Saturday, January 31, 2009

അമ്മായിഗുണ്ട്

മൂക്കിന്‍ തുമ്പത്ത്‌ ശുണ്ഠിക്കാരനും കയ്യാങ്കളിക്കാശാനുമായ കുഞ്ഞമ്മാന്, കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രിയെന്ന പോലായിരുന്നു കുഞ്ഞമ്മായി. ഈ 'ഹിറ്റ്ലര്‍ മുസ്സോളിനി' അച്ചുതണ്ടിന്നെതിരെ നിരന്തര ചെറുത്ത്‌ നില്‍പ്‌ നടത്തിക്കൊണ്ടിരുന്ന മൂത്ത പുത്രന്‍ ഭുവന ചന്ദ്രന്‍ അതിനാലവര്‍ക്കെന്നും കണ്ണിലെ കരട്‌....ഒന്‍പതാം കുഴിക്ക്‌ ശത്രു.

സ്കൂളുകള്‍ പെറ്റിബൂര്‍ഷ്വാകളുടെ 'ഹാച്ചിംഗ്‌ സെന്ററുകള്‍' ആണെന്നും വിപ്ലവാചാര്യന്‍ ചെഗുവേരയും തിരുത്തല്‍ വാദി മാവോയുമാണു നന്മയുടെ നൂറു പുഷ്പങ്ങള്‍ വിരിയിക്കുകയെന്നും വിശ്വസിച്ച ഭുവനേട്ടന്‍ ക്ലാസ്സില്‍ കയറാറില്ല. അഥവാ കയറിയാല്‍ സതീര്‍ത്ഥ്യരിലൊരാളിലെങ്കിലും തന്റെ ബൊളീവിയന്‍ ഒളിവിദ്യ പരീക്ഷിച്ചിരിക്കും.

അമ്പേറ്റ ആരെങ്കിലും അന്ന് വൈകീട്ട്‌, രക്ഷിതാവിനോടൊപ്പം, കാര്യേഴുത്ത്‌ തറവാടിന്റെ മുറ്റത്ത്‌ ഹാജരുണ്ടാകും.
വിചാരണ, തെളിവെടുപ്പ്‌ എന്നീ പ്രഹസനങ്ങള്‍ പതിവില്ല; ശിക്ഷ വിധിക്കാനും നടപ്പാക്കാനുമുള്ള കാലതാമസവും.
പിടിച്ച്‌ കെട്ടും പ്രതിയെ മുറ്റത്തെ തൈത്തെങ്ങില്‍.
ഒന്നാം മുറയും രണ്ടാം മുറയും അമ്മായി വക.അമ്മാവനപ്പോള്‍ മൂന്നാം മുറയ്ക്കുള്ള 'വാം അപ്‌' നടത്തുകയായിരിക്കും.

പിറ്റേന്ന് രാവിലെ കട തുറക്കാന്‍ എണീക്കുന്ന ഞങ്ങള്‍ക്ക്‌ കണി, തിണ്ണക്കരികില്‍ 'റ' ഷേപ്പില്‍ ചുരുണ്ട്‌ കിടക്കുന്ന ഭുവനേട്ടനായിരിക്കും.

ഭുവനേട്ടന്റെ അപ്രതീക്ഷിത സാന്നിധ്യം പകരുന്ന ഉത്സവ ലഹരി , അമ്മായിയെത്തി അനുനയിപ്പിച്ച്‌ കുട്ടിക്കൊണ്ട്‌ പോകും വരെ തുടരും.

സ്കൂള്‍ വിട്ട് വന്നാല്‍ തറവാട്ട്‌ പറമ്പില്‍ പടര്‍ന്ന് പന്തലിച്ച്‌ കിടക്കുന്ന കൊടമ്പുളി മരത്തിന്റെ വേരുകളിലും ശിഖിരങ്ങളിലുമായി, ഭുവനേട്ടന്റെ നേതൃത്വത്തില്‍, കുട്ടിക്കുരങ്ങന്മാരുടെ 'ദാവൂസ്‌ ഉച്ചകോടി' ആരംഭിക്കും.

വല്യേച്ചി, കൊച്ചേച്ചി.....
വെല്ലിശന്റെ മക്കള്‍: വിശാലേച്ചി, പദ്മിനിയേച്ചി, പ്രസേനന്‍ എന്ന കൊച്ചേട്ടന്‍.....

വിമുഖതയോടെയാണെങ്കിലും വല്യമ്മായിയുടെ സീമന്ത പുത്രന്‍ നരേന്ദ്രനേയും വിളിക്കും, കോറം തികയ്ക്കാന്‍.
ഇളയച്ചന്മാര്‍ രണ്ടൂം 'ഔട്ട്‌ ഓഫ്‌ സ്റ്റേഷന്‍' ആയതിനാല്‍ ഇളയമ്മമാര്‍ക്ക്‌ 'ബോഡിഗാര്‍ഡായി' നിയത്തിയിരിക്കയാണു നരേട്ടനെ.

കൊച്ചേട്ടന്റേയും ഭുവനേട്ടന്റേയും കുത്തകയായ വാള്‍പ്പയറ്റായിരിക്കും ആദ്യ ഐറ്റം.
അത്‌ കഴിഞ്ഞാല്‍ 'റിഫ്രഷ്‌മന്റ്‌": കല്ലുപ്പും മുളക്‌ ചതച്ചതും ചേര്‍ത്തുള്ള മിശ്രിതത്തില്‍ മുക്കിയ ഇരിമ്പന്‍ പുളി.

"അക്ഷര ശ്ലോകമത്സരം"ആണു അടുത്തത്‌.
അക്ഷരശ്ലോകമെന്ന് വച്ചാല്‍ സിനിമാപ്പാട്ട്‌.

"ആണുങ്ങള്‍ ഒരു ടീം" :കൊച്ചേട്ടന്‍ ഭുവനേട്ടനേയും എന്നേയും സൈഡിലേക്ക്‌ മാറ്റി നിര്‍ത്തും.
'അപ്പോ നരനോ?": ചേച്ചി ചോദിക്കും.
"അതിനവന്‍ ആണാ....?": ഭുവനേട്ടന്‍ ഞങ്ങളെ നോക്കി കണ്ണിറുക്കും.
"അമ്മായി ഗുണ്ട്‌ പെണ്ണുങ്ങള്‍ടെ സൈഡില്‍"

പൊക്കം കുറഞ്ഞ്‌, തുടുത്ത്‌, സ്ത്രൈണത മുറ്റിയ ശരീരവും വിടര്‍ന്ന കണ്ണുകളും നീണ്ട കണ്‍പീലികളുമുള്ള ഗുണ്ട്‌ പോലിരിക്കുന്ന അമ്മായിപുത്രനു കൊച്ചേട്ടനിട്ട പേരാണു: 'അമ്മായി ഗുണ്ട്‌" എന്ന്.

അല്‍പം വിക്കുണ്ട്‌. സംസാരിക്കുമ്പോല്‍ മുഖത്ത്‌ നോക്കില്ല. സ്വയം ഒരു കാര്യവും ചെയ്യില്ല.

"ഊണിനു നായര്‍ മുന്‍പില്‍, പടക്ക്‌ നായര്‍ പിന്നില്‍": കളിയാക്കും കൊച്ചേട്ടന്‍.

എന്തെല്ലാമായിരുന്നൂ, ഭുവനേട്ടന്‍; അതൊന്നുമായിരുന്നില്ല നരേട്ടന്‍.

ഹിന്ദി ഗാനങ്ങളാണു ഭുവനേട്ടന്റെ സ്പെഷ്യാലിറ്റി. തെറ്റ്‌ പറ്റിയാലും പിടിക്കപ്പെടില്ലല്ലോ?

"ഓ ഹോ ഹോ ഹോ....
ഖോയാ ഖോയാ ചാന്ദ്‌,
ഖുലാ ആസ്മാന്‍,
ആങ്ഖോം മേം സാരീ രാത്‌ ജായേഗീ.....
തും കോ ഭീ കൈസേ നീംദ്‌ ആയേഗീ...."

ഇടത്‌ കൈ ചെവിയില്‍ വച്ച്‌, വലത്‌ കൈ ആകാശത്തേക്കുയര്‍ത്തി ഭുവനേട്ടന്‍ നീട്ടിപ്പാടും.

ചേച്ചിയുടെ മറുപടി:
"തലക്ക്‌ മീതെ ശൂന്യാകാശം,
താഴെ മരുഭൂമീ..
തപസ്സ്‌ ചെയ്യും വേഴാമ്പല്‍ ഞാന്‍...."

"സുന്‍ സുന്‍ സുന്‍,
അരേ പ്യാരേ സുന്‍..."
തുടരും ഭുവനേട്ടന്‍.

ചേച്ചിക്കും ചില സ്ഥിരം നമ്പരുകളുണ്ട്‌.

"കടലാസ്‌ വഞ്ചിയേറി,
കടലും കടന്ന് കേറി..."

മത്സരം വല്യേച്ചിയും ഭുവനേട്ടനും കൂടി ഹൈജാക്ക്‌ ചെയ്യുമ്പോള്‍ കുശുമ്പ്‌ കേറുന്ന കൊച്ചേട്ടന്‍ എംജീയാറാകും:
"നാന്‍ ആണയിട്ടാല്
‍അത്‌ നടന്ത്‌ വിട്ടാല്‍....'

കാര്യേഴുത്ത്‌ കിഴക്കേതില്‍ പുതിയതായി താമസമാക്കിയ ബറോഡ റിട്ടേണ്‍ പങ്കജാക്ഷന്‍ നായരുടെ ഗ്രാമഫോണിന്റെ ഊര്‍ജ്ജം ഹിന്ദി ഗാനങ്ങളായി ഭുവനേട്ടന്റെ സ്വരത്തില്‍ ഒഴുകിപ്പരക്കുമ്പോള്‍, റേഡിയോയിലെ ഗാനങ്ങള്‍ കേട്ട്‌ പഠിച്ച്‌ പാടുന്ന ചേച്ചിമാര്‍ പ്രാണവായുവിനായി പിടയും.

"സൈഗളിനെ അറിയോ? ഷംസാദ്‌ ബീഗം, മുകേഷ്‌...റാഫി...?
ഹിന്ദിയിലെ വല്യ പാട്ടുകാരാ...."
-ഭുവനേട്ടന്‍ തന്റെ അറിവുകള്‍ പ്രൗഢിയൊടെ വിളമ്പും.

"കേട്ടിട്ടുണ്ടോ സൊജാ രാജകുമാരി...,
മേരാ പിയാ ഗയാ റംഗൂണ്‍.....,
ആ ലൗട്‌ കെ ആ......,
ഓ ദുനിയാ കെ രഖ്‌വാലേ..."

"ഓമനക്കുട്ടന്‍ ഗോവിന്ദന്‍ ബലരാമന്റെ കൂടെ കൂടാതെ....."

- ഭുവനേട്ടന്‍ പ്രഭാഷണം നിര്‍ത്താന്‍ ഭാവമില്ലെന്ന് കാണുമ്പോള്‍ വിശാലേച്ചി ഇടപെടും.

"അയ്യേ..അത്‌ പദ്യമല്ലേ? പാട്ടല്ലല്ലോ?" : കൊച്ചേട്ടന്‍ കളിയാക്കും.

"നീയെന്‍ ചന്ദ്രനേ,
ഞാന്‍ നിന്‍ ചന്ദ്രികാ......
ഓ..ഓ....."
ചേച്ചി കച്ചേരി തുടരാന്‍ ശ്രമിക്കും.

"തു മേരീ ചാന്ദ്‌,
മേം തേരീ ചാന്ദ്‌നീ...
ദില്‍ കൊ ലഗാനാ കോയി ദില്‍ ലഗീ,
കോയീ ദില്‍ ലഗീ..."

ചേച്ചിയില്‍ നിന്നേറ്റെടുത്ത്‌ അതേ ഈണത്തില്‍ ഗാനം പൂര്‍ത്തിയാക്കി, ഭുവനേട്ടന്‍ പരിഹസിക്കും:
"ഹിന്ദിപ്പാട്ട്‌ കട്ടെടുത്ത്‌ മലയാളത്തിലാക്കി, അല്ലേ? വേറെ സ്റ്റോക്കൊന്നും കൈയിലില്ലല്ലോ?"

ചേട്ടന്മാര്‍ കൂകിയാര്‍ക്കും.
"തോറ്റേ....പെണ്‍പട തോറ്റ്‌ തൊപ്പിയിട്ടേയ്‌"


അപ്പോഴായിരിക്കും വിളിച്ചിട്ടും കേള്‍ക്കാത്ത ഞങ്ങളെത്തേടിയുള്ള അമ്മയുടെ വരവ്‌.
"ചെവി കേക്‌ക്‍ണില്യേ ഒന്നിനും? എത്ര നേരായി വിളിക്‌ക്‍ണൂ...?"

കുഞ്ഞാങ്ങളയുടെ മോനോടുള്ള 'സോഫ്റ്റ്‌ കോര്‍ണര്‍' മൂലമാകണം ശകാരം നീട്ടാതെ, ചേച്ചിയുടെ നേരെ തിരിയും അമ്മ.
"ചെല്ല്..ചെന്ന് വെളക്ക്‌ വയ്ക്ക്‌..ബാക്കിയെല്ലാരും മുഖോം കൈയും കഴുകി നാമം ജപിക്ക്‌"

കാലത്ത്‌ ഞങ്ങളോടൊപ്പം ഭുവനേട്ടും യാത്രയാകും, സ്കൂളിലേക്ക്‌.
ചേട്ടന്മാരുടെ കളിയാക്കലും തോണ്ടലും സഹിക്ക വയ്യാതെ പുസ്തകക്കെട്ടും ചോറ്റ്‌ പാത്രവും തൂക്കി മുന്നില്‍ ഓടും, നരേട്ടന്‍.
"അമ്മായി ഗുണ്ടേയ്‌....അമ്മായിഗുണ്ട്‌ വരണേയ്‌..."
എന്നാര്‍ത്തുകോണ്ട്‌ ചേട്ടന്മാര്‍ പിന്നാലെ.
ഒപ്പമെത്താനോടും ഞാന്‍.

രഹസ്യം പറച്ചിലും അടക്കിയ ചിരികളുമായി ചേച്ചിമാര്‍ വളരെ പിറകിലായിരിക്കും.

ഇന്റവെല്ലിനും ഉണ്ണാന്‍ വിടുമ്പോഴും, കിളിമാസും കുറ്റിയും കോലുമൊക്കെ കളിക്കാന്‍ എല്ലാവരുടെയും മുന്നില്‍ കാണും ഭുവനേട്ടന്‍.

കളികളില്‍ പങ്കെടുക്കാതെ, കൂട്ടുകാരില്ലാതെ, ഡെസ്കില്‍ മുഖമമര്‍ത്തി കണ്ണുകളടച്ച്‌ കിടക്കും നരേട്ടന്‍.

നാലടി പൊക്കവും സ്ഥൂലിച്ച ശരീരവുമുള്ള വല്യമ്മായിക്ക്‌, ഏറെ നാള്‍ നീണ്ട കാത്തിരിപ്പിനും തിരച്ചിലിനും ശേഷമാണു രണ്ടാം കെട്ടുകാരനായ വല്യമ്മാനെ കിട്ടിയത്‌.

തന്റെ പൊക്കമില്ലായ്മയുടെ കാരണക്കാരി വയറ്റാട്ടി നാരായണിയാണെന്നാണു വല്യമ്മായി പറയുന്നത്‌.

പേറെടുത്ത്‌ മറുപിള്ള മുറിച്ച്‌ മാറ്റിയിട്ടും, ഒച്ച വച്ച്‌ കരയാത്ത കുഞ്ഞിന്റെ തലയില്‍, നാരായണി ശക്തിയായി അടിച്ചുവത്രേ. ആ അടിയുടെ കാഠിന്യത്താലാണു വളര്‍ച്ച ലംബത്തില്‍ നിന്നും തിരശ്ചീനത്തിലേക്ക്‌ മാറിയതത്രേ!

കുടുംബം, സ്വത്ത്‌, പ്രായം, രണ്ടാം കെട്ട്‌....ദൗര്‍ബല്യങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടി അമ്മാവനെ തന്റെ സാമന്തനാക്കി, അമ്മായി.

മൂത്ത മോന്‍ നാലാം ക്ലാസ്‌ പാസ്സായപ്പോള്‍ അവനേയും കൊണ്ട്‌ അമ്മായി തറവാട്ടിലെത്തി.
"അവടട്‌ത്ത്‌ ഹൈസ്കൂളില്ല. പിന്നെ ഇവട്‌-ത്തെ കാര്യങ്ങള്‍ നോക്കാന്‍ ഒരാളുമായല്ലോ?"

ആര്‍ക്കും ഒരു ശല്യമാകാതെ തെക്കിനിയില്‍ ഒതുങ്ങിക്കൂടി നരേട്ടന്‍. ശമ്പളമില്ലാതെ ഒരു വേലക്കാരനെ കിട്ടിയതില്‍ ഇളയമ്മമാര്‍ക്കും സന്തോഷം.

മോന്‍ പത്ത്‌ പാസ്സായപ്പോള്‍ ബോംബെയിലുള്ള അനിയന്റെ അടുത്തേക്കയക്കാനായിരുന്നു വല്യമ്മായിയുടെ പ്ലാന്‍. കുറച്ച്‌ 'കൊട്ടും പാട്ടും' പഠിച്ചാലേ ബോംബെയില്‍ ജോലി കിട്ടൂ എന്ന അനിയന്റെ അഭിപ്രായത്തെ മാനിച്ച്‌ നരേട്ടന്‍ ഇരിഞ്ഞാലക്കുട മിനര്‍വ ഇന്‍സ്റ്റിട്യൂട്ടില്‍ ഷോര്‍ട്ട്‌ ഹാന്‍ഡും റ്റൈപ്‌ റൈറ്റിംഗും പഠിക്കാന്‍ ചേര്‍ന്നു.

തമ്മില്‍ കാണുമ്പോള്‍ മുഖത്തെ മംസപേശികളുടെ സങ്കോച വികാസങ്ങളില്‍ വിരിയുന്ന മന്ദഹാസത്തിനപ്പുറം കടന്നിരുന്നില്ല ഞങ്ങള്‍ തമ്മിലുള്ള ബന്ധം.

ബോംബെയില്‍ ജോലി കിട്ടി, കൊല്ലങ്ങള്‍ക്ക്‌ ശേഷവും നാടോ വീടോ ഒന്ന് സന്ദര്‍ശിക്കാന്‍ പോലും മിനക്കെടാതെ, ഈവനിംഗ്‌ ക്ലാസുകളില്‍ ചേര്‍ന്ന് പഠിച്ചു വലിയ ഉദ്യോഗസ്ഥനായി, നരേട്ടന്‍.

കാരുമാത്ര, വല്യമ്മായിയുടെ വീട്ടിനടുത്ത്‌ തന്നെയാണു കൊച്ചമ്മായിയേയും കെട്ടിച്ചയച്ചിരിക്കുന്നത്‌. പക്ഷെ അവര്‍ക്കിടയിലെന്നും തകര്‍ക്കപ്പെടാനാവാത്ത ഒരു 'ബെര്‍ലിന്‍ വാള്‍' നില കൊണ്ടിരുന്നു.

കൊച്ചമ്മായിയുടെ വീട്ടില്‍ പോകാന്‍ ഇഷ്ടമായിരുന്നു, എനിക്ക്‌. കാണുമ്പോഴേക്കും ഓടി വരും, നിറചിരിയോടെ കെട്ടിപ്പിടിക്കും. വിശേഷങ്ങള്‍ ചോദിച്ചറിയും.പിന്നെ വയര്‍ നിറയെ പാല്‍ക്കാപ്പിയും പൂവടയും തന്ന് സത്കരിക്കും.

കൂടെ നടന്ന് വന്ന് വല്യമ്മായിയുടെ വീട്‌ അകലെ നിന്ന് കാട്ടിത്തരും, കൊച്ചമ്മായി.

പുല്ലാനിക്കാടുകളും തൊട്ടാവാടിക്കൂട്ടങ്ങളും കല്ലുവെട്ട്‌ മടയുമൊക്കെ നിറഞ്ഞ കുന്നിന്‍പുറത്ത്‌ കൂടെയുള്ള ആ നാട്ടുവഴി ഇന്നും എനിക്കപരിചിതം.

കോലായിലെ ചാരുകസാലയില്‍ കണ്ണുകളടച്ച്‌ കിടപ്പുണ്ടാകും, പഞ്ഞി പോലെ നരച്ച മുടിയും നീണ്ട താടിരോമങ്ങളുമുള്ള വല്യമ്മാന്‍. പാളവിശറി, വെറ്റിലച്ചെല്ലം, വെള്ളം നിറച്ച കിണ്ടി എന്നിവ കാണും കൈയെത്തും ദൂരത്ത്‌.

"ആരാ?"

വെയിലില്‍ നിന്നും ചാവടിയിലേക്ക്‌ കയറുന്ന രൂപവുമായി താദാത്മ്യം പ്രാപിക്കുന്ന കണ്ണുകളൊന്ന് തിളങ്ങും.
"വേലായീടെ മോനല്ലേ?"
പേരിനു പ്രസക്തിയില്ലാത്തതിനാല്‍ 'അതെ'യെന്ന് തലയാട്ടും, ഞാന്‍.

പടിഞ്ഞാറെ വെപ്പുപുരയില്‍ നിന്നും വല്യമ്മായിയുടെ ഭാരിച്ച ശരീരം കോലായിലെത്തിയിരിക്കും, അപ്പോഴേക്കും.
"എന്താടാ വിശേഷിച്ച്‌?"
കോമളഭാവങ്ങള്‍ വിരുന്ന് വരാത്ത മുഖത്ത്‌, പരിചിതത്വത്തിന്റെ ഒരു നിഴലാട്ടമെങ്കിലും പ്രതീക്ഷിച്ചുകൊണ്ട്‌, വന്ന കാര്യം അവതരിപ്പിക്കും, ഞാന്‍.

"കാലത്തെ എത്തി നീ അവള്‍ടട്‌ത്ത്‌, അല്ലേ?"
ഞളുങ്ങിയ ഒരു ചിരിയുമായി നിന്ന് പരുങ്ങും, ഞാന്‍.
'പാലില്ല, കട്ടനെടുക്കട്ടേ?"
"വേണ്ടാ, വേം ചെല്ലാന്‍ പറഞ്ഞിട്ടുണ്ടച്ഛന്‍."
"എന്നാ ചെല്ല്."
തിരിഞ്ഞ്‌ നടക്കും അവര്‍.

യാത്ര പറയാന്‍ നോക്കുമ്പോല്‍ അമ്മാവന്‍ കിടന്ന കസാല ശൂന്യമായിരിക്കും.പെണ്മക്കളാരെങ്കിലും അടുക്കളയില്‍ നിന്നെത്തി നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചാലായി.തനയന്മാര്‍ പശുപാലകരായി പാടത്തോ പറമ്പിലോ കറങ്ങുകയാകും.

ഉദ്യോഗം തേടി ബോംബെയിലെത്തിയ ഞാന്‍ പരിചയക്കാരെയൊക്കെ ഒരു വട്ടമെങ്കിലും സന്ദര്‍ശിക്കാന്‍ ശ്രമിച്ചിരുന്നൂ. പക്ഷേ നരേട്ടന്റെ പേര്‍ എന്റെ മനസ്സിന്റെ ഡയറക്റ്ററിയില്‍ എവിടേയും ലിസ്റ്റ്‌ ചെയ്യപ്പെട്ടിരുന്നില്ലല്ലോ?

ഏട്ടന്‍ പിന്നീട്‌ നാട്ടിലെത്തിയെന്നും വിവാഹം കഴിച്ചെന്നുമുള്ള വാര്‍ത്തകള്‍, കത്തുകളിലെ വരികള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് രൂപരഹിതമായി കിടന്നു.

അക്കാലത്ത്‌ ദുബായില്‍ നിന്നും നാട്ടിലേക്കുള്ള ഓരോ യാത്രയും വൃതാനുഷ്ടാനങ്ങളോടെ നടത്തുന്ന ശബരിമല തീര്‍ത്ഥാടനം പോലെ ദുഷ്കരമായിരുന്നു.
വ്രതശുദ്ധി ബോധ്യപ്പെട്ടാലേ 'അര്‍ബാബ്‌'പെരിയസ്വാമിയുടെ അനുഗ്രഹം ലീവായി മാറൂ.
യാത്രയുടെ തലേന്ന് ഗംഭീരമായ 'കെട്ടുമുറുക്കല്‍' ചടങ്ങും 'വിളക്കും പാട്ടും" നടക്കും.
മല കയറാത്ത അയ്യപ്പന്മാരുടെ 'നേര്‍ച്ചകള്‍'കൊണ്ട്‌ സമ്പന്നമായിരിക്കും 'ഇരുമുടിക്കെട്ട്‌".
എക്സെസ്‌ ബാഗേജെന്ന പമ്പയില്‍ മുങ്ങി,
എയര്‍ ഇന്ത്യയുടെ കരിമല കയറി,
ബോംബെ കസ്റ്റംസിലെ മാളികപ്പുറത്തമ്മയുടെ മുന്നിലെത്തി തേങ്ങയടിക്കുമ്പോഴേക്കും മനസ്സും ശരീരവും 'ദിവ്യ ദര്‍ശനങ്ങള്‍' പലവട്ടം നടത്തിക്കഴിഞ്ഞിരിക്കും.

'ഓള്‍ഡ്‌ ഗഡീസിനെ' ഒന്ന് സത്ക്കരിക്കണം, പണ്ടത്തെ മുതലാളി ദൊരൈസ്വാമി അയ്യരുടെ സുഖമില്ലാതെ കിടക്കുന്ന അമ്മ്യാരെ ഒന്ന് കാണണം എന്നീ ലക്ഷ്യങ്ങളോടെയാണു രണ്ട്‌ ദിവസത്തെ 'ബോംബെ ബ്രേക്‌' പ്ലാന്‍ ചെയ്തത്‌.


മലബാര്‍ ഹില്ലിലെ ഇടത്താവളത്തിലെത്തിയപ്പോള്‍ കാത്തിരിക്കുന്നൂ ഒരു വിശിഷ്ടാതിഥി: നരേട്ടന്‍.
"നീ വരുന്ന വിവരം ഞാനാ പറഞ്ഞേ": പഴയ സഹമുറിയന്‍ രാജേട്ടന്‍ അറിയിച്ചു.
"ഹലൊ"
ഷേക്‌ ഹാന്‍ഡിന്നായി കൈ നീട്ടി, നരേട്ടന്‍.

അല്‍പം കൂടി തടിച്ചിട്ടുണ്ട്‌.
വെളുത്ത മുഖത്തെ കരയന്‍ മീശ ആകര്‍ഷകമായി തോന്നി.
ഔപചാരികത കലര്‍ന്ന, നിസ്സംഗമായ ഒരു ചിരി ചുണ്ടില്‍.

പിന്നെ നിശ്ശബ്ദത.

പരസ്പരം നേരിടാന്‍ അറച്ച്‌, മൂന്ന് ജോഡി കണ്ണുകള്‍ ആ കൊച്ചുമുറിയിലങ്ങോളമിങ്ങോളം ഉഴറി നടന്നു.

ഘനീഭവിച്ച അന്തരീക്ഷത്തെ ഒരു ചുടുനിശ്വാസത്താലലോസരപ്പെടുത്തി, നരേട്ടന്റെ ലോല സ്വരം:"എഴുത്തൊക്കെ നിര്‍ത്തിയോ? പണ്ട്‌ നീ ബോംബെ നാദത്തില്‍ എഴുതിയതൊക്കെ വായിച്ചിട്ടുണ്ട്‌."
ഞാന്‍ ഹൃദയപൂര്‍വം ഒരു ചിരി സമ്മാനിച്ചു.

ബാബുല്‍നാഥ്‌ കവലയില്‍, റോഡിലേക്ക്‌ വൃത്താകൃതിയിലിറങ്ങി നില്‍ക്കുന്ന റെസ്റ്റാറന്റില്‍ മൂന്ന് ബോംബെ ബീറുകള്‍ക്ക്‌ ഓര്‍ഡര്‍ നല്‍കി, രാജേട്ടന്‍.
"ഞാന്‍ കഴിക്കാറില്യാ": നരേട്ടന്‍ വിമ്മിഷ്ടത്തോടെ തല ഒരു വശത്തേക്ക്‌ ചരിച്ചു.
"സാരല്യാ..."., രാജേട്ടന്‍ പ്രോത്സാഹിപ്പിച്ചു.
" നീലക്കുറിഞ്ഞി പൂക്കും പോലെയുള്ള ഒരപൂര്‍വ സംഭവമല്ലേ നരാ ഈ ഒത്തുചേരല്‍?"

"അല്ല രാജാ, അവള്‍ തനിച്ചല്ലേ റൂമില്‍? മാത്രല്ലാ...",അര്‍ദ്ധോക്തിയില്‍ നിര്‍ത്തി, ഒരു കള്ളച്ചിരി മുഖത്ത്‌ പടര്‍ത്തി പൂരിപ്പിച്ചൂ, നരേട്ടന്‍:" പറയാന്‍ മറന്നതാ ട്ടാ, സോറി, അവള്‍ പ്രെഗ്നന്റാ...ആറു മാസായി."

"കള്ള ഗുണ്ടപ്പാ, അപ്പോ നീ ഒപ്പിച്ചു, അല്ലേ?" രാജേട്ടന്‍ ചാടിയെണീട്ട്‌ നരേട്ടനെ കെട്ടിപ്പിടിച്ചു."കണ്‍ഗ്രാജുലേഷന്‍സ്‌"

എന്നിട്ട്‌ കൗണ്ടറിലിരുന്ന പാര്‍സി ബാബയോട്‌ വിളിച്ച്‌ പറഞ്ഞൂ:" ഭയ്യാ, തീന്‍ ബൈദാ ആമ്ലേറ്റ്‌ ഭീ ബോലൊ, ഡബിള്‍"

"അഭിനന്ദനങ്ങള്‍": രണ്ട്‌ കൈകളും നീട്ടീ ഞാന്‍.
കളവ്‌ പിടിക്കപ്പെട്ട കുട്ടിയുടെ പരുങ്ങലോടെ നരേട്ടന്‍ മൊഴിഞ്ഞൂ:"താങ്ക്സ്‌"

നിറഞ്ഞ മഗ്ഗില്‍ നിന്നും ആര്‍ത്തിയോടെ ബീര്‍ മൊത്തിക്കുടിക്കുന്ന നരേട്ടനെ സാകൂതം നോക്കിയിരുന്നൂ, ഞാന്‍.

പിന്നെ ചൗപ്പാട്ടിയില്‍ ചാഞ്ഞു കിടക്കുന്ന മരങ്ങളിലൊന്നിന്റെ നിഴലിലേക്ക്‌......

രണ്ട്‌ ബീറിന്റെ ലാഘവത്വം തലയില്‍ മാത്രമല്ല അന്തരീക്ഷത്തിലും പടര്‍ന്നതായി തോന്നി.
കടലിന്റെ മണമുള്ള തണുത്ത കാറ്റ്‌ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിച്ച്‌ കളി നടത്തി.

നരിമാന്‍ പോയിന്റിലെ കൂറ്റന്‍ സൗധങ്ങളില്‍ അന്തി വിളക്ക്‌ തെളിഞ്ഞ്‌ തുടങ്ങി. മറുവശത്ത്‌ മലബാര്‍ ഹില്ലിന്റെ പാര്‍ശ്വത്തില്‍ "സെഞ്ച്വറിയുടെ' പരസ്യത്തിലെ ഹെര്‍ക്കുലീസ്‌, ഭൂഗോളം തന്റെ ചുമലുകളിലേക്കുയര്‍ത്തി, നിന്ന് കിതച്ചു.

"എന്റെ അനിയനല്ലേടാ നീ? ന്ന് ട്ടെന്താ അന്യനേപ്പോലെ ഇത്ര അകലേ?"
അരികിലേക്ക്‌ നീങ്ങി എന്റെ തോളില്‍ കൈയിട്ടൂ, നരേട്ടന്‍.എന്നിട്ട്‌ രാജേട്ടന്റെ നേരെ തിരിഞ്ഞു:
"അടുത്തിരുന്നിട്ടെന്താ കാര്യം? ഞങ്ങള്‍ക്കിടയില്‍ ഒരു ജനറേഷന്‍ ഗാപ്‌ തന്നെയുണ്ട്‌....കുഞ്ഞായിരുന്നപ്പോല്‍ എത്ര എടുത്ത്‌ നടന്നിട്ടുള്ളതാ ഞാനിവനെ. എന്നിട്ട്‌ ഒരിക്കല്‍ പോലും ഇവനെന്നെ നരേട്ടാ എന്ന് വിളിച്ചിട്ടുണ്ടോ? ഇല്ലാ, വിളിച്ചത്‌ അമ്മായി ഗുണ്ട്‌ എന്നാ"

പൊള്ളയായ ഒരു ചിരിയുമായി, ഇരു കൈകളും മണലിലൂന്നി പിന്നിലേക്ക്‌ ചാഞ്ഞിരുന്നൂ, നരേട്ടന്‍. ആകാശത്ത്‌ ഇനിയും ഉദിച്ചുയരാത്ത താരകളെ തേടുകായിരുന്നൂ, ആ കണ്ണുകള്‍.

ആത്മഗതം പോലെയുയര്‍ന്നൂ ആ ശബ്ദം:

"ദാദ്രിദ്ര്യകുക്ഷികളാ ഞങ്ങള്‍. അല്ലേ രാജാ?
അമ്മവീട്ടുകാരുടെ കാരുണ്യത്തിന്റെ എച്ചില്‍ തിന്നു വളര്‍ന്ന പിച്ചക്കാര്‍! കൊയ്ത്ത്‌ കഴിയുമ്പോല്‍ തറവാട്ടീന്ന് നെല്ല് വന്നില്ലെങ്കി പുകയില്ലാ ഞങ്ങളുടെ അടുപ്പ്‌. കൊച്ചമ്മാന്റെ മണിയോര്‍ഡര്‍ വൈകിയാ മുടങ്ങും എല്ലാ കാര്യങ്ങളും.ഓണവും വിഷുവുമൊക്കെ ഞാനറിഞ്ഞത്‌ തറവാട്ടില്‍ താമസമാക്കിയതിനു ശേഷമാണു. എല്ലാര്‍ക്കുമൊപ്പമിരുന്ന് ഓരോ ഉരുള ചോറിറക്കുമ്പോഴും വീട്ടിലെ പഞ്ഞത്തിന്റെ ഓര്‍മ്മകള്‍ തൊണ്ടയില്‍ തറച്ച മീന്‍ മുള്ളുകള്‍ പോലെ എന്നെ കുത്തി നോവിച്ചിരുന്നു."

നനുത്ത ആ സ്വരം മുറിഞ്ഞു.

"പോട്ടെ നരേട്ടാ, അതൊക്കെ കഴിഞ്ഞ കാലം," ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

"ഇല്ലെടാ, നിനക്കറിയില്ലാ. തറവാടിന്റെ തെക്കിനിയില്‍, വക്കുകള്‍ കീറിയ തഴപ്പായും മുഷിഞ്ഞ്‌ കൂറയായ തലയിണയും കുടിച്ച എന്റെ കണ്ണുനീരിന്റെ അളവ്‌....
ഇടിയും മഴയുമുള്ള രാത്രികളില്‍, പേടിച്ച്‌ വിറച്ച്‌ കണ്ണുകള്‍ ഇറുക്കിയടച്ച്‌ കിടക്കുമ്പോള്‍, പാളികളില്ലാത്ത ജനലിലൂടെ, മിന്നലിനോപ്പം എന്നെത്തേടിയെത്തിയ ആയിരം കൈകളുള്ള പ്രേതാത്മക്കളൂടെ അട്ടഹാസങ്ങള്‍....."

നോവിന്റെ നിറം നീലിപ്പിച്ച മുഖം.

"അമ്മായിമാര്‍ക്ക്‌ ഞാന്‍ വെറുമൊരു വേലക്കാരനായിരുന്നൂ. സ്കൂളില്‍ പോകുന്നതിനു മുന്‍പും വന്ന ശേഷവും ചെയ്യേണ്ട പണികളുടെ ഒരു നീണ്ട ലിസ്റ്റുണ്ടായിരുന്നൂ.
പശു, മൂരികള്‍, തൊഴുത്ത്‌....
പിന്നെ വെള്ളം കോരല്‍, തുണിയലക്കല്‍,ഇസ്തിരിയിടല്‍, വിറക്‌ കീറല്‍, കടയില്‍ പോക്ക്‌....
എന്തിനു, രാത്രി അമ്മായിമാര്‍ക്ക്‌ കുളിക്കാന്‍ വെള്ളം ചൂടാക്കിക്കൊടുക്കുന്നത്‌ വരെ....

അമാന്തിച്ചാ അടി ഉറപ്പ്‌. ദാ, നോക്ക്‌; ഈ ചെവികള്‍ക്കിത്ര നീളം കൂടിയത്‌ അമ്മായിമാരുടെ കൈമിടുക്ക്‌ കൊണ്ടാ എന്ന് പറഞ്ഞാല്‍ വിശ്വസിക്വോ,നീയ്‌?"

ചിരിക്കാനുള്ള ശ്രമത്തില്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു, നരേട്ടന്‍.

"ഇഷ്ടമില്ലാക്കുട്ടി തൊട്ടതൊക്കെം കുറ്റം എന്നല്ലേ? സ്നേഹത്തോടെ 'നരാ' എന്നൊരു വിളി കേള്‍ക്കാന്‍ അന്നൊക്കെ എത്ര കൊതിച്ചിട്ടുണ്ട്‌ ഞാന്‍?

സഹിക്കാന്‍, ക്ഷമിക്കാന്‍ പരിശീലിപ്പിച്ചൂ മനസ്സിനെ. പരിഹാസത്തിന്റേയും അവഗണനയുടെയും ഓരോ ചാട്ടുളിയും, അടിച്ച്‌ പരത്തി, വാശിയുടേയും ദൃഢനിശ്ചയത്തിന്റേയും പാളികളാക്കി നെഞ്ചിലൊളിപ്പിച്ചൂ."

അറിഞ്ഞിട്ടും മനസ്സിലാക്കാത്ത കണ്ടിട്ടും തിരിച്ചറിയാത്ത പുതിയ ആ നരേട്ടനെ ഞാന്‍ അത്ഭുതത്തോടെ നൊക്കിയിരുന്നൂ.

"വല്ലപ്പോഴുമൊന്ന് വീട്ടില്‍ പോയാലോ:ഇഹലോകബന്ധങ്ങളില്‍ നിന്ന് മുക്തി നേടി, പരലോകത്തേക്ക്‌ നോക്കിയിരിക്കുന്ന അച്ഛന്‍, ഉറഞ്ഞു തുള്ളിയിട്ടും തീരാത്ത കലിയുടെ ഉടവാളും ചിലങ്കയുമേന്തി അമ്മ, അതിന്നിടയില്‍ അതിര്‍ത്തികള്‍ അറിയാത്ത അഭയാര്‍ത്ഥികളെപ്പോലെ കുറെ സഹജന്മങ്ങള്‍....."

അല്‍പനേരം മിണ്ടാതിരുന്ന ശേഷം നിവര്‍ന്ന് കൈകളിലും ഷര്‍ട്ടിലും പറ്റിപ്പിടിച്ച മണല്‍ത്തരികള്‍ കുടഞ്ഞു കളഞ്ഞൂ, നരേട്ടന്‍; വായനയുടെ കാലപുസ്തകത്തില്‍ അവശേഷിച്ച ദ്രവിച്ച ഏതാനും ഏടുകളെയെന്നോണം.

"ഇതാ ഇന്ന് ഞാന്‍ സ്വന്തം കാലില്‍. നല്ല ജോലി, നല്ല ശമ്പളം, സ്വന്തമായി ഫ്ലാറ്റ്‌, സ്നേഹം പങ്ക്‌ വയ്ക്കാനൊരു ഭാര്യ....ഒരച്ഛന്‍ കൂടിയായി ജീവിതം പൂര്‍ണമാകാന്‍ ഇനി മൂന്ന് മാസങ്ങള്‍ മാത്രം...."

അഭിമാനത്തിന്റേയും ആത്മവിശ്വാസത്തിന്റേയും മധുരം പുരണ്ട വാക്കുകള്‍ക്ക്‌ പ്രതികാരസാഫല്യത്തിന്റെ മൂര്‍ച്ച കൂടിയുണ്ടെന്ന് തോന്നി.

ഇരുട്ടിന്റെ കരിമ്പടമെടുത്ത്‌ പുതച്ച ചൗപ്പാട്ടി ജനനിബിഢമായിക്കഴിഞ്ഞിരുന്നു. അങ്ങിങ്ങ്‌ മിന്നി നില്‍ക്കുന്ന വൈദ്യുത വിളക്കുകള്‍ ഇരുട്ടിനെ പ്രതിരോധിക്കാനാവാതെ, ലജ്ജിച്ച്‌ തല താഴ്ത്തി നിന്നു.

ചന, ഐസ്‌ ക്രീം ബലൂണ്‍ വാലകളും തേല്‍ മാലീഷ്‌കാരും ശബ്ദമലിനീകരണത്തിന്നാക്കം കൂട്ടി ചുറ്റും ഓടി നടന്നു

."നരാ, നമുക്ക്‌ പോണ്ടേ?", രാജേട്ടന്‍ ചോദിച്ചു.
"പോവാം. അതിനു മുന്‍പ്‌ എനിക്കിവനോടൊരു സ്വകാര്യം പറയാനുണ്ട്‌."

വീണ്ടും ആ പൊള്ളച്ചിരി.

"മനുഷ്യനെത്ര സ്വാര്‍ത്ഥന്‍, അല്ലേ രാജാ? വര്‍ഷങ്ങള്‍ക്ക്‌ ശേഷമാ ഞാനിവനെ കാണാന്‍ വരുന്നേ. എന്തിനെന്നോ.... സ്വന്തം കാര്യ സിദ്ധിക്ക്‌."

എന്റെ നേരെ തിരിഞ്ഞ്‌, എന്നാല്‍ ദൃഷ്ടികള്‍ മുഖത്തുറപ്പിക്കാതെ നരേട്ടന്‍ തുടര്‍ന്നു:

"നിനക്കറിയാല്ലോ എന്റെ അമ്മേടെ സ്വഭാവം. അമ്മ കണ്ടുവച്ച പെണ്ണിനെ തള്ളിക്കളഞ്ഞ്‌, സ്ത്രീധനം വാങ്ങാതേയാ ഞാന്‍ കല്യാണം കഴിച്ചത്‌. അതിന്റെ ശിക്ഷ കിട്ടിയത്‌ എന്റെ പാവം ഭാര്യക്ക്‌. സഹികെട്ടപ്പഴാ ഞാനവളെ ബോംബേക്ക്‌ കൊണ്ട്‌ വന്നത്‌.

ആദ്യ പ്രസവം സ്വന്തം വീട്ടില്‍, തന്റെ അമ്മയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാഗ്രഹിക്കാത്ത സ്ത്രീകളുണ്ടോ? പക്ഷെ അമ്മക്ക്‌ നിര്‍ബന്ധം എന്റെ ആദ്യ കുഞ്ഞിന്റെ പ്രസവം അമ്മയുടെ അടുത്താവണമെന്ന്.

അടുത്ത മാസം നാട്ടില്‍ പോകാന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ട്‌. ഇയര്‍ എന്‍ഡ്‌, ക്ലോസിംഗ്‌ ഒക്കെക്കാരണം അധികം ലീവെടുക്കാനാവില്ലെനിക്ക്‌.

ഇവിടെയാണു നിന്റെ സഹായം:

എന്റമ്മക്ക്‌ ലോകത്ത്‌ ആരേയെങ്കിലും പേടിയും ബഹുമാനവും ഉണ്ടെങ്കില്‍ അത്‌ നിന്റെ അച്ഛനെയാണു. അതിനാല്‍ നീ നാട്ടില്‍ ചെന്നാല്‍ നിര്‍ബന്ധിച്ചാണെങ്കിലും അച്ഛനേയും കൂട്ടി വീട്ടില്‍ പോണം. നരന്റെ ഭാര്യേടെ ആദ്യ പ്രസവം അവള്‍ടെ വീട്ടില്‍ തന്നെയായിക്കൊള്ളട്ടേയെന്ന് അമ്മയെക്കൊണ്ട്‌ സമ്മതിപ്പിക്കണം."

ശ്രമിക്കാമെന്നേറ്റു, ഞാന്‍.

ചര്‍ണി റോഡ്‌ റെയില്‍വേ സ്റ്റേഷനിലേക്ക്‌ നടക്കുമ്പോള്‍ എന്നെ ചേര്‍ത്തു പിടിച്ചൂ, നരേട്ടന്‍. തടിച്ച്‌ പളപളാ തുളുമ്പുന്ന ആ ശരീരത്തില്‍ നിന്നും ചൂടുള്ള ഒരൂര്‍ജ്ജം എന്നിലേക്ക്‌ പ്രവഹിക്കുന്നതായി തോന്നി.


മാസങ്ങള്‍ക്ക്‌ ശേഷം രാജേട്ടന്റെ ടെലിഫോണ്‍, ദുബായിലെ എന്റെ ഓഫീസിലേക്ക്‌.
"എന്താ രാജേട്ടാ, വിസ കിട്ടിയോ?“
രാജേട്ടന്‍ സൗദി വിസക്ക്‌ ശ്രമിച്ച്‌ കൊണ്ടിരിക്കയായിരുന്നൂ, അപ്പോള്‍.
"ഒരു സാഡ്‌ ന്യൂസ്‌ പറയാനാടാ....നമ്മുടെ നരന്‍ മരിച്ചു."
"നരന്‍?"
ഉള്‍ക്കൊള്ളാനായില്ല എനിക്ക്‌.
"അതെ, നിന്റെ നരേട്ടന്‍. ആത്മഹത്യയാ. തീവണ്ടിയുടെ മുന്‍പില്‍ ചാടി...."അത്രയേ രാജേട്ടനറിയുമായിരുന്നുള്ളൂ.

കുവൈറ്റിലുള്ള ഇളയച്ഛനും കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായില്ല.

ആഴ്ചകള്‍ക്ക്‌ ശേഷം, അയല്‍ക്കാരന്‍ വശം, വല്യേച്ചി കൊടുത്തയച്ച നീണ്ട കത്തിലുണ്ടായിരുന്നു മുഴുവന്‍ ചരിത്രവും:

നരേട്ടന്റെ ഭൗതികവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്‌ ഭുവനേട്ടനായിരുന്നു. ബോംബേക്ക്‌ തിരിച്ച്‌ പോകും മുന്‍പ്‌ അമ്മാവന്റെ വീട്ടിലെത്തിയ ഭുവനേട്ടന്‍ തന്റെ കളിക്കൂട്ടുകാരിയുടെ മുന്‍പില്‍ മനസ്സ്‌ തുറന്നു.

ജോലി സംബന്ധമായി എജീസ് ഓഫീസിന്റെ അഹമ്മദാബാദ്‌ ബ്രാഞ്ചിലേക്ക് പോയതായിരുന്നു, നരേട്ടന്‍. ദിവസങ്ങള്‍ക്ക്‌ ശേഷവും അവിടെ റിപ്പോര്‍ട്ട്‌ ചെയ്യാതിരുന്നപ്പോള്‍ ഔദ്യോകികമായ എന്‍ക്വയറി ആരംഭിച്ചു.

നരേട്ടന്റെ വിവരണങ്ങളുമായി സാമ്യമുള്ള ഒരു 'ബോഡി' മോര്‍ഗില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ലോണവാല പോലീസാണു വിളിച്ചറിയിച്ചത്‌.

ഭുവനേട്ടനും സഹപ്രവര്‍ത്തകരും മൃതദേഹം തിരിച്ചറിഞ്ഞു. ദിവസങ്ങളുടെ പഴക്കമുള്ളതിനാല്‍ ശവം അവിടെ തന്നെ സംസ്ക്കരിച്ചു.

ലോണവാലക്കടുത്ത ഖണ്ടാല സ്റ്റേഷനില്‍ അന്ന് ഡ്യൂട്ടിയിലുണ്ടായ ടിക്കറ്റ്‌ ക്ലെര്‍ക്കിന്റെ വിവരണമനുസരിച്ച്‌ "ഡെക്കാന്‍ ക്വിന്‍ 2123 ഡൗണ്‍" സ്റ്റേഷനടുത്തപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന ഒരു 'പാഗല്‍' ട്രെയിനു മുന്നിലേക്ക്‌ എടുത്ത്‌ ചാടുകയായിരുന്നുവത്രേ.

‘ബോഡി'യോടൊപ്പം 'ഹാന്‍ഡ്‌ ഓവര്‍" ചെയ്ത സ്യൂട്ട്‌ കേയ്സില്‍ നിന്ന്, മറ്റാരേയും കാട്ടാതെ എടുത്ത്‌ വച്ചിരുന്ന ചില കത്തുകള്‍ ചേച്ചിക്ക്‌ വായിക്കാന്‍ കൊടുത്തൂ, ഭുവനേട്ടന്‍.

ഭാര്യയുടെ പരിദേവനങ്ങള്‍: ( 3 കത്തുകള്‍)

-ഭര്‍തൃഗൃഹത്തില്‍ കഴിയുന്ന ഓരോ കറുത്ത ദിവസത്തിന്റേയും വര്‍ണനകള്‍.

-മനുഷ്യസ്വഭാവമുള്ള ഒരാളെങ്കിലും എന്തേ ചേട്ടന്റെ വീട്ടില്‍ ജനിക്കാതെ പോയതെന്ന രോദനം.

-ഉടന്‍ കൂട്ടിക്കൊണ്ട്‌ പോയില്ലെങ്കില്‍ ശവം പോലും കാണില്ലെന്ന മുന്നറിയിപ്പ്‌.


അമ്മയുടെ വീക്ഷണങ്ങള്‍: (2 ഇന്‍ലാന്‍ഡ്‌ ലറ്ററുകള്‍)

-പ്രസവിച്ച്‌ പച്ച മാറും മുന്‍പേ തുടങ്ങി നിന്റെ യക്ഷിയുടെ ആണ്‍ വേട്ട.

-അവളെ ഉപേക്ഷിക്കുക. മറ്റൊരു മാര്‍ഗവും നിന്റെ മുന്‍പിലില്ല.

-ഒരു പേരക്കിടാവിനെ പോറ്റി വളര്‍ത്താനുള്ള ആരൊഗ്യമൊക്കെ ഇപ്പോഴും തനിക്കുണ്ടെന്ന ഓര്‍മ്മപ്പെടുത്തലും.


ഒരഭ്യദയകാംക്ഷിയുടെ സംശയങ്ങള്‍: (പോസ്റ്റ്‌ കാര്‍ഡ്‌)

- നിന്റെ ഭാര്യേടെ പേര്‍ പാഞ്ചാലീന്നാണോ?
(അനിയന്മാര്‍ക്കൊപ്പം പങ്കിടുകയാണെന്ന് കേട്ടു.)

-നീ ഓഫീസിലായിരിക്കുമ്പോള്‍ ബോംബേലെ നിന്റെ ഫ്ലാറ്റില്‍ മേയാന്‍ വന്നിരുന്ന ആരേയെങ്കിലും ഓര്‍മ്മയുണ്ടോ?
(കുഞ്ഞിന്റെ പൂച്ചക്കണ്ണിനു പുറകിലുള്ള രഹസ്യം കണ്ട് പിടിക്കുക!)

52 comments:

kaithamullu : കൈതമുള്ള് said...

‘അമ്മായിഗുണ്ടിന്റെ’ ഡ്രാഫ്റ്റ് വെള്ളം തൊടാതെ വിഴുങ്ങിയ ‘വരമൊഴീ”,
നിനക്കെന്റെ ഒരു ‘നല്ല നമസ്കാരം!’
-----
പൊക്കം കുറഞ്ഞ്‌, തുടുത്ത്‌, സ്ത്രൈണത മുറ്റിയ ശരീരവും വിടര്‍ന്ന കണ്ണുകളും നീണ്ട കണ്‍പീലികളുമുള്ള ഗുണ്ട്‌ പോലിരിക്കുന്ന അമ്മായിപുത്രനു കൊച്ചേട്ടനിട്ട പേരാണു: 'അമ്മായി ഗുണ്ട്‌" എന്ന്.

കുഞ്ഞന്‍ said...

ഐശ്വര്യമായി ഒരുകുല തേങ്ങ ഞാന്‍ തിരു നടക്കല്‍ വയ്ക്കുന്നു.

വായിച്ചില്ലെങ്കിലും, കൈതമുള്ള് ചേട്ടന്റെ കൈയ്യൊപ്പ് മാത്രം മതി...

നന്ദകുമാര്‍ said...

അനുഭവം പുരട്ടിയ ഈ കഥയുരുള വിഴുങ്ങിയപ്പോള്‍ ജീവിതത്തിന്റെ മീന്മുള്ളൊന്നു കുരുങ്ങി തൊണ്ടയില്‍..

കമന്റുകള്‍ക്കതീതം ഈ അനുഭവം/കഥ


(പോസ്റ്റ് ചെയ്ത തിയതി ഒന്നു കൂടി നോക്കു, ആദ്യകമന്റിന്റെ തിയതിയും)

പൊറാടത്ത് said...

ശശിയേട്ടാ.. വായനയും കഴിഞ്ഞ് ഒരു തേങ്ങയുമായി വന്നു കഴിഞ്ഞപ്പോഴേയ്ക്കും കുഞ്ഞൻ ഒരു കുലയും കാണിയ്ക്ക വെച്ച് നരനെ കാണാൻ പോയിരിയ്ക്കുന്നു.

വ്യത്യസ്തമായ ഈ സംഭവം വളരെ നന്നായി തന്നെ അവതരിപ്പിച്ചിരിയ്ക്കുന്നു. നരേന്ദ്രനെന്ന അമ്മായിഗുണ്ട് മനസ്സിൽ ഒരു വേദനയായി അവശേഷിയ്ക്കുന്നു.
വളരെ നന്ദി.

വരമൊഴി വിഴുങ്ങിയ ഡ്രാഫ്റ്റിന്റെ ഡേറ്റ് ആണോ പോസ്റ്റിന് മുകളിൽ വന്നിരിയ്ക്കുന്നത്?

തോന്ന്യാസി said...

പതിവ് തെറ്റിക്കാതെ നെഞ്ചില്‍ കുത്തുന്ന പോസ്റ്റ്...

പക്ഷേ ഒന്ന് ചോദിക്കട്ടെ മാഷേ, ഒരു മനുഷ്യന് നൊമ്പരപ്പെടുത്തുന്ന ഇത്രയധികം അനുഭവങ്ങളോ?

കുറുമാന്‍ said...

ശശിയേട്ടാ....

എവിടെയൊക്കെയോ കൊളുത്തി വലിക്കുന്നു.

ദുഖപര്യവസാനമായ ഈ കഥ നന്നായി എന്നെങ്ങിനെ പറയും എന്നൊരു വിഷമം മാത്രം.

ഓടോ:

ഇരിഞ്ഞാലക്കുട മിനര്‍വ ഇന്‍സ്റ്റിട്യൂട്ടില്‍ ഷോര്‍ട്ട്‌ ഹാന്‍ഡും റ്റൈപ്‌ റൈറ്റിംഗും പഠിക്കാന്‍ ചേര്‍ന്നു -

ഞാനും കുറച്ച് കാലം മിനര്‍വ്വയില്‍ കൊട്ടും, വരയും പഠിച്ചിട്ടുണ്ട്. അന്നത് ബോയ്സ് സ്കൂളിന്റെ മുന്നിലായിരുന്നു. ഫീസ് കൊടുക്കാതെ, വീട്ടിന്ന് തന്ന ഫീസൊക്കെ എടുത്ത് കൊളംബോവില്‍ നിന്നു പൊറോട്ടയും ഇറച്ചിയും തിന്നു രണ്ട് മൂന്ന് മാസം. ഗതികെട്ട് മാഷൊരു ദിവസം ഫീസ് ചോദിച്ചപ്പോ എനിക്ക് വിഷമവും, സങ്കടവും ദ്വേഷ്യവും ഒക്കെ വന്നു. ഫീസ് ചോദിക്കേ? അന്നത്തോട്റ്റെ മിനര്‍വ്വയുടെ പടി ഇറങ്ങി, പിന്നെ ആ‍ല്‍തറയിലെ ദിലീപ് ഇന്‍സ്റ്റിട്ട്യൂട്ടിലായിരുന്നു തുടര്‍വിദ്യാഭ്യാസം.

Prayan said...

ഒറ്റയിരുപ്പില് വയിച്ചു തീര്‍ത്തു ...ഇനി ഈ കനൊന്നു മാറിക്കിട്ടാന് എന്താ ചെയ്യാന്നാണ്...

പിരിക്കുട്ടി said...

touching......

lifeil vijayichallo
ennu ashwasichappolekkum.....
marichu pokandaayirunnu narettan....
kashtam....

യൂസുഫ്പ said...

ശശിയേട്ടാ..............ഇത് വ്യത്യസ്തമായൊരു പോസ്റ്റ്.അടിച്ചുപൊളിച്ചു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സന്തോഷത്തോടെ ജീവിച്ച ഒരു മനുഷ്യന്റെ നാശത്തിനു കാരണമായ കാര്യങ്ങള്‍ നീചം തന്നെ. ചിലര്‍ വെറുതെയെങ്കിലും പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവരുടെ ജീവിതം തകര്‍ക്കുമെന്ന് പലപ്പോഴും ഓര്‍ക്കാറില്ല.

വളരെ ടച്ചിങ് ആയിപ്പോയി

പ്രിയ ഉണ്ണികൃഷ്ണന്‍ said...
This post has been removed by the author.
ചങ്കരന്‍ said...

വിഷമിപ്പിച്ചു കളഞ്ഞു...

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ദുഃഖാനുഭവങ്ങളുടെ ഒരു സമുദ്രമാണോ ഈ ശശിയേട്ടന്റെ പുരാവൃത്തം? ഇതിലും കിനിഞ്ഞിറങ്ങുന്ന നൊമ്പരവും, പൊള്ളിക്കുന്ന ലാവയുമാണല്ലോ!

എഴുത്തിന് അനുഭവത്തിന്റെ ഗന്ധം.

പാമരന്‍ said...

ഇതിനുമാത്രം അനുഭവങ്ങളോ? ഫിക്ഷനാണെന്നു പറഞ്ഞൊന്നു സമാധാനിപ്പിക്കൂ :)

G.manu said...

ഹൃദയസ്പര്‍ശിയായ മറ്റൊരു കൈതക്കഥ

ഈ വരി ഒത്തിരി ഇഷ്ടമായി
എന്റെ അനിയനല്ലേടാ നീ? ന്ന് ട്ടെന്താ അന്യനേപ്പോലെ ഇത്ര അകലേ?"

Visala Manaskan said...

അമ്മാവനപ്പോള്‍ മൂന്നാം മുറയ്ക്കുള്ള 'വാം അപ്‌' നടത്തുകയായിരിക്കും!

:) നന്നായിട്ടുണ്ട് ശശിയേട്ടാ... അപ്പോള്‍ ഈ അന്താക്ഷരി പണ്ടേയുണ്ട് ല്ലേ?

മുസാഫിര്‍ said...

നമ്മുടെ നാട്ടിലെ കൂട്ടുകുടുംബങ്ങളില്‍ നടന്നിരുന്ന സംഭവങ്ങള്‍ പുതിയ തലമുറക്ക് പലതും അപരിചിതമായി തോന്നുന്നത് സ്വാഭാവികം.എന്നാലും കൈതമുള്ളിന്റെ ശക്തിയാര്‍ന്ന തൂലിക അതിഭാവുകത്വമില്ലാതെ എല്ലാം പകര്‍ത്തിയിരിക്കുന്നു.

പാര്‍ത്ഥന്‍ said...

സഹിക്കാന്‍, ക്ഷമിക്കാന്‍ പരിശീലിപ്പിച്ചൂ മനസ്സിനെ. പരിഹാസത്തിന്റേയും അവഗണനയുടെയും ഓരോ ചാട്ടുളിയും, അടിച്ച്‌ പരത്തി, വാശിയുടേയും ദൃഢനിശ്ചയത്തിന്റേയും പാളികളാക്കി നെഞ്ചിലൊളിപ്പിച്ചൂ."

അമ്മായി ഗുണ്ട് ഒരു നരനായി. പക്ഷെ നിഷ്കളങ്കനായിപ്പോയി.

കലേഷ് കുമാര്‍ said...

ശശിയേട്ടാ,
നെഞ്ചത്ത് മുള്ള് കൊണ്ടു.....
അതിമനോഹരം....

ശബരിമലയാത്രയുമായി നാട്ടില്‍ വരുന്നതിനെ ഉപമിച്ചത് സൂപ്പര്‍!!

അടുത്തതിനിനി എത്ര നാള്‍ കാക്കണം?

ശ്രീ said...

വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സു നൊന്തു, മാഷേ... നരേട്ടനെ നേരില്‍ കണ്ടിട്ടുള്ളതു പോലെ തോന്നുന്നു.

വിഷയം സങ്കടകരമാണെങ്കിലും എഴുത്ത് വളരെ ടച്ചിങ്ങ് ആയി.

ചന്ദ്രകാന്തം said...

“കല്ലുപ്പും മുളക്‌ ചതച്ചതും ചേര്‍ത്തുള്ള മിശ്രിതത്തില്‍ മുക്കിയ ഇരിമ്പന്‍ പുളി“ ഉണർത്തിനിർത്തിയ രസമുകുളങ്ങളിലേയ്ക്ക്‌ ചവർപ്പും, ശ്വാസം‌മുട്ടിയ്ക്കുന്ന കയ്പ്പും.. പിന്നെപ്പിന്നെ ചങ്കുപൊള്ളിയ്ക്കുന്ന തീത്തുള്ളികളും.. ഒഴുക്കിവിട്ട്‌ ശാന്തമായ മുഖത്തോടെ എഴുത്തുകാരൻ. അസാദ്ധ്യമെന്നേ പറയാനാവു.

എതിരന്‍ കതിരവന്‍ said...

ദുരിതങ്ങളും പീഡനങ്ങളും ധാരാളം സഹിച്ചവർക്ക് ജീവിതവീക്ഷണവും ആഴമുള്ള വ്യക്തിത്വ നിരീക്ഷണപാടവും വന്നു ചേരാറുണ്ട്. നരെൻ ഭാര്യയെ മനസ്സിലാക്കിയില്ലെന്നു വിശ്വസിക്കാൻ പ്രയാസം. ആ സ്ത്രീയ്ക്കു സ്വഭാവദൂഷ്യം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം അത് അറിഞ്ഞേനേ. വീട്ടിലെ ആൾക്കാർ പിന്നെയും ദ്രോഹിക്കാൻ കെട്ടിച്ചമച്ച കാര്യങ്ങളായിരിക്കണം. പാവം അതും വിശ്വസിച്ചു പോയത് അവനവനെക്കുറിച്ചുള്ള മതിപ്പ് ഇല്ലാതെ പോയത്/ഇല്ലാതാക്കിയതു കൊണ്ടായിരിക്കണം.

നരെന്റെ ഭാര്യ നല്ലവൾ തന്നെ എന്നു കരുതുന്നു ഞാൻ.

annamma said...

thonnyaasi chodhichathu thaneyaanu ennikum chodhikanullathu....
ഇത്രയധികം നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളോ?

അപ്പു said...

ശശിയേട്ടാ, മീറ്റ പൂരം ഒന്നുകഴിഞ്ഞിട്ട് സ്വസ്ഥമായിവായിക്കാം എന്നുകരുതി വച്ചിരിക്കുകയായിരുന്നു. ഹൃദ്യമായ അവതരിപ്പിച്ചു. കുട്ടികളുടെ ‘അക്ഷരശ്ലോകവും’ ‘തൊണ്ടയില്‍ മുള്ളുകുരുങ്ങിയ’ നരേട്ടന്റെ വേദനകളും എല്ലാമെല്ലാം കാച്ചിക്കുറുക്കി ഭംഗിയായി പറഞ്ഞ ഈ കഥാനുഭവം ഇഷ്ടമയി. ഇനിയും എന്തെല്ലാം അനുഭവങ്ങള്‍ പറഞ്ഞാല്‍ തീരാത്തതുപോലെ ഉണ്ടാവും അല്ലേ. ഒന്നൊന്നായി പോരട്ടെ. അഭിനന്ദനങ്ങള്‍.

സഹയാത്രികന്‍ said...

ചിരിക്കാനുള്ള ശ്രമത്തില്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു, നരേട്ടന്‍...

മാഷേ... ഒന്നും പറയനില്ല... :(

t.k. formerly known as തൊമ്മന്‍ said...

നല്ല കഥ; നരന്‍ മനസ്സില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ കുറച്ചുനാള്‍ എടുക്കും. ഒപ്പം ബോംബെയെയും ലോണവാലയെയും ഡക്കാണ്‍ ക്യൂനെയുമൊക്കെ ഓര്‍മിപ്പിച്ചതിന്ന് നന്ദിയും.

devarenjini... said...

Onnum parayaan kittnilyaa...athraykku hridhayasparshiyaaya avatharanam....
Manoharam...

kaithamullu : കൈതമുള്ള് said...

കുഞ്ഞന്‍,
നന്ദകുമാര്‍,
പൊറാടത്ത്,
തോന്ന്യാസി,
കുറുമാന്‍,
prayan,
പിരിക്കുട്ടി,
യൂസഫ്പ,
പ്രിയ ഉണ്ണികൃഷ്ണന്‍,
ചങ്കരന്‍‍,
മൈനാഗന്‍,
പാമരന്‍:

- വന്നതിനും കമെന്റിയതിനും നന്ദി!

kaithamullu : കൈതമുള്ള് said...

ജി.മനു,
വിശാലന്‍,
മുസാഫിര്‍,
പാര്‍ത്ഥന്‍,
കലേഷ്,
ശ്രീ,
ചന്ദ്രകാന്തം,
എതിരന്‍ കതിരവന്‍,
അന്നാമ്മ,
അപ്പു,
t.k. formerly known as തൊമ്മന്‍,
സഹയാത്രികന്‍,
Devarenjini:

നന്ദി,സന്തോഷവും!

വ്യത്യസ്ഥാനുഭവങ്ങളുടെ ഒഴിയാത്ത നിറകുടമാണ് ജീവിതം. എന്നെ മഥിച്ച, എന്റെ ജീവിതത്തെ തൊട്ട് കടന്ന് പോയ, കുറച്ച് മുഖങ്ങളെ മാത്രമാണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത്.

-അതോടൊപ്പം, ഞാന്‍ നടന്ന് വന്ന വഴിത്താരകളെയും!

കുമാരന്‍ said...

വളരെ നല്ല നിലവാരം പുലര്‍ത്തിയ പോസ്റ്റ്. ചില പ്രയോഗങ്ങളിലും പുതുമയുണ്ട്. അവസാനം കണ്ണു നനയിച്ചു.

നിരക്ഷരന്‍ said...

ഈ ബ്ലോഗിന്റെ പേര് കൈതമുള്ളെന്ന് ഇടാനുള്ള കാരണം കുറച്ച് വൈകിയാണെങ്കിലും മനസ്സിലാക്കി.

പാടത്തിന്റെ കരയില്‍ ഇടതൂര്‍ന്ന് വളര്‍ന്നുനില്‍ക്കുന്ന കൈതയുടെ മുള്ള് തട്ടാതെ, മുറിയാതെ, ഒതുങ്ങി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു, ഒരു വരമ്പുണ്ടായിരുന്നു ചെറുപ്പത്തില്‍. കൈതമുള്ള് കൊള്ളാതെ രക്ഷപ്പെട്ട് നടക്കാന്‍ അക്കാലത്തൊക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

പക്ഷെ ഇപ്പോള്‍, ഇവിടെവന്ന് ഈ പോസ്റ്റുകളൊക്കെ വായിക്കുമ്പോള്‍ അമ്പേ പരാജയപ്പെട്ടുപോകുന്നു. ശരീരത്തില്‍ മുറിവുകളൊന്നും വീ‍ഴുന്നില്ലെങ്കിലും മനസ്സിലാകെ ഈ കൈതമുള്ളുകള്‍ മുറിവേല്‍പ്പിക്കുന്നു,ചോരപൊടിയിക്കുന്നു. കൂട്ടത്തില്‍ കണ്ണീരും....

...പകല്‍കിനാവന്‍...daYdreamEr... said...

ശശിയേട്ടാ വരാന്‍ വൈകി... ഒത്തിരി ഇഷ്ടപ്പെട്ടു ഈ കഥ. പിന്നെ നിരക്ഷരന്‍ പറഞ്ഞത് കണ്ടില്ലേ.. ശരിക്കും വേദനിപ്പിച്ചു... കമെന്ടല്ല.. കഥ.. !

nardnahc hsemus said...

ശശിയേട്ടാ,
നന്നായി എഴുതി...
ചൌപ്പാട്ടിയിലിരുന്ന് നരേട്ടന്‍ പറഞ്ഞതൊക്കെ കരളില്‍ കൊള്ളുന്നു...

kaithamullu : കൈതമുള്ള് said...

കുമാരാ,
നന്ദി.

നിരച്ചരാ,
ഇപ്പോ കൈതക്കാടുകള്‍, മുളങ്കൂട്ടങ്ങള്‍...എന്തിന് തൊട്ടാവാടി പോലും നമ്മുടെ നാട്ടില്‍ കാ‍ണാനില്ല.
ദാങ്ക്സ് ട്ടാ!

പകല്‍ക്കിനാവാ,തലതിരിഞ്ഞ സുമേഷ്,
വൈകിയാലും വന്നല്ലോ?
സന്തോഷം.

കുട്ടന്‍മേനൊന്‍ said...

അതിമനോഹരം. വായിക്കാന്‍ വൈകി

മുരളി മേനോന്‍ (Murali K Menon) said...

ithu ivitam kondavasaanichchu ennu njaan karuthunnilla... ithupOle iniyum ethrayO post cheyyaanuLLava manassinte nerippOtil kaaNum allE maashE....

pOratte..... nostalgic aayituLLava angngane angngane....
bhaavukangaLOte
murali

shine അഥവാ കുട്ടേട്ടൻ said...

വളരെ നന്നായിരിക്കുന്നു.. M.T യുടെ പുസ്തകങ്ങൾ വായിക്കുമ്പോൾ കിട്ടുന്ന ഒരു മലയാളിത്തത്തിന്റെ ഗന്ധം... ഞാൻ ആദ്യമായിട്ടാണു ഇവിടെ.

ആവനാഴി said...

ജീവിതഗന്ധിയായ ഈ കഥ വായിച്ചു മനസ്സില്‍ കൊണ്ടു നടന്നു. ഒന്നു കമന്റിടാന്‍ കഴിയാത്ത വിമ്മിഷ്ടവുമായി.

ക്ലൈമാക്സ് വിഷാദം തന്നെ. എന്നാല്‍ വിഷാദമധുരമായ കൃതി എന്നു വിശേഷിപ്പിക്കാനാണു എനിക്കു തോന്നുന്നത്.

ആത്യന്തികമായി എത്തിച്ചേരുന്നത് ദു:ഖമെന്ന വികാരത്തിലാണെന്നറിഞ്ഞുകൊണ്ടു തന്നെ കഥാകൃത്ത് അങ്ങോട്ടു വായനക്കാരനെ കൊണ്ടു പോകുന്നത് പലപ്പോഴും മധുരസ്മരണകള്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന പന്ഥാവുകളില്‍ക്കൂടിയാണു.

വാക്കുകളെയിട്ടു പന്താടുന്ന കഥാകാരന്‍ പറയുന്നു: സ്കൂളുകള്‍ പെറ്റിബൂര്‍ഷ്വാകളുടെ ഹാച്ചിംഗ് സെന്ററുകള്‍ ആണെന്നും വിപ്ലവാചാര്യന്‍ ചെഗുവേരയും തിരുത്തല്‍ വാദി മാവോയുമാണു നന്മയുടെ നൂറു പുഷ്പങ്ങള്‍ വിരിയിക്കുകയെന്നും വിശ്വസിച്ച ഭുവനേട്ടന്‍ ക്ലാസില്‍ കയറാറില്ല.

വിപ്ലവം മൂത്തു സൈക്കിള്‍ ചെയില്‍ അരയില്‍കെട്ടി കോളേജില്‍ പോകാറുള്ള എന്റെ ഒരു ബന്ധുവിന്റെ മകനെ ഓര്‍മ്മ വന്നു. പ്രീഡിഗ്രി അസ്സലായി തോറ്റതുകൊണ്ടു പിന്നീടു കോളേജിലേക്കു പോകേണ്ടി വന്നില്ല. അതു വേറൊരു കഥ.

.................................................................................................................

കഥ ഒരു സെല്‍ഫ് മേഡു മാന്‍ ആയ നരേട്ടന്‍ ആല്‍മഹത്യയില്‍ അഭയം തേടുന്ന ക്ലൈമാക്സിലെത്തി നില്‍ക്കുമ്പോള്‍ അയാളെ അതിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ചു വായനക്കാരന്‍ ഒരു പുനര്‍വിചിന്തനം നടത്താന്‍ പ്രേരിതനാകുന്നു. അതു വായനക്കാരനെ ഒരു കണ്‍ഫ്യൂഷനില്‍ എത്തിക്കുന്നുമുണ്ട്. അമ്മായിയമ്മപ്പോരു അതിന്റെ ഉഗ്രരൂപത്തില്‍ വാണരുളുന്ന കേരളത്തില്‍ മരുമകളെ താറടിച്ചു കാണിക്കുക എന്ന അമ്മായിയമ്മയുടെ നയം മനസ്സിലാക്കാം. എന്നാല്‍ ആ അഭ്യുദയകാംക്ഷി? അയാളുടെ നിരീക്ഷണങ്ങള്‍? അപ്പോള്‍ അമ്മായിയമ്മ പറഞ്ഞതു സത്യമായിരുന്നോ? അതോ കഥാകൃത്ത് മന:പൂര്‍വം തിരുകിക്കയറ്റിയ ഒരു ഗുണ്ടായിരുന്നോ അത്?

സസ്നേഹം
ആവനാഴി

kaithamullu : കൈതമുള്ള് said...

മേന്‍‌ന്നെ,
- ഇത്ര ബിസിയാകാ‍തെ.
വി ഡു മിസ്സ് പച്ചക്കുതിര!

മുരളി,
വണ്ടി പാളത്തിലെത്തിയല്ലോ അല്ലേ?
ഇനി നേരേ....

ആവനാഴി മാഷേ,
മാഷ്‌ന്റെ ആ‍സ്വാദനം കണ്ടില്ലെങ്കി പോസ്റ്റിന് ഒരു ‘ഗുമ്മില്ല” (കട്:വിശാലന്‍)എന്നാ!

നരേട്ടന്റെ മരണത്തിന് കാരണങ്ങള്‍ പലതാണ്. (പിന്നീടുള്ള അന്വേഷണത്തില്‍ ‍ മനസ്സിലാക്കിയത്).
ഈ അഭ്യുദയകാംക്ഷിയേയും പിടികൂടി. അക്കാര്യങ്ങള്‍ പോസ്റ്റിന്റെ നീളം കുട്ടാനേ ഉതകൂ എന്നതിനാ‍ല്‍ പറഞ്ഞില്ല എന്ന് മാത്രം.

നന്ദി, എല്ലാര്‍ക്കും.

മുരളിക... said...

അസാധ്യ എഴുത്ത് മാഷെ,,, അല്ല അനുഭവം മാഷേ..

hAnLLaLaTh said...

മുമ്പേ വായിച്ചിരിന്നു...
ഇന്ന് ഒന്ന് കൂടി വായിച്ചു..

പുതിയ പോസ്റ്റ് ഇടാരായില്ലേ..?

Kavitha sheril said...

:) നന്നായിട്ടുണ്ട് ശശിയേട്ടാ.............

പാവത്താൻ said...

ഹൃദയത്തിൽ ഒരു കൈതമുള്ളുടക്കി വലിച്ച പോലെ..ശോകാർദ്രമായ ഒരു മനോഹര ഗീതം കേട്ട പോലെ...വേറെന്തു പറയാൻ...

kaithamullu : കൈതമുള്ള് said...

മുരളിക,
hAnLLaLaTh,
Kavitha sheril,
പാവത്താന്‍...
എല്ലാ‍ര്‍ക്കും നന്ദി.

ഉണ്ണി.......... said...

മനസ്സിന് കനം വച്ച പോലെ മാഷെ

നാട്ടിൽ കൈതമുള്ള് പിടിച്ചപോലെ എന്ന് പറയും പിടിച്ചാൽ രണ്ട് വശങ്ങളിലേക്കും കുത്തിക്കേറും എടുത്ത് മാറ്റാനും പറ്റില്ല , അതുപോലെ ആയല്ലൊ മാഷെ മനസ്സിൽ കുത്തികയറുന്നു.........

കലേഷ് കുമാര്‍ said...

ശശിയേട്ടാ, മാസം മൂന്ന് ആകാറാകുന്നു... എവിടെ പുതിയ പോസ്റ്റ്?
മനുഷ്യന്റെ ക്ഷമയെ പരിശോധിക്കുകയാണോ?

kaithamullu : കൈതമുള്ള് said...

ഉണ്ണി,
ഇത് കൈത വേറെ, മുള്ള് വേറെ...
താങ്ക്സ്!

കലേഷ്,
‘ബൂലോഗവിപ്ലവം‘ കഴിഞ്ഞ് സ്ഥിതിഗതികള്‍ ‘ശാ‍ന്ത’യാകാന്‍ കാത്തിരിക്കുകാ...
ഹല്ലാതെ മടിപിടിച്ചിട്ടൊന്നുമല്ലാ...

ബഷീര്‍ വെള്ളറക്കാട്‌ / pb said...

:( ഇതും നൊമ്പരപ്പെടുത്തി..
ആദ്യഭാഗം കൌതുകത്തോടെ വായിച്ച് പിന്നെ അവസാനമെത്തിയപ്പോൾ വീണ്ടും ദുരന്തം..

ഇങ്ങിനെ എത്രയോ ജീവിതങ്ങൾ ....

റോസാപ്പുക്കള്‍ said...

നന്നായി...ഒറ്റ ശ്വാസത്തിനു വായിച്ചു തീര്‍ത്തു
പക്ഷേ നരന്‍ മരിക്കേണ്ടിയിരുന്നില്ല...അയള്‍ പണ്ടത്തേക്കാളും ബോള്‍ഡായി മാറിയതായിരുന്നല്ലോ..

രാഹുല്‍ said...

ഗംഭീരം.. പിന്നീട് എന്ത് സംഭവിച്ചു എന്നതും കൂടി അറിയാനുള്ള അവകാശം വായനക്കാരനുണ്ട്. ഇതൊരു കഥ ആയിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെ ചോദിക്കില്ല. ഇതിപ്പോ സത്യല്ലേ.. ആ സ്ത്രീക്കും കുട്ടിക്കും പിന്നെ എന്ത് സംഭവിച്ചു. നരന്‍ മരിക്കാനുള്ള മറ്റു കാരണങ്ങള്‍ എന്ത്. നിങ്ങള്‍ പറഞ്ഞെ പറ്റൂ..

Pandavas said...

കുട്ടിക്കാലത്തെ വേനല്‍ അവധികളില്‍ അമ്മ വീട്ടിലെ ഫാനുള്ള മുറികളില്‍ കാശുകാരിയായ മേമ്മയുടെ മക്കള്‍ക്കായിരുന്നു സ്ഥാനം. നടേലെ അകത്ത് വിരിച്ഛ പായയില്‍ കിടക്കുമ്പോ പലപ്പൊഴും ഉള്ളു കലങിയിട്ടുണ്ട്.... ഞാനും ഒരു നരേന്ദ്രന്‍ തന്നെയാ..ഇവിടെയെത്തും വരെ പലവട്ടം അനുഭവപ്പെട്ടിട്ടുണ്ട് സ്നെഹവും പണവും തമ്മിലുള്ള കെമിസ്ടി...
നന്ദി ശശിയേട്ടാ ഓര്‍മ്മകളിലേക്കു കൊണ്ട്പോയതിനു...

NITHYATHA said...

nannayittundu ketto