ്മായിയാണെങ്കില്‍ തനിക്ക്‌ അമ്മയേക്കാള്‍ പ്രിയപ്പെട്ടവളും.

അടുത്ത അദ്ധ്യയനവര്‍ഷം ഏതാനും മാസങ്ങള്‍ മാത്രമേ ടീച്ചര്‍ ഞങ്ങളുടെ സ്കൂളിലുണ്ടായിരുന്നുള്ളു. സ്ഥലം മാറ്റം വാങ്ങി, ഒരു വിട വാങ്ങലിന് പോലും നില്‍ക്കാതെ, പെട്ടെന്ന് പോവുകയായിരുന്നു.

വെളുത്ത്‌ തുടുത്ത ആ നെറ്റിയില്‍ പുതുതായി പ്രത്യക്ഷപ്പെട്ട സിന്ദൂരക്കുറി ഒട്ടും ചേരുന്നില്ലല്ലോ എന്ന് തോന്നി, എനിക്ക്‌.

സംഭവബഹുലങ്ങളായ വര്‍ഷങ്ങള്‍ ദിശഗതികള്‍ വിഗണിച്ച്‌, ചുങ്കമോ കടത്ത്‌ കൂലിയോ നല്‍കാതെ ഒഴുകിപ്പൊയ്ക്കൊണ്ടിരുന്നൂ.

ദുബായില്‍ നിന്ന് രണ്ടാം വട്ടം നാട്ടിലെത്തിയപ്പോള്‍ അച്ഛനുമമ്മക്കും നിര്‍ബന്ധം: "ചുമതലകളൊക്കെ ഒരു വിധം തീര്‍ന്നില്ലേ? ഇനി ഞങ്ങള്‍ക്കൊരു മരുമകളെ കൊണ്ട്‌ താ."

കൊച്ചമ്മായി പറഞ്ഞു:"ഞങ്ങടെ തെക്കേതില്‍ ഒരു കുട്ടിയുണ്ട്‌. നീ വീട്ടീ വന്നാ മതി. കാണിച്ച്‌ തരാം."

കോണത്ത്‌ കുന്ന് കൊടക്കാപ്പറമ്പ്‌ അമ്പലത്തിന്നടുത്ത്‌ ബസ്സിറങ്ങി അമ്പലപ്പറമ്പ്‌ താണ്ടി പാടത്തിറങ്ങിയാല്‍ കാണാം കാരുമാത്രയിലുള്ള കൊച്ചമ്മായിയുടെ വീട്‌.

ബസ്സിറങ്ങിയയുടനെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌ കൊച്ചമ്മായിയുടെ ഇളയ സന്തതി കാന്താരി. സ്കൂള്‍ യൂണിഫോമില്‍.
തോളില്‍ ഭാരിച്ച ബാഗ്‌.
"ഇങ്ങ്‌ താ, ഞാന്‍ പിടിക്കാം': ഞാന്‍ കൈ നീട്ടി.
"വേണ്ടാ, നാളേം വരോ ഈ സമയത്ത്‌ ബാഗ്‌ താങ്ങാന്‍? എന്നാ തരാം":
എന്നായി കാന്താരി.

"ചേട്ടനെ പഠിപ്പിച്ച ഒരു സെലീനാടീച്ചറെ ഓര്‍മ്മയുണ്ടോ? “
അവള്‍ വിഷയം മാറ്റി.

ഓര്‍മ്മകള്‍ മഴച്ചാറ്റലായി മനസ്സില്‍ പെയ്തിറങ്ങി.

ടീച്ചറിനെ പൊതിഞ്ഞ്‌ നില്‍ക്കാറുള്ള സുഖമുള്ള ഒരു ഗന്ധം ചുറ്റും പടര്‍ന്നു.
'സെലീനാടീച്ചര്‍, എന്റെ പ്രിയപ്പെട്ട ടീച്ചര്‍,':
ചുണ്ടുകളുരുവിട്ടു.

" ഇപ്പോ ഞങ്ങടെ ക്ലാസ്‌ ടീച്ചറാ"
അഭിമാനത്തോടെ എന്നെ നോക്കി, അവള്‍.

മനസ്സിലൊരായിരം കുരുവികള്‍ ചിറകടിച്ചു.
പ്രാവുകള്‍ കുറുകി.

" കരൂപ്പടന്ന സ്കൂളിലാ ടീച്ചറിപ്പോ?"
"അതെ.മൂന്നാലു കൊല്ലായി..... ടീച്ചറെപ്പഴും പറയും പഴേ കാര്യങ്ങള്‍. ആദ്യ ജോലി...
ആദ്യ സ്കൂള്‍.... ആദ്യ ക്ലാസ്‌...
പിന്നെ കൂടുതല്‍ പറയുക ചേട്ടനെപ്പറ്റിയാ.
നന്നായി പഠിക്കും, എഴുതും, പ്രസംഗിക്കും എന്നൊക്കെ....... ഒടുവില്‍ ട്രന്‍സ്ഫര്‍ കിട്ടിയപ്പോള്‍ യാത്ര പോലും പറയാതെ പോന്നത്‌ വരെ....."
അവള്‍ തുടര്‍ന്നൂ:
"ഒരിക്കല്‍ പുരാണം കേട്ട്‌ സഹി കെട്ടപ്പൊ ഞാനെണീറ്റ്‌ നിന്ന് പറഞ്ഞു, എന്റെ ചേട്ടനാ അതെന്ന്....അപ്പോ ടീച്ചര്‍ ചേട്ടന്റെ വിശേഷങ്ങളെല്ലാം വിശദമായി ചോദിച്ചു. എന്നേം വല്യ ഇഷ്ടാ ടീച്ചര്‍ക്ക്‌"
"എന്നാ നീ ടീച്ചറോട്‌ പറയൂ നാളെ ഞാന്‍ ടീച്ചറെ കാണാന്‍ വരുന്നുണ്ടെന്ന്.."
"ഉവ്വോ? സത്യായും.....? ടീച്ചെര്‍ക്കെന്ത്‌ സന്തോഷാവൂന്നോ?"

സ്കൂളിലെത്തിയപ്പോള്‍ ഹെഡ്‌ മാസ്റ്ററുടെ ഓഫീസില്‍ ആരുമില്ലായിരുന്നു. വരാന്തയില്‍ കണ്ട ഒരു കുട്ടി എതിര്‍ വശത്തുള്ള ഒരു ക്ലാസ്‌ റൂമിലേക്ക്‌ വിരല്‍ ചൂണ്ടി.

നടന്നടുത്തപ്പോള്‍ ടീച്ചറുടെ ഗന്ധം എന്നെത്തേടിയെത്തി. അല്‍പം കൊഞ്ചലുള്ള ആ സ്വരം കാതുകളില്‍ കിലുങ്ങി.

അതിനിടെ കാന്താരി എന്നെ കണ്ട്‌ കഴിഞ്ഞിരുന്നു. ക്ലാസ്സില്‍ ശ്രദ്ധിക്കാതെ എന്റെ വരവും നോക്കിയിരിക്കയായിരുന്നോ അവള്‍?

ടീച്ചര്‍ വാതില്‍ക്കലെത്തി.
വര്‍ഷങ്ങള്‍ ആ മുഖത്തും ശരീരത്തിലും വരുത്തിയ മാറ്റങ്ങള്‍ പ്രകടമായിരുന്നു.പക്ഷെ പ്രകാശം പരത്തുന്ന ചിരി,വാത്സല്യം കോരി നിറച്ച കണ്ണുകള്‍,ആ പ്രത്യേക പരിവേഷം...

"വാ", എന്നില്‍ തന്നെ നോട്ടമുറപ്പുച്ച്‌ കൊണ്ടവര്‍ ടീച്ചേഴ്സ്‌ റൂമിലേക്ക്‌ നടന്നു.
ഒന്നും ഉരിയാടാതെ കുറെ നേരം പരസ്പരം നോക്കിയിരുന്നൂ, ഞങ്ങള്‍.
പിരീഡവസാനിച്ചപ്പോള്‍ എത്തിച്ചേര്‍ന്ന എല്ലാ ടീച്ചര്‍മാര്‍ക്കും എന്നെ പരിചയപ്പെടുത്തി.
“ഞാന്‍ പറയാറില്ലേ, .... നടവരമ്പ്‌ സ്കൂളിലെ എന്റെ ആദ്യ സ്റ്റുഡന്റ്‌!"

-ആദ്യ വിദ്യാര്‍ത്ഥി?
ബാക്കിയുള്ള 39 പേരുകള്‍ ഏത്‌ ക്രമനമ്പറില്‍ ആയിരിക്കും ടീച്ചറുടെ മസ്റ്റര്‍ റോളില്‍ രേഖപ്പെടുത്തിയിരിക്കുക?

സ്കൂളിന്നടുത്ത്‌ തന്നെയാണു ടീച്ചര്‍ താമസിച്ചിരുന്നത്‌.
രണ്ട്‌ മക്കള്‍:മഞ്ജുള, മൃദുല.
മൂത്തവള്‍ 7-ല്‍, ഇളയവള്‍ 5-ല്‍

ഭര്‍ത്താവിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍, അല്‍പം വിരസതയോടെ അവര്‍ പറഞ്ഞൂ:“ ഓ, സുഖമായിരിക്കുന്നൂ. ഇന്‍ഷൂറന്‍സുമായി നാടു തെണ്ടലല്ലേ പണി.”

ഉച്ചയൂണിനു സ്മയമാകും വരെ സംസാരിച്ചിരുന്നു, ഞങ്ങള്‍.
'എന്റെ ഊണു ഷെയര്‍ ചെയ്യുന്നോ?": ടീച്ചര്‍ ചോദിച്ചു.
"വേണ്ടാ ടീച്ചര്‍. ഉണ്ണാന്‍ വീട്ടിലെത്താമെന്ന് പറഞ്ഞിട്ടാ പോന്നത്‌."
"പോകും മുന്‍പ്‌ വീട്ടില്‍ വരണം"
അഡ്രസ്സെഴുതിയ ഒരു കടലാസ്‌ കഷണം എന്റെ പോക്കറ്റില്‍ തിരുകി, അവര്‍.
"പിന്നെ കല്യാണത്തിനു ക്ഷണിക്കാതിരിക്കില്ലല്ലോ, അല്ലേ?”
കുസൃതിയോടെ തലയല്‍പം താഴ്ത്തി, കൃഷ്ണമണികള്‍ മേലോട്ടുയര്‍ത്തി എന്നെ നോക്കി
നിഗൂഢമായൊന്ന് ചിരിച്ചു, ടീച്ചര്‍.

പിന്നെ കാണാനൊത്തില്ല, ടീച്ചറെ. ആ വെക്കേഷനില്‍ കല്യാണം നടക്കാതിരുന്നതിനാല്‍ പോക്കറ്റില്‍ തിരുകിയ അഡ്രസിനെപ്പറ്റി ഓര്‍ത്തതുമില്ല.

രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും കൊച്ചമ്മായിയുടെ വീട്ടിലെത്തിയപ്പോള്‍ കാന്താരിയാണു പറഞ്ഞത്‌, ടീച്ചര്‍ സ്ഥലം മാറി പോയെന്ന്. ഭര്‍ത്താവ്‌ ബൈക്കപകടത്തില്‍ മരിച്ചെന്നും.

കാന്താരി ഒഴിവായ സമയം നോക്കി കൊച്ചമ്മായിയുടെ മൂത്ത മോന്‍ അന്നാസ്‌ രഹസ്യം പോലെ എന്റെ ചെവിയില്‍ മൊഴിഞ്ഞൂ:"ടീച്ചറും ഭര്‍ത്താവുമായി തീരെ സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു. മക്കള്‍ രണ്ടും അയാളുടെതല്ലെന്ന് പറഞ്ഞ്‌ അടിയും ബഹളവുമായിരുന്നു, എന്നും. ബൈക്കപകടത്തില്‍ ചത്തത്‌ നന്നായി, അല്ലെങ്കില്‍ നാട്ടുകാരെല്ലാം കൂടി തല്ലിക്കൊന്നേനെ അയാളെ...."

എന്റെ തൊണ്ടയില്‍ ഒരു കുന്ന് സങ്കടം വന്ന് കുമിഞ്ഞൂ കൂടി.
ശ്വാസനാളം പിടഞ്ഞൂ.
കണ്ണുകള്‍ മങ്ങി.

ഓര്‍മ്മയുടെ തീരശ്ശീലയില്‍ സെലീനാടീച്ചറുടെ വിവിധ മുഖഭാവങ്ങള്‍ മാറി മറിഞ്ഞുകൊണ്ടിരുന്നൂ; പക്ഷേ അതില്‍ ഒന്നു പോലും ദുഃഖത്തിന്റെ കരി പുരണ്ടതായിരുനില്ല.

അന്നാസ്‌ പറഞ്ഞുകൊണ്ടിരുന്നൂ:
"സത്യത്തില്‍ ടീച്ചറും മക്കളും രക്ഷപ്പെട്ടതാ. വലിയൊരു തുകയല്ലേ ഇന്‍ഷൂറന്‍സീന്ന് കിട്ടിയത്‌"

53 comments:

സുല്‍ |Sul said...

സത്യത്തില്‍ ഞാന്‍ പഠിച്ച സ്കൂളില്‍ എല്ലാം ഒന്ന് കറങ്ങീ വന്നു. നന്ദി കൈതേ...
ഇതിനു എന്തു കമെന്റെഴുതണമെന്നറിയുന്നില്ല. എന്തായാലും സെലീന ടീച്ചറുടെ വിധി കഠിനമായിപ്പോയി. എങ്കിലും എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കും അവര്‍.

ഒരു തേങ്ങ ഇവിടെ ആദ്യമായി. (((((((((ഠേ)))))))))

-സുല്‍

kaithamullu : കൈതമുള്ള് said...

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ വീണ്ടും മനസ്സില്‍ കയറി വന്നതാ സലീനാ ടീച്ചര്‍, ഇറങ്ങിപ്പോകാന്‍ മടിച്ച് കൊണ്ട്!
-അത് കൊണ്ട് മറ്റനേകരെ പിന്നിലാക്കി സെലീനാടീച്ചറാദ്യം.....

ഇപ്പോള്‍ എറണാകുളത്ത് ഇളയമകളോടോപ്പം താമസിക്കുകയാണെന്നറിഞ്ഞു. ബുദ്ധിമുട്ടി ഒപ്പിച്ചെടുത്ത ടെലഫോണ്‍ നമ്പര്‍ തെറ്റായിരുന്നതിനാല്‍ സംസാരിക്കാനൊത്തില്ല.
- സാരമില്ല, അടുത്ത പ്രാവശ്യം........

കരീം മാഷ്‌ said...

എന്‍റെ ഒരനുഭവം പോസ്റ്റു ചെയ്തു ഗൂഗിള്‍ സെര്‍ച്ചില്‍ പോയി നോക്കുമ്പോഴാണു കൈതമുള്ളിന്‍റെ സൃഷ്ടി കണ്ടത്. വായിച്ചിട്ടു കമണ്ടാം എന്നു കരുതിയപ്പോഴാണ്. സുല്‍ അതിക്രമിച്ചു കയറി തേങ്ങായുടച്ചതു കണ്ടത്.
എന്നിലും സ്കൂള്‍ അനുഭവം നല്‍കി.സലീനടീച്ചറിനു ഭര്‍ത്താവിന്‍റെ മരണം ലാഭമോ നഷ്ടമോ നല്‍കിയിരിക്കാം. പക്ഷെ നമുക്കെന്നും കുട്ടിക്കാലം വിട്ടപ്പോള്‍ നഷ്ടം മാത്രമേ കിട്ടിയിട്ടുള്ളൂ.

Cartoonist said...

കൈതയും സെലീനടീച്ചറും നന്നന്നായി വരട്ടെ !
ഒപ്പം ആസ് യൂഷ്വല്‍ ഈ ഞാനും..

ഞാന്‍ ഇരിങ്ങല്‍ said...

സെലീന ടീച്ചര്‍ മനസ്സിന്‍ റെ ഭാഗമായി പെട്ടെന്ന്.
എന്നിട്ടും കഥ ബാക്കിയാകുന്നല്ലോ ചേട്ടാ...
ബാക്കി കൂടിപറയൂ‍...
ഇപ്പോള്‍ സെലീന ടീച്ചര്‍ എവിടെ...

അപ്പു said...

ശശിയേട്ടാ പതിവു ചേരുവകകള്‍ എല്ലാമുള്ള എഴുത്ത്. ടീച്ചറ് രക്ഷപെട്ടോ ഇപ്പോള്‍?

അപ്പു said...

യ്യോ, എഴുതാന്‍ വിട്ടു. കഥനന്നായിട്ടുണ്ട്.

അനില്‍ശ്രീ... said...

നല്ല അവതരണം. പണ്ടൊക്കെ ഞങ്ങള്‍ പഠിച്ചിരുന്ന സ്കൂളില്‍ BEd അവസാന വര്‍ഷത്തിന് പഠിക്കുന്ന പെണ്‍കുട്ടികള്‍ അവരുടെ ട്രെയിനിങിന്റെ ഭാഗമായി ഒന്നു രണ്ട് മാസം ക്ലാസ്സ് എടുക്കാന്‍ വരുമായിരുന്നു. അങ്ങനെ വന്ന "നാസ്" എന്ന റ്റീച്ചറെ ഓര്‍ത്തു പോയി. നന്ദി ശശിയേട്ടാ...

അനൂപ് തിരുവല്ല said...

നന്നായിട്ടുണ്ട്

സഹയാത്രികന്‍ said...

എന്റെ മാഷേ... സുല്ലേട്ട പറഞ്ഞപോലെ... പഠിച്ച സ്ക്കൂളിലൊക്കെ ഒന്നു പോയി കറങ്ങി വന്നു... കൂടെ പ്രിയപ്പെട്ട അധ്യാപകരുടെ അടുത്തും...

അസ്സലായി വിവരണം...
:)

പാര്‍ത്ഥന്‍ said...

L.P. സ്കൂളില്‍ 4ആം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്നും മിഠായി വിതരണം ചെയ്തിരുന്ന ഗായത്രി ടിച്ചറെ ഓര്‍ത്തുപോയി. സ്നേഹമായിരുന്നോ സൗന്ദര്യമായിരുന്നോ കൂടുതല്‍ എന്നു അറിയുമായിരുന്നില്ല, അന്ന്‌. ആ ടീച്ചറുടെയും വിവാഹജീവിതം പരജയമാണെന്നറിഞ്ഞപ്പോള്‍ ഒരു വിഷമം തോന്നിയിരുന്നു.

sruthasoma said...

കഥ നന്നായിട്ടുണ്ട്...
സംഭവങ്ങളുടെ സ്വാഭാവിക വേഗത പലയിടത്തും നഷ്ടപ്പെടുന്നുണ്ടോ എന്നു തോന്നിപ്പോകുന്നു....
എങ്കിലും നല്ല ഒഴുക്ക്...
എല്ലാ ആശംസകളും

കുറുമാന്‍ said...

ശശ്യേട്ടാ, ഓരോ പോസ്റ്റിലുമുള്ള പുതുമ ഇതിലും നിലനിറുത്തി. സെലീന ടീച്ചറുടെ കഥവായിച്ചപ്പോള്‍ ഞങ്ങളെ പഠിപ്പിച്ച ഗീത ടീച്ചറേം ഓര്‍മ്മ വന്നു.

എന്റമ്മെ ഞാനും ക്ലാസ് ലീഡറായിരുന്നു, പക്ഷെ മാര്‍ക്കില്‍ ഒന്നാം സ്ഥാനം പോയിട്ട് 10 വരെ വരാറില്ല (സംസ്കൃതവും, ഹിന്ദിയിലും ഒഴിച്ച്).

ഇപ്പോ ക്ലാസ്സ് ലീഡറല്ല, ഗ്ലാസ്സ് ലീഡറായി.

മാണിക്യം said...

ഇന്ന്
തിരിഞ്ഞു നോക്കുമ്പോള്‍
ജീവിതത്തിലേ ഏറ്റവും നല്ലകാലം
വിദ്യാര്‍ത്ഥി ജീവിതം ആണെന്നു തോന്നാറുണ്ട്

ആദ്യ ദിവസം ക്ലാസ്സില്‍ പഠിപ്പിക്കാന്‍ ചെന്നതോര്‍ത്തു ,വിദ്യാര്‍ത്ഥിയായ്
ആദ്യ ദിവസം സ്‌കൂളില്‍‍ പോയതിനേക്കാള്‍ റ്റെന്‍ഷനായിരുന്നു, റ്റീച്ചറായി ക്ലാസ്സില്‍ ചെന്നപ്പോള്‍.ഒത്തിരി കുഞ്ഞു മുഖങ്ങള്‍
മനസ്സില്‍ മിന്നി മറഞ്ഞു ഇതുവായിച്ചപ്പോള്‍..
മനസ്സില്‍ തട്ടുന്ന നല്ല ഒരു പോസ്റ്റ്...
അടുത്ത അവധിക്ക് സലീനടീച്ചറെ
കാണാന്‍ സാധിക്കട്ടേ ..
ആശംസകള്‍..

ഗീതാഗീതികള്‍ said...

കഥ നന്നായിട്ടുണ്ട്. മനസ്സില്‍ ആരാധനാപാത്രമായി തീര്‍ന്നവരുടെ ജീവിതങ്ങള്‍ സുഖകരമല്ല എന്നറിയുമ്പോള്‍ ഒരു വിഷമം തന്നെ.

ആശംസകള്‍ കൈതമുള്ളിന്.

Ambi said...

കൈതമുള്‍ക്കാര്‍ണോരേട്ടാ.. ഒറ്റ നോക്കിന് മുഴുവന്‍ വായിച്ചുതീര്‍ത്തു. തലയനക്കിയില്ല, വേറെങ്ങും നോക്കിയില്ല. ഞാനിത് തുടരും എന്നു വിചാരിച്ചു.

കുട്ടന്‍മേനൊന്‍ said...

വായിച്ചു.
ചുറ്റമ്പലത്തില്‍ പ്രവേശിക്കുമ്പോള്‍ പഞ്ചേന്ദ്രിയങ്ങള്‍ അനുഭവിക്കുന്ന അസ്പൃശ്യവും അദൃശ്യവുമായ ഒരു പരിവേഷം ചുറ്റും പരക്കുന്നതായി തോന്നിയപ്പോള്‍ എന്റെ കണ്ണുകള്‍ പുറത്തേക്ക്‌ നീണ്ടു..
വാക്കുകളുടെ നടനനൃത്തം ... ഓര്‍മ്മകളിലെ നൊന്‍പരങ്ങളെല്ലാം മുഴുവന്‍ പ്രതിഫലിപ്പിക്കുന്ന എഴുത്ത്. ആശംസകള്‍..

അനിലന്‍ said...

ഞാനോര്‍ത്തത് ജമീലടീച്ചറേയാണ്.
ഒമ്പതാം ക്ലാസില്‍ കുറച്ചു നാള്‍ പഠിപ്പിക്കാനെത്തിയ (ട്രെയിനിംഗ്?)മീശക്കാരി സുന്ദരി. തളിക്കുളം ഹൈസ്കൂളില്‍ കുറേക്കാലം എട്ടിലും ഒമ്പതിലും പഠിച്ചിട്ടുള്ള സലീമിനോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ടീച്ചര്‍ക്കൊരു നാണം വരുമായിരുന്നു. അവരേകദേശം സമപ്രായക്കാരായിരുന്നു.

ഓര്‍മയുടെ വരമ്പത്തെ കൈതയില്‍... ഇടയ്ക്കിങ്ങനെ പൂമ്പോളകള്‍ വിരിയട്ടെ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “ക്ലാസ്‌,ഡിവിഷന്‍, ഡേറ്റ്‌, അറ്റന്‍ഡന്‍സ്‌, പഠിക്കുന്ന വിഷയം ഒക്കെ ബ്ലാക്ക്‌ ബോര്‍ഡില്‍ അപ്ഡേറ്റ്‌ ചെയ്യുന്ന ജോലി എന്റേതായിരുന്നു.“ അത് നമ്മള്‍ക്കുമുണ്ടായിരുന്നു..

ഓടോ: എന്നാലും എട്ടാം ക്ലാസിലേ.......

പാര്‍ത്ഥന്‍ said...

കൈതേട്ടാ, അനിലാ, ഇതിനോടു ചേരുന്ന ഒരു സംഭവം കൂടി ആയിക്കോട്ടെ. “ചാമരം” സിനിമയ്ക്കു ശേഷം, തൃശ്ശൂരിലെ ഒരു കോളേജിലുള്ള ലക്ചരും സ്റ്റുഡന്റും പ്രേമം മൂത്ത് , അവസാനം അവർ കല്യാണം കഴിച്ചു. ഇപ്പോഴും സുഖമായി കഴിയുന്നു.

nardnahc hsemus said...

ശശിയേട്ടാ..
അസ്സലായി,
റെയറായി ബൂലോകത്ത് കണ്ടുകിട്ടുന്നവയിലെ ഒരു മികച്ച കഥ.

“എന്നിട്ട് ടീച്ചറു സമ്മതിച്ചോ” എന്ന ആ ചോദ്യം ഉള്ളില്‍ ശരിയ്ക്ക് വിങ്ങലുണ്ടാക്കുന്നുണ്ട് .

........................................
വായിച്ചുകൊണ്ടിരിയ്ക്കുന്നതിടയ്ക്കിടെ മുകളിലേയ്ക്ക് സ്ക്രോള്‍ ചെയ്ത് തിട്ടപ്പെടുത്തേണ്ടി വരുന്നുണ്ടായിരുന്നു, “ഏഴാം ക്ലാസ്സുകാരു തന്നേയല്ലേ ഇതെന്ന്“... കാരണം ടീച്ചര്‍മാരിലെ ഇക്കിളിചിന്താ സാധ്യതകള്‍ എന്നില്‍ തുടങ്ങുന്നത് 10ല്‍ പഠിയ്ക്കുമ്പോഴാണേയ്.. അതും ബോയ്സ് സ്കൂളായതുകൊണ്ടുമാത്രം ആയിരുന്നു എന്നിപ്പോള്‍ തോന്നുന്നു.. :)

G.manu said...

ഹൃദയസ്പര്‍ശിയായ മറ്റൊരു കൈതക്കഥ.
ബാക്കി വായനക്കാര്‍ക്ക് വിട്ട ടെക്നിക്കും നന്നായി

സെലീനാ ടീച്ചര്‍ നൊമ്പരമായി മനസില്‍

sunilraj said...

നല്ല കഥ

കുമാരന്‍ said...

ഇതു എന്റേയും അനുഭവമായി തോന്നുന്നു..
വളരെ നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍

Typist | എഴുത്തുകാരി said...

വായിച്ചു തീരുമ്പോഴേക്കും സെലീന ടീച്ചറെ എനിക്കും ഇഷ്ടായി.

Visala Manaskan said...

എന്നെ പഠിപ്പിച്ച ഒരുമാതിരി എല്ലാ ടീച്ചര്‍മ്മാരേം (ഏലിക്കുട്ടി ടീച്ചര്‍ മുതല്‍ മിനി ടീച്ചര്‍ വരെ) ഞാനോര്‍ത്തു കൈതേ.

നൈസ്! നൈസ്!

നന്ദകുമാര്‍ said...

ഹൃദയത്തില്‍ തൊടുന്നു. ക്ലാസ്സ് റുമുകളും സ്ക്കൂള്‍ വരാന്തകളും കൊളാഷ് ചിത്രം പോലെ മനസ്സിലേക്കോടിയെത്തി..

“കോണത്ത്‌ കുന്ന് കൊടക്കാപ്പറമ്പ്‌ അമ്പലത്തിന്നടുത്ത്‌ ബസ്സിറങ്ങി അമ്പലപ്പറമ്പ്‌ താണ്ടി പാടത്തിറങ്ങിയാല്‍ കാണാം കാരുമാത്ര കൊച്ചമ്മായിയുടെ വീട്‌..”

ഹൊ! പണ്ട് കൊടക്കാപറമ്പിന്റെ സൈഡിലെ തോട്ടിലൂടെ പാടത്തോട്ടിറങ്ങി കാരുമാത്ര അമ്പലത്തില്‍ പോയിട്ടുള്ളത് ഓര്‍മ്മ വന്നു. കോണത്തകുന്ന്, കൊടക്കാപറമ്പ്, നടവരമ്പ്, കരൂപ്പടന്ന...മാഷെ, എന്നെ ഒന്ന് നാട്ടില്‍കൊണ്ടന്നാക്കി ട്ടാ.. ഞാനും കോണത്തുകുന്നുകാരനാ.കോണത്തകുന്നിന് പടിഞ്ഞാറ് പൈങ്ങോടിനടുത്ത്.

ശ്രീ said...

ടച്ചിങ്ങ് പോസ്റ്റ്, മാഷേ...
ഒന്നും എഴുതാന്‍ തോന്നുന്നില്ല. ഇത്രയും കാലത്തിനിടെ പഠിപ്പിച്ച പല ടീച്ചര്‍മാരുടെയും മുഖം ഓര്‍മ്മിപ്പിച്ചു...
:)

Sarija N S said...

ഇഷ്ടപ്പെട്ടു, അടുക്കും ചിട്ടയോടെ ഉള്ള ഈ എഴുത്ത്

സാജന്‍| SAJAN said...

മറ്റൊരു മനോഹര രചന:)
കൈതമുള്ളിന്റെ പോസ്റ്റ് കണ്ട് ക്ലിക്കി വന്നത് വെറുതെ ആയില്ല നല്ലൊരു വായനാനുഭവം തന്നു:)

മുസാഫിര്‍ said...

അഴകുള്ള സെലീന റ്റീച്ചറിനെക്കുറിച്ച് ഭംഗിയുള്ള എഴുത്ത്.നാലാം ക്ലാസ് പാ‍സായപ്പോള്‍ ഈയുള്ളവനെ നടവരമ്പില്‍ നിന്നും മാറ്റി ഹയര്‍ സ്റ്റ്ഡീസിനു കാട്ടൂര്‍ സ്കൂ‍ളിലേക്ക് വിട്ടത് കാരണം ഇങ്ങിനെയുള്ള ഒരു പ്രതിഭാസത്തെപ്പറ്റി കേട്ടിരുന്നില്ല.

കലേഷ് കുമാര്‍ said...

ശശിയേട്ടാ, പതിവുപോലെ തന്നെ - സൂപ്പര്‍!

ഒരുപാട് നൊസ്റ്റാള്‍ജിക്ക് ഓര്‍മ്മകള്‍ മനസ്സിലൂടെ കടന്നുപോയി....

krish | കൃഷ് said...

കുറെ നാളുകള്‍ക്ക് ശേഷം മനസ്സില്‍ തട്ടുന്ന ഒരു കഥ വായിച്ചപോലെ. സ്കൂള്‍ അനുഭവങ്ങള്‍ ശരിക്കും മനസ്സിനെ പഴയ ക്ലാസ്സ് മുറികളിലേക്ക് കൊണ്ടുപോയി.

ഏറനാടന്‍ said...

ശശിയേട്ടാ, നല്ല അഴകുള്ള സെലീനടീച്ചര്‍ ഇന്നെവിടെയാണാവോ അല്ലേ? വിവരിച്ച രംഗങ്ങളെല്ലാം കാണുന്നൊരു പ്രതീതി...

ഒതേനന്‍ said...

ഡിയര്‍ കൈത ആന്‍ഡ് ബൂലോകവാസികളെ ..
പൊതുവെ ബൂലാകത്തെ മിക്ക രചനകളുടെയും ഒരു പ്രത്യേകത എല്ലാവരും അവരുടെ നല്ല കാലം ചികയുന്നു എന്നതാണ് ....( ഇതു പലരും ഒരു മോശമായിട്ടാണ് commentiyittullathu.........). അതുകൊണ്ട് തന്നെ ഇതൊരു creativity ആണെന്ന് ആരും കരുതിയിട്ടുമില്ല .....
എന്നാല്‍ autobiography യും മനോഹരമായൊരു അനുഭവമാക്കി മാറ്റിയ ഒരു രചന .....
ഓര്‍മകളെ ഒരു പ്രത്യേക തലത്തിലെതിക്കുന്ന ഒരനുഭവം ....(അതോ വെറും കഥയോ ??)
............. കൈതയുടെ trademark..
തുടരട്ടെ ......

അനൂപ്‌ കോതനല്ലൂര്‍ said...

നല്ല എഴുത്ത് മാഷെ വായനിയില് ഉടനീളം സെലീന
ടീച്ചര് മനസ്സില് നിറയുന്നു

kaithamullu : കൈതമുള്ള് said...

സുല്‍ |Sul:
ആദ്യത്തെ തേങ്ങ കിട്ടി, ഈദിന് തേങ്ങാച്ചോറുണ്ടാക്കി!നന്ദി.

കരീം‌മാഷ്:
അതെ മാഷെ. മനസ്സ് കൊണ്ട് തിരിച്ചൊരു യാത്ര നടത്തുമ്പോള്‍ തോന്നുന്ന ആ വികാരങ്ങള്‍......
നഷ്ടാല്‍ജിയ!

സജ്ജീവ്:
അനുഗ്രഹിക്കൂ, ആശീര്‍വദിക്കൂ!
(ബക്കറ്റ് പിരിവ് ഗംഭീരമാക്കു.....)

ഇരിങ്ങല്‍:
ടീച്ചര്‍ ഇപ്പോള്‍ ഏതവസ്ഥയിലാണോ എന്തോ? കാണുമ്പോള്‍ കാണേണ്ടിയിരുന്നില്ലെന്ന് തോന്നിയ മറ്റനേകം പേരെപ്പോലെ ആകാതിരിക്കട്ടേ.

അപ്പൂ:
മനസ്സിലാക്കുന്നു, ആകാംക്ഷ. ഡിസംബറില്‍ നാട്ടില്‍ പോകുമ്പോള്‍ കാണണം!
-താങ്ക്സ്!

അനില്‍ശ്രീ:
എത്രാം ക്ലാസിലായിരുന്നൂ, നാസ് ടീച്ചര്‍ വന്നപ്പോള്‍ അനില്‍?

അനൂപ്:
നന്ദി.

സഹയാത്രികാ,
:-)

പാര്‍ത്ഥന്‍:
ഗായത്രി ടീച്ചര്‍ ഒരു ഓര്‍മ്മ!

മൂന്നാം ക്ലാസ്സില്‍ പഠിപ്പിച്ചിരുന്ന ശാരദാ ടീച്ചറെ മറക്കാനാവില്ല. വിവാഹപ്രായം കഴിഞ്ഞിട്ടും കെട്ടാതെ നില്‍ക്കുന്ന ടീച്ചര്‍ക്ക് ഇടക്കിടെ തലചുറ്റല്‍ വരും. ചേട്ടന്മാര്‍ പറഞ്ഞപ്പോഴല്ലേ മനസ്സിലായത് തൊട്ടടുത്ത ക്ലാസില്‍ ഡ്രില്‍ മാഷ് വരുമ്പോള്‍ മാത്രേ വരാറുള്ളൂ ഈ മോഹാലസ്യമെന്ന്!
( മാഷ് ഓടി വരും, ഒരു ബെഞ്ച് കാലിയാക്കി, എടുത്ത് അതില്‍ കിടത്തും. സാരി, മുടിയൊക്കെ നേരെ പിടിച്ചിടും. വീശും, വെള്ളം കുടിപ്പിക്കും(!)....

SRUTHASOMA:
ആദ്യമാ അല്ലേ? നന്ദി!
(അനുഭവങ്ങളാകുമ്പോള്‍ സംഭവങ്ങള്‍ക്ക് ചില ’ചാട്ടങ്ങള്‍’ ആവശ്യമായി വരും; ഒഴിവാക്കാന്‍ കഴിയുന്നത്ര ശ്രമിക്കാറുണ്ടെങ്കിലും)

കുറൂ:
കുറൂ, കുറൂ... ഗ്ലാസ് കണ്ടിട്ടെത്തറ നാളായി..

മാണിക്യം:
ടീച്ചറേ, നല്ല വാക്കുകള്‍ക്ക് നന്ദി!

ഗീതാഗീതികള്‍:
അതെ, മുന്‍പെഴുതിയ പോലെ അറിയാതിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകും.

അംബീക്കുഞ്ഞേ,
വീണ്ടും കണ്ടതില്‍ കാര്‍ണോര്‍ക്കും പെരുത്ത് സന്തോഷം!

കുട്ടന്‍ മേനൊന്‍:
അവാച്യമായ നിര്‍വൃതി....ഹാ!

അനിലന്‍:
ജമീലാടീച്ചര്‍ ഇപ്പോ എവിടെ? സലീമും?
പിന്നെ ആ നാണവും?

കുട്ടിച്ചാത്തന്‍:
എട്ടാം ക്ലാസ്സെന്താ മോശാ?
നാലാം ക്ലാസ്സിലേ‍ തേന്‍ തുള്ളികള്‍ മനസ്സില്‍ ഏറ്റ് വാങ്ങിയ പാര്‍ത്ഥനെ നോക്കൂ....

സുമേഷ്:
കൌമാരത്തില്‍ ഈ അനുഭവത്തിലൂടെ കടന്ന് പോകാത്തവര്‍ കാണില്ല: നിശ്ഛാ...

മനു:
മിര്‍ച്ചിക്കഥകള്‍ എഴുതിത്തുടങ്ങൂ, പ്ലീസ്....

സുനില്‍‌രാജ്:
നന്ദി.

കുമാരന്‍:
അതേയോ? നന്ദി.

ടൈപിസ്റ്റ്:
താങ്ക്സ് ട്ടാ!

വിശാലന്‍”:
..ഏലിക്കുട്ടി ടീച്ചര്‍ മുതല്‍ മിനി ടീച്ചര്‍ വരെ....
പഠിപ്പിച്ചോരാണല്ലോ എല്ലാം?
നൈസ്!

നന്ദകുമാര്‍:
പൈങ്ങോട് കാരാ,
കണ്ടതില്‍ സന്തോഷം!
...”പണ്ട് കൊടക്കാപറമ്പിന്റെ സൈഡിലെ തോട്ടിലൂടെ പാടത്തോട്ടിറങ്ങി ...”
അമ്പലത്തിന്റെ ഉള്ളിലൂടെയുള്ള യാത്ര മതിയാക്കിയപ്പോള്‍ ഈ വഴിയിലൂടെയും ധാരാളം നടന്നിട്ടുണ്ട്. (കാറില്‍ പോകണമെങ്കില്‍ ഏറെ വളഞ്ഞ് പോകണമായിരുന്നു.)

ശ്രീ, സരിജ:
നന്ദി, നന്ദിനി!

സാജന്‍:

ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം.

മുസാഫിര്‍:
വെറുതേ...എന്താ കാട്ടൂര്‍ സ്കൂളില്‍ ടീച്ചര്‍മാരില്ലായിരുന്നോ?

കലേഷ്:
നഷ്ടാല്‍ജിയ എന്ന് മുന്പെഴുതിയിട്ടുണ്ട്, ട്ടാ!

കൃഷ്:
വന്നതിനും വായിച്ചതിനും നന്ദി.

ഏറനാടാ:
എവിടെ? ജോലിയായോ?

ഒതേനന്‍:

അനുഭവങ്ങള്‍ പങ്ക് വയ്ക്കുക ഭാരിച്ച ഒരു ഉത്തരവാദിത്തമാണെന്നാണ് എന്റെ വിശ്വാസം, പ്രത്യേകിച്ച് കൂട്ടത്തില്‍ അല്പം കാരണവരായ ഞാന്‍ ഓര്‍ക്കാന്‍ തുടങ്ങുമ്പോള്‍.

പിന്നെ എല്ലാ ഓര്‍മ്മകളും എഴുതാന്‍ പറ്റിയെന്ന് വരില്ല. എഴുതുന്നത് വായിക്കുന്നവര്‍ക്ക് ഒരു ഭാരമായി തോന്നുകയുമരുത്.

വിലപ്പെട്ട കമെന്റിന് വളരെ വളരെ നന്ദി!

അനൂപ് കോതനെല്ലൂര്‍:

സെലീനാടീച്ചര്‍ മനസ്സിലേറ്റിയതിന് നന്ദി.

afroz said...

Sasiyettaa,

Nice presentation, felt interesting throughout. There is a kind of feeling where we go back to our schoollife..
May God grant Saleena Teacher enough courage and a peaceful life.

Nihad Afroz

ഉപാസന || Upasana said...

Bhai

Nice writing.
I read this soem time back.
forgot to tell opinion.
:-)
Upasana

Off : Last part il kurache omitt cheythalum story kke mizhive unde

ആവനാഴി said...

മാഷെ,

പതിവു പോലെ സുന്ദരമായി ജീവിതഗന്ധിയായ ഒരു കഥ അവതരിപ്പിച്ചിരിക്കുന്നു.

സ്കൂള്‍ ജീവിത കാലഘട്ടത്തിലേക്കു മനസ്സു ഊളിയിട്ടു. ഓര്‍ത്തു നോക്കിയാല്‍ വലിയ ആഹ്ലാദത്തിമര്‍പ്പോടൊപ്പം കൊച്ചു കൊച്ചു നൊമ്പരങ്ങളും ഉണ്ടായിട്ടുണ്ട്.

കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും അതീവ തന്മയത്വത്തോ‍ടെ അവതരിപ്പിക്കാനുള്ള കൈതമാഷുടെ കഴിവിനു മുന്നില്‍ നമിക്കാതെ വയ്യ. ആ സന്തോഷവും സന്താപവുമെല്ലാം സ്വാംശീകരിച്ചുപോകും വായനക്കാരന്‍. അതിനെയാ‍ണു ഒരു എഴുത്തുകാരന്റെ സിദ്ധി എന്നു പറയുന്നത്.

മനോഹരമായ രചന.

സസ്നേഹം
ആവനാഴി.

kaithamullu : കൈതമുള്ള് said...

നിഹാദ്:
എന്റെ പ്രാര്‍ത്ഥനയും അത് തന്നെ.
താങ്ക്സ്!

ഉപാസന:
കമെന്റെഴുതാന്‍ വേണ്ടി തിരിച്ച് വന്നല്ലോ. ആ സന്മനസ്സിന് മുന്‍പില്‍ നമസ്കാരം!

ആവനാഴി മാഷേ,
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന് പറഞ്ഞ പോലെ മാഷെന്നെ ഒരെഴുത്ത്‌കാരനാക്കി, അല്ലേ!
നല്ല വാക്കുകള്‍ക്ക് പ്രത്യേക നന്ദി!

ചിരിപ്പൂക്കള്‍ said...

മാഷേ,
വായിച്ചപ്പോള്‍ അറാം ക്ലാസ്സില്‍ ഞങ്ങളുടെ ക്ലാസ്സ് ടീച്ചറായിറായിരുന്ന ശോഭടീച്ചര്‍ ഓര്‍മ്മയില്‍ ഓടീയെത്തി.
“ചേട്ടന്മാരുടെ ശത്രുത ഏറ്റുവാങ്ങിയാലും ടീച്ചര്‍ വിളമ്പിത്തരുന്ന വശ്യസ്മിതത്തിന്റെ മധുരിമയുണ്ടല്ലോ കൂട്ടിന്!
ഒത്തിരി ഇഷ്ടമായി സെലീന ടീച്ചറുടെ ഓര്‍മ്മകള്‍.പിന്നെ ഇത്തിരി നൊമ്പരവും.
നിര്‍ഞ്ജന്‍.

Kunjipenne - കുഞ്ഞിപെണ്ണ് said...

നന്നായി....

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

കൈതപ്പൂവിന്റെ ലോല സുഗന്ധം പോലെ,
ഹൃദയത്തെ തൊട്ടുഴിഞ്ഞ്,
സെലീനാ ടീച്ചറിനെപ്പറ്റിയുള്ള കഥ.
നന്നായിയെന്ന് എടുത്തു പറയേണ്ടതില്ലല്ലോ?

മാഹിഷ്‌മതി said...

ഗുരുനാഥയോട് പ്രണയമോ ആരാധനയോ....ഏതായാലും നല്ല പോസ്റ്റ് .
കൂറെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചതിന് നന്ദി

kaithamullu : കൈതമുള്ള് said...

നിരഞ്ജാ:
ചിരിപ്പൂക്കള്‍ക്ക് നന്ദി.

കുഞ്ഞിപ്പെണ്ണേ:
കുമ്മി കളിക്കാന്‍ വാ വാ!
(വന്നതിന് ദാങ്ക്സ് ണ്ട് ട്ടാ!)

മോഹന്‍ പുത്തന്‍‌ചിറ:
നന്ദി.
പുത്തന്‍‌ചിറയില്‍ കൈത പൂത്താല്‍ മണം ഞങ്ങടെ വീട് വരെയെത്തും.

മാഹിഷ്‌മതി:
കൌമാരക്കാരത്തിലേക്ക് കാലെടുത്ത് കുത്തുന്ന കാലത്തുള്ള ആ ഒരു കമ്പം ആര്‍ക്കും ഇല്ലാതിരിക്കില്ല.
(ആദ്യ ഹൃദയ നൊമ്പരപ്പൂ ....)

നിരക്ഷരന്‍ said...

കൈതേട്ടാ...പത്താം തരത്തിനിടയില്‍ പഠിച്ച സ്കൂളുകളിലെ എല്ലാം ക്ലാസ്സ് ടീച്ചരുമാരുടേയും മുഖം മുന്നിലൂടെ കടന്നുപോയി. വായിച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് പ്രായം 13 അല്ലെങ്കില്‍ 14. ഇതുപോലെയൊക്കെ ഉള്ളില്‍ത്തട്ടുന്ന രീതിയില്‍ ഒരു പോസ്റ്റെങ്കിലും എഴുതാന്‍ പറ്റിയിരുന്നെങ്കില്‍ എന്നൊരാശ ബാക്കിനില്‍ക്കുന്നു.

പൈങ്ങോടന്‍ said...

മനോഹരമായി എഴുതിയിരിക്കുന്നു കൈതമുള്ളേ.വായിച്ചുകഴിഞ്ഞപ്പോ സ്‌ക്കൂളിലൊക്കെ ഒന്നു ചുറ്റിവന്നപോലെ.ടീച്ചര്‍ക്കു നല്ലതുവരട്ടെ!

അപ്പോ ഞാനും ഒരയല്‍‌വാസിയാണേ :)

മേരിക്കുട്ടി(Marykutty) said...

മാറുന്ന അധ്യാപക വിദ്യാര്‍ഥി ബന്ധം..
വിദ്യ അര്ഥിക്കുന്നവന്‍് വിദ്യാര്‍ത്ഥി..

Malayalees Network said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

mayavi said...

താനെന്താടൊ കാമദേവനോ, എല്ലാ പെണ്ണുങ്ങളും തന്നെ കേറിപ്പിടിക്കുന്നു, കാലിന്നിടയിലിരിക്കുന്നു...ഇപ്പൊ ദാ ടിച്ചറും, മനോരൊഗിതന്നെയെന്ന് ഉറപ്പായി, ശ്രീനിവാസന്‍ കോമ്പ്ലെക്സ്, തന്നെ കാണാന്‍ കൊള്ളില്ലല്ലോന്നുള്ള കോമ്പ്ലെക്സ്...

Sureshkumar Punjhayil said...

It took me to my "ormakal". Lovely. Best wishes !!!!!

സുല്‍താന്‍ Sultan said...

അടുത്ത അവധിക്ക് സലീനടീച്ചറെ
കാണാന്‍ സാധിക്കട്ടേ ..