Wednesday, September 25, 2013

പഞ്ചകര്‍മ്മായനം -1

പ്രക്രമം:


ജരാനരക്കാലമടുത്തുവെന്ന്  വെളുപ്പാൻ കാലത്തെ മയക്കത്തിന്നിടയിൽ‍,  ചില പൂവങ്കോഴികൽ കൂകിത്തുടങ്ങിയ കാലം. മൂന്നാഴ്ച നീണ്ടുനിന്ന ‘പഞ്ചകര്‍മ്മ’ ചികിത്സ കഴിഞ്ഞ് ജര മിനുപ്പിച്ച്, നര കറുപ്പിച്ച്, ‘കൊട്ടൻ ചുക്കാദി‘ പരിമളവുമായി,  ‘സൂറിക്കി’ലേക്കുള്ള യാത്രാമദ്ധ്യേ,  ദുബായിൽ ഇടയിറങ്ങിയ അനിയനും അതേ മന്ത്രം ഉരുക്കുഴിഞ്ഞപ്പോൾ 'ഒരു ചേഞ്ചൊക്കെ ആര്‍ക്കാ ഇഷ്ടല്യാത്തത്’എന്ന പരസ്യവാചകം ആദ്യം മനസ്സും പിന്നെ മനസ്വിനിയും ഏറ്റ് പാടി.
യോഗ വിയോഗക്രമാദികൾ  അനുഷ്ഠാന ഹേതുവല്ലെങ്കിൽ അഞ്ചാംകൂറിന്നുമപ്പുറം ഭവിക്കണം  പഞ്ചകര്‍മ്മ എന്നല്ലേ ശാസ്ത്രം?

നാഗാര്‍ജ്ജുന‘യിലെ തല  മൂത്ത വൈദ്യർ  ഡോ.കൃഷ്ണമ്പൂരിയെ വിളിച്ച് ഏട്ടനും ഏട്ടത്തിക്കുമുള്ള ‘ധന്വന്തരി’ക്രിയകൽ - ഉഴിച്ചിൽ, പിഴിച്ചിൽ, കിഴി, ധാര മുതൽ നെല്ലിക്കാത്തളവും സ്നേഹവസ്തിയും (ഹോ!)വരെ -  സവിസ്തരം ‘ചാര്‍ട്ടിലാക്കി‘ കൈയൊപ്പും സീലും ചാര്‍ത്തിയിട്ടേ അനിയൻ പ്ലെയിൻ പിടിച്ചുള്ളൂ. തുടര്‍‍ന്നുള്ള ഏഴ് സംവത്സരങ്ങളിൽ‍ നാഗാര്‍ജ്ജുന. പുനര്‍‍നവ, രാജ ഐലന്റ്സ്, രാജ കൂറ്റനാട്, സോപാനം എന്നിവിടങ്ങളിലെ എണ്ണത്തോണികളിൽ ഭൂപാളം, വസന്തം, പന്തുവരാളി, മാളവി, നീലാംബരി രാഗങ്ങൾ  തനിയാവര്‍ത്തിച്ച് മടുത്തപ്പോൾ, അടുത്ത വര്‍ഷത്തെ സാധകം  ആനന്ദഭൈരവിയിൽ ഒരു നവ അരങ്ങിൽ ആയാലോ എന്ന ചിന്ത തലയിൽ ഫ്ലാഷി.

തണ്ണിപ്പാര്‍ട്ടി തോഴരുടെ ‘ജുമാരാത്’ ചര്‍ച്ചക്കിടയിൽ വിഷയാവതരണത്തിന്റെ വിഷ്കംഭത്തിൽ വച്ച് തന്നെ,  ‘പരോപകാരാര്‍‍ത്ഥമിദം ശരീരം’ എന്നഹങ്കരിക്കുന്ന ‘ത്രീ ഡി’ സുഹൃത്ത്,  ഇടയില്‍‍ ചാടി രംഗപടം താഴ്ത്തിച്ചു.
‘ബസ് ഭായ്...ഫോർ ദിസ് നോ ചര്‍ച്ച നീഡഡ്!  പോകുന്ന ദിവസം തീരുമാനിക്കൂ.  ബാക്കി കാര്യങ്ങൾ ദാ... ഈ ഞാൻ പുസ്പം പുസ്പം പോലെ...’
‘വാട്ട്സ് ഇൻ യുവർ മൈന്‍ഡ്?’ (തലക്ക് വട്ടായോ?) ഞാൻ ചോദിച്ചു.
‘ഡിഫറന്റ് എക്സ്പീരിയന്‍സ് ‘(ടങ്കാരി പണി) അല്ലേ വേണ്ടത്? ‘വെയ്റ്റ് ആന്റ് സീ‘ (കാണിച്ച് തരാം) എന്നവൻ.

നാട്ടിലെത്തിയതിന്റെ പിറ്റേന്ന് ഏഴര വെളുപ്പിന് തന്നെ, ഞാനും പ്രിയതമയും ക്രെഡിറ്റ് കാര്‍ഡുകളും വസ്ത്രങ്ങളും വേവ്വേറെ പായ്ക്ക് ചെയ്ത്, പ്രപിതാക്കളേയും മുകുന്ദപുരത്തപ്പനേയും മനസ്സ് കൊണ്ട് വണങ്ങി, യാത്രയായി: യുവത്വം തിരിച്ച്പിടിക്കാൻ, ശാരീരിക പീഡകള്‍‍ക്ക് തൽക്കാലം ‘സുല്ല്‘ പറയാൻ, അടുത്ത ഒരു വര്‍ഷം ലാവിഷ് ആയി വേയ്സ്റ്റ് ചെയ്യാൻ മാത്രമുള്ള എനെര്‍‍ജി സ്റ്റോർ ചെയ്യാൻ.

മാസം കര്‍‍ക്കിടകം. ചികിത്സ പഞ്ചകര്‍‍മ്മ. സീഡി പ്ലെയറിലോ രാമായണം .........

“കാമകിങ്കരേ! ശിലാരൂപവും കൈക്കൊണ്ട് നീ
രാമപാദാബ്ജം ഭജിച്ചിവിടെ വസിക്കണം.
നീഹാരാതപവായു വര്‍ഷാദികളും സഹി-
ച്ചാഹാരാദികളേതും കൂടാതെ ദിവാരാത്രം

കര്‍‍മ്മായനം: ദിവസം ഒന്ന്:

“കുതിരാന്‍‍“ ഇറങ്ങുമ്പോൾ‍ ഓര്‍‍മ്മയിൽ‍ തെളിഞ്ഞത്  ഡോ;ശ്രീരാജ് നമ്പൂതിരി‘ ഭാഷാപോഷിണി‘യിൽ‍ എഴുതിയ ചെറുകഥയുടെ തുടക്കമാണ്:
'വാഗാ ബോര്‍‍ഡർ‍  കഴിഞ്ഞു, ഇനി പച്ച ......എല്ലാം പച്ചമയം’

 പക്ഷേ കണ്ടത് പാതി വെന്ത ഊഷരഭൂമികൾ,  തലയാട്ടാൻ‍ മറന്ന് നില്‍ക്കുന്ന പനമരങ്ങൾ!

ഡ്രൈവർ പറഞ്ഞു:‘‘ ദൂരമേറെയുണ്ട് ചേട്ടാ, ചായയോ വെള്ളമോ.?'

‘വേണ്ടാ, കത്തിച്ച് വിട്ടോ സുഭാഷേ.  മോര്‍ണിംഗ് ട്രീറ്റ്മെന്റ് ‘മിസ്സാകണ്ടാ’‘

 പത്ത് മണിയോടെ പച്ചപ്പടര്‍പ്പുകള്‍ക്കിടയിൽ തലയുയര്‍ത്തി നില്‍ക്കുന്ന രമ്യഹര്‍മ്യം ദൃശ്യമാ‍യി. ‍കാർ നിന്നപ്പോൾ അത് വരെ ചിണുങ്ങി നടന്നിരുന്ന ഇടവപ്പാതി ഒരിരമ്പലോടെ കുതിച്ചെത്തി.

'കാർ പാര്‍ക്ക് ചെയ്യണ്ടാ, ലഗേജ് എടുത്താലുടന്‍ നീ  പോയ്ക്കോ:‘ സുഭാഷ് സമ്മതഭാവത്തിൽ ‍തലയാട്ടി.

ശനിയാഴ്ച ചന്തയെ ഓര്‍മ്മിപ്പിക്കുന്ന തിരക്കാണ് മുന്നിൽ. ഏതോ വൃദ്ധസദനത്തിലെ അന്തേവാസികളാണധികവുമെന്ന് തോന്നി.

റിസെപ്ഷനിൽ‍ മൂന്ന് പെണ്മണികൾ‍.

 “എക്സ്ക്യൂസ് മി”: ഞാൻ മുരടനക്കി.

കുങ്കുമപ്പൊട്ടും എണ്ണ കിനിയുന്ന നീളൻ‍ മുടിയുമുള്ള വട്ടമുഖി, ചാട്ടുളി പോലൊരു നോട്ടമെറിഞ്ഞ്, കൈയിലെ കടലാസ് കെട്ടിലേക്ക് ദൃഷ്ടികൾ‍  മടക്കി.
ലജ്ജയുടെ അരുണിമയും കപടകോപത്തിന്റെ കരുമയും മുഖത്തിട കലര്‍‍ത്തി, ആംഗ്യവിക്ഷേപങ്ങളോടെ  ടെലഫോൺ‍ ഭാഷണത്തിൽ‍ വ്യാപൃതയായിരുന്ന പട്ടുസാരിക്കാരിക്ക് ചുറ്റുപാടുകൾ‍ ഒരു മുടൽ മഞ്ഞിലെന്ന വണ്ണം അവ്യക്തം.
ഒരു ഗ്രാം തങ്കത്തിൽ  പൊതിഞ്ഞ സൂഷ്മശരീരത്തിന്റെ, കിലോഗ്രാമുകളേറെ വരുന്ന സ്തൂലഭാഗം, ഇടത് കൈകൊണ്ട് താങ്ങി, കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡിൽ മറുകൈ വിന്യസിപ്പിച്ച് കൊണ്ടിരുന്ന ‘കാ-തിലോല’ ലോലിതയും  അപ്രാപ്യ.!

വീണ്ടും ‘ഒരെച്യൂസ് മി‘ വിളിയുയര്‍ന്നു.
പട്ടുസാരിക്കാരിയുടെ മുഖമൊന്നുയര്‍‍ന്ന് താണതൊഴികെ, ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ‘സൊ കോള്‍ഡ്‘ ഹോസ്റ്റസ്സുകളിൽ നിന്ന് ‘നോ വിസിബിൾ റിയാക്‍ഷൻ!.’

കൌണ്ടറിൽ‍ ഒരു തട്ടും ഉച്ചത്തിലുള്ള ‘സ്ക്യൂസും’ ഒന്നിച്ച് മുഴങ്ങിയപ്പോൾ.... കഥയിൽ പറഞ്ഞപോലെ.... പിന്നെ എല്ലാം പെട്ടെന്നായിരുന്നു (5മുതല്‍‍ 10 മിനിറ്റ് വരെയുള്ള ‘ലാഗി‘നെ ദൈവത്തിന്റെ സ്വന്തം നാട്ടിലെന്ന് അഹങ്കരിക്കുന്ന ഈ പരിസരങ്ങളിലൊക്കെ  ‘പെട്ടെന്ന്‘ എന്നാണത്രേ പറയുക!.)

-പട്ട് സാരി മുന്‍പിൽ‍!
‘മിസ്റ്റർ‍ അനിൽ‍?‘ ഞാൻ‍ തിരക്കി.
‘അനിൽ‍ ആര്?’
‘മാര്‍‍ക്കറ്റിംഗ് മനേജർ അനിൽ‍?
ചുറ്റും നോക്കി ഇല്ലെന്നുറപ്പ് വരുത്തി, കണ്മണി മൊഴിഞ്ഞു:
 ‘ഇവിടെയില്ല‘.
‘ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഒന്ന് ഫോൺ ചെയ്യാമോ....?’

ലോലിതയെ ചുഴിഞ്ഞ്, വട്ടമുഖിയെ ഉഴിഞ്ഞ്, ഇത് തന്റെ ‘ജോബ് ഡിസ്ക്രിപ്‌ഷനിൽ’ പെടില്ലെന്ന  ഭാവത്തോടെ, എന്നെ ‘ക്ലൂലെസ്” ആയി വിട്ട്, കൈമുദ്ര കാണിച്ച് നില്‍ക്കുന്ന ഒരു പരിചിതനിലേക്ക് കോമളാംഗി നടന്നു നീങ്ങി.

മൊബൈലിൽ‍ അനിലിന്റെ നമ്പർ‍ ഡയൽ‍ ചെയ്തു നോക്കി.
ബിസി!
മിനിറ്റുകള്‍‍ നീണ്ട വൃഥാ വ്യായാമത്തിന്  ശേഷം, ഞാൻ വീണ്ടും ‘പട്ടുസാരി‘യെ അഭയം പ്രാപിച്ചു.
 ‘നോക്കൂ, ഞാൻ മിസ്റ്റര്‍ അനിൽ‍ പറഞ്ഞിട്ട് വന്നതാണ്;  10 ദിവസത്തെ ‘പഞ്ചകര്‍‍മ്മ‘ക്ക്  അഡ്മിറ്റാവാൻ.‘
നിമിഷങ്ങൾ നീണ്ട  ചിന്താവിചിന്തനങ്ങള്‍ക്ക് ശേഷം, കൌണ്ടറിന്നടിയിൽ‍ നിന്ന് തടിച്ച ഒരു ബുക്കെടുത്ത് നിവര്‍ത്തി, അവർ മുഖാഭിമുഖത്തിനൊരുങ്ങി.

‘പേര്വയസ്സ്.ദേശം?”
‘ഡിറ്റെയിത്സ് എല്ലാം ഇ-മെയിൽ ചെയ്തിട്ടുണ്ട്. അനിലിനറിയാം....‘
‘ആദ്യം ഇവിടെ റജിസ്റ്റർ‍ ചെയ്യണം”: ശബ്ദത്തിന് ഘരത്വമേറിയപ്പോൾ ഞാൻ അനുസരണയുള്ള കുഞ്ഞാടായി മാറി.
‘75 രൂപ‘ഒരു റസീറ്റ് നീണ്ടു മുന്നിലേക്ക് വന്നു.
 ‘എന്താ ഇത്?”
‘ഔട്ട് പേഷ്യന്റ് റെജിസ്ട്രേഷൻ‍ ഫീ”
‘ഞാൻ ഔട്ട് പേഷ്യന്റ് അല്ല, മിസ്..... 10 ദിവസത്തേക്ക്.’
‘അറിയാം. പക്ഷെ ഇതാണ് ഇവിടത്തെ പ്രൊസീജർ’

-വീണ്ടും കണ്‍ഫ്യൂഷൻ..

സഹതാപം തോന്നിയിട്ടാകണം ‘പട്ടുസാരി‘ വിശദീകരിച്ചു:
‘ആദ്യം റജിസ്ട്രേഷൻ‍. പിന്നെ ദാ, ആ കാണുന്ന ബെഞ്ചിൽ‍ കാത്തിരിക്കു. നമ്പറാകുമ്പോൾ പേര്  വിളിക്കും, ഡോക്ടറാണ് നിങ്ങളെ അഡ്മിറ്റ് ചെയ്യുക.’

രശീതി ആനച്ചെവി പോലെ വീണ്ടും കണ്‍‍ മുന്‍പിലാടി.

അനിലിന്റെ നമ്പർ ഒരിക്കൽ കൂടി ഡയൽ ചെയ്തു നോക്കി.
സ്വിച്ച്ഡ് ഓഫ്!

‘പട്ടുസാരി‘യുടെ ക്ഷമയുടെ നെല്ലിപ്പടിയും കണ്ടിരിക്കുന്നുവെന്ന് എഴുന്ന് നില്‍ക്കുന്ന കഴുത്തിലൂടെ ഇരച്ച് കയറുന്ന  രക്തതിന്റെ അളവും മുഖത്തെ ചുവപ്പും അറിയിച്ചു.

 എല്ലാത്തിനും മൌനസാക്ഷിയായി, അന്തം വിട്ട് അരികെ നിന്നിരുന്ന ‘നല്ലപാതി‘ ശബ്ദിച്ചു: ‘എന്തായി?‘
‘ഇവിടത്തെ ശരിയാവില്ല. നമുക്ക്  “ഐലന്‍ഡിൽ” പോയാലോ?   സുഭാഷെവിടെ?’

കോണ്ടാക്ട് ലിസ്റ്റിൽ രാജാസ് ഐലന്‍ഡിലെ‍  ഡോ ജയരാജിന്റെ നമ്പർ‍ തിരയുമ്പോൾ‍ സുഭാഷ് ഓടിയെത്തി, കൂടെ വെളുത്ത് മെലിഞ്ഞ് സുന്ദരിയായഒരു യുവതിയും.
 ‘ചേട്ടാ, ഇത് ഡോ. ശ്രിയ”
സുഭാഷിന്റെ ചേട്ടത്തിയുടെ ബന്ധുവത്രേ ഡോ. ശ്രിയ. ഡെര്‍മറ്റോളജിസ്റ്റ്.  മൂന്ന് വര്‍ഷമായി ഇവിടെയാണ് ജോലി.
‘സോറി സാർ‍. അനിൽ  ഇല്ല അല്ലേ? സാരമില്ല,  വരൂ,നമുക്ക് ഡോക്ടറെ കാണാം’
അവർ മുന്‍പേ നടന്നപ്പോൾ, എന്ത് കൊണ്ടോ നിരസിക്കാനായില്ല.

എത്തിയത് ആർ‍ എം ഓ യുടെ മുന്‍പിൽ..
കുട്ടിത്തം മാറാത്ത മുഖവും ഉണ്ണിക്കുടവയറുമുള്ള മദ്ധ്യവയസ്കൻ.

ഡോ.ശ്രിയ പരിചയപ്പെടുത്തിയപ്പോൾ ക്ഷമാപണത്തോടെ അദ്ദേഹം വിശദീകരിച്ചു: ‘സോറി, സർ വരുന്ന കാര്യം അനിൽ പറഞ്ഞിരുന്നു.  പ്രതീക്ഷിച്ച ഹോസ്പിറ്റാലിറ്റിയല്ല കിട്ടിയത്  അല്ലേ?  ഞങ്ങളല്പം അപരിഷ്കൃതരാണെന്ന് കൂട്ടിക്കോളു; വെറും ഒരമ്പത് കൊല്ലം പിന്നിൽ നടക്കുന്നവർ‘
ഒരു പൊള്ളച്ചിരിയോടെ അദ്ദേഹം തുടര്‍ന്നു: ‘പക്ഷേ ട്രീറ്റ്മെന്റ്.... അതല്ലേ പ്രധാനം? അത് ഞാനേറ്റു. എന്താ സർ?’
എന്റെ ചിരി അംഗീകാരമായെടുത്ത്, സ്വരമല്പം താഴ്ത്തി അദ്ദേഹം തുടര്‍‍ന്നു‘
മാനേജ്മെന്റ് അത്ര ‘അപ് ഡേറ്റ്‘ അല്ല. സ്റ്റാഫെല്ലാം ചുറ്റുവട്ടത്തുള്ളവരും. പക്ഷേ സാറിന്റെ കാര്യങ്ങൾ നോക്കാൻ ഞാൻ‍ പ്രത്യേകം ഒരാളെ ഏല്‍പ്പിക്കാം’

ഫോണിൽ ഡോക്ടർ‍ ആരേയോ വിളിച്ചു.

കണ്‍സല്‍ടേഷൻ കഴിഞ്ഞ്, ട്രീറ്റ്മെന്റുകളെപറ്റി ഒരു ധാരണയിലെത്തി.
“ബ്ലഡ് ടെസ്റ്റ് കൂടി നടത്തിയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം.’
ഡോക്ടറെ എനിക്ക് നന്നാ ബോധിച്ചു.

ഭാര്യയുടെ കണ്‍സല്‍റ്റേഷൻ നടക്കുന്നതിന്നിടയിൽ  മുന്നറിയിപ്പില്ലാതെ ഒരാൾ ക്യാബിനിലേക്ക് ഓടിക്കയറി. മേദസ്സുള്ള വെളുത്ത് തുടുത്ത ശരീരം.  മുഖത്ത് സദാ നിസ്സംഗഭാവമുള്ള ഒരു സുന്ദരൻ. ഇടത്തോട്ടും വലത്തോട്ടും ഇടക്ക് കറങ്ങുന്ന സീലിംഗ് ഫാനിലേക്കും നോട്ടമെറിഞ്ഞ്,  ശരീരഭാരം ഇരു കാലുകളിലേക്കും മാറി മാറി നിക്ഷേപിച്ച് ഇളകി നിന്നു ചുള്ളന്‍സ്.

 ‘സർ‍, ഇത് മിസ്റ്റർ കരുണൻ മേനോൻ‍. അഡ്മിനിസ്ട്രേഷൻ മാനേജർ.“ സാറിന്റെ എല്ലാ കാര്യങ്ങളും‍  ഇനി  കരുണന്റെ കൈകളിൽ‍ ഭദ്രമായിരിക്കും”:

ഡോക്ടർ ഞങ്ങളെ പരിചയപ്പെടുത്തി.‘ഇവർ‍ നമ്മുടെ വീഐപി ഗസ്റ്റ്സ്.... ഹെഡാഫീസില്‍നിന്നയച്ചതാണ്”
 ഷേക് ഹാന്‍ഡിന് നീണ്ട കൈ കൊണ്ട് തലചൊറിയേണ്ടി വന്ന ഞാൻ‍ കരുണനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
-കരുണ രസംകര കവിയാത്ത ആ മുഖത്തെ ഭാവത്തെ എന്ത് പേര് ചൊല്ലി വിളിക്കേണ്ടു, ഞാൻ?

 ‘കരുണൻ, റൂം കാണിച്ച് കൊടുക്കൂ’

താക്കോലെടുക്കാൻ കരുണൻ‍ പോയപ്പോൾ‍ ഡോകടര്‍‍പറഞ്ഞു; ‘ വിശദമായി നാളെ സംസാരിക്കാം. ആദ്യം റൂം, പിന്നെ ഭക്ഷണം. ഉച്ച തിരിഞ്ഞ് പൊടിക്കിഴിയോടെ നമുക്ക് തുടങ്ങാം, എന്താ?.’

സര്‍ക്കാർ‍ ആശുപത്രിയിലെ വാര്‍‍ഡ് പോലെ നിരന്ന് കിടക്കുന്ന മുറികളിലൊന്ന്
 തുറന്ന് സുകുമാര കളേബരന്‍‍പറഞ്ഞു: ‘ഇത് സിംഗിൾ റൂം...... ദിവസം 650 രൂപ.’
-ഒരു കൊച്ച് കട്ടിൽ‍. കസേര. മേശ.

ചോദ്യരൂപത്തിൽ‍ നോക്കിയപ്പോൾ പയ്യന്റെ കളമൊഴി: ‘മാഡത്തിന് താഴെ കിടക്കാല്ലോ?‘

രണ്ട് പേര്‍ക്കുമുണ്ട് ട്രീറ്റ്മെന്റ് എന്നായപ്പോൾ‍ വീണ്ടും പയ്യന്റെ നെട്ടോട്ടം.

‘ഡബിള്‍‍ റൂം. 1500 രൂപ.‘
പഴയ കട്ടിൽ‍, കീറിത്തുടങ്ങിയ കിടക്ക.

“എസിയില്ലേ?“
‘ഓ...  ഏസി റൂം ...2500 രൂപ. ഡബിൾ‍ കോട്ട്, ദിവാൻ‍, കസേരകൾ”

വയർ‍ മുരളുന്നു.  തലക്കൊരു കനം പോലെ....
-സമയം 1.30 ആയി എന്ന് വാച്ച്!

‘അനിൽ പറഞ്ഞിരുന്നല്ലോ ഡീലക്സ് റൂമോ കോട്ടേജോ‍ ആയിരിക്കുമെന്ന്. എവിടെ  അനിൽ‍? അയാൾ വന്നിട്ട് മതി ബാക്കി....”

എ.എം.ഡയൽ‍ ചെയ്തപ്പോൾ‍ എം എം ലൈനിൽ എത്തി.

‘വെരി വെരി സോറി സർ!  റെസ്റ്റ് ഹൌസിൽ ഒരു മലയാളപടത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു.  നരേനും മീരാ ജാസ്മിനുമാ. അതാ എനിക്ക് കാത്ത് നില്‍ക്കാൻ പറ്റാതെ  വന്നത്. സോറി. ......സാറിന് എക്സിക്യൂട്ടീവ് സ്യൂട്ടാ റിസര്‍വ് ചെയ്തിരിക്കുന്നത്. ഞാൻ കരുണനോട് പറയാം.. അപ്പഴക്കും ഞാനെത്തും’

“സ്യൂട്ട്” കുഴപ്പമില്ല. കട്ടിൽ വിത് കൊതുക് വല. ദിവാൻ‍, സോഫ. ബാത് റൂം വിത് ഷവർ”‍.
“ദിവസവാടക 3500.‘: കരുണന്‍ പിന്നേം സംശം.

‘ചേട്ടാ, ലഗേജ് എടുക്കട്ടെ?“ സുഭാഷ് പോലും അക്ഷമനായിരിക്കുന്നു..
“എടുത്തോളൂ’ എന്ന എന്റെ മറുപടിക്ക് മറുവിളി തന്നത്  സാരി ചുറ്റിയ പുതിയ  ഒരവതാരം, കൈയിൽ പരിചയം തോന്നിച്ച രണ്ട് കടലാസ് കഷണങ്ങൾ.
“ റിസപ്ഷനീന്നാ… സാറിന്റേം ഭാര്യടേം ബില്ല്. ആകെ മൊത്തം 150 രൂപ‘

-ഒന്നും മിണ്ടാതെ ബില്ല് വാങ്ങി ഞാൻ കരുണനെ ഏല്‍പ്പിച്ചു.
തുക ഫൈനൽ‍ ബില്ലിൽ വന്നോട്ടെ, പക്ഷെ ഫ്ലാഷ് കളിയിലെപ്പോലെ എല്ലാ റൌണ്ടിലുമുള്ള ഈ പിരിവെടുപ്പ് അസഹ്യം!.


‘സാർ‍ വരൂ. കുറച്ച് ഫോര്‍‍മാലിറ്റിസ് കൂടിയുണ്ട്‘ : കരുണൻ‍ നടന്ന് കഴിഞ്ഞു.

അടുത്ത രംഗം: കരുണന്റെ  ഓഫീസ്.
- മൊത്തം വന്നേക്കാവുന്ന ബില്ലിന്റെ കാല്‍ക്കുലേഷൻ‍, അണ്ടർ‍ ടേക്കിംഗ് ലെറ്റർ, അഡ്വാന്‍‍സ്.......

ഭാഗ്യത്തിന് അപ്പോഴേക്കും അനിലെത്തി..
‘ഇന്നലെ വിശദമായി എല്ലാം സാരിച്ചതല്ലേ, അനിൽ? നോക്കൂ, 6 മണിക്ക് വീട്ടില്‍‍നിന്നിറങ്ങിയതാ.   അല്പം വെള്ളമല്ലാതെ ഒന്നും കഴിച്ചിട്ടുമില്ല.  ഇതാണോ നിങ്ങൾ വീരസ്യം മുഴക്കിയ ഹോസ്പിറ്റാലിറ്റി?‘: എന്റെ ദ്വേഷ്യം അണപൊട്ടിയൊഴുകി.

വീണ്ടും ക്ഷമാപണങ്ങൾ..... ‍മഴ, ഷൂട്ടിംഗ്, തിരക്കുകൾ, തന്റെ അഭാവത്തിൽ സ്ഥാപനമാകെ പാതാളത്തിൽ എന്ന എക്സ്ക്യൂസ്. ഇനിയെല്ലാം കുശലം മംഗളമെന്ന വാഗ്ദാനം. ഭക്ഷണം  കഴിച്ചിട്ട് മതി ബാക്കി കാര്യങ്ങൾ‍ എന്ന  വിട്ടുവീഴ്ച.

കാന്റീൻ‍ കണ്ടപ്പോഴേ മനം മടുത്തു.
രോഗികൾ‍, കൂട്ടിരുപ്പുകാർ‍, ഔട്ട്പേഷ്യന്റ്സ്, സ്റ്റാഫ്, കൂടാതെ തോട്ടത്തിലെ ജോലിക്കാരുമുണ്ടത്രേ ഉച്ചഭക്ഷണത്തിന്.

അല്പം വൃത്തിയുള്ള ഒരു ടേബിൾ‍ കണ്ടെത്തി ഇരുന്നു.
യുഗങ്ങള്‍ക്ക് ശേഷമെന്നോണം ഒരു സ്ത്രീസ്വരം:‘എന്ത് എടുക്കണം?
ചേല ചുറ്റിയ ഒരണ്ണി.
“എന്താ ഉള്ളത്?’
‘ചോറ്.... മീത്സ്;  ബാക്കി ഒക്കെ കഴിഞ്ഞു”
ഡയറ്റിംഗിന്റെ ആളായതിനാൽ‍ ഭാര്യ ചോദിച്ചു: ‘ചപ്പാത്തി?‘
ഇല്ല.‘

വയറിന്റെ ആളൽ ഇരട്ടിയായി.“ചോറെങ്കില്‍‍ ചോറ്!“

പശപ്പച്ചരി ചോറ്. പരിപ്പ്  കലക്കിയ സാംബാറെന്ന വെള്ളം.  കൂടെ പടവലങ്ങയുടെ ഒരു വഴുവഴാ ‘പൊരിയലും.

ദോഷം പറയരുതല്ലോ: മാങ്ങാ അച്ചാർ‍ കിടിലനായിരുന്നു. അതും വിശപ്പും സമാസമം ചേര്‍ത്ത് പകുതിയോളം ചോറ് വിഴുങ്ങി.

വിശ്രമിക്കാൻ തത്രപ്പെടുന്ന ശരീരം. മനസ്സിന്റെ പിരിമുറുക്കം ബ്ലഡ് പ്രഷറിന്റെ അളവിൽ‍  പ്രതിഫലിക്കുന്നുവെന്ന ഡോക്ടറുടെ വാക്കുകൾ ഓര്‍ത്തു,

കിടക്ക പൊടി പിടിച്ചിരിക്കുന്നു.  ‍ വിലങ്ങനെ വിതാനിച്ചിരുന്ന ബെഡ് ഷീറ്റുകൾ പരസ്പരം പിണങ്ങിക്കിടക്കുന്നു.  പാണ്ടിലോറി കയറിയ തവളയെന്ന  പ്രയോഗമാണ് തലയിണക്ക് ചേരുകയെന്ന് ഭാര്യയോട് തമാശിച്ചുകൊണ്ട്  ക്ലോത് കവർ മാറ്റിയപ്പോൾ അതിന്നടിയിൽ ഒരു റബ്ബർ ഷീറ്റ്. പിന്നെ ഒരു ഇന്‍സെപരബിൾ പോളീതീൻ കവറും.
‘ഫാമിലി പ്ലാനിംഗ് കാരുടെ “ആഡ്“ ആണ്.“ ഞാൻ  സീരിയസ് ആയി.  ‘ഡ്യൂറക്സ്‘ ഡബിള്‍ പ്രൊട്ടക്‍ഷൻ‘!
 -അന്നത്തെ ഹൃദയം തുറന്നുള്ള ആദ്യത്തെ ചിരി.

കഷായവും ഗുളികകളുമായി സിസ്റ്റർ മുഖം കാണിച്ചു.
-നൊ ബെഡ് കവര്‍സ്‍, നൊ ബ്ലാങ്കെറ്റ്സ്! നൊ ടവിത്സ്! നോ സോപ്സ്. നോ ഗ്ലാസസ്, നൊ വാട്ടർ!
ചോദ്യശരങ്ങളിൽ കുലുങ്ങാതെ മാലാഖ പുഞ്ചിരിയോടെ ഉവാച: “ഡോണ്ട് യു വറി. എല്ലാം ശര്യാക്കാം....?

അര മണിക്കൂറിന് ശേഷം ആശ്രിതവത്സല ചൂടുവെള്ളവും  ഗ്ലാസുമായെത്തി.
ഭാര്യ ഗൂഡസ്മിതത്തോടെ ആ ഗ്ലാസ് ഉയര്‍ത്തിക്കാട്ടി –ഹീനിക്കൻ‍ ബീറിന്റെ ലേബലുള്ള ഗ്ലാസ് മഗ്!
ചരകനോ സുശൃതനോ വാഗ്ഭടനോ  നിഷ്കര്‍ഷിച്ചിട്ടുണ്ടോ സിസ്റ്ററേ,  പഞ്ചകര്‍മ്മക്കിടയിൽ ജലപാനം ബീർ മഗ്ഗിലായിരിക്കണമെന്ന് എന്ന് ചോദിക്കണമെന്ന് തോന്നി. ഹീനിക്കനും ഹാനിമനുമായാണോ അതോ ഹീനിക്കനും ഹിപ്പൊക്രാറ്റസുമായുമാണോ കൂടുതൽ ബന്ധമെന്നും?.

4 മണിയോടെ  ‘ട്രീറ്റ്മെന്റ് കോൾ‍‘ വന്നു.
പൊടി ഉപയോഗിച്ചുള്ള ഉഴിച്ചിലിന്  ആദ്യമായാണ് വിധേയനാകുന്നത്. റിവേഴ്സ് ഓര്‍ഡറിലുള്ള  “ഉദ്വര്‍‍ത്തനം“ രസകരമായി തോന്നി.

കൃത്യശേഷം സോപ്പും തോര്‍ത്ത് മുണ്ടും  കൈകളിൽ‍ ഏള്‍‍പ്പിച്ച് അപ്രത്യക്ഷമാകും  മുന്‍പ് 'തെറാപിസ്റ്റ്സ്” മുന്നറിയിപ്പ് തന്നു: ‘ഈ തോര്‍‍ത്തും സോപ്പും നാളേം കൊണ്ട് വരണം കേട്ടൊ.‘

അനുഭവങ്ങളിൽ  ഇതും ആദ്യം.
എണ്ണ, തോര്‍ത്ത്, പയറ്പൊടി,  രാസ്നാദിപ്പൊടി എന്നിവ   ട്രീറ്റ്മെന്റ് റൂമിലെ അവശ്യവസ്തുക്കളെന്ന് ഇവിടെ ആര്‍ക്കും അറിയില്ലെന്ന് തോന്നുന്നു.

- വഴുവഴുപ്പുള്ള കുളിമുറിയിൽ,‍ ട്രപ്പീസ്കളിക്കാരനെപ്പോലെ ബാലന്‍സ് ചെയ്ത്,  ചൂട് വെള്ളം സംഭരിച്ച്, കുളിച്ച് തുവര്‍ത്തി മടങ്ങും വഴി എത്തി നോക്കി:ട്രീറ്റ്മെന്റ് റുമിലും നഴ്സ് എയ്ഡ് സ്റ്റേഷനിലും ഒരീച്ച പോലുമില്ല.

ഭാര്യക്കും പൊടി ചികിത്സ തന്നെയായിരുന്നു. അവൾ‍ പരിഹസിച്ചു: ‘ചേട്ടനെന്താ സോപ്പും തോര്‍‍ത്തും കിട്ടിയില്ലെന്നുണ്ടോ?‘

ഒരിക്കൽ‍ കൂടി ഓര്‍മ്മിപ്പിച്ചപ്പോൾ‍ ബെഡ് ഷീറ്റുമായെത്തി രണ്ട് സിസ്റ്റര്‍മാര്‍.
രണ്ട് സിംഗിൾ‍ ഷീറ്റുകൾ കൊണ്ടുള്ള പൊടിക്കൈയുടെ ആവര്‍ത്തനം.
സ്കൂൾ നാളുകളിൽ വടക്കേ വീട്ടിലെ സൌമിനിച്ചേച്ചിയുടെ അരവരെ നീളുന്ന വെള്ള  ബ്ലൌസും കണങ്കാലുകൾ  മൂടുന്ന നീല പാവാടയും മനസ്സിൽ തെളിഞ്ഞു. കൂടെ അവർ നടക്കുമ്പോൾ എത്തി നോക്കി അപ്രത്യക്ഷമാകുന്ന റോസ് നിറമുള്ള  അണിവയറും പൊക്കിള്‍‍ച്ചുഴിയും,  പിന്നെ ആ ദര്‍ശനസുഖത്തിന് കാത്ത് നില്‍ക്കുന്ന ‘പത്ത് എ‘യിലെ ചേട്ടന്മാരും.
“ടവള്‍സ്?‘
‘നാളെ!‘
‘ബ്ലാങ്കറ്റ്?‘
അതെന്നാ സാധനമാ എന്ന മട്ടിൽ അച്ചായത്തി നഴ്സ് കിനിഞ്ഞൊരു നോട്ടം.  പിന്നെ പിടി കിട്ടിപ്പോയ് എന്ന സംജ്ഞയോടെ ഒരോട്ടം. വന്നത് ഒരു സിംഗിൾ ബെഡ്‍ ഷീറ്റുമായി.
‘ഒരെണ്ണമേയുള്ളോ?‘
‘സ്റ്റോക്കില്ല മാഡം.... നാളെ‘

കഷായം തന്നപ്പോൾ ചോദിച്ചു: ‘ലേഹ്യമെടുക്കാൻ സ്പൂൺ‍?
“കാന്റീനിൽ‍ പറയാം. അവർ കൊണ്ട് തരും.‍'.
‘ആസവം കഴിക്കാനോ?‘
‘ദാ കുപ്പിയുടെ അടപ്പിൽ ഒന്ന് രണ്ട്….അങ്ങനെ അഞ്ച്പ്രാവശ്യം ഗ്ലാസിലൊഴിക്കുക.; അതാ കണക്ക്‘
‘ഈ വലിയ മഗ്ഗിൽ‍  മൂടിയിൽ അളന്ന്  ഒഴിച്ച ആസവം.... അത് വാ‍യിലും  വയറിലുമെത്തുമ്പോള്‍ എത്ര കാണും?.‘

ഒരന്യഗ്രഹജീവി മുന്‍പിൽ പ്രത്യക്ഷപ്പെട്ടാലെന്ന പോലെ കൌതുകത്തോടെ എന്നെ നോക്കി, അവർ. പിന്നെ ‘ഗുഡ് നൈറ്റ്‘ കേള്‍ക്കാൻ നില്‍ക്കാതെ വാതിൽ വലിച്ചടച്ചു.

കാന്റീനിലിപ്പോൾ തിരക്കില്ല..
‘എന്താ കഴിക്കാൻ?‘
12 വയ്സ് പ്രായം വരുന്ന ‘ബാല-വേലൻ‘ ബോര്‍‍ഡിലേക്ക് കൈ ചൂണ്ടി.
കറുത്ത ബോര്‍ഡിൽ ചോക്കുകൊണ്ടെഴിതിയിരിക്കുന്നു:
ഡിന്നർ
 സൺ‍ ഡെ: തൈര്‍ ശാദം
മൺ ഡെ: തക്കാളി ശാദം
ട്യൂസ് ഡെ: പരിപ്പ് ശാദം
പിന്നെ എവിടെയോ ഒരു ഫ്രൈഡ് റൈസും.

.ഇന്ന് ചൊവ്വ.
- ഫ്രൈഡ് റൈസിന് എനിയെത്ര നാളുകള്‍‍?
ഭാര്യ വീണ്ടും തിരക്കി:
‘ചപ്പാത്തി?‘
‘കഴിഞ്ഞ് പോയി’

അല്പം മാത്രം ശാദം അകത്താക്കി, ഒരു ഗ്ലാസ് ചുടുവെള്ളവും കുടിച്ച് റൂമിലേക്ക് നടക്കുമ്പോൾ  മാറി നിന്ന മഴ ആര്‍‍ത്തലച്ച് പെയ്യാൻ‍ തുടങ്ങി.
ഞാൻ‍ ഭാര്യയോട് തിരക്കി:
‘ബാഗിൽ‍ ചോക്ലേറ്റ് കാണുമല്ലോ  അല്ലേ?‘
ഭാര്യ ചിറി കോട്ടി:
‘ഉം….പിന്നെ…ആയുര്‍‍വേദ ചികിത്സക്കിടയിലാ ചോക്ലേറ്റ്!



കൊതുകളിൽ നിന്ന് രക്ഷ നേടാൻ കൈകൾ നീട്ടി വീശി വേഗത്തിൽ റൂമിലേക്ക് നടക്കുമ്പോൾ  ആശിച്ചു: ‘.നാളേക്ക് എല്ലാം ശരിയാകുമായിരിക്കും!

31 comments:

kunjali said...

(((((((((((പ്ടെ))))))))))))
ആദ്യ തേങ്ങ എന്റെ വക :)

Kaithamullu said...

പറഞ്ഞാ അച്ചന്‍ അമ്മേനെ കൊല്ലും, പറഞ്ഞില്ലെങ്കി അച്ചന്‍ പട്ട്യേറച്ചി തിന്നും, -ന്താ ചെയ്യാ?

kichu / കിച്ചു said...

ഇനി നമുക്ക് വേറെ ഒരിടം നോക്കാംന്നേ :)

ബിന്ദു കെ പി said...

:))
തുടരൂല്ലേ...?

മാണിക്യം said...

ചുരുക്കത്തില്‍ പറഞ്ഞാല്‍ "പെട്ടു" അല്ലേ?
‘പഞ്ചകര്‍മ്മ’ ചികിത്സ കഴിഞ്ഞ് ജര മിനുപ്പിച്ച്, നര കറുപ്പിച്ച്, ‘കൊട്ടന്‍ ചുക്കാദി‘ പരിമളവുമായി,
നല്ല ചുള്ളനും ചുള്ളത്തിയും ആയോ ?

"കൈതമുള്ള്" വീണ്ടും സജ്ജിവമായത്തില്‍ ഭയങ്കര സന്തോഷം.

paarppidam said...

വളരെ അധികം അനുഭവഞ്ജാനം ഉള്ള ശശിയേട്ടനെ പോലെ ഉള്ള ഒരു വ്യക്തിക്ക് ഉണ്ടായ ഈ അനുഭവം ഇപ്രകാരം തുറന്നെഴുതിയത് ഏറേ ഉപകാരപ്രദവും പരസ്യവും പരിചയക്കാരുടെ വാക്കും വിശ്വസിച്ച് സുഖചികിത്സയ്ക്ക് പോകുന്നവര്‍ക്ക് ഒരിക്കല്‍ കൂടെ ചിന്തിക്കുവാന്‍ ഉപകരിക്കുന്നതുമാണ്. രാമപാദസ്പര്‍ശത്താല്‍ ശാപമോക്ഷം ലഭിച്ചു എന്നാണ് പുരാണങ്ങളില്‍ പറയുന്നതെങ്കിലും ആ പേരും പേറി പരിമിതമായ സൌകര്യങ്ങളും ചുരുങിയ പരിചയസമ്പത്തും അതിഥികളെ സ്വീകരിക്കുന്നതിനെ കുറിച്ചുള്ള അഞ്ജതയും പേറി തലയെടുത്ത് നില്‍ക്കുന്നിടങ്ങളില്‍ ഇനിയും ശാപമോക്ഷം ആയിട്ടില്ല എന്ന് മനസ്സിലായി. അവിടെ പോയി തലവെച്ച് സുഖ ചികിത്സയുടെ പേരില്‍ അസുഖകരമായ അനുഭവം നേരിടേണ്ടി വന്നത് കഷ്ടമായി. സ്റ്റാഫിനു ട്രെയിനിങ്ങ് നല്‍കുക എന്ന സംഗതിയൊന്നും ഇല്ല എന്ന് വ്യക്തം. അല്ലെങ്കില്‍ കാര്യവാഹക് ആയി ഇരിക്കുന്നവന്‍ ഒരു കൊള്ളരുതാത്തവന്‍ ആയിരിക്കും എന്ന് കരുതേണ്ടി വരും. ആളൊരു ഉമ്മന്‍ ചാണ്ടിയ്ക്ക് പഠിക്കണ ആളാകാനേ തരമുള്ളൂന്ന് കരുതുന്നു. അഴിമതി, തട്ടിപ്പ്, കൊള്ള, കള്ളക്കടത്ത് ഇതേ പോലെ എന്തു കേട്ടാലും നിയമം നിയമത്തിന്റെ വഴിക്ക് ഇതൊക്കെ ഇതിന്റെ വഴിക്ക് എന്ന ലൈന്‍.

വിദേശികള്‍, പ്രവാസികള്‍ എല്ലാം ഇത്തരം സുഖചികിത്സയുടെ പേരില്‍ പലപ്പോഴും തട്ടിക്കപ്പെടാറുണ്ട് . ശശിയേട്ടന്‍ അത് സവിസ്തരം എഴുതുവാന്‍ മുന്നോട്ട് വന്നതിനെ അഭിനന്ദിക്കുന്നു. പ്രമുഖര്‍ക്കെതിരെ പ്രതികരിക്കുവാന്‍ പലരും വിമുഖത കാണിക്കുമ്പോള്‍ ഇതൊന്നും വാര്‍ത്തയേ ആകില്ല. അലെങ്കില്‍ ആയുര്‍വ്വേദത്തിന്റെ മറവില്‍ തട്ടിപ്പ് പരാതിയുമായി പ്രവാസി രംഗത്ത് എന്ന ഒരു ടൈറ്റിലില്‍ വലിയ വാര്‍ത്തയായേനെ. എന്താണ് ഒരു കസ്റ്റമര്‍ പ്രതീക്ഷിക്കുന്നതെന്നും അത് നല്‍കുവാന്‍ തങ്ങള്‍ക്ക് ആകില്ലെങ്കില്‍ ഇവിടെ അത് ഇല്ല നിങ്ങള്‍ മറ്റെവിടെ എങ്കിലും പോയ്ക്കോളൂ എന്ന് പറയാതെ ഇപ്പ ശരിയാക്കിത്തരം ഇപ്പ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് മുന്നോട്ട് ഉരുട്ടുന്ന രീതിയൊക്കെ നിര്‍ത്തേണ്ട കാ‍ലം കഴിഞ്ഞിരിക്കുന്നു. ഒരു ജനപ്രതിനിധിയോടെ ഗൌരവപ്പെട്ട ഒരു ആവശ്യം ഒരാള്‍ ഉന്നയിക്കുമ്പോള്‍ നിങ്ങള്‍ അത് ലോക്കലില്‍ പോയി പറയൂ. അവര്‍ വേണ്ടത് ചെയ്തോളും എന്ന് പറയുന്ന രാഷ്ടീയം ജനം തിരസ്കരിക്കുന്ന കാലമാണ്. ചേറ്റുവയിലെ രാജയിലെ പോലെ നല്ല സര്‍വ്വീസ് നല്‍കി അതിനുള്ള പേയ്മെന്റ് നല്‍കാന്‍ തയ്യാറുള്ളവരെ അത്തരത്തില്‍ ട്രീറ്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍ ഉണ്ടല്ലൊ ശശിയേട്ടാ പാലക്കാടന്‍ ചൂടേല്‍ക്കാന്‍ പോയി എന്ന ചോദ്യം ആവര്‍ത്തിക്കുന്നില്ല.അതിവിടെ ആദ്യമേ വിവരിച്ചിട്റ്റുണ്ടല്ലൊ.

paarppidam said...

മാറിയ കാലത്തെയും ആ കാലത്തെ ജനത്തിന്റെ ആവശ്യത്തെയും തിരിച്ചറിയാത്ത നിരവധി സ്ഥപനങ്ങള്‍, സര്‍വ്വീസ് എന്താണെന്ന് അവര്‍ അറിയുന്നുമില്ല അറിയുവാന്‍ ശ്രമിക്കുന്നുമില്ല എന്ന് ഇതില്‍ നിന്നും വ്യക്തം. ഇവിടെ നിന്നും വ്യക്തമായി കാര്യങ്ങള്‍ സംസാരിച്ചാല്‍ പിന്നെ വീണ്ടും ബ്രീഫിങ്ങും പഴനിയിലെ ലോഡ്ജില്‍ കൌണ്ടറില്‍ നില്‍ക്കുന്ന അണ്ണാച്ചി റൂമിന്റെ കാര്യങ്ങള്‍ പറയുന്ന പോലെ പറയുന്ന അഡ്മിന്‍സും കഷ്ടം!!

എന്തായാലും രാമനാല്‍ ശാപമോക്ഷം ലഭിച്ച നാരീ നാമത്തില്‍ ഉള്ളിടത്ത് സുഖ ചികിത്സയുടെ പേരില്‍ “അസുഖകരമായ” അനുഭവംസിനായി ഇനിയെങ്കിലും തലവെക്കാതിരിക്കുക. പറ്റാവുന്നവരോടൊക്കെ പറയുകയും ചെയ്യുക.

ശശിയേട്ടന്‍ ഈ സ്ഥാപനത്തിന്റെ തലൈവരെ കൊണ്ട് രാജയിലും അതു പോലെ ഉള്ള മടിടങ്ങളിലും സ്വന്തം ചിലവില്‍ ഒരു സന്ദര്‍ശനം നടത്തികൊടുക്കുക നാണമുള്ളവര്‍ ആണെങ്കില്‍ അവര്‍ക്ക് കാര്യം മനസ്സിലാക്കാന്‍ നല്ലതാണ്. തങ്ങള്‍ നടത്തുന്നത് ധര്‍മ്മാശുപത്രി അല്ലെന്ന് പരസ്യത്തില്‍ മാത്രമല്ല പ്രയോഗത്തിലും വരുത്തുവാന്‍ അവര്‍ തയ്യാറായില്ലെങ്കിലും ചുരുങ്ങിയ പക്ഷം അവര്‍ക്ക് സുഖചികിത്സയെ കുറിച്ചും അതിനായി ഏര്‍പ്പെടുത്തുന്ന സൌകര്യങ്ങളെ കുറിച്ചും ഒക്കെ ഒരു ഐഡിയ ലഭിക്കാന്‍ ഉപകരിക്കും.

ബാക്കികൂടെ എഴുതൂ.

nigil d said...

രാജയെ കുറിച്ചുള്ള പ്രമോഷന്‍ ആണോ മുകളില്‍ കമന്റിട്ട വ്യക്തി ഉദ്ദേശിക്കുന്നത്?
ഉദ്ദേശിക്കുന്ന സൌകര്യം ഇല്ല എങ്കില്‍ അതു പറഞ്ഞ് ഉടനെ മടങ്ങിപ്പോരാം. ആരും അവിടെ കെട്ടിയിട്ട് ചികിത്സിക്കുകയൊന്നുമില്ല.

കുറുമാന്‍ said...

ശാപമോക്ഷം

മോക്ഷം

ജരാനരകൾ മാറാനുള്ള മറ്റേ വഴിയാന്നാ തോന്നുന്നത് ഇവരുടെ....സമ്പൂർണ്ണ മോക്ഷം.......അപ്പോ പിന്നെ നരയുണ്ടാവില്ലല്ലൊ.........

കോയമ്പത്തൂരിൽ ഒരു ധൻവന്തരിയുണ്ട്....നല്ല് കോട്ടേജ്....ദിവസം 1500 രൂപ മാത്രം.. അതിനുള്ളിലുള്ള അമ്പലത്തിൽ രൻട് നേരം അന്നധാനം......... നല്ല ഹോമിലി അറ്റ്മോസ്ഫിയർ.......

എന്തായാലും ആഫ്റ്റർ ലോങ്ങ് ടൈമ്, ശശിയേട്ടന്റെ കരാംഗുലികൾ കീമാനിൽ/കീമാജിക്കിൽ ചലിച്ചപ്പോൾ വിരിഞ്ഞത് അഹല്യാശാപമോക്ഷം കഥ....ഇനി അടുത്ത എപ്പിസോഡ് പോരട്ടേ

[ nardnahc hsemus ] said...

ഭാര്യ ഗൂഡസ്മിതത്തോടെ ആ ഗ്ലാസ് ഉയര്‍ത്തിക്കാട്ടി -ഹീനിക്കന്‍‍ ബീറിന്റെ ലേബലുള്ള ഗ്ലാസ് മഗ്! ഹഹഹഹഹഹ്‌... നിങ്ങടെയൊക്കെ ഒരവസ്ഥ ആലോചിച്ച് ചിരിച്ച് മരിച്ച്... അങ്ങനെ തന്നെ വേണം...
ഇവരും സാദാ ലോക്കല്‍ തിരുമ്മല്‍ വീരമ്മാരും തമ്മില്‍ എന്താണു അന്തരം??

sunilraj said...

ഇങ്ങിനെ എത്ര ദിവസം

ഗാനൻ said...

ശശിയേട്ടാ, അവിടെയ്ക്ക് പോകാൻ നിർദ്ദേശിച്ച ആൾ അവിടെ ചികിത്സിച്ചിട്ടുണ്ടായിരുന്നോ ? അതോ കമ്മീഷൻ ഏജന്റായിരുന്നോ ? അവിടെയും ഒരു ശ്രീരാമൻ വരും എന്നു പ്രതീക്ഷിക്കാം. എന്തായാലും കുടുങ്ങീത് ഒരു തമാശക്കുള്ള വക കാണുന്നു. നമുക്ക് അതെല്ലാം ഒന്നുകൂടി ഓർമ്മിച്ച് ഒരു കൊല്ലത്തേയ്ക്കുള്ള ഊർജ്ജം സംഭരിക്കാം. ചിരിയും നല്ല ഊർജ്ജ സംഭരണിയാണെന്നാണ് പുതിയ കണ്ടെത്തൽ.

അതുല്യ said...

ശശിയേട്ട,, ഷാര്‍ജയിലേ അല്‍ മാനാറില്‍ പോവായിരുനില്ലേ? കണ്ണൂര്‍ പി.കെ.എന്‍ ന്റെ ബ്രാഞ്ച് ആണു, ഗുരുക്കള്‍ ഉണ്ട് അവിടേ, ഞാന്‍ അറിയും. ഞാന്‍ എല്ലാം റെഡിയാക്കാമായിരുന്നു. ഞാന്‍ 28 ദിവസം ചികില്‍സിച്ചായിരുന്നു, 15 ദിവസം ഇന്‍ പേഷ്യന്റ്, (8 കൊലം മുന്നേ) വളരെ നല റ്റ്രീറ്റ്മെന്റും, ഞവരക്കിഴിയും ഒക്കെ എടുത്തിരുന്നു. ഇപ്പോഴും മാസത്തില്‍ ഒരിക്കല്‍ പോവുന്നുണ്ട്, റിലാക്സേഷന്‍ തെറാപിയ്ക്ക്. പ്ലീസ് ഒരിക്കല്‍ പോവൂ. ഹോസ്പിറ്റാലിറ്റി എന്താണെന്ന് അറിയൂ, ഹൈജീനും. (ഫുള്‍ എസി.) ആന്റ് ചൂട് വെള്ളം, പ്ലസ്, തല തേയ്ച്ച്, മുതുക് തേയ്ച്ച് , തോര്‍ത്തി വരെ തരും. അത്രയ്ക്കും കമ്ഫേര്‍ട്ട് ആണു, മലയാളികള്‍ തന്നെ. ആണുങ്ങള്‍ക്ക് ആണുങള്‍, പെണ്ണുങ്ങള്‍ക്ക് പെണ്ണുങ്ങള്‍.. പ്ലീസ് റ്റ്രൈ.

ചന്ദ്രകാന്തം said...

ശശ്യേട്ടാ,
മാര്‍ഗ്ഗനിര്‍ദ്ദേശി ഈ സ്ഥാപനത്തെപ്പറ്റി വിവരിച്ച്‌ അങ്ങോട്ടാവാഹിയ്ക്കുന്ന നേരത്ത്‌ ഒടുക്കം പറഞ്ഞ വാചകം എന്താവാം..? "ജസ്റ്റ് ഫീല്‍ ദ ഡിഫ്രന്‍സ്‌"""" "എന്നല്ലേ? നമ്മള്‍ ഇത്രേം ഡിഫ്രന്റ്‌ ഫീല്‍ പ്രതീക്ഷിച്ചില്ലാ..ന്നുള്ളത്‌ അയാള്‍ടെ കുറ്റമല്ലല്ലോ... :) :) :)

Aneesh chandran said...

വീണ്ടും.......പ്രതീക്ഷയോടെ

Appu Adyakshari said...

ബാക്കി ഭാഗങ്ങൾകൂടി എഴുതൂ ശശിയേട്ടാ. പത്തുദിവസത്തിനുശേഷം എങ്ങനെ രക്ഷപെട്ടു അവിടെനിന്ന്?

:: VM :: said...

മികച്ച ആയുര്വേദചികില്‍സക്ക് ദേ, ഇഞ്ഞാട്ടു നൊക്ക്യേ..ദിവിടെ തെന്നെ പോണം.. http://www.ahaliaayurvedic.org/ .. :)))))))


:: VM :: said...
This comment has been removed by the author.
:: VM :: said...

@അപ്പു- ബാക്കി ഭാഗങ്ങൾകൂടി എഴുതൂ ശശിയേട്ടാ. പത്തുദിവസത്തിനുശേഷം എങ്ങനെ രക്ഷപെട്ടു അവിടെനിന്ന്?>>>>>

നിങ്ങളൊക്കെ അതിഭീകരന്മാരായ പ്രിജുഡിസ്റ്റുകളാണല്ലോ ഇഷ്ടാ.... ഇന്യല്ലേ ശെരിക്കൂള്ള കസ്റ്റര്‍മ്ര്‍ സപ്പോര്‍ട്ട് വരാന്‍ പോവുന്നത്...

"ഇടപാടുകാരെത്താങ്ങല്‍"" (- ന്ന്വച്ചാല്‍- കസ്റ്റമറ്റ്-സപ്പോര്‍ട്ട്) " കലയിലെ മാസ്മരികതയുടെ അനതിസാധാരണമായ ഒന്‍പതു ദിവസങ്ങളുടെ വീകെയെന്‍ സ്റ്റൈലില്‍ വര്‍ണ്ണനയുമായൈ ശശിയണ്ണന്‍റെ വരവിനു കാത്തിരിക്കൂ....

ഭായി said...

അനിൽ കൈതച്ചേട്ടന്റെ കവിത വായിച്ചിട്ടുണ്ടാകും.
അല്ലെങ്കിൽ പിന്നെ എല്ലാവരും കൂടി ഒത്തൊരുമിച്ച് ഇങ്ങിനെ പണി കൊടുക്കാൻ നിൽക്കുമായിരുന്നോ..?!! :-)

വായിക്കാൻ നല്ല രസമുണ്ടായിരുന്നു.

Manikandan said...

മനുഷ്യനെപ്പറ്റിച്ച് കാശ് പെട്ടിയിലാക്കുക എന്ന ഒറ്റലക്ഷ്യം മാത്രം മുൻനിറുത്തി പ്രവർത്തിക്കുന്നവർ. സ്ഥാപനത്തിന്റെ പേരും വിലാസവും കൂടി എഴുതിയാൽ ഇനി ഇങ്ങനെ പറ്റിക്കപ്പെടുന്നതിൽ നിന്നും കുറച്ച്പേരെങ്കിലും രക്ഷപ്പെടും. കോവളം പോലെ ചില ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒരു തട്ടിപ്പുണ്ട്. ഇങ്ങനെ വലിയ വാഗ്ദാനങ്ങൾ നൽകി ആളുകളെ പറ്റിക്കുന്ന ഹോട്ടലുകൾ രണ്ടുകൊല്ലത്തിൽ കൂടുതൽ ഒരേപേരിൽ പ്രവർത്തിക്കില്ല. പേരുമാത്രം മാറും. ബാക്കിയെല്ലാം പഴയതുതന്നെ.

Cv Thankappan said...

എല്ലാം ശരിയാകുമായിരിക്കും!
പ്രതീക്ഷകളാണല്ലോ എല്ലാം....
നന്നായിരിക്കുന്നു ഒഴുക്കുള്ള രചനാശൈലി.
ആശംസകള്‍

asdfasdf asfdasdf said...

ബാക്കി കൂടി പോ രട്ടെ ശശിയേട്ടാ ..

കുഞ്ഞന്‍ said...

ഹഹ ശ്രീരാമനായി അഹല്യാമോക്ഷം നൽകാൻ പോയിട്ട് തിരിച്ച് അഹല്യ ശ്രീരാമന് മോക്ഷം നൽകിയല്ലേ..

ഇത്തരം സ്ഥാപനങ്ങളുടെ പരസ്യത്തിലും വാചക കസർത്തിലും വീണു പോകുന്നവർക്ക് നല്ലൊരു പാഠമാണ് ചേട്ടന്റെ ഈ പോസ്റ്റ്.

മുകളിലൊരു വ്യക്തി( ഇങ്ങേർ മോക്ഷക്കാരുടെ ആളാണെന്ന് തോന്നുന്നു ) പറഞ്ഞതുപോലെ ഇഷ്ടമുണ്ടെങ്കിൽ മാത്രം പോയാൽ മതീ എന്നുള്ള വാചകം അവരുടെ പരസ്യ വാചകത്തിലും എഴുതിച്ചേർക്കട്ടേ..

തീർച്ചയായും ഇത്തരം കഴിവ് കെട്ട കഴുത്തറക്കുന്ന സ്ഥാപനങ്ങളുടെ മുഖം മൂടി വലിച്ചുകീറുവാൻ കാട്ടിയ ഈ ധൈര്യത്തിനെ അഭിനന്ദിക്കുന്നതിനോടൊപ്പം ഇനി എന്റെയറിവിൽ ടി സ്ഥാപനത്തിലേക്കൊരാൾ പോകാൻ ഇനി ഞാൻ സപ്പോർട്ട് ചെയ്യില്ലെന്നും പറയട്ടേ..

ബൈ ദ ഫൈ അനോണിമസ് നോണിമസ് കാളുകൾ വരുന്നുണ്ടാകുമല്ലോ ഇടിച്ച് പഞ്ചറാക്കുമെന്നും മറ്റും..

മുസാഫിര്‍ said...

അടുത്ത പ്രാവശ്യം ജക്കാർത്തയിൽ ആയാലോ ഉഴിച്ചിൽ ? അവിടെ വാത പിത്ത കഫാദി ത്രിദോഷങ്ങൾക്കും പിന്നെ അവരുടെ ആയുർവേദ വിധി പ്രകാരം വേറെ ചില ദോഷങ്ങൾക്കും സുഖചികില്സയുണ്ട്.
(ശശിയേട്ടന്റെ വീടിന്റെ അര കിലോമീറ്റർ ചുറ്റളവിൽ കിടക്കുന്ന സോപാനം, സൗപർണ്ണിക എന്നി ഉഴിച്ചിൽ സെന്റരുകാരുടെ ശാപം ജാതകവശാൽ കാണുന്നുണ്ട് .)

ഹരിയണ്ണന്‍@Hariyannan said...

'Ayu' means life span. 'Veda'
means knowledge 'Ayurveda' means
knowledge of life
ഇത് അവരുടെ വെബ് സൈറ്റിന്റെ വരാന്തയില്‍ എഴുതിവച്ചിട്ടുണ്ട്. ചേട്ടനു ജീവിതത്തിലെ ഒരു വലിയ അറിവു കിട്ടിയില്ലേ? :)

ഹരിയണ്ണന്‍@Hariyannan said...

ഞാന്‍ നാലുവര്‍ഷം ജോലിചെയ്ത സ്ഥാപനത്തിന്റെ യാണിതും. ഒരു പ്രവര്‍ത്തിപരിചയമോ ഗുണമേന്മയോ ഇല്ലാത്ത കുറേ ബന്ധുക്കളുടെ കയ്യില്‍ ഭരണം കിട്ടിയതുകൊണ്ടുമാത്രം മോശം പ്രകടനമായിപ്പോയവരാണ്.ഉള്ളകാശിനു പണിത മണിമാളികകള്‍ സിനിമാക്കാര്‍ക്കു ദിവസവാടകക്കു വിടുന്നതുതന്നെ നല്ലത്. ചുമ്മാ ആള്‍ക്കാരെ ആയുര്‍വേദം പറഞ്ഞു “പിഴിയരുത്”. :)

[ nardnahc hsemus ] said...

ഹരിയണ്ണൻ ഫസ്റ്റ് കമന്റിൽ പറഞ്ഞത് ചെറുതായി ഒന്നുഎഡിറ്റിയാൽ മൊത്തം സിറ്റുവേഷന്റെ ആകെത്തുകയാകും ..
ayu = ayyo
veda = venda

എന്നുവച്ചാ ഇനി ഇവന്മാരുടെ പേരുകേട്ടാൽ ആൾക്കാരു പറയും,

AYYO VENDA!!!!!!

ajith said...

കോയമ്പത്തൂരിലെ ധന്വന്തരി നല്ലൊരു തെരഞ്ഞെടുപ്പായിരിയ്ക്കും.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"‘വേണ്ടാ, കത്തിച്ച് വിട്ടോ സുഭാഷേ. മോര്‍ണിംഗ് ട്രീറ്റ്മെന്റ് ‘മിസ്സാകണ്ടാ’‘"
---
കൌണ്ടറില്‍‍ ഒരു തട്ടും ഉച്ചത്തിലുള്ള ‘സ്ക്യൂസും’ ഒന്നിച്ച് മുഴങ്ങിയപ്പോള്‍.... കഥയില്‍ പറഞ്ഞപോലെ.... പിന്നെ എല്ലാം പെട്ടെന്നായിരുന്നു (5മുതല്‍‍ 10 മിനിറ്റ് വരെയുള്ള ‘ലാഗി‘നെ ദൈവത്തിന്റെ സ്വന്തം നാട്ടിലെന്ന് അഹങ്കരിക്കുന്ന ഈ പരിസരങ്ങളിലൊക്കെ ‘പെട്ടെന്ന്‘ എന്നാണത്രേ പറയുക!.)



അപ്പൊ മിസ്സിന്റെ മോർണിങ്ങ് റ്റ്രീറ്റ്മെന്റ് കലക്കി അല്ലെ?
അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ എന്നൊരു പഴഞ്ചൊല്ലുണ്ട്

Kaithamullu said...

ബ്ലോഗില്‍ ആക്ടീവ് അല്ലാതായിട്ട് രണ്ട് കൊല്ലം! പൊതുവേ "ബ്ലോഗ് വായന" കുറഞ്ഞിരിക്കുന്നുവെന്ന് തോന്നുന്നു. എല്ലാരും പ്ലസ്സിലും ഫേസ് ബുക്കിലും അര്‍മാദിക്കുന്നത് കൊണ്ടാകാം.

കമെന്റുകള്‍ കുറവാണെങ്കിലും ഫീഡ് ബാക്ക് നന്നായിരുന്നു. പോസ്റ്റ് പബ്ലിഷ് ചെയ്ത ശേഷം, അനാഥമായിക്കിടന്നിരുന്ന എന്റെ ബ്ലോഗില്‍ 700 ലധികം ‘വിസിറ്റുകള്‍‘ രേഖപ്പെടുത്തിയിരിക്കുന്നു!

എല്ലാര്‍ക്കും മറുപടി വിശദമായി എഴുതാം. അടുത്ത ഭാഗം ഞായറാഴ്ച പോസ്റ്റിയ ശേഷം. സ്നേഹത്തോടെ.....