Monday, July 14, 2008

പിതാവും പുത്രനും പിന്നെ.....

"നാളെ ഇന്‍സ്പെക്‍ഷന്‍ ഡേയാ, ലീവ്‌ തരാന്‍ പറ്റില്യാ.."
ദ്രൗപതി ടീച്ചറുടെ വാക്കുകള്‍ക്ക്‌ അല്‍പം പോലും മയമില്ലായിരുന്നു.
"ഏട്ടന്റെ കല്യാണമാ, ലീവ്‌ വേണം", ഞാന്‍ വാശി പിടിച്ചു.
“കാലത്ത്‌ സ്കൂളീ വാ..ഡീ ഈ ഓ വന്ന് പോയ ശേഷം ലീവെടുത്തോളു..." ടീച്ചര്‍ അനുരഞ്ജനത്തിന്റെ പാതയില്‍.

"മുഹൂര്‍ത്തം 9.30 നു. 7 മണിക്ക്‌ വരന്റെ പാര്‍ട്ടി വധൂഗൃഹത്തിലേക്ക്‌ പുറപ്പെടും" ക്ഷണക്കത്തിലെ വാചകങ്ങള്‍ ഉരുവിട്ടുകൊണ്ട്‌ അഭിമാനം മെഴുകിച്ചേര്‍ത്ത മുഖവുമായി, മേശമേല്‍ കൈമുട്ടുകളൂന്നി, 45 ഡിഗ്രി തിരിഞ്ഞ്‌, ഇടം കണ്ണു കൊണ്ട്‌ ക്ലാസ്സിനെയാകെ ഒന്നുഴിഞ്ഞു, ഞാന്‍.

"ഒരു ബസ്സും ആറു കാറുകളുമാ ബുക്ക്‌ ചെയ്തിരിക്കുന്നേ.."വെല്ലിശന്റെ (വല്യച്ഛന്‍) മൂത്തമോന്‍ ഗിരീശന്‍ ബോംബേയില്‍ നിന്ന് വന്നിട്ട്‌ ഒരാഴ്ചയായി. കൂടെ അനിയന്‍ രാധേയനുമുണ്ട്‌.

"കല്യാണത്തിനുള്ള വരവല്ലേ, എല്ലാര്‍ക്കും എന്തെങ്കിലുമൊക്കെ കൊണ്ട്‌ വന്ന് കാണും, ഒന്ന് പോയി നോക്കടാ:' വീട്ടില്‍ വല്യേച്ചിക്ക്‌ മാത്രമാണു ഗിരീശേട്ടനോട്‌ അല്‍പം ചായവ്‌.

കാലത്തേ എണീറ്റ്‌ ഓടിച്ചെന്നപ്പോള്‍ എനിക്കും അനിയത്തിക്കും കിട്ടിയതോ വായിലിട്ടാലൊട്ടുന്ന രണ്ട്‌ നാരങ്ങാ മുട്ടായികള്‍!

മിടുക്കനായിരുന്നൂ, ഗിരീശേട്ടന്‍. പത്താം ക്ലാസ്‌ പാസായ ഉടനെ ബോംബേക്ക്‌ വണ്ടി കയറി. ബോംബേയില്‍ മദ്രാസികള്‍ അര്‍മാദിച്ച്‌ നടക്കുന്ന കാലം. റെയിവേയുടെ തലപ്പത്ത്‌ മുഴുവന്‍ മലയാളികള്‍. അത്‌ കൊണ്ട്‌ ജോലി തേടി അധികം അലയേണ്ടിവന്നില്ല, ഗിരീശേട്ടനു.

സ്വല്‍പം സ്റ്റാറ്റസ്‌ ഉള്ള ജോലിയും ജയകേരളം മാസികയില്‍ പ്രസിദ്ധീകരിച്ച രണ്ട്‌ മൂന്ന് കവിതകളുടെ പരിവേഷവുമൊക്കെയുള്ള ഗിരീശേട്ടന്‍, പഠിപ്പ്‌ പൂര്‍ത്തിയാക്കാതെ ഒളിച്ചോടിയെത്തിയ സ്വന്തം അനിയന്‍ രാധേയനെ കൂടെ താമസിപ്പിച്ചില്ല, പക്ഷെ ജോലി വാങ്ങിക്കൊടുത്തൂ: റെയില്വ്‌ഏ യാര്‍ഡില്‍ ഹെല്‍പറായി.

നാടടക്കം വിളിച്ച്‌, നാലു ചുറ്റും പന്തലിട്ട്‌, നാലു തരം പായസം വിളമ്പി ഗംഭീരമായിത്തന്നെ വേണം രണ്ടാം തലമുറയിലെ ആദ്യവിവാഹം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു, വെല്ലിശനു.

കണ്മഷിയെഴുതി, ചാന്ത്‌ പൊട്ട്‌ തൊട്ട്‌, ഹാഫ്‌ സാരി ചുറ്റി, സുന്ദരികളായി പെണ്‍വീട്ടില്‍ പോകാന്‍ ഒരുങ്ങിവന്നൂ വല്യേച്ചിയും ഗിരീശേട്ടന്റെ പെങ്ങള്‍ വിശാലേച്ചിയും.
"ഞങ്ങള്‍ ബസ്സിലാ കേറുന്നേ. കടംകഥകള്‍ പറഞ്ഞ്‌, പാട്ടു പാടി പോകാം...എന്താ കൂടുന്നോ?" വല്യേച്ചി വിളിച്ചു.
"ഹേയ്‌, ഇല്ല. ഏറ്റം മുന്‍പിലെ കാറിലാ ഞാന്‍ കേറുന്നേ...നിങ്ങ പിന്നാലെ വാ...." ഞാന്‍ വീമ്പടിച്ചു.

എത്ര അടുക്കിക്കയറ്റിയിട്ടും നാലഞ്ചു പേര്‍ പിന്നേയും ബാക്കി വന്നപ്പോള്‍ അലങ്കരിച്ച കറുത്ത അംബാസഡര്‍ കാറില്‍ നിന്നും ഗിരീശേട്ടന്‍ ഇറങ്ങി വന്നു. കാറിന്റെ മുന്‍സീറ്റില്‍ ഞെളിഞ്ഞിരിക്കുന്ന എന്നെ കണ്ടതും കല്യാണച്ചെറുക്കനു കലിയിളകി:
"നിന്റെ വീട്ടീന്ന് ചേച്ചിയെ മാത്രേ വിവാഹ പാര്‍ട്ടിക്ക്‌ ക്ഷണിച്ചിട്ടുള്ളു. ഇറങ്ങടാ കാറീന്ന്.." എന്റെ കൈയില്‍ പിടിച്ച്‌ പുറത്തേക്ക്‌ വലിച്ചൂ, ഗിരീശേട്ടന്‍.

അപ്പോഴാണു ഞാന്‍ ധരിച്ചിരുന്ന നീലയും ചുവപ്പും കള്ളികളുള്ള പഴയ ലിനന്‍ ഷര്‍ട്ട്‌ ദൃഷ്ടിയില്‍ പെട്ടത്‌.
" ഡ്രസ്‌ കണ്ടില്ലേ, പിച്ചക്കാരനെപ്പോലെ? കല്യാണവീട്ടില്‍ പോകാനുള്ള വേഷമാണോടാ ഇത്‌?"

നിറഞ്ഞ കണ്ണുകള്‍ ഇറുക്കിയടച്ച്‌, കരക്കാരുടെ മുന്‍പില്‍ അപമാനിതനായതിന്റെ ദുഃഖം ഹൃദയത്തിലേറ്റി, കുനിഞ്ഞ ശിരസ്സുമായി നടന്ന് നീങ്ങിയ ആ നാലാം ക്ലാസ്സുകാരനെ നീണ്ട്‌ വന്ന രണ്ട്‌ കരങ്ങള്‍ താങ്ങി ബസ്സിനുള്ളിലേക്ക്‌ നയിച്ചു.
"മോന്‍ വെഷമിക്കണ്ടാ ട്ടോ. നമുക്കാരുടേം സീറ്റ്‌ വേണ്ടാ. ബസ്സില്‍, നിന്ന് പോകുന്നതിനു ആര്‍ക്കാ ത്ര ചേതം ന്ന് നോക്കാലോ?"
വല്യേച്ചിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

പെണ്‍വീട്ടിലെത്തി പന്തലില്‍ കയറും മുന്‍പ്‌ ചേച്ചിയുടെ നിഴലായി നടന്നിരുന്ന എന്നെ വീണ്ടും പിടികുടി, ഗിരീശേട്ടന്‍.
"വരണ്ടാന്ന് പറഞ്ഞിട്ട്‌ ....നാശം....പിന്നിലെങ്ങാനും പോയി നിന്നോണം; മുന്‍ നിരയില്‍ കണ്ട്‌ പോകരുത്‌"

ഈയിടെ വല്യേച്ചിയുടെ ഫോട്ടോ ശേഖരത്തില്‍, ഗിരീശേട്ടന്‍ കൗമുദിച്ചേച്ചിയുടെ കഴുത്തില്‍ മാലയിടുന്ന ചിത്രത്തില്‍, രണ്ട്‌ പേര്‍ക്കും നടുവിലായി, മേലോട്ട്‌ നോക്കി പുഞ്ചിരി തൂകി നില്‍ക്കുന്ന, കള്ളി ലിനന്‍ ഷര്‍ട്ട്‌ ധരിച്ച ഒരൊന്‍പത്‌ വയസ്സുകാരനെ കണ്ടപ്പോള്‍ മനസ്സില്‍ പൊറ്റകെട്ടിക്കിടന്ന വലിയൊരു മുറിവിന്റെ തൊലിയടര്‍ന്നു, നിണമുതിര്‍ന്നു.

അഞ്ചിലും പത്തിലും സ്കോളര്‍ഷിപ്‌ ലഭിച്ചിരുന്നതിനാല്‍ എന്നെപ്പറ്റി വലിയ പ്രതീക്ഷകളായിരുന്നൂ, വീട്ടുകാര്‍ക്ക്‌.
പത്തിലെ റിസല്‍റ്റ്‌ വന്നപ്പോള്‍, അത്‌ വരെ മുറുകെ പിടിച്ചിരുന്ന അഭിമാനബോധമൊക്കെ കളഞ്ഞ്‌ ചേട്ടന്മാര്‍ക്കും ഇളയച്ചന്മാര്‍ക്കും പ്രത്യേകം പ്രത്യേകം കത്തുകളെഴുതി, അച്ഛന്‍:

"..നല്ല മാര്‍ക്കുണ്ട്‌, അവനു. സ്കൂളില്‍ ഫസ്റ്റാ. കോളേജില്‍ ചേര്‍ക്കണമെന്നുണ്ട്‌. പക്ഷെ എന്നെക്കൊണ്ട്‌ തനിയെ ഒക്കില്ല...."

ഗിരീശേട്ടന്റെ മറുപടി:"അവനോട്‌ ചാലക്കുടി ഐ ടി ഐയില്‍ അപ്ലൈ ചെയ്യാന്‍ പറയൂ, സീറ്റ്‌ കിട്ടാതിരിക്കില്ല, നല്ല മാര്‍ക്കുള്ളതല്ലേ? പിന്നെ അടുത്തായത്‌ കൊണ്ട്‌ ദിവസവും പോയ്‌ വരാം, പാപ്പന്റെ ചായക്കടയും മുടങ്ങില്ല."

ബാലപംക്തികളില്‍ പിച്ച വച്ച്‌ തുടങ്ങിയ എന്റെ 'എഴുത്ത്‌ രോഗം' അതിന്റെ പാരമ്യത്തിലെത്തിയത്‌ ഇംഗ്ലീഷ്‌ ലെക്ചറര്‍ ആയി സച്ചി മാഷ്‌ (കെ.സച്ചിദാനന്ദന്‍)ക്രൈസ്റ്റ്‌ കോളേജിലെത്തിയതോടെയാണു.അക്കാലത്ത്‌ കൂണുപോലെ മുളച്ച്‌ പൊന്തിയ ഇന്‍ലാന്‍ഡ്‌ മാസികകളായിരുന്നു പ്രധാന കളരി. ബോംബെയില്‍ നിന്ന് പ്രസാധനം ചെയ്തിരുന്ന ബോംബെനാദം, കല്‍ക്കത്തയിലെ രാജധാനി എന്നീ വാരികയില്‍ തുടര്‍ച്ചയായി സിനിമാനിരൂപണങ്ങളും കഥകളും പ്രസിദ്ധീകരിച്ചു വന്നു. കുങ്കുമത്തിലും വന്നൂ കുറെ ലേഖനങ്ങള്‍.

അക്കാലത്ത്‌ ഗിരീശേട്ടന്റെ ഒരു പോസ്റ്റ്‌ കാര്‍ഡ്‌ വീണ്ടും എന്നെ തേടിയെത്തി.
"മലയാളത്തില്‍ അറിയപ്പെടുന്ന ഒരു കവിയാണു ഞാനെന്ന് നിനക്കറിയാമല്ലോ? പലരും ചോദിക്കുന്നൂ ആരാണീ പുതിയ 'അവതാരം' എന്ന്? ഞാനുപയോഗിക്കുന്ന നമ്മുടെ വീട്ടുപേര്‍ ഒപ്പം ചേര്‍ത്ത്‌ എന്നെ നാറ്റിക്കരുത്‌. പേരിനൊപ്പം നിനക്ക്‌ ദേശപ്പേര്‍ ചേര്‍ക്കരുതോ?"


അടുത്ത ആഴ്ച മുതല്‍ സിനിമാനിരൂപണം തൂലികാനാമത്തിലാക്കി, ഞാന്‍. പക്ഷേ കഥയെഴുത്ത്‌ സ്വന്തം പേരില്‍ തന്നെ തുടര്‍ന്നു.

വല്യമ്മയുടെ മരണശേഷം മുഴുവന്‍ സമയ സുരപാനിയും വേശ്യാരതനുമായി മാറിയ വെല്ലിശനു പക്ഷെ ആ ജീവിതം അധികനാള്‍ തുടരാനായില്ല. മരക്കമ്പനിയില്‍ കൂട്ടിയിട്ടിരുന്ന മരത്തടികളുടെ മുകളില്‍, ഒരു ദിവസം തളര്‍ന്ന് വീണൂ ആ പരാക്രമി.

പെണ്മക്കള്‍ ഭര്‍തൃഗൃഹങ്ങളില്‍,
ആണ്മക്കള്‍ കുടുംബസമേതം ബോംബെയിലും.
-കുടിക്കാനല്‍പം വെള്ളമെടുത്ത്‌ കൊടുക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ.

വീട്ടുകാരുടേയും നാട്ടുകാരുടേയും നിരന്തര പ്രേരണകള്‍ക്ക്‌ വഴങ്ങി, മനസ്സില്ലാ മനസ്സോടെ അച്ഛനെ ചികില്‍സക്കായി ബോംബെക്ക്‌ കൊണ്ട്‌ പോയി, മകന്‍ രാധേയന്‍.

ഡിഗ്രി കഴിഞ്ഞ്‌ ജോലി തേടി ഞാന്‍ ബോംബെക്ക്‌ വണ്ടി കയറിയത്‌ ആ കാലത്തായിരുന്നു. മറൈന്‍ ഡ്രൈവില്‍ നിന്ന് മലബാര്‍ ഹില്ലിലേക്ക്‌ കയറുന്ന സിരി റോഡിലെ ഒരു ഗാരേജിലായിരുന്നു വാസം.

കല്ലംകുന്നുകാരന്‍ കൂടിയായ ഡ്രൈവര്‍ കുമാരേട്ടന്റെ അനിയന്‍ രാജന്‍ എന്നോട്‌ പറഞ്ഞു: "ഗിരീശേട്ടന്‍ വിചാരിച്ചാ നിനക്ക്‌ ജോലിക്കൊരു പ്രയാസവുമില്ല. ഒന്ന് പോയി കാണരുതോ?"
ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
"വെല്ലിശന്‍ ഇപ്പോ ഗിരീശേട്ടന്റെയൊപ്പമാ. രോഗമെല്ലാം മാറി. അടുത്താഴ്ച നാട്ടീ പോവുമെന്ന് കേട്ടു. കാണണ്ടേ?"
"ശരിയാ, ഇനി കാണാന്‍ പറ്റിയില്ലെങ്കിലോ?"
ഞാന്‍ തയ്യാറായി.
"എങ്കില്‍ നാളെത്തന്നെ പോകാം. കൂട്ടത്തില്‍ നിന്റെ ജോലിക്കാര്യവും അവതരിപ്പിക്കാം, എന്താ?“

തകരപ്പെട്ടി തുറന്ന് അതില്‍ നിന്ന് ഒരു കടലാസ്‌ പാക്ക റ്റെടുത്ത്‌ നീട്ടി രാജേട്ടന്‍:
"വെല്ലിശനെ കാണാന്‍ വെറും കയ്യോടെ പോവണ്ടാ. ദാ, ഒരു കാഷ്മീര്‍ ഷാളാ. നാട്ടീ പോവുമ്പോ അമ്മൂമ്മക്ക്‌ കൊടുക്കാന്‍ വാങ്ങിയതാ, ഞാന്‍. കുറഞ്ഞ വിലയേയുള്ളു."


കല്യാണ്‍ റെയില്‍വേ സ്റ്റേഷനു മുന്‍പിലുള്ള ഹൗസിംഗ്‌ ബോര്‍ഡില്‍ ആയിരുന്നൂ ഗിരീശേട്ടന്റെ ക്വാര്‍ട്ടേഴ്സ്‌.
"ഓ, നീയും ഇങ്ങ്‌ വന്നോ, ആരും പറഞ്ഞ്‌ കേട്ടില്ലല്ലോ?": വാതില്‍ തുറന്നപ്പോള്‍ അത്ഭുതത്തോടെ ചോദിച്ചു, കൗമുദിച്ചേച്ചി.

സോഫയില്‍ ചാരിക്കിടന്ന് മാസിക വായിച്ചിരുന്ന ഗിരീശേട്ടന്‍ തലയുയര്‍ത്തി."വാ, രാജാ, കണ്ടിട്ടൊരു പാട്‌ നാളായല്ലോ? ഇവന്‍ നിങ്ങടെ കൂടെയാണോ?"
ചിരിച്ചു കാണിച്ചൂ, ഗിരിശേട്ടന്‍.
"വെല്ലിശന്‍?" കസേരയിലിരിക്കവെ ഞാന്‍ ചോദിച്ചു.
“ഊണു കഴിഞ്ഞ്‌ കിടന്നതാ.ഉറക്കമായിരിക്കും"
"മക്കള്‍?"
"സ്കൂളീന്ന് വരാറായിട്ടില്ല. ഞാന്‍ ചായയെടുക്കാം"
കൗമുദിച്ചേച്ചി അടുക്കളയിലേക്ക്‌ വലിഞ്ഞു.

"ചേട്ടന്‍ മഫത്‌ലാലില്‍ തന്നെയല്ലേ? നീ ഇപ്പഴും മേക്കര്‍ ഭവനിലാ? അച്ഛനിപ്പോ അസുഖമൊന്നുമില്ലല്ലോ അല്ലേ?" എന്നെ പാടെ അവഗണിച്ച്‌ കൊണ്ട്‌ ഗിരീശേട്ടന്‍ രാജേട്ടനുമായി കുശലപ്രശ്നമാരംഭിച്ചു.

ചായയും ചിവ്ഡയുമായി കൗമുദിച്ചേച്ചി എത്തിയപ്പോഴേക്കും ബെഡ്ഡ്‌ റൂമിന്റെ വാതില്‍ക്കല്‍ വെല്ലിശന്റെ വെള്ളത്തലമുടി തെളിഞ്ഞു.
"വെല്ലിശാ", ഓടിച്ചെന്ന് കൈ പിടിച്ചൂ, ഞാന്‍.
അല്‍പം ശബ്ദത്തില്‍ പറഞ്ഞാലേ കേള്‍ക്കൂ, വെല്ലിശനു. അത്‌ കൊണ്ട്‌ വെല്ലിശന്റെ സംസാരവും ഉച്ചത്തിലായിരിക്കും.
"നീ എപ്പോഴാടാ ബോംബേ വന്നേ?"വെല്ലിശന്‍ സന്തോഷത്തോടെ എന്റെ തോളില്‍ പിടിച്ചു.
"രണ്ടാഴ്ചയായി"
"ജോലിയായോ?"
"ഇല്ലാ"
"സാരല്യാ, വേഗം കിട്ടും."
വെല്ലിശന്‍ ആശ്വസിപ്പിച്ചു
."കിഷ്ണന്റെ മോന്‍ രാജനല്ലേടാ അത്‌?" കസേരയിലിരിക്കവെ വെല്ലിശന്‍ രാജേട്ടനു നേരേ തിരിഞ്ഞു.
"അതെ, വെല്ലീശാ" അയല്‍പക്കമായിരുന്നതിനല്‍ രാജേട്ടനും വെല്ലിശന്‍ വിളി ശീലിച്ചിരുന്നു.

"നാട്ടില്‍ പോവുകയല്ലേ...ഇത്‌ വെല്ലിശനു": പാക്കറ്റ്‌ തുറന്ന് ഷാളെടുത്ത്‌ സമ്മാനിച്ചു, ഞാന്‍.
"ഹാഹാ...ജോലിയും ശംബളവുമൊക്കെ ആയിട്ട്‌ പോരേടാ സമ്മാനമൊക്കെ"ഷാളെടുത്ത്‌ തോളിലിട്ട്‌ ഭംഗി ആസ്വദിച്ചുകൊണ്ട്‌ കുലുങ്ങിച്ചിരിച്ചൂ വെല്ലിശന്‍.


നാട്ടില്‍ പോയാല്‍ വെല്ലിശന്‍ ഒറ്റക്ക്‌ എങ്ങനെ ജീവിക്കും എന്ന ചോദ്യവുമായി നില്‍ക്കയായിരുന്നൂ രാജേട്ടന്‍."നിങ്ങള്‍ മൂന്നാണ്മാക്കളും കുടുംബസമേതം ഇവിടെ. പിന്നെ വെല്ലിശനെ തനിയെ നാട്ടില്‍ വിടണോ?" രാജേട്ടന്‍ ചോദിച്ചു.
"ഇവിടെ നിര്‍ത്താനോ? അടങ്ങിയൊതുങ്ങി ഒരിടത്തിരിക്കുന്ന സ്വഭാവമാണോ? പിന്നെ ആരാ ഇങ്ങേര്‍ക്ക്‌ ദിവസോം ചാരായം വാങ്ങിക്കൊടുക്വാ?"
ഗിരീശേട്ടന്റെ പരിഹാസമുയര്‍ന്ന് പൊങ്ങി.

"ദേ, എന്നെക്കൊണ്ട്‌ പറ്റില്യാ ട്ടോ, ഇപ്പഴേ പറഞ്ഞേക്കാം!" മുറിക്ക്‌ കുറുകെ, ഞങ്ങളുടെ മുന്‍പിലൂടെ, നടന്ന്, സോഫക്ക്‌ പിറകെയെത്തി, ഗിരീശേട്ടന്റെ തലക്കിരു വശവും കൈകളൂന്നി, നയം വ്യക്തമാക്കി, കൗമുദിച്ചേച്ചി.
"ശ്‌ശ്‌...പതുക്കെ, വെല്ലിശന്‍ കേള്‍ക്കും", ഞാനെണീറ്റു.
"കേള്‍ക്കട്ടെ, കേള്‍ക്കാന്‍ തന്നെയാ പറയുന്നേ...ആയ കാലത്ത്‌ കള്ള്‌ കുടിച്ചും പെണ്ണു പിടിച്ചും കൂത്താടി നടന്നപ്പോ ഓര്‍ക്കണമായിരുന്നൂ": ഗിരീശേട്ടന്‍ വര്‍ദ്ധിത വീര്യനായി.
"എന്റെ അമ്മ മഹോദരം വന്ന് മരിച്ചെന്നല്ലേ എല്ലാരും പറയുന്നേ...സത്യമെന്താ, ഇങ്ങേര്‍ കടവയറ്റീ ചവിട്ടി കൊന്നതാ"


വെല്ലിശന്റെ വീരഗാഥകള്‍ ഏറെ കേട്ടിരുന്നെങ്കിലും ഈ വെളിപാട്‌ തികച്ചും അസാന്ദര്‍ഭികവും അരുചികരവുമായി തോന്നി എനിക്ക്‌.
രോഗിയും പരാജിതനും ആലംബഹീനനുമായി, തികച്ചും അപരിചിതമായ ചുറ്റുപാടുകളില്‍, അന്യരുടെ മുന്‍പില്‍ സ്വന്തം മകനാല്‍ കുറ്റ വിചാരണ ചെയ്യപ്പെടുന്ന ആ മനുഷ്യനോടെനിക്ക്‌ എന്തെന്നില്ലാത്ത അടുപ്പവും അനുകമ്പയും തോന്നി.

"നാട്ടില്‍ ചെന്നാ അച്ഛന്റെ അപദാനങ്ങള്‍ മൂലം പുറത്തിറങ്ങി നടക്കാന്‍ പറ്റ്വോ? എത്രയെണ്ണം.... എവിടെയൊക്കെ ....ഹോ, പറയാന്‍ പോലും ലജ്ജയാണെനിക്ക്‌!"
ഗിരീശേട്ടന്‍ കത്തിക്കയറുകയാണു:
" പിന്നെ ശുശ്രൂഷിക്കാനും പരിപാലിക്കാനും ഞങ്ങടെ ഭാര്യമാരെ വിടുന്ന പ്രശ്നം: കള്ള്‌ കുടിച്ച്‌ ബോധമില്ലാതെ വന്ന് ഇങ്ങേര്‍ അവരേയും കേറിപ്പിടിക്കില്ലെന്നെന്താ ഉറപ്പ്‌?"

തറ വരെ താഴ്‌ന്ന ശിരസ്സുമായി, വേച്ച്‌ വേച്ച്‌ നടന്ന് അകത്തെ മുറിയിലെ ഇരുട്ടിലേക്ക്‌ അപ്രത്യക്ഷനായി, വെല്ലിശന്‍.
തോളില്‍ നിന്നൂര്‍ന്ന് വാതില്‍പ്പടിമേല്‍,‍ അങ്ങോട്ടുമിങ്ങോട്ടുമില്ലാതെ കിടന്ന ഷാള്‍ ഒരു ചോദ്യചിഹ്നം പോലെ പല്ലിളിച്ചു കാട്ടി.

കറുത്ത ചാലുകള്‍ വികൃതമാക്കിയ ആ മുഖത്തെ ദൈന്യതയും വെമ്പിയടയാന്‍ വിസമ്മതിച്ച ആ കണ്ണുകളിലെ ശൂന്യതയും വിഷം പുരട്ടിയ കുന്തമുനകള്‍ പോലെ എന്റെ നെഞ്ചിലേക്കും പിന്നെ അടിവയറ്റിലേക്കും ആഴ്‌ന്നിറങ്ങി.

"എന്നാ നിങ്ങള്‍ ഇറങ്ങുകയല്ലേ? ഇപ്പോള്‍ പോയാല്‍ കല്യാണ്‍-ദാദര്‍ ഫാസ്റ്റ്‌ കിട്ടും, നോണ്‍ സ്റ്റോപ്‌. ഗ്രാന്‍ഡ്‌ റോഡിലല്ലേ നിങ്ങള്‍ ഇറങ്ങുക?" ഗിരീശേട്ടന്‍ എണീറ്റു.
"അല്ല, ചര്‍ണീ റോഡില്‍"

"എടാ, ജോലിക്കാര്യം..." വാതിലിന്നരുകില്‍ ഊരി വച്ചിരുന്ന ഷൂവിലേക്ക്‌ കാലുകള്‍ തിരുകിക്കയറ്റുമ്പോള്‍ രാജേട്ടനെന്റെ ചെവിയില്‍ മന്ത്രിച്ചു.

"ഇറങ്ങുന്നു": ആരോടെന്നില്ലാതെ ഞാന്‍ വിളിച്ച്‌ പറഞ്ഞു‍.

വെല്ലിശനെ ഒന്നുകൂടി കാണാനും യാത്ര പറയാനുമുള്ള മാനസിക നിലയിലല്ലായിരുന്നൂ, ഞാനപ്പോള്‍.
"വല്ലപ്പോഴും വാ,"
കൗമുദിച്ചേച്ചി ഔപചാരികത മറന്നില്ല:
"വഴിയൊക്കെ മനസ്സിലായല്ലോ അല്ലെ?"
'-ഈ വഴി...ഒരിക്കല്‍ക്കൂടി? ഇല്ല, ഒരിക്കലുമില്ല': മനസ്സ് വിളിച്ച്‌ കൂവി.

വെല്ലിശനാരാ മോന്‍?

നാട്ടിലെത്തി, പക തീര്‍ക്കുന്ന ത്വരയോടെ, തികച്ചും ചിട്ടയായ ജീവിതചര്യ മുറുകെപ്പിടിച്ച്‌, തന്റെ പഴയ ആരോഗ്യവും ഊര്‍ജ്ജസ്വലതയും വീണ്ടെടുത്തൂ, വെല്ലിശന്‍.
മദ്യപാനം രാത്രി വീട്ടില്‍ വച്ച്‌ മാത്രമാക്കി.
പഴയ പരിചയക്കാരികളെ മറന്നു.
ഒരു കാളവണ്ടി വാങ്ങി.
പൂട്ടിക്കിടന്ന മരക്കമ്പനി വീണ്ടും തുറന്നു.
യുവത്വം വീണ്ടെടുത്ത യയാതിയെപ്പൊലെ നാട്ടിലും വീട്ടിലും വെല്ലിശന്‍ വിളങ്ങി നിന്നപ്പോള്‍ ആ വൃദ്ധപിതാവിന്റെ വാര്‍ദ്ധക്യം ഏറ്റുവാങ്ങിയ പുരുവാരെന്ന് അത്ഭുതപ്പെടുകയായിരുന്നൂ, ഞങ്ങള്‍.

ഒരു ഞായറാഴ്ച:പെട്ടെന്നൊരു കുടുംബയോഗം വിളിച്ച്‌ ചേര്‍ത്തതെന്തിനെന്ന ജിജ്ഞാസയിലായിരുന്നൂ, എല്ലാരും.
"ഒരു പെണ്ണ്‍ കാണലിനു പോകണം, നാളെ. പുത്തന്‍വേലിക്കരയില്‍. എടക്കാരന്‍ കുഞ്ഞിച്ചെക്കന്‍ കൂട്ട്‌ വരും. ബാക്കി കാര്യങ്ങളൊക്കെ അവന്‍ പറയും"

അമ്പരന്ന് നില്‍ക്കുന്ന കൂടപ്പിറപ്പുകളെ നോക്കി ഒരു കള്ളച്ചിരിയോടെ വെല്ലിശന്‍ കൂട്ടിച്ചേര്‍ത്തൂ:"ഞാന്‍ കണ്ടൂ, ഇഷ്ടപ്പെട്ടു. വൃശ്ചികം 7 നു നല്ല ഒരു മുഹൂര്‍ത്തമുണ്ട്‌. അന്നായിക്കോട്ടെ"

കാരണോര്‍ പുറത്തിറങ്ങിയപ്പോള്‍ സദസ്സിലെ കുശുകുശുപ്പ്‌ മുറുമുറുപ്പായുയര്‍ന്നു. ഒരു ചെറുചിരിയോടെ അച്ഛന്‍ രഹസ്യം വെളിപ്പെടുത്തി:"എനിക്കറിയായിരുന്നു. ചായ കുടിക്കാന്‍ വന്നപ്പോള്‍ കുഞ്ഞിച്ചെക്കന്‍ പറഞ്ഞിരുന്നൂ, കാര്യങ്ങള്‍."


65 കാരന്‍ വരന്‍ 36 കാരി വധുവിന്റെ കഴുത്തില്‍, മക്കളും പേരക്കുട്ടികളുമടങ്ങുന്ന വലിയൊരു സദസ്സിന്റെ സാന്നിദ്ധ്യത്തില്‍ താലികെട്ടുമ്പോള്‍, മൂന്നാണ്മക്കളുടെ അഭാവം പ്രകടമായിരുന്നു.

ഒരു കൊല്ലത്തിനകം തന്നെ സുമേഷിനെ പ്രസവിച്ച്‌ പ്രായവും പരിചയവും തനിക്കൊരു പ്രശ്നമല്ലെന്ന് തെളിയിച്ചു, പുതിയ വല്യമ്മ.

മിടുക്കനും ആരോഗ്യവാനുമായ മകന്‍ കോളേജില്‍ പഠിക്കാന്‍ പോകുന്നത്‌ കണ്‍കുളിരെ കണ്ട്‌, വരദാനം പോലെ വീണുകിട്ടിയ പുതിയ ജന്മം ശരിക്കും ആസ്വദിച്ച്‌, 83-മത്തെ വയസ്സിലാണു വെല്ലിശന്‍ ഈ ലോകത്തോട്‌ ബൈ ബൈ പറഞ്ഞത്‌.

മരിക്കും മുന്‍പ്‌ വെല്ലിശനെക്കൊണ്ട്‌ നിര്‍ബന്ധിച്ച്‌ ഭാഗം വയ്പ്പിച്ച്‌ കിട്ടിയ 12 സെന്റ്‌ ഭൂമി വില്‍ക്കുകയാണെന്ന് പറഞ്ഞപ്പോള്‍ പലരും ഉപദേശിച്ചൂ:
"ഗിരീശാ, കുടുംബ സ്വത്തല്ലേ? അതവിടെ കിടന്നോട്ടെ. ഒരു കാലത്ത്‌ നിനക്ക്‌ നാട്ടീ വരണമെന്നോ നില്‍ക്കണമെന്നോ തോന്നിയാലോ?"
"ഈ നശിച്ച നാട്ടില്‍ ഞാന്‍ വന്ന് താമസിക്കുമെന്നോ?"
ഗിരീശേട്ടന്‍ പുച്ഛത്തോടെ ചിരിച്ചു.
":അംബര്‍നാഥില്‍ ഒരു ഫ്ലാറ്റ്‌ വാങ്ങിയിട്ടുണ്ട്‌. പെന്‍ഷന്‍ തുക മതിയാകും ഞങ്ങള്‍ക്ക്‌ സുഖമായി ജീവിക്കാന്‍."


ഗിരീശേട്ടന്‍ കണക്കുകൂട്ടിയത്‌ പോലെതന്നെ,‍ റിട്ടയറായപ്പോഴേക്കും മക്കള്‍ മൂന്നുപേരും ജോലിക്കാരായി. രണ്ട്‌ പേരുടെ വിവാഹവും കഴിഞ്ഞു.

പക്ഷെ കാലത്തിന്റെ കടിഞ്ഞാണില്ലാത്ത ചില കുതിച്ചുചാട്ടങ്ങള്‍, മറ്റ്‌ പലരേയുമെന്ന പോലെ, ഗിരീശേട്ടനേയും ഞെട്ടിച്ചിരിക്കണം.

സഹോദരങ്ങളെപ്പോലും നാലയലത്ത്‌ അടുപ്പിക്കാതിരുന്ന സ്വാര്‍ത്ഥതയുടേയും അസഹിഷ്ണുതയുടേയും മൂര്‍ത്തരൂപമായിരുന്ന ആ കവിയശപ്രാര്‍ഥിക്ക്‌ ഔദ്യോഗികരംഗത്തോ സഹൃദയലോകത്തോ ഒറ്റ സുഹൃത്ത്‌ പോലുമില്ലായിരുന്നു.

തിരക്കില്‍ നിന്നും തിരക്കിലേക്ക്‌ കുതിക്കുന്ന മുംബൈ നഗരി, അനങ്ങാപ്പറയായി മാറിക്കഴിഞ്ഞ തന്നെ വാ പിളര്‍ന്ന് വിഴുങ്ങാന്‍ വരുന്നു എന്ന തോന്നല്‍ കലശലായപ്പോഴാണു സ്വന്തം അസ്തിത്വത്തിലേക്ക്‌ തിരിഞ്ഞ്‌ നോക്കാന്‍ അദ്ദേഹം പ്രേരിതനായത്‌.

നാട്ടില്‍ പോണം, നാലു സെന്റ്‌ ഭൂമി വാങ്ങണം, ഒരു കൂര വേണം, അതില്‍ തെങ്ങും പേരമരവും പ്ലാവും വേണം എന്നൊക്കെ രാപകല്‍ ഭേദമന്യേ പിറുപിറുക്കാന്‍ തുടങ്ങി, ഗിരീശേട്ടന്‍.

'കല്ലംകുന്നില്‍ സ്വന്തക്കാരോടൊപ്പം' എന്ന ആശയത്തെ മുളയിലെ നുള്ളി, കൗമുദിച്ചേച്ചി. "അടുത്ത്‌ വെണ്ടാ...ശല്യങ്ങള്‍ എപ്പഴും വലിഞ്ഞ്‌ കേറി വന്നാലോ"


ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്‌ കോളേജിന്നരികെയുള്ള ഹൗസിംഗ്‌ കോളനിയില്‍ അവര്‍ ഒരു വീട്‌ വാങ്ങിയത്‌ പല ഉന്നതതല സമ്മേളനങ്ങള്‍ക്കും മുംബൈ-കേരള യാത്രകള്‍ക്കും ശേഷമാണു.


നാട്ടില്‍ താമസമാകിയ ഗിരീശേട്ടന്റെ ചില സ്വഭാവവിശേഷങ്ങള്‍ കൗതുക വാര്‍ത്തകളായി അയല്‍ക്കാര്‍ക്കിടയില്‍ പ്രചരിക്കാന്‍ തുടങ്ങി. ഞങ്ങളുടെ കുടുംബസദസ്സുകളിലെ മിമിക്രി ഐറ്റമായി 'കൗമു-ഗിരി സംവേദനം' മാറാന്‍ താമസമുണ്ടായില്ല.

-ഇരുട്ടിനെ പേടിയാണു ഗിരീശേട്ടനു.
മൂവന്തിയായാല്‍ പിന്നെ മുറ്റത്തിറങ്ങില്ല.
ബാത്‌ റൂം ബെഡ്ഡ്‌ റൂമില്‍ തന്നെ, കോളാംബിയുടെ രൂപത്തില്‍.
ബെഡ്ഡ്‌ റൂമിലെ ലൈറ്റ്‌ ഓഫ്‌ ചെയ്യാറില്ല.
ഒരനക്കം കേട്ടാല്‍ ഉടന്‍ എണീക്കും; പിന്നെ ഉറങ്ങില്ല.
ഇടക്കിടെ ചേച്ചിയെ വിളിക്കും:
"കൗമൂ, ഉറങ്ങിയോ?...
കൗമൂ, വാതില്‍ പൂട്ടിയിട്ടുണ്ടോ?....
കൗമൂ, ടോര്‍ച്ചില്‍ ബാറ്ററിയുണ്ടോ?


"കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോള്‍ രാധേട്ടന്റെ വീട്ടില്‍ വച്ചാണു ഗിരീശേട്ടനെ അവസാനമായി കണ്ടത്‌.
പ്രസരിപ്പില്ലാത്ത ചിരി.
മുടി പറ്റേ വെട്ടിയിരിക്കുന്നു.
ഒരു കള്ളിമുണ്ടും ബനിയനും ധരിച്ച്‌, മൗനം മുഖമുദ്രയാക്കി!

"മോനേ, നീയൊന്ന് പറഞ്ഞ്‌ നോക്ക്‌. ഡോക്ടറെക്കാണാന്‍ വരില്ലെന്നാ കടുമ്പിടുത്തം:" കൗമുദിച്ചേച്ചിയും ആകെ മാറിയിരുന്നൂ.

"എന്താ ഗിരീശേട്ടാ, അസുഖം മാറണമെങ്കില്‍ ഡോക്ടരെ കാണണ്ടേ?" ഞാനടുത്ത്‌ കൂടി.

"ലാല്‍സ്‌ ഹോസ്പിറ്റലിലേക്കല്ലേ? വരില്ല ഞാന്‍. കഴിഞ്ഞ പ്രാവശ്യം ആ ഡോക്ടറുടെ തന്തക്ക്‌ വിളിച്ച്‌ പോന്നതാ..": ഗിരീശേട്ടന്‍ അറുത്ത്‌ മുറിച്ച്‌ പറഞ്ഞു.

"വളരെ നല്ല സൈകോളജിസ്റ്റാ. ഇന്നലേം വിളിച്ചപ്പോ പറഞ്ഞു, കൊണ്ട്ചെല്ലാന്‍": കൗമുദിച്ചേച്ചി വിശദീകരിച്ചു.

"തൃശ്ശൂര്‍ നല്ലൊരു ഡോക്ടറുണ്ട്‌. അവിടെ പോയാലോ?":രാധേട്ടന്‍ ഇടപെട്ടു.
"വേറെ ഡോക്ടറാണെങ്കില്‍ ഓക്കെ!" :ഗിരീശേട്ടന്‍ സമ്മതിച്ചു.

ഏറെ നേരം സംസാരിച്ചിരുന്നൂ, ഞങ്ങള്‍. പതിവു പോലെ കൗമുദിച്ചേച്ചി സംസാരത്തില്‍ പിശുക്ക്‌ കാട്ടിയില്ല.

സംശയരോഗമാണത്രെ ഗിരീശേട്ടനു.
പാല്‍ക്കാരനെ ,
പത്രക്കാരനെ,
പോസ്റ്റ്‌ മാനെ,
-അങ്ങനെയെല്ലാരേം സംശയം!

അയല്‍ക്കാരാരും കുശലാന്വേഷണങ്ങള്‍ പറയാന്‍ വരാന്‍ മിനക്കെടാറില്ല ഇപ്പോള്‍.
ഗേറ്റിലൂടെ ഒരാള്‍ നോക്കിയാലുടന്‍ ഗിരീശേട്ടന്‍ വയലന്റാകും.
"ആരാടീ അത്‌? നിന്റെ രഹസ്യക്കാരനാ? എവിടേക്ക്‌ ഒളിച്ചോടാനാ നിങ്ങടെ പ്ലാന്‍?"


അക്യൂട്ട്‌ പാരനോയിഡ്‌ സ്കിസോഫ്രീനിയ എന്ന മനോരോഗമാണതെന്ന് രാധേട്ടന്‍ വിശദീകരിച്ചു. രോഗി സ്വയം മനസ്സിലാക്കി ചികില്‍സക്ക്‌ വിധേയനായാല്‍ മാത്രമേ എന്തെങ്കിലും പ്രയോജനമുള്ളുവത്രേ!


കഴിഞ്ഞ നവംബറിലെ ഒരു പാതിരാവില്‍ ഇളയച്ഛന്റെ മകന്റെ ഫോണ്‍:
"ചേട്ടാ, ഗിരീശേട്ടന്‍ മരിച്ചു. ദുബായിലുള്ള നമ്മുടെ ആള്‍ക്കാരെ എല്ലാരേം അറിയിക്കണം. എന്റെ കൈയില്‍ ആരുടേം നമ്പറില്ല."
"ഞാന്‍ പറയാം എല്ലാരോടും. . പക്ഷേ എപ്പോ, എങ്ങനെ?"
"ഇരിഞ്ഞാലക്കുടയിലെ അവരുടെ വീട്ടീന്നാ ഞാന്‍ വിളിക്കുന്നേ...ആത്മഹത്യയാ. നാട്ടുകാരും പോലീസും ഒക്കെക്കൂടി ആകെ ബഹളമാ ഇവിടെ. നാളെ പറയാം കാര്യങ്ങള്‍, വിശദമായി."


ഹൗസിംഗ്‌ കോളനിയില്‍ ഗിരീശേട്ടന്‍ വാങ്ങിയ വീടിന്റെ അവകാശികളാരോ ഫയല്‍ ചെയ്ത കേസിന്റെ വിചാരണയായിരുന്നുവത്രെ, അന്നു കോടതിയില്‍.
പതിവിലേറെ അസ്വസ്ഥനായിരുന്നു ഗിരീശേട്ടന്‍.
തിരിച്ച്‌ വന്നപ്പോള്‍ പറയുകയും ചെയ്തു:"നമ്മുടെ വക്കീല്‍ മഹാ കള്ളനാ, കൂറു മാറി അയാള്‍ മറുപക്ഷം ചേര്‍ന്നിരിക്കുന്നു. വീട്‌ ഒഴിഞ്ഞ്‌ കൊടുക്കേണ്ടി വരുമെന്നാ തോന്നുന്നേ"

രാത്രി കൗമുദിച്ചേച്ചി ഉറക്കമായപ്പോള്‍ തലയിണക്കടിയില്‍ ഒളിച്ച്‌ വച്ചിരുന്ന ബ്ലേഡെടുത്ത്‌ ദേഹമാകെ തലങ്ങും വിലങ്ങും വരഞ്ഞൂ.
നാഡീ ഞരമ്പുകള്‍ മുറിച്ചു.
ചോരയൊഴുകി കിടക്കയാകെ നനഞ്ഞിട്ടും താന്‍ മരിച്ചിട്ടില്ലെന്ന് ബോദ്ധ്യമായപ്പോള്‍ അടുക്കളയില്‍ കയറി മണ്ണെണ്ണയെടുത്ത്‌ തലയിലൊഴിച്ച്‌ തീപ്പെട്ടിയുരസുകയായിരുന്നുവത്രേ!

"തലയും മുഖവുമാകെ കരിഞ്ഞൂ. ശരീരം മാത്രമുണ്ട്‌ തിരിച്ചറിയാന്‍ പാകത്തില്‍.... അതും ചോരയില്‍ കുതിര്‍ന്ന്..." പുറത്ത്‌ വരാനാവാതെ അനിയന്റെ തൊണ്ടയില്‍ കുടുങ്ങീ വാക്കുകള്‍!

- ആ ആത്മാവിന്റെ ശാന്തിക്കായി പ്രാര്‍ത്ഥിക്കട്ടെ ഞാന്‍!

63 comments:

kaithamullu : കൈതമുള്ള് said...

“നാളെ ഇന്‍സ്പെക്‍ഷന്‍ ഡേയാ, ലീവ്‌ തരാന്‍ പറ്റില്യാ.."
ദ്രൗപതി ടീച്ചറുടെ വാക്കുകള്‍ക്ക്‌ അല്‍പം പോലും മയമില്ലായിരുന്നു.
"ഏട്ടന്റെ കല്യാണമാ, ലീവ്‌ വേണം", ഞാന്‍ വാശി പിടിച്ചു.
"കാലത്ത്‌ സ്കൂളീ വാ..ഡീ ഈ ഓ വന്ന് പോയ ശേഷം ലീവെടുത്തോളു..." ടീച്ചര്‍ അനുരഞ്ജനത്തിന്റെ പാതയില്‍.
--------
മൂന്ന് തലമുറകളുടെ കഥ.
ചില പ്രധാന സന്ദര്‍ഭങ്ങള്‍ മാത്രമെടുത്ത് വിവരിക്കാനാണ് ശ്രമിച്ചിരിക്കുന്നത്.
ഇഷ്ടപ്പെട്ടെങ്കില്‍ അറിയിക്കുമല്ലോ?

ഞാന്‍ ഇരിങ്ങല്‍ said...

ശശിയേട്ടാ..,

വേദനിപ്പിച്ചു. വല്ലാതെ.
ഗിരീശന്‍ - കൌമുദി കഥാപാത്രങ്ങള്‍ ഇന്നും ജീവിച്ചിരിക്കുന്നു. എനിക്കും അറിയാം അവരെ. പക്ഷെ വേറൊരു പേരിലാണെന്ന് മാത്രം.

പ്രായം തെളിയിച്ച വല്യച്ഛ്ന്‍ ഒരു ആവര്‍ത്തന കഥാപാത്രമായെങ്കിലും ഇഷ്ടപ്പെട്ടു.

വല്യശ്ശനാരാ മോന്‍...

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

..:: അച്ചായന്‍ ::.. said...

വല്ലാതെ നോവിച്ചു ... കുടുതല്‍ ഒന്നും ഇപ്പൊ പറയാന്‍
തോന്നുന്നില്ല .. പിന്നെ പലപ്പോഴും അറിയുന്ന പലരേം
കണ്ടപോലെ .. ഒകെ കൂടെ ഒരു വല്ലാത്ത മൂഡ്
നന്ദി മാഷേ :)

തപസ്വിനി said...

നന്നായി...

ആഗ്നേയ said...

അനുഭവങ്ങളുടെ വര്‍ണ്ണങ്ങള്‍ കലര്‍ന്ന അക്ഷരങ്ങള്‍ക്കുമുന്നില്‍, അലങ്കാരപ്പദങ്ങള്‍ നാണിച്ചുപോകും.
കൈതേട്ടാ...ഹാറ്റ്സ് ഓഫ്..

പിരിക്കുട്ടി said...

enikkishtayitto?

kaithamullinte kadhakkayi wait cheyyunnukayanu njaan

enikkenthishtamaneenno ee ezhuthu....

plz give ur mail id

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അനുഭവങ്ങളുടെ തീച്ചൂളയില്‍
എരിഞ്ഞടങ്ങുമ്പോഴും..
അക്ഷരങ്ങളില്‍ ജീവിതം നിറയുന്നൂ ഇപ്പൊ അത്രമാത്രം മാഷെ..

lekhavijay said...

നന്നായി.ആദ്യമായാണ് ഈ ബ്ലോഗില്‍.ഒട്ടും മടുപ്പില്ലാതെ വായിക്കാന്‍ പറ്റി.ആശംസകള്‍!

N.J ജോജൂ said...

ഇഷ്ടപ്പെട്ടു,

മുസാഫിര്‍ said...

കല്ലംകുന്നിലേക്ക് പോകുന്ന വഴി പോലെ ഉയര്‍ന്നു താന്നതും വളഞ്ഞ് പുളഞ്ഞതുമായ ഒരു ജീവിതം തന്നെയായിരുന്നു അല്ലെ ? പകരം ചോദിക്കാന്‍ ചെന്ന ആള്‍ അവശനായി കിടക്കുന്നത് കണ്ട് നിരാശനായി തിരിച്ചു വന്ന നാലുകെട്ടിലെ നായകനെ ഓര്‍ക്കാറുണ്ട് പലപ്പോഴും നാട്ടില്‍ ബന്ധുക്കളായ പഴയ കത്തിവേഷക്കാരെ കാണുമ്പോള്‍.ഇഷ്ടമായി എന്നു പ്രത്യേകം പറയേണ്ടല്ലോ.

ഹരിയണ്ണന്‍@Hariyannan said...

ശശിയേട്ടാ..
ശരിയാണ്!
കുട്ടിക്കാലത്ത് ചിലര്‍ മനസ്സിനേല്‍പ്പിക്കുന്ന മുറിവുകള്‍ മായാതെകിടക്കും!

കാലം അവരോട് കണക്കുതീര്‍ക്കുന്നത് അറിയാതെ മനസ്സിനെ തണുപ്പിക്കും!

എങ്കിലും.....

ഉപാസന || Upasana said...

:-)

Sharu.... said...

അനുഭവങ്ങളുടെ ചൂളയിലെരിഞ്ഞതിനാലാകും അക്ഷരങ്ങള്‍ക്കിത്ര മിഴിവുണ്ടാ‍യത്. ഒരുപാടിഷ്ടമാ‍യി.
---------------------------------
നിറഞ്ഞ കണ്ണുകള്‍ ഇറുക്കിയടച്ച്‌, കരക്കാരുടെ മുന്‍പില്‍ വച്ചേറ്റ അപമാനം കുനിയിച്ച ശിരസ്സുമായി നടന്ന് നീങ്ങിയ ആ നാലാം ക്ലാസ്സുകാരനെ നീണ്ട് വന്ന രണ്ട്‌ കരങ്ങള്‍ താങ്ങി ബസ്സിനുള്ളിലേക്ക്‌ കേറ്റി.

"മോന്‍ വെഷമിക്കണ്ടാ ട്ടോ. നമുക്കാരുടേം സീറ്റ്‌ വേണ്ടാ. ബസ്സില്‍, നിന്ന് പോകുന്നതിനു ആര്‍ക്കാ ത്ര ചേതം ന്ന് നോക്കാലോ?" വല്യേച്ചിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
----------------------------------
ഇതുവായിച്ചപ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞു.

അനിലന്‍ said...

ഒരു വെല്ലിശ്ശനെക്കുറിച്ച് എഴുതണം എന്നു വിചാരിക്കുകയായിരുന്നു. അപ്പോഴേയ്ക്കുംകൈത പൂത്തു.
കൈതയുടെ ഒരു മുള്ള് എവിടെയോ കൊണ്ടു. ഒന്ന് ചോരച്ചു.

കലേഷ് കുമാര്‍ said...

ഭൂതകാലത്തേക്കൊരു റോളര്‍-കോസ്റ്റര്‍ റൈഡ്!
(എനിക്കത് മലയാളത്തിലെങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ല.)
ലാന്റ് ചെയ്തിട്ടും റൈഡിന്റെ ആ എക്സ്പീരിയന്‍സ് വിട്ടുമാറുന്നില്ലേ....

ഗംഭീരം ശശിയേട്ടാ!!!

സതീശ് മാക്കോത്ത്| sathees makkoth said...

മടുപ്പില്ലാതെ വായിക്കാൻ പറ്റി. അനുഭവത്തിന്റെ ഉൾക്കരുത്തിൽ നിന്നുള്ള എഴുത്ത്. കൊള്ളാം. ഇഷ്ടപ്പെട്ടു.

ക്യാമറക്കണ്ണുമായ് said...

നല്ല ഒഴുക്കുള്ള ഭാഷ........അതിനാല്‍ വായന സുഗമമായി........വായിച്ചുകഴിഞപ്പൊള്‍.....മനസ്സില്‍ നല്ല കുളിര്.........മാഷെ.....നന്ദി......ഒരു പാട് നന്ദി...............

കിലുക്കാംപെട്ടി said...

ഒരു കുഞ്ഞു മനസ്സിന്റെ നൊമ്പരം,അപ്പോളേക്കും കണ്ണുകള്‍ നിറ്ഞ്ഞു തുടങ്ങി,അതു ഒരു വൃദ്ധമനസ്സിന്റെ വിങ്ങലായപ്പോളേക്കും കണ്ണുകള്‍ കവിഞ്ഞു ഒഴുകാന്‍ തുടങ്ങി.63 കരന്റെയും 32കാരിയുടെയും ജീവിതം കണ്ടു വീണ്ടൂം കണ്ണു നിറഞ്ഞു(സന്തോഷം കൊണ്ട്).ബാക്കി വായിച്ച്പ്പോള്‍ കണ്ണു നിറഞ്ഞു കവിഞ്ഞു (ദൈവത്തിന്റെ ഓരോ കളികളേ).
അഭിപ്രായം പറയനുള്ള അറിവില്ല.
എല്ലാ നന്മകളും നേരുന്നു.

ലീല എം ചന്ദ്രന്‍.. said...

കൈതമുള്ളൊ?അല്ല ഒരുപിടികൈതപ്പൂക്കള്‍ ഞാന്‍ തരുന്നു.ഇഷ്ടായി ട്ടോ അത്രക്കിഷ്ടായി.ആ നാലുവയസ്സുകാരനുംവല്ല്യേച്ചിയുമാണ്‌ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്‌.മുള്ളുകൊണ്ടാലും സാരമില്ല ഞാനിനിയുംവരും.കേട്ടോ

സൂര്യോദയം said...

ജീവിതത്തിണ്റ്റെ വിവിധ തലങ്ങളെ പ്രകടമാക്കിയ ഈ കഥ ഇഷ്ടപ്പെട്ടു.

ജിഹേഷ് said...

ഹൃദ്യമായി..എല്ലായിടത്തുമുണ്ട് ഈ കഥാപാത്രങ്ങള്‍ ....

പാമരന്‍ said...

ഉഗ്രന്‍ മാഷേ. കുറേ കത്രിക വെച്ചപോലെയും തോന്നുന്നുണ്ട്‌. കഥാപാത്രങ്ങളെയൊക്കെ മിഴിവില്‍ വരച്ചു ചേര്‍ത്തിട്ടുണ്ട്‌. നല്ലൊരു വായനയ്ക്കു നന്ദി.

മലമൂട്ടില്‍ മത്തായി said...

നല്ല കഥ, ആ ഗിരീഷേട്ടനെ ഞാനും കണ്ടിടുണ്ട് എന്റെ ജീവിതത്തില്‍, മറ്റൊരു പേരില്‍ ആണെന്ന് മാത്രം.

കൊച്ചുത്രേസ്യ said...

Touching..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മിഴിവേറെ...

..::വഴിപോക്കന്‍[Vazhipokkan] said...

'പക്ഷെ കാലത്തിന്റെ കടിഞ്ഞാണില്ലാത്ത ചില കുതിച്ചുചാട്ടങ്ങള്‍, മറ്റ്‌ പലരേയുമെന്ന പോലെ, ഗിരീശേട്ടനേയും അമ്പരപ്പിച്ചിരിക്കണം.'

..എന്തൊക്കെയോ ഓര്‍മ്മപ്പെടുത്തുന്ന വരികള്‍.

അനിയന്‍കുട്ടി said...

നന്നായിട്ടുണ്ട് കൈതമുള്ളേ...
നല്ല വേഗതയുണ്ട് കഥനത്തിന്‌... ഇഷ്ടമായി :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അവസാനം നിത്യശാന്തി നേരുന്ന ഒരു വാചകവും ആ ഫോണ്‍ കാളുകളും ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു നാലാം ക്ലാസ്സുകാരന്റെ പ്രതികാരത്തിന്റെ(സങ്കടത്തിന്റെ) നിഴല്‍ ഉടനീളം അനുഭവപ്പെടുന്നുണ്ടോന്നൊരു സംശയം...

Rare Rose said...

ഒഴുക്കോടെ വായിച്ചു പോയി...ഇടയ്ക്കെപ്പോഴൊക്കെയൊ കടന്നു വന്നു വെല്ലിശനും അവഗണിക്കപ്പെട്ട കുഞ്ഞു മനസ്സും നൊമ്പരപ്പെടുത്തി... 3 തലമുറകളുടെ ഈ കഥ വല്ലാതെ മനസ്സിനെ സ്പര്‍ശിച്ചു.. ..

BIJU said...

Dear Sasietta
Very good,touching as usual.
BIJU R V
Trivandrum

അപ്പു said...

ശശിയേട്ടാ, വളരെ ഇഷ്ടപ്പെട്ടു. കള്ളിയുടുപ്പിട്ട നാലാം ക്ലാസുകാരനേയും, വല്ല്ലിശ്ശനേയും, കർശനക്കാരൻ ഗിരീശേട്ടനേയും എല്ലാരേം. ഇതുപോലുള്ള ഒരുപാടു ആൾക്കാർ നമുക്കു ചുറ്റുമുണ്ട്. ജീവിതാവാസാനം വരെ സമാധാനമില്ലാതെ ജീവിക്കുന്നവർ.

Typist | എഴുത്തുകാരി said...

‘ഇഷ്ടപ്പെട്ടെങ്കില്‍ അറിയിക്കുമല്ലോ.
തീര്‍ച്ചയായും ഇഷ്ടപ്പെട്ടു.

smitha adharsh said...

നന്നായി ഒരുപാടൊരുപാട്....എവിടെയൊക്കെയോ,മനസ്സു വേദനിച്ചു.....അനുഭവത്തിന്റെ തീ ചൂളയില്‍ കാച്ചിയെടുതതുകൊണ്ടാകും പത്തരമാറ്റ് തിളങ്ങുന്ന ജീവിത ഗന്ധിയായ കഥയായി മാറിയത്

അനൂപ്‌ കോതനല്ലൂര്‍ said...

ഗീരിശേട്ടന്‍ മനസ്സില്‍ നിന്നും മായുന്നില്ല
എവിടെയോ ഒരു നൊമ്പരമായി അവശേഷിക്കുന്നു,
ജീവിതത്തിന്റെ തീക്ഷണമായ നൊമ്പരങ്ങള്‍
ഒപ്പിയെടുത്ത രചന
മനസ്സ് കഥാപാത്രങ്ങള്‍ക്കോപ്പം
സഞ്ചരിക്കുന്നു.

shahir chennamangallur said...

കൈതമുള്ളിന്റെ എല്ലാ പോസ്റ്റും വായിച്ചു. അതി സുന്ദരമായ അവതരണം. ദാരിദ്ര്യത്തിനേ ചരിത്രം പറയാനുണ്ടാകൂ എന്ന് എപ്പോഴും എന്റെ ഭാര്യയൊട് പറയാറുണ്ട് ഞാന്. എന്റെ കഥനം കേട്ട് ഭാര്യ കൊട്ടുവായിടുമ്പോള് വരുന്ന ഒരോ ചിന്തകളാണേ ....

ഒരു സ്നേഹിതന്‍ said...

കൈതയുടെ ഒരു മുള്ള് എവിടെയോ കൊണ്ടു, എവിടെയൊക്കെയോ മനസ്സു വേദനിച്ചു, കണ്ണുകള്‍ നിറ്ഞ്ഞു .....

പാര്‍ത്ഥന്‍ said...

ജീവിതാനുഭവങ്ങള്‍ മുള്ളുകള്‍ നിറഞ്ഞതാവുമ്പോള്‍ ആ നൊമ്പരം വാക്കുകളിലും പ്രതിഫലിക്കും.

മകനെ പുറത്തക്കിയ അച്ഛനും, അച്ഛനെ പുറത്താക്കിയ മകനും മിക്കവാറും എല്ലാവര്‍ക്കും പരിചയമുണ്ടാവും. പക്ഷെ ജീവിതാന്ത്യത്തില്‍ ആ പാപമോചനത്തിനായി വട്ടംകറങ്ങി എല്ലാം തിരിച്ചെഴുതേണ്ടതായി വരുന്നു.

കുട്ടിച്ചാത്താ.....
മനസ്സ്‌ ആദ്യം ശാന്തമാകണം. ശാന്തിയുള്ള മനസ്സുണ്ടെങ്കിലേ ശാന്തി നേരാന്‍ കഴിയുകയുള്ളൂ.

ചന്ദ്രകാന്തം said...

ആദ്യവായനയില്‍ത്തന്നെ, മുസാഫിര്‍ജി പറഞ്ഞപോലെ...... അപ്പുണ്ണി നാലുകെട്ടിറങ്ങി, മുന്നില്‍ വന്നുനിന്നു പലപ്പോഴും.
കരിഞ്ഞ മനുഷ്യത്വത്തിന്റെ വികൃതമുഖം... കണ്ട്‌ , അവസാനത്തില്‍ അത്‌ കരിഞ്ഞ മനുഷ്യമുഖം ആയപ്പോള്‍.....
ഹൊ... വയ്യാ..

kaithamullu : കൈതമുള്ള് said...

രാജു,
ആദ്യ കമെന്റിന് നന്ദി!
(വെല്ലിശനാരാ മോന്‍!)

..:: അച്ചായന്‍ ::.. ,
വന്നല്ലോ, വായിച്ചല്ലൊ. താങ്ക്സ്!(നല്ല പേര്)

പ്രേമ-തപസ്വിനി,
നന്ദി.

ആഗ്നേയാ,
ഹാറ്റ്സ് ഓഫ് ടു യു ടൂ!

പിരിക്കുട്ടീ,
കാത്തിരുന്ന് വായിക്കുന്നതില്‍ ഏറെ സന്തോഷം.
(ബ്ലോഗ് മെയില്‍ ഐഡി യിലല്ലാതെ
shashichirayil@gmail.com ലും മെയില്‍ അയക്കാമല്ലോ!

സജി,
നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നില്ല. അച്ചായന് ദ്വേഷ്യം വന്നാലോ?

lekhavijay,
ഇനിയും വരുമല്ലോ? നന്ദി!

n.j.ജോജൂ,
താങ്ക് യൂ!

മുസാഫിര്‍,
പകരം ചോദിക്കും, ചോദിക്കണം എന്നൊക്കെ കരുതി മനസ്സില്‍ ഒരു കത്തി രാകി നടന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ നേരിട്ട് കണ്ടപ്പോഴെക്കും കനലുകള്‍ കെട്ടടങ്ങിയിരുന്നു.

ഹരിയണ്ണാ,
മറക്കാന്‍ പറയാനെന്തെളുപ്പം
മണ്ണില്‍ പിറക്കാതിരിക്കയാണു അതിലും എളുപ്പം, അല്ലേ?

ഉപാസന,
:-))

ഷാരു,
ഇഷ്ടായല്ലൊ, അല്ലേ? (ഇടക്കൊക്കെ കരയുന്നത് നല്ലതാ...;-))

അനിലാ,
പല നിറങ്ങളില്‍, പല ‘ഷേപ്പു‘കളില്‍, വൈവിധ്യമാര്‍ന്ന ഗുണഗണങ്ങളോടെ വരുന്നതിനാല്‍ തന്നെ ആ വെല്ലിശ്ശനും കാണും പറയാനേറെ. ശങ്കിക്കേണ്ടാ, പോന്നോട്ടേ!


കലേഷ്,
“ലാന്റ് ചെയ്തിട്ടും റൈഡിന്റെ ആ എക്സ്പീരിയന്‍സ് വിട്ടുമാറുന്നില്ലേ....“
-കുട്ടീ, ഇനി ആ റൈഡില്‍ കേറരുത്, ട്ടാ!


സതീഷ് മാക്കോത്ത്,
താങ്ക്സ്!

ക്യാമറാക്കണ്ണുമായ് വായിച്ചപ്പോള്‍ നല്ല സുഖം തോന്നിയതില്‍ അത്ഭുതമില്ല. അല്ല, ഏതാ മോഡല്‍?

കിലുക്ക്‍സ്,
ആ തേങ്ങലിന്റെ ശബ്ദം, ബര്‍ജുമാന്‍ സെന്റര്‍ വരെ കേട്ടിരുന്നെന്നാ ഹരിയണ്ണന്‍ പറഞ്ഞേ!

ലീല എം ചന്ദ്രന്‍,
ആദ്യായിട്ടാ?
കൈതപ്പൂവിന് നന്ദി!
(നാട്ടിലിപ്പോ കാണാന്‍ പോലുമില്ല, കൈത)


സൂര്യോദയം:
നന്ദി പറയുന്നു.

ജിഹേഷ്,
നന്ദി.

പാമരന്‍,
ശരിയാണ്; കത്രികപ്രയോഗം ഏറെ നടത്തിയാണ് ഇത്രയുമാക്കി ഒതുക്കിയെടുത്തത്.

-മൂന്ന് തലമുറയുടെ കഥയെന്നെഴുതിയത്:

ഗിരീശേട്ടന്റെ മരണത്തില്‍ അനുശോചിക്കാന്‍ വിളിച്ചപ്പോള്‍ (പുല വീടുന്ന അന്ന്) മക്കള്‍ മൂന്ന് പേരും ഉണ്ടായിരുന്നു. രണ്ടാണ്മക്കളും ദീര്‍ഘനേരം സംസാരിച്ചു. എന്നൊ ഒരു കാലത്ത് കണ്ടിട്ടുണ്ടെന്നല്ലാതെ എന്റെ മുഖം പോലും ഓര്‍മ്മയിലില്ല, അവര്‍ക്ക്.ഇനി ഇളയച്ഛന്‍ (ഞാന്‍)നാട്ടില്‍ വരുമ്പോള്‍ ഒന്ന് വിളിച്ചാല്‍ മതി, എവിടെയായാലും വന്ന് ഞങ്ങള്‍ കണ്ടിരിക്കും എന്ന് സത്യം ചെയ്താണവര്‍ ഫോണ്‍ വച്ചത്.(അവരും എന്തൊക്കെ ‘മിസ്’ ചെയ്യുന്നുണ്ടായിരിക്കും എന്നാലോചിച്ച് പോയി, ഞാന്‍)

മലമൂട്ടില്‍ മത്തായി:
അതെ, യാത്രക്കാര്‍ മാറുന്നു. ചക്രം ചലിച്ച് കൊണ്ടേയിരിക്കുന്നു.

കൊച്ച് ത്രേസ്യാക്കൊച്ചേ,
വന്നു, അല്ലേ? സന്തോഷം!

പ്രിയാ,
നന്ദി.

വഴിപോക്കാ,
അതെ, കാലമാണ് എല്ലാത്തിനുമുള്ള മറുപടി.

നന്ദി അനിയന്‍‌കുട്ടീ!

കുട്ടിച്ചാത്താ,
മനസ്സൊരു മടക്കയാത്രക്ക് തുനിഞ്ഞപ്പോള്‍ തോന്നി ചില നീറ്റലുകള്‍. പ്രായം പഠിപ്പിച്ച പാഠങ്ങള്‍ എല്ലാറ്റിനേം അതിജീവിക്കാന്‍ പരിശീലിപ്പിക്കുന്നു.

rare rose,
നല്ല വാക്കുകള്‍ക്ക് നന്ദി.

viju,
thanks a lot!

അപ്പു,
ജീവിതം മറ്റു മണ്ണുകളിലേക്ക് പറിച്ച് നട്ട പലരുടേയും അവസ്ഥ ഗിരീശേട്ടന്റെത് പോലെയാണ് എന്ന് ഞാന്‍ മനസ്സിലാക്കി.

എഴുത്തുകാരീ,
നന്ദി, വളരെ....വളരേ!

smitha adarsh,
നല്ല വാക്കുകളുമായി ഇനിയും വരിക.

അനൂപ് കോതനല്ലൂര്‍,
സ്നേഹം പകര്‍ന്ന് കൊടുകക്കാനായില്ലെങ്കില്‍ ആ ജീവിതം എത്ര “പൊള്ള”യായിരിക്കും?

shahir chennamangallur,
".... ദാരിദ്ര്യത്തിനേ ചരിത്രം പറയാനുണ്ടാകൂ എന്ന് എപ്പോഴും എന്റെ ഭാര്യയൊട് പറയാറുണ്ട് ഞാന്. എന്റെ കഥനം കേട്ട് ഭാര്യ കൊട്ടുവായിടുമ്പോള് വരുന്ന ഒരോ ചിന്തകളാണേ ...."
--നല്ല ചിന്ത, ഷഹീര്‍. പക്ഷെ പുതിയ തലമുറക്കെന്തറിയാം? നന്ദിയുണ്ട് ഈ കമെന്റിന്!

ഒരു സ്നേഹിതാ,
മുള്ള് കൊണ്ടിടത്ത് ഒരു തലോടല്‍, പകരം.

പാര്‍ത്ഥന്‍,
കുട്ടിച്ചാത്തനോടുള്ള ഉപദേശം കൊള്ളാം. “എത്ര ശാന്തി ശാന്തി എന്ന് ജപിച്ചിട്ടും ശാന്തി വന്നില്ലല്ലൊ എന്നായിരിക്കും മറുപടി!”

ചന്ദ്രകാന്തം,
അതാണ് ചന്ദ്രെ, ജീവിതം: കരിഞ്ഞ മുഖത്തോടെ തന്നെ വേണമായിരുന്നോ അവസാന യാത്ര?

ജയശങ്കര്‍ said...

ഇടക്ക് എപ്പോഴൊക്കെയോ കണ്ണ് നിറഞ്ഞു പോയി. ഒരു പക്ഷെ സമാനമായ അനുഭവങ്ങള്‍ ഉണ്ടായതുകൊണ്ടോ കണ്ടതുകൊണ്ടോ ആവാം. നന്ദി ഉണ്ട് മനസ്സിനെ വല്ലാത്ത ഒരു അവസ്ഥയിലേക്ക് കൂട്ടി കൊണ്ട് പോയതിനു. ഞാന്‍ ആദ്യം മുതല്‍ വായിച്ചു തുടങ്ങിയ ബ്ലോഗില്‍ ഒന്നാണ് തങ്ങളുടെത് . ജ്വാലകള്‍ വളരെ ഇഷ്ടപ്പെട്ടു. ഇപ്പോഴാണ്‌ കമന്റ് ഇടനെല്ലാം തുടങ്ങിയത്. കാരണം ഒരു കൊച്ച് ബ്ലോഗ് ഉണ്ടാക്കി നോക്കി ഞാന്‍. വായിച്ച് വിമര്‍ശനങ്ങളും അഭിപ്രായങ്ങളും അറിയിക്കുമോ ??

ആവനാഴി said...

പ്രിയ കൈതമുള്‍ മാഷെ,

ആല്‍മകഥാപരമായ ഈ കൃതി വായിച്ചു. വല്ലാതെ വേദനിപ്പിച്ചു അതിലെ പല കാര്യങ്ങളും. നാളെ എന്തായിത്തീരാം എന്നു ചിന്തിക്കാതെതെയാണു പലരും ഇന്നു പെരുമാറുന്നത്. കാലം എന്തെല്ലാം പരി‍ണാമങ്ങള്‍ മനുഷ്യജീവിതത്തില്‍ വരുത്തിത്തീര്‍ക്കുന്നു!

മാഷിന്റെ സുഭഗമായ ശൈലി ഇതിലും നിറഞ്ഞു നില്‍‌ക്കുന്നു. വിശകലന പടുതയും.

അഭിനന്ദനങ്ങള്‍!

സസ്നേഹം
ആവനാഴി

ഒറ്റയാന്‍ said...

കഥകള്‍ക്കപ്പുറം യഥാറ്‍ത്ഥ ജീവിതമല്ലേ ഇത്‌.
ഗിരീശേട്ടനോട്‌ ഒരു പക ഉള്ളതുപോലെ തോന്നി.
ഈ ജന്‍മ കര്‍മ്മഫലങ്ങള്‍ അനുഭവിക്കാന്‍ മറ്റൊരു ജന്‍മം വരെ കാത്തിരിക്കേണ്ടി വരില്ലെന്ന് നന്നായ്‌ പഠിപ്പിക്കുന്നു ഈ കഥ.

കുഞ്ഞന്‍ said...

മാഷെ..
എന്താ പറയാ.. ഒരു സിനിമാ കഥ പോലെ തോന്നി..ആ നാലാംക്ലാസ്സുകാരനെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന വല്യേച്ചി. ആ രംഗം ശരിക്കും മനസ്സില്‍ തറച്ചു.

പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കും..!

annamma said...

കവിയുടെ മനസ്സും, ഗിരിശേട്ടന്റെ സ്വഭാവവും ചേരുന്നിലല്ലോ

മുരളിക... said...

''മനസ്സില്‍ പൊറ്റകെട്ടിക്കിടന്ന വലിയൊരു മുറിവിന്റെ തൊലിയടര്‍ന്നു, നിണമുതിര്‍ന്നു''.

ഒരു മുറിവല്ല മാഷേ... ഒരുപാട് മുറിവുകള്‍... നീളം ഏറിയിട്ടും വായിക്ക തന്നെ ചെയ്തു... പലപ്പോഴും കണ്ണ് നിറഞ്ഞു.. ഇടക്കൊക്കെ... കണ്ണാടി നോക്കും പോലെ തോന്നി..

kaithamullu : കൈതമുള്ള് said...

ജയശങ്കര്‍:
“....ഇടക്ക് എപ്പോഴൊക്കെയോ കണ്ണ് നിറഞ്ഞു പോയി. ഒരു പക്ഷെ സമാനമായ അനുഭവങ്ങള്‍ ഉണ്ടായതുകൊണ്ടോ കണ്ടതുകൊണ്ടോ ആവാം.“

ആവനാഴി മാഷ്:
“.....നാളെ എന്തായിത്തീരാം എന്നു ചിന്തിക്കാതെതെയാണു പലരും ഇന്നു പെരുമാറുന്നത്.“

ഒറ്റയാന്‍:
“....ഈ ജന്‍മ കര്‍മ്മഫലങ്ങള്‍ അനുഭവിക്കാന്‍ മറ്റൊരു ജന്‍മം വരെ കാത്തിരിക്കേണ്ടി വരില്ലെന്ന് നന്നായ്‌ പഠിപ്പിക്കുന്നു ഈ കഥ.”

കുഞ്ഞന്‍:
“....പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കും..!“

മുരളിക:
“...പലപ്പോഴും കണ്ണ് നിറഞ്ഞു.. ഇടക്കൊക്കെ... കണ്ണാടി നോക്കും പോലെ തോന്നി..“

അന്നാമ്മക്ക് മാത്രം മറുപടി:
പല പ്രശസ്തരുടെയും ജീവിതത്തിന്റെ പിന്നാമ്പുറത്തേക്ക് ടോര്‍ച്ചടിച്ച് നോക്കിയാല്‍ ഞെട്ടിപ്പോകും, അന്നാമ്മേ! ഒരിക്കലും അറിയാതിരുന്നെങ്കില്‍, അടുക്കാതിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകയും ചെയ്യും.

-നന്ദി കൂട്ടരെ, വളരെ വളരെ നന്ദി!

കുറുമാന്‍ said...

ശശിയേട്ടാ,ഇങ്ങോട്ടെത്തിയപ്പോഴേക്കും ഒരു പാട് വൈകി.

എഴുത്ത് പതിവുപോലെ കസറി.

ഗിരീഷിന്റെറ്റ് കൈയ്യിലിരുപ്പ് വച്ച് ഇങ്ങനെയെന്തെങ്കിലും തന്നെ സംഭവിച്ചേ തീ‍രൂ എന്ന് മനസ്സ് വായനക്കിടയില്‍ പറയുന്നൂണ്ടായിരുന്നത് കാരണം ശശിയേട്ടന്റെ സാധാരണ പോസ്റ്റുകള്‍ വായിക്കുമ്പോഴുള്ള ആ നോവ് തോന്നിയില്ല.

annamma said...

ഒരു പ്രശസ്ഥന്റെ ജീവിതത്തിലേക്കു ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി, വലിയ ഒരു മുള്ള്‌. കൈതമുള്ളെന്നാണ്‌ തോന്നുന്നത്‌.

എന്നെ നോക്കണ്ടാ, ഞാന്‍ വണ്ടി വിട്ടു.

സുമയ്യ said...

അതിശയംണ്ട്....ഒരു വല്യ ചരിത്രം ഇത്രയ്ക്ക് ഒഴുക്കില്‍ സമ്മതിച്ചൂട്ടൊ..

ബഷീര്‍ വെള്ളറക്കാട്‌ said...

വളരെ വളരെ ഹ്ര്യദയസ്പര്‍ശിയായി ..

മൂന്ന് തലമുറകളിലൂടെയുള്ള സഞ്ചാരം.. വളരെ ഭംഗിയായി. അവതരിപ്പിച്ചിരിക്കുന്നു.

ഒരു മുള്ള്‌ മനസ്സിലൂടെ അങ്ങിനെ വലിച്ച്‌ കൊണ്ട്‌ പോയി താങ്കള്‍..

ബഷീര്‍ വെള്ളറക്കാട്‌ said...

പറയാന്‍ മറന്നത്‌

ആ നാലാം ക്ലാസുകാരെന്റെ ദു;ഖം ശരിക്കും മനസ്സിനെ ഉലച്ചു..

മാവേലി കേരളം said...

മാഷേ ഒരു വേറിട്ട കാഴ്ച്ചപ്പാടു,

ഇപ്പൊഴേ ഒരു കമന്റ് എഴുതാന്‍ കഴിഞ്ഞുള്ളു.

“എന്റെ അമ്മ മഹോദരം വന്ന് മരിച്ചെന്നല്ലേ എല്ലാരും പറയുന്നേ...സത്യമെന്താ, ഇങ്ങേര്‍ കടവയറ്റീ ചവിട്ടി കൊന്നതാ"

അച്ചനുമമ്മയും ഒത്തൊരുമിച്ചു നിവര്‍ത്തി വച്ച സ്നേഹക്കുടയുടെ കീഴില്‍ വളരുന്ന കുട്ടികളില്‍ മാത്രമേ ജീവിതത്തെ ആരോഗ്യകരമായി നേരിടാനുള്ള കഴിവുകള്‍ ഉണ്ടാകുന്നുള്ളു.

സ്വന്തം അമ്മയെ അച്ചന്‍ ചവിട്ടിക്കൊല്ലുന്നു. ആ ഒരു വാചകം ഒരു ജനാലയാണ്‍്, ആ കുടുംബത്തിന്റെ ഉള്ളിലേക്കൂള്ളതു മാത്രമല്ല,ആ കുടുംബത്തില്‍ വളര്‍ന്ന ഒരോവ്യക്തികളുടെ മന‍സുകളിലേക്കും.

പക്ഷെ പലരും അത്തരം സാഹചര്യങ്ങളോടും അനുഭവങ്ങളോടും പ്രതികരിക്കുന്നതു പല തരത്തിലാകും. ചില മന‍സുകള്‍‍ അവിടെ കൂടുതല്‍ ശിഥിലമാകും, വികൃതമാകും, ഭ്രാന്തമാകും.

നമ്മള്‍ പൊതുവേ ഇതൊക്കെ ആ വ്യക്തിയില്‍ അന്തര്‍ലീനമായ ദോഷം, ദുഷ്ടത്തം എന്നൊക്കെയേ കാണൂ, അതിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാറില്ല.

അന്യരോടു പ്രതികാരമുണ്ടായാല്‍ അതു പ്രതികരിയ്ക്കാന്‍ അനേകം മാര്‍ഗങ്ങളുണ്ട്. പക്ഷെ അന്നദാദാവായ, അധികാരിയായ അഛനോടെ എങ്ങനെ പ്രതികരിക്കും.എല്ലാം അടക്കിപ്പിടീച്ച് വളര്‍ന്നൊരാളാകുമ്പോഴേക്ക് ഉള്ളില്‍ ഒളീപ്പിച്ചു വച്ഛ പ്രതികാരം താന്‍ പോലുമറിയാതെ ഒരു വ്യക്തിയെ ദുഷ്ടന്‍, ദോഷി, കിരാതന്‍ ഒക്കെ ആക്കിക്കളയും. പൊതുവെ ഇവര്‍ ഇതു പുറത്തോട്ടെടുക്കുന്നത് ഇവരുടെ കാഴ്ച്പ്പാടില്‍ അവശരെന്നു തോന്നുന്ന്നവരോടാണ്‍്; കുട്ടികള്‍, സ്ത്രീകള്‍, അശരണര്‍.

കാലം കഴിയുമ്പോള്‍, കുറ്റബോധം, പരാജയം, ഒക്കെക്കൂടെ ചേര്‍ന്നു മനസ് ഭാന്തമാകും

എന്തോ എന്റെ കാഴ്ചപ്പാടില്‍ എനിക്കിവരോടു സഹതാപമാണ്‍്, സഹതാപം അര്‍ഹിക്കാത്ത തരത്തിലുള്ള വേദന ഇവര്‍ ചുറ്റുമുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കുകയും ചെയ്യും.

രക്ഷകര്‍ത്താക്കളുടെ ചുമതലകളേക്കുറിച്ച് നമുടെ സമൂഹം കൂടുതല്‍ ബോധവാന്മാരാകണം എന്നുള്ളതാണ്‍് ഈ അനുഭവകഥയുടെ മോറല്‍ ആയി ഞാന്‍ മനസിലാക്കുന്നത്:)

(^oo^) bad girl (^oo^) said...

i like......

kaithamullu : കൈതമുള്ള് said...

കണ്ണട വച്ച bad girl,
like ന് പകരം ഒരു like!

മാവേലികേരളം,
വേറിട്ട കാഴ്ചപ്പാട് ഇഷ്ടായി.
ആ അച്ഛന്‍ ജീവിച്ച ജീവിതവും മോന്റെ ജീവിതവും എത്ര വ്യത്യസ്ഥം, മരണവും!

ടീച്ചര്‍ വന്ന് കമെന്റിട്ടപ്പോ എന്ത് സന്തോഷായീന്നോ!

സുമയ്യ,
താങ്ക്സ്!

അന്നാമ്മേ,
മുള്ളിന് പകരം ഒരു കൈതപ്പൂ!

ബഷീര്‍ വെള്ളറക്കാട്,
അതെ,
അതന്നേ!

കുറു,
വായിച്ചല്ലൊ? അത് മതി!

പിരിക്കുട്ടി said...

KAITHAMULLE....

NEXT ....

WAITINGGGGGGGG

afroz said...

"കരക്കാരുടെ മുന്‍പില്‍ അപമാനിതനായതിന്റെ ദുഃഖം ഹൃദയത്തിലേറ്റി, കുനിഞ്ഞ ശിരസ്സുമായി നടന്ന് നീങ്ങിയ ആ നാലാം ക്ലാസ്സുകാരനെ നീണ്ട്‌ വന്ന രണ്ട്‌ കരങ്ങള്‍ താങ്ങി ബസ്സിനുള്ളിലേക്ക്‌ നയിച്ചു".

paavam sashiyettan........alla sasi kutti....

by Hayat Phy

kaithamullu : കൈതമുള്ള് said...

പിരി,
തിരിച്ച് വന്നു, ഇനി തുടങ്ങാം അല്ലേ?
afroz,
അതെ, പാവം പാവമായ ഈ ഞാന്‍!

വരവൂരാൻ said...

എല്ലാം വായിച്ചു, നന്നായിട്ടുണ്ട്‌
മനോഹരമായി എഴുതിയിരിക്കുന്നു,

Sapna Anu B.George said...

ഒന്ന് എത്തിനോക്കിയതേയുള്ളു കേട്ടോ?????

kaithamullu : കൈതമുള്ള് said...

വരവൂരാന്‍,
വരവ് വച്ചിരിക്കുന്നു.

സപ്നാ,
എത്തി നോക്കി എവിടെ പോയി?

Sureshkumar Punjhayil said...

Innalekalude Chorachnthunna Pookallku Namaste...!!!! Best wishes Dear...!!!

റോസാപ്പുക്കള്‍ said...

ഇങ്ങനെയും ചില കഥാ പാത്രങ്ങള്‍....താങ്കളുടെ എഴുത്ത് അഭിനന്ദനീയം..

കണ്ണനുണ്ണി said...

ഒരു പോസ്റ്റില്‍ ഒരു വ്യക്തിയുടെ ജീവിതം മുഴുവന്‍ പകര്‍ത്തി അല്ലെ..ആള് എങ്ങനെ ഒക്കെ ആയിരുന്നു എങ്കിലും അവസനകാലതും മരണത്തിലും അനുഭവിച്ച കഷ്ടപാടുകള്‍ ഓര്‍ക്കുമ്പോള്‍ ഗിരീഷേട്ടന്‍ സഹതാപം അര്‍ഹിക്കുന്നു..