Tuesday, December 16, 2008

പാക്കരചരിതം - മൂന്ന് ഭാഗം

നനുത്ത മഞ്ഞിന്റെ മൂടുപടവും ഉല്‍ക്കുളിരിന്റെ പുളകവുമണിഞ്ഞ് പ്രഭാതം സവാരിക്കിറങ്ങി.

കിഴക്കെ കുണ്ടനിടവഴിയില്‍ നിന്ന് കലുങ്കിന്റെ ചരിവിലൂടെ ചെമ്മണ്‍ പാതയിലേക്ക്‌ കയറി, ഒരു സ്ത്രീ രൂപം. നീല പാണ്ടിച്ചേലയുടെ അരികുകളിലെ വെള്ളിക്കസവിന്റെ തരികള്‍ ഇനിയും ചൂട്‌ പിടിക്കാത്ത സൂര്യ രശ്മികളില്‍ മിന്നിത്തിളങ്ങി; ഒപ്പം ഒളിച്ച്‌ കളിച്ചൂ മുക്കൂത്തിയിലെ ചുവന്ന രശ്മിക്കുരുന്നുകള്‍!

ചായക്കടയുടെ മുന്നിലെത്തിയപ്പോള്‍ ചെരിപ്പണിയാത്ത ആ കാലുകള്‍ക്ക്‌ അകാരണമായ ഒരു തിടുക്കം. പരുഷമായ മുഖത്തെ തീഷ്ണ ദൃഷ്ടികള്‍ നടപ്പാത കീറി മുറിച്ചു.

കൂടെയെത്താന്‍ വെമ്പുന്ന കൊലുസ്സണിഞ്ഞ രണ്ട്‌ കൊച്ച്‌ പാദങ്ങള്‍ പിന്നെയാണു കണ്ണില്‍ പെട്ടത്‌.
-ഫ്രില്ലു വച്ച ചുവന്ന ഫ്രോക്ക്‌,
-നീണ്ട കോലാന്‍ മുടിയില്‍ ബട്ടര്‍ഫ്ലൈ റിബ്ബണ്‍.
-നാലു ചുറ്റും പാറുന്ന വലിയ കണ്ണുകള്‍.
-വെളുത്ത്‌ തുടുത്ത മുഖം.

പത്രത്തില്‍ നിന്നും തലയുയര്‍ത്തി കണിയാന്‍ കൃഷ്ണന്‍ ഒന്നിരുത്തി മൂളി.
ആപ്പിള്‍ ബീഡി ആഞ്ഞ്‌ വലിച്ച്‌ കുഞ്ഞയ്യപ്പന്‍ കാറിത്തുപ്പി.
കോതത്തള്ളയുടെ മകന്‍ ബാലനു 'വില്ലന്‍ ചുമ'.

ഒരു കൊതുമ്പ്‌ അടുപ്പിലേക്ക്‌ തിരുകി ഊതിപ്പെരുപ്പിക്കയായിരുന്ന അച്ഛനിലായിരുന്നു എല്ലാവരുടേയും ശ്രദ്ധ.

ഒന്നും ഗൗനിക്കാതെ 'ഇനി നീ നോക്കിക്കോ'യെന്ന മൗനസന്ദേശം എനിക്ക്‌ കൈമാറി, പുറകിലെ വാതിലിലൂടെ അച്ഛന്‍ വീട്ടിലേക്ക്‌ നടന്നു.

തെക്കേ വളവ്‌ തിരിഞ്ഞ്‌ മറഞ്ഞിട്ടും കുറച്ച്‌ നേരം കൂടി കണ്ണുകളില്‍ തങ്ങി നിന്നൂ നീല ചുവപ്പു വര്‍ണങ്ങള്‍.
'എന്താ നോക്കുന്നേ, അന്യത്ത്യേ ഇഷ്ടായോ?" :കണിയാന്‍ കണ്ണിറുക്കി ചോദിച്ചു.
"അന്യത്തിയോ?"
"നെനക്കറീല്യാ, ല്ലേ?"

മണ്ടനെപ്പോലെ ഓരോ മുഖത്തും മാറി മാറി നോക്കി, ഞാന്‍.
- ഉയര്‍ന്ന കൂട്ടച്ചിരി മന്ദാകിനി പാലുമായെത്തുന്ന വരെ പതഞ്ഞുയര്‍ന്നുകൊണ്ടിരുന്നു.

കടംകഥക്കുത്തരം തേടി പലരേയും സമീപിച്ചെ‍ങ്കിലും ആശാരി കുഞ്ഞൂട്ടനാണു ‍ സഹായത്തിനെത്തിയത്‌.
"കല്യാണം കഴിക്കാണ്ട്‌ അവള്‍‌ക്ക്‍ണ്ടായ കുട്ട്യാടാ അത്‌"
മനസ്സിലായില്ലെന്ന് തലയാട്ടീ, ഞാന്‍.
"ബുദ്ദൂസെ, കുട്ടീണ്ടാവണെങ്കി കല്യാണം കഴിക്കണ്ടേ?"
"വേണം"
"എന്നാ കേട്ടോ, അവള്‍ കല്യാണം കഴിച്ചിട്ടില്ല. പക്ഷേ വയറ്റ്‌ലുണ്ടായി.. സംഗതി നാട്ടീ പാട്ടായപ്പോ നെന്റച്ചനാ അതിനു കാരണം എന്നവള്‍ പറഞ്ഞു"
കുഞ്ഞൂട്ടന്‍ വിശദീകരിച്ചു.
"ഇതറിഞ്ഞ നെന്റമ്മ കൊടുങ്ങല്ലൂരു ഭഗോതിയായി ഉറഞ്ഞ്‌ തുള്ളി അവള്‍ടെ വീട്ടിലേക്ക്‌ പാഞ്ഞു ചെന്നു. കൊരവള്ളിക്ക്‌ പിടുത്തമിട്ടപ്പോള്‍ അവള്‍ സത്യം തുറന്ന് പറഞ്ഞു."

സ്വതേയുള്ള വിഡ്ഢിച്ചിരി ഒന്നുകൂടി മുഖത്ത്‌ പരത്തി, സസ്പെന്‍സ്‌ നിലനിറുത്തിക്കൊണ്ട്‌, കുഞ്ഞൂട്ടന്‍ തുടര്‍ന്നൂ:
"ഞങ്ങടെ പറമ്പിന്റെ വടക്കോശത്തുള്ള പട്‌ളും കൂട്ടത്തിന്റെ മറവില്‍ വച്ചാണല്ലോ അവള്‍ടെ ഒളിസേവ. ഒരു നട്ടപ്പാതിരക്ക്‌ വെട്ടോം കൂക്കിവിളീം കേട്ട്‌ ഞാന്‍ ഓടിചെന്നപ്പോ....", ഒന്ന് നിര്‍ത്തി ചുറ്റും നോക്കി അയാള്‍ മുഴുമിപ്പിച്ചു:"ദാ, നിക്കണു നെന്റെ വെല്ലിശന്‍...ചോര പൊടിഞ്ഞ ചന്തിയും കീറിപ്പറഞ്ഞ മുണ്ടും..ഞാനല്ലേ വിറക്‌ പുരയിലൊളിപ്പിച്ച്‌ അന്ന് അങ്ങേരെ രക്ഷിച്ചേ..."

ഒരേകദേശരൂപം തെളിഞ്ഞൂ എന്റെ മനസ്സില്‍.

"അല്ല, അവളേം കുറ്റം പറയാന്‍ പറ്റ്വോ? ഈ നാട്ടിലെ ഒരുവിധം പിള്ളാരൊക്കെ സൈക്കിളുചവിട്ട്‌ പഠിച്ചത്‌ അവള്‍ടട്‌ത്ത്‌ നിന്നല്ലേ?"
തലയിളക്കിച്ചിരിച്ചൂ, അയാള്‍; എന്നിട്ട്‌ കൂട്ടിച്ചേര്‍ത്തു:
"നെന്റച്ഛനടക്കം".

കുഞ്ഞൂട്ടന്‍ സൈക്കിളുചവിട്ട്‌ പഠിച്ചിട്ടുണ്ടോ എന്ന് ഞാന്‍ തിരക്കിയില്ല. കാരണം അന്ന് സൈക്കിള്‍ സ്വപ്നം പോലും കണ്ട്‌ തുടങ്ങിയിരുന്നില്ലല്ലോ, ഞാന്‍!

“അവരടെ വീട്‌ നമ്മടട്‌ത്താ?"
"എടാ, നമ്മ്ടെ ക്രോസ്‌ പാക്കരന്റെ ചേച്ചിയാടാ അവള്‍: വിലാസിനീന്നാ പേര്. പാലക്കാട്ടെങ്ങാണ്ട്‌ ഒരു പോസ്റ്റ്‌ മാഷ്‌ടെ വീട്ടില്‍ ശമ്പളത്തിനു നില്‍ക്ക്വാ. അമ്മേക്കാണാന്‍ വീട്ടീ വരും, വല്ലപ്പോഴും; പിറ്റേന്ന് പോകേം ചെയ്യും"

സൃഷ്ടാവിനു പറ്റിയ ഒരമളിയായിരുന്നൂ പാക്കരന്‍!
കൂരന്‍ തല,
മുള്ളന്‍ പന്നി മുടി,
ചുണങ്ങന്‍ ദേഹം,
കുടുക്ക വയര്‍....

ഒരിക്കലും കൂട്ടുകൂടാത്ത പരന്ന പാദങ്ങളും കാല്‍മുട്ടുകളും..
അത്‌ കൊണ്ട്‌ തന്നെ പാക്കരന്റെ ഉയരം ഊഹിക്കുകയെ നിവൃത്തിയുള്ളൂ!
-പ്രായവും!

ദൃഷ്ടികള്‍ സമദൂരസിദ്ധാന്തത്തില്‍ വിശ്വസിക്കാത്തതിനാല്‍'ക്രോസ്‌ പാക്കരന്‍' എന്നാണു പൊതുവെ അറിയപ്പെട്ടിരുന്നത്‌.
തേങ്ങയും പങ്ങയും പെറുക്കാന്‍, ചക്ക മാങ്ങാ പച്ചക്കറികള്‍ അടുക്കളയിലെത്തിക്കാന്‍, കടയില്‍ പോകാന്‍, മീന്‍ വാങ്ങാന്‍....തറവാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും പാക്കരന്‍ വേണം.
അവിടെ സ്ഥിരം പണിക്കാരിയാണു പാക്കരന്റമ്മ, കൗസല്യ.അന്യേത്തി പാറോതീം കാണും കൂടെ.
-ജോലിക്ക്‌ കൂലി ഭക്ഷണം മാത്രം.

പാക്കരന്റെ ഇരട്ട സഹോദരന്റെ പേരു 'വിശപ്പ്‌' എന്നായിരുന്നു. രണ്ടാം ക്ലാസിലേ പഠിപ്പ്‌ നിര്‍ത്താനിടയായ 'ബാലഭാസ്കരലീല' അല്‍പം വീരസ്യം കലര്‍ത്തി പാക്കരന്‍ തന്നെ വിവരിക്കും:

സ്കൂളില്‍ ആദ്യ ഇന്റര്‍വെല്‍ കഴിഞ്ഞാല്‍ ക്ലാസ്സിലെത്താന്‍ അല്‍പം വൈകും, പാക്കരന്‍. ആരുടേയെങ്കിലും ചോറ്റുപാത്രം കാലിയാക്കാനെടുക്കുന്നത്ര സമയം. ഇത്‌ തുടര്‍ക്കഥയായി മാറിയപ്പോള്‍ പരമേശ്വരന്‍ മാഷ്‌ സ്വയം സി ഐ ഡി ചമഞ്ഞു.
ചോറും തൈരും ചമ്മന്തിയും കൂട്ടിക്കുഴക്കുന്ന പാക്കരന്റെ വലത്‌ കൈ മാഷ്‌ടെ ഉരുക്കു മുഷ്ടിയിലമര്‍ന്നു. തുടര്‍ന്ന് അവന്റെ ഇരു ചന്തികളേയും മാറി മാറി ആശ്ലേഷിച്ചു, മാഷ്‌ടെ തടിയല്‍ ചൂരല്‍.
"എന്‍ കെ ഭാസ്കരന്‍, നീയിനി ക്ലാസ്സിനു പുറത്ത്‌": മാഷ്‌ കല്‍പിച്ചൂ.

"ക്ലാസ്സീ കേറിയിട്ടെന്തിനാ? ചന്തി ബെഞ്ചീ വയ്ക്കാന്‍ പറ്റാണ്ടാക്കീല്ലേ, മാഷ്” :അവന്‍ പിറുപിറുത്തു.

മാഷ്‌ടെ ശ്രദ്ധ ക്ലാസ്സിലേക്ക്‌ തിരിഞ്ഞപ്പോള്‍ പാക്കരന്‍ ടീച്ചേഴ്സ്‌ റൂമിലേക്ക്‌ വച്ചടിച്ചൂ. പരമേശ്വരന്‍ മാഷ്‌ടെ പിച്ചള ചോറ്റ്‌ പാത്രം കണ്ട്‌ പിടിക്കാനധികം ബദ്ധപ്പെടേണ്ടി വന്നില്ല. കാലിയായ പാത്രത്തില്‍ ചോക്ക്‌ കഷണങ്ങളും ഡസ്റ്ററും കുത്തി നിറച്ച്‌, സ്ലേറ്റ്‌ പോലുമെടുക്കാതെ വീട്ടിലേക്കോടിയ പാക്കരന്‍ ശിഷ്ടകാലം സ്കൂളിനു നേരെ നോക്കാന്‍ പോലും ധൈര്യപ്പെട്ടിട്ടില്ല.

പത്ര വായന കേള്‍ക്കാനിഷ്ടമായിരുന്നൂ പാക്കരന്.
മൗന വായനക്കാരെ അവന്‍ ചൊടിപ്പിക്കും:
"നെങ്ങക്കെന്താ, മലയാളം അറീല്യേ?"

ബീഡി തെറുപ്പുകാരന്‍ പപ്പു കടയില്‍ വരാന്‍ തുടങ്ങിയപ്പോള്‍ പാക്കരന്റെ സാന്നിധ്യം സ്ഥിരമായി.
അവനച്ഛനോടാവശ്യപ്പെട്ടു:
"അയാളോട്‌ പറ എന്നേം കൂടി തെറുപ്പ്‌ പഠിപ്പിക്കാന്‍"

"പഠിച്ചോടാ,നിനക്ക്‌ പറ്റിയ തൊഴിലാ": അച്ഛന്‍ പ്രോത്സാഹിപ്പിച്ചു.

വെള്ളം തളിച്ച്‌ വെട്ടിയിട്ട ബീഡിയില അടുക്കിവയ്ക്കല്‍, സുക്ക അരിച്ച്‌ പാകപ്പെടുത്തിക്കൊടുക്കല്‍, തെറുത്തിട്ട ബീഡി മുറത്തില്‍ നിരത്തി വെയിലത്തോ അടുപ്പത്തോ വച്ചുണക്കിയെടുക്കല്‍ തുടങ്ങി തെറുത്ത്‌ കെട്ടിയിടുന്ന ബീഡികളുടെ തലയും വാലും മടക്കിക്കുത്തുന്ന ജോലി വരെ പഠിച്ച പാക്കരന്‍ പെട്ടെന്നൊരു ദിവസം മുതല്‍ കടയില്‍ വരാതായി.

തറവാട്ടു പടിക്കല്‍ വച്ച്‌ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചൂ:
"പാക്കരാ, എന്തുപറ്റി? തെറുപ്പ്‌ പഠിക്കണ്ടേ?'
"വരില്ല ഞാന്‍", മുഖത്ത്‌ നോക്കാതെ, തലതിരിച്ച്‌, ചുട്ട്‌ പൊള്ളുന്ന സ്വരത്തില്‍ അവന്‍ മുരണ്ടൂ:
"ആ വൃത്തികെട്ട ശവം, ആ തെറുപ്പുകാരന്‍ പപ്പു അവടെ ഉള്ളടത്തോളം കാലം."

-----------------------

ഞാന്‍ ഹൈസ്കൂളിലെത്തിയപ്പോള്‍ ചായക്കടക്കും കിട്ടി പ്രൊമോഷന്‍: കല്ലം കുന്നു സെന്ററിലേക്ക്‌.

നാലുമുറിപ്പീടികയുടെ കിഴക്കെ അറ്റത്ത്‌ ചായക്കട, അടുത്ത്‌ മൈക്കിളിന്റെ തുണിക്കട, പിന്നെ അമ്പട്ടന്‍ കേശുവിന്റെ ബാര്‍ബര്‍ ഷാപ്പ്‌, മറ്റേ അറ്റത്ത്‌ രാമേട്ടന്റെ പലചരക്ക്‌ കട.

കവലയിലെ പഞ്ചായത്ത്‌ കിണറിന്റെ അരമതിലിനു മുകളില്‍ പരദൂഷണവും രാഷ്ട്രീയവുമായി സ്ഥിരം കാണും ഒരു സംഘം.
തൈയില്‍ വീട്ടിലെ രാജന്‍, ചുമട്ടുകാരന്‍ കുഞ്ഞയ്യപ്പന്‍, ചെത്തുകാരന്‍ കുഞ്ഞന്‍, കണിയാന്‍ കൃഷ്ണന്‍....

ആഫ്റ്റര്‍ ഷേവിന്റെ മണവും പളപള ഷര്‍ട്ടുമായി ബോംബെയില്‍ നിന്ന് ലീവിനെത്തുന്ന വി.ഐ.പികള്‍ അവര്‍ക്ക്‌ ക്വാര്‍ട്ടര്‍ കുപ്പികളില്‍ പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കും.

ലഹരി തലക്ക്‌ പിടിച്ചാല്‍, കണിയാന്‍ കൃഷ്ണന്റെ സര്‍ഗവൈഭവം ശ്ലോകങ്ങളായി പ്രവഹിക്കും.

"കല്ലംകുന്ന് മഹാദേശം,
നന്ദികേടിന്നുറവിടം,
അന്നം നാസ്തി, ഫലം നാസ്തി,
മദ്യപാനം മഹോത്സവം!"

അന്യരാരെങ്കിലും ആ വഴി വന്നാല്‍, സദിരിനു ഇടവേള കൊടുത്ത്‌ മുഖാഭിമുഖം തുടങ്ങും:

‘ആരാ, മന്‍സിലായില്യാ?"
"----"
"നമ്മ്ടെ പെട്ട ഔസേപ്പിന്റെ ...?"
"----"
"ആ..പെട്ടേടെ മോള്‍ സിസിലീടെ അമ്മായപ്പനാ, ല്ലെ? നാടെവിടാ?"
"---"
"ഹല്ല പിന്നെ...അറിയില്ലേയെന്നോ? മഹാകവി പോലും പുകഴ്ത്തിപ്പാടിയ മറ്റത്തൂരിനെപ്പറ്റി അറിയാത്തവരാരാ?

കേട്ടിട്ടില്ലേ?

മറ്റത്തൂരു മഹാദേശം,
നന്ദികേടിന്നുറവിടം.........."

സന്ദര്‍ശകരുടെ നാടുകള്‍ മാറിക്കൊണ്ടിരിക്കും, പക്ഷേ കണിയാന്റെ ശ്ലോകത്തിനൊരിക്കലും മാറ്റമുണ്ടാകാറില്ല!

ചമ്മിയ മുഖവുമായി അതിഥി നടന്ന് നീങ്ങുമ്പോള്‍ കൂട്ടച്ചിരിവും പൂച്ചകരച്ചിലുമുയരും കിണറിന്നു ചുറ്റും.

വൈകുന്നേരങ്ങളിലെ പ്രധാന വിനോദം ചീട്ട്‌ കളി.
കൈയില്‍ കാശുണ്ടെങ്കില്‍ പന്നിമലത്ത്‌,
കുറവാണെങ്കില്‍ പരല്‍,
തീരെ വറുതിയാണെങ്കില്‍ ഇരുപത്തെട്ട്‌....

ബീഡി, സിസ്സര്‍സ്‌,ചായ, വെള്ളം ഇത്യാദികളുടെ സുഗമമായ സപ്ലൈ ഉറപ്പ്‌ വരുത്തുന്നത് ‍ 'എവറെഡി'പാക്കരന്‍!

ജയിക്കുന്നവര്‍ പാക്കരനെ പ്രത്യേകം ഗൗനിക്കാതിരിക്കില്ല.

ഞായറാഴ്ച, കൊറ്റനല്ലൂര്‍ പള്ളിയില്‍ കുര്‍ബാനക്ക്‌ പോകുന്നവരുടെ മുന്‍പില്‍ അറവുകാരന്‍ അന്തപ്പന്‍ ആട്ടിന്‍ തലക്ക്‌ പകരം പോത്തിന്‍ തല കെട്ടിത്തൂക്കുന്ന ദിവസം ഓടിക്കിതച്ചെത്തും, പാക്കരന്‍.

"അന്തപ്പനിന്നൊരു സ്വയമ്പന്‍ പോത്തും കുട്ടിയേയാ വെട്ടിയിരിക്കുന്നേ. രണ്ട്‌ കിലോക്കുള്ള കാശെടുക്ക്‌..“

തൊഴില്‍ രഹിത സംഘത്തിന്റെ 'അവൈലബിള്‍ കമ്മിറ്റി' അടിയന്തിരയോഗം വിളിക്കും. കൂക്കിവിളിച്ചും സൈക്കിളിലും ദൂതന്മാര്‍ പായും.

വീട്ടില്‍ പോത്തിറച്ചി വര്‍ജ്യമായതിനാല്‍ ‘പാര്‍ട്ടിയില്‍’ ചേരാന്‍ വെപ്രാളപ്പെടും, ഞാന്‍.

"ആളോഹരി കാശ് കൊടുത്താണെങ്കി നീയും കൂടിക്കോ": അച്ഛന്‍ സമ്മതിക്കും.
അല്ലെങ്കിലും എന്റെ എതാഗ്രഹത്തിനാണു അച്ഛന്‍ തടസ്സം നിന്നിട്ടുള്ളത്‌?

പാക്കരനിലെ നളന്‍ അരങ്ങു തകര്‍ക്കുന്ന ദിവസമാണത്‌.

കിണറിനു പുറകില്‍ ദേവസ്യാപ്ലയുടെ പറമ്പില്‍ അടുപ്പൊരുങ്ങും. മസാല, പാത്രങ്ങള്‍, അരപ്പ്‌, വിറക്‌ ഇവയൊക്കെ ഒരുക്കാന്‍ പാക്കരനാരുടേയും സഹായം തേടാറില്ല.

കറിക്കലം അടുപ്പത്തായാല്‍ കമ്മിറ്റിക്കാര്‍ ഡബിളും ത്രിബിളും വച്ച്‌ സൈക്കിളില്‍ 'അപിറ്റൈസര്‍' കഴിക്കാനിറങ്ങും. തിരിച്ച്‌ വരുമ്പോഴേക്കും വിജനമായ കല്ലംകുന്ന് സെന്ററില്‍, ഉരുളക്കിഴങ്ങും പോത്തിറച്ചിയും മസാലകളും കലര്‍ന്ന മിശ്രിതത്തിന്റെ ഹൃദയഹാരിയായ മണം പരന്നൊഴുകുന്നുണ്ടാകും.

-വാഴയിലയില്‍ ചൂടോടെ ചിരട്ടത്തവികൊണ്ട്‌ വിളമ്പുന്ന ഇറച്ചിക്കറി,
സവാളയും കാന്താരിയും വട്ടത്തിലരിഞ്ഞ്‌ ഉപ്പും വെളിച്ചെണ്ണയും ഞരടിയ കൂട്ട്‌,
അടുപ്പിലിട്ട്‌ ചുട്ടെടുത്ത, വെണ്ണ പോലെ മൃദുവായ കൊള്ളിക്കിഴങ്ങു........

ഓര്‍ക്കുമ്പോഴിന്നും രസമുകുളങ്ങള്‍ക്ക്‌ ത്രസനം!

"ഇന്ന് രാത്രി പാടത്തെ നടുത്തിരിപ്പുലയന്റെ മാടത്തിനു മുന്‍പില്‍ പൊറോട്ട്‌ നാടകമുണ്ട്‌. പുവ്വാം നമക്ക്‌..."
ഒരു വൈകുന്നേരം പാക്കരനോടി വന്നു.

"നാടകോം ന്ന് പറഞ്ഞ്‌ എപ്പോഴൊക്കെ അവര്‍ കൂടീട്ടുണ്ടോ, അപ്പോഴൊക്കെ അടീം നടന്നട്ട്ണ്ട്‌. നീ പോണ്ടാ" :അച്ഛന്‍ വിലക്കി.
"ന്നാലും നാടകല്ലേ അച്ഛാ..ഇത്തിരി കണ്ടിട്ട്‌ വേഗം തിരിച്ച്‌ വരാം"

മൗനം സമ്മതമാക്കി ഞാനും പാക്കരനും പാടത്തേക്കും, കട പൂട്ടി അച്ഛന്‍ വീട്ടിലേക്കും നടന്നു.

അടക്കാമരക്കാലുകളില്‍ പലകകള്‍ നിരത്തിയ സ്റ്റേജ്‌ കുരുത്തോലകള്‍ കൊണ്ടലങ്കരിച്ചിരുന്നു. കുലയില്ലാത്ത രണ്ട്‌ വാഴകള്‍ ബന്ധികളായി ഞങ്ങളെ എതിരേറ്റു.

പഴയ സാരികള്‍ തുന്നിച്ചേര്‍ത്ത തിരശ്ശീലക്ക്‌ മുന്‍പില്‍ കണ്ണന്‍ ആന്‍ഡ്‌ കമ്പനിയുടെ "ചെട്ടിമദ്ദളം ചവിട്ടിപ്പൊട്ടിക്കും" എന്ന താളത്തിലുള്ള തപ്പു മേളം.

പുലയമഹസഭയുടെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ധാരാളം നസ്രാണി മാപ്ലാരും കൊട്ടി ചോന്‍മാരും ചൊക്ലി നായന്മാരും....... കൂട്ടത്തില്‍ വേലന്‍ കണ്ണപ്പനേയും അമ്പട്ടന്‍ വേലുവിനേയും കണ്ടു.കരയിലെ ഏക ഉള്ളാട ഫാമിലി അല്‍പം മാറി ഒരു തെങ്ങിന്‍ തറയില്‍ തമ്പടിച്ചിരുന്നു.

- പരസ്ത്രീകള്‍ കൂട്ടത്തോടെ ബഹിഷ്ക്കരിച്ചതിനാലാകണം സദസ്സിനു വര്‍ണപ്പൊലിമ തീരെ കുറവു!

തപ്പുമേളം നിലച്ചതും സ്റ്റേജിന്റെ തെക്കുവശത്തെ 'ഗ്രീന്‍ റൂമി'നരികെ നിന്ന് ഒരു നിലവിളി!

"എന്താ ...എന്താ": എല്ലാരും ചുറ്റും കൂടി.
കാളിപ്പെലിയുടെ ഏക പുത്രി ശൃംഗാരി ദേവുവായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവ കേന്ദ്രം.

കൂട്ടത്തില്‍ കാര്‍ണോരായ അയ്യപ്പന്‍ പുലേന്‍ ആള്‍ക്കൂട്ടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.

"എന്താടീ നീ ഒച്ചവച്ചേ?"
'ആരാണ്ട്‌...ദാ, ഇവടെ എന്റെ നെഞ്ചത്ത്‌ പിടിച്ചു":
അവള്‍ കിണുങ്ങി.
"ആരാന്ന് കണ്ടില്ലേ?"
"ഇല്ല, ഇവനാന്നാ സംശം..."
അവള്‍ ചൂണ്ടിയ വിരലിന്റെ അറ്റത്ത്‌ നിന്നയാളെ കണ്ട്‌ പൊതുജനം ഞെട്ടി:
ക്രോസ്‌ പാക്കരന്‍!

-എപ്പോഴാണു എന്റെ കൈവിട്ട്‌, പാക്കരന്‍ സ്റ്റേജിന്നരികെയെത്തിയത്‌?

"അല്ല...ഞാനല്ലാ": രണ്ട്‌ കൈകളുമുയര്‍ത്തി പാപക്കറ തന്റെ കൈകളില്‍ പുരണ്ടിട്ടില്ലെന്ന് സ്ഥാപിക്കാന്‍ യത്നിച്ചു, അവന്‍.
കുറിയ കണ്ണുകളിലെ കൃഷ്ണമണികള്‍ വിപരീത ദിശകളിലേക്ക്‌ കുതിക്കാന്‍ വെമ്പി.

"പാക്കരനോ....ഏയ്‌, ...ഇവനാവാന്‍ വഴിയില്ല": അയ്യപ്പന്‍ പുലേന്‍ വിശ്വാസപ്രമേയമവതരിപ്പിച്ചു.
"ഇവനാ അടുത്തുണ്ടായിരുന്നേ": ദേവൂ വീണ്ടും ചിണുങ്ങി.
"പെണ്ണച്ചു ദേവൂനെ പിടിച്ചേ..." തള്ളേടെ ബാലന്‍ അട്ടഹസിച്ചു.
കൂട്ടുകാര്‍ ഏറ്റു വിളിച്ചു:"പെണ്ണച്ചു...പെണ്ണച്ചു...."

പാക്കരന്റെ വിളര്‍ത്ത മുഖത്തേക്ക്‌ കാളിമ ഇരച്ച്‌ കേറി.
"ഞാന്‍ പെണ്ണച്ചുവല്ലാ" : അവന്‍ ചീറി.
"അല്ലെങ്കി ഒന്ന് പിടിച്ച്‌ കാട്ടറാ": ബാലന്‍ പാക്കരന്റെ കൈയില്‍ പിടിച്ച്‌ വലിച്ചു.
"പിടിക്കും ഞാന്‍, വേണോങ്കി നിങ്ങടെ മുന്നിലിട്ട്‌ പിടിക്കും!"
അവന്‍ നിന്ന് വിറച്ചു:
" പക്ഷേ കല്യാണം കഴിച്ചിട്ട്‌..."

കരയുന്ന ശബ്ദത്തില്‍ ഒരു വെല്ലുവിളി നടത്തി, തെക്കോട്ടുള്ള കയറ്റം ബദ്ധപ്പെട്ട്‌ ഓടിക്കയറി, പാക്കരന്‍.

കുറെ ദിവസത്തേക്ക്‌ പാക്കരനെ കവലയില്‍ കണ്ടില്ല. അന്വേഷിച്ചപ്പോഴറിഞ്ഞു: തകൃതിയായ പെണ്ണന്വേഷണവുമായി ഊരു ചുറ്റുകയാണെന്ന്.

തന്നേക്കാള്‍ പഴക്കവും വലിപ്പവുമുള്ള കൈയില്ലാത്ത തിരുപ്പൂര്‍ ബനിയനും കള്ളിമുണ്ടും ധരിക്കാറുള്ള പാക്കരന്‍, അലക്കിത്തേച്ച വെള്ള ഷര്‍ട്ടും ജഗന്നാഥന്‍ മുണ്ടും അണിഞ്ഞാണു അന്ന് കവലയില്‍ വന്നത്‌.
"ടാ...എന്റെ കല്യാണം ഒറച്ചു" : സന്തോഷം നിറച്ച മുഖത്തോടെ പാക്കരന്‍ സ്വകാര്യം പറഞ്ഞു.
"എവ്‌ടന്നാ?"
"പട്ടേപ്പാടത്ത്‌ ന്ന്. ഇവിടടുത്താ"
"പെണ്ണെങ്ങിനെ?" ഞാന്‍ ഉത്സുകനായി.
"നല്ല ചന്തണ്ട്‌ കാണാന്‍. എന്നേക്കാ അല്‍പം തടി കൂടും. ഉയരം എന്റത്രേള്ളൂന്നാ തോന്നണേ"
"എന്നാ?"
"അട്‌ത്ത മാസം ഏഴാന്തി."

വീട്ടിത്തടിയുടെ കരുത്തുള്ള പെണ്ണായിരുന്നു പാക്കരന്റെ മണവാട്ടി, സരള.

ചടങ്ങുകള്‍ക്ക്‌ ചുക്കാന്‍ പിടിക്കാന്‍ മൂത്ത പെങ്ങള്‍ തലെന്നേ വന്നിരുന്നുവെങ്കിലും രംഗത്ത്‌ വരുന്നതില്‍ നിന്നും പാക്കരന്‍ അവരെ വിലക്കി.

കൊലുസ്സിട്ട, വിടര്‍ന്ന കണ്ണുകളോട്‌ കൂടിയ ഒരു പെണ്‍കുട്ടിയെ കൂട്ടത്തില്‍ എവിടേയോ കണ്ടതായി ഓര്‍ക്കുന്നൂ, ഞാന്‍.

അമ്മായിയമ്മയുടെ സത്ക്കാരവും ബന്ധുക്കളുടെ വിരുന്നും കഴിഞ്ഞപ്പോള്‍ പാക്കരനൊന്ന് കൊഴുത്തുരുണ്ടു.

"കല്യാണം കഴിഞ്ഞിട്ട്‌ ഒരാഴ്ച്യായില്ലേ, പാക്കരാ, നടന്നോ വല്ലതും?" :
പാക്കരന്റെ കണ്ണുകളില്‍ അതുവരെയില്ലാത്ത നാണം.

കൈകള്‍ കൂട്ടിപ്പിരിച്ച്‌, ഒളികണ്ണിട്ട്‌ ചോദ്യകര്‍ത്താവിനെ നോക്കി പാക്കരനൊരു ചിരി പാസ്സാക്കി.

"അതിനു പാക്കരന്‍ പണിയൊന്നും ചെയ്യണ്ടല്ലോ, സരളക്ക്‌ നല്ല മുന്‍പരിചയമാണെന്നാണല്ലോ കേള്‍വി"

വിടുവായര്‍ക്കും വിമര്‍ശകര്‍ക്കും മറുപടിയെന്നോണം താമസിയാതെ തന്നെ 'പാക്കരന്റെ പെണ്ണിനു വയറ്റ്‌ലുണ്ട്‌' എന്ന വാര്‍ത്തയെത്തി!

പ്രസവമെടുത്ത വയറ്റാട്ടി നാരായണി പോലും അത്ഭുതം കൂറി: 'ഒരു കൊഴപ്പോല്യാത്ത തനി തങ്കം പോലത്തെ ഒരു കൊച്ച്‌!"

തലയിലൊരു തോര്‍ത്തു കെട്ടി, കാലുകള്‍ തറയില്‍ ഭദ്രമായമര്‍ത്തി, ചുണ്ടിലൊരു ഗൂഢസ്മിതവുമായി കല്ലംകുന്ന് മുഴുവന്‍ കറങ്ങി നടന്നൂ, പാക്കരന്‍.

"മോന്‍ അമ്മേടേയോ അതോ അച്ഛന്റേയോ?": കന്നത്തരവും കുശുമ്പും കുത്തകയാക്കിയ ബാലനു നാവടക്കി വയ്ക്കാനായില്ല.

'അല്ലടാ, നെന്റെ ചത്ത്‌ പോയ തന്ത കോന്നന്റെ": ക്രുദ്ധനായി പല്ലുകടിച്ച്‌, കൈകള്‍ ചുരുട്ടി ബാലന്റെ നേരെ ഓടിയടടുത്തൂ, പാക്കരന്‍.

--------------

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയതിന്റെ പിറ്റേന്ന് പുറത്തെ ചാറ്റല്‍മഴയുടെ കുളിരില്‍ മുങ്ങിക്കിടക്കുമ്പോള്‍ അമ്മയുടെ സ്വരം:
" എണീക്കടാ, പാക്കരന്‍ കാത്തിരിക്കാന്‍ തൊടങ്ങീട്ട്‌ കുറെ നേരായി."
അലോസരത്തോടെ, കൈകള്‍ രണ്ടും തലക്ക്‌ മുകളിലേക്കുയര്‍ത്തി, കോട്ടുവായിട്ട്‌ താഴെയിറങ്ങി.

പത്രത്തില്‍ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്നൂ, പാക്കരന്‍.
"എന്താടാ ഊരേലു വെയിലടിച്ചിട്ടും ഒറങ്ങ്വാ?"
'എന്താ പാക്കരേട്ടാ വിശേഷങ്ങള്‍? ചായ കുടിച്ചോ?"
- കുശലമന്വേഷിച്ചു, ഞാന്‍.

"ചായകുടി കാലത്തേ കഴിഞ്ഞൂ, കൂനന്‍ വര്‍ഗീസിന്റെ കടേന്ന്." പാക്കരന്റെ മുഖത്തിനപ്പോള്‍ അല്‍പം പോലും അഭംഗി തോന്നിയില്ല.
"നീ വന്നൂന്ന് ഇന്നലെയേ അറിഞ്ഞിരുന്നൂ."

നാട്ടിലെ വിശേഷങ്ങളുടെ കെട്ടഴിഞ്ഞപ്പോള്‍ സമയം പോയതറിഞ്ഞില്ല, പ്രത്യേകിച്ച്‌ എനിക്ക്‌ മാത്രം താത്പര്യമുള്ള, പാക്കരനു മാത്രം അറിയാവുന്ന, ചിലരുടെ.

അമ്മ പലപ്രാവശ്യം വന്നെത്തിനോക്കി. പിന്നെ അടുക്കളയില്‍ നിന്നായി വിളി.
"പല്ല് തേച്ച്‌ ചായ കുടിച്ചിട്ടാവാടാ ബാക്കി."

നിലത്ത്‌ മുട്ടിപ്പലകയില്‍ ഇരുന്നേ പാക്കരന്‍ കഞ്ഞികുടിക്കൂ. അതും കോട്ടിയ പഴുത്ത പ്ലാവില കൊണ്ട്‌.

"പാക്കരന്‍ വരുമ്പോഴാ മുട്ടിപ്പലക ഇവിടെ ഒള്ള കാര്യം തന്നെ ഓര്‍ക്കുന്നേ": അമ്മ പറഞ്ഞു.

"ഇപ്പഴത്തെ പരിഷ്കാരൊന്നും എനിക്ക്‌ പറ്റില്യാ, ലെഷ്മ്യെച്ച്യേ":
ഒരു പ്ലാവില നിറയെ ഒടിപ്പയറിന്റെ ഉപ്പേരി വായിലാക്കിക്കൊണ്ട്‌ പാക്കരന്‍ തുടര്‍ന്നൂ:
"പഴേതൊക്കെ മറക്കാന്‍ പറ്റ്വോ എനിക്ക്‌?"

വാതില്‍പ്പടിയിലിരുന്ന് റോത്‌മാന്‍ സിഗരറ്റിന്റെ പുക ആവേശപൂര്‍വം ആസ്വദിച്ചുകൊണ്ടിരുന്ന പാക്കരന്‍ പെട്ടെന്നെണീറ്റു.
"അയ്യോ..മറന്ന് പോയി. പാറേക്കാടന്‍ ചുമ്മാരാപ്ലേടെ പശൂനെ ചവിട്ടിക്കാന്‍ കൊണ്ട്‌ പോകാന്ന് ഏറ്റിരുന്നതാ."

അമ്പത്‌ രൂപാനോട്ട്‌ കൈവെള്ളയില്‍ തിരുകിയപ്പോള്‍ പാക്കരന്റെ ചിരിയുടെ രേഖകള്‍ മുഖത്തിന്റെ അതിരുകള്‍ ഭേദിച്ചൂ.

നടക്കാന്‍ തുടങ്ങിയ പാക്കരന്‍ തിരിഞ്ഞ്‌ നിന്നു:
"അല്ല, നീ ബ്ലേഡൊന്നും കൊണ്ട്‌ വന്നിട്ടില്ലേ?"

"പാക്കരാ, മോത്ത്‌ ആകെ പത്ത്‌ രോമം പോലൂല്യാലോ? പിന്നെന്തിനാ?": പാക്കരനു അമ്പത്‌ രൂപ കൊടുത്തത്‌ അമ്മക്കത്ര പിടിച്ചില്ലെന്നതിന്റെ സൂചനയാണത്‌.

"ലെഷ്മ്യേച്ചിക്കങ്ങനെ പറയാം. ആഴ്ചേലൊരിക്കെ ഷേവ്‌ ചെയ്തില്ലെങ്കി എന്റെ മോറാകെ ചൊറിയാന്‍ തൊടങ്ങും"

നെയ്ത്ത്‌ കമ്പനിയില്‍ ജോലിക്ക്‌ പോകുന്ന അനിയത്തി പാര്‍വതിക്ക്‌ എന്നും അകമ്പടി പോകുമത്രേ പാക്കരന്‍.

"ചേച്ചീടന്തി വല്ല കുരുട്ട്‌ ബുദ്ധീം മനസ്സീ തോന്നിയാ, പറഞ്ഞേക്കാം, വട്ടത്തിച്ചെറേലു കെട്ടിത്താഴ്ത്തും ഞാന്‍": എന്ന മുന്നറിയിപ്പ്‌ അവളോട് ആവര്‍ത്തിച്ചു കൊണ്ടിരുന്നൂ, അയാള്‍.

"പണ്ടത്തേപ്പോലെയല്ല, പാക്കരനിപ്പോ":
അമ്മക്ക്‌ പോലും പാക്കരനോടൊരു ചായ്‌വ്‌!
"ചന്ത ദിവസം നാട്ടുകാരുടെ കോഴി, താറാവ്‌, ചക്ക, പച്ചക്കറികള്‍ എല്ലാം കൊണ്ട്‌ പോയി വില്‍ക്കും. പായ പനമ്പ്‌ കലം തുടങ്ങി പലവ്യഞ്ജനങ്ങളെല്ലാം വാങ്ങിക്കൊണ്ട്‌ വരും."

പറമ്പുകളില്‍ നിന്ന് വാഴയില വെട്ടി ഹോട്ടലുകാര്‍ക്ക്‌ സപ്ലൈ ചെയ്യലായിരുന്നൂ, പാക്കരന്റെ മറ്റൊരു വരുമാന മാര്‍ഗം.
വിവാഹമോ മരണമോ : ആദ്യാവസാനക്കാരനായി പാക്കരന്‍ കാണും അവിടെ‍.
"ആര്‍ക്ക്‌ എവിടെയൊക്കെ ബന്ധുക്കളുണ്ടെന്ന് നല്ല തിട്ടാ പാക്കരനു. അത്‌ പോലെ തന്നെ ആര്‍ക്ക്‌ ആരോടൊക്കെ പകയും വൈരാഗ്യവുമുണ്ടെന്നും":അമ്മ വിശദീകരിച്ചു.

വര്‍ഷങ്ങളേറെ കഴിഞ്ഞു.
വീണ്ടുമൊരിക്കല്‍ കൂടി ഭാര്യയും മക്കളുമൊത്ത്‌, സമ്മര്‍ വെക്കേഷനു നാട്ടില്‍.
ഉറക്കമുണര്‍ന്ന് കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാതെ ജനലിലൂടെ നാട്ടിലെ പ്രഭാതമാസ്വദിക്കുകയായിരുന്നൂ, ഞാന്‍.
പെട്ടെന്നോര്‍മ്മ വന്നൂ:
പാക്കരന്‍ വന്ന് കാണുമോ?

അടുക്കളയില്‍ അമ്മ മണിപ്പൂട്ടുണ്ടാക്കുന്നത്‌ കൗതുകത്തോടെ നോക്കിയിരിക്കുന്നൂ, മക്കള്‍.
"അമ്മെ, പാക്കരനെ കണ്ടില്ലല്ലോ?"
"ഓ, പറയാന്‍ മറന്നു, അവന്റെ മോന്റെ കല്യാണം കഴിഞ്ഞു. ചന്തേലെ പലചരക്ക്‌ കടേലാണല്ലോ അവനു ജോലി. അതിന്റെ എതിര്‍ വശത്തുള്ള ഒരു മുട്ടക്കച്ചവടക്കാരന്റെ മോളെ ഒരൂസം രാത്രി വിളിച്ചെറക്കിക്കോണ്ട്‌ വരികേര്‍ന്നൂ, അവന്‍.

മോനോട്‌ പിണങ്ങി കുറേ ദിവസം വീട്ടില്‍ കേറിയില്ല, പാക്കരന്‍. അടുത്തുള്ള ചായക്കടയിലായിരുന്നൂ പൊറുതി. പിന്നെ മോന്‍ വന്ന് നാട്ടുകാരുടെ മുന്‍പില്‍ വച്ച്‌, കാലില്‍ വീണു മാപ്പ്‌ പറഞ്ഞ ശേഷമാണവന്‍ തിരിച്ച്‌ പോയത്‌."

അമ്മ പറയാന്‍ മറന്ന ഭാഗം കൊച്ചേച്ചി പൂരിപ്പിച്ചു:

ഒരു ദിവസം തന്റെ പതിവ്‌ സര്‍ക്കീറ്റ്‌ കഴിഞ്ഞ്‌ , പാക്കരന്‍ വിട്ടീ വന്ന് കേറുമ്പോള്‍ മരുമോള്‍ ആരോടോ സംസാരിച്ച്‌ കൊണ്ട്‌ നില്‍ക്കുന്നു. ചെന്നപാടെ അവളെ തലങ്ങും വിലങ്ങും പ്രഹരിച്ചൂ. പിന്നെ മുടിക്ക്‌ പിടിച്ച്‌ ‌ പടിക്ക്‌ പുറത്താക്കി.

-എന്നിട്ട് ‌ ഒരു വടിയുമായി പടിക്കല്‍ കാവല്‍ നിന്നു.

ഭാര്യയും അയല്‍ക്കാരുമൊക്കെ എത്ര കെഞ്ചിയിട്ടും പാക്കരന്‍ അയഞ്ഞില്ല. രാത്രി മോന്‍ വന്നപ്പോഴാണറിഞ്ഞത്‌: അച്ഛനിഷ്ടമുള്ള കണമ്പ്‌ വാങ്ങി, ചീയും മുന്‍പത് വീട്ടിലെത്തിക്കാന്‍ കൂട്ടുകാരനെ പറഞ്ഞ്‌ വിട്ടത് അവനാണത്രേ!

അടുത്ത കടയിലെ ജോലിക്കാരനല്ലേ, മരുമോളുടെ വിശേഷം പറച്ചിലും അല്പം നകൂടിയെന്ന് വച്ചോളു!

വൈകീട്ട്‌ വന്നൂ പാക്കരന്‍.
ഒന്നുകൂടി കൂനിയിട്ടുണ്ട്‌.
മുടി പറ്റേ വെട്ടിയിരിക്കുന്നു.
ഒരൂന്നുവടിയുടെ സഹായത്തോടെയാണു നടത്തം.

"വരുന്ന ദെവസം എനിക്കറ്യായിരുന്നു ട്രാ! പക്ഷെ വയ്യാ. പണ്ടത്തേപ്പോലെ യാത്രയൊന്നും ഇല്യാ. ഇപ്പോത്തന്നെ വെളയനാട്‌ വരെ ഒരു ഓട്ടോ കിട്ടീപ്പ പോന്നതാ": ഒറ്റ ശ്വാസത്തില്‍ അത്രയും പറഞ്ഞ്‌ നിലത്തിരുന്ന് കിതച്ചൂ, പാക്കരന്‍.

"അതിനെന്താ പാക്കരേട്ടാ, ഇന്നൂടെ കണ്ടില്ലെങ്കി ഞാനങ്ങോട്ട്‌ വന്നേനെ": ഭംഗി വാക്ക്‌ പറഞ്ഞൂ, ഞാന്‍.

കുറച്ചേ സംസാരിച്ചുള്ളു.
ഭക്ഷണത്തോട്‌ പണ്ടത്തെ ആര്‍ത്തിയില്ല.
സംസാരത്തിനും ഓര്‍മ്മക്കും പതറല്‍.

പക്ഷേ നൂറു രൂപയുടെ നോട്ട്‌ കണ്ടപ്പോഴാ മുഖം വികസിച്ചു.
അപ്പഴും അമ്മ പറഞ്ഞൂ: "അവനെന്തിനാടാ കാശ്‌? പൊന്നു പോലല്യോ അവന്റെ മോനവനെ നോക്കുന്നേ."

"ഞാന്‍പോവ്വാ മോനേ" പാക്കരനെണീറ്റു."മാലക്കണ്ണാ, രാത്ര്യായാ പിന്നെ തീരെ കാഴ്ചയില്യാ.....എനിക്കൊരു ഓട്ടൊ പിടിച്ച്‌ താ... പിന്നൊരു ബ്ലേഡ്..... മറക്കാതെ"

അക്കൊല്ലം മരിച്ചൂ, പാക്കരന്‍.

ശവസംസ്കാരച്ചടങ്ങുകള്‍ക്ക്‌ ശേഷം പാക്കരന്റെ കട്ടിലിന്നടിയിലെ ഇരുമ്പ്‌ പെട്ടി തുറന്നപ്പോള്‍‍ അമ്പരന്നു പോയി, എല്ലാരും:
-തുറക്കാത്ത കുറെ സിഗററ്റ്‌ പാക്കറ്റുകള്‍.
-ഫോറിന്‍ ബ്ലേഡുകള്‍,
-അമ്പതിന്റേയും നൂറിന്റേയും നോട്ടുകളൂടെ രണ്ട്‌ കെട്ടുകള്‍......

50 comments:

kaithamullu : കൈതമുള്ള് said...

പാക്കരനെപ്പറ്റി എഴുതിയെഴുതി രാമായണമായി.
അത് തിരുത്തി തിരുത്തി കൊളമാക്കി!

‘സെന്റി’യില്‍ നിന്ന് അല്പം മാറി നില്‍ക്കാന്ന് വച്ചത് കൊണ്ടാ...ഇങ്ങനെ.
-ഷെമീ!

പിരിക്കുട്ടി said...

njaan thenga udacheeeeeeeeee
ini bakki vaayichittu ....

tteeee toooooooo teeeeeeee

(((((((((()))))))))))))

പിരിക്കുട്ടി said...

nannayitundutto pakkaracharitham...
ennathem pole touching

അപ്പു said...

ശശിയേട്ടാ പതിവുപോലെ എല്ലാ ചേരുവകകളും സമാസമം ചേര്‍ത്തുണ്ടാക്കിയ പായസം തന്നെ. മടുക്കാതെ വായിച്ചു. പാക്കരന്റെ കഥകളും അതിലേറെ പുള്ളിയുടെ ജീവിതാദര്‍്ശങ്ങളും നന്നായി പകര്‍ത്തി വച്ചിട്ടുണ്ടല്ലോ. കൈതമുള്ളിന്റെ എഴുത്തിന്റെ ഭംഗി ഒരിക്കല്‍ കു‌ടി വെളിവാക്കുന്നു ഈ പോസ്റ്റ് . അപാര കൈയ്യടക്കം തന്നെ.. കന്നുകിട്ടാണ്ട് പോട്ടെ.

nardnahc hsemus said...

ശശിയേട്ടാ,
മണ്ണിന്റെ മണമുള്ള കഥ....

പാകരന്‍ എന്ന വ്യക്തിയെയും അവന്‍ വിഹരിച്ചിരുന്ന ഒരു ഗ്രാമത്തേയും സ്നേഹത്തിന്റെ നൂലിഴയില്‍ കോര്‍ത്ത് കെട്ടി ചേട്ടനെഴുതിയത് വായിയ്ക്കുമ്പോള്‍, ഞാനും എന്റെ നാട്ടിലെ ആരെയോ ഒക്കെ ഓര്‍ത്തുപോകുന്നു...

മുസാഫിര്‍ said...

ഭൂതകാലത്തിന്റെ കറുപ്പിലും വെളുപ്പിലും ഉള്ള ചിത്രങ്ങള്‍ ശശിയേട്ടന്റെ തൂലികത്തുമ്പിലൂടെ ജീവന്‍ വയ്ക്കുന്നത് കാണാന്‍ നല്ല രസമുണ്ട്.പോസ്റ്റുകള്‍ തമ്മിലുള്ള അകലം കൂടുന്നത് അത് കൊണ്ട് ക്ഷമിച്ചു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എഴുതിയതു കൂടിപ്പോയീന്ന് പരാതി പറഞ്ഞില്ലാലോ ആരും?

കാന്താരിക്കുട്ടി said...

പോസ്റ്റിന്റെ നീളം കണ്ടപ്പോൾ ഇപ്പോൾ തന്നെ വായിക്കണോ അതോ പിന്നെ മതിയോ ന്ന് ആദ്യം ആലോചിച്ചു.എന്തേലും ആവട്ടെ വായിച്ചേക്കാം ന്നു വിചാരിച്ച് വായന തുടങ്ങീട്ട് പോസ്റ്റ് തീർന്നിട്ടേ ഞാൻ എണീറ്റുള്ളൂ..പാക്കര ചരിതം ഒത്തിരി ഇഷ്ടമായി

afroz said...

Hai shashiyetta..
nice writing..

Nihad Afroz
www.nihadafrozmhe.20m.com
Weblinks / MOH Model Question Papers / Useful Software Sharing / Computer Shortcut Keys etc...

please visit and leave me the feedback..

പാമരന്‍ said...

പതിവു സുഖം കിട്ടിയില്ല വായനയ്ക്ക്‌.. എഴുത്തിലെ അനുഭവങ്ങളുടെ ചൂരു്‌ അങ്ങനെത്തന്നെ ഉണ്ടേനും.

kaithamullu : കൈതമുള്ള് said...

www.nihadafrozmhe.20m.com

തരപ്പെട്ടാല്‍,നിഹാദിന്റെ സൈറ്റിലൂടെ കറങ്ങണമെന്ന് എന്റെ ശുപാര്‍ശ!

ബിന്ദു കെ പി said...

അവസാനഭാഗം ശരിയ്ക്കും ഉള്ളുലച്ചു..

Sarija N S said...

വായനയുടെ ദൈര്‍ഘ്യം ഞാനറിഞ്ഞില്ല, വായിച്ചു തീര്‍ന്ന് ഒന്നു മുകളിലേക്ക് തിരിച്ചു വരും വരെ. ഈ ശൈലിക്ക് അഭിനന്ദനങ്ങള്‍

lakshmy said...

നീളക്കൂടുതലിന്റെ കാര്യം ഓർത്തതു പോലും കുട്ടിച്ചാത്തന്റെ കമന്റ് കണ്ടപ്പോൾ മാത്രം. വളരേ ഇഷ്ടപ്പെട്ടു, കഥ

annamma said...

nannayittundu...
iniyum poratte nattu viseshangal...

ആവനാഴി said...

പണ്ടു സ്കൂളില്‍ പഠിക്കുന്ന കാലം. നടന്നാണു സ്കൂളിലേക്കുള്ള പോക്ക്. കത്തോലിക്കാപ്പള്ളിയുടെ അടുത്തെത്തുമ്പോള്‍ വെളുത്തുള്ളിയും ഇഞ്ചിയും കരിയാപ്പിലയും ചുവന്നുള്ളിയും ചേര്‍ത്തു വരട്ടിയ പോത്തിറച്ചിയുടെ മണം നാസാരന്ധ്രങ്ങളില്‍ അരിച്ചെത്തും. ആ മണം കൂടുതല്‍ ശക്തിയോടെ വലിച്ചെടുക്കുന്നതോടൊപ്പം മനസ്സു കുശിനിയില്‍ മണ്‍ചട്ടിയില്‍ വെളിച്ചെണ്ണയും തേങ്ങാക്കൊത്തും മസാലയും പുരണ്ടു കിടക്കുന്ന ഇറച്ചിക്കറിയിലേക്കോടും.

കൈതമുള്ളെന്ന അനുഗൃഹീതകഥാകൃത്തിന്റെ കഥാകഥനരീതിയും ഇത്തരത്തില്‍ മനസ്സിനെ ഹഠാദാകര്‍ഷിക്കുന്നു. വായനക്കാരന്‍ അതിലെ മസാലക്കൂട്ടിന്റെ മണം പിടിച്ചു താനറിയാതെ തന്നെ കഥയുടെ അന്തരാളത്തിലേക്കൂളിയിട്ടിറങ്ങുന്നു.

ജീവിതഗന്ധിയായ കഥകള്‍ ലളിതസുന്ദരമായ ശൈലിയില്‍ അവതരിപ്പിക്കുന്നതിലൂടെ സാഹിത്യത്തെ അദ്ദേഹം ദന്തഗോപുരത്തില്‍നിന്നു സാധാരണക്കാരുടെ ആസ്വാദനമണ്ഡലത്തിലേക്കാവാഹിക്കുന്നു. അസാധാരണമായ ഒരു സൃഷ്ടിവൈഭവം അദ്ദേഹത്തിന്റെ ഓരോ കൃതികളിലും നിഴലിക്കുന്നതായി വായനക്കാരനുഭവപ്പെടുന്നു.

അയത്നലളിതമായ പ്രതിപാദനശൈലിയാണു കൈതമുള്ളിന്റെ ട്രേഡുമാര്‍ക്ക്. ഇളംകാറ്റിന്റെ തലോടല്‍ കരിവണ്ടുകളുടെ മുരളല്‍ അനുരാഗിണിയുടെ കടക്കണ്ണേറ് കാമാര്‍ത്തന്റെ മൂരിശൃംഗാരം കദനക്കടലിന്റെ അഗാധത ഹാസ്യത്തിന്റെ കതിനവെടി. ആസ്വാദനത്തിന്റെ മായികമേഖലകളിലേക്കു ഒരു മജീഷ്യനെപ്പോലെ അദ്ദേഹം അനുവാചകഹൃദയങ്ങളെ നയിച്ചുകൊണ്ടുപോകുന്നു.

തീക്ഷ്ണമായ നിരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞുകിട്ടുന്ന ഒരു സിദ്ധിയാണത്. നാടന്‍ തേവിടിശ്ശിയോടൊപ്പമുള്ള ഒളിസേവയും‍ കോര്‍പ്പറേറ്റു വേള്‍ഡിലെ സോഫിസ്റ്റിക്കേറ്റഡ് അഫയേഴ്സും അദ്ദേഹത്തിന്റെ തൂലികക്കു ഒരു പോലെ വശംവദരാകുന്നു. പദങ്ങള്‍ അദ്ദേഹത്തിന്റെ മന്ത്രവടിക്കുമുന്നില്‍ വെറും ഏഴകളെപ്പോലെ ചാഞ്ചാടുന്നു. എന്നിട്ട് ഒന്നുമറിയാത്ത മട്ടില്‍ ഒരിടത്തുമാറിയിരിക്കുകയാണു കഥാകൃത്ത്.

അതെ, കഥയുടെ മര്‍മ്മം കണ്ട കഥാകൃത്ത്. അതാണു കൈതമുള്ള്!

ഗീത് said...

പാക്കരചരിതം - ഒരു ഗ്രാമചരിതത്തിന്റെ ഒരേടും..
നന്നായി ഇഷ്ടപ്പെട്ടു.
കൈതമുള്ളിന്റെ ആ ഗ്രാമത്തിലൂടെ ഒന്നു ചുറ്റിയടിച്ചു വന്ന പ്രതീതി.

smitha adharsh said...

പാക്കരനേയും,നാടും,നാട്ടാരേം..ഒക്കെ ഇഷ്ടായി..
മരിച്ചതിനു ശേഷമുള്ള ആ പെട്ടി...അങ്ങനെ ഒരു സൂക്ഷിച്ചു വയ്പ്പ് ..തീരെ പ്രതീക്ഷിച്ചില്ല.

...പകല്‍കിനാവന്‍...daYdreamEr... said...

ശവസംസ്കാരച്ചടങ്ങുകള്‍ക്ക്‌ ശേഷം പാക്കരന്റെ കട്ടിലിന്നടിയിലെ ഇരുമ്പ്‌ പെട്ടി തുറന്നപ്പോള്‍‍ അമ്പരന്നു പോയി, എല്ലാരും:
-തുറക്കാത്ത കുറെ സിഗററ്റ്‌ പാക്കറ്റുകള്‍.
-ഫോറിന്‍ ബ്ലേഡുകള്‍,
-അമ്പതിന്റേയും നൂറിന്റേയും നോട്ടുകളൂടെ രണ്ട്‌ കെട്ടുകള്‍......

പാക്കരന്‍ കലക്കി...
കിടിലന്‍ എഴുത്ത്.. അവസാനം നൊന്തു....
ആശംസകള്‍ ...

നന്ദകുമാര്‍ said...

കൈതമുള്ളേട്ടാ,
നമ്മടെ നാട്ടീക്കൂടെ ഒരു കറക്കം കറങ്ങ്യമാതിരി! സംഭവം ഒള്ളതന്ന്യാ??! രസായിട്ട്ണ്ട്ട്ടാ.. ഇപ്രാവശ്യന്‍ ഭാഷയൊക്കെ ശരിക്കും കൊടൂത്തേക്കണ്. എന്താപറയ്യാ. പറയാന്‍ ഒരു വാക്കില്ല്യാ ന്നെ. കഥ(അനുഭവം) വായിക്യല്ല അനുഭവിക്കാര്‍ന്നു. സത്യം.

ഏറനാടന്‍ said...

ശശിയേട്ടാ,
ഫസ്റ്റ് ഹാഫില്‍ ചിരിച്ചു, വികാരം കൊണ്ടു.
ബട്ട്, സെക്കന്റ് ഹാഫില്‍ ശരിക്കും കരയിച്ചു.
പാവം പാക്കരന്‍!
ഈ കഥാപാത്രം ഒരിക്കലും മനസ്സീന്ന് മായൂല്ല.
ഇത് പി‌ക്‌ചറൈസ് ചെയ്യാച്ചാല്‍ പാക്കരന്‍ ജീവസ്സുറ്റ ഒരു കഥാപാത്രമായി വിലസ്സും.
എന്നും എക്കാലവും..
മൃഗയയിലെ വാറുണ്ണിയെ പോലെ,
തകരയിലെ തകരയെ ഓര്‍ ചെല്ലപ്പനാശാരിയെ പോലെ..
എന്നത്തേയും എവര്‍ഗ്രീന്‍!

kaithamullu : കൈതമുള്ള് said...

പിരീ,
ഒരു കൂരി തേങ്ങ കിട്ടി (മണ്ഡരിയാ?), മുഴുവനോടെ.എന്താണോ പൊട്ടാഞ്ഞത്?
(ഓടോ:ഫോട്ടൊ കലക്കി, ഇനി മാറ്റണ്ടാ, ട്ടാ!)

;-))

അപ്പൂസെ,
‘തൃണമൂല്‍‘ ആദര്‍ശങ്ങള്‍ മുറുകെ പീടിക്കുന്നവരാ. മുകളീലേക്ക് കയറും തോറും ഉടുവസ്ത്രങ്ങള്‍ക്ക് സംഭവിക്കുന്നതെന്തോ..?
ഇല്ല, എന്നെ ഈയിടെ ആരും കണ്ണടിച്ച് കാട്ടാറില്ല!
(റിഫ്ലക്റ്റര്‍ ഫിറ്റ് ചെയ്തിരിക്യാ)

തലതിരിഞ്ഞ(പ്രിയം വന്നപ്പോ നേരെയായി, അല്ലേ?)സുമേഷേ,
“മണ്ണിന്റെ മണമുള്ള കഥ....“
-പെണ്ണിന്റേം പോത്തിന്റേം ‘പൈന്റി”ന്റേം കൂടി!
നന്ദി, കുട്ടാ!

മുസാഫിര്‍,
“പോസ്റ്റുകള്‍ തമ്മിലുള്ള അകലം കൂടുന്നത്“....
എന്ത് ചെയ്യാം, സര്‍ഗവാസനയുടെ കൂമ്പ് ...
- മഴ പെയ്തില്ലേ, ശരിയാകുമായിരിക്കും!

കുട്ടിച്ചാത്താ,
ഇല്യ, ആ‍ പരാതി ആരും പറഞ്ഞില്ല. വെട്ടി വെട്ടി കൊളമാക്കിയതോണ്ടായിരിക്കും.

കാന്താരിക്കുട്ടീ,
ഇഷ്ടായല്ലോ?
-സന്തോഷം!

അഫ്രോസ്,
പുതിയ സൈറ്റ് നന്നായിരിക്കുന്നു.
നന്ദനം...അഭിനന്ദനം!

ബിന്ദൂ,
നന്ദിനി!

സിരിജ,
അഭിപ്രായത്തെ ഏറെ വിലമതിക്കുന്നു.


ലക്ഷ്മി,
വളരെ നന്ദി!

അന്നാമ്മോ,
ഇനിയും വരിക, ഈ വഴി.

ആവനാഴി മാഷേ,
എന്താ പറയുക?
-മാഷെന്നെ പൊക്കി ദന്തഗോപുരത്തിലും സ്വര്‍ഗസീമയിലും ഒക്കെ തട്ടി, അല്ലേ? നല്ല വാക്കുകള്‍ക്ക് മുന്‍പില്‍ വിനീതമായ പ്രണാമം!

ഗീത്,
ഗ്രാമത്തിലേക്ക് വന്നതിന് നന്ദി.

സ്മിതാ ആദര്‍ശ്,
വ്യത്യസ്ഥനാം പാക്കരനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.

പകല്‍ക്കിനാവാ,
അതറിഞ്ഞപ്പോള്‍ മുതലാണ് പാക്കരനെന്നെ വേട്ടയാടാന്‍ തുടങ്ങിയത്.

നന്ദകുമാര്‍,
നമ്മടെ നാടല്ലേ? വാ, ചുറ്റിയടിക്കാം.
കഴിഞ്ഞ തവണ ‍ പറഞ്ഞതോണ്ട് ഇത്തവണ കുറച്ച് കൂടി ശ്രദ്ധിച്ചു എന്നതാ സത്യം!


ഏറനാടാ,
“ഈ കഥാപാത്രം ഒരിക്കലും മനസ്സീന്ന് മായൂല്ല.
ഇത് പി‌ക്‌ചറൈസ് ചെയ്യാച്ചാല്‍ പാക്കരന്‍ ജീവസ്സുറ്റ ഒരു കഥാപാത്രമായി വിലസ്സും.
എന്നും എക്കാലവും..
മൃഗയയിലെ വാറുണ്ണിയെ പോലെ,
തകരയിലെ തകരയെ ഓര്‍ ചെല്ലപ്പനാശാരിയെ പോലെ..
എന്നത്തേയും എവര്‍ഗ്രീന്‍!“
-ക്വോട്ട് ചെയ്തിരിക്കുന്നൂ. താങ്ക്സ്!

സുല്‍ |Sul said...

കൊണ്ടു.

-സുല്‍

നൊമാദ് | A N E E S H said...

ശശിയേട്ടാ സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു

ഞാന്‍ ഇരിങ്ങല്‍ said...

ആദ്യമൊക്കെ ശശിയേട്ടന്‍റെ എഴുത്ത് വായിക്കുമ്പോള്‍ എനിക്ക് തന്നെ പലപ്പോഴും ശശിയേട്ടനോടുള്ള ഇഷ്ടം കൊണ്ടല്ലേ ഇത് ഇത്രയും ഇഷ്ടപ്പെടുന്നതെന്ന ഒരു തോന്നല്‍ ഉണ്ടായിരുന്നു. എന്നാല്‍ അതല്ലെന്ന് ഓരോ പോസ്റ്റും തെളിയിക്കുന്നു.
പാക്കരന്‍..പാത്ര സൃഷ്ടി അതി മനോഹരം. വായനക്കാരുടെ മനസ്സില്‍ പാക്കരന്‍ അയത്ന ലളിതമായി കൂടു കൂട്ടുന്നു. നമുക്കിടയില്‍ , നാട്ടില്‍ എവിടെയൊക്കെയോ പാക്കരന്‍ ഇല്ലേ എന്ന് നോക്കി പോകുന്നു.
2008 ലെ ബ്ലോഗ് എഴുത്തുകളില്‍ എന്തുകൊണ്ടും കൈതമുള്ള് എന്ന എഴുത്തുകാരന്‍ റെ കൂടി വര്‍ഷമാണ് എന്നതില്‍ അഭിനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു.
എഴുത്തിലെ ഹൃദ്യതയും ഗൌരവവും പൈങ്കിളിയാവാതെ , ചോര്‍ന്നു പോകാതെ വായനക്കാരില്‍ എത്തിക്കാന്‍ ഈ എഴുത്തിന് കഴിയുന്നു. ഇത്രകാലം അടച്ചു പൂട്ടിയ എഴുത്ത് കൂടു തുറന്ന ഭൂതം കണക്കെ വായനക്കാരെ ചുറ്റിപ്പറ്റി നില്‍ക്കുമ്പോള്‍ വല്ലാതെ സന്തോഷം വരുന്നു.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

kaithamullu : കൈതമുള്ള് said...

സുല്‍,
കൊണ്ടതെത്ര, കൊള്ളത്തതെത്ര?

അനീഷ്,
നല്ലതു മാത്രം ഭവിക്കട്ടേ!

ഇരിങ്ങല്‍,
ഇത്രയും പ്രതീക്ഷിച്ചില്ലാ!
(അല്പം പൊക്കലൊക്കെ ആര്‍ക്കാ ഇഷ്ടല്യാത്തേ?‍) സ്നേഹബന്ധങ്ങള്‍ നോക്കി വിമര്‍ശിക്കുന്ന ഒരാളാണ് ഇരിങ്ങല്‍ എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ലാ, ട്ടോ!

എല്ലാര്‍ക്കും സ്നേഹവും സഹകരണവും മനഃസ്സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു!

സുമയ്യ said...

മറ്റു ഭാഗങ്ങള്‍ വായിച്ചതിനു ശേഷം അഭിപ്രായം അറിയിക്കാം...

പുതുവത്സരാശംസകള്‍

കുമാരന്‍ said...

രസികന്‍ പോസ്റ്റ്. പലയിടത്തും ചിരി അടക്കാന്‍ പറ്റിയില്ല.

kaithamullu : കൈതമുള്ള് said...

സുമയ്യയുടെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു.

കുമാരാ,
രസിച്ചെന്നറിഞ്ഞ് സന്തോഷം.
ഇനിയും വരിക!

യൂസുഫ്പ said...

ഏതാണ്ടൊക്കെ നോവിച്ചു ശശിയേട്ടാ...,സ്വന്തം അനുഭവങ്ങള്‍ കൂടാതെ തന്നെ പഴയ കാലങ്ങളിലേക്ക് തിരിച്ചുപോകുന്നത് പലപ്പോഴും ഏട്ടന്റെ പോസ്റ്റ് വായിക്കുമ്പോഴാണ്.കൈതക്കൂട്ടില്‍ നിന്നും കൈതപ്പൂവിന്റെ നറുമണം എന്നും പരത്താന്‍ ദൈവം അനുഗ്രഹിക്കട്ടെ.

സുമയ്യ said...

നല്ല വായനാസുഖം തരുന്നു.ഒപ്പം പഴയതൊക്കെ ഓര്‍ത്തെടുക്കാന്‍ അവസരവും.നല്ല പോസ്റ്റുകള്‍..

കുട്ടന്‍മേനൊന്‍ said...

അമ്പതിന്റേയും നൂറിന്റേയും നോട്ടുകളൂടെ രണ്ട്‌ കെട്ടുകള്‍......

അത് തന്നെ ഞാനെടൂത്ത വാക്കുകള്‍.

വായിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ.

kaithamullu : കൈതമുള്ള് said...

കുട്ടന്‍‌മേന്നെ,
ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വന്നല്ലോ?
(മുംബയില്‍ സുഖം?)

യൂസഫ്പ,
കൈതക്കൂട്ടില്‍ കൈയിടുമ്പോള്‍ സൂക്ഷിക്കണേ... എട്ടടി മൂര്‍ഖന്മാര്‍ ധാരാളം!
;-)
താങ്ക്സ്,ട്ടാ!

സുമയ്യ,
വീണ്ടും വന്നതില്‍ നന്ദി.

പൊറാടത്ത് said...

ശശിയേട്ടാ.. ഇതെങ്ങനെ മിസ്സ് ആയീന്ന് അറിയില്ല. പോസ്റ്റ് ചെയ്ത് ഒരു മാ‍സം കഴിഞ്ഞു കണ്ണിൽ പെടാൻ..:(

ഈ എഴുത്ത് കണ്ട്, അപ്പു പറഞ്ഞപോലെ, ആരെങ്കിലും കണ്ണിടാതിരിയ്ക്കട്ടെ..

ഒരു കാലഘട്ടത്തിന്റെ, നാട്ടിലെ ശരിയ്ക്കുമുള്ള ചിത്രം ഭംഗിയായി വരച്ചുകാട്ടാൻ കഴിഞ്ഞിരിയ്ക്കുന്നു. വളരെ നന്ദി.. ഇന്നിനി വേറെ ഒന്നും വേണ്ടിവരില്ല

കലേഷ് കുമാര്‍ said...

ശശിയേട്ടാ, ഇപ്പഴാ വായിച്ചത്....
നന്നാ‍യിട്ടുണ്ടെന്ന് പ്രത്യേകിച്ചെഴുതേണ്ട കാര്യമില്ലല്ലോ.....

കഥ വായിച്ച് തുടങ്ങിയപ്പം തോന്നിയ ഒരു രീതീലല്ല അത് വികസിച്ചത്.... പാക്കരന്‍ കയറി സ്റ്റാറായില്ലേ...

മനോഹരം...

അടുത്തതെന്നാ?

ചങ്കരന്‍ said...

പാക്കര ചരിതം ബഹുകേമം, മനസ്സില്‍ നില്‍ക്കുന്ന കഥ.

kaithamullu : കൈതമുള്ള് said...

കലേഷേ,
ബിസിയായിരിക്കുമെന്ന് കരുതി.
ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലെന്ന് പറഞ്ഞുനടക്കുന്നൂ ചില പാണന്മാര്‍.
-ബംഗളൂരില്‍ ഇല്ലേ ഇപ്പോള്‍?

പൊറാടത്ത്,
പാടി പാടി കടാപ്പുറത്തൂടെ നടക്കയല്ലേ?
അപ്പൊ ചിലതൊക്കെ കണ്ടില്ലെന്ന് വരും!(പണ്ട് ജയചന്ദ്രന്‍ കണ്ണുകള്‍ ഇറുകെ അടച്ചാണ് പാടിയിരുന്നത്)
താങ്ക്സ് ണ്ട് ട്ടാ!
:-))

ചങ്കരാ,
വന്നതില്‍ നന്ദി.
ഇനിയും വരിക!

SreeDeviNair said...

മനസ്സില്‍തട്ടുന്ന
വരികള്‍
വീണ്ടുംവിളിക്കുന്ന
വാക്കുകള്‍

വളരെ നന്നായിട്ടുണ്ട്..
ആശംസകള്‍..

ജിപ്പൂസ് said...

ശശിയേട്ടാ...വായിക്കാന്‍ ഇത്തിരി വൈകീ ട്ടോ.
നമ്മള്‍ ഒരു തുടക്കക്കാരനാ.
കഥേനെ കുറിച്ച് പറയാണെങ്കി...
ഹും, വല്യ കൊഴപ്പല്ല :(
പിന്നെ ഇതെഴുതീന്നെച്ച് വല്ലാണ്ട് നെഗളിക്കൊന്നും വേണ്ടാ ട്ടാ.
ഇതിപ്പോ നിക്കും പറ്റും.വേണ്ടാന്നു വച്ചിട്ടാ.

ന്നാലും എന്തൂട്ട് കയ്യടക്കാ ഗഡീ...!
സത്യായിട്ടും അസൂയ തോന്നുന്നു.
ഒരു നോക്കു കുത്തീനെ കൊണ്ടന്നു വച്ചോട്ടാ ഈ പോസ്റ്റിന്റെ മുമ്പില്‍.
അല്ലെങ്കി പണി കിട്ടും.ഒറപ്പാ...

കുമാരന്‍ said...

ഇതൊരു നാടിന്റെ ചരിതം കൂടിയാണല്ലോ. രസായിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ചില പ്രയോഗങ്ങളും രസകരമായ സംഭവങ്ങളും. നല്ല എഴുത്ത്.

kaithamullu : കൈതമുള്ള് said...

ദേവി ശ്രീദേവി,
നന്ദി പറയുന്നൂ ഞാന്‍!

ജിപ്പൂ,
എന്നാലും എന്റെ ചുള്ളാ,
ഉം..നടക്കട്ടേ!
താങ്ക്സ് ണ്ട് ട്ടാ!

കുമാരങ്കുട്ടീ,
എന്റെ നാട്ടില്‍ വന്നതിന് നണ്ട്രി!

G.manu said...

നാടന്‍ മണമുള്ള മനോഹരമായ മറ്റൊരു കൈത എപ്പിസോഡ്..

ഒരു കരിക്ക് കുടിച്ച പ്രതീതി വായിച്ചപ്പോള്‍

(ഇനി പോസ്റ്റിടുമ്പോ ഒരു മെയില്‍ അയക്കണേ മാഷേ പ്ലീസ്.. അഗ്രി നോക്കാനുള്ള സമയമില്ലായ്മ കൊണ്ടാണേ)

ജെപി. said...

punjab 4 fighting
bangal 4 writing
kashmir 4 beauty
rajasthan 4 history
maharashtra 4 victory
karnataka 4 silk
haryana 4 milk
kerala 4 brains
UP for grains
india 4 integrity
so, proud to be an indian.
60th republic day wishes

Sureshkumar Punjhayil said...

Valare nannayirikkunnu. Ashamsakal...!

വരവൂരാൻ said...

കഥ ഒത്തിരി ഇഷട്പ്പെട്ടും ബുലോഗ്ഗത്തിലെ എം ടി. അങ്ങിനെയാ തോന്നിയത്‌

kaithamullu : കൈതമുള്ള് said...

ജി.മനു,
ബിസിയാ അല്ലേ?
അയക്കാം അടുത്താഴ്ച ട്ടോ!

ജെപി:
;-)

സുരേഷ്കുമാര്‍,
നന്ദി.
ഇനിയും വരിക.

വരവൂരാന്‍,
മാഷേ, അത്രക്ക് പൊങ്ങില്യാ!
താങ്ക്സ് ട്ടാ!

shahir chennamangallur said...

ഇഷ്ടമായി . കൂടുതല്‍ വായിക്കാനുള്ള തിടുക്കത്ത്തെ പ്രസവിക്കുന്ന എഴുത്ത്

BIJU said...

sasiettta,
Really touching.
BIJU R V

ജെപി. said...

വായനാസുഖം ഉണ്ട്.
വിഷു ആശംസകള്‍



please visit and join

trichurblogclub.blogspot.com

റോസാപ്പുക്കള്‍ said...

ഇത്രയും മനോഹരമായി,ഒട്ടും മുഷിയിപ്പിക്കാതെയുള്ള ഈ എഴുത്തിന് അഭിനന്ദനങ്ങള്‍